ഒരു യഥാർത്ഥ പ്രവാചകനും ദൈവത്തിൻ്റെ യഥാർത്ഥമായ ഒരു പ്രസ്ഥാനവും – WFTW 27 സെപ്റ്റംബർ 2026

ജോജി ടി സാമുവേൽ

(ഇത് 2015 ൽ ബാംഗ്ലൂർ വച്ചു നടന്ന സി എഫ് സി സഭകളുടെ അഖിലേന്ത്യാ കോൺഫറൻസിൽ കോട്ടയം സി എഫ് സിയിലെ മൂപ്പനായ ജോജി സാമുവേൽ നടത്തിയ സന്ദേശത്തിന്റെ സാരമാണ്).

 (ഈ സന്ദേശം സാവധാനത്തിലും ശ്രദ്ധയോടും കൂടി വായിക്കുക).

ക്രിസ്തു മടങ്ങിവരുന്നതു വരെ നമ്മുടെ സഭകളിൽ ദൈവത്തിൻ്റെ മഹത്വം നമുക്ക് എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും?

നമ്മുടെ നടുവിലുള്ള ദൈവത്തിൻ്റെ മഹത്വം കാത്തുസൂക്ഷിക്കുവാൻ നാം ആഗ്രഹിക്കുന്നു എന്നു പറയുമ്പോൾ, നാം കരുതുന്നത് ദൈവത്തിൻ്റെ മഹത്വം നേരത്തെ തന്നെ നമ്മുടെ നടുവിൽ ഉണ്ടെന്നാണ് – നിലവിൽ അതു നമുക്ക് എങ്ങനെ തീർച്ചപ്പെടുത്താൻ കഴിയും?

നമ്മെ പാപത്തിൽ നിന്നു സ്വതന്ത്രരാക്കി നമ്മുടെ മധ്യത്തിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്ന ചില മഹത്വകരമായ സത്യങ്ങൾ ഈ കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ നടുവിൽ നാം കേട്ടിരിക്കുന്നു. ദൈവം നമ്മോടു കൂടെയുണ്ടെന്നു നാം അറിയുന്ന ഒരു മാർഗ്ഗം അതാണ് – കാരണം യേശു പറഞ്ഞത് നാം പാപത്തിൽ നിന്നും സ്വതന്ത്രരാകുമ്പോൾ ദൈവത്തിൻ്റെ  സത്യം നമുക്കുണ്ട് എന്നു നമുക്ക് അറിയാൻ കഴിയും എന്നാണ് (യോഹ. 8:32). എന്നാൽ ഈ സ്വാതന്ത്ര്യത്തിൽ തുടർന്ന് മുന്നോട്ട് നീങ്ങാൻ എങ്ങനെ കഴിയും എന്നാണ് നാം ഇപ്പോൾ കാണേണ്ടത്.

തൻ്റെ ജീവിതത്തിൻ്റെ അവസാനത്തോട് അടുത്ത് പൗലൊസ് തിമൊഥെയൊസിന് എഴുതുമ്പോൾ ഇപ്രകാരം പറഞ്ഞുകൊണ്ട് അവനെ നിർബന്ധിച്ചു, “ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നു കൊൾക. നിന്നെ തന്നെയും ഉപദേശത്തെയും സൂക്ഷിച്ചു കൊൾക, ഇതിൽ ഉറച്ചുനിൽക്ക” (1തിമൊ.4:15,16). അതിനുശേഷം അദ്ദേഹം തിമൊഥെയൊസിനോടു പറയുന്നത്, ആ കാര്യങ്ങൾ ചെയ്യുന്നത് അവൻ തുടർന്നുകൊണ്ടിരുന്നാൽ, അവൻ തന്നെത്തന്നെയും അവൻ്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും എന്നാണ്. നാമും നമ്മെ ഈ കഴിഞ്ഞ വർഷങ്ങളിൽ സ്വതന്ത്രരാക്കിയ സത്യങ്ങളുടെ യാഥാർത്ഥ്യം അനുഭവിച്ചിരിക്കുന്നു, അതുതന്നെയല്ല നമ്മുടെ കൂടി വരവുകളിൽ നമ്മുടെ നടുവിൽ ദൈവസാന്നിധ്യവും നാം അനുഭവിച്ചിരിക്കുന്നു. ദൈവത്തിൻ്റെ മഹത്വം നമ്മുടെ മധ്യത്തിൽ ആയിരിക്കുന്നതിന്റെ മതിയായ ചില തെളിവുകളാണിവ.

ഞാനൊരു പെന്തക്കോസ്തു കുടുംബത്തിലാണ് ജനിച്ചത്, ഒരു പെന്തക്കോസ്തു സഭയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, ഞാൻ മനസ്സിലാക്കിയത് ഞാൻ പറഞ്ഞു കൊണ്ടിരുന്ന പല കാര്യങ്ങളും എൻ്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരു യാഥാർത്ഥ്യമായിരുന്നില്ല എന്നാണ്.  ഞാൻ പങ്കെടുത്ത ആ സഭയിലുള്ള മറ്റുള്ളവരുടെ ജീവിതങ്ങളിലും ആ യാഥാർത്ഥ്യം ഞാൻ കണ്ടില്ല – ആ സഭയുടെ പാസ്റ്റർമാരുടെയും നേതാക്കന്മാരുടെയും ജീവിതങ്ങളിൽ പോലും അതു കണ്ടില്ല. ആ സമയത്താണ്  “വിജയകരമായ ഒരു ജീവിതം എങ്ങനെ ജീവിക്കാം” എന്ന് തലക്കെട്ടുള്ള ഒരു പുസ്തകം ഞാൻ വായിച്ചത്. അതിൽ, ജയകരമായ ഒരു ജീവിതം ജീവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഞാൻ വായിച്ചു. അതുകൊണ്ട് അതിൻ്റെ ഗ്രന്ഥകർത്താവിനെ ബന്ധപ്പെടുന്ന കാര്യം ഞാൻ ചിന്തിച്ചു. എന്നാൽ  “ഒരു അറിയപ്പെടാത്ത ക്രിസ്ത്യാനി” എന്നാണ് ഗ്രന്ഥകർത്താവിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്. ആ പുസ്‌തകത്തിൽ നിന്നാണ് ജയകരമായ ജീവിതം ജീവിക്കുന്നതിന്റെ ആദ്യ പ്രതീക്ഷ എനിക്കു ലഭിച്ചത്. എന്നാൽ എൻ്റെ ചുറ്റുമുള്ള ആരിൽ നിന്നും ഇതിനു വേണ്ട സഹായം എനിക്കു ലഭിച്ചില്ല.

അപ്പോൾ സഹോദരൻ സാക് പുന്നനെ കൂടുതൽ അടുത്തറിയാൻ എനിക്ക് കഴിയുകയും, ഞാൻ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുകയും ചെയ്തു. ഞാൻ അദ്ദേഹത്തിൽ നിന്നു വിജയകരമായ ഒരു ജീവിതത്തെക്കുറിച്ച് കേൾക്കുക മാത്രമല്ല എന്നാൽ അദ്ദേഹത്തിന് ഒരു ക്രിസ്തു തുല്യമായ ജീവിതത്തിൻ്റെ മാതൃക ഞാൻ കാണുകയും ചെയ്തു. നമ്മുടെ മുന്നോടിയായി നമ്മുടെ ജഡത്തിൽ വരികയും നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടിട്ടും -അതിനെ ജയിച്ച യേശുവിനെ കുറിച്ച് അദ്ദേഹം പ്രസംഗിച്ചു. അതു ക്രിസ്തീയ ജീവിതത്തെക്കുറിച്ച് തികച്ചും പുതിയ ഒരു കാഴ്ചപ്പാട് എനിക്കു നൽകുകയും ഞാൻ ബ്രദർ സാക്കിൻ്റെ സഭയുമായി (ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച്) ചേർന്നു പോകാൻ തുടങ്ങുകയും ചെയ്തു. അതിനുശേഷം വളരെ പെട്ടെന്ന് യഥാർത്ഥമായ പരിശുദ്ധാത്മസ്‌നാനവും ഞാൻ അനുഭവിച്ചു.

20-ാം നൂറ്റാണ്ടിൻ്റെ  ആരംഭത്തിൽ പെന്തക്കോസ്തു പ്രസ്ഥാനം ദൈവത്തിൻ്റെ ഒരു  പ്രവൃത്തിയായി ആരംഭിച്ചു. മാർട്ടിൻ ലൂഥർ (16-ാം നൂറ്റാണ്ടിൽ) അനേക നൂറ്റാണ്ടുകളായി കുഴിച്ചുമൂടപ്പെട്ടിരുന്ന വിശ്വാസത്താലുള്ള നീതീകരണത്തിന്റെ സത്യം വീണ്ടെടുത്തത് എങ്ങനെയാണെന്നു നാം എല്ലാവരും കേട്ടിരിക്കുന്നു. പിന്നീട് അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനം ജലസ്നാനത്തിന്റെ സത്യം മുന്നോട്ടുകൊണ്ടുവന്നു. അതിനുശേഷം ഈ ലോകത്തിൽ നിന്നുള്ള വേർപാടിൽ ഒരു വിശുദ്ധ ജീവിതം നയിക്കുന്നത് എങ്ങനെയെന്ന സത്യവുമായി ജോൺ വെസ്ലി വന്നു. പിന്നീട് പെന്തക്കോസ്തു പ്രസ്ഥാനം വന്ന് ആദ്യ നൂറ്റാണ്ടിൽ അപ്പൊസ്‌തലന്മാരാൽ പ്രഘോഷിക്കപ്പെട്ടതുപോലെ, പരിശുദ്ധാത്മസ്‌നാനത്തെ സംബന്ധിക്കുന്ന സത്യം പുനസ്ഥാപിച്ചു.

എന്നാൽ നാം കൂടുതൽ ശ്രദ്ധിച്ചുനോക്കുമ്പോൾ, നാം കണ്ടെത്തുന്നത് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെ അവരുടെ നേതാക്കൾ അവിടുത്തെ പരിശുദ്ധാത്മാവിൻ്റെ വരങ്ങൾ അഭ്യസിക്കുന്നതിനോട് മാത്രം സമമാക്കി. ഒരു വിശുദ്ധ ജീവിതം നയിക്കുന്നതിനായി പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടുത്തുന്ന ഏതെങ്കിലും പെന്തക്കോസ്തു നേതാക്കന്മാരെ ഞാൻ കണ്ടില്ല. ആത്മ വരങ്ങളിൽ മാത്രമായിരുന്നു അവരുടെ ഊന്നൽ. അവർ പരിശുദ്ധാത്മ ശക്തിക്ക് വേണ്ടി അന്വേഷിച്ചെങ്കിലും, മിക്കവാറും അവരെല്ലാം അപ്പോഴും പണത്തിന്റെ പിന്നാലെ പായുന്നതും സ്ഥാനത്തിനും മാനത്തിനുമായി അന്വേഷിക്കുന്നതും ഞാൻ നിരീക്ഷിച്ചു. അവരാരും ജയാളികളായ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചില്ല. മറ്റുള്ളവരും ഈ വൈരുദ്ധ്യം നിരീക്ഷിച്ചു – എന്നാൽ ആരും അതിനാൽ അസ്വസ്ഥപ്പെട്ടില്ല.

ഒരു മനുഷ്യനെക്കുറിച്ച് ഞാൻ കേട്ട ഒരു കഥയെ കുറിച്ചാണ് ഇതെന്നെ ഓർപ്പിക്കുന്നത്. ഒരിക്കൽ ഒരു ബിസിനസ് എക്സിക്യൂട്ടീവ് ആയിരുന്ന ഒരു മനുഷ്യന് തൻ്റെ റിട്ടയർമെൻ്റിനു ശേഷം ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായി. അതിനുശേഷം അദ്ദേഹം  തൻ്റെ ഓഫീസിലെ പാർക്കിംഗ് സ്ഥലത്തേക്ക് നടന്നു ചെല്ലും, അപ്പോഴും താൻ തൻ്റെ കാർ ഡ്രൈവ് ചെയ്യുകയാണെന്ന് സങ്കൽപ്പിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അതുകൊണ്ട് തൻ്റെ ശരീരം കൊണ്ട് ഒരു കാർ ഓടിക്കുന്നതു പോലെയുള്ള എല്ലാ ചലനങ്ങളും ഉണ്ടാക്കും – ബ്രേക്ക് കൊടുത്ത് തന്റെ സാങ്കല്പികക്കാർ ഒരു തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യും. അതിനുശേഷം കാറിൻ്റെ ഡോർ തുറന്നു പുറത്തിറങ്ങിയിട്ട് “അതിൻ്റെ വാതിൽ അടയ്ക്കും” .എന്നിട്ട് സെക്യൂരിറ്റി കാരൻ്റെ അടുത്തു ചെന്ന്  “തൻ്റെ കാർ സൂക്ഷിച്ചോണം” എന്നു പറയും.അല്പസമയം കഴിഞ്ഞ് അയാൾ പാർക്കിംഗ് സ്ഥലത്തേക്ക് തിരിച്ചു വന്നിട്ട് കാറിനുള്ളിലേക്കു കയറുന്നത് പോലെ അഭിനയിച്ചിട്ട്, അതു പുറകോട്ടെടുത്ത് ഓടിച്ചു പോകും. ഇയാളുടെ പ്രവൃത്തി കണ്ട ചിലർ ഒരു ദിവസം ഈ സെക്യൂരിറ്റിക്കാരനോട് ആ മനുഷ്യൻ എന്താണീ ചെയ്യുന്നതെന്നു ചോദിച്ചു. അയാൾ അവരോട് പറഞ്ഞത് ഈ മനുഷ്യൻ ഒരു വലിയ എക്സിക്യൂട്ടീവ് ആയിരുന്നപ്പോൾ അയാളുടെ യഥാർത്ഥമായ കാറുമായി അവിടെ വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മാനസികമായി സമനില തെറ്റിപ്പോയിരിക്കുന്നു. “എന്നാൽ”, സെക്യൂരിറ്റിക്കാരൻ ഇപ്രകാരം പറഞ്ഞു “ഈ മനുഷ്യൻ ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അയാൾ കേവലം തൻ്റെ  സാങ്കല്പിക കാർ പാർക്കു ചെയ്തിട്ടു പോകുന്നു. അല്പസമയത്തിനുശേഷം തിരിച്ചുവന്ന്  അത് ഓടിച്ചു കൊണ്ടു പോകുന്നു! അതുകൊണ്ട് ഞാൻ അയാളെ തനിച്ചു വിടുന്നു”! അപ്പോൾ ആളുകൾ അയാളോട് എന്തുകൊണ്ടാണ് അയാളെ തിരുത്താത്തത് എന്നു ചോദിച്ചു. അതിനു  സെക്യൂരിറ്റിക്കാരൻ മറുപടി പറഞ്ഞത് ഇപ്രകാരമാണ്, “അയാൾ എനിക്ക് ഓരോ ആഴ്ചയും ക്രമമായി പാർക്കിംഗ് ഫീസ് തരുന്നു കൂടാതെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അയാളുടെ കാർ കഴുകുന്നതിന് 100 രൂപ അധികമായും  എനിക്ക് തരുമ്പോൾ ഞാൻ അയാളെ എന്തിനു തിരുത്തണം”!!

