ശിഷ്യത്വം ഭവനത്തില്‍ (WFTW 10 ജൂണ്‍ 2012)

സാക് പുന്നന്‍
WFTW മലയാളം 10 ജൂണ്‍ 2012

കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്ന് പഠിക്കുവാനും അതനുസരിച്ച് അനുഗമിക്കുന്നവനുമാണ്  ഒരു ശിഷ്യന്‍ . അവന്‍ യേശുവിനെ തന്റെ ജീവിതത്തില്‍ മാതൃകയാക്കിയവനും സാദ്ധ്യമാകുന്ന എല്ലാ വിധത്തിലും തന്റെ ഗുരുവിനോട് എകീഭവിക്കുവാന്‍ ശ്രമിക്കുന്നവനും ആണ് . ജീവകാരുണ്യം എന്ന പോലെ ശിഷ്യത്വവും ആദ്യം ഭവനത്തിലാണ്  ആരംഭിക്കുന്നത്.

യേശു നസ്രത്തില്‍ ചിലവഴിച്ച മുപ്പതു വര്‍ഷത്തെക്കുറിച്ച് വേദപുസ്തകത്തില്‍ രണ്ടു കാര്യങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒന്നാമത് എബ്രായര്‍ 4 :15 ല്‍ നമുക്ക് തുല്യനായി സകലത്തിലും അവിടുന്ന് പരീക്ഷിക്കപ്പെട്ടു, എങ്കിലും പാപം ചെയ്തില്ല എന്ന് പറയുന്നു. ഏതൊരുവനും അവന്റെ ജീവിതത്തില്‍ ശൈശവം മുതല്‍ പ്രായപൂര്‍ത്തി വരെയുള്ള ആദ്യ മുപ്പതു വര്‍ഷം നേരിടുന്ന അതേ പ്രലോഭനങ്ങള്‍ തന്നെ യേശുവും നസ്രത്തില്‍ ചിലവഴിച്ച മുപ്പതു വര്‍ഷവും നേരിട്ടു എന്നാണ് നാം ഇതില്‍നിന്നും പഠിക്കുന്നത്.

മര്‍ക്കോസ് 6 :3 ല്‍ യേശുവിനു കുറഞ്ഞത്‌ 4 സഹോദരന്മാരും 2 സഹോദരിമാരും ഭവനത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു. അതിനാല്‍ കുറഞ്ഞത്‌ 9 അംഗങ്ങള്‍ എങ്കിലും ഉള്ള ഒരു ഭവനത്തിലായിരിക്കണം അവിടുന്ന് ജീവിച്ചത്. മാത്രമല്ല അതൊരു ദരിദ്ര ഭവനവും ആയിരുന്നു(ലൂക്കോ. 2 :24 ഉം, ലേവ്യ. 12 :8 ഉം തമ്മില്‍ താരതമ്യം ചെയ്തു വായിക്കുമ്പോള്‍  ദൈവത്തിന് ഒരു ആട്ടിന്‍കുട്ടിയെ യാഗം കഴിക്കുവാന്‍ പോലും കഴിയാതവണ്ണം മറിയ ദരിദ്രയായിരുന്നു എന്ന് മനസ്സിലാക്കാം). അതുകൊണ്ടുതന്നെ വീട്ടില്‍ എന്തെങ്കിലും പ്രയാസമുണ്ടാകുമ്പോള്‍ സ്വകാര്യമായി ഇരുന്നു ധ്യാനിക്കുന്നതിനു യേശുവിന്  ഒരു മുറിയുണ്ടായിരുന്നില്ല എന്ന കാര്യം തീര്‍ച്ചയാണ്.

യോഹ.7 :5ല്‍  യേശുവിനെ അവിടുത്തെ സഹോദരങ്ങള്‍ വിശ്വസിച്ചില്ല എന്നും പറയുന്നു. ഒരിക്കലും ദേഷ്യപ്പെടാത്ത, ഒന്നിലും സ്വാര്‍ദ്ധതയോടെ പെരുമാറാത്ത ഈ ഒരുവനോട് അവര്‍ക്ക് തീര്‍ച്ചയായും അസൂയ തോന്നിയിരിക്കാം. അവനെതിരെ അവര്‍ സംഘടിച്ചു അവനെ അസ്വസ്ഥതപ്പെടുത്തുമാറ്  കളിയാക്കുകയും മറ്റും ചെയ്തിരിക്കാം. രക്ഷിക്കപ്പെടാത്ത ബന്ധുജനങ്ങളോട് കൂടെ ഒരു വലിയ കുടുംബത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും യേശു നസ്രത്തില്‍ നേരിട്ട പ്രശ്നങ്ങള്‍ മനസ്സിലാകും, “എങ്കിലും അവിടുന്ന് പാപം ചെയ്തില്ല”. ഇതിനെല്ലാം ഉപരി യേശുവിന്റെ ഇരുപതുകളില്‍ തന്നെ യോസേഫ് മരിച്ചിരുന്നു എന്നാണ് കരുതുന്നത്. (കാരണം, യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ കാലഘട്ടത്തില്‍ ഒരു സ്ഥലത്തും നാം യോസേഫിനെ കുറിച്ച് വായിക്കുന്നില്ല). അതുകൊണ്ട്  എട്ടംഗ കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരവും മൂത്തപുത്രനെന്ന നിലയില്‍ യേശുവില്‍ വന്നിരിക്കാം. തന്റെ കുടുംബത്തെ സംരക്ഷിക്കെണ്ടതിനു വേണ്ടി അവനു കഷ്ടപ്പെട്ട് പണിയെടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യേശു പല പരീക്ഷകളും നേരിട്ടിരുന്നു. എങ്കിലും അവിടുന്ന് പാപം ചെയ്തില്ല.

രണ്ടാമതായി, യേശു യോസേഫിനും മറിയക്കും ഒപ്പം വീട്ടില്‍ കഴിഞ്ഞിരുന്ന മുപ്പതു വര്‍ഷവും അവര്‍ക്ക് കീഴടങ്ങിയിരുന്നു(ലൂക്കോ.2 :51). ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചെറുപ്പം മുതല്‍തന്നെ നമുക്കറിയാം. നമ്മുടെ ചെറുപ്പകാലത്ത് നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എതിരായി സ്വാഭാവീകമായി നമുക്കിഷ്ടമില്ലാത്ത ചിലത് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നില്ലേ!. നമ്മുടെ എല്ലാ കുഞ്ഞുങ്ങളുടെയും മുമ്പില്‍ യേശുവിനെ ഒരു മാതൃകയായി എടുത്തുകാട്ടാവുന്നതാണ്. പിതാക്കന്മാരോടു മക്കളെ “കര്‍ത്താവിന്റെ ശിക്ഷണത്തില്‍ ” വളര്‍ത്തുവാനാണ് കല്‍പ്പിച്ചിരിക്കുന്നത് (എഫെ. 6 :4). എന്താണ് കര്‍ത്താവിന്റെ ശിക്ഷണം?  അത് കര്‍ത്താവ്‌ നസ്രത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കാണിച്ച മാതൃക തന്നെയാണ്.

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളിലും കര്‍ത്താവിന്റെ മാതൃക പിന്‍പറ്റാന്‍ ആഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും യേശുവിനെ കുറിച്ച് എഴുതിയിരിക്കുന്നതുപോലെ ജ്ഞാനത്തിലും ദൈവപ്രീതിയിലും വളരും (ലൂക്കോ.2 :52).

What’s New?