സാക് പുന്നൻ
ഞങ്ങളുടെ സി എഫ് സി സഭകളിൽ, നിങ്ങൾ മരിക്കുമ്പോൾ എങ്ങനെ സ്വർഗ്ഗത്തിൽ പോകാമെന്നതിനെക്കുറിച്ചല്ല പ്രസംഗിക്കുന്നത്. യേശു നമ്മോടു പറഞ്ഞത് നിങ്ങൾ പുറപ്പെട്ട് സകല ജാതികളിൽ നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുക – എന്നിട്ട് അവിടുന്ന് കൽപ്പിച്ചിട്ടുള്ളതെല്ലാം അവരെ പഠിപ്പിക്കുവാനാണ് – അല്ലാതെ എങ്ങനെ നരകത്തിൽ നിന്നും രക്ഷപ്പെട്ട് സ്വർഗ്ഗത്തിൽ പോകുന്നതിനെ പറ്റി അല്ല!! എന്നാൽ, നിർഭാഗ്യവശാൽ, ഇന്നത്തെ സുവിശേഷ പ്രസംഗങ്ങളിൽ അധികവും പ്രാധാന്യം നൽകുന്നത് നിങ്ങൾ മരിക്കുമ്പോൾ എങ്ങനെ സ്വർഗ്ഗത്തിൽ പോകാം എന്നതിനാണ്. ഞാൻ ആ സുവിശേഷം പ്രസംഗിക്കാറില്ല കാരണം ആളുകളെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നതിൽ ഞാൻ താല്പര്യപ്പെടുന്നില്ല. അതു ദൈവത്തിൻ്റെ കാര്യമാണ്. ഞാൻ പരിശ്രമിക്കുന്നത് യേശുക്രിസ്തുവിനു വേണ്ടി ഈ ഭൂമിയിൽ ശിഷ്യന്മാരെ ഉണ്ടാക്കിയിട്ട് അതിനുശേഷം യേശു കൽപ്പിച്ചിരിക്കുന്നതെല്ലാം അനുസരിക്കേണ്ടതിന് അവരെ പഠിപ്പിക്കുവാനാണ്. മത്തായി 28:18-20 വരെയുള്ള വാക്യങ്ങളിൽ കർത്താവ് വളരെ സ്പഷ്‌ടമായി നമുക്കു തന്ന ദൗത്യം അതാണ്. തന്നെയുമല്ല കഴിഞ്ഞ 50 വർഷങ്ങളായി ലോകത്തിൻ്റെ അനേകം ഭാഗങ്ങളിലുള്ള ഞങ്ങളുടെ സി എഫ് സി സഭകളിൽ ഞങ്ങൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
ഈ ഭൂമിയിൽ യേശുക്രിസ്തുവിന്റെ ശിഷ്യനായി ഇരിക്കുന്നത് എങ്ങനെ എന്നതും ഓരോ ദിവസവും അവിടുത്തെ എങ്ങനെ അനുഗമിക്കാമെന്നതുമാണ് എൻ്റെ സുവിശേഷം. ജീവനിലേക്കു നയിക്കുന്ന ഒരു ചെറിയ വാതിലും ഒരു ഇടുങ്ങിയ വഴിയും ഉണ്ട് എന്ന് യേശു പറഞ്ഞു (മത്തായി 7:14). നമ്മുടെ പാപങ്ങളെ കുറിച്ച് മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളിൽ വിശ്വസിച്ച് ആശ്രയിക്കുന്നതിലൂടെ നമുക്ക് ഇടുക്കു വാതിൽ കടക്കുവാൻ കഴിയും. അതിനുശേഷം ഓരോ ദിവസവും സ്വയത്തിനു മരിച്ച് നമ്മുടെ ക്രൂശെടുത്ത് നമ്മുടെ ജീവിതങ്ങളിൽ ക്രിസ്തുവിനെ ഒന്നാമതായി വച്ച് അവിടുത്തെ അനുഗമിക്കുന്നതിലൂടെ ആ ഞെരുക്കമുള്ള വഴിയിലൂടെ നടക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. മുകളിൽ പറഞ്ഞ വാക്യത്തിൽ യേശു പഠിപ്പിച്ച ജീവൻ്റെ മാർഗ്ഗവും ശിഷ്യത്വവും അതാണ് – ഞങ്ങളുടെ എല്ലാ സഭകളിലും ഞങ്ങൾ പഠിപ്പിക്കുന്ന നിത്യജീവന്റെ മാർഗ്ഗവും അതുതന്നെയാണ്.
