സാക് പുന്നൻ
“ആകയാൽ മക്കളെ, എൻ്റെ വാക്ക് കേട്ടുകൊൾവിൻ, കാരണം എൻ്റെ വഴികളെ പ്രമാണിക്കുന്നവൻ ഭാഗ്യവാൻ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ, അതിനെ ത്യജിച്ചുകളയരുത്. ദിവസം പ്രതി എൻ്റെ പടിവാതിൽക്കൽ ജാഗരിച്ചും എൻ്റെ വാതിൽ കട്ടളയ്ക്കൽ കാത്തുകൊണ്ടും എൻ്റെ വാക്കുകേട്ട് (എനിക്കു പറയാനുള്ളത് എന്തെന്നു കേൾക്കുന്നവൻ) അതനുസരിക്കുന്ന മനുഷ്യൻ അനുഗ്രഹീതൻ (സന്തുഷ്ടൻ)…” സദൃശ. 8:32-34. ദൈവവചനത്തിൽ അനുഗ്രഹീതൻ (ഭാഗ്യവാൻ) എന്ന വാക്ക് എപ്പോഴും “സന്തുഷ്ടൻ” എന്നാണ് അർത്ഥമാക്കുന്നത്. ജ്ഞാനത്തിനു ചില നിയമങ്ങൾ ഉണ്ട്, നിങ്ങൾ ആ നിയമങ്ങൾ പിന്തുടരുമെങ്കിൽ യഥാർത്ഥമായി സന്തുഷ്ടൻ ആയിരിക്കും. “ദിവസം പ്രതി ജാഗരിക്കുക” എന്ന് ഈ ലേഖന ഭാഗം പറയുന്നത് എന്തുകൊണ്ടാണ്? കാരണം ദൈവത്തിൻ്റെ ജ്ഞാനം മുഴുവൻ ഒറ്റ കൂമ്പാരമായിട്ട് ഒരുമിച്ചു ലഭിക്കാൻ നമുക്ക് കഴിയില്ല. നമുക്കത് ദിനംപ്രതി മാത്രമേ ആർജ്ജിക്കാൻ കഴിയൂ. മത്താ 6:34ൽ യേശു ഇപ്രകാരം പറഞ്ഞു, ഒരു ദിവസത്തിന് അന്നത്തെ ദോഷം മതി. ഓരോ ദിവസവും ഒരു നിശ്ചിത അളവ് തിന്മ മനുഷ്യരിൽ നിന്ന്, നമ്മുടെ ചുറ്റുപാടുകളിൽ നിന്ന്, പിശാചിൽ നിന്ന്, കൂടാതെ നമ്മുടെ ജഡത്തിനുള്ള മോഹങ്ങളിൽ നിന്ന് ഒക്കെ നാം നേരിടാൻ പോകുകയാണ്. എനിക്കു ജഞാനം പ്രാപിക്കണമെങ്കിൽ, ദിവസം പ്രതി ഞാൻ ക്രൂശെടുക്കേണ്ടതുണ്ട്. യേശു പറഞ്ഞു, “ഓരോരുത്തൻ നാൾ തോറും തന്നെത്താൻ ത്യജിച്ച് തൻ്റെ ക്രൂശെടുക്കട്ടെ”, അതിലൂടെ എൻ്റെ ദിവസം പ്രതിയുള്ള തിന്മയുടെ വിഹിതം ജ്ഞാനമായി മാറട്ടെ (ശേഷം മനുഷ്യ വർഗ്ഗത്തോട് അതു ചെയ്യുന്നതു പോലെ എന്നെ ദുഷിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നതിനു പകരം).
