കുറ്റാരോപണത്തിന്റെ ആത്മാവിൽ നിന്ന് രക്ഷിക്കപ്പെട്ടവരാകുക – WFTW 24 മെയ് 2026

സാക് പുന്നൻ

വെളിപ്പാട് 12:10 ൽ നാം വായിക്കുന്നത് സാത്താൻ എല്ലാ വിശ്വാസികളെയും ദൈവസന്നിധിയിൽ തുടർമാനം കുറ്റം ചുമത്തുന്നു എന്നാണ് – രാപ്പകൽ. ഈ പൂർണ്ണസമയ ശുശ്രൂഷയിലാണ് സാത്താൻ വ്യാപൃതനായി ഇരിക്കുന്നത്. തന്നെയുമല്ല ഈ ശുശ്രൂഷയിൽ അവന് ധാരാളം സഹപ്രവർത്തകരും ഉണ്ട് – ദുഃഖകരമെന്നു പറയട്ടെ, അനേകം വിശ്വാസികൾ പോലും. ഈ കുറ്റാരോപണ ശുശ്രൂഷയിൽ സാത്താനോട് കൈകോർത്തിരിക്കുന്ന അസംഖ്യം വിശ്വാസികൾ ഉണ്ട്.

ഏദെൻ തോട്ടത്തിൽ വച്ച് ആദാം പാപം ചെയ്ത ഉടനെ, സാത്താൻ അവൻ്റെ ഈ കുറ്റപ്പെടുത്തുന്ന സ്വഭാവം ആദാമിലേക്ക് പകർന്നു. അതുകൊണ്ട് ദൈവം ആദാമിൻ്റെ അടുക്കൽ വന്ന് വിലക്കപ്പെട്ടിരുന്ന പഴം നീ തിന്നോ എന്ന് ചോദിച്ചപ്പോൾ, ആദാം ചെയ്ത ഒന്നാമത്തെ കാര്യം – അവൻ്റെ സ്വന്തം പാപം അംഗീകരിക്കുന്നതിന് പകരം – “അവളാണ് ആ പഴം എനിക്കു തിന്മാൻ തന്നത്” (ഉൽ.3:12) എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ഭാര്യയെ കുറ്റപ്പെടുത്തുക എന്നതായിരുന്നു.

കുട്ടിക്കാലം മുതൽ, നാമെല്ലാവരും മറ്റുള്ളവരിൽ തെറ്റ് കണ്ടുപിടിച്ച് അവരെ കുറ്റപ്പെടുത്താൻ പഠിച്ചിരിക്കുന്നു. നാം പ്രായമായി വളരുന്തോറും, ഈ പഴിചാരലിന്റെയും കുറ്റാരോപണത്തിന്റെയും ആത്മാവ് അതി സൂക്ഷ്മവും പകയുള്ളതും ആയിത്തീരുന്നു. ദുഃഖകരമായ യാഥാർത്ഥ്യം എന്താണെന്ന് വച്ചാൽ ഈ കുറ്റാരോപണത്തിന്റെ ആത്മാവ് അനേകം വിശ്വാസികളിൽ കാണപ്പെടുന്നു എന്നതാണ് – അവർ വീണ്ടും ജനിച്ചുകഴിഞ്ഞ് അനേക വർഷങ്ങൾക്ക് ശേഷം പോലും!

2കൊരി.5:17 ഇപ്രകാരം പറയുന്നു, “ഒരുവൻ ക്രിസ്തുവിൽ ആയാൽ, അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതെല്ലാം കഴിഞ്ഞുപോയി. ഇതാ സകലവും പുതുതായി തീർന്നിരിക്കുന്നു”.

