സാക് പുന്നൻ
യേശു യഹോവയായ കർത്താവിൻ്റെ ഒരു ഭൃത്യൻ (ദാസൻ) ആയിരുന്നു. “ഒരു ഭൃത്യനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം യജമാനൻ അവനോടു ചെയ്യാൻ പറയുന്നതു ചെയ്യുന്നതാണ്” (1 കൊരി 4:2- റ്റിഎൽബി ). അവിടുന്ന് തൻ്റെ പിതാവിനെ ശ്രദ്ധിച്ചു കേട്ടുകൊണ്ട് അവിടുത്തെ ജീവിതം ചെലവഴിച്ചു, അങ്ങനെ, ക്ഷീണിച്ചു പോകാതെ, നിരാശാജനകമായ ‘തിരക്ക്’ ഇല്ലാതെ തൻ്റെ പിതാവിൻ്റെ സകലഹിതവും പൂർത്തീകരിച്ചു. അവിടുന്ന് തൻ്റെ സ്വന്തം മാനുഷിക താല്പര്യങ്ങളെ മരണത്തിന് ഏൽപ്പിച്ചു. അവിടുന്ന് ദേഹീപരനായിരുന്നില്ല അവിടുന്ന് ആത്മീയനായിരുന്നു.
യേശു തൻ്റെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഉയർന്ന മുൻഗണന നൽകി. അവിടുന്ന് കൂടെക്കൂടെ നിർജ്ജനപ്രദേശത്തേക്കു മാറിപ്പോയി പ്രാർത്ഥിക്കുമായിരുന്നു (ലൂക്കൊ. 5:16). പന്ത്രണ്ടു ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിൽ പിതാവിൻ്റെ ഹിതം അറിയേണ്ടതിന് അവിടുന്ന് ഒരിക്കൽ ഒരു രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിച്ചു (ലൂക്കൊ. 6:12, 13). ദൈവത്തിനായി കാത്തിരിക്കുന്നതിനുവേണ്ടി ചെലവഴിച്ച സമയം, പാഴാക്കി കളഞ്ഞ സമയമായി, ദേഹീപരനായ ക്രിസ്ത്യാനി കണക്കാക്കുകയും, തൻ്റെ മനസ്സാക്ഷിക്ക് ആശ്വാസം വരുത്താനായി മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രാർഥന തൻ്റെ ജീവിതത്തിൻ്റെ ഒരു അടിയന്തര ആവശ്യമല്ല, കാരണം അയാൾ അവനെ കുറിച്ച് തന്നെ ആത്മധൈര്യമുള്ളവനാണ്. ആത്മീക മനുഷ്യൻ, ഓരോ കാര്യത്തിനും ഏതു വിധേനയും സ്ഥിരമായി ദൈവത്തിൽ ആശ്രയിക്കുന്നവനാണ്, അങ്ങനെ ശരിക്കുള്ള ആവശ്യ ബോധത്താൽ, പ്രാർത്ഥനയിലേക്കു ശക്തിപൂർവ്വം മുന്നോട്ടു കൊണ്ടുപോകപ്പെടുന്നു.
യേശു പറഞ്ഞത് ആവശ്യമായ ഒരേ ഒരു കാര്യം അവിടുത്തെ വചനം കേൾക്കുന്നതാണ് എന്നാണ് (ലൂക്കൊ. 10:42). ബേഥാന്യയിലെ മറിയ ഇതിന് ഒരു ഉദാഹരണമാണ്, മറുവശത്ത് മാർത്ത, നിസ്വാർത്ഥ സേവനത്തിൽ തിരക്കുള്ളവൾ ആയിരുന്നെങ്കിലും അവൾ അസ്വസ്ഥയും മറിയയെ വിമർശിക്കുന്നവളുമായിരുന്നു. ആ രണ്ടു സഹോദരിമാരിൽ, ആത്മീയ പ്രവർത്തനവും ദേഹീമയ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം നാം കാണുന്നു. കർത്താവിനെയും അവിടുത്തെ ശിഷ്യന്മാരെയും ശുശ്രൂഷിക്കുന്നതിൽ മാർത്ത ഒരു പാപവും ചെയ്യുകയായിരുന്നില്ല. എന്നിട്ടും അവൾ അസ്വസ്ഥയും മറിയയെ വിമർശിക്കുന്നവളും ആയിരുന്നു. ദേഹീപരമായ ഒരു ശുശ്രൂഷയുടെ വ്യക്തമായ ഒരു ചിത്രമാണിത്. ദേഹീപരനായ ക്രിസ്ത്യാനി അസ്വസ്ഥനും പെട്ടെന്ന് കോപിക്കുന്നവനുമാണ്. അവൻ” സ്വന്തപ്രവൃത്തികളിൽ” നിന്നു നിവൃത്തൻ ആയിട്ടില്ല, ദൈവത്തിൻ്റെ സ്വസ്ഥതയിൽ പ്രവേശിച്ചിട്ടുമില്ല (എബ്രാ. 4:10). അയാളുടെ ഉദ്ദേശങ്ങൾ നല്ലതാണ്, എന്നാൽ രക്ഷിക്കപ്പെട്ടതിനു ശേഷമായാൽ പോലും തൻ്റെ സ്വന്തം പ്രവൃത്തികൾ, അവ എത്രമാത്രം നല്ലതായാലും, അപ്പോഴും അവ ദൈവത്തിൻ്റെ കണ്ണുകളിൽ “കറപുരണ്ട തുണി” ആണെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നില്ല (യെശ. 64:6).
