Table of Content


പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍


സാക് പുന്നന്‍

ആമുഖം

ഇരുപതു നൂറ്റാണ്ടുകളായി ക്രൈസ്തവലോകത്ത് കുമിഞ്ഞുകൂടി ദൈവവചനത്തോടൊപ്പം ചേര്‍ക്കപ്പെടുകയോ അതിന്‍റെ സ്ഥാനം കരസ്ഥമാക്കുകയോ ചെയ്തിട്ടുള്ള മാനുഷിക പാരമ്പര്യമെന്ന പഴയ വീഞ്ഞു പാനം ചെയ്യുകയാല്‍ ഇന്ന് ഒട്ടേറെ വിശ്വാസികള്‍ വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

പൂര്‍വ്വീകരുടെ പാരമ്പര്യങ്ങള്‍ വ്യക്തമായും ദൈവവചനത്തിലെ ഉപദേശങ്ങള്‍ക്കു കടകവിരുദ്ധമാണെന്നു കണ്ടാല്‍പോലും മിക്ക ക്രിസ്ത്യാനികള്‍ക്കും അതുപേക്ഷിക്കുവാന്‍ മനസ്സില്ലാതെയാണിരിക്കുന്നത്.

നമ്മുടെ ഈ കാലഘട്ടത്തില്‍ നമ്മെപ്പറ്റിയുള്ള ദൈവികോദ്ദേശ്യം നാം നിറവേറ്റണമെങ്കില്‍ പുതിയനിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വിധം വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ദൈവം വെളിപ്പെടുത്തിയിട്ടുള്ള വിശ്വാസത്തിലേക്ക് നാം തിരിച്ചു വരേണ്ടതാവശ്യമാണ്.

ദൈവവചനത്തില്‍ അധിഷ്ഠിതമല്ലെങ്കിലും നിങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന അനേകം ‘വിശുദ്ധ’ ആശയങ്ങളെ ഈ പുസ്തകം ചോദ്യം ചെയ്യുകയും തദ്വാരാ അതു നിങ്ങളുടെ ജീവിതത്തെയും ശുശ്രൂഷയെയും വ്യത്യാസപ്പെടുത്തുകയും ചെയ്യും.

ഉറപ്പുള്ള ഹൃദയവും തുറന്ന മനസ്സുമുള്ളവര്‍ തുടര്‍ന്നു വായിക്കട്ടെ….

ഈ പുസ്തകവും നിങ്ങളും…

ദൈവവചനത്തെക്കാളധികം തങ്ങളുടെ പൂര്‍വികന്മാരുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കണമെന്ന് യഹൂദജനതയെ പഠിപ്പിച്ചുപോന്ന മതനേതാക്കളുമായി യേശു നിരന്തരമായ സമരം നടത്തിയിരുന്നു. മനുഷ്യരുടെ പാരമ്പര്യങ്ങളെക്കാള്‍ ദൈവത്തിന്‍റെ വചനം ഉല്‍കൃഷ്ടമാണെന്ന നിലപാടില്‍ ഉറച്ചുനിന്നതുമൂലം അന്തിമമായി യേശു കൊല്ലപ്പെടുകയാണുണ്ടായത്.

ഇരുപതു ശതാബ്ദങ്ങളായി ക്രൈസ്തവലോകത്തില്‍ കുമിഞ്ഞുകൂടി ദൈവവചനത്തോടൊപ്പം ചേര്‍ക്കപ്പെടുകയോ അതിന്‍റെ സ്ഥാനം കരസ്ഥമാക്കുകയോ ചെയ്തിട്ടുള്ള മാനുഷികപാരമ്പര്യമെന്ന പഴയവീഞ്ഞു പാനം ചെയ്യുകമൂലം ഇന്ന് ഒട്ടധികം വിശ്വാസികളും വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ വീഞ്ഞ് അവര്‍ക്കു നാം വച്ചുനീട്ടിയാല്‍  ‘പഴയത് അധികം നല്ലത്’  എന്ന് അവര്‍ പറയുകയാണ് പതിവ് (ലൂക്കോ. 5:39). കെട്ടിക്കിടക്കുന്ന ജലം കാലം കഴിയുന്തോറും അധികമധികം ദുഷിക്കുന്നതുപോലെ വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവര്‍ ആത്മീയജീര്‍ണ്ണതയ്ക്കധീനരായി ദുഷിച്ചുകൊണ്ടിരിക്കുന്നു.

ഒട്ടനേകം വിശ്വാസികള്‍ക്കും ഏറ്റവുമധികം വിഷമമുള്ള ഒരു കാര്യം തുറന്നതും പക്ഷപാതരഹിതവുമായ മനസ്സോടെ ദൈവവചനം വായിക്കുക എന്നുള്ളതാണ്. പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ വ്യക്തമായും ദൈവവചനത്തിലെ ഉപദേശത്തിനു വിരുദ്ധമാണെന്നു കണ്ടാല്‍ പോലും മിക്ക ക്രിസ്ത്യാനികളും അതുപേക്ഷിക്കുവാന്‍ മനസ്സില്ലാതെയാണിരിക്കുന്നത്.

നമ്മുടെ ഈ കാലഘട്ടത്തില്‍ നമ്മെപ്പറ്റിയുള്ള ദൈവികോദ്ദേശ്യം നാം നിറവേറ്റണമെങ്കില്‍ പുതിയനിയമവചനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളവിധം വിശുദ്ധഅപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ദൈവം വെളിപ്പെടുത്തിയിട്ടുള്ള വിശ്വാസത്തിലേക്കു നാം തിരിച്ചു വരേണ്ടതാവശ്യമാണ്. അപ്രകാരം തിരിച്ചുവരണമെങ്കില്‍ ദൈവവചനത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ പാരമ്പര്യങ്ങളോടും ബലപ്രയോഗം നടത്തി അവയെ ജീവിതത്തില്‍നിന്നു നിഷ്കാസനം ചെയ്യുവാന്‍ നാം സന്നദ്ധരാകണം (മത്താ. 11:12).

ഇതു ചെയ്യുവാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ പുസ്തകം തുടര്‍ന്നു വായിക്കുക. ദൈവവചനത്തില്‍ അധിഷ്ഠിതമല്ലെങ്കിലും നിങ്ങള്‍ പഠിച്ചുകൊണ്ടിരുന്ന അനേകം വിശുദ്ധ ആശയങ്ങളെ അതു ചോദ്യം ചെയ്യുകയും തദ്വാരാ അതു നിങ്ങളുടെ ജീവിതത്തെയും ശുശ്രൂഷയെയും വ്യത്യാസപ്പെടുത്തുകയും ചെയ്യും. ഇതു നിമിത്തം നിങ്ങളുടെ ജീവിതത്തെപ്പറ്റി കണക്കുബോധിപ്പിക്കുവാന്‍ ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍ പശ്ചാത്തപിക്കുവാന്‍ നിങ്ങള്‍ക്ക് ഇടയാവുകയില്ല.

സത്യം സ്വീകരിക്കുവാന്‍ സന്നദ്ധമായ തുറന്ന മനസ്സുള്ള എല്ലാവരും തുടര്‍ന്നു വായിക്കുക.

1. പുതുവീഞ്ഞും പുതിയ തുരുത്തിയും

പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍ അത്രേ പകര്‍ന്നു വയ്ക്കേണ്ടതെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്കോ. 5:37,38). പുതുവീഞ്ഞ് യേശുവില്‍ വെളിപ്പെട്ട ജീവിതം, പുതിയ തുരുത്തി യേശു പണിയുന്ന സഭയും.

പുതിയ വീഞ്ഞ്

യേശു സന്നിഹിതനായിരുന്ന കാനായിലെ കല്യാണവിരുന്നില്‍ പഴയ വീഞ്ഞ് തീര്‍ന്നുപോയി. പഴയ വീഞ്ഞ് പല നാളത്തെ മനുഷ്യപ്രയത്നം കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്. എങ്കിലും അത് ആവശ്യത്തിനു പോരാത്തതായിരുന്നു. ന്യായപ്രമാണത്തിന്‍റെ അഥവാ പഴയനിയമത്തിന്‍റെ കീഴിലുള്ള ജീവിതത്തെ കുറിക്കുന്ന ഒരു സാദൃശ്യമാണിത്. പഴയ വീഞ്ഞു തീര്‍ന്നുപോകുമ്പോള്‍ നമുക്കു പുതുവീഞ്ഞു നല്‍കുവാന്‍ വേണ്ടി അതു തീരുന്നതുവരെയും കര്‍ത്താവിനു കാത്തിരിക്കേണ്ടിവരുന്നു. “യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എനിക്കുവേണ്ടി കാത്തിരിക്കുന്നതിനാല്‍ മാത്രം നിങ്ങള്‍ രക്ഷ പ്രാപിക്കും. …. എന്നാല്‍ നിങ്ങള്‍ക്ക് ഈജിപ്റ്റില്‍ നിന്നു (മാനുഷശക്തിയില്‍ നിന്നു) സഹായം ലഭിക്കുമെന്നു നിങ്ങള്‍ പറയുന്നു. അതു കൊണ്ട് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഓടിച്ചുകളയും. നിങ്ങള്‍ യഹോവയുടെ അടുക്കല്‍ വന്നിട്ട് തന്‍റെ സ്നേഹം നിങ്ങളെ കാണിച്ചു തരുവാന്‍ വേണ്ടി യഹോവ നിങ്ങള്‍ക്കായി (നിങ്ങളുടെ സ്വാശ്രയം തീര്‍ന്നു പോകുന്നതുവരെ) കാത്തിരിക്കുന്നു. നിങ്ങളെ അനുഗ്രഹിക്കേണ്ടതിന് അവിടുന്ന് നിങ്ങളെ കീഴടക്കും. യഹോവയുടെ സഹായം ലഭിക്കേണ്ടതിന് അവിടുത്തേക്കായി കാത്തിരിക്കുന്ന ഏവരും ഭാഗ്യവാന്മാര്‍” (യെശ. 30:1518, Living Bible).

ജയജീവിതത്തിനുവേണ്ടി നാം വീണ്ടും വീണ്ടും പ്രയത്നിച്ചു വീണ്ടും വീണ്ടും പരാജയപ്പെടുമ്പോള്‍ കര്‍ത്താവു നമ്മെ പഠിപ്പിക്കുന്ന പാഠം ഇതാണ്. സ്വന്ത ശക്തിയിലൂടെ നിങ്ങള്‍ക്കു വിജയം ലഭിക്കുക സാധ്യമല്ല. നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴിലായിരിക്കുന്ന കാലത്തോളം പാപം നിങ്ങളുടെ മേല്‍ അധികാരം നടത്തും. തന്‍റെ ഓരോ മക്കളിലും ദൈവം ചെയ്വാനാഗ്രഹിക്കുന്ന പ്രധാന പ്രവൃത്തി അവരുടെ സ്വന്ത ശക്തിയെ തകര്‍ത്തുകളയുക എന്നതത്രേ. കാനായില്‍ വച്ചു പഴയ വീഞ്ഞു തീര്‍ന്നു പോകുന്നതിനായി യേശു കാത്തിരുന്നു. അതു തീര്‍ന്നപ്പോള്‍ മാത്രമേ അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ യേശുവിനു കഴിഞ്ഞുള്ളു. ഇപ്പോള്‍ നമ്മുടെ സ്വന്ത ശക്തി ഇല്ലാതാകുന്ന സമയത്തിനായി യേശു കാത്തിരിക്കുകയാണ്. നമ്മുടെ എല്ലാ വീഴ്ചകളും പരാജയങ്ങളും ഈ ഒരവസ്ഥയിലേക്കു നമ്മെ കൊണ്ടുവരാനായി ദൈവം ഒരുക്കിയിട്ടുള്ളവയാണ്. എന്തെന്നാല്‍ നമ്മുടെ ബലഹീനതയില്‍ മാത്രമേ തന്‍റെ ശക്തി വെളിപ്പെടുത്തുവാന്‍ ദൈവത്തിനു കഴിയുകയുള്ളു (2കൊരി. 12:9). പ്രലോഭനത്തിന്‍റെയും പ്രകോപനത്തിന്‍റെയും സന്ദര്‍ഭങ്ങളില്‍ കൈപ്പുള്ള വാക്കുകളും കോപ പ്രകടനങ്ങളും സ്വയം ന്യായീകരണവും മറ്റുള്ളവരെക്കുറിച്ചുള്ള വിമര്‍ശനവും വിധി കല്‍പിക്കലുമെല്ലാം നമ്മില്‍ നിന്നു പുറപ്പെടുമ്പോള്‍ സ്വയത്തിന്‍റെ ശക്തി എത്രമാത്രമെന്നു നമുക്കു കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയില്ലാത്ത മനോഭാവം, ഭൗതികവസ്തുക്കള്‍ സ്വായത്തമാക്കുവാനുള്ള താല്‍പര്യം, നമ്മുടെ അവകാശങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയുള്ള സമരം, പ്രതികാരചിന്ത എന്നിവയെല്ലാം നമ്മില്‍ പ്രത്യക്ഷപ്പെടും. ഇവയും ഇവപോലെയുള്ള മനോഭാവങ്ങളും കാണുമ്പോള്‍ അഹന്ത (സ്വയം) നമ്മില്‍ ഇപ്പോഴും എത്ര ശക്തമായി കുടികൊള്ളുന്നുവെന്നു നമുക്കു ബോധ്യപ്പെടും. പഴയവീഞ്ഞ് ഇപ്പോഴും തീര്‍ന്നിട്ടില്ല. ഈ സമയത്ത് യേശുവാകട്ടെ, ഒന്നും ചെയ്യാതെ ഒരു വശത്തു കാത്തിരിക്കുകയാണ്. ദൈവം നമ്മെ തകര്‍ക്കുവാന്‍ നാം അനുവദിക്കുന്നുവെങ്കില്‍, നമ്മുടെ അവകാശങ്ങള്‍ക്കും പ്രശസ്തിക്കും മരിച്ചവരായിത്തീരുവാന്‍ നാം സമ്മതിക്കുമെങ്കില്‍, പുതിയനിയമജീവിതത്തിലേക്ക് എത്രയും വേഗത്തില്‍ നമ്മെ നയിക്കുവാന്‍ ദൈവത്തിനു കഴിയും. നമുക്കു കടന്നുപോകേണ്ടിവന്ന എല്ലാ വിഷമസാഹചര്യങ്ങളും, നൈരാശ്യങ്ങളും, ഹൃദയവേദനകളും എല്ലാം നമ്മുടെ സ്വന്തശക്തിയെ പൂജ്യസ്ഥാനത്തിലേക്കു കൊണ്ടുവരാനായി ദൈവം മുന്‍കൂട്ടിക്കണ്ടു ക്രമീകരിച്ചിട്ടുള്ളവയാണ്.

ഇയ്യോബിന്‍റെ ജീവിതത്തില്‍ ദൈവം ഈ വിധത്തിലാണ് പ്രവര്‍ത്തിച്ചത്. ഒടുക്കം ഇയ്യോബ് പൂജ്യസഥാനത്തെത്തി. അവിടെ നിലത്തെ പൊടിയില്‍ കിടന്ന് അനുതപിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “യഹോവേ, ഞാന്‍ നിസ്സാരനല്ലോ (ഞാന്‍ ഒരു പൂജ്യം മാത്രമാണ്). ഞാന്‍ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. …. ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു. ഇപ്പോഴോ എന്‍റെ കണ്ണാല്‍ നിന്നെ കാണുന്നു. ആകയാല്‍ ഞാന്‍ എന്നെത്തന്നെ വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോ. 40:4; 42:5,6).

ദൈവം അവസാനമായി നമ്മെ തകര്‍ക്കുകയും തന്നെക്കുറിച്ചുള്ള ഒരു വെളിപ്പാട് നമുക്കു നല്‍കുകയും ചെയ്യുമ്പോള്‍ ഇപ്രകാരമാണ് സംഭവിക്കുന്നത്. 40 വയസ്സുള്ള കാലത്ത് വളരെ കഴിവുള്ളവനെന്ന് സ്വയം അഭിമാനിച്ചിരുന്ന മോശെ വീണ്ടും നാല്‍പതു വര്‍ഷത്തിനുശേഷം തനിക്കു ദൈവദര്‍ശനം ലഭിച്ചപ്പോള്‍ സ്വയം തകര്‍ന്നവനായി ഇപ്രകാരം പറഞ്ഞു: “കര്‍ത്താവേ, എനിക്ക് ഒരു കഴിവുമില്ല; മറ്റാരെയെങ്കിലും അയയ്ക്കണമേ” (പുറ. 4:10,13).

