സാക് പുന്നൻ
ക്രിസ്തുവിൻ്റെ ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചു ചിന്തിക്കുമ്പോൾ, അതിൻ്റെ കൃത്യമായ തീയതി അറിയുന്നതല്ല പ്രധാന കാര്യം, എന്നാൽ അവിടുത്തെ മടങ്ങിവരവരവിനു വേണ്ടി ആത്മീയമായി ഒരുങ്ങിയിരിക്കുന്നതാണ്. അവിടുത്തെ വരവിനെ സംബന്ധിച്ചുള്ള പ്രവചനങ്ങളുമായി നല്ല പരിചയമുള്ള അനേകരും, അവിടുത്തെ നിർമ്മലതയുടെ നിലവാരത്തിനൊപ്പം തങ്ങളെത്തന്നെ നാൽതോറും നിർമ്മലീകരിക്കുന്നില്ല.. അതിലൂടെ അവർ തെളിയിക്കുന്നത് ക്രിസ്തുവിൻ്റെ വരവിനെ കുറിച്ച് അവരിലുള്ള പ്രത്യാശ ഒരു നിർജീവ പ്രത്യാശയാണ് ഒരു ജീവനുള്ള പ്രത്യാശയല്ല (1 യോഹ.3:3).
മറിച്ച്, ബൈബിൾ പ്രകാരമുള്ള പ്രവചനങ്ങളെ കുറിച്ചോ വെളിപ്പാട് പുസ്തകത്തിലെ പ്രതീകങ്ങളുടെ വ്യാഖ്യാനങ്ങളെക്കുറിച്ചോ ഉള്ള എല്ലാ വിശദവിവരങ്ങളും നമുക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, യേശുക്രിസ്തു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ മേൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, അവിടുത്തെ വരവിനു വേണ്ടി 100% തയ്യാറായിരിക്കുന്നവരും ഒരുങ്ങിയിരിക്കുന്നവരും ആകാനുള്ള സാധ്യത നമുക്കുണ്ട്. മത്താ.24ൽ യേശു തൻ്റെ മടങ്ങിവരവിനെ കുറിച്ച് അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞപ്പോൾ, ഒന്നിലധികം തവണ അവർ ഉണർന്നിരിക്കേണ്ടതാണ് എന്ന് അവിടുന്ന് ഊന്നി പറഞ്ഞു (മത്താ.24:42,44; 25:13). എല്ലാ സമയത്തും ആത്മീയമായി ഉണർന്നിരിക്കുന്നതും ഒരുങ്ങി ഇരിക്കുന്നതും ആണ് സർവ്വപ്രധാനമായ കാര്യം – പ്രവചന വസ്തുതകളുടെ അറിവല്ല. മത്താ.25ൽ (മത്താ.24ലെ പ്രവചനങ്ങളെ തുടർന്നുവരുന്നത്), അവിടുത്തെ വരവിനു വേണ്ടി ഒരുങ്ങിയിരിക്കേണ്ടതിന് നാം ജാഗ്രതയുള്ളവരായിരിക്കേണ്ട മൂന്ന് മേഖലകളെക്കുറിച്ച് യേശു പറഞ്ഞിരിക്കുന്നു.
