ആ പാദമുദ്രകളില്‍ പദമൂന്നി..

ജോജി ടി. സാമുവല്‍

അധ്യായം 1 :
ആ പാദമുദ്രകളില്‍ പദമൂന്നി…


ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന് വെല്ലുവിളിക്കുകയും യേശുവിനെ അനുഗമിക്കുന്നതിനുവേണ്ട വില കൊടുക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഈ കൃതി ഒരു നൂറ്റാണ്ടായി ഒട്ടേറെപ്പേരെ രൂപാന്തരത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.

യേശുവിനെ അനുഗമിക്കുക-ഇതാണു സത്യത്തില്‍ ക്രിസ്തീയതയുടെ കാതല്‍. പക്ഷേ യേശുവിനെ അനുഗമിക്കാനാവില്ല, ആരാധിക്കാനേ കഴിയൂ എന്നാണ് ഇന്നു മിക്ക വിശ്വാസികളും ചിന്തിക്കുന്നത്. ഉവ്വ്, യേശു ആരാധ്യനാണ്. തന്നെ ആരാധിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. എന്നാല്‍ യേശുവിനെ ആരാധിക്കുവാന്‍ മാത്രമല്ല അനുഗമിക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. നമ്മെ സംബന്ധിച്ചുള്ള മുന്‍ നിര്‍ണ്ണയം തന്നെ അതാണെന്നു പൗലൊസ് വിശദീകരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക (റോമര്‍ 8:29). പക്ഷേ യേശുവിനെ അനുഗമിക്കുവാന്‍, അവിടുത്തെ കാല്‍ച്ചുവടുകള്‍ പിന്‍പറ്റുവാന്‍, നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം എത്രപേര്‍ ഹൃദയംഗമമായി വിശ്വസിക്കുന്നുണ്ട്?

യേശുവിനു ദൈവപുത്രനെന്ന നിലയില്‍ പ്രത്യേക കഴിവുകളും സിദ്ധികളും ഉണ്ടായിരുന്നു. അങ്ങനെയുള്ള യേശുവിനെ നമുക്കു സാധാരണ മനുഷ്യര്‍ക്ക് എങ്ങനെയാണ് എല്ലാ അര്‍ത്ഥത്തിലും അനുഗമിക്കുവാന്‍ കഴിയുന്നത്?-ഈ മട്ടിലാണു പലരും ചിന്തിക്കുന്നത്. എന്നാല്‍ ദൈവവചനം യേശുവിനെ നമ്മുടെ മുന്നോടി (forerunner) എന്നു വിശേഷിപ്പിച്ചിരിക്കുമ്പോള്‍ (എബ്രായര്‍ 6:20 ഇംഗ്ലീഷ്) നമുക്കും അതേ ട്രാക്കിലൂടെ തന്റെ പിന്നാലെ ഓടുവാന്‍ കഴിയും എന്നതു വ്യക്തമല്ലേ?. ”ക്രിസ്തുവും നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയി” (1 പത്രൊസ് 2:21) എന്ന വചനം വിരല്‍ ചൂണ്ടുന്നതും അവിടുത്തെ കാല്‍ച്ചുവടുകളെ അനുഗമിക്കുവാന്‍ നമുക്കു കഴിയും എന്നതിലേക്കല്ലേ? ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ (1 യോഹന്നാന്‍ 2:6) എന്ന വചനവും ഈ സത്യത്തിന് അടിവരയിടുകയാണല്ലോ.

എന്നാല്‍ യേശുവിന്റെ ജീവിതത്തെ, ശുശ്രൂഷയെയല്ല, പിന്‍തുടരുവാനാണു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പ്, കാല്‍ച്ചുവട്, ഓട്ടം എന്നീ പദങ്ങളാണ് അല്ലാതെ കൈകള്‍, പ്രവൃത്തി തുടങ്ങിയ പദങ്ങളല്ല ഈ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. മരിച്ചവരെ ഉയിര്‍പ്പിച്ചതും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചതുമായ ആ ശുശ്രൂഷയെ പിന്‍തുടരുവാനല്ല മറിച്ച് വായില്‍ വഞ്ചനയും ശകാരവും ഭീഷണിയും ഇല്ലാതെ ജീവിച്ച ആ ജീവിതത്തെ അനുഗമിപ്പാനാണ് നമ്മോടു പറഞ്ഞിരിക്കുന്നത്.

ആ ജീവിതത്തില്‍ യേശു എല്ലാറ്റിലും നമുക്കു പിന്‍തുടരുവാന്‍ ഒരു മാതൃകയായിരുന്നു. നമുക്ക് ഒരു മാതൃകയാകാന്‍ വേണ്ടി അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ തന്നെത്താന്‍ ഒഴിച്ച് എല്ലാറ്റിലും നമുക്കു തുല്യനായിത്തീര്‍ന്നെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ഫിലിപ്യര്‍ 2:5-8). അവന്‍ സകലത്തിലും തന്റെ സഹോദരന്മാരായ നമ്മോടു സദൃശനായിത്തീര്‍ന്നുവെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതവണ്ണം പറഞ്ഞിരിക്കുന്നു (എബ്രായര്‍ 2:17).

യേശു ഭൂമിയില്‍ വന്നത് പിതാവിന്റെ ഹിതം അനുഷ്ഠിച്ച് മനുഷ്യവര്‍ഗ്ഗത്തിനായുള്ള രക്ഷാകരപ്രവൃത്തി ചെയ്യുവാനായിരുന്നെന്നതു ശരി. എന്നാല്‍ ഈ ലോകജീവിതത്തില്‍ നമുക്ക് ഒരു മുന്നോടിയും മാതൃകയും (forerunner and rolemodel) ആകാന്‍ വേണ്ടിയും കൂടിയായിരുന്നു അവിടുന്നു വന്നത്. അതുകൊണ്ട് തന്റെ പിതാവിന്റെ ഹിതം ചെയ്യുക എന്ന കാര്യം മാത്രം പ്രോഗ്രാം ചെയ്തുവച്ച, സ്വന്തമായ ഇച്ഛയോ തിരഞ്ഞെടുപ്പിനു സ്വാതന്ത്ര്യമോ ഇല്ലാത്ത, ഒരു യന്ത്രമനുഷ്യനെ(robot)പ്പോലെയല്ല യേശു ഭൂമിയില്‍ വന്നത്. ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തേക്കു പിതാവില്‍ നിന്നു വ്യത്യസ്തമായ സ്വതന്ത്രമായ ഇച്ഛ ഉണ്ടായിരുന്നു. ”ഞാന്‍ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ ഇച്ഛിക്കുന്നു” എന്ന് യേശു തന്റെ നയം വ്യക്തമാക്കുന്നിടത്ത് (യോഹന്നാന്‍ 5:30) നമുക്കിതു മനസ്സിലാകും. അതായത് എനിക്കു സ്വന്തമായ ഒരു ഇഷ്ടം ഉണ്ട്, പക്ഷേ അതല്ല പകരം എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌വാന്‍ മാത്രമാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് യേശു പറഞ്ഞതിന്റെ പൊരുള്‍.

യേശുവിന്റെ ഗെത്‌സമനെയിലെ പ്രസിദ്ധമായ പ്രാര്‍ത്ഥനയില്‍ നിന്ന് ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. ”പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ” എന്നായിരുന്നു ആ പ്രാര്‍ത്ഥന (ലൂക്കൊസ് 22:42). ഈ രംഗത്ത് പിതാവിന്റെ ഇഷ്ടവും യേശുവിന്റെ ഇഷ്ടവും പരസ്പര വിരുദ്ധമായിരുന്നു. എന്നാല്‍ യേശു ബോധപൂര്‍വ്വം തന്റെ ഇഷ്ടത്തെ ഒടുവില്‍ പിതാവിന്റെ ഇഷ്ടത്തിനു മുന്‍പില്‍ അടിയറ വയ്ക്കുന്നതാണു നാം ഇവിടെക്കാണുന്നത്. ഒരിക്കല്‍പ്പോലും യേശു പിതാവിന്റെ ഹിതത്തില്‍ നിന്നു മാറി സ്വന്ത ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചില്ല. കാരണം അങ്ങനെ സ്വയത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്നതാണല്ലോ പാപം. യേശു ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാപം ചെയ്തില്ല. ”നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍” (എബ്രായര്‍ 4:15 പി.ഓ.സി ബൈബിള്‍).

നമ്മെപ്പോലെ യേശുവും സ്വന്ത ഇഷ്ടത്തില്‍ നിന്നു പ്രവര്‍ത്തിക്കുവാന്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ അവിടുന്നു ബോധപൂര്‍വം സ്വന്ത ഇഷ്ടത്തെ നിഷേധിച്ച് പിതാവിന്റെ ഇഷ്ടത്തെ തിരഞ്ഞെടുത്തു. ഫലം അവിടുന്ന് ഒരിക്കല്‍പ്പോലും പാപം ചെയ്തില്ല.

ഇക്കാര്യത്തില്‍ നാം പലപ്പോഴും പരാജയപ്പെടുമ്പോള്‍ യേശുവിന് എങ്ങനെയാണ് ഇതു കഴിഞ്ഞത്? യേശു ദൈവപുത്രനായിരുന്നതുകൊണ്ട് നമുക്കു ലഭ്യമല്ലാതിരുന്ന എന്തെങ്കിലും പ്രത്യേക സഹായം അവിടുത്തേക്കു ലഭ്യമായോ? ഇതിന്റെ പിന്നിലെ രഹസ്യം എബ്രായലേഖനകാരന്‍ ഇങ്ങനെ അനാവരണം ചെയ്യുന്നു: ”ക്രിസ്തുവും തന്റെ ഐഹിക ജീവിതകാലത്തു തന്നെ മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു. പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയ്ക്കു കാരണഭൂതനായിത്തീര്‍ന്നു” (5:7-9).

ഇവിടെ ‘മരണം’ എന്നു പറയുന്നത് ആക്ഷരികമായ മരണമല്ല. കാരണം, മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് അപേക്ഷിച്ചപ്പോള്‍ ഉത്തരം ലഭിച്ചു എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാല്‍ യേശുവാകട്ടെ, ക്രൂശില്‍ മരിച്ചു. പിന്നെ എങ്ങനെയാണ് ‘ഉത്തരം ലഭിച്ചത്?’ അപ്പോള്‍ ഇത് ആക്ഷരികമായ മരണത്തെയല്ല ഉദ്ദേശിക്കുന്നതെന്നു വ്യക്തം. മറിച്ച് പിതാവിനോടുള്ള ബന്ധത്തെ വിച്ഛേദിക്കുന്ന പാപത്തെയാണ് ഇവിടെ ‘മരണം’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വാക്യങ്ങളെ നമുക്ക് ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം: ‘യേശു തന്റെ ഐഹിക ജീവിതകാലത്തുടനീളം ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും സ്വന്ത ഇഷ്ടത്തെ നിരന്തരം ദൈവഹിതത്തിനു കീഴ്‌പ്പെടുത്തിക്കൊടുക്കയും (reverent submission) ചെയ്തു. അതുകൊണ്ട് അവിടുത്തെ അപേക്ഷയ്ക്ക് ഉത്തരം ലഭിച്ചു- യേശു ഒരിക്കലും മരണത്തിന് (സ്വന്തഹിതം ചെയ്യുന്ന പാപത്തിന്) കീഴടങ്ങിയില്ല. താന്‍ ദൈവപുത്രനായിരുന്നെങ്കിലും നിരന്തരം സ്വന്തഹിതത്തെ ക്രൂശിക്കുന്നതിലൂടെ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി. ഫലം ഈ വഴിയില്‍ തന്നെ അനുസരിച്ച് അനുഗമിക്കുന്ന ഏവര്‍ക്കും പാപത്തില്‍ നിന്നുള്ള രക്ഷയ്ക്കു കാരണഭൂതനായിത്തീര്‍ന്നു.”

ചുരുക്കത്തില്‍ യേശു നമുക്ക് ഒരു മുന്നോടിയാണ്. നാം തന്റെ കാല്‍ച്ചുവടു പിന്‍പറ്റുവാന്‍ അവിടുന്നു ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. പാപത്തില്‍ വീണുപോകാതിരിക്കാന്‍ കണ്ണീരോടെ അപേക്ഷിക്കുകയും നിരന്തരം സ്വന്തഹിതത്തെ ദൈവഹിതത്തിനു കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ട് യേശുവിനെ നമുക്ക് അനുഗമിക്കാം. വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് നമുക്ക് ഈ ഓട്ടം സ്ഥിരതയോടെ മുന്നോട്ട് ഓടാം.
അവിടുന്ന് ആരാധനയ്ക്കു യോഗ്യനാണ്; അനുഗമിപ്പാനും.

അധ്യായം 2 :
വലിയ മഴയുടെ മുഴക്കം


നൂറു വര്‍ഷത്തിന് ദൈവത്തിന്റെ കാലക്കണക്കില്‍ എന്തെങ്കിലും പ്രാധാന്യമുണ്ടോ? നൂറുവര്‍ഷം മുന്‍പു നടന്ന ഒരു ദൈവിക ഇടപെടല്‍ ഇന്ന് ആവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാമോ? ഒരു ശ്രദ്ധേയമായ ദൈവികസന്ദര്‍ശനത്തിനുശേഷം ഒരു നൂറ്റാണ്ടാകുമ്പോള്‍ നേരത്തെ ഉണ്ടായതുപോലെയോ അതിനേക്കാള്‍ ശക്തമോ ആയ ഒരു ദൈവിക ഇടപെടലിനു കാതോര്‍ക്കുന്നതില്‍ തെറ്റുണ്ടോ?… ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഒരുപോലെ ആഞ്ഞുവീശിയ ആത്മീയ ഉണര്‍വ്വിനു നൂറു വയസ്സാകുന്ന ഈ സന്ദര്‍ഭത്തില്‍ നാം പ്രതീക്ഷയോടെ ഈ ചോദ്യങ്ങള്‍ ചോദിച്ചു പോകുന്നു.

പ്രശസ്തമായ വെയിത്സിലെ ഉണര്‍വ്വ് 1904 ഒടുവിലായിരുന്നു. അതേ തുടര്‍ന്നു ഭാരതത്തില്‍ പുനെയില്‍ പണ്ഡിത് രമാബായിയുടെ മുക്തിമിഷനില്‍ ഉണര്‍വാരംഭിച്ചതാകട്ടെ, 1905 ജൂണ്‍ 30നും. ഇതേ കാലയളവിലാണ് ലോകത്തിന്റെ പല പ്രദേശങ്ങളില്‍ ഒരേ സമയം ഉണര്‍വ്വിന്റെ തീയ് വീണു കത്തിയത്. അപ്പോള്‍ ഇതു നിര്‍ണായകമായ നൂറാം വര്‍ഷമാണ്.

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്. വരാന്‍പോകുന്ന ‘ദുര്‍ഘടസമയങ്ങളെ’ക്കുറിച്ച് നേരത്തെ മുന്നറിവു ലഭിച്ചതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലും ദൈവഭക്തരില്‍ ഒരു ആത്മീയ നവോത്ഥാനത്തിനുവേണ്ടിയുള്ള വാഞ്ഛ തീവ്രമായി. വിവിധ രാജ്യങ്ങളില്‍ പരിശുദ്ധാത്മാവ് ആളുകളുടെ ഹൃദയങ്ങളെ ഉണര്‍ത്തി. ഒരു ഉണര്‍വ്വിനുവേണ്ടിയുള്ള പ്രാര്‍ത്ഥന പലയിടങ്ങളില്‍ നിന്നുയര്‍ന്നു. നിസ്സഹായതയില്‍ ദൈവജനം നിലവിളിച്ചപ്പോള്‍ അതു സംഭവിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ വിവിധ ഭൂഖണ്ഡങ്ങളെ പിടിച്ചുകുലുക്കിയ ഒരു വലിയ ഉണര്‍വ് സംജാതമായി.

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകമാണ്.* ഈ കാലഘട്ടത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കിയാണെങ്കിലും അല്ലെങ്കിലും പലയിടത്തും ഒരു ഉണര്‍വ്വിനുവേണ്ടിയുള്ള വാഞ്ഛ തീവ്രമായിട്ടുണ്ട്. ”ദൈവമേ, ഞങ്ങളെ സന്ദര്‍ശിക്കണമേ, ഞങ്ങളെ കടന്നുപോകരുതേ” എന്നുള്ള നിലവിളി ഒറ്റയ്ക്കും കൂട്ടായും ഭൂമിയുടെ പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ‘കേള്‍ക്കാന്‍ കഴിയാതവണ്ണം അവിടുത്തെ ചെവി മന്ദമായിട്ടില്ല.’ ഉവ്വ്, അതു സംഭവിക്കും. നാം ഒരു ഉണര്‍വ്വിന്റെ വക്കിലാണ്. ഇതു വിശ്വസിക്കാമോ?

ഉണര്‍വ്വിനു ചാള്‍സ് ഫിന്നി നല്‍കിയ നിര്‍വ്വചനം ഇങ്ങനെയാണ്: ”വിശ്വാസികള്‍ തങ്ങളുടെ ആദ്യസ്‌നേഹത്തിലേക്ക് യഥാസ്ഥാനപ്പെടുകയും അതുനിമിത്തം പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്യുന്നതാണ് ആത്മിക ഉണര്‍വ്വ്.” അപ്പോള്‍ ഉണര്‍വ്വിന്റെ തുടക്കം വിശ്വാസികളില്‍ നിന്നാണ്. ഓര്‍ക്കാപ്പുറത്ത് കോരിച്ചൊരിയുന്ന പെരുമഴപോലെ നമുക്ക് പങ്കോ ഉത്തരവാദിത്വമോ ഒന്നുമില്ലാതെ അലൗകികമായ പ്രതിഭാസം പോലെ സംഭവിക്കുന്ന ഒന്നാണ് ഉണര്‍വ്വെന്നു കരുതരുത്. ദൈവത്തിന്റെ സമയത്തും ഇഷ്ടത്തിലുമാണു ഒരു ദേശത്തിനുമേല്‍ ഉണര്‍വ്വിന്റെ കാറ്റ് അയയ്ക്കുന്നതെന്നതു ശരി. പക്ഷേ ഉണര്‍വ്വുകളുടെ ചരിത്രം പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും- വിശ്വാസികളുടെ ഭാഗത്ത് ഒരു മുന്നൊരുക്കമുണ്ടായിരുന്നു. ഉണര്‍വ്വിനായുള്ള തീവ്രമായ വാഞ്ഛയും ഹൃദയനൊമ്പരത്തോടെയുള്ള പ്രാര്‍ത്ഥനയും എല്ലാ രഹസ്യപാപങ്ങളും ഉപേക്ഷിച്ചു ദൈവത്തിങ്കലേക്കു തിരിയുന്ന മനോഭാവവുമായിരുന്നു അത്. വിശ്വാസികളിലുണ്ടാകുന്ന ഈ നവോത്ഥാനം അവരുടെ ഇടയില്‍ മാത്രം ഒതുങ്ങിനിന്നില്ല. അത് തുടര്‍ന്ന് ഒരു തീപോലെ ആ ദേശത്തു പടര്‍ന്നുപിടിച്ചു. ധാരാളംപേര്‍ മീറ്റിംഗുകളിലേക്ക് ഓടിക്കൂടി. വന്നവര്‍ വാസ്തവമായി ദൈവം ഇവരുടെ മദ്ധ്യത്തിലുണ്ടെന്നു ഏറ്റുപറഞ്ഞു കവിണ്ണുവീണു മാനസാന്തരപ്പെട്ടു… അതോടെ ഉണര്‍വ്വ് ഒരു ദേശത്തെ കീഴടക്കുകയായി.

ഉണര്‍വ്വിനോടുചേര്‍ന്ന് എപ്പോഴും രണ്ടു കാര്യങ്ങള്‍ക്ക് ഊന്നല്‍ ലഭിക്കാറുണ്ട്. ഒന്ന്: പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. രണ്ട് കര്‍ത്താവിന്റെ രണ്ടാം വരവിന്: ഇതുരണ്ടും പരസ്പര പൂരകങ്ങളായി പോകുന്നതു കാണാം. ഉണര്‍വിനെ, പരിശുദ്ധാത്മാവിന്റെ ഒരു മാരിയെ, ‘പിന്‍മഴ’യെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. യിസ്രായേല്‍ നാട്ടിലെ കാലാവസ്ഥ, കൃഷി എന്നിവയുമായി ബന്ധപ്പെട്ടു മുന്‍മഴ, പിന്‍മഴ എന്നീ പ്രയോഗങ്ങള്‍ തിരുവചനത്തില്‍ പലഭാഗത്തും നാം കാണുന്നു. കൃഷി ഇറക്കുമ്പോള്‍ ലഭിക്കുന്നത് മുന്‍മഴ. എന്നാല്‍ കൊയ്ത്തിന് തൊട്ടുമുന്‍പ്, വിളവ് കളപ്പുരയില്‍ ശേഖരിക്കുന്നതിനു മുന്‍പ്, ഉണ്ടാകുന്നതു പിന്‍മഴ. പെന്തക്കോസ്തു നാളില്‍ ദൈവം തന്റെ കൃഷി ആരംഭിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ വലിയ വര്‍ഷണമുണ്ടായി. അത് മുന്‍മഴ. ഇന്ന് ഉണര്‍വ്വിന്റെ ഭാഗമായി പരിശുദ്ധാത്മാവിന്റെ മറ്റൊരു മഴ ഉണ്ടാകുമ്പോള്‍ അത് പിന്‍മഴ. ഈ പിന്‍മഴ സൂചിപ്പിക്കുന്നത് കൊയ്ത്ത് അടുത്തു. വിളവ് കളപ്പുരയില്‍ ഉടനെ ശേഖരിക്കപ്പെടും, കര്‍ത്താവിന്റെ വരവ് വാതില്ക്കലായിരിക്കുന്നു. എന്നാണ്- ഈ നിലയിലാണ് ഇന്ന് നാം വ്യാഖ്യാനിക്കുന്നത്. എന്നാല്‍ പെന്തക്കോസ്തു നാളില്‍ ഉണ്ടായ പരിശുദ്ധാത്മപ്പകര്‍ച്ചയെ പത്രൊസ് തന്നെ കണ്ടിരുന്നത് പിന്‍മഴയായും കര്‍ത്താവിന്റെ പുനരാഗമനത്തിനു മുന്നോടിയായുമാണ് (യോവേല്‍ 2:23,24, അപ്പൊ. പ്രവൃ. 3:19,20). അപ്പൊസ്തലനായ പൗലൊസും, ഒന്നാം നൂറ്റാണ്ടില്‍, തങ്ങളുടെ ജീവിതകാലത്തുതന്നെ, കര്‍ത്താവു മടങ്ങിവരുമെന്ന പ്രത്യാശ പുലര്‍ത്തിയിരുന്നല്ലോ (1 തെസ്സലോനിക്യര്‍ 4:15, 17).

ഓരോ ഉണര്‍വ്വിന്റെ ആശിഷമാരിയും കര്‍ത്താവിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കു പുതിയ നാമ്പും തളിരും നല്‍കിയിട്ടുണ്ട്. നൂറുവര്‍ഷം മുന്‍പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളക്കരയിലും ഉണര്‍വ്വിന്റെ കാറ്റ് വീശിയടിച്ചപ്പോള്‍ കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രത്യാശ സജീവമായത് ഓര്‍ക്കുക. പരിശുദ്ധാത്മാവിന്റെ ഒരു കവിഞ്ഞൊഴുക്ക് ഇന്നും സാധ്യമാണ് എന്ന പ്രതീക്ഷ പല ഹൃദയങ്ങളിലും പകര്‍ന്നു നല്‍കിക്കൊണ്ട് അന്നു പ്രചരിച്ചിരുന്ന പ്രശസ്തമായ ലഘുലേഖയുടെ തലക്കെട്ടുതന്നെ ‘അര്‍ദ്ധരാത്രിയിലെ ആര്‍പ്പുവിളി’ എന്നായിരുന്നു. മണവാളന്റെ വരവിന്റെ ആര്‍പ്പുവിളിയാണ് (മത്തായി 25:6) ദേശത്ത് പരിശുദ്ധാത്മപ്രവര്‍ത്തനങ്ങളുടെ ആരവം ഉയര്‍ത്തുന്ന ഈ ഉണര്‍വ്വെന്ന സന്ദേശമായിരുന്നു ആ ലഘുലേഖ നല്‍കിയത്. നോക്കുക: ഉണര്‍വ്വ് എപ്പോഴും കര്‍ത്താവിന്റെ പുനരാഗമനത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുന്നു.

നൂറുവര്‍ഷം മുന്‍പ് ലോകവ്യാപകമായുണ്ടായ ഉണര്‍വ്വിനെ തുടര്‍ന്ന് കര്‍ത്താവിന്റെ വരവ് സംഭവിച്ചിരുന്നെങ്കില്‍ ഇന്നീ വരികള്‍ വായിക്കുന്ന ആരും ദൈവരാജ്യത്തില്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അന്നു കര്‍ത്താവിന്റെ മടങ്ങിവരവ് ഉണ്ടായില്ല. എന്തുകൊണ്ട്? പത്രൊസിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, നാം നശിച്ചുപോകാതിരിക്കേണ്ടതിന്… ദൈവം നമ്മളോടു ദീര്‍ഘക്ഷമ കാണിച്ചു. കര്‍ത്താവിന്റെ ദീര്‍ഘക്ഷമയെ നമുക്കു രക്ഷ എന്നു വിചാരിക്കാം. എന്നാല്‍ ഇന്നു നാം ക്രിസ്തുവിന്റെ ആഗമനദിവസത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നു പത്രൊസ് തുടര്‍ന്നു പറയുന്നു: (1 പത്രൊസ് 3:11). എങ്കില്‍ കര്‍ത്താവിനെ എതിരേല്പാന്‍ ഈ തലമുറയെ സജ്ജമാക്കുന്ന ദേശവ്യാപകമായ ഒരു ഉണര്‍വ്വിനായും നാം വാഞ്ഛിക്കേണ്ടേ? തീര്‍ച്ചയായും. അതിനായി തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ദൈവത്തോടു നിരന്നുകൊള്ളുകയും ചെയ്താല്‍ അതു സംഭവിക്കും.

ഉവ്വ്, ഒരു വലിയ മഴയുടെ മുഴക്കം ഉണ്ട് (1 രാജാക്കന്മാര്‍ 18:41).

(*2005 ജൂണില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയത്)

അധ്യായം 3:
നാം, ദൈവത്തിന്റെ സഹപ്രവര്‍ത്തകര്‍


”വെളളിയില്‍ നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന് ഒരു ഉരുപ്പടി കിട്ടും” (സദൃശവാക്യങ്ങള്‍ 25:4).
ഒരു തര്‍ജ്ജമയില്‍ ഉരുപ്പടി എന്നതിനു പകരം പാത്രം (Vessel) എന്നാണ്. വെള്ളിയില്‍ നിന്ന് അതിന്റെ കീടം നീക്കിക്കളഞ്ഞാല്‍ മാത്രമേ തട്ടാന് അവന്റെ ഇഷ്ടാനുസരണം ഒരു നല്ല പാത്രം ലഭിക്കുകയുള്ളു!

ബൈബിളില്‍ ഓരോ ലോഹവും ഓരോ പ്രത്യേകകാര്യത്തെ പ്രതിനിധാനം ചെയ്യുന്നതായിപ്പറഞ്ഞിട്ടുണ്ട്. ദൈവത്വത്തെ, ദിവ്യസ്വഭാവത്തെ, കുറിക്കുന്നതാണു സ്വര്‍ണം. വെള്ളി വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ നിദര്‍ശനമാണ്. ഓട്, (താമ്രം) ന്യായവിധിയെ കാണിക്കുന്നു. ഇരുമ്പ് മാനുഷികമായ അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു.

ഇവിടെ വെള്ളിയെക്കുറിച്ചാണ് (വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ സ്വഭാവം) പറയുന്നത്. ‘അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെളളി ശുദ്ധിവരുത്തുന്നവനെപ്പോലെയും…. നിര്‍മലീകരിക്കും’ (മലാഖി 3:3). എന്തിനാണിത്? ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഒരുവനിലെ കീടം നീക്കിക്കളഞ്ഞ് പിന്നേയും അവനെ ശുദ്ധീകരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

ഏതു പ്രവര്‍ത്തനത്തിന്റേയും ആത്യന്തികമായ ഫലം എന്താണെന്നു കണ്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങളെല്ലാം എന്തിനു വേണ്ടിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിയൂ. ഈ ആത്യന്തികഫലം കാണാതെ വലിയ ഒരു പ്രവര്‍ത്തന പദ്ധതിയുടെ ചില ഭാഗങ്ങള്‍ മാത്രം വീക്ഷിച്ച് ഒരു വിലയിരുത്തല്‍ നടത്തിയാല്‍ നമുക്ക് പാടേ തെറ്റിപ്പോയേക്കാം. ഉദാഹരണത്തിന്, ഒരാള്‍ ഒരു നാട്ടില്‍ വന്ന് അനേകം ഏക്കര്‍ സ്ഥലം വാങ്ങുന്നു. പിന്നീട് ഒരു സുപ്രഭാതത്തില്‍ കാണുന്നത് ആ സ്ഥലത്ത് വലിയ കെട്ടിടങ്ങള്‍ പണിയാന്‍ തുടങ്ങുന്നതാണ്. കെട്ടിടംപണി തീരുമ്പോഴേക്ക് വലിയ കൂറ്റന്‍ യന്ത്രങ്ങള്‍ അവിടെ കൊണ്ടുവന്നു വിവിധഭാഗങ്ങളിലായി സ്ഥാപിക്കുന്നു. ടണ്‍ കണക്കിന് ഇരുമ്പും ഉരുക്കും അവിടെ കൊണ്ടുവന്നിറക്കുന്നു. നൂറു കണക്കിന് ആളുകളെ അവിടെ നിയമിക്കുന്നു. ഈ ബൃഹത്തായ പ്രവര്‍ത്തനപദ്ധതിയുടെ ചിലഭാഗങ്ങള്‍ മാത്രം കണ്ട് ഇത് എന്തിനുവേണ്ടിയാണെന്ന് വിലയിരുത്തല്‍ നടത്തിയാല്‍ പലപ്പോഴും ‘കുരുടന്മാര്‍ ആനയെ കണ്ടതുപോലെ’ നമ്മുടെ നിഗമനം തെറ്റിപ്പോകും. പക്ഷേ ഒരു ദിവസം ഈ ഫാക്ടറിയുടെ അസംബ്ലി ലൈനിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് മനോഹരമായ ഒരു കാര്‍ പുറത്തിറങ്ങുമ്പോള്‍ നമുക്കു മനസ്സിലാക്കാം ഈ സന്നാഹങ്ങളെല്ലാം കാര്‍ നിര്‍മ്മിക്കുന്നതിനുവേണ്ടിയായിരുന്നുവെന്ന്. ഈ ഫാക്ടറി സ്ഥാപിച്ച ആളിന്റെ ഹൃദയത്തില്‍ ഒരു സ്വപ്നം ഉണ്ടായിരുന്നു- അത് ഈ മനോഹരമായ കാറായിരുന്നു. ഈ സ്വപ്നം സാധിതപ്രായമാക്കാന്‍ വേണ്ടിയാണ് അദ്ദേഹം, നേരത്തെ വിവരിച്ച കാര്യങ്ങളെല്ലാം ക്രമീകരിച്ചത്.

ഇതുപോലെ ദൈവവും വലിയ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി ദൈവം കോടിക്കണക്കിന് ആളുകളെ രക്ഷയിലേക്കു നടത്തുന്നു. അവരുടെ പാപം മോചിക്കുന്നു, വീണ്ടെടുക്കുന്നു, നീതീകരിക്കുന്നു, പരിശുദ്ധാത്മാവിനാല്‍ മുദ്രയിടുന്നു. മുന്നോട്ടു വിജയകരമായി നടത്തുന്നു. ഇതെല്ലാം എന്തിനുവേണ്ടിയാണ്? വലിയ മീറ്റിംഗുകള്‍ നടത്തുന്നതിനു വേണ്ടിയാണോ? സുവിശേഷീകരണത്തിനുവേണ്ടിയാണോ? ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം ആത്യന്തിക ലക്ഷ്യം എന്താണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൈവത്തെ മനസ്സിലാക്കുന്നതില്‍, ദൈവത്തിന്റെ തിരുഹൃദയത്തിലെ സ്വപ്നം കണ്ടെത്തുന്നതില്‍, നമ്മള്‍ പരാജയപ്പെട്ടു പോകും.

ദൈവത്തിന്റെ ബൃഹത്തായ രക്ഷാകര പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നെന്ന്, ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം ഫലമായി ഒടുവില്‍ പുറത്തുവരുന്നതെന്താണെന്നു കാണുമ്പോള്‍ നമുക്കു മനസ്സിലാകും. ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിന്റെ ഒടുവിലത്തെ താളുകളില്‍ എത്തുമ്പോള്‍ ഇതാ ദൈവത്തിന്റെ തിരുഹൃദയത്തില്‍ മറഞ്ഞുകിടന്നിരുന്ന സ്വപ്നം, ദൈവത്തിന്റെ രക്ഷണ്യ പ്രവൃത്തിയുടെ ഫലം പുറത്തു വരുന്നു. അത് ഒരു കാന്ത (Bride) ആണ് (വെളിപ്പാട് 21:9,10). കുഞ്ഞാടിന്റെ കാന്തയായ ഈ മണവാട്ടി, സഭയാണെന്നു പൗലൊസ് വ്യക്തമാക്കുന്നുണ്ട് (എഫേസ്യര്‍ 5:25-27).

ദൈവത്തിന്റെ മനുഷ്യനോടുള്ള ഇടപാടിന്റെ ആത്യന്തികലക്ഷ്യം കാന്തയായ സഭയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണെന്ന ബോധ്യം പൗലൊസിനുണ്ടായിരുന്നു. കാന്തയുടെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധി (ഒീഹശില)ൈ ആണല്ലോ (വെളിപ്പാട് 21:2, 22:14,15, 19:7,8). അതുകൊണ്ടാണ് സഭയെ വിശുദ്ധിയിലും ക്രിസ്തുവിനോടുള്ള നിര്‍മലതയിലും സൂക്ഷിക്കാന്‍ പൗലൊസ് ‘ദൈവത്തിന്റെ എരിവോടെ എരിഞ്ഞത്.’

ദൈവപ്രവൃത്തിയുടെ ലക്ഷ്യം സംബന്ധിച്ചു പൗലൊസിനുണ്ടായിരുന്ന ഈ ബോധ്യം ഇന്ന് എത്ര പേര്‍ക്കുണ്ട്? സഭയുടെ വിശുദ്ധിയെക്കാള്‍ ആളുകളുടെ എണ്ണത്തിലാണു മിക്കവരുടേയും കണ്ണ്. ഗുണത്തെക്കാള്‍ വലിപ്പത്തിനാണിന്നു പ്രാധാന്യം. ‘ശിഷ്യന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍’ എന്ന കര്‍ത്താവിന്റെ കല്പനയെ അവഗണിച്ചു സുവിശേഷീകരണത്തിനു മാത്രം ഊന്നല്‍ നല്‍കുന്നവര്‍. ഫലത്തെ ശ്രദ്ധിക്കാതെ വരങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍… ദൈവത്തിന്റെ തിരുഹൃദയത്തിലുണ്ടായിരുന്ന സ്വപ്നം, മനുഷ്യരോടുള്ള ഇടപാടുകള്‍ക്കു പിന്നിലെ അവിടുത്തെ ആത്യന്തികലക്ഷ്യം, ഇതൊന്നും ഇവര്‍ കണ്ടിട്ടില്ലെന്നതല്ലേ വാസ്തവം?.

സഭയെ വിശുദ്ധിയില്‍ സൂക്ഷിക്കാന്‍ ഓരോരുത്തരും തങ്ങളെത്തന്നെ നിര്‍മലീകരിക്കേണ്ടതുണ്ടെന്നും പൗലൊസ് ചൂണ്ടിക്കാട്ടുന്നു. ”ഒരു വലിയ ഭവനത്തില്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും തീര്‍ത്ത പാത്രങ്ങള്‍ മാത്രമല്ല; മരം, മണ്ണ് ഇവകൊണ്ടു തീര്‍ത്തവയും ഉണ്ടായിരിക്കും. അവയില്‍ ചിലതു മാന്യമായ കാര്യങ്ങള്‍ക്കും ചിലതു മാന്യത കുറഞ്ഞ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഒരുവന്‍ നികൃഷ്ടമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധീകരിക്കുന്നെങ്കില്‍ അവന്‍ ശ്രേഷ്ഠമായ ഉപയോഗത്തിനു പറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ല കാര്യത്തിനും ഉപയോഗയോഗ്യവുമായ വിശുദ്ധ പാത്രമാകും”(2 തിമൊഥി.2:20,21). ഇവിടെ പറയുന്ന ഭവനം ദൈവസഭയാണ്. അവിടെ ഒരുവന്‍ നികൃഷ്ടമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധീകരിക്കുമെങ്കില്‍, വെള്ളിയില്‍ നിന്നു കീടം നീക്കിക്കളയുന്നതില്‍ മനസ്സുവയ്ക്കുമെങ്കില്‍, അവനു നല്ല ഒരു പാത്രമായിത്തീരാന്‍ കഴിയും. അതിനുവേണ്ടി അവന്‍ ‘ജഡത്തിലെയും ആത്മാവിലേയും സകല കല്മഷവും നീക്കി തന്നെത്തന്നെ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്ളേണ്ട’തുണ്ട് (2 കൊരിന്ത്യ. 7:1).

ദൈവം നമ്മെ കഴുകി വചനത്താല്‍ വെണ്മയുള്ളവരാക്കി കറയോ ചുളിവുകളോ മറ്റു കുറവുകളോ ഇല്ലാതെ മഹത്വപൂര്‍ണരാക്കുന്ന ഒരു പ്രക്രിയയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നമ്മെത്തന്നെ നിര്‍മലീകരിക്കുന്നതില്‍ മനസ്സുവച്ചാല്‍ നാമും അവിടുത്തെ സഹപ്രവര്‍ത്തകരായിത്തീരും (2 കൊരിന്ത്യ. 6:1).

അധ്യായം 4 :
മാനസാന്തരം: യഥാര്‍ത്ഥവും വ്യാജവും


ചരിത്രം ചിലപ്പോള്‍ കെട്ടുകഥകളെക്കാള്‍ വിചിത്രവും അവിശ്വസനീയവുമായി തോന്നാം. റഷ്യക്കാര്‍ ക്രിസ്ത്യാനികളായ സംഭവം അത്തരമൊന്നാണ്. തലമുറകള്‍ക്കുമുന്‍പ് റഷ്യന്‍ ചക്രവര്‍ത്തി വ്‌ളാഡിമര്‍ ക്രിസ്ത്യാനിയായതോടെയാണ് നാട്ടുകാരും ക്രിസ്തുമതം സ്വീകരിച്ചത്. ചക്രവര്‍ത്തി ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം വളരെനാള്‍ മടിച്ചുനിന്നു. കാരണം ക്രിസ്ത്യാനിയാകുന്ന ചടങ്ങില്‍ സ്‌നാനം സ്വീകരിക്കേണ്ടതു സ്ഥലത്തെ ക്രിസ്തീയ പുരോഹിതനില്‍ നിന്നാണ്. ഒരു സാധാരണ പുരോഹിതന്റെ കൈക്കീഴില്‍ ചക്രവര്‍ത്തി സ്‌നാനപ്പെടുകയോ? അതൊരു കുറച്ചിലായി അദ്ദേഹത്തിനു തോന്നി. പിന്നെയെന്തു വഴി?. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനോട് ഈ കാര്യം അപേക്ഷിക്കുന്നത് തന്റെ അന്തസ്സിനു ചേര്‍ന്നതല്ല. ചക്രവര്‍ത്തിയുടെ മാന്യതയ്ക്ക് ഉടവുതട്ടാതെ ഇതു ചെയ്യാന്‍ ഒരു മാര്‍ഗ്ഗം ഒടുവില്‍ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ തെളിഞ്ഞു. യുദ്ധം ചെയ്തു കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുക. എന്നിട്ടു മെത്രാനോടു തന്നെ സ്‌നാനപ്പെടുത്താന്‍ ആജ്ഞാപിക്കുക. അപ്പോള്‍ ഔദാര്യം സ്വീകരിക്കുന്നവനെപ്പോലെയല്ല ചക്രവര്‍ത്തിയെപ്പോലെതന്നെ അന്തസ്സോടെ തനിക്ക് ആ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയും! അദ്ദേഹം അതുതന്നെ ചെയ്തു. യുദ്ധം ചെയ്തു കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചു. മെത്രാന്‍ ചക്രവര്‍ത്തിയെ സ്‌നാനപ്പെടുത്താന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു! ഇന്നു ചക്രവര്‍ത്തിമാരുടെ കാലം കഴിഞ്ഞുപോയി. പക്ഷേ ചക്രവര്‍ത്തിയുടെ മനോഭാവം ഇന്നും നിലനില്ക്കുന്നു.

ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിയാകുന്നത് ഒരു ഇടുക്കുവാതിലിലൂടെ കടക്കുമ്പോഴാണെന്നു ദൈവവചനം പറയുന്നു. യഥാര്‍ത്ഥ അനുതാപത്തിലൂടെ സ്വയത്തിനുണ്ടാകുന്ന ഒരു തകര്‍ച്ചയാണത്. ജീവിതത്തിന്റെ കേന്ദ്രത്തില്‍ നിന്നു സ്വയത്തെ നിഷ്‌ക്കാസനം ചെയ്ത് അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുന്നതാണത്. തനിക്കുവേണ്ടി ജീവിക്കുന്ന ഒരു ജീവിതത്തോടും വിടപറഞ്ഞ് ദൈവത്തിനുവേണ്ടി ജീവിക്കുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രവേശനമാണത്. ”എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തവനായിട്ടു തന്നേ ജീവിക്കേണ്ടതിന് അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു” എന്നാണ് ഒരുത്തന്‍ ക്രിസ്തുവിലായി പുതിയ സൃഷ്ടിയാകുന്ന പ്രക്രിയയെ പൗലൊസ് വിവരിക്കുന്നത് (2 കൊരിന്ത്യര്‍ 5:14,15,17). ഉവ്വ്, തീര്‍ച്ചയായും ഇതൊരു ഇടുക്കുവാതില്‍ തന്നെയാണ്. ജീവനിലേക്കുള്ള പ്രവേശന കവാടത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി ദൈവം കെരൂബുകളെ നിര്‍ത്തിയിരിക്കുന്നതായി നാം വായിക്കുന്നു (ഉല്പത്തി 3:24). ഇത് എന്താണ് വ്യക്തമാക്കുന്നത്? സ്വയജീവന്റെ മേല്‍ ഒരു വാളുപതിയാതെ യഥാര്‍ത്ഥത്തില്‍ ഒരുവനും ജീവവൃക്ഷത്തിന്റെ അടുക്കലേക്കു വരുവാന്‍ കഴിയുകയില്ല എന്നല്ലേ? എന്നാല്‍ സ്വയജീവന്റെ മേല്‍ ഒരു പോറല്‍ പോലും ഏല്ക്കാതെ, ഒരു ചക്രവര്‍ത്തിയുടെ മനോഭാവത്തോടെ, ഒരുവനു പ്രവേശിക്കത്തക്കവണ്ണം ഇടുക്കുവാതിലിനെ നാം ഇന്നു വിശാലമാക്കിയിരിക്കുന്നു?

അതേസമയം യേശു, ഭൂമിയിലായിരുന്നപ്പോള്‍ അങ്ങനെയല്ല ചെയ്തത്. തന്നെ സമീപിച്ച ധനികനായ ചെറുപ്പക്കാരനെ എങ്ങനെയെങ്കിലും ദൈവരാജ്യത്തില്‍ പ്രവേശിപ്പിക്കാനായി അവിടുന്ന് അതിന്റെ കവാടം വിശാലമാക്കിയില്ല. മറിച്ച് അവിടുന്ന് അതിനെ ‘സൂചിക്കുഴ’പോലെ എത്രയും ഇടുങ്ങിയതായി ചിത്രീകരിച്ചു. ”ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നാണ് അവിടുന്നു പറഞ്ഞത് (മര്‍ക്കൊസ് 10:25).
”അങ്ങനെയങ്കില്‍ ആര്‍ക്കു ദൈവരാജ്യത്തില്‍ കടക്കാന്‍ കഴിയും?” അമ്പരപ്പോടെ ശിഷ്യന്മാര്‍ ചോദിച്ചു.

”മനുഷ്യര്‍ക്ക് അസാധ്യം; പക്ഷേ ദൈവത്തിനു സാധ്യം” യേശുവിന്റെ മറുപടി. ഭൗമികമായി സമ്പന്നനായവനെ മാത്രം ഉദ്ദേശിച്ചല്ല ‘ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു ദുഷ്‌ക്കരം’ എന്നാണ് യേശുപറഞ്ഞതെന്നു നമുക്കറിയാം. ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം അവര്‍ക്കുള്ളത്’ എന്ന അവിടുത്തെ വചനത്തോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍, ദൈവവിഷയമായല്ലാതെയുള്ള ഏതു സമ്പന്നതയും സ്വയത്തിന്റെ എല്ലാ ഉയര്‍ച്ചയും ദൈവരാജ്യത്തില്‍ കടക്കുന്നതിനു തടസ്സമാണെന്നു കാണാം.

‘ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക’ എന്ന പ്രയോഗം യേശു നടത്തിയപ്പോള്‍, അന്നത്തെ രീതികള്‍ അറിയാമായിരുന്ന ശിഷ്യന്മാര്‍ക്ക് അവിടുന്ന് എന്താണ് ഉദ്ദേശിച്ചതെന്ന് എത്രയും വ്യക്തമായിരുന്നു. അന്ന് യെരുശലേം നഗരത്തിന്റെ ചുറ്റുമതിലിലെ പ്രധാന വാതിലുകള്‍ അടച്ചു കഴിഞ്ഞാല്‍ ചുമടുമായി വൈകി വരുന്ന ഒട്ടകങ്ങളെ അകത്തുകടത്തണമെങ്കില്‍ ‘സൂചിക്കുഴ’ (Needle’s eye) എന്നറിയപ്പെടുന്ന ചെറിയ കവാടം മാത്രമായിരുന്നു ശരണം. നന്നേ ഇടുങ്ങിയ ഈ പഴുതിലൂടെ ഒട്ടകങ്ങളെ മതിലിനപ്പുറം കടത്തുന്നത് ശരിക്കും ഒരഭ്യാസമായിരുന്നു. ഇതേപ്പറ്റി ഇങ്ങനെയാണു പറഞ്ഞു കേട്ടിട്ടുള്ളത്: ഒട്ടകത്തിന് അതിന്റെ പുറത്തുള്ള വലിയ ചുമടുകളുമായി ‘സൂചിക്കുഴ’ എന്ന ചെറിയ കവാടത്തിലൂടെ അകത്തു കടക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ആദ്യം ഈ ചുമടുകള്‍ എല്ലാം ഇറക്കി വയ്ക്കും. എന്നാലും ഒട്ടകത്തിന് നടന്ന് ‘സൂചിക്കുഴ’യിലൂടെ അകത്തു കയറാന്‍ കഴിയുകയില്ല; തനിയേ നുഴഞ്ഞ് അകത്തു കടക്കാനും പ്രയാസം. അതിനാല്‍ ‘സൂചിക്കുഴയ്ക്കു’ പുറത്ത് ഒരു വലിയ ഷീറ്റ് വിരിക്കും. ഒട്ടകത്തോട് അതില്‍ കയറി തലതാഴ്ത്തി ഒതുങ്ങിക്കിടക്കാന്‍ യജമാന്‍ ആജ്ഞാപിക്കും. ഒട്ടകം അങ്ങനെ ചെയ്യുമ്പോള്‍ ‘സൂചിക്കുഴ’യിലൂടെ ആ ഷീറ്റ് മെല്ലെമെല്ലെ ഉള്ളിലേക്കു വലിക്കും. കുറച്ചു സമയം കഴിയുമ്പോള്‍ ഇതാ ഒട്ടകം ‘സൂചിക്കുഴ’യിലൂടെ തന്നെ മതിലിന്റെ അകത്ത് കടന്നു കഴിഞ്ഞു!.

ഇവിടെ ‘സൂചിക്കുഴ’യിലൂടെ കടക്കാന്‍ ഒട്ടകം എന്താണു ചെയ്തത്? അത് അതിന്റെ വലിപ്പമുള്ള ചുമടുകള്‍ ഒഴിവാക്കി യജമാന്‍ വിരിച്ച ഷീറ്റില്‍ തന്നെ തന്നെ പൂര്‍ണമായി അര്‍പ്പിച്ച് കിടന്നു. അത്രമാത്രം. യഥാര്‍ത്ഥ മാനസാന്തരത്തിലും ഇതു രണ്ടുമാണു സംഭവിക്കുന്നത്. ഒരുവന്‍ വലിയ ഭാവവും സ്വയത്തിന്റെ ഉയര്‍ച്ചയും വിട്ടുകളഞ്ഞ് പശ്ചാത്താപത്തോടെ ദൈവത്തിങ്കലേക്കു തിരിയുന്നു. ഒപ്പം കര്‍ത്താവില്‍ വിശ്വസിച്ച് തന്നെതന്നെ ക്രിസ്തുവില്‍ സമ്പൂര്‍ണമായി അര്‍പ്പിക്കുന്നു. തുടര്‍ന്ന് രക്ഷണ്യപ്രവൃത്തി ദൈവം തന്നെയാണു ചെയ്യുന്നത്. ‘മനുഷ്യന് അസാധ്യം. ദൈവത്താല്‍ സാധ്യം.’

ഇടുക്കുവാതിലിലൂടെ അല്ലാതെ ആര്‍ക്കും യഥാര്‍ത്ഥത്തില്‍ ദൈവരാജ്യത്തില്‍ കടക്കാന്‍ കഴിയുകയില്ല. എന്നാല്‍ ‘രണ്ടായിരം വര്‍ഷം മുന്‍പ് യേശു ക്രൂശില്‍ മരിച്ചു’ എന്ന വസ്തുത ഇന്നു ബുദ്ധിയില്‍ സമ്മതിക്കുക മാത്രം ചെയ്യുന്നിടത്ത് എവിടെ ഇടുക്കു വാതില്‍? ഇന്ന് ഇത്തരം മാനസാന്തരത്തില്‍ യഥാര്‍ത്ഥ പശ്ചാത്താപമില്ല. സക്കായി ചെയ്തതുപോലെ തെറ്റുകള്‍ക്കു നഷ്ടപരിഹാരം ചെയ്യുന്നില്ല. ജീവിതത്തിന്റെ ദിശ ദൈവോന്മുഖമായി മാറുന്നില്ല. ‘ഞാന്‍, ഞാന്‍’ എന്ന വലിയ ഭാവത്തിനു മാറ്റമൊന്നുമില്ല. ഉപാധികളൊന്നുമില്ലാതെ ദൈവത്തില്‍ സമ്പൂര്‍ണമായി അര്‍പ്പിക്കുന്നവിശ്വാസത്തിന്റെ സ്ഥാനത്തു ദൈവത്തില്‍ നിന്നു ചിലതു നേടിയെടുക്കാനുള്ള ഒരു ഫോര്‍മുലയായി മാത്രം വിശ്വാസത്തെ കാണുന്നു. എല്ലാം എത്ര വിശാലം! ‘ഇടു ക്കു വാതിലിലൂടെ കടക്കുവാന്‍ പോരാടുവിന്‍’ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ ഈ കാലഘട്ടത്തിനു വേണ്ടിയുള്ളതാണെന്നു നാം തിരിച്ചറിയുമോ?.