യെശയ്യാവിനും അദ്ദേഹം ദൈവമഹത്വം ദര്‍ശിച്ചപ്പോള്‍ ഇതുപോലെതന്നെ സംഭവിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് അയ്യോ കഷ്ടം! ഞാന്‍ നശിച്ചു. ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളൊരു മനുഷ്യന്‍” (യെശ. 6:5). ദാനിയേല്‍ തനിക്കു ദൈവദര്‍ശനം ലഭിച്ചപ്പോള്‍ “എനിക്ക് ഒട്ടും ബലമില്ലാതായി” എന്നു പറയുന്നു (ദാനി. 10:8). പരിശുദ്ധാത്മപൂര്‍ണ്ണനായ യോഹന്നാന്‍ ദൈവത്തോടുകൂടി 65 വര്‍ഷം നടന്നതിനു ശേഷം പത്മോസ് ദ്വീപില്‍ വച്ച് യേശുവിനെ കണ്ടപ്പോള്‍ മരിച്ചവനെപ്പോലെ അവിടുത്തെ കാല്‍ക്കല്‍ വീണു (വെളി. 1:17).

എല്ലാ കാലത്തും ദൈവമഹത്വം ദര്‍ശിച്ച എല്ലാവരുടെയും അവസ്ഥ ഇപ്രകാരം തന്നെ ആയിരുന്നു . അവരുടെ മുഖം പൊടിയിലമര്‍ന്നു. അവരുടെ വായ് അടഞ്ഞുപോയി. ഈയൊരവസ്ഥയിലേക്ക് ഒരിക്കല്‍ ദൈവം നമ്മെ കൊണ്ടുവന്നു കഴിഞ്ഞാല്‍ യേശുവിന്‍റെ ജീവന്‍ എന്ന പുതുവീഞ്ഞ്, അതായത് ദൈവസ്വഭാവം, നമുക്കു നല്‍കുവാന്‍ അവിടുത്തേക്ക് എളുപ്പം സാധിക്കും. യേശുവിന്‍റെ രക്തം കൊണ്ടു മുദ്രയിടപ്പെട്ട പുതിയനിയമത്തിന്‍റെ സര്‍വ്വോന്നതമായ അനുഗ്രഹം ഈ ദിവ്യസ്വഭാവമാണ്.

ഹാ! നാമെല്ലാവരും ഈയൊരനുഭവത്തിലേക്കു വേഗം വന്നെത്തി നമ്മുടെ മുഖം പൊടിയിലമര്‍ത്തിക്കൊണ്ട് ജീവിതകാലം മുഴുവന്‍ അവിടെത്തന്നെ ജീവിച്ചിരുന്നെങ്കില്‍! എന്തെന്നാല്‍ വെളിച്ചത്തില്‍ നിന്നു വെളിച്ചത്തിലേക്കും തേജസ്സില്‍ നിന്നു തേജസ്സിലേക്കുമുള്ള ഒരു വളര്‍ച്ചയാണു നമുക്കപ്പോള്‍ സംഭവിക്കുന്നത് (സദൃ. 4:18; 2കൊരി. 3:18).

വെളിച്ചത്തില്‍ നടക്കുന്നതിനെപ്പറ്റി യോഹന്നാന്‍ സംസാരിക്കുന്നു (1യോഹ. 1:7). വെളിച്ചത്തില്‍ നില്‍ക്കുകയല്ല, പിന്നെയോ വെളിച്ചത്തില്‍ നടക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഇരുട്ട് ഒട്ടുമില്ലാതെ വെളിച്ചം മാത്രമായ ദൈവത്തിങ്കലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തു ചെല്ലുന്ന ഒരു വളര്‍ച്ചയുടെ അനുഭവമാണത്. അങ്ങനെ കൂടുതല്‍ കൂടുതല്‍ വെളിച്ചം നമ്മുടെമേല്‍ പ്രകാശിക്കുകയും തല്‍ഫലമായി നമ്മുടെ ജഡത്തില്‍ ഒളിഞ്ഞിരിക്കുന്നവയും നമുക്കു ബോധമില്ലാതിരുന്നവയുമായ പാപങ്ങളെപ്പറ്റി നാം കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായിത്തീരുകയും അപ്പോള്‍ യേശുവിന്‍റെ രക്തം സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഇപ്രകാരമാണു ദൈവത്തോടു നാം അധികമധികം അടുത്തു ചെല്ലുന്തോറും നമ്മുടെ ജഡത്തിലെ പാപങ്ങളെപ്പറ്റി അധികമായ ബോധ്യം നമുക്കു ലഭിക്കുകയും നമ്മുടെ ചുറ്റുമുള്ള മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചു അല്‍പമാത്രമായ ചിന്ത നമുക്കുണ്ടാകുകയും ചെയ്യുന്നത്. യേശുവിന്‍റെ സാന്നിധ്യത്തില്‍ നമ്മുടെതന്നെ ജഡത്തിലുള്ള പാപങ്ങളെക്കുറിച്ചു നാം ബോധമുള്ളവരായിത്തീരുമ്പോള്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെമേല്‍ കല്ലെറിയുവാന്‍ നമുക്കാഗ്രഹമില്ലാതായിത്തീരുന്നു. “ഹാ! എന്തൊരു ദുഷ്ട സ്ത്രീ” എന്നു വിളിച്ചുപറയാതെ “അയ്യോ! ഞാന്‍ എത്ര അരിഷ്ടമനുഷ്യന്‍!” എന്നു നാം സ്വയം നിലവിളിക്കുവാനാരംഭിക്കുന്നു (റോമര്‍. 7:24). ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കെത്തന്നെ ആദാം തന്‍റെ ഭാര്യയുടെ നേരേ ദോഷാരോപണത്തിന്‍റെ വിരല്‍ ചൂണ്ടി (ഉല്‍പ. 3:12). എന്നാല്‍ യഹോവ അവനു തന്‍റെ പാപത്തെക്കുറിച്ചുതന്നെ ബോധം വരുത്തി. ഇതു തന്നെയാണു ദൈവം നമ്മുടെ കാര്യത്തിലും ചെയ്യുന്നത്. നമുക്കു കേവലമൊരു മതപാരമ്പര്യവും കുറേ ഉപദേശങ്ങളും മാത്രമാണോ ഉള്ളത്? അതോ നാം ദൈവത്തിന്‍റെ മുഖപ്രകാശത്തില്‍ നടക്കുന്നവരോ? എങ്കില്‍ ഈ ആഴമായ പാപബോധം നമുക്കുണ്ടാകും.

നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും വീഞ്ഞു തീര്‍ന്നുപോയ ഒരനുഭവം നമുക്കുണ്ടായിട്ടുണ്ടോ? എങ്കില്‍ നാം കര്‍ത്താവിന്‍റെ മുഖമന്വേഷിക്കുകയും നമ്മുടെ ആവശ്യം അവിടുത്തോടേറ്റുപറയുകയും ചെയ്യാനുള്ള സമയമായി. പുതിയ വീഞ്ഞു നമുക്കു നല്‍കുവാന്‍ അവിടുത്തേക്കു മാത്രമേ കഴിയൂ. കാനായിലെ പുതിയ വീഞ്ഞു മനുഷ്യപ്രയത്നത്താല്‍ ഉല്‍പാദിക്കപ്പെട്ടതല്ല. അതു ദൈവത്തിന്‍റെ പ്രകൃത്യതീതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. നമ്മുടെ ജീവിതത്തിലും അതുപോലെമാത്രമേ സംഭവിക്കുകയുള്ളു. ദൈവം നമ്മുടെ ഹൃദയത്തിലും മനസ്സിലും അവിടുത്തെ പ്രമാണങ്ങള്‍ എഴുതുകയും തന്‍റെ പൂര്‍ണ്ണഹിതം ചെയ്യുവാനുള്ള ഇച്ഛ നമ്മിലങ്കുരിപ്പിക്കുകയും ചെയ്യും (എബ്രാ. 8:10; ഫിലി. 2:13). അവിടുന്നു തന്നെ സ്നേഹിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ പരിച്ഛേദന കഴിക്കും. എന്നിട്ടു തന്‍റെ കല്‍പനകളുടെ വഴിയില്‍ നമ്മെ നടത്തും (ആവ: 30:6: യെഹെ. 36:27). കാനായില്‍ ഉല്‍പാദിക്കപ്പെട്ട പുതിയ വീഞ്ഞ് എപ്രകാരം ദൈവത്തിന്‍റെ പ്രവര്‍ത്തന ഫലമായിരുന്നുവോ അതുപോലെ തന്നെ ഇതും അവിടുത്തെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്നതത്രേ. ഇതാണു കൃപയുടെ അര്‍ത്ഥം. ഒരു ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചാലും യേശുവിന്‍റെ ജീവന്‍ സ്വയം ഉല്‍പാദിപ്പിക്കുവാന്‍ നമുക്കു സാധ്യമല്ല. എന്നാല്‍ നാം നമ്മുടെ ശരീരത്തില്‍ യേശുവിന്‍റെ മരണം വഹിക്കുന്നുവെങ്കില്‍  അതായത് ഓരോ ദിവസവും നമ്മുടെ ക്രൂശെടുത്തു സ്വയം മരിക്കുകയും നമ്മുടെ സ്വേച്ഛയ്ക്കും അവകാശങ്ങള്‍ക്കും പ്രശസ്തിക്കും മരിച്ചവരായിത്തീരുകയും ചെയ്യുമെങ്കില്‍  യേശുവിന്‍റെ ജീവനാകുന്ന പുതിയ വീഞ്ഞു താന്‍ നമ്മില്‍ ഉല്‍പാദിപ്പിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (2കൊരി. 4:10).

യേശുവിനെ നോക്കിക്കൊണ്ടും എപ്പോഴും അവിടുത്തോടുമാത്രം നമ്മെ താരതമ്യപ്പെടുത്തിക്കൊണ്ടും ഈ ഓട്ടം നാം ഓടേണ്ടതാണ്. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ ഹൃദയത്തില്‍ നിന്ന് “അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍!” എന്ന നിരന്തരമായ ഒരു നിലവിളി ഉണ്ടാകയുള്ളു. എന്തെന്നാല്‍ ബോധപൂര്‍വ്വമുള്ള പാപങ്ങളുടെ മേലുള്ള ഒരു വിജയം നമുക്കു ലഭിച്ചതിനുശേഷവും യേശുവിനു തുല്യരായിത്തീര്‍ന്നിട്ടില്ലാത്ത ഒരു സ്ഥിതിയാണു നമ്മില്‍ ഏറിയകൂറും ഉള്ളതെന്നു നാം മനസ്സിലാക്കും. മറ്റു വിശ്വാസികളോടു തങ്ങളെത്തന്നെ താരതമ്യപ്പെടുത്തുന്നവര്‍ ആത്മീയമായി വിഡ്ഢികളാണ് (2കൊരി. 10:12). കാരണം, ആത്മീയമായ നിഗളത്തിലേക്കും മറ്റു നൂറുകൂട്ടം ദുഷ്ടസ്വഭാവങ്ങളിലേക്കുമുള്ള സുനിശ്ചിതമായ വഴിയാണത്. യേശുവിന്‍റെ മേല്‍ നമ്മുടെ ദൃഷ്ടി ഉറപ്പിക്കുകയും അവിടുത്തോടു നമ്മെ താരതമ്യപ്പെടുത്തുകയും ചെയ്യുന്ന കാലത്തോളം ആത്മീയനിഗളമെന്ന വിപത്തു നമ്മെ പിടികൂടുകയില്ല. പരിശുദ്ധാത്മാവു ദൈവവചനമായ കണ്ണാടിയില്‍ യേശുവിന്‍റെ മഹത്വം നമുക്കു കാണിച്ചുതരും. അപ്പോള്‍ മാത്രമേ ആ സാദൃശ്യത്തിലേക്കു നമ്മെ നയിക്കുവാന്‍ ദൈവത്തിനു കഴിയുകയുള്ളു (2കൊരി. 3:18). തനിക്ക് ഒരേയൊരു ലക്ഷ്യത്തിലേക്കു മാത്രമാണു മുന്നോട്ട് ഓടുവാനുള്ളതെന്നു പൗലോസ് പറയുന്നു. അതു നശിച്ചു പോകുന്ന ആത്മാക്കളുടെ മാനസാന്തരമല്ല; പിന്നെയോ ക്രിസ്തുയേശുവിലുള്ള (അവിടുത്തോടു അനുരൂപരായിത്തീരുവാനുള്ള) ദൈവത്തിന്‍റെ പരമവിളിയാണ് (ഫിലി. 3:13,14). അതു പറഞ്ഞശേഷം പൗലോസ് പറയുന്നത് “നമ്മില്‍ തികഞ്ഞവരൊക്കെയും (ബോധപൂര്‍വ്വമായ പാപങ്ങളുടെമേല്‍ വിജയം നേടിയവരൊക്കെയും) ഇപ്രകാരം തന്നെ ചിന്തിച്ചുകൊള്ളുക” (പരിപൂര്‍ണ്ണതയിലേക്ക് – യേശുവിനോടു തികച്ചും അനുരൂപരായിത്തീരുന്ന അവസ്ഥയിലേക്ക് – മുന്നോട്ടു നീങ്ങുവാന്‍ ആഗ്രഹിച്ചുകൊള്ളുക) എന്നാണ് (ഫിലി. 3:15). ആത്മീയമായി പക്വത പ്രാപിച്ച ക്രിസ്ത്യാനിയുടെ അടയാളം ഇതത്രേ. പരിപക്വത പ്രാപിച്ച ഒരു ദൈവദാസന്‍റെ ജീവിതത്തില്‍ ദൈവത്തെ സേവിക്കുക, സുവിശേഷമറിയിക്കുക തുടങ്ങിയവയ്ക്കെല്ലാം രണ്ടാം സ്ഥാനമേയുള്ളു; മേല്‍പ്പറഞ്ഞ ലക്ഷ്യത്തിലെത്തുന്നതിനാണു പ്രഥമസ്ഥാനം.

യോഹന്നാനും നമ്മോടു പറയുന്നത് ഇപ്രകാരം ദൈവത്തിന്‍റെ വെളിച്ചത്തില്‍ നടക്കുന്നതു മൂലമാണു നമുക്കു തമ്മില്‍ത്തമ്മില്‍ കൂട്ടായ്മയുണ്ടാകുന്നതെന്നാണ്. ദൈവത്തോടുള്ള കൂട്ടായ്മ മാത്രമല്ല, പൂര്‍ണ്ണമായ ഐക്യത്തില്‍ മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയും ഇതേ വഴിയിലൂടെയാണു നമുക്കുണ്ടാകുന്നത് (1യോഹ. 1:7). കാരണം വളരെ ലളിതമാണ്. ദൈവമുമ്പാകെ ജീവിച്ചുകൊണ്ടു വെളിച്ചത്തില്‍ നടക്കുന്നവന്‍ തന്‍റെ കുറവുകളെക്കുറിച്ച് എപ്പോഴും ബോധമുള്ളവനായും നിരന്തരം തന്നെത്തന്നെ വിധിക്കുന്നവനായും ജീവിക്കും. അവന്‍ മറ്റു സഹോദരന്മാരെ ഒരു തരത്തിലും കുറ്റം വിധിക്കുകയില്ല. അതിനാല്‍ ഈ വഴിയില്‍ കൂടി നടക്കുന്ന രണ്ടു സഹോദരന്മാര്‍ തമ്മില്‍ ഒരുതരം ഭിന്നതയും ഉണ്ടാവുകയില്ല. ചുരുക്കം പേര്‍ മാത്രം കണ്ടെത്തുമെന്നു യേശു പറഞ്ഞ ഇടുക്കമുള്ള വഴി ഇതാണ് (മത്താ. 7:14). ദൈവഭവനത്തില്‍ നീതിമാന്മാര്‍ ആദ്യം തങ്ങളെത്തന്നെ വിധിക്കുന്നു. എന്തെന്നാല്‍ ദൈവത്തിന്‍റെ ഭവനത്തില്‍ അടുത്തുകൂടാത്ത വെളിച്ചത്തില്‍ ദൈവം വസിക്കുന്നു (1പത്രോ. 4:17; 1തിമോ. 6:6). “നമ്മിലാര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നീതിയായി നടന്ന് നേര്‍ പറയുകയും …. ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവന്‍” (തന്നെക്കുറിച്ചുള്ള സത്യത്തെത്തന്നെ അഭിമുഖീകരിക്കുന്നവന്‍) (യെശ. 33:14,15).

