പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 1) – WFTW 31 ഡിസംബർ 2023

സാക് പുന്നൻ

പുതിയ ഉടമ്പടി ശുശ്രൂഷ ഉണ്ടാകേണ്ടത് ജീവനിൽ നിന്നാണ് ബുദ്ധിയിൽ നിന്നല്ല.

പഴയ ഉടമ്പടിയുടെ കീഴിൽ, മനുഷ്യരുടെ രഹസ്യ ജീവിതങ്ങൾ അസാന്മാർഗികമായിരുന്നപ്പോൾ പോലും ദൈവം അവരെ ഉപയോഗിച്ചു. ശിംശോൻ പാപത്തിൽ ജീവിച്ചു കൊണ്ടിരുന്നപ്പോഴും അയാൾക്ക് യിസ്രയേല്യരെ വിടുവിക്കാൻ കഴിഞ്ഞു. അയാൾ വ്യഭിചാരം ചെയ്തപ്പോഴും ദൈവത്തിൻ്റെ ആത്മാവ് അവനെ വിട്ടുപോയില്ല. തലമുടി മുറിച്ച് ദൈവത്തോടുള്ള ഉടമ്പടി ലംഘിച്ചപ്പോൾ മാത്രമാണ് ദൈവത്തിൻ്റെ അഭിഷേകം അവനെ വിട്ടുപോയത്. ദാവീദിന് അനേകം ഭാര്യമാർ ഉണ്ടായിരുന്നു. അപ്പോഴും ദൈവത്തിൻ്റെ അഭിഷേകം അവൻ്റെ മേൽ നിലനിൽക്കുകയും അപ്പോഴും അവൻ ദൈവവചനം എഴുതുകയും ചെയ്തു.

എന്നാൽ പുതിയ ഉടമ്പടിയിലെ ശുശ്രുഷ തീർത്തും വ്യത്യസ്തമാണ്. 2 കൊരിന്ത്യർ 3, പഴയ ഉടമ്പടിയുടെ കീഴിലെ ശുശ്രൂഷയ്ക്ക് പുതിയ ഉടമ്പടിയുടെ കീഴിലെ ശുശ്രൂഷയുമായുള്ള വ്യത്യാസം കാണിക്കുന്നു. അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്: പഴയ ഉടമ്പടിയുടെ കീഴിൽ, പുരോഹിതന്മാർ ന്യായപ്രമാണം ശ്രദ്ധാപൂർവ്വം പഠിച്ചിട്ട് ദൈവം അവിടുത്തെ വചനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജനങ്ങളെ പഠിപ്പിച്ചു. എന്നാൽ പുതിയ ഉടമ്പടിയിൽ, തൻ്റെ ആന്തരിക ജീവനിൽ നിന്നും അവിടുത്തെ പിതാവിനോടു ചേർന്നുള്ള നടപ്പിൽ നിന്നും പുറപ്പെട്ടു വന്ന ദൈവത്തിൻ്റെ വാക്കുകൾ സംസാരിച്ച യേശുവിനെ നാം അനുഗമിക്കുന്നു. ജീവനിൽ നിന്നു ശുശ്രൂഷിക്കുന്നതും അറിവിൽ നിന്നു പ്രസംഗിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.

അറിവു മാത്രം പകരുന്ന എതൊരു പ്രാസംഗികനും ഒരു പഴയ ഉടമ്പടി പ്രാസംഗികൻ ആണ്. അയാൾ നൽകുന്ന എല്ലാ വിവരങ്ങളും കൃത്യമായിരിക്കാം. എന്നാൽ അയാൾ ജീവൻ പകർന്നു നൽകുന്നില്ലെങ്കിൽ അയാൾ പുതിയ ഉടമ്പടിയുടെ ഒരു വേലക്കാരൻ അല്ല. പഴയ ഉടമ്പടി അക്ഷരത്തിൻ്റെ ഒരു ഉടമ്പടിയാണ്. അതേ സമയം പുതിയ ഉടമ്പടി ജീവൻ്റെ ഒരു ഉടമ്പടിയാണ്. അക്ഷരം കൊല്ലുന്നു. എന്നാൽ ആത്മാവ് ജീവിപ്പിക്കുന്നു.