രഹസ്യ ജീവിതത്തിലുള്ള വിശ്വസ്തത
മത്താ.25:1-13, ഈ ഉപമയിൽ യേശു പത്തു കന്യകമാരെ കുറിച്ച് പറഞ്ഞിരിക്കുന്നു. അവരിൽ ആരും തന്നെ വ്യഭിചാരണികൾ ആയിരുന്നില്ല (ആത്മീയ വ്യഭിചാരത്തിന്റെ ഒരു നിർവചനത്തിനായി യാക്കോ. 4:4 കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യരുടെ മുമ്പിൽ അവർക്കൊരു നല്ല സാക്ഷ്യമുണ്ടായിരുന്നു.. അവരുടെ വിളക്കുകൾ എല്ലാം കത്തുന്നുണ്ടായിരുന്നു (മത്താ.5:16). അവരുടെ നല്ല പ്രവൃത്തികൾ മറ്റുള്ളവർ കണ്ടു. എങ്കിലും ഈ എല്ലാ കന്യകമാരുടെയും ഇടയിൽ, അഞ്ചുപേർ മാത്രമേ ബുദ്ധിയുള്ളവർ ആയിരുന്നുള്ളൂ. എന്നാൽ ഇതു തുടക്കത്തിൽ എല്ലാവർക്കും സുവ്യക്തമായിരുന്നില്ല. അഞ്ചുപേർ മാത്രമേ അവരുടെ പാത്രങ്ങളിൽ എണ്ണ എടുത്തിട്ടുണ്ടായിരുന്നുള്ളു (വാ.4). പാത്രത്തിലുള്ള ആ എണ്ണ രാത്രിയിൽ ദൃശ്യമായിരുന്നില്ല, പ്രകാശം ആയിരുന്നതു പോലെ, അതു പറയുന്നത് ഈ ലോകത്തിൻ്റെ അന്ധകാരത്തിൽ മനുഷ്യർക്കു കാണാൻ പറ്റാത്ത ദൈവത്തിന്റെ മുമ്പാകെയുള്ള രഹസ്യ ജീവിതത്തെ കുറിച്ചാണ്. നമുക്കെല്ലാവർക്കും ഒരു എണ്ണ പാത്രം ഉണ്ട് അതിൽ അല്പമെങ്കിലും എണ്ണ ഉണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. തിരുവചനത്തിൽ ഉടനീളം പരിശുദ്ധാത്മാവിന്റെ ഒരു പ്രതീകമായിട്ടാണ് എണ്ണ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ ഇവിടെ അതു സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിലേക്കു പകർന്നു നൽകുന്ന ദൈവത്തിൻ്റെ ജീവനെയാണ്. ആ ജീവൻ്റെ ബാഹ്യമായ പ്രകടനമാണ് പ്രകാശം (യോഹ. 1:4). ആന്തരിക ഘടകം എണ്ണയാണ്. പലരും തങ്ങളുടെ പുറമേയുള്ള സാക്ഷ്യത്താൽ മാത്രം പിടിക്കപ്പെട്ടവരാണ്. ഇതാണ് അവരുടെ മടയത്തരം. നമ്മുടെ ശോധനകളുടെയും പരീക്ഷണങ്ങളുടെയും സമയത്താണ് പുറമേയുള്ള പ്രകാശം മാത്രം കൊണ്ട് മതിയാകുകയില്ല എന്നു നാം കണ്ടെത്തുന്നത്. നമ്മെ വിജയകരമായി വഹിച്ചുകൊണ്ടു പോകേണ്ടതിനു ദിവ്യ ജീവൻ്റെ ആന്തരിക സത്ത ആവശ്യമാണ്. “കഷ്ടകാലത്ത് നീ കുഴഞ്ഞു പോയാൽ നിൻ്റെ ബലം നഷ്ടം തന്നെ” (സദൃശ .24:10). ജീവിതത്തിലെ പ്രതിസന്ധികളാണ് നാം എത്രമാത്രം ശക്തരാണ് അല്ലെങ്കിൽ ബലഹീനരാണ് എന്നു നമ്മെ കാണിക്കുന്നത്. ഈ ഉപമയിലെ പ്രതിസന്ധി മണവാളൻ തൻ്റെ വരവ് താമസിപ്പിച്ചു