ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ അംഗീകരിക്കുന്നവർക്കുള്ളതാണ് സ്നാനം – WFTW 20 ഒക്ടോബർ 2024

സാക് പുന്നൻ

കഴിഞ്ഞ ഏതാനും ആഴ്ചകളായി, നാം ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ നോക്കുകയായിരുന്നു. ഈ വ്യവസ്ഥകൾ സ്നാനത്തിനുള്ള മുൻ ഉപാധികളാണ് മത്താ. 28:19ൽ കണ്ട മഹാനിയോഗത്തിലേക്ക് തിരിച്ചു പോകുമ്പോൾ, യേശു ഇപ്രകാരം പറഞ്ഞു, “നിങ്ങൾ അവരെ ശിഷ്യരാക്കി കഴിഞ്ഞാൽ, നിങ്ങൾ അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കേണ്ട ആവശ്യമുണ്ട്.”

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു വ്യക്തിയെ നാം സ്നാനപ്പെടുത്തുന്നതിനു മുമ്പ്, ശിഷ്യത്വത്തിൻ്റെ അവകാശങ്ങൾ അവർക്കു മുമ്പിൽ അവതരിപ്പിച്ചിട്ട് ഇപ്രകാരം പറയണം, “നിങ്ങൾ ക്രിസ്തുവിലേക്കു വരുമ്പോൾ, ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി മാത്രമല്ല. നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിനുവേണ്ടി മാത്രം വരാനല്ല ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്, യേശുവിനെ നിങ്ങളുടെ ജീവിതത്തിൻ്റെ കർത്താവ് ആക്കാൻ വേണ്ടിയാണ് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ വല്ലപ്പോഴും സന്ദർശിക്കുന്ന ഒരാളായിട്ടല്ല, എന്നാൽ നിങ്ങളുടെ ഭർത്താവാകാൻ പോകുന്ന ഒരാളായിട്ട്”.

ഒരു സ്ത്രീ വിവാഹിതയാകുമ്പോൾ, അവൾ തൻ്റെ മാതാപിതാക്കളുടെ പേരു പോലും ഉപേക്ഷിച്ചിട്ട്, അവൾ തൻ്റെ ഭർത്താവുമായി പൂർണ്ണമായും ഒന്നായിതീരുന്നു. ആ വിധത്തിലാണ് അവൾ ആയിരിക്കേണ്ടത്, നാം ഓരോരുത്തരോടും ഉണ്ടായിരിക്കുവാൻ ക്രിസ്തു ആഗ്രഹിക്കുന്ന ബന്ധം ഇതാണ്. ഒരു ശിഷ്യനായിരിക്കുക എന്നാൽ അതിൻ്റെ അർത്ഥം ഇതാണ്. “ആഴ്ചയിൽ ഒരു ദിവസം മാത്രം എൻ്റെ ഭർത്താവിൻ്റെ കൂടെ ചെലവഴിച്ചാൽ മതി” എന്നോ അല്ലെങ്കിൽ “എൻ്റെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നത് തുടരുകയും വല്ലപ്പോഴും ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്യാം” എന്നോ ചിന്തിച്ചു കൊണ്ടല്ല, ഒരു സ്ത്രീ വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നത്. ‘വിവാഹത്തിൽ’, അവൾ വിവാഹം ചെയ്യാൻ പോകുന്ന ഈ മനുഷ്യനോട് പൂർണ്ണമായപ്രതിബദ്ധതയിലാണ് എന്ന വസ്തുത അവളെബോധ്യപ്പെടുക്കണം.

സുവിശേഷം പ്രസംഗിക്കുമ്പോൾ പോലും, നാം ആരോട് പ്രസംഗിക്കുന്നുവോ അവരോട് ക്രിസ്തീയ ജീവിതം മുഴുവനായ ഒരു സമർപ്പണം ആവശ്യപ്പെടുന്നു എന്നതിൽ ഒരു വ്യക്തത ഉണ്ടാകത്തക്ക വിധത്തിലായിരിക്കണം നാം വിശദീകരിക്കുന്നത്. അതാണ് ശിഷ്യത്വത്തിൻ്റെ അർത്ഥം. അത് അർത്ഥമാക്കുന്നത് കർത്താവിനെ അനുഗമിക്കുന്നതാണ്. അതിനു തയ്യാറായിരിക്കുന്നവൻ, സ്നാനപ്പെടുവാൻ തയ്യാറായിരിക്കുന്നു. ഒരു വ്യക്തി പൂർണ്ണനാകുന്നതുവരെ നാം കാത്തു നിൽക്കുന്നില്ല, എന്നാൽ ഞങ്ങൾ പറയുന്നത് ഒരു വ്യക്തി ശിഷ്യത്വത്തിൻ്റെ അവകാശങ്ങളെ കുറിച്ച് അറിയിക്കപ്പെട്ടവനായിരിക്കണം രക്ഷനും കർത്താവുമായി ക്രിസ്തുവിനെ അംഗീകരിക്കുന്നതിനുള്ള ഈ അവകാശങ്ങൾ അയാൾ സ്വീകരിക്കുമ്പോൾ, നാം അവനെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെടുത്തുന്നു. അതുകൊണ്ടാണ് നമ്മുടെ സഭകളിൽ, നാം ഒരു വ്യക്തിയെ സ്നാനപ്പെടുത്തുന്നതിനു മുമ്പ് അയാൾ കർത്താവിനെ അനുഗമിക്കാൻ സമ്മതമുള്ളവനാണോ എന്നു കാണാൻ കാത്തിരിക്കുന്നത്നാം ഇഷ്ടപ്പെടുന്നത്.