അധ്യായം 5 :
വഴിപാടോ വ്യക്തിയോ?


അനുസരണത്തിന് പകരം വയ്ക്കാന്‍ ഒന്നേയുള്ളൂ-അനുസരണംമാത്രം. പക്ഷേ ഇന്നു ക്രിസ്തീയഗോളത്തില്‍ പലരും കരുതുന്നത് വിശ്വാസത്തെ, അനുസരണത്തിനു പകരം വയ്ക്കാമെന്നാണ്.

ദൈവവചനത്തില്‍ നാം വിശ്വസിക്കേണ്ട സത്യങ്ങളുണ്ട്; അനുസരിക്കേണ്ട കല്പനകളുമുണ്ട്. വിശ്വസിക്കുന്നതു താരതമ്യേന എളുപ്പമാണ്. എന്നാല്‍ അനുസരിക്കുന്നത് അല്പം ബുദ്ധിമുട്ടാണ്. കാരണം, അതിനൊരു വില കൊടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ‘യേശു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു’ എന്ന സത്യം വിശ്വസിക്കുന്നതിനു പലര്‍ക്കും പ്രയാസമില്ല. എന്നാല്‍ ‘അതുകൊണ്ട് ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ചുയിര്‍ത്തവനായിട്ടു ജീവിക്കണം’ എന്ന കല്പനയുടെ കാര്യം വരുമ്പോഴോ? അത് അനുസരിക്കുന്നത് എളുപ്പമല്ല. അതുകൊണ്ടു പലരും അനുസരണത്തെ അവഗണിക്കുന്നു. വിശ്വാസം മതി എന്നു വയ്ക്കുന്നു. ‘വിശ്വാസം രക്ഷിച്ചുകൊള്ളും’ എന്നാണവരുടെ സമാധാനം.

‘വിശ്വാസത്തിന് അനുസരണം വരുത്തുക’ എന്നൊരു പ്രയോഗം റോമാലേഖനത്തില്‍ നാം കാണുന്നു (റോമര്‍ 1:6, 16:24). അതായതു വിശ്വാസത്തെ അനുസരണത്തിലേക്കു നയിക്കുക. പൗലൊസ് പറയുന്നത് വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനാണു താന്‍ കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതെന്നാണ്. വിശ്വാസത്തിന് അനുസരണം വരുത്തുവാനും ശിഷ്യരെ ഉണ്ടാക്കുവാനുമുള്ള ഒരു നിയോഗം. സത്യത്തില്‍ ഈ ശുശ്രൂഷയല്ലേ ഇന്നത്തെ ആവശ്യകത?

അനുസരണത്തെ ഒഴിവാക്കുവാന്‍ വിശ്വാസി എന്തും ചെയ്യും എന്നതാണ് ഇന്നത്തെ അവസ്ഥ. ഉദാഹരണത്തിന് ഇന്നത്തെ പ്രാര്‍ത്ഥനകളും ഉപവാസങ്ങളും ശ്രദ്ധിക്കുക. പ്രാര്‍ത്ഥന ദൈവം കേള്‍ക്കാന്‍ ഒന്നാമതു വേണ്ടതു ശുദ്ധമായ ഒരു മനഃസാക്ഷിയും നിര്‍മലമായ ഒരു ഹൃദയവുമാണ്. പക്ഷേ അതു നേടുന്നതിനു ദൈവവചനപ്രകാരം തെറ്റുകള്‍ തിരുത്തുകയും ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ അനുസരണത്തിന്റെ ആ പ്രവൃത്തി ചെയ്യുവാന്‍ മാത്രം മനസ്സില്ല. പകരം പ്രാര്‍ത്ഥനയെ മുഴുരാത്രി പ്രാര്‍ത്ഥനയോ, ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനേകര്‍ പങ്കെടുക്കുന്ന ഉപവാസപ്രാര്‍ത്ഥനായജ്ഞമോ ആക്കിമാറ്റാന്‍ തയ്യാര്‍. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാതിരിക്കാന്‍ വിശ്വാസിയുടെ നുറുങ്ങപ്പെടാത്ത സ്വയം പയറ്റുന്ന തന്ത്രങ്ങള്‍ എത്ര! എന്നാല്‍ ദൈവത്തെ നമുക്കു കബളിപ്പിക്കാനാവില്ല (ഗലാത്യര്‍ 6:7). അവിടുന്നു നമ്മുടെ ഏതുവഴിപാടും-അതു പ്രാര്‍ത്ഥനയോ, സ്തുതിയോ, ആരാധനയോ, സ്‌തോത്രകാഴ്ചയോ എന്തായാലും-സ്വീകരിക്കുന്നതിനു മുന്‍പ് നമ്മുടെ ഹൃദയനിലയെയാണു കണക്കിലെടുക്കുന്നത്.

ദൈവത്തിന് ആദ്യമായി വഴിപാട് അര്‍പ്പിച്ചതു കയീനും ഹാബേലും ആയിരുന്നു. അന്നു മുതല്‍ ഇന്നുവരെ ദൈവം വഴിപാടില്‍ പ്രസാദിക്കുന്നതിനു മുന്‍പ് അത് അര്‍പ്പിക്കുന്നവന്റെ മനോഭാവത്തെയും ഹൃദയനിലയെയും ശ്രദ്ധിക്കുന്നു. ഇക്കാര്യത്തില്‍ അവിടുത്തേക്കു മുഖപക്ഷമില്ല. അവിടുത്തെ നിയമങ്ങള്‍ക്കു മാറ്റവുമില്ല.

കയീനും ഹാബേലും-ആദിമമാതാപിതാക്കള്‍ക്കു ജനിച്ച സന്താനങ്ങള്‍. ഇരുവര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു തുല്യഅവസരം ഉണ്ടായിരുന്നു. എന്നാല്‍ ദൈവം ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.

എന്തുകൊണ്ട്? ഹാബേല്‍ രക്തച്ചൊരിച്ചിലുള്ള യാഗം കഴിച്ചതുകൊണ്ടാണ് ഹാബേലിന്റെ വഴിപാടില്‍ ദൈവം പ്രസാദിച്ചത്. കയീന്‍ രക്തച്ചൊരിച്ചിലുള്ള യാഗം കഴിച്ചില്ല. അതുകൊണ്ട് അവന്റെ വഴിപാടു ദൈവത്തിന് പ്രസാദകരമാകാതെ പോയി-ഇതാണ് സുവിശേഷവിഹിത സഭകളില്‍ നാം സാധാരണകേള്‍ക്കാറുള്ള വിശദീകരണം. ഇതു ശരിയാണെങ്കില്‍ വ്യക്തിയെക്കാള്‍ പ്രധാനം വഴിപാടാണെന്നു വരും. ആരാധകന്റെ മനോഭാവവും ഹൃദയനിലയും എങ്ങനെയായിരുന്നാലും പ്രശ്‌നമില്ല, അവന്റെ ആരാധനയിലാണു ദൈവം പ്രസാദിക്കുന്നതെന്നു ചിന്തിക്കേണ്ടിവരും(യഥാര്‍ത്ഥത്തില്‍ ഇന്നു പലരും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്!)

വാസ്തവത്തില്‍ ഹാബേലിന്റെയും കയീന്റെയും കാര്യത്തില്‍ രക്തച്ചൊരിച്ചിലായിരുന്നോ പ്രശ്‌നം? വാസ്തവത്തില്‍ അവര്‍ അവരുടെ പാപങ്ങള്‍ക്കുവേണ്ടി യാഗം (Sacrifice) കഴിക്കുകയായിരുന്നില്ല. അവര്‍ ദൈവത്തിന് വഴിപാട് (Offering) അര്‍പ്പിക്കയായിരുന്നു (ഉല്‍പത്തി 4:3,4). വഴിപാടിനു രക്തച്ചൊരിച്ചില്‍ വേണമെന്നു നിര്‍ബന്ധമില്ല. മോശയുടെ കര്‍ക്കശമായ നിയമങ്ങളില്‍ പോലും കൃഷിഫലങ്ങള്‍ വഴിപാടായി അര്‍പ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട് (ആവര്‍ത്തനം 26:1-11). അപ്പോള്‍ കയീന് ദൈവപ്രസാദം ലഭിക്കാതെ പോയതിനു കാരണം കൃഷിഫലം അര്‍പ്പിച്ചതല്ലെന്നു വ്യക്തം. അങ്ങനെയെങ്കില്‍ മറ്റെന്താണു കാരണം? വഴിപാടിനെക്കാള്‍ ഒന്നാമത് അത് അര്‍പ്പിച്ച വ്യക്തിയെയാണു ദൈവം നോക്കിയതെന്നതിന് ആ ഭാഗത്തു തന്നെ സൂചനയുണ്ട്. ‘ഹാബേലിലും അവന്റെ വഴിപാടിലും’ ‘കയീനിലും അവന്റെ വഴിപാടിലും’ എന്നുള്ള പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക (ഉല്‍പത്തി 4:4,5).

കയീനിനെയും ഹാബേലിനേയും ദൈവം വീക്ഷിച്ചപ്പോള്‍ ഹാബേല്‍ നീതിമാനും സ്വന്തം അപര്യാപ്തതയെക്കുറിച്ചുള്ള ബോധ്യത്തോടെ ലളിതമായ വിശ്വാസത്തില്‍ ദൈവത്തില്‍ ആശ്രയിക്കുന്നവനുമായി അവനെ കണ്ടു (എബ്രായര്‍ 11:4). മറിച്ച് കയീന്‍ ദുഷ്ടനും നന്മ ചെയ്യാന്‍ കഴിയുമായിരുന്നിട്ടും അതു ചെയ്യാത്തവനുമായിരുന്നു (1 യോഹന്നാന്‍ 3:12, ഉല്‍പത്തി 4:7). ഫലം ഹാബേലില്‍ ദൈവം പ്രസാദിച്ചു. കയീനില്‍ പ്രസാദിച്ചില്ല.

മനുഷ്യനെ സംബന്ധിച്ചു ദൈവത്തിനു സ്വീകാര്യമായത്, പ്രസാദകരമായത് എന്താണെന്നതിനെക്കുറിച്ച് ദൈവത്തിന്റെ ഹൃദയം അറിഞ്ഞ മനുഷ്യനായ ദാവീദിനു ബോധ്യം ഉണ്ടായിരുന്നു. ”ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ, നീ നിരസിക്കുകയില്ല” (സങ്കീര്‍ത്തനം 51:17).

ഒരുവന്‍ അര്‍പ്പിക്കുന്ന യാഗങ്ങളെക്കാള്‍ അവനെയാണ്, അവന്റെ തകര്‍ന്ന, നുറുങ്ങിയ, ഹൃദയത്തെയാണു ദൈവം സ്വീകരിക്കുന്നത്! യാഗാര്‍പ്പണങ്ങളുടെ പഴയനിയമ കാലഘട്ടത്തില്‍ ഇതായിരുന്നു സ്ഥിതിയെങ്കില്‍ ഇന്ന് പുതിയനിയമ കാലത്ത് ഇതിന്റെ പ്രസക്തി എത്ര വലുതാണ്! എന്നാല്‍ ഇന്ന് ആരാധകനെക്കാള്‍ ആരാധനയ്ക്കാണ് ഊന്നല്‍. വാസ്തവത്തില്‍ ആരാധനയെന്ന പേരില്‍ നാം നടത്തുന്ന ‘പ്രകടന’ (Performance)ത്തെക്കാള്‍ നമ്മെയാണു ദൈവം ശ്രദ്ധിക്കുന്നതെന്ന് എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്?

കേവലം ബുദ്ധിപരമായ ഒരു വിശ്വാസത്തിനപ്പുറം അനുതാപമുള്ള, തകര്‍ച്ചയും നുറുക്കവും അറിയുന്ന ഒരു ഹൃദയമാണ്, അതില്‍ നിന്നു വരുന്ന അനുസരണമാണ് ദൈവത്തിന് പ്രസാദകരം. ദൈവഭക്തിയുടെ ഈ രഹസ്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? വിശ്വാസത്തിന് അനുസരണം വരുത്തുന്ന ഒരു ശുശ്രൂഷയുടെ ഇന്നത്തെ ആവശ്യകത നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?.

അധ്യായം 6 :
ഭൂമി, ലോകം, ദൈവരാജ്യം


ജോണ്‍ ബനിയന്റെ ‘പരദേശി മോക്ഷയാത്ര’യില്‍ മോക്ഷപട്ടണത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്ത്യാനിയും വിശ്വാസിയും ഒരു ചന്തയിലൂടെ കടന്നുപോകുന്നതിന്റെ വിവരണമുണ്ട്. സകലവിധ സാധനങ്ങളും വില്പനയ്ക്കു വച്ചിട്ടുള്ള ഈ മായച്ചന്തയിലൂടെ ഇടംവലം നോക്കാതെ ക്രിസ്ത്യാനിയും വിശ്വാസിയും ധൃതിയില്‍ നടന്നുപോയി. ഇവരുടെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ കച്ചവടക്കാര്‍ ഇരുവശത്തു നിന്നും വിളിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ചെവികളില്‍ വിരല്‍ ഇട്ടുകൊണ്ട് ‘മായയെ നോക്കാതിരിക്കാന്‍ എന്റെ കണ്ണുകളെ തിരിക്കണമേ’ എന്നു നിലവിളിച്ചു. തങ്ങളുടെ കച്ചവടവും വ്യാപാരവും സ്വര്‍ഗ്ഗത്തിലാകുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അവര്‍ മുകളിലേക്കു ദൃഷ്ടികള്‍ ഉയര്‍ത്തി. മായച്ചന്തയില്‍ നിന്ന് ഒരു സാധനവും വാങ്ങാതെ അവര്‍ നടന്നു പോയത് ചന്തയുടെ ഉടമസ്ഥനായ ‘ലോകത്തിന്റെ പ്രഭു’വിനും കിങ്കരന്മാര്‍ക്കും സഹിച്ചില്ല. അവര്‍ ക്രിസ്ത്യാനിയെയും വിശ്വാസിയേയും പിടികൂടി വിസ്തരിച്ച് വിശ്വാസിയെ ജീവനോടെ ദഹിപ്പിച്ചു…. കഥ തുടരുകയാണ്.

‘മായച്ചന്ത’ ഈ ലോകമാണ്. കച്ചവടം മുഖമുദ്രയാക്കിയിട്ടുള്ള ഈ ലോകവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാത്ത ക്രിസ്തുശിഷ്യര്‍ക്ക് ഏതു തലമുറയിലും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരും.

‘ലോകം’ എന്നാലെന്താണ്? ലോകം (World) എന്നാല്‍ ഈ കാണുന്ന ഭൂമി(Earth)യല്ല. ‘സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു’ (മത്തായി 28:18) എന്നു യേശു പറഞ്ഞു. ഈ ഭൂമിയുടെ അധികാരി ഇപ്പോള്‍ യേശുവാണ്. അതേസമയം ‘സര്‍വ്വലോകവും ദുഷ്ടന്റെ (പിശാചിന്റെ) അധീനതയില്‍ കിടക്കുന്നു’ (1 യോഹന്നാന്‍ 5:19). ഭൂമിയുടെ അധികാരി യേശുവും ലോകത്തിന്റെ അധികാരി സാത്താനും. ഭൂമിയും ലോകവും ഒന്നല്ല എന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ.

ഈ ഭൂമിയിലെ ജനങ്ങളെ കുറിക്കുവാനും ‘ലോകം’ എന്ന പദം ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ… ദൈവം… ലോകത്തെ സ്‌നേഹിച്ചു” എന്ന പ്രസിദ്ധമായ വാക്യം ഇതിനുദാഹരണം (യോഹന്നാന്‍ 3:16). ഇവിടെ ലോകം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതു ലോകത്തിലെ മനുഷ്യരെയാണ്.

എന്നാല്‍ ഭൂമിയെയും ജനങ്ങളെയുമല്ല ലോകം എന്ന പദംകൊണ്ട് ബൈബിള്‍ മിക്കപ്പോഴും അര്‍ത്ഥമാക്കുന്നത്. എങ്കില്‍ ‘ലോകം’ എന്നാലെന്താണ്? സാത്താന്‍ അധികാരിയായിരുന്ന് അവന്‍ ഭരിച്ചു നിയന്ത്രിക്കുന്നതും ഈ ലോകത്തിലെ സമസ്ത മേഖലയെയും നയിക്കുന്നതുമായ ഒരു സംവിധാനമാണ്, ഒരു വ്യവസ്ഥയാണ് (System) ലോകം എന്നു പറയാം. ലോകമെന്നു പറയുമ്പോള്‍ നാം പെട്ടെന്ന് ഓര്‍ത്തു പോകുന്നത് സിനിമാശാലയും, ചൂതുകളി സ്ഥലവും മദ്യഷാപ്പും ഒക്കെയാണ്. എന്നാല്‍ അതെല്ലാം ലോകത്തിന്റെ ബാഹ്യരൂപം മാത്രമാണെന്നു എ.ഡബ്ലിയു. ടോസര്‍ വിശദീകരിക്കുന്നു: ”നമ്മുടെ പോരാട്ടം കേവലം ലോകത്തിന്റെ ഗതിക്കെതിരായിട്ടല്ല മറിച്ച് ലോകത്തിന്റെ ആത്മാവിനെതിരായിട്ടാണ്. ദൈവത്തില്‍ നിന്നന്യപ്പെട്ടുപോയ മനുഷ്യപ്രകൃതിയില്‍ നിന്നുത്ഭവിക്കുന്നതും അതിനാല്‍ പണിയപ്പെടുന്നതും അതിനാല്‍ നിലനിര്‍ത്തപ്പെടുന്നതുമായ ഏതും-അതിന്റെ ബാഹ്യരൂപം എന്തായിരുന്നാലും-ലോകമാണ്. അതു ധാര്‍മ്മികമായി അധഃപതിച്ചതാണെങ്കിലും ധാര്‍മ്മികമായി ആദരിക്കപ്പെടുന്നതാണെങ്കിലും, അതു മദ്യശാലയായി പ്രത്യക്ഷപ്പെട്ടാലും, സഭയെന്ന പേരില്‍ പ്രത്യക്ഷപ്പെട്ടാലും ലോകം തന്നെയാണ്.” ചുരുക്കത്തില്‍ ഭൂമിയില്‍ ഇന്നു നിലവിലിരിക്കുന്ന ഒരു സംവിധാനക്രമമാണു ലോകം. ലോകത്തിന് അതിന്റേതായ മൂല്യങ്ങളുണ്ട്. സ്വാര്‍ത്ഥതയും മത്സരവുമാണ് അതിനെ നയിക്കുന്ന പ്രമാണങ്ങള്‍. അന്യോന്യമുള്ള മത്സരത്തിലും സ്വാര്‍ത്ഥതയിലും ഊന്നിയല്ലാതെ ആര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനാവില്ല എന്ന നിലയില്‍ സാത്താന്‍ ഈ ലോകവ്യവസ്ഥയെ രൂപപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയം, സാമ്പത്തികം, വിദ്യാഭ്യാസം എന്നുവേണ്ട എല്ലാ മേഖലകളിലും ലോകത്തിന്റെ ഈ മൂല്യങ്ങള്‍ ആടിത്തിമിര്‍ക്കുന്നു. സഭ എന്ന് അവകാശപ്പെടുന്നതിലും സ്വാര്‍ത്ഥതയും മത്സരവുമാണ് കാണുന്നതെങ്കില്‍ അതു സഭയല്ല മറിച്ച് ലോകം തന്നെയാണെന്നു നാം തിരിച്ചറിയണമെന്നാണു ടോസര്‍ പറഞ്ഞതിന്റെ അര്‍ത്ഥം.

ലോകത്തിന്റെ പ്രമാണങ്ങള്‍ക്കു നേരേ എതിരാണു യേശു കൊണ്ടുവന്ന ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍. താഴ്മയും നിസ്വാര്‍ത്ഥതയും ആത്മാവിലുള്ള ദാരിദ്ര്യവുമാണ് ദൈവരാജ്യത്തിന്റെ അടിസ്ഥാനശിലകള്‍. ഈ ഭൂമിയില്‍ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തില്‍ ആയിരിക്കുമ്പോഴും നാം ദൈവരാജ്യത്തില്‍ ജീവിക്കണമെന്നു സാരം.

ഇതു സാധ്യമണോ? ഈ ഭൂമിയില്‍ ലോകവ്യവസ്ഥയാണു നിലനില്‍ക്കുന്നത്. ഇവിടെ ഏതു തൊഴിലിലും ലോകത്തിന്റെ പ്രമാണങ്ങളാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാതിരിക്കാനോ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാതിരിക്കാനോ കഴിയുമോ? ഇല്ല. എന്നാല്‍ നാം ഏതു തൊഴില്‍ ചെയ്താലും ലോകവ്യവസ്ഥയെ സ്പര്‍ശിക്കുകയാണെന്ന തിരിച്ചറിവോടും നടുക്കത്തോടും അതു ചെയ്യുകയും ലോകത്തിന്റെ പ്രമാണങ്ങളില്‍ നിന്നു മാറി നില്ക്കുകയും ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുകയും വേണം.

നമുക്ക് എങ്ങനെ ഇതു കഴിയും? ദൈവത്തോടുള്ള സ്‌നേഹം നമ്മെ ഇതിനു പ്രേരിപ്പിക്കുമെന്നു സ്‌നേഹത്തിന്റെ അപ്പൊസ്തലനായ യോഹന്നാന്‍ സൂചിപ്പിക്കുന്നു. ”ലോകത്തേയും ലോകത്തിലുള്ളതിനേയും സ്‌നേഹിക്കരുത്. ലോകത്തെ സ്‌നേഹിക്കുന്നവരില്‍ പിതാവിനോടുള്ള സ്‌നേഹം ഇല്ല” (1 യോഹന്നാന്‍ 2:15). ലോകത്തോടുള്ള സ്‌നേഹവും പിതാവിനോടുള്ള സ്‌നേഹവും വിരുദ്ധ ധ്രുവങ്ങളിലാണ്. ലോകസ്‌നേഹം ദൈവത്തോടുള്ള സ്‌നേഹത്തെ അപഹരിക്കും. എങ്കില്‍ ദൈവസ്‌നേഹം ലോകസ്‌നേഹത്തെയും ഇല്ലാതാക്കുമല്ലോ.

ഒരു കൈകൊണ്ടു ദൈവത്തേയും മറുകൈകൊണ്ടു ലോകത്തെയും പിടിക്കാമെന്നു കരുതുന്നത് ഒരു വഞ്ചനയാണെന്നു യാക്കോബും ചൂണ്ടിക്കാട്ടുന്നു ”വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വമാകുന്നുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ?. അതുകൊണ്ടു ലോകത്തിന്റെ സ്‌നേഹിതനാകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു” (യാക്കോബ് 4:4). എത്ര ശക്തമായ ഭാഷ! എത്ര കര്‍ശനമായ താക്കീത്.!

എന്നാല്‍ ഇതാ ഒരു സുവാര്‍ത്ത:

യേശു ക്രൂശില്‍ മരിച്ചതു നമ്മെ പാപത്തില്‍ നിന്നു വിടുവിപ്പാന്‍ മാത്രമല്ല ഈ ദുഷ്ടലോകത്തില്‍ നിന്നു വിടുവിപ്പാന്‍ കൂടിയാണ്. പിതാവായ ദൈവത്തിന്റെ ഹിതവും അതാണ്- അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കുന്നു (ഗലാത്യര്‍ 1:3).

ഈ വചനം എത്ര വലിയ പ്രത്യാശയാണു നമുക്കു നല്‍കുന്നത്.!

അധ്യായം 7 :
വില കൊടുക്കാനാരുണ്ട്?


നീതിമാന്റെ പുരോഗതിയെ സൂര്യന്റെ പ്രയാണത്തോടു ബന്ധപ്പെടുത്തി സദൃശവാക്യത്തില്‍ പറഞ്ഞിട്ടുണ്ട് (4:18).

ഉദയം മുതല്‍ നട്ടുച്ച വരെയുള്ള സമയം കണക്കിലെടുത്താല്‍ സൂര്യന്റെ പ്രകാശം അനുനിമിഷം വര്‍ദ്ധിച്ചു വരികയാണ്. ഇതുപോലെയാണു നീതിമാന്മാരുടെ പാതയും – വെളിച്ചത്തില്‍ നിന്നു കൂടുതല്‍ വെളിച്ചത്തിലേക്ക്.

സഭയുടെ ചരിത്രം പരിശോധിച്ചാലും പുരോഗതി ഈ നിലയിലാണെന്നു കാണാം. എ.ഡി. പതിനാറാം നൂറ്റാണ്ടു മുതല്‍ ദൈവിക സത്യങ്ങളുടെ പ്രകാശം സഭാതലത്തില്‍ കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണ്. ആദിമ സഭയില്‍ ഉണ്ടായിരുന്നതും എ.ഡി.നാലാം നൂറ്റാണ്ടുമുതല്‍ നഷ്ടമായതുമായ വിവിധ സത്യങ്ങള്‍ ദൈവം സഭയില്‍ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വ്യക്തതയോടെ കാണുകയും മനസ്സിലാക്കുകയും ചെയ്താല്‍ നാം ആയിരിക്കുന്ന കാലഘട്ടത്തിലെ ദൈവപ്രവൃത്തിയോട് ഒപ്പം ആയിരിക്കുവാന്‍ അതു നമ്മെ സഹായിക്കും. ദൈവാത്മാവിന്റെ പ്രവാഹതരംഗത്തോട് ഒപ്പം സഞ്ചരിക്കുവാന്‍ അതു നമ്മെ സജ്ജരാക്കും.

എ.ഡി. നാലാം നൂറ്റാണ്ട്. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലം. സഭ അന്ധകാര യുഗത്തിലേക്കു കൂപ്പുകുത്തിയ കാലഘട്ടം. അന്നു മുതല്‍ കൃപയാലുള്ള രക്ഷ, വിശ്വാസത്താലുള്ള നീതീകരണം, വിശ്വാസസ്‌നാനം, ആത്മാവിലുള്ള നടപ്പ്, പാപത്തിന്മേല്‍ ജയമുള്ള ജീവിതം എന്നിങ്ങനെ ഒന്നാം നൂറ്റാണ്ടിലെ സഭയില്‍ ജ്വലിച്ചു പ്രകാശിച്ചിരുന്ന ദൈവിക സത്യങ്ങള്‍ ഓരോന്നും മങ്ങിത്തുടങ്ങി. ആ സ്ഥാനത്തു പ്രവൃത്തികളും കര്‍മ്മാചാരങ്ങളും സ്ഥാനം പിടിച്ചതോടെ സഭ തീര്‍ത്തും അന്ധകാരമയമായ ഒരു കാലത്തിലേക്ക് പതിക്കുകയായിരുന്നു. നാലു മൂതല്‍ 16 നൂറ്റാണ്ടുവരെയുള്ള ഈ സമയത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട ചില വെളിച്ചങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതു സത്യമാണ്. എന്നാല്‍ സഭയെന്ന നിലയില്‍ ഒരു നവോത്ഥാനം പന്നീടുണ്ടാകുന്നത് ലൂഥറിന്റെ പതിനാറാം നൂറ്റാണ്ടിലാണ്. കൃപയാലുള്ള രക്ഷ, വിശ്വാസത്താലുള്ള നീതീകരണം എന്നീ സത്യങ്ങള്‍ അന്നു മാര്‍ട്ടിന്‍ ലൂഥറിലൂടെ ദൈവം സഭയില്‍ പുനഃസ്ഥാപിച്ചു. അതൊരു തുടക്കമായിരുന്നു. അന്നു മുതല്‍ നവീകരണത്തിന്റെ ആ പ്രവാഹം അനുസ്യൂതം മുന്നോട്ടുതന്നെ പോയി.

‘പ്യൂരിട്ടന്‍സും’ ‘ആനാബാപ്റ്റിസ്റ്റുകളു’മാണ് അടുത്തുവന്ന രണ്ടു നവീകരണ പ്രസ്ഥാനങ്ങള്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ശുദ്ധീകരണത്തിനായി സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടു പോരാടിയ ഒരു ഭക്തിപ്രസ്ഥാനമായിരുന്നു ‘പ്യൂരിട്ടന്‍സ്’. (അവരില്‍ ചിലര്‍ പിന്നീട് സ്വതന്ത്രമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്). ‘വീണ്ടും സ്‌നാനക്കാര്‍’ എന്നറിയപ്പെട്ട ആനാബാപ്സ്റ്റുകളും ദൈവികസത്യങ്ങള്‍ക്കുവേണ്ടി ശക്തമായ ബോധ്യങ്ങള്‍ ഉള്ളവരുടെ ഒരു കൂട്ടായ്മയായിരുന്നു. ശിശുസ്‌നാനം ശരിയല്ലെന്നും വീണ്ടും ജനനത്തിനുശേഷമുള്ള സ്‌നാനമാണു വേണ്ടതെന്നും ഈ രണ്ടു കൂട്ടരും ശക്തിയുക്തം വാദിച്ചു. ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനയ്ക്കും കര്‍മ്മാചാരങ്ങളില്‍ നിന്നു തീര്‍ത്തും സ്വതന്ത്രമായ ആരാധനാരീതിക്കും വേണ്ടിയും അവര്‍ നിലകൊണ്ടു.

‘ആനാബാപ്റ്റിസ്റ്റു’ പ്രസ്ഥാനത്തിനു ശേഷം 200 വര്‍ഷം പിന്നീടുമ്പോഴാണു ദൈവത്തിന്റെ ശക്തമായ അടുത്ത പ്രവൃത്തി വെളിപ്പെടുന്നത്. വിശുദ്ധീകരണം എന്ന സത്യം സഭയില്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി ജോണ്‍ വെസ്ലിയെ പതിനെട്ടാം നൂറ്റാണ്ടില്‍ ദൈവം ഉപയോഗിച്ചു. ജോണ്‍ വെസ്ലിയും സഹോദരന്‍ ചാള്‍സ് വെസ്ലിയും മറ്റും ചേര്‍ന്ന് ഓക്‌സ്‌ഫോര്‍ഡില്‍ ആരംഭിച്ച ‘ഹോളിക്ലബ്ബും’ തുടര്‍ന്നുവന്ന മെഥോഡിസ്റ്റു പ്രസ്ഥാനവുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മറ്റൊരു മെഥോഡിസ്റ്റ് പാസ്റ്റര്‍ അടുത്ത ദൈവപ്രവൃത്തിയുടെ അമരക്കാരനായി വരുന്നത് നാം കാണുന്നു. അദ്ദേഹമാണു ചാള്‍സ് ഫോക്‌സ് പര്‍ഹാം. ചാള്‍സ് പര്‍ഹാമിന്റെ ചെറിയ ബൈബിള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ആഗ്നസ് എന്‍. ഒസ്മാന്‍. 1900 ഡിസംബര്‍ 31 ന് രാത്രി ആണ്ടറുതി യോഗത്തില്‍ പര്‍ഹാം തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ അഗ്‌നസ് ഒസ്മാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അന്യഭാഷകളില്‍ സംസാരിക്കാനാരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചു കുലുക്കിയ പെന്തക്കോസ്ത് അനുഭവത്തിന്റെ തുടക്കമായിരുന്നു ഇത്.

ക്രിസ്തീയ ജീവിതത്തില്‍ ക്രൂശിന്റെ കേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് ദൈവം വലിയ ഉള്‍ക്കാഴ്ച നല്‍കിയ ജസി-പെന്‍-ലൂയിസ്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെക്കുറിച്ച് ആഴത്തില്‍ ബോധ്യങ്ങളുണ്ടായിരുന്ന വാച്ച്മാന്‍ നീ തുടങ്ങിയവരൊക്കെ ഇരുപതാം നൂറ്റാണ്ടില്‍ സഭാചരിത്രത്തെ സമ്പന്നമാക്കിയവരാണ്.

ഇതഃപര്യന്തമുള്ള സഭാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാണു നാം നടത്തിയത്. മാര്‍ട്ടിന്‍ ലൂഥറില്‍ തുടങ്ങി ആനാ ബാപ്റ്റിസ്റ്റുകള്‍, വെസ്ലി, പര്‍ഹാം എന്നിവരിലൂടെ ഇന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ സഭ എത്തി നില്‍ക്കുമ്പോള്‍ പ്രസക്തമായ ഒരു ചോദ്യം അവശേഷിക്കുന്നു: ദൈവപ്രവൃത്തി അവസാനിച്ചോ? ഇനി അടുത്തെന്താ ണ്? പെന്തക്കൊസ്തില്‍ നിന്നു മുന്നോട്ട് ഒരു ചുവടുവയ്പില്ലേ?

ഈ ചോദ്യത്തിനുള്ള ഉത്തരത്തിനു ദൈവവചനത്തിലേക്കു തിരിയുമ്പോള്‍ സഭയ്ക്കു നിഴലായ പഴയനിയമ യിസ്രായേലിന്റെ ചരിത്രത്തില്‍ നിന്നു നമുക്കു ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. യിസ്രായേലിനെ ‘മരുഭൂമിയിലെ സഭ’ യെന്നു (പ്രവൃത്തി 7:38) വിളിച്ചിരിക്കുന്ന ദൈവവചനം ‘ദൃഷ്ടാന്തത്തിനായി അവര്‍ക്കു സംഭവിച്ചതില്‍ നിന്നു നാം ബുദ്ധ്യുപദേശം പ്രാപിക്കണ’മെന്ന് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ (1 കൊരിന്ത്യര്‍ 10:11).

യിസ്രായേലിന്റെ പെരുന്നാളുകളില്‍ പ്രധാനപ്പെട്ടതു മൂന്നെണ്ണമായിരുന്നു- പെസഹാപെരുന്നാള്‍, പെന്തക്കൊസ്തു പെരുന്നാള്‍, കൂടാരപ്പെരുന്നാള്‍. ഇതില്‍ പെസഹാ പെരുന്നാള്‍ സഭാചരിത്രത്തെ സംബന്ധിച്ചിടത്തോളം ലൂഥറിന്റെ വിശ്വാസത്താലുള്ള നീതീകരണം എന്ന സത്യത്തിനും പെന്തക്കോസ്തു പെരുന്നാള്‍ ഇരുപതാം നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവത്തിനും നിഴലായി കാണാം. എന്നാല്‍ പെന്തക്കോസ്തു പെരുന്നാളിനു ശേഷം ഒരു കൂടാരപ്പെരുന്നാള്‍ ഉണ്ട്. പക്ഷേ മരുഭൂമിയിലെ പ്രയാണത്തില്‍ യിസ്രായേലിന് അത് ഒരിക്കലും ആചരിക്കാന്‍ കഴിഞ്ഞില്ല. കനാനില്‍ എത്തിയശേഷമാണ് അവര്‍ കൂടാരപ്പെരുന്നാള്‍ ആചരിക്കുന്നത് (യോശുവ. 5:10-12, നെഹമ്യാ. 8:1-18, എസ്രാ. 3:1-6; 6:19-22). കനാന്‍ മരണാനന്തരമുള്ള സ്വസ്ഥതയെയും സ്വര്‍ഗ്ഗവാസത്തെയുമാണു കുറിക്കുന്നതെന്നാണു പലരും കരുതുന്നത്. എന്നാല്‍ എബ്രായലേഖനകാരന്‍, നമുക്കു വിശ്വാസത്താല്‍ ഇവിടെ വച്ചു തന്നെ സ്വസ്ഥതയില്‍ പ്രവേശിക്കാമെന്നും നാം ആ സ്വസ്ഥതയില്‍ പ്രവേശിക്കാന്‍ ഉത്സാഹിക്കണമെന്നും പറഞ്ഞിരിക്കുന്നു (എബ്രായര്‍ 3,4). ദേഹീമയമായ പ്രവര്‍ത്തനങ്ങളില്‍ നിന്നു സ്വസ്ഥത നേടിയ, പാപം കര്‍ത്തൃ ത്വം നടത്താത്ത വിജയകരമായ ഒരു ജീവിതത്തിന്റെ ശബ്ബത്ത് ഇവിടെ സാധ്യമാണെന്നതിലേക്കല്ലേ ഇതു വിരല്‍ ചൂണ്ടുന്നത്? അങ്ങനെയുള്ള കനാന്റെ അനുഭവത്തിലാണ് ഏറ്റവും വലിയ സന്തോഷം നല്‍കുന്ന (നെഹമ്യാ.8:17, ഫിലിപ്യ.4:4) കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ കഴിയുന്നത്.

സഭാചരിത്രം പരിശോധിച്ചാല്‍ പെസഹാപ്പെരുന്നാളില്‍ തൃപ്തരായി മുന്നോട്ടുപോകാതെ നിന്നവരുണ്ടെന്നു കാണാന്‍ കഴിയും. അവര്‍ ആ പെരുന്നാളിനു ചുറ്റും ഒരു സഭയും തീര്‍ത്തു. മാര്‍ട്ടിന്‍ ലൂഥറിന്റെ ലൂഥറന്‍ സഭ ഓര്‍ക്കുക. ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. പെന്തക്കോസ്തു പെരുന്നാളിനും അതു തന്നെയാണ് ഇന്നു സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെനിന്നും മുന്നോട്ടുപോകാന്‍ കഴിയുമെന്നു ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പക്ഷേ അതിന് ഒരു വില കൊടുക്കേണ്ടതുണ്ട്. എത്രപേര്‍ അതിനു തയ്യാറാകും? ഇന്നു പ്രസക്തമായ ചോദ്യം ഇതാണ്.

അധ്യായം 8 :
ദൈവസ്‌നേഹം നമ്മിലൂടെ


ദൈവം ആരാണ്?- മനുഷ്യന്റെ അന്വേഷണം. ദൈവം സ്‌നേഹമാണ്- ബൈബിള്‍ നല്‍കുന്ന മറുപടി (1 യോഹന്നാന്‍ 4:8,16).

സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥ, ത്യാഗപരമായ സ്‌നേഹം (Agape Love). അതാണ് ദൈവമെന്നു ബൈബിള്‍ പറയുന്നു. ഈ സ്‌നേഹമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി; ഇതിലൂടെയാണ് ഈ ലോകത്തെ നിയന്ത്രിച്ചു നയിക്കേണ്ടതെന്നു ദൈവം നിശ്ചയിച്ചു. എന്നാല്‍ ലൂസിഫര്‍, സാത്താന്‍, ദൈവത്തിന്റെ ഈ നിലപാടിനെതിരായിരുന്നു. മത്സരം, നിഗളം, വെറുപ്പ്, പക, അധികാരം- ഇവ നല്‍കുന്ന ശക്തിയാണ് ത്യാഗപരമായ സ്‌നേഹത്തിന്റെ ശക്തിയെക്കാള്‍ തീക്ഷ്ണമെന്ന് അവന്‍ കരുതി.

ഇന്നും ഈ ലോകത്ത് ഈ രണ്ടു ശക്തികളും സമാന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം ത്യാഗപരമായ സ്‌നേഹത്തിന്റെ ശക്തിയാണ് വലുതെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു. വെറുപ്പും പകയും മത്സരവും നല്‍കുന്ന ശക്തിയാണ് മെച്ചമെന്നു തെളിയിക്കാന്‍ സാത്താന്‍ അത്യദ്ധ്വാനം ചെയ്യുന്നു. നാം നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് ഇവരില്‍ ആരുടെ ഭാഗത്താണ്?

‘സ്‌നേഹത്തിന്റെ ആറ്റംബോബ്’ എന്ന പ്രസിദ്ധമായ ഒരു പുസ്തകമുണ്ട്. കൊറിയയില്‍ നടന്ന ഒരു സംഭവകഥയാണ് അതിന്റെ പ്രമേയം. അവിടെ ഒരു ക്രിസ്തീയസഭാ ശുശ്രൂഷകനു രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. ഇരുവരും കൗമാരം വിട്ടു യൗവ്വനത്തിലേക്കു കാലൂന്നിയ സമയം. പൊടുന്നനെ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റു വിപ്ലവവും അട്ടിമറിശ്രമവും അരങ്ങേറി. സഭാശുശ്രൂഷകന്‍ മറ്റൊരു സ്ഥലത്തേക്കു പോയിരുന്ന സന്ദര്‍ഭത്തിലാണു വിപ്ലവകാരികള്‍ അവരുടെ ഗ്രാമത്തിലെത്തിയത്. അവര്‍ ക്രിസ്തീയ ശുശ്രൂഷകന്റെ വീട്ടിലുമെത്തി. വീടാകെ അരിച്ചു പെറുക്കി. രണ്ടാണ്‍മക്കളെയും വീട്ടിനുള്ളില്‍ നിന്നു വലിച്ചിഴച്ചു പുറത്തുകൊണ്ടുവന്നു. തോക്കേന്തിയ ചെറുപ്പക്കാരനായ ഒരു വിപ്ലവകാരി ക്രിസ്തീയവിശ്വാസം ത്യജിച്ചു പറഞ്ഞാല്‍ അവരെ മോചിപ്പിക്കാമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആക്രോശിച്ചു. പക്ഷേ ആണ്‍കുട്ടികള്‍ ഇരുവരും യേശുവിനോടുള്ള സ്‌നേഹത്തെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ഫലം ഇരുവരും ആ ചെറുപ്പക്കാരന്റെ തോക്കിനിരയായി. ഭീഷണികളും ആക്രോശങ്ങളും മുഴക്കി അക്രമികള്‍ സ്ഥലം വിട്ടു. ….ഗ്രാമത്തെ മുഴുവന്‍ നടുക്കിക്കളഞ്ഞ ഒരു സംഭവമായിരുന്നു അത്.

ക്രമേണ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായി. വിപ്ലവശ്രമം അടിച്ചമര്‍ത്തപ്പെട്ടു. അക്രമികള്‍ പിടിയിലായി. നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയതിനും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചതിനും അവരെ ഒരോരുത്തരെയായി വിസ്തരിച്ച് ശിക്ഷയ്ക്കു വിധിച്ചു. അറസ്റ്റിലായ കൂട്ടത്തില്‍ ക്രിസ്തീയ സഭാശുശ്രൂഷകന്റെ ആണ്‍മക്കളെ കൊലചെയ്തവനും ഉണ്ടായിരുന്നു. കോടതി വിസ്തരിച്ച് മൃഗീയമായ ആ ഇരട്ടക്കൊല സംശയാതീതമായി തെളിഞ്ഞതിനാല്‍ അവനെ വധശിക്ഷയ്ക്കു വിധിച്ചു.

അങ്ങു ഗ്രാമത്തില്‍ ആ വാര്‍ത്ത അറിഞ്ഞു. മക്കളില്ലാതായിത്തീര്‍ന്ന ആ ശുശ്രൂഷകന്‍ ഉടനെ തലസ്ഥാന നഗരിയിലേക്കു യാത്രയായി. അവിടെ എത്തി അദ്ദേഹം രാജ്യത്തെ പ്രസിഡന്റിനെക്കണ്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആ ചെറുപ്പക്കാരനുവേണ്ടി ദയാഹര്‍ജി സമര്‍പ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ പ്രസിഡന്റ് അത്ഭുതപ്പെട്ടുപോയി. തന്റെ കുഞ്ഞുങ്ങളെ അരുംകൊല ചെയ്തവനുവേണ്ടി ഒരു പിതാവു കരുണയ്ക്കായി അപേക്ഷിക്കുക. മാത്രമല്ല വിട്ടയച്ചാല്‍ അവനെ ദത്തെടുക്കാനും അദ്ദേഹം തയ്യാറാണ്.

പ്രസിഡന്റ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അവന്റെ വധശിക്ഷ റദ്ദുചെയ്തു. പിന്നീടു തടവില്‍ നിന്നു വിട്ടയയ്ക്കുയും ചെയ്തു. ആ ശുശ്രൂഷകന്‍ തന്റെ മക്കളുടെ ഘാതകനെ ഗ്രാമത്തിലെ സ്വന്തംവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനെ സ്വന്തം മകനായി സ്വീകരിച്ചു. ചില നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ വൃദ്ധപിതാവിന്റെ ക്രിസ്തീയ സ്‌നേഹത്തിനു മുന്‍പില്‍ ആ ഭീകരനായ കൊലയാളി കീഴടങ്ങി. ആ പിതാവു വെളിപ്പെടുത്തിക്കൊടുത്ത കാല്‍വറിയിലെ ദൈവസ്‌നേഹം അവന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അവനും ഒരു ക്രിസ്ത്യാനിയായി മാറി. ക്രമേണ ആ ശുശ്രൂഷകന്റെ സ്ഥാനത്ത് അവനും ആത്മാക്കളെ ക്രിസ്തുവിനായി ആദായപ്പെടുത്തുന്ന ഒരു സുവിശേഷകനായിത്തീര്‍ന്നു.

ഇതൊരു കഥയല്ല. നടന്ന സംഭവം. ആ പിതാവിന് എങ്ങനെ തന്റെ മക്കളുടെ ഘാതകനോട് ക്ഷമിക്കാന്‍ കഴിഞ്ഞു? അവനെ സ്വന്തമകനായി ദത്തെടുക്കാന്‍ ആ പിതാവിനെ പ്രേരിപ്പിച്ച ശക്തി എന്താണ്? തീര്‍ച്ചയായും അത് തന്റെ ഏകജാതനായ പുത്രന്റെ ഘാതകരെ സ്വന്തമക്കളായി സ്വീകരിച്ച ആ സ്വര്‍ഗ്ഗീയ പിതാവിന്റെ ത്യാഗധന്യമായ സ്‌നേഹത്തിന്റെ ശക്തിതന്നെയാണ്. ഒരു ‘ആറ്റംബോബിനെ’ക്കാള്‍ ശക്തമല്ലേ ആ സ്‌നേഹം? ഈ സ്‌നേഹം ഇന്നു ശത്രുക്കളെപ്പോലും സ്‌നേഹിക്കാന്‍ നമ്മെയും ശക്തീകരിക്കും.

സ്‌നേഹത്തിന്റെ അധ്യായമെന്ന് അറിയപ്പെടുന്ന ‘ഒന്നു കൊരിന്ത്യര്‍ 13’ല്‍ ഈ സ്‌നേഹത്തെ പൗലൊസ് ഇങ്ങനെയാണു വിവരിക്കുന്നത്: ”സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല. വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തേയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല” (4-8).

ഈ സ്‌നേഹം നമുക്കുണ്ടോ? സത്യത്തില്‍ ഈ സ്‌നേഹം ഇതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നമുക്ക് എന്നെങ്കിലും എത്തിപ്പിടിക്കുവാന്‍ കഴിയുമോ? ഇല്ലെങ്കില്‍ പിന്നെ ഈ സ്‌നേഹം ആരുടെ സ്‌നേഹമാണ്? ‘സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല’ എന്ന വരി നമുക്ക് ഒരു സൂചന തരുന്നു. ഉവ്വ്, ഇതു നിത്യസ്‌നേഹമാണ്. നിത്യജീവന്റെ ലക്ഷണമാണിത്. യേശുവിന്റെ ദിവ്യജീവന്റെ ഒരു വിവരണമാണിത്.

ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ യേശുവിന്റെ ഈ ജീവന്റെ പങ്കാളിത്തം നമുക്കും നേടാന്‍ കഴിയും. മുന്തിരിവള്ളിയില്‍ വസിക്കുന്ന കൊമ്പിലേക്കു ആ രസം ഒഴുകിയെത്തുന്നതുപോലെ അവനില്‍ വസിച്ചാല്‍ സ്വാഭാവികമായി ഈ ജീവന്‍ നമ്മിലേക്കും ഒഴുകിയെത്തും.

ഈ സ്‌നേഹം സഹജീവികള്‍ക്കും നമുക്കു പകര്‍ന്നുകൊടുക്കുവാന്‍ കഴിയും. വെളിച്ചം അന്ധകാരത്തിലാണു പ്രകാശിക്കുന്നതെന്നു പറയുന്നതുപോലെ എതിര്‍ ശക്തികളുടെ മുന്‍പിലാണ് സ്‌നേഹം വെളിപ്പെടുത്താന്‍ കഴിയുന്നത്. ഉദാഹരണത്തിനു ക്ഷമിക്കാന്‍ സ്വാഭാവികമായി കഴിയാത്ത ഒരു സാഹചര്യത്തിലാണ് ദീര്‍ഘമായി ക്ഷമിച്ച് സ്‌നേഹം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത്. അസൂയപ്പെടുകയും അഹങ്കരിക്കുകയും സ്വാര്‍ത്ഥം അന്വേഷിക്കുകയും കോപിക്കുകയും ചെയ്യേണ്ട രംഗത്താണ് അങ്ങനെ ചെയ്യാതെ സ്‌നേഹം വെളിപ്പെടുത്താവുന്നത്.

ഉവ്വ്, എതിര്‍ സാഹചര്യങ്ങളുടെ മുന്‍പില്‍ ക്ഷമിക്കാനും സഹിക്കാനും എല്ലാം ഉള്ള ശക്തിക്കായി യേശുവിന്റെ സ്‌നേഹത്തെ നമുക്കു കൈ നീട്ടി സ്പര്‍ശിക്കാന്‍ കഴിയും. തന്നെ തിക്കിത്തിരക്കുന്ന പുരുഷാരത്തിനു മദ്ധ്യത്തില്‍ വിറയാര്‍ന്ന വിരലുകള്‍കൊണ്ട് രക്തസ്രവക്കാരി സ്ത്രീ യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങലില്‍ തൊട്ടു സൗഖ്യമായ രംഗം ഓര്‍ക്കുക. അതുപോലെ ഇന്ന് ക്ഷമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിശ്വാസത്തിന്റെ വിരല്‍ നീട്ടി യേശുവിന്റെ സ്‌നേഹത്തെ നമുക്ക് സ്പര്‍ശിക്കുവാന്‍ കഴിയും. തന്നില്‍ നിന്നു ശക്തിപുറപ്പെടും. നാം സൗഖ്യമാകും. ഒപ്പം തന്നെ തൊട്ടത് ആരെന്ന് അവിടുന്ന് തിരിച്ചറിയുകയും ചെയ്യും.