നാം വീണ്ടും ജനിക്കുമ്പോൾ, മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം പുതിയതായി തീരണം – യേശുവിന് ഉണ്ടായിരുന്ന അതേ മനോഭാവം – നമുക്കെതിരെ പാപം ചെയ്തവർക്കു വേണ്ടി മധ്യസ്ഥതത ചെയ്യുന്ന മനോഭാവം, അവരെ കുറ്റപ്പെടുത്തുന്നതിനു പകരം. ഏതുവിധത്തിലും, നാം ദൈവത്തോട് സഹകരിച്ചെങ്കിൽ മാത്രമേ മനോഭാവത്തിലുള്ള അത്തരം ഒരു രൂപാന്തരം നമ്മുടെ ഉള്ളിൽ ഉണ്ടാകുകയുള്ളൂ. ആദാമിൽ നിന്ന് അനന്തരാവകാശമായി നാം പ്രാപിച്ചിരിക്കുന്ന എല്ലാ തെറ്റായ മനോഭാവത്തിൽ നിന്നും “നമ്മുടെ രക്ഷയെ പ്രവർത്തിച്ചെടുക്കുവാൻ” ഫിലി. 2:12 നമ്മോട് നിർദ്ദേശിക്കുന്നു. “നിങ്ങളുടെതന്നെ രക്ഷയെ പ്രവർത്തിച്ചെടുക്കുവിൻ” എന്ന ഈ കൽപ്പന വിശ്വാസികൾ ഗൗരവകരമായി എടുക്കാത്തതു കൊണ്ടാണ് അവർ ആദാമിൻ്റെ മക്കളെപ്പോലെ പെരുമാറുന്നത് തുടരുന്നത്, മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട്. ദൈവത്തിൻ്റെ മക്കളുടെ ഈ തിന്മ നിറഞ്ഞ പെരുമാറ്റത്തിലൂടെ, കർത്താവിനും തൻ്റെ സഭയ്ക്കും മനുഷ്യരുടെ മുൻപിൽ വളരെ മോശമായ ഒരു ദുഷ്പേരുണ്ടാകുന്നു.

യോഹ. 8:4ൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സാധു സ്ത്രീയെ പരീശന്മാർ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ച് നാം വായിക്കുന്നു. അവർക്ക് അവളെ പാപകരമായ ഒരു ജീവിതത്തിൽ നിന്നും രക്ഷിക്കാനുള്ള ഒരു താല്പര്യം തീരെ ഇല്ലായിരുന്നു. അവർ എല്ലാവരും അവരുടെ സ്വന്തം നീതി തെളിയിക്കാനും ആ സ്ത്രീ എത്ര ഹീനയായ ഒരു പാപിയാണെന്ന് കാണിക്കാനും ആയിരുന്നു ആഗ്രഹിച്ചത്. അവിടെ നിന്നുകൊണ്ട്, അവർ തങ്ങളുടെ കുറ്റപ്പെടുത്തുന്ന വിരലുകൾ ആ സാധു സ്ത്രീക്ക് നേരെ ചൂണ്ടി – അവരുടെ പൂർവപിതാവായ ആദാം, ഹവ്വായോടു ചെയ്തിട്ടുള്ളതുപോലെ തന്നെ. അതിലൂടെ അവർ വെളിപ്പെടുത്തിയത്, അവർ അപവാദിയായ സാത്താനുമായി കൂട്ടായ്മയിൽ ആണ് എന്നാണ്. അതുകൊണ്ടാണ് യേശു പരീശന്മാരോട് കൃത്യമായി അവരുടെ പിതാവ് സാത്താനാണ് എന്ന് പറഞ്ഞത് (യോഹ. 8:44).

യേശു വന്നത് അങ്ങനെയുള്ള സ്ത്രീകളെ രക്ഷിക്കാനാണ് – അവരെ വിധിക്കാൻ അല്ല. യോഹ. 3:17ൽ, നാം വായിക്കുന്നത് ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല. ലോകം അവനാൽ രക്ഷിക്കപ്പെടുവാൻ അത്രേ എന്നാണ്.