ഇന്ന് പല പെന്തക്കോസ്ത് സഭകളിലും സംഭവിക്കുന്നതിന്റെ ഒരു ചിത്രമാണിത്: തങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരാണെന്ന് അഭിനയിക്കുകയും വിവിധമായചലനങ്ങളും ശബ്ദങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. ഈ കോഷ്‌ടികളൊക്കെ നിരീക്ഷിക്കുന്ന അവരുടെ പാസ്റ്റർമാർ, ഇപ്രകാരം പറയുന്നു,  “ഞങ്ങൾ അവരെ എന്തിന് ശല്യപ്പെടുത്തണം? അവർ തങ്ങളുടെ ദശാംശം ഓരോ മാസവും തരുന്നുണ്ട് കൂടാതെ അവർ പതിവായി പാസ്റ്റർമാരായ ഞങ്ങൾക്ക് സമ്മാനങ്ങളും തരുന്നുണ്ട്. അതുകൊണ്ട് കലർപ്പില്ലാത്ത ആത്മനിറമുള്ള വിജയ ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഞങ്ങൾ അവരോട് എന്തിനു പറയണം?” തീർച്ചയായും ആ പാസ്റ്റർമാർക്കുതന്നെ ഒരു ജയകരമായ ജീവിതം ഇല്ല ! പല പെന്തക്കോസ്തു സഭകളിലും നടക്കുന്ന വഞ്ചനയാണിത്.

പല സഭകളിലും ഉള്ള ഈ ദാരുണമായ സാഹചര്യം മൂലമാണ്, ദൈവം നമ്മുടെ നടുവിലേക്ക് ഒരു മനുഷ്യനെ അയച്ചത് – ദൈവത്തിൻ്റെ സഭയിൽ യാഥാർത്ഥ്യത്തിനായുള്ള ഭാരവുമായി ഒരു മനുഷ്യനെ…

ലൂക്കൊ. 12:56ൽ യേശു പരീശന്മാരെ തങ്ങൾ ജീവിക്കുന്ന കാലത്തെ വിവേചിക്കാത്തതിനു ശാസിച്ചു. നാമും നാം ജീവിക്കുന്ന കാലത്തെ വിവേചിക്കേണ്ട ആവശ്യമുണ്ട് – അതുതന്നെയല്ല നാം തന്നെ എവിടെയാണ് നിൽക്കുന്നത് എന്നും കാണേണ്ട ആവശ്യമുണ്ട്. നാം കർത്താവിനോടൊപ്പം മുന്നോട്ടു നീങ്ങേണ്ട ആവശ്യമുണ്ട്. ഈ വർത്തമാനകാലത്തെ വിവേചിച്ച് ഈ സമയത്തിനു വേണ്ടിയുള്ള കർത്താവിൻ്റെ ഭാരത്തെ കൈക്കൊണ്ട് ആ ഭാരം എടുത്ത് അതുമായി മുന്നോട്ടുപോകുന്നവനാണ്, ഒരു യഥാർത്ഥ പ്രവാചകൻ.

കർത്താവിൽ നിന്ന് തങ്ങളുടെ കാലത്തിനു വേണ്ട ഭാരം സ്വീകരിച്ച ധാരാളം പ്രവാചകന്മാർ ബൈബിളിലുണ്ട്. സ്നാപക യോഹന്നാൻ ഒരു പ്രവാചകനും ദൈവത്താൽ അയക്കപ്പെട്ട ഒരു മനുഷ്യനുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ഒരു യഥാർത്ഥ പ്രവാചകന്റെ നിസ്തുല്യമായ ചില സ്വഭാവ സവിശേഷതകൾ നമുക്കു കാണാൻ കഴിയും.

ഏറ്റവും ഒന്നാമതായി, യോഹന്നാന് ഒരു സന്ദേശം മാത്രമാണുണ്ടായിരുന്നത്. അത് “മാനസാന്തരപ്പെടുക, മാനസാന്തരപ്പെടുക” – അദ്ദേഹം വളരെ വലിയ ഭാരത്തോടെ അത് പ്രഘോഷിച്ചു. യോഹന്നാന്റെ സന്ദേശം ഒരു സന്തുലിത സന്ദേശമായിരുന്നോ? ഒട്ടും തന്നെയല്ല. അദ്ദേഹത്തിന് ഒരേയൊരു സന്ദേശമേ ഉണ്ടായിരുന്നുള്ളൂ: മാനസാന്തരപ്പെടുക.

