ബിലെയാം – ഒരു മുന്നറിയിപ്പ് – WFTW 1 ഡിസംബർ 2019

     സാക് പുന്നന്‍

സംഖ്യാപുസ്തകം 22-24 വരെയുളള അദ്ധ്യായങ്ങളില്‍ നാം ബിലെയാമിന്‍റെ കഥ വായിക്കുന്നു. അനേക കാര്യങ്ങളെ സംബന്ധിക്കുന്ന ഒരു പ്രധാന ഭാഗം അതിലുണ്ട്. യിസ്രായേലിനെ ശപിക്കാനായി വരേണ്ടതിന് ബിലെയാംപ്രവാചകനെ ബാലാക്ക് രാജാവു ക്ഷണിച്ചപ്പോള്‍,ബിലെയാം ദൈവഹിതം അന്വേഷിച്ചു ” അപ്പോള്‍ ദൈവം ബിലെയാമിനോട് അവരോടു കൂടെ പോകരുതെന്ന് വ്യക്തമായി പറഞ്ഞു. എന്നാല്‍ ബാലാക്ക് രാജാവ് ” അവനോട് അവന്‍ വരികയാണെങ്കില്‍ കൂടുതല്‍ ബഹുമാനവും കൂടുതല്‍ പണവും തരാം എന്നു പറഞ്ഞു. അപ്പോള്‍ ബിലെയാം താന്‍ വീണ്ടും ദൈവഹിതം അന്വേഷിക്കാം എന്നു പറഞ്ഞു. ആരംഭത്തില്‍ തന്നെ അവസാനം അറിയുന്ന ദൈവം ആദ്യം തന്നെ അവനോടു പോകരുതെന്നു പറഞ്ഞപ്പോള്‍ രണ്ടാമതൊരു പ്രാവശ്യം കൂടി ദൈവഹിതം അന്വേഷിക്കേണ്ടതിന്‍റെ ആവശ്യം എന്തായിരുന്നു? എന്നാല്‍ അവന് പണവും മാനവും സമ്പാദിക്കുവാനുളള അത്യാശയുളളവനായിരുന്നു. ബൈബിള്‍ പറയുന്നത് ബിലെയാം ” അനീതിയുടെ കൂലി കൊതിച്ചു” എന്നാണ് (2 പത്രൊസ് 2:15).

നിങ്ങളും അതുപോലെ, ദൈവത്തെ അന്വേഷിച്ചപ്പോള്‍ ചില സ്ഥലങ്ങളില്‍ പോകുവാന്‍ നിങ്ങളെക്കുറിച്ചു ദൈവം ആഗ്രഹിക്കുന്നില്ല എന്നു നിങ്ങളുടെ ആത്മാവില്‍ വ്യക്തമായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ നിങ്ങളെതന്നെ കണ്ടിട്ടുണ്ടാകും. അപ്പോള്‍ അവിടുത്തെ ശമ്പളം വളരെ ആകര്‍ഷകമാണെന്നു കണ്ടെത്തുകയും “വീണ്ടും ദൈവഹിതം അന്വേഷിക്കുവാന്‍ ” നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യുന്നു!! ഭാവിയില്‍ അത്തരത്തില്‍ ഒരു പ്രലോഭനത്തെ നേരിടുമ്പോഴെല്ലാം, ബിലെയാമിനെ ഓര്‍ക്കുക. ശമ്പളം കൂടുതല്‍ ആകര്‍ഷകമായതിനാലോ അല്ലെങ്കില്‍ ബഹുമതി വലിയതായതു കൊണ്ടോ മാത്രം ദൈവം തന്‍റെ മനസ്സു മാറ്റുന്നില്ല. എന്നാല്‍ ഒരു മനുഷ്യന്‍ ഒരു പ്രത്യേക വഴിയിലൂടെ പോകുവാന്‍ ആഗ്രഹിക്കുന്നതായി ദൈവം കാണുന്ന ഇടത്ത്, ദൈവം അയാളെ തടയുന്നില്ല. അവിടുന്ന് അയാളെ പോകാന്‍ അനുവദിക്കും. അതു കൊണ്ടാണ് ബിലെയാം രണ്ടാം തവണ ദൈവത്തോടു ചോദിച്ചപ്പോള്‍ അവിടുന്ന് ബിലെയാമിനോടു പോകുവാന്‍ പറഞ്ഞത്. അതു ദൈവത്തിന്‍റെ പൂര്‍ണ്ണഹിതം അല്ലായിരുന്നു. അവിടുന്ന് ബിലയാമിന്‍റെസ്വതന്ത്ര ഇച്ഛാശക്തിയെ ചവുട്ടിമെതിച്ചിട്ട് അവനെ ഒരു യന്ത്രമനുഷ്യനാക്കി മാറ്റുകയില്ല. ബിലെയാം അവിടെ പോകുവാന്‍ യഥാര്‍ത്ഥമായി ആഗ്രഹിച്ചു എന്ന് അവിടുന്നു കണ്ടു. അതുകൊണ്ട് “പോകുക”എന്നു ദൈവം പറഞ്ഞു ഇത് ഏതാണ്ട്, വിദൂരദേശത്തേക്ക് പോകുവാന്‍ ധൂര്‍ത്തപുത്രനെ അവന്‍റെ പിതാവ് അനുവദിച്ചതു പോലെയാണ്. ദൈവം നമുക്കു തിരഞ്ഞെടുപ്പിനുളള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് തന്നെയുമല്ല അവിടുന്ന് ഒരിക്കലും നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിയെ തകര്‍ത്തുകളയുകയുമില്ല.