യേശുവിനെ ഇന്നും ഒരു പുരുഷാരം തിക്കിത്തിരക്കുകയാണ്. പക്ഷേ ആ കൂട്ടത്തില്‍ ദിവ്യജീവനെ സ്പര്‍ശിക്കുന്നവരെ മാത്രമേ അവിടുന്നു തിരിച്ചറിയുന്നുള്ളു. ഈ കാലഘട്ടത്തില്‍ യേശു നമ്മെ അങ്ങനെ തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് എത്ര വലിയ ധന്യതയാണ്!

അധ്യായം 9 :
ഞാന്‍ നിന്നോടു കാര്യം
തീര്‍ക്കുന്ന നാളില്‍…


”നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പാകെ നില്‌ക്കേണ്ടിവരും” (റോമര്‍ 14:10).
”അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്‍പാകെ വെളിപ്പെടേണ്ടതാകുന്നു” (2 കൊരിന്ത്യര്‍ 5:10).

ഭൂമിയില്‍ ചെലവഴിച്ച നാളുകളുടെ ബാക്കിപത്രവുമായി നാം ഒരിക്കല്‍ ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പാകെ നില്‌ക്കേണ്ടിവരും എന്ന വചനം ശക്തമായ ചില മുന്നറിയിപ്പുകള്‍ നല്കുന്നതു നാം കണ്ടില്ലെന്നു നടിക്കരുത്. അവ ഇവയാണ്: ഒന്ന് നമ്മുടെ ജീവിതത്തെക്കുറിച്ചു നാം ഉത്തരം നല്‍കേണ്ടവരാണ്. രണ്ട്: നാം ഒരോരുത്തരും ഒറ്റയ്ക്കായിരിക്കും ദൈവത്തെ അഭിമുഖീകരിക്കുക. മൂന്ന്: നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കാന്‍ പിന്നീടൊരു സന്ദര്‍ഭം ലഭിക്കുന്നതല്ല. ഇവ ഓരോന്നായി ചിന്തിക്കാം.

നാം ക്രിസ്ത്യാനികള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചു ഉത്തരം നല്‍കേണ്ടിവരുമോ? ലിയോനാര്‍ഡ് റാവന്‍ഹില്‍ എന്ന ദൈവഭൃത്യന്‍ ഒരനുഭവം ഇങ്ങനെ എഴുതിയിട്ടുണ്ട്: ഒരിക്കല്‍ ഒരു സഹോദരി പറഞ്ഞു ”ദൈവത്തിനു സ്‌തോത്രം. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ഒന്നിനെക്കുറിച്ചും എനിക്കു കണക്കുകൊടുക്കേണ്ടതില്ലല്ലോ എന്നതില്‍ എനിക്കു വലിയ സന്തോഷമുണ്ട്. കാരണം ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.” റാവന്‍ഹില്‍ ഉടനെ പ്രതികരിച്ചു ”ഒന്നു നില്‍ക്കണേ, ഒരു വചനത്തെ മാത്രം ഇങ്ങനെ അടര്‍ത്തിയെടുത്ത് വേഗം ഒരു തീരുമാനത്തിലെത്തരുത്. നമ്മുടെ ഭൂതകാലപാപങ്ങള്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല എന്നതു വാസ്തവമാണ്. നാമെല്ലാം അതില്‍ സന്തോഷിക്കുന്നു. നിങ്ങള്‍ പറയുമായിരിക്കും. ‘ക്രിസ്ത്യാനികള്‍ ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ന്യായം വിധിക്കപ്പെടുമെന്ന് ഒരിടത്തും പറയുന്നില്ല’ എന്ന്. എന്നാല്‍ ഒരിടത്ത് അങ്ങനെ പറയുന്നുണ്ടല്ലോ. മലാഖി 3:16 നോക്കുക: ‘യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കുംവേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു’ അതുകൊണ്ട് ഓരോ ദിവസവും ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഇന്ന് ദൈവം എന്നെക്കുറിച്ച് തന്റെ സ്മരണപുസ്തകത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നു ചിന്തിക്കുന്നതു നന്നായിരിക്കും”.

ഉവ്വ്, ദൈവം തന്റെ സ്മരണപുസ്തകത്തില്‍ ഇന്ന് എന്നെക്കുറിച്ച് എന്തെഴുതും എന്ന ചിന്ത നിത്യതയുടെ വെളിച്ചത്തില്‍ ഓരോ ദിവസവും ജീവിക്കാന്‍ നമ്മെ സഹായിക്കും.

ദൈവം നമ്മുടെ ജീവിതത്തെ എന്തടിസ്ഥാനത്തിലാണു വിലയിരുത്തുന്നത്? നാം ദൈവത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വലിപ്പചെറുപ്പമാണ് മാനദണ്ഡമെന്നാണു മിക്കവരും കരുതുന്നത്. ദൈവത്തിനായി കൂടുതല്‍ പ്രവര്‍ത്തിച്ചവര്‍ക്കു കൂടുതല്‍ പ്രതിഫലം. കുറച്ചു മാത്രം പ്രവര്‍ത്തിച്ചവര്‍ക്കു പ്രതിഫലം കുറവ്. എന്നാല്‍ ദൈവവചനം അങ്ങനെയല്ല പറയുന്നത്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അളവല്ല (Quantity) മാനദണ്ഡം; മറിച്ച് അതിന്റെ ഗുണമാണ് (Quality). നോക്കുക: ”യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല. ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും. ആ ദിവസം അതിനെ തെളിവാക്കും. അതു തീയോടെ വെളിപ്പെട്ടുവരും. ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നെ ശോധന ചെയ്യും (…and the fire itself will test the quality of each man’s work)(1 കൊരിന്ത്യര്‍ 3:11-13).

ഇവിടെ ദൈവത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ആറു തരത്തിലുള്ളവരാണ്- പൊന്ന്, വെള്ളി, വിലയേറിയ കല്ല് (Precious stones) എന്നിവ പണിക്ക് ഉപയോഗിക്കുന്നവരും മരം, പുല്ല്, വൈക്കോല്‍ എന്നിവ ഉപയോഗിക്കുന്നവരും. ഓരോരുത്തനും ഉപയോഗിക്കുന്ന വസ്തുക്കള്‍ വിഭിന്നം. ഇതില്‍ മരം, പുല്ല്, വൈക്കോല്‍ എന്നിവ മണ്ണിനുമുകളില്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്. എന്നാല്‍ പൊന്നും വെള്ളിയും വിലയേറിയ കല്ലും മണ്ണിനടിയില്‍ നിന്നു ഖനനം ചെയ്‌തെടുക്കണം. മരവും പുല്ലും വൈക്കോലും കിട്ടാന്‍ എളുപ്പമാണ്. മറ്റേതാകട്ടെ ദുഷ്‌ക്കരവും. എളുപ്പത്തില്‍ കിട്ടാവുന്ന, എല്ലാവര്‍ക്കും കാണാവുന്ന, വസ്തുക്കള്‍കൊണ്ടു പണിയുന്നവരല്ലേ ഇന്നു ക്രിസ്തീയലോകത്തു ഭൂരിപക്ഷം? യേശുവിന്റെ സ്വഭാവത്തോട് അനുരൂപരാകുക, ശിഷ്യത്വത്തെ ഗൗരവമായെടുക്കുക, ക്രൂശിന്റെ വഴിയെപോകുക തുടങ്ങിയ താരതമ്യേന പ്രയാസമുള്ള കാര്യങ്ങള്‍ക്കായി അര്‍പ്പിതരായിരിക്കുന്നവര്‍ ഇന്ന് എത്രയോ ചുരുക്കമാണ്!

പണിക്കാര്‍ ആറു പേരും ഒരേ തുകയായിരിക്കും പണിസാധനം വാങ്ങാനായി ഉപയോഗിച്ചിരിക്കുക (എല്ലാവര്‍ക്കും ഒരേയൊരു ജീവിതം മാത്രമാണല്ലോ ഉള്ളത്). ആ തുകകൊണ്ട് മരവും പുല്ലും വൈക്കോലും ധാരാളം കിട്ടും. അവ ഉപയോഗിച്ചുള്ള പണിയും ആളുകള്‍ക്കു മതിപ്പുളവാകത്തക്കവണ്ണം വലുതായിരിക്കും (ക്രിസ്തീയലോകത്തെ മെഗാക്രൂസേഡുകളും വന്‍സംരംഭങ്ങളുമാണോ ഇപ്പോള്‍ നിങ്ങള്‍ ഓര്‍ത്തുപോകുന്നത്?). എന്നാല്‍ ഇതേ തുകകൊണ്ടു വാങ്ങാന്‍ കഴിയുന്ന പൊന്ന്, വെള്ളി, വിലയേറിയകല്ല് എന്നിവയുടെ അളവ് (Quantity)കുറവായിരിക്കും. അതിന്റെ വലിപ്പം ആളുകളില്‍ മതിപ്പുണ്ടാക്കിയെന്നും വരികയില്ല. എന്നാല്‍ മരം, പുല്ല്, വൈക്കോല്‍ എന്നിവയോടു താരതമ്യം പോലും ഇല്ലാത്തവണ്ണം അതു ഗുണം (Quality)ഏറിയതാണ്. അതു തീയില്‍ വെന്തുപോകുന്നതല്ല.

പൗലൊസ് ഈ ലേഖനം എഴുതുന്നതിനു തൊട്ടുമുന്‍പ് കൊരിന്തില്‍ ഒരു വലിയ തീപിടിത്തം ഉണ്ടായത്രെ. അതില്‍ മരം, പുല്ല്, വൈക്കോല്‍ കൊണ്ടുള്ള വീടുകള്‍ ചാരമായിത്തീര്‍ന്നു. എന്നാല്‍ ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയ വിലയേറിയ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ തൂണുകളും പണികളും-അവയ്ക്കു കേടുപാടുണ്ടായെങ്കിലും-അഗ്നിയെ അതിജീവിച്ചു. അതുകൊണ്ടു തീയില്‍ വെന്തുപോകാത്ത ഒരു പണി ചെയ്യാനുള്ള പൗലൊസിന്റെ ഉദ്‌ബോധനം കൊരിന്ത്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതായിരുന്നു.

എന്താണു തീയ്? അതു ദൈവം തന്നെയാണ് (യെശയ്യാ. 10:17). അവിടുന്നു ദഹിപ്പിക്കുന്ന അഗ്നിയാണല്ലോ (എബ്രായര്‍ 12:29). ദൈവത്തിന്റെ വിശുദ്ധിക്കു ചേരാത്തതൊന്നും തീയെ അതിജീവിക്കുകയില്ല. നമ്മുടെ പ്രവൃത്തിയുടെ അളവിനെക്കാള്‍ നമ്മുടെ മനോഭാവത്തിന്റെ ഗുണമാണു തീതന്നെ ശോധന ചെയ്യുമ്പോള്‍ വെളിപ്പെട്ടു വരുന്നത്. എങ്കില്‍ എത്ര വിശുദ്ധജീവിതവും ഭക്തിയും ഉള്ളവരായിരിക്കണം നാം!

ഈ ഭൂമിയിലെ ജീവിതം തീര്‍ന്നുകഴിഞ്ഞ് നാം ഒറ്റയ്ക്കായിരിക്കും ക്രിസ്തുവിന്റെ ന്യായാസനത്തെ അഭിമുഖീകരിക്കുക എന്നതാണു ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം. പിതാവു ദൈവഭക്തനായിരുന്നതിന്റെ കെയര്‍ഓഫില്‍ മകന് അവിടെ നില്‍ക്കാന്‍ കഴിയുകയില്ല; മറിച്ചും. ഭര്‍ത്താവു ദൈവപുരുഷനായിരുന്നു എന്ന പരിഗണന ഭാര്യയ്ക്കും ലഭിക്കുകയില്ല. ഭാര്യയുടെ പേരില്‍ ഭര്‍ത്താവിനും അവിടെ അംഗീകാരം ഉണ്ടായിരിക്കുകയില്ല. നാം പൊയ്‌ക്കൊണ്ടിരുന്ന സഭയിലെ ആത്മീയനായ ഇടയന്റെ മേല്‍വിലാസത്തില്‍ അവിടെ യോഗ്യത നേടാമെന്നും കരുതേണ്ട. നാം ക്രിസ്തുയേശുവിലുള്ള നമ്മുടെ മികവിലായിരിക്കും ന്യായാസനത്തിനു മുന്‍പാകെ നില്ക്കുന്നത്. ഈ തിരിച്ചറിവ് നമുക്ക് എത്ര വലിയ ഉത്തരവാദിത്തമാണു തരുന്നത്!

മൂന്നാമത് ‘അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത്…’ എന്ന വചനം നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കാന്‍ മരണാനന്തരം ഒരു സാധ്യതയുമില്ലെന്നതിലേക്കു വിരല്‍ ചൂണ്ടുന്നു. ‘ക്രൂശു വഹിക്കു വാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരവസരം ലഭിക്കുകയില്ലെ’ന്നു പറഞ്ഞതു സാധു സുന്ദരസിംഗാണ്. ഉവ്വ്, നാം ജീവിച്ചിരിക്കുമ്പോള്‍ നഷ്ടമാക്കുന്ന സന്ദര്‍ഭങ്ങള്‍ പിന്നീടു തിരിച്ചെടുക്കാനാവില്ല!

എ.ഡബ്ല്യു. ടോസര്‍ ഒരിക്കല്‍ പറഞ്ഞു: ”കാലത്തില്‍ നിന്നു നിത്യതയിലേക്കു കാലുകുത്തുമ്പോള്‍ അമ്പരപ്പോടെ നാം പറയും ‘ഹാ ക്രിസ്തുവില്‍ എനിക്കു കയ്യാളാമായിരുന്ന അനുഗ്രഹസമൃദ്ധി എത്രയായിരുന്നു! എന്നാല്‍ ഞാന്‍ ഇതാ അവിടുത്തെ ന്യായാസനത്തിനു മുന്‍പാകെ പാപ്പരായി നില്ക്കുന്നു!”

”ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുന്ന നാളില്‍ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ?” (യെഹസ്‌ക്കേല്‍ 22:14).

അധ്യായം 10 :
പ്രാര്‍ത്ഥനയുടെ രഹസ്യം


”പ്രാര്‍ത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷായുമാണ്”-മഹാത്മാഗാന്ധി.

ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രാര്‍ത്ഥനയോടെ വേണമെന്നാണ് ഈ ഗാന്ധിവചനത്തിന്റെ സാരം.

എന്നാല്‍ ഒരു ക്രിസ്ത്യാനി രാവിലെയും രാത്രിയിലും പ്രാര്‍ത്ഥിച്ചാല്‍ മതിയോ?. ബൈബിള്‍ എന്താണു പറയുന്നത്?

സദാസമയവും നാം പ്രാര്‍ത്ഥിക്കണമെന്നാണു ദൈവവചനം ആവശ്യപ്പെടുന്നത്. ‘ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍’ (1 തെസ്സലോനിക്യര്‍ 5:17). ‘എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍’ (എഫേസ്യര്‍ 6:18). ‘എല്ലായിടത്തും കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണം’ (1 തിമൊഥെയോസ് 2:8). സംശയത്തിന് ഇടയില്ലാതെവണ്ണം വളരെ വ്യക്തമായാണ് പൗലൊസ് ഇവിടെയെല്ലാം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞിരിക്കുന്നത്. അതിനും അപ്പുറത്ത്, പ്രവൃത്തി ചെയ്യുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും മാത്രമല്ല ഉറങ്ങുന്ന നേരത്തും പ്രാര്‍ത്ഥിക്കണമെന്നാണ് ‘ഞാന്‍ ഉറങ്ങുന്നു; എന്നാല്‍ എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു’ (ഉത്തമഗീതം 5:2) എന്ന വാക്യം സൂചിപ്പിക്കുന്നതത്രെ!

എങ്കില്‍ ഇതാര്‍ക്കു കഴിയും? എപ്പോഴും, ഉറങ്ങുമ്പോഴും, പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?

ഈ വചനങ്ങളെ അക്ഷരപ്രകാരം എടുത്ത് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രാര്‍ത്ഥിക്കാനായി ക്രിസ്തീയസന്ന്യാസി സമൂഹങ്ങളിലെ അംഗങ്ങള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചു വിവരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ‘ഫിലോക്കാലിയ’ (അദ്ധ്യാത്മപ്രേമം), ‘ഒരു സാധകന്റെ സഞ്ചാരം’ തുടങ്ങിയ പ്രാചീന പുസ്തകങ്ങള്‍ ഉദാഹരണം.

എന്നാല്‍ സദാസമയവും നമുക്കു പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ?

ഉത്തരം ലളിതമാണ്: യഥാര്‍ത്ഥപ്രാര്‍ത്ഥനയ്ക്കു പിന്നില്‍ ഒരു മനോഭാവം ഉണ്ട്. ‘എല്ലായിടത്തും വിശുദ്ധകൈകളെ ഉയര്‍ത്തി പ്രാര്‍ത്ഥിക്കണം’ എന്ന വചനം ശ്രദ്ധിക്കുക. കരങ്ങളെ ഉയര്‍ത്തുന്നതു കീഴടങ്ങിയവരാണല്ലോ. പ്രാര്‍ത്ഥിക്കുമ്പോള്‍ കീഴടങ്ങിയ മനോഭാവമാണു വേണ്ടതെന്നല്ലേ ഇതിന്റെ അര്‍ത്ഥം? ഉവ്വ്, പ്രാര്‍ത്ഥനയുടെ പിന്നിലെ ഹൃദയനില അതായിരിക്കണം. ദൈവത്തിനു പൂര്‍ണമായി അര്‍പ്പിച്ചിരിക്കുന്നു എന്ന മനോഭാവം. ദൈവത്തിനു കീഴടങ്ങുന്ന, അവിടുത്തെ ബലമുള്ള കൈക്കീഴു താണിരിക്കുന്ന താഴ്മയുടെ അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനാവാചകങ്ങള്‍ ഉരുവിടാത്തപ്പോഴും നാം ആ മനോഭാവമുള്ളവരായിരിക്കണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. ആ മനോനിലയുണ്ടെങ്കില്‍ വാചികമായി പ്രാര്‍ത്ഥിക്കാത്തപ്പോഴും നാം ‘ഇടവിടാതെ പ്രാര്‍ത്ഥിക്കുക’യാണ്. ‘ഉറങ്ങുമ്പോഴും ഹൃദയം ഉണര്‍ന്നിരിക്കുകയാണ്.’ അപ്പോള്‍ ‘ജീവിതം തന്നെ പ്രാര്‍ത്ഥനയാക്കി മാറ്റുക’ എന്നത് കേവലം ഭംഗിയുള്ള ഒരു പ്രയോഗം മാത്രമായിരിക്കുകയില്ല.

ഇതിന്റെ അര്‍ത്ഥം പ്രാര്‍ത്ഥനയ്ക്കായി സമയം വേര്‍തിരിക്കേണ്ടെന്നോ അച്ചടക്കത്തോടെയുള്ള പ്രാര്‍ത്ഥനാജീവിതം ആവശ്യമില്ലെന്നോ ആണോ?. അല്ലേയല്ല. പ്രാര്‍ത്ഥനയുടെ ശക്തിയെപ്പറ്റി സാത്താനു വളരെ നന്നായി അറിയാം. അതുകൊണ്ട് അവന്‍ നമ്മുടെ പ്രാര്‍ത്ഥനാസമയം മോഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കും. എന്നാല്‍ അതിനും അപ്പുറത്ത്, ദൈവത്തെ നിസ്സഹായതയോടെ മുറുകെപ്പിടിക്കുന്ന താഴ്മയുടെ മനോഭാവത്തില്‍ നിന്നു നമ്മെ മാറ്റി നമ്മില്‍ തന്നെ ബലമുള്ളവരാക്കുവാനല്ലേ അവന്‍ ഏറെ ശ്രമിക്കുക?

യഥാര്‍ത്ഥ താഴ്മയുള്ളവനു പ്രാണവായുവാണു പ്രാര്‍ത്ഥന. കാരണം അവന്‍ സ്വയം ശൂന്യനായിരിക്കുകയാല്‍ തന്നില്‍ തന്നെ ബലമുള്ളവനല്ല. അവനു ദൈവത്തെ മുറുകെപ്പിടിക്കാതിരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് പുതിയനിയമത്തില്‍ താഴ്മയെക്കുറിച്ച് ഒരേ പോലെ പറഞ്ഞിരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങളിലും അതിനോടു ചേര്‍ത്ത് പ്രാര്‍ത്ഥനയെക്കുറിച്ച്-യഥാര്‍ത്ഥ പ്രാര്‍ത്ഥനയ്ക്കു പിന്നിലുള്ള മനോഭാവമായ ദൈവമുന്‍പാകെ കീഴടങ്ങുന്നതിനെക്കുറിച്ചും (യാക്കോബ് 4:6,7) ദൈവത്തിന്റെ കൈക്കീഴു താണിരിക്കുന്നതിനെക്കുറിച്ചും (1 പത്രൊസ് 5:5, 6) – പറഞ്ഞിരിക്കുന്നത്.

പ്രാര്‍ത്ഥനയുടെ ഈ മനോഭാവം ഇല്ലാതെയും നമുക്കു പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടാന്‍ കഴിയും. ഗിരിപ്രഭാഷണത്തില്‍ യേശു അതിനെ വിളിക്കുന്നതു പ്രാര്‍ത്ഥനയെന്നല്ല ജല്പനമെന്നാണ്. അവിടെ യേശു രണ്ട് ‘അപകട’ങ്ങളിലേക്കാണു വിരല്‍ ചൂണ്ടിയത് (മത്തായി 6:5-8). ഒന്ന്: മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന് നടത്തുന്ന പരസ്യപ്രാര്‍ത്ഥന. രണ്ട്: ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചാലാണ് ഉത്തരം കിട്ടുന്നതെന്നു കരുതിയുള്ള അതിഭാഷണം. ഇന്ന് വലിയ പരസ്യത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന ‘പ്രാര്‍ത്ഥനാ ഉത്സവങ്ങളേ’യും ദീര്‍ഘനേരം നീളുന്ന ‘മുഴുരാത്രി പ്രാര്‍ത്ഥന’കളേയുമാണോ നിങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നത്?

ഏലിയാവിന്റേയും ബാലിന്റെ പ്രവാചകന്മാരുടേയും പ്രാര്‍ത്ഥനകളെ താരതമ്യം ചെയ്താല്‍ (1 രാജാക്കന്മാര്‍ 18) പ്രാര്‍ത്ഥനയെക്കുറിച്ച് ഇന്ന് നിലവിലുള്ള പല ധാരണകളുടേയും പൊള്ളത്തരം വ്യക്തമാകും. അവിടെ ബാലിന്റെ പ്രവാചകന്മാര്‍ അനേകരായിരുന്നു. ഏലിയാവ് ഒരേ ഒരുവനും. ബാലിന്റെ പ്രവാചകന്മാര്‍ ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. ഏലിയാവിന്റെ പ്രാര്‍ത്ഥന ഹ്രസ്വമായിരുന്നു. ബാലിന്റെ പ്രവാചകന്മാരുടെ പ്രാര്‍ത്ഥന ഒച്ചപ്പാടും ബഹളവും ഉള്ളതായിരുന്നു. ഏലിയാവിന്റെ പ്രാര്‍ത്ഥനയില്‍ പ്രകടനപരത കുറവായിരുന്നു. പക്ഷേ ഒടുവില്‍ ഏലിയാവിന്റെ പ്രാര്‍ത്ഥനയിലാണു തീ ഇറങ്ങിയത്! ഇന്ന് പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നവരുടെ സംഖ്യാബലം, പ്രാര്‍ത്ഥനയുടെ സമയദൈര്‍ഘ്യം, പ്രാര്‍ത്ഥനയിലെ ശബ്ദകോലാഹലങ്ങള്‍ എന്നിവയാണു നാം യഥാര്‍ത്ഥ പ്രാര്‍ത്ഥനയുടെ തെളിവായി കാണുന്നതെങ്കില്‍ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ബാലിന്റെ പ്രവാചകന്മാരുടെ കാഴ്ചപ്പാടുതന്നെയല്ലേ നാമും പങ്കിടുന്നത്?

അതേ സമയം ഏലിയാവ് ഇടിഞ്ഞുകിടന്ന യാഗപീഠം നന്നാക്കി (18:30), ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്ത് യഹോവയുടെ നാമത്തില്‍ യാഗപീഠം പണിതു (18:31), ഭോജനയാഗത്തിന്റെ നേരത്ത്, ‘ഞാന്‍ നിന്റെ ദാസന്‍, എല്ലാം നിന്റെ കല്പനപ്രകാരം ചെയ്തു’ എന്ന ഏറ്റുപറച്ചിലോടെ പ്രാര്‍ത്ഥിച്ചു (18:36). അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു തീ ഇറങ്ങി!

വ്യവസ്ഥപ്രകാരം, താഴ്മയുടെ മനോഭാവത്തോടെ, ദൈവമുന്‍പാകെ എല്ലാം ചെയ്തതല്ലേ ഏലിയാവിന്റെ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടിയതിന്റെ രഹസ്യം? പ്രാര്‍ത്ഥനയുടെ ഈ യഥാര്‍ത്ഥ മനോഭാവത്തില്‍ നിന്നു നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നതില്‍ ഇന്ന് സാത്താന്‍ എത്ര വിജയിച്ചിരിക്കുന്നു!

അധ്യായം 11:
പൂര്‍ണ്ണതയിലേക്ക് മുന്നേറുക


‘…എനിക്കു കിട്ടിക്കഴിഞ്ഞുവെന്നോ ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല. ക്രിസ്തുയേശു എന്നെ എന്തിനായി പിടിച്ചുവോ അതുതന്നെ എനിക്കും പിടിക്കാമോ എന്നുവച്ചു ഞാന്‍ പൂര്‍ണ്ണതയിലേക്ക് മുന്നേറുകയാണ്’ (ഫിലിപ്യര്‍ 3:12 NASB).

പൗലൊസിന്റെ പ്രസിദ്ധമായ വാക്കുകള്‍!

‘പൂര്‍ണ്ണത’യെന്ന പ്രയോഗം ഇന്നു പലരേയും എന്നപോലെ പൗലൊസിനെ ഭയപ്പെടുത്തുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചു ക്രിസ്തീയജീവിതം മൊത്തത്തില്‍ പൂര്‍ണ്ണതയിലേക്കുള്ള മുന്നേറലാണ് (Pressing on to Perfection). ക്രിസ്തുയേശു എന്തുദ്ദേശ്യത്തോടെ തന്നെ പിടിച്ചുവോ ആ ലക്ഷ്യം തനിക്കും കൈപ്പിടിയിലൊതുക്കാന്‍ കഴിയുക എന്നതാണ് പൗലൊസിനെ സംബന്ധിച്ചു പൂര്‍ണ്ണത. ആ ലാക്കിലേക്ക് ഓരോനാള്‍ കഴിയുന്തോറും ഓരോ ചുവടുകൂടി അടുത്തുചെല്ലുന്നതാണു ഉന്നതവിളിയുടെ വിരുതിലേക്കുള്ള ഓട്ടം. തുടര്‍ന്ന് ‘നമ്മില്‍ തികഞ്ഞവര്‍ക്കൊക്കെ (Perfect) ഈ മനോഭാവം ഉണ്ടായിരിക്കട്ടെ’ (3:14) എന്നും പൗലൊസ് പറയുന്നു. പൂര്‍ണ്ണതയിലേക്ക് മുന്നേറുന്ന താനുള്‍പ്പെടെയുള്ളവരെയാണു ‘തികഞ്ഞവര്‍’ (Perfect) എന്നു പൗലൊസ് ഇവിടെ വിശേഷിപ്പിക്കുന്നത്. പരിപൂര്‍ണ്ണതയിലേക്ക് മുന്നേറുന്നതിനെത്തന്നെ തികഞ്ഞ പ്രവൃത്തിയായി പൗലൊസ് കാണുന്നു എന്നല്ലേ ഇതിന്റെ അര്‍ത്ഥം?

പൗലൊസിന്റെ ഈ ചിന്തയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ ക്രിസ്തുയേശു നമ്മെ എന്തുദ്ദേശ്യത്തോടെ പിടികൂടിയോ ആ ലക്ഷ്യം ജീവിതം കൊണ്ട് നാമും പിടിക്കുക-ഇതാണു നമ്മെക്കുറിച്ചുള്ള ദൈവഹിതത്തിന്റെ പൂര്‍ണ്ണത. ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണു ജീവിതസാക്ഷാത്ക്കാരം.

പലരും കരുതുന്നത് ദൈവത്തിനു വേണ്ടി ചിലതു പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണു ദൈവം നമ്മെ പിടിച്ചിരിക്കുന്നതെന്നാണ്. എന്നാല്‍ നമ്മുടെ പ്രവൃത്തികള്‍ക്കപ്പുറത്തു നമ്മുടെ ജീവിതത്തെ തന്നെയാണു ദൈവം ഉന്നം വച്ചിരിക്കുന്നത്. ‘എന്തു ചെയ്യുന്നു’ എന്നതിനേക്കാള്‍ ‘എങ്ങനെ ചെയ്യുന്നു’ എന്നതാണു ദൈവത്തിനു പ്രധാനം. നാം എന്തു സന്ദേശം പറയുന്നു എന്നതിനേക്കാള്‍ നമ്മുടെ ജീവിതം നല്‍കുന്ന സന്ദേശം എന്താണെന്നു ദൈവം നോക്കുന്നു.

ദൈവത്തിന്റെ ആഗ്രഹം ഇതാണ്: ‘വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ നിര്‍ദ്ദോഷരും നിഷ്‌ക്കളങ്കരുമായിത്തീര്‍ന്ന് ദൈവത്തിന്റെ തികഞ്ഞ മക്കളാവട്ടെ (Perfect children). എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്തു നിങ്ങള്‍ അവര്‍ക്കു ജീവിതത്തിന്റെ സന്ദേശം നല്‍കുമ്പോള്‍ (Offer them the message of life) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ നിങ്ങള്‍ അവരുടെ ഇടയില്‍ പ്രകാശിക്കുന്നു’ (ഫിലിപ്യര്‍ 2:14,15).

അതേ, ദൈവത്തിന് ഈ തലമുറയില്‍ വേണ്ടത് നിര്‍ദ്ദോഷരും നിഷ്‌ക്കളങ്കരുമായി പൂര്‍ണ്ണരായ മക്കളെയാണ്. എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്ത് തങ്ങളുടെ ജീവിതത്തില്‍ നിന്നുള്ള സന്ദേശം ഈ തലമുറയ്ക്കു നല്‍കുന്നവര്‍. ദൈവത്തിനായി ചില പ്രവൃത്തികള്‍ കാഴ്ചവയ്ക്കുന്നതിനപ്പുറത്ത് ജീവിതം തന്നെ ദൈവത്തിനു കാഴ്ചവയ്ക്കുന്നവര്‍-ഇവരാണ് ആകാശത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നത്.

ദൈവത്തോടുള്ള സമ്പൂര്‍ണമായ സ്‌നേഹത്തിലേ, ഈ മട്ടില്‍ ജീവിതം പൂര്‍ണ്ണമായി ദൈവത്തിനായി നല്‍കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ദൈവം ഒരുവനില്‍ നിന്ന് ഒന്നാമതായി പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെയുള്ള സ്‌നേഹം ആവശ്യപ്പെടുന്നത് (മത്തായി 22:37).

ഈ ഉദാത്തമായ സ്‌നേഹം പത്രൊസില്‍നിന്ന് ഒരിക്കല്‍ യേശു ആവശ്യപ്പെട്ട രംഗം ശ്രദ്ധിക്കുക: ‘യോഹന്നാന്റെ മകനായ ശിമോനേ നീ ഇവരില്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ?’ എന്നു ചോദിച്ചപ്പോള്‍ യേശു പത്രൊസില്‍ നിന്ന് സ്‌നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണ് (Agape love) ആവശ്യപ്പെട്ടത്. എന്നാല്‍ പത്രൊസ് തന്റെ ഹൃദയത്തിലേക്ക് നോക്കിയ ശേഷം സത്യസന്ധമായി മറുപടി നല്‍കി: ‘ഇല്ല കര്‍ത്താവേ, എനിക്ക് ആ നിലയിലുള്ള ഏറ്റവും ഉന്നതമായ സ്‌നേഹമില്ല. അതിന് ഒരു പടി താഴെ നില്ക്കുന്ന പ്രിയമേ എനിക്കുള്ളൂ.’ രണ്ടാമതും യേശു ‘യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ’ എന്നു ചോദിച്ച് അവനെ ഉദാത്തമായ സ്‌നേഹത്തിലേക്കു കയറിവരുവാന്‍ ഉത്സാഹിപ്പിക്കുകയാണ്. മൂന്നാമത് പത്രൊസിന്റെ സ്‌നേഹത്തിന്റെ അളവിലേക്ക് ഇറങ്ങിച്ചെന്ന് ‘നിനക്ക് എന്നോടു പ്രിയമുണ്ടോ?’ എന്നാണു യേശുവിന്റെ ചോദ്യം (യോഹന്നാന്‍ 21:15-17). ഈ ഭാഗം ശ്രദ്ധിച്ചു വായിച്ചാല്‍ സ്‌നേഹത്തിന്റെ തലത്തില്‍ മുന്നോട്ട് ആയുവാനാണ് പത്രൊസിനെ യേശു ഓരോ ഘട്ടത്തിലും ഉത്സാഹിപ്പിച്ചതെന്നു കാണാം.

പരിശോധനകളുടെ മധ്യത്തില്‍ പതറിപ്പോകാത്ത, തന്നോടുള്ള അചഞ്ചലവും ഉദാത്തവുമായ, സ്‌നേഹം ലക്ഷ്യമാക്കിയാണ് പത്രൊസിനെ യേശു പിടിച്ചത്. ആ ലക്ഷ്യം തന്നെ പത്രൊസും പിടിക്കണം-അതായിരുന്നു യേശുവിന്റെ ആഗ്രഹം. ആ ദൈവഹിതത്തിന്റെ പൂര്‍ണ്ണതയിലേക്ക് ആയുവാന്‍, മുന്നേറിവരുവാന്‍, പത്രൊസിനെ ആഹ്വാനം ചെയ്ത ശേഷമാണ് ‘എന്റെ ആടുകളെ മേയ്ക്ക’ എന്ന ദൗത്യം യേശു നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

ജീവിതമാണു ശുശ്രൂഷയെക്കാള്‍ പ്രധാനം. ഉദാത്തമായ സ്‌നേഹത്തോടെ അര്‍പ്പിക്കപ്പെട്ട ജീവിതത്തില്‍ നിന്നുത്ഭവിക്കുന്നതാകണം പ്രവൃത്തി. ജീവിതത്തില്‍ നിന്നുള്ള സ്‌നേഹത്തിന്റെ സ്വാഭാവികമായ കവിഞ്ഞൊഴുക്കാകണം ശുശ്രൂഷ.

സ്‌നേഹത്തിന്റെ അപ്പൊസ്തലനായ യോഹന്നാന്‍, തന്റെ ലേഖനത്തില്‍ സ്‌നേഹത്തിന്റെ മുന്‍ഗണന, ദൈവത്തോടുള്ള യഥാര്‍ത്ഥ സ്‌നേഹത്തിന്റെ തെറ്റിക്കൂടാത്ത തെളിവ് എന്നിവയെക്കുറിച്ച് വ്യക്തതയോടെ വിവരിക്കുന്നുണ്ട്. ഒന്നാമതു വേണ്ടത് പിതാവിനോടും പുത്രനായ യേശുവിനോടുമുള്ള സ്‌നേഹമാണ്. അത് മറ്റുള്ളവരോടുള്ള സ്‌നേഹകൂട്ടായ്മയിലേക്കു നയിക്കും (1 യോഹന്നാന്‍ 1:3). ദൈവവചനം പ്രമാണിക്കുന്നതും (2:5), അന്യോന്യം സ്‌നേഹിക്കുന്നതും (4:12) ദൈവസ്‌നേഹം നമ്മില്‍ തികഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്; ന്യായവിധി ദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടായിരിക്കുകയും ചെയ്യും (4:17).

ദൈവത്തോടുള്ള സമ്പൂര്‍ണ്ണമായ സ്‌നേഹത്തില്‍ സമര്‍പ്പിതമായ ജീവിതം ഏറ്റവും അനുഗൃഹീതമായ ഒരു ജീവിതമാണ്. നമ്മുടെ ജീവിതം ഈ മട്ടില്‍ അനുഗൃഹീതമാകണം എന്ന ലക്ഷ്യത്തോടെ ദൈവം നമ്മെ പിടിച്ചിരിക്കെ, അതിനു താഴെയുള്ള ലക്ഷ്യത്തില്‍ നാം നമ്മുടെ ജീവിതത്തെ തളച്ചിട്ടാല്‍ അത് എത്ര നിര്‍ഭാഗ്യകരമാണ്!.

യേശു എന്തിനായി നമ്മെ പിടിച്ചിരിക്കുന്നുവോ അതുതന്നെ നമുക്കും പിടിക്കണം. സ്‌നേഹത്തില്‍ മുന്നോട്ട് ആയുന്ന വഴിയിലാണ് അതു സംഭവിക്കുന്നത്.


അധ്യായം 12 :
‘വേറൊരു’ സുവിശേഷം; ‘മറ്റൊരു’ യേശു


സുവിശേഷം ഇന്നത്തെപ്പോലെ ഇത്രയും വ്യാപകമായി പ്രഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു കാലഘട്ടമില്ല. എന്നിട്ടും ഇന്നു ക്രിസ്തീയത ഇത്രയും ആഴംകുറഞ്ഞതായിരിക്കുന്നതിനു കാരണമെന്താണ്? ഇന്നുണ്ടാകുന്ന മാനസാന്തരങ്ങള്‍ ആഴം കുറഞ്ഞതായതുകൊണ്ട് എന്നതാണതിനുള്ള മറുപടി. എങ്കില്‍ എന്തുകൊണ്ടാണ് ഇന്നു മാനസാന്തരങ്ങള്‍ കേവലം ഉപരിതലസ്പര്‍ശിയായിരിക്കുന്നത്? ഉത്തരം വ്യക്തം: ഇന്ന് ആഴം കുറഞ്ഞ ഒരു സുവിശേഷമാണ് പ്രസംഗിക്കുന്നത്.

വിലപിടിപ്പുള്ള എല്ലാറ്റിനും വ്യാജാനുകരണങ്ങള്‍ ഉണ്ടാകാറുണ്ട്. ആത്മീയരംഗത്തും ഇതു സംഭവിക്കുന്നു. യഥാര്‍ത്ഥസുവിശേഷത്തിന്റെ സ്ഥാനത്ത് ‘വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച’ ഒരു സുവിശേഷമാണ് ഇന്നു വ്യാപകമായി പ്രസംഗിക്കപ്പെടുന്നത്. ഇതിനെ ‘വേറൊരു സുവിശേഷ’മെന്നു തന്നെയാണ് അപ്പൊസ്തലനായ പൗലൊസ് വിളിക്കുന്നത് (2 കൊരിന്ത്യര്‍ 11:4).

‘യഥാര്‍ത്ഥസുവിശേഷ’വും ‘വേറൊരു സുവിശേഷ’വും തമ്മില്‍ എങ്ങനെ തിരിച്ചറിയാം? യഥാര്‍ത്ഥസുവിശേഷം എപ്പോഴും ‘ദൈവത്തിങ്കലേക്കുള്ള മാനസാന്തര’ത്തെ (പ്രവൃത്തി 20:21) ഉന്നം വയ്ക്കുന്നു. സ്വന്തവഴികളില്‍ നടക്കുന്ന ഒരുവന്‍ സ്വയത്തിനു പുറംതിരിഞ്ഞ് ദൈവത്തിനു അഭിമുഖമായി വരുന്നതാണത്. ജീവിതത്തിന്റെ കേന്ദ്രത്തില്‍ സ്വയത്തിന്റെ സ്ഥാനത്തു ദൈവത്തെ പ്രതിഷ്ഠിക്കുന്ന യഥാര്‍ത്ഥ മാനസാന്തരമാണത്. അതില്‍ വിശ്വാസത്തോടൊപ്പം പാപവഴികളെക്കുറിച്ചുള്ള അനുതാപവും അനുതപിച്ച കാര്യങ്ങളുടെ പരിത്യാഗവും ഉണ്ട്.

എന്നാല്‍ ‘വേറൊരു സുവിശേഷ’ത്തിലോ? അതില്‍ ‘ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിച്ചിരിക്കുന്നു.’ അനുതാപത്തെയും വിശ്വാസത്തേയും തമ്മില്‍ ദൈവമാണു യോജിപ്പിച്ചത്. പക്ഷേ ഇന്ന് അനുതാപത്തെക്കുറിച്ചു പരാമര്‍ശിക്കാറില്ല; പകരം അനുതാപമില്ലാത്ത വിശ്വാസമാണ് പ്രസംഗിക്കപ്പെടുന്നത്. ‘കര്‍ത്താവില്‍ വിശ്വസിച്ച് രക്ഷനേടുകയും സ്വര്‍ഗ്ഗത്തില്‍ ഒരു സീറ്റ് ഉറപ്പാക്കുകയും ചെയ്യുക’ എന്നാണ് ഇന്നത്തെ സുവിശേഷകന്‍ ആഹ്വാനം ചെയ്യുന്നത്. ‘ശരി, അങ്ങനെയെങ്കില്‍ വിശ്വസിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അതു നമ്മളായിട്ടു നഷ്ടപ്പെടുത്തേണ്ട’ എന്ന കച്ചവട ലാക്കോടെ ചിലര്‍ മുന്നോട്ടു വരുന്നു. ഇവിടെ എവിടെയാണു ദൈവത്തിന്റെ നീതിയെക്കുറിച്ചുള്ള ബോധ്യം? പാപത്തെക്കുറിച്ചുള്ള നിലവിളി? തെറ്റുകളെക്കുറിച്ചുള്ള പശ്ചാത്താപം? ജീവിതത്തിന്റെ കേന്ദ്രത്തിലുള്ള വ്യതിയാനം? ലക്ഷ്യത്തെക്കുറിച്ചുള്ള പുതിയ ദിശാബോധം?

ഇന്നു സഭാകാലയളവ് കൃപയുടെ കാലഘട്ടമാണെന്നും കൃപയുടെ ഒരു സുവിശേഷമാണു പ്രസംഗിക്കപ്പെടേണ്ടതെന്നും ഉള്ളതു ശരി. എന്നാല്‍ ദൈവത്തിന്റെ നീതിയെ അറിയാത്ത കൃപ, യഥാര്‍ത്ഥ കൃപയാണോ? അപ്പൊസ്തലനായ പൗലൊസ് താന്‍ പ്രഘോഷിക്കുന്ന കൃപയുടെ സുവിശേഷത്തെ വിശദീകരിക്കുന്നതു നോക്കുക: ”സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല. വിശ്വസിക്കുന്ന ഏവനും…അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ. അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. ‘നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ”(റോമര്‍1:16,17). ഇവിടെ ദൈവശക്തിയായ യഥാര്‍ ത്ഥ സുവിശേഷത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ദൈവത്തിന്റെ നീതിയാണു വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നത്. നീതിമാനാണ് വിശ്വാസത്താല്‍ ജീവിക്കുന്നത്. പാപത്തിന്റെ മേല്‍ ശിക്ഷ വിധിക്കുന്ന ദൈവത്തിന്റെ നീതിയെ വെളിപ്പെടുത്തിക്കൊണ്ടാണ് വിശ്വാസത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇന്ന് ദൈവത്തിന്റെ കൃപയെക്കുറിച്ച് (വിശ്വാസത്തെക്കുറിച്ചും) വാചാലമാകുന്ന ഒരു സുവിശേഷം ദൈവത്തിന്റെ നീതിയെക്കുറിച്ച് (അനുതാപത്തെക്കുറിച്ചും) നിശ്ശബ്ദത പാലിച്ചാല്‍ അത് യഥാര്‍ത്ഥ സുവിശേഷമാകുന്നതെങ്ങനെ?

നീതിയുടെ അടിത്തറയില്ലാത്ത കൃപ, യഥാര്‍ത്ഥ കൃപയല്ലെന്നു വ്യക്തമാക്കുന്ന ഒരു ഉദാഹരണം പഴയനിയമത്തില്‍ നിന്നു കാണുക. യിസ്രായേല്‍ മക്കളുടെ ദേവാലയത്തില്‍ ദൈവത്തിന്റെ സാന്നിധ്യം പ്രത്യക്ഷമായിരുന്നതു ‘കൃപാസന’ത്തിന്മേലായിരുന്നു. എന്നാല്‍ ഈ ‘കൃപാസനം’ സത്യത്തില്‍ ദൈവത്തിന്റെ ‘നിയമപെട്ടക’ത്തെ മൂടുന്ന പുറംമൂടി മാത്രമായിരുന്നു. നിയമപെട്ടകത്തിനുള്ളിലായി നിയമത്തിന്റെ കല്പ്പലകകള്‍, അഹരോന്റെ തളിര്‍ത്തവടി, മന്ന ഇട്ടുവച്ച പൊന്‍പാത്രം എന്നിവ ഉണ്ടായിരുന്നു (പുറപ്പാട് 25:8-22, എബ്രായര്‍ 9:4,5 കാണുക). നിയമത്തിന്റെ കല്പ്പലകകള്‍ ദൈവത്തിന്റെ നീതിയെയും നിയമത്തെയും കാണിക്കുന്നു. അഹരോന്റെ തളിര്‍ത്തവടി ദൈവം ഏര്‍പ്പെടുത്തിയ അധികാരങ്ങള്‍ക്കു നേരേയുള്ള മത്സരത്തിനുള്ള ശിക്ഷയെക്കുറിക്കുന്നു. മന്ന ഇട്ടുവച്ച പൊന്‍പാത്രം ദിവ്യനടത്തിപ്പിനു നിദര്‍ശനം. ചുരുക്കത്തില്‍ നിയമപെട്ടകം മൊത്തത്തില്‍ ദൈവത്തിന്റെ നീതിയെയും ന്യായത്തേയും നിയമത്തേയുമാണ് വിളിച്ചറിയിക്കുന്നത്. ഈ നിയമപെട്ടകത്തിനുമേലാണു കൃപാസനം സ്ഥിതിചെയ്യുന്നത് എന്നതു ശ്രദ്ധേയമല്ലേ?

ദൈവകൃപയുടെ ഏറ്റവും വലിയ വെളിപ്പെടുത്തലാണു ക്രൂശില്‍ നാം കാണുന്നത്. എന്നാല്‍ അതേ ക്രൂശുതന്നെയല്ലേ ദൈവത്തിന്റെ നീതിയുടേയും ഏറ്റവും ശ്രദ്ധേയമായ പ്രദര്‍ശനസ്ഥലം? ദൈവം നീതിമാനായതുകൊണ്ടാണ് യേശുവിനു ക്രൂശുമരണം വഹിക്കേണ്ടിവന്നത്. പൗലൊസ് ഇക്കാര്യം വിശദീകരിക്കുന്നതു കാണുക: ”വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍, താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നെ അങ്ങനെ ചെയ്തത്” (റോമര്‍ 3:25,26). നോക്കുക: ക്രൂശ് കൃപയുടെ മാത്രമല്ല നീതിയുടേയും പ്രദര്‍ശനസ്ഥലമാണ്. എന്നാല്‍ മനുഷ്യനില്‍ കേന്ദ്രീകൃതമായ ഒരു സുവിശേഷം ദൈവത്തിന്റെ നീതിയെക്കുറിച്ചും അനുതാപത്തെക്കുറിച്ചും മൗനം പാലിക്കുന്നു. ഫലം ആളുകളുടെ മനോഭാവത്തിലും നിലപാടുകളിലും ജീവിതലക്ഷ്യങ്ങളിലും മൗലികമായ മാറ്റം സംഭവിക്കുന്നില്ല. ദൈവികമായ ചില സത്യങ്ങളെ ബുദ്ധികൊണ്ടുസമ്മതിക്കുന്നതിനെ ‘വിശ്വാസം’ എന്നു വിളിച്ച് അവര്‍ തൃപ്തരാകുന്നു. ശ്രദ്ധിക്കുക: ദൈവം ഏകനെന്ന സത്യം പിശാചും സമ്മതിക്കുന്നുണ്ട്. പക്ഷേ ആ ‘വിശ്വാസം’ അവനെ പിശാചല്ലാതാക്കി മാറ്റിയില്ല (യാക്കോബ് 2:19).

‘മനുഷ്യന്‍ ദൈവത്തിനുവേണ്ടി’യെന്നാണ് യഥാര്‍ത്ഥസുവിശേഷം പ്രഘോഷിക്കുന്നത് (2 കൊരിന്ത്യര്‍ 5:15). എന്നാല്‍ ‘ദൈവം മനുഷ്യനുവേണ്ടി’ എന്നതാണു ‘വേറൊരു സുവിശേഷം’ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഈ കാലഘട്ടത്തില്‍ നാം ഇതില്‍ ഏതുഭാഗത്തു നില്ക്കും? പ്രസക്തമായ ചോദ്യം ഇതാണ്.


അധ്യായം 13 :
ക്രൂശിന്റെ അര്‍ത്ഥ തലങ്ങള്‍


ധനികനായ ഒരു യുവാവായിരുന്നു കൗണ്ട് സിന്‍സെന്‍ ഡോര്‍ഫ്. ഒരിക്കല്‍ ജര്‍മ്മനിയിലെ ആര്‍ട്ട് ഗാലറി സന്ദര്‍ശിക്കവേ ഒരു ചിത്രത്തിന്മേല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഉടക്കി. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു കിടക്കുന്ന ഒരു പെയിന്റിങ്. ആ ചിത്രത്തെക്കാള്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയത് അതിന്റെ അടിക്കുറിപ്പാണ്: ”ഞാന്‍ നിനക്കുവേണ്ടി ഇതു ചെയ്തു; നീ എനിക്കുവേണ്ടി എന്തു ചെയ്തു?”

സിന്‍സെന്‍ ഡോര്‍ഫ് ആ ചിത്രത്തില്‍ വീണ്ടും സൂക്ഷിച്ചു നോക്കി. ക്രൂശില്‍ കിടക്കുന്ന യേശുവിന്റെ ജലാര്‍ദ്രമായ കണ്ണുകള്‍ തന്നോടു മൂകമായി അതു തന്നെ ചോദിക്കുന്നതായി അദ്ദേഹത്തിനു തോന്നി: ഞാന്‍ നിനക്കുവേണ്ടി ഈ പങ്കപ്പാടുകള്‍ ഏറ്റു; നീ എനിക്കുവേണ്ടി എന്തു ചെയ്യും?