ഓരോ യഥാർത്ഥ പ്രവാചകനും ദൈവത്താൽ നൽകപ്പെട്ട ഒരു ഭാരം ഉണ്ടായിരിക്കും – അതുകൊണ്ട് അദ്ദേഹത്തിൻ്റെ സന്ദേശം ഒരിക്കലും സന്തുലിതമായിരിക്കുകയില്ല. സ്നാപകയോഹന്നാന്റെ നാളുകളിൽ സന്തുലിതമായ സന്ദേശങ്ങൾ ജനത്തിനു നൽകിയവർ ആരായിരുന്നു? അതു പരീശന്മാർ ആയിരുന്നു – തിരുവചനങ്ങൾ ആഴമായി പഠിച്ചിട്ടുള്ളവർ. അവർ തങ്ങളുടെ സിനഗോഗുകളിൽ ഒരു സന്തുലിതമായ സന്ദേശം പ്രസംഗിച്ചു, എന്നാൽ അവരെല്ലാം ആത്മീയമായി മരിച്ചവർ ആയിരുന്നു! ഈ സന്തുലിതമായ സന്ദേശം എന്നു വിളിക്കപ്പെട്ടിരുന്നത് കേട്ടുകൊണ്ട് ഇരുന്നവരും തുല്യമായി ചത്തവരായി നിലനിന്നു. എന്നാൽ ദൈവത്തിനായി ഒരു വിശപ്പ് ഉണ്ടായിരുന്ന ചുരുക്കം പേർ ദൈവത്തിൻ്റെ യഥാർത്ഥ പ്രവാചകനായ സ്നാപകയോഹന്നാന്റെ അസന്തുലിത സന്ദേശം കേൾക്കാൻ മരുഭൂമിയിലേക്ക് ഇറങ്ങി പുറപ്പെട്ടു. അങ്ങനെ അവർ ആത്മീയ നാശത്തിൽ നിന്നു രക്ഷിക്കപ്പെട്ടു.

യോഹന്നാനിൽ കാണുന്ന,  യഥാർത്ഥ പ്രവാചകൻ്റെ, മറ്റൊരു സവിശേഷത അദ്ദേഹത്തിൻ്റെ ശക്തമായ ഭാഷയാണ്. പല പ്രാസംഗികരും തങ്ങളുടെ സന്ദേശങ്ങൾ തുടങ്ങുന്നത് തങ്ങളുടെ ശ്രോതാക്കളെ ഏറ്റവും ആദ്യമായി ബഹുമാനത്തോടെ വന്ദനം ചെയ്തു കൊണ്ടാണ്. എന്നാൽ യോഹന്നാൻ തൻ്റെ സന്ദേശം തുടങ്ങുന്നത്  “സർപ്പ സന്തതികളെ” എന്നു പറഞ്ഞു കൊണ്ടാണ് ! അദ്ദേഹം പ്രസംഗിച്ചത് ആളുകളെ രസിപ്പിക്കാനായിരുന്നില്ല എന്നാൽ അവരെ തങ്ങളുടെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്താനായിരുന്നു.

ഒരു യഥാർത്ഥ പ്രവാചകന്റെ മൂന്നാമത്തെ സവിശേഷത അദ്ദേഹം ഒരിക്കലും ഒരു വിട്ടുവീഴ്ചക്കാരനായിരിക്കുകയില്ല. ഹെരോദാ രാജാവ് യോഹന്നാന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടപ്പെടുകയും അതിനെ വലിയ തോതിൽ അഭിനന്ദിക്കുകയും ചെയ്തു. ആളുകൾ നമ്മുടെ പ്രസംഗത്തെ അഭിനന്ദിക്കുമ്പോൾ അവരുടെ ആത്മീയ അവസ്ഥയെക്കുറിച്ച് അവരോടു പറയുവാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ യോഹന്നാന് അങ്ങനെയുള്ള പരിമിതികളൊന്നും തോന്നിയില്ല. അദ്ദേഹം ഹെരോദാവിനെ മുഖത്തുനോക്കി തൻ്റെ സഹോദരൻ്റെ ഭാര്യയെ വിവാഹം കഴിക്കയാൽ ഒരു വ്യഭിചാരി ആണെന്ന് അയാളോടു പറഞ്ഞു. യോഹന്നാൻ ഒരു വിട്ടുവീഴ്ചക്കാരനോ അല്ലെങ്കിൽ മനുഷ്യനെ പ്രസാദിപ്പിക്കുന്നവനോ ആയിരുന്നില്ല. സത്യം സംസാരിച്ചതിന്റെ ഫലമായി അദ്ദേഹത്തിനു തൻ്റെ ജീവൻ നഷ്ടമായി. എന്നാൽ ദൈവം തനിക്കു നൽകിയിട്ടുള്ള സന്ദേശത്തോട് വിശ്വസ്തനായി നിലകൊണ്ടു – അവസാനം വരെ. അങ്ങനെയാണ് ഓരോ യഥാർത്ഥ പ്രവാചകനും.

ദൈവത്തിൻ്റെ സന്ദേശമുള്ള ഒരു യഥാർത്ഥ പ്രവാചകനാണ് യോഹന്നാൻ എന്ന് തിരിച്ചറിഞ്ഞ യിസ്രായേലിലെ ചുരുക്കം പേർ മരുഭൂമിയിൽ അദ്ദേഹത്തോടു ചേർന്നു.

നാം നമ്മുടെ സമയത്തെയും നാം ഒരു ഭാഗമായിരിക്കുന്ന പ്രസ്ഥാനത്തെയും (സിഎഫ് സി  – ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച്) നോക്കിയാൽ, യോഹന്നാൻ സ്നാപകൻ്റെ ശുശ്രൂഷയിൽ കണ്ട പല സമാനതകളും നമുക്കു കാണാൻ കഴിയും.

ഏറ്റവും ഒന്നാമതായി, യോഹന്നാനെ പോലെ, നാമും  ഒരു സന്ദേശം മാത്രം പ്രസംഗിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ ക്രിസ്തുവിൻ്റെ സ്വരൂപത്തോട് അനുരൂപരാകുക. നമ്മുടെ യോഗങ്ങളിലേക്ക് പുതിയ ആളുകൾ വരുമ്പോൾ, എന്തുകൊണ്ടാണ് എപ്പോഴും ഈ ഒരേ വിഷയത്തെക്കുറിച്ച് എല്ലാ ഞായറാഴ്ചയും പ്രസംഗിക്കുന്നത് എന്ന് അവരിൽ ചിലർ ചോദിക്കാറുണ്ട്. ഞങ്ങൾ സന്തുലിതമായ ഒരു സന്ദേശമല്ല പ്രസംഗിക്കുന്നതെന്ന് അവർ ഞങ്ങളോടു പറയുന്നു. എന്നാൽ ഈ നാളുകളിൽ കർത്താവിൻ്റെ ഹൃദയത്തിൽ തൻ്റെ ജനത്തിനു വേണ്ടിയുള്ള ഭാരം അതാണ്. എന്നാൽ ഈ കാലത്തിനു വേണ്ടിയുള്ള കർത്താവൻ്റെ സന്ദേശം ഇതാണെന്നുതിരിച്ചറിയുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ട് – തൻ്റെ ജനത്തിനുവേണ്ടി കർത്താവിൻ്റെ ഇപ്പോഴത്തെ ഭാരം ഇതാണെന്ന്. തൻ്റെ പ്രവാചകനോടു കൂടെ ആയിരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു മരുഭൂമിയിലേക്കു പോകാൻ മനസ്സുള്ള എത്ര ക്രിസ്ത്യാനികൾ ഉണ്ട് ?