അമാലേക്യരുടെ നല്ല ആടുകൾ (ജഡം) ചീത്ത ആടുകളെപ്പോലെ തന്നെ ദൈവത്തിന് അസ്വീകാര്യമാണ് (1ശമു. 15:3,9-19). എന്നാൽ മാനുഷിക യുക്തിക്ക് ഇതു മനസ്സിലാക്കാൻ കഴിയുകയില്ല. നല്ല ആടുകളെ ദൈവത്തിനു നൽകാൻ കഴിയുമ്പോൾ, അവയെ എറിഞ്ഞു കളയുന്നത് ഭോഷത്തമായി കാണപ്പെടുന്നു. എന്നാൽ ദൈവം ആവശ്യപ്പെടുന്നത് അനുസരണമാണ്. യാഗം അല്ല. “അനുസരിക്കുന്നത് യാഗത്തേക്കാൾ നല്ലതാണ്”( 1 ശമൂ.15 :22). എന്നാൽ ദൈവത്തിനു പറയാനുള്ളത് നാം കേൾക്കുന്നില്ലെങ്കിൽ നമുക്ക് എങ്ങനെ അനുസരിക്കാൻ കഴിയും? കേൾവി അനുസരണത്തിനുമുമ്പേ വരണം. അതുകൊണ്ടാണ് ആവശ്യമുള്ള ഒരേയൊരു കാര്യം അവിടുത്തെ ശബ്ദം കേൾക്കുക എന്നതാണെന്നു യേശു പറഞ്ഞത്. മറ്റുള്ള ഓരോ കാര്യവും അതിനെ ആശ്രയിച്ചായിരുന്നു.
മാർത്തയെപ്പോലെ ശുശ്രൂഷ ചെയ്യുന്നവർ, എത്രമാത്രം പരമാർഥതയുള്ളവരായാലും, യഥാർത്ഥമായി അവരെ തന്നെയാണ് ശുശ്രൂഷിക്കുന്നത്. അവർ ദൈവത്തിൻ്റെ വേലക്കാർ എന്നു വിളിക്കപ്പെടാൻ കഴിയുകയില്ല, കാരണം, ശുശ്രൂഷിക്കുന്നതിനു മുമ്പ്, തൻ്റെ യജമാനൻ തന്നോടു ചെയ്യാൻ പറയുന്നത് എന്താണെന്നു കേൾക്കാൻ ഒരു വേലക്കാരൻ കാത്തിരിക്കുന്നു.
നാം സ്വയം പര്യാപ്തത ഒഴിച്ചു കളയപ്പെട്ടവരാണെങ്കിൽ, ശലോമോൻ പ്രാർത്ഥിച്ചതുപോലെ നാം പ്രാർത്ഥിക്കും,” ഓ, ദൈവമായ കർത്താവേ, നന്മയും തിന്മയും തമ്മിൽ തിരിച്ചറിയേണ്ടതിനു ശ്രദ്ധിച്ചു കേൾക്കുന്ന ഒരു ഹൃദയം അവിടുത്തെ ദാസനു നൽകേണമേ”(1 രാജാ. 3:7-9 മാർജിൻ). നന്മ എന്താണെന്നും (ഏറ്റവും ഉത്തമമായ നന്മ), തിന്മ എന്താണെന്നും – തൻ്റെ പിതാവിൻ്റെ ഹിതമെന്നും അല്ലാത്തത് എന്താണെന്നും തമ്മിൽ വിവേചിച്ചറിയേണ്ടതിന്, തൻ്റെ പിതാവിനെ കേൾക്കേണ്ടതുണ്ട് എന്നു യേശുവിനറിയാമായിരുന്നു.
