സഭാ നേതാക്കന്മാർക്കു വേണ്ടി ഒരു സന്ദേശം – WFTW 3 മെയ് 2026

സാക് പുന്നൻ

സഭയെ നയിക്കുന്നവരായ നാം, ക്രൂശിന്റെ മാർഗത്തിൽ നടക്കുന്നതിലൂടെ നമ്മുടെ സഭകളിലുള്ള മറ്റുള്ളവർക്ക് മാതൃകകളായിരിക്കണം. യേശു തന്നെ ആയിരുന്നതുപോലെ, അവരുടെ ദാസന്മാരായിരിക്കാനുള്ള ഒരു വലിയ വാഞ്ഛ നമുക്കുണ്ടായിരിക്കണം, അവരുടെ നേതാക്കൾ ആയിരിക്കാനല്ല. യേശു പറഞ്ഞു, “ജാതികളിൽ അധിപതികളായവർ അവരിൽ കർതൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവർ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസൻ ആകണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, മറ്റുള്ളവരെ ശുശ്രൂഷിപ്പാനത്രേ വന്നത്” (മർക്കൊ. 10:42-45).

നാം നമ്മുടെ പദവിയെയോ ‘നേതാവ്’ എന്ന സ്ഥാനപ്പേരിനെയോ സ്നേഹിക്കരുത് (മത്താ. 23:10). നമ്മുടെ സഭയിലുള്ള മറ്റേതൊരു സഹോദരി സഹോദരന്മാരെക്കാൾ നാം ഒരുവിധത്തിലും വലിയവരാണെന്ന് കരുതരുത്. വാസ്തവത്തിൽ, മറ്റുള്ള എല്ലാവരെയും നമ്മെക്കാൾ അധികം പ്രാധാന്യമുള്ളവരെന്ന് കണക്കാക്കണമെന്നാണ് നമ്മോടു കല്പിച്ചിരിക്കുന്നത് – അധികം ആത്മീയരെന്നല്ല (അത് അസാധ്യമാണ്) എന്നാൽ അധികം പ്രാധാന്യമുള്ളവരെന്ന് (ഫിലി. 2:3).

നമുക്ക്, മറ്റുള്ളവരുടെ നേതാവ് ആകാൻ കഴിയുന്നതിനുമുമ്പ് ആദ്യം നാം അവർക്ക് ഒരു കൂട്ടു സഹോദരനായിരിക്കണം. അപ്പൊസ്തലനായ യോഹന്നാൻ തൻ്റെ 95-ാമത്തെ വയസ്സിൽ സഭകൾക്കെഴുതുമ്പോൾ, തന്നെത്തന്നെ ഇപ്രകാരം വിളിക്കുന്നു, “നിങ്ങളുടെ സഹോദരനായ യോഹന്നാൻ എന്ന ഞാൻ…” (വെളി. 1:9). നിർഭാഗ്യവശാൽ പല നേതാക്കന്മാരും തങ്ങളെ തന്നെ നേതാക്കന്മാരായി മാത്രമേ കണക്കാക്കുന്നുള്ളൂ. സഭയിൽ എല്ലായ്പ്പോഴും ഒരു സാധാരണ സഹോദരനായി നിലനിൽക്കാനുള്ള കൃപയ്ക്കായി നാം ദൈവത്തെ അന്വേഷിക്കണം. ഇതുപോലെ നമുക്കു ജീവിക്കണമെങ്കിൽ, അപ്പോൾ നാം എല്ലാ സമയത്തും ദൈവവുമായി അടുത്ത ഒരു മുഖാമുഖ ബന്ധത്തിലായിരിക്കണം.

ദൈവത്താൽ നൽകപ്പെട്ട, ആത്മീയ അധികാരം, മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാനോ അല്ലെങ്കിൽ കീഴടങ്ങേണ്ടതിന് മറ്റുള്ളവരെ നിർബന്ധിക്കുവാനോ ഉള്ള ഒന്നല്ല. നമ്മെ അനുസരിക്കുവാൻ ഒരിക്കലും നാം മറ്റുള്ളവരെ നിർബന്ധിക്കരുത്, തന്നെയുമല്ല നാം ആരുമായും ഒരിക്കലും ശണ്ഠയിടുകയും അരുത് (2തിമൊ.2:24,25). ദൈവം നമ്മെ പിന്താങ്ങുന്നെങ്കിൽ, നാം ഒരിക്കലും നമ്മുടെ പദവിയെ പ്രതിരോധിക്കേണ്ടതില്ല, കാരണം ദൈവം തന്നെ നമ്മെ പ്രതിരോധിച്ച് നമ്മുടെ അധികാരത്തെ ഉറപ്പിക്കും. ആരെങ്കിലും ഏതെങ്കിലും വിധത്തിൽ തൻ്റെ അധികാരം മറ്റുള്ളവരുടെ മേൽ സ്വയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെങ്കിൽ, അപ്പോൾ അയാളുടെ അധികാരം ദൈവത്താൽ നൽകപ്പെട്ടതല്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.