ശിഷ്യത്വത്തെ കുറിച്ചുള്ള ബന്ധത്തിൽ ലൂക്കൊ.14 :26ൽ യേശു ഇപ്രകാരം പറഞ്ഞു,” എൻ്റെ അടുക്കൽ വരികയും, അപ്പനെയും, അമ്മയെയും, ഭാര്യയെയും, മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും, സ്വന്ത ജീവനെയും കൂടെ പകയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല”. യേശു ആ വാക്യത്തിൽ പറഞ്ഞതുപോലെ നിങ്ങളുടെ പ്രിയപ്പെട്ടവരെ വെറുക്കുന്നതിനെ കുറിച്ച് ആരെങ്കിലും പ്രസംഗിക്കുന്നത് നിങ്ങൾ എത്ര ഇടവിട്ട് കേട്ടിരിക്കുന്നു? യേശുക്രിസ്തുവിന്റെ ശിഷ്യനായിരിക്കുന്നതിനുള്ള ഒന്നാമത്തെ വ്യവസ്ഥ അതാണ്. കൂടാതെ യേശു നമ്മോടു കൽപ്പിച്ചത് എല്ലായിടത്തും ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് – രക്ഷിക്കപ്പെട്ടവരെയല്ല. അതുകൊണ്ട്, നാം ശിഷ്യന്മാരെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അവരെ മറ്റെന്തെങ്കിലും പഠിപ്പിക്കുന്നതിനു മുമ്പേ ശിഷ്യത്വത്തിന്റെ ഈ ഒന്നാമത്തെ വ്യവസ്ഥ അവരെ ആദ്യം പഠിപ്പിക്കണം.
ഒരു കുഞ്ഞ് ഒരു സ്കൂളിൽ ചേരുമ്പോൾ, അവനെ ആദ്യം പഠിപ്പിക്കുന്ന കാര്യം ഊർജ്ജതന്ത്രമോ രസതന്ത്രമോ അല്ല. അല്ല. ആദ്യം അവനെ പഠിപ്പിക്കുന്ന കാര്യം അക്ഷരമാലയാണ് – എ, ബി, സി. അതുപോലെ തന്നെ, നമ്മുടെ സഭയിൽ ചേരുന്നവരെ ഏറ്റവും ആദ്യം പഠിപ്പിക്കേണ്ടത് ശിഷ്യത്വത്തിന്റെ അക്ഷരമാലയാണ് – യേശുവിനെ ഏറ്റവും പരമമായി സ്നേഹിക്കുക. ആ വ്യവസ്ഥ പൂർത്തീകരിക്കാൻ ആഗ്രഹമില്ലാത്തവരോട് തുടക്കത്തിൽ തന്നെ പറയേണ്ടത്, അവർക്ക് യേശുക്രിസ്തുവിന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല എന്നാണ്. രണ്ടാം തരം ശിഷ്യന്മാർ എന്നൊന്നില്ല. ഒരുതരം ശിഷ്യന്മാരെ ഉള്ളൂ -“പിതാവിനെയും, മാതാവിനെയും, സഹോദരനെയും, സഹോദരിയെയും, ഭാര്യയെയും, മക്കളെയും, തങ്ങളുടെ സ്വന്ത ജീവനെയും വെറുക്കുന്നവർ”(ലൂക്കൊ. 14 :26).