കുറേക്കൂടി പറഞ്ഞാൽ, യോഹന്നാന്റെതു പോലെ സിഎഫ്സിയിൽ നാം കേൾക്കുന്ന പ്രസംഗങ്ങൾ വളരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണ്. യോഹന്നാന്റെ കാലത്തുണ്ടായിരുന്ന ദൈവഭയമുള്ള മനുഷ്യർ ചെയ്തതുപോലെ, യേശുവിനോട് കൂടെ പാളയത്തിനു പുറത്തുപോയി തൻ്റെ നിന്ദ സഹിക്കാനായി കർത്താവും തൻ്റെ ജനത്തെ വിളിക്കുന്നു.

ഈ കാലത്ത് കർത്താവിനു തൻ്റെ ജനത്തിനു വേണ്ടിയുള്ള ഭാരം നിങ്ങൾ കണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ കർത്താവിനു വേണ്ടിയും – കർത്താവിനോടു കൂടെയും നിൽക്കുമോ? എന്നാൽ നിങ്ങൾക്ക് ഒരു വില കൊടുക്കേണ്ടതുണ്ട്.

പക്ഷികളുടെ ഒരു കൂട്ടം പറക്കുന്നതു നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? ഈ കൂട്ടത്തെ നയിച്ചുകൊണ്ട് മുമ്പിൽ ഒരു പക്ഷി ഉണ്ടായിരിക്കും – മറ്റെല്ലാ പക്ഷികളും ഒരു അസ്ത്രത്തിന്റെ (അമ്പിൻ്റെ) ആകൃതിയിൽ അതിൻ്റെ പിന്നിൽ അതിനെ അനുഗമിക്കുന്നു. മുമ്പിൽ ഉള്ള പക്ഷി പക്ഷിക്കൂട്ടത്തെ മുഴുവൻ നയിക്കുന്നു. ആ പക്ഷിക്കൂട്ടത്തിനു മുമ്പിൽ പലതടസ്സങ്ങൾ ഉണ്ടാകാം, വൈദ്യുത കമ്പികൾ, ടവറുകൾ, മറ്റു തടസ്സങ്ങൾ. നയിക്കുന്ന പക്ഷിയാണ് ഈ അപകടങ്ങളെ എല്ലാം ആദ്യം നേരിടുന്നത്. അവയെയെല്ലാം അതു ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നു. അതിനുശേഷം മറ്റു പക്ഷികൾ അതിൻ്റെ പിമ്പിൽ സുരക്ഷിതമായി അതിനെ അനുഗമിക്കുന്നു – അതുവഴി അവ സംരക്ഷിക്കപ്പെടുന്നു.

നമുക്കും അതുപോലെ – ദൈവത്തിൻ്റെ ഭാരം വഹിച്ചുകൊണ്ട് മാർഗ്ഗത്തിൽ ഉടനീളമുള്ള അപകടങ്ങളെ കൈകാര്യം ചെയ്തു നമ്മെ നയിക്കുന്ന ഒരു മനുഷ്യൻ്റെ കൂടെ ചേർന്നു നിൽക്കുന്നതും  അദ്ദേഹത്തിൻ്റെ മാതൃക പിന്തുടരുന്നതും നമുക്കൊരു വിശേഷ പദവിയാണ്.

വാച്ച്മാൻ നീ ഒരിക്കൽ പറഞ്ഞത്, “നമ്മുടെ സമയത്ത് ആത്മാവിൻ്റെ ഇപ്പോഴത്തെ തരംഗത്തിനൊപ്പം” നാം നീങ്ങണമെന്നാണ്. മാർട്ടിൻ ലൂഥറിന്റെ കാലത്ത്, നാം മാർട്ടിൻ ലൂഥറിൻ്റെ  കൂടെ നിൽക്കുന്നതു ശരിയായിരുന്നു. എന്നാൽ ഇപ്പോൾ നാം ജീവിക്കുന്നത് ജോൺ വെസ്ലിയുടെ കാലത്താണെങ്കിൽ, മാർട്ടിൻ ലൂഥർ നിന്ന കാര്യത്തിനുവേണ്ടി നിൽക്കുന്നവരാകരുത്. കാരണം ജോൺ വെസ്ലിയിലൂടെ ദൈവം തൻ്റെ കൂടുതൽ സത്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ആ ഉന്നതമായ സത്യങ്ങൾക്കുവേണ്ടി നാം ജോൺ വെസ്ലിയുടെ കൂടെ നിൽക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ആ സമയത്തെ “ആത്മാവിൻ്റെ തരംഗത്തി” നൊപ്പമായിരിക്കില്ല നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.

20-ാം നൂറ്റാണ്ടിൻ്റെ പ്രാരംഭ കാലത്ത്, പരിശുദ്ധാത്മാവ്, പരിശുദ്ധാത്മസ്‌നാനത്തിന് ഊന്നൽ കൊടുത്ത പെന്തക്കോസ്തു സ്ഥാനത്തിനോട് ചേർന്ന് നീങ്ങാൻ തുടങ്ങി. എന്നാൽ ഇന്നു കർത്താവിൻ്റെ ആത്മാവ് ദൈവ ജനത്തെ വീണ്ടും – ജയ ജീവിതത്തിലേക്കും പാപത്തെ ജയിക്കുന്നതിലേക്കും നയിക്കുന്നു. അതുകൊണ്ട് നാം പരിശുദ്ധാത്മാവിൻ്റെ ഇപ്പോഴത്തെ പ്രവാഹത്തിനൊപ്പം നീങ്ങുന്നവരായിരിക്കണം. പരിശുദ്ധാത്മാവിന്റെ ഈ പ്രവാഹത്തിനൊത്തു നീങ്ങാൻ തീരുമാനിക്കുന്നവർ ദൈവത്തിൻ്റെ പ്രവാചകനോട് കൂടെ നിൽക്കുകയും ജനപ്രീതിയുള്ള “മതപരമായ ക്രിസ്തീയ പാളയങ്ങൾക്കു” പുറത്തായിരിക്കുന്നതിനുള്ള നിന്ദ സഹിക്കാൻ മനസ്സുള്ളവരായിരിക്കുകയും ചെയ്യും.