ഒരു ആത്മീയ നേതാവ് ആക്രമിക്കപ്പെടുമ്പോഴോ, അപവദിക്കപ്പെടുമ്പോഴോ ഒരിക്കലും തന്നേത്തന്നെ പ്രതിരോധിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കുകയില്ല. വേദപുസ്തകം ഇപ്രകാരം പറയുന്നു, “ക്രിസ്തുവാണ് നമ്മുടെ മാതൃക. അവിടുത്തെ കാൽ ചുവടുകളിൽ പിന്തുടരുക… തന്നെ ശകാരിച്ചപ്പോൾ ഒരിക്കലും അവിടുന്ന് പകരം ശകാരിച്ചില്ല, കഷ്ടം അനുഭവിച്ചപ്പോൾ ഭീഷണം പറഞ്ഞില്ല, എല്ലായ്‌പോഴും ന്യായമായി വിധിക്കുന്ന ദൈവത്തിൻ്റെ കരങ്ങളിൽ തൻ്റെ കാര്യം ഭരമേമേൽപ്പിച്ചു” (1പത്രൊ. 2:21, 23).

തൻ്റെ നിയമങ്ങൾ മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുവാൻ യേശു ഒരിക്കലും അവരോട് പോരാടിയില്ല. തന്നേ പ്രതിരോധിക്കുന്നതിനും തന്നേ നീതിയിരിക്കേണ്ടതിനും അവിടുന്ന് അത് ദൈവത്തിനു വിട്ടുകൊടുത്തു. സഭയിലുള്ള എല്ലാ നേതാക്കന്മാരും നടക്കേണ്ട പാത ഇതാണ്. നാം തന്നെ ദൈവത്തിൻ്റെ അധികാരത്തിന്റെ കീഴിൽ ജീവിച്ചാൽ, നമുക്ക് നമ്മുടെ കാര്യം സുരക്ഷിതമായി ദൈവകരങ്ങളിൽ വിട്ടുകൊടുക്കാൻ കഴിയും. നമുക്കെതിരായുള്ള എല്ലാ അപവാദങ്ങളെയും വിമർശനങ്ങളെയും ദൂഷണങ്ങളെയും നമുക്ക് അവഗണിക്കാൻ കഴിയും, കാരണം അത്തരം ആക്രമണങ്ങളിൽ നിന്ന് അവിടുന്ന് തന്നെ അവിടുത്തെ ദാസന്മാരെ പ്രതിരോധിക്കും എന്നത് ദൈവത്തിൻ്റെ വാഗ്ദത്തമാണ്. ഒരു ആത്മീയ നേതാവിനെതിരായി മറ്റുള്ളവരാൽ ഉണ്ടാക്കപ്പെടുന്ന ഒരായുധവും ഒരിക്കലും ഫലിക്കയില്ല (യെശ.54:17). എൻ്റെ ജീവിതത്തിൽ ഇതിൻ്റെ യാഥാർത്ഥ്യം വീണ്ടും വീണ്ടും ഞാൻ അനുഭവിച്ചിരിക്കുന്നു. അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് അനുഗ്രഹമാണ്.

അതുപോലെയുള്ള ആത്മീയ മനസ്സുള്ള നേതാക്കന്മാരുടെ വലിയ കുറവുമൂലം ഇന്ന് സഭ വളരെയധികം കഷ്ടപ്പെടുന്നു. യേശു ഒരിക്കൽ തൻ്റെ അടുക്കലേക്കു വന്ന പുരുഷാരത്തെ നോക്കിയിട്ട് അവിടുത്തേക്ക് അവനോട് വലിയ മനസ്സലിവ് തോന്നി. “ആളുകൾ ഇടയനില്ലാത്ത ആടുകളെ പോലെ ആയിട്ട് അവരുടെ പ്രശ്നങ്ങൾ വളരെ വലിയതായിരിക്കും തന്നെയുമല്ല എന്തു ചെയ്യണമെന്നോ സഹായത്തിനായി എവിടെ പോകണമെന്നോ അവർക്ക് അറിയുന്നുമില്ല” (മത്താ. 9:36- ലിവിംഗ് ബൈബിൾ). ഇന്നത്തെ സാഹചര്യം അതുപോലെ തന്നെയാണ്. ഒരു ഇടയന്റെ ഹൃദയവും ഒരു ദാസന്റെ ആത്മാവുമുള്ള നേതാക്കന്മാരെ നമുക്ക് അടിയന്തിരമായി ആവശ്യമുണ്ട്, ആവശ്യത്തിന് സഹായിക്കുവാൻ – ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ വചനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന പുരുഷന്മാർ.

