ഉത്തമ കുടുംബം

gray house with fireplace surrounded by grass under white and gray cloudy sky

സാക് പുന്നൻ

ഉത്തമ കുടുംബം


ദൈവം തന്നെ യോജിപ്പിച്ച ആദി കുടുംബത്തെ അടിസ്ഥാനമാക്കി ഒരുത്തമകുടുംബത്തെപ്പറ്റി ചിന്തിക്കാം.

 “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉല്പത്തി 2:15), ഈ സംഭവത്തിന് ശേഷം അവന് തക്കതായൊരു ‘തുണ’യെയും ദൈവം കൊടുത്തു. അതിനാൽ ആ മനോഹര ദിവസം ആദാമിന് ദൈവത്തിൽനിന്നു രണ്ട് സമ്മാനങ്ങൾ ലഭിച്ചു എന്നു പറയാം. ഒന്നാമത്തെ സമ്മാനം തോട്ടം. അതിൽ ആദാം വേല ചെയ്യുകയും കാക്കുകയും വേണം! രണ്ടാമത്തെ സമ്മാനം ഒരു തുണ അല്ലെങ്കിൽ ഭാര്യ. അവളോടും നല്ലൊരു ബന്ധം സ്ഥാപിച്ചുകൊണ്ട്, അവളെയും ആദാം പോറ്റിപ്പുലർത്തുകയും കാക്കുകയും വേണം! തനിക്കു നൽകപ്പെട്ട ഭാര്യയെയും ഏദൻതോട്ടത്തെയും കാത്തുസംരക്ഷിക്കേണ്ട മഹനീയമായ ഉത്തരവാദിത്വമാണ് ആ ദിവസം ദൈവത്തിൽനിന്ന് ആദാമിന് ലഭിച്ചത്.

എന്നാൽ മഹനീയമായ ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ആദാമിന് പിഴവ് പറ്റി. വലിയ തോൽവി തന്നെ അവനു നേരിട്ടു. ജാഗ്രതയോടെ സംരക്ഷിക്കേണ്ട  ആ തോട്ടത്തിൽ സാത്താൻ പ്രവേശിക്കുവാൻ ആദാം അനുവദിച്ചു. അപ്പോൾ എന്തു സംഭവിച്ചു? ഒരു പൂന്തോട്ടമായിരിക്കേണ്ട ആ തോട്ടം മരുഭൂമിയായി മാറി. ‘മുള്ളും പറക്കാരയും’ അവിടെ വളർന്നു. ഈയൊരു ഗതികേട് തോട്ടത്തിനു മാത്രമല്ല, ആദാമും ഹവ്വയും തമ്മിലുള്ള ബന്ധത്തിനും ഉണ്ടായി. അതേ, അസ്ഥിയിൽ നിന്ന് അസ്ഥിയും മാംസത്തിൽനിന്ന് മാംസവുമായ ആദാം ഹവ്വ ബന്ധത്തെ വേർപെടുത്താനായി അവരുടെ മധ്യത്തിലും സാത്താൻ പ്രവേശിച്ചു (ഉല്പത്തി 2:23,24; 3:1)!. നോക്കുക, ദൈവം യോജിപ്പിച്ചതിനെ വേർപെടുത്തുവാൻ “ഒരുവൻ’ എപ്പോഴും  ജാഗരിച്ചുകൊണ്ടിരിക്കുന്നു. ‘അവർ ഏകദേഹമായിത്തീരും’ എന്ന വചനത്തിനു ശേഷം അടുത്ത വാക്യത്തിൽ തന്നെ.

“തോട്ടത്തിൽ സാത്താൻ പ്രവേശിച്ചുവെന്നാണു” രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാമൊരിക്കലും മറക്കരുത്. പാമ്പിന്റെ രൂപത്തിൽ സാത്താൻ തോട്ടത്തിൽ കടന്നതിന്റെ ഒരേയൊരുദ്ദേശ്യം ‘ദൈവം യോജിപ്പിച്ചവരെ വേർപെടുത്തുക’ എന്നതായിരുന്നു!

വിവാഹബന്ധത്തിന്റെ തുടക്കത്തിലാണോ സാത്താനെപ്പറ്റി ചിന്തിക്കേണ്ടത്? എന്ന് നാം ചോദിച്ചേക്കാം. എന്നാൽ സാത്താൻ നാം മുകളിൽ കണ്ടതു പോലെ ദ്രുതഗതിയിൽ പ്രവർത്തിക്കുന്നവനാണ്. ആദാമിനും ഹവ്വയ്ക്കും സംഭവിച്ചതുപോലെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സാത്താൻ വേഗത്തിൽ പ്രവർത്തിക്കുകയില്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? അതുകൊണ്ട് അവനെപ്പറ്റി ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നാം ജാഗ്രതയോടെയിരിക്കേണ്ടതുണ്ട്.

അതെ, സാത്താൻ ദൈവത്തെയും നമ്മെയും തമ്മിൽ വേർപെടുത്തുമെന്ന് മാത്രമല്ല ഈ ലോകത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധത്തെയും അവൻ വേർപെടുത്തുന്നു. ഈ വേർപെടുത്തുന്ന പ്രവൃത്തിയാണ് ആദാമിനും ഹവ്വയ്ക്കും ഇടയിൽ സാത്താൻ ചെയ്യുവാൻ ശ്രമിച്ചത്. അവനെ തോട്ടത്തിനുള്ളിൽ കടക്കാൻ അനുവദിച്ചതാണ് ആദാമിന്റെ ആദ്യത്തെ വലിയ തെറ്റ്, എന്തുകൊണ്ടെന്നാൽ സാത്താൻ പ്രവേശിക്കുന്ന സ്ഥലം ‘മനോഹമായ തോട്ടമായിരുന്നാലും’ അത് വളരെ പെട്ടെന്നുതന്നെ മരുഭൂമിയായി മാറും! നിങ്ങളുടെ ദാമ്പത്യജീവിതമാകുന്ന പൂന്തോട്ടം മരുഭൂമിയായിത്തീരുന്നത് നിങ്ങൾക്കെങ്ങനെ അനുവദിക്കാൻ കഴിയും?

നമ്മുടെ തോട്ടം എങ്ങനെ മരുഭൂമിയായി മാറുമെന്നു വിവരിക്കുന്ന മുന്നറിയിപ്പ് സദൃശവാക്യങ്ങൾ 24:30,31ൽ കാണാം. “ഞാൻ മടിയന്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയും കൂടിപ്പോയി. അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കൽമതിൽ ഇടിഞ്ഞിരിക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കുകയും അത് കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു. നിങ്ങൾ ഉണർന്നിരുന്ന് തോട്ടത്തിൽ ശ്രദ്ധ ചെലുത്താതിരുന്നാൽ ആ തോട്ടം എത്രവേഗം മോശമായിത്തീരും. നിങ്ങൾ വഴിയരികിലൂടെ കടന്നുപോകുമ്പോൾ ഒരു വീട്ടിനരികിൽ മനോഹരമായ പൂന്തോട്ടവും മറ്റൊരുവീട്ടിനരികിൽ കാടും മുൾച്ചെടിയും ഒരു പക്ഷേ കണ്ടിരിക്കാം. എന്നാൽ പൂന്തോട്ടം തനിയേ ഉണ്ടായിവന്നതല്ല. ആ വീട്ടിലുള്ളവർ തോട്ടത്തിൽ വിത്തു വിതച്ച് കളയെടുത്തു നനച്ച്…ഇങ്ങനെ നിശ്ചയമായും വളരെ ക്ലേശിച്ചാണ് അതിനെ മനോഹരമായ തോട്ടമാക്കിത്തീർത്തത്.

മറ്റൊരുവന്റെ വീടിനുമുന്നിൽ നിങ്ങൾ കണ്ട് മുൾച്ചെടിക്കാടുകൾ എങ്ങനെ വന്നു? ആ വീട്ടിലുള്ളവർ കാടും, പടലും, മുള്ളുമൊക്കെ വിതച്ച് അദ്ധ്വാനിച്ചിട്ടാണോ അത് ഉണ്ടായത്? അല്ല. അത് തനിയേ തന്നെ കാടും, പടലും, മുള്ളുമൊക്കെ നിറഞ്ഞതായിട്ട് മാറി. അതെ മുള്ളും, പറക്കാരയും നിറഞ്ഞ മരുഭൂമിയായ ജീവിതം ഉണ്ടാകുവാനായിട്ട് നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല! എന്നാൽ നിങ്ങളുടെ തോട്ടം മനോഹരമായ ഒരു പൂന്തോട്ടമായിരിക്കണമെങ്കിൽ അതിന് നിങ്ങൾ തീർച്ചയായും അദ്ധ്വാനിക്കേണ്ടതുണ്ട്. ഇതുപോലെ തന്നെയാണ് വിവാഹജീവിതവും. ഒരുവന്റെ വിവാഹജീവിതം പൂന്തോട്ടമായും മറ്റൊരുവന്റെ വിവാഹജീവിതം മരുഭൂമിയായും ഇരിക്കുന്നത് നാം ഇന്നു കാണുന്നുണ്ടല്ലോ, മനോഹരമായ പൂന്തോട്ടമായി ഇരിക്കുന്ന തോട്ടത്തിൽ (കുടുംബത്തിൽ)  ഭർത്താവും, ഭാര്യയും ചേർന്ന് നിശ്ചയമായും അദ്ധ്വാനിച്ച് വളർത്തി. ഉണർന്നിരുന്ന് ജാഗ്രതയോടെ തോട്ടത്തെ സംരക്ഷിക്കണം. മറിച്ച് നിങ്ങളുടെ വിവാഹ ബന്ധം മരുഭൂമിയായി മാറാൻ നിങ്ങളെന്താണ് ചെയ്യേണ്ടത്? അതിനായി നിങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശബ്ദമുയർത്തി വഴക്കുണ്ടാക്കണമെന്നൊന്നുമില്ല. നിങ്ങൾ ഒന്നും ചെയ്യാതിരുന്നാൽ തന്നെയും നിങ്ങളുടെ കുടുംബബന്ധം മരുഭൂമിയായി മാറും! സദൃശവാക്യങ്ങളിൽ നാം കണ്ട ആ മനുഷ്യൻ, മുള്ളും പറക്കാരയും മറ്റും തന്റെ തോട്ടത്തിൽ വിതച്ചുകൊണ്ടിരിക്കുകയായിരുന്നില്ല. പകരം, അവൻ ഒന്നും ചെയ്യാതെ ഉറങ്ങിക്കൊണ്ടിരുന്നു. പിന്നെ അവൻ എഴുന്നേറ് നോക്കിയപ്പോൾ തന്റെ തോട്ടം മുഴുവൻ മുള്ള് പടർന്ന്, കൻമതിൽ ഇടിഞ്ഞ് …പാഴായിക്കിടക്കുന്നു.

ആ മനുഷ്യൻ “ഇനിയും കുറെകൂടെ ഉറങ്ങാം…. കുറേക്കൂടെ നി കുറെക്കൂടെ കൈകെട്ടിക്കിടക്ക്” എന്ന് പറയുന്നത് കണ്ടില്ലേ? ഇതുപോലെ നാം ഒന്നും ചെയ്യാതെ, അലസരായിരിക്കുമ്പോൾ കുടുംബത്തിൽ കുറേശ്ശെ കുറേശ്ശെ മുള്ളും പറക്കാരയും മുളയ്ക്കാൻ തുടങ്ങുന്നു. അതേ, ഒരു രാത്രികൊണ്ട് നിങ്ങളുടെ കുടുംബജീവിതം പൊടുന്നനെ മരുഭൂമിയായി മാറുന്നില്ല. തുടക്കത്തിൽ ചില മാസങ്ങളോളം വിവാഹബന്ധം നന്നായിരിക്കുന്നതു നിങ്ങൾ കാണുന്നു. അപ്പോൾ “എല്ലാം നന്നായിട്ടാണല്ലോ ഇരിക്കുന്നത്” എന്ന് നിങ്ങൾ ആത്മഗതം ചെയ്ത് തോട്ടത്തെ ശ്രദ്ധിക്കാതെ അലസമായിരിക്കുന്നു. അപ്പോഴാണ് നിങ്ങളുടെ ഭാര്യാഭർതൃ ബന്ധത്തിൽ ദാരിദ്ര്യം വഴിപോക്കനെപ്പോലെ ഉള്ളിൽ നുഴഞ്ഞുകയറി.. പിന്നെ ആയുധമണിഞ്ഞ തസ്കരനായി മാറി സൗഭാഗ്യബന്ധങ്ങളെ കവർന്നുകളയുന്നത്!! ഈ കാര്യങ്ങൾ സാത്താൻ ഉടനടി ചെയില്ല. അവൻ മെല്ലെ വന്നാലും നിശ്ചയമായും ഉള്ളിൽ പ്രവേശിക്കും. എന്നാൽ അവൻ ഒരിക്കൽ ഉള്ളിൽ വന്നാൽ ആയുധമണിഞ്ഞ തസ്കരനായ് മാറി നിങ്ങളുടെ കുടുംബബന്ധത്തിന്റെ വസന്തത്തെ മോഷ്ടിക്കയും, കൊല്ലുകയും, മുടിക്കുകയും ചെയ്യും.

അതിനാൽ നാം തോട്ടത്തെ പരിപോഷിപ്പിക്കുകയും നല്ല ബന്ധത്തെ സൂക്ഷിക്കയും ചെയ്യുന്നത് എപ്പോൾ അവഗണിക്കുന്നുവോ അപ്പോൾ ആ തോട്ടം മരുഭൂമിയായി മാറും. സാത്താൻ ആ തോട്ടത്തിൽ പ്രവേശിക്കാതെ സൂക്ഷിക്കുന്നതിനായിട്ടാണ് ദൈവമായ കർത്താവ് മനുഷ്യനെ ആ തോട്ടത്തിൽ ആക്കിവെച്ചത്. എന്നാൽ സാത്താൻ ഉള്ളിൽ പ്രവേശിച്ചു. അതിനുശേഷം എന്തുസംഭവിച്ചുവെന്നു നമുക്കറിയാം..!! ഒരു പൂന്തോട്ടം എങ്ങനെ മരുഭൂമിയായി മാറിയെന്നാണ് ഉല്പത്തി മൂന്നാം അധ്യായം നമ്മോട് പറയുന്നത്, ആദാം ഹവ്വമാരുടെ മനോഹരമായ ബന്ധം എങ്ങനെ പാഴും ശൂന്യവുമായിത്തീർന്നു?

പൂന്തോട്ടമായ കുടുംബബന്ധം മരുഭൂമിയായി മാറുന്നതിനുള്ള ആദ്യപങ്ക് ഭാര്യയ്ക്കാണ്. അതേ, വഴങ്ങാത്ത മാത്സര്യത്തിന്റെ ആത്മാവിനെ സാത്താനിൽനിന്നും ഹവ്വാ സ്വീകരിച്ചുവല്ലോ!! എന്നാൽ ഇതേ ഭാര്യയ്ക്കു തന്നെ ഈ മരുഭൂമിയെ ഒരു പൂന്തോട്ടമായി മാറ്റുവാനും കഴിയും.!!

തോട്ടം മരുഭൂമിപോലെയായിത്തീർന്നതിന്റെ ആദ്യ കാരണം ഉൽപത്തി 3:6ൽ നാം കാണുന്നു. മനുഷ്യ വർഗ്ഗത്തിന്റെ ഭാവിഭാഗധേയം നിർണ്ണയിച്ച ഒരു സുപ്രധാനതീരുമാനം അവിടെ ഒരു സ്ത്രീകൈക്കൊള്ളുകയാണ്. അവൾ അന്നെടുത്ത ആ തീരുമാനം തന്റെ ഭർത്താവിനോട് ഒരു  ആലോചന പോലും ചോദിക്കാതെയാണു കൈക്കൊണ്ടത്. ഇവിടെയാണ് പാപം പ്രവേശിച്ചത്! ഇവിടെയാണ് മരുഭൂമി തുടങ്ങിയത്. ഭാര്യമാരായ എല്ലാവരും എപ്പോഴും ഈ വസ്തുത മനസ്സിൽ വച്ചിരിക്കണം. പഴം പറിച്ചുതിന്നപ്പോൾ ഹവ്വ സാത്താനിൽനിന്നും സത്യത്തിൽ എന്താണ് സ്വീകരിച്ചതെന്നറിയാമോ? അധികാരത്തിന് കീഴ്പ്പെടാൻ ആഗ്രഹമില്ലാത്ത മാത്സര്യമുള്ള “സാത്താന്റെ ആത്മാവിനെ’ തനിക്കായിട്ട് വാങ്ങുകയാണ് അവൾ ചെയ്തത്.

ഹവ വഞ്ചിക്കപ്പെട്ട സമയത്ത് യഥാർത്ഥത്തിൽ അവൾ തനിയെ ആയിരുന്നില്ല. അവളോടു കൂടെ ആദാമും ഉണ്ടായിരുന്നിരിക്കണം. അതു കൊണ്ടാണല്ലോ “സ്ത്രീ ആ വൃക്ഷ ഫലം തിന്മാൻ നല്ലതെന്ന് കണ്ട് ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു!” (ഉൽപ 3:6) എന്ന് നാം വായിക്കുന്നത്. ഈ സാഹചര്യത്തിൽ ദൈവം കുടുംബത്തിന് തലയായി വച്ചിരുന്ന അധികാരത്തെ ഭാര്യ കൈയാളുന്നത് തന്റെ കൺമുമ്പിൽ തന്നെ ആദാം കണ്ടു. ദൈവം തന്നോടു കല്പിച്ച് പ്രകാരം ഹവ്വയോട് “ആ ഫലം പറിക്കരുത്. അത് പാപമാണ്!” എന്ന് വിലക്കിയോ? ഇല്ല. അവൻ തന്റെ ഭാര്യയെ തടഞ്ഞില്ല. അതിനാലാണ് വളരെ ദുഃഖത്തോടെ “നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിച്ചുവല്ലോ?” എന്ന് ദൈവം ആദാമിനോട് പറഞ്ഞത്. (ഉല്പ.3:17). അതേ, ഇപ്പോഴും അനേക ഭർത്താക്കന്മാർ സാത്താൻ തങ്ങളുടെ ഭാര്യമാരെ സ്വാധീനിച്ച് അവൾ തലയായിരുന്ന് ചെയ്യുന്നകാര്യങ്ങളെ വെറുതെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു സുപ്രധാനപാഠം ഇവിടെ നമുക്ക് പഠിക്കുവാൻ കഴിയും. ആദിയിൽ ദൈവം കുടുംബത്തിൽ ഭർത്താവിനെ തലയായി നിയമിച്ചു. ശിരസ്സായ ആ അധികാരത്തിനു ഭാര്യ സന്തോഷത്തോടെ കീഴടങ്ങിയിരിക്കുക എന്നതായിരുന്നു ദൈവനിശ്ചയം. അവൾ കീഴടങ്ങിയിരിക്കാതെ സ്വയം ഒരു തീരുമാനം എടുക്കരുത്. ഹവ്വയോ തന്റെ ഭർത്താവിനോട് ഒരു ആലോചന പോലും ചോദിച്ചില്ല.

ആദാം അവളോടുകൂടെ തോട്ടത്തിൽ ഉണ്ടായിരുന്നിട്ടും തന്റെ ഭർത്താവിനോട് ചോദിച്ചാലോ എന്ന് ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ, സാത്താനോട് കൂടിയാലോചിച്ച് അവൾ തന്നെ ഒരു തീരുമാനമെടുത്തു. അതേ, ആദ്യമായി ഇവിടെയാണ് പൂന്തോട്ടമായിരുന്ന അവരുടെ ജീവിതം മരുഭൂമിയായി മാറിത്തുടങ്ങിയത്.

പ്രിയപ്പെട്ട സഹോദരിമാരേ, നിങ്ങളും നിങ്ങളുടെ കുടുംബത്തിൽ ഇന്ന് ഹവ്വയുടെ സ്ഥാനത്ത് വന്നിട്ടുണ്ടെങ്കിൽ, അന്ന് ഏദൻ തോട്ടത്തിൽ ഉണ്ടായ കുഴപ്പം നിങ്ങളുടെ കുടുംബത്തിലും സംഭവിക്കും. ഹവ്വ തന്റെ ഹൃദയത്തിൽ സാത്താന്റെ മാത്സര്യമുള്ള ആത്മാവിനെ സ്വീകരിക്കുകയാണു ചെയ്തത്.

ഇതുപോലെ ഒരു ഭാര്യ മാത്സര്യമുള്ള ഒരു ആത്മാവിനധീനപ്പെട്ടാൽ പിന്നെ അവൾ എന്തുചെയ്യുമെന്നറിയാമോ? തനിക്കു ലഭിച്ചു കീഴടങ്ങാത്ത ആത്മാവിനെ തന്റെ കുഞ്ഞുങ്ങളിലേക്കും പകരും! ഇതാണ് ഉൽപത്തി നാലാം അധ്യായത്തിൽ നാം കാണുന്നത്. ഹവ്വയുടെ മൂത്ത പുത്രനായ കയീൻ അധികാരത്തിന് വിരോധമായി മത്സരിച്ചു. ഈ ആത്മാവ് അവന് എവിടെനിന്നാണ് ലഭിച്ചത്? അല്പം പോലും സംശയിക്കേണ്ട, അവന് തന്റെ അമ്മയിൽ നിന്നുമാണത് ലഭിച്ചത്. ആ ആത്മാവ് അവന്റെയുള്ളിൽ ശക്തിയോടെ പ്രവർത്തിച്ച് സ്വന്ത സഹോദരനെ കൊല്ലുന്നതിലേക്ക് അവനെ നടത്തി.

ഇതു പോലെ കുഞ്ഞുങ്ങളുടെ പ്രവൃത്തികൾ മൂലം തന്നെക്കുറിച്ചു വെളിച്ചം കിട്ടുന്ന ഒരു മാതാവ് ഇന്നു തന്നെത്താൻ താഴ്ത്തി, തന്റെ ഉള്ളിലുള്ള ആ ദുഷ്ടാത്മാവിനെ ദൈവ മുൻപാകെ ന്യായം വിധിക്കണം! കള്ളൻ മോഷ്ടിക്കാനും, കൊല്ലാനും മുടിക്കാനുമാണ് വരുന്നത്. അതേ ഉൽപത്തി നാലാം അധ്യായത്തിന്റെ അവസാനത്തിൽ ഹാബേൽ കൊല്ലപ്പെട്ടു. കയീനും വീട്ടിന് വെളിയിൽ അലഞ്ഞുതിരിയുന്നവനായി മാറി. കണ്ടില്ലേ? പൂന്തോട്ടമായിരുന്ന ആ ഭവനം അല്പ കാലത്തിനുള്ളിൽ മരുഭൂമിയായിത്തീർന്നു!

സഹോദരിമാരേ, നിങ്ങൾ തന്നെ താൻ താഴ്ത്തി കീഴ്പ്പെട്ടിരിക്കുന്ന കാര്യം ലജ്ജാകരമെന്നു കരുതുന്നുവോ? എങ്കിൽ ഈ സമയം യേശു ക്രിസ്തുവിന്റെ നല്ല മാതൃക ആലോചിച്ചുനോക്കുക. താഴ്മയുള്ള, കീഴ്പ്പെട്ടിരിക്കുന്ന, ആത്മാവുണ്ടായിരുന്നതു കൊണ്ടാണ് യേശു മാത്സര്യത്തിന്റെ ആത്മാവുള്ള സാത്താന്റെ മേൽ പൂർണ്ണജയം പ്രാപിച്ചത്.

അങ്ങനെയാണെങ്കിൽ ഏതു ആത്മാവാണ് വലിയത്? അതിന്റെ ഉത്തരം ഇപ്പോൾ നിങ്ങൾക്കുതന്നെ അറിയാം. അതിനാൽ സഹോദരിമാരായ നിങ്ങൾക്ക് ആത്മീയജീവിതത്തിൽ അഭിവൃദ്ധിയുള്ള ഭാര്യമാരായി തീരാനാഗ്രഹമുണ്ടെങ്കിൽ “കീഴ്പ്പെട്ടിരിക്കുന്ന ആത്മാവിനെ എല്ലാ സാഹചര്യങ്ങളിലും ലഭിപ്പാൻ തക്കവണ്ണം അന്വേഷിക്കുക” തനിക്കു ലഭിച്ചിരിക്കുന്ന അധികാരത്തിന് കീഴടങ്ങിയിരിക്കുന്ന ആത്മാവ് ക്രിസ്തുവിന്റേതാണ്. അതു കൊണ്ടാണ് 1പത്രോ.3:1ൽ “അതുപോലെതന്നെ (യേശുവേപ്പോലെതന്നെ) ഭാര്യമാരേ, നിങ്ങളുടെ സ്വന്തഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ”(NASB) എന്നുപറഞ്ഞിരിക്കുന്നത്. ഇതുപോലെ കീഴടങ്ങിയിരിക്കുന്നതിൽനിന്നു വലിയ ശക്തി ലഭിക്കും. നിങ്ങളുടെ ഭർത്താക്കന്മാർ തിരുവചനത്തിന് കീഴ്പ്പെടുന്നവരല്ലെങ്കിൽ കൂടി അങ്ങനെയുള്ളവർക്കും എപ്പോഴും കീഴടങ്ങിയിരിക്കാൻ തുടർന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക:

ദൈവവചനത്തിനു കീഴടങ്ങാത്ത ദൈവവചനം ഒരുവൻ, സാത്താന്റെ അടിമയും അവന്റെ മകനുമാണ്. ദൈവവചനം അനുസരിക്കാത്തവനാണു നിങ്ങളുടെ ഭർത്താവെങ്കിൽ, ഭയങ്കര സിംഹമായിരിക്കുന്ന സാത്താന്റെ ഒരു മകനായി അയാൾ തീർന്നിരിക്കുന്നു. അവിശ്വാസിയായ ഭർത്താവ്, സാത്താന് സ്വന്തമായ സിംഹക്കുട്ടിയായാണു നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നത്. ഗർജ്ജിക്കുന്ന സിംഹത്തിനരികിൽ നിന്നും ഈ സിംഹക്കുട്ടിയെ ആർക്കാണ് വേർപെടുത്താൻ കഴിയുക? അങ്ങനെ വേർപെടുത്തി ആ സിംഹക്കുട്ടിയെ ദൈവരാജ്യത്തിൽ കൊണ്ടുവന്ന് അതിലെ അംഗമാക്കുവാൻ ആർക്കു കഴിയും. അതേ, അടങ്ങികീഴ്പ്പെട്ടിരിക്കുന്ന ഒരു ഭാര്യയ്ക്കാണ് ഇതിനുള്ള ശക്തിയുള്ളത്. ആ ശക്തി എങ്ങിനെയുള്ളതാണെന്നറിയാമോ? ഉപദേശത്തിന്റെതായ ഒരു വാക്കു പോലും ഉരിയാടാതെ തന്റെ ഭർത്താവിന് രക്ഷ നേടിക്കൊടുക്കുവാൻ ഒരുവളെ പ്രാപ്തയാക്കുന്നതാണ് ആ ശക്തി! ഗർജ്ജിക്കുന്ന ഭയങ്കരസിംഹത്തിൽ നിന്ന് തന്റെ ഭർത്താവിനെ ഇവൾ രക്ഷിക്കുന്നു!!

“സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു” (സദൃശവാക്യങ്ങൾ 14:1). ഈ വചനത്തിൽ പുരുഷന്മാരിൽ ജ്ഞാനമുള്ളവൻ എന്നല്ല എഴുതിയിരിക്കുന്നത്. കാരണം, ഒരു സ്ത്രീയ്ക്ക് കീഴടക്കത്തിന്റെ ആത്മാവുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് വീട് പണിയപ്പെടുന്നത്.

വീട്ടിൽ ദൈവത്തിന്റെ പ്രതിനിധിയായുള്ള തന്റെ ഭർത്താവിന്റെ അധികാരത്തിനു വിരോധമായിട്ടൊരു സ്ത്രീ മാത്സര്യആത്മാവുള്ളവളായിരുന്നാൽ അവൾ യഥാർത്ഥത്തിൽ തന്റെ വീടു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നവളാണ്. ഇതു പോലുള്ള ഒരുവളെ “ഭോഷത്തമുള്ളവളെന്നോ അല്ലെങ്കിൽ ഭ്രാന്തുബാധിച്ചവളെന്നോ” പറയുന്നതിൽ യാതൊരു തെറ്റുമില്ലതന്നെ! എന്തു കൊണ്ടെന്നാൽ ഇവൾ തന്റെ വീടിന്റെ ജനലും, ചുവരുകളും, എല്ലാം ഒരു ഭ്രാന്തിയെപ്പോലെ ഇടിച്ചു പൊളിച്ചുകൊണ്ടിരിക്കുന്നു! ഇനി എന്ത് സംഭവിക്കും? പൂന്തോട്ടം വളരെ വേഗം തന്നെ മരുഭൂമിയായി മാറും. “ദൈവം യോജിപ്പിച്ചതിനെ വേർപിരിക്കുന്ന കൊടിയവഞ്ചന ഇങ്ങനെയാണ് സാത്താൻ ഒരു കുടുംബത്തിൽ ആരംഭിക്കുന്നത്.

ജീവവൃക്ഷത്തിന്റെ തണലിൽ ഒരു ഭവനം

തോട്ടത്തെ നശിപ്പിക്കുന്ന തെറ്റായമ നോഭാവങ്ങളെക്കുറിച്ച് നാം കഴിഞ്ഞ ലക്കത്തിൽ ചിന്തിക്കുകയായിരുന്നല്ലോ.

ആദാമിന്റെ “കുറ്റം ചുമത്തുന്ന ആത്മാവ്” ഏദൻ പൂന്തോട്ടത്തെ “മരുഭൂമിയായി” മാറ്റിക്കളഞ്ഞു. എന്നാൽ ഇന്ന് “തന്നെത്താൻ ന്യായം വിധിക്കുന്ന” ക്രിസ്തുവിന്റെ ആത്മാവിന് മരുഭൂമിയെ വീണ്ടും പൂന്തോട്ടമായി മാറ്റുവാൻ കഴിയും.

കുടുംബം മരുഭൂമിയായി മാറ്റുന്നതിന് അന്യോന്യം കുറ്റം ചുമത്തുക എന്ന തന്റെ ആത്മാവിനെ അവരുടെ ഇടയിൽ കൊണ്ടു വരികയാണു സാത്താൻ അടുത്തതായി ചെയ്യുന്നത്. ഉൽപത്തി 3:11ൽ ദൈവം ആദാമിനോട് “തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?” എന്ന് ചോദിച്ചു. ഈ ചോദ്യത്തിനു സത്യസന്ധമായ ഒരുത്തരമേ ഉള്ളൂ. അത് എന്തെന്നാൽ “അതേ ദൈവമേ ഞാനത് തിന്നു…. അതിനാൽ അനുതപിക്കുന്നു. ഇത്രമാത്രമേയുള്ളൂ. ഈ വിധത്തിൽ തന്റെ തെറ്റിനെ അംഗീകരിക്കുന്നതിനു പകരം ആദാം തന്റെ ഭാര്യയായ ഹവ്വയ്ക്കു നേരേ കുറ്റപ്പെടുത്തലിന്റെ വിരൽ ചൂണ്ടുകയാണ്.

 ഓരോരുത്തരും തന്റെ ചൂണ്ടുവിരലുയർത്തി ആരെയെങ്കിലും കുറ്റം ചുമത്തുന്ന കാഴ്ചയല്ലേ ഇന്ന് ഭൂലോകം മുഴുവനും വ്യാപകമായിക്കാണുന്നത്? അതായത് “എല്ലാം നിന്റെ കുറ്റമാണ്” എന്ന് പ്രതിഫലിക്കുന്നവിധമുള്ള പ്രവൃത്തികൾ കീഴടങ്ങിയിരിക്കാത്ത മാത്സര്യമുള്ള ആത്മാവിനു ശേഷം “കുറ്റം ചുമത്തുന്ന ആത്മാവ്” ഇത് എങ്ങനെ ഒരു കുടുംബത്തെ മരുഭൂമിയായി മാറ്റുന്നു എന്ന് തുടർന്നു നോക്കാം.

ആദാം തന്റെ ചുണ്ടുവിരൽ നീട്ടി “നീ തന്നിട്ടുള്ള സ്ത്രീ! എന്നുപറഞ്ഞ് ഹവ്വയെ കുറ്റം ചുമത്തി. ഒരു വീട്ടിലെ പുരുഷൻ ദൈവം തനിക്ക് നിയമിച്ചിട്ടുള്ള തലയായ അധികാരത്തെ ദുർവിനിയോഗം ചെയ്യുന്നത് വളരെ സാധാരണമാണ്. തലയായി വച്ചിരിക്കുന്ന തന്റെ അധികാരത്തിൽ പുരുഷൻ എപ്പോഴും തന്റെ ഭാര്യയാണ് തെറ്റ് ചെയ്യുന്നവൾ എന്നും, താനോ ഒരു തെറ്റും ചെയ്യുന്നില്ലെന്നും ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഇതു പോലുള്ള അനേക പുരുഷന്മാർ കുടുംബങ്ങളിൽ ഇന്നുണ്ട്.