കഴിഞ്ഞ തലമുറകളിൽ ദൈവം ഒരു പുതിയ വഴിയിൽ നീങ്ങിയപ്പോഴൊക്കെ, ഈ പുതിയ പ്രസ്ഥാനത്തെ ശക്തമായ വിമർശനങ്ങൾ കൊണ്ടു കൊല്ലാൻ ശ്രമിച്ചിട്ടുള്ള മറ്റു ക്രിസ്ത്യാനികളിൽ നിന്ന് എപ്പോഴും എതിർപ്പ് ഉണ്ടായിരുന്നു. ദൈവത്തിൻ്റെ നീക്കത്തെ ആളുകൾ കൊല്ലാൻ ശ്രമിച്ച ഏറ്റവും സാധാരണമായ രീതി അതിനെ “ദുരുപദേശം” എന്നു വിളിച്ചു കൊണ്ടാണ്. നിർഭാഗ്യവശാൽ മിക്ക ക്രിസ്ത്യാനികളും, കൊടിയ പാപങ്ങൾ ചെയ്യുന്നതിനേക്കാൾ ഭയപ്പെടുന്നത് വ്യാജ ഉപദേശത്തെയാണ്!! അതുകൊണ്ട് നമ്മുടെ കാലത്തെ ചില ബൈബിൾ കോളേജുകളിൽ “സിഎഫ് സി സഭകൾ ഒരു കൾട്ട് ഗ്രൂപ്പാണ് “!! എന്ന തലക്കെട്ടോടു കൂടിയ ഒരു വിഷയം അവരുടെ പാഠ്യപദ്ധതിയിൽ ഉണ്ടെന്നും നാം കേൾക്കുന്നെങ്കിൽ അത് അതിശയിപ്പിക്കുന്നതായിരിക്കരുത്.

കഴിഞ്ഞ വർഷങ്ങളിൽ, ഒരു യഥാർത്ഥ പ്രവാചകൻ ദൈവത്തിൻ്റെ പുതിയ പ്രസ്ഥാനം തുടങ്ങിക്കൊണ്ട് ക്രിസ്തീയ ഗോളത്തിൽ എഴുന്നേറ്റപ്പോഴൊക്കെ ആ പ്രസ്ഥാനം എപ്പോഴും ഒരു കൽട്ട് ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അതേ കാര്യം ഇന്നത്തേ ക്രിസ്തീയ ഗോളത്തിൽ സംഭവിക്കുന്നതു കാണുന്നത് ഒരു അതിശയമല്ല.

ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് ഏതാണ്ട് യോഹന്നാൻ അപ്പൊസ്‌തലൻ്റെ കാലത്തുള്ള –  AD 100ൽ  – ഒരു പുസ്തകം ഒരു കള്ള പ്രവാചകൻ്റെ  മൂന്നു ലക്ഷണങ്ങളെക്കുറിച്ച് പറയുന്നു (പുതിയ ഉടമ്പടി കാലങ്ങളിൽ).

ഒന്നാമതായി, അതു പറയുന്നത് ഒരു കള്ള പ്രവാചകൻ തൻ്റെ കേൾവിക്കാരിൽ നിന്നും തനിക്കുവേണ്ടി പണം ചോദിയ്ക്കും എന്നാണ്. 1 കൊരിന്ത്യരിലും 2 കൊരിന്ത്യരിലും സഭയിൽ പണം ശേഖരിക്കുന്നതിനെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോൾ, അതു മറ്റു സഭകളിലുള്ള ദരിദ്രരായ വിശ്വാസികൾക്കുവേണ്ടി ആയിരുന്നു – ഒരിക്കലും അദ്ദേഹത്തിനു വേണ്ടി ആയിരുന്നില്ല. പണത്തെയും ദൈവത്തെയും കൂടെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല എന്ന് കർത്താവായ യേശു വ്യക്തമാക്കി. ദൈവം അല്ലെങ്കിൽ പണം – ഈ രണ്ടിൽ ആരെയാണ് താൻ സേവിക്കുന്നതെന്ന് ഓരോ ക്രിസ്ത്യാനിയും തിരഞ്ഞെടുക്കേണ്ടതുണ്ട്. അയാൾ ഒന്നിനെ പൂർണ്ണഹൃദയത്തോടുകൂടി സേവിക്കുകയും മറ്റേതിനെ സേവിക്കുന്നത് പൂർണമായും അവസാനിപ്പിക്കുകയും വേണം.

നിരന്തരമായി ആളുകളോടു പണത്തിനുവേണ്ടി ചോദിക്കുന്ന ക്രിസ്തീയ പ്രഭാഷകരാൽ, ഇന്ത്യയിൽ ദൈവനാമം എത്രമാത്രം അപമാനിക്കപ്പെടുന്നു എന്നും നമുക്കെല്ലാം അറിയാം. സുവിശേഷം പ്രസംഗിക്കുന്നതിന്റെ പേരിൽ ഇന്ത്യയിലുള്ള അനേകം പ്രാസംഗികർ തങ്ങൾക്കുവേണ്ടിത്തന്നെ വലിയ തുകകൾ വാരി കൂട്ടിയിരിക്കുന്നു. അവർ ഒരു ഐഹിക ജോലിയിൽ ആയിരുന്നെങ്കിൽ സമ്പാദിക്കുന്നതിനേക്കാൾ വളരെയധികം ഇന്ന് അവർ സമ്പാദിക്കുന്നുണ്ട്. ഇതെല്ലാം വ്യക്തമായി തെളിയിക്കുന്നത് അത്തരം പ്രാസംഗികർ പ്രസംഗിക്കുന്ന സുവിശേഷത്തിന് എന്തോ സാരമായ തെറ്റുണ്ട് എന്നാണ്. അവർ പറയുന്നത് ഈ പ്രപഞ്ചത്തിന്റെ രാജാവിൻ്റെ പുത്രന്മാർ എന്ന നിലയിൽ അവർ ഭൗമിക രാജാക്കന്മാരെ പോലെ ജീവിക്കണമെന്നാണ്!! ഇന്ത്യയിൽ ക്രിസ്തുവിൻ്റെ സാക്ഷ്യത്തെ നശിപ്പിച്ചിരിക്കുന്ന ഒരു ദുർഗന്ധം പുറപ്പെടുവിച്ച ഒരു വഞ്ചനയാണത്.

ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ ലക്ഷണം ഒരു യഥാർത്ഥ പ്രവാചകൻ (പുതിയ ഉടമ്പടി കാലങ്ങളിൽ) എപ്പോഴും തന്റെ സന്ദേശം പ്രസംഗിച്ചുകൊണ്ട് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നവൻ ആയിരിക്കും എന്നാൽ ഒരു സ്ഥലത്ത് തന്നെ താമസിക്കുന്നവനല്ല. വ്യാജ പ്രവാചകൻ ഏതുവിധത്തിലും സൗകര്യപ്രദമായി ഒരു സ്ഥലത്തു തന്നെ താമസം ഉറപ്പിക്കും. ആളുകൾ ഒരിക്കൽ യേശുവിനെ അവരോടുകൂടെ താമസിക്കാൻ നിർബന്ധിച്ചപ്പോൾ, അവിടുന്ന് പറഞ്ഞത് അവിടുത്തേക്ക് ദൈവവചനം പ്രസംഗിക്കാൻ മറ്റു സ്ഥലങ്ങളിലേക്കും പോകേണ്ടതുണ്ട് എന്നാണ് (ലൂക്കൊ 4:42,43). പത്രൊസ് പറഞ്ഞത് യേശു എപ്പോഴും “നന്മ ചെയ്തു കൊണ്ട് ചുറ്റി സഞ്ചരിക്കുകയായിരുന്നു ” എന്നാണ് (അപ്പൊ പ്ര. 10:38). ഓരോ യഥാർത്ഥ പ്രവാചകനും അങ്ങനെ ആയിരിക്കും. കർത്താവ് അവനു നൽകിയിരിക്കുന്ന ഭാരം അദ്ദേഹത്തെ, ആ ഭാരം പ്രഘോഷിച്ചുകൊണ്ട് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങുവാൻ നിർബന്ധിക്കുന്നു. ഒരു വ്യാജ പ്രവാചകന് അത്തരം ഭാരം ഒന്നുമില്ല. അയാൾ ഒരു സ്ഥലത്ത് സ്ഥിരവാസം ഉറപ്പിച്ചു കൊണ്ട് തൻ്റെ ശുശ്രൂഷയ്ക്കു വേണ്ടി വലിയ പ്രവർത്തന കേന്ദ്രങ്ങൾ പണിയുന്നു, അത് ലോകത്തിൻ്റെ കണ്ണുകളിൽ വലിയതാണ്! എന്നാൽ ഒരു യഥാർത്ഥ പ്രവാചകൻ “എൻ്റെ രാജ്യം ഐഹികമല്ല”(യോഹ. 18:36) എന്നു പറഞ്ഞ തൻ്റെ കർത്താവിനെ പിൻഗമിക്കുന്നു.

ഒരു വ്യാജ പ്രവാചകൻ്റെ മൂന്നാമത്തെ അടയാളം (ആ പുസ്തകം പറയുന്നത്) അയാളുടെ വാക്കുകളും അയാളുടെ പ്രവർത്തനങ്ങളും തമ്മിൽ ഒരു വലിയ പൊരുത്തമില്ലായ്മ ഉണ്ടായിരിക്കും എന്നാണ് – അയാളുടെ ഉപദേശങ്ങളും അയാളുടെ ജീവിതരീതിയും തമ്മിൽ. യേശുവിൻ്റെ ജീവിതത്തിൽ, അവിടുത്തെ വാക്കുകൾ അവിടുത്തെ ജീവിതത്തോടും ചേർന്നു പോയിരുന്നു – അവ തൊട്ടുചേർന്നു പോയി : അപ്പൊ.പ്ര. 1:1ൽ, നാം വായിക്കുന്നത് യേശു ആദ്യം ചെയ്തു അതിനുശേഷം മാത്രം അവിടുന്ന് ചെയ്തത് പഠിപ്പിച്ചു എന്നാണ്: ഒരു യഥാർത്ഥ പ്രവാചകന്റെ വ്യക്തിപരമായ ജീവിതശൈലി താൻ പ്രഘോഷിക്കുന്ന സന്ദേശത്തിനു ശക്തിയുള്ള ഒരു സാക്ഷ്യം വഹിക്കും. തൻ്റെ ജീവിതത്തിൽ ചില പരാജയം  കാണുമ്പോഴെല്ലാം ഒരു യഥാർത്ഥ പ്രവാചകന്‍ വളരെയധികം വേദനിക്കും. യെശയ്യാ പ്രവാചകൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു കൊണ്ടു നിലവിളിച്ചു, “എനിക്ക് അയ്യോ കഷ്ടം, ഞാൻ നശിച്ചു, കാരണം ഞാൻ ശുദ്ധിയില്ലാത്ത ആഗ്രഹങ്ങൾ ഉള്ള ഒരു മനുഷ്യൻ, എൻ്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” (യെശ. 6:5). പൗലൊസ് ഒരിക്കൽ പറഞ്ഞു, “അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ പാപത്തിന് അധീനമായ ഈ ശരീരത്തിൽ നിന്നും എന്നെ ആർ വിടുവിക്കും” (റോമ. 7:24). യേശുവിൻ്റെ കാൽച്ചുവടു പിൻഗമിക്കുന്ന ഓരോ യഥാർത്ഥ പ്രവാചകനും, ഈ ഒരു കരച്ചിലും, താൻ പ്രസംഗിക്കുന്നതിനോട് കൃത്യമായി യോജിച്ചു പോകുന്ന ഒരു ജീവിതം ഉണ്ടാകാനുള്ള ഒരു ആഗ്രഹവും അവൻ്റെ ഹൃദയത്തിലുണ്ടാകും. എന്നാൽ ഒരു വ്യാജ പ്രവാചകൻ ഒരിക്കലും തൻ്റെ ജീവിതരീതി താൻ പ്രസംഗിക്കുന്നതിൽ നിന്നും മുഴുവനായി വ്യത്യസ്തമാണെന്ന വസ്തുതയാൽ അസ്വസ്ഥനാക്കപ്പെടുന്നില്ല. ഒരു വ്യാജ പ്രവാചകൻ അടിസ്ഥാനപരമായി ജനങ്ങളോട് പറയുന്നത്, “വേദപുസ്തകം എനിക്കു പ്രസംഗിക്കാനും നിങ്ങൾക്ക് എല്ലാവർക്കും പ്രായോഗികമാക്കാനും ഉള്ളതാണ്”!

