ദൈവത്തിനുവേണ്ടി ഒരു വക്താവായിരിക്കുന്നതെങ്ങനെ – WFTW 04 ജൂൺ 2017

സാക് പുന്നന്‍

   Read PDF version

യിരെമ്യാവ് 15:1621 ല്‍ ദൈവത്തിന്റെ ഒരു വക്താവായിരിക്കുന്നതിനു വേണ്ട 3 വ്യവസ്ഥകള്‍ നാം കാണുക.

ഒന്നാമത്: ‘യഹോവെ, ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അങ്ങയുടെ വചനം എനിക്ക് സന്തോഷവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീര്‍ന്നു (വാ:16) ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവും ആയിരിക്കണം. ഒരു വ്യാപാരിക്ക് പണം ഉണ്ടാക്കുന്നതില്‍ സന്തോഷം ഉളളതുപോലെ, നിങ്ങളുടെ സന്തോഷം ദൈവ വചനത്തില്‍ ജാഗരിക്കുന്നതിലായിരിക്കണം. ദൈവ വചനത്തിന്റെ ആഴത്തിലേക്കിറങ്ങുന്നതിന് സമയം ചെലവഴിക്കാത്ത അനേകര്‍ ഇന്ന് പ്രാസംഗികരാകുവാന്‍ ആഗ്രഹിക്കുന്നു തന്നെയുമല്ല അവര്‍ ദൈവ വചനത്തെ അവരുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവുമായി കാണുന്നില്ല.

രണ്ടാമത് : ‘ഞാന്‍ പരിഹാസികളുടെ സഭയില്‍ ഇരുന്നിട്ടില്ല’ (വാക്യം:17) യഹൂദ്യയിലുളള മറ്റാളുകള്‍ വിരുന്നു നടത്തുകയും രസിക്കുകയും ചെയ്തപ്പോള്‍, യിരെ മ്യാവ് ദൈവത്തോടുകൂടെ തനിയെ ആയിരിക്കേണ്ടതിന് അവരില്‍ നിന്നെല്ലാം ദൂരെ മാറിപ്പോയി. ഈ ലോകത്തിലെ കോമാളികളില്‍ നിന്ന് അകന്നുമാറുവാന്‍ നിങ്ങളെത്തന്നെ ശിക്ഷണം ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കൊരിക്കലും ദൈവത്തിനുവേണ്ടി ഒരു വക്താവായിരിക്കുവാന്‍ കഴിയുകയില്ല. ഫലിതവും വൃത്തിയുളള തമാശകളും തെറ്റാണന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ മിക്ക ക്രിസ്ത്യാനികള്‍ക്കും ഇങ്ങനെയുളള കാര്യങ്ങളില്‍ എവിടെ അവസാനിപ്പിക്കണം എന്നറിയില്ല അവര്‍ ശാശ്വതമായി തമാശക്കാരാണ്. അങ്ങനെയുളളവരുമായി താന്‍ സമയം ചെലവഴിക്കുകയില്ലെന്ന് യിരെമ്യാവ് തീര്‍ച്ചപ്പെടുത്തി.