സിന്‍സെന്‍ ഡോര്‍ഫ് അന്നുതന്നെ പൂര്‍ണമായി ദൈവത്തിനായി തന്നെത്തന്നെ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം തന്നെ അതോടെ മാറിപ്പോയി. തുടര്‍ന്ന് ലോകപ്രശസ്തമായ മൊറേവിയന്‍ മിഷനറി പ്രസ്ഥാനം അദ്ദേഹം ആരംഭിച്ചു.

സിന്‍സെന്‍ ഡോര്‍ഫിന്റെ ജീവിതത്തിന്റെ ദിശ വ്യത്യാസപ്പെടുത്തിയ ഈ പെയിന്റിങ് വരച്ചതും അടിക്കുറിപ്പ് എഴുതിയതും ജര്‍മ്മന്‍ ചിത്രകാരനായ സ്റ്റേണ്‍ ബര്‍ഗ് ആയിരുന്നു. അതിന്റെ പിന്നിലുമുണ്ട് ഒരു കഥ.

ഒരു നാമധേയ ക്രിസ്ത്യാനിയായിരുന്നെങ്കിലും സ്റ്റേണ്‍ ബര്‍ഗ് ഒരിക്കല്‍ യേശു പീഡനമേറ്റു ക്രൂശില്‍ കിടക്കുന്ന ചിത്രം വരയ്ക്കാന്‍ തുടങ്ങി. പക്ഷേ പെയിന്റിങ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന് അതിലുള്ള താത്പര്യം നഷ്ടപ്പെട്ടു. ചിത്രം സ്റ്റുഡിയോയുടെ ഒരു മൂലയില്‍ ഉപേക്ഷിച്ചിട്ട് അദ്ദേഹം ‘നൃത്തം ചെയ്യുന്ന ഒരു ജിപ്‌സി പെണ്‍കുട്ടി’യുടെ പടം വരയ്ക്കുവാന്‍ ആരംഭിച്ചു. ചിത്രത്തിന് മോഡലായി ആഴ്ചകളോളം ഒരു ജിപ്‌സി പെണ്‍കുട്ടി സ്റ്റുഡിയോയില്‍ വരുമായിരുന്നു. അവളുടെ ശ്രദ്ധ പൂര്‍ത്തിയാകാതെ കിടന്ന യേശുവിന്റെ പെയിന്റിങില്‍ യാദൃച്ഛികമായി പതിഞ്ഞു. യേശുവിനെക്കുറിച്ചു കേട്ടിട്ടുപോലും ഇല്ലാതിരുന്ന ആ നാടോടി പെണ്‍കുട്ടി സ്റ്റേണ്‍ ബര്‍ഗിനോടു ചോദിച്ചു: ”സര്‍, ഇയാളെ ഇങ്ങനെ ക്രൂരമായി ക്രൂശില്‍ തറച്ചുകൊല്ലണമെങ്കില്‍ ഇയാള്‍ ഒരു നീചമനുഷ്യനായിരുന്നിരിക്കണം അല്ലേ?”

യേശുവിനെ വ്യക്തിപരമായി അറിഞ്ഞിരുന്നില്ലെങ്കിലും സ്റ്റേണ്‍ ബര്‍ഗ് തന്റെ ധാരണയില്‍ നിന്ന് ഇങ്ങനെ മറുപടി നല്‍കി: ”അല്ലല്ല. അദ്ദേഹം ഒരിക്കലും ഒരു നീചമനുഷ്യനായിരുന്നില്ല. അദ്ദേഹം ഒരു നല്ല മനുഷ്യന്‍ ആയിരുന്നു. ജീവിച്ചിരുന്നവരിലേക്കും വച്ച് ഏറ്റവും നല്ല മനുഷ്യന്‍. അദ്ദേഹം എല്ലാവര്‍ക്കുംവേണ്ടിയാണ് മരിച്ചത്.” ”ഉവ്വോ?” ആ ജിപ്‌സി പെണ്‍കുട്ടി നിഷ്‌ക്കളങ്കമായി പെട്ടെന്ന് ഇങ്ങനെ പറഞ്ഞു ”എങ്കില്‍ അദ്ദേഹം സാറിനും വേണ്ടി കൂടിയാണല്ലോ മരിച്ചത്” ആ വാക്കുകള്‍ അസ്ത്രം പോലെ സ്റ്റേണ്‍ ബര്‍ഗിന്റെ ഹൃദയത്തില്‍ തറച്ചു. ഒടുവില്‍ യേശുവിനെ നാഥനും കര്‍ത്താവുമായി സ്വീകരിച്ചു. പുതിയ ഒരു ഉണര്‍വ്വോടെ അദ്ദേഹം യേശുവിന്റെ ക്രൂശീകരണത്തിന്റെ പെയിന്റിങ് പൂര്‍ത്തിയാക്കി. ചിത്രം തീര്‍ന്നപ്പോള്‍ ഏറെ ആലോചിച്ച് അടിക്കുറിപ്പും എഴുതിവച്ചു.

ഈ പെയിന്റിങാണ്, അടിക്കുറിപ്പാണ്, സിന്‍സെന്‍ ഡോര്‍ഫിനെ സമര്‍പ്പിതമായ ഒരു ജീവിതത്തിലേക്കു തൊട്ടുവിളിച്ചത്; മൊറേവിയന്‍ മിഷനറി സമൂഹത്തിനു ബീജാവാപം ചെയ്തത്. ഒരു മൊറേവിയന്‍ മിഷനറിയാണു പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ദൈവഭൃത്യന്മാരില്‍ ഒരാളായ ജോണ്‍ വെസ്ലിയെ രക്ഷാനിര്‍ണയത്തിലേക്കു നയിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സ്റ്റേണ്‍ ബര്‍ഗിന്റെ പെയിന്റിങും ‘ഞാന്‍ നിനക്കായി ഇതു ചെയ്തു; നീ എനിക്കായി എന്തു ചെയ്തു?’ എന്ന അടിക്കുറിപ്പും ചെയ്ത ദൈവപ്രവൃത്തിയുടെ വ്യാപ്തിയെക്കുറിച്ചു നാം അമ്പരന്നുപോകും!.

യേശു നമുക്കായി എന്തുചെയ്തു? അവിടുന്നു നമ്മെ സ്‌നേഹിച്ചു ക്രൂശില്‍ മരിച്ചു. എന്തിനാണ് അവിടുന്നു ക്രൂശില്‍ മരിച്ചത്? പാപികളെ രക്ഷിപ്പാന്‍, നഷ്ടപ്പെട്ട ലോകത്തെ വീണ്ടുടുക്കാന്‍, സഭയെ പണിയാന്‍ എന്നെല്ലാം നമുക്കു പറയാന്‍ കഴിയും. എല്ലാം ശരിയാണ്. പക്ഷേ അവിടുത്തെ ആത്യന്തികലക്ഷ്യം ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിലെത്തുമ്പോള്‍ മറനീക്കി പുറത്തുവരുന്നു-തനിക്ക് ഒരു കാന്തയെ (Bride) വേണം. ഈ കാന്ത മറ്റാരുമല്ല നമ്മളാണ്. യേശുവിന്റെ ഈ ആത്യന്തികലക്ഷ്യത്തെക്കുറിച്ചു നമുക്കു ബോധ്യം ഉണ്ടെങ്കില്‍, യേശു നമുക്കു വേണ്ടി ക്രൂശില്‍ മരിച്ചതിനു പ്രതിഫലമായി നമുക്ക് അവിടുത്തേക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നത് ഒരു കാര്യമാണ്. വെളിപ്പാടു പുസ്തകത്തില്‍ ഒരു കൊച്ചു വാക്യത്തില്‍ അതിങ്ങനെ സംക്ഷേപിച്ചിരിക്കുന്നു-‘അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു’ (19:7). പരിശുദ്ധനായ യേശുവിന്റെ മണവാട്ടിയാണു നാമെങ്കില്‍ നാം ‘എത്ര വിശുദ്ധജീവിതവും ഭക്തിയും’ ഉള്ളവരായിരിക്കണം (2 പത്രൊസ് 3:12). മനോഭാവത്തില്‍, ചിന്തകളില്‍, ജീവിതത്തില്‍ ഉള്ള ഈ വിശുദ്ധിയുടെ അടിസ്ഥാനം ക്രൂശാണ്.

നമ്മോടുള്ള ബന്ധത്തില്‍ ക്രൂശിന്റെ പ്രവര്‍ത്തനത്തിനു മൂന്നു തലങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് ക്രൂശില്‍ പൂര്‍ത്തിയായ ഒരു കാര്യമാണ് (Accomplished fact). അതു റോമര്‍ 6:6, ഗലാത്യര്‍ 2:20 എന്നീ ഭാഗങ്ങളില്‍ കാണുന്നു: ”നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിന് നമ്മുടെ ‘പഴയ മനുഷ്യന്‍’ (പാപത്തോടു കെട്ടപ്പെട്ടു കിടക്കുന്ന നമ്മുടെ മനസ്സും പ്രകൃതിയും) അവനോടു കൂടെ ക്രൂശിക്കപ്പെട്ടു. ”ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു.”

രണ്ടാമത്തേത് ആ പൂര്‍ത്തിയാക്കപ്പെട്ട കാര്യം നമ്മുടെ ജീവിതത്തില്‍ നടപ്പില്‍ കൊണ്ടുവരുന്നതാണ് (Application). ഗലാത്യര്‍ 5:24 ല്‍ അതു കാണാം. ‘ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു.”

മൂന്നാമത്തേത് ഈ ക്രൂശ് നമ്മുടെ ദൈനംദിന ജീവിതത്തിലെ അനുഭവമായി (Experience)മാറുന്നതാണ്. ”എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ച് നാള്‍ തോറും തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കോസ് 9:23).

സ്വന്ത ഇഷ്ടത്തിനു ദിനംതോറും മരിക്കുന്നതാണു ക്രൂശിന്റെ പ്രായോഗിക ജീവിതത്തിലെ അനുഭവതലം. യേശു ഭൂമിയിലായിരുന്നപ്പോള്‍ അവസാനം കാല്‍വറിയില്‍ ആക്ഷരികമായി ക്രൂശിക്കപ്പെടുന്നതുവരെ അവിടുന്നും ആന്തരികമായി ഈ ക്രൂശു വഹിച്ചു. (ഞാന്‍ എന്റെ ഇഷ്ടത്തെ നിഷേധിച്ചു എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നതെന്നു പറയുന്ന ഭാഗം നോക്കുക. യോഹന്നാന്‍ 6:38). യേശു ജീവിതത്തില്‍ ക്രൂശു വഹിച്ചു; ഒടുവില്‍ ക്രൂശില്‍ മരിച്ചു. നാമാകട്ടെ ആദ്യം ക്രൂശില്‍ മരിക്കുന്നു; പിന്നെ ക്രൂശു വഹിക്കുന്നു (ഗലാത്യര്‍ 2:20, ലൂക്കൊസ് 9:23).

ദിനംതോറും സ്വന്ത ഇഷ്ടത്തെ നിഷേധിക്കുന്ന ക്രൂശ് എടുത്ത് യേശുവിനെ അനുഗമിക്കുന്ന കാര്യം ഇന്നത്തെ ക്രിസ്തീയ ലോകത്തിന് ഏറെക്കുറെ അപരിചിതമായിക്കഴിഞ്ഞു. നമുക്കുവേണ്ടി യേശു ക്രൂശില്‍ മരിച്ചെങ്കില്‍ തനിക്കുവേണ്ടി (തനിക്ക് ഒരു കാന്തയെ ലഭിക്കുന്നതിനുവേണ്ടി) നാമും ക്രൂശിനെ ആശ്ലേഷിക്കുകയല്ലേ വേണ്ടത്? ഇതല്ലേ നമുക്ക് ഈ കാലഘട്ടത്തില്‍ തനിക്കുവേണ്ടി അര്‍ത്ഥപൂര്‍ണമായി ചെയ്യാന്‍ കഴിയുന്നത്?


അധ്യായം 14 :
വെണ്‍കല്‍ഭരണി പൊട്ടിക്കുമോ?

”കീഴടങ്ങുവാനും എല്ലാം തകര്‍ത്ത് അവിടുത്തേക്കുവേണ്ടി ഒഴുക്കിക്കളയുവാനുമുള്ള മനസ്സ്-അതാണ് ക്രിസ്തുവിന്റെ സൗരഭ്യം മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. അതാണ് മറ്റുള്ളവരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുന്നത്. സുവിശേഷത്തിന്റെ ‘ഹൃദയം’ അതാണെന്നു ഞാന്‍ കരുതുന്നു. ഓ! ചെലവായി പോകുന്നത് എത്ര അനുഗൃഹീതമായ കാര്യമാണ്! എപ്പോഴും മുന്നോട്ടുമുന്നോട്ടു പോകുവാനാണു നമുക്കിഷ്ടം. പക്ഷേ കര്‍ത്താവു നമ്മെ ചിലപ്പോള്‍ തടവിലാക്കിക്കളയും. അപ്പൊസ്തലന്മാരുടെ മിഷനറി യാത്രകളാണ് നമ്മുടെ സ്വപ്നം. എന്നാല്‍ തന്റെ ഏറ്റവും വലിയ സ്ഥാനപതികളെ ചങ്ങലയില്‍ സൂക്ഷിക്കുകയാണ് ദൈവം ചെയ്യുന്നത്.”

വാച്ച്മാന്‍ നീയുടെ ഈ വാക്കുകള്‍ പിന്നീട് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യമായി ഭവിച്ചു. 1938-39 ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ പ്രസംഗപരമ്പരയിലാണ് സുവിശേഷത്തോടൊപ്പം പോകേണ്ട ആ മനോഭാവത്തെക്കുറിച്ച് നീ പറഞ്ഞത്-സ്വയം നഷ്ടപ്പെടുത്തുന്ന, ചെലവായിപ്പോകുന്ന, തനിക്കു വിലപ്പെട്ടത് ഒഴിക്കിക്കളയുന്ന മനോഭാവം. പിന്നീട് 1952 ഏപ്രിലില്‍ വാച്ച്മാന്‍നീ ചൈനയില്‍ അറസ്റ്റിലായി. 20 വര്‍ഷത്തെ ഏകാന്ത തടവിന് അദ്ദേഹം വിധിക്കപ്പെട്ടു. ”കര്‍ത്താവ് പക്ഷേ നമ്മെ തടവിലാക്കിക്കളയും… തന്റെ ഏറ്റവും വലിയ സ്ഥാനപതികളെ ചങ്ങലയില്‍ സൂക്ഷിക്കുകയാണ് ദൈവം ചെയ്യുന്നത്” എന്നുപറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിറവേറി. തടവില്‍ കിടക്കുമ്പോള്‍ വിദേശത്തുള്ള അദ്ദേഹത്തിന്റെ സ്‌നേഹിതരും സഹപ്രവര്‍ത്തകരും ചൈനീസ് ഗവണ്‍മെന്റിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു മോചനദ്രവ്യം വാങ്ങി അദ്ദേഹത്തെ സ്വതന്ത്രനായി വിട്ടയക്കാമെന്ന് ഒടുവില്‍ ഗവണ്‍മെന്റ് സമ്മതിച്ചു. പക്ഷേ അതിനു തടവുകാരന്റെയും സമ്മതം ആവശ്യമുണ്ട്. പക്ഷേ വാച്ച്മാന്‍ നീ അതിനു വഴിപ്പെട്ടില്ല. അദ്ദേഹം തടവറയില്‍ത്തന്നെ തന്റെ അവശേഷിച്ച ജീവിതം ചെലവിട്ടു.

”ഹാ! എന്തൊരു സാധ്യതയാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്! തടവറയ്ക്ക് പുറത്തുവന്നിരുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി അദ്ദേഹത്തിനു എത്ര പ്രയോജനപ്പെടാമായിരുന്നു! വെറുതേ ജീവിതം തടവറയില്‍ പാഴാക്കിക്കളഞ്ഞല്ലോ!” എന്നാണോ ഇപ്പോള്‍ നിങ്ങള്‍ പറയുന്നത്. എങ്കില്‍ ഇതുകൂടി കേള്‍ക്കൂ: തനിക്കുവേണ്ടി ചെലവിടുന്ന ഒരു ജീവിതത്തിന്റെ ഉത്തരവാദിത്വം മറ്റാര്‍ക്കുമല്ല ദൈവത്തിനു തന്നെയാണ്. വാച്ച്മാന്‍ നീയുടെ പ്രസംഗക്കുറിപ്പുകള്‍ ആധാരമാക്കി അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ പുസ്തകങ്ങളെല്ലാം (‘ആത്മീയമനുഷ്യന്‍’ ഒഴിച്ച്) എഴുതി പ്രസിദ്ധീകരിക്കുവാന്‍ പിന്നീട് ബ്രിട്ടീഷ് മിഷനറി ഡോക്ടര്‍ ആഗ്നസ് ഐ. കിന്നറെ ദൈവം നിയോഗിച്ചു. മോചനദ്രവ്യം നല്‍കി പുറത്തുവരുമായിരുന്ന ഒരു വാച്ച്മാന്‍ നീയെക്കാള്‍ എന്തുകൊണ്ടും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ക്ക് വെല്ലുവിളിയും ആവേശവുമായത് തടവറയില്‍ത്തന്നെ ഉരുകിത്തീര്‍ന്ന നീ യുടെ ജീവിതമായിരുന്നു. ഉവ്വ്, തകര്‍ത്തുകളഞ്ഞ ആ ‘വെണ്‍കല്‍ഭരണി’ യില്‍നിന്നുള്ള പരിമളം എല്ലായിടത്തും ഇന്നും പ്രസരിച്ചുകൊണ്ടിരിക്കുന്നു…തനിക്ക് ഏറെ വിലപ്പെട്ട വെണ്‍കല്‍ ഭരണി യേശുവിനോടുള്ള സ്‌നേഹംമൂലം ഉടച്ചുകളഞ്ഞ സ്ത്രീയുടെ അനുഭവം വ്യാഖ്യാനിച്ച് അതില്‍നിന്നു വളരെ വിലപ്പെട്ട ഒരു ക്രിസ്തീയസത്യം പുറത്തുകൊണ്ടുവന്ന വാച്ച്മാന്‍ നീ ആ സത്യത്തിന് സ്വന്തജീവിതംകൊണ്ടുതന്നെ അടിവരയിട്ടത് എത്ര മനോഹരമായിരിക്കുന്നു!

നാം എല്ലാവരും വിലപ്പെട്ടതായി കാണുകയും തകര്‍ത്തുകളയാതെ സംരക്ഷിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്ന ഒരു വെണ്‍കല്‍ഭരണിയുണ്ട്. പൂര്‍ണ്ണമനസ്‌കരായ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അതു ലൗകികമായ ഒരു കാര്യമായിരിക്കുകയില്ല. മറിച്ച്, ആത്മീയമായ എന്തെങ്കിലും തന്നെയായിരിക്കും. ഉദാഹരണത്തിന് ഒരു ശുശ്രൂഷ. തുടക്കത്തില്‍ യേശുകര്‍ത്താവായിരുന്നു നമുക്കെല്ലാറ്റിനുമെല്ലാം. നമുക്ക് ലഭിച്ച ശുശ്രൂഷ തന്നെ സേവിക്കാനുള്ള പ്രായോഗികമായ ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കര്‍ത്താവിനെക്കാള്‍ പ്രധാനം ശുശ്രൂഷയായി മാറിയിരിക്കുന്നു! (ശുശ്രൂഷയുടെ കാര്യത്തില്‍ എവിടെയെങ്കിലുമൊന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ നിങ്ങളുടെ മുഖം വാടുന്നെങ്കില്‍ അതു തെളിയിക്കുന്നത് മറ്റെന്താണ്?). എങ്കില്‍ ആ വെണ്‍കല്‍ഭരണി തകര്‍ത്തുകളഞ്ഞ് എല്ലാമവിടുത്തെ പാദത്തിങ്കല്‍ ഒഴുക്കികളയുമ്പോഴല്ലേ അവിടുത്തെ ഹൃദയം തൃപ്തിപ്പെടുക?

ഉവ്വ്, അതാണു പ്രധാനം-അവിടുത്തേക്ക് തൃപ്തിവരണം. നിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ നിന്റെ കൂട്ടായ്മയാണ് അവിടുത്തേക്ക് വേണ്ടത്. ഉഴുകയും മേയ്ക്കയും ചെയ്തശേഷം വയലില്‍നിന്നു വരുന്ന ദാസനോടും അവിടുന്ന് ആവശ്യപ്പെടുന്നത് ‘എന്നെ തൃപ്തിപ്പെടുത്തുക’ എന്നാണല്ലോ (ലൂക്കൊസ് 17:8). പലവിധ പ്രവൃത്തികള്‍, വേലകള്‍, ശുശ്രൂഷകള്‍ എന്നിവയിലൂടെ നാം കര്‍ത്താവിനെ തൃപ്തിപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അത്തരം ശുശ്രൂഷകള്‍ ചിലപ്പോള്‍ അവിടുന്നു വേണ്ടെന്നു പറയും. ശുശ്രൂഷകളെക്കാള്‍ അപ്പുറത്ത് കര്‍ത്താവാണോ നമ്മുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ പ്രമോദം എന്നറിയാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

ശുശ്രൂഷകളും, പ്രവര്‍ത്തനങ്ങളുമെല്ലാമായി നടക്കുമ്പോള്‍ അതുതന്നെ നമുക്കൊരു തൃപ്തിയും യോഗ്യതാബോധവും (Worthy feeling) നല്‍കുന്നുണ്ട്. കര്‍ത്താവിനായി പരമാവധി പ്രയോജനപ്പെടുന്നു എന്ന ചിന്തയാല്‍ നാം നമ്മില്‍ത്തന്നെ പ്രസാദിക്കുന്ന അവസ്ഥ (റോമര്‍15:1). എന്നാല്‍ കുഞ്ഞാടു മാത്രമാണ് യോഗ്യന്‍ (Worthy) (വെളിപ്പാട് 5:12). ഈ കാര്യത്തെക്കുറിച്ച് ഒരു ബോധ്യം ലഭിക്കുമ്പോള്‍ ‘യോഗ്യതാബോധവും സ്വയതൃപ്തിയും നല്‍കുന്ന ആത്മീയപ്രവര്‍ത്തനങ്ങളുടെ വെണ്‍കല്‍ഭരണി തകര്‍ത്തും ഞാന്‍ തനിക്കായി എന്നെത്തന്നെ സസന്തോഷം ചെലവാക്കിക്കളയും’ എന്നുപറയുവാന്‍ നമുക്കു കഴിയുമോ?

‘ഞാന്‍ അതിസന്തോഷത്തോടെ… ചെലവിടുകയും ചെലവായിപ്പോവുകയും ചെയ്യും.’ എന്നു പറഞ്ഞത് പൗലൊസാണ് (2 കൊരി. 12:15). ചെലവിടുന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ സ്വന്തനിലനില്‍പ്പ് നഷ്ടപ്പെടുത്തിയും സ്വയംചെലവായിപ്പോകുവാന്‍ നുറുക്കത്തിന്റെ വഴി അറിഞ്ഞവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ.

വാച്ച്മാന്‍നീയെപ്പോലെ തടവറയില്‍ ജീവിതം ഒഴുക്കിക്കളയുവാനായിരിക്കുകയില്ല നമ്മുടെ വിളി. എന്നാല്‍ ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന പരിമിതികളുടെ തടവറയില്‍ ഒതുങ്ങിനിന്ന് സ്വയം നഷ്ടപ്പെടുവാനും നുറുക്കത്തിന്റെ മാര്‍ഗ്ഗം അറിയുവാനും അങ്ങനെ ദൈവത്തിന് ഒരു സൗരഭ്യവാസനയായി തീരുവാനും നമുക്കു കഴിയും. ക്രിസ്തുവും നമ്മെ സ്‌നേഹിച്ചു തന്നെത്താന്‍ ഒഴുക്കിക്കളഞ്ഞു

(യെശയ്യാവ് 53:12). തന്നോടുള്ള സ്‌നേഹത്തില്‍ നമുക്കും അത് കഴിയുകയില്ലേ? (എഫേ. 5:2).

അധ്യായം 15:
പരാജയത്തിനു പരിഹാരം


ഇന്ന് ഒരു ‘എറിഞ്ഞുകളയുന്ന സംസ്‌ക്കാരം’ (Throw away culture) നമ്മെ മെല്ലെ കീഴടക്കുകയാണ്. ഒരു സാധനം പ്രയോജനരഹിതമായിപ്പോയാല്‍ അത് എറിഞ്ഞുകളഞ്ഞു പുതിയതു വാങ്ങി ഉപയോഗിക്കുന്ന കാലമാണിത്. എന്നാല്‍ ദൈവം ചീത്തയായിപ്പോയത് എറിഞ്ഞുകളയുന്നവനല്ല. മറിച്ച്, അവിടുന്ന് അതു നന്നാക്കി ഉപയോഗിക്കുന്നു. അത് ഒരു സ്ഥലമായാലും ജനതയായാലും വ്യക്തിയായാലും ദൈവത്തിന്റെ മനോഭാവത്തിനു മാറ്റമില്ല.

നോക്കുക: ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. പക്ഷേ അത് പാഴും ശൂന്യവുമായിപ്പോയി! ദൈവം എന്തു ചെയ്തു? പാഴും ശൂന്യവുമായിപ്പോയതിനെ പാടേ ഉപേക്ഷിച്ച് പുതിയതൊന്നു സൃഷ്ടിക്കുകയല്ല ചെയ്തത്. ആ നഷ്ടാവശിഷ്ടങ്ങളില്‍ നിന്നുതന്നെ ദൈവം ഭൂമിയെ പുനഃസൃഷ്ടിക്കുന്നതിന്റെ മനോഹരമായ ചിത്രമാണ് ബൈബിളിന്റെ ആദ്യ താളുകളില്‍ തന്നെ നമ്മള്‍ കാണുന്നത്.

ദൈവത്തിന്റെ സ്വന്തജനമായ യിസ്രായേല്‍ വഴിതെറ്റിപ്പോയപ്പോഴോ? അപ്പോഴും ദൈവം അവരെ ഉപേക്ഷിച്ചു കളയുന്നില്ല. അവരോടുള്ള തന്റെ മനോഭാവം വ്യക്തമാക്കാന്‍ ദൈവം തന്റെ പ്രവാചകനെ ഒരു കുശവന്റെ വീട്ടിലേക്ക് അയയ്ക്കുന്നു (യിരെമ്യാവ് 18:1-6). കുശവന്‍ കളിമണ്ണുകൊണ്ട് ഒരു പാത്രം ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ആ പാത്രം അവന്റെ കൈയില്‍ ചീത്തയായിപ്പോയി. അപ്പോള്‍ കുശവന്‍ ആ പാത്രം ഉടച്ച് അതേ കളിമണ്ണുകൊണ്ടു തന്നെ തനിക്ക് ഇഷ്ടമുള്ള മറ്റൊരു പാത്രം ഉണ്ടാക്കി. ഉടനേ ദൈവത്തിന്റെ അരുളപ്പാട് ഇങ്ങനെ: ‘യിസ്രായേല്‍ ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാന്‍ കഴികയില്ലയോ?’

യോഹന്നാന്റെ പുത്രനായ ശിമോനെ ആദ്യം കണ്ടപ്പോള്‍തന്നെ യേശു അവന്റെ പേര് കേഫാ അല്ലെങ്കില്‍ പത്രൊസ് എന്നാക്കി മാറ്റി. യോഹന്നാന്റെ സുവിശേഷം ആദ്യ അധ്യായത്തിലാണത് (1:42). പെട്രോസ് (Petros) എന്ന വാക്കിന്റെ അര്‍ത്ഥം ‘പാറക്കഷണം’ എന്നായിരുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന അദ്ധ്യായത്തിലേക്കു വരുമ്പോഴും പത്രൊസിന് പാറക്കല്ലിന്റെ ഉറപ്പും സ്ഥിരതയും കൈവരുന്നതായി കാണുന്നില്ല. വീണും എഴുന്നേറ്റും ഉള്ള ഒരു യാത്രയായിരുന്നു അവന്റേത്. പിന്മാറ്റവും മടങ്ങിവരവും എത്രവട്ടം സംഭവിച്ചു?. ‘ഞാന്‍ എന്റെ ജീവനെ നിനക്കുവേണ്ടി വെച്ചു കളയും’ എന്നു വീരവാദം പറഞ്ഞശേഷം ഗുരുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായം. പക്ഷേ ആ തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് കരേറ്റി യേശു അവനെ യഥാസ്ഥാനപ്പെടുത്തിയതിനുശേഷവും വളരെ വേഗം പത്രൊസ് പഴയ തൊഴിലിലേക്ക് പിന്മാറിപ്പോകുന്നതാണു യോഹന്നാന്‍ 21-ാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്. വീഴ്ചകളില്‍ നിന്നു പാഠം പഠിക്കാത്ത ഈ ശിഷ്യനെക്കൊണ്ട് മറ്റാരായിരുന്നാലും മടുത്തുപോകുമായിരുന്നു! ‘ഇവന്‍ നന്നാകുകയില്ല’ എന്നു പറഞ്ഞ് അവനെ ഉപേക്ഷിച്ചുകളയുമായിരുന്നു! പക്ഷേ ദൈവത്തിന് തന്റെ സ്വഭാവം ത്യജിപ്പാന്‍ കഴിയുകയില്ല. യേശു വീണ്ടും അവനെ തേടിച്ചെല്ലുന്നതും യഥാസ്ഥാനപ്പെടുത്തുന്നതുമാണ് 21-ാം അധ്യായത്തിന്റെ ഒടുവില്‍ നമ്മള്‍ കാണുന്നത്.

പാഴും ശൂന്യവുമായിപ്പോയ ഭൂമി, ചീത്തയായിപ്പോയ പാത്രം, തള്ളിപ്പറഞ്ഞ് പഴയ തൊഴിലിലേക്ക് ഇറങ്ങിപ്പോയ പത്രൊസ്-ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആരിലേക്കാണ്? നമ്മിലേക്കു തന്നെ. യേശുവിനെ അനുഗമിപ്പാന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങിപ്പുറപ്പെട്ട ശേഷവും എത്രവട്ടം നാം വീണുപോയി? എന്നിട്ടും മടുത്തുപോകാതെ ദൈവം നമ്മില്‍ ആശ വച്ച് നമ്മുടെ പിന്നാലേ വന്നു നമ്മെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പ്പിക്കുകയും മുന്നോട്ടു നടത്തുകയും ചെയ്യുന്നു! ഇത് എന്തുകൊണ്ടാണ്? മറുപടി ഒന്നേയുള്ളൂ-ദൈവം എന്റെ പിതാവാണ്. അതേ, ഒരു പിതാവിന്റെ സ്‌നേഹത്തിന് തന്റെ പുത്രനെ കൈവിട്ടു കളയുവാന്‍ മനസ്സില്ല.

നമ്മുടെ ഓരോ തോല്‍വിയിലും ശത്രു ശ്രമിക്കുന്നത് ഈ സ്‌നേഹത്തെക്കുറിച്ചുള്ള ഉറപ്പില്‍ നിന്നു നമ്മെ വീഴ്ത്തിക്കളയാനാണ്. എന്നാല്‍ ഒരോ മടങ്ങിവരവിലും നമ്മെ ഈ സ്‌നേഹത്തിന്റെ ഉറപ്പിലേക്കു പ്രത്യാനയിക്കുകയാണു ദൈവം ചെയ്യുന്നത്.

ധൂര്‍ത്തപുത്രന്റെ ഉപമയില്‍ ഇളയമകന്‍ ഇറങ്ങിപ്പോയത് അപ്പന്റെ വീട്ടില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഒരു പാപിയുടെ മാനസാന്തരത്തെക്കാള്‍ ഒരു പിന്മാറ്റക്കാരന്റെ മടങ്ങിവരവാണ് ഈ ഉപമയുടെ ഇതിവൃത്തം എന്നു ചിന്തിക്കുകയായിരിക്കും ഉചിതം. ഈ കഥയില്‍ ധൂര്‍ത്തപുത്രനെ ഭവനത്തിലേക്കു മടങ്ങിവരുവാന്‍ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? അത് മറ്റൊന്നല്ല. അപ്പന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ഉറപ്പാണ്. അവനു സുബോധംവന്നപ്പോള്‍ ”ഞാന്‍ എഴുന്നേറ്റ് എന്റെ അപ്പന്റെ അടുക്കല്‍ ചെന്ന്… പറയും” എന്നു പ്രസ്താവിക്കുന്ന ഭാഗം ശ്രദ്ധിക്കുക. (മലയാളം വിവര്‍ത്തനത്തില്‍ ‘എന്റെ അപ്പന്റെ കൂലിക്കാര്‍’ എന്നു പറയുന്നുണ്ടെങ്കിലും തൊട്ടടുത്ത വചനത്തില്‍ ‘എന്റെ അപ്പന്റെ അടുക്കല്‍ ചെന്ന്’ എന്ന ഭാഗത്ത് ‘എന്റെ’ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു. ലൂക്കൊസ് 15:17,18). നോക്കുക: പന്നിക്കൂട്ടിലാണ് അവന്റെ ഇരിപ്പ്. പരിതാപകരമാണ് അവന്റെ നില. പക്ഷേ എന്റെ അപ്പന്‍ എന്ന് ആവര്‍ത്തിച്ചു പറയുന്നിടത്തെ ആ ഉറപ്പ് നിങ്ങള്‍ ശ്രദ്ധിച്ചോ? അതേ, പരാജയത്തിന്റെ നെല്ലിപ്പലകയിലെത്തിയിട്ടും അവനു മടങ്ങിവരുവാന്‍ കഴിഞ്ഞത് ഈ സ്‌നേഹത്തെക്കുറിച്ചുള്ള ഉറപ്പ് നഷ്ടപ്പെടാതെ ഇരുന്നതുകൊണ്ടാണ്.

വീണാല്‍ എഴുന്നേല്ക്കുക. പിന്മാറിയാല്‍ യഥാസ്ഥാനപ്പെടുക-ഇതാണു ദൈവം വച്ചിരിക്കുന്ന വഴി. ജീവനോടിരിക്കുന്ന കാലത്തോളം പരാജയപ്പെട്ട മനുഷ്യനു പ്രത്യാശയ്ക്ക് വകയുണ്ട്. കാരണം, അവന് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമല്ലോ! അതുകൊണ്ട് സഭാപ്രസംഗി പറയുന്നു: ചത്ത സിംഹത്തേക്കാള്‍ ജീവനുള്ള നായ് നല്ലതല്ലോ (9:4). ഉപേക്ഷിച്ച പാപത്തിലേക്ക് വീണ്ടും തിരിയുന്ന പിന്മാറ്റക്കാരനെ സ്വന്തഛര്‍ദ്ദിയിലേക്കു തിരിയുന്ന നായോട് പത്രൊസ് ഉപമിച്ചിരിക്കുന്നതു ശ്രദ്ധിക്കുക (2 പത്രൊസ് 2:22). ശരിയാണ് നായ്ക്ക് സ്വന്തഛര്‍ദ്ദിയിലേക്കു തിരിയുന്ന വൃത്തികെട്ട സ്വഭാവം ഉണ്ട്. എങ്കിലും ചത്ത സിംഹത്തെക്കാള്‍ ജീവനുള്ള നായാണു ഭേദം!.

സുഹൃത്തേ, നിങ്ങള്‍ തോറ്റുപോയി. ഒരിക്കല്‍ ഉപേക്ഷിച്ച പാപത്തിലേക്കു നായെപ്പോലെ വീണ്ടും തിരിയുകയും ചെയ്തു. എങ്കിലും നിങ്ങള്‍ ജീവിച്ചിരിക്കുന്നു! തെറ്റിനെക്കുറിച്ച് അനുതപിച്ച് വിശ്വാസത്തോടെ മടങ്ങിവരുമെങ്കില്‍ ദൈവം നിങ്ങളെ വീണ്ടും സ്‌നേഹത്തോടെ സ്വീകരിക്കും. നിങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവത്തിന്റെ സമ്പൂര്‍ണപദ്ധതി അവിടുന്നു നിറവേറ്റുകയും ചെയ്യും. കാരണം, അവിടുന്നു സ്‌നേഹവാനായ പിതാവാണ്. മകന്റെ മടങ്ങിവരവിനായി അവിടുന്നു പ്രതീക്ഷയോടെ കാത്തുനില്ക്കുന്നു. അവനെ ഓടിച്ചെന്ന് മാറോടണയ്ക്കാന്‍ ആ പിതൃഹൃദയം തുടിക്കുകയാണ്. ‘വേഗം മേല്‍ത്തരമായ (Best) അങ്കി കൊണ്ടുവരുവിന്‍’ എന്ന ആജ്ഞ പുറപ്പെടുവാന്‍ പോകുകയാണ്. വിരുന്നുവീട്ടില്‍ പിതാവിനോടൊപ്പം ഇരിക്കുന്ന സൗഭാഗ്യം വീണ്ടും കൈവരും. ഇനി എന്തിനു താമസം? ‘വരിക’ എന്ന് ആത്മാവും മണവാട്ടിയും പറയുന്നു (വെളിപ്പാട് 22:17).


അധ്യായം 16 :
ഒരേയൊരു ജീവിതം; അതു ദൈവത്തിന്


ജീവിതത്തെയും മരണത്തെയും താരതമ്യം ചെയ്തപ്പോള്‍ അപ്പൊസ്തലനായ പൗലൊസ് ഒരിക്കല്‍ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി: ‘എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും.’ നോക്കുക: പൗലൊസിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളു. ജീവിക്കുന്നതിന് ഒരേയൊരു കാരണമേയുള്ളു. തന്റെ മുഴുവന്‍ ജീവിതത്തെയും അദ്ദേഹം ഒന്നിലേക്കു പരിമിതപ്പെടുത്തിയിരിക്കുന്നു-അതു ക്രിസ്തുവാണ്.

‘ക്രിസ്തുവും ഒപ്പം മറ്റെന്തെങ്കിലും’ എന്നല്ല. ക്രിസ്തു, ക്രിസ്തുമാത്രം.


ഇങ്ങനെ ഒരു ജീവിതം സാദ്ധ്യമാണോ?. ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതം!
യേശുവിന്റെ ഭൂമിയിലെ ജീവിതം ഈ കാര്യത്തില്‍ നമുക്കു മാതൃകയാണ്. യേശു തന്റെ മുഴുവന്‍ ജീവിതത്തെയും പിതാവിനോടുള്ള ബന്ധത്തില്‍ നിര്‍വചിക്കുന്നതു യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തില്‍ നമുക്കു കാണാം. തന്റെ ശിഷ്യന്മാരേയും സ്‌നേഹിതരേയും, പിതാവു തനിക്കു തന്നവരെന്നാണ് യേശു വിശേഷിപ്പിക്കുന്നത് (17:2,6,9). താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ പിതാവു തനിക്കു ചെയ്‌വാന്‍ തന്ന പ്രവൃത്തികളായി യേശു വിലയിരുത്തുന്നു (17:4). തന്റെ വാക്കുകള്‍ പിതാവു നല്‍കിയ വാക്കുകളാണെന്ന് അവിടുന്നു പ്രഖ്യാപിക്കുന്നു (17:8). ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളും അനുഭവങ്ങളും പിതാവില്‍നിന്നു ലഭിച്ചതാണെന്നും യേശുവിന് ഉറപ്പുണ്ട് (17:7). ഇക്കാര്യങ്ങളെ എല്ലാം സംക്ഷേപിച്ചുകൊണ്ട് ‘എന്റേത് എല്ലാം നിന്റേത്’ എന്നും യേശു പറയുന്നു (17:10). ചുരുക്കത്തില്‍ പിതാവില്‍നിന്ന് അന്യമായി ഒന്നും തന്നെ അവിടുത്തെ ജീവിതത്തിലുണ്ടായിരുന്നില്ല.

യേശു ഈ മട്ടില്‍ ഈ ഭൂമിയില്‍ ജീവിച്ചശേഷം ‘എന്നെ അനുഗമിപ്പിന്‍’ എന്ന് നമ്മോടു പറഞ്ഞിരിക്കുമ്പോള്‍ ദൈവത്തില്‍ മാത്രം കേന്ദ്രീകൃതമായ ഒരു ജീവിതം നമുക്ക് അസാധ്യമാണെന്ന് എങ്ങനെ പറയാന്‍ കഴിയും?. അതെ, യേശുവിനെപ്പോലെ, പൗലൊസിനെപ്പോലെ ജീവിതത്തിന്റെ മുഴുവന്‍ ലക്ഷ്യവും അര്‍ത്ഥവും ദൈവത്തില്‍ കേന്ദ്രീകരിക്കുന്ന ഒരു ജീവിതം നമുക്കും സാധ്യമാണെന്ന ഉറപ്പാണു ബൈബിള്‍ തരുന്നത്.

എങ്കില്‍ നമ്മെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ജീവിതത്തിനു തടസ്സം എന്താണ്?. നമ്മുടെ സാഹചര്യങ്ങളാണോ? അയല്‍ക്കാരാണോ? മേലധികാരിയാണോ? അതോ ജീവിതപങ്കാളിയാണോ?

ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മാഡം ഗയോണ്‍ എന്ന ദൈവഭൃത്യയ്ക്ക് ദൈവവുമായി ബന്ധമില്ലാത്ത ഒരു ഭര്‍ത്താവും കലഹക്കാരിയായ ഭര്‍ത്തൃമാതാവും അനുസരണമില്ലാത്ത വേലക്കാരിയുമാണുണ്ടായിരുന്നത്. മാഡം ഗയോണ്‍ പിന്നീട് ജയിലിലും അടയ്ക്കപ്പെട്ടു. പക്ഷേ ദൈവത്തില്‍ മാത്രം കേന്ദ്രീകരിച്ച ഒരു ജീവിതം നയിക്കുന്നതിന് ഇതൊന്നും അവര്‍ക്കൊരു തടസ്സമായിരുന്നില്ല.

ക്രിസ്തുവില്‍ സമ്പൂര്‍ണമായി കേന്ദ്രീകൃതമായ ഒരു ജീവിതത്തിനുള്ള ഏറ്റവും വലിയ തടസ്സം വാസ്തവത്തില്‍ നമ്മള്‍ തന്നെയാണ്. നമ്മുടെ സ്വയ (ടലഹള) മാണ്. ശരിയല്ലേ? ദൈവമുന്‍പാകെ ഈ സ്വയത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണമാണ്, കീഴടങ്ങലാണ്, സത്യത്തില്‍ രക്ഷയ്ക്കുള്ള ഒരേയൊരു വഴി.

ദൈവത്തിനായി സമര്‍പ്പിച്ചവരെന്ന് അവകാശപ്പെടുന്ന പല വിശ്വാസികളും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സ്വയത്തെ പൂര്‍ണമായി ദൈവമുന്‍പാകെ കീഴടക്കികൊടുത്തിട്ടുണ്ടോ? പലരും പത്രൊസിനെപ്പോലെയാണ്. പത്രൊസ് ഒരിക്കല്‍ യേശുവിനോടു ചോദിച്ചു ”ഞങ്ങള്‍ എല്ലാം വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് എന്തുകിട്ടും?” അവര്‍ എല്ലാം വിട്ടു എന്നതു ശരിയാണ്. വിടാത്തത് ഒന്നേയുള്ളൂ-തങ്ങളെ തന്നെ. ‘ഞങ്ങള്‍ക്ക് എന്തുകിട്ടും?’ എന്ന ചോദ്യം ആ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു-സ്വയം ഇപ്പോഴും അവിടെ തന്നെയുണ്ട്. ഒരിക്കല്‍ മുന്‍വാതിലിലൂടെ ഇറക്കിവിട്ട സ്വയം പിന്‍വാതിലിലൂടെ വീണ്ടും അകത്തു പ്രവേശിച്ചിരിക്കുന്നു. അത് ആത്മീയതയുടെ ഒരു മേലങ്കി അണിഞ്ഞിട്ടുണ്ടെന്നു മാത്രം.

ഇതില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?

‘കീഴടങ്ങലിലൂടെ വിജയം’ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചിട്ടുള്ള സ്റ്റാന്‍ലി ജോണ്‍സിനോട് ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു ”താങ്കളെ എനിക്കു മനസ്സിലായിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും താങ്കള്‍ക്ക് ഒരേയൊരു ഒറ്റമൂലിയാണുള്ളത്-സ്വയത്തിന്റെ സമര്‍പ്പണം അല്ലേ?” സ്റ്റാന്‍ലി ജോണ്‍സ് ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു ”നിങ്ങള്‍ എന്നെ മനസ്സിലാക്കിയതില്‍ എനിക്കു സന്തോഷമുണ്ട്. സ്വയത്തിന്റെ കീഴടങ്ങലാണ് ഇന്നത്തെ ആവശ്യം. ബാക്കിയൊന്നും ഇത്രയും പ്രധാനമല്ല. എനിക്ക് എല്ലാറ്റിനും ഒരു പ്രതിവിധിയേ ഉള്ളൂ. കാരണം, ഞാന്‍ ഒരേ ഒരു രോഗം മാത്രമേ ആളുകളില്‍ കണ്ടിട്ടുള്ളൂ. അത് സ്വയം, ജീവിതത്തിന്റെ കേന്ദ്രത്തില്‍ വരുന്നു എന്നതാണ്. സ്വയം, ദൈവമാകാന്‍ ശ്രമിക്കുന്നു എന്നതാണ്.”

സത്യത്തില്‍ ഇതല്ലേ എല്ലാ പ്രശ്‌നത്തിന്റെയും മൂലകാരണം? പ്രശ്‌നത്തിന്റെ പരിഹാരവും സ്വയത്തിന്റെ കീഴടങ്ങലല്ലാതെ മറ്റൊന്നല്ല.

സ്വയത്തിന്റെ സമ്പൂര്‍ണസമര്‍പ്പണത്തിലൂടെ യേശുവിനെപ്പോലെ, പൗലൊസിനെപ്പോലെ ദൈവത്തില്‍ മാത്രം കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേക്കു നമുക്കും പ്രവേശിക്കാന്‍ കഴിയും. കേവലം ഒരു തീരുമാനകാര്‍ഡു പൂരിപ്പിച്ചു കൊടുക്കുന്നതിനും യേശുവില്‍ വിശ്വസിക്കുന്നതായി കൈ ഉയര്‍ത്തുന്നതിനും അപ്പുറത്തുള്ള ഒരു കാര്യമാണത്. അതിന് ഒന്നാമത് അത്തരം അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിനായുള്ള വാഞ്ഛ ഉണ്ടാകണം. രണ്ടാമത് അതു സാധ്യമാണെന്നു വിശ്വസിക്കണം. അപ്പോള്‍ നമ്മുടെ ‘വിശ്വാസം പോലെ നമുക്കു ഭവിക്കും’. (യേശു ഭൂമിയിലായിരുന്നപ്പോള്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി തന്നെ സമീപിച്ചവരോട് പലപ്പോഴും പറഞ്ഞ ഒരു വചനമാണ് ‘നിന്റെ വിശ്വാസംപോലെ നിനക്കു ഭവിക്കട്ടെ’ എന്നത്. അത് ഇന്നു നമുക്കും പ്രസക്തമാണ്). മാത്രമല്ല, പരിശുദ്ധാത്മാവും നമുക്കു സഹായിയായുണ്ടല്ലോ.

ബൈബിള്‍ ഒരു വിശ്വാസിക്ക് വാഗ്ദാനം ചെയ്യുന്ന യഥാര്‍ത്ഥ സന്തോഷം, സ്വാതന്ത്ര്യം, പാപത്തിന്മേലുള്ള ജയം എന്നിവ ഇപ്പോള്‍ കയ്യാളുവാന്‍ കഴിയാത്തത് സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ അഭാവം മൂലമാണെന്ന തിരിച്ചറിവാണ് വിജയകരമായ ജീവിതത്തിലേയ്ക്കുള്ള ആദ്യചുവട്. പിന്നെ അത്തരമൊരു ജീവിതത്തിനായുള്ള അദമ്യമായ ആഗ്രഹം ഉണ്ടാകണം. അത് സാധ്യമാണെന്നു വിശ്വസിക്കുകയും വേണം. അപ്പോള്‍ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ആ ജീവിതത്തിലേക്കു നമുക്കു പ്രവേശിക്കുവാന്‍ കഴിയും.

ഈ വിജയകരമായ ജീവിതം എല്ലാ വിശ്വാസികളുടേയും ജന്മാവകാശമാണ്.

അധ്യായം 17 :
എതിര്‍ക്രിസ്തുവിന്റെ
ആത്മാവിനെതിരെയുള്ള നിലപാട്

ലോകാവസാനത്തിന് ഇനി അഞ്ചു മിനിറ്റു മാത്രം! അന്ത്യദിന ഘടികാരം (Dooms day Clock) എന്നറിയപ്പെടുന്ന പ്രതീകാത്മക ഘടികാരത്തിലാണ് ലോകാന്ത്യത്തിന് ഇനി മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നത്.

അമേരിക്കയുടെ ആണവപരീക്ഷണപദ്ധതിയായ മാന്‍ഹാട്ടന്‍ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ ലോകാവസാനം പ്രവചിക്കുന്ന ‘അന്ത്യദിനഘടികാരം’ എന്ന ആശയം 1974 ല്‍ മുന്നോട്ടുവച്ചു. അതതു കാലത്തു നിലവിലുള്ള സാഹചര്യം പഠിച്ചശേഷം ശാസ്ത്രജ്ഞര്‍ ലോകാവസാനത്തിന് ഇനി എത്രനാള്‍ കൂടിയുണ്ടെന്നു കണക്കുകൂട്ടി അതിനെ മിനിറ്റാക്കി ചിത്രീകരിക്കുകയാണ് ‘അന്ത്യദിനഘടികാര’ത്തില്‍ ചെയ്യുന്നത്. ഇപ്പോള്‍ ആണവായുധങ്ങളുടെ വര്‍ധന, ആഗോളതാപനം, സമുദ്രത്തിലെ ജലനിരപ്പിന്റെ ഉയര്‍ച്ച, മരുഭൂമികളുടെ വ്യാപനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചശേഷമാണ് പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് ഉള്‍പ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ സംഘം ഇനി ലോകാവസാനത്തിന് അഞ്ചു മിനിറ്റ് എന്ന നിലയില്‍ ‘അന്ത്യദിനഘടികാര’ത്തെ ക്രമീകരിച്ചിരിക്കുന്നത്.

ഇന്നത്തെ ലോകത്തിന്റെ ഗതിവിഗതികള്‍ പഠിക്കുന്ന ഏതൊരു നിഷ്പക്ഷമതിയും ഇനി ഇതിന്റെ അന്ത്യത്തിന് അധികനാളുകള്‍ ഇല്ലെന്നു സമ്മതിക്കും. പതനസ്ഥലത്തേക്ക് അടുക്കുന്തോറും ഒരു നദിയുടെ ഒഴുക്കിനു ശക്തിയും വേഗവും വര്‍ദ്ധിക്കുമല്ലോ. ഇന്നത്തെ ലോകത്തിന്റെ തിടുക്കവും വേഗവും സൂചിപ്പിക്കുന്നത് അത് അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്കു കൂപ്പുകുത്തുവാനുള്ള സമയത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു എന്നാണ്.