കുറ്റാരോപണവും ദൈവികമായ തിരുത്തലും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വെളിപ്പാട് 2, 3 അധ്യായങ്ങളിൽ കർത്താവ് യോഹന്നാനോട് 5 സഭകളുടെ പരാജയപ്പെട്ടുപോയ മൂപ്പന്മാർക്ക് ദൈവികമായ തിരുത്തലുകൾ നൽകാനായി നിർദ്ദേശിക്കുന്നു. അതേപോലെതന്നെ കൊരിന്ത്യ, ഗലാത്യ, തെസലോനിക്യ എന്നിവടങ്ങളിലുള്ള സഭകൾക്ക് ദൈവികമായ തിരുത്തലുകൾ നൽകുവാൻ പരിശുദ്ധാത്മാവ് പൗലൊസിനു നിർദ്ദേശം നൽകി. അത്തരം തിരുത്തൽ ഒരു ആത്മീയ കാര്യമാണ് – തൻ്റെ ജനത്തിന് അത്തരം തിരുത്തലുകൾ നൽകാൻ ദൈവം തൻ്റെ അഭിഷേകം ചെയ്യപ്പെട്ട ദാസന്മാരെ ചില സമയങ്ങളിൽ വിളിക്കുന്നു. എന്നാൽ അത്തരം തിരുത്തലുകൾ എപ്പോഴും സ്നേഹത്തിലായിരിക്കും.

കുറ്റാരോപണത്തിന്റെ ആത്മാവിനെ തിരിച്ചറിയുന്നത് വളരെ എളുപ്പമാണ്. അത് എപ്പോഴും പറയപ്പെടുന്നത്, തനിക്കിഷ്‌ടമില്ലാത്തവരുടെ നേരേയുള്ള നിഷേധാത്മക മനോഭാവത്തോടെയാണ്. നിങ്ങൾ സ്നേഹിക്കുന്നവരെ നിങ്ങൾ ഒരിക്കലും അതുപോലെ കുറ്റപ്പെടുത്തുകയില്ല. ഉദാഹരണത്തിന്, മറ്റുള്ളവരുടെ മുമ്പിൽ നിങ്ങളുടെ മക്കളെ നിങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. അതുകൊണ്ട്, മനുഷ്യരോട് നിങ്ങൾക്കുള്ള സ്നേഹത്തിൻ്റെ കുറവാണ് നിങ്ങളുടെ ഉള്ളിൽ നിന്ന് കുറ്റപ്പെടുത്തലിന്റെ ആത്മാവിനെ കൊണ്ടുവരുന്നത് എന്നു നിങ്ങൾക്ക് കാണാൻ കഴിയും.

ദൈവികമായ തിരുത്തൽ കർത്താവിനാൽ ഭരമേല്പിക്കപ്പെടുന്നത് അപ്പൊസ്തലന്മാരായ യോഹന്നാൻ, പൗലൊസ് എന്നിവരെപ്പോലെ വിശ്വസ്തരായ തൻ്റെ ഭൃത്യന്മാരെയാണ്. കർത്താവ് എല്ലാവരെയും അങ്ങനെയൊരു ശുശ്രൂഷയ്ക്കായി വിളിക്കുന്നില്ല. അതുകൊണ്ട് ശ്രദ്ധാലുക്കളായിരിക്കുക. “കുറ്റാരോപണത്തിൻ്റെ ഒരു ശുശ്രൂഷയിൽ” നിങ്ങൾ വ്യാപൃതനായിരിക്കുമ്പോൾ, നിങ്ങൾക്ക് ദൈവികമായ തിരുത്തലിന്റെ ഒരു ശുശ്രൂഷ ഉണ്ടെന്നു ചിന്തിച്ച് നിങ്ങളെ തന്നെ എളുപ്പത്തിൽ വഞ്ചിക്കുവാൻ നിങ്ങൾക്കു കഴിയും.

