യേശുവിൻ്റെ ഒരു ശിഷ്യൻ ഒരിക്കലും ഇടറിപ്പോകുകയില്ല – WFTW 24 ഡിസംബർ 2023

സാക് പുന്നൻ

“അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്ന് യേശുവിനോടു “പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ?” എന്നു പറഞ്ഞു. “അവരെ തനിയെ വിടുവിൻ” എന്ന് യേശു പറഞ്ഞു.” (മത്താ. 15:12 – 14).

ജനങ്ങൾ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കേണ്ട എന്നു പരീശന്മാർ പഠിപ്പിക്കുന്നതിനെ യേശു തിരുത്തിയപ്പോൾ അവർ ഇടറി പ്പോയി. കർത്താവ് ഒരു മൂപ്പനിലൂടെ നൽകുന്ന ശാസനയുടെയോ തിരുത്തലിൻ്റെയോ ഏതൊരു വാക്കിനാലും പരീശന്മാർ എളുപ്പത്തിൽ ഇടറിപോയിരുന്നു. “ഇടറിപോകുന്നതിന്മേൽ” വിജയം നേടുക എന്നതാണ് ക്രിസ്തീയ ജീവിതത്തിലെ ആദ്യ പാഠങ്ങളിൽ ഒന്ന്‌. തിരുത്തപ്പെടുമ്പോൾ ഇടർച്ചയുണ്ടാകുന്നതിൽ നിന്ന് പൂർണ്ണമായ ഒരു സ്വാതന്ത്ര്യം ഉണ്ടാകേണ്ടതിനു വേണ്ടി നിങ്ങൾ അന്വേഷിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്നെങ്കിലും പരീശത്വത്തിൽ നിന്നു വിടുതൽ ഉണ്ടാകുമോ എന്നതിൽ ഒരു പ്രതീക്ഷയുമില്ല.

ഒരിക്കൽ ഞങ്ങളുടെ സഭയിൽ അവർക്കു ലഭിച്ച ചില തിരുത്തലുകൾ കാരണം അവരെല്ലാവരും സഭ വിട്ടു പോകത്തക്കവിധം ഇടർച്ചയുണ്ടായ ആളുകളെ എനിക്കറിയാം. അവർ ഇന്ന് വിജന പ്രദേശത്ത് അലഞ്ഞു നടക്കുകയാണ് തന്നെയുമല്ല അവർ നിത്യമായി നഷ്ടപ്പെട്ടു പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. നിങ്ങൾക്കു ലഭിച്ച തിരുത്തലുകളാൽ നിങ്ങൾക്ക് ഇടർച്ചയുണ്ടായിട്ടുണ്ടെങ്കിൽ, പരീശന്മാരെപോലെ, നിങ്ങൾക്കും നരകത്തിലേക്കുള്ള വഴിയിലായിരിക്കാൻ കഴിയും എന്നു ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു.

“അവരെ തനിയെ വിടുവിൻ” എന്ന് യേശു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞു. ഇടറിപ്പോയ പരീശന്മാരെ സഭയിലേക്കു തിരികെ കൊണ്ടുവരേണ്ടതിനായി നാം അവരുടെ പുറകേ പോകേണ്ടതില്ല. നാം കർത്താവിനെ അനുസരിക്കുകയും അവരെ തനിയെ വിടുകയും ചെയ്യണം. അവർ മാനസാന്തരപ്പെട്ടാൽ, അപ്പോൾ അവർക്ക് കർത്താവിലേക്കും സഭയിലേക്കും മടങ്ങി വരാൻ കഴിയും. അല്ലാത്തപക്ഷം ഇല്ല.

2 തിമൊഥെയൊസ് 3:1-4 വരെയുള്ള വാക്യങ്ങളിൽ നാലു തരത്തിലുള്ള സ്നേഹികളെ കുറിച്ചു പറഞ്ഞിരിക്കുന്നതു നാം കാണുന്നു: സ്വയസ്നേഹികൾ, പണസ്നേഹികൾ (ദ്രവ്യാഗ്രഹികൾ), ഭോഗപ്രിയർ, ദൈവസ്നേഹികൾ. ഈ നാലു തരത്തിലുള്ള സ്നേഹികളിൽ, ഒരെണ്ണം മാത്രമാണ് ശരിയായിട്ടുള്ളത്. ഒരു യഥാർത്ഥ ക്രിസ്ത്യാനി ദൈവപ്രിയമുള്ളവനായിരിക്കണം, അവൻ ദൈവപ്രിയമുള്ളവനല്ലെങ്കിൽ, അവൻ സ്വയസ്നേഹി ആയിരിക്കും – അവൻ്റെ സ്വന്തം അവകാശങ്ങൾ, അവൻ്റെ പ്രശസ്തി, അവൻ്റെ മാനം തുടങ്ങിയവ.