അതുകൊണ്ടാണ് തന്റെ ഭാര്യയോട് ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ക്ഷമ ചോദിക്കാത്ത പുരുഷന്മാരുള്ളത്. ഈ ലോകത്ത് ഒരു പ്രാവശ്യം പോലും ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലാത്ത ആളാരാണ്? അത് ദൈവം ഒരു വൻ മാത്രമാണ്. അതുകൊണ്ട് ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ക്ഷമ ചോദിക്കാത്തഭർത്താവ് ദൈവത്തിന് സമമായാണു ചിന്തിക്കുന്നത്. “വേറെ ആരോ തെറ്റു ചെയ്തിരിക്കുന്നു” എന്നാണ് എപ്പോഴും ഇദ്ദേഹത്തിന്റെ മനോഭാവം.

ഭർത്താവ്, ഭാര്യയിലോ കുട്ടികളിലോ മാത്രം കുറ്റം കാണുന്നു. പൂന്തോട്ടമായിരുന്ന കുടുംബം മരുഭൂമിയായി മാറുവാൻ മറ്റെന്താണു വേണ്ടത് ഭാര്യയുടെ മാത്സര്യമുള്ള ആത്മാവിനെപ്പോലെ തന്നെ കുറ്റം ചുമത്തുന്ന ആത്മാവുള്ളവനാണു ഭർത്താവെന്ന നിങ്ങളെങ്കിൽ, കുടുംബബന്ധത്തെ ശിഥിലീകരിക്കുന്ന മുള്ളുകളും, പറക്കാരയും നിങ്ങൾത്തന്നെ വിതയ്ക്കുകയാണ്. യേശുവിനെ അല്പം കൂടി ശ്രദ്ധിച്ചു നോക്കൂ. അവിടുന്ന് ഒരിക്കൽ പോലും മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടിയില്ല. മറ്റുള്ളവരുടെ പാപത്തിനുള്ള ശിക്ഷ അവിടുന്ന് ഏറ്റെടുത്തു. ഒന്നോ രണ്ടോ പേരുടേതല്ല, ലോകത്തിലെ എല്ലാ ജനങ്ങളുടേയും പാപത്തിനുള്ള ശിക്ഷയാണ് അവിടുന്നു ചുമന്നത്. “കുറ്റം തന്റേതല്ലാതിരുന്നിട്ടും അവയെല്ലാം ഏറ്റെടുത്ത ആത്മാവാണ് കാൽവറി കൂശിലെ ആത്മാവ് ഈയൊരു ആത്മാവിനെ നമ്മുടെ കുടുംബങ്ങളിൽ നാം സ്വായത്തമാക്കുകയാണെങ്കിൽ, ആ കുടുംബം നിശ്ചയമായും പൂന്തോട്ടമായി തുടരും.

കുടുംബത്തിലെ ഭർത്താവും ഭാര്യയും തങ്ങളെത്തന്നെ വിധിക്കുന്നവരാണങ്കിൽ “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കാൻ സമയമായല്ലോ” (1 പത്രോസ് 4:17) എന്ന വചനം നിങ്ങളുടെ വനത്തിൽ നിറവേറും. അതു നിങ്ങളുടെ ഭവനത്തെ ഒരു ദൈവ ഭവനമാക്കി മാറ്റും.

നിങ്ങൾ സ്വയം വിധിക്കുകയും ഒരു പ്രാവശ്യം പോലും മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ ഭവനം ദൈവ ഭവനമായി മാറും. സംശയമില്ല.

അതേ, നിങ്ങൾ ആദാമിനെപ്പോലെ വിരൽ ചൂണ്ടാതെ “ദൈവമേ, ഈ സാഹചര്യത്തിൽ നിശ്ചയമായും എന്നിൽ എന്തെങ്കിലും കുറ്റം കാണും. എന്തെന്നാൽ, ഞാൻ ദൈവമല്ല! ഞാൻ ഇപ്പോഴും യേശുവേപ്പോലെയായിട്ടില്ല. എന്റെ ജീവിതപങ്കാളിയുടെ പക്ഷത്ത 99% തെറ്റും എന്റെ ഭാഗത്ത് ഒരു ശതമാനം മാത്രം തെറ്റും ഉണ്ടായിരുന്നക്കാം. എന്നാലും ആ ഒരു ശതമാനം തെറ്റിനെ കാണുവാൻ എന്നെ സഹായിക്കണമേ” എന്ന് തന്നെത്താൻ വിധിക്കുന്നവരാണ് ദൈവമുമ്പാകെ ജീവിക്കുന്നവർ “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” എന്ന് വചനം പറയുന്നു. എന്നാൽ പലപ്പോഴും ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു പാപം പോലും മറയ്ക്കുവാൻ കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് ഇവർ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നത്? ഇതിൽ നിന്നും ഇവരുടെ അന്യോന്യമുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. ഒരു പക്ഷേ ഇവർ പരസ്യമായി കുറ്റപ്പെടുത്തിയില്ലെന്നിരിക്കാം. എന്നാൽ ഇവരുടെ ഹൃദയത്തിൽ കുറ്റം ചുമത്തുന്നൊരു ആത്മാവിനെ ഒളിപ്പിച്ചുവയ്ക്കുവാൻ കഴിയും ഇതുപോലുള്ളവർ തങ്ങളുടെ ഭർത്താവിനോ ഭാര്യയ്ക്കോ എതിരായുള്ള “കടച്ചീട്ടിനെ” തങ്ങളുടെ മനസ്സിൽ അടക്കിവച്ചു കൊണ്ടേയിരിക്കും. ഏതെങ്കിലും പ്രകോപനം വരുമ്പോൾ കഴിഞ്ഞ ഏകദേശം രണ്ടു മാസമായി മറച്ചു വെച്ചിരുന്ന കടച്ചീട്ടുകള എടുത്ത് ഭർത്താവിനോ ഭാര്യക്കോ എതിരായി ഉപയോഗിക്കും! നിങ്ങളുടെ പൂന്തോട്ടമായിരുന്ന ഭവനം മരുഭൂമിയായി മാറാൻ ഇതു പോരേ? നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം.

3. നാവിന്റെ ചൂട് കുടുംബമാകുന്ന പൂന്തോട്ടത്തെ പാടേ ഉണക്കും.

പ്രധാനമായും, ഭാര്യ തന്റെ നാവിനെ ശ്രദ്ധിച്ചാൽ, അവരുടെ കുടുംബം പൂന്തോട്ടമായി മാറും. നിങ്ങളുടെ ഭവനം മരുഭൂമിയായി മാറുവാനുള്ള കാരണം സദൃശവാക്യങ്ങൾ 21:9ൽ കാണാം. “ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്”.

എപ്പോൾ നോക്കിയാലും ശണ്ഠയുള്ള ഒരു ഭവനം മരുഭൂമിയെക്കാളും മോശമായതാണെന്നല്ലേ വചനം പറയുന്നത്? വീണ്ടും പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരിയായ സ്ത്രീയും ഒരുപോലെ. അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ട് എണ്ണയെ പിടിക്കുവാൻ പോകുന്നു” എന്നും കാണുന്നു. (സദൃശവാക്യങ്ങൾ 27:15,16).

 എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഭാര്യ നല്ല മഴയുള്ളപ്പോൾ കരയിൽ നിന്നും ഒഴുകുന്ന മഴത്തുള്ളിക്ക് സമമാണ്. വീട്ടിൽ കിടക്കുന്നവരുടെ മേൽ ഈ മഴത്തുള്ളി തുളളി…. തുള്ളിയായി വീണു കൊണ്ടിരുന്നാൽ അവർക്ക് എങ്ങനെ സമാധാനമായിട്ട് ഉറങ്ങാൻ കഴിയും? ഇതുപോലെതന്നെയാണ് എപ്പോഴും ശണ്ഠയിടുന്ന സ്ത്രീയും. ഒരു മനുഷ്യന് കാറ്റിനെ ഒതുക്കുവാൻ എങ്ങനെ കഴിയാതിരിക്കുന്നുവോ അതുപോലെയാണ് ഇത്തരം സ്ത്രീയെ ഒതുക്കുന്നതിനു ശ്രമിക്കുന്നതും.

സ്ത്രീകളെപ്പറ്റി ഇങ്ങനെയെല്ലാം സദ്യശവാക്യങ്ങളിൽ എന്തുകൊണ്ടാണു പറഞ്ഞിരിക്കുന്നത്? കാരണം, സ്ത്രീകൾക്ക് ഈ മേഖലയിൽ വലിയ പരീക്ഷയുണ്ടാകാം. ദൈവവചനത്തിനു കീഴടങ്ങി ജീവിക്കുന്ന സ്ത്രീകൾ ഈ പ്രത്യേക ഭാഗം വളരെ ശ്രദ്ധയോടെ കൈക്കൊള്ളേണ്ടതുണ്ട്. നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം’ (സദൃ. 15:4). ജീവവൃക്ഷം നട്ടിട്ടുള്ള ഫലം കായ്ക്കുന്ന പൂന്തോട്ടമായി നിങ്ങളുടെ ഭവനം മാറുമോ? അതോ വിജനമായ മരുഭൂമിയായിതീരുമോ? ഇതു നിർണയിക്കുന്നത് നിങ്ങളുടെ നാവാണെന്നു ദൈവവചനം വളരെ വ്യക്തമായി പറയുന്നു.

അതെ കോപത്തോടെയുള്ള വാക്കുകളും,  കുറ്റം ചുമത്തുന്ന വാക്കുകളും ഉഷ്ണക്കാറ്റു പോലെയാണ്. ഇതു തോട്ടത്തിലെ വസന്തത്തെ പാടേ ഉണക്കിക്കളയും. ഇന്ന് ഇങ്ങനെയാണ് പലരും പരിജ്ഞാനമില്ലാതെ സ്വന്ത കുടുംബത്തെ നശിപ്പിക്കുന്നത്. ഇതിന് വിപരീതമായി അതേ വാക്യത്തിൽ (സദൃ.15:4ൽ) ജീവവൃക്ഷത്തെ ഉരുവാക്കുന്ന ശാന്തതയുള്ള നാവിനെപ്പറ്റി പറയുന്നു. ശാന്തതയുള്ള നാവുള്ളവർ തങ്ങളുടെ വാക്കുകളാൽ മറ്റുള്ളവർക്ക് സുഖം കൊടുക്കുന്നവരാണ്. ദൈവം ഏദൻതോട്ടത്തിൽ “സുഖം കൊടുക്കുന്ന ജീവവൃക്ഷത്തെയും വച്ചിരുന്നു. ഇതു പോലെ തന്നെയായിരിക്കണം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധവും. ഇവരിരുവരും ചേർന്ന് തങ്ങളുടെ കുടുംബമാകുന്ന തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷത്തെ നില നിർത്തേണ്ട കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. അതായത് ഇരുവർക്കും ശാന്തതയുള്ള സൗഖ്യദായകമായ ആരോഗ്യമുള്ള നാവ് ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇതു അല്പം ധ്യാനിച്ചു നോക്കുക: നിങ്ങളുടെ ഭവനത്തിൽ ആരെങ്കിലും ഒരാൾ പറഞ്ഞ വാക്കുകൾ മറ്റുള്ളവർക്ക് മുറിവുണ്ടാക്കിയിരിക്കാം. ഈ സമയം നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു? നിങ്ങളുടെ നാവിനെ ജീവവൃക്ഷത്തിനനുസരണമായി ഉപയോഗിക്കുവാൻ പോകുന്നുവോ? അതോ നിങ്ങളും നിങ്ങളുടെ ജീവിതപങ്കാളി പറഞ്ഞപോലെതന്നെ അതേ കടുത്ത മുറിപ്പെടുത്തുന്ന വാക്കുകൾ പറയുവാൻ തുനിയുമോ? അങ്ങനെയെങ്കിൽ നിങ്ങളുടെ ഭവനം ജീവവൃക്ഷമുള്ള പൂന്തോട്ടമായി ഒരിക്കലും മാറുകയില്ല. ശാന്തതയുള്ള നാവുതന്നെയാണ് ജീവവൃക്ഷം.

ഇതിന് വിപരീതമായി നാവിനു കടിഞ്ഞാണിടാതെ അതിനെ വക്രതയുള്ള നാവായി നിങ്ങൾ ഉപയോഗിക്കുകയുണെങ്കിൽ അതു മനോവ്യസനം ഉണ്ടാക്കും. നിങ്ങളുടെ വക്രതയുള്ള നാവ് തോട്ടത്തിൽ മുളച്ചുകൊണ്ടിരിക്കുന്ന ജീവൻ തരുന്ന പൂക്കളും, ഇളംതണ്ടുകളും പൂമൊട്ടുകളുമെല്ലാം കശക്കിതാറുമാറാക്കി നശിപ്പിക്കും.

 നാവിനെപ്പറ്റിയുള്ള വചനങ്ങൾ ഭാര്യ മാത്രമല്ല, ഭർത്താവും തനിക്കുവേണ്ടിയുള്ളതാണെന്ന വിധത്തിൽ സ്വീകരിക്കണം. എന്തെന്നാൽ കൊലോസ്യർ 3:19ൽ “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ; അവരോടു കയ്പ്പായിരിക്കുകയുമരുത്”. എന്ന് നാം വായിക്കുന്നു. ഈ വചനം ഭർത്താക്കന്മാർ കയ്പ്പായി സംസാരിക്കുന്നതിനെപ്പറ്റി മാത്രമല്ല പറയുന്നത്. ഹൃദയത്തിൽ കയ്പ്പുസൂക്ഷിക്കുന്നതിനെതിരെയും ഈ വചനം മുന്നറിയിപ്പുനൽകുന്നു. ഒരു വാക്കും തെറ്റായി സംസാരിക്കാതെ തന്നെ “കയ്പ്പുള്ള ആത്മാവ്” ഉള്ളവരായിട്ട് ഇരിക്കുവാൻ കഴിയും. ഇതുതന്നെയാണ് എബ്രായർ 12:15ൽ “കയ്പുള്ള വേര്” എന്ന് പറയുന്നത്. ഈ കയ്പ് നിങ്ങളുടെ അധരങ്ങളിൽ ഫലമായി ഇനിയും വന്നിട്ടില്ലെന്നേയുള്ളൂ. കാരണം ഈ കയ്പ്പ് നിങ്ങളുടെ ഹൃദയത്തിൽ വേരായിട്ട് മുളച്ചതേയുള്ളു. നിങ്ങളുടെ ഭാര്യ എപ്പോഴോ ചെയ്ത, അല്ലെങ്കിൽ പറഞ്ഞ, കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ കയ്പ്പ് ഉണ്ടാക്കിയിരിക്കാനിടയുണ്ട്. അല്ലെങ്കിൽ, “ഇവൾ എന്തുകൊണ്ടാണ് ഇപ്പോഴും തന്റെ മാതാപിതാക്കന്മാരോട് പറ്റിച്ചേർന്നിരിക്കുന്നത്?” എന്നൊരു ചെറിയ കയ്പ്പുള്ള ചിന്ത നിങ്ങളുടെ ഉള്ളിൽ തോന്നിയിരിക്കാം. നിങ്ങൾ ഇതേപ്പറ്റി ഒന്നും മിണ്ടിയിട്ടില്ല. ശരി തന്നെ. കാരണം, വീട്ടിൽ തർക്കവും ശണ്ഠയും ഉണ്ടാകരുതല്ലോ എന്ന ചിന്ത നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കാം. എന്നാൽ കയ്പ്പുള്ള വേര് നിങ്ങളുടെ ഹ്യദയത്തിൽ മുളച്ചുവല്ലോ! ഈ വേര് അങ്ങനെതന്നെ ഇരിക്കുമെന്ന് കരുതുന്നുവോ? നിങ്ങൾ ആഗ്രഹിച്ചില്ലെങ്കിൽ പോലും ഈ വേരിന് സാത്താൻ വെള്ളമൊഴിച്ച് അതിനെ വളർത്തും. കയ്പ്പുള്ള വേരിനെ നശിപ്പിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, പെട്ടെന്ന് ഒരു നാൾ കയ്പ്പുള്ള വാക്കുകളോ, അല്ല പ്രവൃത്തികളോ നിങ്ങളുടെ പക്ഷത്തുനിന്നു വെളിപ്പെടും ഫലം നിങ്ങളുടെ പൂന്തോട്ടത്തിൽ മുള്ളും പറക്കാരയും മുളച്ചിരിക്കുന്നതു കാണാം. അത്രതന്നെ !.

തോട്ടത്തെ സംരക്ഷിക്കാനല്ലേ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ഭാര്യാഭർത്താക്കന്മാരായ നാം മുൻപ് കണ്ട മാത്സര്യമുള്ള ആത്മാവിൽ നിന്നും കുറ്റം ചുമത്തുന്ന ആത്മാവിൽനിന്നും, കയ്പിന്റെ ആത്മാവിൽ നിന്നും നമ്മുടെ ഹൃദയത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇവയെല്ലാം ഹൃദയത്തിൽ മുളയ്ക്കുമ്പോൾ തന്നെ അത് പിഴുതെറിഞ്ഞുകളയുകയാണെങ്കിൽ നിങ്ങളുടെ വിവാഹജീവിതം പൂന്തോട്ടമായി തളിരിടും.

 4. എന്റെ കുടുംബം മരുഭൂമിയായി മാറിയല്ലോ എന്ന് ദുഃഖിക്കുന്നവർക്ക് ദൈവം നൽകുന്ന വാഗ്ദാനം.

നിങ്ങളുടെ വിവാഹജീവിതം വളരെ തകർന്ന നിലയിലെത്തിയതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുവോ? ഇവിടെ പറഞ്ഞിരിക്കുന്ന പുതിയ ജീവനുള്ള സത്യങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം നിങ്ങളുടെ തോട്ടത്തിൽ മുഴുവനും മുള്ളും പറക്കാരയും വളർന്നിരിക്കുന്നുവോ? ഇങ്ങനെയുള്ളവർക്കു വേണ്ടി ദൈവവചനത്തിൽ നിന്നും രണ്ട് വാഗ്ദാനങ്ങൾ ചൂണ്ടിക്കാണിക്കാം. ആദ്യമായി യെശയ്യാ 51:3ൽ “യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകല ശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു. അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു” എന്ന ഈ മനോഹരമായ വാഗ്ദാനത്തെ നിങ്ങൾ മുറുകിപ്പിടിച്ചുകൊൾവിൻ.

ഈ വചനം ദൈവമുമ്പാകെ വച്ച് “ദൈവമേ! മരുഭൂമിയെ ഏദെനെപ്പോലാക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ…ഈ വചനപ്രകാരം എന്റെ ജീവിതത്തിൽ മുള്ളും പറക്കാരയും മുളച്ചിരിക്കുന്ന മരുഭൂമിയെ ആശ്ചര്യകരമായ യഹോവയുടെ തോട്ടം പോലെയും, ഏദൻ തോട്ടത്തെപ്പോലെയും മാറ്റേണമേ!” എന്ന് നിങ്ങൾ ആത്മാർത്ഥമായും യാചിക്കുക. ഇതുവരെ നിങ്ങൾ ഈ വിധത്തിൽ ദൈവത്തോട് യാചിച്ചിട്ടില്ല. “ഇപ്പോൾ യാചിക്കുക. നിങ്ങൾക്ക് നിശ്ചയമായും ലഭിക്കും!”

മറ്റൊരു വാഗ്ദാനം യെഹെസ്കേൽ 36:34-36 വചനങ്ങളിലാണ്. “വഴിപോകുന്ന ഏവരുടെയും കാഴ്ച്ചയ്ക്ക ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും. ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയി തിർന്നുവല്ലോ. ഈ തോട്ടം കൂടുതൽ ഗുരുതരാവസ്ഥയിലായ വിവാഹജീവിതത്തിന്റെ പ്രതീകമാണ്! കാരണം വഴിപോകുന്ന  ഏതൊരാൾക്കും ഇവരുടെ കുടുംബജീവിതം സമാധാനമില്ലാത്ത പ്രശ്ന ജീവിതമാണെന്നു കാണാമായിരുന്നു. ആ അളവിൽ ഈ കുടുംബജീവിതം എല്ലാവരുടെയും കാഴ്ച്ചയിൽത്തന്നെ വളരെ മോശമായ ഒന്നായിരുന്നു. എന്നാൽ ഇപ്രകാരം മോശമായ കുടുംബത്തെപ്പോലും (തോട്ടത്തെ) ദൈവത്തിന് വീണ്ടെടുത്ത് നന്നാക്കുവാൻ കഴിയും!! ഇപ്പോൾ ഈയൊരു വാഗ്ദാനം കൂടി നിങ്ങൾക്ക് മുറുകെപ്പിടിക്കുവാൻ കഴിയുമോ? അങ്ങനെയാണങ്കിൽ നിങ്ങൾ ദൈവത്തെ നോക്കി,

“ദൈവമേ! നീ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രകാരം എന്റെ കുടുംബ ജീവിതത്തെക്കൂടിഏദൻതോട്ടത്തെ പോലെ ആക്കി തിർക്കണമേ” എന്ന് യാചിക്കുക… നിശ്ചയമായും ലഭിക്കും.

മരുഭൂമി മലർവാടിയാകുന്നതെങ്ങനെ?…

കുടുംബജീവിതം ഒരു പൂന്തോട്ടത്തിന് സദൃശം. ഈ തോട്ടത്തിൽ തെറ്റിദ്ധാരണയുടെ മുള്ളും പറക്കാ വളർന്നുവന്നാൽ ദൈവത്തോട് തന്റെ വാഗ്ദാനം മുറുകെപിടിച്ച് യാചിക്കുക. അപ്പോൾ കാര്യങ്ങൾ വ്യത്യസമാകും.

5. ദൈവത്തിനു തന്റെ പരിശുദ്ധാത്മാവിനെ നമ്മിൽ പകർന്ന് നമ്മുടെ കുടുംബജീവത്തെ വീണ്ടും പൂന്തോട്ടമാക്കുവാൻ കഴിയും.

ദൈവത്തിന്റെ തോട്ടം എങ്ങനെ മരുഭൂമിയായി മാറുമെന്നാണു നമ്മൾ ഇതു വരെ കണ്ടത്. എന്നാലിപ്പോൾ, ഒരു മരുഭൂമി എങ്ങനെ പൂന്തോപ്പായി മാറാൻ കഴിയുമെന്ന് നാം കാണേണ്ടിയിരിക്കുന്നു. ഈ മഹനീയമായ പ്രക്രിയ നിങ്ങളുടെ കുടുംബജീവിതത്തിൽ ചെയ്യുന്നതിന് നിങ്ങൾക്ക് പുതിയൊരു ഹൃദയത്തെ നൽകി, പുതിയൊരു ആത്മാവിനെ നിങ്ങളുടെ ഉള്ളിലാക്കി, കല്ലായുള്ള ഹൃദയത്തെ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി, മാംസളമായുള്ള ഹൃദയം നിങ്ങൾക്ക് തരും എന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (യെഹെസ്കേൽ 36:26). ‘വിവാഹിർക്കുള്ള ഉപദേശങ്ങൾ’, ‘ശുഭജീവിതത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ’ എന്നൊക്കെയുള്ള പുസ്തകങ്ങൾ വാങ്ങിവായിച്ചാൽ നിങ്ങളുടെ കുടുംബ ജീവിതം പൂന്തോപ്പായിമാറുമെന്ന് ദൈവം പറഞ്ഞിട്ടില്ല. അതേ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ അതു സാധ്യമാകൂ. ഉല്പത്തി 2:10ൽ “ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു” എന്ന് വായിക്കുന്നു. ഈ നദിയാണ് ഏദൻ തോട്ടത്തെ എപ്പോഴും പച്ചപ്പോടെ സൂക്ഷിച്ചത്. ഈ നദി പരിശുദ്ധാത്മാവിന്റെ നിദർശനം. നമ്മുടെ കുടുംബജീവിതത്തിലും ഈ നദി ഒഴുകേണ്ടിയിരിക്കുന്നു.

ആരെല്ലാം തങ്ങളുടെ മരുഭൂമിയായ കുടുംബജീവിതം തങ്ങളെക്കൊണ്ടു തന്നെ പൂന്തോപ്പായി മാറ്റുവാൻ കഴിയില്ലെന്നു നിസ്സഹായതയോടെ അംഗീകരിക്കുമോ അങ്ങനെയുള്ളവരാണു പരിശുദ്ധാത്മാവിന്റെ സഹായം തേടുന്നത്.

“യഹോവ വീടുപണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;” എന്ന് നാം സങ്കീർത്തനങ്ങളിൽ വായിക്കുന്നതുപോലെ, “യഹോവ തോട്ടത്തെ നന്നാക്കുന്നില്ലെങ്കിൽ, അതിനായുള്ള നമ്മുടെ അദ്ധ്വാനങ്ങളെല്ലാം വൃഥാ” എന്നു നാം പറയണ്ടിയിരിക്കുന്നു.

അതേ കർത്താവ് തോട്ടത്ത കാക്കാതിരുന്നാൽ, അതിനെ കാക്കുന്നവരുടെ പ്രയത്നമെല്ലാം വൃഥാ! ഇതു വായിക്കുമ്പോൾ “നിങ്ങളുടെ പ്രത്യാശ നഷ്ടപ്പെടുംവിധം ഞങ്ങൾ ആലോചന പറയുന്നതായി കരുതരുതേ. അങ്ങനെ പ്രത്യാശനഷ്ടപ്പെടുത്തുന്ന പ്രക്രിയ സാത്താന്റേതാണ്. അതിനു പകരം നിങ്ങൾ ഇവിടെ കാണുന്നതു നിങ്ങളുടെ വിശ്വാസത്തിന്മേൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളാണ്! വിശ്വാസമുള്ളവർക്കെല്ലാം ഈ വാഗ്ദാനങ്ങൾ തങ്ങൾക്കുള്ളതാണെന്ന് ഏറ്റു പറഞ്ഞ് അവയെ സ്വന്തമാക്കുന്നവാൻ കഴിയും!! അതിനാണു ദൈവം നിങ്ങളെ വിളിക്കുന്നത്. അവിടുത്തെ ഈ മനോഭാരത്തെ യെഹെസ്കേൽ 36:3ൽ യഹോവയായ കർത്താവ് ഇങ്ങനെ വെളിപ്പെടുത്തുന്നു. “യിസ്രായേൽ ഗൃഹം എന്നോട് അപേക്ഷിച്ചിട്ട് ഞാൻ ഒന്നുകൂടെ ചെയ്യും.” ഇപ്പോൾ നാം ദൈവത്തോട് എന്താണ് അപേക്ഷിക്കേണ്ടത്? നാം അവിടുത്തെ അടുക്കൽ ചെന്ന്, “ദൈവമേ, അങ്ങ് ഇത് ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഞങ്ങളുടെ പ്രത്യാശ ഞങ്ങൾ നഷ്ടപ്പെടുത്തുന്നില്ല” എന്നു പറയണം. ഇങ്ങനെ യിസ്രായേൽ ജനം പറയും വരെ ദൈവം കാത്തിരുന്നു. നമ്മെ സംബന്ധിച്ചും അവിടുന്നു കാത്തിരിക്കുന്നു.

നമ്മുടെ കുടുംബബന്ധം എപ്രകാരം ആയിരിക്കണമോ അപ്രകാരം അല്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. “ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ, നാം ഭാര്യയെ സ്നേഹിക്കണം” എന്ന ലക്ഷ്യത്തിലേക്ക് ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന ഒരു ഭർത്താവുപോലും എത്തിയിട്ടുണ്ടാവുകയില്ല. അതുപോലെ “സഭ ക്രിസ്തുവിന് കീഴ്പ്പെട്ടിരിക്കുന്നതുപോലെ, ഭാര്യ തന്റെ സ്വന്തം ഭർത്താവിന് സകലത്തിലും കീഴ്പ്പെട്ടിരിക്കണം” എന്ന സ്ഥാനത്തും ഒരു ഭാര്യയും ഇതിനകം ചെന്നു ചേർന്നിരിക്കാനിടയില്ല. ഇങ്ങനെ നാമെല്ലാവരും കുറവുള്ളവരാണ്. അതിനാൽ നാമെല്ലാവരും നമ്മുടെ ഈ കുറവ് ദൈവത്തോട് ഏറ്റുപറയേണ്ടതുണ്ട്. “ദൈവമേ നീ ആഗ്രഹിക്കുന്നതു പോലെ, വളരെ ആവശ്യഭാരത്തോടെ ഞങ്ങൾ നിന്റെ അടുക്കൽ വന്ന് ഇപ്പോൾ യാചിക്കുകയാണ്. ഞങ്ങളുടെ മരുഭൂമിയെപ്പോലുള്ള കുടുംബജീവിതത്തെ വീണ്ടും ഏദൻ തോട്ടത്തിലെ വസന്തമായി മാറ്റണമേ” എന്ന് യാചിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ദൈവം നിങ്ങളോട് എന്തു പറയുമെന്നറിയാമോ? “യാചനകളെ ഞാൻ കേട്ടു…. നോക്കൂ ഇപ്പോൾ തന്നെ കല്ലായുള്ള ഹൃദയത്തെ നിങ്ങളുടെ ജഡത്തിൽനിന്നുനീക്കി മാംസമായുള്ള ഹൃദയത്തെ ഞാൻ തരുന്നു”. ഇതാണ് അവിടുന്നു തരുന്ന വാഗ്ദാനം.

ഒരിക്കൽ പരീശന്മാർ യേശുവിന്റെ അടുക്കൽ വന്ന് “മോശ വിവാഹമോചനം അനുവദിച്ചുവല്ലോ?” എന്ന് പറഞ്ഞു. അതിന് യേശു “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്ര മോശ അങ്ങനെ ചെയ്തത്” എന്ന് മറുപടി നൽകി. പഴയ നിയമത്തിന്റെ നിലവാരം ഇതായിരുന്നു. പഴയനിയമത്തിന്റെ തുടക്കത്തിൽ ദൈവം തന്റെ കല്പനകളെ രണ്ട് കല്പലകകളിൽ എഴുതി, അങ്ങനെ ചെയ്തതുകൊണ്ട് അവിടുന്നു ഭംഗ്യന്തരേണ ഇങ്ങനെ പറയുകയായിരുന്നു. “എന്റെ കല്പനകൾ ഹൃദയത്തിൽ എഴുതുന്നതിനേക്കാളും കല്പലകകളിൽ എഴുതുന്നത് എനിക്ക് എളുപ്പമാണ്, ആ അളവിൽ നിങ്ങളുടെ ഹൃദയം കല്ലിനെക്കാളും കഠിനമായിരിക്കുന്നു” അതു ശരിയാണെങ്കിലും പുതിയ നിയമത്തിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്ന വാഗ്ദാനം“ഞാൻ എന്റെ പ്രമാണങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എഴുതും” എന്നുതന്നെയാണ്.

കണ്ടില്ലേ, തന്റെ പ്രമാണങ്ങളെ നമ്മുടെ ഹൃദയത്തിൽ എഴുതുന്ന ക്രിയ പൂർണമായും അവിടുന്നു തന്നെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അത് ദൈവം എങ്ങനെ പൂർത്തികരിക്കും? അതേ, നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവിനെയും മാംസളമായ ഹൃദയത്തെയും തന്ന് തന്റെ പ്രമാണങ്ങൾ നമ്മുടെ ഹൃദയത്തിൽ എഴുതും. ഈ മാംസളമായ പുതിയ ഹൃദയം ലഭിച്ചവർ മാത്രമേ തങ്ങളെ വേഗത്തിൽ വിധിക്കുകയുള്ളൂ. അവർ തങ്ങളെതന്നെ സ്വയം വിധിക്കുന്ന സമയങ്ങളിലാണ് ദൈവം തന്റെ പ്രമാണങ്ങളെ പരിശുദ്ധാത്മാവിനാൽ എഴുതി പൂർത്തിയാക്കുന്നത്. ഇപ്രകാരമാണ് ഒരു മരുഭൂമിയെ തോട്ടമായി മാറ്റുവാൻ കഴിയുന്നത്.

6. ക്രൂശ് + കല്ലറ = പൂന്തോട്ടം!