ലവോദിക്യാസഭയുടെ ദൂതന്‍റെ (മൂപ്പന്‍റെ) പാപം ഇതായിരുന്നു. അദ്ദേഹം ഈവിധം നിരന്തരമായി സ്വയം വിധിച്ചുകൊണ്ടു ജീവിച്ചില്ല. (നിങ്ങള്‍ ഒരു മൂപ്പനെങ്കില്‍ ഈ തെറ്റില്‍ വീഴാന്‍ കൂടുതല്‍ എളുപ്പമാണ്). തന്മൂലം താന്‍ അരിഷ്ടനാണെന്ന കാര്യം  അദ്ദേഹം മനസ്സിലാക്കിയതുമില്ല (വെളി. 3:17).

നിരന്തരം മനസ്സു തകര്‍ന്ന അനുഭവത്തില്‍ സ്വയം വിധിച്ചുകൊണ്ട് – “അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍!” എന്നു നിലവിളിച്ചുകൊണ്ട് – നമ്മുടെ ജീവിതകാലം മുഴുവന്‍ ദൈവത്തിന്‍റെ കണ്ണുകള്‍ക്കു മുമ്പില്‍ ഈവിധം ജീവിപ്പാന്‍ നമുക്ക് ഇടയാകട്ടെ. അങ്ങനെയെങ്കില്‍ ഈ ഭൂമിയില്‍ രക്ഷ പ്രാപിച്ച ഒരു പാപിക്കു എത്തിച്ചേരുവാന്‍ കഴിയുന്ന ഏറ്റവുമുന്നതമായ സ്ഥാനത്തു നാമെത്തുമ്പോഴും ആത്മാര്‍ത്ഥതയോടെയും കപടവിനയം കൂടാതെയും ‘ഞാന്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവന്‍’ എന്നും ‘ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍’ എന്നും നമുക്കു പറവാന്‍ സാധിക്കും (എഫേ. 3:8; 1തിമോ. 1:15). അങ്ങനെയെങ്കില്‍ ഇതേ വഴിയില്‍ക്കൂടി മുന്നോട്ടു പോകുന്ന മറ്റു വിശ്വാസികളുമായി നമുക്കു പിതാവും പുത്രനും ഒന്നായിരിക്കുന്നതു പോലെയുള്ള ഒരു കൂട്ടായ്മബന്ധം പുലര്‍ത്തുവാനും സാധിക്കും (യോഹ. 17:21). ഇതാണ് യേശു നമുക്ക് തരുവാനാഗ്രഹിക്കുന്ന പുതിയ വീഞ്ഞ്.

പുതിയ തുരുത്തി

ഇതുവരെപ്പറഞ്ഞ കാര്യങ്ങളില്‍ സന്തോഷം തോന്നിയ പലരും ഇപ്പോള്‍ തങ്ങള്‍ക്ക് പുതിയൊരു തുരുത്തി (തുകല്‍പ്പാത്രം) കൂടി ലഭിക്കുവാനാവശ്യമായ വിലകൊടുപ്പാന്‍ മനസ്സില്ലാത്തവരായിത്തീര്‍ന്നെന്നു വരാം. എന്നാല്‍ “പുതുവീഞ്ഞു പതിയ തുരുത്തിയിലത്രേ പകര്‍ന്നു വയ്ക്കേണ്ടത്” എന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്കോ. 5:38). ഇവിടെയാണു നമ്മുടെ അനുസരണം ശോധന ചെയ്യപ്പെടുന്നത്.

പുതുവീഞ്ഞു ലഭിക്കുവാന്‍ നാം പാപത്തോടു പോരാടേണ്ടതുണ്ട്. എന്നാല്‍ പുതിയ തുരുത്തി ലഭിക്കുവാനാകട്ടെ, ദൈവവചനത്തെ നിഷ്ഫലമാക്കിത്തീര്‍ത്ത വിവിധ മതപാരമ്പര്യങ്ങളെയാണു നാം എതിര്‍ക്കേണ്ടിയിരിക്കുന്നത്. പലര്‍ക്കും പാപത്തില്‍ നിന്നും വിട്ടുമാറുന്നതിനെക്കാള്‍ വളരെയധികം പ്രയാസം മാനുഷപാരമ്പര്യങ്ങളില്‍ നിന്നു വിട്ടുമാറുവാനാണ്. എന്നാല്‍ ബലാല്‍ക്കാരികള്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയുള്ളു (മത്താ. 11:12). ബലാല്‍ക്കാരപൂര്‍വ്വം കൈകാര്യം ചെയ്താലല്ലാതെ മതപാരമ്പര്യങ്ങളെ നീക്കിക്കളയുവാന്‍ സാധ്യമല്ല.

പാപത്തിനെതിരായി പ്രസംഗിച്ചതിനല്ല, പിന്നെയോ യഹൂദന്മാരുടെയിടയില്‍ ദൈവവചനത്തെ ഫലശൂന്യമാക്കിയ മതപാരമ്പര്യങ്ങള്‍ക്കെതിരേ പ്രസംഗിച്ചതിനാലാണു യേശു ക്രൂശിക്കപ്പെട്ടത് (മര്‍ക്കോ. 7:1-13). ജഡികരായ മതനേതാക്കളുടെ കപടഭക്തിയെയും അവരുടെ പാരമ്പര്യങ്ങളുടെ പൊള്ളത്തരത്തെയും യേശു വെളിച്ചത്തു കൊണ്ടുവരുകയും മതത്തിന്‍റെ പേരില്‍ പണം സമ്പാദിച്ചവരെ ദേവാലയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. മതപരമായ സംശുദ്ധിക്കുവേണ്ടിയുള്ള അവിടുത്തെ തീക്ഷ്ണത യഹൂദനേതാക്കളെ കുപിതരാക്കി. അതിനാല്‍ അവിടുത്തെ ക്രൂശിക്കുവാന്‍ അവര്‍ തീരുമാനിച്ചു.

ഹൃദയത്തകര്‍ച്ചയെപ്പറ്റിയും പുതുവീഞ്ഞിനെപ്പറ്റിയുമുള്ള ഒരു സന്ദേശം പ്രസംഗിക്കുന്നതുമൂലം ആളുകള്‍ നമ്മെ ക്രൂശിക്കുവാന്‍ മുതിരുകയില്ല. എന്നാല്‍ ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും പ്രഖ്യാപിക്കുകയും ഈ പുതു വീഞ്ഞു പുതിയ തുരുത്തിയില്‍ത്തന്നെ പകര്‍ന്നുവയ്ക്കണമെന്നു അനുശാസിക്കുകയും ചെയ്യുന്നപക്ഷം ക്രൈസ്തവലോകത്തിലെ അധികാരിവര്‍ഗ്ഗത്തിന്‍റെ കോപത്തിന്- റോമന്‍ കത്തോലിക്കാ സി. എസ്. ഐ. ബിഷപ്പന്മാരുടെയും പെന്തെക്കോസ്ത് പാസ്റ്റര്‍മാരുടെയും ജനറല്‍ സൂപ്രണ്ടുമാരുടെയുമെല്ലാം തന്നെ വിദ്വേഷത്തിന് -നിങ്ങള്‍ പാത്രമായിത്തീരും.

              എന്തുകൊണ്ടാണു പുതുവീഞ്ഞു പഴയ തുരുത്തിയില്‍ വയ്ക്കുവാന്‍ സാധ്യമല്ലെന്ന് യേശു പറഞ്ഞത്? കാരണം, പഴയ തുരുത്തി ഒട്ടും അയവില്ലാത്തതാകയാല്‍ അതു പൊളിഞ്ഞുപോകും എന്നതുതന്നെ. പഴയ തുരുത്തി പഴയതു സൂക്ഷിക്കുവാന്‍ ഒരിക്കല്‍ പ്രയോജനമുള്ളതായിരുന്നു. എന്നാല്‍ പുതിയ വീഞ്ഞിന്‍റെ കാര്യത്തില്‍ അതു നിഷ്പ്രയോജനം തന്നെ.

യഹൂദമതസംഘടനയെന്ന പഴയ തുരുത്തിയെ പഴയ വീഞ്ഞു സൂക്ഷിക്കുവാന്‍ ഒരിക്കല്‍ മോശെ മുഖാന്തരം ദൈവം നിയമിച്ചതാണ്. എന്നാല്‍ ക്രിസ്തു വരികയും പുതിയനിയമം സ്ഥാപിക്കുകയും ചെയ്തതോടെ പുതിയ ഒരു തുരുത്തി ആവശ്യമായിത്തീര്‍ന്നു. പഴയതു നീങ്ങിപ്പോയേ മതിയാവൂ. പഴയതിനെ പുതിയതിനോടൊപ്പം തുന്നിച്ചേര്‍ത്തു സൂക്ഷിക്കുവാന്‍ സാധ്യമല്ലെന്നും അതുമൂലം കീറല്‍ വല്ലാതെ യാകുമെന്നും യേശു പറഞ്ഞിട്ടുണ്ട് (ലൂക്കോ. 5:36).

ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ യഹൂദമതമെന്ന പഴയ തുരുത്തിയെ നാം നീക്കിക്കളയുകയും, ക്രൈസ്തവസഭയാകുന്ന പുതിയ തുരുത്തി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കാം. എന്നാല്‍ ക്രൈസ്തവസഭയെന്നു നാം വിളിക്കുന്ന സംവിധാനത്തെ സൂക്ഷിച്ചു പരിശോധിച്ചാല്‍ പഴയനിയമസമ്പ്രദായങ്ങളില്‍ ഒട്ടുവളരെ കാര്യങ്ങള്‍ അതില്‍ ഇപ്പോഴും അവശേഷിച്ചിരിക്കുന്നതുകണ്ടു നമുക്കു വിസ്മയം തോന്നിപ്പോകും.

ധാരാളം ഉദാഹരണങ്ങളുണ്ടെങ്കിലും മൂന്നു കാര്യങ്ങള്‍ മാത്രം നമുക്കിവിടെ ചിന്തിക്കാം.

ഒന്നാമതായി യഹൂദന്മാരടെ ഇടയില്‍ പുരോഹിതവൃത്തി സ്വീകരിച്ച് എല്ലാ മതപ്രവര്‍ത്തനങ്ങളും നിര്‍വ്വഹിച്ചിരുന്ന ഒരു പ്രത്യേക ഗോത്രമുണ്ടായിരുന്നു-ലേവ്യര്‍. എല്ലാ യഹൂദന്മാര്‍ക്കും പുരോഹിതന്മാരാകുവാന്‍ സാധ്യമല്ല. എന്നാല്‍ പുതിയനിയമ പ്രകാരം എല്ലാ വിശ്വാസികളും പുരോഹിതന്മാരാണ് (1പത്രോ. 2:5; വെളി. 1:6). ഈ സത്യം മിക്ക വിശ്വാസികളും താത്വികമായി അംഗീകരിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ പ്രായോഗികമായി അതു പ്രമാണിക്കുന്നുള്ളു. മിക്കവാറും എല്ലാ ക്രിസ്തീയ സമൂഹങ്ങള്‍ക്കും അവരുടെ ‘പുരോഹിത’ന്മാരോ, ‘പാസ്റ്ററ’ന്മാരോ, ‘ദൈവ ദാസ’ന്മാരോ, ‘പൂര്‍ണ്ണസമയപ്രവര്‍ത്തക’രോ ഉണ്ട്. ഇവര്‍ പഴയ ലേവിഗോത്രക്കാരെപ്പോലെ ദൈവജനത്തിന്‍റെ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നവരത്രേ. ഈ പുതിയ ലേവ്യര്‍ക്കു മാത്രമേ പുതുവിശ്വാസികള്‍ക്കു സ്നാനം നല്‍കുവാനും അപ്പം മുറിക്കാനും അര്‍ഹതയുള്ളു. ഈ ലേവ്യരെ ദൈവജനങ്ങള്‍ തങ്ങളുടെ ദശാംശം നല്‍കി പുലര്‍ത്തുന്നു. യോഗങ്ങളില്‍ ഇവര്‍ ആധിപത്യം പിടിച്ചടക്കുകയും ക്രിസ്തുവിന്‍റെ ശരീരമെന്ന നിലയില്‍ ഓരോരുത്തരും ചെയ്യേണ്ട ശുശ്രൂഷയ്ക്കു അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഒറ്റയുപദേഷ്ടാവില്‍ മാത്രം കേന്ദ്രീകരിച്ച ഈ പ്രദര്‍ശനം പഴയ തുരുത്തിയുടെ ഭാഗമാണ്. പുതിയനിയമ വ്യവസ്ഥയനുസരിച്ചു ഓരോ വിശ്വാസിയും പുതുവീഞ്ഞു പാനം ചെയ്യുകയും പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഓരോരുത്തനും വരം ലഭിച്ചതുപോലെയുള്ള ശുശ്രൂഷകള്‍ നിറവേറ്റുകയും ചെയ്യേണ്ടതാണ്. ഇതനുസരിച്ചു യോഗമാരംഭിക്കുമ്പോള്‍ പ്രവാചകന്മാരില്‍ രണ്ടോ മൂന്നോ പേര്‍ക്കു സംസാരിക്കാം. ഒന്നോ രണ്ടോ പേര്‍ അന്യഭാഷയില്‍ സംസാരിക്കാം. ഓരോന്നിനും വ്യാഖ്യാനവും ആകാം. അനന്തരം ഓരോ വിശ്വാസിക്കും പ്രവചിക്കുവാനും സഭയെ പടുത്തുയര്‍ത്തുവാനും സ്വാതന്ത്ര്യമുണ്ട്. ഇതാണ് പുതിയ തുരുത്തി (1കൊരി. 14:2631). 1കൊരി. 13ല്‍ വിവരിക്കുന്ന സ്നേഹത്തിന്‍റെ ജീവിതമാണു പുതുവീഞ്ഞ്. 1കൊരി. 12, 14 എന്നീ അധ്യായങ്ങളില്‍ പുതിയ തുരുത്തിയെ വിവരിച്ചിരിക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ വഴിയില്‍ക്കൂടി കാര്യങ്ങള്‍ നടക്കണമെന്നാഗ്രഹിക്കുന്നവരായി വിശ്വാസികളുടെ കൂട്ടത്തില്‍ എത്ര പേര്‍ കാണും? കഷ്ടം! വളരെ കുറച്ചുപേര്‍ മാത്രം! ശേഷിച്ച ഭൂരിപക്ഷം പേരും തങ്ങളുടെ പഴയ തുരുത്തി കൊണ്ടും തങ്ങളുടെ ശമ്പളം പറ്റുന്ന ലേവ്യരെക്കൊണ്ടും സംതൃപ്തരാണ്.