അതിൻ്റെ തെളിവുകളിലൊന്ന് അവൻ എളുപ്പത്തിൽ ഇടറിപോകുന്നു എന്നതാണ്. തന്നെത്താൻ സ്നേഹിക്കുന്ന ഒരുവനുമാത്രമേ ഇടർച്ചയുണ്ടാകുകയുള്ളൂ. അവനെ തന്നെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നവൻ, മറ്റൊരാൾ പറയുന്നതോ പറയാത്തതോ ആയ കാര്യങ്ങൾ കൊണ്ടോ, അല്ലെങ്കിൽ മറ്റൊരാൾ ചെയ്തതോ, ചെയ്യാത്തതോ ആയ കാര്യങ്ങൾ കൊണ്ടോ ഇടറിപോകയില്ല.

നാം മുറിപ്പെടുന്നതുകൊണ്ടാണ് നമുക്ക് ഇടർച്ചയുണ്ടാകുന്നത്. ആരെങ്കിലും നമ്മോട് ഇടപെട്ട രീതി കൊണ്ടോ, അല്ലെങ്കിൽ ആരെങ്കിലും നമ്മെക്കുറിച്ച് ഏഷണി പറഞ്ഞു എന്നു നാം കേട്ടതുകൊണ്ടോ നമ്മുടെ സ്വയജീവൻ മുറിപ്പെടുന്നു. നാം നമ്മെ അത്ര മാത്രം സ്നേഹിക്കുന്നു!

ഇവിടെ നാം ആരെ കുറിച്ചാണ് പറയുന്നത്? അവിശ്വാസികളെ കുറിച്ചാണോ? അല്ല! ക്രൂശെടുത്ത് സ്വയത്തെ മരണത്തിനേൽപ്പിക്കുക എന്നാൽ എന്താണെന്ന് ഒരിക്കലും മനസ്സിലാക്കാത്ത “വിശ്വാസികൾ” എന്നു വിളിക്കപ്പെടുന്നവരെ കുറിച്ചാണു നാം പറയുന്നത്. കാരണം അവസാന നാളുകളിൽ ക്രൂശിനെ കുറിച്ചും സ്വയജീവനു മരിക്കുന്നതിനെ കുറിച്ചും ഉള്ള പ്രസംഗങ്ങൾ വളരെ കുറയാൻ പോകുകയാണ്. ഇന്നത്തെ മിക്ക സഭകളിലും അത് കേൾക്കുന്നില്ല, കൂടാതെ ക്രിസ്തീയ ടെലിവിഷനിൽ ഒരിക്കലും കേൾക്കുന്നില്ല. സ്വയത്തിൻ്റെ മരണത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ ഇല്ലാതിരിക്കുമ്പോൾ, അനേകം ക്രിസ്ത്യാനികളുടെ ജീവിതങ്ങളിൽ ‘സ്വയം’ അഭിവൃദ്ധി പ്രാപിക്കാൻ പോകുകയാണ്. നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിച്ചാൽ നിങ്ങൾക്ക് യേശുവിനെ പിൻഗമിക്കാൻ കഴിയുകയില്ല എന്നുപോലും അവർക്കറിയില്ല. നിങ്ങൾക്ക് നിങ്ങളെ തന്നെ സ്നേഹിച്ചു കൊണ്ട് യേശുവിനെ പിൻഗമിക്കാം എന്ന് അവർ കരുതും. ഇടർച്ചയുണ്ടാകുകയും മുറിപ്പെടുകയും ചെയ്തിട്ടും അതൊരു ഭയങ്കര പാപമാണെന്നു തോന്നുക പോലും ചെയ്യാത്ത അസംഖ്യം ക്രിസ്ത്യാനികളെ നോക്കുക.

“അതെ, എന്നാൽ ചിലർ ആ ഭയാനകമായ കാര്യം എന്നോടു ചെയ്തു, അതുകൊണ്ട് മുറിപ്പെടാൻ എനിക്ക് അവകാശം ഉണ്ട്”. കൃത്യമായും! കാരണം നിങ്ങൾ ഒരു അവിശ്വാസിയാണ്! നിങ്ങൾ യേശുവിൻ്റെ ഒരു ശിഷ്യനല്ല, അതുകൊണ്ടാണ് നിങ്ങൾക്ക് മുറിപ്പെടാനുള്ള അവകാശം ഉള്ളത്. നിങ്ങൾ യേശുവിൻ്റെ ഒരു ശിഷ്യനാണെങ്കിൽ, നിങ്ങൾക്കു മുറിപ്പെടാൻ ഒരവകാശവും ഇല്ല. യേശു ഒരിക്കലും മുറിപ്പെട്ടിരുന്നില്ല- അവർ അവിടുത്തെ ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചപ്പോൾ, അവർ അവിടുത്തെ മുഖത്തു തുപ്പിയപ്പോൾ, അല്ലെങ്കിൽ അവർ സകല വിധത്തിലുമുള്ള മറ്റു ദുഷ്ടതകൾ അവിടുത്തോട് ചെയ്തപ്പോൾ ഒന്നും.