 ഇതാണ് ദൈവം പൂന്തോപ്പാകേണ്ട കുടുംബത്തിന് ഒരുക്കിയിരിക്കുന്ന വഴി!!! മരുഭൂമിയായ കുടുംബജീവിതം മനോഹരമായ പൂന്തോട്ടമായി മാറണമോ? അതിനുദൈവം വച്ചിരിക്കുന്ന പ്രധാനപ്പെട്ട വ്യവസ്ഥ ക്രൂശിക്കപ്പെട്ട ഒരു ജീവിതമാണ്. യേശു ക്രൂശിൽ തറയ്ക്കപ്പെട്ടപ്പോൾ, “അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ പുതിയൊരു കല്ലറയും ഉണ്ടായിരുന്നു” (യോഹന്നാൻ 19:41) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് എത്ര മനോഹരമായൊരു വചനമാണ്. അത് നാം മനഃപൂർവ്വമായി ക്രൂശിക്കപ്പെടുന്നതിന് ഏല്പിച്ചുകൊടുത്താൽ ആ സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരിക്കും!! യേശു നമുക്കായി ക്രൂശിക്കപ്പെട്ടതോടുകൂടി ഏദെൻ തോട്ടത്തിന്റെ വീണ്ടെടുപ്പും അവിടുന്നു സാധ്യമാക്കിത്തീർത്തു. മാത്രമല്ല “തോട്ടത്തിൽ ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു” എന്ന് എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക. നിങ്ങളുടെ കുടുംബജീവിതം പൂന്തോപ്പായി മാറുന്നതിനു ക്രൂശുമാത്രമല്ല ഈ കല്ലറയും ആവശ്യമാണ്. ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെ (രംഗങ്ങളെ) ഈ കല്ലറയിൽ സംസ്ക്കരിച്ചു കല്ലുരുട്ടിവച്ച് കല്ലറമൂടി എന്നെന്നേയ്ക്കുമായി അവയെ കുഴിച്ചിടണമെന്നതാണ് കല്ലറ നമ്മെ പഠിപ്പിക്കുന്ന പാഠം. നിങ്ങളുടെ വിവാഹബന്ധത്തിൽ ഇങ്ങനെയൊരു കല്ലറ നിങ്ങളുടെ ഇടയിൽ ഉണ്ടോ? കല്ലറയും, ക്രൂശീകരണവും എവിടെ ഉണ്ടോ അവിടെ തോട്ടവും ഉണ്ട്!

ക്രൂശീകരണം, കല്ലറ എന്നീ വ്യവസ്ഥകൾ പ്രായോഗിക തലത്തിൽ എങ്ങനെ പ്രസക്തമാകുന്നുവെന്നു നോക്കാം. ഭാര്യാഭർതൃബന്ധത്തിൽ ക്രൂശിക്കപ്പെടുന്ന ജീവിതത്തെ നാം നന്നായി അറിയുന്നവരായിരിക്കണം. ആഗ്രഹിക്കുന്നതിനു വിപരീതമായി വീട്ടിൽ കാര്യങ്ങൾ നടക്കുമ്പോൾ, തക്ക സമയത്ത് പ്രാതൽ തയ്യാറാകാതെ വരുമ്പോൾ, അതുമൂലം താമസിച്ച് ജോലിക്കു പോകേണ്ടിവരുമ്പോൾ, തുണികൾ അലക്കിക്കിട്ടാതെ വരുമ്പോൾ, അഥവാ അലക്കിയിട്ടും ആഗ്രഹിച്ച് പ്രകാരം നന്നായി അലക്കിയിട്ടില്ലെന്നു കാണുമ്പോൾ, അങ്ങനെ ഏതെങ്കിലും അബദ്ധങ്ങൾ ചുറ്റിലും നടക്കുമ്പോൾ, “ദൈവമേ ഈ സമയം ഞാൻ എന്റെ സ്വയത്തിന് മരിക്കട്ടെ” എന്ന് പറയുവിൻ.

“ഭാര്യ ഉണ്ടായിട്ടും നന്നായി തേയ്ക്കാത്ത ഷർട്ട് ഇട്ടുകൊണ്ട് വന്നിരിക്കുന്നോ?” എന്ന് ജോലിസ്ഥലത്തു സഹപ്രവർത്തകർ കളിയാക്കുമ്പോൾ മനുഷ്യരുടെ മാനത്തിന് മരിക്കുവിൻ. എന്റെ സഹപ്രവർത്തകർ നന്നായി ഇസ്ത്രിയിട്ട ഷർട്ട് ധരിച്ചവനായി എന്നെ കാണുന്നതിനെക്കാളും ഞാൻ എന്റെ ഭാര്യയുമൊന്നിച്ച് പങ്കിടുന്ന നല്ല ബന്ധമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. അതിനാൽ ഞാൻ ഈ സാഹചര്യത്തിൽ മനുഷ്യരുടെ അഭിപ്രായങ്ങൾക്ക് മരിക്കുവാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ ക്രൂശിക്കപ്പെടുന്നതിന് ഏൽപ്പിച്ചു കൊടുത്താൽ ആ സ്ഥലത്ത് നിശ്ചയമായും ഒരു തോട്ടം ഉണ്ടാകും. അതുപോലെ ഭാര്യമാർക്ക് ഭർത്താക്കന്മാരുടെ പ്രവൃത്തിയെ മനസ്സിലാക്കാൻ കഴിയാത്ത സമയത്ത് “ദൈവമേ, എന്തായിരുന്നാലും അദ്ദേഹം എനിക്ക് ശിരസ്സായിട്ട് ഇരിക്കുന്നു. ഇപ്പോൾ എന്റെ ഭാഗത്തുനിന്നു ചെയ്യേണ്ടത് ഞാൻ ചെയ്യട്ടെ; ഞാൻ മരിക്കട്ടെ” എന്ന് പറയുവിൻ. അങ്ങനെയാണെങ്കിൽ അവിടെ നിശ്ചയമായും ഒരു തോട്ടം ഉണ്ടാകും. നിങ്ങൾ മുൻപ് എത്രയോ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും കുടുംബജീവിതത്തിൽ ഒരു പൂന്തോട്ടം ഉണ്ടായിക്കണ്ടില്ലെന്നിരിക്കാം. എന്നാൽ ഇപ്പോൾ യേശു കാട്ടിത്തരുന്ന മാതൃക പരീക്ഷിച്ചു നോക്കുക. അതേ, അവനെ ക്രൂശിച്ചസ്ഥലത്തുതന്നെ ഒരു തോട്ടവും, ഒരു കല്ലറയും ഉണ്ടായിരുന്നു. കല്ലറയുടെ കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെയാണ് കഴിഞ്ഞകാലത്തെ കയ്പ്പുള്ള അനുഭവങ്ങളൊക്കെയും മറവുചെയ്യേണ്ടത്. ഭവനത്തിൽ വരുന്നവരെ അതൊക്കെ തുറന്നു കാട്ടാതെ അവയൊന്നാകെ എന്നെന്നേയ്ക്കുമായ് നിങ്ങൾ മറവു ചെയ്യേണ്ടതുണ്ട്. നിങ്ങളിലൊരാൾ മറ്റൊരാളുടെ തെറ്റുകൾ കാണുമ്പോൾ ഈ കല്ലറയിലേക്ക് ഓടുവിൻ! ആ ബലഹീനതകളെ കല്ലറയ്ക്കുള്ളിൽ കുടഞ്ഞിട്ട് മറവു ചെയ്യുവിൻ വേഗത്തിൽ തന്നെ ആ കല്ലറയുടെ വാതിലിൽ കല്ലുരുട്ടിവച്ച് അതു മൂടുകയും ചെയ്യുവിൻ!! ഇപ്രകാരം ചെയ്യാൻ ഭാര്യാഭർത്താക്കന്മാർ ഇന്നുതന്നെ തീരുമാനിക്കണം. അതേ, “എന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യയ്ക്ക് സംഭവിക്കുന്ന ഏത് അബദ്ധവും ഞാൻ അപ്പോൾത്തന്നെ കല്ലറയിൽ വച്ച് എന്നെന്നേയ്ക്കുമായി മറവു ചെയ്യും” എന്ന തീരുമാനം!! അങ്ങനെ കല്ലറയിൽ കുഴിച്ചിട്ട് അവയെ എന്നെന്നേയ്ക്കുമായി മൂടി വയ്ക്കുമെങ്കിൽ, നിങ്ങളുടെ കുടുംബജീവിതമാകുന്ന തോട്ടം സമൃദ്ധമായി വളരുമെന്നു ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു.

കല്ലറയുടെ ദുർഗന്ധത്തിന് പകരം നിങ്ങളുടെ തോട്ടം പുഷ്പിച്ച് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതു നിങ്ങൾ കാണും. ആത്മാവിന്റെ ദിവ്യസ്വഭാവങ്ങൾക്ക് ഫലം എന്നാണു ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ഫലം തോട്ടത്തിലാണ് ഉണ്ടാകുന്നത്! ആത്മാവിന്റെ ഫലമായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” ആദിയായ ആത്മാവിന്റെ ഫലങ്ങൾ നമ്മുടെ തോട്ടത്തിൽ പൂവിട്ട് കായ്ക്കട്ടെ.

7. എന്റെ കുടുംബജീവിതം എന്റെ ദൈവത്തെ സന്തോഷിപ്പിക്കുന്ന പൂന്തോട്ടമായിരിക്കണം എന്നത് നാമോരോരുത്തരുടേയും ലക്ഷ്യമായിരിക്കണം.

ഇതുപോലെയുള്ള പൂന്തോട്ടം ലഭിച്ചയുടൻ, നിങ്ങൾ എന്താണു ചെയ്യാൻ പോകുന്നത്? നിങ്ങളുടെ തോട്ടത്തെ സഭയിലുള്ള മറ്റെല്ലാവർക്കും കാണിച്ചുകൊടുത്തുകൊണ്ട് “ഞങ്ങളുടെ പൂന്തോട്ടം കണ്ടില്ലേ? ഭാര്യയോടൊപ്പമുള്ള എന്റെ ഇണക്കവും ഐക്യവും കണ്ടില്ലേ! അല്ലെങ്കിൽ എന്റെ ഭർത്താവ് എന്നോട് കാട്ടുന്ന സ്നേഹം സഭയിൽ മറ്റേതു ഭർത്താക്കന്മാരുടേതിനെക്കാളും മേൽത്തരമാണെന്നു കണ്ടില്ലേ?” എന്നു പറയുവാനാണോ? നിങ്ങളുടെ തോട്ടത്തെ മറ്റുള്ളവരുടെ ജീവിതത്തോട് താരതമ്യപ്പെടുത്തി സംസാരിക്കുകയാണെങ്കിൽ നിങ്ങൾക്ക് അയ്യോ കഷ്ടം! പൂന്തോട്ടം ലഭിച്ചതിന്റെ ലക്ഷ്യത്തിൽനിന്ന് നിങ്ങൾ തെറ്റിപ്പോയിരിക്കുന്നു. തോട്ടം ലഭിച്ചിരിക്കുന്ന നിങ്ങളുടെ ഉദ്ദേശ്യവും, പ്രവത്തിയും എങ്ങനെയുള്ളതായിരിക്കണമെന്ന് ഉത്തമഗീതം 4:12 മുതൽ 5:1 വരെയുള്ള വചനങ്ങളിൽ കാണാം. ഇവിടെ പൂന്തോട്ടം ലഭ്യമായ ഭർത്താവ് തന്റെ ഭാര്യയെ “നീ കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം” എന്നു വിശേഷിപ്പിക്കുന്നു. തുടർന്ന് പറയുന്നത്, “വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക!, എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ എന്നാണ്”. കണ്ടില്ലേ, മനോഹരമായ ഒരു പൂന്തോട്ടം ലഭ്യമായതിന്റെ ഉദ്ദേശ്യം? അത് സഭയിലുള്ള മറ്റുള്ളവർക്ക് കാട്ടിക്കൊടുത്ത് ഊറ്റം കൊള്ളുന്നതിനല്ല, മറിച്ച് “ഈ തോട്ടം ദൈവത്തിനും, അവന്റെ നാമമഹിമയ്ക്കും മാത്രമുള്ളതാണ്’ എന്നു താഴ്മയോടെ ദൈവത്തിന് സമർപ്പിക്കുന്നതിനുവേണ്ടിയാണ്.

നമ്മൾ ദൈവസന്നിധിയിൽ ചെന്ന് നന്ദിയോടെ “ദൈവമേ, ഞങ്ങളുടെ വിവാഹജീവിതം മരുഭൂമിയായിരിക്കുന്നതു കണ്ട് അങ്ങ് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിൽ അരങ്ങയ്ക്ക് മനോവേദന ഉണ്ടായി. ഇപ്പോഴോ അവിടുത്തെ കല്പനകൾ ഞാൻ ഗൗരവമായിട്ടെടുത്തതിനാൽ ഞങ്ങളുടെ ഭാര്യാഭർത്ത ബന്ധം നല്ലൊരു തോട്ടമായി പൂവിട്ട് കായ്ച്ചിരിക്കുന്നു. ഈ തോട്ടത്തിന്റെ മഹിമയെ സഭയിലുള്ള മറ്റുള്ളവർക്കു കാട്ടി അവരുടെ പുകഴ്ച ലഭിക്കുവാൻ ഞങ്ങൾ ഒരു കാലത്തും ശ്രമിക്കുകയില്ല. എന്നാൽ ദൈവമേ, അവിടുന്നു. ഞങ്ങളുടെ തോട്ടത്തിൽ വരേണമേ! ഞങ്ങളുടെ കുടുംബബന്ധത്തിന്റെ സത്ഫലങ്ങളെ ഭക്ഷിച്ച് അങ്ങ് തൃപ്തനാകേണമേ! അങ്ങേയ്ക്ക് സകല മഹിമയും ഉണ്ടാകട്ടെ!!” എന്ന് പറയുന്നവരായിരിക്കണം. അങ്ങനെ നാം പറയുമെങ്കിൽ അതു കേൾക്കുന്ന ദൈവം ആനന്ദാതിരേകത്താൽ പ്രത്യുത്തരമായി “എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു. ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി ഞാൻ എന്റെ തേൻകട്ട തേനോടുകൂടെ തിന്നു. വീഞ്ഞു പാലോടു കൂടെ കുടിച്ചും ഇരിക്കുന്നു. സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ കുടിക്കുവിൻ…..” എന്ന് ഉല്ലാസഘോഷത്തോടെ പറയും. ഇതെത്ര ആശ്ചര്യകരമാണ്!! ഒരു ഫല ഭൂയിഷ്ഠമായ കുടുംബജീവിതം ആഗ്രഹിക്കുന്ന എല്ലാവരുടേയും ലക്ഷ്യം നമ്മുടെ ദൈവത്തിന്റെ ഹൃദയത്തിന് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുക എന്നതായിരിക്കണം. “അവൻ എന്റെ ഹൃദയത്തിന് സന്തോഷം പ്രദാനം ചെയ്യും” എന്ന ദൈവത്തിന്റെ പ്രതീക്ഷ നാം നമ്മുടെ കുടുംബജീവിതത്തെ സംബന്ധിച്ചിടത്തോളം കെടുത്തിക്കളഞ്ഞിരിക്കുന്നത് ഭാര്യാഭർത്താക്കന്മാർ കാണണം. മേലിൽ നമ്മുടെ വിവാഹജീവിതത്തിൽ വസന്തം നിറഞ്ഞ തോട്ടം ഉണ്ടാകണമെന്നും അതിലേക്ക് നമ്മുടെ ദൈവമായ കർത്താവിനെ ക്ഷണിച്ച് അവിടുന്നു തോട്ടത്തിലെ ഫലങ്ങൾ ഭുജിച്ച് തൃപ്തനാകണം എന്നും ഉള്ള തീരാവാഞ്ഛ നാമോരോരുത്തരുടെയും ഹൃദയത്തെ ഭരിക്കട്ടെ.

രണ്ടു ധ്രുവങ്ങൾ ഒരേശരീരമാകുന്ന അത്ഭുതം

ആദ്യവിവാഹം ആദിയിൽ ദൈവം തന്നെ നടത്തി.

ചന്ദ്രനേയും, സൂര്യനേയും നക്ഷത്രങ്ങളേയും മൃഗങ്ങളേയും എല്ലാം സൃഷ്ടിച്ചശേഷം അവസാനമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ഉൽപത്തി 1:26, 27 വചനങ്ങളിൽ കാണുന്നു. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉൽപത്തി1:27).

ദൈവം മനുഷ്യകുലത്തിന്റെ ആരംഭം കുറിച്ചതായ ആ ആദ്യവിവാഹം ഏർപ്പെടുത്തിയപ്പോൾ താൻ സൃഷ്ടിച്ച ആദ്യ ദമ്പതികൾ തന്റെ സ്വന്തസ്വരൂപത്തിലും സാദൃശ്യത്തിലും ആയിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചില്ലേ? അങ്ങനെയാണെങ്കിൽ അവിടെ ദൈവസ്വരൂപം എന്തായിരുന്നു?

“ദൈവം ഒരുവൻ” എന്ന് വചനം നമ്മോടു പറയുന്നു. ദൈവം ഒരുവനായിരുന്നാലും നിത്യത മുതൽ അവിടുന്ന് മൂന്നുപേരായി ഇരിക്കുന്നു എന്നും ദൈവവചനം പ്രസ്താവിക്കുന്നു. ഏകനായ സത്യദൈവം തന്നെ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്നു പേരായി സ്ഥിതിചെയ്യുന്നു. ഈ അറിവ് നമ്മുടെ മനുഷ്യബുദ്ധിക്ക് അതീതമാണ്!

ദൈവികതിത്വത്തിൽ മൂന്നുപേർ ഉണ്ടന്നുള്ള സത്യം ദൈവികതിത്വത്തിലെ മൂന്ന് ആളത്തങ്ങൾ തമ്മിലുള്ള നിത്യമായ പരസ്പരസ്നേഹത്തെയാണു വ്യക്തമാക്കുന്നത്.

ദൈവം എപ്രകാരം നിത്യകാലമായി സ്ഥിതി ചെയ്യുന്നുവോ അപ്രകാരം തന്നെ സ്നേഹവും നിത്യകാലമായിട്ടുണ്ട്. അതുകൊണ്ടാണ് ദൈവത്തിന് ഒരാൾ മാത്രമായിരിക്കുന്നതിന് കഴിയാത്തത്.

പ്രപഞ്ചത്തിൽ എന്തെങ്കിലും സൃഷ്ടിക്കുന്നതിനും മുൻപേ നിത്യതയിൽ സ്നേഹം ഉണ്ടായിരുന്നു. ആ സ്നേഹം ദൈവസ്വരൂപത്തിലെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്ന് ആളത്തങ്ങളിലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് “നാം നമ്മുടെ സ്വരപത്തിൽ മനുഷ്യനെ ഉണ്ടാക്കുക” എന്നു ദൈവം പറഞ്ഞപ്പോൾ “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്ന് വചനം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത്”.

1. ദൈവസ്വരൂപത്തിലെ പിതൃപുത്ര സ്നേഹത്തിൽ ഭാര്യാഭർത്താക്കന്മാർ എത്തിച്ചേരുക എന്നതാണ് വിവാഹ ജീവിതത്തിന്റെ ലക്ഷ്യം.

ആണും പെണ്ണുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യകുലത്തിൽ, നിത്യത മുതൽ ഉണ്ടായിരുന്ന പിതൃ പുത്രസ്നേഹ ബന്ധം കാണപ്പെടണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. ഇതാണ് ദൈവം തന്റെ സ്വരൂപം (Image) എന്ന് പറഞ്ഞിരിക്കുന്നത്. (ഉത്പത്തി 1:27ൽ). അവിടുത്തെ സ്വരൂപം എന്നാൽ ശരീരപ്രകാരമുള്ള രൂപമല്ല! എന്തെന്നാൽ ദൈവം ആത്മാവാകുന്നു.

മനുഷ്യൻ തനിയെ ആയിരുന്നാൽ ദൈവത്തിന്റെ സ്വരൂപം അവിടെ വെളിപ്പെടുകയില്ല. കാരണം സ്നേഹം കാണിക്കാൻ മറ്റൊരു വ്യക്തി ആവശ്യമാണ്. അതിനാലാണ് ദൈവം മനുഷ്യനെ “ആണും പെണ്ണുമായി സൃഷ്ടിച്ചത്”. ഈ ആണും പെണ്ണു  തമ്മിലുള്ള ബന്ധവും, പിതൃപുത്രസ്നേഹത്തിനു സമമായി ഇരിക്കണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. ഈ ബന്ധം മൃഗങ്ങൾക്ക് സാധ്യമല്ല. അതേ, ദൈവസ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യനു മാത്രമേ ഈ സ്നേഹബന്ധം സാധിക്കുകയുള്ളൂ.

അന്യോന്യമുള്ള ഈ ബന്ധം 1 കൊരിന്ത്യർ 11:3ൽ വളരെ വ്യക്തമായി പറയുന്നു. ഈ വചനപ്രകാരം “ഓരോ പുരുഷന്റെയും തല ക്രിസ്തു ആണ്. സ്ത്രീക്ക് പുരുഷൻ തലയായിരിക്കുന്നു… ക്രിസ്തുവിന്റെ തല ദൈവം”. അതായത് പുത്രനായ ക്രിസ്തുവിന് പിതാവായ ദൈവം തല ആയിരിക്കുന്നതുപോലെ ഭാര്യയ്ക്ക് ഭർത്താവ് തല ആയിരിക്കുന്നു. ദൈവസ്വരൂപത്തിലെ പിതൃ-പുത്ര ബന്ധത്തിൽ ഭാര്യാഭർത്താക്കന്മാർ എത്തിച്ചേരണമെന്നു സാരം.

തലയ്ക്കും ശരീരത്തിനും മധ്യേ ഒരു കാലത്തും ഒരു മത്സരം ഉണ്ടാകുന്നില്ല. ശിരസ്സും ശരീരവും തമ്മിൽ പിരിഞ്ഞിരിക്കുന്ന അനുഭവവും ഇല്ല. എവിടെയെങ്കിലും ഒരു ശരീരം തന്റെ തലയെ ഉപേക്ഷിച്ചിട്ട് നടന്നകലുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ശിരസ്സും ശരീരവും പോലെയാണ് പിതാവും പുത്രനും ഒന്നായിരിക്കുന്നത്. യേശു ഈ ലോകത്തിലേക്ക് വന്നപ്പോൾ പിതാവും പുത്രനും തമ്മിലുള്ള ഐക്യത്തിന്റെ പ്രതിരൂപമായ തലയും ശരീരവും തമ്മിലുള്ള ബന്ധം നമുക്ക് വെളിപ്പെടുത്തിത്തന്നു. പുരുഷനും സ്ത്രീയും തമ്മിലും ക്രിസ്തുവും സഭയും തമ്മിലും ഉള്ള ബന്ധത്തെക്കുറിക്കാൻ ഇതേ പ്രതീകം തന്നെ ഉപയോഗിക്കുന്നതും വചനത്തിൽ നാം കാണുന്നു. പിതാവായ ദൈവവും, പുത്രനായ ക്രിസ്തുവും തമ്മിൽ ആശ്ചര്യകരമായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാരുടെ മധ്യേയും ഈ നിലയിലുള്ള ബന്ധമാണ് ഉണ്ടായിരിക്കേണ്ടത്. നാം ചെന്നുചേരേണ്ട ഈ ലക്ഷ്യം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം മഹത്വകരമായ ഒരു അവസ്ഥയാണ്.

എന്നാൽ വിവാഹിതരാകുന്ന വേളയിൽ ഭാര്യയും ഭർത്താവും തമ്മിൽ നാമിതുവരെ കണ്ട് പിതൃ പുത്രബന്ധത്തിനു സമാനമായുള്ള ഒരു ഐക്യം ഉണ്ടായിരിക്കുകയില്ല, പല വർഷങ്ങളായി തനിയേ ജിവിച്ചതാണ് ഇതിന് കാരണം. എന്നാൽ വിവാഹം മൂലം ഒന്നാകുമ്പോൾ ഇവരുടെ മുമ്പിൽ ദൈവം തന്റെ മനസ്സിലുള്ള മഹത്വകരമായ ലക്ഷ്യം വയ്ക്കുന്നു.

‘കീഴടങ്ങിയിരിക്കുക’ എന്നത് മോശമായ കാര്യമാണെന്ന് പലരും കരുതുന്നത് ശരിയല്ല. ശരീരം തലയ്ക്ക് സന്തോഷത്തോടെ മനഃപൂർവ്വമായാണു കീഴടങ്ങിയിരിക്കുന്നത്. അതു പോലെ തല, ‘ഞാൻ എപ്പോഴും തലയായി എല്ലാം ഭരിച്ചുകൊണ്ടിരിക്കണം’ എന്നും ചിന്തിക്കുന്നില്ല. തലയും ശരീരവും പോലെ ഭാര്യാഭർത്താക്കന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് വാസ്തവത്തിൽ എത്ര ആശ്ചര്യകരമാണ്. എന്നാൽ ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ നമ്മിൽ അനേകം പേർക്കും അല്പംപോലും ആഗ്രഹമില്ല. പക്ഷേ ഈ ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്ന അനേകരെ ദൈവം നമ്മുടെ ദേശത്ത് എഴുന്നേൽപ്പിച്ചുകൊണ്ടിരിക്കയാണെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

ആകയാൽ ‘കീഴ്പ്പെട്ടിരിക്കുന്നതിൽ’ യാതൊരു തരത്തിലും അപകർഷതാ ബോധം തോന്നേണ്ട കാര്യമില്ല. സ്ത്രീ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടിയിൽ താഴ്ചയുള്ളവൾ അല്ല. പിതാവും പുത്രനും നിത്യകാലം ഒന്നായിരുന്നിട്ടും പുത്രൻ മനഃപൂർവ്വമായി പിതാവിന് കീഴ്പ്പെട്ടിരുന്നു. അതുകൊണ്ട് ഭാര്യാ ഭർത്താക്കന്മാർ സമരാണെങ്കിലും ഭാര്യ മനഃപൂർവ്വമായി ഭർത്താവിന് കീഴ്പ്പെട്ടിരിക്കേണ്ടതുണ്ട്. അതായത്, ദൈവം ഒരു സ്ത്രീക്ക് നിയമിച്ചിരിക്കുന്ന ഇടം അവൾ സന്തോഷത്തോടെ സ്വീകരിച്ച് കീഴടങ്ങിയിരിക്കണം. ഇതാണ് തല-ശരീരം എന്ന ഉപമകൊണ്ട് ദൈവം നമ്മെ പഠിപ്പിക്കുന്ന പാഠം.

2. ഭാര്യാഭർത്താക്കന്മാർ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതാണ് വിവാഹ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യം.

ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോൾ അവിടുന്ന് ആദ്യം ആദമിനെ മണ്ണിൽ നിന്നു സൃഷ്ടിച്ചു. അതിനുശേഷം ദൈവം ആദമിന് ഒരു ഗാഢനിദ്രവരുത്തി. അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്ത് ഹവ്വയെ സൃഷ്ടിച്ചു. ഇങ്ങനെ സൃഷ്ടിച്ച സ്ത്രീയെ ദൈവം ആദമിന്റെ അടുക്കൽ കൊണ്ടു വന്നു കൊടുത്തു. (ഉല്പത്തി 2:21-23).

ഇവിടെ ആദാം ഹവ്വയെ സന്ധിക്കുന്നതിനു മുൻപുതന്നെ അവൻ ദൈവത്തെ കണ്ടുമുട്ടി തന്നോടു വളരെ അടുത്ത ഒരു ബന്ധം സ്ഥാപിച്ചിരുന്നു. അതിനാൽ ആദാം അറിഞ്ഞിരുന്ന ആദ്യത്തെ വ്യക്തി തന്റെ ഭാര്യ ആയിരുന്നില്ല. ദൈവത്തെയാണ് അവൻ ആദ്യമായി അറിഞ്ഞത്. അതുപോലെ ഒരു വിവാഹത്തിൽ പുരുഷൻ ആദ്യമായി ദൈവത്തെ അറിയണം. അതിനുശേഷമാണ് അവൻ തന്റെ ഭാര്യയെ അറിയേണ്ടത്. അതേ, ഭാര്യയ്ക്കും ഭർത്താവിനും നടുവിൽ എപ്പോഴും ദൈവത്തിന് വേണം മുൻഗണന. അങ്ങനെയുള്ള ഒരു വിവാഹജീവിതത്തിനു മാത്രമേ ദൈവത്തിനു മഹത്വം നൽകാൻ കഴിയുകയുള്ളൂ.

ആദാം ഉറങ്ങിയതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. തന്റെ ഭർത്താവ് ഗാഢനിദ്രയിൽ ആയിരുന്നപ്പോൾ ഹവ്വ ആദ്യം തന്റെ സ്രഷ്ടാവായ ദൈവത്തെയാണ് ദർശിച്ചത്. ദൈവത്തെ അറിഞ്ഞതിനു ശേഷം മാത്രമാണ് ഭർത്താവിനെ അറിയുന്നത്. അതുകൊണ്ട് ഒരു വിവാഹബന്ധത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ഐക്യം ഉണ്ടാകണമെങ്കിൽ

അവർക്ക് ഒന്നാമതായി യേശുക്രിസ്തവിനോടുള്ള സ്നേഹമാണ് വേണ്ടത്. ഇതുതന്നെയാണ് സുദൃഢമായ ഐക്യത്തിന്റെ രഹസ്യവും. ഇപ്രകാരമുള്ള ഒരു ഐക്യം ഭാര്യാഭർത്താക്കന്മാർക്കിടയിൽ കാണപ്പെടുന്നില്ലെങ്കിൽ അതിന് കാരണം അവരിലൊരാൾ യേശുക്രിസ്തുവിന് തങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തിട്ടില്ല എന്നതാ ഒരു ഭർത്താവ് യേശുക്രിസ്തുവിനു തന്നെ എല്ലാ കാര്യത്തിലും പ്രഥമ സ്ഥാനം കൊടുത്ത് ഒരുവിധത്തിലും തന്റെ സ്വയത്തിന്റെ ആഗ്രഹം അന്വേഷിക്കാതെ ജീവിച്ചാൽ അതുപോലെ തന്നെ ഭാര്യയും യേശുക്രിസ്തുവിന് പ്രഥമസ്ഥാനം കൊടുത്താൽ അവരുടെ വിവാഹജീവിതം മഹത്വപൂർണ്ണമാകും. ഇതു പോലുള്ള വിവാഹ ജീവിതം കോപവും, വാഗ്വാദവും സംശയവും ഇല്ലാത്ത ഉന്നതനിലവാരമുള്ള വിവാഹ ജീവിതം ആയിരിക്കും!

ആളുകൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കാത്തതിനാലാണ് അവരെ പ്രശ്നങ്ങൾ കുരുക്കിലാക്കുന്നത്. നിങ്ങളുടെ വിവാഹജീവിതത്തിൽ ഏതെങ്കിലും ഒരു ഭാഗത്തു തോൽവിയുണ്ടെങ്കിൽ നിങ്ങൾ ദൈവത്തോട് ഒരു നല്ല ബന്ധം സ്ഥാപിക്കുന്നതിൽ തോൽവിയടഞ്ഞിരിക്കുന്നു എന്നാണർത്ഥം. എങ്കിൽ ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ അനുതപിച്ച് യേശുക്രിസ്തുവിന്റെ പക്ഷത്തേക്ക് വീണ്ടും തിരിച്ചുവരിക. യേശുവിനു നിങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കുവാൻ തീരുമാനിക്കുക. അതുമതി.!!

തിരുവചന പ്രകാരം അപ്പനെയും അമ്മയെയും വിട്ടു പിരിയുന്നവർക്കാണ് പരസ്പരം ഒന്നാകുന്ന ഐക്യം അവകാശപ്പെടുവാൻ കഴിയുന്നത്. ഉൽപത്തി 2:14ൽ “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായിത്തീരും” എന്ന് വായിക്കുന്നു. ഒരു മനുഷ്യൻ (പുരുഷൻ) തന്റെ അപ്പനെയും അമ്മയെയും വിട്ടു പിരിയുന്നത് അത്ര എളുപ്പമല്ല. ചെറു പ്രായം തുടങ്ങി 25 അല്ലെങ്കിൽ 30 വർഷം അപ്പനും അമ്മയും അവനെ വളർത്തി. എന്നാലിപ്പോൾ പെട്ടെന്ന് ഒരു ദിവസം അവരെ വിട്ടുപിരിയണം എന്ന് ദൈവം പറയുന്നു!

അതുപോലെ സ്ത്രീയും തന്റെ സ്വജനത്തെയും പിതൃഭവനത്തെയും മറക്കണം (സങ്കീ 45:10)! ഈ ദൈവവചനങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിശ്ചയമായും വിവാഹജീവിതം പ്രശ്നസങ്കീർണ്ണമായിരിക്കും. ഇതു വായിക്കുന്ന നിങ്ങൾ, മേലിൽ മാതാപിതാക്കളെ നോക്കേണ്ട ആവശ്യമില്ല’ എന്നു തീരുമാനിക്കാൻ വരട്ടെ. നാം നിശ്ചയമായും നമ്മുടെ മാതാപിതാക്കളെ ശ്രദ്ധയോടെ ശുശ്രൂഷിക്കേണ്ടതുണ്ട് . എന്നാൽ ഒരുവൻ തന്റെ മാതാപിതാക്കളോടുള്ള പിരിയാബന്ധം ഇപ്പോൾ വേർപ്പെടുത്തി ആ ബന്ധം ഭാര്യയോട് ആക്കേണ്ടിയിരിക്കുന്നു.