ലോകാവസാനത്തിന്റെ പല ലക്ഷണങ്ങളെക്കുറിച്ചു ബൈബിള്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തീയഗോളത്തില്‍ പ്രകടമാകുന്ന അന്ത്യകാലലക്ഷണങ്ങളാണ് ഏറെ ശ്രദ്ധേയം.

ക്രിസ്തീയലോകത്ത് അന്ത്യനാളില്‍ സംഭവിക്കുന്ന ഒരു കാര്യം യഥാര്‍ത്ഥവിശ്വാസത്തിന്റെ നഷ്ടമാണ്. ‘എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?’ എന്ന് യേശുതന്നെ ഇതേക്കുറിച്ചു പറഞ്ഞിരിക്കുന്നു (ലൂക്കൊസ് 18:8).

മറ്റൊരു വേദഭാഗം കാണുക: ‘എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്‌കു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്ന് ആത്മാവു തെളിവായി പറയുന്നു’ (1 തിമൊഥെയോസ്. 4:1).

ഇവിടെയും ആത്മാവു തെളിവായി പറയുന്നതു വിശ്വാസത്യാഗം സംഭവിക്കും എന്നുതന്നെയാണ്.
ക്രിസ്തീയഗോളത്തെ സംബന്ധിച്ച് ഇന്ന് ഒറ്റനോട്ടത്തില്‍ ഇതു ശരിയല്ലെന്നു തോന്നാം. കാരണം, ഇന്നു വിശ്വാസം കുറയുന്നതായല്ല മറിച്ച് വളരെയധികം വര്‍ദ്ധിക്കുന്നതായാണു കാണുന്നത്. എവിടെയും വിശ്വാസത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍, വിശ്വാസത്തിന് ഊന്നല്‍ കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍.. .ക്രിസ്തീയപുസ്തകശാലകളിലും ‘എവിടെ തിരിഞ്ഞങ്ങുനോക്കിയാലും അവിടെയെല്ലാം’ വിശ്വാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സി.ഡികളുമാണ്. അങ്ങനെയെങ്കില്‍ ഈ അന്ത്യനാളില്‍ കണ്ടെത്താന്‍ കഴിയാതെവണ്ണം വിശ്വാസം ശോഷിച്ചു പോകുകയല്ലല്ലോ; മറിച്ചു വര്‍ദ്ധിച്ചുവരികയല്ലേ ചെയ്യുന്നത്?

എന്നാല്‍ അന്ത്യനാളില്‍ ഏതുതരം വിശ്വാസമാണു നഷ്ടപ്പെട്ടു പോകുന്നതെന്ന് 1 തിമൊഥെയോസ് 3:16 വ്യക്തമാക്കുന്നുണ്ട്. ‘ഭാവികാലത്തു ചിലര്‍ വിശ്വാസം ത്യജിക്കും’ എന്നു ഉറപ്പിച്ചുപറയുന്ന 1 തി മൊഥെയോസ് 4:1 എന്ന വചനം അതിന്റെ തൊട്ടു മുകളിലുള്ള 1 തിമൊഥെയോസ് 3:16 നോടു ചേര്‍ത്തു വായിച്ചാല്‍ അന്ത്യനാളില്‍ ആളുകള്‍ ഏതു വിശ്വാസമാണു ത്യജിക്കുന്നതെന്നു മനസ്സിലാക്കാം (തിരുവചനം എഴുതപ്പെട്ടതിനുശേഷം പിന്നീടാണല്ലോ അധ്യായങ്ങളും വാക്യങ്ങളും തിരിച്ചത്. അതുകൊണ്ട് 3:16 ന്റെ തുടര്‍ച്ചയായി 4:1 നെ കാണാം. അതുപോലെ 4:1 ന്റെ തുടക്കത്തില്‍ കാണുന്ന ‘എന്നാല്‍’ എന്ന പദവും ഈ രണ്ടു വാക്യങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്നു.)

1 തിമൊഥെയോസ് 3:16 നോക്കുക:
‘അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു; ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാം വണ്ണം വലിയതാകുന്നു'(3:16).

ദൈവഭക്തിയുടെ വലിയ മര്‍മ്മമാണിത്! ഇവിടെ യേശുക്രിസ്തുവിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. അവിടുന്നു ജഡത്തില്‍ വെളിപ്പെട്ടു ഭൂമിയില്‍ ജീവിച്ചു. എന്നാല്‍ ഭൂമിയില്‍ മുപ്പത്തിമൂന്നരവര്‍ഷം ജീവിച്ചിട്ടും അവിടുന്നു നീതിമാനെന്നു പ്രഖ്യാപിക്കപ്പെട്ടു. കാരണം അവിടുന്നു പാപത്തിന്റെ ഒരു ലാഞ്ചനപോലും ഇല്ലാതെയാണു ഈ ഭൂമിയില്‍ ജീവിച്ചത്. നമുക്കു മുന്നോടി(fore runner)യായി പോയ യേശുവിന്റെ ഈ ജീവിതം നമുക്കു തരുന്ന വിശ്വാസം എന്താണ്? ജഡത്തില്‍ ജീവിച്ചാലും പാപത്തിന്റെ മേല്‍ ജയമുള്ള ഒരു ജീവിതം നമുക്കും നയിക്കാന്‍ കഴിയും എന്നതാണ്.

ഇതാണു ദൈവഭക്തിയുടെ രഹസ്യം. എന്നാല്‍ ഈ വിശ്വാസം ഭാവികാലത്തു ചിലര്‍ ത്യജിക്കുമെന്നാണ് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നത്.

ഇതു ശരിയല്ലേ? ഇന്നു വിശ്വാസത്തിന്റെ കാലമാണെന്നു പലരും പ്രഖ്യാപിക്കുന്നു. എന്നാല്‍ പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയജീവിതം സാധ്യമാണെന്നു വിശ്വസിക്കുന്നവര്‍ എത്രയോ വിരളമാണ്! ജയകരമായ ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ത്യജിച്ചുകളഞ്ഞിരിക്കുന്ന ഒരു ‘വിശ്വാസസമൂഹമ’ല്ലേ ഇന്നുള്ളത്? ഇന്നു വിശ്വാസത്തെക്കുറിച്ചു വാതോരാതെ പറയുന്ന ‘വിശ്വാസിക’ളുണ്ട്. എന്നാല്‍ 1 തിമൊഥെയോസ് 3:16 ല്‍ കാണുന്ന ദൈവഭക്തിയുടെ വലിയ മര്‍മ്മമായ ജയകരമായ ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിശ്വാസം അവര്‍ക്കു കൈമോശം വന്നിരിക്കുന്നു. ഭാവികാലത്തു ചിലര്‍ യഥാര്‍ത്ഥവിശ്വാസം ത്യജിക്കുമെന്ന് ഒന്നാം നൂറ്റാണ്ടില്‍ പൗലൊസ് ദീര്‍ഘദര്‍ശനം ചെയ്തത് ഇന്നു സത്യമായി പരിണമിച്ചിരിക്കുകയല്ലേ? ഇന്നു മനുഷ്യപുത്രന്‍ വന്നാല്‍ ഈ യഥാര്‍ത്ഥവിശ്വാസം കണ്ടെത്തുന്നതും എത്ര ദുഷ്‌ക്കരമായിരിക്കും!

അന്ത്യകാലത്തെക്കുറിച്ചുള്ള മറ്റൊരു വചനം ശ്രദ്ധിക്കുക: ‘അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക. മനുഷ്യര്‍ സ്വസ്‌നേഹികളും, ദ്രവ്യാഗ്രഹികളും… ആയി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും’ (2 തിമൊഥെയോസ് 3:1). ഇവിടെ ലോകമനുഷ്യരെക്കുറിച്ചല്ല മറിച്ചു വിശ്വാസികളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതെന്ന് ‘ഭക്തിയുടെ വേഷം ധരിച്ച്’ എന്ന പദപ്രയോഗത്തില്‍നിന്നു വ്യക്തമാണല്ലോ. അങ്ങനെയെങ്കില്‍ അന്ത്യകാലത്ത് വിശ്വാസി എന്തുകൊണ്ടാണ് ഈ ഒരു പതനത്തില്‍ എത്തിച്ചേരുന്നത്? ‘യേശു ജഡത്തില്‍ വെളിപ്പെട്ടു, ആത്മാവില്‍ നീതീകരിക്കപ്പെട്ടു’ എന്ന സത്യം അവര്‍ കാണാത്തതു കൊണ്ടല്ലേ? ഫലം ഈ ലോകജീവിതത്തില്‍ തനിക്കും യേശുവിനെ അനുഗമിച്ച് ജയകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയും എന്ന വിശ്വാസം അവര്‍ക്കു കയ്യാളാന്‍ കഴിയുന്നില്ല. ‘വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ’ യേശുവിനെ നോക്കി, തന്നെ മാതൃകയാക്കി, സ്വന്തജീവിതത്തെ യേശുവിന്റെ ജീവിതത്തിന്റെ വെളിച്ചത്തില്‍ വിധിച്ച് ദിനന്തോറും മുന്നോട്ടു പോയാല്‍ മാത്രമേ ഒരുവനു തന്റെ ജഡത്തിലെ തിന്മകളെ കാണാനും അവയില്‍ നിന്നു ശുദ്ധീകരണം പ്രാപിച്ചുകൊണ്ടിരിക്കുവാനും കഴിയുകയുള്ളൂ. പിശാചിന് ഈ കാര്യം വളരെ നന്നായി അറിയാം എന്നതുകൊണ്ട് അവന്‍ ഈ സത്യത്തിനു നേരേ വിശ്വാസികളുടെ കണ്ണിനെ ഇന്നു കുരുടാക്കിയിരിക്കുന്നു. ഇതിന്റെ ഫലമായി വിശ്വാസി ഇന്ന് സ്വസ്‌നേഹിയും, ദ്രവ്യാഗ്രഹിയും, വമ്പുപറയുന്നവനും, അഹങ്കാരിയും, ദൂഷകനും… ഭക്തിയുടെ വേഷം മാത്രം ഉള്ളവനും പാപത്തെ ജയിച്ചു ജീവിക്കാന്‍ ശക്തിയില്ലാത്തവനുമായി മാറിയിരിക്കുന്നു! എത്ര പരിതാപകരം!!

യഥാര്‍ത്ഥ വിശ്വാസം ജയകരമായ ജീവിതത്തിനു ശക്തി നല്‍കുന്ന വിശ്വാസമാണ്. പ്രധാനപ്പെട്ട ഈ കാര്യത്തില്‍ നിന്നു നമ്മുടെ ശ്രദ്ധയെ മാറ്റുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇന്നു ക്രൈസ്തവ ലോകത്തു ശക്തമാണ്. നാം ഇതു തിരിച്ചറിയുമോ? ദൈവഭക്തിയുടെ രഹസ്യം മനസ്സിലാക്കി ഈ അന്ത്യകാലത്ത് എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെതിരെ ഒരു നിലപാടെടുക്കുമോ?

അധ്യായം 18:
ആത്മീയതയുടെ ആന്തരിക ധാര


”ഗുഡ് ബൈ. അന്ത്യന്യായവിധി ദിവസത്തില്‍ നാം തമ്മില്‍ വീണ്ടും കാണും. സത്യം എന്റെ പക്ഷത്തായിരുന്നോ നിങ്ങളുടെ പക്ഷത്തായിരുന്നോ എന്ന് അന്നു നമുക്കു കാണാം.”

ഒരു തടവുപുള്ളിയുടേതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന അവസാന വാക്കുകള്‍!

മൈക്കല്‍ മോളിനോസ് എന്നാണ് ആ തടവുകാരന്റെ പേര്. വര്‍ഷം 1687.

യഥാര്‍ത്ഥ ക്രിസ്തീയത ബാഹ്യമായ പ്രവൃത്തികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്ത് ഏറെ ആന്തരികമായ ഒന്നാണെന്ന തന്റെ ബോധ്യത്തിനു വേണ്ടി ജീവിതം തന്നെ ബലികൊടുക്കേണ്ടിവന്ന, ശ്രദ്ധേയനായ ക്രിസ്തീയ മിസ്റ്റിക്കായിരുന്നു മൈക്കല്‍ മോളിനോസ്.

സ്‌പെയിനിലെ സരഗോസ എന്ന സ്ഥലത്ത് 1627 ലാണ് മൈക്കല്‍ ഡി മോളിനോസ് ജനിച്ചത്. പഠനത്തിനുശേഷം അദ്ദേഹം ഒരു പുരോഹിതനായി റോമിലേക്കു പോയി. സംഘടിതമതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമ്പോഴാണ് മോളിനോസിനു യഥാര്‍ത്ഥ ദൈവവഴികളെക്കുറിച്ച് ബോധ്യം ലഭിക്കുന്നതും അദ്ദേഹം ഒരു ക്രിസ്തീയ മിസ്റ്റിക്കായി മാറുന്നതും. ഇവിടെ ഒരു സംശയം വരാം. ക്രിസ്തീയ മിസ്റ്റിക് എന്നുപറഞ്ഞാല്‍ ആരാണ്? മിസ്റ്റിസിസം (Mysticism)എന്നു പറഞ്ഞാല്‍ എന്താണ്?

ഫോര്‍മലിസ(Formalism)ത്തിനു നേരേ എതിരാണ് മിസ്റ്റിസിസം എന്ന് എളുപ്പത്തില്‍ പറയാം. അപ്പോള്‍ എന്താണു ഫോര്‍മലിസം? ഇത് ഇങ്ങനെ വിശദീകരിക്കാം: യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസം ക്രമേണക്രിസ്തുമതമായി മാറിയപ്പോള്‍ വിശ്വാസത്തിന്റെ അകക്കാമ്പിനുചുറ്റും മതപരമായ ഒരു ചട്ടക്കൂട് രൂപപ്പെട്ടുവന്നു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുടെ ഈ ബാഹ്യമായ ചട്ടക്കൂടാണ് (Form)പ്രധാനം എന്നു കരുതുന്നവരാണു ഫോര്‍മലിസ്റ്റുകള്‍. എന്നാല്‍ ഇതിനെതിരായി, കാണാവുന്നതിന് അപ്പുറത്തുള്ള ആന്തരികമായ വിശ്വാസത്തിന്റെ അന്തര്‍ധാരയാണു പ്രധാനം എന്നു ബോധ്യം ഉള്ളവരാണു ക്രിസ്തീയ മിസ്റ്റിക്കുകള്‍. ക്രിസ്തുവില്‍ അധിഷ്ഠിതമായ ലളിതമായ വിശ്വാസത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായിരുന്നു അവര്‍. ഫോര്‍മലിസ്റ്റുകളും മിസ്റ്റിക്കുകളും എന്നും ആശയപരമായി വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ യഥാര്‍ത്ഥ ആന്തരിക വിശ്വാസത്തിനുവേണ്ടി ഫോര്‍മലിസ്റ്റുകളോട് ഏറ്റുമുട്ടിയ ശ്രദ്ധേയരായ രണ്ടുപേരുണ്ടായിരുന്നു. ഒന്ന് ഫ്രാന്‍സിലെ ബിഷപ്പ് ഫെനലന്‍. രണ്ട്: ഫ്രഞ്ചുകാരി തന്നെയായ പ്രശസ്ത വനിതാ രത്‌നം മാഡം ഗയോണ്‍. മൈക്കല്‍ മോളിനോസും ക്രിസ്തീയ ബോധ്യങ്ങളുടെ കാര്യത്തില്‍ ഇവരോടൊപ്പം നിലയുറപ്പിച്ചു.

‘ദൈവമാണ് എല്ലാറ്റിനും എല്ലാം’ ‘ആരാധകന്‍ അവന്റെ ആന്തരിക മനുഷ്യനെ എപ്പോഴും ദൈവസന്നിധിയിലേക്കു കൊണ്ടുവരണം’ എന്നിങ്ങനെ മിസ്റ്റിക്കുകള്‍ക്കു പൊതുവായുള്ള ആശയങ്ങള്‍ക്കു പുറമേ ‘ജീവിതം എന്നു പറയുന്നത് ദൈവത്തോടുള്ള വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും നിരന്തരമായ ഒരൊറ്റ പ്രവൃത്തിയാണ്. അതു ആത്മികമെന്നും ഭൗതികമെന്നും രണ്ടായി മുറിഞ്ഞു കിടക്കരുത്’ എന്ന ചിന്തയും മോളിനോസിനുണ്ടായിരുന്നു. അദ്ദേഹം ആത്മീയത ആന്തരികമാണ് എന്ന തന്റെ ബോധ്യം സ്ഥാപിച്ചുകൊണ്ട് ‘സ്പിരിച്ച്വല്‍ഗൈഡ്’ എന്നൊരു പുസ്തകം എഴുതി. 1675 ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇരുപതു വ്യത്യസ്ത പതിപ്പുകള്‍ ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍ ഭാഷകളില്‍ ആറുവര്‍ഷം കൊണ്ടു പുറത്തിറങ്ങി. ‘സ്പിരിച്ച്വല്‍ഗൈഡിന്’ വലിയ സ്വീകരണമാണു സാധാരണ വിശ്വാസികളില്‍ നിന്നു ലഭിച്ചത്. പക്ഷേ ബാഹ്യമായ ചട്ടക്കൂടിന് അപ്പുറം ആന്തരികമായ ആത്മീയതയ്ക്കു ഊന്നല്‍ നല്‍കുന്ന ഈ ഗ്രന്ഥം സംഘടിത മതത്തിന്റെ അടിത്തറ ഇളക്കുന്നതാണെന്നു മതനേതൃത്വം വേഗം തിരിച്ചറിഞ്ഞു. അവര്‍ മൈക്കല്‍ മോളിനോസിനെ 1685 ജൂലൈ 18 ന് ദുരുപദേശക്കാരന്‍ എന്നു മുദ്രകുത്തി അറസ്റ്റു ചെയ്ത് മതദ്രോഹവിചാരണക്കോടതിക്കു മുന്‍പാകെ ഹാജരാക്കി. 1687-ല്‍ വിചാരണ പൂര്‍ത്തിയായി വിധി വന്നു-സ്പിരിച്ച്വല്‍ഗൈഡിന്റെ എല്ലാ പ്രതികളും കണ്ടെടുത്ത് തീക്കിരയാക്കുക, മൈക്കല്‍ മോളിനോസിനെ മരണം വരെ ഏകാന്തത്തടവില്‍ അടയ്ക്കുക.

മോളിനോസിനെ അവസാനമായി ബാഹ്യലോകം കാണുന്നത് അദ്ദേഹത്തെ ഏകാന്തസെല്ലില്‍ അടയ്ക്കുന്ന സമയത്താണ്. അന്ന് അദ്ദേഹം തടവുമുറിയിലേക്ക് കാലെടുത്തു വച്ചിട്ട് തിരിഞ്ഞുനോക്കി തന്നെ ഏകാന്തത്തടവറയില്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടാന്‍ വന്ന അധികാരിയുടെ മുഖത്തുനോക്കി നിര്‍ഭയനായി പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ത്യന്യായവിധിദിനത്തില്‍ തന്റെ നിലപാടാണു ശരിയെന്ന് വെളിപ്പെടും എന്ന വിശ്വാസപ്രഖ്യാപനത്തോടെ അദ്ദേഹം ഉറച്ച കാല്‍വയ്പ്പുകളോടെ തടവറയ്ക്കുള്ളിലേക്കു നടന്നുപോയി. പത്തുവര്‍ഷം തടവില്‍ കഴിഞ്ഞ മോളിനോസ് 1697 ഡിസംബറില്‍ അവിടെത്തന്നെ അന്തരിച്ചു. യാദൃച്ഛികമെന്നു പറയട്ടെ, ഇതേവര്‍ഷം തന്നെയാണ് മോളിനോസിന്റെ ചിന്തകള്‍ പങ്കിട്ട ഫ്രാന്‍സിലെ ഫെനലനെയും മതമേധാവികള്‍ വിചാരണചെയ്ത് അഗ്നിക്കിരയാക്കിയത്. മോളിനോസിന്റെയും ഫെനലന്റേയും വിശ്വാസത്തിനു വേണ്ടിയുള്ള ജീവത്യാഗങ്ങള്‍ കഴിഞ്ഞിട്ട് കൃത്യം ഇപ്പോള്‍ മുന്നൂറില്‍പരം വര്‍ഷം പൂര്‍ത്തിയാകുകയാണ്.

ഇന്ന് മോളിനോസിന്റെയും ഫെനലന്റേയും മാഡം ഗയോണിന്റേയും പ്രസക്തി എന്താണ്? അവരുടെ നിലപാടുകള്‍ പാഴായില്ലെന്നും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്ത് വിശ്വാസത്തിന്റെ അന്തര്‍ധാരയ്ക്കു ഇന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും തങ്ങള്‍ ആ വിശ്വാസം പിന്തുടരുന്നവരാണെന്നും സുവിശേഷവിഹിത ക്രിസ്ത്യാനികള്‍ ഇന്ന് അവകാശപ്പെട്ടേക്കാം. എന്നാല്‍ വാസ്തവം എന്താണ്? അത്തരം സഭകള്‍ പോലും തങ്ങളുടേതായ രീതികളുടേയും സമ്പ്രദായങ്ങളുടേയും ഒരു ബാഹ്യമായ ചട്ടക്കൂട്ടില്‍ അഭിരമിക്കുകയല്ലേ ഇന്നു ചെയ്യുന്നത്? അവര്‍ വിശ്വസിക്കുന്ന സത്യങ്ങളും ഉപദേശങ്ങളും തന്നെ അവര്‍ക്കൊരു ചട്ടക്കൂടായി തീര്‍ന്നിരിക്കുന്നു! സത്യത്തില്‍ ക്രിസ്തീയതയുടെ യഥാര്‍ത്ഥസത്ത യേശുവിന്റെ ജീവിതവും അതിനെ പ്രായോഗികതലത്തില്‍ പിന്‍പറ്റുവാനുള്ള സാധ്യതയുമാണ്. പക്ഷേ ഇന്നതില്‍ ആര്‍ക്കാണു താത്പര്യം?

യേശു തന്നെ ചെയ്തത് ആത്മീയതയെ കൂടുതല്‍ ആന്തരികമാക്കുകയാണ്. ‘ന്യായപ്രമാണത്തില്‍ ഇങ്ങനെ നിങ്ങള്‍ വായിച്ചിട്ടുണ്ടല്ലോ ഞാനോ നിങ്ങളോടു പറയുന്നത്’ എന്നു പറഞ്ഞ് അവിടുന്ന് ഗിരിപ്രഭാഷണത്തില്‍ പഴയനിയമത്തിലെ ഒരോ കല്പനയെയും ബാഹ്യമായ ഒരു തലത്തില്‍ നിന്ന് ആന്തരികമായ ഒരു തലത്തിലേക്ക് കൊണ്ടുവരുന്നത് നമുക്ക് കാണാം (മത്തായി 5:21,22; 27, 28;33-37 തുടങ്ങിയ ഭാഗങ്ങള്‍). പക്ഷേ ഗിരിപ്രഭാഷണം ഇന്നു തങ്ങള്‍ക്കു പ്രസക്തമാണെന്നു യഥാര്‍ത്ഥത്തില്‍ കരുതുന്ന വിശ്വാസികള്‍ എത്രപേരുണ്ട്?

ഉവ്വ് യേശുവിനു ചുറ്റും വിശ്വാസപ്രമാണങ്ങളുടേയും ഉപദേശങ്ങളുടേയും ബാഹ്യമായ ഒരു ചട്ടക്കൂടു പണിത് യഥാര്‍ത്ഥ ആത്മീയതയുടെ ആന്തരികധാരയെ സുവിശേഷവിഹിതരെന്ന് അവകാശപ്പെടുന്നവര്‍പോലും ഇന്നു വിട്ടുകളഞ്ഞിരിക്കുന്നു. ‘തിരുവെഴുത്തുകള്‍ വിരല്‍ ചൂണ്ടുന്ന എന്റെ അടുത്തേക്കുവരുവാന്‍ മനസ്സില്ലാതെ നിങ്ങള്‍ തിരുവെഴുത്തുകളെ പരിശോധിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെ’ന്ന് യേശു പരീശന്മാരോട് അന്നു ചോദിച്ചതു തന്നെയല്ലേ (യോഹന്നാന്‍ 5:39,40). ഉപദേശങ്ങളില്‍ അഭിരമിക്കുകയും യേശുവിന്റെ അടുത്തേക്കു വരുവാന്‍ മനസ്സില്ലാതെ ഇരിക്കുകയും ചെയ്യുന്നവരോട് യേശുവിന് ഇന്നും ചോദിക്കുവാനുള്ളത്?

ആത്മീയത ഒരു ചട്ടക്കൂടായി മാറിയിരിക്കുന്ന ഇന്ന് മോളിനോസിന്റേയും ഫെനലന്റേയും കാഴ്ചപ്പാടുകളുടെ സമകാലിക പ്രസക്തി നാം തിരിച്ചറിയുകയും ക്രിസ്തീയതയുടെ ആന്തരിക യഥാര്‍ത്ഥ്യങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുമോ? എങ്കില്‍, സത്യം നമ്മുടെ പക്ഷത്തായിരുന്നുവെന്ന് ‘അന്ന്’ നമുക്കു കാണുവാന്‍ കഴിയും.

അധ്യായം 19 :
ദൈവത്തിന്റെ പക്ഷപാതിത്വം


ദൈവത്തെ സംബന്ധിച്ച് ബൈബിളില്‍ നിന്നു താങ്കള്‍ പഠിച്ച ഏറ്റവും പ്രധാന സത്യം എന്താണ്?
ഈ ചോദ്യത്തിനു നിങ്ങളുടെ മറുപടി എന്തായിരിക്കും?ന്നോടാണെങ്കില്‍ എനിക്കു മറുപടിയായി ഉദ്ധരിക്കാനുള്ളതു മറിയയുടെ പാട്ടിലെ രണ്ടുവരികളാണ്.

”അവിടുന്നു ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു
മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു; സമ്പന്നരെ
വെറും കൈയോടെ പറഞ്ഞയച്ചു.”

ഉവ്വ്, ദൈവത്തിന് ഒരു പക്ഷപാതിത്വം ഉണ്ട്- അവിടുന്ന് എളിയവരുടെ, ദുര്‍ബലരുടെ, ഭാഗത്താണ്. അവിടുന്ന് മാനുഷിക ശക്തിക്ക്, മനുഷ്യന്റെ സ്വാഭാവികബലത്തിന് എതിരാണ്.

ഈ സത്യം നമുക്കൊരു വെളിപ്പാടായി ലഭിക്കുമെങ്കില്‍ അതു നമ്മുടെ കാഴ്ചപ്പാടിനെ നവീകരിക്കും. നമ്മുടെ ജീവിതത്തെ തന്നെ വ്യത്യാസപ്പെടുത്തും.

പുതിയ നിയമത്തില്‍ രണ്ട് അപ്പൊസ്തലന്മാര്‍ രണ്ടു ലേഖനങ്ങളില്‍ ഒരേ പോലെ പറഞ്ഞിരിക്കുന്ന ഒരു വചനം ഇങ്ങനെ: ”ദൈവം നിഗളികളോട് എതിര്‍ത്തു നില്ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുകയും ചെയ്യുന്നു” (യാക്കോബ് 4:6; 1 പത്രൊസ് 5:5). നോക്കുക: ദൈവം വ്യക്തമായും താഴ്മയുള്ളവരോടൊപ്പമാണ്; മാനുഷികമായ കരുത്തിന്റേയും പ്രശംസയുടേയും നിഗളത്തിന്റെയും എതിര്‍ചേരിയിലാണ്. ഇതു വ്യക്തമാക്കുന്ന പല സംഭവങ്ങള്‍ ബൈബിളില്‍ നിന്നു വിവരിക്കാനുണ്ടെങ്കിലും ദാനിയേല്‍ പ്രവചനത്തിലെ നെബൂക്കദ്‌നേസറിന്റെ അനുഭവം നല്ല ഒരു ഉദാഹരണമാണ്. നെബൂക്കദ്‌നേസര്‍ രാജാവ് ബാബേലിലെ രാജമന്ദിരത്തില്‍ ഉലാവിക്കൊണ്ട് ”ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിനായിട്ടു… പണിത മഹതിയാം ബാബേല്‍ അല്ലയോ” എന്നു പറഞ്ഞപ്പോള്‍ തന്നെ ദൈവം അവനെ ന്യായംവിധിച്ചു മനുഷ്യരുടെ ഇടയില്‍നിന്നു മാറ്റിക്കളഞ്ഞതും അവന്‍ സുബോധം നഷ്ടപ്പെട്ട് കാളയെപ്പോലെ പുല്ലുതിന്നു നടന്നതും നടുക്കത്തോടെയല്ലാതെ നമുക്കു വായിക്കാനാവില്ല (ദാനിയേല്‍ നാലാം അധ്യായം). അതിനുശേഷം നെബൂക്കദ്‌നേസര്‍ ദൈവമുന്‍പാകെ സ്വയം താഴ്ത്തിയപ്പോള്‍ ദൈവം അവനു രാജത്വം തിരിച്ചു നല്‍കി. അതേ, ‘ദൈവം നിഗളികളോട്’ എതിര്‍ത്തുനില്ക്കുന്നു. താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നു.’

പഴയനിയമത്തില്‍ തന്നെ യാക്കോബിന്റേയും മോശെയുടേയും അനുഭവങ്ങള്‍ നോക്കുക: അനുഗ്രഹങ്ങള്‍ തട്ടിയെടുക്കാന്‍ ഉപായങ്ങളുമായി നീങ്ങിയ യാക്കോബിന്റെ സ്വന്തബലം തകര്‍ത്തശേഷം മാത്രമേ അവനെ ദൈവം ‘യിസ്രായേല്‍’ എന്ന പുതിയ വിളിപ്പേരു നല്‍കി അനുഗ്രഹിക്കുന്നുള്ളു. ‘മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും ശക്തനായിത്തീര്‍ന്ന’ മോശെയെ നാല്പതു വര്‍ഷം നുറുക്കത്തിലൂടെ നടത്തി സ്വയബലത്തിന്റെ നെല്ലിപ്പലകയിലെത്തിച്ചിട്ടാണ് ദൈവം അവനെ ഉപയോഗിക്കുന്നത്.

പുതിയ നിയമ അപ്പൊസ്തലനായ പൗലൊസിന്റെ അനുഭവവും വ്യത്യസ്തമല്ല. ആത്മീയശുശ്രൂഷയിലെ നേട്ടങ്ങള്‍ തന്നെ അദ്ദേഹത്തിന് ഒരു സ്വയബലമായിത്തീരാനുള്ള സാധ്യതയുണ്ടായിരുന്നു. അതു പൗലൊസിനെ വലിയൊരു അപകടത്തിന്റെ വക്കിലെത്തിച്ചു. ബലവാനായിത്തീര്‍ന്ന് ദൈവത്തിന്റെ എതിര്‍ ചേരിയില്‍ ആയിപ്പോകാനുള്ള സാധ്യത പൗലൊസിനുണ്ടെന്നു കണ്ട് ദൈവം അവനെ ദുര്‍ബലനാക്കാന്‍ ജഡത്തില്‍ അവനൊരു ശൂലം അനുവദിക്കുന്നു. പൗലൊസ് ഒടുവില്‍ അതംഗീകരിച്ച് ദൈവത്തിനു പൂര്‍ണമായി കീഴ്‌പ്പെടുന്നു. ഫലം അവന് ദൈവകൃപ ധാരാളമായി ലഭിക്കുന്നു. കൃപ അവനെ സംബന്ധിച്ചിടത്തോളം ദൈവികശക്തിയായിരുന്നു. തന്റെ സ്വാഭാവികമായ ബലഹീനതയിലാണു ദൈവത്തിന്റെ ശക്തി തികഞ്ഞു വരുന്നതെന്ന് അങ്ങനെ പൗലൊസ് മനസ്സിലാക്കി. ”ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണു ശക്തനായിരിക്കുന്നതെന്ന്” പൗലൊസ് കണ്ടെത്തി.

മാനുഷികശക്തിയില്‍ നിന്നു പ്രതികരിക്കാതെ നിസ്സഹായതയുടെ ഒരു ആള്‍രൂപം പോലെയല്ലേ യേശുവും ക്രൂശിലേക്കു നടന്നു പോയത്? ഹേരോദാവിന്റെ മുന്‍പാകെ വിസ്തരിക്കപ്പെട്ടപ്പോള്‍ സ്വന്തനിലപാട് സമര്‍ത്ഥമായി ന്യായീകരിക്കാന്‍ യേശുവിനു കഴിയുമായിരുന്നു. പക്ഷേ അവിടുന്ന് ഒന്നും മിണ്ടാതെ തീര്‍ത്തും ബലഹീനനെപ്പോലെ നിന്നത് ഓര്‍ക്കുക. പീലാത്തോസിന്റെ അടുത്തു നിന്ന് ഹോരോദാവിന്റെ അടുക്കലേക്ക്. അവിടെ അപമാനത്തിനു വിധേയനായശേഷം വീണ്ടും പീലാത്തോസിന്റെ അരമനയിലേക്ക്. വലിയവരുടേയും ശക്തരുടേയും ഈ അധികാരത്തിന്റെ കളിക്കിടയില്‍ ഒന്നും മിണ്ടാതെ ഒന്നും പ്രവര്‍ത്തിക്കാതെ ചതുരംഗക്കളത്തിലെ ഒരു കരു പോലെ മറ്റുള്ളവര്‍ക്കു തട്ടിക്കളിക്കാനായി യേശു സ്വയം വിട്ടുകൊടുത്തത് എന്തിനാണ്? ദൈവം അശക്തരുടെ പക്ഷത്താണെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്. (യേശുവിന്റെ നിസ്സഹായമായ ഈ നില്പ്, നിരീശ്വരവാദിയും ‘കരുത്തുകാട്ടി അതിജീവിക്കണം’ എന്ന ആശയത്തിന്റെ പ്രണേതാവുമായ ഫ്രെഡറിക് നീഷേയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. യേശുവിന്റെ ഈ നിലപാടിനെ മടയത്തരമെന്നു വിവരിക്കുകയും യേശുവിനെ ‘വിഡ്ഢി’ എന്നു വിളിക്കുവാനുള്ള ധിക്കാരം കാണിക്കുകയും ചെയ്തു നീഷേ. അയാളുടെ മരണശേഷം നീഷേയുടെ സഹോദരി ലേഖനത്തില്‍ നിന്ന് ആ വാക്ക് എഡിറ്റ് ചെയ്തു മാറ്റുകയാണുണ്ടായത്.!).

ഒറ്റപ്പെടുത്തപ്പെടുന്നവരോട്, ‘കറുത്ത ആടാ’യി മാറ്റിനിര്‍ത്തപ്പെടുന്നവരോട് ദൈവത്തിനുള്ള പക്ഷപാതിത്വം യേശുവിന്റെ പ്രവര്‍ത്തനങ്ങളിലുടനീളം കാണാം. സുവിശേഷങ്ങളിലെ അത്തരം രംഗങ്ങള്‍ നമുക്കു സുപരിചിതമാണ്. എന്നാല്‍ ത്രിത്വത്തില്‍ രണ്ടാമനായ കര്‍ത്താവ് ആദ്യം ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ അത്തരം ഒരു സാഹചര്യത്തിലാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടോ? ഉല്പത്തി 16-ാം അധ്യായത്തിലാണത്. അവിടെ സാറായിയുടെ ഈജിപ്റ്റുകാരിയായ ദാസി യജമാനത്തിയാല്‍ പരിത്യക്തയായി മരുഭൂമിയിലേക്ക് ഓടിപ്പോകുമ്പോള്‍ അവളെ എതിരേറ്റ് ആശ്വസിപ്പിക്കുന്ന ദൂതന്‍ യേശുകര്‍ത്താവാണ്. (മലാഖി 3:1 ലെ ദൂതനെന്ന പ്രയോഗത്തോട് ചേര്‍ത്തും ദൂതന്‍ എന്നവാക്കിനു മുമ്പില്‍ ഇംഗ്ലീഷില്‍ ഉപയോഗിച്ചിരിക്കുന്ന The എന്ന ഡഫനിറ്റ് ആര്‍ക്കിളിന്റെ പ്രാധാന്യം വിവരിച്ചും ഉല്പത്തി 16:7-ല്‍ കാണുന്ന ദൂതന്‍ യേശുക്രിസ്തു തന്നെയാണെന്നു വേദപണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നു. മാത്രമല്ല അത് യേശുവിന്റെ ആദ്യപ്രത്യക്ഷതയാണെന്നും അവര്‍ വിവരിക്കുന്നു). അങ്ങനെയെങ്കില്‍ ഇത് എത്രയോ അത്ഭുതകരമായ സത്യമാണ്! പീഡിപ്പിക്കപ്പെടുന്ന, നിസ്സഹായ ആയ അന്യജാതിക്കാരിയായ ഒരു ദാസിയുടെ കണ്ണുനീരുകണ്ട് അവളെ ആശ്വസിപ്പിക്കാനും അനുഗ്രഹിക്കാനുമായി ത്രിത്വത്തില്‍ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഇറങ്ങി വരുന്നു! തീര്‍ച്ചയായും ദൈവം നിസ്സാഹായരുടെ പക്ഷത്താണ്.

അവകാശങ്ങള്‍ക്കുവേണ്ടി ജഡരക്തങ്ങളോടു പോരാടരുതെന്നും വിട്ടുകൊടുക്കണമെന്നും നഷ്ടപ്പെടുന്ന പക്ഷത്തു നില്ക്കണമെന്നും താഴ്മയില്‍ ആയിരക്കണമെന്നും നുറുക്കത്തെ വിലമതിക്കണമെന്നും സഹനത്തിന്റെ പാതയില്‍ യേശുവിനെ പിന്‍തുടരണമെന്നും ക്രൂശിനെ ആലിംഗനം ചെയ്യണമെന്നും എല്ലാം നാം പറയുന്നത് എന്തിനാണ്? ദൈവത്തിന്റെ പക്ഷത്ത് നാം എപ്പോഴും ആയിരിക്കാന്‍ വേണ്ടിയാണത്.

ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാടിനു നേരേ എതിരല്ലേ ഇത്? അതുകൊണ്ടുതന്നെ ഈ പാത ലോകത്തിന് (അതിന് ക്രിസ്തീയതയുടെ പേരുണ്ടെങ്കില്‍പോലും) തികഞ്ഞ ഭോഷത്തമായി തോന്നും.

”ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു” (1 കൊരി.1:27).

”ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു” (1 കൊരി.1:18).

അധ്യായം 20 :
പാപത്തിനെതിരേ ഒറ്റയാള്‍ പോരാട്ടം


ഇംഗ്ലീഷുകാരനായ ഒരു മാന്യന്‍ ബ്രിട്ടനിലെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. അദ്ദേഹം ആ ഗ്രാമത്തിലെല്ലാം മദ്യം ലഭിക്കുന്ന ഒരു ഇടം തിരഞ്ഞു. നിരാശയായിരുന്നു ഫലം. അപ്പോഴാണു വഴിയില്‍ ഗ്രാമീണനായ ഒരു കൃഷിവലനെ കണ്ടത്. മാന്യന്‍ ക്ഷുഭിതനായി ഗ്രാമീണനോട് തട്ടിക്കയറി: ”നിങ്ങളുടെ ഈ നശിച്ച ഗ്രാമത്തില്‍ എനിക്ക് ഒരു ഗ്ലാസ് മദ്യം പോലും കിട്ടാതിരിക്കാന്‍ എന്താണു കാരണം?”

മാന്യന്റെ സമൂഹത്തിലെ സ്ഥാനം തിരിച്ചറിഞ്ഞു ഗ്രാമീണന്‍ വിനയാന്വിതനായി പറഞ്ഞു: ”പ്രഭോ, അതിന് ഒരു കാരണമേയുള്ളൂ. ഏകദേശം ഒരു നൂറുവര്‍ഷത്തിനപ്പുറത്ത് ഈ പ്രദേശത്ത് ജോണ്‍വെസ്ലി എന്നു പേരുള്ള ഒരു മനുഷ്യന്‍ വന്നിരുന്നു”.

നോക്കുക: ഒരേ ഒരു മനുഷ്യന്റെ സ്വാധീനം!
വെസ്ലി മരിക്കുന്നതിനു രണ്ടുവര്‍ഷം മുന്‍പായിരുന്നു രക്തരൂഷി തമായ ഫ്രഞ്ചുവിപ്ലവം. അതിന്റെ പ്രേരണയില്‍ രക്തച്ചൊരിച്ചിലോ ടെയുള്ള ഒരു വിപ്ലവം ഇംഗ്ലണ്ടിനേയും പിടിച്ചുലയ്ക്കാമായിരുന്നു. പക്ഷേ അതിനെ തടഞ്ഞുനിര്‍ത്തിയത് ജോണ്‍വെസ്ലിയും സഹ പ്രവര്‍ത്തകരും ഇംഗ്ലണ്ടില്‍ നടത്തിയിരുന്ന പ്രവര്‍ത്തനത്തെത്തു ടര്‍ന്നുള്ള ആത്മീയ ഉണര്‍വ്വാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ‘താന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി’ ജോണ്‍വെസ്ലിയാണെന്നു പറഞ്ഞ റോബര്‍ട്ട് സൗത്തി എന്ന എഴുത്തുകാരന്‍ വരാന്‍ പോകുന്ന പല നൂറ്റാണ്ടിലേക്കും വെസ്ലിയുടെ സ്വാധീനം ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാപത്തിനെതിരെ ഒരു മനുഷ്യന്‍. ലോകമയത്വത്തിനെതിരേ ഒരു ഒറ്റയാള്‍ പോരാട്ടം-അതായിരുന്നു ജോണ്‍ വെസ്ലി.

ദൈവത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ഈ നിലയിലുള്ള ദൈവ ഭൃത്യരാണ് പാപത്തിലേക്കും ലോകമയത്വത്തിലേക്കും അതിവേഗം ഒഴുകിപ്പോകുന്ന ഇന്നത്തെ സഭകളുടെ ഏറ്റവും വലിയ ആവശ്യമെന്നു എ.ഡബ്ല്യു. ടോസര്‍ അഭിപ്രായപ്പെടുന്നു. ദാവീദിനെപ്പോലെ ദൈവ ഹൃദയപ്രകാരമുള്ള മനുഷ്യര്‍ തങ്ങളുടെ തലമുറയില്‍ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷിക്കേണ്ടിയിരിക്കുന്നു.

വെസ്ലി തന്റെ തലമുറയില്‍ എന്തിനുവേണ്ടിയാണു നിന്നത്?- വിശുദ്ധിക്കുവേണ്ടി. ഇന്നത്തെ ആവശ്യവും മറ്റൊന്നല്ലല്ലോ.

വിശുദ്ധിയെക്കുറിച്ച് എഫേസ്യ ലേഖനത്തില്‍ പറഞ്ഞു വരുമ്പോള്‍ യഥാര്‍ത്ഥവിശുദ്ധിയെ വ്യാജവിശുദ്ധിയില്‍ നിന്നു വേര്‍തിരിച്ചു വിവരിക്കുന്ന ഭാഗം ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. യഥാര്‍ത്ഥവിശുദ്ധിയെ, വെറും തോന്നല്‍ മാത്രമല്ലാത്ത ഒരു വിശുദ്ധി (Posessing the holiness which is no illusion: JB Philips) എന്നാണ് ഒരു വിവര്‍ത്തനത്തില്‍ വിശേഷിപ്പിക്കുന്നത് (എഫേസ്യര്‍ 4:24 JB Philips). വെറും തോന്നല്‍, മിഥ്യാബോധം, മാത്രമായ ഒരു വിശുദ്ധി!

അങ്ങനെ ഒരു വിശുദ്ധിയുണ്ടോ? ഉവ്വ്, യഥാര്‍ത്ഥത്തില്‍ വിശുദ്ധന ല്ലാതിരിക്കെ വിശുദ്ധനാണെന്നു തോന്നുക. ആ മിഥ്യാബോധത്തില്‍ ജീവിക്കുക. ഒരിക്കലും തന്നെ സംബന്ധിച്ച സത്യം മനസ്സിലാക്കാതെ സ്വയം വഞ്ചിക്കപ്പെട്ടു നാളുകള്‍ കഴിക്കുക. അങ്ങനെ ഒരപകടം വിശ്വാ സികള്‍ക്കു സംഭവിക്കാം എന്നുള്ളതു കൊണ്ടാണല്ലോ പൗലൊസ് അതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഇന്നത്തെ കാലഘട്ടത്തില്‍ വിശ്വാസികളെ വിശുദ്ധരാണെന്ന മിഥ്യാബോധത്തില്‍ തളച്ചിടുന്ന ഏഴു കാര്യങ്ങളെക്കുറിച്ചു ചുരുക്കമായി ചിന്തിക്കാം:
വിശുദ്ധമായ ഉപദേശങ്ങള്‍ നമ്മേയും വിശുദ്ധരാക്കുമെന്നു കരുതുക.

നല്ല ചില ഉപദേശങ്ങളില്‍ കേവലം വിശ്വസിക്കുന്നതുകൊണ്ട് നാം വിശുദ്ധരായി എന്നു കരുതുന്നത് ഒരു വഞ്ചനയാണ്. യാക്കോബ് തന്റെ ലേഖനത്തില്‍ ഇതിനു നല്ല ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. ”ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം, പിശാചും അങ്ങനെ വിശ്വസിക്കയും വിറയ്ക്കുകയും ചെയ്യുന്നു” (യാക്കോബ് 2:19). ത്രീയേകദൈവത്തെക്കുറിച്ചുള്ള ഉപദേശങ്ങളെല്ലാം നന്നായി അറിയാ വുന്നവനാണു പിശാച്. പക്ഷേ ആ ഉപദേശത്തിലുള്ള വിശ്വാസം പിശാചിനെ ഒരു വിശുദ്ധനാക്കി മാറ്റിയിട്ടില്ലല്ലോ!

ശ്രദ്ധിക്കുക: വിശ്വാസത്തിന് അനുസരണം വരുത്താത്തിടത്തോളം കാലം കേവലമായ വിശ്വാസം ആരേയും വിശുദ്ധരാക്കുകയില്ല.

നല്ല അനുഭവങ്ങള്‍ മൂലം വിശുദ്ധരായെന്നു കരുതുക:
ആത്മീയ മീറ്റിംഗില്‍ ചില നല്ല വൈകാരികാനുഭൂതികള്‍ കൈവന്നതു മൂലം നാം വിശുദ്ധരായെന്നു കരുതുന്നത് ഇന്നു വളരെ വ്യാപകമായ നിലയില്‍ വിശ്വാസികളെ വഞ്ചിക്കുവാന്‍ പിശാച് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്.

ഉദാഹരണത്തിന് ഇന്നു വിശ്വാസസമൂഹങ്ങളില്‍ വളരെ ജനപ്രീതി നേടിയിട്ടുള്ള ‘ആരാധന’ എന്ന വിഷയംതന്നെ എടുക്കുക. തിങ്കള്‍ മുതല്‍ ശനി വരെ ലോകമനുഷ്യരെപ്പോലെ തന്നെ ജീവിച്ചശേഷവും ഞായറാഴ്ച സഭായോഗത്തില്‍ വന്നു വൈകാരികമായി ഉണര്‍ത്തപ്പെട്ട് ‘നല്ലതുപോലെ ആരാധിച്ച്’ താനും ഒരു വിശുദ്ധനാണെന്ന തൃപ്തി യോടെ തന്റെ സ്ഥിരം ജീവിതരീതിയിലേക്ക് മടങ്ങുന്ന വിശ്വാസികളെ ശ്രദ്ധിക്കുക. പിശാച് വിജയാട്ടഹാസത്തോടെ അവരെ നോക്കി പരിഹ സിച്ചു ചിരിക്കുന്നത് അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍!

വിശുദ്ധനായ/വിശുദ്ധയായ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ ജീവിക്കുക:
നല്ല ഒരു സഭയില്‍ അംഗമായിരിക്കുന്നതുകൊണ്ട് ആ സഭയുടെ/ സഭാശുശ്രൂഷകന്റെ കെയറോഫില്‍ താനും വിശുദ്ധീകരിക്കപ്പെട്ടു എന്നു കരുതുക അല്ലെങ്കില്‍ ഭര്‍ത്താവോ ഭാര്യയോ മകനോ മകളോ പിതാവോ വിശുദ്ധിയില്‍ ജീവിക്കുന്നതുകൊണ്ട് ആ മേല്‍വിലാസ ത്തില്‍ സ്വയം വിശുദ്ധനായി/വിശുദ്ധയായി തോന്നുന്നതും ഒരു മിഥ്യാ ബോധം മാത്രമാണ്.

ഭൂതകാല അനുഭവങ്ങളില്‍ ജീവിക്കുക:
ഒരിക്കല്‍ വിശുദ്ധമായ ജീവിതം നയിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ പിന്‍മാറ്റത്തിലാണ്. എന്നാല്‍ അതിനെക്കുറിച്ച് ബോധ്യമില്ലാതെ ഭൂതകാലത്തിലെ നല്ല അനുഭവങ്ങള്‍ അയവിറക്കി വിശുദ്ധനെന്ന് മേനിനടിക്കുന്നതും സ്വയവഞ്ചനയല്ലേ? ‘ഞാന്‍ രക്ഷിക്കപ്പെട്ട കാലത്തൊക്കെ എന്തായിരുന്നു ആത്മീയാനുഭവങ്ങള്‍!’ എന്നിങ്ങനെ ഭൂതകാലത്തില്‍ മാത്രം ജീവിക്കുന്ന വിശ്വാസികളെ കണ്ടിട്ടില്ലേ? സ്‌നേഹിതാ, നിങ്ങള്‍ അങ്ങനെയൊരാളാണോ? എങ്കില്‍ സ്വന്ത വിശുദ്ധിയെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കുക.