രണ്ടാമതായി യഹൂദന്മാരുടെ ഇടയില്‍ വിവിധ കാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം കണ്ടുപിടിക്കുവാനായി പ്രവാചകന്മാരുണ്ടായിരുന്നു. കാരണം അന്നു പ്രവാചകന്മാര്‍ക്കു മാത്രമേ പരിശുദ്ധാത്മാവുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമത്തിലെ പ്രവാചകന്മാര്‍ക്കു തികച്ചും വ്യത്യസ്തമായ ഒരു ശുശ്രൂഷയാണുള്ളത്. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ പണിയുകയാണത്. ഇപ്പോള്‍ എല്ലാ വിശ്വാസികള്‍ക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ സാധ്യമായതുകൊണ്ടു തങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം കണ്ടുപിടിക്കുവാനായി ചില പ്രവാചകന്മാരുടെ അടുക്കല്‍ പോകേണ്ട ആവശ്യം അവര്‍ക്കില്ല (എബ്രാ. 8:11; 1യോഹ. 2:27). എന്നിട്ടും ഇപ്പോഴും അനേകം വിശ്വാസികളും തങ്ങള്‍ എന്തുചെയ്യണം, ആരെ വിവാഹം കഴിക്കണം എന്നൊക്കെ അറിയുവാന്‍ വേണ്ടി ചില ദൈവപുരുഷന്മാരുടെ അടുക്കല്‍ പോകുന്നതിലൂടെ പഴയ തുരുത്തിയുടെ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നാമതായി യഹൂദന്മാര്‍ വിപുലമായ ഒരു പ്രദേശത്താകെ ചിതറിപ്പാര്‍ത്തിരുന്ന ഒരു വലിയ സമൂഹമായിരുന്നതിനാല്‍ അവര്‍ക്കു യെരൂശലേമില്‍ ഒരു ഭരണകേന്ദ്രവും (ഹെഡ്ക്വാര്‍ട്ടേഴ്സ്), അവരുടെ നേതാവായി ഭൂമിയിലുള്ള ഒരു മഹാ പുരോഹിതനും ഉണ്ടായിരുന്നു. പുതിയനിയമ വ്യവസ്ഥയനുസരിച്ച് യേശു മാത്രമാണു നമ്മുടെ മഹാപുരോഹിതന്‍. നമ്മുടെ ഏക ഭരണകേന്ദ്രം (ഹെഡ്ക്വാര്‍ട്ടേഴ്സ്) ദൈവ സിംഹാസനവും. യഹൂദന്മാര്‍ക്കു ഒരു നിലവിളക്കും അതില്‍നിന്നു ശാഖകളായി പിരിയുന്ന ഏഴു ശാഖകളും ഉണ്ടായിരുന്നു (പുറ. 25:31,32). ഇതു പഴയ തുരുത്തിയുടെ വ്യവസ്ഥയാണ്. എന്നാല്‍ പുതിയനിയമപ്രകാരം ഓരോ പ്രാദേശികസഭയും ഓരോ പ്രത്യേക നിലവിളക്കാണ്. അതിനു ശാഖകളില്ല. വെളി. 1:12,20 എന്നീ വാക്യങ്ങളില്‍ യഹൂദന്മാരുടെ നിലവിളക്കില്‍ നിന്നു വ്യത്യസ്തമായി, ഏഷ്യാമൈനറിലെ ഏഴു പ്രാദേശിക സഭകളെ പ്രതിനിധാനം ചെയ്യുന്ന ഏഴു നിലവിളക്കുകളെ വര്‍ണ്ണിച്ചിരിക്കുന്നിടത്ത് ഇതു നമുക്കു വ്യക്തമായി കാണാന്‍ കഴിയും. സഭകളുടെ നായകനെന്ന നിലയില്‍ യേശു ഈ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നു. അന്നു ഭൂമിയില്‍ ഏതെങ്കിലും സ്ഥലത്തു ഒരു മാര്‍പ്പാപ്പയോ ജനറല്‍ സൂപ്രണ്ടോ ഏതെങ്കിലും സഭാവിഭാഗത്തിന്‍റെ പരമാധികാരിയോ ഉണ്ടായിരുന്നില്ല. ഭൂമിയില്‍ ഒരിടത്തും അന്തിമ തീരുമാനമെടുക്കേണ്ട ഒരു പ്രധാനമൂപ്പന്‍ ഇല്ലായിരുന്നു. ഓരോ പ്രാദേശികസഭയും പ്രാദേശിക മൂപ്പന്മാരാല്‍ ഭരിക്കപ്പെട്ടിരുന്നു. ഈ മൂപ്പന്മാരെല്ലാം തങ്ങളുടെ ശിരസ്സ് എന്ന നിലയില്‍ ക്രിസ്തുവിനോട് ഉത്തരവാദിത്വമുള്ളവരായിരുന്നു. എന്നാല്‍ ഇന്നാകട്ടെ, നമുക്കു ചുറ്റും യഹൂദന്മാരുടെ പഴയ തുരുത്തിയായ സഭാവിഭാഗമല്ലെന്നവകാശപ്പെടുന്ന ചില സമൂഹങ്ങള്‍ ഉണ്ടെങ്കിലും അവരിലും സഭാവിഭാഗത്തിന്‍റെ സവിശേഷതകളെല്ലാം കാണപ്പെടുന്നുണ്ട്. ഇതാണു പഴയ തുരുത്തി.

ജീര്‍ണ്ണത പടര്‍ന്നുവ്യാപിക്കാതിരിക്കുവാന്‍ വേണ്ടി ദൈവം പ്രാദേശിക സഭയാകുന്ന പുതിയ തുരുത്തിയെ നിയമിച്ചിരിക്കുന്നു. ഏഷ്യാമൈനറിലെ ഏഴു സഭകളും ഒന്നു മറ്റൊന്നിന്‍റെ ശാഖയെന്നവിധം ബന്ധപ്പെട്ടവയായിരുന്നെങ്കില്‍ ബിലെയാമിന്‍റെയും, നിക്കൊലാവ്യരുടെയും ദുരുപദേശങ്ങളും, ഇസബേലിന്‍റെ കള്ള പ്രവചനവും (വെളി. 2:14,15,,20) ഈ ഏഴു സഭകളിലും പടര്‍ന്നുപിടിക്കുവാനിടയാകുമായിരുന്നു. എന്നാല്‍ അവയോരോന്നും വേറേ വേറേ നിലവിളക്കുകളായിരുന്നതിനാല്‍ സ്മുര്‍ന്നയിലും, ഫിലാദെല്‍ഫ്യയിലുമുണ്ടായിരുന്ന രണ്ടു സഭകള്‍ക്ക് അവയുടെ പരിശുദ്ധി പാലിച്ചുകൊണ്ടു നിലനില്‍ക്കുവാന്‍ സാധിച്ചു. അതുകൊണ്ടു നിങ്ങളുടെ അസംബ്ലിയെ വിശുദ്ധിയില്‍ സൂക്ഷിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍ സഭാവിഭാഗവ്യവസ്ഥയാകുന്ന പഴയതുരുത്തിയില്‍ നിന്നും വിടുതല്‍ പ്രാപിക്കുക.

നമ്മുടെ രാജ്യത്ത് ഓരോ പ്രദേശത്തും ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ പണിതുയര്‍ത്തുവാന്‍ ധാരാളം പേരെ ദൈവം എഴുന്നേല്‍പ്പിക്കട്ടെ. അടിമ വ്യവസ്ഥിതിയെ അസംഖ്യം പേരുടെമേല്‍ ഇന്നും അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന മാനുഷികപാരമ്പര്യങ്ങളെ ബലം പ്രയോഗിച്ചു നീക്കിക്കളയുവാന്‍ ഒരുക്കമുള്ളവരെയാണു ദൈവം ഇതിനായി നോക്കിക്കൊണ്ടിരിക്കുന്നത്.

2. ദൈവത്തിന് ആളുകളെ ആവശ്യമുണ്ട്

ദൈവത്തിന് ഇന്നു താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട്..

-ദിനംപ്രതി തന്‍റെ മുമ്പാകെ നിന്നു തന്‍റെ ശബ്ദം കേള്‍ക്കുന്നവര്‍.

-ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍.

-ദൈവത്തോടുള്ള ഉറ്റസ്നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവര്‍; നീതിയെയും സത്യത്തെയും സ്നേഹിക്കുന്നവര്‍.

-കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാള്‍ മരണമാണ് കൂടുതല്‍ അഭികാമ്യമെന്നു കരുതുന്നവരുമായ ആളുകള്‍.

-ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ടു പൂര്‍ണ്ണതയിലേക്കു മുന്നേറുന്നവര്‍; ഭയത്തോടും വിറയലോടും കൂടി സ്വന്തരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍.

-പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍; എത്ര വലിയ പ്രകോപനമുണ്ടായാലും മറ്റൊരു വ്യക്തിയുടെ നേരേ സ്നേഹശൂന്യമായ ഒരു മനോഭാവം കൈക്കൊള്ളാത്തവിധം ദൈവസ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവര്‍.

-മനുഷ്യരുടെ പ്രശംസയോ, ആത്മീയപുരോഗതിയോ, ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ശുശ്രൂഷയോ മറ്റെന്തു തന്നെയോ ലഭിച്ചാലും തങ്ങള്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവരാണെന്നുള്ള ബോധം കൈവിടാതെ താഴ്മയില്‍ത്തന്നെ അടിയുറച്ചു നില്‍ക്കുന്നവര്‍.

-ദൈവവചനത്തിലൂടെ ദൈവസ്വഭാവത്തെക്കുറിച്ചും ഈ ലോകത്തില്‍ ദൈവത്തിനു സാധിക്കുവാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുള്ളവര്‍; ഏറ്റവും ചെറിയ കല്‍പനകളില്‍പ്പോലും അനുസരണക്കേടു കാണിക്കുകയോ, അവ മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഉപേക്ഷ വിചാരിക്കുകയോ ചെയ്യാതെ ദൈവവചനത്തിന്‍റെ മുമ്പില്‍ വിറയ്ക്കുന്നവര്‍.

-ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും മറ്റുള്ളവരെ അറിയിക്കയും മതപരമായ വേശ്യാവൃത്തിയെയും ദൈവവചനവിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളെയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുന്നവര്‍.

-ദൈവഭക്തിയുടെ മര്‍മ്മത്തെപ്പറ്റി-ക്രിസ്തു ജഡത്തില്‍ വെളിപ്പെടുകയും തന്‍റെ ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തതിനെപ്പറ്റി-പരിശുദ്ധാത്മാവിലൂടെ വെളിപ്പാടു പ്രാപിച്ചവര്‍.

-തീക്ഷ്ണതയോടും സ്ഥിരചിത്തതയോടും കൂടി അദ്ധ്വാനിക്കുന്നവര്‍; അതേ സമയം തന്നെ നര്‍മ്മബോധവും ശാന്തതയും പൂണ്ടു കൊച്ചുകുട്ടികളോടൊത്തു കളിക്കുവാനും പ്രകൃതിദത്തമായ ദൈവികദാനങ്ങള്‍ ആസ്വദിക്കുവാനും കഴിവുള്ളവര്‍.

-തന്നെത്താന്‍ പീഡിപ്പിക്കുന്ന ശരീരാഭ്യാസങ്ങളിലേര്‍പ്പെടാതെതന്നെ ആത്മശിക്ഷണത്തോടും ക്ലേശസഹിഷ്ണുതയോടും കൂടെ ജീവിക്കുന്നവര്‍.

-വിശേഷവസ്ര്തങ്ങളിലോ ഉല്ലാസയാത്രകളിലോ താല്‍പര്യമില്ലാത്തവര്‍; പാഴ്വേലകള്‍ക്കായി തങ്ങളുടെ സമയമോ പ്രയോജനമില്ലാത്ത വസ്തുക്കള്‍ക്കായി പണമോ ദുര്‍വ്യയം ചെയ്യാത്തവര്‍.

-വിശിഷ്ടഭോജ്യങ്ങളോടുള്ള കൊതി ഉപേക്ഷിച്ചവര്‍; സംഗീതം, വിനോദം എന്നിവപോലെ നിയമാനുസൃതങ്ങളായ കാര്യങ്ങള്‍ക്കു തന്നെയും അടിമകളാകാത്തവര്‍.

-മനുഷ്യരുടെ പരിഹാസം, ഉപദ്രവം, വ്യാജമായ കുറ്റാരോപണം, രോഗം, ദാരിദ്ര്യം, സ്വജനങ്ങളുടെ വൈരം, മതനേതാക്കളില്‍ നിന്നുള്ള പീഡനം എന്നീ കഷ്ടതകളുടെ തീച്ചൂളയില്‍ക്കൂടിക്കടന്നും ദൈവത്താല്‍ ആവിധം ശോധന ചെയ്യപ്പെട്ടും കൊള്ളാവുന്നവരായിത്തെളിഞ്ഞവര്‍.

-തങ്ങള്‍ തന്നെ പാപികളില്‍ പ്രധാനികളെന്നറികയാല്‍ നികൃഷ്ടപാപികളോടും ഒന്നിനും കൊള്ളരുതാത്ത വിശ്വാസികളോടും സഹതാപം കാണിപ്പാന്‍ കഴിയുന്ന കരുണാപൂര്‍ണ്ണന്മാര്‍.

-ഒന്നിനെക്കുറിച്ചും ഉല്‍കണ്ഠപ്പെടാതെയും സാത്താനെയോ ദുഷ്ടജനങ്ങളെയോ പ്രതികൂലസാഹചര്യങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടാതെയും തങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവിന്‍റെ സ്നേഹം മൂലമുള്ള പൂര്‍ണ്ണസുരക്ഷിതബോധത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍.

-എല്ലാ കാര്യങ്ങളിലും തങ്ങളുടെ പരമമായ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം മൂലം ദൈവത്തിലുള്ള സ്വസ്ഥതയില്‍ പ്രവേശിച്ചവര്‍; തന്മൂലം എല്ലാ മനുഷ്യര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും സാഹചര്യങ്ങള്‍ക്കുമായി എല്ലായ്പ്പോഴും ദൈവത്തെ സ്തുതിക്കുന്നവര്‍.

-ദൈവത്തില്‍ മാത്രം സന്തുഷ്ടി കണ്ടെത്തുകയാല്‍ എല്ലാ അസന്തുഷ്ടിയെയും ജയിച്ചു സന്തോഷപരിപൂര്‍ണ്ണരായി ജീവിക്കുന്നവര്‍.

-തങ്ങളിലോ തങ്ങളുടെ പ്രകൃതിസിദ്ധമായ കഴിവുകളിലോ ആശ്രയിക്കാതെ എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനും മതിയായ ദൈവത്തില്‍ പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് സജീവമായ വിശ്വാസം മുറുകെപ്പിടിക്കുന്നവര്‍.

-സ്വന്ത വിവേകത്തെയും യുക്തിബോധത്തെയും പിന്തുടരാതെ പരിശുദ്ധാത്മാവു കാണിച്ചുതരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവര്‍.

-കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ തന്നെ പരിശുദ്ധാത്മാവിലും തീയിലും സ്നാനമേറ്റവര്‍; പകരം വ്യാജമായ വല്ല വികാരാവേശത്താലോ ദൈവ ശാസ്ത്രപരമായ വാദഗതികളാലോ കബളിപ്പിക്കപ്പെടാത്തവര്‍.

-നിരന്തരമായ പരിശുദ്ധാത്മാഭിഷേകത്തില്‍ ജീവിക്കുന്നവര്‍; ആ പരിശുദ്ധാത്മാവു നല്‍കുന്ന പ്രകൃത്യതീതമായ കൃപാവരങ്ങളില്‍ സമ്പന്നര്‍.

-ക്രിസ്തുവിന്‍റെ ശരീരമായ സഭയെപ്പറ്റി ദൈവികവെളിപ്പാടു ലഭിക്കുക മൂലം ഏതെങ്കിലും മതസമൂഹത്തിന്‍റെയോ സഭാവിഭാഗമെന്നറിയപ്പെടുന്ന സംഘടനയുടെയോ ഭാഗമാകാതെ ആ യഥാര്‍ത്ഥസഭയെ പണിതുയര്‍ത്തുവാന്‍ വേണ്ടി തങ്ങളുടെ എല്ലാ കഴിവുകളും ഭൗതികസമ്പത്തുകളും ആത്മീയവരങ്ങളും വിനിയോഗിക്കുന്നവര്‍.

-പരിശുദ്ധാത്മസഹായത്താല്‍ സ്വന്തനാവിനു കടിഞ്ഞാണിടുവാന്‍ ശീലിച്ചവര്‍; ഇപ്പോള്‍ ആ നാവു തന്നെ ദൈവവചനം കൊണ്ടു ജ്വലിക്കുമാറു രൂപാന്തരം പ്രാപിച്ചവര്‍.

-തങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകളഞ്ഞവര്‍; പണത്തിന്‍റെയും ഭൗതികവസ്തുക്കളുടെയും ബന്ധനത്തില്‍ നിന്നു സ്വതന്ത്രരായും ദാനങ്ങളാഗ്രഹിക്കാതെയും ജീവിക്കുന്നവര്‍.

-തങ്ങളുടെ ഭൗതികമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവര്‍; ഒരിക്കലും തങ്ങളുടെ ഭൗതികാവശ്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കു സൂചന നല്‍കാത്തവര്‍; തങ്ങളുടെ സേവനത്തെപ്പറ്റി സംഭാഷണത്തിലോ കത്തുകളിലോ റിപ്പോര്‍ട്ടുകളിലോ സ്വയം പ്രശംസിക്കാത്തവര്‍.

-ദുശ്ശാഠ്യക്കാരാകാതെ സൗമ്യപ്രകൃതികളായും തങ്ങളെക്കാള്‍ പ്രായവും അറിവുമുള്ള സഹോദരന്മാരുടെ നിയന്ത്രണത്തിനും തെറ്റു തിരുത്തലിനും വിധേയരായും ജീവിക്കുന്നവര്‍.

-മറ്റുള്ളവരുടെമേല്‍ അധികാരം ചെലുത്തുവാനോ അവരെ ഉപദേശിക്കുവാനോ താല്‍പര്യമില്ലാതെയും (ഉപദേശം തേടുന്നവരെ ഉപദേശിപ്പാന്‍ സന്നദ്ധതയോടും), മൂപ്പന്മാരായോ നായകന്മാരായോ ഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കാതെയും, സാധാരണസഹോദരന്മാരും എല്ലാവര്‍ക്കും ദാസന്മാരുമായി ജീവിക്കുവാന്‍ ഇച്ഛിക്കുന്നവര്‍.

-മറ്റുള്ളവരോടു വിഷമം കൂടാതെ ഒത്തിണങ്ങിപ്പോകുന്നവര്‍; അസൗകര്യങ്ങളും നഷ്ടങ്ങളും സഹിച്ചുകൊണ്ടും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നവര്‍.

-ലക്ഷപ്രഭുവെന്നോ, യാചകനെന്നോ, വെള്ളക്കാരനെന്നോ, കറുത്തവനെന്നോ, ബുദ്ധിജീവിയെന്നോ, ബുദ്ധിഹീനനെന്നോ, സംസ്കാരസമ്പന്നനെന്നോ, അപരിഷ്കൃതനെന്നോ ഭേദം കൂടാതെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്നവര്‍.

-ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെയോ വിശ്വാസികളുടെയോ സ്വാധീനം മൂലം ക്രിസ്തുവിനോടുള്ള തങ്ങളുടെ ഭക്തിയിലും ദൈവ കല്‍പനകളുടെ അനുസരണത്തിലും ഒരു പടി താണും തണുത്തും പോകാതെ ആദ്യസ്നേഹം നിലനിര്‍ത്തുന്നവര്‍.

-സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ധനം, മാനം, മറ്റേതെങ്കിലും പ്രതിഫലം എന്നിവയാല്‍ സ്വാധീനിക്കപ്പെടാതെ ഒരിക്കലും ഒത്തുതീര്‍പ്പിനു സന്നദ്ധരാകാതെ ഉറച്ചുനില്‍ക്കുന്നവര്‍.

-മതാധ്യക്ഷന്മാരെയോ രാഷ്ട്രഭരണാധികാരികളെയോ ഭയപ്പെടാതെ നിര്‍ഭയം ക്രിസ്തുവിന്‍റെ സാക്ഷികളായി നിലകൊള്ളുന്നവര്‍.

-ഭൂമിയില്‍ ഏതെങ്കിലും മനുഷ്യവ്യക്തിയെ പ്രസാദിപ്പിക്കുവാനാഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതില്‍ ഏതൊരാളുടെ പിണക്കവും നേരിടുവാന്‍ ഒരുക്കമുള്ളവര്‍.

-തങ്ങളുടെ മാനുഷികമായ ആവശ്യങ്ങളോ സ്വന്തം സുഖസൗകര്യങ്ങളോ ഗണിക്കാതെ ദൈവമഹത്വത്തിനും ദൈവഹിതത്തിനും ദൈവരാജ്യത്തിനും എപ്പോഴും മുന്‍ഗണന നല്‍കുന്നവര്‍.

-മറ്റുള്ളവരുടെയോ സ്വന്തം ബുദ്ധിയുടെയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിര്‍ജ്ജീവപ്രവൃത്തികള്‍ അനുഷ്ഠിക്കാതെ തങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവം വെളിപ്പെടുത്തിയിട്ടുള്ള തിരുഹിതം മാത്രം ചെയ്യുവാന്‍ വാഞ്ഛയോടെ ആഗ്രഹിക്കുന്നവര്‍.

-ക്രിസ്തീയവേലയില്‍ ദേഹീപരവും (soulish) ആത്മീയവുമായവയെ തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവിനാലുള്ള വിവേചനം പ്രാപിച്ചവര്‍.

-കാര്യങ്ങളെ ഭൗമികമായ കാഴ്ചപ്പാടിലൂടെയല്ല, സ്വര്‍ഗ്ഗീയമായ ദര്‍ശനത്തോടെതന്നെ നോക്കിക്കാണുവാന്‍ കഴിവുള്ളവര്‍.

-ദൈവത്തിനുവേണ്ടി തങ്ങള്‍ നടത്തുന്ന അധ്വാനത്തിനു പ്രതിഫലമായി ലഭിക്കാവുന്ന ലൗകികബഹുമതികളെയും സ്ഥാനങ്ങളെയും പരിത്യജിക്കുന്നവര്‍.

-ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ആവശ്യം വരുമ്പോള്‍ ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ജാഗരിക്കുകയും ചെയ്യുന്നവര്‍.

-ഔദാര്യമായും രഹസ്യത്തിലും വിവേകത്തോടും സന്തോഷത്തോടും കൂടി കൊടുക്കുവാന്‍ ശീലിച്ചിട്ടുള്ളവര്‍.

-ഏതു വിധത്തിലെങ്കിലും ചിലരെ നേടുവാനായി എല്ലാവര്‍ക്കും എല്ലാമായിത്തീരുവാന്‍ സന്നദ്ധതയുള്ളവര്‍.

              -മറ്റുള്ളവര്‍ രക്ഷിക്കപ്പെടുവാന്‍ മാത്രമല്ല, ക്രിസ്തുവിന്‍റെ ശിഷ്യന്മാരാകുവാനും സത്യത്തിന്‍റെ പരിജ്ഞാനത്തിലെത്തുവാനും ദൈവകല്‍പനകള്‍ എല്ലാം അനുസരിക്കുന്നവരായിത്തീരുവാനും ആഗ്രഹിക്കുന്നവര്‍.

-എല്ലാ സ്ഥലത്തും ദൈവത്തിനു വിശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ന്നു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍.

-സഭയില്‍ ക്രിസ്തു മഹത്വീകരിക്കപ്പെട്ടു കാണുവാന്‍ തീവ്രമായ വാഞ്ഛയുള്ളവര്‍.

-ഒരു കാര്യത്തിലും സ്വാര്‍ത്ഥം അന്വേഷിക്കാത്തവര്‍.

-ആത്മീയാധികാരവും ആത്മീയ അന്തസ്സും പാലിക്കുന്നവര്‍.

-വേണ്ടിവന്നാല്‍ ദൈവത്തിനുവേണ്ടി ഈ ലോകത്തില്‍ ഒറ്റയ്ക്കു നില്‍ക്കുവാന്‍ മനസ്സുള്ളവര്‍.

-കഴിഞ്ഞ കാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയുംപോലെ ഒത്തുതീര്‍പ്പിനു വഴങ്ങാതെ ഉറച്ചുനില്‍ക്കുന്നവര്‍.

ഈ വിധത്തിലുള്ള ആളുകള്‍ സംഖ്യയില്‍ വളരെ കുറവാകയാല്‍ ഇന്നും ദൈവത്തിന്‍റെവേല നഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നു.

പാപവും വ്യഭിചാരവുമുള്ള ഒരു തലമുറയില്‍, ഒത്തുതീര്‍പ്പില്‍ ജീവിക്കുന്ന ക്രൈസ്തവലോകത്തിന്‍റെ മധ്യത്തില്‍, ദൈവത്തിനുവേണ്ടി ഇപ്രകാരമുള്ള ഒരുവനായി ജീവിക്കുമെന്നു പൂര്‍ണ്ണഹൃദയത്തോടെ തീരുമാനിക്കുക. ദൈവത്തിനു മുഖപക്ഷമില്ലാത്തതിനാല്‍ അതിനുവേണ്ടി തീക്ഷ്ണതയോടെ നിങ്ങള്‍ ആഗ്രഹിക്കുമെങ്കില്‍ നിങ്ങള്‍ക്കും അപ്രകാരം ഒരുവനാകുവാന്‍ സാധിക്കും. ഒരാളിന്‍റെ ബോധമണ്ഡലത്തില്‍ (conscious area) മാത്രം സമര്‍പ്പണവും അനുസരണവും ആവശ്യപ്പെടുന്നവനാണു ദൈവം. അതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ബോധമണ്ഡലം പരിമിതമാണെങ്കില്‍ത്തന്നെയും ഈ വിധത്തിലുള്ള ഒരുവനാകുവാന്‍ നിങ്ങള്‍ക്കു സാധ്യമാണ്. നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും പരിപൂര്‍ണ്ണതയിലേക്കു വളരുകയും ചെയ്യുന്തോറും ഈ ബോധമണ്ഡലം കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കും. അതിനാല്‍ ഇപ്രകാരമുള്ള ഒരാളാകുവാന്‍ ‘എനിക്കു സാധിക്കുകയില്ലല്ലോ’ എന്നു ചിന്തിച്ചു നിങ്ങള്‍ ക്ലേശിക്കേണ്ട കാര്യമില്ല.

നമ്മുടെ ജഡത്തില്‍ നന്മയൊന്നും വസിക്കാത്തതിനാല്‍ മേല്‍ വിവരിച്ച നന്മകള്‍ നമ്മില്‍ വളര്‍ന്നുവരുവാനായി ദൈവകൃപ നാം അന്വേഷിക്കേണ്ടത് ആവശ്യമാണ്. കാലം അതിന്‍റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ഈ നാളുകളില്‍ ഈ വിധത്തില്‍ ജീവിക്കുന്ന ഒരുവനായിത്തീരുന്നതിനുള്ള ദൈവകൃപയ്ക്കായി ദിനംപ്രതി ദൈവസന്നിധിയില്‍ നിലവിളിക്കുക.               കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

3. സ്ത്രീകള്‍ എങ്ങനെയാകുവാന്‍ ദൈവം ആഗ്രഹിക്കുന്നു?

ദൈവം ഹവ്വയെ സൃഷ്ടിച്ചപ്പോള്‍ ഒരു സ്ത്രീയില്‍ക്കൂടി വെളിപ്പെടുത്തുവാനാഗ്രഹിച്ച ആ മഹത്വത്തെ വിശ്വസ്തതയോടെ പ്രതിഫലിപ്പിക്കുന്ന സ്ത്രീകളെ ഇന്ന് അവിടുത്തേക്ക് ആവശ്യമുണ്ട്.

സ്ത്രീയുടെ മഹത്വം  പുരുഷന്‍റെ തുണയെന്ന നിലയില്‍

ഹവ്വയെ ദൈവം സൃഷ്ടിച്ചതു മനുഷ്യനു തക്ക തുണയായിരിക്കുവാനാണ്. ‘തക്ക തുണ’ എന്ന ഈ പദം തന്നെയാണു യേശുക്രിസ്തു പരിശുദ്ധാത്മാവിനെപ്പറ്റി സംസാരിച്ചപ്പോള്‍ ഉപയോഗിച്ച കാര്യസ്ഥന്‍ അഥവാ തുണയാളി (comforter) എന്ന പദവും (യോഹ. 14:16). സ്ത്രീയുടെ ശുശ്രൂഷ എത്ര മഹത്വമേറിയതെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.

പരിശുദ്ധാത്മാവ് അദൃശ്യനായും നിശ്ശബ്ദനായും എന്നാല്‍ ശക്തിയോടെയും എപ്രകാരം വിശ്വാസിയെ തുണയ്ക്കുന്നുവോ അതുപോലെ പുരുഷനു തുണയായിരിക്കുവാനാണു ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷ അണിയറയിലാണു നടക്കുന്നത്. സ്ത്രീയുടെയും അങ്ങനെതന്നെ.

യേശുവിന്‍റെ ജീവിതവും സ്ത്രീകള്‍ക്കു ദൃഷ്ടാന്തമായിരുന്നു. ദൈവം എപ്രകാരം ക്രിസ്തുവിന്‍റെ തലയായിരുന്നുവോ അപ്രകാരം തന്നെ പുരുഷന്‍ സ്ത്രീയുടെ തലയാണെന്നു ദൈവവചനം പറയുന്നു (1കൊരി. 11:3). യേശു എപ്പോഴും പിതാവിനു കീഴ്പ്പെട്ടാണു പ്രവര്‍ത്തിച്ചത്. ദൈവത്തെ ഭയപ്പെടുന്ന ഒരു സഹോദരിയും അതുപോലെ തന്‍റെ ഭര്‍ത്താവിനു കീഴ്പ്പെട്ടിരിക്കും. ഏദന്‍തോട്ടത്തില്‍ ഹവ്വയ്ക്കു സംഭവിച്ച പരാജയം അവള്‍ ഒരു തീരുമാനമെടുക്കുന്നതിനുമുമ്പു സ്വഭര്‍ത്താവിനോടു ആലോചിച്ചില്ല എന്നതായിരുന്നു. അങ്ങനെ സാത്താന്‍ അവളെ വഞ്ചിച്ചു (1തിമോ. 2:14). യേശു പിതാവിനും സഭ യേശുവിനും കീഴ്പ്പെട്ടിരിക്കുന്നതു പോലെ ഭാര്യമാര്‍ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കുന്നതിന്‍റെ മഹത്വം വെളിപ്പെടുത്തുവാനാണ്, ഹവ്വ പരാജയപ്പെട്ട സ്ഥാനത്തു ഇന്നു ക്രിസ്ത്യാനികളായ സ്ത്രീകളെ ദൈവം ആഹ്വാനം ചെയ്യുന്നത് (എഫേ. 5:24).

ലൂസിഫര്‍ ദൈവത്തിന്‍റെ അധികാരത്തോടു മറുതലിച്ചതുമൂലം പാപം ലോകത്തില്‍ കടന്നു. യേശുക്രിസ്തു ദൈവത്തിനു പൂര്‍ണ്ണമായി കീഴടങ്ങിയതിലൂടെ ലോകത്തിനു രക്ഷയും ലഭിച്ചു. ദൈവാധികാരത്തിനു പൂര്‍ണ്ണമായും കീഴടങ്ങൂന്ന സ്വഭാവം ലോകത്തിലെ ഏറ്റവും മഹത്തായ ശക്തിയാണ്. അതുതന്നെയാണു ക്രിസ്തുവിന്‍റെ ആത്മാവ് (അഥവാ ക്രിസ്തുയേശുവിലുള്ള ഭാവം). ക്രൂശിന്മേല്‍ വച്ച് ആ ആത്മാവ് മറുതലിപ്പിന്‍റേതായ എല്ലാ ദുഷ്ടാത്മാക്കളെയും കീഴടക്കി. ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനു കീഴടങ്ങിയിരിക്കുമ്പോള്‍ അവള്‍ ദൈവവചനത്തിന്‍റെ അധികാരത്തിനു യഥാര്‍ത്ഥത്തില്‍ കീഴടങ്ങൂകയാണു ചെയ്യുന്നത്. തന്മൂലം പ്രപഞ്ചത്തിലുള്ള ഏറ്റവും വലിയ ശക്തിയുടെ സ്വാധീനതയില്‍ അവള്‍ വന്നുചേരുന്നു. ആ ശക്തിയിലൂടെ മാനസാന്തരപ്പെട്ടിട്ടില്ലാത്ത ഭര്‍ത്താക്കന്മാരെക്കൂടി നേടുവാന്‍ അവള്‍ക്കു കഴിയും (1പത്രോ. 3:1,2). തന്‍റെ ഐഹികജീവിതകാലത്തു അവള്‍ ആ കീഴടക്കത്തിന്‍റെ ആത്മാവില്‍ ജീവിക്കുന്നപക്ഷം അവള്‍ ഒരു ജയാളി (Overcomer) ആയിത്തീരുകയും നിത്യയുഗങ്ങള്‍ യേശുവിനോടുകൂടെ വാഴുവാനുള്ള യോഗ്യത സമ്പാദിക്കുകയും ചെയ്യും (വെളി. 3:21).