ആളുകൾ നമ്മുടെ ആരാധകരായി തീരുവാൻ ഒരിക്കലും നാം അനുവദിക്കരുത്. അല്ലാത്തപക്ഷം അവർ ഒരിക്കലും ക്രിസ്തുവിനെ തങ്ങളുടെ തലയെന്ന നിലയിലുള്ള ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാകുന്നതിലേക്ക് വളരുകയില്ല. നാം ഒരിക്കലും ആരെയും നമ്മിലേക്ക് ചേർത്ത് ബന്ധിക്കരുത്. അതിനുപകരം ഓരോരുത്തരെയും ദൈവത്തിൻ്റെ മുമ്പിൽ മാത്രം നിൽക്കേണ്ടതിന് നാം ഉത്സാഹിപ്പിക്കണം. അവർ ചെയ്യുന്ന കാര്യങ്ങളിൽ അവർ നമ്മുടെ അംഗീകാരം അന്വേഷിക്കരുത്. ആരെങ്കിലും നമ്മോട് പറ്റിച്ചേരുന്നതായി കണ്ടാൽ, ഉടനെ തന്നെ നാം അവരെ കുടഞ്ഞു കളയണം. നാം മറ്റുള്ളവർക്ക് ഉപദേശം നൽകുമ്പോൾ, നമ്മോട് വിയോജിക്കുവാനും അവർക്കു സ്വാതന്ത്ര്യം തോന്നുന്നതുപോലെ അത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം കൂടെ നാം അവർക്ക് നൽകണം. തന്നെയുമല്ല, അതിൻ്റെ ഫലമായി അവർക്ക് അബദ്ധം പറ്റിയാൽ, അവരെ സഹായിക്കാൻ നാം വേഗതയുള്ളവരായിരിക്കണം, ‘ഞാൻ അത് പറഞ്ഞതല്ലേ’ എന്നു പറയരുത്. ഒരു യഥാർത്ഥ ആത്മീയ നേതാവ് പ്രതികരിക്കുന്ന വിധം അതാണ്.

“ആത്മാവ് നിറഞ്ഞവരായിരിപ്പിൻ… ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം കീഴടങ്ങുവിൻ” (എഫെ. 5:18, 21).

തൻ്റെ ഭൗതികമായ സാഹചര്യങ്ങൾക്കും 30 വർഷങ്ങളോളം തൻ്റെ ഭൗമിക മാതാപിതാക്കളുടെ അധികാരത്തിനും കീഴ്പ്പെട്ട യേശുവിൻ്റെ രീതിയിൽ അവിടുന്ന് നമ്മുടെ മാതൃകയാണ്. ഈ മേഖലകളിലെല്ലാം അവിടുന്ന് വിശ്വസ്തനായിരുന്നതിനു ശേഷം മാത്രമാണ്, തൻ്റെ പിതാവ് അവിടുത്തെ ബാപ്റ്റിസത്തിന്റെ (സ്നാന ത്തിൻ്റെ)സമയത്ത് ഈ പറയുന്ന സാക്ഷ്യപത്രം നൽകിയുള്ളൂ: “ഇവൻ എൻ്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. നേതാക്കന്മാരായ നമുക്ക് പോകാനുള്ള മാർഗ്ഗവും അതാണ്.

