സാത്താന്‍റെ അപവാദങ്ങളെ ജയിക്കുന്ന വിധം- WFTW 14 ഒക്‌ടോബർ 2018

സാക് പുന്നന്‍

എല്ലാവിശ്വാസികളെയും കുറ്റം ചുമത്തുന്ന പ്രധാന അപവാദി സാത്താനാണ് (വെളിപ്പാട് 12:10). എന്നാല്‍ ഈ പ്രവൃത്തിയില്‍ അവനെ സഹായിക്കേണ്ടതിന് സഹപ്രവര്‍ത്തകര്‍ക്കായി വിശ്വാസികളുടെ ഇടയില്‍ അവന്‍ എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലുടനീളം അത്തരം സഹപ്രവര്‍ത്തകരെ അവന്‍ കണ്ടെത്തുകയും ചെയ്യുന്നു.

നമ്മോടു സാത്താന്‍ കളളം പറയുന്നു. എന്നാല്‍ നമ്മെ കുറ്റം ചുമത്തി ദൈവത്തോടു സംസാരിക്കുമ്പോള്‍, നമുക്ക് എതിരായി അവന്‍ ഉന്നയിക്കുന്ന ഓരോ അപവാദവും സത്യമായിരിക്കേണ്ടതുണ്ട്, കാരണം ദൈവത്തോട് കളളം പറയുവാന്‍ സാത്താന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍ അപ്പോഴും അവന്‍റെ ആത്മാവ് കുറ്റം ചുമത്തുന്ന ആത്മാവാണ്, അവന്‍ പറയുന്നത് സത്യമാണെങ്കില്‍ പോലും. ഇതില്‍ നിന്ന് നാം ഒരു കാര്യം പഠിക്കണം – അത് ഇതാണ്: ഒരു സഹോദരന്‍റെ പാപങ്ങളെക്കുറിച്ച് അയാളോട് നേരിട്ടുപറയുന്നതിനുപകരം അയാളുടെ അഭാവത്തില്‍ അതിനെക്കുറിച്ചു മറ്റുളളവരോടു സംസാരിച്ചാല്‍, നാം സാത്താന്‍റെ കുറ്റപ്പെടുത്തല്‍ ശുശ്രൂഷയില്‍ അവന്‍റെ സഹപ്രവര്‍ത്തകരായി തീരുന്നു, നാം സംസാരിക്കുന്ന ഓരോ വാക്കും സത്യമായിരുന്നാല്‍ പോലും.

ഈ അപവാദിയുമായി നമുക്ക് ഒരിക്കലും അത്തരം ഒരു കൂട്ടായ്മ ഉണ്ടാകരുത്. ഒരു സഹോദരന്‍ പാപം ചെയ്താല്‍, സൗമ്യതയുടെ ആത്മാവില്‍, അവനെ യഥാസ്ഥാനപ്പെടുത്തണമെന്നാണ് നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്. (ഗലാത്യര്‍ 6:1). നാം അയാളോട് നേരിട്ട് സംസാരിക്കണം. നാം പറയുന്നതു കേള്‍ക്കുവാന്‍ അയാള്‍ കൂട്ടാക്കുന്നില്ലെങ്കില്‍, പിന്നെ നാം മൂപ്പന്മാരോട് അയാളെക്കുറിച്ചു പറയണം. മൂപ്പന്മാര്‍ പറയുന്നതു പോലും അയാള്‍ കേള്‍ക്കുന്നില്ലെങ്കില്‍, ആത്മീയ അധികാരത്തിന് കീഴടങ്ങാനുളള അയാളുടെ മനസ്സില്ലായ്മയെക്കുറിച്ച് സഭയില്‍ എല്ലാവരോടും പറയാം. അതിനുശേഷം അയാളെ സഭയില്‍ നിന്നു പുറത്താക്കണം. മത്തായി 18:15-20 വരെ യുളള വാക്യങ്ങളില്‍ കര്‍ത്താവായ യേശു ക്രിസ്തുവിനാല്‍ വ്യക്തമായി രൂപകല്‍പ്പന ചെയ്യപ്പെട്ട നടപടി ക്രമം ഇതാണ്. അങ്ങനെ സഭയില്‍ സാത്താന്‍റെ കുറ്റപ്പെടുത്തലിന്‍റെ പ്രവര്‍ത്തനങ്ങളെ നമുക്ക് ബന്ധിക്കാന്‍ കഴിയും എന്ന് യേശു തുടര്‍ന്നു പറഞ്ഞു.

