നസ്രേത്തിലെ തച്ചന്റെ പണിശാലയിലെ വാഗ്വാദം

man person wooden table work

ഒരിക്കൽ ഒരു ആശാരിയുടെ പണിയായുധങ്ങൾ ഒരു കോൺഫറൻസിനായി ഒരു മിച്ചുകൂടി. ബ്രദർ കൊട്ടുവടിയായിരുന്നു അദ്ധ്യക്ഷൻ മീറ്റിംഗിൽ ചില ആളുകൾ എഴുന്നേറ്റ് അയാൾ വളരെ ശബ്ദമുണ്ടാക്കുന്ന ഒരുവനായതിനാൽ അയാളെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടു.

അപ്പോൾ ബ്രദർ കൊട്ടുവടി പറഞ്ഞു: “ഞാൻ പോകുന്ന പക്ഷം ബ്രദർ തിരിയുളിയും പോയേ മതിയാവൂ. കാരണം, വളരെ നിസ്സാരമായ ഒരു പ്രവൃത്തിയേ അയാൾ ചെയ്യുന്നു ഒള്ളൂ. വളരെ ചെറിയ ഒരു ദ്വാരം സൃഷ്ടിക്കുക – അത്രമാത്രം.

ബദർ തിരിയുളി എഴുന്നേറ്റ് പറഞ്ഞു “അങ്ങനെയെങ്കിൽ സഹോദരൻ പിരിയാണിയും പോയേ മതിയാവൂ. എന്തെന്നാൽ അയാളെ ഒരിടത്തൊന്നു കയറ്റണമെങ്കിൽ പിന്നേയും പിന്നേയും തിരിച്ചു തിരിച്ച് നാം വശംകെട്ടുപോകും.

സഹോദരൻ പിരിയാണി പറഞ്ഞു: “നിങ്ങൾക്ക് അതാണ് അഭിപ്രായമെങ്കിൽ ഞാൻ പൊയ് ക്കൊള്ളാം. എന്നാൽ ബ്രദർ ചിന്തേരുളിയെക്കുടി പുറത്താക്കിയേ പറ്റൂ. എന്താണെന്നോ കാരണം? അശേഷം പോലും ആഴമില്ലാതെ ഉപരിതലത്തിൽ മാത്രമുള്ള ഒരു വേലയല്ലേ അയാൾ ചെയ്യുന്നത്.?

ഇതു കേട്ട് ചിന്തേരുളി പറഞ്ഞു “കൊള്ളാം കൊള്ളാം! ഞാൻ പോകുന്ന പക്ഷം സഹോദരൻ മുഴക്കോലും പോകണം. തന്റെ കണക്കാണു ശരിയെന്നു പറഞ്ഞ് സകലരേയും അളന്നു നോക്കുകയാണല്ലോ അയാളുടെ പണി

അപ്പോൾ മുഴക്കോൽ സഹോദരൻ പറഞ്ഞു: “ഞാൻ പൊയ്ക്കൊള്ളാം. എന്നാൽ ഈ ബ്രദർ സാൻഡ്പേപ്പറിനെ നോക്കു, വേണ്ടാത്തിടത്തൊക്കെ ഉരസലുണ്ടാക്കുന്ന ആ ശല്യക്കാരനെ നിങ്ങൾ വെച്ചുപൊറുപ്പിക്കരുത്.

ഈ ചർച്ച ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കെ നസ്രേത്തിലെ ആ മരയാശാരി അവിടെ പ്രവേശിച്ചു. അദ്ദേഹം തന്റെ പണിക്കുപ്പായം എടുത്തണിഞ്ഞു. തന്റെ അന്നത്തെ പണിക്കായി അദ്ദേഹം ആലയിൽക്കയറി. പിരിയാണി, തിരിയുളി, സാൻഡ്പേപ്പർ, ചീപ്പ് വാൾ, കൊട്ടുവടി, ചിന്തേര്, മുഴക്കോൽ എല്ലാവരേയും അദ്ദേഹം തക്കതക്ക സ്ഥാനത്തും സമയത്തും ഉപയോഗിച്ചു.

അന്നത്തെ പണികഴിഞ്ഞപ്പോൾ ബ്രദർ ചീപ്പ് വാൾ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു:”സഹോദരന്മാരേ, നാം എല്ലാവരും ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു”.

ഈ ആയുധങ്ങളിൽ ഓരോന്നിനേയും പറ്റി പറഞ്ഞ ആരോപണങ്ങളെല്ലാം ഒരളവിൽ സത്യമായിരുന്നു. എന്നാൽ നസ്രേത്തിലെ തച്ചൻ അവയിലോരോന്നിനേയും തന്റെ പണിക്ക് ഉപയോഗിച്ചു. അവയിലേതെങ്കിലും ഒന്നിനെ ഉപയോഗിച്ച സ്ഥാനത്ത് മറ്റൊന്നിനെക്കൊണ്ട് ആ കൃത്യം സാധിക്കുമായിരുന്നില്ല.

ദൈവം നമ്മെ ഒരേതരത്തിലല്ല സൃഷ്ടിച്ചിട്ടുള്ളത്. നമ്മിലോരോരുത്തരേയും അവിടുന്ന് ഓരോ പ്രത്യേകകൃത്യത്തിനായി ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ആ കൃത്യം മറ്റൊരാൾ ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് വ്യത്യസ്തമായിരിക്കുകയും ചെയ്യും.

“അതുകൊണ്ട് നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ……ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” (റോമർ 12:10).

What’s New?