കരിക്കട്ടയിൽ നിന്നാണ് വജ്രം ഉണ്ടാക്കുന്നതെന്നു നിങ്ങൾക്കറിയാമോ? കൃത്യമായി കരിക്കട്ടയുടെ അതേ പദാർത്ഥം തന്നെയാണത്. അനേകം നൂറ്റാണ്ടുകളായി ഭൂമിയുടെ സമ്മർദ്ദത്തിനടിയിൽ ഇടപ്പെട്ടിരുന്ന കാർബൺ ആണത്. കരിക്കട്ടയെ ഉണ്ടാക്കുന്ന അതേ പദാർത്ഥം തന്നെ ഒരു വജ്രത്തെയും ഉണ്ടാക്കുന്നു. ആ കറുത്ത വൃത്തികെട്ട കരിക്കട്ട വിലപിടിപ്പുള്ള അമൂല്യമായ ഒന്നായി പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ ഒരു വിഷയമാണത്. നാൾതോറും ഞാൻ ക്രൂശെടുക്കുമെങ്കിൽ, എൻ്റെ ദിനംപ്രതിയുള്ള തിന്മയുടെ നിശ്ചിത വിഹിതം ദൈവത്തിൻ്റെ ജ്ഞാനമായി പരിവർത്തനം ചെയ്യപ്പെടാൻ കഴിയും. ദിവസം പ്രതി ജ്ഞാനത്തിന്റെ പടിവാതിൽക്കൽ ജാഗരിച്ചുകൊണ്ട് ശ്രദ്ധിച്ചു കേൾക്കുന്ന മനുഷ്യൻ ഭാഗ്യവാൻ, കാരണം മുഴുവൻ ജ്ഞാനത്തെയും ഒരു കൂനയായി ഒറ്റത്തവണയായി നിനക്കു നൽകാൻ കഴിയില്ല. എഫെ.5:15 ജ്ഞാനത്തെക്കുറിച്ച് സംസാരിക്കുന്നു: “ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ, ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊൾവിൻ”. ഓരോ ദിവസവും ദോഷമുള്ളതാണ്. എന്നാൽ ഇവിടെ പറയുന്നത്, അതുകൊണ്ട് ഓരോ ദിവസവും നിന്നിലേക്കു വരുന്ന തിന്മയുടെ നിശ്ചിത വിഹിതത്തിന്റെ പൂർണ്ണ പ്രയോജനം ഉണ്ടാക്കുക. മരിക്കുവാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത്. ഒരെണ്ണം നീ നഷ്ടപ്പെടുത്തിയാൽ, ദൈവത്തിൻ്റെ തേജസിൽ ചിലതാണ് നീ നഷ്ടമാക്കുന്നത്. നിൻ്റെ വഴിയിൽ വരുന്ന നിശ്ചിത വിഹിതം എടുക്കുക കാരണം അത് ദൈവം നിശ്ചയിച്ചിരിക്കുന്നതാണ്. അത് അവിടുന്ന് ഉടനടി തീരുമാനിച്ചതല്ല. ഇന്നു നിന്നെ ബാധിക്കുന്ന തിന്മയുടെ വിഹിതം, നിനക്ക് ഒരു അപ്രതീക്ഷിത സംഭവമായിരിക്കാം, എന്നാൽ ദൈവത്തിന് അതൊരു അപ്രതീക്ഷിത സംഭവമല്ല. നാം ജ്ഞാനം പ്രാപിക്കേണ്ടതിനുവേണ്ടി നാം ജനിക്കുന്നതിന് മുമ്പേ ആ നിശ്ചിതവിഹിതം നമുക്കു വേണ്ടി നിയമിച്ചിരുന്നതാണ്.
ജ്ഞാനം നേടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നവർ വളരെ ചുരുക്കമാണ് കാരണം അവർ ക്രൂശിന്റെ മാർഗ്ഗം മനസ്സിലാക്കുന്നില്ല. “ദിവസം പ്രതി എൻ്റെ പടിവാതിൽക്കൽ ജാഗരിച്ചും എൻ്റെ വാതിൽ കട്ടളയ്ക്കൽ കാത്തുകൊണ്ടും എൻ്റെ വാക്കുകേട്ട് അനുസരിക്കുന്നവൻ സന്തുഷ്ടൻ”. കേൾക്കുവാനായി മാനേജിംഗ് ഡയറക്ടറുടെ വാതിലിനു പുറത്ത് കാത്തിരിക്കുന്ന തൊഴിൽ പരിശീലനം നടത്തുന്ന ഒരുവനെപ്പോലെ. അതുപോലെ, ഓരോ ദിവസവും ജഞാനത്തിനായി കാത്തിരിക്കുന്ന ഒരുവനായിരിക്കുക. ദിവസം മുഴുവൻ അതായിരിക്കണം നമ്മുടെ മനോഭാവം: “കർത്താവേ, ഇന്നെനിക്ക് ജ്ഞാനം തരേണമേ. അത്രയേയുള്ളൂ. കഷ്ടതയിൽ നിന്ന് എന്നെ വിടുവിക്കണമേ എന്ന് അങ്ങയോടു ചോദിക്കുന്നില്ല. ജീവിതത്തിലുടനീളം ഒരു എളുപ്പ മാർഗ്ഗം ഞാൻ അങ്ങയോടു ചോദിക്കുന്നില്ല. കർത്താവേ, എനിക്ക് ജ്ഞാനം തരണമേ. ഇന്ന് എനിക്കുവേണ്ടി അവിടുന്ന് ഉദ്ദേശിച്ചിട്ടുള്ള പദ്ധതി നിറവേറ്റാൻ എന്നെ സഹായിക്കണമേ”.
ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നു നിങ്ങൾ എങ്ങനെ അറിയും? സദൃശ.വാ 8:35 പ്രകാരം. അതു നിങ്ങൾ ദൈവത്തിൻ്റെ ജ്ഞാനം പ്രാപിച്ചിരിക്കുമ്പോഴാണ്. അത് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ അല്ലെങ്കിൽ കുറച്ചുകൂടി മെച്ചമായ ഒരു ജോലി ലഭിക്കുമ്പോഴോ അല്ലെങ്കിൽ ഈ ഭൂമിയിലെ ഏതെങ്കിലും കാര്യം ലഭിക്കുമ്പോഴോ അല്ല. അല്ല. അതു നിങ്ങൾക്കു ജ്ഞാനം ലഭിക്കുമ്പോഴാണ്. അപ്പോൾ നിങ്ങൾക്ക് ദൈവത്തിൽ നിന്ന് പ്രസാദം ലഭിച്ചിരിക്കുന്നു. നിങ്ങൾ ജ്ഞാനത്തിന്റെ സവിശേഷ ഗുണങ്ങളായ ദൈവത്തിൻ്റെ സഹിഷ്ണുത, നിർമ്മലത, സമാധാനം, കീഴ്പ്പെടാനുള്ള മനസ്സ് എന്നിവ നേടിയിരിക്കുമ്പോൾ (യാക്കോ. 3:17).
സദൃശ. വാ. 8:36ൽ അതിൻ്റെ മാർജിനിൽ ഇപ്രകാരം പറയുന്നു, “എന്നെ നഷ്ടപ്പെടുത്തുന്നവൻ അവനു തന്നെ മുറിവുണ്ടാക്കുന്നു”. ജ്ഞാനം നേടുന്നതു നഷ്ടമാക്കിക്കൊണ്ട് ജീവിതത്തിലൂടെ കടന്നുപോയാൽ, നമുക്ക് എന്തെല്ലാം ഉണ്ടായാലും – വേദപുസ്തക പരിജ്ഞാനമാണെങ്കിലും – നാം യഥാർത്ഥത്തിൽ നമ്മുടെ ജീവിതം പാഴാക്കി കളഞ്ഞിരിക്കുന്നു. നമുക്ക് ഒരു വലിയ ജോലി ലഭിച്ചിരിക്കാം, അല്ലെങ്കിൽ ഏതെങ്കിലുമൊരു സഭയിലെ ബഹുമാന്യനായ ഒരു അംഗമായിരിക്കാം, എന്നാൽ നമ്മുടെ ഭൂമിയിലുള്ള ജീവിതത്തിൽ ദൈവത്തിൻ്റെ ജ്ഞാനത്തിന്റെ പങ്കാളികളാകുന്ന കാര്യം നാം നഷ്ടമാക്കിയാൽ, നമ്മുടെ ജീവിതത്തിൻ്റെ മുഖ്യമായ കാര്യം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. ദൈവം എനിക്ക് ലഭിക്കേണ്ടതിനു നിയമിച്ചിരുന്ന ഒരു ദിവസത്തെ ജ്ഞാനത്തിൻ്റെ പങ്ക്. ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നെങ്കിൽ, അത് എനിക്ക് നിത്യതയോളം നഷ്ടപ്പെട്ടിരിക്കുന്നു. അത് എനിക്ക് ഒരിക്കലും വീണ്ടും ലഭിക്കാൻ കഴിയുകയില്ല. അത് പോയിരിക്കുന്നു. ഓരോ ദിവസവും എനിക്ക് ഒരു നിശ്ചിത പങ്ക് ജ്ഞാനം ലഭിക്കണമെന്നു ദൈവം നിയമിച്ചിരിക്കുന്നു, എന്നാൽ ഞാൻ അതു നേടുന്നില്ലെങ്കിൽ, അത് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു അതു നിത്യത മുഴുവൻ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് ഇന്നത്തേക്കുള്ളതും നാളത്തേക്കുള്ളതും ലഭിക്കാൻ കഴിയും, എന്നാൽ ഇന്നലത്തേത് എനിക്ക് ലഭിക്കാൻ കഴിയില്ല. ദൈവത്തിനു തന്നെ എനിക്കത് തിരിച്ചുനൽകാൻ കഴിയില്ല. അതുകൊണ്ടാണ് ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊൾവിൻ എന്നു പറഞ്ഞിരിക്കുന്നത്. ഓരോ ദിവസവും ആ തിന്മയെ ജ്ഞാനം ആക്കി പരിവർത്തനം ചെയ്യുവാൻ ഞാൻ പഠിക്കട്ടെ.
