ഈ സത്യത്തെ അമ്മയുടെ വയറ്റിൽ നിന്നു പിറന്നു വീഴുന്ന ഒരു കുഞ്ഞിനോട് ഉപമിക്കാം. കുഞ്ഞ് പിറന്ന ശേഷവും പൊക്കിൾക്കൊടി അതിനോട് ബന്ധിക്കപ്പെട്ടിരിക്കും. ഒൻപത് അല്ലെങ്കിൽ 10 മാസമായി കുഞ്ഞ് ആ പൊക്കിൾക്കൊടിയിൽ കൂടിയാണ് തന്റെ അമ്മയിൽ നിന്ന് ആഹാരം സ്വീകരിച്ചിരുന്നത്. ഇത്രയും നാൾ തനിക്ക് പോഷണം നൽകിയിരുന്ന പൊക്കിൾക്കൊടിയെ മുറിച്ചുമാറ്റുന്നതു ക്രിമിനൽ കുറ്റം പോലെ തോന്നിയേക്കാം. എന്നാൽ ആ പൊക്കിൾക്കൊടി മുറിക്കുന്നില്ലെങ്കിൽ കുഞ്ഞ് താമസിയാതെ മരിച്ചുപോകുമല്ലോ! ഇതുപോലെ ഭർത്താവിനും അവന്റെ അപ്പനും അമ്മയ്ക്കും ഇടയിലുള്ള പൊക്കിൾക്കൊടി മുറിക്കുന്നില്ലെങ്കിൽ കുട്ടി (ഭവനത്തിലെ വസന്തം) മരിച്ചുപോകും.

എന്നാൽ വചനപ്രകാരം പൊക്കിൾക്കൊടി മുറിക്കുന്നവന്റെ ജീവിതം മഹത്വപൂർണമായിരിക്കും. വിവാഹനാൾവരെ, മാതാപിതാക്കൾ ചുമതലാബോധത്തോടുകൂടി നിങ്ങളെ നോക്കിയത് ദൈവഹിതമാണ്. എന്നാൽ നിങ്ങളിപ്പോൾ ഭാര്യയോട് ഒന്നായിരിക്കണമെന്നതാണ് അതേ ദൈവഹിതം കല്പിക്കുന്നത്. ഈയൊരു അടിസ്ഥാനപ്രമാണം ജീവിതത്തിൽ കൈക്കൊള്ളുകയാണെങ്കിൽ നിങ്ങളുടെ കുടുംബജീവിതം നിശ്ചയമായും അനുഗൃഹീതമാകും. അതുകൊണ്ട് ഭർത്താവായിരിക്കുന്ന സഹോദരാ നീ ഭാര്യയോട് ഒന്നായിരിക്കുന്നതിന് ശ്രദ്ധിക്കുക. പ്രവൃത്തി സ്വതവേ നടക്കുകയില്ല. ഇതിനായി നിങ്ങൾ അധ്വാനിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരാളോട് മറ്റൊരാൾ ചേർന്നിരിക്കുന്ന ജീവിതത്തെ പശവച്ച് ഒട്ടിച്ച് ഒന്നാക്കിയ രണ്ടു കടലാസുകളോട് ഉപമിക്കാം. ‘ഫെവിക്കോൾ പശ’ രണ്ട് കടലാസ് തുണ്ടുകളെ ഒന്നിനോടൊന്ന് ചേർത്ത് ഒട്ടിച്ചിരിക്കുമ്പോൾ ഒരു കടലാസിനെ മറ്റേതിൽ നിന്നു വേർപിരിക്കുന്നത് എത്രമാത്രം ദുഷ്കരമാണ്. ഇപ്രകാരം വിവാഹജീവിതത്തിലും ഇരുവർക്ക് ഒന്നായി മാറുവാൻ കഴിയും!! ഒരുകാലത്ത് ഇവർ ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ “ഫെവിക്കോൾ പശ” പോലെ അതേ, നിങ്ങളുടെ കുടുംബ ജീവിത്തിൽ ക്രിസ്തുയേശുവിന് പ്രഥമസ്ഥാനം കൊടുത്ത് തന്നെ ജീവിതത്തിന്റെ മധ്യത്തിൽ വയ്ക്കുമെങ്കിൽ അവിടുന്ന് നിങ്ങൾ ഇരുവരെയും ഒന്നാക്കും.

ഓരോ ദിവസവും’ ഭാര്യാ ഭർത്താക്കന്മാരുടെ മധ്യത്തിൽ ക്രിസ്തുയേശു ഉണ്ടെങ്കിൽ ആണ്ടുകൾ എത്ര കഴിഞ്ഞു പോയാലും അകൽച്ച ഉണ്ടാകുകയില്ല.

വിവാഹം കഴിഞ്ഞ് ചില വർഷ ങ്ങൾ കഴിഞ്ഞാൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ബഹുമാനത്തോടെ സംസാരിക്കാറില്ല. ഇവരുടെ സംഭാഷണത്തിൽ അഹംഭാവം കടന്നുകയറുന്നു! കാഠിന്യത്തിന്റെ ധ്വനി. ഒരാൾ മറ്റൊരാളോട് ‘ശബ്ദമുയർത്തി’ സംസാരിക്കുന്നു. ചില സമയത്തു തീൻ മേശയിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അന്യോന്യം കോപിക്കുന്നു. ഇതിനെല്ലാം എന്താണ് കാരണം തീൻമേശയിൽ നിങ്ങളുടെ മധ്യത്തിൽ യേശു ഉണ്ടെങ്കിൽ എങ്ങിനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? വിശുദ്ധരായ ദൈവദൂതന്മാർ കൂടെ നിങ്ങളുടെ നടുവിൽ ഉണ്ടെന്ന് വേദപുസ്തകം പറയുന്നു. ഇപ്പോൾ ഞാൻ എന്റെ ഭാര്യയോട് ശബ്ദമുയർത്തിയാൽ അത് ആദ്യം ദൂതന്മാരുടെ അടുത്ത് ചെന്നിട്ട് പിന്നെ യേശുവിലൂടെയാണ് എന്റെ ഭാര്യയുടെ അടുത്ത് എത്തുന്നത്. നിങ്ങൾ ഭാര്യയോട് സംസാരിച്ച സംസ്കാരം ഇല്ലാത്ത വാക്കുകൾ കേട്ടു ദൂതന്മാർ നാണിച്ച് നിങ്ങളുടെ മധ്യത്തിൽ നിന്ന് മെല്ലെ എഴുന്നേറ്റു പോകുമോയെന്നു ഞാൻ ഭയപ്പെടുന്നു. എന്നാൽ ഇതേ സമയം ദൂതന്മാരെ നാണിപ്പിക്കാത്ത കുടുംബങ്ങളുണ്ടെന്നതും ഓർക്കുക. ആണ്ടുകൾ പലതു കഴിഞ്ഞാലും ഈ ഉത്തമ കുടുംബത്തിലെ ഭാര്യാ  ഭർത്താക്കന്മാരെ ‘ഫെവിക്കോൾ’ പോലെ യേശു ഐക്യത്തിൽ സൂക്ഷിക്കും. ഇത് എങ്ങിനെയാണ്? ഈ ലോകത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും എല്ലാവർക്കും വന്നതുപോലെതന്നെയാണ് ഇവർക്കും വന്നത്. വിവാഹം കഴിഞ്ഞ എല്ലാവരും നിശ്ചയമായും ഈ ലോകത്തിലെ കഷ്ടങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഇതിൽ നിന്നും ആർക്കും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. എന്നാൽ ദമ്പതിമാർക്കിടയിൽ യേശു ഓരോ ദിവസവും ഉണ്ടെങ്കിൽ എത്ര കഷ്ടത വന്നാലും ആ കഷ്ടതകളുടെ സമ്മർദ്ദം ഇരുവരേയും കൂടുതൽ അടുപ്പിക്കുന്നതിനായി യേശു ഉപയോഗിക്കും. ഈയൊരു ഭാഗ്യം യേശുക്രിസ്തവിനെ തങ്ങളുടെ മധ്യത്തിൽ വെച്ച് ജീവിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഏതോ വാഗ്വാദം ഉള്ളതായിട്ട് വിചാരിക്കുക. പെട്ടെന്ന് ആരോ വാതിലിൽ മുട്ടുന്നു. “അയ്യോ! ഞങ്ങളുടെ വാഗ്വാദമൊക്കെ വീട്ടു വാതിൽക്കൽ നിൽക്കുന്ന ആൾ കേട്ടിരിക്കുമോ, എന്നു ഭയപ്പെട്ടു വാതിൽ തുറക്കുമ്പോൾ കർത്താവിന്റെ ഭൃത്യന്മാരിൽ ഏറ്റവും ആദരണീയനായ ഒരാളാണു വാതില്ക്കൽ നില്ക്കുന്നത്. അദ്ദേഹത്തെ കണ്ടതും നിങ്ങൾ നടുങ്ങി “ഇദ്ദേഹം ഞങ്ങളുടെ വഴക്കു കേൾക്കാതിരുന്നാൽ മതിയായിരുന്നു” എന്നല്ലേ നിങ്ങൾ വിചാരിക്കുന്നത്? ഒരു ദൈവ ഭൃത്യന്റെ മുമ്പിൽ നിങ്ങൾ വഴക്കിടാൻ മടിക്കുമെങ്കിൽ യേശു തന്നെ നിങ്ങളുടെ നടുവിൽ ഇരിക്കുമ്പോൾ നിങ്ങൾ എത്ര സൂക്ഷ്മതയോടെ പെരുമാറുമെന്ന് ആലോചിച്ചു നോക്കൂ! യേശു നിങ്ങളുടെ കിടപ്പു മുറിയിൽ, ഊണു മുറിയിൽ, അടുക്കളയിൽ എല്ലാം ഉണ്ട്. ആകയാൽ വീട്ടിൽ ഒരു സ്ഥലത്തും ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശകാരത്തിന്റെ വാക്കുകൾ ഉപയോഗിക്കുവാൻ ഇടയാകരുതേ!

ഇങ്ങനെയാണ് യേശു നിങ്ങളുടെ നടുവിലിരുന്ന് ഇരുവരേയും ഒന്നാക്കി മാറ്റുന്നത്. “അവർ (ഭാര്യാഭർത്താക്കന്മാർ) ജീവന്റെ കൃപക്കു കൂട്ടവകാശികൾ (Heirs together)’ എന്നണല്ലോ ദൈവവചനം (1 പത്രോസ് 3:7)

ഇടയനായി നയിക്കുക

ഭാര്യയെ നന്നായി പോറ്റിലർത്താൻ അറിയാത്ത പുരുഷൻ “സ്വന്തശരീരത്തെ ശ്രദ്ധിക്കുവാൻ അറിയാത്തവനാണ്”.

എഫെസ്യർ 5:28-31ൽ പറഞ്ഞിരിക്കുന്ന ഭാര്യാഭർത്ത ബന്ധത്തെക്കുറിച്ച് അല്പം ധ്യാനിച്ചു നോക്കുക. അവിടെ, ഭർത്താവിന് ഭാര്യ അവന്റെ സ്വന്തശരീരമായി ഇരിക്കുന്നു എന്നാണു പറഞ്ഞിരിക്കുന്നത്. സ്വന്ത ശരീരത്തെ ഒരുവൻ എന്തു ചെയ്യും?

അതിനെ പരിപോഷിപ്പിക്കുന്നു ഉടുപ്പിക്കുന്നു, മാത്രമല്ല, തന്റെ ശരീരത്തെ മറ്റാർക്കും തുറന്നു കാട്ടുന്നതുമില്ല. ഇതേപോലെ നിങ്ങളും ഭാര്യയുടെ ബലഹീനതകളെ ആരുടെ മുൻപിലും തുറന്നു കാട്ടുവാൻ പാടില്ല. തന്റെ ഭാര്യയുടെ ബലഹീനതകൾ മറ്റുള്ളവരോടു വെളിപ്പെടുത്തുന്നവൻ റോഡിൽ നഗ്നനായി അലയുന്ന ഭ്രാന്തനു സമനാണ്. സ്വന്ത ശരീരത്തെപ്പോലും നിങ്ങൾക്ക് മറയ്ക്കുവാൻ കഴിയുന്നില്ലല്ലോ. ഭാര്യയെ എങ്ങനെ മറച്ചുകൊള്ളണം എന്നറിയാത്ത നിങ്ങൾ നാണിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ സ്നേഹിക്കുന്നവൻ യഥാർത്ഥത്തിൽ സ്വന്തശരീരത്തന്നെയാണ് സ്നേഹിക്കുന്നത്. ആരെല്ലാം തങ്ങളുടെ മുഴുജീവിതത്തെയും ദൈവത്തിനായി സമർപ്പണം ചെയ്തിട്ടുണ്ടോ അവർക്കെല്ലാമാണ് യേശു തലയായി (നായകനായി) വരുന്നത്. അതുകൊണ്ട് ഒരു പുരുഷൻ “അപ്പനേയും അമ്മയെയും വിട്ടു പിരിഞ്ഞ്” വചനം പറയുന്നതുപോലെ തന്നെത്തന്നെ സമർപ്പണം ചെയ്യുന്നവനായിരിക്കണം. ഇങ്ങനെ ക്രിസ്തുവും സഭയും (വിശ്വാസിയും) തമ്മിലുള്ള ബന്ധത്തെ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധമായി ചൂണ്ടിക്കാട്ടി വേദപുസ്തകം മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.

വീണ്ടും സ്വന്തശരീരത്തിന്റെ തലയായി ഭർത്താവിനെ ഉപമിച്ചിരിക്കുന്നു. അങ്ങനെ ശരീരമായ തന്റെ ഭാര്യയ്ക്ക് “തലയായി” വരുന്ന ഭർത്താവ് എപ്രകാരമുള്ള ഒരു നായകനായിരിക്കണം നായകസ്ഥാനം വഹിക്കുന്നത് പല തരത്തിലാണ്. ഏകാധിപതിയും, പട്ടാള സർവ്വാധികാരിയും നായകൻമാർ തന്നെയാണ്. ഇന്ന് ഇതുപോലെയാണ് അനേക ഭർത്താക്കന്മാരും ഭാര്യയ്ക്ക് നായകനായിരിക്കുന്നത്. എന്നാൽ വചനം ഒരു യഥാർത്ഥ നായകന്റെ ഗുണഗണങ്ങളെ എടുത്തുകാട്ടുന്നു. തന്റെ സ്വന്തം ആടുകളെ നയിക്കുന്ന ഒരു ആട്ടിടനായി യേശുവിനെ വചനം ചിത്രീകരിച്ചിരിക്കുമ്പോൾ ഒരു യഥാർത്ഥ നായകന്റെ ഗുണങ്ങൾ തന്നിൽനിന്നു നമുക്കു പഠിക്കുവാൻ കഴിയും.

സത്യത്തെ ഇപ്പോഴത്തെ കാലത്തിന് അനുസരിച്ച് വിവരിക്കുകയാണെങ്കിൽ, ഒരു സംഗീതക്കച്ചേരി നയിക്കുന്ന ആളെപ്പോലെയാണ് യേശുവിന്റെ നായകത്വം. സംഗീതക്കച്ചേരി നയിക്കുന്ന ഈ നായകൻ വിവിധവാദ്യോപകരണങ്ങൾ മീട്ടുന്നവരുടെ തലയ്ക്ക് വടികൊണ്ട് അടിക്കുന്നില്ല. പകരം, വയലിൻ തെറ്റായി വായിക്കുന്നവനെ ഉത്തരവാദിത്വത്തോടുകൂടി അത് ചൂണ്ടിക്കാണിക്കും. ഇങ്ങനെയുള്ള ഒരു നായകന്റെ കീഴിൽ സംഗീതക്കച്ചേരി നടത്തുമ്പോൾ അത് എത്രയും ഉത്തമമായി സ്വർഗ്ഗരാജ്യം പോലെ ഇരിക്കും. അതേസമയം നായകന്റെ തിരുത്തൽ കൈക്കൊള്ളാൻ കൂട്ടാക്കാത്ത വയലിൻ വായനക്കാരൻ “എന്നെ തിരുത്താൻ നീ ആര്? എനിക്ക് ഇഷ്ടമുള്ളതുപോലെ ഞാൻ സംഗീതോപകരണം വായിക്കും” എന്നുപറഞ്ഞാൽ കച്ചേരി താറുമാറാകും. ഇതു പോലെയാണ് ചില ഭാര്യമാരും. “നിങ്ങൾ പറയുന്നതു കേൾക്കാനോ? എനിക്ക് ഇഷ്ടമുള്ളതു പോലെയേ ഞാൻ നടക്കുകയുള്ളൂ” എന്ന് തലയായിരിക്കുന്ന ഭർത്താവിനോട് പറയുന്നു. അങ്ങനെ ചെയ്താൽ സംഗീതക്കച്ചേരിയുടെ താളം താറുമാറായിപ്പോകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഭാര്യമാരേ, ശരീരമായ നിങ്ങൾക്ക് ഭർത്താവിനെ ‘ഒരു പട്ടാളമേധാവിയായിട്ടല്ല’ ദൈവം ആക്കിവെച്ചിരിക്കുന്നത്. മറിച്ച് സംഗീതക്കച്ചേരി നടത്തുന്ന നല്ലൊരു നായകനായിട്ടാണല്ലോ.

ഒരു ഇടയൻ തന്റെ ആട്ടിൻ കൂട്ടത്തെ നടത്തുന്നതിന് സമാനമായിട്ടാവൻ നടത്തുന്നത്. അവൻ മുമ്പേ പോകുമ്പോൾ സന്തോഷത്തോടെ പിൻചെല്ലുന്ന ഒരു ആട്ടിൻ കൂട്ടത്തിന് സമമായിട്ടല്ലേ ഭാര്യ ആയിരിക്കേണ്ടത്? ഇതുപോലെതന്നെ ആടുകളുടെ ‘ഇടയൻ’ എന്നു പറയുന്നതും ‘ആടുകളെ കശാപ്പു ചെയ്യുന്നവൻ’ എന്നു പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ‘ആടുകളെ കശാപ്പു ചെയ്യുന്നവൻ’ എപ്പോഴും ആട്ടിൻകൂട്ടത്തിനു പിന്നിൽ കയ്യിൽ ഒരു വടിയുമായാണ് പോകുന്നത്. ഇതുപോലെ ഒരു ഭർത്താവിന് ഭാര്യയോട് പെരുമാറുവാൻ കഴിയും റോഡിൽ നിന്ന് ഇറങ്ങി ഇടത്ത് വശത്തേയ്ക്ക് പോയതിന് ഒരടി. അല്ലെങ്കിൽ റോഡിൽ നിന്നിറങ്ങി വലതുവശത്തേയ്ക്ക് നീങ്ങിയതിന് ഒരടി. ഇതു പോലെ അടിച്ചുതെളിച്ച് ആട്ടിൻകൂട്ടത്തെ നിങ്ങൾക്ക് റോഡിൽക്കൂടിത്തന്നെ കൊണ്ടുപോകാൻ കഴിയും. എന്നാൽ നിങ്ങളീ കൂട്ടത്തെ നയിച്ചു കൊണ്ടുചെല്ലുന്ന ഇടം ‘കശാപ്പുശാല’ ആണ്.

യഥാർത്ഥ ഇടയൻ ആട്ടിൻ കൂട്ടത്തിന്റെ പിന്നിലല്ല, മുമ്പിൽ നിന്നുകൊണ്ടാണു നയിക്കുന്നത്. അവൻ കൂട്ടത്തോട് “നിങ്ങൾക്ക് മുമ്പിൽ മാതൃകയുള്ള ജീവിതം നയിക്കുന്ന എന്നെ നോക്കുവിൻ… എന്നിട്ടെന്നെ പിൻപറ്റുവിൻ” എന്നു പറയും. ഇതുപോലുള്ള നായകൻ എത്രശ്രഷ്ഠനാണ്. ഈ നായകനെയാണ് യേശു കാണിച്ചുതരുന്നത്.

നായകനായ നിങ്ങൾക്ക്, ആത്മീയതകുറവായതിന് ഭാര്യയെ ഇതുശരിയല്ല! അതുശരിയല്ല! എന്ന്, കുറ്റം പറഞ്ഞുകൊണ്ട്, നാം കണ്ട കശാപ്പുകാരനെപ്പോലെ അവരെ നടത്താൻ കഴിയും. അല്ലെങ്കിൽ ഭാര്യയുടെ കുറവുകളെ സഹിച്ച്, ക്ഷമിച്ച് കുറവുകളെ കാണാത്തതു പോലെ വിട്ടുകളയുവാനും കഴിയും. എന്നിട്ട് നിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കും. “ദൈവമേ, എന്റെ വീട്ടിൽ എന്നെ ഒരു നല്ല മാതൃക ആയിട്ട് നിർത്തണമേ” എന്ന് നിങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കും. ഇത് എത്ര അത്ഭുതകരമാണ്. നിങ്ങളുടെ ഇങ്ങനെയുള്ള പ്രതികരണം കണ്ടുകൊണ്ടിരിക്കുന്ന ഭാര്യ കേൾക്കുന്നതിന് കാതുള്ളവളായിരുന്നാൽ, ചില വർഷങ്ങൾക്കുശേഷമെങ്കിലും നിങ്ങളെ പിൻതുടരും. നിങ്ങൾക്കോ, ഒരു നല്ല മാതൃക കാണിച്ച് നിങ്ങളുടെ പങ്ക് നിറവേറ്റുവാൻ കഴിയും.

ശരീരമില്ലാതെ തലയില്ല. കുടുംബത്തിൽ ജീവിതപങ്കാളികൾ തമ്മിലുള്ള വൈരുധ്യങ്ങളെ പരാതികളില്ലാതെ അംഗീകരിച്ചു കൊണ്ട് ഒന്നിച്ചു പ്രവർത്തിക്കുന്നവരാണ് ദൈവികഉദ്ദേശ്യം ജീവിതത്തിൽ നിറവേറ്റുന്നത്. ഭാര്യയുടെ സഹായം ഇല്ലാതെ “തല മാത്രമായി” ദൈവിക പദ്ധതി ജീവിതത്തിൽ നിറവേറ്റുവാൻ കഴിയുകയില്ല എന്നത് ഭർത്താവ് അറിഞ്ഞിരിക്കണം. ഭർത്താവു വെറും തലയായി മാത്രം (ശരീരം ഇല്ലാതെ) ഇരിക്കുന്നുവെന്ന് കരുതുക. തല എന്നു പറഞ്ഞാൽ തലച്ചോറിനെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ തലച്ചോറാണ്, ശരീരത്തെ നന്നായി നിയന്ത്രിക്കുന്നത്. എന്നാലും, ശരീരമില്ലാതെ തല മാത്രമായി ഒരു വീട്ടിൽ ഉണ്ടെങ്കിൽ എന്തുപ്രയോജനം? തലയിൽ (തലച്ചോറിൽ) ധാരാളം പദ്ധതികളും സൂക്ഷ്മ ബുദ്ധിയും ഒക്കെ ഉണ്ടെങ്കിലും, അതൊക്കെ നിറവേറ്റുവാൻ ഒരു ശരീരം ഇല്ലെങ്കിൽ യാതൊരു പ്രയോജനവും ഇല്ല. ഇതു പോലെ തന്നെയാണ് പിതാവും സ്വർഗ്ഗത്തിലായിരുന്നത്. പിതാവിനും ഈ ഭൂമിയിൽ യേശുക്രിസ്തുവെന്ന ശരീരം ഇല്ലാതെ, ഒന്നും തന്നെത്താൻ ചെയ്യുവാൻ കഴിഞ്ഞിരിക്കുകയില്ല. അതുപോലെ പൂർണ്ണമായ ഫലപ്രാപ്തിക്കുവേണ്ടിയാണ് ദൈവം മനുഷ്യന് ഭാര്യയെ നൽകിയതെന്ന് നാം നന്നായി അറിഞ്ഞിരിക്കണം.

ഒരു മുട്ടയുടെ പുറന്തോട് ഇതിന് ഉദാഹരണമായെടുക്കാം. ആ മുട്ടത്തോട് നടുവെ പൊട്ടിയാൽ പൊട്ടിയ മുട്ടത്തോടിനു രണ്ടു പകുതികളുണ്ടാകും. മുട്ടത്തോടിന്റെ ഈ രണ്ടു പകുതികളും ശ്രദ്ധിച്ച് നോക്കുക. അവ രണ്ടും ഒരു പോലെയല്ല. എന്നാൽ നിങ്ങൾ അവയെ ചേർത്തുവയ്ക്കുമ്പോൾ എത്രയും നന്നായി ചേർന്നിരുന്ന് പൂർണ്ണരൂപം തരുന്നതു കാണാം. കണ്ടില്ലേ തോടിന്റെ മുകളിലത്തെ പാതിയിലെ ഒരു ഭാഗം നീണ്ടിരുന്നാൽ താഴത്തെ പാതിയിൽ ആ ഭാഗം കുഴിഞ്ഞിരിക്കും. മുകളിലത്തെ തോടിന്റെ ഒരു അറ്റം കുഴിഞ്ഞിരിക്കുകയാണങ്കിൽ താഴത്തെ തോടിന്റെ ആ ഭാഗം നീണ്ടിരിക്കും. ഇങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നാലും അത് രണ്ടും ചേർത്തുവച്ചാൽ രണ്ടുഭാഗവും തമ്മിൽ കൃത്യമായി ചേർന്നിരിക്കുന്നതുകാണാം. ഉല്പത്തി രണ്ടാം അധ്യായത്തിൽ ഹവ്വയെ ആദമിന് “തക്കതായ തുണ” എന്ന് വിവരിച്ചിരിക്കുന്നത് ഇതു കൊണ്ടാണ്.

ദൈവത്തിന്റെ കണ്ണുകളിൽ “തക്കതായ തുണ’ എന്നാൽ എന്താണ്? മുകളിൽമുട്ടത്തോടിന്റെ അറ്റങ്ങൾ പോലെ ഭാര്യാഭർത്താക്കന്മാർ ഒന്നിനൊന്ന് വ്യത്യാസമായിട്ട് ഇരിക്കുമ്പോഴാണ് തക്കതുണയായി ദൈവം കാണുന്നത്. ഈ ദൃഷ്ടാന്തം അനുസരിച്ച് ഭർത്താവ് ബലഹീനനായിരിക്കുന്ന ഭാഗങ്ങളിൽ ഭാര്യ ബലമുള്ളവൾ ആയിരിക്കും! ഭർത്താവ് കഠിനമനുഷ്യനായിരുന്നാൽ ഭാര്യ ശാന്തശീലയായിരിക്കും. ഒരു പക്ഷേ ഭാര്യയും കർക്കശക്കാരി ആയിരുന്നാൽ ആ വീട്ടിൽ ആർക്കും പ്രവേശിക്കുവാൻ കഴിയുകയില്ലല്ലോ. അങ്ങനെ ഭാര്യാഭർത്താക്കന്മാരെ ദൈവം നന്നായി ചേർത്തുവെച്ചിരിക്കുന്നത് നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? കുടുംബ ജീവിതത്തിൽ പൂർണതയ്ക്ക് ഇവർ രണ്ടുപേരും ആവശ്യമാണ്.

ആദാമിനുമാത്രമായി ദൈവത്തിന്റെ സ്വരൂപത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയുകയില്ല. അതിനാൽ ദൈവത്തിന് ഹവ്വയെ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ഭാര്യയുടെ സഹായം ഇല്ലാതെ ഭർത്താവു തനിയെ ഒരു കൃത്യം നിർവ്വഹിക്കുന്നത് ദുഷ്കരമാണ്. വ്യത്യസ്തമെന്നു തോന്നുന്ന സ്വഭാവമുള്ള തുണിയെ ആണ് ഓരോരുത്തർക്കും തരുന്നത്. എന്നാൽ രണ്ടു ഭാഗങ്ങളെയും നിങ്ങൾ ഒരുപോലെയാക്കുവാൻ ശ്രമിച്ചാലോ? ഉവ്വ്, മുട്ടത്തോടു ഒരിക്കലും കൃത്യമായി ചേർന്നിരിക്കുകയില്ല.

അതുകൊണ്ട് നിങ്ങളുടെ ഭാര്യയെ നിങ്ങളെപ്പോലെ ആക്കുവാൻ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളായിരിക്കും ഒന്നാം നമ്പർ വിഡ്ഢി. അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാരെ നിങ്ങളുടെ സ്വഭാവമുള്ളവരാക്കുവാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളും ഒന്നാം നമ്പർ വിഡ്ഢിയായിരിക്കും. രണ്ടു ഭാഗങ്ങളായിരിക്കുന്ന മുട്ടത്തോടിനെ സമമായി ഉരച്ച് ഒന്നായിട്ടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളായിരിക്കും. സംശയമില്ല.

നിങ്ങൾക്ക് തക്കതുണയായിരിക്കുവാനാണു ഭാര്യയെ തന്നിരിക്കുന്നത്. നിങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു വശം നിങ്ങളുടെ ഭാര്യയ്ക്ക് കാണുവാൻ കഴിയും. അവൾ കണ്ട ഒരു ദിശ നിങ്ങൾ കണ്ട ദിശയ്ക്കു നേർവിപരീതമായിരിക്കാം. ഇങ്ങനെ വ്യത്യസ്തമായി സൃഷ്ടിച്ചതിനു നിങ്ങൾ ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്.

ഭാര്യാഭർത്താക്കന്മാരായ നിങ്ങളുടെ പ്രത്യേകതകൾ, നിങ്ങളെ വളർത്തിയ വിധങ്ങൾ, സാഹചര്യങ്ങൾ എന്നിവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നതിന് ദൈവം അനുവദിച്ചു. ദമ്പതികൾക്ക് വിവാഹ ജീവിതത്തിൽ വരുന്ന ആദ്യത്തെ പ്രശ്നങ്ങൾ ഈ വൈരുധ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഉദാഹരണമായി, നിങ്ങളിൽ ഒരാൾ എല്ലാ സാധനങ്ങളും അതതിന്റെ സ്ഥലത്ത് കൃത്യമായി അടുക്കി വെയ്ക്കുന്ന സ്വഭാവമുള്ള ആൾ ആയിരിക്കാം. എന്നാൽ ജീവിതപങ്കാളി സാധനങ്ങൾ തോന്നിയ സ്ഥലത്ത് വയ്ക്കുന്ന സ്വഭാവമുള്ള ആൾ ആയേക്കാം. ഇത് കേൾക്കുന്ന നിങ്ങൾ സാധനങ്ങൾ നന്നായി അടുക്കി വെയ്ക്കുന്നയാൾ തന്നെയാണ് ശരിയായ വ്യക്തി എന്ന് പറയുമായിരിക്കും. എന്നാൽ സാധനങ്ങളൊക്കെ അവിടെയും ഇവിടെയും അലക്ഷ്യമായി ഇടുന്നയാളുടെ ബലഹീനതയ്ക്കു സമമായി, എല്ലാം നന്നായി അടുക്കി വെയ്ക്കുന്ന വ്യക്തിക്കും വേറെ ബലഹീനതകൾ ഉണ്ടായിരിക്കും. അതിനാൽ ഇവർക്ക് അന്യോന്യം സഹായിക്കേണ്ട സന്ദർഭങ്ങൾ ധാരാളം ലഭിക്കുന്നു.

നിങ്ങളിലൊരാൾ തന്റെ സാധനങ്ങളും, തുണിത്തരങ്ങളും, ചെരുപ്പും മറ്റും ക്രമില്ലാതെ അലക്ഷ്യമായി ഇടുന്നുവെന്നിരിക്കട്ടെ. അതു കൊണ്ടെന്താ? നന്നായി അടുക്കിവയ്ക്കാൻ ശീലിച്ചിരിക്കുന്ന മറ്റേയാൾക്ക്, താറുമാറായിക്കിടക്കുന്നത് ക്രമമായി വയ്ക്കാമല്ലോ! അതുപോലെ വീട്ടിൽ വരുന്നവരോടെല്ലാം വഴക്കിടുന്ന ബലഹീനത ഉള്ളയാൾ ആയിരിക്കാം നിങ്ങളുടെ ഭർത്താവ്. എന്നാൽ ഭർത്താവ് ദേഷ്യപ്പെടുന്നവരോട് നിങ്ങൾക്കു മധുരമായി സംസാരിച്ച് അവരെ സ്നേഹിതരാക്കാമല്ലോ! ഇതുപോലെ എത്രയോ വിഷയങ്ങൾ! ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നിങ്ങൾ തമ്മിൽത്തമ്മിൽ അനുയോജ്യരായ ജീവിതപങ്കാളികളായി അന്യോന്യം ബലഹീനതയ്ക്കു തുണനിന്ന് ജീവിക്കാമല്ലോ! അങ്ങനെ നിങ്ങൾക്കിരുവർക്കും ചേർന്ന് ഭവനത്തിൽ ദൈവത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയും.

