ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020

സാക് പുന്നന്‍

ദൈവം നിങ്ങൾക്കു ചെയ്തിരിക്കുന്ന സകല കാര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ദൈവത്തോടുള്ള തൃപ്തികരമായ ഒരു പ്രതികരണം എന്താണ്? അത് നിങ്ങൾ നന്ദി വാക്കുകൾ പറയുന്നതു കൊണ്ട് മാത്രം മതിയാകുകയില്ല. റോമർ 12 (അധ്യായം മുഴുവൻ) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. ദൈവത്തിൻ്റെ മനസ്സലിവു കണക്കിലെടുത്തുകൊണ്ട്, നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ഇവിടെ പറയുന്നു :

1. ഒന്നാമത്, നിങ്ങളുടെ ശരീരത്തെ ജീവനുള്ള ഒരു യാഗമായി അവിടുത്തേക്കു സമർപ്പിക്കുക (റോമ. 12:1) . ‘യാഗം’ എന്ന വാക്ക് സൂചിപ്പിക്കുന്നത് കർത്താവിനു നിങ്ങളുടെ ശരീരത്തെ നൽകുന്നതിന് നിങ്ങൾ ഒരു വില കൊടുക്കേണ്ടതുണ്ട് എന്നാണ്. എന്തോ ഒന്ന് യാഗമാക്കപ്പെടേണ്ടതുണ്ട്- അത് നിങ്ങളെ തന്നെ പ്രസാദിപ്പിക്കേണ്ടതിന് നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ ശക്തമായ സ്വയേച്ഛയെയാണ്- നിങ്ങളുടെ കണ്ണുകൾ, കൈകൾ, നാവ്, നിങ്ങളുടെ ഇന്ദ്രിയങ്ങൾ, വികാരങ്ങൾ മുതലായവ.

2. നിങ്ങളുടെ മനസ്സ് പുതുക്കപ്പെടേണ്ടതിന് സമർപ്പിക്കുക (റോമ.12:2)- അതായത് മനുഷ്യരെയും ചുറ്റുപാടുകളെയും ദൈവം നോക്കുന്നതുപോലെ നോക്കുക. ഇവിടെയാണ് നിങ്ങൾക്കു നിങ്ങളെ തന്നെ വെടിപ്പാക്കേണ്ടത്, പെൺകുട്ടികളെ നോക്കുന്നതിലുള്ള അശുദ്ധിയിൽ നിന്ന്, നിങ്ങളെ ഉപദ്രവിച്ചവരെ കാണുമ്പോഴുണ്ടാകുന്ന കയ്പിൽ നിന്ന്, നിങ്ങൾ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടപ്പെടാത്തവരോടും ഉള്ള മുഖപക്ഷത്തിൽ നിന്ന്, ഭാവിയെയോ ചുറ്റുപാടുകളെയോ നോക്കുമ്പോഴുണ്ടാകുന്ന അവിശ്വാസം, വിഷമം, ഭയം ഇവയിൽ നിന്ന്. ദൈവം ആ വ്യക്തിയെയോ സാഹചര്യത്തെയോ എങ്ങനെയാണ് നോക്കുന്നത് എന്ന് എപ്പോഴും നിങ്ങളോടു തന്നെ ചോദിക്കുക. അങ്ങനെയല്ലാതെ അവയെ നോക്കുന്ന എല്ലാ രീതികളിൽ നിന്നും നിങ്ങളെത്തന്നെ വെടിപ്പാക്കുക.

3. നിങ്ങളെ കുറിച്ചു തന്നെ ഉന്നതമായി ചിന്തിക്കരുത് (റോമ. 12:3). നിങ്ങളുടെ ആത്മീയതയുടെ യഥാർത്ഥ അളവുകോൽ നിങ്ങളുടെ അറിവിൻ്റെയോ എരിവിൻ്റെയോ അളവല്ല. എന്നാൽ നിങ്ങളുടെ വിശ്വാസത്തിൻ്റെ അളവാണ്.

4. ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന വരങ്ങളും താലന്തുകളും ഉപയോഗിച്ച് ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിൽ നിങ്ങൾക്കുള്ള ശുശ്രൂഷ നിർവ്വഹിക്കുക (റോമ.12:4-8). ഒരു താലന്തു ലഭിച്ച ആ മനുഷ്യൻ ചെയ്തതുപോലെ നിങ്ങളുടെ താലന്ത് മണ്ണിൽ (ലോകത്തിൽ) കുഴിച്ചിടരുത്. ദൈ‌വത്തെ സേവിക്കുന്നതിൽ എരിവുള്ളവരായിരിക്കുകയും (റോമ.12:11) ഇടവിടാതെ പ്രാർത്ഥിക്കുകയും ചെയ്യുക. (ദൈവത്തെ കേൾക്കുകയും ദൈവത്തോട് സംസാരിക്കുകയും ചെയ്യുക) (റോമ.12:12).

5. തീയതിനെ വെറുത്ത് നല്ലതിനോട് പറ്റിക്കൊൾവിൻ (റോമ.12:9). രണ്ടാമതു പറഞ്ഞ കാര്യം ചെയ്യുന്നത് ആദ്യത്തേതു ചെയ്യുവാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമുള്ളതാക്കി തീർക്കുന്നു.

6. എല്ലാ സഹോദരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക കാരണം അവർ യേശുവിൻ്റെ ഇളയ സഹോദരന്മാരാണ് (റോമ.12:9,10). അവർക്ക് നന്മ ചെയ്യുക (റോമ.12:13). സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുകയും കരയുന്നവരോടു കൂടെ കരയുകയും ചെയ്യുക (റോമ.12:15). എല്ലാവരോടും താഴ്മയുടെ മനോഭാവം ഉള്ളവരായിരിക്കുക- പ്രത്യേകിച്ച് ദരിദ്രരോടും ക്രിസ്തുവിൻ്റെ ശരീരത്തിൽ വരങ്ങൾ കുറവുള്ളവരോടും (റോമ.12:16).

7. എല്ലാവരെയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിങ്ങൾക്കു ദോഷം ചെയ്തവരെ (റോമ.12:14,17,21). കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. നിങ്ങളോട് ദോഷം ചെയ്തവരോട് പ്രതികാരം ചെയ്യുകയോ അവർക്ക് എന്തെങ്കിലും തിന്മയായതു ഭവിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയോ ചെയ്യരുത്. അവർക്കു നന്മ ചെയ്ത് നന്മയാൽ തിന്മയെ ജയിക്കുക. തിന്മയെ അധികം തിന്മകൊണ്ടു ജയിക്കാൻ ശ്രമിക്കുന്നവരെ കൊണ്ട് ഇന്നു ലോകം നിറഞ്ഞിരിക്കുന്നു. എന്നാൽ തിന്മയ്ക്ക് ഒരിക്കലും തിന്മയെ ജയിക്കാൻ കഴിയില്ല. നന്മയ്ക്കു മാത്രമേ തിന്മയെ ജയിക്കാൻ കഴിയൂ, കാരണം തിന്മയേക്കാൾ കൂടുതൽ ശക്തിയുള്ളതു നന്മയ്ക്കാണ്. ഇതാണ് യേശു കാൽവറിയിൽ പ്രദർശിപ്പിച്ചത്. ദൈവം നിങ്ങളുടെ വഴികളിൽ അയയ്ക്കുന്ന കഷ്ടതകളിൽ സഹിഷ്ണുതയുള്ളവരായിരിക്കുകയും നിങ്ങളെ യേശുവിനെ പോലെ ആക്കേണ്ടതിനു വേണ്ടി പ്രത്യേകം രൂപ കല്പന ചെയ്യപ്പെട്ടവയാണ് അവയെല്ലാം, എന്ന പ്രത്യാശയിൽ സന്തോഷിക്കുകയും ചെയ്യുക (റോമ.12:12).

ഈ വിധത്തിലാണ് ദൈവം നമുക്കു വേണ്ടി ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങൾക്കും, നമ്മോടു വീണ്ടും വീണ്ടും ക്ഷമിക്കുന്നതിൽ അവിടുന്നു കാണിച്ച കരുണയുടെ ധനത്തിനും നാം അവിടുത്തോട് വാസ്തവത്തിൽ നന്ദിയുള്ളവരാണെന്നു തെളിയിക്കുന്നത്.