ഭാവിയിലെ പ്രതീക്ഷകളില്‍ വിശുദ്ധന്‍ എന്നു കരുതുക:
മുകളില്‍ പറഞ്ഞതിനു നേരേ എതിരാണിത്. വരാന്‍ പോകുന്ന നല്ല ആത്മീയസമ്മേളനം, ആത്മീയാനുഭവം എന്നിവയുടെ പ്രതീക്ഷ യില്‍ ഇപ്പോഴത്തെ വിശുദ്ധമല്ലാത്ത ജീവിതത്തെ ഗൗരവമായി കാണാത്തവരാണിവര്‍. ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ സംഭവം കര്‍ത്താവിന്റെ രണ്ടാമത്തെ വരവാണല്ലോ. അതിനെക്കുറി ച്ചുള്ള ചിലരുടെ കാത്തിരിപ്പുപോലും ഒരു മിഥ്യാബോധത്തില്‍ അധിഷ്ഠിതമായിപ്പോകാനുള്ള സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി നല്ല ഒരു ബന്ധം സൂക്ഷിക്കുന്നില്ലെങ്കില്‍, വീട്ടില്‍ ഭാര്യയും ഭര്‍ത്താവു മായി നിത്യം കലഹമാണെങ്കില്‍ അവരാരെങ്കിലും ‘കര്‍ത്താവ് എത്ര യും വേഗം ഇങ്ങുവന്നിരുന്നെങ്കില്‍’ എന്നു പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ ധ്വനി എന്താണ്? കര്‍ത്താവിന്റെ വരവിനുവേണ്ടിയുള്ള വാഞ്ഛയാ ണോ? അതോ വിഷമകരമായ കുടുംബജീവിതത്തില്‍ നിന്ന് വിടുതല്‍ കിട്ടുമല്ലോ എന്ന രക്ഷപ്പെടല്‍ മനോഭാവം (escapist attitude) ആണോ? ദൈവത്തെ നമുക്ക് കബളിപ്പിക്കുവാന്‍ കഴിയുകയില്ല.

താരതമ്യം മൂലനം വിശുദ്ധനാണെന്നു തോന്നുക:
വിശ്വാസിയായ മറ്റൊരാളുമായി സ്വയം തുലനംചെയ്തശേഷം തന്റെ ജീവിതവിശുദ്ധിയില്ലായ്മയ്ക്ക് ന്യായീകരണം കണ്ടെത്തുന്നതും മറ്റൊരു ചതിയാണ്. ചിലര്‍ പറയാറില്ലേ ‘ആരാ ഇത്ര വിശുദ്ധര്‍? ഇന്ന ദൈവദാസന് ഇന്നിന്ന ബലഹീനതകള്‍ ഇല്ലേ’? മറ്റൊരാളുമായി താരതമ്യം ചെയ്തശേഷം തമ്മില്‍ഭേദം താനാണ് എന്ന തൃപ്തിയില്‍ ജീവിക്കുന്നതാണത്.

ചില വരങ്ങളുള്ളതുകൊണ്ട് വിശുദ്ധനാണെന്നു കരുതുക:
ദൈവം ചില വരങ്ങള്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ശുശ്രൂഷയില്‍ ചില നേട്ടങ്ങള്‍ ലഭിക്കുന്നു. ഇതുമൂലം ദൈവം തന്നില്‍ പ്രസാദിച്ചി രിക്കുന്നു. തന്റെ കുറവുകളെ ദൈവം ഗൗരവമായി കാണുന്നില്ലെന്നും സമാധാനിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇതിനു ദാഹരണമാണ്. പിന്നെ ക്രിസ്തീയപ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ കൊണ്ട് ജീവിതത്തിലെ തെറ്റുകളെ മൂടിവയ്ക്കാന്‍ കഴിയും എന്ന മിഥ്യാബോധമാണിത്. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക: ദൈവം നമുക്ക് നല്‍കിയിട്ടുള്ള വരങ്ങളും കഴിവുകളും നാം പിന്‍മാറിപ്പോയാലും തിരിച്ചെടുത്തു എന്നുവരികയില്ല. ലൂസിഫറിന് ദൈവം നല്‍കിയ കഴിവുകള്‍ അവന്‍ പിശാചായി മാറിക്കഴിഞ്ഞപ്പോള്‍ മടക്കിയെടുത്തി ല്ലെന്നത് ഓര്‍ക്കുക.

നാം വിശുദ്ധിയെക്കുറിച്ചുള്ള മിഥ്യാബോധത്തില്‍ നിന്ന് ഉണര്‍ന്ന് അനുതപിച്ച് യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങിവന്നില്ലെങ്കില്‍ ഉണ്ടാകാ വുന്ന വലിയ അപകടത്തെക്കുറിച്ച് പൗലൊസ് അപ്പൊസ്തലന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് ”അവര്‍ സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍… ദൈവം അവര്‍ക്ക് ഭോഷ്‌കു വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ്സ.2:11-12). അതുകൊണ്ട് വൈകിപ്പോകുന്നതിനു മുമ്പ് നമുക്ക് ഉണരാം. നമ്മെക്കുറിച്ചുള്ള സത്യത്തെ സ്‌നേഹിക്കാം. യഥാര്‍ത്ഥ വിശുദ്ധിക്കായി വാഞ്ഛിക്കാം. കാരണം, ലോകമയത്വ ത്തിലേക്ക് കൂപ്പുകുത്തുന്ന ക്രിസ്തീയതയുടെ ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥവിശുദ്ധിയുടെ കാവലാളായി നില്‍ക്കാന്‍ ദൈവത്തിന് ആളുകളെ ആവശ്യമുണ്ട്.

അധ്യായം 21 :
സമര്‍പ്പണത്തിലൂടെ സ്വസ്ഥതയിലേക്ക്

ക്രിസ്തീയജീവിതം അടിസ്ഥാനപരമായി ആന്തരികമായ ഒരു നടപ്പാണ്. അത് ആരംഭിക്കുന്നത് ഒരു സമര്‍പ്പണത്തിലൂടെയാണ്. ആ സമര്‍പ്പണം ആത്യന്തികമായി നമ്മെ കൊണ്ടെത്തിക്കേണ്ടതാകട്ടെ, സ്വസ്ഥത(rest)യിലും.

നാം എല്ലാവരും ക്രിസ്തീയജീവിതം ആരംഭിച്ചത് ദൈവത്തിനായി നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ടാണ്. എന്നാല്‍ അതു ഒരു സ്വസ്ഥതയിലേക്കു നമ്മെ നയിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതു വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമര്‍പ്പണത്തിന്റെ ആഴക്കുറവിലേക്കാണ്.

അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ സമര്‍പ്പണം എങ്ങനെയാണ്? അതില്‍ അന്തര്‍ലീനമായ സത്യങ്ങള്‍ എന്തെല്ലാമാണ്? ഫ്രാന്‍സില്‍ കാംബ്രെയിലെ ആര്‍ച്ചുബിഷപ്പായിരുന്ന ഫെനലന്‍ ഇതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

(ബാഹ്യമായ പ്രവര്‍ത്തനങ്ങളും അനുഷ്ഠാനങ്ങളുമാണ് ക്രിസ്തീയതയുടെ കാതല്‍ എന്നു കരുതിയിരുന്ന കാലത്ത്, 17-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമാണ് ഫെനലന്‍ ജീവിച്ചിരുന്നത്. ക്രിസ്തീയത ആഴത്തില്‍ ആന്തരികമാണ് എന്ന സത്യത്തിന് തങ്ങളുടെ എഴുത്തുകളിലൂടെയും ജീവിതത്തിലൂടെയും അടിവരയിട്ട, ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സമകാലികരായ മൂന്നു മഹദ്‌വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്‌പെയിനിലെ മൈക്കല്‍ ഡി മോളിനോസ്, ഫ്രാന്‍സിലെ തന്നെ മാഡം ഗയോണ്‍ എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍. ഇതില്‍ മോളിനോസിനെ സഭ വിസ്തരിച്ചു ശിക്ഷ വിധിച്ചു തടവിലാക്കി. മോളിനോസിന്റെ ആശയങ്ങളുമായി മാഡം ഗയോണിന്റെ ചിന്തകള്‍ ചേര്‍ന്നുപോകുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാഡം ഗയോണും പാരീസിലെ കുപ്രസിദ്ധമായ ബാസ്റ്റീന്‍ കാരാഗൃഹത്തിലായി. മാഡം ഗയോണിനെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നതിനാല്‍ ഫെനലനും ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും സ്ഥാനനഷ്ടങ്ങളും നേരിടേണ്ടിവന്നു.)
സമര്‍പ്പണത്തെപ്പറ്റി ഫെനലന്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: ”ഒരുവന്‍ തന്റെ ആത്മാവിനെ നിത്യമായിത്തന്നെ ദൈവത്തിനു സമര്‍പ്പിക്കണം. എല്ലാ സ്വാഭാവിക കഴിവുകളും അഭിരുചികളും ദൈവാത്മാവിനു കീഴ്‌പ്പെടുത്തണം. നമ്മുടെതന്നെ ആന്തരിക വിചാരങ്ങളുടെ സംതൃപ്തിയെ ആശ്രയിക്കരുത്. സ്വന്തം കഴിവില്‍ ഒരിക്കലും ആശ്രയം വയ്ക്കരുത്. സംഭവിക്കുന്നതെല്ലാം ദൈവനിര്‍ണ്ണയമെന്ന നിലയില്‍ സ്വീകരിക്കണം. അപ്പോള്‍ ഒരുവനു ദൈവിക ജീവിതത്തിലും സ്‌നേഹത്തിലുമുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പു ലഭിക്കും. അങ്ങനെ അയാള്‍ ദൈവത്തോടു സമ്പൂര്‍ണ്ണമായ ഏകീഭാവത്തില്‍ എത്തിച്ചേരും.”

ദൈവത്തോടുള്ള ഏകീഭാവം എന്നത് സ്വസ്ഥതയാണ്. അതിലേക്കു വരുവാന്‍ ലളിതമായ ചില പടികള്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ഇങ്ങനെ: 1) ദൈവത്തിനായി കഴിയുന്നിടത്തോളം, ബോധമുള്ളിടത്തോളം പൂര്‍ണ്ണമായി സമര്‍പ്പിക്കണം. 2) എല്ലാ സ്വാഭാവികകഴിവുകളും അഭിരുചികളും ദൈവാത്മാവിനു കീഴ്‌പ്പെടുത്തണം. 3) സംഭവിക്കുന്നതെല്ലാം(വ്യക്തികള്‍, സാഹചര്യങ്ങള്‍, എതിര്‍ അനുഭവങ്ങള്‍) ദൈവനിര്‍ണ്ണയം എന്ന നിലയില്‍ സ്വീകരിക്കണം. 4) നമ്മില്‍ത്തന്നെ തൃപ്തിപ്പെടാതെ മുന്നോട്ടു പോകണം.

സമര്‍പ്പണത്തിന്റെ ഈ വഴിയില്‍ നാം എവിടെയെങ്കിലും തട്ടിത്തടഞ്ഞു നിന്നാല്‍ സ്വസ്ഥത നമുക്കു മരീചിക ആകുന്നെങ്കില്‍ എന്താണത്ഭുതം?

സമ്പൂര്‍ണ്ണസമര്‍പ്പണത്തിനുള്ള എക്കാലത്തെയും ഉത്തമമായ മാതൃക യേശുവാണ്. പിതാവിന്റെ മുമ്പാകെയുള്ള സമര്‍പ്പിതമായ ജീവിതമായിരുന്നു അവിടുത്തേത്. ഫെനലന്‍ സമര്‍പ്പണത്തിന്റെ നാലു പടികള്‍ കണ്ടെത്തുന്നത് യേശുവിന്റെ ജീവിതത്തില്‍ നിന്നുതന്നെയാണെന്നതിനു സംശയമില്ല.

‘ഒരുവന്‍ തന്റെ ആത്മാവിനെ നിത്യമായിത്തന്നെ ദൈവത്തിനു സമര്‍പ്പിക്കേണ്ടതുണ്ടെ’ന്ന് സ്വസ്ഥതയിലേക്കുള്ള ആദ്യപടിയായി ഫെനലന്‍ ചൂണ്ടിക്കാട്ടുന്നു. എബ്രായലേഖനകാരന്‍ ഇതേ കാര്യംതന്നെ യേശുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: ”നിത്യാത്മാവിനാല്‍ ദൈവത്തിനു തന്നെത്താന്‍ നിഷ്‌കളങ്കനായി അര്‍പ്പിച്ച ക്രിസ്തു(9:14). ഇതില്‍ തന്നെത്താന്‍ എന്ന പദം, പരപ്രേരണയോ നിര്‍ബന്ധമോ കൂടാതെ എന്നതിലേക്കു വിരല്‍ ചൂണ്ടുമ്പോള്‍ ‘നിഷ്‌കളങ്കനായി’ എന്ന വാക്ക് മറ്റേതെങ്കിലും സ്ഥാപിത താത്പര്യങ്ങളുടെയോ സ്വകാര്യ അജണ്ടയുടെയോ കറപുരളാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ‘ആത്മാക്കളുടെ ഉടയവനായ’ ദൈവത്തിനു മുമ്പില്‍ നാം ഈ നിലയില്‍ കീഴടങ്ങിയിട്ടുണ്ടോ?

‘എല്ലാ സ്വാഭാവിക കഴിവുകളും അഭിരുചികളും ദൈവാത്മാവിനു കീഴ്‌പ്പെടുത്തണം. തുടര്‍ന്നു സ്വന്ത കഴിവില്‍ ആശ്രയിക്കാതെ മുന്നോട്ടു പോകണം’ എന്നു രണ്ടാമത്തെ പടിയായി ഫെനലന്‍ പറയുമ്പോള്‍ അതും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ യേശുവില്‍ നമുക്കു കാണുവാന്‍ കഴിയും. ‘പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല'(യോഹ.5:19). ‘എനിക്കു സ്വതേ ഒന്നും ചെയ്യുവാന്‍ കഴിയുന്നതല്ല. ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാന്‍ ഇച്ഛിക്കുന്നത്'(യോഹ.5:30) എന്നെല്ലാം യേശു തന്റെ നിലപാടു വ്യക്തമാക്കുമ്പോള്‍ സ്വയത്തിന്റെ കഴിവുകളില്‍ നിന്നു പ്രയത്‌നിക്കുവാന്‍ വിസമ്മതിക്കുന്ന മനോഭാവമാണത്. ‘ഞാന്‍ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു'(യോഹ. 8:28). ‘ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്. പിതാവ് എന്നില്‍ വസിച്ചുകൊണ്ട് തന്റെ പ്രവൃത്തി ചെയ്യുന്നു'(യോഹ.14:10) എന്നീ വചനങ്ങളും സ്വയശക്തിയിലല്ലാതെ പിതാവില്‍ മാത്രം ആശ്രയിക്കുന്ന ജീവിതമായിരുന്നു അവിടുത്തേത് എന്നു വ്യക്തമാക്കുന്നു. ‘ഞാനല്ല… പിതാവ് എന്നില്‍’ എന്ന യേശുവിന്റെ ഇതേ നിലപാട് തന്നെയായിരിക്കും ഇന്നും സമര്‍പ്പണത്തിന്റെ ഈ പടവിലെത്തിയ ഒരു ദൈവഭൃത്യന്റേത്. ഉദാഹരണത്തിനു പൗലൊസിന്റെ ഏറ്റുപറച്ചില്‍ ശ്രദ്ധിക്കുക: ”ഞാനല്ല… ക്രിസ്തുവത്രേ എന്നില്‍'(ഗലാ.2:20). ഈ കാര്യം നമ്മെ സംബന്ധിച്ചിടത്തോളം എങ്ങനെയിരിക്കുന്നു?

മൂന്നാമതായി ഫെനലന്‍ പറയുന്നു: ”സംഭവിക്കുന്നതെല്ലാം(വ്യക്തികള്‍ സാഹചര്യങ്ങള്‍, എതിര്‍ അനുഭവങ്ങള്‍) ദൈവനിര്‍ണ്ണയം എന്ന നിലയില്‍ സ്വീകരിക്കണം.’ തന്റെ ജീവിതപന്ഥാവില്‍ അഭിമുഖീകരിക്കുവാന്‍ ഇടയായ എല്ലാവരെയും ദൈവം തന്നെ തന്റെ നേരേ അയച്ചവരായി യേശു സ്വീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ തന്നെ ചുംബനത്താല്‍ ഒറ്റിക്കൊടുക്കാന്‍ വന്ന ഇസ്‌ക്കര്യോത്താ യൂദയെ ‘സ്‌നേഹിതാ’ എന്ന് അഭിസംബോധന ചെയ്തത്?(മത്താ.26:50). തന്നെ വിസ്തരിച്ച പീലാത്തോസിനോട് ഈ കാര്യം യേശു നേരേ പറയുന്നുണ്ട്: ‘മേലില്‍ നിന്നു നിന്നെ ഇതിന് അധികാരപ്പെടുത്തി അയച്ചിരിക്കുകയാണ്’ (യോഹ.19:11). ജീവിതവഴിയില്‍ തനിക്കു നേരിടേണ്ടിവന്ന വ്യക്തികള്‍, സാഹചര്യങ്ങള്‍, അനുഭവങ്ങള്‍ എല്ലാം ദൈവഹിതത്തിന്റെ ഭാഗമായി യേശു കണ്ടു(യോഹ.17:2-10 വാക്യങ്ങള്‍ ശ്രദ്ധിക്കുക). നമ്മുടെ നിലപാട് എന്താണ്?


~ഒടുവിലായി, സമര്‍പ്പിതമായ ഒരു വിശുദ്ധജീവിതം തന്നെ നമ്മെ ഒരു സ്വയതൃപ്തിയിലേക്കു നയിക്കരുതെന്നാണ് ഫെനലന്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരില്‍വച്ച് എല്ലാ അര്‍ത്ഥത്തിലും വിശുദ്ധിയുടെ, സംതൃപ്തിയുടെ, സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപമായിരുന്നു യേശു. എന്നിട്ടും അതൊന്നും തന്നെ സ്വയതൃപ്തിയിലേക്കു നയിച്ചില്ല. ‘ക്രിസ്തുവും തന്നില്‍ത്തന്നെ പ്രസാദിച്ചില്ല'(റോമ.15:3). പൗലൊസും പങ്കിട്ടത് ഇതേ മനോഭാവമായിരുന്നു(ഫിലി.3:12 കാണുക). സ്വന്തവിശുദ്ധിയിലോ ആത്മീയനേട്ടത്തിലോ തൃപ്തരല്ലാത്തവര്‍ നിരന്തരം ദൈവത്തിനായിത്തന്നെ വിശക്കുകയും ദാഹിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ ഭാഗ്യവാന്മാരാണെന്നു യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ(മത്താ.5:6,3). നമ്മുടെ അവസ്ഥ എങ്ങനെ?

ഉവ്വ്, സ്വസ്ഥതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും വിജയത്തിലേക്കുമുള്ള വഴി സമര്‍പ്പണത്തിലൂടെയാണ്.

അധ്യായം 22:
സഭയുടെ സ്ഥാനം, കര്‍ത്തവ്യം


ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന, ദൈവത്തിന്റെ മനുഷ്യരാശിയോടുള്ള ഇടപാടിന്റെ ആത്യന്തികലക്ഷ്യം(Ultimate aim) എന്താണ്? അതു കുറെ മനുഷ്യരെ രക്ഷിച്ചു സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുക എന്നതാണോ? അതോ ദൈവത്തെ അനുസരിക്കാത്ത ആളുകളെ ശിക്ഷിച്ചു നരകത്തില്‍ തള്ളിക്കളയുക എന്നതോ? സാത്താനെയും കൂട്ടരെയും ഭൂമുഖത്തുനിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണോ ദൈവം പ്രവര്‍ത്തിക്കുന്നത്? പുതിയൊരു ആകാശവും ഭൂമിയും സൃഷ്ടിച്ച് പുതിയൊരു സംവിധാനക്രമം ആരംഭിക്കുകയാണോ ദൈവത്തിന്റെ ഉദ്ദേശ്യം? എന്താണ് ദൈവത്തിന്റെ ആത്യന്തികലക്ഷ്യം?

തര്‍ക്കശാസ്ത്രത്തില്‍ അവശിഷ്ടവാദം (residual argument) എന്നൊരു ന്യായം ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവസാനം എന്ത് അവശേഷിക്കുന്നുവോ അതു നോക്കിയിട്ട്, ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉദ്ദേശ്യം ഒടുവില്‍ ഈ ഫലം ലഭിക്കാന്‍ വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കുന്നതാണത്. ഒരു രസതന്ത്രശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണശാലയില്‍ പരീക്ഷണങ്ങളില്‍ വ്യാപൃതനായിരിക്കുന്നത് ഈ ന്യായത്തിനു നല്ലൊരു ഉദാഹരണമാണ്. ഒരു സാധാരണക്കാരന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ അദ്ദേഹം എന്തിനു വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നു മനസ്സിലാക്കാന്‍ വിഷമം. ശാസ്ത്രജ്ഞന്‍ ചില മൂലകങ്ങള്‍ ഒരു പരീക്ഷണനാളിയില്‍ ഇടുന്നു. ചൂടാക്കുന്നു. പെട്ടെന്നു തണുപ്പിക്കുന്നു. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പകരുന്നു… ഇതെല്ലാം എന്തിനുവേണ്ടി? എന്നാല്‍ ഒടുവില്‍ പരീക്ഷണത്തിന്റെ അന്ത്യത്തില്‍ ടെസ്റ്റ്ട്യൂബിന്റെ അടിത്തട്ടില്‍ ഒരു സ്വര്‍ണ്ണത്തരി കിടന്നു വെട്ടിത്തിളങ്ങുന്നതു കാണുമ്പോള്‍ മനസ്സിലാകുന്നു-‘ഓ, ഇദ്ദേഹം ഈ പൊന്നിന്‍ കഷണം ലഭിക്കാന്‍ വേണ്ടിയാണ് ഇത്രയും നേരം അധ്വാനിച്ചത്!’

ഈ അവശിഷ്ടവാദത്തിന്റെ വീക്ഷണകോണിലൂടെ ബൈബിളിനെ നോക്കിക്കണ്ടാല്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആത്യന്തികലക്ഷ്യം എന്താണെന്നു വ്യക്തമാകും. ബൈബിളിന്റെ തുടക്കത്തില്‍ ഉല്‍പത്തിയില്‍ ‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുന്നു’. സകല ചരാചരങ്ങളെയും ഒടുവില്‍ മനുഷ്യനെയും സൃഷ്ടിക്കുന്നു. നോഹ, അബ്രാഹാം, ഒടുവില്‍ യിസ്രായേല്‍ ജനത. രാജാക്കന്മാര്‍, യുദ്ധങ്ങള്‍, പടയോട്ടങ്ങള്‍. കാലസമ്പൂര്‍ണതയില്‍ യേശുവിന്റെ വരവ്. സുവിശേഷങ്ങളില്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ, ക്രൂശുമരണത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ വിവരണങ്ങള്‍, ലേഖനങ്ങളില്‍ ജീവിതം സംബന്ധിച്ച ഉദ്‌ബോധനങ്ങള്‍. ഒടുവില്‍ വെളിപ്പാടു പുസ്തകത്തിന്റെ അവസാനതാളുകളിലെത്തുമ്പോഴാണ് ഇങ്ങനെയൊരു ക്ഷണം-‘വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം'(വെളി.21:9). അപ്പോള്‍ എല്ലാ ദൈവപ്രവൃത്തിയുടെയും ആത്യന്തികലക്ഷ്യം ഇതായിരുന്നു- കുഞ്ഞാടിന് ഒരു കാന്ത. മണവാട്ടി. അതു സഭയാണ്.

ദൈവത്തെ സംബന്ധിച്ചിടത്തോളം സഭ വളരെ പ്രധാനം ആണ്. ദൈവത്തിന്റെ സകലപ്രവൃത്തികളുടെയും രഹസ്യങ്ങള്‍ സഭ മുഖാന്തരമാണ് അറിയായ്‌വരുന്നത്. ‘സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥയും… ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനവും… കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണയപ്രകാരം സഭ മുഖാന്തരം അറിയായ്‌വരുന്നു'(എഫേ.3:9-11). എത്ര അത്ഭുതകരം! സഭയുടെ ഈ നിലയിലുള്ള പ്രാധാന്യം മനസ്സിലാക്കാന്‍ ഒരു വെളിപ്പാടാണ് ആവശ്യം. സഭയെ സംബന്ധിച്ച് പ്രധാനമായും രണ്ട് വെളിപ്പാടുകളാണ് വേണ്ടത്. ഒന്ന്: സഭയുടെ സ്ഥാനം. രണ്ട്: സഭയുടെ കര്‍ത്തവ്യം.

ഇന്നു സഭയുടെ സ്ഥാനം എന്താണ്? അവിടുന്നു ഭൂമിയിലായിരുന്ന കാലത്ത് യേശുവിനുണ്ടായിരുന്ന സ്ഥാനമാണ് ഇന്നു സഭയ്ക്കുള്ളതെന്നു വാച്ച്മാന്‍ നീ വിശദീകരിച്ചിട്ടുണ്ട്. ജഡാവതരണത്തിന്റെ സമയത്ത് ദൈവം തന്നെത്തന്നെ ഒരു ശരീരത്തിലേക്കു പരിമിതപ്പെടുത്തി. അതാണ് യേശു. നാലു സുവിശേഷങ്ങളുടെ കാലഘട്ടത്തില്‍ ദൈവം ആ ശരീരത്തിനു വെളിയില്‍ രക്ഷണ്യപ്രവൃത്തി സംബന്ധിച്ച് ഒന്നും ചെയ്തില്ല. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പുത്രനെ ഏല്‍പിച്ചു. ദൈവത്തിന്റെ സകലസമ്പൂര്‍ണതയും യേശുവിലാണ് വെളിപ്പെട്ടത്. തന്റെ ഇഷ്ടമല്ല, തന്നെ അയച്ചവന്റെ ഇഷ്ടമാണ് താന്‍ ചെയ്യുന്നതെന്നും (യോഹ.6:38), പുത്രന്‍ സ്വതവെ ഒന്നും ചെയ്യുന്നില്ല പിതാവു ചെയ്തുകണ്ടതാണ് ചെയ്യുന്നതെന്നും (യോഹ. 5:19), പിതാവില്‍നിന്നും കേട്ടതു മാത്രമാണ് സംസാരിക്കുന്നതെന്നും (യോഹ. 8:26) യേശു പ്രസ്താവിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്? ദൈവം തന്റെ ഇഷ്ടവും വാക്കുകളും പ്രവൃത്തികളുമെല്ലാം പുത്രനില്‍ ഭരമേല്‍പിച്ചുവെന്നല്ലേ? വചനം ജഡമായിത്തീര്‍ന്നു. ദൈവം മനുഷ്യനായി പരിമിതപ്പെട്ടു. ദൈവം ഭൂമിയില്‍ വന്നു. ഇതാണ് യേശു. ഇതായിരുന്നു ഭൂമിയില്‍ ജീവിച്ച കാലത്തെ യേശുവിന്റെ സ്ഥാനം.

ഇന്നു സഭയുടെ സ്ഥാനമോ? ജഡാവതരണത്തിന്റെ സമയത്ത് ദൈവം തന്നെത്തന്നെ ശരീരത്തിലേക്കു പരിമിതപ്പെടുത്തിയതുപോലെ, ഇന്നു ദൈവം തന്നെത്തന്നെ നല്‍കിയിരിക്കുന്നത് സഭയ്ക്കാണ്. ‘അവനെ… അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു'(എഫെ.2:23). വാച്ച്മാന്‍ നീയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ഇന്ന് അവിടുത്തെ ശക്തിയും പ്രവര്‍ത്തനവും സഭയിലാണ് കണ്ടെത്തുന്നത്. അന്ന് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പുത്രനില്‍ ഭരമേല്‍പിച്ചതുപോലെ ഇന്നു ദൈവം തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഏല്‍പിച്ചിരിക്കുന്നത് സഭയെയാണ്. സഭയെക്കൂടാതെ അവിടുന്ന് ഒന്നും ചെയ്യുന്നില്ല. ദൈവം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. അവിടുന്നു പൂര്‍ണമായും സഭയിലൂടെ പ്രവര്‍ത്തിക്കുന്നു. പെന്തക്കോസ്തു മുതല്‍ ഇന്നുവരെ ദൈവത്തിന്റെ പ്രവര്‍ത്തനം സഭ മുഖാന്തരം ആണ് നടക്കുന്നത്. ദൈവം പൂര്‍ണമായും കലവറ കൂടാതെയും ഒരു വ്യക്തിക്ക്(ക്രിസ്തുവിന്) തന്നെത്തന്നെ നല്‍കിയതുപോലെ അവിടുന്ന് ഇന്നു പൂര്‍ണമായും കലവറ കൂടാതെയും തന്നെത്തന്നെ നല്‍കിയിരിക്കുന്നത് സഭയ്ക്കാണ്.

ഇതാണ് സഭയുടെ സ്ഥാനം!
രണ്ടാമതു സഭയുടെ കര്‍ത്തവ്യത്തെക്കുറിച്ചുള്ള വെളിപ്പാടാണ് നമുക്കു വേണ്ടത്. സഭയുടെ സ്ഥാനത്തെക്കുറിച്ചുള്ള ബോധ്യമാണ് സഭയുടെ കര്‍ത്തവ്യത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്കു നമ്മെ നയിക്കുന്നത്. ദൈവം തന്നെത്തന്നെ സഭയ്ക്കു കൊടുക്കുകയും സഭയിലൂടെ മാത്രം അവിടുന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ സഭയുടെ ചുമതല എത്ര വലുതാണ്! സഭ പരിമിതപ്പെട്ടുപോയാല്‍ ദൈവവും പരിമിതപ്പെട്ടു! സഭ ശക്തിഹീനമായാല്‍ ദൈവപ്രവൃത്തിയും ശക്തിഹീനമായിപ്പോകും!

സഭയ്ക്ക് എങ്ങനെയാണ് പരിമിതപ്പെട്ടും ശക്തിഹീനവുമായി പോകാതിരിക്കാനാവുന്നത്? യേശു ഭൂമിയിലായിരുന്നപ്പോള്‍ ദൈവ ത്തെ പരിമിതപ്പെടുത്തുകയോ ദൈവപ്രവൃത്തിയെ ശക്തിഹീനമാക്കുകയോ ചെയ്യാതിരുന്നതെങ്ങനെയാണെന്നു ശ്രദ്ധിച്ചാല്‍ ഈ ചോദ്യത്തിനു മറുപടിയായി. യേശു തന്റെ ജീവനെ ധാരാളമായി പകര്‍ന്നുനല്‍കുകയും ധാരാളം വിളവുണ്ടാകുകയും ചെയ്തതെങ്ങനെയാണ്? യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു കോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കില്‍ അതു തനിയെ ഇരിക്കും. ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ കളയും. ഈ ലോകത്തില്‍ തന്റെ ജീവനെ പകയ്ക്കുന്നവന്‍ നിത്യജീവനായി അതിനെ സൂക്ഷിക്കും'(യോഹ.12: 24,25).

വീണുമരിക്കുന്നതാണ് ദൈവത്തിന്റെ പ്രവൃത്തിയെ പരിമിതിയില്ലാതെ, ശക്തിയോടെ, നല്ല വിളവിലേക്കു നയിക്കാനുള്ള മാര്‍ഗ്ഗം എന്നു യേശു കണ്ടെത്തിയെങ്കില്‍ ഇന്നു സഭയ്ക്കും മറ്റൊരു വഴിയില്ല. ഇതാണ് സഭയുടെ കര്‍ത്തവ്യം. സഭയെന്നാല്‍ സഭാംഗങ്ങളാണ്. അങ്ങനെയെങ്കില്‍ സഭാംഗങ്ങളോരോരുത്തരും ക്രൂശിന്റെ ഈ വഴി, നുറുക്കത്തിന്റെ ഈ മാര്‍ഗ്ഗം, കണ്ടെത്തേണ്ടതുണ്ട്.

നാം അതു ചെയ്തില്ലെങ്കില്‍ സഭ പരിമിതപ്പെട്ടും ശക്തിഹീനവുമായിപ്പോകും; ദൈവത്തിന്റെ പ്രവൃത്തിയും.

എത്ര ഗൗരവത്തോടെ നാം ഈ കാര്യങ്ങള്‍ കാണേണ്ടിയിരിക്കുന്നു.

അധ്യായം 23 :
ശബ്ബത്തനുഭവം – നമ്മുടെ ജന്മാവകാശം


ഭക്തസിംഗ് എന്ന ദൈവഭൃത്യനോട് ആരോ ഒരിക്കല്‍ ചോദിച്ചു: ”മിസ്റ്റര്‍ ഭക്തസിംഗ്, താങ്കള്‍ ബൈബിളിലെ യോനയുടെ കഥ വിശ്വസിക്കുന്നുണ്ടോ? ഒരു വലിയ തിമിംഗലം യോന എന്ന മനുഷ്യനെ വിഴുങ്ങിയെന്നും അയാള്‍ മൂന്നു ദിവസം തിമിംഗലത്തിന്റെ വയറ്റില്‍ ജീവനോടെ കിടന്നെന്നും ഒടുവില്‍ തിമിംഗലം യോനയെ കരയിലേക്കു ഛര്‍ദ്ദിച്ചിട്ടപ്പോള്‍ യോന ജീവനോടെ എഴുന്നേറ്റു നടന്നുപോയെന്നും ഒക്കെ?”

ഭക്തസിംഗിന്റെ മറുപടി ഇങ്ങനെ: ”വലിയ ഒരു തിമിംഗലം യോന എന്ന കൊച്ചു മനുഷ്യനെ വിഴുങ്ങി എന്നല്ല, മറിച്ചു യോന എന്ന കൊച്ചുമനുഷ്യന്‍ വലിയ ഒരു തിമിംഗലത്തെ വിഴുങ്ങി എന്നാണു ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അതും ഞാന്‍ പൂര്‍ണമായി വിശ്വസിക്കുമായിരുന്നു.”

നോക്കുക: വിശ്വാസം എന്നു പറയുന്നതിതാണ്. ബൈബിളില്‍ അങ്ങനെയുണ്ട്. അതുകൊണ്ട് ഞാന്‍ അതു വിശ്വസിക്കുന്നു! ആകാശവും ഭൂമിയും മാറിപ്പോയെന്നു വരാം. എന്നാല്‍ ദൈവവചനത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല.

പക്ഷേ ബൈബിള്‍ ദൈവശ്വാസീയമാണെന്നും അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാനുള്ളതാണെന്നും പറയുന്ന സുവിശേഷവിഹിതരായ ക്രിസ്ത്യാനികള്‍ തന്നെ ചില ആത്മീയസത്യങ്ങളുടെ നേരേ കണ്ണടയ്ക്കാറില്ലേ? ഉദാഹരണത്തിന് ‘നിങ്ങള്‍ കൃപയ്ക്കധീനരാകയാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ ത്തൃത്വം നടത്തുകയില്ല’ എന്ന വചനം (റോമ. 6:14) ശ്രദ്ധിക്കുക. സംശയത്തിനു നേരിയ ഇടപോലും ശേഷിപ്പിക്കാത്ത എത്ര വ്യക്തവും ശക്തവുമായ ഒരു വചനം! എന്നിട്ടും ഈ സത്യം ഇന്നു മിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമായിട്ടില്ല. എന്തുകൊണ്ടാണ്?
പ്രധാനകാരണം ഇതേപ്പറ്റിയുള്ള പ്രസംഗങ്ങളും എഴുത്തുകളും ഇന്നു നന്നേ വിരളമാണ് എന്നതുതന്നെ. ‘ആരും പ്രസംഗിക്കാതെ എങ്ങനെ കേള്‍ക്കും? കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും?’

പാപത്തിന്മേല്‍ ജയമുള്ള ഒരു ജീവിതം-ഒരു ദൈവമകന്/മകള്‍ക്ക് ഈ ഭൂമിയില്‍ തന്നെ ദൈവം വച്ചിരിക്കുന്ന ഒരു സാധ്യതയാണ്. പക്ഷേ ഈ അവകാശത്തിലേക്ക് പലര്‍ക്കും ഇന്നു നടന്നുകയറാനുള്ള തടസ്സം എന്താണ്? അവിശ്വാസം തന്നെ.

പഴയനിയമസഭയായ യിസ്രായേലും ഈ നിലയില്‍ ദൈവം അവര്‍ക്കായി വച്ചിരുന്ന ഒരു അവകാശം അവിശ്വാസംമൂലം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് എബ്രായര്‍ മൂന്ന്, നാല് അധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ദൈവിക സ്വസ്ഥതയായ കനാന്‍ നാട്ടിലേക്കു പ്രവേശിക്കാനുള്ള സാധ്യതയായിരുന്നു അവര്‍ നഷ്ടമാക്കിയത്.

കനാന്‍നാട് സ്വര്‍ഗ്ഗത്തിന്റെ നിഴലാണെന്നാണ് ഇന്നു മിക്ക വിശ്വാസികളും കരുതുന്നത്. ‘സ്വര്‍ഗ്ഗീയകനാന്‍’ തുടങ്ങിയ പ്രയോഗങ്ങളും പാട്ടുകളും ഓര്‍ക്കുക. എന്നാല്‍ വാസ്തവത്തില്‍ കനാന്‍ സ്വര്‍ഗ്ഗത്തിന്റെ നിഴലല്ല. കനാനില്‍ യിസ്രായേലിന് മല്ലന്മാരോട് യുദ്ധം ചെയ്യേണ്ടിവന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് ഒന്നിനോടും-പാപത്തോടും-യുദ്ധം ചെയ്യേണ്ടിവരികയില്ലല്ലോ. അങ്ങനെയെങ്കില്‍ കനാന്‍ എന്താണ്?

കനാനെ ശബ്ബത്തനുഭവം, സ്വസ്ഥത എന്നെല്ലാമാണു എബ്രായ ലേഖനകാരന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാപവും സ്വയത്തിന്റെ പ്രവൃ ത്തികളുമല്ലേ വാസ്തവത്തില്‍ നമ്മുടെ സ്വസ്ഥത നശിപ്പിക്കുന്നത്? പാപം നമ്മെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് പാപത്തിന്മേല്‍ ജയമുള്ള ഒരു ജീവിതമാണ് സ്വസ്ഥത, ശബ്ബത്തനുഭവം, കനാന്‍. ചുരുക്കത്തില്‍ ദൈവജനത്തിന് ഈ ഭൂമിയില്‍ തന്നെ ദൈവം വച്ചിരിക്കുന്ന ഒരു സാധ്യതയാണു കനാന്‍ അനുഭവമെന്ന വിജയകരമായ ഒരു ജീവിതം.

കനാനില്‍ പ്രവേശിക്കാന്‍ കഴിയാതെ മരുഭൂമിക്കു വളമായിത്തീര്‍ന്ന യിസ്രായേല്‍മക്കള്‍ സാധാരണക്കാരായിരുന്നോ? അല്ല. അവരുടെ പ്രത്യേകത ശ്രദ്ധിക്കുക:”സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍കീഴില്‍ ആയിരുന്നു. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്‌നാനം ഏറ്റു മോശെയോടു ചേര്‍ന്നു… എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു… ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു” (1 കൊരിന്ത്യര്‍ 10:1-5).

ഇന്നത്തെ വിശ്വാസസമൂഹത്തിന്റെ ഒരു പ്രതീകമാണ് ഇവരെന്നു കാണാം. അവര്‍ പെസഹയും ചോരത്തളിയും ആചരിച്ചു മിസ്രയേമില്‍ നിന്ന് ഇറങ്ങിപുറപ്പെട്ടവരാണ്. ഇതു വീണ്ടുംജനനത്തിന്റെ നിഴലാണ്. അവര്‍ സമുദ്രത്തിലൂടെ കടന്നു മോശെയോടു ചേര്‍ന്നു. ഇതു വിശ്വാസസ്‌നാനത്തിന്റെ പ്രതീകം. മേഘത്തിലൂടെ കടന്നത് ആത്മസ്‌നാനത്തിന്റെ മുന്‍കുറി. എങ്കിലും അവര്‍ വിജയകരമായ ജീവിതത്തിന്റെ നിഴലായ കനാനില്‍ പ്രവേശിക്കാഞ്ഞതുമൂലം മരുഭൂമിയില്‍ നശിച്ചുപോയി. യിസ്രായേല്‍ പ്രതീകാത്മകമായി പിന്നിട്ട ആത്മീയ മുന്നേറ്റത്തിന്റെ ഒരോ നാഴികക്കല്ലിനും ചുറ്റും ഒരോ സഭകള്‍ തീര്‍ത്തവരാണ് ഇന്നു ക്രിസ്തീയഗോളത്തില്‍ ഉള്ളവരെന്നു കാണാം. ചിലര്‍ വീണ്ടും ജനനവും രക്ഷാനുഭവവും-അവിടെ വരെമാത്രമേ വന്നിട്ടുള്ളൂ. ആ അനുഭവത്തിനുചുറ്റും അവര്‍ തങ്ങളുടെ സഭ പണിതിരിക്കുന്നു. രക്ഷയില്‍നിന്ന് ഒരു പടികൂടി മുന്നോട്ടു വന്നു വിശ്വാസസ്‌നാനവും കൂടി അംഗീകരിക്കുന്നവരാണു മറ്റുചില ‘സഹോദരന്മാര്‍.’ അതിനുചുറ്റുമാണ് അവരുടെ സഭ. അവിടെനിന്നും മുന്നോട്ടു വന്നു പരിശുദ്ധാത്മസ്‌നാനം കൂടി അംഗീകരിക്കുന്ന പെന്തക്കോസ്തു വിശ്വാസികളാകട്ടെ അവിടെ വച്ചു ‘ഫ്രീസു ചെയ്യപ്പെട്ട്’ ആ അനുഭവത്തിനു ചുറ്റും തങ്ങളുടെ സഭ സ്ഥാപിച്ചിരിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക: പഴയനിയമ യിസ്രായേല്‍ ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുവന്നിട്ടും അടുത്ത പടിയായ പാപത്തിന്മേല്‍ ജയമുള്ള വിജയകരമായ ജീവിതത്തിന്റെ നിഴലായ കനാന്റെ സ്വസ്ഥതയില്‍ പ്രവേശിക്കാഞ്ഞതു മൂലം മരുഭൂമിയില്‍ പട്ടുപോയി.

എത്ര ഗൗരവത്തോടെ നാം ഈ കാര്യം കാണേണ്ടിയിരിക്കുന്നു! അതുകൊണ്ട് പരിശുദ്ധാത്മാവു നല്‍കുന്ന ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: ”അവരെപ്പോലെ (യിസ്രായേലിനെപ്പോലെ) നാമും ഒരു സദ്വര്‍ത്തമാനം (വാഗ്ദത്ത കനാനിലേക്കുള്ള പ്രവേശനം അഥവാ പാപത്തിന്മേല്‍ ജയമുള്ള സ്വസ്ഥതയുള്ള ജീവിതത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച സുവാര്‍ത്ത) കേട്ടവര്‍ ആകുന്നു. എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്‌കൊണ്ട് കേട്ടവചനം അവര്‍ക്ക് (യിസ്രായേലിന്) ഉപകാരമായി വന്നില്ല. വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു” (എബ്രായര്‍ 4:2,3).

നിങ്ങള്‍ ഇതു വിശ്വസിക്കുമോ? എങ്കില്‍ ‘നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കും’ (മത്തായി 9:29). ശബ്ബത്തനുഭവം നമ്മുടെ ജന്മാവകാശമാണ്.

അധ്യായം 24 :
സമര്‍പ്പണം, വിശ്വാസം

കഥയാണിത്. എങ്കിലും വളരെ അര്‍ത്ഥവത്തായ ഒരു കൊച്ചുകഥ -കഥാകൃത്തിന്റെ ഭാവന ഇങ്ങനെ:
ഒരാള്‍ മരിച്ച് സ്വര്‍ഗ്ഗകവാടത്തിലെത്തി. വിശുദ്ധ പത്രൊസ് അവിടെ അയാളെ തടഞ്ഞു നിര്‍ത്തി:”താങ്കളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാം. പക്ഷേ ഒരു ചെറിയ പ്രവേശനപരീക്ഷയുണ്ട്. അതില്‍ പാസ്മാര്‍ക്കു കിട്ടിയാല്‍ മാത്രമേ ഇവിടെ പ്രവേശനം ഉള്ളൂ.”

ഭൂമിയില്‍ ദൈവകല്പനകളെല്ലാം അനുസരിച്ച് വിശുദ്ധജീവിതം നയിച്ചുവന്ന അയാള്‍ പ്രവേശനപരീക്ഷ എന്നു കേട്ടു പേടിച്ചില്ല. പരീക്ഷയില്‍ ജയിച്ച് സ്വര്‍ഗ്ഗ പ്രവേശത്തിനു താന്‍ യോഗ്യനാകും എന്ന കാര്യത്തില്‍ അയാള്‍ക്കു സംശയമേ ഇല്ലായിരുന്നു.

പത്രൊസ് വീണ്ടും നിബന്ധനകള്‍ വിശദമാക്കി: ”രക്ഷിക്കപ്പെട്ട തിനുശേഷം താങ്കള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഒരോന്നായി പറയൂ. ഞാന്‍ അവ ഓരോന്നിനും മാര്‍ക്കിടാം. മൊത്തം മാര്‍ക്ക് 35 കവിയുന്ന നിമിഷം താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹനായി.”

”അത്രയേ ഉള്ളോ? ഇതാ കേട്ടോളൂ. ഞാന്‍ 45 കൊല്ലം ഭാര്യയു മൊത്ത് അനുഗൃഹീതമായ ഒരു കുടുംബജീവിതം നയിച്ചു. ഒരിക്കലും മനസ്സില്‍ പോലും അവളെ വഞ്ചിച്ചിട്ടില്ല”.

”കൊള്ളാം! വളരെ നന്നായിരിക്കുന്നു. ഞാനതിന് താങ്കള്‍ക്ക് കൃത്യം രണ്ടരമാര്‍ക്കു തന്നെ തരുന്നു”
”കേവലം രണ്ടരമാര്‍ക്കോ? ശരി, ഞാന്‍ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം മുടങ്ങാതെ കവലകളില്‍ പരസ്യയോഗങ്ങളും സുവിശേഷ പ്രതികളുടെ വിതരണവും നടത്തിയിട്ടുണ്ട്”.
”ഗംഭീരം! ഒരു മാര്‍ക്ക്”

”രണ്ടരയും ഒന്നും മൂന്നര. ഇങ്ങനെയായാല്‍…” അയാളുടെ മുഖം കുനിഞ്ഞു എങ്കിലും അയാള്‍ ആലോചനയോടെ തുടര്‍ന്നു: ”ഞാന്‍ 50 വര്‍ഷത്തെ ക്രിസ്തീയ ജീവിതത്തില്‍ ഒരു ഞായറാഴ്ച പോലും സഭായോഗം മുടക്കിയിട്ടില്ല”
”തകര്‍ത്തു! ഒന്നര മാര്‍ക്ക്”

അയാള്‍ക്കു തന്റെ നിരാശ അടക്കി വയ്ക്കാന്‍ കഴിഞ്ഞില്ല. അയാ ളുടെ ഉച്ചത്തിലുള്ള ആത്മഗതം ഇങ്ങനെ: ”ഇങ്ങനെയാണെങ്കില്‍ കര്‍ത്താവിന്റെ കൃപയ്ക്കു മാത്രമേ എന്നെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകാന്‍ കഴിയൂ.”

”ഗംഭീരം! ആ ഏറ്റുപറച്ചില്‍ താങ്കള്‍ക്കു നൂറില്‍നൂറു മാര്‍ക്കും നേടിത്തന്നിരിക്കുന്നു. ദയവായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാലും!”

അപ്രതീക്ഷിതമായിരുന്നു പത്രൊസിന്റെ വാക്കുകള്‍. അയാള്‍ക്കു സ്വന്ത ചെവികളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!

കഥ ഇവിടെ തീരുന്നു. ആട്ടെ, തുടര്‍ന്നു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച അയാളുടെ അവിടത്തെ പാട്ട് എന്തായിരിക്കുമെന്നാണു നിങ്ങള്‍ ഊഹിക്കുന്നത്?

അതെ, നിങ്ങള്‍ പറഞ്ഞതു ശരിയാണ്. വെളിപ്പാടു പുസ്തകം നാലാം അധ്യായത്തിലെ മൂപ്പന്മാരുടെ പാട്ടിന്റെയും ഏഴാം അധ്യായ ത്തിലെ മഹാപുരുഷാരത്തിന്റെ പാട്ടിന്റേയും അതേ ശ്രുതിയും രാഗവു മായിരിക്കും അയാളുടെ പാട്ടിനും. ”ഞങ്ങളുടെ കര്‍ത്താവും ദൈവവുമേ നീ യോഗ്യന്‍. നീ മാത്രമാണു യോഗ്യന്‍… രക്ഷ അവിടുത്തെ ദാനം.”

ഉവ്വ്, സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോള്‍ ഭൂമിയില്‍ നാം കര്‍ത്താവിന്റെ നാമത്തിനു വേണ്ടി സഹിച്ച കഷ്ടങ്ങളൊന്നും നമ്മുടെ പുകഴ്ചയായി രിക്കുകയില്ല. ദൈവകല്പനയുടെ അനുസരണത്തിന്റെ വഴിയില്‍ നാം ചെയ്ത പ്രവൃത്തികളൊന്നും നമ്മുടെ മഹത്വമായിരിക്കുകയില്ല… അവിടെ സകല ബഹുമാനവും മഹത്വവും പുകഴ്ചയും ഒരാള്‍ക്കു മാത്രമായിരിക്കും-അറുക്കപ്പെട്ട കുഞ്ഞാടിന്. നമ്മുടെ കര്‍ത്താവിന്. നമുക്കു ലഭിച്ചതെല്ലാം അവിടുത്തെ ദാനമായിരിക്കും. രക്ഷ മാത്രമല്ല വിജയകരമായ ക്രിസ്തീയജീവിതം പോലും.

നാം പലപ്പോഴും വിചാരിക്കുന്നത് രക്ഷ ദൈവത്തിന്റെ ദാനമാണ്. പക്ഷേ വിജയകരമായ ജീവിതം നമ്മുടെ പ്രവൃത്തികളുടെ ഫലമാണെ ന്നാണ്. എന്നാല്‍ പാപത്തിന്മേല്‍ ജയമുള്ള വിജയകരമായ ജീവിത ത്തിനും നാം അടിമുടി കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണ്.

ബൈബിളില്‍ വിജയം എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് 1 ശമുവേല്‍ 15:29ലാണ്. അവിടെ പറയുന്നു: ‘യിസ്രായേലിന്റെ മഹത്വമായവന്‍ (വിജയമായവന്‍-A.S.V margin) ഭോഷ്‌ക്കു പറകയില്ല. അനുതപി ക്കയുമില്ല.’ നോക്കുക: യിസ്രായേലിന്റെ വിജയം എന്നു പറയുന്നത് ഒരു അവസ്ഥയോ അനുഭവമോ അല്ല. മറിച്ച് ഒരു വ്യക്തിയാണ്. നമുക്കറിയാം മറ്റാരുമല്ല അതു കര്‍ത്താവായ യേശുക്രിസ്തുവാണ്.

