സാക് പുന്നന്‍
ഓരോ ദിവസവും വിവിധ കാര്യങ്ങളെക്കുറിച്ചു നാം തീരുമാനങ്ങളെടുക്കുന്നു. നമ്മുടെ പണം അല്ലെങ്കില്‍ നമ്മുടെ ഒഴിവു സമയം എങ്ങനെ ചെലവാക്കും, അല്ലെങ്കില്‍ ആരോടെങ്കിലുമോ ആരെക്കുറിച്ചെങ്കിലുമോ എങ്ങനെ സംസാരിക്കണം, അല്ലെങ്കില്‍ ഒരു പ്രത്യേക കത്ത് എങ്ങനെ എഴുതണം, അല്ലെങ്കില്‍ മറ്റൊരാളിന്‍റെ പെരുമാറ്റത്തോട് എങ്ങനെ പ്രതികരിക്കണം, അല്ലെങ്കില്‍ തിരുവചനം പഠിക്കുന്നതില്‍, പ്രാര്‍ത്ഥിക്കുന്നതില്‍, സഭയെ സേവിക്കുന്നതില്‍ ഒക്കെ എത്ര സമയം ചെലവഴിക്കണം മുതലായ കാര്യങ്ങളെ സംബന്ധിച്ച് നാം തീരുമാനങ്ങളെടുക്കുന്നു. രാവിലെ മുതല്‍ രാത്രിവരെ നമുക്കു ചുറ്റുമുളള ആളുകളുടെ നമ്മോടുളള പെരുമാറ്റത്തോടു നാം ചില പ്രത്യേക രീതിയില്‍ പ്രതികരിക്കാറുമുണ്ട്. നാം അതു മനസ്സിലാക്കുന്നില്ലായിരിക്കാം, എന്നാല്‍ ഓരോ ദിവസവും നാം കുറഞ്ഞത് ഒരു നൂറു തീരുമാനങ്ങളെങ്കിലും എടുക്കുന്നുണ്ട് – അവയില്‍ ഓരോ തീരുമാനങ്ങളിലും നാം ഒന്നുകില്‍ നമ്മെത്തന്നെ പ്രസാദിപ്പിക്കുവാന്‍ അല്ലെങ്കില്‍ ദൈവത്തെ പ്രസാദിപ്പിക്കുവാനാണ് തീരുമാനിക്കുന്നത്.
നമ്മുടെ അധികം പ്രവര്‍ത്തനങ്ങളും ബോധപൂര്‍വ്വമായ തീരുമാനങ്ങളുടെ ഫലമല്ല. എന്നാല്‍ അപ്പോള്‍ പോലും നാം ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഒന്നിലാണ് അതു ചെയ്യുന്നത് – ഒന്നുകില്‍ നമ്മെ തന്നെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നു. അല്ലെങ്കില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ നോക്കുന്നു. നമ്മുടെ ബോധപൂര്‍വ്വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് നാം നമ്മുടെ ബോധപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്ന രീതിയാലാണ്. ഒടുവില്‍, ഈ തീരുമാനങ്ങളുടെയെല്ലാം ആകെത്തുകയാണ് നാം ആത്മീയമായി തീരുമോ അതോ ജഡികരായി തീരുമോ എന്നു നിര്‍ണ്ണയിക്കുന്നത്.
നാം ആദ്യം രക്ഷിക്കപ്പെട്ടതു മുതല്‍ എപ്പോഴെങ്കിലും നാം എടുത്തിട്ടുളള ലക്ഷക്കണക്കിനു തീരുമാനങ്ങളെക്കുറിച്ചു ചിന്തിക്കുക. ബോധപൂര്‍വ്വം ഒരേപോലെ ഓരോ ദിവസവും പലതവണ സ്വന്തഹിതത്തെ നിഷേധിച്ച് ദൈവഹിതം ചെയ്യുന്നത് തിരഞ്ഞെടുത്തിട്ടുളളവര്‍, ആത്മീയരായി തീരുന്നു. മറിച്ച് തങ്ങളുടെ പാപക്ഷമയില്‍ മാത്രം സന്തോഷിച്ച്, മിക്കവാറും സമയങ്ങളില്‍ തങ്ങളെതന്നെ പ്രസാദിപ്പിക്കുന്ന കാര്യം തെരഞ്ഞെടുത്തിട്ടുളളവര്‍ ജഡികരായിതന്നെ അവശേഷിക്കുന്നു. ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ് അവര്‍ ഒടുവില്‍ എന്തായി തീരുന്നു എന്ന് നിര്‍ണ്ണയിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ നിങ്ങള്‍ എടുത്ത ആയിരക്കണക്കിനു തീരുമാനങ്ങളിലൂടെ നിങ്ങള്‍ തന്നെ തിരഞ്ഞെടുത്ത അത്രയും മാത്രമെ നിങ്ങള്‍ വിനീതരും, വിശുദ്ധരും, സ്നേഹമുളളവരും ആയി തീര്‍ന്നിട്ടുളളൂ. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് രക്ഷിക്കപ്പെട്ട രണ്ടു സഹോദരങ്ങളുടെ ഇന്നത്തെ ആത്മീയാവസ്ഥ പരിഗണിക്കുക ( രണ്ടു പേരും ഒരേ ദിവസം ക്രിസ്തുവിങ്കലേക്കു മാനസാന്തരപ്പെട്ടവര്‍). അവരില്‍ ഒരാള്‍ ഇപ്പോള്‍ ദൈവത്തിന് സഭയുടെ ഉത്തരവാദിത്തങ്ങള്‍ ഭാരമേല്‍പ്പിക്കാന്‍ കഴിയുന്ന ആത്മീയ വിവേചനശക്തിയുളള, പക്വതയുളള ഒരു സഹോദരനാണ്. മറ്റെയാള്‍ വിവേചനശക്തിയില്ലാത്ത, നിരന്തരമായി മറ്റുളളവരാല്‍ പോഷിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഒരു ശിശുവായി ഇപ്പോഴും തുടരുന്നു. ഈ രണ്ടു പേര്‍ക്കു തമ്മില്‍ ഇത്ര വലിയ ഒരു വ്യത്യാസം ഉണ്ടാക്കിയ കാര്യം എന്താണ്? അതിന്‍റെ ഉത്തരം ഇതാണ്: അവരുടെ ക്രിസ്തീയ ജീവിതത്തിന്‍റെ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ ഓരോ ദിവസവും അവര്‍ എടുത്ത ചെറിയ തീരുമാനങ്ങള്‍.
അവര്‍ അടുത്ത പത്തുവര്‍ഷങ്ങള്‍ ഇതുപോലെ തന്നെ തുടര്‍ന്നാല്‍, അവര്‍ തമ്മിലുളള വ്യത്യാസം ഇതിനേക്കാള്‍ കൂടുതല്‍ പ്രകടമായിരിക്കും. പിന്നീട് നിത്യതയില്‍, അവരുടെ തേജസിന്‍റെ ഡിഗ്രികള്‍ തമ്മിലുളള വ്യത്യാസം ഒരു 2000 – വാട്ട് ബള്‍ബ് പുറപ്പെടുവിക്കുന്ന പ്രകാശവും ഒരു 5 – വാട്ട് ബള്‍ബ് പുറപ്പെടുവിക്കുന്ന പ്രകാശവും തമ്മിലുളളതു പോലെ ആയിരിക്കും!! “ഒരു നക്ഷത്രം മറ്റൊരു നക്ഷത്രത്തില്‍ നിന്ന് തേജസ്സില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു”(1 കൊരി.15:41). അപ്പോള്‍ നിങ്ങള്‍ ബലഹീനമനസ്സുളളവര്‍ ആകരുത്. എല്ലാ സമയവും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നിങ്ങളുടെ ഇച്ഛയെ അഭ്യസിപ്പിക്കുക. ഇപ്പോള്‍ മുതല്‍ വിശ്വസ്തരായിരിക്കുമെന്നു നിങ്ങള്‍ തീരുമാനിക്കുമെങ്കില്‍, നിത്യതയില്‍ നിങ്ങള്‍ക്ക് ഒരു ദുഃഖവും ഉണ്ടാകുകയില്ല, നിങ്ങളുടെ കിഴഞ്ഞ കാല ജീവിതത്തില്‍ ഇപ്പോള്‍ വരെ എത്രതവണ നിങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതുകാര്യമല്ല. ഇത്തരം ശിക്ഷണമുളള, പൂര്‍ണ്ണ ഹൃദയത്തോടുകൂടിയ ഒരു ജീവിതം ജീവിക്കുന്നതില്‍ ഒരു താല്‍പര്യവുമില്ലാത്ത ആവശ്യത്തിലധികം വിശ്വാസികളെ നിങ്ങള്‍ക്കു ചുറ്റും നിങ്ങള്‍ കണ്ടെത്തും. അവരെ വിധിക്കരുത്. ഒരു പരീശനായി അവരെ പുഛിക്കരുത്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കുക, മറ്റുളളവരുടെ കാര്യങ്ങളില്‍ തിരക്കുളളവനാകരുത്. എന്നാല്‍ വ്യത്യസ്തനായിരിക്കുക. യേശുമാത്രം നിങ്ങളുടെ മാതൃക ആയിരിക്കട്ടെ. ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പാകെ നിങ്ങള്‍ക്കു കണക്കു കൊടുക്കേണ്ട ആ ദിവസത്തേക്കുറിച്ച് കൂടെ കൂടെ ചിന്തിക്കുക.