യേശു കല്പിക്കുന്നതെല്ലാം ചെയ്യുന്നത് – WFTW 27 ഒക്ടോബർ 2024

സാക് പുന്നൻ

“ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിച്ചുകൊണ്ട്…” (മത്താ. 28:20).

മഹാനിയോഗത്തിൻ്റെ അടുത്ത ഭാഗം ഇതാണ്. ആദ്യം നാം സകല ലോകത്തിലും ചെന്ന് ജനങ്ങളോട് അവർ പാപികളാണെന്നും, ക്രിസ്തു അവരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്നും, അവിടുന്ന് സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി എന്നും അവിടുന്ന് മടങ്ങി വരുന്നുണ്ട് എന്നും, പിതാവിങ്കലേക്കുള്ള ഏകവഴി അവിടുന്നു മാത്രമാണെന്നും പറയുക. ആളുകൾ പ്രതികരിക്കുന്നു എന്നു നാം കാണുന്നിടത്തെല്ലാം, യേശുവിനെ അവരുടെ ജീവിതങ്ങളുടെ കർത്താവായി സ്വീകരിക്കാൻ അവരെ ക്ഷണിക്കുന്നു, തങ്ങളുടെ ജീവിതകാലം മുഴുവൻ ക്രിസ്തുവിനെ അനുഗമിക്കാൻ പോകുന്ന ശിഷ്യന്മാരായിരിക്കാൻ അപ്പോൾ അവരെ ക്ഷണിക്കുന്നു, അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെടുത്തിയിട്ട്, ദൈവത്വത്തിൻ്റെ മർമ്മത്തിലേക്ക് അവരെ നയിക്കുന്നു. എന്നാൽ അവിടംകൊണ്ടു അവസാനിക്കുന്നില്ല. അവയെല്ലാം ഒളിംപിക്സ് മാരത്തോൺ ഓട്ടത്തിൽ അതിൻ്റെ സ്റ്റാർട്ടിംഗ് ലൈനിലേക്കു വരുന്നതുപോലെയാണ്.

നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട് ഒളിംപിക്സ് മാരത്തോൺ മത്സരത്തിനായി സ്റ്റാർട്ടിംഗ് ലൈനിലേക്ക് വരാൻ നിങ്ങൾക്കു കഴിയുന്നത് ഒരു അസാധാരണ കാര്യമാണ്. അതുതന്നെ ഒരു അസാധാരണ കാര്യമാണ്, എന്നാൽ അത് അതിൽതന്നെ ഒരു കാര്യമല്ല, കാരണം പ്രാരംഭ രേഖയിലേക്കു വരുന്നത് ഓട്ടത്തിൻ്റെ തുടക്കം മാത്രമാണ്. നിങ്ങൾ ഒരു ശിഷ്യനായിത്തീർന്നിട്ട് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെട്ടു എന്ന വസ്തുത ഒളിംപിക്സിൻ്റെ ചിത്രം പോലെയാണ്, നിങ്ങൾ ആ ഓട്ടം ഓടാൻ തുടങ്ങണം. ഓട്ടം ഓടുക എന്നാൽ യേശു നമ്മോടു കല്പിച്ച ഓരോ കാര്യവും ചെയ്യുക എന്നാണ്.

ഇതിന് ഓരോ ക്രിസ്ത്യാനിക്കും ഒരു ജീവിതകാലം മുഴുവൻ എടുക്കേണ്ടതുണ്ട്, തന്നെയുമല്ല ഓരോ സഭയും അതിലുള്ളവരെ ഇതാണ് പഠിപ്പിക്കേണ്ടത്.