ഈ ലോകത്തിൽ താനുദ്ദേശിച്ച പ്രവൃത്തി ചെയ്യാൻ യേശുവിനു പോലും ഒരു ശരീരം ആവശ്യമായിരുന്നു. അങ്ങനെയെങ്കിൽ ചില ഭർത്താക്കന്മാർ, ഭാര്യ ഇല്ലാതെ തന്നെ എല്ലാം ഞാൻ തനിയേ ചെയ്യും എന്ന് പറയുന്നത് എത്ര ബുദ്ധിഹീനതയാണ്. നായകനായി ചുമതല വഹിച്ചിരുന്ന ക്രിസ്തു ഒരു മാതൃക വെച്ചിട്ടുപോയിരിക്കുന്നു. ആ മാതൃക എന്തെന്നാൽ ശിഷ്യന്മാരുടെ കാലുകളെ കഴുകുക. എന്നതാണ്! ക്രിസ്തു കാണിച്ച മാതൃക പോലെ ഒരു ഭർത്താവ് ഭാര്യയ്ക്ക് ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധനായിരിക്കണം. യോഹന്നാൻ 13:12ൽ ഈ സത്യമാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് എന്തെങ്കിലും ബലഹീനത വന്നാലോ അവളുടെ വികാരങ്ങൾ വ്രണപ്പെട്ടാലോ  ഭാര്യയുടെ കാലുകൾ കഴുകുന്നതിന് (യോജിപ്പിലെത്തുന്നതിന്) ഭർത്താവ് മുൻകൈയെടുക്കണം.

ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു പിളർപ്പ് ഉണ്ടായപ്പോൾ ആ പിളർപ്പ് നികത്തുവാൻ ആദ്യത്തെ ചുവട് വച്ചത്. ആരാണ്? ദൈവമോ മനുഷ്യനോ? അതേ, ദൈവമാണ്! അതുകൊണ്ട് ഭാര്യാഭർത്താക്കന്മാരായ നിങ്ങളുടെ ബന്ധത്തിൽ പിളർപ്പ് ഉണ്ടായാൽ ആരാണ് നഷ്ടപ്പെട്ട ആ ബന്ധത്തെ ശരിയാക്കുവാൻ ശ്രമിക്കേണ്ടത്? അതേ ഭർത്താവായ നിങ്ങളാണ്. കാരണം, ഭർത്താവാണു ശരീരത്തിന്റെ തല.

മാത്സര്യത്തിന്റെ ആത്മാവ്

ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ പ്രശ്നങ്ങൾ വരുമ്പോൾ ഭർത്താവാണ് തന്നെത്തന്നെ താഴ്ത്തി ഭാര്യയോട് “ഞാൻ ഖേദിക്കുന്നു എന്നോട് ക്ഷമിക്കണം!” എന്ന് പറയേണ്ടത്. താങ്കൾക്ക് അങ്ങനെ പറയാൻ കഴിയുന്നില്ലെങ്കിൽ ശിരസ്സായിരിക്കാൻ നിങ്ങൾക്കു യോഗ്യതയില്ല. ഒരുപക്ഷേ വീട്ടിൽ നിങ്ങൾ സർവ്വാധികാരിയായിരിക്കാം. എന്നാൽ യേശുവിനെപ്പോലെ തലയായിരിക്കുന്നതിന്റെ രഹസ്യം താങ്കൾ തരിമ്പും മനസ്സിലാക്കിയിട്ടില്ല.

ഒരു പക്ഷേ താങ്കൾ പറയുമായിരിക്കും എല്ലാം അവളുടെ കുഴപ്പമാണ്. ശരി, അങ്ങനെയാണെന്നിരിക്കട്ടെ. എന്നാൽ നിങ്ങൾ പറഞ്ഞതു പോലെ യേശുവും പറഞ്ഞിരുന്നങ്കിൽ എന്തുസംഭവിക്കുമായിരുന്നു. “എല്ലാം ജനങ്ങളുടെ പാപമാണ്” എന്ന് പറഞ്ഞ് അവിടുന്ന് നിത്യകാലം സ്വർഗ്ഗത്തിൽ ഇരുന്നേനേം, എന്നാൽ യേശു ലോകത്തെ പഴിപറഞ്ഞ് പരിഹാരത്തിനു മുൻകൈയെടുക്കാതെ സ്വർഗ്ഗത്തിൽ ഇരിക്കുകയല്ല ചെയ്തത്. പകരം അവിടുന്നു തന്നത്താൻ താഴ്ത്തി ഭൂമിയിൽ വന്ന് ആളുകളുടെ തെറ്റിനു പരിഹാരം വരുത്തി. ഇതേ അധികാരമാണ് (താഴ്ചയാണ്) ഭർത്താവും ഇന്നുതന്റെ കുടുംബത്തിൽ പ്രയോഗിക്കേണ്ടത്. കാരണം, അവനും യേശുവിനെപ്പോലെ ശിരസ്സായിരിക്കുവാനാണല്ലോ വിളിക്കപ്പെട്ടിരിക്കുന്നത്.

ഭാര്യ “ബലഹീനപാത’മാണെന്നും ഭർത്താവാണു പുരുഷത്വം കാണിക്കേണ്ടതെന്നും ദൈവവചനം പറയുന്നു. ചിലപ്പോൾ ഭാര്യ കോപിച്ചേക്കാം. മുറിപ്പെട്ടേക്കാം. പക്ഷേ, ഭർത്താവായ താങ്കൾ അങ്ങനെ ആയിരിക്കാൻ പാടില്ല. നിങ്ങളും ഭാര്യയെപ്പോലെ പെരുമാറിയാൽ നിങ്ങളും പാത്രമാണ്; ബലമുള്ള പാത്രമല്ല. ഭാര്യ കോപിച്ചാലും നിങ്ങൾ കോപിക്കാതെയിരിക്കുന്നതാണു ബലം. പുരുഷത്വം. ‘ബലഹീന’ ഭാര്യയെപ്പോലെ പൊട്ടിത്തെറിക്കാതെ പുരുഷത്വം തെളിയിച്ചു കാട്ടുവാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഹാ എത്ര വലിയ സാധ്യത!

7. ഭർത്താവ് “ഇടയനായി” പരിപാലിക്കുമ്പോൾ ഭാര്യ അടങ്ങി ജീവിക്കുന്ന “ആടിനെപ്പോലെ” ഇരിക്കണം. അങ്ങനെയെങ്കിൽ ഭാര്യ ഭർത്താവിനോടൊപ്പം ഒരേ ശരീരമായി ദൈവത്തിന്റെ ഉദ്ദേശ്യം തന്റെ കുടുംബത്തിൽ നിവർത്തിക്കും.

സഭ ക്രിസ്തുവിനു കീഴ്പ്പെട്ടിരിക്കുന്നതുപോലെ ഭാര്യയും സ്വന്തഭർത്താവിന് കീഴ്പ്പെട്ടിരിക്കണമെന്നു വചനം പറയുന്നു. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തു കൊള്ളും” എന്ന് യേശു പറയുന്നു (യോഹ. 14:15). ഈ വചനത്തിന്റെ അർത്ഥം സ്നേഹം നിമിത്തമല്ലാതെ, അടിമത്തം നിമിത്തം യേശുവിനു കീഴ്പ്പെടാൻ നാം വിളിക്കപ്പെട്ടിട്ടില്ല. എന്നാണ്. ഒരു ഭാര്യ “എന്തു ചെയ്യാനാണ്, ഞാൻ എന്റെ ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കണമല്ലോ” എന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെയാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ അതിൽ യാതൊരു പ്രയോജനവും ഇല്ല. സ്നേഹത്തോടും, സന്തോഷത്തോടും തന്റെ ഭർത്താവിന് കീഴ്പ്പെട്ടിരിക്കുന്നതാണ് ഒരു സ്ത്രീക്കു മഹത്വം. അങ്ങനെ കീഴ്പ്പെട്ടിരിക്കുക എന്നത് സ്ത്രീക്കു നൽകപ്പെട്ട ഉന്നതമായ വിളിയാണ്.

ഇവിടെയാണ് മാത്സര്യത്തിന്റെ ആത്മാവിനെ സാത്താൻ കൊണ്ടുവരുന്നത്. ഉദാഹരണമായി ഇന്ന് അനേക സ്ത്രീകളും പുരുഷന്മാരെപ്പോലെ ആകണം എന്നുവച്ച് മുടി ബോബു ചെയ്യുന്നു. ഇതെന്തുകൊണ്ടാണ്? അവരുടെ ഉള്ളിലെ മാത്സര്യത്തിന്റെ ആത്മാവിനെയാണ് ഇത് വെളിപ്പെടുത്തുന്നത്. ഇങ്ങനെ പുരുഷനെ പോലെ ചമയുമ്പോൾ അവൾ പരോക്ഷമായി നടത്തുന്ന ഏറ്റുപറച്ചിൽ ഇതാണ്. “ഞാൻ ശരീരമല്ല. പുരുഷനു സമയാണു ഞാൻ”.

ഇന്ന് ഈ കാര്യങ്ങൾ വായിക്കുന്ന ഒരു ഭാര്യ, മുടിബാബുചെയ്തു പുരുഷനെ പ്പോലെ പാന്റ്സും ഇടുന്ന ഒരു സ്ത്രീയെ നോക്കി അവൾ മത്സരത്തിന്റെ ആത്മാവുള്ളവളാണ് എന്നു വിധിക്കുന്നുവോ? എങ്കിൽ ഞാൻ ചോദിക്കട്ടെ നിങ്ങളും വീട്ടിൽ നിങ്ങളുടെ ഭർത്താവിന് എതിരായി മത്സരിക്കുന്നില്ലേ? ഭർത്താവിനോട് എതിർത്തു സംസാരിക്കുന്നു…..ബഹുമാനമില്ലാതെ ശബ്ദമുയർത്തുന്നു…ശരിയല്ലേ? ഇനി പറയുക: പാന്റ്സും ഇട്ട് മുടി ബോബു ചെയ്തും പോകുന്ന സ്ത്രീകളെക്കാളും നിങ്ങൾ ശ്രേഷ്ഠതയുള്ളവളാണോ? നിശ്ചയമായും അല്ല! കുറച്ചു കൂടി ശരിയായി പറഞ്ഞാൽ നിങ്ങളുടെ അവസ്ഥ ആ സ്ത്രീയുടേതിനേക്കാളും മോശമാണ്. കാരണം, ആ സ്ത്രീ താൻ ലോകത്തിന്റേതാണെന്ന് മറയില്ലാതെ കാണിക്കുന്നു. എന്നാൽ നിങ്ങളോ? നീണ്ട മുടിയുടെയും സാരിയുടേയും ‘ആട്ടിൻ തോലിനുള്ളിൽ’ നിങ്ങളുടെ ലൗകികത്വത്തെ തന്ത്രപരമായി മറച്ചു വെച്ചിരിക്കുന്നു! നിങ്ങളുടെ മാത്സര്യം നിങ്ങളുടെയുള്ളിൽ മറഞ്ഞിരിക്കുന്നു!! അതിനാൽ അടുത്ത പ്രാവശ്യം പാന്റ്സും ബോബു ചെയ്ത മുടിയും ഉള്ള സ്ത്രീയെ കണ്ട് അവരെ കുറ്റം പറയുന്നതിനു മുൻപ് നിങ്ങളോടു തന്നെ താഴെ കാണുന്ന പ്രകാരം ചോദിച്ചു നോക്കുക: “ഞാൻ പാന്റ്സ് ഇടാതെ മുടി ബോബു ചെയ്യാതെ കീഴടങ്ങിയിരിക്കുന്ന ഒരു ഭാര്യ എന്ന ധാരണ മറ്റുള്ളവർക്കു കൊടുത്തു കൊണ്ട് ആട്ടിൻ തോലിനു കീഴെ മാത്സര്യത്തിന്റെ ആത്മാവിനെ ഒളിച്ചുവെച്ചിരിക്കുകയല്ലേ?”

ഈ സമയം ഭാര്യമാരായ എല്ലാവർക്കും ഉള്ള ബുദ്ധിയുപദേശം ഇതാണ്; തലയായിരിക്കുന്ന നിങ്ങളുടെ ഭർത്താവിന് സന്തോഷത്തോടെ കീഴ്പ്പെട്ടിരിക്കുക. ഇതാണ് ഒരു ഭാര്യയ്ക്കായി ദൈവം നിയമിച്ചിരിക്കുന്ന ഉന്നതമായ സ്ഥാനം. യേശു ഈ ലോകത്തിലെ തന്റെ മാതാപിതാക്കളായ യോസേഫിനും മറിയയ്ക്കും കീഴ്പ്പെട്ടിരുന്നു. അത് തന്റെ മാതാപിതാക്കൾ ആത്മീയമായിരുന്നതുകൊണ്ടല്ല. മറിച്ച്, ദൈവം കല്പിച്ചു എന്നതു കൊണ്ടാണ്. ഭർത്താവ് ഒരു ഇടയനെപ്പോലെയായിരിക്കണമെന്ന് വചനം പറയുന്നതുകണ്ടുവല്ലോ. അതുകൊണ്ട് അവന് കീഴ്പ്പെട്ടിരിക്കുന്ന ഭാര്യ, ഒരു ആടിനെപ്പോലെ ഇരുന്ന് തന്റെ ഭർത്താവായ ഇടയനെ പിൻതുടരണം. ഇങ്ങനെ കീഴ്പ്പെട്ടിരിക്കുക എന്നതാണ് ഒരു ഭാര്യയ്ക്ക് ദൈവം കൊടുത്തിരിക്കുന്ന വിളി.

എന്നെ എവിടേയ്ക്കാണു നടത്തിക്കൊണ്ടു പോകുന്നതെന്ന് മേയ്ക്കുന്നവനായ എന്റെ ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ. ഒരുപക്ഷേ അത് ഞാൻ അറിയണമെന്നില്ല. “ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല. പിന്നെ അറിയും” (യോഹന്നാൻ 13:17) എന്ന് യേശു പറഞ്ഞത് ഓർക്കുക. അതേ, അതു സത്യമാണ്. ദൈവം ചെയ്യുന്ന എത്രയോ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതു പോലെ ഭർത്താവ് എടുക്കുന്ന ചില തീരുമാനങ്ങൾ ഭാര്യയായ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലേ? അത്തരം സന്ദർഭങ്ങളിൽ യോഹന്നാൻ 13:17 ഓർക്കുക. എന്നാൽ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പോലെതന്നെയാണ്. അതിനാൽ “എന്റെ ഭർത്താവ് എടുക്കുന്ന തീരുമാനം എനിക്ക് മനസ്സിലായെങ്കിൽ മാത്രമേ ഞാൻ അടങ്ങി കീഴ്പ്പെട്ടിരിക്കുകയുള്ളൂ” എന്ന് നിങ്ങൾ പറഞ്ഞാൽ അതുതന്നെ മാത്സര്യത്തിന്റെ ആത്മാവാണ്.

ഒരു വിശ്വാസി നിരാശനായിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനെ ഉത്സാഹിപ്പിക്കുന്നതു പോലെ, ഭർത്താവ് ജോലിസ്ഥലത്തോ അല്ലെങ്കിൽ കർത്താവിന്റെ വേലയിലോ പല വിധത്തിലുള്ള ശോധനകളിൽ കൂടിയോ കടന്നുപോകുമ്പോൾ ഭാര്യ അവനെ ഉത്സാഹിപ്പിക്കണം. ഇങ്ങനെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതുപോലെ ഭാര്യയ്ക്കും പ്രവർത്തിച്ച് കർത്താവിന്റെ വേല ചെയ്യുവാൻ കഴിയും. ഉത്സാഹിപ്പിക്കുന്ന പല പ്രവൃത്തികൾ ചെയ്താലും, പരിശുദ്ധാത്മാവിനെ നമ്മൾ കാണുന്നില്ല. അതു പോലെ തന്നെ ഭാര്യയും ഭർത്താവിനെ ബഹുമാനിച്ച് അനേക സഹായങ്ങൾ ചെയ്താലും പരിശുദ്ധാത്മാവിനെപ്പോലെ തന്നെ അദൃശ്യയായി ഇരിക്കണം.

ഒരു ശരീരമായി വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ വിളിയെ ഇങ്ങനെ ഭർത്താവും ഭാര്യയും കാണുന്നുവെങ്കിൽ അത് എത്ര അനുഗ്രഹപ്രദമാണ്! ഒരേ ശരീരമായിരിക്കുന്ന ഇവർ തങ്ങളുടെ തലയായ ക്രിസ്തുവിന്റെ ഉദ്ദേശ്യത്തെ ബഹുശീഘ്രം തങ്ങളുടെ കുടുംബജീവിതത്തിൽ നിറവേറ്റും. ഇതുതന്നെയാണ്, ദൈവം വിവാഹിതരായ ദമ്പതികൾക്ക് കൊടുത്തിരിക്കുന്ന ഉന്നതമായ വിളി. ഈ വിളി സ്വീകരിച്ചവർക്ക് മാത്രമാണ് ജീവിതത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയുന്നത്.

ദൈവംവസിക്കുന്ന ഭവനം

വിവാഹിതർ ശ്രദ്ധിക്കേണ്ട മറ്റൊരു സത്യം “കുടുംബം ദൈവം വസിക്കുന്ന സ്ഥലമാണ്” എന്നതാണ്. ദൈവം വസിക്കുന്ന സ്ഥലത്ത് ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കും. ദൈവം യിസ്രായേൽ മക്കളെ ഈജിപ്തിൽ നിന്നു വീണ്ടെടുത്ത് വഴിനടത്തിക്കൊണ്ടുവന്നപ്പോൾ, തന്റെ ദാസനായ മോശ മുഖാന്തരം ഇങ്ങനെ കല്പിച്ചു: “ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കേണ്ടതിന് എനിക്ക് ഒരു വിശുദ്ധസ്ഥലം ഉണ്ടാക്കുവിൻ”. അതേ, തന്റെ ജനത്തിന്റെ മധ്യത്തിൽ വിസിക്കുവാൻ ദൈവം വളരെയധികം ആഗ്രഹിച്ചു. അതുകൊണ്ടാണ് തനിക്ക് ഒരു വാസസ്ഥലം (സമാഗമന കൂടാരം) തയ്യാറാക്കുന്നതിന് കല്പിച്ചത്. ഈ പഴയനിയമകൂടാരമാണ് പിന്നീട് ദേവാലയമായി മാറ്റപ്പെട്ടത്. എന്നാൽ പുതിയ ഉടമ്പടിയുടെ കാലഘട്ടമായ ഇന്ന് കൈപ്പണിയായ ആലയങ്ങളിൽ ദൈവം വസിക്കുന്നില്ല. മറിച്ച് നമ്മുടെ ഹൃദയങ്ങളിലാണ് ദൈവം ഇപ്പോൾ വസിക്കുന്നത്. എന്നാൽ ഒരുവൻ ബോധപൂർവ്വം ദൈവത്തിനായി ഹൃദയം തുറന്നുകൊടുത്താൽ മാത്രമേ അവിടുന്ന് അവിടെ വസിക്കുന്നുള്ളൂ. അതേസമയം നമ്മുടെ ഹൃദയത്തിൽ വസിക്കുന്നതിന് നമ്മെക്കാളും ദൈവം ആഗ്രഹിക്കുന്നു!!

വിവാഹിതരായ ദമ്പതികളോടും ദൈവം ആവശ്യപ്പെടുന്നത് “ഞാൻ വസിക്കുന്നതിന് നിങ്ങളുടെ കുടുംബത്തിൽ ഒരു വാസസ്ഥലം ഒരുക്കുവിൻ” എന്നാണ്. എല്ലാ ഭർത്താക്കന്മാരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം തനിക്കു വസിക്കാൻ യോഗ്യമായ വാസസ്ഥലം അവരുടെ കുടുംബജീവിതത്തിൽ ഉണ്ടാകണം എന്നതാണ്.

1. ദൈവവചനപ്രകാരം പണിയുന്ന ഭവനത്തിൽ (കുടുംബത്തിൽ) ദൈവത്തിന്റെ തേജസ്സ് വസിക്കും.

വിശ്വാസികളായാലും അവിശ്വാസികളായാലും, വിവാഹം കഴിഞ്ഞാൽ ഇനി തങ്ങൾക്കു വസിക്കുവാൻ ഒരു വീടുപണിയുന്നതിനെക്കുറിച്ചാണ് ഇന്ന് എല്ലാവരും ആദ്യം ചിന്തിക്കുന്നത്. എന്നാൽ ദൈവനാമം നമ്മുടെ കുടുംബത്തിലൂടെ മഹിമപ്പെടാനാണു നാം ഒന്നാമതായി ആഗ്രഹിക്കുന്നതെങ്കിൽ ദൈവം വസിക്കുന്ന ഒരു ഭവനം കെട്ടിപ്പണിയുന്നതിനായിരിക്കും നാം മുൻഗണനകൊടുക്കുക.

ഉത്തമമായ ക്രിസ്തീയകുടുംബത്തിൽ നിന്ന് ദൈവമില്ലാത്ത കുടുംബത്തിന് ചില വ്യത്യാസം ഉണ്ട്. ദൈവത്തിനു വാസസ്ഥലം ഒരുക്കാതെ തങ്ങൾക്കായി വീടു പണിയുന്നതാണ് ആ വ്യത്യാസം !! അതുകൊണ്ട് ഇന്ന് കുഴപങ്ങളും സമാധാനമില്ലായ്മയും അത്തരം കുടുംബങ്ങളിൽ കാണുന്നു. വിവാഹജീവിതത്തിന്റെ തുടക്കത്തിൽ പൊതുവേ കാര്യങ്ങൾ എല്ലാം സന്തോഷപ്രദമായിരിക്കും. എന്നാൽ ഏകദേശം ആറുമാസം കഴിയുമ്പോൾ ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹമായി. ഇതിന് ഒരേ ഒരു കാരണമേയുള്ളൂ ‘ഇവർ തങ്ങൾക്കായി വീട് പണിതു’.

എന്നാൽ നാം നിരന്തരം സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള വഴി ദൈവവചനം ഉപദേശിക്കുന്നു. ദൈവ വചനപ്രകാരമുള്ള ഇത്തരം ജീവിതം ദൈവത്തെ മഹത്വപ്പെടുത്തുമെന്നു മാത്രമല്ല, ആ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുകയും ചെയ്യും. ഈ ഉദ്ദേശ്യത്തോടെയാണ് “ഞാൻ വസിക്കുന്നതിന് ഒരു വാസസ്ഥലം നിങ്ങളുടെ കുടുംബജീവിതത്തിൽ പണിയുവിൻ” എന്ന് ദൈവം കല്പിച്ചിരിക്കുന്നത്.

 യിസ്രായേൽ ജനത്തെ ദൈവം എന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് ഈജിപ്തിൽനിന്നു വിടുവിച്ചതെന്ന് ഇപ്പോൾ നമുക്കറിയാം. അവരോടുകൂടെ വസിക്കുന്നതിന് അല്ലെങ്കിൽ തന്റെ തേജസ്സ് അവരുടെ ഇടയിൽ വസിക്കുന്നതിന് ഒരു സ്ഥലം നിർമ്മിക്കുന്നതിന് ദൈവം അവരെ വിളിച്ചു. തനിക്കായി നിർമ്മിക്കുന്ന വാസസ്ഥലം എല്ലാ അളവിലും തന്റെ കല്പനപ്രകാരം തന്നെ ആയിരിക്കണമെന്ന് ദൈവം കർശനമായി പറഞ്ഞു. യിസ്രായേൽ ജനം ഈ വാസസ്ഥലം സ്വന്ത ഇഷ്ടപ്രകാരം നിർമ്മിക്കാൻ പാടില്ല. അതുകൊണ്ട് യിസ്രായേൽ ജനം തങ്ങളെത്തന്നെ താഴ്ത്തി ദൈവം കൊടുത്ത “പ്ലാനിൻ പ്രകാരം” കൂടാരം നിർമ്മിച്ചു. അതിനാലാണ് നമ്മൾ പുറപ്പാട് 40:34ൽ “യഹോവയുടെ തേജസ്സ് തിരുനിവാസത്ത നിറച്ചു എന്ന് കാണുന്നത്. ഇതിനുവേണ്ടിയാണു നാമും വിളിക്കപ്പെട്ടിരിക്കുന്നത്. കുടുംബ ജീവിതത്തിന്റെ തുടക്കം മുതലേ നമുക്കായിട്ടോ അല്ലെങ്കിൽ നമ്മുടെ സ്വന്തപ്ലാനിൻ പ്രകാരമോ പണിയാതെ, ദൈവത്തിനായി ഒരു വാസസ്ഥലം നിർമിക്കണം. ദൈവ കല്പനപ്രകാരം അതു ചെയ്യുകയാണെങ്കിൽ (നിർമ്മിക്കുകയാണെങ്കിൽ) ഒടുവിൽ ദൈവത്തിന്റെ തേജസ്സ് ആ വീടിനെ നിറയ്ക്കും.

ഇന്ന് അനേക കുടുംബങ്ങളിൽ കർത്താവിന്റെ തേജസ്സിനു പകരം സാത്താന്റെ “തേജസ്സാണു” നിറഞ്ഞു കാണുന്നത്. യേശുക്രിസ്തുവിൽ ദൈവതേജസ്സ് “കൃപയും സത്യവുമായി നിറഞ്ഞിരുന്നു” എന്ന് വായിക്കുന്നു. എന്നാൽ ഇന്ന് അനേകകുടുംബങ്ങളിൽ കയ്പും ദ്രവ്യാഗ്രഹവും, അസൂയയുമാണു നിറഞ്ഞിരിക്കുന്നത്. ഇതിന്റെ കാരണം ഇപ്പോൾ നമുക്കറിയാം. അതേ, ഇവർ ദൈവവചനം പ്രകാരം അവരുടെ വീടു പണിയാതിരുന്നതിന്റെ പരിണതഫലമാണ്!! ദൈവത്തിനു വീടുപണിയുന്നത് എങ്ങനെയാണെന്നുള്ളതു സംബന്ധിച്ചു വ്യക്തമായ കല്പനകൾ ദൈവം തന്നിട്ടുണ്ട്.

2. ദൈവം വസിക്കുന്ന ഭവനത്തിൽ താൻ നിയമിച്ച നേതൃത്വക്രമം ഉണ്ടായിരിക്കും.

“ദൈവത്തിന്റെ വാസസ്ഥലമായ കുടുംബത്തിൽ പുരുഷനു ക്രിസ്തു തലയായി ഇരിക്കണം. അതു പോലെ സ്ത്രീക്കു  പുരുഷൻ തലയായിരിക്കണം” (1കോരി.11:3,4). ദൈവം വസിക്കാനാഗ്രഹിക്കുന്ന കുടുംബത്തിൽ ഇതായിരിക്കണം ക്രമം. “ക്രിസ്തു ഈ വീടിന്റെ നായകൻ’ എന്ന വചനം ക്രിസ്ത്യാനികൾ പലരും തങ്ങളുടെ വീട്ടിൽ തൂക്കിയിടാറുണ്ട്. എന്നാൽ യാഥാർത്ഥ്യത്തിൽ ആ വീട്ടിൽ അങ്ങനെയാണോ? ആദാമിന്റെ കുടുംബത്തിലും ദൈവം തലയായിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചത് – ദൈവം അവരെ കുടുംബജീവിതത്തിൽ ഒന്നായിച്ചേർത്തപ്പോൾ; എന്നാൽ തൊട്ടടുത്ത വചനത്തിൽ “സാത്താൻ അവിടെ കടന്നു” എന്ന് വായിക്കുന്നു. ആദം ഹവ്വമാരുടെ കുടുംബത്തിൽ എപ്രകാരമാണു സാത്താൻ നുഴഞ്ഞു കയറി അവരെ വഞ്ചിച്ചത്? അതേ ദൈവം അവർക്കായി കൊടുത്തിരുന്ന നേതൃത്വക്രമം അവർ കൈക്കൊണ്ടില്ല. അതാണു കാരണം.

അനുസരണക്കേടു കാട്ടുന്നതിന്, സർപ്പം ആലോചന പറഞ്ഞപ്പോൾ അതിന് മറുപടിയായി, “സാത്താനേ, നീ പറയുന്നത് ശരിയാണ്. എന്നാലും ഞാൻ തനിയേ ഒന്നും തീരുമാനിക്കുകയില്ല. എനിക്ക് കർത്താവ് ഒരു തലയെ നിയമിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോടും ഒന്ന് ആലോചിച്ചതിനു ശേഷം എന്റെ തീരുമാനം നിന്നോടു പറയാം” എന്നുപറഞ്ഞിരുന്നുവെങ്കിൽ, എത്ര ശ്രേഷ്ഠമായിരുന്നേനേ! എന്നാൽ അവൾ അതിനു പകരം അവൾ സാത്താനോടു നീണ്ട ചർച്ചകൾ നടത്തി. എന്നിട്ട് തലയായ ഭർത്താവിനോടു ചോദിക്കാതെതന്നെ ഒരു തീരുമാനം എടുത്തു!

ഇങ്ങനെ ദൈവം നിയമിച്ചിരുന്ന നേതൃത്വക്രമത്തെ ഹവ്വ ലംഘിച്ചുവെന്നു മാത്രമല്ല, തന്റെ ഭർത്താവും ദൈവത്തിനു കീഴ്പ്പെടാതിരുന്ന് പാപം ചെയ്യുവാൻ പരിപ്പിച്ചു. ഇത്തരുണത്തിൽ ആദാമെങ്കിലും, ഹവ്വയെ നോക്കി, “നോക്കൂ, ദൈവം എനിക്ക് തലയായിരിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ ഞാൻ ദൈവത്തോടു കൂടിയാലോചിച്ചതിനു ശേഷം തീരുമാനമെടുക്കാം” എന്ന് പറയണമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്തില്ല. നോക്കുക: ദൈവം വെച്ചിരിക്കുന്ന അധികാരക്രമം പാലിക്കുന്നത് ഒരു കണക്കിൽ എത്ര എളുപ്പമാണ്. അങ്ങനെ പാലിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന പാപങ്ങളും ദുഃഖങ്ങളും, കുഴപ്പങ്ങളും വലിയൊരളവുവരെ ഒഴിവാക്കാൻ കഴിയുമായിരുന്നു!

ദൈവം നിയമിച്ചിരിക്കുന്ന അധികാരക്രമത്തെപ്പറ്റി അല്പം ആലോചിച്ചു നോക്കുക. സ്ത്രീക്ക് പുരുഷനും, പുരുഷന് ക്രിസ്തുവും തലയായിരിക്കുന്ന ക്രമം. ഈ ക്രമം നാം ലംഘിച്ചാൽ ദൈവത്തിന് ഒരു വാസസ്ഥലം പണിയുവാൻ ഒരിക്കലും നമുക്കു കഴിയുകയില്ല!! ഇന്നു ലോകത്തെവിടെയും സാത്താൻ കുടുംബങ്ങളെ തകർക്കുന്നത് ഈ അധികാരക്രമത്തെ തകിടം മറിച്ചുകൊണ്ടാണ്.

3. ദമ്പതികളുടെ പുറമേയുള്ള അഴകല്ല, ഹൃദയത്തിന്റെ സൗന്ദര്യം നോക്കിയാണു ദൈവം വാസസ്ഥലം തെരഞ്ഞെടുക്കുന്നത്.

“യഹോവാ വീടു പണിയുന്നില്ലെങ്കിൽ….” എന്ന വചനം ദൈവം വസിക്കുന്ന വാസസ്ഥലം അവിടുത്തെ ആഗ്രഹപ്രകാരമാണു പണിയുന്നതെന്നല്ലേ വ്യക്തമാക്കുന്നത്?