പീഡനമുള്ള രാജ്യങ്ങളിൽ, അല്ലെങ്കിൽ ഒരു ക്രിസ്ത്യാനി ആവുന്നത് ജനപ്രീതിയില്ലാത്ത ഇടങ്ങളിൽ, നാം അത്ര ദീർഘകാലം കാത്തിരിക്കേണ്ട ആവശ്യമില്ല. പ്രാരംഭ നാളുകളിൽ, ഒരു യഹൂദൻ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നത് ഒരു വലിയ ത്യാഗമായിരുന്നു (ഇന്നും അതങ്ങനെ ആയിരിക്കുന്നതുപോലെ), അതുകൊണ്ടാണ് ഒരു വ്യക്തിയെ ഏതാണ്ട് ഉടനെ തന്നെ അവർക്കു സ്നാനപ്പെടുത്താൻ കഴിഞ്ഞത് (അപ്പൊ.പ്രവൃത്തികളിൽ നാം കാണുന്നതുപോലെ). ഒരു വിഗ്രഹാരാധകന് വിഗ്രഹാരാധന ഉപേക്ഷിച്ച് ഒരു ക്രിസ്ത്യാനി ആകുക എന്നാൽ അവരുടെ ബന്ധുക്കളാൽ പൂർണ്ണമായും വിച്ഛേദിക്കപ്പെടുക എന്നാണ്. അങ്ങനെ അവർ ശിഷ്യരാകാൻ മനസ്സുള്ളവരാണോ എന്ന് അറിയുന്നത് എളുപ്പമായിരുന്നു, അതുകൊണ്ട് വളരെ പെട്ടെന്ന് അവരെ സ്നാനപ്പെടുത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ നാളുകളിൽ, പീഡനങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങളിൽ, ഒരു വ്യക്തി ശിഷ്യത്വത്തിൻ്റെ അവകാശങ്ങൾ മനസ്സിലാക്കിയിരിക്കുന്നോ എന്നറിയുന്നത് എളുപ്പമല്ല. അവൻ ക്രിസ്തുവിനെ സ്വീകരിച്ചിരിക്കുന്നത് അയാൾ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം. ശിഷ്യത്വത്തിൻ്റെ അവകാശങ്ങളെ കുറിച്ച് അവന് പറഞ്ഞു കൊടുത്തിട്ടില്ലായിരിക്കാം, അല്ലെങ്കിൽ അവന് അത് മനസ്സിലായിട്ടില്ലായിരിക്കാം, അല്ലെങ്കിൽ അയാൾക്കത് മനസ്സിലായെങ്കിലും, ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ നിറവേറ്റാൻ അയാൾക്കു സമ്മതമല്ലായിരിക്കാം. അങ്ങനെയുള്ളവരെ സ്നാനപ്പെടുത്താൻ നമുക്ക് ഒരധികാരവുമില്ല.