യെരൂശലേമിൽ സുന്ദരം എന്ന ദേവാലയ ഗോപുരത്തിങ്കൽ, ഭിക്ഷ യാചിച്ചു കൊണ്ട് ഇരുന്നിരുന്ന മുടന്തനായ ഒരാളെ യേശു മിക്കപ്പോഴും കണ്ടു. എന്നാൽ അവിടുന്ന് അയാളെ സൗഖ്യമാക്കിയില്ല, കാരണം അങ്ങനെ ചെയ്യേണ്ടതിന് അവിടുത്തേക്ക് പിതാവിൽ നിന്നൊരു മാർഗ്ഗനിർദ്ദേശമില്ലായിരുന്നു. പിന്നീട്, അവിടുന്ന് സ്വർഗ്ഗാരോഹണം ചെയ്തതിനുശേഷം, പത്രൊസും യോഹന്നാനും, ആ മനുഷ്യനെ സൗഖ്യമാക്കി – പിതാവിൻ്റെ കൃത്യമായ സമയത്ത് – എന്നു തന്നെയുമല്ല അതിൻ്റെ ഫലമായി അനേകം ആളുകൾ കർത്താവിലേക്കു തിരിയുന്നതിന് ഇടയായി (അപ്പൊ.പ്ര.3 :1-4;4). അതായിരുന്നു ആ മനുഷ്യനെ സൗഖ്യമാക്കാനുള്ള പിതാവിൻ്റെ സമയം, അതിനു മുമ്പായിരുന്നില്ല. യേശു ആ മനുഷ്യനെ അതിനു മുമ്പേ സൗഖ്യമാക്കിയിരുന്നെങ്കിൽ, താൻ പിതാവിൻ്റെ ഹിതത്തെ തടസ്സപ്പെടുത്തുമായിരുന്നു. പിതാവിൻ്റെ സമയം കൃത്യമാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു, അതുകൊണ്ട് ഏതു കാര്യം ചെയ്യുന്നതിനും അവിടുന്ന് ക്ഷമ യില്ലാത്തവനായിരുന്നില്ല.
യേശുവിൻ്റെ ജീവിതം പൂർണ്ണമായ സ്വസ്ഥതയുടെ ഒരു ജീവിതമായിരുന്നു. ഓരോ ദിവസവും 24 മണിക്കൂറുകൾ ഉള്ളതിൽ തൻ്റെ പിതാവിൻ്റെ സകല ഇഷ്ടങ്ങളും ചെയ്യുവാൻ അവിടുത്തേക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നാൽ തനിക്കു നല്ലതെന്ന് കാണപ്പെട്ടതെല്ലാം ചെയ്യുവാൻ അവിടുന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നെങ്കിൽ,ഒരു ദിവസം 24 മണിക്കൂർ കൊണ്ട് തികയുമായിരുന്നില്ല അതുകൊണ്ട് മിക്ക ദിവസങ്ങളിലും താൻ അസ്വസ്ഥതയിൽ അവസാനിക്കുമായിരുന്നു.
തനിക്കുണ്ടായ ഓരോ തടസ്സത്തിലും സന്തോഷിക്കുവാൻ യേശുവിനു കഴിഞ്ഞു, കാരണം സ്വർഗ്ഗത്തിലുള്ള പരമാധികാരിയായ ഒരു പിതാവാണ് തൻ്റെ ദൈനം ദിന പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന വസ്തുത അവിടുന്ന് അംഗീകരിച്ചു. അതുകൊണ്ട് തടസ്സങ്ങളാൽ ഒരിക്കലും അവിടുന്ന് അസഹ്യപ്പെട്ടില്ല. യേശുവിൻ്റെ ജീവൻ നമ്മുടെ ആന്തരിക ജീവനിലും, പൂർണ്ണമായ സ്വസ്ഥത കൊണ്ടുവരും. ഇതിൻ്റെ അർത്ഥം നാം ഒന്നും ചെയ്യുകയില്ല എന്നല്ല, എന്നാൽ നമ്മുടെ ജീവിതങ്ങൾക്കു വേണ്ടി പിതാവിൻ്റെ ഹിതത്തിലുള്ള കാര്യങ്ങൾ മാത്രമേ നാം ചെയ്യുകയുള്ളൂ. അപ്പോൾ നമ്മുടെ തന്നെ മുൻനിർണ്ണയപ്രകാരമുള്ള പരിപാടികൾ ചെയ്യുന്നതിനേക്കാൾ പിതാവിൻ്റെ ഹിതം നിറവേറ്റുന്നതിൽ നാം കൂടുതൽ ആകാംക്ഷയുള്ളവരായിരിക്കും.