സാത്താന്‍ ഒരു സ്ത്രീയെ വഞ്ചിക്കുന്നതും ഇതേ കാര്യത്തില്‍ തന്നെയാണ്. അവന്‍ ദൈവദൂതന്മാരെ വഴിതെറ്റിച്ചതുപോലെ മറുതലിപ്പിന്‍റെ ആത്മാവിലൂടെ സ്ത്രീയെയും വഴിതെറ്റിക്കുന്നു. മറുതലിക്കുന്ന സ്ത്രീ തന്‍റെ ഭവനത്തെ ഏതു പാഴ്നിലത്തെക്കാളും ഫലശൂന്യമായ മരുഭൂമിയാക്കിത്തീര്‍ക്കുന്നു (സദൃ. 21:19ന്‍റെ ആന്തരാര്‍ത്ഥം ഇതത്രേ). നേരേ മറിച്ചു ഗുണവതിയും കീഴടങ്ങി ജീവിക്കുന്നവളുമായ ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനെ രാജകിരീടമണിയിക്കുകയും ഭവനത്തെ ഒരു കൊട്ടാരമാക്കി മാറ്റുകയും ചെയ്യുന്നു (സദൃ. 12:4). നിങ്ങളുടെ ഭവനം ആത്മീയാര്‍ത്ഥത്തില്‍ ഒന്നുകില്‍ ഒരു മരുഭൂമിയാകാം, അല്ലെങ്കില്‍ ഒരു കൊട്ടാരമായിത്തീരാം. നിങ്ങള്‍ ഏതു തരത്തിലുള്ള ഒരു ഭാര്യയായിരിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് ഇത് ഇരിക്കുന്നത്. അതിനാല്‍ ദൈവം ഏറ്റവുമധികം വിലമതിക്കുന്നതു സൗമ്യതയും സാവധാനതയുമുള്ള ഒരു ഹൃദയത്തെയാണ് എന്ന കാര്യത്തില്‍ അത്ഭുതപ്പെടുവാന്‍ എന്താണുള്ളത്!

ഇപ്രകാരം സല്‍ഗുണശാലിനിയായ ഒരു ഭാര്യയുടെ ചില സ്വഭാവ വിശേഷങ്ങള്‍ സദൃ. 31:10-31ല്‍ വിവരിച്ചിട്ടുണ്ട്. അവളുടെ ഹൃദയം, കൈകള്‍, നാവ് എന്നിവ അതിശ്രേഷ്ഠം എന്നാണ് അവിടെ വര്‍ണ്ണിച്ചിട്ടുള്ളത്. അവളുടെ ശരീരസൗന്ദര്യത്തെപ്പറ്റി ഒന്നും അവിടെ പറയുന്നില്ല. എന്തെന്നാല്‍ അതു വ്യാജവും വഞ്ചനാത്മകവുമാണ് (വാ. 30). എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും വിശിഷ്യ, വിവാഹത്തെപ്പറ്റി ചിന്തിക്കുന്ന യുവാക്കന്മാരും ഈ സത്യം മനസ്സിലാക്കുന്നത് ഏറ്റവും പ്രയോജനകരമായിരിക്കും.

അവിടെ വര്‍ണ്ണിച്ചിട്ടുള്ള ഗുണവതിയായ സ്ത്രീക്കു ദൈവത്തെ ഭയപ്പെടുന്ന ഒരു ഹൃദയമാണുള്ളത് (വാ. 30). ഇതാണ് അവളുടെ മുഴുവന്‍ ജീവിതത്തിന്‍റെയും അടിസ്ഥാനം. അവള്‍ തന്‍റെ കൈകൊണ്ടു തുണികള്‍ തൈച്ചും ഭക്ഷണമൊരുക്കിയും മരങ്ങള്‍ നട്ടും സാധുക്കളെ സഹായിച്ചും വേല ചെയ്യുന്നു (വാ. 13-22). അവള്‍ എല്ലായ്പ്പോഴും തന്‍റെ നാവുകൊണ്ടു ദയയോടും ജ്ഞാനത്തോടും കൂടി സംസാരിക്കുന്നു (വാ. 26). അവള്‍ ഒരുവേള സുന്ദരിയല്ലെങ്കില്‍ത്തന്നെയും ദൈവഭക്തയും അധ്വാനശീലയും കാരുണ്യവതിയുമത്രേ. അവളുടെ വിശുദ്ധഹൃദയം, പരുപരുത്ത കൈകള്‍, മൃദുവായ നാവ് എന്നിവയിലൂടെ ദൈവമഹത്വം വെളിപ്പെടുന്നു. (നേരേ മറിച്ചു ലോകക്കാരായ സ്ത്രീകള്‍ക്ക് അശുദ്ധഹൃദയം, മൃദുവായ കൈ, പരുഷമായ നാവു എന്നിവയാണുള്ളത്!). ഇന്നു സ്ത്രീകള്‍ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത് ഈ രംഗങ്ങളിലാണ്.

ഗുണവതിയായ ഈ സ്ത്രീ ഒരു ഭാര്യയെന്ന നിലയില്‍ തന്‍റെ ഭര്‍ത്താവിന് ഒരു യഥാര്‍ത്ഥ തുണയാണ്. അവള്‍ ആയുഷ്ക്കാലം മുഴുവന്‍ അവനു തിന്മയല്ല, നന്മ തന്നെ ചെയ്യുന്നു (വാ. 12). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ തന്‍റെ ആദ്യ സ്നേഹം ഒരിക്കലും വിട്ടുകളയുന്നില്ല. ഭര്‍ത്താവിന്‍റെ ജീവിതവൃത്തിക്കനുസരിച്ചു അവള്‍ തന്‍റെ ജീവിതം ക്രമീകരിക്കുന്നു. ഭവനത്തില്‍ ശാന്തമായി ജോലിചെയ്തും പാഴ്ച്ചെലവുകള്‍ ഒഴിവാക്കി സൂക്ഷ്മതയോടെ മിതവ്യയം പാലിച്ചും അവള്‍ സാമ്പത്തികമായി ഭര്‍ത്താവിനെ സഹായിക്കുന്നു. തന്‍റെ ഭര്‍ത്താവു ദേശത്തു കര്‍ത്താവിനുവേണ്ടി ഒരു ശുശ്രൂഷ നിറവേറ്റത്തക്കവിധം അവള്‍ ഗൃഹജോലികളില്‍ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നു (വാ. 23,27). പ്രധാനമന്ത്രിമാരും പ്രസംഗകരുമായ സ്ത്രീകള്‍ ഉള്‍പ്പെടെ ലോകത്തിലുള്ള എല്ലാ സ്ത്രീകളിലും വച്ചു അവള്‍ സര്‍വ്വശ്രേഷ്ഠയെന്നു ഭര്‍ത്താവ് അവളെ പുകഴ്ത്തുന്നുവെങ്കില്‍ അതിലെന്തത്ഭുതം! (വാ. 29). അത്തരമൊരു സ്ത്രീ പരസ്യമായ പ്രശംസ തന്നെ അര്‍ഹിക്കുന്നു (വാ. 31). കാരണം, ഒരു സ്ത്രീയെന്ന നിലയില്‍ ദൈവം തന്നെ വിളിച്ച വിളിയുടെ മഹത്വം മനസ്സിലാക്കിയ ഒരുവളാണവള്‍.

വിശുദ്ധന്മാരെ ഭവനത്തില്‍ കൈക്കൊണ്ടു ശുശ്രൂഷിക്കുന്നതിനു പുതിയ നിയമം വളരെ പ്രാധാന്യം നല്‍കുന്നു. “ഒരു നേരത്തെ ആഹാരമോ രാപാര്‍ക്കാനിടമോ തേടി വരുന്നവരെ നിങ്ങളുടെ ഭവനങ്ങളില്‍ സന്തോഷത്തോടെ സ്വീകരിക്കുവിന്‍. അതിഥികളെ ഭക്ഷണത്തിനു ക്ഷണിക്കുന്ന ശീലം വളര്‍ത്തുവിന്‍” (1പത്രോ. 4:9;റോമര്‍. 12:13, Living Bible). അതിഥിസല്‍ക്കാരം പ്രാഥമികമായി ഗൃഹനായികയുടെ ചുമതലയാണ്. താന്‍ സ്വയം ഒരു പ്രവാചികയാകാതെ തന്‍റെ ഭവനത്തിലേക്കു ഒരു പ്രവാചകനെ സ്വാഗതം ചെയ്യുന്നതിലൂടെ അവള്‍ക്കു പ്രവാചകന്‍റെ പ്രതിഫലം നേടുവാന്‍ കഴിയും (മത്താ. 10:41). യേശുവിന്‍റെ ശിഷ്യന്മാരില്‍ ഏറ്റവും ചെറിയവനു നല്‍കുന്ന ആതിഥ്യത്തിന്‍റെ പ്രതിഫലവും അവള്‍ക്കു ലഭിക്കും (മത്താ. 10:42). ഒരു അപ്പൊസ്തലനെ ഭവനത്തില്‍ കൈക്കൊള്ളുക എന്നതു യേശുവിനെത്തന്നെ കൈക്കൊള്ളുന്നതിനു തുല്യമാണ് (മത്താ. 10:40). ഒരു ശിശുവിനെ യേശുവിന്‍റെ നാമത്തില്‍ കൈക്കൊള്ളുന്നതും യേശുവിനെ കൈക്കൊള്ളുന്നതിനു സമം തന്നെ (മത്താ. 18:5). അതിഥിസല്‍ക്കാരത്തിന്‍റെ ഈ രംഗത്തു എത്ര ഉന്നതമായ സാധ്യതകളാണു ദൈവം സഹോരിമാര്‍ക്കു ഒരുക്കിയിട്ടുള്ളത്! പൗലോസും പത്രോസും ഇതിനെപ്പറ്റി ലേഖനങ്ങളില്‍ എഴുതിയ ആദ്യകാലത്തു ക്രിസ്ത്യാനികള്‍ പൊതുവേ വളരെ പാവപ്പെട്ടവരായിരുന്നു. വിശുദ്ധന്മാര്‍ക്ക് അവര്‍ നല്‍കുവാനാവശ്യപ്പെട്ടിട്ടുള്ളതു ലളിതമായ ഭക്ഷണവും തറയില്‍ കിടന്നുറങ്ങുവാനുള്ള ഒരിടവും മാത്രമായിരുന്നു. സമ്പന്നമായ ഭക്ഷണവും വിശിഷ്ടമായ താമസസൗകര്യവും നല്‍കുവാന്‍ തങ്ങള്‍ക്കു കഴിവുണ്ടാകുന്നതുവരെ അതിഥിസല്‍ക്കാരം സാധ്യമല്ലെന്ന ചിന്ത, മനുഷ്യരുടെ മാനം നേടുന്ന മനോഭാവത്തിന്‍റെ ഫലമാണ്. ദരിദ്രകളായ വിധവകള്‍ പോലും ആദിമശതകത്തില്‍ വിശുദ്ധന്മാരെ സ്വഭവനങ്ങളില്‍ ശുശ്രൂഷിച്ചിട്ടുള്ളതായി 1തിമോ. 5:10ല്‍ നാം വായിക്കുന്നു.

ഒരു ഗൃഹനായിക എന്ന നിലയില്‍ തന്നെ സംബന്ധിച്ച ദൈവവിളി കണ്ടെത്തിയ ഒരു സ്ത്രീയിലൂടെ ദൈവമഹത്വം പ്രകാശിക്കുന്നു.

സ്ത്രീയുടെ മഹത്വം  മാതാവെന്ന നിലയില്‍

ആദാം തന്‍റെ ഭാര്യയ്ക്ക് അവള്‍ ഒരു മാതാവാകയാല്‍ ഹവ്വ എന്നു പേരിട്ടു. ഏദന്‍ തോട്ടത്തില്‍, ദൈവസാന്നിദ്ധ്യത്തിന്‍റെ തെളിഞ്ഞ പ്രകാശത്തില്‍, തന്‍റെ ഭാര്യയുടെ ശുശ്രൂഷയെന്തെന്നു അദ്ദേഹം മനസ്സിലാക്കി. ഹവ്വയും അതു ഗ്രഹിച്ചിരുന്നു. എന്നാലിപ്പോള്‍ പാപവും സാത്താന്‍റെ സ്വാധീനതയിലുള്ള മാനുഷികപാരമ്പര്യങ്ങളും സ്ത്രീയുടെ ദര്‍ശനത്തെ വികലമാക്കുകയാല്‍ ഒരു മാതാവെന്ന നിലയില്‍ തനിക്കുള്ള മഹത്വം അവള്‍ മനസ്സിലാക്കുന്നില്ല. മക്കളെ ‘ദാനങ്ങള്‍’ എന്നാണ് ദൈവം വിളിക്കുന്നത് (സങ്കീ. 127:3). എന്നാല്‍ ഇന്നു സാത്താന്‍ അവര്‍ക്കു നല്‍കിയിട്ടുള്ള മേലെഴുത്തു ‘യാദൃച്ഛിക സംഭവങ്ങള്‍’ എന്നാണ്. ദൈവം സന്താനങ്ങളെ ഒരനുഗ്രഹമായി പരിഗണിക്കുമ്പോള്‍ (സങ്കീ. 127:5;128:4), അവരെ ഒരു ‘ശല്യ’മായിക്കരുതുന്ന ചിന്താഗതിയാണു ഇന്നുള്ളത്. ക്രിസ്ത്യാനികളെന്നറിയപ്പെടുന്നവര്‍ പോലും ദൈവത്തില്‍ നിന്നകന്നു ചിന്തയില്‍ സാത്താനധീനരായിത്തീര്‍ന്നിരിക്കുന്നതിനു  മറ്റൊരു തെളിവാണിത്.

എന്നാല്‍ തിമോഥെയോസിന്‍റെ അമ്മയായ യൂനിക്ക ഇതില്‍നിന്നു വളരെ വ്യത്യസ്തയായ ഒരു സ്ത്രീയായിരുന്നു. തന്‍റെ വിളി അവര്‍ വ്യക്തമായി ഗ്രഹിച്ചിരുന്നു. തന്‍റെ ഭര്‍ത്താവ് ഒരവിശ്വാസിയായിരുന്നെങ്കിലും (അപ്പോ. 16:1) അത് അവരുടെ വിശ്വാസത്തെ ബാധിച്ചില്ല. നിര്‍വ്യാജവിശ്വാസമുള്ള ഒരു സ്ത്രീയായിരുന്നു അവര്‍ (2തിമോ. 1:5). ദൈവവചനം അവര്‍ മനസ്സിലാക്കിയിരുന്നു. അതു അവര്‍ തിമോഥെയോസിനെ പഠിപ്പിച്ചു (2തിമോ. 3:14,15). അതിനും പുറമേ, തന്‍റെ നിര്‍വ്യാജമായ വിശ്വാസം അവര്‍ മകനിലേക്കു പകരുകയും ചെയ്തു. അവിശ്വാസത്തിന്‍റെ വിഷജ്വാലകള്‍ക്കിടയില്‍ വിശ്വാസത്തിന്‍റെ ശുദ്ധവായു ശ്വസിക്കുവാന്‍ മാതാവു തന്‍റെ മകനു അവസരം നല്‍കിയ ഒരു ഭവനമായിരുന്നു അവരുടേത്. തന്‍റെ മാതാവു കൂടെക്കൂടെ ദൈവത്തെ സ്തുതിക്കുകയും ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ ഒരിക്കല്‍പ്പോലും കലഹിക്കയോ പരാതിപ്പെടുകയോ ചെയ്യാതെ ദൈവത്തില്‍ ആശ്രയം വയ്ക്കുകയും ചെയ്തിരുന്നതതായി അദ്ദേഹം മനസ്സിലാക്കി. നിര്‍വ്യാജമായ ഒരു വിശ്വാസത്തിന്‍റെ ലക്ഷണങ്ങളാണല്ലോ ഇവ. തന്മൂലം തിമോഥെയോസ് വളര്‍ന്ന് ഒരു അപ്പൊസ്തലനായും പൗലോസിന്‍റെ സഹപ്രവര്‍ത്തകനായും തീര്‍ന്നതില്‍ അത്ഭുതപ്പടുവാനൊന്നുമില്ല. അങ്ങനെ ആ മാതാവിന്‍റെ പ്രയത്നം ഒടുവില്‍ ഫലപ്രാപ്തിയിലെത്തി.