ഒരു സഭ ശിഷ്യരെ ഉണ്ടാക്കുന്നതിനും സ്നാനത്തിനും മുൻഗണന നൽകുന്നെങ്കിൽ അവിടെ അതു നിർത്തരുത്. ഓരോ ഞായറാഴ്ചയും അവരുടെ സഭാ ശുശ്രൂഷകളിൽ അവർ പഠിപ്പിക്കുന്നതെന്തായിരിക്കണം? യേശു പഠിപ്പിച്ച ഓരോ കാര്യവും. യേശു പഠിപ്പിച്ചതെല്ലാം, തിരഞ്ഞെടുക്കപ്പെട്ട ഏതാനും കാര്യങ്ങളല്ല അതു തന്നെയുമല്ല തീർച്ചയായും മനശാസ്ത്രമോ, അല്ലെങ്കിൽ കേവലം വിനോദങ്ങളോ (കലാ പ്രകടനങ്ങളോ) അല്ല. ഒരു സഭ അതിൻ്റെ അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കാൾ അധികം അതിൻ്റെ സംഗീതം മെച്ചപ്പെടുത്തുന്നതിൽ താൽപര്യപ്പെടുന്നതു ദുഃഖകരമാണ്. അത് അങ്ങേയറ്റം ദുഃഖകരമാണ്. സ്വർഗ്ഗത്തിലെ ദൈവം അധികം താൽപര്യപ്പെടുന്നത് എന്തിലാണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്?

ഒരു പുതിയ സഭ ഒരുമിച്ചു കൂട്ടി ചേർക്കപ്പെട്ടു എന്നു വിചാരിക്കുക. അതു നിറയെ യഥാർത്ഥമായി വീണ്ടും ജനിക്കപ്പെട്ട് യേശുവിനെ തങ്ങളുടെ ജീവിതത്തിൻ്റെ കർത്താവാക്കി തീർക്കുവാൻ യഥാർത്ഥമായി ആഗ്രഹിക്കുന്ന ആളുകളാണ് എന്നു സങ്കല്പിക്കുക. അങ്ങനെയുള്ള ഒരു സഭ ഏകാഗ്രതയോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംഗീതത്തിലാണെന്നു നിങ്ങൾ കണ്ടാൽ, ദൈവം പ്രസാദിപ്പിക്കപ്പെട്ടു എന്നു നിങ്ങൾ ചിന്തിക്കുന്നോ? നല്ല സംഗീതം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഞാൻ അതിന് എതിരല്ല. എന്നാൽ, അത് മുൻഗണനയുടെ ഒരു ചോദ്യമാണ്. ദൈവം എന്തിലാണ് കൂടുതൽ താൽപര്യപ്പെടുന്നത്, സഭയിലുള്ളവർ കൂടുതലായി ക്രിസ്തുവിനെ പോലെ ആയി തീരുന്ന ഗുണ വിശേഷത്തിലാണോ, അതോ സംഗീതം കൂടുതൽ ആസ്വാദ്യകരമാകുന്നതിലാണോ? അവിടെ ക്രിസ്ത്യാനികൾ എത്രമാത്രം വഴിമാറി ഒഴുകിപ്പോയിരിക്കുന്നു എന്നു നമുക്കു കാണാൻ കഴിയും, കാരണം ദൈവത്തെ പ്രസാദിപ്പിക്കുന്നത് എന്താണെന്ന് ക്രിസ്തീയ നേതാക്കന്മാർ മനസ്സിലാക്കിയിരിക്കുന്നില്ല.

നമ്മുടെ സഭകളിൽ നാം എന്തു ചെയ്യണമെന്നാണ് കരുതുന്നത്? യേശു കൽപ്പിച്ച ഓരോ കാര്യങ്ങളും അനുസരിക്കാൻ നാം അവരെ പഠിപ്പിക്കേണ്ടതാണ്. ദൈവത്തിൻ്റെ കല്പനകളെ നാം അനുസരിച്ചിരിക്കുന്നില്ലെങ്കിൽ, നമുക്കു മറ്റുള്ളവരെ അത് അനുസരിക്കുന്നതു പഠിപ്പിക്കാൻ കഴിയില്ല. ഈ രണ്ടു പ്രസ്താവനകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക: “ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അവരെ പഠിപ്പിക്കുക” എന്നതും “ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിക്കുക (പഠിപ്പിക്കുക)” എന്നതും.