ബൈബിൾ ഇപ്രകാരം പറയുന്നു, “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ, അവർ കണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു. ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്യുവാൻ ഇടവരുത്തുവിൻ. അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” (എബ്രാ 13:17). ആ കൽപ്പന നേതാക്കന്മാർക്കും കൂടിയാണ്, ദൈവം നമ്മെ ആക്കി വച്ചിരിക്കുന്ന സാഹചര്യങ്ങൾക്കും ദൈവം നമ്മുടെ മേൽ ആക്കി വച്ചിരിക്കുന്ന ഏത് അധികാരത്തിനും നാം കീഴ്‌പ്പെടണം – ലോകത്തിലും, സഭയിലും. അപ്പോൾ നമുക്കും സമാനമായ ഒരു സാക്ഷ്യം ദൈവത്തിൽ നിന്നു ലഭിക്കും – നാം അവിടുത്തേക്ക് പ്രസാദമുള്ളവരാണെന്ന്.

ആരെങ്കിലും നമുക്ക് വിധേയപ്പെടണമെന്ന് നാം ഒരിക്കലും ആവശ്യപ്പെടരുത്. നാം നേതാക്കൾ ആയതുകൊണ്ടുമാത്രം മറ്റുള്ളവരിൽ നിന്ന് വിധേയത്വം ആവശ്യപ്പെട്ടാൽ, അത് സൂചിപ്പിക്കുന്നത് നാം അരക്ഷിത ബോധമുള്ളവരാണ് എന്നും നമുക്ക് യഥാർത്ഥത്തിൽ ദൈവത്തെ അറിയില്ല എന്നുമാണ് – കാരണം ദൈവം ആളുകൾക്ക് അവിടുത്തോട് വിധേയപ്പെടാനോ അല്ലെങ്കിൽ അനുസരിക്കാനോ ഉള്ള സ്വാതന്ത്ര്യം നൽകുന്നു – അതുകൊണ്ട് നാം ദൈവത്തേക്കാൾ വലിയവരല്ല. നേതാക്കന്മാർ എന്ന നിലയിൽ ആരിൽ നിന്നും വിധേയത്വം ആവശ്യപ്പെടാൻ നമുക്ക് ഒരവകാശവും ഇല്ല. നാം ശുശ്രൂഷിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്, വിധേയത്വം ആവശ്യപ്പെടാനല്ല.

നമ്മുടെ വ്യക്തിത്വത്തിന്റെ പ്രഭാവത്തിലൂടെ ആരെയും നമുക്കു വിധേയരാക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. ദൃഢമതിയായ ഒരു നേതാവിന് തന്റെ വ്യക്തിപ്രഭാവത്താൽ സഭയിലുള്ള മറ്റുള്ളവരുടെ മേൽ ഒരു സ്വാധീനം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്! അതു തിന്മയാണ്. അത്തരം ദേഹീശക്തിയെ മരണത്തിന് ഏൽപ്പിക്കേണ്ടതാണ്. നമ്മോട് വിയോജിക്കാൻ സഭയിലുള്ളവർക്ക് സ്വാതന്ത്ര്യം തോന്നണം. നമ്മെ ആരും ഭയപ്പെടരുത്. യേശു തന്നെ ശാസിക്കുവാൻ പോലും പത്രോസിനെ അനുവദിച്ചു (മത്താ. 16:22). നിങ്ങളുടെ സഹോദരന്മാർക്ക് നിങ്ങളെ ശാസിക്കാനുള്ള സ്വാതന്ത്ര്യം തോന്നുമോ എന്ന് നിങ്ങളോടു തന്നെ ചോദിക്കുക? അല്ലെങ്കിൽ, നിങ്ങളുടെ സ്വയം ഉയർത്തലിൽ നിന്നുള്ള രക്ഷയെ നിങ്ങൾ പ്രവർത്തിച്ചെടുത്തിട്ട്, അവിടുന്ന് ഈ ഭൂമിയിൽ നടന്നപ്പോൾ യേശു ആയിരുന്നതുപോലെ ആകുവാൻ നിങ്ങളെ തന്നെ താഴ്ത്തുക.

സഹോദരീ സഹോദരന്മാർ അനേകം നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭാരത്തിൻ കീഴിൽ ജീവിക്കുന്ന ഒരു ഏകാധിപത്യത്തിൽ ഒരിക്കലും നാം സഭയെ നടത്തരുത്. അത് സഭയെ നിയമപരമായ ഒരു ക്ലബ്ബ് ആക്കി തീർക്കും, അവിടെ യഥാർത്ഥമായി ദൈവഭക്തിയുള്ള സഹോദരന്മാർക്ക് സ്വന്തം ഭവനത്തിൽ എന്നപോലെ തോന്നുകയില്ല. എന്നാൽ അതിനുപകരം ജഡികരായ ‘ആജ്ഞാനുവർത്തികൾക്ക്’ (നിരുപാധികമായി നിങ്ങളെ അനുസരിക്കുന്നവർ) അധികാരം ലഭിക്കും. അതും തിന്മയാണ്.