പഴയ നിയമത്തിൽ ദൈവം വസിച്ച വാസസ്ഥലത്തെപ്പറ്റി പൊതുവായ ഒരു കാര്യം നാം അറിഞ്ഞിരിക്കണം. ആ വാസസ്ഥലം കാഴ്ചയ്ക്ക് ഒട്ടും ആകർഷണീയം ആയിരുന്നില്ല എന്നതാണത്. സമാഗമന കൂടാരത്തെ ഒരു പരുക്കനായ മൃഗത്തിന്റെ തോലു കൊണ്ട് മൂടുവാൻ ദൈവം കല്പന കൊടുത്തു. ഫലം: കൂടാരം പുറമേ നിന്നു കണ്ടാൽ ഒട്ടും ആകർഷകമല്ല. എന്നാൽ കൂടാരത്തിന്റെ അകമോ? പല തരം നിറങ്ങളോടുകൂടിയ വിരിപ്പുകൾ കൊണ്ട് അതു മനോഹരമായിരുന്നു. വെളിയിൽ എളിമയോടെയും ഉള്ളിൽ ആകർഷകമായും ഇരിക്കുന്നത് മനുഷ്യന്റെ മാർഗ്ഗമല്ല. അത് ദൈവത്തിന്റെ വഴിയാണ്. മനുഷ്യന്റെ രീതി വെളിയിൽ ആകർഷകമായും മനോഹരമായും കാണപ്പെടും. ഹൃദയാന്തർഭാഗത്തോ ശണ്ഠയും ദുർമോഹവും അസൂയയും നിറഞ്ഞിരിക്കും. എന്നാൽ ദൈവത്തിന്റെ മാർഗ്ഗമോ? പുറമേയുള്ള കാഴ്ചയ്ക്ക് ആകർഷകമല്ലെങ്കിലും, ഹൃദയത്തിന്റെ ഉള്ളിൽ സമാധാനവും, സ്നേഹവും, സ്വാർത്ഥതയില്ലാത്ത ജീവിതവും, നന്ദിയുള്ള ജീവിതവും…..ഹാ! ഇതാണ് ദൈവം വസിക്കുന്ന സ്ഥലം! ഇപ്രകാരമുള്ള വാസസ്ഥലം “ഞാൻ പണിയും” എന്ന് ദൈവം പറയുന്നു! വീണ്ടും പറയട്ടെ, ദൈവത്തിന്റെ വാസസ്ഥലം നിശ്ചയമായും വെളിയിലെ കാഴ്ചയ്ക്ക് ആകർഷകമല്ല. ഇതിനു വിപരീതമായി അനേകം വിശ്വാസികൾ പോലും പുറംകാഴ്ചയിൽ മാത്രം ശ്രദ്ധയുള്ളവരായിരിക്കുന്നു! ഇങ്ങനെയുള്ളവർ തങ്ങളുടെ ഭാര്യയെപ്പറ്റിയുള്ള സ്നേഹിതന്മാരുടെ അഭിപ്രായങ്ങളാണ് വിലമതിക്കുന്നത്. “നിന്റെ ഭാര്യ കറുത്തവളാണ്…നാഗരികമായ ശൈലി ഉള്ളവൾ അല്ല” എന്നിങ്ങനെയുള്ള അവരുടെ അഭിപ്രായങ്ങൾ കേട്ട് ചില ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്തിരിക്കുന്നു! നിങ്ങളുടെ സ്നേഹിതർ നിങ്ങളുടെ ഭാര്യയെപ്പറ്റി എന്തുപറയുന്നു എന്നു നിങ്ങൾ ചിന്തിക്കുന്നതു തെറ്റല്ലേ? നിങ്ങളുടെ ഭാര്യയെപ്പറ്റി ദൈവം എന്തു പറയുന്നു എന്നതാണു പ്രധാനം.

ദൈവം മാത്രമാണു നിങ്ങളുടെ ഭാര്യയുടെ ഹൃദയം കാണുന്നത് “മകനേ, ഞാൻ ആഗ്രഹിച്ച ശരിയായ ജീവിത പങ്കാളിയെ നീ തിരഞ്ഞെടുത്തിരിക്കുന്നു” എന്നേ അവിടുന്നു പറയൂ. എന്തെന്നാൽ, അവളുടെ ഹൃദയത്തിലെ താഴ്മയും, സ്നേഹവും, നല്ല ഗുണങ്ങളും, സ്വാർത്ഥതയില്ലാത്ത സ്വഭാവവും ദൈവം കാണുന്നു. എന്നാൽ, ഇന്ന് അനേകർക്ക് മനുഷ്യരുടെ അഭിപ്രായങ്ങളാണു പ്രധാനം. അവരുടെ കുടുംബങ്ങളിൽ സാത്താൻ രാജാവായി വാഴുന്നു. സങ്കടകരമായ വസ്തുത അനേകർ തങ്ങളുടെ ഭവനം സാത്താനുവേണ്ടി പണിയുന്നതുകൊണ്ട്, അവിടെ കലഹവും, നിലവിളിയുമാണു നിറഞ്ഞിരിക്കുന്നത്. ഇങ്ങനെ കുഴപ്പങ്ങൾ നിറഞ്ഞ കുടുംബങ്ങളുടെ മധ്യേ ഭവനത്തിൽ ദൈവത്തിന് ഒരു വാസസ്ഥലം പണിയുന്നതിന് വാഞ്ഛയുള്ള ചിലരെ കണ്ടുപിടിക്കുന്നതിന് ദൈവത്തിന്റെ കണ്ണുകൾ ഇന്ന് തെരഞ്ഞുകൊണ്ടിരിക്കുന്നു.

4. സ്വാർത്ഥതയുടെ ‘മരണം’ സംഭവിക്കുന്നില്ലെങ്കിൽ ദൈവത്തിന് ഒരു വാസസ്ഥലം പണിയുവാൻ കഴിയുകയില്ല.

പഴയനിയമകാലത്ത്, സമാഗമന കൂടാരം നിർമ്മിച്ചതിനു ശേഷം ഒരു മൃഗത്തെ ബലിയർപ്പിച്ച് അതിന്റെ രക്തം കൂടാരത്തിന്റെ എല്ലാ ഭാഗങ്ങളിലും തളിച്ചതായി നാം വായിക്കുന്നു. പുതിയ ഉടമ്പടിയുടെ കാലത്തു ഇതിനെന്താണ് സാംഗത്യം? നാം പണിയുന്ന ഭവനത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രൂശുമരണത്തിന് പ്രസക്തിയുണ്ടായിരിക്കണം എന്നതാണത്.

അത് ഇങ്ങനെ വിശദീകരിക്കാം. മനുഷ്യരായ നമ്മിൽ ഒരു വലിയ സ്വേച്ഛ കുടികൊള്ളുന്നു. ഈ സ്വേച്ഛയാണ് ഭാര്യാ ഭർത്താക്കന്മാരുടെ മധ്യേ കാണുന്ന എല്ലാ പോരാട്ടങ്ങൾക്കും കാരണം. ഭർത്താവിനു തന്റേതായ സ്വേച്ഛ ഉണ്ട്. ഭാര്യയ്ക്കും അങ്ങനെതന്നെ ഒന്ന്. ഇവർ രണ്ടു പേരുടേയും സ്വാർത്ഥത ക്രൂശിക്കപ്പെടുന്നെങ്കിൽ മാത്രമേ ഇവർ ഇരുവരും ഒന്നായിച്ചേർന്ന് പണിയപ്പെടുകയുള്ളൂ.

 ക്രൂശ് നമ്മെ പഠിപ്പിക്കുന്ന ആദ്യത്തെ പാഠം തന്നെ ഒരാളോട് മറ്റൊരാൾ ക്ഷമിക്കണമെന്നതാണ്. നാം എല്ലാവരും തെറ്റു ചെയ്യുന്നു. എന്നാൽ അതെല്ലാം യേശു ക്ഷമിക്കുന്നല്ലോ. അതുപോലെ ഒരാളോട് മറ്റൊരാൾ ക്ഷമിക്കുന്നുവെങ്കിൽ, അതാണ് രക്തത്തിന്റെ അടയാളം.

മുകളിൽപ്പറഞ്ഞ ക്രൂശിന്റെ ചിന്തയാണ് യേശുവിന്റെ മനസ്സിനെ എപ്പോഴും നിറച്ചിരുന്നത്. അതേ, അവിടുന്നു സ്വന്തഹിതം ഒരിക്കലും അന്വേഷിച്ചില്ല. മറ്റുള്ളവരുടെ നന്മ മാത്രം എപ്പോഴും അന്വേഷിച്ചു. ഇന്ന് ലോകത്തിൽ ജനങ്ങൾ സ്നേഹത്തെപ്പറ്റി സംസാരിക്കുന്നു. എന്നാൽ ഇവർ യഥാർത്ഥസ്നേഹം അറിയാത്തവരാണ്. കാരണം, ഇവരുടെ ഉള്ളിൽ സ്വന്ത ഹിതം അന്വേഷിക്കുന്ന സ്വാർത്ഥത കുടികൊള്ളുന്നു. ഇങ്ങനെ സ്വന്തഹിതം അന്വേഷിക്കുന്ന ഒരുവൻ സ്നേഹം കാണിക്കുന്നുവെന്ന് പറഞ്ഞാൽ, അത് യഥാർത്ഥസ്നേഹമല്ല, മറിച്ച് ദുർമോഹമാണ് (Not love but lust). മോഹം എന്നത് ലൈംഗിക മോഹം മാത്രമല്ല, അത് മോഹത്തിന്റെ ഒരു വശം മാത്രമാണ്. ഭാര്യാഭർതൃബന്ധത്തിൽ അവർ സ്വാർത്ഥം അന്വേഷിക്കുകയാണെങ്കിൽ അതാണ് ഏറ്റവും വലിയ ദുർമ്മോഹമെന്നു പറയാം. ഇന്ന് സ്നേഹമെന്നു തെറ്റിദ്ധരിക്കപ്പെട്ട ദുർമ്മോഹമാണ്. ഈ ലോകത്തെ മുഴുവനും ഭരിച്ചുകൊണ്ടിരിക്കുന്നത്. ഒരാളോട് എനിക്ക് സ്നേഹം ഉണ്ടെന്ന് ഒരുവൻ ഒരുവൾ പറയുമ്പോൾ വാസ്തവത്തിൽ മോഹം ഉണ്ടെന്നാണ് പറയേണ്ടത്. ഇങ്ങനെ തനിക്കായി ഒരു നേട്ടം അന്വേഷിക്കുന്ന മോഹത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹത്തിൽ കുഴപ്പങ്ങളായിരിക്കും ബാക്കി നിൽക്കുക. അതേ, “രക്തത്തിന്റെ അടയാളം” അവിടെയില്ല. അതായത് സ്വാർത്ഥം അന്വേഷിക്കുന്ന സ്വയം അവിടെ മരിക്കുന്നില്ല, ഒരുവൻ സ്വന്തഹിതം അന്വേഷിക്കുന്നതിനു മരിച്ചാൽ മാത്രമേ യഥാർത്ഥമായ ദൈവസ്നേഹം അവനിൽ വെളിപ്പെടുകയുള്ളൂ.

അതിനാൽ നിങ്ങളുടെ സ്വന്തനേട്ടം ഒരിക്കലും അന്വേഷിക്കാതെ, മറ്റേയാളുടെ നന്മ എപ്പോഴും അന്വേഷിക്കുക. വിവാഹജീവിതത്തിന്റെ തുടക്കത്തിൽ ഇപ്രകാരം ജീവിക്കുന്നതിനു നമുക്കാർക്കും പ്രയാസമില്ല. എന്നാൽ ഈ നിലയിൽ ഒരാൾ പോലും അവസാനം വരെ നിലനിൽക്കുന്നില്ല. അതിനാൽ വിവാഹിതരായപ്പോൾ ഉള്ള “നല്ല തുടക്കം” മാത്രം പോരാ. അവസാനവരെയും ഈ യഥാർത്ഥ സ്നേഹത്തിൽ നിലനിൽക്കുന്നതിന് സ്വന്തം ഹിതത്തിനു മരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

കുടുംബം പണിയുന്ന “കല്ലുകൾ”

ചിന്തകളും വാക്കുകളുമാണ് കുടുംബം പണിയുന്ന കല്ലുകൾ, ഭർത്താവിനെക്കുറിച്ച് ഭാര്യയെക്കുറിച്ച് അനുഭാവപൂർവ്വം ചിന്തിക്കുമ്പോൾ നിങ്ങളുടെ കുടുംബം പണിയപ്പെടുകയാണ്. ഇതുവരെ നിങ്ങൾ എങ്ങനെയാണു പണിതതെന്നു നിങ്ങൾക്കു തന്നെ അറിയാം! അനുഭാവത്തിന്റെ ചിന്തകൾക്കു പകരം വിദ്വേഷത്തിന്റെ ചിന്തകൾകൊണ്ടാണു ഇതുവരെ പണിഞ്ഞതെങ്കിൽ തന്മൂലം അതു തകർന്നു വീണെങ്കിൽ എന്താണ് ആശ്ചര്യപ്പെടുവാനുള്ളത്?

ഈ ലോകത്തിൽ വീട് പണിയുന്നവർ നന്നായി ചെത്തിയൊരുക്കിയ കല്ലുകൾകൊണ്ട് തന്നെ അതു പണിയുന്നു. എന്നാൽ ഈ വീടു നിത്യമായി നില നിൽക്കുന്ന ഒന്നല്ലല്ലോ! അതെ, അതെല്ലാം ഒരു ദിവസം തകർന്നുപോകും. നിത്യതയോളം നിലനിൽക്കുന്ന വീട് അല്ലെങ്കിൽ കുടുംബം അന്യോന്യമുള്ള സ്നേഹബന്ധംകൊണ്ടാണ് പണിയപ്പെടുന്നത്. അതിനാൽ നിങ്ങളുടെ ചിന്തകളായ കല്ലുകളെക്കുറിച്ച് ജാഗ്രത കാട്ടുക. അതു നന്മയും വിശുദ്ധിയും നിറഞ്ഞ ചിന്തകളാകട്ടെ! “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരോട് കയ്പ്പായിരിക്കരുത്” എന്ന് ദൈവവചനം പറയുന്നു. കയ്പ്പ് പ്രധാനമായും ചിന്തകളിൽ നിന്നാണ് വരുന്നത്. അതിനാൽ, തെറ്റായ ചിന്ത വരാതിരിക്കുന്നതിന് ചിന്താജീവിതത്തെ രക്തത്താൽ, ക്രൂശിനാൽ മുദ്രവച്ചിരിക്കണം. അതേ, ഞാൻ എന്റെ സ്വാർത്ഥമായ, സ്നേഹശൂന്യമായ, ഭിന്നത ഉണ്ടാക്കുന്ന ചിന്തകൾക്കു മരിക്കട്ടെ!

എന്നാൽ സാത്താൻ നിങ്ങളുടെ അരികിൽ നിന്നുകൊണ്ട് അവന്റെ കല്ലുകളെ നിങ്ങൾക്കു തരുവാൻ ശ്രമിക്കും എന്നതാണു പ്രശ്നം. ഫലം, ചിന്താമണ്ഡലത്തിൽ ജീവിതപങ്കാളിയോടു കയ്പായിരിക്കാനും കഠിനമായിരിക്കാനും എന്തിന് അവരെ സംശയിക്കാനും നിങ്ങൾ പരീക്ഷിക്കപ്പെടും. ഇത്തരം സംശയങ്ങൾക്കു നിങ്ങൾ മരിക്കണം. ജീവിതപങ്കാളിയെ വിശ്വസിക്കാൻ തക്ക ചിന്ത ഉള്ളവരായിരിക്കുന്നതിനു നാം സ്വയം പരിശീലിക്കണം. ഇങ്ങനെ ശീലിച്ച് ശീലിച്ച് എപ്പോഴും നന്മതന്നെ ചിന്തിക്കുന്നതിന് ചിന്താമണ്ഡലത്തെ നമുക്ക് കാത്തുകൊള്ളാം.

ഇതുപോലെ തന്നെയായിരിക്കണം വാക്കുകളും. അവയും കുടുംബത്തെ പണിയുന്നതായിരിക്കണം. ഭാര്യാ ഭർത്താക്കന്മാരുടെ അന്യോന്യമുള്ള സംഭാഷണം റിക്കാർഡ് ചെയ്തിട്ട് അതൊക്കെ ന്യായവിധി ദിവസം നാം കേൾക്കുകയാണെങ്കിൽ എങ്ങനെയിരിക്കും? അത് നിങ്ങൾക്ക് ആസ്വദിച്ചു കേൾക്കാൻ കഴിയുമോ? അതോ നിങ്ങളുടെ വാക്കുകൾ നിങ്ങൾക്ക് ലജ്ജ ഉണ്ടാകുന്നതായിരിക്കുമോ?

ഒരു പക്ഷേ നമ്മിൽ ചിലർക്ക് “ഞാൻ എന്റെ ഭാര്യയോട് ഭർത്താവിനോട് സംസാരിച്ച വാക്കുകളെ ഈ ലോകം നന്നായി കേൾക്കട്ടെ!” എന്ന് വെല്ലുവിളിയോടെ പറയാൻ കഴിയുമായിരിക്കും. ഇങ്ങനെയുള്ള ഉത്തമരും സത്യസന്ധരുമായ ഭാര്യാഭർത്താക്കന്മാരുടെ വാക്കുകൾ നമ്മൾ ടേപ്പിൽ കേട്ടാൽ ഏറ്റവും കൂടുതൽ വാക്കുകളും “ഞാൻ ഖേദിക്കുന്നു”, “എന്നോട് ക്ഷമിക്കണം”, “തെറ്റ് എന്റേതാണ്” എന്നിവയായിരിക്കും. അതേ, നമ്മിൽ ആരും പരിപൂർണ്ണമല്ല. എന്നാൽ, ഉത്തമനായ ഭർത്താവ്/ഭാര്യ, തങ്ങളെ താഴ്ത്തുന്നതിനും നന്മയുള്ള വാക്കുകൾ സംസാരിക്കുന്നതിനും, സാത്താൻ തങ്ങളുടെ നാവിൽ കൊണ്ടുവച്ച് അശുദ്ധമായ വാക്കുകൾക്ക് മരിക്കുന്നതിനും തങ്ങളെത്തന്നെ പരിശീലിപ്പിച്ചവരായിരിക്കും!

ഇതിനു പകരം ഇന്നു ഭാര്യാഭർത്താക്കന്മാർ തമ്മിൽ പറയുന്ന തിന്മയുള്ള വാക്കുകൾ ഇങ്ങനെ: “നിന്റെ അപ്പൻ ഇങ്ങനെയുള്ളവനാണ്”, “നിങ്ങളുടെ അമ്മ മോശമാണ്”, “നിന്റെ വീട്ടുകാരുടെ ലക്ഷണം കണ്ടില്ലേ?”. “രണ്ടു വർഷം മുമ്പ് നടന്ന ആ സംഭവം ഞാൻ മറക്കണോ?”…. ഇന്ന് അനേക കുടുംബങ്ങൾ ഇതുപോലുള്ള കല്ലുകൾ കൊണ്ടാണു പണിയുന്നത്. ഇങ്ങനെയുള്ള കുടുംബങ്ങൾക്കു മധ്യത്തിലാണ്, ദൈവത്തെ മഹത്വപ്പെടുത്തുന്നത്തിന് മേന്മയുള്ള കുടുംബങ്ങളെ ദൈവത്തിനു ആവശ്യമായിരിക്കുന്നത്.

ആകയാൽ നിങ്ങളുടെ വാക്കുകളെക്കുറിച്ച് അധികം ജാഗ്രതയായിരിക്കുക. ദൈവവചനത്തിന്റെ മാതൃകപ്രകാരം നിങ്ങളുടെ ഭവനങ്ങളെ പണിയുക. വചനത്തിൽ കല്പിച്ചിരിക്കുന്ന പ്രകാരം നാം അന്യോന്യം സംസാരിക്കുന്നതിന് പരിശീലിക്കപ്പെട്ടിരുന്നാൽ, അത് എത്ര ശ്രേഷ്ഠമായിരിക്കും!

എഫെസ്യർ 4:29ൽ “നല്ല വാക്കല്ലാതെ ആകാത്തതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്” എന്ന് പറഞ്ഞിരിക്കുന്ന കല്പന നിങ്ങൾ കൈക്കൊള്ളുന്നുണ്ടോ? ആകാത്ത കല്ലുകൾ കൊണ്ട് നിങ്ങളുടെ വീട് പണിയേണ്ട എന്നാണ് ഈ വചനം അനുശാസിക്കുന്നത്. ഭർത്താവും ഭാര്യയും ഈയൊരു ലഘുവായ പ്രമാണം അനുസരിച്ചാൽ അത് എത നന്നായിരിക്കും! അങ്ങനെയെങ്കിൽ നിങ്ങൾ എപ്പോഴും കൃപ നിറഞ്ഞ വാക്കുകൾ മേലിൽ  അന്യോന്യം സംസാരിക്കും. ചുരുക്കത്തിൽ പല വർഷമായി കെട്ടിയുയർത്തിക്കൊണ്ടുവന്ന മോശമായ സാക്ഷ്യത്തിനു പകരം ഒരു വർഷത്തിനുള്ളിൽ ഇമ്പകരമായ ഭവനം പണിയുന്ന വിസ്മയം നിങ്ങളുടെ വീട്ടിൽ സംഭവിക്കും! ഈ വിധമുള്ള ജീവിതം സാധ്യമാണ്. ദൈവം തന്നിരിക്കുന്ന പ്രമാണങ്ങളെ കൈക്കൊള്ളുന്നതിന് നിങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി!

ഈ സന്ദർഭത്തിൽ നിങ്ങൾക്ക് വിവിധ പരീക്ഷകൾ വരാം. ഉദാഹരണമായി നിങ്ങളുടെ വീട്ടിൽ വരുന്ന ഒരു സന്ദർശകൻ പരദൂഷണം പറയുന്നു. അതിനോടു ചേർന്നു പരദൂഷണം പറയുന്നതിന് നിങ്ങളും പരീക്ഷിക്കപ്പെടുന്നു. ഈ ശോധനയിൽ നിങ്ങളെ സൂക്ഷിക്കാതിരുന്നാൽ സാത്താൻ വീടു തേടിവന്നു ഏൽപ്പിച്ച് മോശം കല്ലുകളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ നിങ്ങളുടെ കുടുംബത്തെയും പണിയും! നാം നമുക്കായി വീടുപണിയാതെ “ദൈവത്തിനായിട്ടാണല്ലോ ഭവനം പണിയുന്നത്”. ആകയാൽ, സാത്താൻ തരുന്ന മോശപ്പെട്ട കല്ലുകളെ തള്ളിക്കളയാൻ ജാഗ്രത കാണിക്കുക.

6. എല്ലാം ഭസ്മീകരിക്കുന്ന പരിശുദ്ധാമാവ് വസിക്കുന്ന വീടിന് അനീതിയും പാപവും ചുട്ടെരിച്ച് ദൈവഭവനമായി മാറാൻ കഴിയും.

“മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം” എന്ന് ആവർത്തനം 33:16ൽ നാം വായിക്കുന്നു. ദൈവം എരിയുന്ന മുൾപ്പരപ്പിൽ നിന്നാണ് ആദ്യമായി മോശയോട് സംസാരിച്ചത്. അവിടെ ദൈവം അഗ്നിയായി. ഫലം അവിടുന്നു വസിച്ച് മുൾപ്പടർപ്പും അഗ്നിയാൽ വലയം ചെയ്തിരുന്നു. അതു കൊണ്ട് ആ മുൾപ്പടർപ്പിൽ ഉള്ള എല്ലാ കൃമികീടങ്ങളും ഭസ്മമായിപ്പോയി. ചുട്ടെരിക്കുന്ന ഈ അഗ്നിയെയാണ് പരിശുദ്ധാത്മാവ് നമുക്ക് തരുന്നത്. നമ്മൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുമ്പോൾ, നമ്മിലെ കൃമികീടങ്ങളെപ്പോലുള്ള എല്ലാ തിന്മയായ ചിന്തകളെയും ഈ അഗ്നി ചുട്ടെരിക്കുന്നു. അതെ, ഈ അഗ്നി തന്നെയാണു നമ്മുടെ ഭവനങ്ങളിൽ വസിക്കുന്നതിന് ആഗ്രഹിക്കുന്നത്. അപ്പോൾ നിങ്ങളുടെ ചിന്തകൾ, വാക്കുകൾ എല്ലാം ശുദ്ധീകരിക്കപ്പെടുമല്ലോ.

നിങ്ങളുടെ വീട്ടിലെ കർട്ടൻ തുണികൾ അഴുക്കുള്ളതായിരിക്കാം. ദൈവത്തിന് അത് ഒരു വിഷയമല്ല. എന്നാൽ നിങ്ങളുടെ ചിന്തകളും, വാക്കുകളും ശുദ്ധിയുള്ളതായിരിക്കണം. അതാണ് ദൈവത്തിന് പ്രധാനം. പരീശന്മാർ ബാഹ്യമായി ശുദ്ധിയുള്ളവരായിരുന്നു. മറിച്ച് തങ്ങളുടെ ചിന്തകളും, വാക്കുകളും ശുദ്ധിയുള്ളതായിരിക്കണമെന്നാണു ക്രിസ്തുശിഷ്യർ ആഗ്രഹിക്കുന്നത്.

‘ദൈവം വസിക്കുന്ന’ ഭവനമായി നമ്മുടെ കുടുംബങ്ങൾ കാണപ്പെടണം. സമാഗമനകൂടാരത്തിൽ ദൈവത്തിന്റെ തേജസ്സ് വന്നു തങ്ങിയതു പോലെ നമ്മുടെ ഭവനങ്ങളിലും തന്റെ മഹിമ വന്നു വസിച്ചാൽ അത് എത്ര ശ്രേഷ്ഠമായിരിക്കും! ഇത്തരം അനേക കുടുംബങ്ങൾ ഇന്നു പണിയപ്പെടണമെന്നു ദൈവം വാഞ്ഛിക്കുന്നു. അതെ, അന്ന് മുൾച്ചെടിയിൽ വസിച്ച ദൈവം ഇപ്പോൾ ഓരോ ഭവനത്തിലും വസിച്ചാൽ അവിടെ അവരുടെ ചെയ്തികൾ, ചിന്തകൾ, വാക്കുകൾ എല്ലാം ശുദ്ധിയുള്ളതായി മാറും! എല്ലാറ്റിനും മീതെ അവിടെ ഐക്യവും ഉണ്ടാകും.

ഇന്ന് ധാരാളം പേർ യിരെമ്യാവ് 22:13,14ൽ പറഞ്ഞിരിക്കുന്നതു പോലെ അനീതിയാൽ പണിയുന്നു. ഇത്തരം വീടുകൾക്ക് “അയ്യോ കഷ്ടം” എന്നാണ് യിരെമ്യാവ് പറഞ്ഞത്. ചില വീടുകളിൽ “ദൈവമേ, ഞങ്ങളുടെ ഭവനത്ത അനുഗ്രഹിക്കണമേ!” എന്ന വചനം എഴുതിതൂക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വീട് കള്ള പണം കൊണ്ടു പണിയപ്പെട്ടിരുന്നാൽ, നീതിയുള്ള ദൈവം എങ്ങനെ നിങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കും? പകരം നാം പാവപ്പെട്ടവരാണെങ്കിലും നീതിയുള്ളവരായി ഇരിക്കുന്നതാണ് നല്ലത്. അപ്പോൾ കർത്താവിന്റെ അനുഗ്രഹം അവിടെ വസിക്കും.

യെഹെസ്കേൽ 47ൽ, ദൈവാലയത്തിൽനിന്ന് ഒരു നദി പുറപ്പെടുന്നതു നാം കാണുന്നു. ആ നദി എവിടെയെല്ലാം ചെന്നോ അവിടെയെല്ലാം മരണമല്ല ജീവനാണുണ്ടായത്. എന്നാൽ ദൈവത്തിന്റെ വാസസ്ഥലമായിരുന്ന മനോഹരമായ ഏദൻ തോട്ടതിലുണ്ടായിരുന്ന ആദം ഹവ്വമാരുടെ വീഴ്ചയെ തുടർന്ന് അവർക്ക് ആ തോട്ടം നഷ്ടപ്പെട്ടു. ഈ സ്ഥിതിക്ക് ഒരേയൊരു കാരണം ആദമും ഹവ്വയും അന്യോന്യം കുറ്റം ആരോപിച്ചു. മറ്റെയാളെ കുറ്റപ്പെടുത്തുന്ന ഒരു ചെറിയ ചൂണ്ടുവിരൽ സ്വർഗ്ഗീയസമാധാനത്തെ എത്രമാത്രം നഷ്ടപ്പെടുത്തി! ആ വിരൽ ഇന്നു മുതൽ നിങ്ങൾ നിങ്ങൾക്കെതിരെ മാത്രം ചൂണ്ടിയിരുന്നെങ്കിൽ…!

നിങ്ങൾ ദൈവത്തെ നോക്കി, “ദൈവമേ, ഞാനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം” എന്ന് ഏറ്റുപറയുക. നിങ്ങൾ സ്വയം വിധിച്ചാൽ തിന്മകൾ പരിശുദ്ധാത്മാവിനാൽ ചുട്ടെരിക്കപ്പെട്ടിട്ട് നിങ്ങളിൽ നിന്ന് അനുഗ്രഹത്തിന്റെ നദികൾ പുറപ്പെടും. തങ്ങൾക്കായി പണിയുന്ന വീട് ഉപേക്ഷിക്കുന്ന ദമ്പതികൾക്കാണ് ദൈവം അനുഗ്രഹിക്കുന്ന പുതിയ വീട് പണിയാൻ കഴിയുന്നത്.

ദൈവം അബ്രഹാമിനെ ‘ഊർ’ എന്ന പട്ടണം ഉപേക്ഷിച്ച് കനാൻ ദേശത്തേക്ക് വരുവാൻ വിളിച്ചു. അതു പോലെ ഇന്ന് നമുക്കായി പണിയുന്ന വീട് വിട്ട് വെളിയിൽ വന്ന് നാം ദൈവം ആഗ്രഹിക്കുന്ന ഭവനത്തെ പണിയണം. അബ്രഹാമിനെപ്പോലെ പഴയ വാസ സ്ഥലം ഉപേക്ഷിക്കുക. അപ്പോഴാണ് നിങ്ങൾക്ക് പുതിയവീട്ടിൽ പ്രവേശിക്കുവാൻ കഴിയുന്നത്.

ഇതുവരെ നിങ്ങൾ നിങ്ങൾക്കായി മാത്രം ജീവിച്ചു. എന്നാൽ ഇപ്പോൾ ദൈവം വസിക്കുന്ന ആലയത്തെക്കുറിച്ച് നിങ്ങൾ കേട്ടു. ഇനി നിങ്ങൾ എന്താണ് ചെയ്യേണ്ടത്? പഴയ, ‘സ്വാർത്ഥം’ അന്വേഷിക്കുന്ന വനത്തെ ഉപേക്ഷിക്കുന്നതിന് നിങ്ങൾ തയ്യാറാണോ?

ദൈവവചനത്തിന് കീഴ്പ്പെട്ടുവാൻ നിങ്ങൾക്ക് മനസ്സില്ലെങ്കിൽ, ദൈവത്തിന്റെ മഹിമ നിങ്ങളുടെ വീടിനെ ഒരിക്കലും നിറയ്ക്കുകയില്ല. എന്നാൽ ദൈവത്തിന്റെ കല്പന അനുസരിച്ചു പഴയ ഊരിലെ ഭവനം വിട്ട അബ്രഹാമിനെ ദൈവം ധാരാളമായി അനുഗ്രഹിച്ചു. “ഞാൻ നിന്നെ അനുഗ്രഹിക്കും നീ അനേകർക്ക് അനുഗ്രഹമായി ഇരിക്കും” എന്ന് അവിടുന്നു കല്പിച്ചു. ഇതുപോലെ നമ്മുടെ ഭവനവും ദൈവത്തിന്റെ വീടായും മറ്റുള്ളവർക്ക് അനുഗ്രഹമായും തീരണം.

പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമിയിൽ “ദൈവം വസിക്കുന്ന വീടായി” നമ്മുടെ ഭവനം പണിയുന്നതിനുള്ള തീരാവാഞ്ഛയോടെ പുതിയ ഭൂമിയെ നോക്കി നമുക്കും പുറപ്പെടാം! യേശുവിന്റെ കാൽച്ചുവടുകളിൽ പ്രകാശപൂർണമായ കുടുംബജീവിതം! ഒരു ക്രിസ്തീയ കുടുംബം ഏറ്റവും നന്നായിരിക്കണം എന്നതായിരുന്നു ആദിയിലെ ദൈവികോദ്ദേശ്യം. ആദിയിൽ ദൈവം ഓരോന്നും സൃഷ്ടിച്ചപ്പോൾ അത് “നല്ലത്” എന്നു ദൈവം കണ്ടു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ “അവൻ ഏകനായിരിക്കുന്നതു നന്നല്ല” എന്നു പറഞ്ഞു (ഉൽപത്തി 2:18). എന്നാൽ ആറാം നാളിൽ ദൈവം ആദമിനു തക്ക തുണയായി ഹവ്വയെ സൃഷ്ടിച്ചതിനുശേഷം, “വളരെ നല്ലത്” എന്നു പറഞ്ഞു (ഉൽപത്തി 1:31). നേരത്തെ “നല്ലത്” എന്ന് പറഞ്ഞ ദൈവം “വളരെ നല്ലത്” എന്നു പറഞ്ഞതിനു കാരണമായി എന്താണവിടെ നടന്നത്. നേരത്തെ തനിയേ ഇരുന്ന മനുഷ്യന് ഇപ്പോൾ വിവാഹം കഴിഞ്ഞു!! വിവാഹത്തെക്കുറിച്ച് എപ്പോഴും ഇതുതന്നെ പറയും.