മൂന്നാമത്: 18ാം വാക്യത്തില്‍ യിരെമ്യാവ് ദൈവത്തോട് ഇപ്രകാരം പരാതി പറയുന്നു, ‘യഹോവെ അങ്ങ് എന്നെ നിരാശപ്പെടുത്തിയതെന്തു കൊണ്ട് ? അങ്ങ് എനിക്ക് വഞ്ചിക്കുന്ന ഉറവും വിശ്വാസ യോഗ്യമല്ലാത്ത വെളളവും പോലെ ആയി തീര്‍ന്നിരിക്കുന്നു. അതില്‍ വെളളം ഉണ്ടായിരിക്കും എന്നു കരുതി ഞാന്‍ ഉറവിങ്കലേക്കു വന്നു എന്നാല്‍ അതില്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങെന്നെ നിരാശപ്പെടുത്തി’. യഹോവ അവനോട് ഇപ്രകാരം അരുളിച്ചെയ്തു, ‘ എന്നോട് ഇങ്ങനെയുളള കാര്യങ്ങള്‍ ഒരിക്കലും പറയരുത്’. അവിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിച്ചതിന് ദൈവം യിരെമ്യാവിനെ ശാസിച്ചു (വാക്യം 19). ദൈവം ഒരിക്കലും നമ്മെ നിരാശപ്പെടുത്തുന്നില്ല. അവിടുന്ന് വിശ്വാസയോഗ്യമല്ലാത്ത ഒരുറവപോലെ അല്ല. യിരെമ്യാവ് തന്റെ തോന്നലുകളില്‍ ആശ്രയിക്കുകയും തന്റെ ചുറ്റുപാടുകളെ നോക്കുകയും ചെയ്യുകയായിരുന്നു. യഹോവ അവനോട് ഇപ്രകാരം പറഞ്ഞു, ‘ നീ എന്നിലേക്ക് മടങ്ങി വരികയും, അധമമായ വാക്കുകള്‍ ( ഇപ്പോള്‍ നീ പറഞ്ഞതു പോലെയുളള വാക്കുകള്‍, വ്യര്‍ത്ഥമായതും പ്രയോജനമില്ലാത്തതുമായ അവിശ്വാസത്തിന്റെ വാക്കുകള്‍) സംസാരിക്കുന്ന ശീലം ഉപേക്ഷിക്കുകയും വിലയുളള വാക്കുകള്‍ (വിശ്വാസത്തിന്റെയും നന്മയുടെയും വാക്കുകള്‍) മാത്രം സംസാരിക്കുകയും ചെയ്യും എന്ന് ഉറപ്പു വരുത്തിയാല്‍, അപ്പോള്‍ നീ എന്റെ വക്താവ് ആകും?

നിങ്ങളില്‍ എത്രപേര്‍ക്ക് ദൈവത്തിന്റെ വക്താവ് ആയി തീരാന്‍ ആഗ്രഹമുണ്ട്? നിങ്ങള്‍ വായിച്ച ഏതെങ്കിലും പുസ്തകത്തില്‍ നിന്നു ലഭിച്ച ജീവനില്ലാത്ത പ്രസംഗങ്ങള്‍ പറയുന്ന ഒരു പ്രാസംഗികന്‍ ആകുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, എന്നാല്‍ ദൈവത്തിന്റെ വക്താവ് ആയിരിക്കുന്നതിനെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അതാകണമെങ്കില്‍, പ്രയോജനമില്ലാത്ത കൂട്ടുകെട്ടില്‍ നിങ്ങളുടെ സമയം പാഴാക്കരുത്, എന്നാല്‍ നിങ്ങളുടെ സമയം വീണ്ടെടുത്ത് ദൈവ വചനത്തിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്നതിനായി ചെലവാക്കുക. പ്രയോജന രഹിതമായ സംഭാഷണങ്ങള്‍ ഉപേക്ഷിച്ച് നിങ്ങളുടെ എല്ലാ സംഭാഷണങ്ങളിലും എപ്പോഴും വിശ്വാസത്തിന്റെ വാക്കുകളും നല്ല വാക്കുകളും മാത്രം സംസാരിക്കുക. അപ്പോള്‍ കര്‍ത്താവ് നിങ്ങളെ അവിടുത്തെ വക്താവാക്കിത്തീര്‍ക്കും. ദൈവത്തിനു മുഖപക്ഷമില്ല. അപ്പോള്‍ യഹോവ യിരെമ്യാവിനോട് അരുളി ചെയ്തു: ‘ നീ അവരുടെ അടുത്തേക്ക് മടങ്ങി പോകരുത്. നീ അവരെ സ്വാധീനിക്കണം. ഒരിക്കലും അവര്‍ നിന്നെ സ്വാധീനിക്കുവാന്‍ അനുവദിക്കരുത്’ (യിരെമ്യാവ് 15:19 ലിവിംഗ് ബൈബിള്‍)

