നമ്മുടെ മൂല്യം തിരിച്ചറിയുക

one dollar banknotes placed on table

ഒരു ക്രിസ്തീയസമ്മേളനം. പ്രശസ്തനായ ഒരു ക്രിസ്തീയ പ്രഭാഷകനാണ് പ്രസംഗകൻ. പ്രസംഗത്തിനിടയിൽ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു പുത്തൻ നൂറു ഡോളർ കറൻസി നോട്ട് എടുത്ത് ഉയർത്തിക്കാണിച്ചുകൊണ്ട് ചോദിച്ചു: “ഞാൻ ഈ നൂറു ഡോളർ നിങ്ങൾക്ക് സൗജന്യമായി തരാൻ പോകുകയാണ്. ആർക്കാണ് ഈ നൂറു ഡോളർ നോട്ട് വേണ്ടത്?’.

സദസ്സിൽ നിന്ന് അനേകം കൈകൾ ഉയർന്നു.

പ്രസംഗകൻ പറഞ്ഞു: “ശരി, ഞാൻ ഇത് നിങ്ങളിലൊരാൾക്ക് തരാം പക്ഷേ അതിനുമുമ്പ് ഞാൻ എന്തു ചെയ്യുന്നുവെന്നു നോക്കുക.

ആളുകൾ നിർന്നിമേഷരായി നോക്കിയിരിക്കെ അദ്ദേഹം ആ നൂറു ഡോളർ നോട്ട് നിർദ്ദയം ചുരുട്ടിക്കൂട്ടി. എന്നിട്ടു ചോദിച്ചു “ഇനി ആർക്കുവേണം ഈ നോട്ട്?’ വീണ്ടും ഒന്നിനുപുറകെ ഒന്നൊന്നായി കരങ്ങൾ ഉയർന്നു തുടങ്ങി.

“കൊള്ളാം, പക്ഷേ ഒരു നിമിഷംകൂടെ ശ്രദ്ധിക്കണേ” പ്രസംഗകൻ ചുരുണ്ടുമടങ്ങിയ ആ നോട്ട് തറയിലേക്ക് വലിച്ചെറിഞ്ഞ് എന്നിട്ട് ഷൂസിട്ട് അതിന്മേൽ ചവിട്ടി. ചുരുണ്ടു മുഷിഞ്ഞ ആ നോട്ട് തറയിൽനിന്ന് വീണ്ടും ഉയർത്തി പിടിച്ചു ചോദിച്ചു “ഇനി ആർക്കെങ്കിലും വേണോ ഈ നോട്ട്?’ അപ്പോഴും സദസ്സിലെ പലരും കൈകൾ ഉയർത്തി.

സുഹൃത്തുക്കളേ, പ്രസംഗകൻ പറഞ്ഞു തുടങ്ങി “നിങ്ങൾ എല്ലാവരും വളരെ പ്രധാനപ്പെട്ട ഒരു ആത്മീയ പാഠമാണ് ഇപ്പോൾ പഠിച്ചത്. ഞാൻ ചുരുട്ടിക്കൂട്ടിയിട്ടും തറയിലെറിഞ്ഞിട്ടും ഷൂസിട്ടു ചവിട്ടിയിട്ടും നിങ്ങൾ ഈ നോട്ട് ലഭിക്കുവാൻ ആഗ്രഹിച്ചു. കാരണം ഞാൻ ചെയ്തതൊന്നും ഈ നോട്ടിന്റെ മൂല്യം നഷ്ടപ്പെടുത്തിയില്ല. ഈ മുഷിഞ്ഞ നോട്ടിന് ഇപ്പോഴും നൂറു ഡോളർ തന്നെ വിലയുണ്ട്. പ്രിയദൈവജനങ്ങളേ, ജീവിതത്തിൽ പലവട്ടം അഴുക്കിൽ വീണും മുഷിഞ്ഞും പൊടിപുരണ്ടും മറ്റുള്ളവരുടേയും നമ്മുടേയും കണ്ണിൽ നാം വിലയില്ലാത്തവരായി തീർന്നെന്നുവരാം. എന്നാൽ എന്തെല്ലാം സംഭവിച്ചിട്ടുണ്ടെങ്കിലും മേലിൽ എന്തെല്ലാം സംഭവിച്ചാലും ദൈവത്തിന്റെ ദൃഷ്ടിയിൽ നമുക്കുള്ള മൂല്യം നഷ്ടപ്പെടുകയില്ല. അവിടുത്തെ നോട്ടത്തിൽ നാം എന്നും വിലയുള്ളവരാണ്.

“നീ എനിക്കു വിലയേറിയവനും മാന്യനുമായി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരേയും നിന്റെ ജീവനുപകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെയുണ്ട്”. (യെശയ്യാവ് 43:4)