എന്നതാണ്. സമയമാണ് (കാലമാണ്) നമ്മുടെ ആത്മീയതയുടെ യാഥാർത്ഥ്യം തെളിയിക്കുന്നത്. വിശ്വാസമുള്ളവൻ അവസാനത്തോളം സഹിച്ചു നിൽക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും. ജീവനിൽ ആന്തരിക സത്തയുള്ളവൻ ആരാണെന്നതും ഇല്ലാത്തവൻ ആരാണെന്നതും തെളിയിക്കുന്നതു സമയമാണ് (കാലമാണ്). അനേകരും പെട്ടെന്ന് മുളച്ചു വരുന്ന വിത്തുപോലെയാണ്, എന്നാൽ ആന്തരിക ജീവനില്ല. അവരുടെ ഹൃദയങ്ങളിൽ മണ്ണിന് ആഴമില്ല (മർക്കൊ. 4:5). അതുകൊണ്ടാണ് പുതിയ വിശ്വാസികളെ അവരുടെ ആത്മീയത സംബന്ധിച്ചോ പൂർണ്ണ മനസ്കത സംബന്ധിച്ചോ വിലയിരുത്താൻ പ്രയാസമുള്ളത്. നമുക്കു കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ, കാലം എല്ലാം വെളിപ്പെടുത്തും. അപ്പോൾ ക്രിസ്തുവിൻ്റെ വരവിനു വേണ്ടി ഒരുങ്ങാനുള്ള മാർഗ്ഗം, ദൈവത്തിൻ്റെ മുമ്പാകെ നിർമ്മലതയും വിശ്വസ്തതയും ഉള്ള ഒരു ആന്തരിക ജീവൻ ഉണ്ടായിരിക്കുക എന്നതാണ് – നമുക്കു ചുറ്റുമുള്ളവർക്കു കാണാൻ പറ്റാത്ത നമ്മുടെ ചിന്തകളിൽ, മനോഭാവങ്ങളിൽ, ലക്ഷ്യങ്ങളിൽ. ഇത് നമ്മളിലില്ലെങ്കിൽ, ക്രിസ്തുവിന്റെ വരവിനായി നാം ഒരുങ്ങിയിരിക്കുന്നു എന്ന് കരുതുന്നത് നമ്മളെത്തന്നെ വഞ്ചിക്കുന്നതിന് തുല്യമാണ്.
നമ്മുടെ ശുശ്രൂഷയിലുള്ള വിശ്വസ്തത
മത്താ. 25:14-30 രണ്ടാമത്തെ ഉപമയിൽ, ദൈവം നമുക്കു നൽകിയിരിക്കുന്ന താലന്തുകളുടെ വിശ്വസ്തമായ ഉപയോഗത്തിനാണ് ഊന്നൽ. ഈ താലന്തുകൾ പ്രതിനിധീകരിക്കുന്നത് ഭൗതിക സമ്പത്ത്, പണം, സ്വാഭാവിക കഴിവുകൾ, ജീവിതത്തിലുള്ള അവസരങ്ങൾ, ആത്മീയ വരങ്ങൾ മുതലായവയാണ്. ഈ മേഖലയിൽ എല്ലാവരും തുല്യരല്ല – കാരണം ഈ ഉപമയിൽ നാം കാണുന്നത് ഒരുവന് അഞ്ച്, മറ്റൊരുവന് രണ്ട്, വേറെ ഒരുവന് ഒന്നുമാത്രം എന്നാണ്. എന്നാൽ എല്ലാവർക്കും തങ്ങൾ പ്രാപിച്ചതിനോട് വിശ്വസ്തരായിരിക്കുവാനുള്ള തുല്യസമയം ഉണ്ടായിരുന്നു. അധികം ലഭിച്ചവനിൽ നിന്ന് അധികം ചോദിക്കും. അതുകൊണ്ട് തൻ്റെ രണ്ട് നാലാക്കി ഇരട്ടിപ്പിച്ചവന് തൻ്റെ അഞ്ചു താലന്ത് പത്താക്കി ഇരട്ടിപ്പിച്ചവന് കൊടുത്ത അതേ പ്രതിഫലം തന്നെ ലഭിച്ചു. തൻ്റെ താലന്ത് “നിലത്തു കുഴിച്ചിട്ട”വന്റെ മേലാണ് ന്യായവിധി വീണത് – അതായത് ദൈവത്താൽ നൽകപ്പെട്ട താലന്ത് ദൈവത്തിനു വേണ്ടി അല്ലാതെ ഈ ലോകത്തിനു വേണ്ടി