പഴയ ഉടമ്പടിയിൽ, ദൈവം ഇസ്രായേലിന് പാലിക്കുവാൻ വേണ്ടി ന്യായപ്രമാണം നൽകി. എന്നാൽ പുതിയ ഉടമ്പടിയിൽ, ദൈവം നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു – യേശു എന്ന വ്യക്തിയിൽ. അവിടുത്തെ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ഇന്ന് വെളിച്ചം എന്നത് ഒരു സിദ്ധാന്തമോ അല്ലെങ്കിൽ ഒരു ഉപദേശമോ അല്ല, എന്നാൽ നമ്മിലൂടെ വെളിപ്പെടുന്ന യേശുവിൻ്റെ തന്നെ ജീവനാണ്. ഇതല്ലാത്തതെന്തും ഇരുട്ടാണ് – അത് സുവിശേഷപരമായ ഉപദേശമാണെങ്കിൽ പോലും.

പഴയ നിയമത്തിൽ, ദൈവത്തിൻ്റെ എഴുതപ്പെട്ട നിയമമായിരുന്നു വെളിച്ചം, സങ്കീർത്തനം 119:105ൽ നാം വായിക്കുന്നതു പോലെ. എന്നാൽ പിന്നീട്, വചനം ജഡമായിട്ട് യേശു തന്നെ ലോകത്തിൻ്റെ വെളിച്ചമായി തീർന്നു (യോഹ. 1:4). എന്നാൽ യേശു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞത്, അവിടുന്ന് ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു എന്നാണ് (യോഹ.9:5). ഇന്ന് അവിടുന്ന് സ്വർഗത്തിലേക്കു പോയിരിക്കുന്നതു കൊണ്ട്, അവിടുന്നു നമ്മെ ഈ ലോകത്തിൻ്റെ വെളിച്ചമായിരിക്കേണ്ടതിന് ഈ ലോകത്തിൽ വിട്ടിരിക്കുന്നു (മത്താ. 5:14). അതുകൊണ്ട് ആ വെളിച്ചം കാണിച്ചു കൊടുക്കുക എന്ന നമ്മുടെ ഉത്തരവാദിത്തം വളരെ വലിയതാണ് – നമ്മുടെ ജീവിതങ്ങളിലൂടെ.

പഴയ നിയമത്തിലെ സമാഗമന കൂടാരം സഭയുടെ ഒരു ചിത്രമാണ്. ആ സമാഗമന കൂടാരത്തിന്, നിങ്ങൾ അറിയുന്നതു പോലെ, മൂന്നു ഭാഗങ്ങൾ ഉണ്ട് – ഒരു പ്രാകാരം, ഒരു വിശുദ്ധ സ്ഥലം, ഒരു അതിവിശുദ്ധ സ്ഥലം (ദൈവം വസിക്കുന്ന ഇടം). പ്രാകാരത്തിലുള്ളവർ തങ്ങളുടെ പാപം ക്ഷമിച്ചു കിട്ടുക മാത്രം ചെയ്തിരിക്കുന്ന വിശ്വാസികളെ പ്രതീകവൽകരിക്കുന്നു. അവർ തങ്ങളുടെ സഭയിലെ ഒരു ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നില്ല. അവർ സഭയിൽ വരുന്നു, സന്ദേശങ്ങൾ കേൾക്കുന്നു, അവരുടെ വഴിപാട് അർപ്പിക്കുന്നു, അപ്പം നുറുക്കുന്നു അതിനു ശേഷം അവർ വീട്ടിൽ പോകുന്നു. വിശുദ്ധ സ്ഥലത്തുള്ളവർ ഏതെങ്കിലും വിധത്തിൽ സഭയിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നവരാണ് – നില വിളക്കു കത്തിക്കുകയും യാഗപീഠത്തിൽ സുഗന്ധദ്രവ്യം ഇടുകയും ചെയ്യുന്ന ലേവ്യരെ പോലെ. എന്നാൽ അതിവിശുദ്ധ സ്ഥലത്തുള്ളവർ പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്നവരാണ്, ദൈവവുമായുള്ള കൂട്ടായ്മ അന്വേഷിക്കുകയും മറ്റു ശിഷ്യന്മാരുമായി ഒരു ശരീരം ആയി ഒരുമിച്ചു ചേർന്നു നിൽക്കുകയും ചെയ്യുന്നവർ. അവർ അവരുടെ ജീവനിൽ നിന്നു ശുശ്രൂഷിക്കുകയും യഥാർത്ഥ സഭ, പ്രവർത്തിക്കുന്ന സഭ, രൂപവൽക്കരിക്കുകയും ചെയ്യുന്നു, അവർ സാത്താനോടു പോരാടി ക്രിസ്തുവിൻ്റെ ശരീരം നിർമ്മലമായി സൂക്ഷിക്കുന്നു. പല സഭകളിലും ഏതു വിധത്തിലും, അതുപോലെ ഒരു ഉൾക്കാമ്പ് ഇല്ല.

