പ്രലോഭനങ്ങളുടെവേളയിൽ വിശ്വസ്തരായിരിക്കുന്നത് – WFTW 20 മാർച്ച് 2022

സാക് പുന്നന്‍

നമ്മുടെ സ്വയശക്തി കൊണ്ട് സാത്താനെയോ നമ്മുടെ മോഹങ്ങളെയോ നമുക്ക് കീഴടക്കാൻ കഴിയുമെന്ന് നാം ഒരിക്കൽ പോലും ചിന്തിക്കാതിരിക്കേണ്ടതിന്, അത് അത്രമാത്രം ശക്തിയുള്ളതായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു. അപ്പോൾ ദൈവത്തിൻ്റെ ശക്തിക്കായി അന്വേഷിക്കുവാൻ നാം നിർബന്ധിതരായി തീരുന്നു. കനാൻ നിവാസികളുടെ വലിപ്പം കണ്ടപ്പോൾ യിസ്രായേൽ ചാരന്മാർ തങ്ങളെ തന്നെ വെട്ടുക്കിളികളെപ്പോലെ കണ്ടു. എന്നിട്ടും യോശുവയും കാലേബും ദൈവത്തിൻ്റെ ശക്തിയിൽ ആശ്രയിച്ച് ആ ദേശത്തു പ്രവേശിക്കുകയും ആ മല്ലന്മാരെ നിഗ്രഹിക്കുകയും ചെയ്തു. നമ്മുടെ എല്ലാ മോഹങ്ങളെയും കീഴടക്കുവാൻ നമുക്ക് ആ ആത്മാവിനെ ആവശ്യമാണ്. അതുകൊണ്ട് വിശ്വാസത്തിൽ, ഇപ്രകാരം പറഞ്ഞു കൊണ്ടിരിക്കുക, “സാത്താനെയും എൻ്റെ എല്ലാ മോഹങ്ങളെയും ദൈവശക്തിയിലൂടെ കീഴടക്കാൻ എനിക്കു കഴിയും ഞാൻ കീഴടക്കുകയും ചെയ്യും”.

ഓരോ പ്രലോഭനങ്ങളിലും, നിങ്ങളുടെ മുമ്പിൽ രണ്ടു വഴികൾ തുറന്നിരിക്കുന്നു – 1.ആനന്ദത്തിൻ്റെയും സുഖത്തിൻ്റെയും വഴി. 2. കഷ്ടതയുടെ വഴി, നിങ്ങളുടെ ജഡം കൊതിക്കുന്ന സുഖസന്തോഷങ്ങൾ അതിനു നിഷേധിക്കുന്ന ഇടം. രണ്ടാമത്തെ മാർഗ്ഗമാണ് “ജഡത്തിൽ കഷ്ടമനുഭവിക്കുന്ന” മാർഗ്ഗം (1പത്രൊ. 4:1). നിങ്ങൾ എതിർത്തു നിന്ന് കഷ്ടമനുഭവിക്കുന്നതു തുടരുമ്പോൾ, പാപം ചെയ്യുന്നതിനേക്കാൾ മരിക്കാൻ ഒടുവിൽ നിങ്ങൾ തയ്യാറാകും. അപ്പോൾ നിങ്ങൾ പാപത്തോടു പോരാടുന്നതിൽ പ്രാണ ത്യാഗത്തോളം എതിർത്തു നിൽക്കും (എബ്രാ. 12:4) .

ഒരു കായികാഭ്യാസി പല മേഖലകളിലും തന്നെ തന്നെ ശിക്ഷണം ചെയ്യുന്നു. നിങ്ങൾക്ക് സാത്താനെയും നിങ്ങളുടെ മോഹങ്ങളെയും ജയിച്ച്, ഒടുവിൽ ഈ സ്വർഗ്ഗീയ ഓട്ട മത്സരത്തിൽ വിജയം നേടണമെങ്കിൽ, നിങ്ങളും അതുപോലെ തന്നെ നിങ്ങളുടെ ശാരീരിക അഭിലാഷങ്ങളെ ശിക്ഷണം ചെയ്യണം. പൗലൊസ് ഇപ്രകാരം പറഞ്ഞു, “എൻ്റെ ശരീരം അതാഗ്രഹിക്കുന്നതു ചെയ്യാതെ, അതു ചെയ്യേണ്ടതു ചെയ്യിക്കാൻ തക്കവണ്ണം ഞാൻ എൻ്റെ ശരീരത്തെ ശിക്ഷണം ചെയ്യുന്നു. അല്ലാത്തപക്ഷം ഞാൻ മറ്റുള്ളവരോടു പ്രസംഗിച്ച ശേഷം ഞാൻ തന്നെ അയോഗ്യനാക്കപ്പെടും” (1 കൊരി. 9. 24 – ലിവിംഗ്).

മനസ്സിൽ ഒരു ചിന്തയായിട്ടാണ് പ്രലോഭനം നമ്മിലേക്കു വരുന്നത്. നാം ഉടനെ തന്നെ അതിനെ എതിർക്കണം. എന്നാൽ നാം വിജയത്തിനു വേണ്ടി അന്വേഷിച്ചു തുടങ്ങുമ്പോൾ, കുറഞ്ഞ പക്ഷം ഏതാനും സെക്കൻ്റുകളെങ്കിലും അതിനു വഴങ്ങുന്നതു വരെ സാധാരണയായി അതിനെ എതിർക്കുന്നതിൽ നാം വിജയിക്കാറില്ല. അനേക വർഷങ്ങളായി നാം പരിചയിച്ചു പോന്ന ജീവിതരീതിയാണ് അതിനു കാരണം. പ്രാരംഭത്തിൽ എതിർക്കുന്നതിനെടുക്കുന്ന കാലതാമസം പൂജ്യമാകുന്നതുവരെ, യുദ്ധം ചെയ്യുന്നതു നാം തുടരണം! നാം പാപം ചെയ്ത ഇടത്ത്, പെട്ടെന്നു തന്നെ ഏറ്റു പറയുകയും മാനസാന്തരപ്പെട്ട് കരയുകയും വേണം.

ഏതെങ്കിലും സമയം പ്രലോഭനത്തിൻ്റെ സമ്മർദ്ദം വളരെ അധികമാണെന്നു കാണുകയും നാം അതിനു വഴങ്ങിയേക്കുമോ എന്നു ഭയപ്പെടുകയും ചെയ്യുമ്പോൾ, പെട്ടെന്നു തന്നെ സഹായത്തിനായി നിലവിളിക്കുക, കടലിൽ മുങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ പത്രൊസ് സഹായത്തിനായി നിലവിളിച്ചതു പോലെ (മത്താ.14:30). ഇതാണ് സഹായത്തിനായി കൃപാസനത്തിങ്കലേക്ക് ഓടി ചെല്ലുക എന്നത് അർത്ഥമാക്കുന്നത്. പാപത്തിൽ നിന്നുള്ള നിങ്ങളുടെ ഓട്ടവും പാപത്തിനെതിരായുള്ള നിങ്ങളുടെ പോരാട്ടവും, നിങ്ങളുടെ ജീവിതത്തിൽ പാപത്തെ ജയിക്കുവാൻ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നു എന്നതിൻ്റെ ദൈവമുമ്പാകെയുള്ള തെളിവുകളാണ്. ദൈവം നിങ്ങളെ ശക്തമായി സഹായിക്കും.