ഉപയോഗിച്ചവന്. തനിക്കൊന്നും ലഭിച്ചില്ല എന്ന് ആർക്കും പറയാൻ കഴിയില്ല – എല്ലാവരും ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് ദൈവത്തിൽ നിന്നു പ്രാപിച്ചിരിക്കുന്നു. ഈ താലന്തുകൾ നാം എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ചോദ്യം. നാം നമുക്കു വേണ്ടി തന്നെ ഉപയോഗിക്കുന്നത്, നിലത്തു കുഴിച്ചിട്ട താലന്തിനോടു തുല്യമാണ്. ദൈവ മഹത്വത്തിനായി നാം ഉപയോഗിച്ചതു മാത്രമേ നിത്യ ധനമായി എണ്ണപ്പെടുകയുള്ളൂ. ഈ നിലവാരത്തിനാൽ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ദാരിദ്ര്യം നമുക്കു കാണാൻ കഴിയും. “സകലവും ദൈവത്തിനു വേണ്ടി സ്വയത്തിനു വേണ്ടി ഒന്നുമില്ല” എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. അപ്പോൾ നാം ക്രിസ്തുവിൻ്റെ മടങ്ങിവരവിനായി ഒരുക്കമുള്ളവരായിരിക്കും. നമുക്കുള്ളതെല്ലാം വിട്ടുകളയുന്നില്ലെങ്കിൽ യേശുവിൻ്റെ ശിഷ്യന്മാരായിരിക്കാൻ നമുക്കു കഴിയില്ല. ദൈവത്താൽ നൽകപ്പെട്ട എല്ലാ സമ്പാദ്യങ്ങളും വരങ്ങളും കർത്താവിനു വേണ്ടി മാത്രം ഉപയോഗിക്കാത്തവൻ താൻ ക്രിസ്തുവിൻ്റെ മടങ്ങിവരവിനു വേണ്ടി ഒരുങ്ങിയിരിക്കുകയാണെന്ന് അവകാശപ്പെട്ടാൽ അവൻ തന്നേത്തന്നെ വഞ്ചിക്കുകയാണ്.
നമ്മുടെ സഹവിശ്വാസികളെ ശുശ്രൂഷിക്കുന്നതിനുള്ള വിശ്വസ്തത
മത്താ.25:31-46. ഇവിടെ ആവശ്യത്തിൽ ഇരിക്കുന്ന നമ്മുടെ സഹവിശ്വാസികളോടുള്ള നമ്മുടെ മനോഭാവത്തെയാണ് യേശു കൈകാര്യം ചെയ്യുന്നത്. ആ ആവശ്യം ആത്മീയമാകാം അല്ലെങ്കിൽ ശാരീരികമാകാം (ഭൗതികമാകാം). ഇവിടെ നാം കാണുന്നത് കർത്താവിനെന്നവണ്ണം തങ്ങളുടെ കൂട്ടു വിശ്വാസികളെ സേവിച്ചു എന്ന കാരണത്താൽ ചിലർ രാജ്യം അവകാശമാക്കുന്നതാണ്. അവരുടെ വലതു കൈ ചെയ്യുന്നത് എന്താണെന്ന് അവരുടെ ഇടതു കൈ അറിയാത്ത വിധം അത്ര രഹസ്യത്തിൽ ആയിരുന്നു അവരുടെ സേവനം (മത്താ. 6:3). അവർ ചെയ്ത നന്മകളെ കുറിച്ച് കർത്താവ് അവരെ ഓർമ്മപ്പെടുത്തിയപ്പോൾ, അവർ അത് ഓർക്കുന്നതു പോലുമില്ലാത്ത അത്രവിധം! (മത്താ.25:38). തൻ്റെ ഏറ്റവും ചെറിയ സഹോദരങ്ങൾക്കു ചെയ്യുന്ന സേവനങ്ങൾ പോലും തനിക്കു ചെയ്യുന്ന സേവനങ്ങൾ ആയി കണക്കാക്കപ്പെടും എന്നതും യേശു ഇവിടെ നമ്മെ പഠിപ്പിക്കുന്നു (മത്താ.25:40). ഇവിടെ അവിടുന്ന് ഏറ്റവും ചെറിയവനെ കുറിച്ച് സംസാരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്, കാരണം ഏറ്റവും പ്രധാനപ്പെട്ട വിശ്വാസികളെ ശുശ്രൂഷിക്കുവാനും ദരിദ്രരെയും നിന്ദിതരെയും അവഗണിക്കാനുമാണ് നമ്മുടെ പ്രവണത! തങ്ങൾക്കു വേണ്ടി മാത്രം തിന്നുകയും കുടിക്കുകയും, വാങ്ങുകയും വിൽക്കുകയും, പണിയുകയും നടുകയും ചെയ്യുന്ന കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നവർ യേശു മടങ്ങി വരുമ്പോൾ തീർച്ചയായും പിന്തള്ളപ്പെടും (ലൂക്കൊ. 17:28, 34). കർത്താവിനു വേണ്ടിയുള്ള ശുശ്രൂഷയിൽ തങ്ങളുടെ സഹവിശ്വാസികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി സ്നേഹത്തോടുകൂടിയ ഒരു കരുതൽ ഉള്ളവർ മാത്രമേ എടുക്കപ്പെടുകയുള്ളൂ. മറ്റൊരു വേദഭാഗത്ത്, ഈ കൂട്ടർക്കു വിരുദ്ധമായുള്ള – മറ്റൊരു കൂട്ടരെ കുറിച്ച് യേശു പറഞ്ഞു. കർത്താവിൻ്റെ പേരിൽ തങ്ങൾ ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഓർക്കുന്നവരാണ് ഇവർ. അവരും ന്യായാസനത്തിനു മുമ്പിൽ ഉണ്ട്, അവർ കർത്താവിനെ ഓർപ്പിക്കുന്നത് അവർ യേശുവിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കി, പ്രസംഗിച്ചു, രോഗികളെ സൗഖ്യമാക്കി തുടങ്ങിയ പ്രവൃത്തികളാണ്. എന്നാൽ ഈ നല്ല കാര്യങ്ങൾ എല്ലാം ചെയ്തെങ്കിലും അവർ കർത്താവിനാൽ തള്ളപ്പെട്ടു, കാരണം അവർക്ക് ഏറ്റവും ഒന്നാമത്തെ ആവശ്യകതയായ ദൈവത്തിൻ്റെ മുമ്പാകെയുള്ള വിശുദ്ധമായ ഒരു രഹസ്യ ജീവിതമില്ലായിരുന്നു. അവർ തങ്ങളുടെ വരങ്ങളുടെ വലിപ്പത്താൽ പിടിക്കപ്പെട്ടിരുന്നു. ഇവിടെയുള്ള വൈരുദ്ധ്യം കാണുന്നത് രസകരമാണ്. രോഗികളെ സൗഖ്യമാക്കിയവർ പുറത്താക്കപ്പെട്ടു (മത്താ. 7:22,23). എന്നാൽ രോഗികളെ സന്ദർശിച്ചവർ രാജ്യം അവകാശമാക്കി! (മത്താ 25:34, 36) രോഗസൗഖ്യത്തിനുള്ള വരം എന്ന താലന്ത് നമുക്കു നൽകപ്പെട്ടിരിക്കുന്നില്ലെങ്കിൽ രോഗികളെ സൗഖ്യമാക്കുവാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല. എന്നാൽ നമുക്കു രോഗികളെ സന്ദർശിച്ച് അവരെ പ്രോത്സാഹിപ്പിക്കുവാനും കർത്താവിൻ്റെ നാമത്തിൽ അവരെ അനുഗ്രഹിക്കുവാനും കഴിയും. അപ്പോൾ ക്രിസ്തുവിൻ്റെ മടങ്ങിവരവിനായി നാം ഒരുക്കമുള്ളവരാണെന്നു നാം കണ്ടെത്തും, രോഗികളെ സൗഖ്യമാക്കിയ അനേകർ പിൻതള്ളപ്പെടുമ്പോൾ. ഈ വിധത്തിൽ മറ്റുള്ളവരെ സേവിക്കേണ്ടതിന്, നാം അസൗകര്യങ്ങൾ അനുഭവിക്കാൻ മനസ്സുള്ളവർ ആയിരിക്കണം. തങ്ങളുടെ ദൈനംദിന ആലോചനകൾ ആവശ്യത്തിലിരിക്കുന്നവരാൽ അലങ്കോലപ്പെടുത്തപ്പെടാൻ ഒരിക്കലും ആഗ്രഹിക്കാത്തവർ, തീർച്ചയായും യേശു വരുമ്പോൾ പിന്തള്ളപ്പെടും. നമുക്കു കർത്താവിൻ്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കണമെങ്കിൽ സമയം, പണം, എല്ലാറ്റിലും ഉപരി നമ്മുടെ പദ്ധതികളും നമ്മുടെ ഇച്ഛകളും എല്ലാം നാം യാഗം കഴിക്കേണ്ട ആവശ്യമുണ്ട്. കണ്ണുകൊണ്ട് മോഹിക്കുന്നത്, കോപം, ദുർമോഹം ഇവയിൽ നിന്നെല്ലാം നാം നമ്മെ തന്നെ വെടിപ്പാക്കിയിരിക്കുന്നു എങ്കിലും അപ്പോഴും നാം നമുക്കുവേണ്ടി തന്നെ ജീവിക്കാൻ കഴിയത്തക്ക വിധം സ്വാർത്ഥത നമ്മുടെ ജഡത്തിൽ അത്രമാത്രം വേരുന്നിരിക്കുന്നു. നമ്മെ കൊണ്ടുതന്നെ നിറഞ്ഞിരിക്കുന്നതും സ്വയകേന്ദ്രീകരണത്തിൽ നിന്ന് നമ്മെ വിടുവിക്കാത്തതുമായ പരീശന്മാരുടെ വിശുദ്ധി പോലെയുള്ള ഒരു വിശുദ്ധി ഉണ്ടാകാൻ കഴിയും. ഇതു യഥാർത്ഥ വിശുദ്ധിയുടെ ഒരു വ്യാജ പതിപ്പാണ്, എങ്കിലും അതിനാൽ എളുപ്പത്തിൽ വഞ്ചിക്കപ്പെടാൻ കഴിയും. യേശു നമ്മെ ഇപ്രകാരം പ്രാർത്ഥിപ്പാൻ പഠിപ്പിച്ചു, “ഞങ്ങൾക്കു തരേണമേ…ഞങ്ങളോട് ക്ഷമിക്കേണമേ…ഞങ്ങളെ വിടുവിക്കേണമേ…” (മത്താ. 6:11-13). ഇപ്പോഴും തങ്ങളുടെ പാപങ്ങളിലും ആവശ്യത്തിലും ആയിരിക്കുന്ന മറ്റുള്ളവരെ കുറിച്ച് ഒരു ഭാരം തരാത്ത ഒരു വിശുദ്ധീകരണം, വിലയില്ലാത്ത വ്യാജ പതിപ്പാണ്, അതു ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാൻ മാത്രമുള്ളതാണ്. മറ്റുള്ളവരുടെ സ്ഥാനത്ത് നമ്മെ തന്നെ വച്ച് അവർ കടന്നു പോകുന്നത് എന്തിലൂടെയാണെന്നു മനസ്സിലാക്കാൻ കഴിയത്തക്ക വിധം നമ്മുടെ ചിന്താരീതി പുതുക്കേണ്ടതുണ്ട്. (“നമ്മുടെ മനസ്സ് പുതുക്കുക” – റോമർ 12:2). ഇതാണ് വരുവാനുള്ള രാജ്യം അവകാശമാക്കുവാൻ തക്കവണ്ണം നമ്മെ തയ്യാറാക്കുന്ന ക്രിസ്താനുരൂപമായ ചിന്ത. തൻ്റെ തന്നെയും തൻ്റെ കുടുംബത്തിന്റെയും ആവശ്യങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നവൻ, അയാൾ എത്ര വിശുദ്ധൻ ആയാലും, താൻ ക്രിസ്തുവിൻ്റെ വരവിനായി ഒരുക്കമുള്ളവനാണെന്നു ചിന്തിച്ചാൽ അവൻ അവനെത്തന്നെ വഞ്ചിക്കുക മാത്രമാണു ചെയ്യുന്നത്.