ഈ ആഹ്വാനത്തെ തിരുവചനത്തിലുള്ള “നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്ക” എന്നും “ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിൻ്റെ ഭാര്യയെ സ്നേഹിക്കുക” കൂടാതെ നമ്മുടെ മക്കളെയും സഹോദരീ സഹോദരന്മാരെയും സ്നേഹിക്ക എന്നീ കൽപ്പനകളോടു നാം എങ്ങനെ പൊരുത്തപ്പെടുത്തും?
യേശു തൻ്റെ സന്ദേശങ്ങളിലുള്ള ഒരു വസ്തുത വ്യക്തമാക്കാൻ പലപ്പോഴും ഉദാഹരണങ്ങൾ ഉപയോഗിച്ചു. അതുകൊണ്ട്, എൻ്റെ കുടുംബാംഗങ്ങളെ സ്നേഹിക്കാനും വെറുക്കാനും പറയുന്ന പ്രകടമായി വിപരീതമായിട്ടുള്ള ഈ കൽപ്പനകൾ മനസ്സിലാക്കേണ്ടതിന് ചില ഉദാഹരണങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി ഞാൻ അന്വേഷിച്ചു! എനിക്ക് അതു വ്യക്തമാക്കി തന്ന ഉദാഹരണം ഇതാണ്; എൻ്റെ അപ്പനോടും അമ്മയോടും ഭാര്യയോടും മക്കളോടും സഹോദരീ സഹോദരന്മാരോടുമുള്ള എൻ്റെ സ്‌നേഹത്തെ ഞാൻ നക്ഷത്രങ്ങളോട് ഉപമിച്ചു – തിളക്കം ഉള്ളതും തെളിഞ്ഞതും ഇരുട്ട് ഒട്ടുമില്ലാത്തതും ആയ നക്ഷത്രങ്ങൾ – നമ്മുടെ കുടുംബാംഗങ്ങളോടു നമുക്കുണ്ടായിരിക്കേണ്ട സ്നേഹത്തിൻ്റെ ഒരു ചിത്രം. എന്നാൽ പ്രഭാതത്തിൽ, സൂര്യൻ ഉയർന്നു വരുമ്പോൾ, നക്ഷത്രങ്ങൾ അദൃശ്യമായിത്തീരുന്നു. അവ അപ്പോഴും അവിടെ ഉണ്ട്, എന്നാൽ നമുക്ക് അവയെ കാണാൻ കഴിയുന്നില്ല. അതുപോലെതന്നെ, ക്രിസ്തുവിനോടുള്ള സ്നേഹം സൂര്യൻ്റെ പ്രകാശം പോലെ ആയിരിക്കണം, ആ പ്രകാശത്തിൽ, എൻ്റെ കുടുംബാംഗങ്ങളോടുള്ള എൻ്റെ സ്നേഹം അപ്രസക്തമാകുന്നു. എൻ്റെ കുടുംബാംഗങ്ങളോടുള്ള എൻ്റെ സ്നേഹം അപ്പോഴും അവിടെയുണ്ട് (പ്രഭാതത്തിലും നക്ഷത്രങ്ങൾ അവിടെത്തന്നെ ഉള്ളതുപോലെ). എന്നാൽ മറ്റുള്ളവരെല്ലാം സ്നേഹിക്കപ്പെടുന്നത് ക്രിസ്തുവിനോടുള്ള എൻ്റെ സ്നേഹത്തിലൂടെ ആകത്തക്കവിധം ക്രിസ്തുവിനോടുള്ള എൻ്റെ സ്നേഹം അത്ര വലിയതാണ്. അത് അർത്ഥമാക്കുന്നത് എനിക്കും ക്രിസ്തുവിനും ഇടയിൽ വരുവാൻ എൻ്റെ ഭാര്യയേയോ മാതാപിതാക്കളെയോ അല്ലെങ്കിൽ എനിക്ക് അടുപ്പമുള്ള ആരെയും ഞാൻ ഒരിക്കലും അനുവദിക്കാത്ത വിധം അത്ര വലിയതാണ് ക്രിസ്തുവിനോടുള്ള എൻ്റെ സ്നേഹം. ഞാൻ ഇനിമുതൽ ഓരോരുത്തരെയും സ്നേഹിക്കുന്നത് ക്രിസ്തുവിനോടുള്ള എൻ്റെ പരമമായ സ്നേഹത്തിലൂടെ മാത്രമായിരിക്കും.