സഭയയിൽ അനേകം നിയമങ്ങൾ ഉണ്ടാക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരിൽ വിശുദ്ധി ഉണ്ടാക്കാൻ കഴിയില്ല. നാം സഭയിൽ വചനം പ്രസംഗിക്കണം എന്നാൽ ഒരു പ്രത്യേക ഘടനയ്ക്കു വഴങ്ങുവാൻ അവരെ നിർബന്ധിക്കരുത്. വ്യക്തിപരമായ ബോധ്യമില്ലാതെ നമ്മെ പ്രസാദിപ്പിക്കുവാൻ വേണ്ടി മാത്രം ആളുകൾ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, അവരുടെ പ്രവൃത്തികൾ വെറും നിർജ്ജീവ പ്രവൃത്തികൾ ആയിരിക്കും, ആ പ്രവർത്തനങ്ങൾ മനുഷ്യദൃഷ്ടിയിൽ “നീതിയുള്ളതും” നല്ലതും എന്നു തോന്നിയാലും.

മനുഷ്യരെ പ്രസാദിപ്പിക്കുവാനും അവരിൽ മതിപ്പുളവാക്കേണ്ടതിനും വേണ്ടി ചെയ്യുന്ന പ്രവൃത്തികളാണ് നിർജ്ജീവ പ്രവൃത്തികൾ. എന്നാൽ സകല നിർജ്ജീവ പ്രവൃത്തികളും ദൈവത്തിന് സ്വീകാര്യമല്ലാത്തവയാണ്. ദൈവത്തെ മാത്രം പ്രസാദിപ്പിക്കാൻ വേണ്ടി ചെയ്യപ്പെടുന്ന പ്രവൃത്തികളെയാണ് ദൈവം സ്വീകരിക്കുന്നത്. അത്തരം പ്രവൃത്തികൾ ചെയ്യുന്നതിലേക്കു സഹോദരീ സഹോദരന്മാരെ നമുക്കു നയിക്കണമെങ്കിൽ, അപ്പോൾ അവർ സ്വതന്ത്രരായി വിടപ്പെട്ടവരായിരിക്കണം – ആദമിനെയും ഹവ്വയേയും ദൈവം തന്നെ ഏദൻ തോട്ടത്തിൽ വിട്ടതു പോലെ അത്രയും സ്വാതന്ത്ര്യത്തിൽ. യഥാർത്ഥ വിശുദ്ധി തികയ്ക്കപ്പെടുന്നത് ദൈവഭയത്തിലാണ് (2കൊരി.7:1), അല്ലാതെ ഏതെങ്കിലും സഭാ നേതാവിനോടുള്ള ഭയത്തിലൂടെയല്ല.

നിങ്ങളുടെ സഭയിലെ യുവാക്കളായ സഹോദരന്മാരെ ദൈവം ശുശ്രൂഷയുടെ സ്ഥാനത്തേക്ക് ഉയർത്തുന്നെങ്കിൽ, ആളുകൾക്ക് നിങ്ങളിലുള്ളതിനേക്കാൾ അധികം ആത്മവിശ്വാസം അവരിലുള്ള ഒരിടത്ത്, അപ്പോൾ നിങ്ങൾ ദൈവത്തിൻ്റെ ഈ പ്രവൃത്തിയെ അംഗീകരിക്കണം, അങ്ങനെയുള്ള യുവ സഹോദരങ്ങൾക്ക് കൃപയോടു കൂടി സഭയിൽ പ്രാമുഖ്യം നൽകുക. അല്ലാത്തപക്ഷം നിങ്ങൾ ദൈവത്തിനെതിരേ പോരാടുന്നവനായി നിങ്ങളെ തന്നെ കണ്ടെത്തും.