ഇരുപതാം ശതാബ്ദത്തിലെ എല്ലാ അമ്മമാര്‍ക്കും ഇതു ഒരു വെല്ലുവിളിയായിത്തീരണം. തിമോഥെയോസിന്‍റെ അമ്മയായ യൂനിക്ക 100 വര്‍ഷം ഒരു പ്രസംഗകയായി ലോകം ചുറ്റി സഞ്ചരിച്ചിരുന്നെങ്കില്‍പ്പോലും സാധിക്കാവുന്നതിലധികമായ ഒരു നേട്ടം പതിനാറോ ഇരുപതോ വര്‍ഷക്കാലം ഒരുത്തമ മാതാവായി ജീവിച്ചതുകൊണ്ടു മാത്രം നേടിയെടുത്തു. കുറേക്കൂടി അടുത്ത കാലത്ത് പതിനഞ്ചു മക്കളുടെ മാതാവായിരുന്ന ഒരു സൂസന്നാ വെസ്ലിയെപ്പറ്റി നാം കേള്‍ക്കുന്നുണ്ട്. ദാരിദ്ര്യം അവരുടെ ഭവനത്തെ ഞെരുക്കുകയും അവരുടെ മക്കളില്‍ച്ചിലര്‍ ശൈശവത്തില്‍ത്തന്നെ മരിച്ചു പോകുകയും ചെയ്തു. എങ്കിലും ശേഷിച്ചവരെ അവര്‍ ദൈവഭക്തിയില്‍ വളര്‍ത്തി. ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അവരുടെ മക്കളിലൊരുവന്‍  ജോണ്‍ വെസ്ലി  വളര്‍ന്നപ്പോള്‍ ദൈവകരങ്ങളില്‍ ശക്തിയുള്ള ഒരായുധമായിത്തീര്‍ന്നു. കഴിഞ്ഞ രണ്ടു ശതാബ്ദക്കാലമായി ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിന്‍റെ പ്രയത്നത്തിന്‍റെയും പുസ്തകങ്ങളുടെയും ഫലമായി അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്. സൂസന്നാ വെസ്ലി തന്‍റെ ഭവനത്തെ അവഗണിച്ചശേഷം കൂടുതല്‍ പണമുണ്ടാക്കുവാന്‍ ശ്രമിക്കയോ, ബൈബിള്‍ടീച്ചറായോ സുവിശേഷപ്രസംഗകയായോ ലോകം ചുറ്റി സഞ്ചരിക്കയോ ചെയ്തിരുന്നെങ്കില്‍ പോലും തന്‍റെ പുത്രന്‍ ചെയ്തതിന്‍റെ ഒരു സഹസ്രാംശം പോലും ചെയ്വാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല.

പൗലോസ് തിമോഥെയോസിനെഴുതിയ ലേഖനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ശുശ്രൂഷകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ സ്ത്രീകള്‍ക്കു ഉപദേശിക്കുവാനോ പുരുഷന്‍റെമേല്‍ അധികാരം ചെലുത്തുവാനോ അനുവാദമില്ലെങ്കിലും മാതൃത്വശുശ്രൂഷ അവര്‍ക്കു സാധ്യമാണെന്നു പ്രസ്താവിക്കുന്നുണ്ട് (1തിമോ. 2:12-15). സഭയിലെ ഒരു ശുശ്രൂഷയായി മാതൃത്വത്തെ പൗലോസ് കരുതിയിരുന്നുവെന്നു ഇതു വ്യക്തമാക്കുന്നു. തന്‍റെ കുഞ്ഞുങ്ങള്‍ക്കു ദൈവഭയമുള്ള ഒരു മാതാവായിരിക്കുക എന്നത് ദൈവം സ്ത്രീകളെ ഭരമേല്‍പ്പിച്ചിട്ടുള്ള രണ്ടാമത്തെ ശുശ്രൂഷയാണ്. താന്‍ വളര്‍ന്ന ഭവനത്തില്‍ ഈ ശുശ്രൂഷയുടെ മഹത്വം തിമോഥെയോസ് മനസ്സിലാക്കിയിരുന്നു. പില്‍ക്കാലത്തു എഫേസോസിലെ ജനങ്ങളെ അതു പഠിപ്പിക്കുവാന്‍ അദ്ദേഹം ഉത്സാഹിക്കുകയും ചെയ്തു.

എല്ലാ ജീവിതരംഗങ്ങളിലും പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍ ഒരു രംഗത്തുമാത്രം മാതാക്കള്‍ എന്ന നിലയില്‍ സ്ത്രീകള്‍ നിസ്തുല്യകളായി ശോഭിക്കുന്നു. സ്ത്രീയെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശ്യം ഇതില്‍നിന്നു വ്യക്തമാകുന്നു. ഉദ്യോഗം വഹിക്കുവാനോ സുഖസൗര്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണമുണ്ടാക്കുവാനോ സുവിശേഷം പ്രസംഗിക്കുവാനോ വേണ്ടി സ്വന്തം സന്താനങ്ങളെ അവഗണിച്ചു പുറപ്പെട്ടിട്ടുള്ള മാതാക്കള്‍ പില്‍ക്കാലത്ത് തങ്ങളുടെ മക്കള്‍ ആ അവഗണനമൂലമുണ്ടായ നഷ്ടം സഹിക്കുന്നതുകണ്ടു ദുഃഖിക്കുവാനിടയായിട്ടുണ്ട്. ഇപ്പോള്‍ അതിനെക്കുറിച്ചു ദുഃഖിക്കുകയല്ലാതെ മറ്റൊന്നും സാധ്യമല്ല. മാതാക്കളുടേതായ യുവതലമുറയ്ക്ക് ഇതൊരു താക്കീതായിരിക്കട്ടെ. തന്‍റെ കുടുംബത്തെ പുലര്‍ത്തുവാനായി ഒരു മാതാവ് ജോലിചെയ്യാന്‍ പോകുന്നപക്ഷം ആ കുടുംബത്തിനു ദൈവം പ്രത്യേകകരുതല്‍ നല്‍കി സംരക്ഷിക്കും. എന്നാല്‍ ആഡംബരവും ഉയര്‍ന്ന ജീവിതമാനദണ്ഡവും ലക്ഷ്യമാക്കിയാണ് അപ്രകാരം പോകുന്നതെങ്കില്‍  ദൈവത്തെ പരിഹസിച്ചുകൂടാ  അവര്‍ നാശം കൊയ്യുക തന്നെ ചെയ്യും (ഗലാ. 6:7,8).

തങ്ങളുടെ വിളി എത്ര മഹത്വപൂര്‍ണ്ണമെന്നു മനസ്സിലാക്കുവാന്‍ എല്ലാ മാതാക്കളുടെയും കണ്ണുകള്‍ തുറക്കപ്പെടട്ടെ.

സ്ത്രീയുടെ മഹത്വം  ക്രിസ്തുവിന്‍റെ സാക്ഷിയെന്ന നിലയില്‍

ക്രിസ്തുവിനുവേണ്ടി ഒരു സ്ത്രീ വഹിക്കേണ്ട പ്രാഥമികസാക്ഷ്യം മേല്‍പ്പറഞ്ഞതുപോലെ പുരുഷനു തക്ക തുണയായും മക്കള്‍ക്കു നല്ല മാതാവായും ജീവിക്കുകയാണ്. എങ്കിലും നാവുകൊണ്ടു സാക്ഷ്യം വഹിക്കുവാനും സ്ത്രീയെ ദൈവം വിളിക്കുന്നുണ്ട്. അപ്പൊസ്തലന്‍, പ്രവാചകന്‍, സുവിശേഷകന്‍, ഇടയന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലുള്ള ഒരു ശുശ്രൂഷയ്ക്കും പുതിയനിയമയുഗത്തില്‍ ദൈവം സ്ത്രീയെ വിളിച്ചിട്ടില്ല. പഴയനിയമകാലത്തു പ്രവാചികമാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒടുവിലത്തവളായിരുന്നു ഹന്നാ. എന്നാല്‍ പെന്തെകൊസ്ത്നാളിനുശേഷം പുതിയനിയമകാലത്തു ഉണ്ടായിരുന്ന ഒരേയൊരു പ്രവാചിക ഈസബേല്‍ എന്ന കള്ള പ്രവാചികയായിരുന്നു (വെളി. 2:20). അതിനാല്‍ താനൊരു പ്രവാചികയെന്നോ സുവിശേഷ പ്രസംഗകയെന്നോ അവകാശപ്പെടുന്ന ഏതൊരു സ്ത്രീയും ഈസബേലിന്‍റെ അനുയായിയത്രേ. ഇതില്‍ സംശയം ആര്‍ക്കും വേണ്ടാ. ദൈവത്തിന്‍റെ എല്ലാ ഏലിയാവുമാരും ഇപ്രകാരമുള്ള ഈസബേല്‍മാരെ എതിര്‍ക്കുകയും അവരുടെ യഥാര്‍ത്ഥനില വെളിച്ചത്തു കൊണ്ടുവരികയും ചെയ്യണം (1രാജാ. 21:2023). പുതിയനിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഫിലിപ്പോസിന്‍റെ പുത്രിമാരെപ്പോലെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പ്രവചിക്കാം. (എന്നാല്‍ ഈ സഹോദരിമാര്‍ പ്രവാചികമാരായിരുന്നില്ല എന്നതു വ്യക്തമാണ്. എന്തെന്നാല്‍ അപ്പൊസ്തലനായ പൗലോസ് ഫിലിപ്പോസിന്‍റെ ഭവനത്തില്‍ താമസിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിനൊരു ദൂതു നല്‍കുവാന്‍ ദൈവമാഗ്രഹിച്ചപ്പോള്‍ ഫിലിപ്പോസിന്‍റെ പുത്രിമാരെ അതിനായി ഉപയോഗിക്കാതെ 50 മൈല്‍ ദൂരത്തുനിന്നും അഗബൊസ് എന്നൊരാളെ വരുത്തുകയാണു ദൈവം ചെയ്തത് (അപ്പൊ. 21:811)). യേശു ഒരിക്കലും ഒരു സ്ത്രീയെ തന്‍റെ അപ്പൊസ്തലരില്‍ ഒരുവളാകുവാന്‍ വിളിച്ചില്ല. കാരണം, പുരുഷന്‍റെമേല്‍ അധികാരം നടത്തുവാന്‍ അവിടുന്ന് സ്ത്രീയെ അനുവദിക്കുന്നില്ല (1തിമോ. 2:12). ഈ ശുശ്രൂഷകളൊന്നും സ്ത്രീകള്‍ക്കുള്ളതല്ലെങ്കിലും മറ്റനേകം വിധങ്ങളില്‍ അവര്‍ക്കു കര്‍ത്താവിന്‍റെ സാക്ഷികളായി പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ഒന്നാമത്തെ സാക്ഷി മഗ്ദലക്കാരത്തി മറിയയായിരുന്നു. അവള്‍ ഒരു സുവിശേഷകയായിരുന്നില്ല; പിന്നെയോ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്തതിനെപ്പറ്റി സംസാരിച്ച ഒരു വിശ്വസ്ത സാക്ഷിയായിരുന്നു. അപ്രകാരമൊരു സാക്ഷിയായിത്തീരുവാന്‍ വേണ്ടി ഓരോ സ്ത്രീയും പരിശുദ്ധാത്മാവിലും തീയിലുമുള്ള സ്നാനം പ്രാപിക്കണം. (പെന്തെകൊസ്ത്നാളില്‍ മറിയയും മറ്റു സ്ത്രീകളും പ്രാപിച്ചതുപോലെ  അപ്പൊ. 1:8,14). ഇന്‍ഡ്യന്‍ സംസ്കാരത്തിലുള്ള ചില നിയന്ത്രണങ്ങള്‍ മൂലം ഇന്‍ഡ്യയിലെ സ്ത്രീ ജനങ്ങളില്‍ പലര്‍ക്കും പുരുഷന്മാരില്‍ നിന്നും സുവിശേഷം കേള്‍ക്കുവാന്‍ സാധിക്കാതെവരുന്നു.  ആത്മനിറവുപ്രാപിച്ച സ്ത്രീകള്‍ക്കേ അവരെ സഹായിക്കാന്‍ കഴിയൂ. അതിനാല്‍ ദൈഭക്തയായ ഓരോ ക്രിസ്തീയസഹോദരിയും താനുമായി ബന്ധപ്പെട്ട ബന്ധുമിത്രാദികള്‍, അയല്‍ക്കാര്‍, ഭൃത്യമാര്‍ തുടങ്ങിയ സ്ത്രീകളോട് സുവിശേഷമറിയിക്കുന്ന ചുമതല ഏറ്റെടുക്കേണ്ടതാണ്.

തന്‍റെ തല മറച്ചുകൊണ്ടു ഒരു സ്ത്രീ പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യാമെന്നു പുതിയനിയമം പഠിപ്പിക്കുന്നു (1കൊരി. 11:5). സഭയെ പടുത്തുയര്‍ത്തുവാന്‍ വേണ്ടി എല്ലാ സഹോദരിമാര്‍ക്കും നിര്‍വ്വഹിക്കുവാന്‍ കഴിയുന്ന ഒരു പ്രാഥമിക ശുശ്രൂഷയാണ് പ്രാര്‍ത്ഥന. ലോകത്തില്‍ ദൈവത്തിന്‍റെ ഉദ്ദേശ്യം നിറവേറ്റുവാന്‍ വേണ്ടി രഹസ്യപ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്ന സ്ത്രീകള്‍ക്കായി ദൈവം നോക്കി ക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു പ്രവചിക്കുകയും ചെയ്യാം. സകലജഡത്തിന്മേലും ദൈവം തന്‍റെ ആത്മാവിനെ പകരുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും പ്രവചിക്കുമെന്നു അപ്പൊ. 2:17,18 വ്യക്തമായി പ്രസ്താവിക്കുന്നു. പുതിയനിയമവ്യവസ്ഥയില്‍ ഒരു സ്ത്രീക്കുള്ള പദവികളിലൊന്നാണിത്. ഉപദേശിക്കുവാന്‍ ശ്രമിക്കാതെ ഒരു സ്ത്രീക്കു സഭായോഗങ്ങളില്‍ കീഴടക്കത്തിന്‍റെ ആത്മാവില്‍ ദൈവവചനം സംസാരിക്കാനാവുന്നതാണ് (1തിമോ. 2:12). പ്രായമായ സ്ത്രീകള്‍ തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ സഹോദരിമാര്‍ക്ക് പ്രായോഗിക ഗാര്‍ഹികകാര്യങ്ങളില്‍ എങ്ങനെ പെരുമാറണമെന്നതിനെപ്പറ്റി ഉപദേശം നല്‍കണം (തീത്തോ. 2:4,5). സഭയില്‍ ദൈവം നിശ്ചയിച്ചിട്ടുള്ള കൃപാവരങ്ങളില്‍ ഒന്നാണു സഹായവരം (1കൊരി. 12:28). സഭാസംബന്ധമായ വിവിധ പ്രായോഗികകാര്യങ്ങളില്‍ സഹായം ചെയ്യുന്നതിനായി എല്ലാ സഹോദരിമാര്‍ക്കും പ്രായഭേദമെന്യേ ഈ വരം ആഗ്രഹിക്കാവുന്നതാണ്. ആദിമസഭയില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്ന ദൈവഭക്തകളായ പല സഹോദരിമാരുണ്ടായിരുന്നു. ഫേബ പലര്‍ക്കും സഹായം ചെയ്ത ഒരു ശുശ്രൂഷക്കാരിയായിരുന്നു (റോമര്‍. 16:1,2,3,6,12 എന്നിവ കാണുക). ഇന്നും ഇപ്രകാരമുള്ള പലര്‍ ഉണ്ടാകുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

ഒരു സ്ത്രീയുടെ ശിരോവസ്ര്തം 1കൊരി. 11:1-16 പഠിപ്പിക്കുന്നതുപോലെ താഴെപ്പറയുന്ന കാര്യങ്ങളെ കുറിക്കുന്നു.

