പരിശുദ്ധാത്മ സ്‌നാനത്തെ വിലമതിക്കുക – WFTW 14 ജൂലൈ 2013

സാക് പുന്നന്‍

   

2 രാജാക്കന്മാര്‍ അദ്ധ്യായം 2 ല്‍ എലിയാവിനാല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ നിര്‍ബന്ധബുദ്ധിയോടെ പിടിച്ചുനിന്ന ഏലീശായെ നാം കാണുന്നു. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ തുടങ്ങുന്ന സമയത്ത് എലീശാ ഗില്‍ഗാല്‍ വരെ അവനോടൊപ്പം ചെന്നു. ഏലിയാവ് അവിടെനിന്നും ബെഥേലിലേക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍ എലീശയോട് ഗില്‍ഗാലില്‍ നിന്നുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍ എലീശാ പറഞ്ഞു ‘ഇല്ല, ഞാനും നിന്നോടൊപ്പം വരികയാണ്’. ഏലിയാവ് താന്‍ യരീഹോവിലേക്ക് പോകുന്നതിനാല്‍ എലീശയോട്   ബെഥേലില്‍ വച്ച് വീണ്ടും അവിടെത്തന്നെ നില്ക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും എലീശായുടെ മറുപടി  ‘ഇല്ല, ഞാന്‍ നിന്നോടൊപ്പം വരികയാണ്’ എന്നായിരുന്നു. യെരീഹോവില്‍ വച്ചും ഇതേ രംഗം ആവര്‍ത്തിച്ചു. ഏലിയാവ് യോര്‍ദ്ദാനിലേക്ക് പോയി. അവര്‍ യോര്‍ദ്ദാന്‍ നദിക്കരയില്‍ എത്തിയപ്പോള്‍ ഏലിയാവ് വെള്ളത്തെ അടിച്ചു. നദി പിളര്‍ന്നു അവര്‍ രണ്ടു പേരും അക്കരെ കടന്നു. അപ്പോള്‍ ഏലിയാവ് എലീശയോട് ചോദിച്ചു,’നീ എന്തിനാണ് എന്നെ പിന്തുടരുന്നത്?. നിനക്കെന്താണ് വേണ്ടത്?.

നിങ്ങളെ സംബന്ധിച്ച് എങ്ങനെയാണ്? എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? കൂടുതല്‍ വരുമാനമാണോ? അല്ലെങ്കില്‍ ഒരു വീടോ ഒരു കാറോ ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഏതായാലും എലീശാ പറഞ്ഞത് ‘എനിക്ക് നിന്റെ ആത്മാവിന്റെ പകുതി പങ്ക് വേണം’. അവനീ ലോകത്തിലുള്ളതൊന്നും ചോദിച്ചില്ല. ഉണ്ടായിരുന്ന ആത്മാവിന്റെ അഭിഷേകമാണ് അവന്‍ ചോദിച്ചത്. അതുകൊണ്ടാണ് അവന്‍ ഏലിയാവിനെ വിടാതെ പിന്തുടര്‍ന്നത്.

ഒരു ശുശ്രൂഷ നമ്മെ എല്‍പ്പിക്കുന്നതിനുമുമ്പ് ദൈവം നമ്മെയും പരീക്ഷിക്കും. അവിടുന്ന് ചില അനുഭവങ്ങള്‍ നല്കും. ഗില്ഗാലിലേക്കു കൊണ്ടുവന്ന് നാം അവിടെ തൃപ്തരായി നില്ക്കുകയാണോ എന്ന് നോക്കും. ചില ക്രിസ്ത്യാനികള്‍ അവിടെ തൃപ്തരായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ പറയും ‘ഇല്ല കര്‍ത്താവേ, ഞാന്‍ തൃപ്തനല്ല. ദൈവം ഈ ആളുകളെ കൂടുതല്‍ ആഴത്തിലുള്ള അനുഭവത്തിലേക്ക് നടത്തും  ബെഥേലിലേക്ക്  അവിടുന്ന് ചില ദര്‍ശനങ്ങളൊക്കെ നല്കും, ചിലര്‍ അതില്‍ തൃപ്തരാകും. മറ്റു ചിലര്‍ പറയും ‘ ഇല്ല കര്‍ത്താവേ, എനിക്കങ്ങയെ കൂടുതല്‍ വേണം’. ഒരു പക്ഷെ ദൈവം നിങ്ങളിലൂടെ ഒരു അത്ഭുതം പ്രവര്‍ത്തിച്ചു എന്ന് വരാം. ചിലര്‍ അതില്‍ തൃപ്തരാകും. അപ്പോഴും മറ്റു ചിലര്‍  പറയും ‘ദൈവമേ, അങ്ങയില്‍ ആവസിച്ച അതെ ആത്മാവ് എന്റെ മേലും ആവസിക്കുവാനും സമ്പൂര്‍ണ്ണമായി അങ്ങയെപോലെ ആകുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ കുറഞ്ഞ ഒന്നിലും ഞാന്‍  തൃപ്തനാകുകയില്ല’. അത്തരമൊരു ഹൃദയ വാഞ്ച നിങ്ങള്‍ക്കുണ്ടോ? അങ്ങനെയെങ്കില്‍ ദൈവം ഒരു നാളും നിങ്ങളെ നിരാശപ്പെടുത്തുകയില്ലെന്ന് ഞാന്‍ ഉറപ്പുനല്കട്ടെ.