നമ്മുടെ വിജയമായ കര്‍ത്താവിലേക്കു ചെല്ലാന്‍ വിശ്വാസിക്കു രണ്ടു പടികളാണുള്ളത്-സമര്‍പ്പണവും വിശ്വാസവും. ഗലാത്യര്‍ 2:20 ല്‍ ഈ രണ്ടു ഘടകങ്ങളും നമുക്കു കാണാം. ”ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രെ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്”.

ഈ വാക്യത്തിനു രണ്ടു ഭാഗങ്ങളാണുള്ളത്. ‘ഞാന്‍ ക്രിസ്തുവി നോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല’ എന്ന ആദ്യഭാഗം നിഷേധാത്മകമായ (Negative) ഒരു പ്രസ്താവ നയാണ്. ‘ഞാന്‍ ജീവിക്കുന്നില്ല. ഞാന്‍ മരിച്ചു’ എന്നത് സമര്‍പ്പണത്തെ, അടിയറവിനെ, മരണത്തെയാണു കാണിക്കുന്നത്. എന്നാല്‍ ‘ക്രിസ്തു വത്രേ എന്നില്‍ ജീവിക്കുന്നു… ഞാന്‍ ജീവിക്കുന്നതോ… ദൈവപുത്രങ്ക ലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്’ എന്ന ഈ വാക്യത്തിന്റെ രണ്ടാംഭാഗം ധനാത്മകമായ (Positive) പ്രസ്താവനയാണ്. ഈ ഭാഗം വിശ്വാസത്തെ കാണിക്കുന്നു.

സമര്‍പ്പണവും വിശ്വാസവും നമ്മെ വിജയകരമായ ഒരു ജീവിത ത്തില്‍ വഴി നടത്തും. നിരന്തരമായ ഒരു സമര്‍പ്പണവും വിശ്വാസവു മാണത്്.

സമര്‍പ്പണജീവിതം എന്നു പറയുന്നത് മാറ്റമുള്ള ഒരു ജീവിതമാ ണെന്നു പലരും കരുതുന്നു. പക്ഷേ സമ്പൂര്‍ണസമര്‍പ്പണ ജീവിതം കേവലം മാറ്റമുള്ള ഒരു ജീവിതമല്ല മറിച്ച് കൈമാറ്റം ചെയ്ത ഒരു ജീവിതമാണ് (It is not a changed life but an exchanged life). പലപ്പോഴും നമുക്കു നമ്മുടെ ജീവിതം നന്നാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതിന്റെ ഫലമായി നമ്മുടെ ജീവിതവും കര്‍ത്താവിന്റെ ജീവിതവും ഒന്നിച്ചുപോകുന്ന ഒരവസ്ഥ. എന്നാല്‍ വിജയകരമായി ജീവിക്കാന്‍ നാം നടത്തുന്ന ശ്രമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പരാജയപ്പെടാന്‍ ദൈവം അനുവദിക്കും. ഒടുവില്‍ നമ്മില്‍ നന്മ വസിക്കുന്നില്ല; ഈ ജീവിതം മരണത്തിന് ഏല്പിക്കാന്‍ മാത്രമേ കൊള്ളുകയുള്ളൂ എന്ന ബോധ്യത്തിലേക്കു ദൈവം നമ്മെ കൊണ്ടുവരും. നമ്മുടെ ജീവിത ത്തിന്റെ സ്ഥാനത്തു കര്‍ത്താവിന്റെ ജീവിതം കൈമാറ്റം ചെയ്യപ്പെ ടുകയും നമ്മില്‍ കര്‍ത്താവു ജീവിക്കുകയുമാണു പോംവഴി എന്ന നിലപാടില്‍ എപ്പോഴും നാം നില്ക്കും. ‘ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്നതിന്റെ നമ്മുടെ ജീവിതത്തെ സംബ ന്ധിച്ച പ്രായോഗികതലം ഇതാണ്. വിജയകരമായ ജീവിതത്തിനാ യുള്ള സമര്‍പ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. ഇതു നമ്മുടെ പ്രവൃത്തിയായി ഒറ്റനോട്ടത്തില്‍ തോന്നിയേക്കാമെങ്കിലും നാം ചിന്തിച്ചതുപോലെ അത് അടിസ്ഥാനപരമായി ദൈവം തന്റെ കൃപയാല്‍ നമ്മില്‍ ചെയ്യുന്ന ഒരു പ്രവൃത്തിയാണ്.

വിജയകരമായ ജീവിതത്തിന് സമര്‍പ്പണം മാത്രമല്ല വിശ്വാസവും ആവശ്യമാണെന്നു പറഞ്ഞല്ലോ? വിശ്വാസത്തിന്റെ നിര്‍വചനം നമ്മള്‍ എബ്രായര്‍ 11-ന്റെ ഒന്നില്‍ കാണുന്നു: ‘വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ( Faith is the substantiation of things hoped for, the conviction of things not seen). ഇവിടെ Substantiation എന്ന വാക്ക് പ്രത്യേകം ശ്രദ്ധേയമാണ്. ഇതിന്റെ അര്‍ത്ഥം ‘വസ്തുതകളെ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവ്’ എന്നാണ്. ദൈവികസത്യങ്ങളെ നമ്മുടെ ജീവിതത്തെ സംബന്ധിച്ചു യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതു വിശ്വാസത്തിലൂടെയാണെന്നു ചുരുക്കം. വിജയകരമായ ജീവിതം വിശ്വാസിക്കു ദൈവം വച്ചിരിക്കുന്ന ഒന്നാണ്. ആ സത്യത്തെ ജീവിതത്തില്‍ വാസ്തവമാക്കാന്‍ വിശ്വാസമാണു നമ്മെ സഹായിക്കുന്നത്.

വിശ്വാസം നമുക്കു നമ്മില്‍തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. ‘വിശ്വാസം വര്‍ദ്ധിപ്പിച്ചു തരണമേ’ എന്നാവശ്യപ്പെട്ട് ശിഷ്യന്മാര്‍ കര്‍ത്താവിന്റെ അടുത്തേക്കാണു പോയത് (ലൂക്കൊ.17:5). നമുക്കു വിശ്വാസത്തിന്റെ അളവു പങ്കിടുന്നതും ദൈവമാണല്ലോ (റോമര്‍ 12:13). നോക്കുക: നമ്മുടെ വിശ്വാസത്തെക്കുറിച്ചും നമുക്കു പുകഴുവാനൊ ന്നുമില്ല. അതും അവിടുത്തെ ദാനം.
വിജയകരമായ ജീവിതത്തെക്കുറിച്ചുള്ള ഈ സത്യങ്ങള്‍ കണ്ടു കഴിയുമ്പോള്‍ അപ്പൊസ്തലനായ പൗലൊസിനെപ്പോലെ നമുക്കും പറയാനുള്ളത് ഇതായിരിക്കും: സകലവും അവനില്‍നിന്നും അവ നാലും അവങ്കലേക്കും ആകുന്നുവല്ലോ. അവന് എന്നേക്കും മഹത്വം. ആമേന്‍ (റോമര്‍ 11:36).

അധ്യായം 25 :
ആര്‍ക്കും വേണ്ടാത്തവര്‍

തോറ്റവരെ ആര്‍ക്കും വേണ്ട. പരീക്ഷയിലായാലും ജീവിതത്തിലാ യാലും പരാജയപ്പെട്ടവരെ ആര്‍ക്കുവേണം? അങ്ങനെയുള്ളവര്‍ക്ക് ഒരു വിലയും ഈ ലോകം നല്‍കുന്നില്ല. എന്നാല്‍ എത്ര പരാജയപ്പെട്ട വര്‍ക്കും അംഗീകാരവും അഭയവും ലഭിക്കുന്ന ഒരിടമുണ്ട്. അത് യേശുവിന്റെ സന്നിധിയാണ്.

ഈ ലോകത്തിനു വേണ്ടതു മിടുക്കന്മാരെയാണ്. ശക്തിയുള്ളവരെ, അറിവുള്ളവരെ, കുടുംബശ്രേഷ്ഠതയുളളവരെ. എന്നാല്‍ ഇതൊന്നും ഇല്ലാത്തവരെ വേണ്ട ആരെങ്കിലും ഉണ്ടോ? ഉണ്ട് ഒരാളുണ്ട്. അത് യേശുവാണ്. ശ്രദ്ധിക്കുക: ‘സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍. …ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവു മായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു. ….നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു” (1 കൊരിന്ത്യര്‍ 1:26-30).

നമ്മുടെ വിളിയെ, തിരഞ്ഞെടുപ്പിനെ ഓര്‍ക്കുമ്പോള്‍ ഏതു ഹൃദയ മാണു നന്ദികൊണ്ടു നിറയാത്തത്? ഏതു കണ്ണുകളാണു നനയാത്ത തായുള്ളത്? ഈ വിളിക്ക്, തിരഞ്ഞെടുപ്പിന്, എന്തു യോഗ്യതയാണു നമുക്കുള്ളത്? കുലഹീനം, നികൃഷ്ടം, ബലഹീനം, ഏതുമില്ലാത്തത് -ഇതാണു യോഗ്യത. ലോകത്ത് എവിടെയും അയോഗ്യതയായി കാണുന്നതിനെ യോഗ്യതയായി എണ്ണിയവന്‍! ആര്‍ക്കും വേണ്ടാത്ത വരെ വേണ്ടിയവന്‍! എത്ര അത്ഭുതകരമായിരിക്കുന്നു! ഒരു ക്രിസ്തീയ ഗാനരചയിതാവ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു എഴുതിയതുപോലെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നിത്യത മുഴുവന്‍ നസറായനായ യേശുവിന്റെ മുന്‍പില്‍ അത്ഭുതാനന്ദാതിരേകത്തോടെ നാം നില്ക്കും-അരിഷ്ടപാപികളായ നമ്മെ എന്തുകൊണ്ട് അവിടുന്നു സ്‌നേഹിക്കുകയും വീണ്ടെടുക്കുകയും ചെയ്തുവെന്ന വിസ്മയത്തോടെ.

യേശുക്രിസ്തുവും വിശ്വാസികളുമായുള്ള സ്‌നേഹബന്ധത്തെ മണവാളനും മണവാട്ടിയും തമ്മിലുള്ള ഹൃദയബന്ധമായി ചിത്രീകരി ക്കുന്ന ഉത്തമ ഗീതത്തില്‍ മനോഹരമായ ഒരു വചനം ഇങ്ങനെ: ‘ഞാന്‍ കറുത്തവളെങ്കിലും …അഴകുള്ളവളാണ്’ (1:5). പ്രിയയുടെ വാക്കുകളാ ണിവ. സ്വന്തവിലയിരുത്തലില്‍ അവള്‍ കറുത്തവളാണെങ്കിലും പ്രിയന്റെ ദൃഷ്ടിയില്‍ അവള്‍ അഴകുള്ളവളാണ്. നമ്മുടെ വിളിയോടുള്ള ബന്ധത്തില്‍ ഈ ഏറ്റുപറച്ചില്‍ എത്ര അര്‍ത്ഥവത്താണ്! ‘നാം ഒരു കാലത്ത് ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍ പൗരത യോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍’ (എഫെസ്യര്‍ 2:12) എന്നു ദൈവവചനം പറയുമ്പോള്‍ നാം ‘കറുത്തവരാ’യിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ തുടര്‍ന്നു ‘മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു’ എന്നു പ്രസ്താവിക്കുമ്പോള്‍ നാം അവിടുത്തെ കണ്ണില്‍ അഴകുള്ളവരാണ് എന്ന അത്ഭുത സത്യത്തിന്റെ പ്രഘോഷണമാണത്.

സമാനമായ ഒരു ദൃഷ്ടാന്തം പഴയനിയമ ്രപവാചകന്‍ യെഹെസ്‌കേല്‍ വിവരിക്കുന്നുണ്ട്: ജനനദിവസം തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെപ്പോലെ യെരുശലേം ഒരു കണ്ണിനും കനിവുതോന്നാതെ വെളിമ്പ്രദേശത്ത് വെറുക്കപ്പെട്ടവളായി കിടക്കുന്നു (യെഹെസ്‌കേല്‍ 16:5). പക്ഷേ യഹോവയായ കര്‍ത്താവ് അവളെ അതിസുന്ദരിയായി കണ്ടെത്തുകയാണ് (16:7). നോക്കുക: യഥാര്‍ത്ഥത്തില്‍ കറുത്തവള്‍. പക്ഷേ കര്‍ത്താവിന്റെ കണ്ണില്‍ അഴകുള്ളവള്‍!

ഉത്തമഗീതത്തില്‍ നാം ചിന്തിച്ച ഭാഗത്തേക്കു മടങ്ങിവരുമ്പോള്‍ പ്രിയയെ ‘അതിസുന്ദരി’യെന്നാണു പ്രിയനും സംബോധന ചെയ്യുന്നത്. (1:8). അവന്റെ കണ്ണില്‍ അവള്‍ സുന്ദരിയാണ്, സുന്ദരിതന്നെ (1:15). എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവളുടെ അവസ്ഥ എന്താണ്? യെരുശലേം പുത്രിമാര്‍ തുറിച്ചു നോക്കത്തക്കവിധം അവള്‍ക്ക് ഇരുള്‍നിറം പറ്റിയിരി ക്കുന്നു. അവള്‍ വെയിലേറ്റു കറുത്തുപോയി (1:6). ഇവിടെ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്: പ്രിയ ഇപ്പോള്‍ യെരുശലേമിലാണ്; രാജാവിന്റെ മണവറയിലാണ്: യെരുശലേം സഭയുടെ നിഴലാണല്ലോ. സഭയില്‍ വന്നതിനുശേഷം സംഭവിച്ച നമ്മുടെ പിന്മാറ്റത്തിന്റെ നിദര്‍ശനമാണ് ഈ ഇരുള്‍നിറം. അവളുടെ ഏറ്റുപറച്ചില്‍ ഇങ്ങനെയാണ്: ”എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തു സൂക്ഷിച്ചില്ല” (1:6). നോക്കുക: ലോകത്തോടുള്ള ഒത്തുതീര്‍പ്പിന്റെ വെയിലേറ്റ് ഇരുള്‍ നിറംപറ്റിയവള്‍. സ്വന്തജീവിതമാകുന്ന മുന്തിരിത്തോട്ടം കാത്തു സൂക്ഷിക്കാന്‍ കഴിയാഞ്ഞവള്‍. കറുത്തവള്‍! എന്നാല്‍ അവള്‍ക്ക് ആ ഉറപ്പ് ഇപ്പോഴും ഉണ്ട്- ‘എങ്കിലും (അവിടുത്തെ കണ്ണില്‍) ഞാന്‍ അഴകുള്ളവളാണ്!’ ഹാ! എത്ര വലിയ ഉറപ്പ്! എന്തു വലിയ ധൈര്യം!!

ഇന്നു പരാജയപ്പെട്ടുപോയ പലര്‍ക്കും ഇല്ലാത്തത് ദൈവസ്‌നേ ഹത്തെക്കുറിച്ചുള്ള ഈ ഉറപ്പും ധൈര്യവുമല്ലേ? നമ്മെ കര്‍ത്താവ് ആദ്യം വിളിച്ചപ്പോള്‍ നാം കറുത്തവര്‍ ആണെങ്കിലും ദൈവദൃഷ്ടിയില്‍ അഴകു ള്ളവരായി എണ്ണപ്പെട്ടു എന്നതിനെക്കുറിച്ചു നമുക്ക് എത്ര ധൈര്യവും ഉറപ്പുമുണ്ടായിരുന്നു! എന്നാല്‍ ഇന്നു ദൈവസഭയില്‍ വന്നതിനുശേഷം ഉണ്ടായ തോല്‍വിയുടെ മുന്‍പില്‍ ‘ഞാന്‍ കറുത്തവള്‍ എങ്കിലും അവിടുത്തെ ദൃഷ്ടിയില്‍ ഇപ്പോഴും അഴകുള്ളവള്‍’ എന്നു പറയാനുള്ള ധൈര്യം വലിയൊരളവില്‍ ചോര്‍ന്നു പോയിട്ടില്ലേ?

എന്നാല്‍ ശ്രദ്ധിക്കുക: ദൈവവചനം ഇപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു: ‘ഞാന്‍ കറുത്തവള്‍… എങ്കിലും അഴകുള്ളവള്‍.’ ഇപ്പോള്‍ വേണ്ടത് ആ ധൂര്‍ത്തപുത്രനു തന്റെ പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചു ണ്ടായിരുന്ന ആ ഉറപ്പാണ്. അത് അവനെ പന്നിക്കൂട്ടില്‍ നിന്ന് എഴുന്നേല്പിച്ചു. സ്വന്തഭവനത്തിലേക്കുള്ള മടക്കയാത്ര അവിടെ ആരംഭിച്ചു.

സ്‌നേഹിതാ, പലവട്ടം തോറ്റു പോയവനായിരിക്കാം താങ്കള്‍. ഒരു പക്ഷേ സ്വന്ത ഛര്‍ദ്ദിയിലേക്കു തിരിയുന്ന നായെപ്പോലെ ഒരിക്കല്‍ ഉപേക്ഷിച്ച പാപങ്ങളിലേക്കു മടങ്ങിപ്പോയവനായിരിക്കാം (2 പത്രൊസ് 2:22). എന്നാല്‍ ദൈവവചനം കാണുക: ‘ചത്ത സിംഹത്തെക്കാള്‍ ജീവനു ള്ള നായ് നല്ലതാണ്'(സഭാപ്രസംഗി 9:4). ഉവ്വ്, ഈ വരികള്‍ വായിക്കു വാന്‍ നിങ്ങള്‍ ഇപ്പോഴും ജീവനോടിരിക്കുന്നു! താങ്കള്‍ ആര്‍ക്കും വേണ്ടാ ത്തവനല്ല. എഴുന്നേല്ക്കുക. സ്വര്‍ഗ്ഗീയ പിതാവിന്റെ സ്‌നേഹത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് ആദ്യചുവടു വയ്ക്കുക. ഈ മടക്കയാത്രയില്‍ ഇതായിരിക്കട്ടെ താങ്കളുടെ വിശ്വാസത്തിന്റെ പാട്ട്: ‘ഞാന്‍ കറുത്തവള്‍ എങ്കിലും അഴകുള്ളവള്‍.’

അധ്യായം 26 :
ജീവിതത്തിന്റെ കേന്ദ്രത്തില്‍ എന്താണുള്ളത്?

ക്രിസ്തീയതയുടെ കേന്ദ്രം എന്താണ്? അത് ആചാരങ്ങളാണോ നടപടിക്രമങ്ങളാണോ ഉപദേശരൂപങ്ങളാണോ? അല്ല. ഇതൊന്നുമല്ല. ക്രിസ്തീയതയുടെ കേന്ദ്രം യേശുവാണ്.

ക്രിസ്തീയതയുടെ കാതല്‍ ഒരു വ്യക്തിയാണെങ്കില്‍, ആ വ്യക്തി യോടുള്ള-യേശുവിനോടുള്ള-വളരെ അടുത്തബന്ധമല്ലേ യഥാര്‍ത്ഥ ക്രിസ്തീയതയെ ഉന്നം വയ്ക്കുന്ന ആരും തെരയേണ്ടത്? തീര്‍ച്ചയായും അതെ. എന്നാല്‍ ഇന്നോ? യേശുവിനു ജീവിതത്തില്‍ കേന്ദ്രസ്ഥാനം നല്‍കിയിട്ടില്ലാത്ത ക്രിസ്ത്യാനികള്‍! യേശുവില്‍നിന്ന് ആയിരം കാതം അകലെ നില്‍ക്കുന്ന ക്രിസ്തു മതം!! -ഇതാണ് ഇന്നത്തെ അവസ്ഥ.

യേശുവിന്റെ പേരിലാണ് ക്രൈസ്തവ മതം പടുത്തുയര്‍ത്തിയിരി ക്കുന്നത്. എന്നാല്‍ യേശുവിന്, അവിടുന്നു മുന്നോട്ടുവച്ച ജീവിത പ്രമാണങ്ങള്‍ക്ക്, ആദര്‍ശങ്ങള്‍ക്ക് ഇന്ന് അവിടെ എന്തു സ്ഥാന മാണുള്ളത്? യേശു യഥാര്‍ത്ഥത്തില്‍ ഇന്നു സംഘടിത ക്രൈസ്തവ മതത്തിനു പുറത്താണെന്നതല്ലേ വാസ്തവം?

ലോകപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവസ്‌കിയുടെ എക്കാലത്തേയും വലിയ ക്ലാസ്സിക്കായ ‘ബ്രദേഴ്‌സ്‌കാരമസോവി’ലെ ഒരു ദൃഷ്ടാന്തകഥ ഓര്‍ത്തുപോകുന്നു. അന്നത്തെ ക്രൈസ്തവ മതത്തിന്റെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് എതിരായി യേശുവുമായി വ്യക്തിപരമായ അടുപ്പവും ഭക്തിയും പുലര്‍ത്തുന്നവരെ തെരഞ്ഞു പിടിച്ച് മതദ്രോഹവിചാരണ നടത്തി അവരെ തുറങ്കലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്ത് പള്ളിമതം അധികാരത്തോടെ വാഴുന്ന കാലം. അന്നൊരിക്കല്‍ യേശു രണ്ടായിരം വര്‍ഷം മുമ്പെന്നപോലെ ആ തെരുവിലൂടെ നടന്നുവന്നു. ആയിരത്തിലൊരുവനായി, സഹജമായ ലാളിത്യത്തോടെ. ആരും അവനെ തിരിച്ചറിയുമായിരുന്നില്ല. എന്നാല്‍ മതദ്രോഹവിചാരണയ്ക്കു നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ ദൈന്യ മായ ആ രൂപത്തെ തിരിച്ചറിഞ്ഞു. തെളിഞ്ഞ നീലാകാശം പോലെ നിഷ്‌കപടമായ ആ കണ്ണുകളില്‍ നിന്ന് യേശുവാണതെന്ന് അയാള്‍ വായിച്ചെടുത്തു. ക്രിസ്തീയ മതത്തിന് ഒട്ടേറെ താത്പര്യങ്ങള്‍ സംര ക്ഷിക്കാനുള്ളപ്പോള്‍ യേശു സ്വതന്ത്രനായി തെരുവിലൂടെ സഞ്ചരിച്ചാ ലുള്ള അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാള്‍ കൈയോടെ യേശുവിനെ പിടികൂടി തുറങ്കിലടയ്ക്കുന്നു. പിന്നീടയാള്‍ യേശുവിനെയും വിചാരണയ്ക്കു വിധേയനാക്കുന്നു…

കര്‍ദ്ദിനാളിന്റെ അഭിപ്രായത്തില്‍ യേശു ചെയ്ത തെറ്റുകള്‍ മൂന്നാണ്. പരസ്യശുശ്രൂഷയ്ക്കിറങ്ങുന്നതിനു തൊട്ടുമുന്‍പ് മരുഭൂമിയില്‍ പിശാച് യേശുവിനെ പരീക്ഷിക്കുമ്പോള്‍ മൂന്നു പ്രലോഭനങ്ങളാണ് അവന്‍ മുന്നോട്ടു വച്ചത്. കല്ലിനെ അപ്പമാക്കിത്തീര്‍ത്ത് ആളുകളുടെ അംഗീ കാരവും ആദരവും നേടാന്‍ പിശാച് ആവശ്യപ്പെട്ടു. യേശു അതു നിരസിച്ചു. രണ്ടാമത് തന്നെ നമസ്‌ക്കരിച്ച് ഈ മുഴുലോകത്തിന്റെ അധി കാരവും മഹത്വവും കയ്യാളാന്‍ പിശാച് യേശുവിനെ പ്രലോഭിപ്പിച്ചു. യേശു അതിനും വിസ്സമ്മതിച്ചു. അടുത്തതായി ഗോപുരാഗ്രത്തില്‍ നിന്നു താഴോട്ടു ചാടി ഒരപകടവും പറ്റാതെ നിന്ന് ആളുകളുടെ അത്ഭുതാദരങ്ങള്‍ക്കു പാത്രമാവാന്‍ പിശാച് യേശുവിനെ പരീക്ഷിച്ചു. യേശു അതും നിഷേധിച്ചു.
കര്‍ദ്ദിനാളിന്റെ അഭിപ്രായത്തില്‍ യേശു ഈ മൂന്നു കാര്യങ്ങളും സ്വീകരിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ രഹസ്യം, അധികാരം, അത്ഭുതം എന്നിവയെല്ലാം യേശുവിനു കയ്യടക്കാ മായിരുന്നു. കല്ലിനെ അപ്പമാക്കുന്ന രഹസ്യവും ഗോപുരാഗ്രത്തില്‍ നിന്നു നിരപായം ചാടുന്ന അത്ഭുതവും മുഴുവന്‍ ലോകത്തിന്റെയും അധികാരം കൈയാളുന്ന മഹത്വവും യേശുവിനു സ്വന്തമാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാകുമായിരുന്നു. രഹസ്യത്തിന്റെയും അത്ഭുത ത്തിന്റെയും അധികാരത്തിന്റെയും താക്കോല്‍ കയ്യിലുള്ളവനായി യേശുവിനു തന്റെ വ്യക്തിപ്രഭാവത്തിനു കീഴില്‍ ജനമനസ്സുകളെ മുഴുവന്‍ തളച്ചിടാമായിരുന്നു. പക്ഷേ യേശു ഈ സാധ്യത എല്ലാം നഷ്ടപ്പെടുത്തി. ആളുകളുടെ സ്വാതന്ത്ര്യത്തെ മാനിച്ചു. ഇതാണു കര്‍ദ്ദിനാളിന്റെ നോട്ടത്തില്‍ യേശു ചെയ്ത കുറ്റം. ”പക്ഷേ നീ കാണിച്ച മടയത്തരം ഞങ്ങള്‍ ചെയ്തില്ല ഞങ്ങള്‍ അത്ഭുതവും രഹസ്യവും അധികാരവും മതത്തിന്റെ ഭാഗമാക്കി. ജനങ്ങളെ മുഴുവന്‍ ഞങ്ങളുടെ ചൊല്‍പ്പടിയിലാക്കി” കര്‍ദ്ദിനാള്‍ വിജയോന്മാദത്തോടെ ആക്രോശിച്ചു.

നോക്കുക: യേശുവിന്റെ പേരില്‍ പടുത്തുയര്‍ത്തിയ പള്ളിമതം ഒരുവഴിക്ക്. യേശു മറ്റൊരു വഴിക്ക്. ഇവിടെ യഥാര്‍ത്ഥ ആത്മീയതയെ പിന്‍ തുടരുന്നവര്‍ മതത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്ത്, പാളയത്തിനു പുറത്ത,് യേശുവിനെ വ്യക്തിപരമായി അനുഗമിക്കും.

യേശുവിനോടുള്ള വ്യക്തിപരമായ ഈ അടുപ്പത്തെ പൗലൊസ് മനോഹരമായ ഒരു പ്രയോഗം കൊണ്ട് ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട് -ലളിതമായ നിര്‍മലമായ ഭക്തി (Simple and pure devotion. 2 Cori. 11:3). പള്ളിമതത്തിനു പുറത്ത് യേശുവിനെ വ്യക്തിപരമായി അറിയു കയും അനുഗമിക്കുകയും ചെയ്യുന്നു എന്നവകാശപ്പെടുന്ന സുവിശേഷ വിഹിത ക്രിസ്ത്യാനികള്‍ക്കും ഇന്ന് യേശുവിനോട് ഈ നിലയില്‍ ബന്ധവും സ്പര്‍ശ്യതയും നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ?

യേശുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ആരംഭം വീണ്ടുംജനനത്തില്‍ നിന്നാണല്ലോ. തന്റേതായ ഇഷ്ടത്തിനും സ്വന്ത വഴിക്കും പോയിരുന്നവര്‍ നേരേ 180 ഡിഗ്രി തിരിഞ്ഞ് ‘ദൈവത്തിങ്കലേ ക്കുള്ള മാനസാന്തര’ത്തിലേക്കു വരുന്ന തുടക്കമാണത്. വ്യക്തിപര മായി യേശുവിനെ ജീവിതത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന രംഗം. പക്ഷേ ഈ നിലയില്‍ യേശുവിനു ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി ജീവിതത്തിന്റെ മുഴുവന്‍ ദിശയും മാറുന്ന ഒരു കാര്യം ഇന്നു ‘ജനപ്രിയസുവിശേഷം’ വിഭാവന ചെയ്യുന്നുണ്ടോ? പലതിന്റെ കൂട്ടത്തില്‍ യേശുവിനേയും ഒന്നു പരീക്ഷിച്ചു നോക്കാനും യേശുവിനും കൂടി ഒരു സ്ഥാനം നല്‍കാനുമാണ് അത് ജനങ്ങളോടിന്ന് ആവശ്യ പ്പെടുന്നത്. ഫലം ‘യേശുതന്നെ ഏക കര്‍ത്താവ്’ എന്ന അനുഭവം ഇന്ന് ജനത്തിന് അന്യമാകുന്നു.


ഉപദേശങ്ങള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യവും ആളുകളുടെ ദൃഷ്ടി യേശുവില്‍ നിന്നു മാറിപ്പോകുവാന്‍ ഇടയാക്കുന്നു. ഉപദേശങ്ങള്‍ നല്ലതാണ്. ആവശ്യമാണ്. എന്നാല്‍ അത് യേശുവിനോടുള്ള ലളിതവും സുതാര്യവുമായ അടുപ്പത്തിനു പകരം ആകുന്നില്ല എന്നോര്‍ക്കണം. യേശു തന്നെ പറഞ്ഞ ഒരു വചനം ഇവിടെ പ്രസക്തമാണ്: ‘നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു. അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ട് എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ. അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല’ (യോഹന്നാന്‍ 5:39, 40). ഇതാ തിരുവെഴുത്തുകളെ പരിശോധിക്കുന്നതില്‍ ശുഷ്‌ക്കാന്തിയുള്ള ജനം. നിത്യജീവനാണ് അവരുടെ ലക്ഷ്യവും. പക്ഷേ തിരുവെഴു ത്തുകളെ ശോധന ചെയ്യുന്ന തിരക്കില്‍ സാക്ഷാല്‍ ജീവദായകനെ അവര്‍ കാണാതെ പോകുന്നു!
യേശു. യേശു മാത്രം.

പള്ളിമതമോ ചട്ടക്കൂടുകളോ ഉപദേശരൂപങ്ങളോ വചന പാണ്ഡിത്യമോ ഒന്നും അവിടുത്തേക്ക് പകരമാകുന്നില്ലെന്ന് നാം ഇന്ന് തിരിച്ചറിയുമോ?

അധ്യായം 27 :
യേശുവിനോടുള്ള ഗാഢമായ ബന്ധം


”ദൈവത്തോട് അടുത്തു ചെല്ലുവിന്‍. എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും” (യാക്കോബ് 4:8).
നിത്യജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദൈവത്തോട് വളരെ അടുത്ത ബന്ധം സ്ഥാപിക്കുകയും അതു നിലനിര്‍ത്തുകയും ചെയ്യുക- ഏതൊരു ക്രിസ്തുശിഷ്യനും ആഗ്രഹിക്കുന്നത് അതാണ്. പക്ഷേ അതെങ്ങനെ കഴിയും?

ഇവിടെ യാക്കോബ് പറയുന്നത് നാം ദൈവത്തോട് അടുത്തു ചെന്നാല്‍ അവിടുന്നു നമ്മോട് അടുത്തുവരും എന്നാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു-നമുക്ക് എങ്ങനെ ദൈവത്തോട് അടുത്തു ചെല്ലുവാന്‍ സാധിക്കും?

ദൈവത്തോട് അടുത്തുചെല്ലുക എന്നു പറഞ്ഞാല്‍ ദൈവികകാര്യങ്ങളോട്, ദൈവസാന്നിധ്യത്തിന്റെ പ്രതീകങ്ങളോട്, അടുത്തുചെല്ലുക എന്നാണു നാം കരുതുന്നത്. പക്ഷേ അത് എപ്പോഴും ശരിയാകണമെന്നില്ല. പ്രതീകങ്ങളോടുള്ള അടുപ്പം ദൈവത്തോടുള്ള അടുപ്പം ആകണമെന്നില്ല. ഉദാഹരണത്തിന് യിസ്രായേലിന്റെ ഒരനുഭവം കാണുക. യിസ്രായേലിനെ സംബന്ധിച്ചിടത്തോളം ദൈവിക സാന്നിദ്ധ്യത്തിന്റെ പ്രതീകം പെട്ടകമായിരുന്നു. അവിടെയാണു ദൈവസാന്നിദ്ധ്യം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് (പുറപ്പാട് 25:10-22). അങ്ങനെയിരിക്കെ, യിസ്രായേലും ശത്രുക്കളായ ഫെലിസ്ത്യരും തമ്മില്‍ ഏറ്റുമുട്ടി. യുദ്ധത്തില്‍ യിസ്രായേലിലെ നാലായിരം പേര്‍ കൊല്ലപ്പെട്ടു. ദൈവത്തിന്റെ സാന്നിദ്ധ്യം തങ്ങളോടൊപ്പം ഇല്ലാതിരുന്നതാണ് ഈ തോല്‍വിക്കു കാരണമെന്ന് യിസ്രായേല്‍ മൂപ്പന്മാര്‍ അനുമാനിച്ചു. അതുകൊണ്ട് അടുത്തദിവസം യുദ്ധത്തിനു മുന്‍പ് അവര്‍ ‘സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം’ ശീലോവില്‍ നിന്നു വരുത്തി. ഇക്കുറി പെട്ടകത്തിന്റെ സാന്നിധ്യം തങ്ങളെ വിജയത്തിലേക്കു നയിക്കുമെന്നായിരുന്നു യിസ്രായേലിന്റെ വിശ്വാസം. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. അന്ന് യിസ്രായേലിലെ മുപ്പതിനായിരം പടയാളികളും മഹാപുരോഹിതനായ ഏലിയുടെ രണ്ടുപുത്രന്മാരും കൊല്ലപ്പെടുകയും ദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യര്‍ പിടിച്ചെടുക്കുകയും ചെയ്തു! (1 ശമുവേല്‍ 4:1-11).

ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെ പ്രതീകമായി യിസ്രായേല്‍ കരുതിയിരുന്ന നിയമപെട്ടകം പടക്കളത്തില്‍ വരുന്നതിനു മുന്‍പ് നാലായി രം പേര്‍ കൊല്ലപ്പെട്ടെങ്കില്‍ പെട്ടകം വന്നശേഷം മുപ്പതിനായിരം ആളുകളാണു വധിക്കപ്പെട്ടത്. ഏഴിരട്ടി സംഹാരം!! എവിടെയാണു കണക്കുകൂട്ടലുകള്‍ പാളിപ്പോയത്? ഉത്തരം ലളിതം: ദൈവത്തിന്റെ പ്രതീകത്തോടുള്ള അടുപ്പം ദൈവത്തോടുള്ള അടുപ്പം ആകണമെന്നില്ല.

ഇന്നും നാം ദൈവസാന്നിധ്യത്തിന്റെ നിദര്‍ശനമായി കാണുന്ന പലകാര്യങ്ങളുണ്ട്: തിരുവെഴുത്തുകളുടെ പഠനങ്ങള്‍, ഉപദേശരൂപങ്ങള്‍, കൂട്ടായ്മായോഗങ്ങള്‍, ക്രിസ്തീയകോണ്‍ഫ്രന്‍സുകള്‍, ഉപവാസപ്രാര്‍ത്ഥനകള്‍, കണ്‍വെന്‍ഷനുകള്‍, സുവിശേഷപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ. പക്ഷേ ഇവയോടൊക്കെ അടുത്തുനില്ക്കവേ തന്നെ ദൈവത്തില്‍ നിന്ന് ഹൃദയം കൊണ്ട് അകലെ ആയിരിക്കാനുള്ള സാധ്യത ഏറെയാണ്. ഈ അപകടത്തിലേക്ക് യേശു തന്നെ വിരല്‍ ചൂണ്ടിയതു കാണുക: ”നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു. അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ. അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല” (യോഹന്നാന്‍ 5:39,40). നോക്കുക: തിരുവെഴുത്തുകളെ ശോധന ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഒരു കൂട്ടര്‍. പക്ഷേ അവര്‍ യേശുവില്‍നിന്ന് അകലെയാണ്! ഇന്ന് നമ്മുടെ അവസ്ഥ എന്താണ്?

ബൈബിള്‍ പഠനവും, തിരുവെഴുത്തുകളെ ശോധന ചെയ്യുന്നതും, നല്ല ഉപദേശരൂപങ്ങളോടുള്ള അടുപ്പവുമൊന്നും ദൈവത്തോടുള്ള അടുപ്പത്തിനു പകരമാകുന്നില്ലെന്നു നമ്മള്‍ കണ്ടു. അങ്ങനെയെങ്കില്‍ ദൈവത്തോടുള്ള അടുത്തബന്ധം എങ്ങനെ ലഭ്യമാകും? ദൈവത്തോടുള്ള സ്പര്‍ശ്യത നിലനിര്‍ത്താന്‍ എങ്ങനെ കഴിയും?

‘ദൈവത്തോട് അടുത്തു ചെല്ലുവിന്‍. എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും’ എന്ന വചനത്തോടു ചേര്‍ത്തു യാക്കോബ് പറയുന്നതു ശ്രദ്ധിക്കുക: ‘…കൈകളെ വെടിപ്പാക്കുവിന്‍… ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍. സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍. നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ’ (4:9). ഉവ്വ്, അനുതാപം ഉള്ള ഒരു ഹൃദയം ദൈവത്തോട് അടുത്തിരിക്കുന്നു.

തുടര്‍ന്നു യാക്കോബ് പറയുന്നു: ‘കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍’ (4:10). താഴ്മയുള്ളിടത്തു കൃപ ലഭിക്കും (4:6; പത്രൊസ് 5:5). തന്റെ സാന്നിധ്യവും അടുപ്പവും നമുക്കു നിഷേധിച്ചുകൊണ്ട് നമുക്കു കൃപ നല്‍കുവാന്‍ ദൈവത്തിനാവുകയില്ല. ദൈവത്തോടുള്ള മോശെയുടെ അപേക്ഷയും ദൈവത്തിന്റെ മറുപടിയും ഈ സത്യത്തിന് അടിവരയിടുന്നു: ”എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാല്‍ അറിയും? നീ ഞങ്ങളോടു കൂടെ പോരുന്നതിനാലല്ലയോ?” (പുറപ്പാട് 33:16). യഹോവ മോശെയോട് ”…എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു. ഞാന്‍ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു’ (33:17). അതെ, താഴ്മ ദൈവസാന്നിധ്യം ലഭ്യമാക്കുന്ന കൃപയിലേക്കു നമ്മെ നയിക്കും.

ദൈവത്തിന്റെ സാമീപ്യം ഉറപ്പുതരുന്ന മറ്റൊരു ഘടകം ദാവീദ് ഇങ്ങനെ വിശദീകരിക്കുന്നു: ‘ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍’ (സങ്കീ.34:18). ഹനനയാഗം, ഹോമയാഗം എന്നിവയെക്കാള്‍ ദൈവത്തിനു പ്രസാദമായതും ദൈവം തള്ളിക്കളയാത്തതുമായ ഒന്ന് തകര്‍ന്ന മനസ്സും തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവുമാണെന്നും ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യ’നായ ദാവീദ് പറയുന്നതും ശ്രദ്ധിക്കുക (51:16,17). ദൈവത്തെ പ്രസാദിപ്പിക്കാനായി പഴയനിയമകാലത്തു നല്‍കിയിരുന്ന യാഗങ്ങള്‍ പ്രതീകങ്ങളാണെന്നും അവയ്ക്ക് അപ്പുറത്ത് തകര്‍ന്നും നുറുങ്ങിയുമുള്ള ഹൃദയത്തോടാണു ദൈവത്തിന് അടുപ്പമെന്നുള്ള പുതിയ ഉടമ്പടിയിലെ സത്യം ദാവീദ് അന്നേ കണ്ടെത്തിയിരുന്നു. മനസ്താപം, താഴ്മ, മനോവിനയം എന്നിവയുള്ള ഹൃദയത്തോട് ദൈവത്തിനുള്ള അടുപ്പത്തിലേക്ക് പഴയനിയമഭക്തനായ യെശയ്യാവും വിരല്‍ ചൂണ്ടുന്നുണ്ടല്ലോ (57:15).

ക്രൂശുവഹിക്കുമ്പോള്‍, യേശുവിന്റെ മരണത്തോട് അനുരൂപപ്പെടുമ്പോള്‍, നാം ദൈവത്തെ അറിയുകയാണെന്നു പൗലൊസ് തന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു സാക്ഷിക്കുന്നതു ശ്രദ്ധിക്കുക (ഫിലിപ്യ 3:10, 2 കൊരി. 4:10,11). യേശുവിന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്തു ചെന്നാല്‍ അവിടുത്തെ അടുക്കല്‍ എത്തുമെന്ന് എബ്രായലേഖനകാരന്‍ വെളിപ്പെടുത്തുന്നു (13:13). തന്നെ ഏറ്റുപറഞ്ഞ പിറവിക്കുരുടനെ മതലോകം തള്ളിക്കളയുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ യേശു അവനെ തേടിച്ചെന്നതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. (യോഹന്നാ. 9:35).

ദൈവത്തോടുള്ള അടുത്തബന്ധം-അതാണു നാം ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അനുതാപം, താഴ്മ, നുറുക്കം തുടങ്ങിയവയാല്‍ മൃദുവായ ഒരു ഹൃദയം നാം സൂക്ഷിക്കേണ്ടതല്ലേ?

അധ്യായം 28 :
‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍…’


”ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്മാന്‍ ചെന്നു”

യേശു മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തെ സംഭവങ്ങള്‍ മത്തായി വിവരിച്ചു തുടങ്ങുന്നതിങ്ങനെയാണ്.

അവര്‍ കല്ലറയ്ക്കല്‍ ചെന്നപ്പോഴോ? സംഭ്രമജനകമായ സംഭവങ്ങ ളാണ് അവിടെ അവരെ കാത്തിരുന്നത്. സത്രീകള്‍ ഭയവിഹ്വലരായി കല്ലറവിട്ട് ഓടിപ്പോകുന്നു. അപ്പോഴിതാ യേശു അവരെ എതിരേറ്റു: നിങ്ങള്‍ക്കു ‘വന്ദനം’ എന്നു പറഞ്ഞു (28:9). ‘വന്ദനം’ എന്ന ആ അഭിവാ ദന പദത്തിന്റെ അക്ഷരാര്‍ത്ഥം ‘സന്തോഷിക്കുക’ (Rejoice) എന്നാണ ത്രേ. അങ്ങനെയെങ്കില്‍ ഇതു വളരെ അത്ഭുതകരമായ കാര്യമല്ലേ? മരണത്തിന്റെയും പരിഭ്രമത്തിന്റെയും സ്ഥലമായ കല്ലറയില്‍ നിരാശയു ടേയും ദുഃഖത്തിന്റേയും സ്വരമാണു നാം പ്രതീക്ഷിക്കുക. പകരം ‘സന്തോഷിക്കുക’ എന്ന ആഹ്ലാദത്തിന്റെ അഭിവാദന സ്വരം! ഉവ്വ്, ഈ കല്ലറയ്ക്ക് ഒരു പ്രത്യേകതയുണ്ട്- ഇത് യേശുവിന്റെ കല്ലറയാണ്. ഇത് അടഞ്ഞ കല്ലറയല്ല മറിച്ച് തുറക്കപ്പെട്ടിരിക്കുന്നു. അതേ, യേശു ഉയിര്‍ത്തെഴുന്നേറ്റു!

ഉയിര്‍ത്തെഴുന്നേല്പ്-മരണത്തിന്റെ മേലുള്ള ജീവന്റെ ആഘോഷ മാണത്.

മരണം എന്നാലെന്താണ്? അതിന്റെ ആക്ഷരികമായ അര്‍ത്ഥം നമുക്കറിയാം. അതിനപ്പുറത്ത് നിഷേധാത്മകമായ എല്ലാറ്റിന്റേയും ആകെത്തുകയാണു മരണം. മരണത്തിനു നേരേ എതിരാണു ജീവന്‍. യേശു ജീവനായകനാണ് (പ്രവൃ. 3:14). തന്നില്‍ മനുഷ്യരുടെ വെളിച്ചമായ ജീവനുണ്ടായിരുന്നു (യോഹ. 1:4). മറിച്ച് പിശാചിനെ ‘മരണത്തിന്റെ അധികാരി’ എന്നു ദൈവവചനം വിളിച്ചിരിക്കുന്നതു ശ്രദ്ധിക്കുക (എബ്രായര്‍ 2:14). അപ്പോള്‍ പിശാചില്‍ നിന്നുള്ള തെല്ലാം- അതു പാപമോ നിരാശയോ അധൈര്യമോ എന്തായാലും- മരണമാണ്. ഈ മരണത്തിന്റെ മേലെല്ലാം ഉള്ള വിജയമാണ് യേശു തന്റെ ഉയിര്‍ത്തെഴുന്നേല്പു മൂലം സാധിച്ചത്.

യേശുവിന്റെ മരണത്തില്‍ മാത്രമല്ല ഉയിര്‍ത്തെഴുന്നേല്പിലും വിശ്വസിക്കുന്നവനാണു ക്രിസ്ത്യാനി. എന്നാല്‍ ഇന്നു പല വിശ്വാസി കളുടേയും ജീവിതം കണ്ടാല്‍ യേശു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്നു തോന്നിപ്പോകും. പാപം, നിരാശ, അധൈര്യം തുടങ്ങിയ നിഷേധാത്മ കമായ കാര്യങ്ങളുടെ മേലെല്ലാം ഉള്ള വിജയം അവര്‍ ലക്ഷ്യം വയ്ക്കു ന്നില്ല. മരണത്തിന്റെ ശക്തികള്‍ക്കു മുന്‍പില്‍ അവര്‍ കീഴടങ്ങിപ്പോ കുന്നു. എന്നാല്‍ പൗലൊസ് അങ്ങനെയായിരുന്നില്ല. അതീവ വിഷമകരമായ ഒരു സാഹചര്യത്തില്‍ ജയിലില്‍ കിടക്കുമ്പോഴും തനിക്കു പറയുവാനുള്ളത് ‘എപ്പോഴും സന്തോഷിപ്പിന്‍; സന്തോഷി പ്പിന്‍’ എന്നാണ് (ഫിലിപ്യര്‍ 4:4). ഇതല്ലേ മരണത്തിനു കീഴ്‌പ്പെടുത്തു വാന്‍ കഴിയാത്ത ജീവന്റെ തുടിപ്പ്? ഉയിര്‍ത്തെഴുന്നേല്പിന്റെ നേര്‍സാക്ഷ്യം?

നിരാശയിലും അധൈര്യത്തിലും ഒരു ക്രിസ്തുശിഷ്യന്‍ വീണു പോകാവുന്ന ജീവിതത്തിലെ മൂന്നു രംഗങ്ങളെ ചൂണ്ടിക്കാണിച്ചിട്ട് അവിടെയൊന്നും ‘അധൈര്യപ്പെടുന്നില്ലെ’ന്നു സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു പൗലൊസ് പ്രഖ്യാപിക്കുന്നതു 2 കൊരിന്ത്യര്‍ നാലാം അധ്യായത്തില്‍ നമുക്കു കാണാം.

ആദ്യരംഗം നാലിന്റെ ഒന്നാം വാക്യമാണ്. ‘അതുകൊണ്ട് കരുണ യാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല.’ ഈ ശുശ്രൂഷയെന്തെന്ന് തൊട്ടു മുകളിലുള്ള വചനത്തില്‍ വിശദീകരിച്ചിട്ടുണ്ട് (ഈ രണ്ടു വചനങ്ങളും-3:18, 4:1-‘അതുകൊണ്ട്’ എന്നൊരു ഘടകപദം കൊണ്ടു ബന്ധിച്ചിരിക്കു ന്നതു ശ്രദ്ധിക്കുക) ഈ ശുശ്രൂഷ എന്താണ്? ‘തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് കര്‍ത്താവിന്റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്ന’ താണത്. ക്രിസ്തുശിഷ്യരായ എല്ലാവരെയും യേശുക്രിസ്തുവിന്റെ സാദൃശ്യത്തോട് അനുരൂപരാകുവാനാണല്ലോ വിളിച്ചിരിക്കുന്നത് (റോമര്‍ 8:29). ഈ പ്രക്രിയയില്‍ പ്രതീക്ഷയ്‌ക്കൊത്ത പുരോഗതി ഉണ്ടാകാതിരിക്കുമ്പോള്‍ അധൈര്യപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടുന്നതി നെക്കുറിച്ചു ബോധ്യമില്ലാത്ത, അതേ സമയം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ബൃഹത്തായ ‘ശുശ്രൂഷ’ ചെയ്യുന്നവരോട് ഉള്ള താരതമ്യം മൂലവും നിരാശപ്പെട്ടു പോയേക്കാം. പക്ഷേ പൗലൊസ് പറയുന്നു: ഞങ്ങള്‍ അങ്ങനെ അധൈര്യപ്പെട്ടു പോകുന്നില്ല. കാരണം ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചും, ഉപായങ്ങള്‍ വര്‍ജ്ജിച്ചും, ദൈവവചനത്തോടു കൂട്ടുചേര്‍ക്കുന്നത് ഉപേക്ഷിച്ചും അങ്ങനെ ചില കാര്യങ്ങളില്‍ ഒരു വശത്തു ഞങ്ങള്‍ ‘കുറഞ്ഞു’ വരുമ്പോള്‍ മറുവശത്തു തേജസ്സിന്മേല്‍ തേജസ്സുപ്രാപിച്ച് കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിപ്പിക്കുന്നതില്‍ ‘വര്‍ദ്ധിച്ചു’ വരുന്നത് ഞങ്ങളുടെ വിശ്വാസക്കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നില്ല. നോക്കുക: നിരാശപ്പെടാ വുന്ന ഒരു രംഗത്ത് ‘ഇരുട്ടില്‍ നിന്നും വെളിച്ചം പ്രകാശിക്കേണം’ (ഇത് മരണത്തിന്റെ മേലുള്ള ജീവന്റെ വിജയത്തെ അല്ലേ കുറിക്കു ന്നത്?) എന്ന് അരുളിച്ചെയ്ത ദൈവത്താല്‍ അധൈര്യപ്പെടാതെ നില്ക്കുന്നു!