യേശു പറഞ്ഞു, “ഞാൻ എൻ്റെ സഭയെ പണിയും”. അവിടുത്തേക്കു മാത്രമേ അതു പണിയാൻ കഴിയൂ. നാം അവിടുത്തെ ശരീരത്തിൻ്റെ അവയവങ്ങളാണ് – ഒരാൾ ഒരു നാവു പോലെയാണ്, മറ്റൊരാൾ ഒരു കൈ പോലെയാണ്, അതേസമയം മറ്റൊരുവൻ ഒരു കാല് പോലെയാണ്. അത്രയും മുന്നിട്ടുനിൽക്കാത്ത ചില സഹോദരങ്ങൾ ശരീരത്തിൻ്റെ മറഞ്ഞിരിക്കുന്ന അവയവങ്ങൾ പോലെയാണ്. എന്നാൽ ക്രിസ്തുവാണ് തൻ്റെ ശരീരം പണിയുന്ന തല. ക്രിസ്തുവിനാൽ ഭരിക്കപ്പെടുവാനും, നിയന്ത്രിക്കപ്പെടുവാനും അവിടുത്തെ ശരീരത്തിൻ്റെ അവയവങ്ങളായി തന്നാൽ ഉപയോഗിക്കപ്പെടുവാനുമായി നമുക്കു നമ്മെ തന്നെ അവിടുത്തേക്കു സമർപ്പിക്കുവാൻ മാത്രമേ കഴിയൂ. കൈകൾക്കോ കാലുകൾക്കോ അവയുടെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്തു ചെയ്യണമെന്ന് തല കയ്യോടു പറയുന്നു അതുപോലെ എവിടെ പോകണമെന്നു തല കാലിനോടും പറയുന്നു. അപ്രകാരമാണ് നാം ക്രിസ്തുവിനു കീഴടങ്ങിയിരിക്കേണ്ടത്. അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ ശരീരം പ്രവർത്തിക്കുന്നതും പണിയപ്പെടുന്നതും ഞങ്ങൾ ഊന്നൽ കൊടുക്കാൻ അന്വേഷിക്കുന്നതും അതുതന്നെയാണ്.
എന്നാൽ ദൈവം ഒരുവനെ അല്പമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ക്രിസ്തുവിൻ്റെ ശരീരം ഒരു സ്ഥലത്തു പണിയപ്പെടുന്ന അത്ഭുതം അവൻ കാണാൻ തുടങ്ങുമ്പോൾ, ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം ആത്മീയ നിഗളമാണ്. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോൾ, നിഗളം മൂലയ്ക്കു ചുറ്റും പതുങ്ങിയിരിക്കുന്നു. ആ പ്രാദേശിക സഭയെ പണിയുന്നതു നമ്മളാണെന്നും അല്ലെങ്കിൽ നമ്മളാണ് ആളുകളെ ക്രിസ്തുവിലേക്കു കൊണ്ടുവരുന്നതെന്നും നാം ചിന്തിക്കാൻ തുടങ്ങുന്നു. ദൈവത്തിൻ്റെ ഒരു ദാസനോ ഒരു സഭയോ അഹങ്കരിക്കുമ്പോൾ, ദൈവം ആ വ്യക്തിയോടും ആ സഭയോടും എതിർത്തു നിൽക്കുന്നു.
നാം എല്ലാവരും ദൈവത്തെ ഭയപ്പെട്ട് നമ്മുടെ ജീവിതങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്താൻ നമുക്കു കഴിയേണ്ടതിനും ഈ അന്ത്യനാളുകളിൽ അവിടുത്തെ സഭ പണിയേണ്ടതിനും ഓരോ ദിവസവും പരിശുദ്ധാത്മാവിൻ്റെ ശക്തിക്കായി അന്വേഷിക്കാം.
ആമേൻ.
