എങ്കിലും ദൈവം അപ്പോഴും ബിലെയാമിനെ തടയുവാന്‍ തന്‍റെ ദൂതനെ അയച്ചു. ബിലെയാമിന് ദൈവത്തിന്‍റെ ദൂതനെ കാണുവാന്‍ കഴിഞ്ഞില്ല എന്നാല്‍ അവന്‍റെ കഴുതയ്ക്കു കഴിഞ്ഞു. ഇതില്‍ നിന്നു നാം പഠിക്കുന്ന പാഠം എന്താണ്? ഇതുമാത്രം: ഒരു മനുഷ്യന്‍ പണസ്നേഹത്താല്‍ അന്ധനായി തീരുമ്പോള്‍, അവനെക്കാള്‍ അധികം വ്യക്തമായി ആത്മീയകാര്യങ്ങളെ കാണുവാന്‍ ഒരു കഴുതയ്ക്കുപോലും കഴിയും! കാരണം ആ കഴുത പണത്തെ സ്നേഹിക്കുന്നില്ല, അതിനു ദൂതനെ വ്യക്തമായി കാണാന്‍ കഴിഞ്ഞു! ബിലെയാം പണത്തെ സ്നേഹിച്ചതുകൊണ്ട് അവനു ദൂതനെ കാണാന്‍ കഴിഞ്ഞില്ല. ദൈവത്തിന്‍റെ ആത്മാവു തന്‍റെ മേല്‍ വരുന്നതു ബിലെയാം അനുഭവിക്കുകയും ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ച് പ്രവചിക്കുകയും ചെയ്തു (സംഖ്യാപുസ്തകം 24:2,17). എന്നാല്‍ അവന്‍റെ പണസ്നേഹം കാരണം അവന് എല്ലാം നഷ്ടമായി.

ആ കഴുത തന്‍റെ യജമാനനോടു സംസാരിക്കുവാന്‍ തുടങ്ങി ബൈബിളില്‍ “അന്യഭാഷകളില്‍ സംസാരിക്കുന്ന”ആദ്യത്തെ സംഭവം ഇതാണ് – ഒരു കഴുത അതിന് അറിയാത്ത ഒരു ഭാഷ അനര്‍ഗളമായി സംസാരിക്കുന്നത് – അത് ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഒരു ഭാഷ! അത് അമാനുഷമായിരുന്നു. സംശയമെന്യേ അതു ദൈവത്തില്‍ നിന്നായിരുന്നു. എന്നാല്‍ തിരുവചനത്തില്‍ അന്യഭാഷയില്‍ സംസാരിക്കുന്ന ഈ ആദ്യ സംഭവത്തില്‍ നിന്നു നമുക്കു പഠിക്കാനുളളത് അന്യഭാഷയില്‍ സംസാരിക്കുന്നത് ഒരുവനെയും ആത്മീയനാക്കുന്നില്ല – കാരണം ആ കഴുത അന്യഭാഷയില്‍ സംസാരിച്ചതിനും, അതിന്‍റെ നാവിലൂടെ ദൈവത്തിന്‍റെ അമാനുഷശക്തി അനുഭവിച്ചതിനും ശേഷം പോലും അതൊരു മടയന്‍ കഴുതയായി തന്നെ തുടര്‍ന്നു! അത് എപ്പോഴും ഓര്‍ക്കുക.

What’s New?