പ്രായമായ അമ്മച്ചി മരിച്ചപ്പോള്‍ വില്‍പത്രത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: ”എന്റെ കടങ്ങള്‍ വീട്ടാനും സംസ്‌കാര ശുശ്രൂഷയുടെ ചെലവുകള്‍ വഹിക്കാനും വേണ്ട പണം എടുത്തശേഷം, ബാക്കിയുള്ള പണവും എന്റെ വിലയേറിയ വേദപുസ്തകവും എന്റെ ഏക അനന്തരവനായ സ്റ്റീഫന്‍ മാര്‍ക്കിന് നല്‍കുക”.
അങ്ങനെ സ്റ്റീഫന്‍ മാര്‍ക്കിന് അമ്മായിയുടെ വില്‍പത്രം അനുസരിച്ച് കുറച്ചു പണവും ബൈബിളും ലഭിച്ചു. സ്റ്റീഫന്‍ പണം സന്തോഷത്തോടെ ഏറ്റുവാങ്ങി. ഒപ്പം കിട്ടിയ ബൈബിള്‍ നോക്കുകപോലും ചെയ്യാതെ പെട്ടിയുടെ അടിയില്‍ ഉപേക്ഷിച്ചു.
ധാരാളിയായ സ്റ്റീഫന്‍ മാര്‍ക്ക് കിട്ടിയ പണം വേഗത്തില്‍ ചെലവഴിച്ചു തീര്‍ത്തു. തുടര്‍ന്നു 30 വര്‍ഷം സാമ്പത്തിക ഞെരുക്കത്തില്‍ ജീവിതം തള്ളിവിട്ടു. നല്ല ഭക്ഷണമില്ല, വസ്ത്രമില്ല. പ്രായം ചെന്നു തനിയെ താമസിക്കാന്‍ വയ്യാത്ത സ്ഥിതിയായപ്പോള്‍ സ്റ്റീഫന്‍ മാര്‍ക്ക് അടുത്ത പട്ടണത്തില്‍ കഴിയുന്ന മകനോടൊപ്പം ശേഷിക്കുന്ന കാലം കഴിക്കാമെന്നു വച്ച് അങ്ങോട്ടു പോകുവാന്‍ തീരുമാനിച്ചു.
യാത്രയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അദ്ദേഹം തന്റെ പെട്ടിയില്‍ അല്പമുള്ള സാധനങ്ങള്‍ അടുക്കി വയ്ക്കുമ്പോള്‍ അതിനുള്ളില്‍ അമ്മായിയുടെ പഴയ ബൈബിള്‍ കിടക്കുന്നതുകണ്ടു. എടുത്തപ്പോൾ പുറംചട്ടയിലാകെ പൊടി. അതു തുടച്ചു വൃത്തിയാക്കിയപ്പോള്‍ കൈയിലിരുന്ന ബൈബിള്‍ യാദൃച്ഛികമായി തുറന്നുപോയി. നോക്കിയപ്പോള്‍ അതിന്റെ ഓരോ താളിനിടയിലും അമ്മായി വിലപിടിച്ച കറന്‍സി നോട്ടുകള്‍ തിരുകിവച്ചിരിക്കുന്നു!
തന്റെ ‘ബൈബിളിനുള്ളിലെ നിധി’ തിരിച്ചറിയാതെ 30 വര്‍ഷം അരിഷ്ടിച്ചു ജീവിച്ച സ്റ്റീഫന്‍ മാര്‍ക്കിനെ ഭോഷൻ എന്നല്ലേ വിളിക്കേണ്ടത്. എന്നാല്‍ ഈ മനുഷ്യനെപ്പോലെ ഇന്നും അനേകരുണ്ട്. ദൈവവചനം നിത്യമായ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടും അതു മനസിലാക്കാതെ അവര്‍ ഭോഷന്മാരായി ജീവിക്കുന്നു! ”ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു… ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു” (സങ്കീര്‍ത്തനം 14:1, 2).