ദേഹീപരരായ ക്രിസ്ത്യാനികൾ കൂടെക്കൂടെ കോപിഷ്ഠരും അസ്വസ്ഥരുമാകത്തക്കവിധം “അവരുടെ സ്വന്തം കാര്യങ്ങൾ” ചെയ്യുവാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ചിലർ ഒടുവിൽ നാഡീസംബന്ധമായോ ശാരീരികമായോ ഉള്ള ഒരു സ്തംഭനത്തിൽ അവസാനിക്കുന്നു.
യേശുവിന് ഒരു നാഡീസ്തംഭനം ഉണ്ടാകുക എന്നത് അസംഭവ്യമായിരുന്നു, കാരണം അവിടുന്ന് തൻ്റെ ആന്തരിക മനുഷ്യനിൽ പരിപൂർണ്ണ സ്വസ്ഥതയിലായിരുന്നു. അവിടുന്ന് നമ്മോട് ഇപ്രകാരം പറയുന്നു, “ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ, എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും“( മത്താ. 11 :29 ).
ദൈവത്തിൻ്റെ ആത്മാവ് ദൈവവചനത്തിൽ നമുക്കു കാണിച്ചു തരുന്നതു നമ്മിലേക്കു പകർന്നു തന്നിട്ട് നമ്മിലൂടെ വെളിപ്പെടുത്തുവാൻ അവിടുന്ന് ആഗ്രഹിക്കുന്നതുമായ യേശുവിൻ്റെ മഹത്വം ഇതാണ്.
കർത്താവ് നമ്മുടെ ഇടയനാണ് അവിടുന്ന് തൻ്റെ ആടുകളെ സ്വസ്ഥതയുള്ള പുൽത്തടിയിലേക്കു നയിക്കുന്നു. ആടുകൾ അവരുടെ സ്വന്തം പരിപാടി ആസൂത്രണം ചെയ്യുകയോ, അടുത്തതായി ഏതു പുൽത്തകിടിയിലേക്കാണ് പോകേണ്ടതെന്നും തീരുമാനിക്കുകയോ ചെയ്യുന്നില്ല. അവർ തങ്ങളുടെ ഇടയനെ അനുഗമിക്കുക മാത്രം ചെയ്യുന്നു. അതുപോലെ ഇടയനെ അനുഗമിക്കണമെങ്കിൽ, ഒരുവൻ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും ഒഴിച്ചു കളയേണ്ട ആവശ്യമുണ്ട്. യേശു സൗമ്യതയോടെ തൻ്റെ പിതാവിനെ അനുഗമിച്ചു. എന്നാൽ ദേഹീപരരായ ക്രിസ്ത്യാനികൾക്ക് ആടുകളാകാൻ ആഗ്രഹമില്ല, അതുകൊണ്ടുതന്നെ അവരുടെ ധാരണാ ശക്തിയാൽ വഴി പിഴപ്പിക്കപ്പെടുന്നു. നമ്മുടെ ബുദ്ധി ഒരു വിശിഷ്ടവും ഏറ്റവും പ്രയോജനകരവുമായ ദൈവത്തിൻ്റെ വരമാണ്, എന്നാൽ അതിനെ നമ്മുടെ ജീവിതത്തിലെ കർതൃത്വത്തിൻ്റെ സ്ഥാനത്തേക്ക് ഉയർത്തിയാൽ എല്ലാ വരങ്ങളിലും ഏറ്റവും അപകടകരമായ ഒന്നായി തീരാൻ കഴിയും.
