സ്വതന്ത്രമാക്കുന്ന ഒരു സത്യം – WFTW 05 ഫെബ്രുവരി 2017

സാക് പുന്നന്‍

   Read PDF version

യാക്കോബ് 1:1215 ല്‍ അപ്പൊസ്തലന്‍ പ്രലോഭനത്തെയും പാപത്തെയും കുറിച്ചു പറയുന്നു. നിങ്ങള്‍ പ്രലോഭനങ്ങളില്‍ ജയിക്കുന്നതു തുടരുകയാണെങ്കില്‍, ഒരു ദിവസം നിങ്ങള്‍ ദൈവത്തില്‍ നിന്ന് ജീവന്റെ കിരീടം പ്രാപിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ദൈവം തന്നെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അത് വാഗ്ദാനം ചെയ്യുന്നു. അതു നമ്മെ പഠിപ്പിക്കുന്നത്, നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നു എങ്കില്‍ പാപം ചെയ്യുവാനുളള എല്ലാ പ്രലോഭനങ്ങള്‍ക്കും എതിരെ നാം പോരാടും എന്നാണ്.

നിങ്ങള്‍ക്ക് ഒരു പ്രലോഭനം ഉണ്ടാകുമ്പോള്‍ ‘ദൈവമെ, എന്തുകൊണ്ടാണ് അങ്ങ് ഈ പ്രലോഭനം എന്റെ അടുക്കലേക്ക് അയച്ചത്?’ എന്നു ചോദിക്കരുത്. ദൈവം ഒരിക്കലും അത് അയച്ചിട്ടില്ല. ദൈവം ആരെയും പ്രലോഭിപ്പിക്കുന്നില്ല. ‘ഒരുവന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താല്‍ പ്രലോഭിക്കപ്പെടുന്നു എന്ന് ആരും പറയാതിരിക്കട്ടെ. ദൈവം ആരെയും പ്രലോഭിപ്പിക്കുന്നില്ല’ ( യാക്കോബ് 1:13) .

അപ്പോള്‍പിന്നെ ആരാണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്? നിങ്ങളുടെ ജഡത്തിലുളള മോഹങ്ങളിലൂടെ സാത്താനാണതു ചെയ്യുന്നത്. കാരണം നമ്മുടെ ശൈശവം മുതല്‍ അനേക വര്‍ഷങ്ങള്‍ നാം എല്ലാവരും നമ്മുടെ ജഡത്തില്‍ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി ജീവിച്ചിട്ടുണ്ട്, ആ ആഗ്രഹങ്ങള്‍ ഉപയോഗിച്ച് സാത്താന് നമ്മെ പ്രലോഭിപ്പിക്കുവാന്‍ കഴിയും. ഒരു രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, ആ രാജ്യത്തിനകത്ത്‌നാ ശമുണ്ടാക്കുന്നതിനുവേണ്ടി ശത്രു രഹസ്യമായി തങ്ങളുടെ പ്രതിനിധികളെ രാജ്യത്തിനുളളിലേയ്ക്ക് അയയ്ക്കുന്നു. ശത്രു രണ്ടു മുഖങ്ങളില്‍ നിന്ന് യുദ്ധം ചെയ്യുന്നു. യുദ്ധമുഖത്തു നിന്നു കൊണ്ടും, തങ്ങളുടെ പ്രതിനിധികളിലൂടെ രാജ്യത്തിനകത്തു നിന്നു
കൊണ്ടും. അതുകൊണ്ട് അത് സാത്താനോടും കൂടെയാണ്. നാം നമ്മിലുളള സാത്താന്റെ പ്രതിനിധികളെ നമ്മുടെ ജഡത്തിലുളള ദൈവഭയമില്ലാത്തതും സാത്താന്റെ പക്ഷത്തുളളതുമായ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ മരണത്തിനേല്‍പ്പിക്കണം. നിങ്ങള്‍ അകത്തുളള ശത്രുവിന്റെ പ്രതിനിധികളെ കൊന്നാല്‍, യുദ്ധമുഖത്തു നിന്നു പോരാടുന്ന സാത്താന് എതിരെ പോരാടുവാന്‍ നിങ്ങള്‍ ശക്തരായിത്തീരും. തെറ്റായ ഒരു ആഗ്രഹത്തിന് വഴിപ്പെടുവാന്‍ നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ അനുവദിക്കുമ്പോഴാണ് നിങ്ങള്‍ പാപം ചെയ്യുന്നത്. അതു വരെ നിങ്ങളുടെ മനസ്സിലേക്കു വന്ന ആ ചിന്ത ഒരു പ്രലോഭനം മാത്രമാണ്. ഉദാഹരണത്തിന് നിങ്ങള്‍ റോഡിലൂടെ നടക്കുമ്പോള്‍, നിങ്ങളെ
പ്രലോഭിപ്പിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ കാണുന്നു. അത് പാപമല്ല. അത് പ്രലോഭനമാണ്. എന്നാല്‍ നിങ്ങള്‍ അതിനെ വീണ്ടും നോക്കിയാല്‍, അപ്പോള്‍ നിങ്ങള്‍ പാപം ചെയ്യുന്നു. ഒന്നാമത്തെ നോട്ടം പ്രലോഭനമാണ്, രണ്ടാമത്തെ നോട്ടം പാപമാണ്. ആദ്യത്തെ നോട്ടം നമുക്ക് ഒഴിവാക്കാവുന്നതല്ല. കാരണം നമുക്കുചുറ്റും എല്ലായിടത്തും ധാരാളം തിന്മകള്‍ നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ നാം അതിനോട് യോജിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയും.