നിങ്ങൾ സ്നേഹമുള്ള ഒരു പിതാവാണെങ്കിൽ, നിങ്ങൾക്ക് ലഭിച്ചതിനേക്കാൾ അധികം വിദ്യാഭ്യാസം നിങ്ങളുടെ മക്കൾക്ക് ലഭിക്കണമെന്ന് നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. ഒരു യഥാർത്ഥ ആത്മീയ പിതാവിനും അതിനു സമാനമായ ഒരാഗ്രഹം ഉണ്ടായിരിക്കും – തൻ്റെ ആത്മീയ മക്കൾ ആത്മീയമായി തന്നെക്കാൾ മുന്നേറണമെന്ന ആഗ്രഹം. നിങ്ങൾ ശുശ്രൂഷിക്കുന്നവർക്ക് വേണ്ടി അങ്ങനെ ഒരു ആഗ്രഹം നിങ്ങൾക്കില്ലെങ്കിൽ, നിങ്ങളൊരു ആത്മീയ പിതാവല്ല. അപ്പോൾ നിങ്ങൾ ഒരു നേതാവാകാൻ അയോഗ്യനാണ്. അപ്പോൾ നിങ്ങളുടെ പ്രദേശത്ത് ക്രിസ്തുവി ൻ്റെ സഭ പണിയുന്നതിന് നിങ്ങൾ ഒരു തടസ്സമായിരിക്കും.

സ്വേച്ഛാധിപത്യ മനോഭാവങ്ങൾ ഉള്ളവരും സഭയിൽ തങ്ങളുടെ സ്നേഹിതന്മാരോട് മുഖപക്ഷം കാണിക്കുന്നവരുമായ നേതാക്കന്മാർ തങ്ങളുടെ അത്തരം പാപകരമായ പെരുമാറ്റത്തിനുള്ള ദൈവത്തിൻ്റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്ന് ചിന്തിച്ചേക്കാം. എന്നാൽ ദൈവം ഓരോ കാര്യവും കുറിച്ചു വയ്ക്കുകയും അത്തരം കാര്യങ്ങളുടെ കൃത്യമായ രേഖ സൂക്ഷിക്കുകയും ചെയ്യുന്നു. അവിടുത്തെ നിയമിക്കപ്പെട്ട സമയത്ത്, അത്തരം അവിശ്വസ്‌തരായ നേതാക്കന്മാരെ അവിടുന്ന് ന്യായം വിധിക്കും അപ്പോൾ കപടഭക്തനായ, അല്ലെങ്കിൽ തൻ്റെ ആടുകളുടെ മേൽ അധികാരത്തോടെ അടിച്ചേൽപ്പിക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽ ക്രൂരമായി ഭരണം നടത്തുക മുതലായവ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു നേതാവിനെ പോലും കർത്താവ് ഒഴിവാക്കുന്നില്ല എന്ന് എല്ലാവരും കാണും. ദൈവത്തിനു മുഖപക്ഷമില്ല! അതുകൊണ്ട്, താൻ നിൽക്കുന്നു എന്ന തോന്നുന്നവൻ വീഴാതിരിക്കാൻ നോക്കിക്കൊള്ളട്ടെ (1 കൊരി. 10:12).

എബ്രാ. 12:26-28 വരെയുള്ള വാക്യങ്ങൾ നമ്മോട് പറയുന്നത്, “ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിനെ ദൈവം ഇളക്കും” എന്നാണ്.

നമുക്കു ചുറ്റും, ക്രിസ്തീയ ഗോളത്തിൽ വലിയ പ്രാസംഗികർ പാപത്തിൽ വീഴുന്നതും പുതിയ നിയമ മാതൃക പിന്തുടരുന്നതായി കാണപ്പെടുന്ന സഭകൾ, വിഭജിക്കപ്പെടുന്നതും അതിൻ്റെ കേന്ദ്രഭാഗം വരെ ഇളക്കപ്പെടുന്നതും നാം കാണുന്നു. ഇന്ന് നടക്കുന്ന എല്ലാ ഇളക്കങ്ങളുടെയും നടുവിൽ, ക്രിസ്തീയ ഗോളത്തിൽ ഒരുവശത്ത് നാം കാണുന്ന ലൗകികതയുടെയും, ഒത്തുതീർപ്പിന്റെയും നടുവിൽ, മറുവശത്തു നാം കാണുന്ന നിയമപരവും പരീശത്വം നിറഞ്ഞതുമായ കാര്യങ്ങളുടെയും നടുവിൽ, ഇളക്കാൻ പറ്റാത്ത ക്രിസ്തുവിൻ്റെ ശരീരം നമുക്കു പണിയണമെങ്കിൽ, നാം ദൈവത്തെ “ഭയത്തോടും ഭക്തിയോടും കൂടെ സേവ ചെയ്യുക -കാരണം നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ” (എബ്രാ. 12:29).

നമ്മുടെ ജീവിതാവസാനം വരെ, എല്ലാ സമയവും താഴ്മയുടെ പാതയിൽ കൂടെ നമുക്കു നടക്കാം.

What’s New?