ഒരു പുസ്തകം വരുത്തിയ രൂപാന്തരം


ഒരു പുസ്തകം ഒരു ദ്വീപിനെ രൂപാന്തരപ്പെടുത്തിയ സംഭവം കേട്ടിട്ടുണ്ടോ? പസഫിക് സമുദ്രത്തിൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും ഇടയ്ക്ക് “പീറ്റ്കെയിൻ’ എന്നാണ് ആ ദ്വീപിന്റെ പേര്. 1980ലെ സെൻസസ് പ്രകാരം അവിടെയുള്ള മുഴുവൻ പേരും ക്രിസ്ത്യാനികളാണ്. ഈ നിലയിൽ ആ ദ്വീപ് ആയിത്തീർന്നതിനു പിന്നിലുള്ള ഒരേ ഒരു പുസ്തകം ബൈബിളാണ്. ബൈബിൾ വരുത്തിയ ആ പരിവർത്തനത്തിന്റെ കഥ ഇങ്ങനെ:

ചരിത്രത്തിലെ കുപ്രസിദ്ധമായ ഒരു സംഭവമാണു ‘ബൗൺടിയിലെ നാവിക ലഹള’. ആ ലഹളയെത്തുടർന്ന് പതിനഞ്ചു കലാപകാരികൾ കുറച്ചു സ്ത്രീപുരുഷന്മാരെ കൂടെ തങ്ങളുടെ കപ്പലായ ‘ബൗൺടി’യിൽ കയറ്റി പസഫിക്സമുദ്രത്തിലേക്ക് ഓടിച്ചുപോയി. അവരുടെ കപ്പൽ എത്തിച്ചേർന്ന ദ്വീപാണു പീറ്റ്കെയിൻ. ബൗൺടി കപ്പൽ അവിടെ സൂക്ഷിച്ചാൽ തങ്ങൾ എന്നെങ്കിലും പിടിക്കപ്പെടുമെന്നു പേടിച്ച് ദ്വീപിലെത്തിയതോടെ അവർ കപ്പൽ തീവച്ചു നശിപ്പിച്ചു. തുടർന്ന് അവർ ആ ചെറിയ ദ്വീപിൽ താമസം ആരംഭിച്ചു.

ദ്വീപിൽ ദുർബലരെങ്കിലും പ്രാകൃതരായ ഒരു ചെറിയ ജനത ജീവിച്ചിരുന്നു. കപ്പലിൽ ചെന്നുചേർന്ന ദുഷ്ടരായ ആളുകൾ അവരെ ചൊൽപ്പടിയിൽ നിർത്തി ദ്വീപിൽ രാജാക്കന്മാരെപ്പോലെ വാഴുവാൻ തുടങ്ങി. മദ്യപാനം, വെറിക്കൂത്ത്, കൊലപാതകം തുടങ്ങിയ ദുഷ്കൃത്യങ്ങളിൽ മുഴുകി യാതൊരു മനഃസാക്ഷിയുമില്ലാതെയാണ് ആ കലാപകാരികൾ അവിടെ ജീവിച്ചത്. ഏകദേശം പത്തുവർഷം കഴിഞ്ഞപ്പോൾ ആ കലാപകാരികളിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. അവശേഷിച്ച മനുഷ്യന്റെ പേര് ജോൺ ആഡംസ് എന്നായിരുന്നു. മരിച്ച മറ്റ് ആളുകളെക്കാൾ ആഡംസ് ഒട്ടും ഭേദമായിരുന്നില്ല. എങ്കിലും ആ ദ്വീപിലുണ്ടായിരുന്ന ജനങ്ങളുടെ ചുമതല അയാൾക്ക് ഏറ്റെടുക്കേണ്ടതായി വന്നു.

ഒരു ദിവസം ആഡംസ്, ബൗൺടി കപ്പലിൽ കൊണ്ടുവന്ന ഒരു പഴയപെട്ടിയിൽ എന്തോ തപ്പുകയായിരുന്നു. അപ്പോൾ പെട്ടിയിൽ നിന്ന് അയാൾക്ക് ഒരു പഴയ ബൈബിൾ കിട്ടി. അതിൽ ആഡംസിനു താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ ദ്വീപിലുള്ള ഒരേ ഒരു പുസ്തകം അതായിരുന്നതു കൊണ്ട് സമയം പോകാൻ വേണ്ടി അയാൾ അതു സാവധാനം വായിക്കുവാൻ ആരംഭിച്ചു.

ദൈവവചനം ആഡംസിന്റെ ജീവിതത്തിൽ ക്രിയ ചെയ്യുവാൻ തുടങ്ങി. ഒടുവിൽ അയാൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിത്തീർന്നു. തുടർന്ന് അദ്ദേഹം ദ്വീപിലുള്ള കുട്ടികളേയും മുതിർന്നവരേയും യഥാർത്ഥ ക്രിസ്തീയ അനുഭവത്തിലേക്കു നയിച്ചു. ദ്വീപിൽ ഒരു ചെറിയ പള്ളി പണിതു. അതിനോടു ചേർന്ന് ഒരു ചെറിയ സ്കൂളും ആരംഭിച്ച് ദ്വീപുവാസികൾക്കു വിദ്യാഭ്യാസം നൽകുവാൻ തുടങ്ങി. ദ്വീപിലുള്ള ഏക പുസ്തകം ബൈബിൾ ആയിരുന്നതിനാൽ അതു വായിച്ചും പകർത്തി എഴുതിയുമായിരുന്നു വിദ്യാഭ്യാസം. ക്രമേണ യഥാർത്ഥ ക്രിസ്തീയമൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു ക്രിസ്തീയ സമൂഹം ദ്വീപിൽ ഉണ്ടായി. വളരെ സ്നേഹമസൃണവും പ്രസന്നവുമായ അവരുടെ രീതികൾ ഇന്നും പസഫിക് സമുദ്രത്തിൽ യാത്ര ചെയ്യുന്നവരെ ആകർഷിക്കുന്നു.

നൂറുശതമാനവും യഥാർത്ഥ ക്രിസ്ത്യാനികളുടേതായ ഒരു ദ്വീപ് നോക്കുക: പുസ്തകങ്ങളുടെ പുസ്തകമായ ബൈബിൾ വരുത്തിയ രൂപാന്തരം

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപേദശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതാകുന്നു” (2 തിമൊഥെയൊസ് 3:16,17)

What’s New?