ഒരു മൂപ്പനെതിരായി ഒരു അപവാദം ഉന്നയിക്കപ്പെട്ടാല്‍, രണ്ടോ അതിലധികമോ വിശ്വാസയോഗ്യരായ ആളുകള്‍ ഈ ആരോപണം നടത്തിയിട്ടുണ്ടെങ്കില്‍, അത് ഗൗരവമായി എടുക്കണം (1 തിയൊഥെയൊസ് 5:19). ആ കാര്യം മറ്റുളള മുതിര്‍ന്ന മുപ്പന്മാരാല്‍ ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കപ്പെടണം. പഴയ ഉടമ്പടിയുടെ കീഴില്‍, ദൈവം ഇപ്രകാരം അരുളിച്ചെയ്തു കൊണ്ട് വ്യക്തമായി കല്‍പ്പിച്ചിരിക്കുന്നു, “നീ ഒന്നാമത് ആ കാര്യം നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കുകയും ആ കാര്യം നടന്നു എന്നുളളത് സത്യവും തെളിയിക്കപ്പെട്ടതുമാണ് എന്നുറപ്പുവരുത്തുകയും ചെയ്യേണം” (ആവര്‍ത്തനം 13:14). ആ മൂപ്പന്‍ പാപത്തില്‍ തുടരുന്നതായി തെളിയിക്കപ്പെട്ടാല്‍, സഭയിലുളള എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ ഒരു മുതിര്‍ന്ന മൂപ്പനാല്‍ അയാള്‍ പരസ്യമായി ശാസിക്കപ്പെടണം. ( 1 തിമൊഥെയൊസ് 5:20).

മനസ്സലിവിനെക്കുറിച്ചുളള ഒരു വ്യാജബോധത്തില്‍, ഒരു മുതിര്‍ന്ന മൂപ്പന്‍ അതു ചെയ്യുന്നില്ലെങ്കില്‍, അതിലൂടെ അയാള്‍ അവകാശപ്പെടുന്നത് തന്‍റെ അറിവ് പരിശുദ്ധാത്മാവിന്‍റെ അറിവിനെക്കാള്‍ ഉന്നതമായതാണെന്നാണ്! താഴ്മയില്‍ നടന്ന് ദൈവ വചനം പറയുന്ന കാര്യം അനുസരിക്കുന്നതാണ് ഏറ്റവും നല്ലത്.