ഏതൊരു സഭയിലും – ഏറ്റവും നല്ലതിലും ഏറ്റവും മോശമായതിലും – പ്രാകാരത്തിൽ ഇരിക്കുന്നവർ ഒരേ തരത്തിലുള്ളവരായിരിക്കും – അർദ്ധമനസ്കർ, ലൗകികന്മാർ, സ്വന്തം അന്വേഷിക്കുന്നവർ, പണ സ്നേഹികളും സുഖഭോഗങ്ങളെ സ്നേഹിക്കുന്നവരും. എന്നാൽ ഒരു നല്ല സഭയ്‌ക്ക് ദൈവഭക്തരായ നേതാക്കന്മാരുടെ ശക്തമായ ഒരു അകക്കാമ്പ് (കാതൽ) ഉണ്ടായിരിക്കും. ഈ അന്തർഭാഗമാണ് ആ സഭ ഏതു മാർഗ്ഗത്തിലൂടെയാണു നീങ്ങാൻ പോകുന്നതെന്നു നിശ്ചയിക്കുന്നത്. ഈ കേന്ദ്ര അകക്കാമ്പ് സാധാരണയായി തുടങ്ങുന്നത് പരസ്പരം ഒന്നായി തീർന്ന രണ്ടു വ്യക്തികൾ തമ്മിലാണ്. ദൈവം അവരുടെ കൂടെ ഉണ്ടായിരിക്കും അതിൻ്റെ ഫലമായി ആ അകക്കാമ്പ് വലിപ്പത്തിലും ഐക്യതയിലും വളരാൻ തുടങ്ങും. ഒരു മനുഷ്യ ശരീരവും ആരംഭിക്കുന്നത് രണ്ടു സമാനമല്ലാത്ത യൂണിറ്റുകൾ ഒരമ്മയുടെ ഗർഭത്തിൽ ഒന്നായി തീരുന്നതോടെയാണ്. ആ ചെറിയ ഭ്രൂണം വലുതായി വളരാൻ തുടങ്ങുമ്പോൾ, കോശങ്ങൾ എല്ലാം ഒന്നു ചേർന്നു നിലനിൽക്കുന്നു. എന്നാൽ ഏതെങ്കിലും സമയത്ത് ആ സെല്ലുകൾ പൊട്ടി തമ്മിൽ തമ്മിൽ അകന്നു പോയാൽ, അത് ആ കുഞ്ഞിൻ്റെ അന്ത്യമായിരിക്കും!

ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ പ്രതിഫലനമായ ഒരു പ്രാദേശിക സഭയുടെ പണിയുടെ കാര്യത്തിലും ഇതുപോലെ തന്നെയാണ്. അകക്കാമ്പ് പിളർന്നാൽ, അത് യഥാർത്ഥ സഭയുടെ അന്ത്യമായിരിക്കും, ബാഹ്യ ഘടനയിൽ അതൊരു സ്ഥാപനമായി നില നിൽക്കുന്നതു തുടർന്നാലും!

(അടുത്ത ആഴ്ചയും ഇത് തുടരും)