ദൈവം നമുക്കായി ഏറ്റവും മികച്ചതിനേക്കാള്‍ വളരെ താഴെ  അതിന്റെ 25% ത്തിലും, 50% ത്തിലും, 75% ത്തിലും തൃപ്തരായി ഇരിക്കുന്ന അനേകം ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ തലമുറയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ചതായി എരിവോടെ നിന്ന എലീശയെ പോലെയാകുക. അവന്‍ സ്ഥിരോത്സാഹിയായി നിന്നതിനാല്‍ ഇരട്ടി അഭിഷേകം അവനു ലഭിച്ചു. ഏലിയാവ് ചെയ്തതിന്റെ ഇരട്ടി അത്ഭുതങ്ങള്‍ അവന്‍ ചെയ്തു.

ഇന്ന് നിങ്ങള്‍ പല പ്രാസംഗീകരുടെയും അടുത്ത് ചെന്ന്, ‘ എനിക്ക് പരിശുദ്ധാത്മ സ്‌നാനം പ്രാപിക്കണം’ എന്ന് പറഞ്ഞാല്‍ അവര്‍ പറയും, ‘ഓ, അത് വളരെ ലളിതമാണ്. ഞാന്‍ നിന്റെ മേല കൈ വയ്ക്കട്ടെ’ പിന്നീട് അയാള്‍ പ്രാര്‍ഥിക്കുകയും നിങ്ങളോട് ചില വാക്കുകള്‍ ഉച്ചരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നിട്ട് പറയും,’നിനക്കതു ലഭിച്ചു.’ എന്നാല്‍ ഏലിയാവ് എലീശായോട് എന്താണ് പറഞ്ഞത് ?.അദ്ദേഹം പറഞ്ഞു, ‘നിനക്ക് ആത്മാവിന്റെ ഇരട്ടി പങ്ക് വേണമോ? അത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ പ്രയാസമുള്ള കാര്യമാണ് നീ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്നത് കാണുവാന്‍ ദൈവം നിന്നെ അനുവദിച്ചാല്‍ നിനക്ക്  ലഭിക്കും’. ഏലിയാവ് കാര്യങ്ങള്‍ ദൈവത്തിന്റെ കൈകളിലേക്ക് വിട്ടു. ഏലിയാവ് ഇവിടെ ക്രിസ്തുവിന്റെ മാതൃകയാണ്. ഇതുതന്നെയാണ് കര്‍ത്താവ് നമ്മോടും പറയുന്നത്. ‘സകലത്തെയും ജയിച്ച് കീഴ്‌പ്പെടുത്തിയവനായി സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലത്ത് ഭാഗത്ത് ഞാന്‍ ഇരിക്കുന്നത് നിങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്കും അഭിഷേകം ലഭിക്കും.

ഇരട്ടി അഭിഷേകം ലഭിക്കുകയെന്നത് കഠിനമായ ഒരു കാര്യമാണ്. എന്നാല്‍ മനുഷ്യരെ ആരെയും നോക്കാതെ ദൈവത്തെ മാത്രം നോക്കിയാല്‍ നിങ്ങള്‍ക്ക് അത് പ്രാപിപ്പാന്‍ കഴിയും, അതായത് നിങ്ങളോടുള്ള ദൈവവചനത്തെ ശ്രദ്ധിച്ചാല്‍. ഇന്ന് പരിശുദ്ധാത്മ സ്‌നാനം നല്കുന്നവന്‍ യേശു മാത്രമാണ്.അല്ലാതെ ഒരു മനുഷ്യനല്ല. യോഹന്നാന്‍ സ്‌നാപകന്‍ പോലും പറഞ്ഞു, ‘എനിക്ക് നിങ്ങളെ വെള്ളത്താല്‍ സ്‌നാന പെടുത്താനെ കഴിയൂ. എന്നാല്‍ അവിടുന്ന് നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും സ്‌നാനം കഴിപ്പിക്കും’. ഒരു മനുഷ്യനും നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനപ്പെടുത്തുവാന്‍ കഴിയുകയില്ല. യേശുക്രിസ്തുവിന് മാത്രമേ അത് സാധിക്കൂ. അതിനാല്‍ നേരെ അവിടുത്തെ മുമ്പാകെ ചെല്ലുക.

ഏലിയാവും എലീശായും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അഗ്‌നിരഥം വന്നു ഏലിയാവിനെ എടുത്തുകൊണ്ടുപോയി. എലീശാ അത് കണ്ടു. അപ്പോള്‍ താഴെ വീണ ഏലിയാവിന്റെ മേലങ്കി എലീശായ്ക്ക് ലഭിച്ചപ്പോള്‍ അവനു ഇരട്ടി അഭിഷേകവും ലഭിച്ചു. ഉടനെ തന്നെ അതിനൊരു അടയാളവും ലഭിച്ചു. അദ്ദേഹം നടന്നു യോര്‍ദ്ദാന്‍ നദിക്കരയില്‍ എത്തിയപ്പോള്‍ വെള്ളത്തെ അടിക്കുകയും നദി പിളര്‍ന്ന് നദിക്ക് അക്കരേയ്ക്ക് കടക്കുകയും ചെയ്തു. അഭിഷേകം നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുക തന്നെ ചെയ്യും. നാം ഒച്ചവെച്ച് അലറുകയോ, നമ്മുടെ അനുഭവങ്ങള്‍ ആരോടെങ്കിലും പറയുകയോ വേണ്ട. നമ്മുടെ ജീവിതവും ശുശ്രൂഷയും കൊണ്ട് അത് സ്വയം വെളിവാക്കപ്പെടും. നമ്മെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും അത് വെളിവാകും.