മറ്റുളളവരാല്‍ വ്യാജ ആരോപണം നടത്തപ്പെടുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇവിടെ രണ്ടു വാഗ്ദത്തങ്ങള്‍ ഉണ്ട്: “അവരുടെ നിന്ദ എന്നെ വേദനിപ്പിച്ചില്ല, കാരണം പരമാധികാരിയായ കര്‍ത്താവ് എനിക്ക് സഹായം നല്‍കുന്നു. അതുകൊണ്ട് അവ സഹിക്കുവാന്‍ ഞാന്‍ തന്നെ തയ്യാറെടുക്കുന്നു. ഞാന്‍ ലജ്ജിച്ചു പോകുകയില്ല എന്നു ഞാന്‍ അറിയുന്നു കാരണം ദൈവം എനിക്ക് സമീപസ്ഥനായുണ്ട്, അവിടുന്ന് എന്നെ നിഷ്കളങ്കനായി തെളിയിക്കും. എനിക്കു വിരോധമായി ആരോപണം കൊണ്ടുവരുവാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? വരൂ നമുക്ക് ഒരുമിച്ച് ന്യായവിസ്താര സഭയിലേക്കു പോകാം! അവന്‍ അവന്‍റെ അപവാദം കൊണ്ടുവരട്ടെ! പരമാധികാരിയായ കര്‍ത്താവുതന്നെ എന്നെ ന്യായീകരിക്കുന്നു. – അപ്പോള്‍ ആര്‍ എന്നെ കുറ്റവാളി എന്നു തെളിയിക്കും? എന്നെ കുറ്റം വിധിക്കുന്നവരെല്ലാവരും അപ്രത്യക്ഷമാകും; പഴകിയ വസ്ത്രം പോലെ അവരെല്ലാവരും മാഞ്ഞുപോകും — മറ്റുളളവരെ നശിപ്പിക്കുവാന്‍ ഗൂഢാലോചന നടത്തുന്ന നിങ്ങളെല്ലാവരും നിങ്ങളുടെ തന്നെ ആലോചനകളാല്‍ നശിച്ചുപോകും. അങ്ങനെ സംഭവിപ്പാന്‍ കര്‍ത്താവുതന്നെ ഇടയാക്കും” (യെശയ്യാവ് 50:7-11 ഗുഡ് ന്യൂസ് ബൈബിള്‍).

” നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല, ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി ഉയരുന്ന ഓരോ ഭോഷ്ക്കിലും നിനക്ക് നീതിലഭിക്കും. ഇത് യഹോവയുടെ ദാസന്മാരുടെ അവകാശം ആകുന്നു. ഞാന്‍ നിങ്ങള്‍ക്കുതരുന്ന അനുഗ്രഹവും ഇതു തന്നെ എന്ന് യഹോവ അരുളിച്ചെയ്യുന്നു (യെശ യ്യാവ് 54:17 – ലിവിംഗ്).

ദൈവത്തിന്‍റെ നാമത്തില്‍ തങ്ങളെ തന്നെ വിളിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ അവര്‍ക്കു കാണിച്ചു കൊടുക്കേണ്ടതിന് തന്‍റെ ജനത്തെ പരീക്ഷിക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുന്നു. ഭോഷ്ക്കും വെറുപ്പും നിറഞ്ഞിരിക്കുന്ന ഒരു ലോകത്തില്‍, അന്ത്യംവരെ നാം സത്യത്തിലും സ്നേഹത്തിലും വസിക്കുമോ എന്ന് പരിശോധിക്കുവാന്‍ വേണ്ടി, ശോധന നിറഞ്ഞ അനേകം സാഹചര്യങ്ങള്‍ നേരിടുവാന്‍ കര്‍ത്താവ് നമ്മെ അനുവദിക്കും.

കാണ്മാന്‍ കണ്ണുളളവര്‍ അങ്ങനെ ദൈവഭക്തര്‍ ആരെന്നും അല്ലാത്തവര്‍ ആരെന്നും, നന്മയാല്‍ പ്രേരിപ്പിക്കപ്പെടുന്നവര്‍ ആരെന്നും അസൂയയാലും വിദ്വേഷത്താലും പ്രേരിപ്പിക്കപ്പെടുന്നവര്‍ ആരെന്നും വിവേചിച്ചറിയുവാന്‍ കഴിവുളളവരാകും. എന്നാല്‍ ചിലര്‍ അവസാനം വരെ അന്ധന്മാരായി വിവേചനമില്ലാതെ (പരീശന്മാരെപോലെ) നിലനില്ക്കും. തീയില്‍ സ്വര്‍ണ്ണം കൂടുതല്‍ ശുദ്ധിയുളളതാകും എന്നാല്‍ വയ്ക്കോല്‍ ചാരമായിതീരും