ആത്മീയ പക്വതയിലേക്കുളള മൂന്നു പടികള്‍ – WFTW 24 നവംബർ 2019

     സാക് പുന്നന്‍

1. നാം ഓരോരുത്തരുടെയും ജീവിതങ്ങളെക്കുറിച്ച് ദൈവത്തിനു പൂര്‍ണ്ണതയുളള ഒരു പദ്ധതിയുണ്ട് എന്നു വിശ്വസിക്കുന്നത്:

” നാം സല്‍ പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവിന്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു”(എഫെ.2:10). വളരെക്കാലം മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തപ്പോള്‍, നമ്മുടെ ഭൂമിയിലെ ജീവിതം കൊണ്ട് നാം എന്തുചെയ്യണമെന്നുകൂടി അവിടുന്ന് പദ്ധതിയിട്ടിരുന്നു. ആ പദ്ധതി കണ്ടെത്തി – നാള്‍തോറും – അനുസരിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ കടമ. ദൈവത്തിന്‍റെതിനെക്കാള്‍ നല്ല ഒരു പദ്ധതി ഉണ്ടാക്കുവാന്‍ നമുക്ക് ഒരിക്കലും കഴിയില്ല. മറ്റുളളവര്‍ ചെയ്യുന്നതു നാം അനുകരിക്കരുത്, കാരണം തന്‍റെ മക്കളില്‍ ഓരോരുത്തനും വേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതി വ്യത്യസ്തമാണ്. ഉദാഹരണത്തിന്, യോസേഫിനു വേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതി, അവന്‍റെ ജീവിതത്തിന്‍റെ അവസാന 80 വര്‍ഷങ്ങള്‍ യിസ്രയീമിലെ രാജകൊട്ടാരത്തില്‍ വലിയ സുഖ സൗകര്യത്തില്‍ ജീവിക്കണമെന്നുളളതായിരുന്നു. മറിച്ച്, മോശെയ്ക്കുവേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതി, അവന്‍റെ ജീവിതത്തിന്‍റെ അവസാന 80 വര്‍ങ്ങള്‍ മിസ്രയീമിലെ രാജകൊട്ടാരം വിട്ട് വലിയ കഷ്ടപ്പാടില്‍ ജീവിക്കണമെന്നതായിരുന്നു- മരുഭൂമിയില്‍. സുഖസൗകര്യങ്ങളോടും അനായാസേനയുളള ജീവിതത്തോടുമുളള സ്നേഹത്തിലൂടെ, മോശെ യോസേഫിന്‍റെ മാതൃക പിന്‍തുടര്‍ന്നിരുന്നെങ്കില്‍ അവന്‍റെ ജീവിതത്തിനുവേണ്ടിയുളള ദൈവഹിതം അവനു നഷ്ടപ്പെടുമായിരുന്നു. കൃത്യമായി അതേ രീതിയില്‍ ഇന്ന്, ഒരു സഹോദരന്‍ തന്‍റെ ജീവിതകാലം മുഴുവന്‍ അമേരിക്കന്‍ ഐക്യനാടുകളിലുളള സുഖ സൗകര്യങ്ങളില്‍ ജീവിക്കണമെന്നു, അതേസമയം മറ്റൊരു സഹോദരന്‍ അവന്‍റെ ജീവിതകാലം മുഴുവന്‍ വടക്കേ ഇന്‍ഡ്യയിലെ ചൂടിലും പൊടിയിലും കഷ്ടപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നുണ്ടാകാം. തനിക്കുളളതിനെ വേറൊരു സഹോദരനുളളതുമായി താരതമ്യം ചെയ്തിട്ട് അവനോട് അസൂയാലുവാകുകയോ, അവനെ വിമര്‍ശിക്കുകയോ ചെയ്യുന്നതിനു പകരം ഓരോരുത്തനും അവനവന്‍റെ ജീവിതത്തിനുവേണ്ടിയുളള ദൈവത്തിന്‍റെ പദ്ധതിയെക്കുറിച്ചു ബോധ്യമുളളവനായിരിക്കണം. ദൈവം ഇന്‍ഡ്യയില്‍ അവിടുത്തെ സേവിക്കുവാനാണ് എന്നെ വിളിച്ചത് എന്നെനിക്കറിയാം. എന്നാല്‍ മറ്റാര്‍ക്കെങ്കിലും എനിക്കുളള വിളി ഉണ്ടാകണം എന്ന് ഒരിക്കലും ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ല. നാം നമ്മുടെ മാനം അന്വേഷിക്കുകയോ, അല്ലെങ്കില്‍ പണം, സുഖസൗകര്യങ്ങള്‍, മനുഷ്യന്‍റെ അംഗീകാരം തുടങ്ങിവയെ സ്നേഹിക്കുകയോ ചെയ്യുകയാണെങ്കില്‍ നമുക്ക്, ഒരുവിധത്തിലും, ഒരിക്കലും ദൈവഹിതം കണ്ടെത്താന്‍ കഴിയുകയില്ല.

