എല്ലാ സാഹചര്യങ്ങളിലും സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ- WFTW 7 ഒക്‌ടോബർ 2018

സാക് പുന്നന്‍

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്യര്‍ക്കെഴുതിയ ലേഖനത്തില്‍ സന്തോഷത്തിന് വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്നു. “ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രവര്‍ത്തിക്കുന്നു”(ഫിലിപ്യര്‍1:4).” കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍, സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു.(ഫിലി:4:4).

പൗലൊസ് തടവിലായിരുന്നപ്പോഴാണ് ഫിലിപ്യര്‍ക്കുളള ലേഖനം എഴുതിയത് (ഫിലി 1:13). താന്‍ തടവിലായിരുന്നപ്പോള്‍ സന്തോഷത്തെക്കുറിച്ച് ഇത്രമാത്രം എഴുതി എന്നു കാണുന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമാണ്. എല്ലാ സാഹചര്യങ്ങളും സുഖകരമായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ചു പ്രസംഗിക്കുന്നത് ഒരു കാര്യം. നമ്മുടെ സാഹചര്യങ്ങളെല്ലാം പ്രയാസമുളളതായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ച് എഴുതുക എന്നത് വേറെ ഒരു കാര്യം. ഇവിടെ പറയുന്ന പൗലൊസിന്‍റെ വാക്കുകള്‍ പഠിപ്പിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് എല്ലാ സാഹചര്യങ്ങളിലും സന്തോഷത്തിലായിരിക്കുവാന്‍ സാധ്യമാണ് എന്നാണ്. അതാണ് ക്രിസ്തുവിന്‍റെ മനസ്സ്, ക്രിസ്തുവിന്‍റെ ഭാവം.

യേശു സന്തോഷത്തെക്കുറിച്ച് ഏറ്റവും അധികം സംസാരിച്ചത് അവിടുന്ന് ക്രൂശിക്കപ്പെടുന്നതിന് മുമ്പുളള രാത്രിയിലാണ് (യോഹന്നാന്‍ 15 ലും 16ലും). അന്ത്യ അത്താഴത്തില്‍ അവിടുന്നു തന്‍റെ ശിഷ്യډാരോട് ഇപ്രകാരം പറഞ്ഞു, ” ഞാന്‍ നിങ്ങളോട് സംസാരിച്ചിരിക്കുന്നത് നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനാണ്”. “നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നെടുത്തു കളയുകയില്ല”. ” എന്‍റെ സന്തോഷം നിങ്ങള്‍ക്കു തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. അതിനുശേഷം ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വ്യാജമായി കുറ്റം ചുമത്തപ്പെടുവാനും ഒരു കുറ്റവാളി എന്നവണ്ണം പരസ്യമായി ക്രൂശിക്കപ്പെടുവാനും പോകുകയായിരുന്നു. എന്നിട്ടും അവിടുന്ന് തന്‍റെ സന്തോഷം മറ്റുളളവര്‍ക്ക് പങ്കിട്ടുകൊണ്ട് ചുറ്റും നടന്ന് അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇതാണ് പൗലൊസിനുണ്ടായിരുന്ന ക്രിസ്തുവിന്‍റെ മനസ്സും ഭാവവും. അദ്ദേഹം ജയിലില്‍ സന്തോഷം നിറഞ്ഞവനായിരുന്നു. ഈ ലേഖനം എഴുതിയ സമയം പൗലൊസ് വീട്ടുതടങ്കലില്‍ മാത്രമായിരുന്നോ (അപ്പൊ:പ്ര 28:16,30,31) അതോ വാസ്തവമായി റോമന്‍ ജയിലിലായിരുന്നോ എന്ന് നമുക്കറിഞ്ഞു കൂടാ. ആ നാളുകളില്‍ റോമന്‍ തടവറകള്‍, എലികളും, കൊതുകുകളും, ഇഴയുന്ന ക്ഷുദ്രജീവികളും നിറഞ്ഞ ഇരുട്ടറകള്‍ ആയിരുന്നു, അവിടെ തടവുകാര്‍ തറയില്‍ കിടന്ന് ഉറങ്ങേണ്ടിയിരുന്നു. തന്നെയുമല്ല വളരെക്കുറച്ചു ഭക്ഷണം മാത്രമെ നല്‍കപ്പെട്ടിരുന്നുളളു. ഈ രണ്ടിടങ്ങളില്‍ ഏതിലായാലും പൗലൊസ് ആയിരുന്നത് തീര്‍ച്ചയായും സുഖകരമായ സാഹചര്യങ്ങളിലായിരുന്നില്ല. എന്നിട്ടും അത്തരം സാഹചര്യങ്ങളില്‍, താന്‍ സുവിശേഷ ഘോഷണം നിമിത്തമാണല്ലോ തടവിലാക്കപ്പെട്ടത് എന്നതില്‍ പൗലൊസിന് നിറഞ്ഞ സന്തോഷമായിരുന്നു. സ്വന്തം ദുഃഖങ്ങള്‍ക്കായി അദ്ദേഹത്തിനു കണ്ണുനീരില്ലായിരുന്നു. ആരില്‍ നിന്നും ഒരു സഹതാപം അദ്ദേഹം ആഗ്രഹിച്ചതുമില്ല. അദ്ദേഹം സന്തോഷത്താല്‍ നിറഞ്ഞിരുന്നു.

സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നവരായിട്ടും തീരെ ചെറിയ അസൗകര്യങ്ങളുടെ പേരില്‍ പോലും പരാതി പറയുന്നവരായ ക്രിസ്ത്യാനികള്‍ക്ക് പൗലൊസ് എന്തൊരു മാതൃകയാണ്, അവര്‍ വളരെ ചെറിയ ഒരു ബുദ്ധിമുട്ട് നേരിടുന്നതിന്‍റെ പേരില്‍ മറ്റുളളവരില്‍ നിന്ന് സഹാനുഭൂതി നേടുവാന്‍ ശ്രമിക്കുന്ന വിശ്വാസികളെ എത്രതവണ നാം കാണുന്നു. ഇവിടെ പൗലൊസ് തന്‍റെ കഷ്ടതകളെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല. അദ്ദേഹം പറഞ്ഞു, ” ഞാന്‍ നിങ്ങളെ ഓര്‍ക്കുമ്പോഴൊക്കെയും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിക്കുന്നു” (ഫിലി 1:3,4). കൊതുകുകടി ഏറ്റും, ഇഴഞ്ഞു നടക്കുന്ന എലികളെയും അവിടെയുളള ക്ഷുദ്ര ജീവികളെയും മറ്റു വസ്തുക്കളെയും ഒഴിവാക്കാന്‍ ശ്രമിച്ചും ഒരു രാത്രി മുഴുവന്‍ കഴിച്ചശേഷം അദ്ദേഹം ഇതെഴുതുന്നത് എനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹം ഒരു രാത്രി മുഴുവന്‍ കൊതുകുകടി കൊണ്ടതിനുശേഷം ഇത് എഴുതിയിരിക്കാനാണ് സാധ്യത; തന്നെയുമല്ല, അദ്ദേഹത്തിന് തന്‍റെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ വേണ്ട ചൂടുളള വസ്ത്രങ്ങളും ഉണ്ടായിരുന്നിരിക്കില്ല. അദ്ദേഹത്തിന്‍റെ സന്തോഷം തന്‍റെ സാഹചര്യങ്ങളില്‍ നിന്നല്ലവന്നത്, എന്നാല്‍ ഫിലിപ്യയിലെ വിശ്വാസികളില്‍ അദ്ദേഹം കണ്ട ദൈവകൃപയില്‍ നിന്നാണ്.

അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു ദര്‍ശനത്തിലൂടെ കര്‍ത്താവിനാല്‍ ഫിലിപ്യയിലേക്ക് നയിക്കപ്പെടുകയായിരുന്നു. (അപ്പെ: പ്ര 16:9-12). അദ്ദേഹം ആദര്‍ശനത്തെ പിന്‍തുടര്‍ന്ന് അവിടെ പോകുകയും അവിടെയുളള ആളുകളെ കര്‍ത്താവിലേക്കു നയിക്കുകയും ഫിലിപ്യയില്‍ വച്ച് തന്നെ തടവിലാക്കപ്പെടുകയും ചെയ്തു. അന്ന് ആ ജയിലില്‍ വച്ചു രക്ഷിക്കപ്പെട്ട കാരാഗ്രഹ പ്രമാണി ഇപ്പോള്‍ ഫിലിപ്യ സഭയിലെ ഒരു മൂപ്പനായിരിക്കാനാണ് സാധ്യത, പിന്നീട് അദ്ദേഹം ആ സഭയിലുളളവരോട് ഇപ്രകാരം പറഞ്ഞിട്ടുണ്ടാകാം, “ഈ മനുഷ്യന്‍ കാരാഗ്രഹത്തില്‍ വെച്ച് സന്തോഷിച്ചുല്ലസിക്കുന്നത് ഞാന്‍ കണ്ടു”. കര്‍ത്താവിനു വേണ്ടി പ്രയോജനകരമായി ചെലവഴിച്ച ഒരു ജീവിതത്തില്‍ നിന്നാണ് പൗലൊസിന്‍റെ സന്തോഷം വന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവിതാന്ത്യത്തിലേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം കൊണ്ടുവരുന്ന കാര്യം, ദൈവം നിങ്ങള്‍ക്ക് ആരോഗ്യവും ശക്തിയും തന്ന നാളുകളില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതം, ആളുകളെ കര്‍ത്താവിന്‍റെ രാജ്യത്തിനു വേണ്ടി ഒരുമിച്ചു കൂട്ടുകയും അവിടുത്തെ സഭയെ പണിയുകയും ചെയ്തു കൊണ്ട് കര്‍ത്താവിനെ സേവിച്ചു എന്നതായിരിക്കണം. നിങ്ങള്‍ നിങ്ങളുടെ ജീവിതാവസാനത്തിലേക്കെത്തുമ്പോള്‍ പൗലൊസിനെപ്പോലെ നിങ്ങളുടെ ജീവിതം കൊണ്ട് ദൈവം ചെയ്ത കാര്യങ്ങളോര്‍ത്ത് അവിടുത്തേക്ക് നന്ദി പറയുവാന്‍ കഴിയേണ്ടതിന് ഇപ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുക.