രാത്രിയിൽ പൊതുസ്ഥലത്ത് ഒരു സുവിശേഷയോഗം സമാപിക്കുന്നു. പ്രസംഗകൻ ഒടുവിൽ പ്രാർത്ഥിച്ച് അവസാനിപ്പിച്ച് തന്റെ കസേരയിൽ വന്നിരുന്ന് പിരിഞ്ഞുപോകുന്ന ജനക്കൂട്ടത്തെ നോക്കിക്കാണുകയാണ്. പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ആൾകൂട്ടത്തെ വകഞ്ഞുമാറ്റി. ധൃതഗതിയിൽ സുവിശേഷകനെ സമീപിച്ചു. സുമുഖനും ആരോഗ്യവാനുമാണയാൾ. പക്ഷേ മുഖത്ത് എന്തെന്നില്ലാത്ത അസ്വാസ്ഥ്യം. തീർത്തും അക്ഷമനുമാണയാൾ.
“ഹലോ” പ്ലാറ്റ്ഫോമിനു താഴെ നിന്നു തന്നെ അയാൾ പ്രസംഗകനെ വിളിച്ചു. സുവിശേഷകൻ കസേരയിൽ നിന്ന് എഴുന്നേറ്റു. അപ്പോഴേക്കും അയാൾ പ്ലാറ്റ്ഫോമിന്റെ രണ്ടുപടികൾ വീതം ഒന്നിച്ചുചാടിക്കയറി വേദിയിലേക്കു വന്നു. തിടുക്കത്തിനിടയിൽ മൈക്കിന്റെ നീണ്ടുകിടന്ന വയറിൽ കാൽകുരുങ്ങി അയാൾ വേച്ചു വീഴാൻ പോയി. സുവിശേഷകൻ അയാളെ വീഴാതെ പിടിച്ച് അടുത്ത കസേരയിൽ ഇരുത്തി. ഇരുന്നപാടേ അയാൾ പറഞ്ഞു.“എനിക്കു ധൃതിയുണ്ട്. ഞാൻ ആത്മഹത്യചെയ്യാൻ പോകുകയാണ്. ഞാൻ അടുത്ത പട്ടണത്തിൽ ഒരു ഹോട്ടലിൽ രാത്രി വളരെ വൈകുന്നതിനു മുൻപ് ചെന്നു മുറിയെടുത്തു പുലർച്ചയോടെ ആത്മഹത്യചെയ്യാനാണു പ്ലാൻ ചെയ്യുന്നത്. കാറിൽ അങ്ങോട്ടു പോകുന്ന വഴിക്കാണു നിങ്ങൾ പ്രസംഗിച്ചവസാനിപ്പിച്ചതു കേൾക്കാൻ ഇടയായത്. “പ്രശ്നം എന്തുമാകട്ടെ അതിനെല്ലാം പരിഹാരമുണ്ട്” എന്നു നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടു. അതുകൊണ്ട് നിങ്ങളുടെ പക്കൽ വല്ല പരിഹാരവും ഉണ്ടെങ്കിലോ? ഒന്നു ചോദിക്കുന്നതിൽ തെറ്റില്ലല്ലോ. അതിനാണു ഞാൻ വന്നത് പ്രശ്നപരിഹാരത്തിനു ഒറ്റമൂലി വല്ലതും ഉണ്ടെങ്കിൽ തരൂ. വേഗമാകട്ടെ, എനിക്കു പോണം. സമയമില്ല”.
സുവിശേഷകൻ അമ്പരന്നുപോയി. പക്ഷേ നോക്കി നിൽക്കാൻ സമയമില്ല. അയാൾ വളരെ തിടുക്കത്തിലാണ്. പ്രശ്നപരിഹാരത്തിന് ഒറ്റമൂലി നിർദ്ദേശിക്കുന്നതിനു മുൻപ് പ്രശ്നം എന്താണെന്നറിയണമെന്നു സുവിശേഷകൻ പറഞ്ഞു. ചെറുപ്പക്കാരൻ വിശദീകരിച്ചു. കടം കയറി ബിസിനസ്സ് പൊളിഞ്ഞു. ഇനി രക്ഷയില്ല ആത്മഹത്യയല്ലാതെ.
സുവിശേഷകൻ ഒരു നിമിഷം ഗൗരവപ്പെട്ടിരുന്നു. പിന്നെ ഒരു തുണ്ടുകടലാസിൽ എന്തോ കുറിച്ച് അയാൾക്കു നൽകി. അയാൾ ആ മരുന്നു കുറിപ്പടി വാങ്ങി അലക്ഷ്യമായി പോക്കറ്റിൽ തിരുകി വണ്ടിയോടിച്ചു പോയി.
ഹോട്ടലിൽ മുറിയെടുത്തശേഷം അയാൾ സുവിശേഷകൻ നൽകിയ കുറിപ്പെടുത്തു വായിച്ചു. അതിൽ ഇത്രമാത്രം – ഫിലിപ്യർ 4:13.
ബൈബിളിലെ ഒരു വാക്യമാണിതെന്നയാൾക്കു മനസ്സിലായി. ഹോട്ടൽ മുറിയിൽ കണ്ട ബൈബിളിൽ അയാൾ ആ വാക്യം തിരഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിനും മതിയാകുന്നു”. ആ വാക്യം അയാളെ സ്പർശിച്ചു. തകർച്ചയിൽ നിന്നു തന്നെ കരകയറ്റുന്ന ശക്തനായവന്, അയാൾ ആ രാത്രി തന്റെ ജീവിതം സമർപ്പിച്ചു.
ആത്മഹത്യയെപ്പറ്റിപിന്നെ ചിന്തിച്ചതേയില്ല. അയാൾ കാറിൽ തന്നെ നാട്ടിലേക്കു മടങ്ങി. ആ വാക്യം എഴുതി തന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ ഓഫീസിൽ തൂക്കി. എല്ലാം ആദ്യം മുതൽ തുടങ്ങി. ക്രമേണ കടങ്ങൾ വീട്ടി. ബിസിനസ്സ് വീണ്ടും പച്ചപിടിച്ചു. ഇപ്പോഴും ആ വാക്യബോർഡ് ഓഫീസിൽ തൂങ്ങിക്കിടക്കുന്നു. “എന്നെ ശക്ത നാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിനും മതിയാകുന്നു”.
ആത്മഹത്യക്കു മുമ്പ് ഒരു നിമിഷം

What’s New?
- മാനസാന്തരത്തിൻ്റെ അർത്ഥവും പ്രാധാന്യവും – WFTW 23 ഫെബ്രുവരി 2025
- അത്ഭുതകരമായ എന്തെങ്കിലും കാര്യങ്ങൾ അവിടുന്ന് ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ട് ദൈവത്തെ പരീക്ഷിക്കരുത് – WFTW 16 ഫെബ്രുവരി 2025
- രാജ്യത്തിൻ്റെ സുവിശേഷം – WFTW 9 ഫെബ്രുവരി 2025
- ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകൾ – WFTW 2 ഫെബ്രുവരി 2025
- ആത്മാവിൽ ആരാധിക്കുക, കേവലം ശരീരത്തിലും ദേഹിയിലുമല്ല – WFTW 26 ജനുവരി 2025
- വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025
- നീയും ദൈവവും
- ആവേശമുണർത്തുന്ന ഒരു ജീവിതം – WFTW 12 ജനുവരി 2025
- യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025
- CFC Kerala Youth Conference 2024