വിവാഹത്തിനുമുമ്പുള്ളതിനെക്കാൾ ഒരുവന്റെ നിലവാരം വിവാഹാനന്തരം ദൈവദൃഷ്ടിയിൽ വളരെ നല്ലതാണ്. അതു പോലെ വിവാഹത്തിനു മുൻപുള്ളതിനെക്കാൾ വിവാഹാനന്തരം ഒരു സ്ത്രീയുടെ ജീവിതനിലവാരം “വളരെ നല്ലതായി” മാറുന്നു! എന്നാൽ വിവാഹിതരുടെ ജീവിതത്തിൽ കാര്യങ്ങൾ ഇവിധമാണോ സംഭവിക്കുന്നത്? 99 ശതമാനം പേരുടെ ജീവിതത്തിലും ഇതിനു വിപരീതമായാണു കാണുന്നത്. വിവാഹാനന്തരജീവിതത്തെക്കാൾ വിവാഹത്തിനു മുൻപുള്ള ജീവിതമായിരുന്നു. “വളരെ നല്ലത്’ എന്നാണു മിക്കവരുടേയും സാക്ഷ്യം. ഇത് എത്ര വേദനാജനകമായ സാക്ഷ്യമാണ്!

ഒരാളുടെ വിവാഹജീവിതം ഇങ്ങനെയാകുന്നത് ഒരിക്കലും ദൈവഹിതം അല്ല, വിവാഹ ജീവിതത്തെക്കുറിച്ചുള്ള ദൈവികോദ്ദേശ്യം ‘നല്ലതല്ല’ എന്നതിൽ നിന്ന് ‘വളരെ നന്നായിരിക്കുന്നു’ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതാണ്. എന്നാൽ ഇതിന് നേർവിപരീതമായി വിവാഹ ജീവിതം തീരുന്നതിന് എന്താണ് കാരണം? തങ്ങളെ സൃഷ്‌ടിച്ച സൃഷ്ടികർത്താവിന്റെ പ്രമാണങ്ങളെ പിൻതുടരാതെ ഇവർ തങ്ങളുടെ സ്വയത്തിന്റെ വഴിയേ പോയതാണു കാരണം. സൃഷ്ടികർത്താവിന്റെ വചനപ്രകാരം ഇവർ നടന്നിരുന്നുവെങ്കിൽ, കുടുംബജീവിതം ‘നല്ലതല്ല’ എന്ന സ്ഥലത്തു നിന്നും ‘വളരെ നന്നായിരിക്കുന്നു’ എന്ന സ്ഥലത്തേക്ക് നിശ്ചയമായും വരുമായിരുന്നു.

ആകയാൽ ദൈവവചനത്തെ ഉദാസീനമായി എടുക്കരുത്. ഭർത്താവിനും ഭാര്യയ്ക്കും ദൈവം ധാരാളം ആലോചനകളെ തന്റെ വചനത്തിൽ നൽകിയിട്ടുണ്ട്. അവയെല്ലാം നാം എളിമയുള്ള ഉത്തമഹൃദയത്തോടെ പിൻപറ്റുകയാണെങ്കിൽ നമ്മുടെ കുടുംബജീവിതം “നല്ലതല്ല” എന്ന സ്ഥലത്തിൽ നിന്നും “നല്ലത്” എന്ന ഇടവും കടന്ന് “വളരെ നല്ലത്” എന്ന ഉത്തമമായ സ്ഥാനത്ത് നിശ്ചയമായും എത്തിച്ചേരും.

 സാത്താന്റെ തലയെ തകർത്ത് എത്രയും ശ്രേഷ്ഠമായ കുടുംബജീവിതം നമുക്കു സ്വായത്തമാക്കുവാൻ കഴിയും എന്നതാണ് യേശു നമുക്കു തരുന്ന സുവിശേഷം.

“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്ന ദൈവവചനം നമുക്ക് അറിയാം. എന്നാൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ വേർപാട് ആദ്യമായി കൊണ്ടു വന്നത് പിശാചാണ്. ഇത് നാം ചുരുക്കിപ്പറഞ്ഞാൽ വിവാഹിതരാകുന്ന ദമ്പതിമാരുടെ ഇടയിൽ സാത്താൻ അടുത്ത ക്ഷണം തന്നെ പ്രവേശിക്കാൻ കാത്തിരിക്കുന്നു. അവരുടെ ജീവിതം ‘നല്ലത്’ എന്ന സ്ഥലത്തുനിന്ന് ‘വളരെ നല്ലത്’ എന്ന ഇടത്തു ചെന്നുചേരാതിരിക്കാൻ പിശാച് പരിശ്രമിക്കും. ഇതുതന്നെയാണ് നാം നമ്മുടെ പ്രായോഗികജീവിതത്തിൽ കാണുന്നതും. വിവാഹത്തിന്റെ ആരംഭനാളുകളിൽ ദമ്പതികൾ വഴക്ക് ഉണ്ടാക്കുന്നില്ല. എന്നാൽ നാളുകൾ പലതും കടന്നുപോയതിനുശേഷം ‘നല്ലത്’ എന്ന സ്ഥലത്തുനിന്നുവിവാഹ ജീവിതം ‘മോശമായത്’ എന്ന സ്ഥലത്താണ് ചെന്നുചേരുന്നത്. വിവാഹനാളുകളിൽ അന്യോന്യം സ്നേഹിച്ച് വഴക്കുണ്ടാക്കാതിരുന്ന ഇവരുടെ ജീവിതത്തിൽ സർപ്പം (സാത്താൻ) പ്രവേശിച്ചതുകൊണ്ട് വഴക്കും സ്നേഹശൂന്യമായ പെരുമാറ്റവും ഉണ്ടാകുന്നു.

ഈ ദുരവസ്ഥ മാറ്റുന്നതിനാണ് യേശു വന്നത്. യേശുവിന്റെ വരവു മൂലം ദൈവം നമുക്ക് തന്ന വാഗ്ദാനം എന്താണെന്നറിയാമോ? സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്നതാണത്! ദൈവത്തിനു സ്തോത്രം! സുവിശേഷം നമുക്കു തരുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത നന്മകൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ആദമിനും ഹവ്വയ്ക്കും നടുവിൽ വന്ന സാത്താന്റെ തലയെ യേശു തകർത്തു. ഇപ്പോൾ നാം പരിശുദ്ധാത്മാവിന്റെ ബലത്തോടെ യേശുവിനോട് ചേർന്ന് അവിടുത്തെ കർതൃത്വത്തിനു വിധേയപ്പെട്ടു ജീവിച്ചാൽ നമുക്കും നമ്മുടെ വിവാഹജീവിതത്തെ നശിപ്പിക്കാൻ വന്നിരിക്കുന്ന സാത്താന്റെ തലയെ നമ്മുടെ കാല്ക്കീഴെ ചതച്ചുകളയാൻ കഴിയും. ഇതാണ് വിവാഹജീവിതത്തിൽ ദൈവം നമുക്കായി തന്നിരിക്കുന്ന സന്ദേശത്തിലെ സുവാർത്ത! ഈ സുവിശേഷം കൈക്കൊള്ളാനുള്ള വിശ്വാസം ഉള്ളവരുടെ ജീവിതം ‘നല്ലത്’ എന്ന സ്ഥലത്തുനിന്ന് ‘വളരെ നല്ലത്’ എന്ന സ്ഥലത്തും സംശയമില്ല.

കൂട്ടായ ചിന്തകളും അന്യോന്യമുള്ള സംഭാഷണങ്ങളുമാണ് കുടുംബം പണിയുവാൻ സഹായിക്കുന്ന കല്ലുകൾ മോശമായ കല്ലുകൾ ഒഴിവാക്കി നല്ല കല്ലുകൾ ഇന്നുമുതൽ ഉപയോഗിച്ചാൽ ഒരു വർഷത്തിനുള്ളിൽ മനോഹരമായ കുടുംബം പണിയാം.

“ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ…”

കുടുംബജീവിതം ആരംഭിച്ചിരിക്കുന്ന എല്ലാവരും സർപ്പത്തിന്റെ തലയെ ചതച്ച യേശുവിനെ പിൻതുടരാൻ മുഴു മനസ്സോടെ തീരുമാനിക്കണം. റോമർ 16:20ൽ “സമാധാനത്തിന്റെ ദൈവം വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ ചതച്ചുകളയും” എന്ന് വായിക്കുന്നു. ഇത് എത്ര അത്ഭുതകരമായ വചനമാണ്. “സാത്താന്റെ തലയെ യേശു ക്രൂശിൽ ചതച്ചു” എന്ന കാര്യം ഇന്ന് പലർക്കും അറിയാം. എന്നാൽ ക്രൂശിൽ അന്നു പരാജയപ്പെട്ട സാത്താൻ, ഇന്ന് നമ്മുടെ കാൽക്കീഴെ ചതയ്ക്കപ്പെടും എന്നതാണ് ഏറ്റവും ആശ്ചര്യകരമായ സുവാർത്ത. ഭാര്യാഭർത്താക്കന്മാരായ നിങ്ങൾ മുഴു ശ്രദ്ധയോടെ യേശുവിനെ പിൻപറ്റിയാൽ ഈ സാത്താൻ നിങ്ങളുടെ കാൽക്കീഴെ ചതയ്ക്കപ്പെടും. ഇതിനു പകരം ഭർത്താവും ഭാര്യയും അന്യോന്യം വഴക്കടിക്കുകയാണെങ്കിൽ സാത്താൻ നിങ്ങളുടെ കാൽക്കീഴിൽ അല്ല, നിങ്ങളുടെ കുടുംബത്തിനു മുകളിൽ സിംഹാസനം ഇട്ട് നിങ്ങളുടെ തലയ്ക്കുമുകളിലായിരിക്കും ഇരിക്കുന്നത്. അതു പോലെ കോപിച്ച്, മനം മുറിപ്പെട്ട് അന്യോന്യം ക്ഷമിക്കാൻ മനസ്സില്ലാതെ ഇരിക്കുന്നെങ്കിൽ സാത്താൻ നിങ്ങളുടെ കാൽക്കീഴെ ചതയ്ക്കപ്പെടുന്നില്ല! ചില സ്ഥലങ്ങളിൽ ഭാര്യ ഭർത്താവിനോട് ഒരു വേലക്കാരനോടെന്ന പോലെ പെരുമാറുന്നത് കാണാം. അങ്ങനെയാണെങ്കിൽ സാത്താൻ നിങ്ങളുടെ കാല്ക്കീഴെ ചതയ്ക്കപ്പെടുകയില്ല. അല്ലെങ്കിൽ ഒരു വീട്ടിൽ ഭർത്താവ് സർവ്വാധികാരിയെപ്പോലെ തന്റെ ഭാര്യയുടെ വികാരങ്ങളെ അല്പംപോലും മാനിക്കാതെ അവളെ അടക്കി ഭരിക്കുകയാണെങ്കിൽ, ആ വീട്ടിലും സാത്താൻ ചതയ്ക്കപ്പെടുന്നില്ല. മറിച്ച്, അവൻ സിംഹാസനം ഇട്ടിരിക്കുകയാണ്. ഇതുതന്നെയാണ് ഇന്ന് അനേക വിശ്വാസികളുടെ വീടുകളിൽ കാണപ്പെടുന്ന പരിതാപകരമായ സ്ഥിതിവിശേഷം.

എന്നാൽ സാത്താൻ കാൽക്കീഴെ ചതയ്ക്കപ്പെടും എന്ന സുവിശേഷ വാഗ്ദാനം നാം ഇന്ന് സ്വീകരിച്ചിരിക്കുന്നു. ഈ സുവിശേഷമാണു ഇന്ന് നമ്മൾ വിശ്വസിക്കുന്നതും. ഈ സുവിശേഷം നമ്മുടെ സഭകളിലുള്ള അനേകകുടുംബങ്ങൾ പ്രായോഗികജീവിതത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇവയെല്ലാം കൈക്കൊണ്ടു ജീവിക്കുന്നവർ തെറ്റൊന്നും ചെയ്യുകയില്ല എന്നല്ല. എന്നാൽ അവരുടെ കുടുംബ ജീവിതം നാളുകൾ കഴിയുംതോറും ‘എത്രയും നല്ലത്’ എന്ന ലക്ഷ്യത്തിലേക്കു വളർന്നുകൊണ്ടിരിക്കും. അപ്രകാരമുള്ള വീടുകളിൽ പരിശുദ്ധാത്മശക്തിയും വസിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഇതുപോലെയുള്ള കുടുംബജീവിതത്തിനാണ് നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്.

യേശുവിന്റെ കാലടികളെ പിൻചെലുക മാത്രമാണ് ശ്രേഷ്ഠമായ കുടുംബം കെട്ടിപ്പടുക്കാനുള്ള ഏക മാർഗ്ഗം. തന്നെത്തന്നെ അർപ്പിച്ച യേശുവിന്റെ മാതൃക സ്വീകരിച്ച് ഭാര്യയെ സ്നേഹിക്കാൻ ഭർത്താവ് ഇവിടെ പഠിക്കുന്നു. ഈ ഭവനത്തിൽ ഭർത്താവ് ഒരേ സമയം നായകനും ദാസനുമായിരിക്കും.

മുകളിൽ വിവരിച്ചതരത്തിലുള്ള ഒരു കുടുംബ ജീവിതം കാണാനാണു നമ്മുടെ ദേശം കാത്തിരിക്കുന്നത്. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലുള്ള വിജാതീയർ എത്ര ക്രിസ്തീയ കുടുംബങ്ങളെ ഈ മട്ടിൽ കണ്ടിട്ടുണ്ട്. വിജാതീയ ഭാര്യാഭർത്താക്കന്മാരുടേതിനേക്കാൾ ക്രിസ്തീയ ഭാര്യാഭർത്താക്കന്മാരുടെ ജീവിതങ്ങൾ ഉന്നത നിലവാരം പുലർത്തുന്നുണ്ടോ? അങ്ങനെയില്ലെങ്കിൽ അതുപോലുള്ള കുടുംബങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള കുടുംബങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയാണ് ഇന്ന് ദൈവം ഉത്തമകടുംബജീവിതത്തെക്കുറിച്ചുള്ള വചനം തന്നുകൊണ്ടിരിക്കുന്നത്.

ഒരു ഉത്തമ കുടുംബത്തിൽ ഭാര്യാ ഭർത്താക്കന്മാർ ഇരുവരും യേശുവിനെ അനുഗമിക്കാൻ പഠിച്ചിരിക്കും. യേശുവിന്റെ കാലടികളെ അനുഗമിക്കുന്ന ഒരു ജീവിതം അല്ലാതെ സാത്താനെ ജയിക്കാൻ വേറെ വഴിയില്ല. യേശുവിന്റെ നാമം ഉപയോഗിക്കുന്നവരെല്ലാം അവിടുത്തെ കാലടികൾ പിൻതുടരുന്നുവെന്ന് അർത്ഥമില്ല. കാരണം യേശുവിന്റെ നാമം എടുത്തിട്ടുള്ള പലരുടേയും ജീവിതത്തിൽ സാത്താൻ തോല്പിക്കപ്പെട്ടതായി കാണുന്നില്ല!

യേശുവിനെ പിൻചെല്ലുക മാത്രമാണ് ജയത്തിന്റെ പാത. “ഒരുവൻ എന്നെ അനുഗമിക്കുന്നുവെങ്കിൽ ഞാൻ ഇരിക്കുന്നിടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും” എന്ന് യേശു ഉറപ്പായി പറയുന്നുണ്ടല്ലോ (യോഹന്നാൻ 12:26) ഇപ്പോൾ യേശു എവിടെയാണ് ഇരിക്കുന്നത്. ഇപ്പോൾ അവിടുത്തെ കാൽക്കീഴെ സർപ്പത്തിന്റെ തല ചതയ്ക്കപ്പെട്ടിരിക്കുന്നു. നാമും യേശുവിനെ അനുഗമിക്കുന്നവരാണെങ്കിൽ അവിടുത്തെ പാദം സർപ്പത്തിന്റെ തലമേൽ ചവിട്ടിയിരിക്കുന്നതു പോലെ നമ്മുടെ പാദവും സാത്താന്റെ തലയെ തകർക്കുന്ന ഉയർന്ന സ്ഥാനത്തായിരിക്കും!

എന്നാൽ ഈ ഭാഗ്യം യേശുവിനെ പിൻതുടരുന്നവർക്കു മാത്രമാണുള്ളത്. അതുകൊണ്ടാണ് നാം നമ്മുടെ ഓട്ടം യേശുവിനെ നോക്കി ഓടണമെന്നു ദൈവവചനം നമ്മെ ബുദ്ധിയുപദേശിക്കുന്നത് (എബ്രാ.12:1,2). വിവാഹജീവിതം ആരംഭിക്കുന്ന ദമ്പതിമാർക്ക് സ്വീകരിക്കാവുന്ന അനുഗൃഹീതമായ ഒരു വചനമാണിത്. അതേ, യേശുവിനെ നോക്കിക്കൊണ്ട് അവിടുത്തെ കാല് ചുവടുകളെ പിൻതുടർന്ന് നവദമ്പതികൾ തങ്ങളുടെ പ്രയാണം തുടരട്ടെ.

ഒരു ഭർത്താവിനു ദൈവം കൊടുക്കുന്ന ആദ്യ വചനം “പുരുഷന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ” (എഫേസ്യർ 5:25) എന്നതാണ്. ആ സ്നേഹം “ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ പോറ്റിപ്പുലർത്തുന്നതു പോലെ”… എന്നിങ്ങനെ യേശുവിന്റെ മനോഭാവത്തോടു സാദൃശ്യപ്പെടുത്തി പറഞ്ഞിരിക്കുന്നു. (5:29) ക്രിസ്തുവിന്റെ സ്നേഹത്തിനു സമാനമായ അവസ്ഥയിൽ ഈ ഭൂമിയിൽ ഒരു ഭർത്താവുപോലും എത്തിച്ചേർന്നിട്ടില്ല എന്നതു വാസ്തവം. എന്നാൽ ദുഃഖകരമായ കാര്യം ഈയൊരു ശ്രേഷ്ഠമായ സ്ഥാനത്ത് എത്തിച്ചേരുന്നതിന് ഇന്നത്തെ വിശ്വാസികൾക്ക് ഒട്ടും താത്പര്യവുമില്ല എന്നതാണ്.

ഉത്സാഹത്തോടെയുള്ള ശ്രമം കൂടാതെ നമുക്ക് ഒന്നും ലഭിക്കുകയില്ല. ഇതുതന്നെയാണ് പൂർണ്ണത ലക്ഷ്യമാക്കുന്ന ജീവിതത്തിനും പ്രസക്തമായിട്ടുള്ളത്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ തന്റെ ഭാര്യയെ സ്നേഹിക്കുന്നതിന് തീക്ഷ്ണമായി ശ്രമിക്കുന്ന ഒരു ഭർത്താവ് വർഷങ്ങൾ മുന്നോട്ട് പോകുന്തോറും ഭാര്യയെ സ്നേഹിക്കുന്നതിൽ തന്റെ ഉള്ളിൽ മുന്നേറിവരുന്നത് കാണാം.

ക്രിസ്തു സഭയെ സ്നേഹിക്കുന്നത് “അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്” എന്നാണ് കാണുന്നത്. (എഫേസ്യർ 5:26). ക്രിസ്തു സഭയെ എങ്ങനെ ശുദ്ധീകരിക്കുന്നു? അല്ലെങ്കിൽ സഭ തെറ്റ് ചെയ്യുമ്പോൾ എങ്ങനെ തിരുത്തുന്നു? ഇന്ന് ഭാര്യയിൽ തെറ്റു കാണുന്ന ഭൂരിപക്ഷം ഭർത്താക്കന്മാരും ഭാര്യമാരെ കഠിനപദങ്ങളുപയോഗിച്ചു വഴക്കുപറയുന്നു. എന്നാൽ യേശുവോ? ഇങ്ങനെ ഒരുകാലവും പെരുമാറുന്നില്ല. അവളിൽ (സഭയിൽ) എന്തെങ്കിലും തെറ്റ് കാണുകയാണെങ്കിൽ അവളെ വിശുദ്ധീകരിക്കേണ്ടതിനായിരിക്കും യേശു ബദ്ധപ്പെടുന്നത്. എന്തെന്നാൽ തന്റെ കാന്തയെ (സഭ) തനിക്കു മുമ്പാകെ “കറ, ചുളുക്കം മുതലായവ ഒന്നും ഇല്ലാതെ നിർത്തുന്നതിന്” അവിടുത്തേക്കുള്ള ആഗ്രഹമാണ് തന്റെ തീക്ഷ്ണതയ്ക്ക് കാരണം. ഇതുപോലെ നിങ്ങൾ നിങ്ങളുടെ ഭാര്യയെ “കറ, ചുളുക്കം” ഒന്നും ഇല്ലാതെ നിങ്ങളുടെ മുമ്പാകെ നിർത്തുന്നതിന് ആഗ്രഹിക്കുന്നുവോ?

ഇവിടെ യേശു സഭയെ വിശുദ്ധീകരിക്കേണ്ടതിന് എന്താണ് ചെയ്തത്. അവളെ (സഭയെ) വിശുദ്ധീകരിക്കുന്നതിന് തന്നെത്തന്നെ അവൾക്കായിട്ട് (അതിനായിട്ട്) ഏല്പിച്ചുകൊടുത്തു എന്ന് വായിക്കുന്നു (എഫേ. 5:27). സഭയുടെ കുറവു പോക്കുന്നതിന് ദൈവം കൈക്കൊണ്ട് വഴി ഇതാണ്. ഈ ദൈവത്തിന്റെ വഴിയേ നമുക്കും പോകാം. ഭർത്താക്കന്മാർ ഭാര്യമാരിൽ തെറ്റുകൾ കണ്ടാൽ എന്താണ് ചെയ്യേണ്ടത്? യേശുവിനെ പിൻചെല്ലുവിൻ, അതുമതി. അതായത്, നിങ്ങൾ ഈ ലോകത്തിലുള്ള ബുദ്ധിഹീനരായ മറ്റ് ഭർത്താക്കന്മാരെപ്പോലെയാകരുത്. പകരം ദൈവത്തിലേക്കു ദൃഷ്ടി തിരിച്ച് “ദൈവമേ, അങ്ങ് അങ്ങയുടെ കാന്തിയിൽ കുറ്റം കണ്ടപ്പോൾ, അവൾക്കായിട്ട് അങ്ങയെത്തന്നെ ഏല്പിച്ചു കൊടുത്തല്ലോ. ഇപ്പോൾ കർത്താവേ, അങ്ങയെപ്പോലെ തന്നെ ഞാനും എന്റെ ഭാര്യയ്ക്ക് എന്നെ ഏല്പിച്ചുകൊടുക്കുന്നതിന് എന്നെ പഠിപ്പിക്കേണമേ” എന്ന് പ്രാർത്ഥിക്കുക.

ഉദാഹരണത്തിന് ഭവനത്തിൽ സാധാരണ ‘ഞാൻ’ എന്ന വളരെ പ്രധാനപ്പെട്ട വ്യക്തി ഒരു രാജാവിനെപ്പോലെ സിംഹാസനത്തിൽ എപ്പോഴും വാണു കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോൾ ഭാര്യയെ വിശുദ്ധീകരിക്കേണ്ടിവന്നാൽ ‘ഞാൻ’ എന്ന സ്വയത്തെ ക്രിസ്തുവിനെപ്പോലെ അർപ്പിക്കേണ്ടതുണ്ട്. അതായത് ‘ഞാൻ’ സിംഹാസനത്തിൽ നിന്നു താഴെ ഇറങ്ങി സ്വയത്തിനു മരിക്കണം! എന്നാൽ ക്രിസ്തു പോയ ഈ വഴിയേ പോകുന്നതിന് വാഞ്ഛയുള്ള വിശ്വാസികളായ ഭർത്താക്കന്മാർ വളരെ കുറച്ച് പേർ മാത്രമാണ്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ തന്നെ സ്വന്തഭാര്യയെ സ്നേഹിക്കുന്നതിനു അതിയായ വാഞ്ഛയുള്ളവർ മാത്രമാണ് ക്രിസ്തു പോയ പാത പിൻതുടരുന്നത്. “ക്രിസ്തു സഭയെ സ്നേഹിച്ച് തന്നെത്തന്നെ സഭയ്ക്കായി ഏൽപ്പിച്ചുകൊടുത്തു” എന്ന ദൈവവഴിയിലാണ് നാം സ്നേഹിക്കാൻ പഠിക്കേണ്ടത്. അതായത് നിങ്ങളുടെ ഭാര്യയെ വിശുദ്ധീകരിക്കുന്നതിന് ‘ഞാൻ’ എന്ന സ്ഥാനത്തിരിക്കുന്ന നിങ്ങൾ മരിക്കുന്നത് ആണ് അതിന്റെ പൊരുൾ ഇങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ വിശുദ്ധീകരിക്കാൻ കഴിയുക. ഒരു ഭർത്താവിന് ദൈവം കൊടുത്തിരിക്കുന്ന വിളി ഇതാണ്.

യേശു നമ്മുടെയെല്ലാം ഗുരുവാണ്. എന്നാൽ നമ്മുടെ ശ്രേഷ്ഠഗുരു തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ എവിടെ ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അതേ, അവൻ തന്റെ ചെറിയസഭയിലെ (കാന്ത) അംഗങ്ങളായ ശിഷ്യന്മാരുടെ പാദങ്ങളെ കഴുകുകയായിരുന്നു. ഈ ഗുരുവിന്റെ പൂർണ്ണതയെ കണ്ട് അനുഗമിക്കുന്നവനും തന്റെ ഗുരുവിനെപ്പോലെ തന്റെ ഭാര്യയുടെ പാദത്തിങ്കൽ തന്നെത്തന്നെ താഴ്ത്തി അവളിൽ കാണുന്ന എല്ലാ അഴുക്കുകളെയും കഴുകി ശുദ്ധീകരിക്കും! പാദങ്ങളെ കഴുകുക എന്നതിൽ തരം താണ ജോലികൾ ചെയ്തു ഭാര്യയെ സഹായിക്കുന്നതും ഉൾപ്പെടും. എന്നാൽ ഇങ്ങനെ സഹായിക്കാൻ തയ്യാറാകുന്ന ഭർത്താക്കന്മാര ചൂഷണം ചെയ്യുന്ന ഭാര്യമാരും ഉണ്ട്. ഇങ്ങനെയുള്ള ഭാര്യമാർ സഭയിൽ പോലും ഉണ്ടെന്നുള്ളത് എത്ര ദുഃഖകരം! അതുപോലെ, ഭർത്താവ് ഭാര്യയുടെ പാദങ്ങളെ കഴുകുമ്പോൾ എത്ര താണ ജോലിയും അവൾക്കുവേണ്ടി ചെയ്യും എന്നു നാം പറയുന്നതിനെ തെറ്റായി മനസ്സിലാക്കിയിരിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്. അതായത് ഒരു പുരുഷനെന്ന സ്ഥാനത്തു നിന്നു ഭാര്യയെ സഹായിക്കുന്നതിനു പകരം, ഇവർ തങ്ങളുടെ വീട്ടിൽ ഭാര്യയുടെ ഒരു അടിമയായി മാറുന്നു. എന്നാൽ സന്ദേശത്തിന്റെ അർത്ഥം അതല്ല. യേശു ‘എല്ലാവരും തുടച്ചിട്ട് കളയുന്ന പഴന്തുണിപോലെ’ സ്വയം താഴ്ത്തി എന്നത് സത്യമാണ്. എങ്കിലും തന്റെ ശിഷ്യന്മാരോട് കൂടെ ഇരുന്നപ്പോൾ അവരിൽ നായകൻ ആരെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന നായകത്വപരിവേഷം യേശുവിനുണ്ടായിരുന്നു.

അബദ്ധത്തിൽ പോലും ആരും അന്നു പത്രോസിനെയോ മത്തായിയെയോ ‘നായകൻ’ എന്ന് കരുതിയില്ല. അവിടെ യേശുവിന്റെ നായകത്വം എത്രയും വ്യക്തമായിരുന്നു. ഇതു പോലെ വീട്ടിൽ ഭർത്താവ് അർഹമായ സ്ഥാനത്തുതന്നെ ഇരിക്കണം.

ഒരേസമയം നായകനായും ദാസനായും ഇരിക്കുന്നത്, ശ്രേഷ്ഠമായൊരു സന്തുലിതാവസ്ഥയാണ്. ഈ സന്തുലിതാവസ്ഥ യേശുവിന്റെ അടുക്കൽ നിന്നാണ് നമുക്ക് പഠിക്കാൻ കഴിയുക. വീട്ടിലുള്ള താണ ജോലികൾ മാത്രം ചെയ്യണമെങ്കിൽ, അത് ആർക്കും ചെയ്യാം. അതുപോലെ ഭാര്യയെ സർവ്വാധികാരിയെപ്പോലെ ഭരിച്ചു നടത്താനും ആർക്കും കഴിയും. എന്നാൽ വീട്ടിൽ നായകനായും ദാസനായും ഒരേസമയം ആയിരിക്കാൻ ദൈവിക ജ്ഞാനം മൂലമേ കഴിയുകയുള്ളൂ. ചില ഭവനങ്ങളിൽ നാം ചെന്നാൽ ആ വീട്ടിൽ ആരാണ് മുഖ്യസ്ഥാനത്ത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. ഞാൻ ചെന്ന ചില വീടുകളിൽ എല്ലാ സമയവും ആ വീട്ടിലെ ഭാര്യയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അവരുടെ ഭർത്താവോ? “അതേ, അതേ” എന്ന് എല്ലാറ്റിനും തലയാട്ടിക്കൊണ്ടിരുന്നു. ആ വീട്ടിൽ ആരാണ് മുഖ്യസ്ഥാനത്ത് എന്നതു പകൽപോലെ വ്യക്തമല്ലേ? ഇതുപോലെയുള്ള സഹോദരിമാർ തങ്ങളെ ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത് തന്നെ അപമാനമാണ്. ഒരു പക്ഷേ, ഭാര്യ, “എന്റെ ഭർത്താവ് ശാന്തമായ സ്വഭാവമുള്ളയാളാണെന്നു” പറഞ്ഞേക്കാം. എന്നാൽ  അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം തന്നെ പല വർഷങ്ങളായി അദ്ദേഹം സംസാരിക്കുന്നതിനു മുമ്പു തന്നെ നിങ്ങൾ സദാ ചിലച്ചുകൊണ്ടിരുന്നു. നിങ്ങൾ വായ് അല്പം അടച്ചു വെച്ചിരുന്നെങ്കിൽ, അദ്ദേഹം തന്റെ വായ് തുറന്ന് സംസാരിച്ചിരുന്നേനേം ഈ ആലോചനയാണ് ഇതുപോലുള്ള അനേക ഭാര്യമാർക്കു ഞാൻ കൊടുത്തിട്ടുള്ളത്.

യേശുവോ ഒരു നായകനായിരിക്കെത്തന്നെ സ്നേഹിച്ചു ദാസ്യവേല പോലും ചെയ്തു. ഇങ്ങനെ യേശുവിനെപ്പോലെ നാം ആകുന്നതെങ്ങനെയാണ്. അതിന്റെ രഹസ്യം ‘ഒരു ഇടയനായി’ അവിടുന്ന് ഇരുന്നു എന്നതാണ്. അതായത്, തന്റെ കൂട്ടത്തിനു മാതൃകയായി യേശു മുൻപേ നടന്നു. ആട്ടിൻ കൂട്ടത്തിനു പിന്നാലെ നിന്ന് അവയെ വിരട്ടി ഓടിക്കാതെ, യേശു മുൻപിൽ നിൽക്കുന്ന ഒരു മാതൃകയായി. വീട്ടിൽ കാര്യം എല്ലാം ഉചിതമായി നടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യേശുവിനെപ്പോലെ നിങ്ങളും ഒരു നല്ല മാതൃകയായി ഇരിക്കുക. ധാരാളം ഉപദേശങ്ങൾ ഭാര്യയ്ക്ക് നൽകാതെ, യേശുവിനെപ്പോലെ അവൾക്കു പിൻപറ്റുന്നതിനു തക്ക മാതൃകാജീവിതം കാഴ്ച വയ്ക്കുക.

ഒരു ഭർത്താവായിരിക്കുന്ന നിങ്ങൾ യേശുവിനെപ്പോലെ കുടുംബത്തിലുള്ള മറ്റുള്ളവരെ നയിക്കാൻ വേണ്ടി ഒരു നല്ല ഇടിയനായിത്തീരണം. ഭാര്യയ്ക്ക് ജീവിതത്തിൽ എവിടെയെ ചുവടുതെറ്റുന്നുവെങ്കിൽ പ്രിയപ്പെട്ട സഹോദരാ, ഇപ്പോൾ നീ നിന്നോടു തന്നെ ചോദ്യം ചോദിക്കണം. ദൈവം എനിക്കു തന്നെ ഭാര്യയെ (ആടിനെ) ദൈവം ആഗ്രഹിക്കുന്ന പാതയിൽ ഞാൻ ശരിയായി നടത്തിക്കൊണ്ടു പോകുന്നുണ്ടോ?

ഭാര്യയ്ക്ക് പിന്നാലെ നിങ്ങളുടെ കുഞ്ഞുങ്ങളായ ആട്ടിൻകുട്ടികളും വരികയാണ്. ഇവരെല്ലാവരും ഇടയനായ നിങ്ങളെയാണ് ഉറ്റുനോക്കുന്നത്. നിങ്ങളെയാണ് അനുഗമിക്കുന്നത്.