2. ശക്തരായിരിക്കുന്നതിന്‍റെ രഹസ്യം ദൈവത്തെ അടത്തറിയുക എന്നതാണ്:

” തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചു നിന്നു വീര്യം പ്രവര്‍ത്തിക്കും (ശക്തരായിരിക്കും)” (ദാനി. 11:32). ഇന്ന് മറ്റുളളവരിലൂടെ ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും നാം ദൈവത്തെ അറിയുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. ഏറ്റവും ഇളയ വിശ്വാസിയെ പോലും അവിടുന്നു ക്ഷണിക്കുന്നത് അവിടുത്തെ വ്യക്തിപരമായി അറിയുവാനാണ്. (എബ്രാ. 8:11). യേശു നിത്യജീവനെ നിര്‍വചിക്കുന്നത് പിതാവായ ദൈവത്തെയും യേശു ക്രിസ്തുവിനെയും വ്യക്തിപരമായി അറിയുന്നതാണ് എന്നാണ് (യോഹ.17:3). ഇതായിരുന്നു പൗലൊസിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം. നമ്മുടെയും ഏറ്റവും വലിയ അഭിനിവേശം അതായിരിക്കണം.(ഫിലി 3:10). ദൈവത്തെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്നവന്‍, എല്ലായ്പോഴും അവിടുത്തെ കേള്‍ണ്ടേ ആവശ്യമുണ്ട്. മനുഷ്യന് തന്നെത്തന്നെ ആത്മീയമായി ജീവനുളളവനായി സൂക്ഷിക്കുവാന്‍ കഴിയേണ്ടതിനുളള ഏകമാര്‍ഗ്ഗം, ദൈവത്തിന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന സകല വചനങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (മത്താ.4:4). അവിടുത്തെ കാല്‍ക്കല്‍ ഇരുന്ന് അവിടുത്തെ കേള്‍ക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു കൂടി അവിടുന്നു പറഞ്ഞു (ലൂക്കോ 10.42). എല്ലാ ദിവസവും അതിരാവിലെ മുതല്‍ ആ ദിവസം മുഴുവനും പിതാവിനെ കേള്‍ക്കുമായിരുന്ന യേശുവിന്‍റെ ശീലം നാം വളര്‍ത്തിയെടുക്കണം (യെശ.50:4), പിന്നീട് രാത്രിയില്‍ നാം ഉറങ്ങുന്ന സമയങ്ങളിലും കേള്‍ക്കാനുളള മനോഭാവത്തിലായിരിക്കണം – അത് നാം രാത്രിയില്‍ എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ നമുക്കു ഇപ്രകാരം പറയാന്‍ കഴിയേണ്ടതിനാണ് ” കര്‍ത്താവേ സംസാരിക്കണമെ, അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു” ( 1 ശമു.3:10). ദൈവത്തിന്‍റെ ഹിതം അറിയുന്നത് നമ്മെ എല്ലാ സാഹചര്യങ്ങളിലും ജയാളികളാക്കി തീര്‍ക്കും – കാരണം നാം നേരിടുന്ന ഓരോ പ്രശ്നത്തിനും ദൈവത്തിന് ഒരു പരിഹാരമുണ്ട് – നാം അവിടുത്തെ കേള്‍ക്കുമെങ്കില്‍, ആ പരിഹാരം എന്താണെന്ന് അവിടുന്നു നമ്മോടു പറയും.

3. ദൈവം കൈക്കൊണ്ടിട്ടുളള എല്ലാവരെയും കൈക്കൊളളുക:

” ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറെയായി വച്ചിരിക്കുന്നുശരീരത്തില്‍ ഭിന്നത വരാതിരിക്കേണ്ടതിന്” (1 കൊരി. 12:18,25). തനിക്കുവേണ്ടി ഒരു നിര്‍മ്മല സാക്ഷ്യം പുനസ്ഥാപിക്കേണ്ടതിന് ദൈവം വ്യത്യസ്ത സമയങ്ങളില്‍, വിവിധ ദേശങ്ങളില്‍ വ്യക്തികളെ എഴുന്നേല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ ദൈവ പുരുഷډാര്‍ മരിച്ചുകഴിയുമ്പോള്‍ അവരുടെ പിന്‍ഗാമികള്‍ തങ്ങളുടെ കൂട്ടങ്ങളെ അന്യപ്രവേശനമില്ലാത്തതും അന്ധാരാധാന സമൂഹങ്ങളും ആക്കി തീര്‍ക്കുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ ശരീരം എന്നത് ഏതൊരു കൂട്ടത്തെക്കാളും വലിയതാണ് അതു നാം ഒരിക്കലും മറക്കരുത്. ഇന്നുളള അനേകമനേകം കൂട്ടങ്ങളില്‍ ക്രിസ്തുവിന്‍റെ കാന്തയെ കണ്ടെത്താന്‍ കഴിയുന്നു. അതുകൊണ്ട് കര്‍ത്താവു സ്വീകരിച്ചിട്ടുളള എല്ലാവരോടുമുളള കൂട്ടായ്മയ്ക്കായി നാം ശ്രമിക്കണം,ദൈവ വചനത്തിന്‍റെ വ്യാഖ്യാനത്തിലുളള വ്യത്യാസം മൂലം അവരില്‍ പലരുമായും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയില്ലായിരിക്കാം, എങ്കില്‍ പോലും.