വിമർശിക്കാതിരിക്കാൻ സൂക്ഷിക്കുക – WFTW 27 നവംബർ 2022

സാക് പുന്നന്‍

മറ്റു മതങ്ങൾക്കും അവരുടെ വിഗ്രഹങ്ങൾക്കും എതിരായി അവയുടെ പേരു പറഞ്ഞ് സംസാരിക്കാതിരിക്കുന്ന കാര്യത്തിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. നാം അവരെ കളിയാക്കുകയും അരുത്. യേശു ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചില്ല. അവിടുന്ന് അധികവും സംസാരിച്ചത് തങ്ങൾ ദൈവത്തെ അറിയുന്നു എന്ന് അവകാശപ്പെട്ടവരുടെ കാപട്യത്തെ കുറിച്ചായിരുന്നു.

അപ്പൊസ്തലനായ പൗലൊസിൻ്റെ മാതൃക നമുക്ക് നോക്കാം: അദ്ദേഹം എഫെസൊസിൽ വച്ച് വിട്ടുവീഴ്ചയില്ലാതെ സത്യം സംസാരിച്ചപ്പോൾ, ആ പട്ടണത്തിൽ വലിയ ഒരു കലഹം ഉണ്ടായി. ഒടുവിൽ നഗരാധിപൻ ജനങ്ങളെ വിളിച്ചു കൂട്ടി അവരോട് ഇപ്രകാരം പറഞ്ഞു, “ഈ മനുഷ്യൻ നമ്മുടെ അർത്തെമിസ് മഹാദേവിയെ ദുഷിച്ചിട്ടില്ല” (അപ്പൊ. പ്ര.19:37). പൗലൊസ് ക്രിസ്തുവിനെ പ്രസംഗിച്ചു. എന്നാൽ എഫെസൊസിലെ ജനങ്ങൾ ആരാധിച്ചു കൊണ്ടിരുന്ന വ്യാജ ദൈവങ്ങളെ നിന്ദിച്ചു പറഞ്ഞില്ല. അദ്ദേഹത്തിൻ്റെ സന്ദേശം നിഷേധാത്മകമല്ലാത്ത ഒന്നായിരുന്നു- അത് ക്രിസ്തുവിന് അവരെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ കഴിയും എന്നായിരുന്നു. അത് അവരുടെ വ്യാജ ദൈവങ്ങളെയും അവരുടെ വിഗ്രഹങ്ങളെയും വിമർശിക്കുന്ന, നിഷേധാത്മകമായ ഒരു സന്ദേശമായിരുന്നില്ല. അത് ദിവ്യജ്ഞാനമായിരുന്നു. ഒരുവൻ ക്രിസ്തുവിലേക്കു വരുമ്പോൾ, അവരെ വിഗ്രഹങ്ങളിൽ നിന്നു വിടുവിക്കുന്ന ജോലി കർത്താവു തന്നെ ചെയ്യും.

നമുക്കും ഉണ്ടായിരിക്കേണ്ട വിവേകം ഇതു തന്നെയാണ്. നാം ഏതെങ്കിലും ഒരു മതത്തെയോ, അതിൻ്റെ വിശ്വാസത്തെയോ അല്ലെങ്കിൽ അതിൻ്റെ അനുഷ്ഠാനങ്ങളെയോ വിമർശിക്കരുത്. നമ്മുടെ സന്ദേശം അതല്ല നാം ക്രിസ്തുവിനെ മാത്രം പ്രസംഗിക്കുന്നു- യേശു ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടു, മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ട്, ഇന്ന് സ്വർഗ്ഗത്തിൽ ജീവിക്കുന്നു, അവിടുന്ന് ലോകത്തെ ന്യായം വിധിക്കുവാൻ വേഗം മടങ്ങി വരുന്നു. അതാണ്‌ നമ്മുടെ സന്ദേശം- എല്ലാവരും തങ്ങളുടെ പാപങ്ങളിൽ നിന്നു തിരിഞ്ഞ് ക്രിസ്തുവിനെ അവരുടെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കേണ്ടതിന് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാൽ അതു ചെയ്യാൻ നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല. ഇതായിരിക്കണം നാം പ്രസംഗിക്കേണ്ടത്. ചെറിയ കുട്ടികളോടു പോലും. ക്രിസ്തുവിനെ കൈക്കൊള്ളാൻ (സ്വീകരിക്കേണ്ടതിന്) നാം അവരെ ക്ഷണിക്കണം, അവരെ നിർബന്ധിക്കരുത്. ദൈവം എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നു. നാമും ആളുകൾക്ക് സ്വാതന്ത്ര്യം നൽകണം. ആളുകൾ യഥാർത്ഥമായി ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോൾ, അവരുടെ ജീവിതങ്ങളിലുള്ള തെറ്റായ കാര്യങ്ങൾ എല്ലാം ഒരു സമയം കൊണ്ടു മാറിപ്പോകും, കാരണം പരിശുദ്ധാത്മാവ് പാപത്തെ കുറിച്ച് അവർക്കു ബോധ്യം വരുത്തും.

ക്രിസ്തുവിനെ ലോകത്തിൻ്റെ ഏക രക്ഷകനായി പ്രഘോഷിക്കുവാനാണ് നമ്മുടെ വിളി. നാം പാപത്തിന് എതിരായി സംസാരിച്ചുകൊണ്ട് നമ്മെ തന്നെ വിധിക്കുകയും നമ്മുടെ ഇടയിലുള്ള കാപട്യത്തെ തുറന്നു കാണിക്കുകയും വേണം. അനേകം എരിവുള്ള എന്നാൽ വിവേകമില്ലാത്ത സഹോദരീ സഹോദരന്മാർ മറ്റുള്ള മതങ്ങളുടെ പേര് അവരുടെ വാക്കുകളിലും പ്രാർത്ഥനകളിലും അനാവശ്യമായി പറയാറുണ്ട്. അങ്ങനെയുള്ളവരെ, തങ്ങൾ പറയുന്നതെന്താണെന്നതിനെ കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കാൻ, നാം താക്കീതു ചെയ്യണം. ഏതെങ്കിലും ഒരു പത്യേക മതത്തിൻ്റെ പേര് ഉപയോഗിക്കുന്നതിനു പകരം “അക്രൈസ്തവർ” എന്നു പറയുന്നതായിരിക്കും നല്ലത്. ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ വിധിക്കാനല്ല അതിനെ രക്ഷിക്കാനാണ് (യോഹ.3:17). നമ്മുടെ വിളി യേശുവിൻ്റെ മാതൃക പിൻതുടരുന്നതിനാണ്. അതു കൊണ്ട് നാമും മറ്റുള്ളവരെ രക്ഷിക്കാനാണ്, അല്ലാതെ വിധിക്കുന്ന കാര്യമല്ല, അന്വേഷിക്കേണ്ടത്.

What’s New?