ഈ സാഹചര്യത്തിൽ ഭർത്താവായ നിങ്ങൾ യേശുവിനെ പിൻപറ്റുന്നില്ലെങ്കിൽ, നിങ്ങളെ അനുഗമിക്കുന്ന നിങ്ങളുടെ വീട്ടുകാർ എങ്ങോട്ടു പോകും? ഈ ലോകക്കാരെപ്പോലെ തന്നെ നിങ്ങളുടെ വീട്ടുകാരും ദൈവം നിയമിച്ച വഴി വിട്ട് അലഞ്ഞുതിരിയേണ്ടിവരും.

ആകയാൽ വിവാഹജീവിതം “നല്ലത്” എന്ന സ്ഥാനത്തുനിന്ന് “വളരെ നല്ലത്” എന്ന സ്ഥാനത്ത് എത്തണമെങ്കിൽ വീടിന്റെ നായകനായ ഭർത്താവ് യേശുവിനെ ഹൃദയപൂർവ്വം പിൻപറ്റേണ്ടത് എത്ര ആവശ്യമാണ്.

ഭാര്യയുടെ കടമ

ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ ഭർത്താവ് തന്റെ കടമ നിർവ്വഹിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ലക്കത്തിൽ നമ്മൾ ചിന്തിച്ചല്ലോ. ഇനി നമുക്ക് ഭാര്യയോട് ബൈബിൾ എന്തു പറയുന്നുവെന്നു നോക്കാം.

ശിരസ്സായ പിതാവിനു ക്രിസ്തു കീഴടങ്ങിയിരുന്നു. ഇതുതന്നെയാണ് ഭാര്യ പിൻതുടർന്ന് ചെല്ലേണ്ട പാത. കീഴടങ്ങിയിരിക്കുന്ന ആത്മാവുള്ള ഭാര്യയാണ് മാത്സര്യത്തിന്റെ ആത്മാവുള്ള സാത്താനെ തന്റെ ഭവനത്തിൽ ചതച്ചുകളയുന്നത്!!

യേശുവിനെ പിൻ ചെല്ലാൻ ഒരു ഭാര്യയ്ക്ക് എങ്ങനെ കഴിയുമെന്ന് 1 കൊരിന്ത്യർ 11ൽ നാം കാണുന്നു. ഇതിന്റെ മൂന്നാം വാക്യത്തിൽ “ഓരോ പുരുഷനും ക്രിസ്തു തലയായിരിക്കുന്നു എന്നും, സ്ത്രീക്കു പുരുഷൻ തലയായിരിക്കുന്നു എന്നും, ക്രിസ്തുവിനു ദൈവം തലയായിരിക്കുന്നു” എന്നും നാം വായിക്കുന്നു. യേശുക്രിസ്തുവും പിതാവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു? ഒരാൾ തലയും മറ്റൊരാൾ ശരീരവും എന്ന നിലയിലായിരുന്നു. ഒരു ശരീരം തലയ്ക്കു കീഴടങ്ങിയിരിക്കുന്നതുപോലെതന്നെ യേശുവും ഈ ഭൂമിയിൽ ജീവിച്ചു. ഇതുപോലെ ഓരോ ഭാര്യയും പുരുഷനായ ഭർത്താവിനു കീഴ്പ്പെട്ടിരിക്കണം.

ഇന്ന് പല ഭാര്യമാരും കീഴ്പ്പെട്ടു ജീവിക്കുന്ന ഒരു ജീവിതത്തിനായിട്ടാണു തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നില്ല. അതുകൊണ്ട്, അവരുടെ വിവാഹജീവിതം താറുമാറായിത്തീരുന്നു. ദൈവം ആഗ്രഹിക്കുന്ന ഒരു വിവാഹജീവിതത്തിന് ഒരു വില കൊടുക്കേണ്ടതുണ്ട്. ഈ വില കൊടുത്താൽ നിങ്ങളുടെ കുടുംബജീവിതം “നല്ലത്” എന്ന നിലയിൽനിന്നും “വളരെ നല്ലത്” എന്ന നിലവാരത്തിലേക്ക് നിശ്ചയമായും വന്നുചേരും, കീഴ്പ്പെട്ടിരിക്കുന്ന ജീവിതത്തിനു ഭാര്യ വില കൊടുക്കേണ്ട സന്ദർഭം എപ്പോഴാണ്? നിങ്ങൾ ആഗ്രഹിച്ചതു തന്നെ ചെയ്യാൻ ഭർത്താവു പറയുമ്പോൾ അതിന് കീഴ്പ്പെട്ടിരിക്കുന്നതു എത്രയും എളുപ്പമാണ്. എന്നാൽ നിങ്ങൾ ആഗ്രഹിക്കാത്തതു ചെയ്യേണ്ട സന്ദർഭത്തിലാണ് നിങ്ങളുടെ കീഴ്പ്പെടൽ പരീക്ഷിക്കപ്പെടുന്നത്. ഈ സത്യം നിങ്ങൾക്ക് നന്നായി അറിയാം. ഉദാഹരണത്തിന് നിങ്ങൾ മകന് ഐസ്ക്രീം കഴിക്കുന്നതിനു കല്പന കൊടുക്കുന്നു എന്നിരിക്കട്ടെ. ഈ കല്പനയ്ക്ക് കീഴ്പ്പെടുന്നതിന് മകന് യാതൊരു പ്രയാസവുമില്ല. എന്നാൽ, നിങ്ങൾ മകനോട് കളിക്കുന്നത് നിർത്തിയിട്ട് ഗൃഹപാഠം ചെയ്യുക എന്നോ, അടുക്കളയിൽ വന്ന് എന്നെ കുറച്ച് സഹായിക്ക് എന്നോ കല്പിച്ചാൽ അവൻ ഐസ്ക്രീം കഴിച്ചതു പോലെ സന്തോഷത്തോടെ ഈ കല്പന അനുസരിക്കുമോ? ചുരുക്കത്തിൽ നിങ്ങളുടെ മകന്റെ കീഴ്പ്പെടൽ ഐസ്ക്രീം കഴിക്കുന്ന കല്പനയിൽ പരീക്ഷിക്കപ്പെടുന്നില്ല! എന്നാൽ അവൻ ആഗ്രഹിക്കാത്തതു ചെയ്യാൻ കല്പിക്കുമ്പോഴാണ് അവന്റെ കീഴടങ്ങുന്ന മനോഭാവം പരീക്ഷിക്കപ്പെടുന്നത്. “സഭായോഗത്തിനു പോകാം” എന്നു ഭർത്താവു പറയുമ്പോൾ നിങ്ങൾ അതിനു സന്തോഷത്തോടെ കീഴ്പ്പെടുന്നു. എന്നാൽ നിങ്ങളുടെ ആഗ്രഹത്തിനു വിപരീതമായി “ഇപ്പോൾ ആ സാരി വാങ്ങേണ്ടാ” എന്നോ മറ്റോ ഭർത്താവ് പറയുമ്പോഴാണ് നിങ്ങളുടെ കീഴടങ്ങുന്ന മനോഭാവം പരീക്ഷിക്കപ്പെടുന്നത്. ഇവിടെയാണ് ഭാര്യ പിറുപിറുക്കാൻ തുടങ്ങുന്നത്. ഇത് കുടുംബത്തിലെ ഓരോരുത്തരെയും ബാധിക്കുന്നു. ഇങ്ങനെ സർപ്പം വീട്ടിൽ ഇഴഞ്ഞു കയറി വീട്ടിലുള്ള എല്ലാവരെയും കടിക്കുന്നതിന് വാതിൽ തുറന്നു വെച്ചത് ആരാണ്? ഈയൊരു ഭാര്യയാണ്. എന്നാൽ സർപ്പത്തെ വീടിനു വെളിയിൽ അകറ്റി നിർത്തുന്നതിനുള്ള അതിശ്രേഷ്ഠമായ ശക്തിയും ഒരു ഭാര്യയ്ക്കുണ്ട്.

ഈ ലോകത്തിൽ രണ്ട് വ്യത്യസ്ത ആത്മാക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒന്ന് മാത്സര്യത്തിന്റെ ആത്മാവ്. രണ്ട്: കീഴടങ്ങുന്ന ആത്മാവ്. പ്രധാന ദൂതനായ ലൂസിഫർ ദൈവത്തിനു വിരോധമായി മത്സരിച്ചപ്പോൾ സാത്താനായിത്തീർന്നു. ഈ സാത്താനിൽ നിന്നാണ് മാത്സര്യത്തിന്റെ ആത്മാവ് പിറന്നത്. ഇതിന് വിപരീതമായി, യേശു ക്രിസ്തു ഭൂമിയിലേക്ക് വന്നപ്പോൾ പിതാവായ ദൈവത്തിനു സകലത്തിലും കീഴടങ്ങിയിരിക്കുന്ന ആത്മാവോടുകൂടെയാണു വന്നത്. ഒരു ഭാര്യ ഭർത്താവിനു കീഴടങ്ങിയിരിക്കാത്ത പക്ഷം, മാത്സര്യത്തിന്റെ ആത്മാവ് വീടിനുള്ളിൽ നുഴഞ്ഞുകടക്കുന്നതിന് വാതിൽ തുറക്കുകയാണു ചെയ്യുന്നത്. ഈ ആത്മാവ് അവളുടെ കുഞ്ഞുങ്ങളെയും ബാധിക്കുന്നു. ഇങ്ങനെ അവളുടെ വീട്ടിൽ ശണ്ഠയും, ലഹളയും, തലവേദനയും, രോഗവും…എന്നുവേണ്ട പല പ്രശ്നങ്ങളും നുഴഞ്ഞുകയറുന്നു. ഇവയെല്ലാം ദൈവമാണോ കൊണ്ടുവന്നത്? അല്ല, സാത്താനാണ്. എന്നാൽ ഈ സാത്താനെ വീടിനുള്ളിൽ കയറ്റിയത് ആരാണ്? ഭാര്യയാണ്! അവളിൽ കാണപ്പെട്ട മാത്സര്യത്തിന്റെ ആത്മാവ് സാത്താന് വാതിൽ തുറന്നുകൊടുത്തു!! ഈ ഭാര്യ കീഴ്പ്പെട്ടിരിക്കുന്ന ആത്മാവിൽ നിലനിൽക്കുകയാണെങ്കിൽ, തെറ്റായ ആത്മാവിനു മുമ്പിൽ ഭവനത്തിന്റെ വാതിൽ അടച്ചിടാനുള്ള ബലം അവൾക്കു നിശ്ചയമായും ലഭിക്കും. ഗെസമനാതോട്ടത്തിൽ യേശു പിതാവിന്റെ ഇഷ്ടത്തിനു കീഴ്പ്പെട്ടിരുന്നത് മാത്രമാണ് പലർക്കും അറിയാവുന്നത്. എന്നാൽ യേശു അപൂർണരായ തന്റെ മാതാപിതാക്കളായ യോസേഫിനും, മറിയ്ക്കും കീഴടങ്ങിയിരുന്നു എന്നു നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടോ? തന്റെ മാതാപിതാക്കൾക്കു 30 വർഷം കീഴടങ്ങിയിരുന്ന പ്രവൃത്തിയാണ് യേശുവിന്റെ ഏറ്റവും വലിയ അത്ഭുതപ്രവൃത്തി എന്നു പറയാം. രോഗികളെ സൗഖ്യമാക്കിയതും, മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിച്ചതും എല്ലാം ഈ കീഴടങ്ങിയിരിക്കുന്ന ജീവിതത്തിനു ശേഷം നടന്ന അത്ഭുത പ്രവൃത്തികളാണ്. അതേ, അപൂർണരായ മാതാപിതാക്കൾക്കു പൂർണ്ണമായി കീഴടങ്ങിയിരിക്കുന്നതാണ് ഏറ്റവും പ്രധാനം. സംശയമില്ല. അതു നമുക്കു നൽകുന്ന സന്ദേശം എത്രയും വ്യക്തമല്ലേ?

തന്റെ മാതാവായ മറിയ പാകപ്പിഴകൾ ഉള്ളവളായിരുന്നെങ്കിലും യേശു അവർക്കു കീഴ്പ്പെട്ടിരുന്നു. അതു പോലെ അനേകം തെറ്റുകൾ ചെയ്യുന്ന തന്റെ ഭർത്താവിനു കീഴ്പ്പെട്ടിരിക്കുന്ന ഭാര്യമാർ നമ്മുടെയിടയിൽ എത്രപേർ ഉണ്ട്? അങ്ങനെ കീഴ്പ്പെട്ടിരിക്കുന്ന സ്ത്രീകൾക്കാണ് ആത്മീയരായ സഹോദരികൾ എന്ന് പുകഴ്ച ലഭിക്കുന്നത്. എന്നാൽ ഇതുപോലുള്ള സഹോദരിമാർ ഇന്നെത്ര വിരളമാണ് പൂർണ്ണവളർച്ച പ്രാപിച്ച ഭാര്യ ആരാണെന്ന് അറിയാമോ? ഏതൊരു ഭാര്യ ഭർത്താവിൽ പൂർണ്ണത പ്രതീക്ഷിക്കാതിരിക്കുന്നുവോ അവളാണ് പൂർണ്ണതയുള്ള ഭാര്യ ആകുന്നത്. അതുപോലെതന്നെ ഏതൊരു ഭർത്താവ് തന്റെ ഭാര്യയിൽ പൂർണ്ണത പ്രതീക്ഷിക്കാതിരിക്കുന്നുവോ അവനാണ് പൂർണ്ണത നിറഞ്ഞ ഭർത്താവായിത്തീരുന്നത്!! എന്നാൽ ഇതുപോലുള്ള സ്വഭാവസവിശേഷത ഉള്ളവർ വിശ്വാസികളുടെ ഇടയിൽ വിരളമായിട്ടാണ് കാണപ്പെടുന്നത്. പൂർണ്ണനല്ലാത്ത തന്റെ ഭർത്താവിന് കീഴ്പ്പെട്ടിരിക്കാത്ത ഭാര്യയെക്കുറിച്ചു സാധാരണപറയാറുണ്ടല്ലോ അവൾ “ദൈവത്തിനും കീഴ്പ്പെട്ടിരിക്കുന്നില്ല” എന്ന്. ഭർത്താവിനു കീഴടങ്ങിയിരിക്കാൻ കല്പിച്ചത് ദൈവമാണല്ലോ. അതു കൊണ്ട് അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ദൈവത്തിനു തന്നെയാണ് അവർ കീഴ്പ്പെടാതിരിക്കുന്നത്.

“ഭാര്യമാരേ കർത്താവിനെന്നവണ്ണം സ്വന്തഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ,” എന്ന് ദൈവമാണ് കൽപന കൊടുത്തത്!! ഈ കല്പനയ്ക്ക നിങ്ങൾ കീഴ്പ്പെടുന്നില്ലെങ്കിൽ, നിങ്ങൾ “ദൈവത്തിനുതന്നെ ഇനിയും കീഴ്പ്പെട്ടിട്ടില്ല” എന്നാണ് അതിന്റെ അർത്ഥം. എന്നാൽ ഭാര്യയ്ക്ക് തന്റെ ഭർത്താവിനു യാതൊരു ആലോചനയും നൽകാൻ കഴിയുകയില്ല എന്നു കരുതരുത്. ഭാര്യയെ “സഹായിക്കുന്നവൾ” എന്നും വേദവചനം വിളിക്കുന്നു. ഭർത്താവ് എന്തു പറഞ്ഞാലും തലയാട്ടി “അതേ, അതേ” എന്നു പറയണമെന്നല്ല ഇതിന്റെ അർത്ഥം. ഒരു നല്ല ഭാര്യ ഭർത്താവിനു കീഴ്പ്പെട്ടിരിക്കുന്നതോടൊപ്പം ഭർത്താവിനെ എങ്ങനെ സഹായിക്കാൻ കഴിയും എന്നും നന്നായി അറിഞ്ഞിരിക്കണം.

“പൊക്കിൾക്കൊടി” മുറിച്ചു മാറ്റുക

ഭർത്താവും ഭാര്യയും അന്യോന്യം ആശയവിനിമയം ചെയ്യുമ്പോഴാണ് “തക്കതുണയെന്ന” സങ്കല്പം സാർത്ഥകമാകുന്നത്.

പുരുഷനു തക്ക തൂണായിട്ടാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. അത് ഇങ്ങനെ വിശദീകരിക്കാം. ഒരു കെട്ടിടത്തെ ഭർത്താവ് വടക്കുനിന്നും, ഭാര്യ തെക്കുനിന്നും നോക്കുന്നുവെന്നു സങ്കൽപിക്കുക. തങ്ങൾ കണ്ട ദൃശ്യങ്ങൾ അവർ അന്യോന്യം പങ്കുവെയ്ക്കുന്നുവെന്നിരിക്കട്ടെ. രണ്ടുപേരും രണ്ടു ചിത്രങ്ങളായിരിക്കും മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയാണെങ്കിൽ അവർ കണ്ടത് രണ്ട് വ്യത്യസ്തമായ കെട്ടിടങ്ങളാണോ? അല്ല. ഒരേ കെട്ടിടത്തന്നെ നോക്കുന്ന എനിക്ക് തെക്കുനിന്നുള്ള കെട്ടിടത്തിന്റെ ആകൃതി മറഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴോ? ഇപ്പോൾ എനിക്ക് സഹായത്തിനായി ഒരാളെ ദൈവം ഏർപ്പെടുത്തിയിരിക്കുന്നു. അങ്ങനെ എനിക്ക് സഹായമായി വന്ന ഭാര്യ എന്റെ കാഴ്ചയ്ക്ക് അഗോചരമായിരുന്ന തെക്കുദിശയിലെ കെട്ടിടത്തിന്റെ ആകൃതി എനിക്ക് വിവരിച്ചു തരുന്നു.. ഇപ്പോൾ കെട്ടിടത്തിന്റെ മുഴുവൻ ആകൃതിയും എനിക്ക് കാണാൻ സാധിക്കുന്നു!! ഇങ്ങനെ സഹായമായിരിക്കുന്നതിനാണ് ദൈവം എനിക്ക് ഭാര്യയെ തന്നിരിക്കുന്നത്?

ഇങ്ങനെ ഭർത്താവും ഭാര്യയും ഓരോ സാഹചര്യത്തിലും അന്യാന്യം കാഴ്ചപാടുകൾ പങ്കിടണം. ഭർത്താവിന് കാണാൻ കഴിയാത്തതാണ് ഭാര്യ കാട്ടിരുന്നത്. ഒരു നല്ല ഭർത്താവായ നിങ്ങൾ ശ്രദ്ധയോടെ ഭാര്യപറയുന്നതു കേൾക്കണം. എങ്കിലും കുടുംബത്തിന്റെ നായകനായി ഇരിക്കുന്നതു താങ്കളാണ്. ഒരു വിഷയത്തിൽ അന്തിമമായ തീരുമാനം എടുക്കേണ്ടത് താങ്കൾ തന്നെയാണ്. പക്ഷേ ഭാര്യ നല്ല സഹായിയാണെന്ന കാര്യം മറന്നുപോകരുത്. നിങ്ങളുടെ വിവാഹജീവിതം ഇപ്രകാരം ആയിത്തീരുന്നതിന് ദൈവം സഹായിക്കട്ടെ!

ഭാര്യഭർത്താക്കന്മാരുടെ വിവാഹജീവിതം “നിനക്കു ഞാൻ എനിക്കു നീ” എന്നതു പോലെയും ആയിരിക്കരുത്. ഇരുവരും ചേർന്ന് “ദൈവത്തെ മഹത്വപ്പെടുത്തുവാൻ വേണ്ടി”യാണ് എല്ലാം ചെയ്യേണ്ടത്. ദൈവം കല്പിച്ചവണ്ണം ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ മാതാപിതാക്കളെ വിട്ട് അന്യോന്യം പറ്റിച്ചേർന്ന് ജീവിക്കുന്നതാണ് ദൈവം വെച്ചിരിക്കുന്ന ശ്രഷ്ഠമായ കുടുംബം.

ഭർത്താവ് മാതാപിതാക്കളെവിട്ട് ഭാര്യയോട് ഒരു ദേഹമായിരിക്കണം എന്ന് ദൈവം കല്പിച്ചു. എന്നാൽ, ഇന്നു ദൈവകല്പനപോലെ മിക്കവരും ആയിരിക്കുന്നില്ല. ബുദ്ധിശാലികളായ പലഭർത്താക്കന്മാർ “എനിക്ക് എന്റെ അപ്പനേയും അമ്മയേയും വിട്ടു പിരിയാതെ തന്നെ ഭാര്യയോടു പറ്റിച്ചേർന്നിരിക്കാൻ കഴിയും” എന്ന് അഹംഭാവത്തോടെ പറയുന്നു. ഇങ്ങനെ ചിന്തിച്ച ഭർത്താക്കന്മാരാരും അഭിവൃദ്ധി നേടിയിട്ടില്ല. ദൈവകല്പനയ്ക്കു വിപരീതമായി ഒരു വഴി ഇല്ല തന്നെ.

മാതാപിതാക്കന്മാർക്കു ബഹുമാനം കൊടുക്കരുതെന്നല്ല ഇതിന്റെ അർത്ഥം. നാം അവരോട് എല്ലാ വിധത്തിലും ബഹുമാനം കാട്ടണം. യേശു ക്രൂശിൽ കിടക്കുമ്പോൾപോലും തന്റെ മാതാവിനെപ്പറ്റി കരുതലുള്ളവനായിരുന്നു. എന്നാൽ മാതാവ് തന്റെ പ്രവർത്തനത്തിൽ തലയിടാൻ അദ്ദേഹം അനുവദിച്ചില്ല. അങ്ങനെ തലയിട്ട സമയത്ത് “സ്ത്രീയേ എനിക്കും നിനക്കും തമ്മിൽ എന്ത്?” എന്നു ചോദിച്ചു. അതു പോലെ സഹോദരന്മാരും സഹോദരിമാരും തന്റെ പ്രവർത്തനങ്ങളിൽ തലയിടാൻ യേശു അനുവദിച്ചില്ല. അതേസമയം തന്റെ ഭവനാംഗങ്ങൾക്കു അവിടുന്നു വേണ്ട ബഹുമാനം കൊടുത്തിരുന്നു. ഇതുപോലുള്ള സന്തുലിതാവസ്ഥ ഇന്ന് പലദമ്പതിമാരുടെ ജീവിതത്തിലും കാണുന്നില്ല. എന്നാൽ ഈ സന്തുലിതാവസ്ഥ കൈവരിച്ചവർ മാത്രമാണ് യഥാർത്ഥമായും ആത്മീയർ!

ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യണം?

മാനുഷികമായ സ്നേഹത്തിന്റെ പിടിയിൽനിന്നും നിങ്ങൾ സ്വതന്ത്രരാകുകയാണ് വേണ്ടത്. പുരുഷൻ വിവാഹത്തിനു മുമ്പ് തന്റെ മാതാപിതാക്കളോട് ഇപ്രകാരമുള്ള വൈകാരികമായ സ്നേഹത്തിന്റെ പിടിയിൽ ആയിരിക്കുന്നു. ഈ വിധത്തിലുള്ള പിടിയെ പൊക്കിൾക്കൊടിക്ക് സമാനമായി നമുക്ക് പറയാം. ഒരു മനുഷ്യൻ വിവാഹിതനാകുന്നത് കുഞ്ഞ് ഗർഭപാത്രത്തിൽ നിന്നു വെളിയിൽ വരുന്നതുപോലെയാണ്. കുഞ്ഞു ജനിച്ചാലും പൊക്കിൾക്കൊടി ഉണ്ടായിരിക്കും. കഴിഞ്ഞ ഒൻപതുമാസങ്ങളായി ഈ പൊക്കിൾക്കൊടിയിലൂടെയാണു കുഞ്ഞിനു പോഷണം കിട്ടിക്കൊണ്ടിരുന്നത് എന്നതു വാസ്തവമാണ് “അതുകൊണ്ട് ഈ പൊക്കിൾക്കൊടി ആരും മുറിക്കേണ്ട… അത് എന്നോടു കൂടെ ഭദ്രമായിരിക്കട്ടെ” എന്ന് ജനിച്ച കുഞ്ഞ് പറഞ്ഞാൽ എങ്ങനെയിരിക്കും? അങ്ങനെ പറഞ്ഞാൽ ആ കുഞ്ഞ് എത്രകാലം ജീവിക്കും? ബുദ്ധിയുള്ള ഏതു ഡോക്ടറും ഉടനെ പൊക്കിൾക്കൊടി മുറിക്കണം എന്നേ പറയുകയുള്ളൂ എന്ന് നിങ്ങൾക്കു തന്നെ അറിയാം.

ഈ സന്ദേശം വായിക്കുന്ന ഭർത്താക്കന്മാർ ആ പൊക്കിൾക്കൊടി മുറിച്ചു മാറ്റണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങൾ ഇപ്പോൾ ജനിച്ചിരിക്കുന്ന പുതിയലോകത്തിൽ (കുടുംബജീവിതത്തിൽ) ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നിൽ നിന്നു വേർപെട്ട് മറ്റൊന്നിനോട് പറ്റിക്കൊള്ളണം. ഇതിന് മുൻപുണ്ടായിരുന്ന സ്നേഹത്തിന്റെ പിടിയിൽ നിന്നു വേർപെട്ട്, നിങ്ങളുടെ സ്നേഹം ഭാര്യയോട് പറ്റിച്ചേരട്ടെ. ശക്തമായ ഫെവിക്കോൾ പശ രണ്ട് പേപ്പർ കഷണങ്ങളെ ഒട്ടിക്കുന്നതുപോലെ നിങ്ങൾ ഒന്നായിരിക്കുക. ഫെവിക്കോൾ പശകൊണ്ട് ഒട്ടിച്ച പേപ്പർ കഷണങ്ങളെ ആർക്കും വേർപെടുത്തുവാൻ കഴിയുകയില്ല. ഇതുപോലെ വിവാഹജീവിതത്തിൽ ഭർത്താവും ഭാര്യയും ഒന്നായിരിക്കുന്നതാണ് ദൈവത്തിന്റെ പദ്ധതി. വേഗത്തിൽ അന്യോന്യം ക്ഷമിക്കുന്നതും, പരസ്പരം സംശയിക്കാതെ ജീവിക്കുന്നതുമാണ് ശ്രേഷ്ഠമായ കുടുംബ ജീവിതത്തിനുള്ള മാർഗ്ഗം.

നാം ജീവിക്കുന്ന ഈ ലോകത്തിൽ നമ്മുടെ ചുറ്റും അനേകം തിന്മകളുണ്ട്. ഭാര്യാഭർത്താക്കന്മാരും പരിപൂർണ്ണമല്ല, തെറ്റുകൾ വരാം. എന്നാൽ അത്തരം സന്ദർഭങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്? അവിടെയാണ് “ക്ഷമ” എന്ന പശ പ്രവർത്തിക്കേണ്ടത്. ഈ സന്ദർഭങ്ങളിൽ ആ പശയാണ് നിങ്ങളെ വേർപെടാതെ ഒന്നായിരിക്കാൻ സഹായിക്കുന്നതും, ഇന്ന് അനേക കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും പിരിഞ്ഞിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഒരാളോട് മറ്റൊരാൾക്ക് തോന്നുന്ന സംശയമാണ്. വീട്ടിലിരിക്കുന്ന ഭാര്യ “ദൂരത്തിരിക്കുന്ന ഭർത്താവിന്റെ ചിന്ത ഇപ്പോൾ എന്തായിരിക്കും?” എന്ന് ചിന്തിക്കുന്നു! അല്ലെങ്കിൽ ദൂരത്തിരിക്കുന്ന ഭർത്താവ് “ഇപ്പോൾ എന്റെ ഭാര്യ എന്ത് ചെയ്തു കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നു!!”.

ഇതെല്ലാം അനാരോഗ്യകരമായ ഇഷ്ടം കൊണ്ടുണ്ടാകുന്ന സംശയവിചാരങ്ങളാണ്. അതേ, നിങ്ങൾ അന്യോന്യം വിശ്വസിച്ചാൽ മാത്രമേ നന്നായി പറ്റിച്ചേർന്നിരിക്കാൻ കഴിയൂ.

വിശ്വാസവും, ഐക്യവും ഒന്നിനോടൊന്ന് ചേർന്നു പോകുന്ന സുഹൃത്തുക്കളാണ്.

എന്താണ് നടക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടെങ്കിലും ഞാൻ വിശ്വസിക്കുന്നവനായിരിക്കണം. ഇന്ന് ഇത് വായിക്കുന്ന എല്ലാ ഭർത്താക്കന്മാരും, ഭാര്യമാരും അന്യോന്യം വിശ്വസിക്ക. അതേ, അന്യോന്യമുള്ള വിശ്വാസം ഐക്യത്തിന് വളരെയധികം ആവശ്യമാണ്.

വചനത്തിലുള്ളതുപോലെ ഭർത്താവായ നിങ്ങൾക്ക് ഭാര്യയോട് പറ്റിച്ചേരുന്ന ജീവിതം വേണം. നിങ്ങളുടെ ജോലിപോലും ഭാര്യയെക്കാൾ പ്രധാനമായിരിക്കരുത്. നിങ്ങളുടെ ഭാര്യയെ നാട്ടിൽ ഉപേക്ഷിച്ചിട്ട് പണം സമ്പാദിക്കുന്നതു മാത്രം ലക്ഷ്യമാക്കി ദൂരദേശത്തേക്ക് പോകാതിരിക്കുക.

നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കുഞ്ഞുങ്ങളെക്കാൾ, ഭാര്യയേക്കാൾ, ഭർത്താവിനേക്കാൾ പ്രധാനമായി ജോലിയെ കാണരുത്. നമ്മുടെ നാട്ടിൽ അനേകം ദമ്പതിമാർ അന്യോന്യം സ്നേഹിക്കുന്നതിനെക്കാളും കുഞ്ഞുങ്ങളെ അധികമായി സ്നേഹിക്കുന്നു. ഇത് ദുഃഖകരമാണ്. ഇതുപോലുള്ള അവസ്ഥ ദൈവ വചനത്തിനു വിരുദ്ധമാണ്.

ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള അന്യോന്യ ശാരീരിക ആകർഷണം ദൈവം തന്നതാണ്. അത് പരിശുദ്ധവും മാന്യവുമാണ്.

അവസാനമായി, ഭർത്താവും ഭാര്യയും തങ്ങളുടെ ശരീരത്തിലും ഒന്നായിരിക്കണം. അന്യോന്യമുള്ള ശാരീരികബസത്തെ അറപ്പുള്ള കാര്യമായി വചനം പറയുന്നതേയില്ല. അത് അശുദ്ധം എന്ന് വിശ്വസിക്കുന്ന, അശുദ്ധമായ ചിന്തയുള്ളവർക്കാണ് അത് അശുദ്ധമായിരിക്കുന്നത്. അത് മാന്യവും പരിശുദ്ധവുമാണെന്ന് വചനം പറയുന്നു. ഈ ലോകത്തിൽ പാപം പ്രവേശിക്കുന്നതിനുമുമ്പു തന്നെ ദൈവം ലൈംഗികതയെ സൃഷ്ടിച്ചു. പക്ഷേ വിവാഹത്തിന്റെ അതിർവരമ്പുകൾക്കു വെളിയിലുള്ള ഏതു ബന്ധവും മഹാതിന്മയും, അറപ്പുമാണ്. എന്നാൽ വിവാഹത്തിന്റെ വേലിക്കെട്ടിനുള്ളിലുള്ള ബന്ധം ദൈവികമാണ്. അതുപോലെ തന്റെ ശരീരത്തിന്മേൽ തനിക്കല്ല ഭർത്താവിനാണ് അവകാശമെന്നു ഭാര്യയും, മറിച്ചു ഭർത്താവും ചിന്തിക്കണമെന്നും ദൈവവചനം പറഞ്ഞിരിക്കുന്നു. ദൈവവചനം അല്പം പോലും മറയില്ലാതെ നമ്മോടു നേരിട്ടു സംസാരിക്കുന്നതുകൊണ്ടു നമുക്കു ദൈവത്തിനു സ്തോത്രം ചെയ്യാം. ദൈവവചനത്തെ മനഃപൂർവ്വമായി ഏറ്റെടുത്ത് അനുസരിക്കുമെങ്കിൽ നമ്മുടെ വിവാഹജീവിതം ‘നല്ലത്’ എന്ന നിലയിൽ നിന്ന് ‘വളരെ നല്ലത്’ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. സംശയമില്ല.

നാം മുകളിൽ കണ്ടതുപോലെയുള്ള അനുഗൃഹീതമായ കുടുംബജീവിതം ദൈവവചനത്തെ മാനിച്ച് അതിനെ പിൻപറ്റുന്ന എല്ലാവർക്കും സ്വന്തമാക്കാൻ കഴിയും. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ പ്രശോഭിക്കുന്ന പ്രകാശമാനമായ കുടുംബങ്ങൾ നമ്മുടെ രാജ്യത്ത് മലമേലുള്ള പട്ടണമായി വിളങ്ങട്ടെ. ആമേൻ

What’s New?