എനിക്ക് യേശു കപ്പിച്ചതൊക്കെയും മറ്റുള്ളവരെ പഠിപ്പിക്കണമെങ്കിൽ, യേശുവിൻ്റെ എല്ലാ ഉപദേശങ്ങളുമെടുത്ത്, ഒരാൾ ഊർജ്ജതന്ത്രമോ, രസതന്ത്രമോ അല്ലെങ്കിൽ ചരിത്രമോ പഠിപ്പിക്കുന്നതുപോലെ, എനിക്കു പഠിപ്പിക്കാൻ കഴിയും. ഞാൻ അതിലെ ആശയങ്ങൾ പഠിച്ച് അവരെ പഠിപ്പിക്കുന്നു. എന്നാൽ “അതു പ്രമാണിപ്പാൻ പഠിപ്പിക്കുക” എന്നതിന് അവരും അതു ചെയ്യുവാൻ തക്കവണ്ണം അവരെ പഠിപ്പിക്കാൻ കഴിയേണ്ടതിന് ഞാൻ അത് ആദ്യം ചെയ്തിരിക്കേണ്ടതുണ്ട്. ഞാൻ തന്നെ അതു ചെയ്തിട്ടില്ലെങ്കിൽ, നീന്തുന്നത് എങ്ങനെയെന്ന് അറിയാത്ത ഞാൻ നീന്തൽ പഠിപ്പിക്കുന്നതു പോലെ ആയിരിക്കും. നീന്തലിൻ്റെ പ്രമാണങ്ങളും തന്ത്രങ്ങളും മനസ്സിലായെങ്കിൽ, അനേകം ആളുകൾക്ക് അത് വ്യക്തമായി ബ്ലാക്ബോർഡിലെഴുതി വിവരിച്ചു കൊടുക്കാൻ നിങ്ങൾക്കു കഴിയും, എന്നാൽ അപ്പോഴും നിങ്ങൾ തന്നെ ഒരു നീന്തൽക്കാരനായിരിക്കുന്നില്ല. അതാണ് കേവലം അവരെ “പഠിപ്പിക്കുക” എന്നത്. എന്നാൽ “ചെയ്യാൻ അവരെ പഠിപ്പിക്കുന്നത്…” ഒരു കുളത്തിലോ നദിയിലോ ഉള്ള ജലോപരിതലത്തിൽ നിങ്ങൾക്കെങ്ങനെ യഥാർത്ഥമായി നീന്താനും ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ കഴിയുമെന്നും കാണിച്ചു കൊടുക്കുന്നതാണ്.

ബൈബിൾ പ്രകാരമുള്ള ഒരു ക്രിസ്തീയ നേതാവിന് യേശുവിൻ്റെ ഓരോ കൽപ്പനയും വാസ്തവമായി ചെയ്യുവാൻ ജനങ്ങളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തമുണ്ട്, അതൊരു വലിയ അളവിലുള്ള ഉപദേശമാണ്. അതുകൊണ്ടാണ് ഞാൻ “യേശു പഠിപ്പിച്ചതെല്ലാം” എന്ന പുസ്തകം എഴുതിയത് – ആ കല്പന നിവർത്തിക്കുവാൻ, ഞാൻ ചെയ്യുവാൻ അന്വേഷിക്കുന്നതെല്ലാം യേശുവിൻ്റെ കല്പന നിറവേറ്റുവാൻ വേണ്ടിയാണ്, യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കുവാനും, എൻ്റെ ജീവിതത്തിൻ്റെ കഴിഞ്ഞ 52 വർഷങ്ങളിൽ ഞാൻ തന്നെ ചെയ്യുവാൻ അന്വേഷിച്ചിരിക്കുന്നതുപോലെ ചെയ്യുവാൻ നിങ്ങളെ പഠിപ്പിക്കേണ്ടതിനും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പമുള്ളതുമായ കാര്യങ്ങൾക്ക് മാത്രം ഊന്നൽ കൊടുത്തു കൊണ്ടും മറ്റുള്ളവയെ അവഗണിച്ചും കൊണ്ടല്ല.

ഇത് ഓരോ ശിഷ്യൻ്റെയും അത്യുത്കടമായ ആഗ്രഹമായിരിക്കണം: യേശു കല്പിച്ചതൊക്കെയും ചെയ്യുന്നതിനുള്ള വാഞ്ഛ.