ഈ കുറ്റാരോപണത്തിന്റെ ആത്മാവിനെ നിങ്ങൾ നിലനിർത്തിയാൽ, കർത്താവ് നിങ്ങൾക്ക് എതിരാകും, അവിടുന്ന് പരീശന്മാർക്ക് എതിരായിരുന്നതുപോലെ. കുറ്റാരോപണത്തിന്റെ ശുശ്രൂഷ പിശാചിൻ്റെ പ്രവൃത്തിയാണ്, വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് അതിൽ ഒരു പങ്കും ഇല്ലേയില്ല.

ഒന്നാമത് നാം തിരിച്ചറിയേണ്ടത്, നമ്മുടെ സഹവിശ്വാസികളിൽ നാം കണ്ടെത്തുന്ന ഒന്നല്ലെങ്കിൽ മറ്റു ചില തെറ്റുകൾക്ക് അവരെ കുറ്റപ്പെടുത്തുവാൻ സാത്താനും അവൻ്റെ ഭൂതങ്ങളും നിരന്തരമായി നമ്മെ തിടുക്കപ്പെടുത്തി കൊണ്ടിരിക്കും എന്നാണ്. അവരെ കുറ്റപ്പെടുത്തേണ്ടതിന് നിങ്ങളെ പ്രേരിപ്പിക്കുവാൻ, നിങ്ങളുടെ സഹവിശ്വാസികളിൽ ഉള്ള അനേകം തെറ്റുകൾ ആ ഭൂതങ്ങൾ നിങ്ങൾക്ക് കാണിച്ചു തരും. ഈ പ്രലോഭനങ്ങൾക്ക് നിങ്ങൾ വഴങ്ങിയാൽ, സാത്താന്യ ശക്തികൾക്ക് നിങ്ങൾ നിങ്ങളെത്തന്നെ തുറന്നുകൊടുക്കും. അനേകം വിശ്വാസികൾ പല രോഗങ്ങളാൽ കഷ്ടപ്പെടുന്നതിനുള്ള ഒരു കാരണം ഇതാകാം.

നമ്മുടെ ജീവിതത്തിൽ നിന്നും ഈ കുറ്റാരോപണത്തിന്റെ ആത്മാവിനെ നീക്കി കളയുന്നതിൽ നാം കരുണ ഇല്ലാത്തവരായിരിക്കണം – ഒരു ശസ്ത്രക്രിയ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി ഒരു രോഗിയിലുള്ള അർബുദ വളർച്ച പൂർണമായി നീക്കി കളയുന്നത് പോലെ. “കുറ്റാരോപണത്തിന്റെ ആത്മാവ്” ഏതൊരു കാൻസറിനെക്കാളും വളരെയധികം ചീത്തയാണ് എന്ന് നാം വ്യക്തമായി കാണണം.

നമ്മുടെ ജനനം മുതൽ, മറ്റുള്ളവരിൽ തെറ്റ് കണ്ടുപിടിക്കുന്ന ഈ ദുശ്ശീലം നാം എല്ലാവരും നേടിയിട്ടുണ്ട്. ആളുകളുടെ പിന്നിൽ അവരെ വിമർശിച്ച് അവരിൽ ഒന്നല്ലെങ്കിൽ മറ്റൊരു തെറ്റ് കണ്ടുപിടിച്ച് അവരെ കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ട് നാം വളരെ വർഷങ്ങൾ ചെലവഴിച്ചിരിക്കുന്നു.

ഒടുവിലായി: പാപമില്ലാത്തവർക്കു മാത്രമേ മറ്റുള്ളവരെ കല്ലെറിയാനുള്ള അവകാശമുള്ളൂ എന്ന് പരീശന്മാരോട് യേശു പറഞ്ഞത് നമുക്ക് ഓർക്കാം. അതുകൊണ്ട് നമ്മിൽ ആരും മറ്റുള്ളവരെ കുറ്റപ്പെടുത്താൻ യോഗ്യതയുള്ളവരല്ല.

ഈ സാത്താന്യ ആത്മാവിൽ നിന്ന് കർത്താവ് നമ്മെ എല്ലാവരെയും പൂർണമായി വിടുവിക്കട്ടെ.

ആമേൻ