അത് ഒരു കുഞ്ഞിനെഗര്‍ഭം ധരിക്കുന്നതു പോലെയാണ് പരിശുദ്ധാത്മാവ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഉദാഹരണം അതാണ്. നിങ്ങളുടെ തെറ്റായ ആഗ്രഹങ്ങള്‍ക്ക് വഴിപ്പെടുമ്പോള്‍, അത് ഒരു സ്ത്രീ തന്റെ ശരീരത്തെ ലൈംഗിക വേഴ്ചയ്ക്കായി ഒരു പുരുഷനു നല്‍കുവാന്‍ സമ്മതിക്കുന്നതു പോലെയാണ്. അവിടെ ഒരു ഗര്‍ഭധാരണം ഉണ്ടാകുന്നു. എന്നാല്‍ ആ സ്ത്രീ തന്നെ അവളെ ആ പരുഷനു നല്‍കുന്നത്‌നിരസിക്കുകയാണെങ്കില്‍ അവിടെ ഗര്‍ഭധാരണം നടക്കുന്നില്ല. അതു പോലെ തന്നെ നിങ്ങള്‍ പ്രലോഭനത്തെ തളളിക്കളഞ്ഞിട്ട് തെറ്റായ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാന്‍ നിങ്ങളുടെ മനസ്സിനെ അനുവദിക്കാതിരിക്കുമ്പോള്‍ അവിടെ പാപം ഉണ്ടാകുന്നില്ല.

ഒരാള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ‘പക്ഷികള്‍ നിങ്ങളുടെ തലയ്ക്കു മുകളില്‍ കൂടെ പറക്കുന്നതില്‍ നിന്ന് അവയെ തടയാന്‍ നിങ്ങള്‍ക്ക്ക ഴിയില്ല, എന്നാല്‍ നിങ്ങളുടെ തലമുടിയ്ക്കുളളില്‍ ഒരു കൂടുണ്ടാക്കുന്നതില്‍ നിന്ന് അവയെ തടയാന്‍ നിങ്ങള്‍ക്കു കഴിയും’. നിങ്ങളുടെ തലയ്ക്കു മുകളിലൂടെ പറക്കുന്ന പക്ഷികളാണ് പ്രലോഭനങ്ങള്‍ നിങ്ങളുടെ മനസ്സിലേക്കു വരുന്ന അനേകം ദുഷിച്ച ചിന്തകള്‍. അതിനെ പെട്ടന്നു തന്നെ തളളിക്കളഞ്ഞാല്‍ അവ പാപമല്ല. അവ പ്രലോഭനങ്ങളാണ്. എന്നാല്‍ ഏതാനും സെക്കന്റു നേരത്തേക്കെങ്കിലും ആ ദുഷിച്ച ചിന്തകളെ ആസ്വദിക്കുന്നത് നിങ്ങള്‍ തിരഞ്ഞെടുത്താല്‍, അപ്പോള്‍ ‘പക്ഷികളെ’ നിങ്ങളുടെ മനസ്സില്‍ കൂടുണ്ടാക്കുവാന്‍ നിങ്ങള്‍ അനുവദിച്ചു കഴിഞ്ഞു. അപ്പോള്‍ നിങ്ങള്‍ പാപം ചെയ്തു കഴിഞ്ഞു.

സാത്താന്‍ മരുഭൂമിയില്‍ വെച്ച് യേശുവിന്റെ മനസ്സിലേക്ക് ചിന്തകള്‍ കൊണ്ടുവന്നിട്ട് അവിടുത്തെയും പ്രലോഭിപ്പിച്ചു. എന്നാല്‍ ഓരോ തവണയും യേശു അതിനെ തളളിക്കളഞ്ഞു അതുകൊണ്ട് തന്നെ അവിടുന്നു പാപം ചെയ്തില്ല. അതുകൊണ്ട് ചിന്തകള്‍ നിങ്ങളുടെ മനസ്സിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു എന്നതില്‍ നിരാശപ്പെടേണ്ട. അതു പ്രലോഭനങ്ങള്‍ മാത്രമാണ്. നിങ്ങള്‍ ആ ചിന്തകള്‍ ആസ്വദിക്കുകയും അവയെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍
മാത്രമാണ് അവ പാപമായി തീരുന്നത്. ഒരു മോഹം ഗര്‍ഭധാരണം നടക്കുമ്പോള്‍ മാത്രമാണ് പാപം ജനിക്കുന്നത് എന്നറിയുന്നത് നമുക്ക് വളരെ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഒരു കുഞ്ഞുണ്ടാകുന്നില്ല. പാപത്തിന്റെ അന്തിമഫലം ആത്മീക മരണമാണ്. (യാക്കോബ് 1 :15), നാം ഈ കാര്യത്തില്‍ വഞ്ചിക്കപ്പെട്ടുപോകരുത് (യാക്കോബ് 1:16).