പിന്‍മാറ്റം സംഭവിച്ച അഞ്ച് ദൂതന്‍മാരില്‍നിന്നും അവരുടെ സഭയില്‍ നിന്നും ലഭിക്കുന്ന മുന്നറിയിപ്പ് – WFTW 27 ഏപ്രില്‍ 2014

സാക് പുന്നന്‍

വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവിനാല്‍ ശാസിക്കപ്പെടുന്ന 5 ദൂതന്‍മാരെയും സഭകളെയും നോക്കുമ്പോള്‍ അവരില്‍ നാം കാണുന്നത് കൃത്യമായി താഴോട്ടുള്ള പ്രവണതാണ്.

1) എഫസൊസില്‍, കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹത്തിന്റെ നഷ്ടമാണ് നാം കാണുന്നത്. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെടുമ്പോള്‍ താഴോട്ടുള്ള ആദ്യത്തെ ചുവടു നാം വയ്ക്കുന്നു. അല്പസമയത്തിനുള്ളില്‍, ഇത് നമ്മുടെ സഹവിശ്വാസികളോടുള്ള സ്‌നേഹം നമുക്കു നഷ്ടമാകുന്നതിലേക്കു നയിക്കുന്നു.

2) പെര്‍ഗമോസില്‍, ബിലെയാമിന്റെ ഉപദേശത്തിലൂടെ ലൌകീകത സഭയിലേക്ക് നുഴഞ്ഞ് കടന്നിരിക്കുന്നതായാണ് നാം കാണുന്നത്. നിക്കൊലാവ്യര്‍ക്ക് (അവര്‍ എഫസൊസിലെ സഭയില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നു). ഇപ്പോള്‍ ഇവിടെ അധികാരം ലഭിച്ചിരിക്കുന്നു. ക്രിസ്തുവിനോടുള്ള ഏകാഗ്രത നഷ്ടപ്പെടുമ്പോള്‍, ലൌകീകത സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറുകയും മതപരമായ ഒരു അധികാരശ്രേണി സഭയെ കയ്യടക്കുകയും ചെയ്യുന്നു. ഒരിക്കല്‍ മതപരമായ ഒരു അധികാരശ്രേണി സഭയുടെ നേതൃത്വത്തെ കയ്യടക്കിയാല്‍ പിന്നെ എളുപ്പത്തില്‍ ബാബിലോണ്‍ പണിയപ്പെടുന്നു.

3) തുയഥൈരയില്‍ സഭ തീര്‍ത്തും ലൌകീകമായി തീര്‍ന്നിരിക്കുന്നു. അതിന്റെ ഫലമായി മതപരമായ വേശ്യാവൃത്തി നടമാടുന്നു. ഇപ്പോള്‍ ഒരു സ്ത്രീക്ക് സഭയെ സ്വാധീനിക്കുവാനുള്ള അധികാരമുണ്ട്. കൂടാതെ അവള്‍ വ്യാജകൃപയെ പ്രഘോഷിക്കുകയും ആത്മാവിന്റെ വരങ്ങളുടെപോലും (പ്രത്യേകിച്ച് പ്രചനത്തിന്റെ) കള്ളനാണയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

4) സര്‍ദ്ദീസില്‍, നാം കാപട്യം കാണുന്നു. പാപം മറച്ചുവയ്ക്കുകയും മനുഷ്യന്റെ അഭിപ്രായത്തെ ദൈവത്തിന്റേതിനെക്കാള്‍ കൂടുതല്‍ വിലമതിക്കുകയും ചെയ്യുന്ന സഭയുടെ ദൂതന്‍ ആത്മീകമായി ഉറക്കത്തിലാണ് (ആത്മീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധമില്ലാതെ). ഭക്തിയുടെ വേഷം, ഏതുവിധമായാലും, ഒരുവനില്‍ കര്‍ത്താവു കാണുന്ന ആത്മീയ മരണത്തെ മനുഷ്യന്റെ കണ്ണുകളില്‍നിന്ന് മറയ്ക്കുന്നു.

5) ലവോദിക്യയില്‍, ശരീരം മരിക്കുക മാത്രമല്ല ജീര്‍ണ്ണിക്കുവാനും ദുര്‍ഗന്ധം വമിക്കുവാനും തക്കവണ്ണം കാര്യങ്ങള്‍ അത്രമാത്രം അധഃപതിച്ചു. ശീതോഷ്ണാവസ്ഥയും ആത്മീയ നിഗളവുമാണു മരണത്തിനുള്ള കാരണങ്ങള്‍. മുകളില്‍ പറഞ്ഞ 4 സഭകളിലും കര്‍ത്താവിന് ഇപ്പോഴും അവരില്‍ ചില നന്‍മകള്‍ കാണാന്‍ കഴിയുന്നണ്ട്. എന്നാല്‍ ലവോദിക്യയില്‍ അവന് ഒന്നും കാണാന്‍ കഴിഞ്ഞില്ല.

