സാക് പുന്നന്‍
ലൂക്കോസ് അദ്ധ്യാ.15ല്‍ കാണുന്ന മൂത്ത മകന്‍റെ കാര്യത്തില്‍ പിതാവ് ഭവനത്തിനു പുറത്തു വന്നു അവനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ചു അപേക്ഷിക്കുന്നു. എന്നാല്‍ അവന്‍ വഴങ്ങുന്നില്ല. ഒടുവില്‍ അവനു എന്ത് സംഭവിച്ചുവെന്ന് നാം ഭാവനയില്‍ തീരുമാനിക്കാന്‍ അനുവദിച്ചുകൊണ്ട് യേശു ഉപമ അങ്ങനെ അവസാനിപ്പിക്കുകയാണ്.
അവിടെ രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ അവന്‍ പിതാവിന്‍റെ അപേക്ഷയ്ക്ക് വഴങ്ങി തല ഉയര്‍ത്തിപ്പിടിച്ചുതന്നെ വീട്ടിലേക്കു മടങ്ങി വന്നിരിക്കാം. അല്ലെങ്കില്‍ പിതാവിന്‍റെ അപേക്ഷ തള്ളിക്കളഞ്ഞു അന്ധകാരത്തിലേക്ക് പോയിരിക്കാം. ഏതു വഴി തെരഞ്ഞെടുത്താലും അവനു തന്‍റെ ഭവനത്തിലുള്ള ബഹുമാനവും സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. അത് അവന്റെ ഇളയ സഹോദരന് അപ്പോള്‍ തന്നെ നല്‍കപ്പെട്ടിരുന്നു. പിതാവ് തന്‍റെ മോതിരവും തന്‍റെ വലതു ഭാഗത്തുള്ള ഇരിപ്പിടവും അപ്പോഴേയ്ക്കും ഇളയപുത്രന് നല്‍കി കഴിഞ്ഞിരുന്നു.
“ദൂര്‍ത്ത പുത്രന്മാരും” “മൂത്ത സഹോദരന്മാരും” തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ദൂര്‍ത്തപുത്രന്മാര്‍ തങ്ങളുടെ പാപത്തെ കുറിച്ച് തികഞ്ഞ ബോധമുള്ളവരും അതെക്കുറിച്ച് അനുതപിക്കുന്നവരും സഭയില്‍ യാതൊരു സ്ഥാനവും ആഗ്രഹിക്കാത്തവരും ആണ്. അവര്‍ക്ക് ജീവിതാന്ത്യം വരെ ദൈവത്തിന്റെ അടിമകളായിരുന്നാല്‍ മതി. അവര്‍ യഥാര്‍ത്ഥമായി നുറുങ്ങപ്പെട്ടവരാണ്. “മൂത്ത പുത്രന്മാരെ” സംബന്ധിച്ചിടത്തോളം ആവര്‍ത്തിച്ചു സംസാരിച്ചാല്‍ മാത്രമേ പാപബോധമുണ്ടാകുന്നുള്ളൂ. അഥവാ പാപബോധമുണ്ടായി സഭയിലേയ്ക്ക് വരുമ്പോള്‍ ബഹുമാന്യ സ്ഥാനം ആഗ്രഹിച്ചാണ് വരുന്നത്, രാജാക്കന്മാരേപോലെ, അല്ലാതെ അടിമകളെപോലെ അല്ല.
ശൌല്‍ രാജാവിന് താന്‍ പാപം ചെയ്തു എന്നറിയാമായിരുന്നു. എന്നാല്‍ അവനു തന്‍റെ പാപം സ്വകാര്യമായി ശമുവേലിനോട് ഏറ്റുപറയാനായിരുന്നു താല്‍പര്യം. അവന്‍ ശമുവേലിനോട് പറഞ്ഞു,”ഞാന്‍ പാപം ചെയ്തിരിക്കുന്നു, എങ്കിലും ജനത്തിന്‍റെയും, മൂപ്പന്മാരുടെയും,യിസ്രായേലിന്‍റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിക്കേണമേ” (1ശമുവേല്‍ 15:30). ദാവീദ് രാജാവും പാപം ചെയ്തു. ശൌലിന്‍റെ പാപത്തെക്കാള്‍ കഠിനമായ പാപം. എന്നാല്‍ അവന്‍ തന്‍റെ പാപം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് ഒരു സങ്കീര്‍ത്തനം എഴുതി.(അഞ്ചാം സങ്കീര്‍ത്തനം).
പരീശന്മാരോട് അവരുടെ ഏറ്റവും വലിയ പാപം, അവര്‍ ജനങ്ങളുടെ മുമ്പില്‍ തങ്ങളെ തന്നെ ന്യായീകരിക്കുന്നതാണെന്ന് യേശു പറഞ്ഞു. മറ്റേതൊരു പാപത്തെക്കാളും ദൈവം ഇതിനെ വെറുക്കുന്നു. മനുഷ്യരുടെ മുമ്പില്‍ തങ്ങളെ തന്നെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്ന പിന്മാറ്റക്കാര്‍ക്ക് പ്രത്യാശയ്ക്ക് സാധ്യത വളരെ കുറവാണ്.
പാപികളോടുള്ള ദൈവവചനം എപ്പോഴും ഇതാണ്,”നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുക മാത്രം ചെയ്യുക” (യിര.3:13).
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!!.
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)