ഈ കടം നിങ്ങള്‍ കൊടുത്ത് തീര്‍ത്തുവോ? – WFTW 17 ഫെബ്രുവരി 2013

സാക് പുന്നന്‍

   Read PDF version

എല്ലാ കടവും പണസംബന്ധമായതല്ല (റോമര്‍ 13:8).  റോമര്‍ 13:7നോട്‌ ചേര്‍ത്ത് വായിക്കുമ്പോള്‍ ബഹുമാനം, ആദരവ്, അനുസരണം എന്നീ കാര്യങ്ങളും നാം മറ്റുള്ളവരോട് കടംപെട്ടിരിക്കുന്നവയാണ് എന്ന് കാണുന്നു.

മാതാപിതാക്കള്‍: കുഞ്ഞുങ്ങള്‍ ഭവനത്തില്‍ ആയിരിക്കുന്നേടത്തോളം കാലം അവരുടെ മാതാപിതാക്കളെ അനുസരിക്കണം. അതേസമയം മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നെടത്തോളം അവരെ ബഹുമാനിക്കേണ്ടതാണ് (എഫേസ്യര്‍ 6:1-3). മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് അവരോടു കാണിക്കുന്ന ഒരു ഔദാര്യമല്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ അവരോടു കടംപെട്ടിരിക്കുന്ന ഒന്നാണ്.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍: ഭര്‍‍ത്താക്കന്മാരെ ബഹുമാനിച്ച് അവര്‍ക്ക് കീഴടങ്ങിയിരിക്കാനാണ് ഭാര്യമാരോട് കല്‍പിച്ചിരിക്കുന്നത് (എഫേസ്യര്‍ 5:22,23). ഇത് എല്ലാ ഭാര്യമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരോടുള്ള ഒരു കടമയാണ്. ഭാര്യമാരെ സ്നേഹിക്കുക എന്നാണു ഭര്‍ത്താക്കന്മാരോട് കല്‍പ്പിച്ചിരിക്കുന്നത് (എഫേസ്യര്‍5:25,33). ഇതും ജീവിതകാലം മുഴുവന്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാരോടുള്ള കടമാണ്.എല്ലാ മനുഷ്യരോടും :   എല്ലാ മനുഷ്യരെയും ബഹുമാനിക്കുവാനാണ് നമ്മോട് കല്‍പ്പിച്ചിരിക്കുന്നത് (1പത്രോസ് 2:17). ധനവാനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരോടും നമുക്കുള്ള ഒരു കടമാണിത്. ഒരു വിശ്വാസി ബഹുമാനമില്ലാതെ ആരോടെങ്കിലും സംസാരിച്ചാല്‍ ഈ കല്‍പ്പന ലംഘിക്കുകയാണ്. ദൈവത്തോടും ആ വ്യക്തിയോടും ക്ഷമ ചോദിച്ചുകൊണ്ട് അയാള്‍ ആ കടം വീട്ടെണ്ടതാണ്.

ആത്മീയ ശുശ്രൂഷയോടുള്ള നന്ദി : നമ്മെ ആത്മീയമായി ശുശ്രൂഷിച്ചവരോട് നാം അത്യധികം കടംപെട്ടിരിക്കുന്നു. ദൈവ നാമത്തില്‍ നമ്മെ സേവിക്കുകയും ആ ശുശ്രൂഷയാല്‍ നമ്മെ അനുഗ്രഹിക്കുകയും ചെയ്തവരെ അഭിനന്ദിക്കുകയും അവരോടു നന്ദി കാണിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യണമെന്നു പുതിയനിയമം പല ഭാഗത്തായി നമ്മോടു കല്‍പ്പിക്കുന്നുണ്ട്.”നിങ്ങളെ വഴി നടത്തുവാനുള്ള ഉത്തരവാദിത്വം എല്‍പ്പിച്ചിട്ടുള്ളവരും നിങ്ങള്‍ക്കുവേണ്ടി അത്യദ്വാനം ചെയ്യുന്നവരുമായ നേതാക്കന്മാരെ ബഹുമാനിക്കുക, അവരെ അഭിനന്ദനങ്ങള്‍ കൊണ്ടും സ്നേഹം കൊണ്ടും മൂടുക (1തെസ്സ:5:12,13). വളരെ എളുപ്പം കൊടുത്ത് തീര്‍ക്കാവുന്ന ഒരു കടമാണിത്. എങ്കിലും പല വിശ്വാസികളും അത് കൊടുത്ത് തീര്‍ക്കുന്നില്ല. ആത്മീയ ശുശ്രൂഷകളാല്‍  തങ്ങളെ അനുഗ്രഹിച്ചവരേക്കാള്‍ തങ്ങളുടെ രോഗത്തെ ചികിത്സിച്ച ഡോക്ടറെയാണ് പലരും ബഹുമാനിക്കുന്നത്‌. തങ്ങളുടെ ആത്മീയ ആരോഗ്യത്തെക്കാള്‍ ഭൗതീക ആരോഗ്യത്തിനു അവന്‍ വില കൊടുക്കുന്നു എന്നാണു അത് തെളിയിക്കുന്നത്.എല്ലാ കടങ്ങളില്‍നിന്നും സ്വതന്ത്രരായി ജീവിക്കുവാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ നമുക്ക് ശ്രമിക്കാം.

ആരോടും ഒന്നും കടംപെട്ടിരിക്കരുത്.