അധൈര്യപ്പെടാതെ നില്ക്കുന്ന അടുത്ത രംഗം 7-11 വാക്യങ്ങളി ലാണു കാണുന്നത്. ‘ഞങ്ങള്‍ വിഷമിപ്പിക്കപ്പെടുന്നു എങ്കിലും അധൈര്യപ്പെടുന്നില്ല… യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു…’ വളരെ പ്രധാനപ്പെട്ട ഒരാത്മിക സത്യമാണ് ഇവിടെ വിവരിക്കുന്നത്. പ്രായോഗിക ജീവിത സാഹചര്യ ങ്ങളില്‍ യേശുവിനോടുള്ള സ്‌നേഹത്തെ പ്രതി നാം സ്വന്തഹിത ത്തിനും, അഭിപ്രായത്തിനും, സ്വയമതിപ്പിനും പലവട്ടം മരിക്കേണ്ടി വരും. യേശുവിന്റെ സഹനത്തിലും മരണത്തിലുമുള്ള ഈ പങ്കു ചേരലിനെയാണ് ‘യേശുവിന്റെ മരണം ശരീരത്തില്‍ വഹിക്കുന്നു’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പക്ഷേ യേശുവിന്റെ മരണത്തി ലുള്ള പങ്കാളിത്തം വര്‍ദ്ധിച്ചു വരുമ്പോള്‍ നമ്മില്‍ സമാന്തരമായി മറ്റൊരു കാര്യം നടക്കുന്നുണ്ട്. അത് യേശുവിന്റെ ജീവന്റെ വര്‍ദ്ധിച്ചു വരുന്ന പ്രത്യക്ഷതയാണ്. സ്വയത്തിന്റെ മരണത്തിന് എപ്പോഴും ഏല്പ്പിച്ചു കൊടുക്കുന്നത് നമ്മെ അധൈര്യപ്പെടുത്താന്‍ സാധ്യത യുണ്ട്. എന്നാല്‍ മരണം വഹിക്കുന്നതിനനുസരിച്ച് ജീവനിലും വര്‍ദ്ധനയുണ്ടാകുന്നത് കാണുന്നതുകൊണ്ട് ‘അധൈര്യപ്പെടുന്നില്ല’ എന്നാണു പൗലൊസിന്റെ ഏറ്റുപറച്ചില്‍.

ഇനി അവസാനത്തെ രംഗം നോക്കാം. ‘ഞങ്ങള്‍ അധൈര്യ പ്പെടുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കു കയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം പുതുക്കം പ്രാപി ക്കുന്നു'(4:16). ഇവിടെ ഒന്നു കുറയുമ്പോള്‍ മറ്റൊന്നു കൂടുകയാണ്. പുറമേയുള്ള മനുഷ്യന്‍ നാള്‍ക്കുനാള്‍ ക്ഷയിക്കുന്നു. എന്നാല്‍ അകമേയുള്ളവന്‍ അനുദിനം പുഷ്ടിപ്പെടുകയാണ്. ബാഹ്യമനുഷ്യന്റെ ശോഷണം മൂലം അധൈര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആന്തരിക മനുഷ്യന്‍ നവീകരിക്കപ്പെടുന്നതു വിശ്വാസത്താല്‍ കാണു ന്നതുകൊണ്ട് ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല എന്നാണ് പൗലൊസിന്റെ സാക്ഷ്യം.

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് പൗലൊസിന് കേവലം ഒരു ചരിത്രസംഭവം ആയിരുന്നില്ല. ജീവിതത്തിലെ മരണസാഹചര്യങ്ങളെ അധൈര്യപ്പെടാതെ അതിജീവിക്കുവാന്‍ ആ പുനരുത്ഥാനജീവനിലുള്ള പങ്കാളിത്തം പൗലൊസിനെ ശക്തിപ്പെടുത്തി.

യേശുവിന്റെ ഉയിര്‍പ്പിന് നമ്മുടെ ജീവിതത്തിലുള്ള പ്രസക്തി എന്താണ്? നാം ദൈനംദിന ജീവിതത്തില്‍ അവിടുത്തെ പുനരുത്ഥാന ത്തിനു ജീവിതം കൊണ്ടു സാക്ഷിയായിത്തീരുന്നുണ്ടോ? (പ്രവൃ.1:22). എങ്കില്‍ മാത്രമേ, ക്രിസ്തു ‘നമ്മെ സംബന്ധിച്ചിടത്തോളം’ യഥാര്‍ഥ ത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ളു. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെ ങ്കില്‍… പ്രസംഗം വ്യര്‍ത്ഥം… വിശ്വാസവും വ്യര്‍ത്ഥം.’

അധ്യായം 29 :
അകലം വിട്ട് അനുഗമിക്കുകയോ?

ബില്ലി ഗ്രഹാമിന്റെ ജീവചരിത്രമെഴുതിയ ജോണ്‍ പൊള്ളോക്ക്, ലണ്ടനില്‍ ഒരു ക്രൂസേഡില്‍ നടന്ന രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രസംഗം കഴിഞ്ഞ് ക്രിസ്തുവിനായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറുള്ളവരെ ഗ്രഹാം മുന്നോട്ടു ക്ഷണിച്ചു. അടുത്ത ടുത്തിരുന്ന രണ്ടുപേര്‍ അതു കേട്ട് മുന്നോട്ടു നടന്നു പോകുകയാണ്. അവരില്‍ ഒരാള്‍ കുപ്രസിദ്ധനായ ഒരു പോക്കറ്റടിക്കാരനായിരുന്നു. നടക്കുന്നതിനിടയില്‍ അയാള്‍ ഒരു പഴ്‌സെടുത്ത് മറ്റേയാള്‍ക്കു നീട്ടിക്കൊണ്ടു പറയുകയാണ്: ”അല്പം മുന്‍പ് നിങ്ങളുടെ കീശയില്‍ നിന്നു ഞാന്‍ അപഹരിച്ച പഴ്‌സിതാ തിരികെത്തരുന്നു!”

ഉടനടി ഫലം പുറപ്പെടുവിച്ച ഒരു മാനസാന്തരത്തിന്റെ കഥയാണിത്!

സക്കായിയും യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നല്ലോ. ”കര്‍ത്താവേ, എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ട്. വല്ലതും ചതിവായി വാങ്ങീട്ടുണ്ടെ ങ്കില്‍ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു”(ലൂക്കൊസ് 19:8). പക്ഷേ ഈ മട്ടിലുള്ള മാനസാന്തരങ്ങള്‍ ഇന്നെത്രയോ വിരളമാണ്!

യേശുവിനെ അനുഗമിക്കുവാന്‍ തീരുമാനിക്കുന്ന ഒരുവനെ അവിടുന്ന് എപ്പോഴും മൗലികമായ (Radical) നിലപാടുകളിലേക്കാണ് ക്ഷണിക്കുന്നത്- ”വലങ്കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അതിനെ ചൂന്നെടുത്ത് എറിഞ്ഞു കളക… വലങ്കൈ നിനക്ക് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക” എന്നിങ്ങനെ. എന്നാല്‍ ഈ നിലയില്‍ കാര്യങ്ങളെ ഗൗരവമായി കാണുന്നവരും ഒരു വില കൊടുക്കാന്‍ തയ്യാറുള്ളവരും ഇന്നു ക്രിസ്തീയലോകത്ത് എത്രപേരുണ്ട്?

വില്യം ബാര്‍ക്ലേ, മൗലികമായ മാനസാന്തരത്തിന്റെ മൂന്നു ലക്ഷണങ്ങള്‍ ഇങ്ങനെ വിവരിച്ചിട്ടുണ്ട്:
ഒന്നാമത്തെ ലക്ഷണം: കര്‍ത്താവിനായി ജീവിതം സമര്‍പ്പിച്ചെന്ന് അവകാശപ്പെടുന്നവന്‍ തന്റെ കടങ്ങളെല്ലാം കൊടുത്തുവീട്ടുവാന്‍ തുടങ്ങിയിട്ടുണ്ടോ?

സക്കായി ഭൂതകാലത്തിലെ തെറ്റുകള്‍ക്കു നഷ്ടപരിഹാരം ചെയ്തതു നമ്മള്‍ കണ്ടു. എന്നാല്‍ ഇന്ന് ക്രിസ്തീയജീവിതം ആരംഭിക്കുന്ന പലരും തറനിരപ്പില്‍ നിന്ന് ഒരു പണിയങ്ങാരംഭിക്കുകയാണ്. എന്നാല്‍ ‘ആഴെക്കുഴിച്ച്’ അടിസ്ഥാനം ഇട്ടു വേണം പണിയാനെന്നാണു യേശു പറഞ്ഞത് (ലൂക്കൊസ് 6:48). കര്‍ത്താവിനെ കണ്ടുമുട്ടുന്നതിനു മുന്‍പ് സര്‍ക്കാരിനെയോ, മറ്റുള്ളവരെയോ കബളിപ്പിക്കുകയോ വഞ്ചിക്കു കയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം വരുത്തുന്നത് മൗലിക മായ ഒരു നിലപാടിനെയാണു കാണിക്കുന്നത്.

ഡി.എല്‍. മൂഡിയുടെ ഉണര്‍വ്വുയോഗങ്ങള്‍ ഒരു സ്ഥലത്തു നടന്നാല്‍ അതിന്റെ ഏറ്റവും വലിയ പ്രയോജനം ആ സ്ഥലത്തെ കച്ചവടക്കാര്‍ക്കാ ണെന്നു കേട്ടിട്ടുണ്ട്. കാരണം ഉണര്‍വ്വുയോഗങ്ങളില്‍ രക്ഷിക്കപ്പെട്ടവര്‍ ഉടനെതന്നെ തങ്ങളുടെ പഴയ കുടിശ്ശികകള്‍ കൊടുക്കുവാനും കടങ്ങള്‍ വീട്ടുവാനും തയ്യാറാകും! ഇന്നോ?

രണ്ടാമത്തെ ലക്ഷണം: അവന്‍ തന്റെ വഴക്കുകളെല്ലാം പറഞ്ഞൊ തുക്കി ക്ഷമ ചോദിച്ച് ബന്ധങ്ങളില്‍ നിരപ്പു പ്രാപിച്ചിട്ടുണ്ടോ?

യോഹന്നാന്‍ അപ്പൊസ്തലന്‍ ഇക്കാര്യം തുറന്നടിച്ചു പറഞ്ഞിട്ടുണ്ട് ”ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവന്‍ കള്ളനാകുന്നു” (1 യോഹ. 4:20). യേശുവിന്റെ ഉപദേശങ്ങള്‍ എത്രയും വ്യക്തമാണ്-ക്ഷമിച്ചിട്ടില്ലാത്ത ഒരുവന് ക്ഷമ കിട്ടുകയില്ല (മത്തായി 6:14,15; 18:23-25).

മൂന്നാമത്തെ ലക്ഷണം: അവന്‍ തന്റെ സ്വാര്‍ത്ഥതയും അലസതയും വെടിഞ്ഞ് കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലിക്കാരനായി തീര്‍ന്നിട്ടുണ്ടോ? എത്രയും കുറച്ചു ചെയ്യുകയും കൂടുതല്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ത് സ്വാഭാവിക മനുഷ്യന്റെ രീതിയാണ്. പ്രവൃത്തികൊണ്ടല്ല ഒരുവന്‍ രക്ഷിക്കപ്പെടുന്നത്. പക്ഷേ രക്ഷിക്കപ്പെട്ട ഒരുവന് പ്രവൃത്തികള്‍ ഉണ്ടല്ലോ.

യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ട ഒരുവന്‍ മെച്ചപ്പെട്ട ഒരു വ്യക്തിയും പൗരനും ജോലിക്കാരനുമായി മാറുന്നില്ലെങ്കില്‍ എന്താണു കാരണം? കാരണം വളരെ അടിസ്ഥാനപരമാണ്-ഇന്ന് ‘മനുഷ്യനില്‍ കേന്ദ്രീകരിച്ചുള്ള’ ഒരു സുവിശേഷമാണ് വ്യാപകമായി പ്രഘോഷിക്ക പ്പെടുന്നത്. ഫലം ‘ഞാന്‍ ദൈവത്തിനുവേണ്ടി’ എന്ന ശരിയായ മനോ ഭാവത്തിനു പകരം ‘ദൈവം എനിക്കുവേണ്ടി’ എന്ന നിലപാടോടെ യാണ് പലരും ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ടാണ് ആഴം കുറഞ്ഞ പ്രതിബദ്ധതയും ഉപരിപ്ലവങ്ങളായ ലക്ഷ്യങ്ങളും എതിര്‍ സാക്ഷ്യമാകുന്ന ജീവിതവുമായി വിശ്വാസികളില്‍ പലരും ഇന്ന് സ്വത്വ പ്രതിസന്ധിയെ (Identity Crisis) നേരിടുന്നുത്.

‘വന്ന് എന്നെ അനുഗമിക്കുക’ എന്ന് യേശു ആഹ്വാനം ചെയ്യുമ്പോള്‍ ‘അകലംവിട്ട് അനുഗമിക്കാ’നല്ല അവിടുന്നു നമ്മെ വിളിക്കുന്നത്. മൗലികമായ ഒരു നിലപാടില്‍ ക്രിസ്തീയജീവിതം ആരംഭിക്കേണ്ട തുണ്ട്. മുന്നോട്ടുപോകുമ്പോഴും ശിഷ്യത്വത്തിന്റെ ഇടുങ്ങിയ പാതയില്‍ തന്നെ നാം ആയിരിക്കുകയും വേണം. ക്രിസ്തീയജീവിതം യഥാര്‍ത്ഥ ത്തില്‍ ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനവും തുര്‍ന്ന് ഒരു ഇടുങ്ങിയ പാതയിലൂടെയുള്ള പ്രയാണവുമാണ്. നിതാന്ത ജാഗ്രത യാണ് ഇവിടെ വേണ്ടത്.

പത്രൊസിന്റെ ജീവിതത്തില്‍ ഇല്ലാതെ പോയത് അതാണ്. യേശു വിനെ മൂന്നുവട്ടം തള്ളിപ്പറയുന്ന പിന്മാറ്റത്തിലേക്ക് അവനെ നയിച്ച വീഴ്ചയുടെ പടികള്‍ ശ്രദ്ധിക്കുക. അരുമനാഥന്റെ മുന്നറിയിപ്പുണ്ടാ യിട്ടും ‘എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല’ എന്നു പറഞ്ഞ സ്വയാശ്രയത്തിലാണ് അതിന്റെ തുടക്കം. രണ്ടാമത് ‘പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിപ്പിന്‍’ എന്ന കര്‍ത്താവിന്റെ നിര്‍ദ്ദേശവും അവന്‍ അവഗണിക്കുന്നു. വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടിയ പരുക്കന്‍ പെരുമാറ്റമാണ് മൂന്നാമത്തെ പാളിച്ച. (ഈ സംഭവം മതി, തന്നേയും അറസ്റ്റു ചെയ്യുവാന്‍ എന്നു പിന്നീടുണ്ടായ തിരിച്ചറി വാകാം തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതിനെ പത്രൊസ് ഏറെ പേടി ക്കാനുണ്ടായ കാരണം). നാലാമത്തെ പടി ‘അകലം വിട്ടനുഗമിച്ച താണ്.’ മഹാപുരോഹിതന്റെ ചേവകരോടൊപ്പം നടുമുറ്റത്തു താഴെ (കിംഗ് ജെയിംസ് വേര്‍ഷനില്‍ ആലിലമവേ എന്ന മര്‍ക്കൊസ് 14:66ലെ ഇതേ പദമാണ് ആവര്‍ത്തനം 28:13ല്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുക) ഇരുന്നതാണ് വീഴ്ചയുടെ അടുത്ത പടി. തുടര്‍ന്ന് പതനം പൂര്‍ത്തിയാകുന്നു- പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു.

പത്രൊസിന്റെ അനുഭവം യേശുവിനെ അനുഗമിക്കുന്ന നമുക്ക് മുന്നറിയിപ്പാണ്. ഉവ്വ്, ഇടുക്കുവാതിലിലൂടെയുള്ള പ്രവേശനം; ഇടു ങ്ങിയ വഴിയിലൂടെയുള്ള പ്രയാണം- ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പു പാടില്ല.

അധ്യായം 30 :
ദൈവത്തിന്റെ കണ്ണുകള്‍

”യഹോവയുടെ കണ്ണ് തങ്കല്‍ ഏകാഗ്രചിത്തരായിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു”(2 ദിന.16:9).

‘കാടു കണ്ടു എന്നാല്‍ മരം കണ്ടില്ല’ എന്ന് പറയാറുണ്ട്. എന്താണര്‍ത്ഥം?

മരങ്ങളുടെ കൂട്ടമാണ് കാട്. എന്നാല്‍ കാട് കണ്ടു പോകുന്ന പലരും ആ കാട്ടിലുള്ള മരങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചെന്നു വരികയില്ല. അങ്ങനെയുള്ളവരോട് ‘കാടു കണ്ടോ?’ എന്നു ചോദിച്ചാല്‍ ‘കണ്ടു’; എന്നാല്‍ ‘മരം കണ്ടോ?’ എന്നു ചോദിച്ചാല്‍ സംശയമായി. അങ്ങനെ ഒരു മരവും ശ്രദ്ധിച്ചില്ലല്ലോ; മനസ്സില്‍ പതിഞ്ഞില്ലല്ലോ. ഇല്ല അവര്‍ മരം കണ്ടില്ല.

എന്നാല്‍ മരം കാണാതെ കാടു കണ്ടു പോകുന്ന മനുഷ്യരെപ്പോലെയല്ല ദൈവം. അവിടന്ന് ലോകത്തെ മുഴുവനായി കാണുമ്പോള്‍ തന്നെ അതില്‍ ചിലത് പ്രത്യേകമായി കാണുന്നവനാണ്.
അവ എന്താണ്? മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വചനം അനുസരിച്ച്, തന്നില്‍ ഏകാഗ്രചിത്തരായിരിക്കുന്നവരെയാണ് അവിടുന്നു പ്രത്യേകമായി കാണുന്നതെന്നു നാം പറയും. എന്നാല്‍ അതു ശരിയാണോ? ആ വചനം ഒന്നുകൂടി വായിച്ചു നോക്കൂ. ദൈവത്തിന്റെ കണ്ണ് ഏകാഗ്രചിത്തന്മാരെ കാണേണ്ടതിനല്ല ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നത്. ഏകാഗ്രചിത്തന്മാരെ നേരത്തെ തന്നെ അവിടുത്തേക്കറിയാം (തനിക്കുള്ളവരെ താന്‍ അറിയുന്നു എന്ന വചനം ശ്രദ്ധിക്കുക. 2തിമൊ.2:19).

എന്നാല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കു വേണ്ടി താന്‍ ബലവാനെന്നു കാണിക്കുന്നതിനായാണ് അവിടുത്തെ കണ്ണ് ഭൂമിയിലെല്ലാടവും സഞ്ചരിക്കുന്നത്! ആ കണ്ണുകളുടെ സഞ്ചാരം ദൈവഭക്തനെ സംബന്ധിച്ചിടത്തോളം എപ്പോഴും സന്തോഷപ്രദമാണ് (സങ്കീ.32:8). അത് മരണത്തില്‍ നിന്ന് രക്ഷിക്കുന്നു (സങ്കീ.33:18,19), പരിപാലിക്കുന്നു (ആവ.11:11,12). ഭക്തന്റെ പ്രവൃത്തി കണ്ട് സന്തോഷിക്കുന്നു(സെഖ.4:10). …ചുരുക്കത്തില്‍ ദൈവത്തിന്റെ ദൃഷ്ടികള്‍ക്കു കീഴില്‍ ആയിരിക്കുവാന്‍ കഴിയുന്നത് എത്ര ഭാഗ്യകരം! (സാത്താന്റെ ദൃഷ്ടികള്‍ ഒരുവന്റെ മേല്‍ പതിച്ചാലുള്ള അനുഭവവുമായി-ഇയ്യോ.1:8- താരതമ്യം ചെയ്യുമ്പോഴാണ് ദൈവദൃഷ്ടികളുടെ സാന്ത്വന സ്വഭാവം നമുക്ക് കൂടുതല്‍ വ്യക്തമാകുക).

ഈ നിലയിലെല്ലാമുള്ള ദൈവത്തിന്റെ കണ്ണുകള്‍ താന്‍ ബലവാനെന്നു കാണിക്കാനുള്ള നിരന്തരമായ അന്വേഷണത്തിലാണ്!. ആര്‍ക്കുവേണ്ടിയാണ് അവിടുന്ന് ബലവാനെന്നു കാണിക്കാന്‍ ബദ്ധപ്പെടുന്നത്? തന്നില്‍തന്നെ ഏകാഗ്രഹൃദയത്തോടെ ആശ്രയിക്കുന്നവര്‍ക്ക്, മുഴുഹൃദയവും ദൈവത്തിനായി അര്‍പ്പിച്ചവര്‍ക്ക്. അചഞ്ചലമായ വിശ്വാസത്തോടെ വിശ്വസ്തരായി നില്‍ക്കുന്നവര്‍ക്ക്.

ദൈവത്തിനായി നല്ലൊരു തുടക്കം കുറിക്കാന്‍ കഴിയുന്നത് ഒരു കാര്യം. മരണപര്യന്തം വിശ്വസ്തരായി നില്‍ക്കാന്‍ കഴിയുന്നത് മറ്റൊരു കാര്യം. മഹായുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും പടയോട്ട ങ്ങളുടെയും ചരിത്രം പറയുന്ന രാജാക്കന്മാര്‍, ദിനവൃത്താന്തം എന്നീ പഴയനിയമഗ്രന്ഥങ്ങളില്‍ നിന്ന് ഇതിന് ഒട്ടേറെ സജീവ ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെടുക്കുവാന്‍ കഴിയും. അവിടെ പരാമര്‍ശിച്ചിരിക്കുന്ന ഒരു രാജാവിന്റെ-ആസാ എന്നാണദ്ദേഹത്തിന്റെ പേര്- ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷത്തില്‍ ദൈവം തന്റെ പ്രവാചകനിലൂടെ അദ്ദേഹത്തിനു നല്‍കുന്ന ഉദ്‌ബോധനമാണ് ഏകാഗ്രചിത്തത്തെക്കുറിച്ചുള്ളത് (2ദിന.16:9).

നല്ല ഒരു തുടക്കമായിരുന്നു ആസായുടേത്. യഹൂദാ രാജാവായി ആസാ അധികാരമേറ്റു എന്നു പറഞ്ഞ ശേഷം, ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ: ”ആസാ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിയും നന്മയും പ്രവര്‍ത്തിച്ചു. അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കം ചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചു തകര്‍ത്തു. അശേരാപ്രതിഷ്ഠകള്‍ വെട്ടി വീഴ്ത്തി. യൂദാനിവാസികളോട് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുവാനും അവിടുത്തെ നിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാനും കല്പിച്ചു”(2ദിന.14:1,2,3).

ദൈവികനിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാന്‍ മറ്റുള്ളവരോടു കല്പിക്കുക മാത്രമല്ല സ്വന്തജീവിതത്തിലും ഒരു നിലപാടെടുത്തവനായിരുന്നു അദ്ദേഹം. ”ആസാരാജാവു തന്റെ അമ്മയായ മയഖയേയും അവള്‍ അശേരയ്ക്ക് ഒരു മ്‌ളേച്ഛ വിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ട് രാജ്ഞിസ്ഥാനത്തു നിന്നു നീക്കിക്കളഞ്ഞു. അവളുടെ മ്‌ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്‍ത്തു കിദ്രോന്‍ തോട്ടിങ്കല്‍ വെച്ചു ചുട്ടുകളഞ്ഞു”(15:16). എത്ര മൗലികമായ നിലപാട്!

പിന്നെയും പല നല്ല കാര്യങ്ങള്‍ ആസായെക്കുറിച്ചു പറയാനുണ്ടായിരുന്നു. എത്യോപ്യനായ സേരാ, പത്തു ലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വന്ത ശക്തിയില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ശരണപ്പെട്ടത് (14:9-11), ദൈവം എപ്പോഴും ബലഹീനന്റെ പക്ഷത്താണെന്ന ദൈവികസ്വഭാവം അറിഞ്ഞുള്ള അവന്റെ ആ സന്ദര്‍ഭത്തിലെ പ്രാര്‍ത്ഥന (14:11), ദൈവഭൃത്യന്മാരെ ആദരിക്കുന്ന മനോഭാവം (15:1,8), ദൈവാരാധനയ്ക്കു നല്‍കുന്ന നേതൃത്വം (15:9,8), പൂര്‍ണ്ണഹൃദയത്തിനു നല്‍കുന്ന ഊന്നല്‍ (15:12-15)… എന്നിങ്ങനെ എത്രയെത്ര പ്രശംസനീയമായ കാര്യങ്ങള്‍!

എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ നിലപാടില്‍ തുടരാന്‍ ആസായ്ക്കു കഴിയാതെ പോയതാണ് തുടര്‍ന്നു നാം കാണുന്നത്. യിസ്രായേല്‍ രാജാവിന്റെ ആക്രമണമുണ്ടായപ്പോള്‍ അവനു പഴയതു പോലെ ദൈവത്തിങ്കലേക്കു നോക്കുവാന്‍ കഴിഞ്ഞില്ല. പഴയ കാര്യങ്ങള്‍ മറന്ന്(16:8) അവന്‍ മനുഷ്യനിലാശ്രയിക്കുന്നു (16:1,2). പ്രവാചകന്‍ തെറ്റു ചൂണ്ടിക്കാട്ടിയപ്പോള്‍ അനുതപിക്കുന്നതിനു പകരം ദീര്‍ഘദര്‍ശിയെ കാരാഗൃഹത്തിലടയ്ക്കുന്നു (16:10). ഒടുവില്‍ ഹൃദയം കഠിനപ്പെട്ട് ദൈവത്തില്‍ ആശ്രയിക്കാതെ അവന്‍ പിന്മാറ്റത്തില്‍ തുടര്‍ന്നുകൊണ്ട് ദയനീയമായ അന്ത്യത്തിലേക്ക് കൂപ്പു കുത്തുകയാണ് (16:11-13). എത്ര പരിതാപകരം!

ആസായുടെ ജീവിതം നമുക്ക് തരുന്ന മുന്നറിയിപ്പും താക്കീതും ഒട്ടേറെയാണ്: കഴിഞ്ഞകാലത്തെ ദൈവമുന്‍പാകെയുള്ള വിശ്വസ്തതയുടെ ചെലവില്‍ ഭാവിജീവിതം കെട്ടിപ്പടുക്കാമെന്നു കരുതരുത്. ഇന്നലത്തെ ഏകാഗ്രഹൃദയം തന്നെ ഇന്നും നാളെയും ദൈവം പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ളവര്‍ക്കായി തന്നെത്താന്‍ ബലവാനെന്ന് കാണിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ”പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന് ‘ഇന്ന്’ എന്നു പറയുന്നിടത്തോളം നാള്‍തോറും പ്രബോധിപ്പിക്കാം. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കാം”(എബ്രാ. 3:13,14).

അധ്യായം 31 :
വിജയകരമായ
ജീവിതത്തിലേക്കുള്ള വിളി

ക്രിസ്തീയ ജീവിതത്തില്‍ നമ്മുടെ ലക്ഷ്യം എന്താണ്?

‘സ്വര്‍ഗ്ഗത്തില്‍ പോകുക’ എന്ന മിനിമം പരിപാടിയാണ് പലരും ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ‘സ്വര്‍ഗ്ഗത്തില്‍ പോകുക’ എന്നൊരു പദപ്രയോഗം പൗലൊസിന്റെ ലേഖനങ്ങളിലൊന്നും കാണുന്നില്ല. അതേ സമയം ഫിലിപ്യര്‍ക്കെഴുതിയ ലേഖനത്തില്‍ മറ്റൊരു ഗംഭീര പ്രയോഗം കാണാം. ‘ലക്ഷ്യത്തിലേക്ക് ആയുന്നു’ എന്നതാണത്(3:14). ‘ആയുന്നു’ എന്നതിന്റെ മൂലഭാഷയിലെ വാക്ക് -ഓട്ടമത്സരവുമായി ബന്ധപ്പെട്ടതാണെന്നു പറയാറുണ്ട്. ഒരു ഓട്ടക്കാരന്‍ അന്തിമവരയിലെ ലക്ഷ്യത്തില്‍ നോട്ടം ഉറപ്പിച്ച്, മനസ്സ് അതില്‍ അര്‍പ്പിച്ച്, മുഴുശരീരവും കൊണ്ട് അതിലേക്ക് ആഞ്ഞ്, ഓടുന്നതിനെയാണത്രേ ഈ പദം കുറിക്കുന്നത്. അങ്ങനെയെങ്കില്‍ നാം നോട്ടം ഉറപ്പിക്കേണ്ട ആ ലക്ഷ്യം എന്തായിരിക്കണം?

ആ ലക്ഷ്യം യേശുവാണെന്ന് എബ്രായലേഖനകാരന്‍ വ്യക്തമാക്കുന്നു (12:2). അവിടെ ഗ്രീക്കുഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘അപ്‌ഹോറന്‍’ എന്നതാണത്രേ. അപോ എന്നതിനു ‘മാറ്റുക’ എന്നും ഹോറന്‍ എന്നതിനു ‘നോക്കുക’ എന്നുമാണ് അര്‍ത്ഥം. അപ്പോള്‍ മറ്റെല്ലാറ്റില്‍ നിന്നും ശ്രദ്ധമാറ്റി ഒന്നിനെ മാത്രം നോക്കുന്നതിനെയാണ് ആ പദം കുറിക്കുന്നത്. ചുരുക്കത്തില്‍ യേശുവിനെ ശ്രദ്ധിച്ചു നോക്കുന്ന ഒരുവന്‍ മറ്റെല്ലാ നിലവാരം കുറഞ്ഞ കാര്യങ്ങളില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കേണ്ടതുണ്ട്.

ജോഷ്വാ റെയ്‌നോള്‍ഡ്‌സ് എന്ന കലാകാരനെക്കറിച്ചു കേട്ടിട്ടുണ്ട്. അദ്ദേഹം നിലവാരം കുറഞ്ഞ ഒരു പെയിന്റിംഗിലേക്കു നോക്കാന്‍ പോലും വിസ്സമ്മതിക്കുമായിരുന്നത്രേ. കാരണം അങ്ങനെ ചെയ്താല്‍ അത് തന്റെ കലാപരമായ കഴിവുകളെ തെറ്റായി സ്വാധീനിക്കുമെന്ന് അദ്ദേഹം ഭയന്നു.
ഏതു നോട്ടവും നോക്കുന്നവനില്‍ ഒരു സ്വാധീനം ഉണ്ടാക്കുന്നുണ്ട്. യേശുവിന്റെ ജീവിതത്തെ ഒരുവന്‍ ശ്രദ്ധിച്ചുനോക്കിയാല്‍ അതവനെ ക്രമേണ യേശുവിനെപ്പോലെയാക്കും. സത്യത്തില്‍ ക്രിസ്തീയ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം അതാണ്- യേശുവിനെപ്പോലെയാകുക. രണ്ടു ദൈവവചനങ്ങള്‍ കാണുക: ”അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്നിയമിച്ചിരിക്കുന്നു” (റോമ.8: 29). ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷയ്ക്കു വിളിച്ചത്” (2 തെസ്സ.2:14).

ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ തിരഞ്ഞെടുക്കുകയും മുന്‍നിയമിക്കുകയും ചെയ്തതിനെക്കുറിച്ച് എഫെസ്യര്‍ ഒന്നാം അദ്ധ്യായത്തില്‍ കാണുന്നുണ്ട്. അതു നാം അവിടുത്തെ മുന്‍പാകെ ‘വിശുദ്ധരും നിഷ്‌ക്കളങ്കരും ആകേണ്ടതിനാണെന്ന്’ അവിടെ പറഞ്ഞിരിക്കുന്നു. ഇവിടെ റോമര്‍ 8:29ല്‍ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാക്കിയിരിക്കുകയാണ്- യേശുവിന്റെ സ്വഭാവത്തോടനുരൂപമാകുവാനാണ് നമ്മെ മുന്‍നിയമിച്ചിരിക്കുന്നത്. 2 തെസ്സലൊനിക്യര്‍ 2:14ല്‍ ഇതേ കാര്യം മറ്റൊരു തരത്തില്‍ പറഞ്ഞിരിക്കുന്നു: കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം (തേജസ്സ്-ഏഹീൃ്യ) പ്രാപിക്കുവാനാണ് നമ്മെ വിളിച്ചത്. ഈ വിളി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് യേശുവിന്റെ അതേ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുവാന്‍ വേണ്ടിയാണെന്നു രണ്ടു കൊരിന്ത്യരിലും വിശദീകരിച്ചിരിക്കുന്നു(3:18). യേശുവിനെപ്പോലെയാകാനായി നമ്മെ വിളിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അതു പാപത്തിന്മേല്‍ ജയമുള്ള ഒരു വിജയകരമായ ജീവിതത്തിലേക്കുള്ള വിളിയാണ്. യേശുവില്‍ പാപം ഉണ്ടായിരുന്നില്ലല്ലോ.

വിജയകരമായ ക്രിസ്തിയജീവിതം, യേശുവിനെപ്പോലെയാകുക എന്നൊക്കെ പറയുമ്പോള്‍ കേവലം മതഭക്തരായ ഭൂരിപക്ഷം ക്രിസ്ത്യാനികളും നെറ്റി ചുളിക്കുന്നതു കാണാം. അങ്ങനെയുള്ളവര്‍ ക്രിസ്തീയജീവിതത്തിന്റെ ആത്യന്തികലക്ഷ്യം എന്തെന്നു മനസ്സിലാക്കിയിട്ടില്ല. രക്ഷ, സ്‌നാനം, പരിശുദ്ധാത്മസ്‌നാനം, കൂട്ടായ്മ, സുവിശേഷീകരണം-തീര്‍ന്നു. അവരുടെ വിശ്വാസ ജീവിതം ഈയൊരു വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അതിനും മുമ്പോട്ട് പാപത്തിന്മേല്‍ ജയമുള്ള വിജയകരമായ ക്രിസ്തീയജീവിതം എന്ന ആത്യന്തികലക്ഷ്യത്തെ കാണാതെ തങ്ങളുടെ പരാജയപ്പെട്ട ജീവിതത്തെ ധാരാളം ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മൂടിവച്ച് തൃപ്തരായി കഴിയുകയാണവര്‍!

ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യത്തെ മറന്നു പകുതി വഴി വന്ന് തൃപ്തരായി നില്‍ക്കുന്നവര്‍, സത്യത്തില്‍ ഡല്‍ഹിക്കു പോകാന്‍ പുറപ്പെട്ടിട്ട് വഴിയില്‍ കണ്ട ഒരു സ്റ്റേഷനില്‍ ഇറങ്ങി അവിടെ കുടിപാര്‍ക്കുന്ന ബുദ്ധിഹീനരായ യാത്രക്കാരെപ്പോലെയല്ലേ?. അവര്‍ ദൈവഹൃദയത്തിന് എത്ര വലിയ വേദനയായിരിക്കും നല്‍കുന്നത്! പത്താം ക്ലാസ്സു പാസ്സാകാനായി മകനെ സ്‌കൂളില്‍ ചേര്‍ത്തിട്ട് അവന്‍ ഒന്നാം ക്ലാസ്സില്‍ത്തന്നെ തൃപ്തനായി എന്നും അവിടെത്തന്നെ ചടഞ്ഞു കൂടിയാല്‍ ഏതു പിതൃഹൃദയമാണ് വേദനിക്കാതിരിക്കുക?

വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിക്കാനുള്ള വിളി അനുസരിക്കാന്‍ പലര്‍ക്കുമുള്ള തടസ്സം ഇത്തരം ഒരു ജീവിതം അസാധ്യമാണെന്ന പിശാചിന്റെ മന്ത്രണത്തിന് അവര്‍ ചെവി കൊടുക്കുന്നു എന്നതാണ്. അവിശ്വാസമാണ് അവരുടെ പ്രശ്‌നം. തോമസിനോട് യേശു പറഞ്ഞു ‘അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക’ എന്ന ശാസന അവര്‍ കേട്ടിരുന്നെങ്കില്‍!

ഇത്തരം ഒരു ജീവിതം വിശുദ്ധരായ ചിലര്‍ക്കു മാത്രമേ സാദ്ധ്യമാകുകയുള്ളു എന്നാണ് മറ്റു ചിലരുടെ തടസ്സവാദം. എന്നാല്‍ ദൈവവചനത്തിലെ എല്ലാ വാഗ്ദാനങ്ങളും രാജകീയ പുരോഹിതവര്‍ഗ്ഗമായ എല്ലാ വിശ്വാസികള്‍ക്കും ഉള്ളതാണെന്നോര്‍ക്കുക. വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള വാച്ച്മാന്‍ നീയുടെ പുസ്തകത്തിന്റെ പേര് Normal Christian Life (സാധാരണ ക്രിസ്തീയ ജീവിതം) എന്നതാണെന്നതു ശ്രദ്ധേയമല്ലേ? ‘പാപത്തിന്മേല്‍ ജയമുള്ള ജീവിതം കൈയാളിയാല്‍ ജീവിതത്തിന്റെ എല്ലാ രസവും നഷ്ടപ്പെടും, അത് അരിഷ്ടമായ ഒരു ജീവിതമായിരിക്കും’ എന്നെല്ലാമാണ് വേറെ ചിലരുടെ ചിന്ത. എന്നാല്‍ വാസ്തവത്തില്‍ പാപത്താല്‍ തോല്‍പ്പിക്കപ്പെടുന്ന, രണ്ടു തോണിയില്‍ കാലു ചവിട്ടുന്ന, ജീവിതമാണ് ഏറ്റവും അരിഷ്ടമായ ജീവിതം. മറിച്ച് വിജയകരമായ ജീവിതം ഏറ്റവും സന്തോഷകരമായ ജീവിതമാണ്.

നിങ്ങള്‍ ഇതു വിശ്വസിക്കുമോ? ‘ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു?’

അധ്യായം 32 :
താഴ്മയുടെ താഴ്‌വര
താഴ്മ ഒരു താഴ്‌വരയാണോ?

ജോണ്‍ ബനിയന്‍ അങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘പരദേശിമോക്ഷയാത്ര’യില്‍ സീയോന്‍ സഞ്ചാരികള്‍ കടന്നു പോകുന്ന അതീവഹൃദ്യമായ ഒരു സ്ഥലമാണ് താഴ്മയുടെ താഴ്‌വാരം. ക്രിസ്ത്യാനിയുടെ ഭാര്യ ക്രിസ്തീന കുഞ്ഞുങ്ങളുമൊത്ത് ഇതുവഴി കടന്നു പോകുമ്പോള്‍ വഴികാട്ടിയായ ധൈര്യഹൃദയന്‍ ആ സ്ഥലത്തെ ഇങ്ങനെ വിവരിക്കുന്നു: ”ഈ താഴ്‌വരയിലായിരുന്നു നമ്മുടെ കര്‍ത്താവ് തന്റെ ഭവനം മുമ്പ് പണിതത്. ഇവിടെ താമസിക്കുന്നതിലും ഇവിടുത്തെ കാറ്റ് വളരെ ഹൃദ്യമായിട്ടുള്ളതിനാല്‍ ഇവിടെ നടന്ന് ആശ്വസിക്കുന്നതിലും അവിടുന്ന് വളരെ സന്തോഷമുള്ളവനായിരുന്നു. വിശേഷിച്ച്, ഒരു മനുഷ്യന്‍ ഇവിടെ വന്നാല്‍ അവന് ഈ ലോകത്തിലെ ശബ്ദകോലാഹലങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും സ്വസ്ഥതയും മനസ്സുഖവും പ്രാപിക്കാന്‍ കഴിയും. ഈ സ്ഥലം ഒഴിച്ച് മറ്റേതു സ്ഥലത്തും ശബ്ദകോലാഹലങ്ങളും കുഴപ്പങ്ങളും ഉണ്ടാകാതിരിക്കുകയില്ല. സീയോന്‍പട്ടണത്തിലേക്കുള്ള സഞ്ചാരികള്‍ അല്ലാതെ ആരും ഈ വഴിയേ പോകാറില്ല.”

താഴ്മയെക്കുറിച്ച് എത്ര കൃത്യമായ ഒരു നിരീക്ഷണം! സീയോന്‍ സഞ്ചാരികളല്ലാതെ ആരും താഴ്മയുടെ വഴിയിലൂടെ പോകാറില്ല എന്നു പറയുമ്പോള്‍ അത് ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള വളരെ ശരിയായ ഒരു വിലയിരുത്തലാണെന്ന് സമ്മതിക്കേണ്ടി വരും. താഴ്മ അവശ്യം വേണ്ട ഒരു ഗുണമാണെന്നു കരുതുന്നവര്‍ ഇന്നത്തെ സമൂഹത്തില്‍ എത്ര പേരുണ്ട്? താഴ്മയോടെ ഒതുങ്ങി നില്‍ക്കുന്നവനെ ‘ജീവിക്കാനറിഞ്ഞു കൂടാത്തവന്‍’ എന്നാണ് സമൂഹം മുദ്ര കുത്തുന്നത്. മറിച്ച് നിഗളത്തിന്റെ നെഞ്ചു വിരിച്ച് എവിടെയും തള്ളിക്കയറുന്നവന്‍ ലോകത്തിന്റെ കണ്ണില്‍ ‘മിടുക്ക’നാണ്! അതുകൊണ്ടു തന്നെ ഇന്നത്തെ സമൂഹത്തില്‍ ‘ഞാന്‍, ഞാന്‍ മാത്ര’മെന്നു പറഞ്ഞ് അഹന്തയുടെ കുന്നുകള്‍ ഓടിക്കയറുന്നവരാണേറെയും. താഴ്മയുടെ താഴ്‌വാരങ്ങളില്‍ നടക്കാനിറങ്ങുന്നവര്‍ സീയോന്‍ സഞ്ചാരികള്‍ മാത്രമായിരിക്കും.

സീയോന്‍സഞ്ചാരികളുടെ നായകനായ കര്‍ത്താവ് ഈ ഭൂമിയിലായിരുന്നപ്പോള്‍ വീടുവച്ചു പാര്‍ത്തിരുന്നതും താഴ്മയുടെ താഴ്്‌വരയിലായിരുന്നു എന്നാണ് ബനിയന്റെ ഭാവന. പക്ഷേ അതു ശരിയല്ലേ? യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: ”ഞാന്‍ സൗമ്യതയും താഴ്മയുമുള്ളവനാകയാല്‍… എന്നോടു പഠിപ്പിന്‍”(മത്തായി.11:29). ഇവിടെ പാര്‍ക്കുന്നവര്‍ ശബ്ദകോലാഹലങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞിരിക്കും എന്ന കണ്ടെത്തലും വചനത്തോടു ചേര്‍ന്നു പോകുന്നു. യേശുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ”അവന്‍ കലഹിക്കയില്ല. നിലവിളിക്കയില്ല. ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കുകയുമില്ല”എന്നാണല്ലോ(മത്തായി.12:18).

താഴ്മയും സൗമ്യതയും–അതു തന്നില്‍ നിന്നും പഠിക്കുവാനാണ് യേശു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവ എന്താണെന്നു നാം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

താഴ്മയും സൗമ്യതയും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടും ഒന്നു തന്നെയാണെന്നു പലരും കരുതുന്നു. എന്നാല്‍ രണ്ടും തമ്മില്‍ നേരിയ വ്യത്യാസം ഉണ്ട്. താഴ്മ നമ്മുടെ ഉള്ളില്‍ ഉള്ളതാണ്. സൗമ്യത നമ്മില്‍ നിന്നു പുറത്തേക്ക് വരുന്നതാണ്. താഴ്മ നാമും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ ഉളവാകുന്നതാണെങ്കില്‍ സൗമ്യത, നാമും മനുഷ്യരും തമ്മിലുള്ള പെരുമാറ്റത്തില്‍ പ്രകടമാകുന്നതാണ്. താഴ്മയും സൗമ്യതയും തമ്മിലുള്ള ബന്ധമോ? നമ്മിലുള്ള താഴ്മയ്ക്ക് ആനുപാതികമായിരിക്കും നമ്മുടെ സൗമ്യത. താഴ്മയുടെ ബഹിര്‍സ്ഫുരണമാണ് സൗമ്യത. സൗമ്യത താഴ്മയുടെ അളവുകോലും.

ഇവ ഒന്നൊന്നായി യേശുവിന്റെ ജീവിതത്തോടുള്ള ബന്ധത്തില്‍ നമുക്ക് പരിശോധിക്കാം.

യേശുവിനു പിതാവിനോടുള്ള ബന്ധത്തില്‍ ഉണ്ടായിരുന്ന എളിയ ഭാവമായിരുന്നു അവിടുത്തെ താഴ്മ. ഈ താഴ്മയെ പൗലൊസ് ഏഴു പടികളിലൂടെയുള്ള ഒരു അവരോഹണമായി ചിത്രീകരിച്ചിരിക്കുന്നു (ഫിലി.2:5-8). പിതാവിനോടുള്ള ബന്ധത്തില്‍ തന്റെ ഉള്ളിലുണ്ടായിരുന്ന ഈ തികഞ്ഞ താഴ്മ മനുഷ്യരോടുള്ള പെരുമാറ്റത്തില്‍ സമ്പൂര്‍ണ്ണ സൗമ്യതയായി പ്രതിഫലിച്ചു. തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ അവിടുന്ന് വിനയത്തോടെ പ്രതികരിച്ച വിധം പത്രൊസും യെശയ്യാവും വിവരിക്കുന്നതു കാണുക (1 പത്രൊ.2:23; യെശ.53:7)

‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും’ എന്ന വചനം അനുസരിച്ച് തന്നെ പീഡിപ്പിച്ച എല്ലാവരിലും യേശു തന്റെ പിതാവിന്റെ കരം ആണ് കണ്ടത്. ‘പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?’ എന്നു ചോദിച്ച അവിടുന്ന് തന്നെ ഞെരുക്കിയ ആരുടെ കയ്യില്‍ നിന്നും അതു വാങ്ങി പാനം ചെയ്യാന്‍ തക്കവണ്ണം തന്നെത്തന്നെ വിനയപ്പെടുത്തുകയും ചെയ്തു. ശിഷ്യന്മാരുടെ കാലുകളെ കഴുകുവാന്‍ യേശു തുനിഞ്ഞത് ‘പിതാവ് സകലവും തന്റെ കയ്യില്‍ തന്നിരിക്കുന്നുവെന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നു ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും അറിഞ്ഞ, പശ്ചാത്തലത്തിലാണെന്നത് (യോഹ.13:3-5) ആ സൗമ്യതയുടെ ആഴമല്ലേ വെളിവാക്കുന്നത്?

ഈ സൗമ്യതയുടെ തന്നെ ജ്വലിക്കുന്ന മറ്റൊരു മുഖമാണ് യേശു ചമ്മട്ടിയുമായി ആലയത്തെ ശുദ്ധീകരിച്ചപ്പോഴും തന്റെ ശിഷ്യന്മാരെ തുറന്നു ശാസിച്ചപ്പോഴും പ്രകടമായത് (യോഹ.2:13-16; മത്താ.20:23; ലൂക്കൊ.9:55; മത്താ.16:23).

യേശുവിന്റെ ഈ താഴ്മയും സൗമ്യതയും തന്നില്‍നിന്നു തന്നെ പഠിക്കുവാന്‍ ഒരു ഒഴികഴിവിനും ഇടമില്ലാതെ അവിടുന്നു വ്യക്തമായി കല്‍പിച്ചിരിക്കുകയാണ് (മത്താ.11:29). ഈ കാര്യത്തിലും നമുക്കു പിന്‍തുടരുവാന്‍ അവിടുന്ന് ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു (1 പത്രൊ.2:21).

എന്തിനാണ് തന്റെ താഴ്മയുടെയും സൗമ്യതയുടെയും ചുവടുകള്‍ പിന്തുടരുവാനും അവ തന്നില്‍ നിന്നു പഠിക്കുവാനും യേശു നമ്മോടു പറഞ്ഞിരിക്കുന്നത്? അതു നമ്മുടെ തന്നെ നന്മയ്ക്കുവേണ്ടിയാണ്. രണ്ടു വചനങ്ങള്‍ ശ്രദ്ധിക്കുക: ‘ദൈവം താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുന്നു’ (1 പത്രൊ.5:5; യാക്കോ.4:6). ‘സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമിയെ കൈവശമാക്കും’ (മത്താ.5:5). താഴ്മയുള്ളവര്‍ കൃപയുള്ളവരാണ്! സൗമ്യതയുള്ളവര്‍ ഭാഗ്യമുള്ളവരാണ്!!

ദൈവത്തിന്റെ കൃപയാണ് ക്രിസ്തീയ ജീവിതത്തില്‍ നമുക്കേറ്റവും ആവശ്യം. അതു നല്‍കുന്നത് താഴ്മയുള്ളവര്‍ക്കാണ്. അര്‍ഹതയില്ലാത്തിടത്ത് നല്‍കുന്ന ദാനമാണ് കൃപ. വാസ്തവത്തില്‍ അതു ലഭിക്കാന്‍ ഒരു അര്‍ഹതയും വേണ്ട. എന്നാല്‍ അതു കിട്ടാനും ഒരു വ്യവസ്ഥയുണ്ട്. അതാണ് താഴ്മ എന്നു പറയുമ്പോള്‍ താഴ്മ എത്ര പരമപ്രധാനമാണ്!

അതുപോലെ സൗമ്യത നമുക്ക് വലിയ സ്വാതന്ത്ര്യം നല്‍കുന്നതാണ്. (‘ഈ താഴ്‌വരയില്‍ ഒരു മനുഷ്യന്‍ വന്നാല്‍ അവന് ഈ ലോകത്തിലെ ശബ്ദകോലാഹലങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും സ്വസ്ഥതയും മനസ്സുഖവും പ്രാപിക്കാന്‍ കഴിയും’ എന്ന ജോണ്‍ ബനിയന്റെ വാക്കുകള്‍ ഓര്‍ക്കുക). നാം നേരത്തെ ചിന്തിച്ചതുപോലെ സൗമ്യതയുള്ളവര്‍ക്ക് മറ്റുള്ളവരോടുള്ള ബന്ധത്തില്‍ സ്വന്തം അവകാശത്തിനായുള്ള പോരാട്ടമോ, സ്വയംന്യായീകരണമോ, പരിഭവമോ, പരാതിയോ ഉണ്ടായിരിക്കുകയില്ല. ആരോടും പരിഭവമില്ലാത്ത ഈ ‘സൗമ്യതയുടെ സ്വാതന്ത്ര്യം’ ഉള്ളവരെ ഭൂമിയില്‍ ആര്‍ക്കെങ്കിലും തോല്‍പിക്കുവാന്‍ കഴിയുമോ? ഇല്ല അവര്‍ ഭൂമിയെ അവകാശമാക്കും. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാരാണ്!.

ഈ ലോകം ഒരു വിലയും കല്‍പിക്കാത്ത താഴ്മയുടെയും സൗമ്യതയുടെയും മൂല്യം, സീയോന്‍ സഞ്ചാരീ, നീ തിരിച്ചറിയുന്നുണ്ടോ?.