കൊച്ചു പ്രാർത്ഥനയ്ക്കും മറുപടി

assorted colored vietnam postage stamps

പ്രശസ്ത വേദപണ്ഡിതനായ എഫ്.ബി മേയർ നന്നേ ചെറുപ്പത്തിൽ തന്നെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു.

മേയർക്കു പന്ത്രണ്ടുവയസ്സുള്ള കാലം. സ്കൂളിലെ അവന്റെ മുഷ്ക്കന്മാരായ ചില സഹപാഠികൾ ഒരു ദിവസം സ്കൂൾ വിട്ടപ്പോൾ മേയറെ പിടികൂടി. അടുത്ത ദിവസം എവിടുന്നെങ്കിലും ചില വിദേശസ്റ്റാമ്പുകൾ കൊണ്ടുവന്നു കൊടുത്തില്ലെങ്കിൽ ദേഹോപദ്രവം ഏല്പിക്കുമെന്നു ഭീഷണിപ്പെടുത്തി. കൊച്ചു മേയർ ആകെ പേടിച്ചു പോയി. അവന്റെ കൈയിൽ അത്തരം സ്റ്റാമ്പുകളൊന്നും ഉണ്ടായിരുന്നില്ല. പിറ്റേന്നു സ്റ്റാമ്പില്ലാതെ ചെന്നാൽ അവർ തല്ലുകയും ചെയ്യും. എന്തു ചെയ്യും?

അന്നു രാത്രി മേയർ തന്റെ മുറിയിൽ കിടക്കയിലിരുന്നു ദൈവത്തോടു സ്റ്റാമ്പിനായി കരഞ്ഞു പ്രാർത്ഥിച്ചു. പിറ്റേന്നു നേരം വെളുക്കുമ്പോൾ കിടക്കയുടെ അരികിലോ ഊണുമേശപ്പുറത്തോ ദൈവം ധാരാളം വിദേശസ്റ്റാമ്പുകൾ കൊണ്ടിടുമെന്നായിരുന്നു അവന്റെ പ്രതീക്ഷ. പക്ഷെ നേരം പുലർന്നപ്പോൾ പ്രതീക്ഷയോടെ സ്റ്റാമ്പിനായി നോക്കിയ മേയർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ ആകെ അസ്വസ്ഥനായി.

സ്കൂളിൽ പോകേണ്ട സമയം മെല്ലെ അടുത്തുവന്നു. മേയർക്ക് സ്കൂളിൽ പോകാൻ തോന്നുന്നില്ല. പക്ഷേ പോകാതിരിക്കാനും കഴിയുകയില്ല. വിവരം വീട്ടിൽ പറയാനും ധൈര്യമില്ല.

ഒടുവിൽ സ്കൂളിൽ പോകാറായപ്പോൾ അവൻ ധൈര്യം സംഭരിച്ചു പിതാവിനോട് വിദേശസ്റ്റാമ്പുകൾ വല്ലതും അദ്ദേഹത്തിന്റെ കൈവശം ഉണ്ടോയെന്ന് അന്വേഷിച്ചു. പിതാവ് അത്ഭുതത്തോടെ ഇങ്ങനെ മറുപടി നൽകി: “എന്റെ മോനേ, നിനക്കു സ്റ്റാമ്പുകളക്ഷൻ ഉണ്ടെന്ന് ഞാൻ ഇതുവരെ അറിഞ്ഞിരുന്നില്ലല്ലോ. എനിക്ക് ഓഫീസിൽ സാധാരണ വിദേശകത്തുകൾ ഒന്നും വരാറില്ല. എന്നാൽ ഇന്നലെ എന്റെ ബിസിനസ്സ് പാർട്ണർ എന്തുകൊണ്ടോ ചില വിദേശസ്റ്റാമ്പുകൾ എനിക്കു നൽകി. അതെന്റെ ഇന്നലെ ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിലുണ്ട്”.

മേയർക്കു സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ ഓടിച്ചെന്ന് കോട്ടിന്റെ പോക്കറ്റിൽ നിന്നു സ്റ്റാമ്പുകളെടുത്തു സന്തോഷത്തോടെ സ്കൂളിലേക്കു പോയി.

പന്ത്രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ പ്രാർത്ഥനയ്ക്കു മറുപടി നൽകാനായി ദൈവം അവൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നതിനു മുൻപു തന്നെ എങ്ങനെ പ്രവർത്തിച്ചുവെന്നു നോക്കുക!

മേയർക്ക് ക്രിസ്തുവിലും പ്രാർത്ഥനയിലും ഉള്ള വിശ്വാസം ഉറയ്ക്കുവാനും ഈ സംഭവം കാരണമായി.