ഒടുവിലായി: ഒരു പ്രവാചകന്‍ അവസാനത്തോളം ദൈവത്തോട് വിശ്വസ്തനായിരിക്കുന്നിടത്തുപോലും, അപ്പോഴും അയാളുടെ പ്രസ്ഥാനം ക്ഷയിച്ച് ഒരു കാലയളവ് കഴിയുമ്പോഴേക്ക് അത് അധപ്പതിക്കുന്നു, കാരണം ആരംഭത്തിൽ വലിയ പരമാർത്ഥതയോടു കൂടി തൻ്റെ പ്രസ്ഥാനത്തിൽ ചേർന്ന ആളുകൾ, ക്രമേണ വിട്ടുവീഴ്ച തുടങ്ങുന്നു. ആ പ്രസ്ഥാനത്തെ നയിക്കുന്ന പ്രവാചകൻ ഇത് തിരിച്ചറിഞ്ഞ് അത്തരം ഒരു താഴോട്ടുപോക്ക് തടയുന്നതിനു ഭാരപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ ആ താഴോട്ട് പോക്ക് തടയുന്നതിൽ അദ്ദേഹം വിജയിക്കുകയില്ല. നാം വായിക്കുന്നത് പൗലൊസിൻ്റെ സഹപ്രവർത്തകൻ ദേമാസ് അദ്ദേഹത്തെ വിട്ടുപോയി എന്നാണ് (2 തിമൊ. 4:10). എന്തുകൊണ്ടാണ് ദേമാസ് പൗലൊസിനെ വിട്ടുപോയത്? കാരണം ആ വേല നിർമ്മലതയിൽ തുടർന്നു പോകണമെന്ന ഒരു വലിയ ഭാരം പൗലൊസിനുണ്ടായിരുന്നു. എന്നാൽ ഒത്തുതീർപ്പുകാരനായ ദേമാസ് അത് അവന് വളരെ കൂടുതലാണെന്നു കണ്ടു. പിന്നീട്, ഏഷ്യയിലെ സഭകളിലുള്ള മറ്റു പലരും പൗലൊസിനെ വിട്ടുപോയി (2 തിമൊ 1 :15). ഒരിക്കൽ ഒരു യഥാർത്ഥ പ്രവാചകനുള്ള ദൈവത്തിൻ്റെ ഒരു പ്രസ്ഥാനത്തിൽ ചേർന്ന ആളുകൾ, പിന്നീട് എന്തുകൊണ്ടാണ് അദ്ദേഹത്തെ വിട്ടുപോകുന്നത്? കാരണം ആ പ്രവാചകന്‍ തീർത്തും വിട്ടുവീഴ്ച ഇല്ലാത്തവനും ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നവനുമാണ്, എന്തു വില കൊടുക്കേണ്ടി വന്നാലും, ഒരിക്കലും തൻ്റെ ഏതെങ്കിലും അനുയായികളെയോ അല്ലെങ്കിൽ മറ്റു മനുഷ്യരെയോ പ്രസാദിപ്പിക്കാൻ ശ്രദ്ധിക്കുന്നില്ല. അപ്പോൾ തൻ്റെ അനേകം അനുയായികൾ മാറിപ്പോകുന്നു, കാരണം അവർക്ക് അതെ വില കൊടുക്കാൻ മനസ്സില്ല.

ഒരു യഥാർത്ഥ പ്രവാചകന്‍ ഒരിക്കലും ഒരു വലിയ കൂട്ടം സംഘടിപ്പിക്കുന്ന കാര്യത്താൽ പിടിക്കപ്പെടുന്നില്ല – തൻ്റെ പ്രസംഗത്തിൽ നയതന്ത്രം ഉപയോഗിക്കുന്നവനുമല്ല. തന്ത്രശാലിയായവർക്ക് വലിയ കൂട്ടങ്ങൾ സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിരിക്കും –  തന്നെയുമല്ല അവരുടെ ഗ്രൂപ്പിൽ നിന്ന് ആരും വിട്ടു പോകാൻ അവർ ആഗ്രഹിക്കുന്നുമില്ല. യേശു ഒരിക്കലും അതുപോലെ ആയിരുന്നില്ല. ആർക്കെങ്കിലും തന്നെ വിട്ടു പോകണമെങ്കിൽ എപ്പോൾ വേണമെങ്കിലും വിട്ടു പോകാമെന്ന് അവിടുന്ന് എപ്പോഴും ജനത്തോട് പറഞ്ഞു. ഒരു യഥാർത്ഥ പ്രവാചകൻ‍ അതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാരം പ്രസ്ഥാനത്തിൻ്റെ ഗുണവിശേഷം ഒരിക്കലും ക്ഷയിക്കരുതെന്നാണ്. അദ്ദേഹത്തിൻ്റെ രാജ്യം ഈ ലോകത്തിൻ്റെതല്ല – അതുകൊണ്ട് അയാൾക്കു സംരക്ഷിക്കാൻ രാജ്യമില്ല. നമ്മുടെ സമയത്തുള്ള യഥാർത്ഥ പ്രവാചകനെ തിരിച്ചറിയാനുള്ള ഇനിയും മറ്റൊരു അടയാളം ഇതാണ്.

യേശു പറഞ്ഞത് നമ്മൾ ഒരു യഥാർത്ഥ പ്രവാചകനെ കൈക്കൊള്ളുമ്പോൾ, നാം വാസ്തവത്തിൽ യേശുവിനെ തന്നെയാണ് കൈക്കൊള്ളുന്നത് എന്നാണ് എന്ന കാര്യം ഓർക്കുക. അതുകൊണ്ട് നമ്മുടെ സമയത്തുള്ള യഥാർത്ഥ പ്രവാചകന്മാരെ നാം തിരിച്ചറിഞ്ഞ് അവരെ പൂർണ ഹൃദയത്തോടെ കൈക്കൊള്ളണം. യേശു തുടർന്നു പറയുന്നത് ഒരു യഥാർത്ഥ പ്രവാചകനെ കൈക്കൊണ്ടവൻ ഒരു പ്രവാചകൻ്റെ പ്രതിഫലം പ്രാപിക്കും എന്നാണ് (മത്താ .10:40, 41).

പ്രവാചകന്മാരാകാനുള്ള വിളി നമുക്കെല്ലാവർക്കുമില്ല. എന്നാൽ നാം ഒരു യഥാർത്ഥ പ്രവാചകനെ കാണുമ്പോൾ, നാം അദ്ദേഹത്തോടു കൂടെ നിൽക്കുകയും അദ്ദേഹത്തിൻ്റെ  കൂടെ പാളയത്തിനു പുറത്ത് ചെന്ന് അദ്ദേഹത്തിൻ്റെ കൂടെ നിന്ദ സഹിക്കുകയും വേണം. അപ്പോൾ നമുക്കും ഒരു പ്രവാചകൻ്റെ പ്രതിഫലം ലഭിക്കും.

എല്ലാ ഗൗരവത്തോടുകൂടി ഈ സത്യങ്ങൾ മനസ്സിരുത്തി കേൾക്കുക. അതിനുശേഷം അതും നമ്മുടെ ജീവിതങ്ങളിൽ പ്രയോഗിക്കുക. അതുവഴി വഞ്ചിക്കപ്പെടുന്നതിൽ നിന്നും നാം നമ്മെ തന്നെ മാത്രമല്ല, എന്നാൽ നമുക്കു ചുറ്റുമുള്ള മറ്റു പലരെയും രക്ഷിക്കും.

അത് അപ്രകാരമായിരിക്കട്ടെ.

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.