മുകളില്‍ പറഞ്ഞ സഭകളിലെ മൂപ്പന്‍മാര്‍ ആരും അവരുടെ ജീവിതങ്ങളുടെയോ ആവരുടെ സഭകളുടെയോ യഥാര്‍ത്ഥ ആത്മീയ സ്ഥിതിയെക്കുറിച്ചുതന്നെ അവര്‍ക്കുള്ള ഉന്നതാഭിപ്രായത്താല്‍ സംതൃപ്തരായിരുന്നു. കര്‍ത്താവിന് അവരോട് വ്യക്തിപരമായി പറയാനുണ്ടായിരുന്ന കാര്യം കേള്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കാരണം, അവര്‍ എല്ലാവരും മറ്റുള്ളവരോട് പ്രസംഗിക്കാനുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവര്‍ അവരുടെ സ്വന്ത ആവശ്യങ്ങള്‍ കാണുന്നിനെക്കാള്‍ കൂടുതല്‍ താല്‍പര്യപ്പെട്ടിരുന്നത് പ്രസംഗിക്കുന്നതിലായിരുന്നു. ഒരിക്കല്‍ ഒരു വ്യക്തി ഒരു സഭയുടെ ദൂതനായി കഴിഞ്ഞാല്‍ പിന്നെ അയാള്‍ സ്വയം തിരുത്തലുകള്‍ക്കതീതനാണെന്ന് സങ്കല്പിക്കാന്‍ വളരെ എളുപ്പമാണ്. “പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കുറിച്ച് വേദപുസ്തകം പറയുന്നുണ്ട് (സഭാപ്ര. 4:13).

ഈ അഞ്ചു സഭകളുടെയും ദൂതന്‍മാര്‍ എല്ലാവരും ഈ മൂഢനായ രാജാവിനെപ്പോലെ ആയിരുന്നു. ഇപ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ തെറ്റിപ്പോയിരിക്കാനുള്ള സാധ്യതയെക്കുറിച്ച് അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്തവിധത്തില്‍, വളരെ നാളുകളായിട്ട് അവരുടെ വാക്കുകള്‍ നിയമമായിരുന്നു. അത്രമാത്രമായിരുന്നു അവരുടെ വഞ്ചിക്കപ്പെട്ട അവസ്ഥ. അവര്‍ ചിന്തിച്ചത് അവര്‍ക്ക് ഒരിക്കലും ദൈവത്തിന്റെ അഭിഷേകം അവരുടെ ജീവിതങ്ങളില്‍നിന്ന് നഷ്ടപ്പെട്ടുപോകാന്‍ കഴിയുകയില്ല എന്നാണ്. അവരുടെ ആത്മീയ നിഗളമനോഭാവമാണ് അവരെ ആത്മീയമായി ബധിരരാക്കിത്തീര്‍ത്തത്.

ദൈവത്തിന് മുഖപക്ഷമില്ല, അവന് പ്രത്യേകമായ ഇഷ്ടന്‍മാരുമില്ല. ഒരു ശിക്ഷണമുള്ള ജീവിതം നയിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവല്ലെങ്കില്‍ താന്‍ വീണുപോകാനും അയോഗ്യനാക്കപ്പെടുവാനുമുള്ള സാധ്യതയുണ്ടെന്ന് അപ്പൊസ്തലനായ പൌലൊസ് പോലും മനസ്സിലാക്കി ( 1 കൊരി. 9:27). പൌലൊസ് തിമൊഥയോസിനോടു പറഞ്ഞു “നിന്നെ തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്‍ക, ഇതില്‍ ഉറച്ചു നില്‍ക്ക, അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്റെ പ്രസംഗം കേള്‍ക്കുന്നവരെയും രക്ഷിക്കും” (1 തിമൊ. 4:16). തിമൊഥയോസിന് ഒന്നാമതായി അവന്റെ സ്വന്തം ജീവിതത്തെ തന്നെ സൂക്ഷിക്കേണ്ടിയ ആവശ്യമുണ്ടായിരുന്നു. അപ്പോള്‍ അവന് തന്റെ ജീവിതത്തില്‍ ക്രിസ്തുവിനോട് അനുരൂപമല്ലാത്ത കാര്യങ്ങളില്‍ നിന്ന് രക്ഷ അനുഭവിക്കാന്‍ സാധിക്കുകയും അങ്ങനെ മറ്റുള്ളവരെയും അപ്രകാരമുള്ള ഒരു രക്ഷയിലേക്കു നയിക്കുവാന്‍ പ്രാപ്തനാക്കുകയും ചെയ്യും. ഏതൊരു സഭയിലുമുള്ള ദൂതന്‍മാര്‍ക്കും കര്‍ത്താവു നിയമിച്ചിരുന്ന മാര്‍ഗ്ഗം ഇതായിരുന്നു. പൌലൊസ് എഫസൊസിലുള്ള സഭയുടെ മൂപ്പന്‍മാരോടും, ആദ്യം അവരുടെ ജീവിതങ്ങളെയും പിന്നീട് അവരുടെ ആട്ടിന്‍ കൂട്ടത്തിന്റെ ജീവിതങ്ങളെയും സൂക്ഷിക്കുക എന്നു പറഞ്ഞു (അപ്പൊ.പ്ര. 20:28).

കര്‍ത്താവിന്റെ ഓരോ ദൂതന്റെയും ഉത്തരവാദിത്തം ഇതാണ് –ആദ്യം അവന്റെ ജീവിതത്തെ നിര്‍മലതയിലും ആത്മാവിന്റെ സ്ഥിരമായ അഭിഷേകത്തിലും സൂക്ഷിക്കുക. “നിന്റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ” (സഭാ പ്ര. 9:8).