സ്നാനപ്പെട്ടതിനു ശേഷം ഒരു വ്യക്തി പിന്മാറിപ്പോയേക്കാം – അത് മറ്റൊരു വിഷയം – എന്നാൽ ആരംഭത്തിൽത്തന്നെ ശിഷ്യത്വത്തിൻ്റെ അവകാശങ്ങൾ അവർക്ക് വ്യക്തമാക്കി കൊടുക്കണം. യേശു അങ്ങനെയാണ് എപ്പോഴും സത്യം പ്രഘോഷിച്ചത്. “നിത്യരാജ്യം അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണ”മെന്ന് ഒരു ചെറുപ്പക്കാരൻ യേശുവിൻ്റെ അടുത്തു വന്നു ചോദിച്ചപ്പോൾ, അവനുള്ളതെല്ലാം വിട്ടു കളയണമെന്ന് സത്യമായി യേശു അവനോടു പറഞ്ഞു. അതിനു മനസ്സില്ലാതെ അയാൾ പോയപ്പോൾ, കർത്താവ് ഒരിക്കലും അയാളുടെ പുറകെ പോയില്ല. അയാൾക്ക് സൗകര്യപ്രദമാക്കാൻ വേണ്ടി വ്യവസ്ഥകൾ ചുരുക്കാൻ കർത്താവ് ഒരിക്കലും ശ്രമിച്ചില്ല. പടിപടിയായി വരാൻ പോലും അവിടുന്ന് അയാളോട് ആവശ്യപ്പെട്ടില്ല. അവിടുന്നു പറഞ്ഞു, “അതു തീർച്ചയാണ്. നിനക്ക് എന്നെ അനുഗമിക്കണമെങ്കിൽ നീ എല്ലാം ഉപേക്ഷിക്കണം”.

സ്നാനം പ്രധാനമാണ് കാരണം, റോമർ 6ൽ നാം വായിക്കുന്നതുപോലെ, അത് പഴയ സ്വയത്തിൻ്റെ ശവസംസ്കാരമാണ്: അടിസ്ഥാനപരമായി എൻ്റെ സ്വന്തം ഹിതം ചെയ്തു കൊണ്ട്, എന്നെ പ്രസാദിപ്പിക്കുന്ന കാര്യം ചെയ്തുകൊണ്ട്, എന്നെ തന്നെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കുന്ന അല്ലെങ്കിൽ മറ്റു മനുഷ്യരെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കുന്ന എൻ്റെ പഴയ ജീവിത രീതി. ആ വ്യക്തി, എന്നിൽ ജീവിക്കുന്ന ആ ആദാമ്യ മനുഷ്യൻ, മരിച്ചിരിക്കുന്നു. അവൻ ക്രിസ്തുവിനോടു കൂടെയുള്ള ക്രൂശിലെ എൻ്റെ സ്ഥാനം എടുക്കുകയും ആ മനുഷ്യൻ മരിക്കുകയും ചെയ്തിരിക്കുന്നു. അത് ഞാൻ അംഗീകരിക്കുമ്പോൾ, എനിക്കു സ്നാനപ്പെടാം. സ്നാന ജലത്തിൽ നിന്നു വെളിയിൽ വരുമ്പോൾ, ഞാൻ സാക്ഷ്യപ്പെടുത്തുന്നത് ഞാനൊരു പുതിയ വ്യക്തിയാണെന്നാണ്. അതുകൊണ്ട് സ്നാനപ്പെടുക അല്ലെങ്കിൽ നിമജ്ജനം ചെയ്യപ്പെടുക എന്നതിൻ്റെ അർത്ഥം അതാണ്. മാനസാന്തരപ്പെട്ട ഒരുവൻ്റെ കാര്യത്തിൽ അതു സാധ്യമല്ലെങ്കിൽ, അപ്പോൾ സ്നാനം അർത്ഥശൂന്യമാണ്.

മരിച്ചിട്ടില്ലാത്ത ഒരുവനെ സംസ്കരിക്കാൻ നിങ്ങൾക്കു കഴിയില്ല, സ്നാനം ഏറ്റിരിക്കുന്ന ധാരാളം ആളുകൾ, മരിച്ചവരല്ല കാരണം തങ്ങൾക്കു തന്നെ മരിക്കുവാൻ അവർ തിരഞ്ഞെടുത്തിട്ടില്ല. അതിനു പകരം, ഒരു ആചാരമെന്ന നിലയിൽ അവർ വെള്ളത്തിലേക്കു പോകുന്നു. അനേകം മാതാപിതാക്കൾ തങ്ങളുടെ തന്നെ മാനത്തിനു വേണ്ടി അവരുടെ കുഞ്ഞുങ്ങളെ സ്നാനപ്പെടുവാൻ ഉത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ സ്നാനം അവരുടെ മക്കളെ ലോകത്തിൽ നിന്നു സംരക്ഷിക്കുമെന്ന് മാതാപിതാക്കൾ ചിന്തിക്കുന്നു. അത് അങ്ങനെ ചെയ്യുന്നില്ല.

സ്നാനം എന്നത് ഒരു വ്യക്തി നേരത്തെ തന്നെ എടുത്തിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിൻ്റെ പ്രതീകമാണ് – അവൻ്റെ സ്വന്ത ഇഷ്ടം ചെയ്യുന്ന കാര്യത്തിനു മരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പ് അയാൾ നടത്തിയിരിക്കുന്നില്ലെങ്കിൽ, അപ്പോൾ അത് അർത്ഥശൂന്യമായ ഒരു ആചാരമാണ്.