യേശുവിൻ്റെ ഒരു ശിഷ്യനായിരിക്കുക എന്നാൽ എന്താണർത്ഥമാക്കുന്നത്? അന്ത്യനാളുകളിൽ ക്രൂശെടുത്ത് അവിടുത്തെ അനുഗമിക്കാൻ പോകുന്ന വളരെ വളരെ കുറച്ചു ക്രിസ്ത്യാനികളേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയിരിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാകാൻ പോകുകയാണ്. കാരണം ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ, ആത്മ നിറവുള്ളവർ എന്നവകാശപ്പെടുന്നവർ, അന്യഭാഷ സംസാരിക്കുന്നവർ എന്നവകാശപ്പെടുന്നവർ, എന്നാൽ മുറിപ്പെട്ട് ഇടറിപോകുന്നവർ ഇങ്ങനെയുള്ള ആളുകളാൽ നാം ചുറ്റപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ അവരുടെ പേര് അപകീർത്തിപ്പെടുന്നതു കൊണ്ട് അവർ അസ്വസ്ഥരാക്കപ്പെടുന്നു.

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അവിടുത്തെ നാമം പരിശുദ്ധമാക്കപ്പെടണമേ” എന്നു പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിച്ചു. അതിൻ്റെ അർത്ഥം, നിങ്ങളുടെ പേരിനെ കുറിച്ചു മറക്കുക എന്നാണ്! എന്നാൽ അന്ത്യനാളുകളിൽ, ക്രിസ്ത്യാനികൾ എന്നു തങ്ങളെ തന്നെ വിളിക്കുന്ന അനേകർ പോലും തങ്ങളുടെ സ്വന്തം പേരിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠയുള്ളവരാകാൻ പോകുന്നു. ഉദാഹരണത്തിന് ഇന്ന് ലോകത്തിൽ യേശുവിൻ്റെ നാമം എത്രമാത്രം അപമാനിക്കപ്പെടുന്നു എന്നു നിങ്ങൾക്കറിയാമോ? എന്നിട്ടും, അത് ക്രിസ്ത്യാനികൾ എന്നു തങ്ങളെ തന്നെ വിളിക്കുന്ന മിക്കയാളുകളെയും അസ്വസ്ഥതപ്പെടുത്തുന്നില്ല. എന്നാൽ, ആരെങ്കിലും അവരുടെ പേര് അപകീർത്തിപ്പെടുത്തിയാൽ – ഒരു തവണയായാൽ പോലും – അത് യഥാർത്ഥമായി അവരെ അസ്വസ്ഥരാക്കുന്നു. അല്ലെങ്കിൽ അവരുടെ ചന്തമുള്ള കൊച്ചു മകളുടെ പേര് അപമാനിക്കപ്പെട്ടാൽ, അത് അവരെ വല്ലാതെ അസ്വസ്ഥരാക്കും. എന്നാൽ യേശുവിൻ്റെ നാമം രാജ്യം മുഴുവൻ അപമാനിക്കപ്പെടട്ടെ അത് അവരെ ഒട്ടും തന്നെ അലട്ടുന്നില്ല. അത്തരക്കാർ യേശുവിൻ്റെ ശിഷ്യരാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഇല്ല! അതിൽ നിന്നു വളരെ അകലെയാണ്! എന്നാൽ അവർ സഭകളിലാണിരിക്കുന്നത്. അവർ വീണ്ടും ജനിച്ചവരെന്ന് അവകാശപ്പെടുന്നു. അവർ കർത്താവിനെ സ്നേഹിക്കുന്നു എന്നും അവകാശപ്പെടുന്നു.

പിശാചു ചെയ്തിരിക്കുന്ന ആശ്ചര്യകരമായ കാര്യം ഇതാണ് – അടി തൊട്ട് മുടി വരെയും തല മുതൽ പാദം വരെയും തങ്ങളെ തന്നെ സ്നേഹിക്കുന്ന ഈ ആളുകൾ അപ്പോഴും അവർ യേശുവിൻ്റെ ശിഷ്യന്മാരെന്നു ചിന്തിക്കത്തക്കവിധം, അവരെ വഞ്ചിക്കുന്നു.

എന്നാൽ, എനിക്ക് നിങ്ങൾക്കു മുന്നറിയിപ്പു നൽകാൻ മാത്രമേ കഴിയൂ. നിങ്ങൾക്കു തന്നെ സ്വയ സ്നേഹത്തിൽ നിന്നു സ്വതന്ത്രരാകാൻ ആഗ്രഹം ഇല്ലെങ്കിൽ സ്വയ സ്നേഹി ആയിരിക്കുന്നതിൽ നിന്നു നിങ്ങളെ വ്യത്യാസപ്പെടുത്താൻ ആർക്കും കഴിയില്ല!