കർത്താവ് തൻ്റെ ശിഷ്യന്മാരെ ഇപ്രകാരം പ്രാർത്ഥിക്കാൻ പഠിപ്പിച്ചു, “പിതാവേ,അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും നിവർത്തിക്കപ്പെടണമേ” ദൈവഹിതം സ്വർഗ്ഗത്തിൽ എങ്ങനെയാണ് ചെയ്യപ്പെടുന്നത്? ദൂതന്മാർ ചുറ്റും ഓടി നടന്ന് ദൈവത്തിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ല. അവർ അതു ചെയ്താൽ സ്വർഗ്ഗത്തിൽ ചിന്താക്കുഴപ്പം ഉണ്ടാകും. അവർ എന്താണു ചെയ്യുന്നത്? അവർ ദൈവം കല്പിക്കുന്നത് എന്താണെന്നു കേൾക്കുവാൻ ദൈവത്തിൻ്റെ സന്നിധിയിൽ കാത്തു നിൽക്കുന്നു, അതിനുശേഷം വ്യക്തിപരമായി ഓരോരുത്തരോടും ചെയ്യാൻ പറയുന്നത് അവർ കൃത്യമായി ചെയ്യുന്നു. സെഖര്യാവിനോട് ഗബ്രീയേൽ ദൂതൻ പറഞ്ഞ വാക്കുകൾ കേൾക്കുക, “ഞാൻ ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രീയേൽ ആകുന്നു, നിന്നോടു സംസാരിക്കാനും ഈ സദ്വർത്തമാനം അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു” (ലൂക്കൊ. 1 : 19). ഈ സ്ഥാനമാണ് യേശുവും എടുത്തത് – തൻ്റെ പിതാവിൻ്റെ സന്നിധിയിൽ കാത്തുനിന്ന്, അവിടുത്തെ ശബ്ദം കേട്ട്, അവിടുത്തെ ഇഷ്ടം ചെയ്യുന്നത്.
ദേഹീപരരായ ക്രിസ്ത്യാനികൾ കഠിനമായി അധ്വാനിക്കുകയും വളരെ ത്യാഗം ചെയ്യുകയും ചെയ്തിരിക്കാം എന്നാൽ “അവർ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും പിടിച്ചില്ല” എന്നു നിത്യതയുടെ തെളിഞ്ഞ വെളിച്ചം വെളിപ്പെടുത്തും. എന്നാൽ നാൾതോറും തങ്ങളുടെ ക്രൂശ് എടുത്ത് (തങ്ങളുടെ ദേഹീ -ജീവനെ നിഷേധിച്ച് അതിനെ മരണത്തിന് ഏൽപ്പിച്ച്) കർത്താവിനെ അനുസരിച്ചവർക്ക് ആ നാളിൽ വല നിറച്ച് മീൻ ഉണ്ടായിരിക്കും.
“ഞാൻ അവനുവേണ്ടി ആലോചിച്ച പ്രവൃത്തിയിൽ നിന്നു തന്നെത്താൻ ശ്രദ്ധ വ്യതിചലിപ്പിച്ചവൻ, ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല” എന്ന് യേശു പറഞ്ഞു (ലൂക്കൊ .9:62-റ്റിഎൽബി) “കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കുവിൻ”(കൊലൊ. 4 :17).
“സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് നട്ടിട്ടില്ലാത്ത തൈയൊക്കെയും വേരോടെ പറിഞ്ഞു പോകും” (മത്താ. 15:13).
തൈ നല്ലതാണോ എന്നതല്ല ചോദ്യം, എന്നാൽ ആർ നട്ടു എന്നതാണ്. ഏതു കാര്യത്തിന്റെയും നിയമപ്രകാരമുള്ള ഉത്ഭവകർത്താവ് ദൈവം മാത്രമാണ്. വേദപുസ്തകം തുടങ്ങുന്നത് “ആദിയിൽ ദൈവം” എന്ന വാക്കുകളോടെയാണ്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും അത് അങ്ങനെ തന്നെ ആയിരിക്കണം: അവ ദൈവത്തിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നതായിരിക്കണം, നമ്മുടെ മനസ്സുകളിൽ നിന്നല്ല, അവ എന്നേക്കും നിലനിൽക്കണമെങ്കിൽ. ദൈവേഷ്‌ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും (1 യോഹ. 2:17) ബാക്കിയുള്ളതെല്ലാം നശിച്ചുപോകും. അതുകൊണ്ട് നമുക്കു നമ്മോടു തന്നെ ഈ ചോദ്യം ചോദിക്കാം, ഞാൻ ജീവിക്കുന്നതും അധ്വാനിക്കുന്നതും ദൈവഹിതത്തിലാണോ?
