ലോകം നിന്നെ സ്വാധീനിക്കുവാന്‍ അനുവദിക്കരുത്. അതുപോലെ ദുഷിച്ച ക്രിസ്തീയഗോളം നിന്നെ സ്വാധീനിക്കുവാന്‍ അനുവദിക്കരുത്. പിന്മാറ്റത്തിലായ പാസ്റ്റര്‍മാരും പണസ്‌നേഹികളായ പ്രാസംഗികരും നിന്നെ സ്വാധീനിക്കുവാന്‍ നീ അനുവദിക്കരുത്. നിന്നെ സ്വാധീനിക്കുവാന്‍ ദൈവത്തെ അനുവദിക്കുക അതിനുശേഷം നീ മറ്റുളളവരെ ദൈവഭക്തിയിലേക്ക് സ്വാധീനിക്കുക. അവര്‍ നമ്മുടെ മേല്‍ പ്രബലപ്പെടാന്‍ കഴിയാത്ത വിധത്തില്‍ നമ്മെ ഉറപ്പുളള താമ്രഭിത്തി ആക്കി തീര്‍ക്കും’ എന്നാണ് ദൈവത്തിന്റെ വാഗ്ദത്തം (യിരെമ്യാവ് 15:20). ഹാലേലൂയ്യാ! ദൈവത്തിന്റെ ദാസനായിരിക്കുവാന്‍ ഭാരിച്ച ഒരു വില കൊടുക്കേണ്ടതുണ്ട്. യിരെമ്യാവിന്റെ കാര്യത്തില്‍, ആ വിലയുടെ ഒരു ഭാഗം അവന്‍ തന്റെ ജീവിത കാലം മുഴുവന്‍ അവിവാഹിതനായി നില കൊളളണം എന്നതായിരുന്നു.

യഹോവ അവനോട് ഇപ്രകാരം അരുളിചെയ്തു, ‘ നീ ഒരു ഭാര്യയെ എടുക്കരുത്, നിനക്ക് ഇവിടെ പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്’ (യിരെമ്യാവ് 16:2). പൗലൊസിനെയും യിരെമ്യാവിനെയും പൊലെയുളള ചിലരെ ദൈവം അവിവാഹിത ജീവിതത്തിലേക്കാണ് വിളിച്ചിരിക്കുന്നത്. അവര്‍ ആ വിളി സ്വീകരിക്കുവാന്‍ മനസ്സുളളവരായിരിക്കണം. ഒരു വിലാപ ഭവനത്തിലേക്കോ, ഒരു വിരുന്നു വീട്ടിലേക്കോ പോകുവാന്‍ പോലും യിരെമ്യാവ് അനുവദിക്കപ്പെട്ടിട്ടില്ലായിരുന്നു ( യിരെ മ്യാവ് 16:5,8). കര്‍ത്താവിനെ സേവിക്കണമെങ്കില്‍ പ്രവാചകന്മാര്‍ തങ്ങളുടെ ഭക്ഷണ ശീലങ്ങളെ ചിട്ടപ്പെടുത്തേണ്ടിയിരുന്നു. യിരെമ്യാവിനെപ്പറ്റി ആളുകള്‍ എന്തുപറഞ്ഞിട്ടുണ്ടാകും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അവന്‍ സമൂഹവിരുദ്ധനായ ഒരുവനാണെന്ന് അവര്‍ അഭിപ്രായപ്പെട്ടുകാണും. അവന്‍ സമൂഹത്തില്‍ ഭൃഷ്ടനായിരുന്നു കാരണം മറ്റുളളവരെപ്പോലെ വെറുതെ കറങ്ങി നടക്കുവാന്‍ അവനു സമയം ഇല്ലായിരുന്നു. അവന് ദൈവത്തിന്റെ സന്ദേശം ലഭിക്കുവാന്‍ അവിടുത്തെ മുമ്പാകെ കാത്തിരിക്കേണ്ടിയിരുന്നു. മിക്ക ആളുകള്‍ക്കും ആ വില കൊടുക്കാന്‍ ആഗ്രഹമില്ല എന്നാല്‍ അപ്പോഴും അവര്‍ക്ക് ദൈവത്തിന്റെ വക്താവ് ആയിരിക്കാന്‍ ആഗ്രഹമുണ്ട്. അത്തരത്തിലുളള പ്രാസംഗികര്‍ ദൈവജനത്തിന് ഒരു നന്മയും ചെയ്യുന്നില്ല എന്നു മാത്രമല്ല, അവര്‍ ധാരാളം ദ്രോഹം ചെയ്യുന്നു.