1) പുരുഷന്‍റെ തേജസ്സ് സഭയില്‍ മറയ്ക്കപ്പെടേണ്ടതാണെന്നു അതു സൂചിപ്പിക്കുന്നു (വാ. 7).

2) സ്ത്രീയുടെ തേജസ്സും മറയ്ക്കപ്പെടണം (വാ. 15). സ്ത്രീയുടെ നീണ്ടമുടി അവളുടെ തേജസ്സാണ്. (ഇതിനെപ്പറ്റി സ്ത്രീകള്‍ തന്നെ ബോധവതികളാണ്. തല മറയ്ക്കുന്ന പലരും ഭാഗികമായി മാത്രം മറയ്ക്കുന്നത് ഇതുകൊണ്ടാണല്ലോ.)

3) പിതാവോ ഭര്‍ത്താവോ മൂപ്പനോ ആയ പുരുഷന്‍റെ അധികാരത്തിനു കീഴ്പ്പെട്ടവളാണ് അവള്‍ എന്ന് അതു കാണിക്കുന്നു.

16-ാം വാക്യപ്രകാരം ദൈവത്തിന്‍റെ ഏതൊരു സഭയും സ്ത്രീ തല മറയ്ക്കണം എന്ന് അനുശാസിക്കണം.

തന്‍റെ വസ്ത്രധാരണത്തിലൂടെയും ഒരു സ്ത്രീ ക്രിസ്തുവിന്‍റെ സാക്ഷിയായിരിക്കണം. എല്ലാ ക്രിസ്തീയസ്ത്രീകള്‍ക്കും വിശേഷരീതിയിലുള്ള കേശാലങ്കാരം, വിലയേറിയ വസ്ത്രം, ആഭരണം എന്നീ മൂന്നു കാര്യങ്ങള്‍ പരിശുദ്ധാത്മാവു പൂര്‍ണ്ണമായും വിലക്കിയിരിക്കുന്നു (1തിമോ. 2:9;1പത്രോ. 3:3). ദൈവത്തെ ഭയപ്പെടുന്ന ഓരോ സഹോദരിയും ഈ കല്‍പനകളില്‍ ഏറ്റവും ചെറുതുപോലും കൃത്യമായി പാലിക്കും (മത്താ. 5:19). സ്ത്രീകള്‍ യോഗ്യമായും വിവേകത്തോടും വസ്ത്രധാരണം ചെയ്യണം (1തിമോ. 2:9). വസ്ത്രം ശരീരത്തെ മറയ്ക്കുവാനുള്ളതാണ്, തറന്നു കാട്ടുവാനുള്ളതല്ല. ലൗകികസ്ത്രീകളുടെ ഫാഷന്‍ അനുസരിച്ചു തന്‍റെ വസ്ത്രം ആകൃതിപ്പെടുത്തുവാന്‍ ദൈവഭക്തിയുള്ള ഒരു സ്ത്രീയും തയ്യല്‍ക്കാരനെ അനുവദിക്കരുത്. താഴ്ത്തിയുടുക്കുന്ന സാരി, ഇറക്കം കുറഞ്ഞ ബ്ലൗസ്, ചായം പുരട്ടിയ അധരങ്ങളും നഖങ്ങളും  ഇവയെല്ലാം യേശുക്രിസ്തുവിന്‍റെ ശിഷ്യമാര്‍ക്കുള്ളതല്ല, ഇസബേലിന്‍റെ അനുയായികള്‍ക്കുള്ളതാണ്. (ലോകാഡംബരം തേടുന്ന സീയോന്‍ പുത്രിമാരുടെ വേഷവിധാനങ്ങളെയും ആഭരണങ്ങളെയും ദൈവം എത്രമാത്രം വെറുക്കുന്നുവെന്നറിയുവാന്‍ യെശ. 3:16-24 വായിക്കുക.)

ദൈവകല്‍പിതമായ സ്ത്രീപുരുഷഭേദത്തെത്തന്നെ നശിപ്പിക്കുവാന്‍ സാത്താന്‍ ജാഗ്രതയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ പുരുഷന്മാരെപ്പോലെ മുടി ക്രോപ്പുചെയ്യുവാനും ജീന്‍സും പാന്‍റും ധരിക്കുവാനും (ഇതു ദൈവത്തിനു വെറുപ്പാണ്. ആവ. 22:5) സുവിശേഷപ്രസംഗകരായിത്തീരുവാനും ഇരുപതാം ശതാബ്ദത്തിലെ സ്ത്രീകളെ അവന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും ക്രൈസ്തവലോകം അധികമധികം അകലുന്നതിന്‍റെ അടയാളമാണു നീളം കുറഞ്ഞ മുടി ധരിച്ചവരും പുരുഷന്‍റെ മേല്‍ അധികാരം നടത്തുന്നവരും സുവിശേഷപ്രസംഗകരുമായ സ്ത്രീകള്‍.

ഇതിന്‍റെയെല്ലാം മധ്യത്തില്‍ തിരുവചനം വച്ചിട്ടുള്ള അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുന്നവരും തങ്ങളുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്‍റെ യഥാര്‍ത്ഥമഹത്വം വെളിപ്പെടുത്തുന്നവരുമായി സ്ത്രീകള്‍ തീരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ഈ അന്ത്യദിനങ്ങളില്‍, പാപവും വ്യഭിചാരവും നിറഞ്ഞ തലമുറയില്‍, ഒത്തുതീര്‍പ്പില്‍ ജീവിക്കുന്ന ക്രൈസ്തവസമൂഹത്തിന്‍റെ മധ്യത്തില്‍, ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സ്ത്രീയായി ജീവിക്കുമെന്നു പൂര്‍ണ്ണഹൃദയത്തോടെ നിങ്ങള്‍ തീരുമാനിക്കുക. നിങ്ങള്‍ സ്വയം ഈ തീരുമാനമെടുക്കുമെങ്കില്‍ അതിനാവശ്യമായ കൃപ ദൈവം നല്‍കും.              

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

4. മതഭക്തിയോ ആത്മീയതയോ?

ഒരു വിശുദ്ധജീവിതത്തിനു വേണ്ടിയുള്ള പ്രയാണത്തിനിടയില്‍ ക്രിസ്ത്യാനിയെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന് ആത്മീയതയ്ക്കു പകരം മതഭക്തിയില്‍ ചെന്നവസാനിക്കുവാനുള്ള സാധ്യതയാണ്. വിവേചന ശക്തിയില്ലാത്ത വിശ്വാസി പലപ്പോഴും മതഭക്തിയെ ആത്മീയതയായി തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഇവ തമ്മില്‍ അതിവിപുലമായ അന്തരമുണ്ട്. ആദ്യത്തേതു മാനുഷികമെങ്കില്‍ രണ്ടാമത്തേതു ദൈവികമാണ്. ന്യായപ്രമാണത്തിനു മനുഷ്യരെ മതഭക്തരാക്കുവാനേ കഴിവുണ്ടായുള്ളു; ആത്മീയരാക്കുവാന്‍ അതിനു കഴിവില്ല. മതഭക്തി പുറമേയുള്ള ദൃശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു; ആത്മീയതയാകട്ടെ, പ്രാഥമികമായി ഹൃദയാവസ്ഥയെ സംബന്ധിക്കുന്നതത്രേ.

അന്ത്യകാലത്തു ഭക്തിയുടെ വേഷം മാത്രം ധരിച്ച് അതിന്‍റെ ശക്തി നഷ്ടപ്പെട്ട ധാരാളമാളുകള്‍ ഉണ്ടാവുമെന്നു ദൈവവചനം നമുക്കു താക്കീതു നല്‍കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഘട്ടത്തില്‍ ആളുകള്‍ മതഭക്തരായിരിക്കും, ആത്മീയരായിരിക്കുകയില്ല എന്നര്‍ത്ഥം (2 തിമോ. 3:5). അവര്‍ പതിവായി സഭായോഗങ്ങളില്‍ സംബന്ധിക്കും, ദിനം തോറും പ്രാര്‍ത്ഥിക്കുകയും, ബൈബിള്‍ വായിക്കുകയും, രാത്രി മുഴുവന്‍ നീളുന്ന ഉപവാസപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും, ദശാംശം നല്‍കുകയുമെല്ലാം ചെയ്യും. എന്നാലും അവര്‍ മനുഷ്യരുടെ മാനമന്വേഷിക്കും, തങ്ങള്‍ക്കു വേണ്ടിത്തന്നെ ജീവിക്കും, പണത്തെ സ്നേഹിക്കും, വ്യര്‍ത്ഥസംസാരത്തില്‍ താല്‍പര്യം കാണിക്കും. ഇത്തരക്കാര്‍ മതഭക്തരാണ്, ആത്മീയരല്ല. അവര്‍ക്കു ഭക്തിയുടെ വേഷമുണ്ട്, ശക്തിയില്ല. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

നിങ്ങള്‍ക്കു സ്വന്തം ജഡത്തെ ക്രൂശിക്കുന്നതിനെക്കാള്‍ (ഗലാ. 5:24) സഭായോഗങ്ങളില്‍ സംബന്ധിക്കുന്നതിലാണു കൂടുതല്‍ താല്‍പര്യമെങ്കില്‍ നിങ്ങള്‍ മതഭക്തനാണ്, ആത്മീയനല്ല.

നിങ്ങള്‍ക്കു ദിവസം മുഴുവനും സ്വന്തം നാവിനെ നിയന്ത്രിക്കുന്നതിനുള്ളതില്‍ കൂടുതല്‍ താല്‍പര്യം പ്രഭാതത്തില്‍ പതിവുള്ള ദൈവവചനധ്യാനം നിറവേറ്റുവാനാണെങ്കില്‍ നിങ്ങള്‍ മതഭക്തനാണ്, ആത്മീയനല്ല.

പണത്തോടുള്ള സ്നേഹത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനെക്കാള്‍ അധികം താല്‍പര്യം നിങ്ങള്‍ക്ക് ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമാണെങ്കില്‍ നിങ്ങള്‍ ആത്മീയനല്ല, മതഭക്തന്‍ തന്നെ.

നിങ്ങള്‍ക്കു സ്വന്തം വിശുദ്ധീകരണത്തെക്കാള്‍ പ്രധാനം സുവിശേഷ പ്രചാരണമാണെങ്കില്‍ നിങ്ങള്‍ മതഭക്തനാണ്, ആത്മീയനല്ല.

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ പരാമര്‍ശിച്ച മതഭക്തന്മാടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നല്ലതു തന്നെ. എന്നാല്‍ മുന്‍ഗണന ഏതിന് എന്നതാണ് ഇവിടത്തെ പ്രശ്നം. ശരിയായ മുന്‍ഗണനകളാണ് ഒരുവനെ ആത്മീയനാക്കുന്നത്. 

മതഭക്തന്മാര്‍ക്കു എഴുതപ്പെട്ട ദൈവവചനത്തില്‍ (അക്ഷരത്തില്‍) മാത്രമാണു താല്‍പര്യം. അവര്‍ ന്യായപ്രമാണം മൂലമുള്ള നീതിയില്‍ ചെന്നവസാനിക്കുന്നു. ആത്മീയന്മാര്‍ ഇതിനു പുറമെ, വചനം തങ്ങളില്‍ ജഡമായിത്തീരുന്നതില്‍ കൂടെ തല്‍പരരാണ് (നമ്മുടേതു പോലെ മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന ജഡത്തില്‍ പാപരഹിതനായി ക്രിസ്തു വെളിപ്പെട്ടതു പോലെ). ഇക്കൂട്ടര്‍ അന്തിമമായി ദൈവത്തിന്‍റെ നീതിയില്‍ അഥവാ ദൈവസ്വഭാവത്തില്‍ ചെന്നുചേരുന്നു.

മതഭക്തന്മാര്‍ ചില വലിയ ദൈവഭൃത്യന്മാരുടെ വാക്കുകള്‍ വച്ചുകൊണ്ടു സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു; ആത്മീയരാകട്ടെ, ഒരിക്കലും മനുഷ്യരുടെ മുമ്പില്‍ തങ്ങളെത്തന്നെ നീതീകരിക്കുവാന്‍ ശ്രമിക്കുന്നില്ല. 

മതഭക്തന്മാര്‍ക്ക്, ദൈവത്തിനു തങ്ങളെക്കുറിച്ചുണ്ടാകേണ്ട നല്ല അഭിപ്രായത്തെക്കാളധികം മനുഷ്യരുടെ നല്ല അഭിപ്രായത്തോടാണു ആഭിമുഖ്യം. ആത്മീയരാകട്ടെ, ദൈവത്തിന്‍റെ മാത്രം നല്ല അഭിപ്രായം തേടുന്നവരാണ്. തങ്ങളെപ്പറ്റി ഏതെങ്കിലും ദൈവഭൃത്യന്‍ പറഞ്ഞ നല്ല അഭിപ്രായത്തെപ്പറ്റി മതഭക്തന്മാര്‍ ദീര്‍ഘകാലം ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ആത്മീയര്‍ക്കാകട്ടെ, യേശുവിനെന്നപോലെ മനുഷ്യരുടെ സാക്ഷ്യം ആവശ്യമില്ല (യോഹ. 5:34). തങ്ങളുടെ ഉള്ളില്‍ തങ്ങള്‍ തന്നെ കാണുന്ന ദുഷ്ടത മറ്റു മനുഷ്യര്‍ക്ക് അറിവുണ്ടാകയില്ലെന്ന് ആത്മീയര്‍ക്കറിയാം. അതിനാല്‍ മനുഷ്യരുടെ പ്രശംസ തികച്ചും വിലയറ്റതാണെന്ന് അവര്‍ക്കു ബോധ്യമുണ്ട്.

മതഭക്തന്മാര്‍ നിയമാനുസരികളും ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിക്കുന്നവരുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമാണ് അവര്‍ അന്വേഷിക്കുന്നത്. അതുകൊണ്ടാണു തങ്ങളുടെ വരുമാനത്തിന്‍റെ കൃത്യം 10 % എത്രയെന്നു കണക്കു കൂട്ടി അത്രയും അവര്‍ വൈമനസ്യത്തോടെ ദൈവത്തിനായി കൊടുക്കുന്നത്. പഴയനിയമകാലത്ത് ഈ മനോഭാവം അന്തിമമായി, കണ്ണുപൊട്ടിയതിനെയും രോഗം ബാധിച്ചതിനെയും യഹോവയ്ക്കു യാഗം കഴിക്കുന്ന ഒരു സ്വഭാവത്തിലേക്കു യിസ്രായേല്‍ ജനങ്ങളെ നയിച്ചു (മലാ. 1:8). പുതിയനിയമകല്‍പനകളോടും ഇതിനു തുല്യമായ ഒരു മനോഭാവം ഉണ്ടാവുക സാധ്യമാണ്. ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കണമെന്നുള്ള ദൈവകല്‍പനയനുസരിക്കുവാന്‍ താന്‍ ചെയ്യേണ്ടതിന്‍റെ മിനിമം (പരമാവധി കുറഞ്ഞ തോത്) അന്വേഷിക്കുവാന്‍ ഒരു സഹോദരിയെ ഇതു പ്രേരിപ്പിച്ചെന്നു വരാം. സഭായോഗങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്നുള്ള കല്‍പന പാലിക്കുമ്പോള്‍ തന്‍റെ കേശഭംഗി മുഴുവന്‍ മറഞ്ഞു പോകാതെ പരമാവധി കുറഞ്ഞ ആവരണമണിയാന്‍ ഇതു പ്രേരിപ്പിച്ചേക്കാം. എല്ലാം ദൈവത്തിനുവേണ്ടി വിട്ടുകളയാതെ ആത്മീയത്വം പാലിക്കുവാനാവശ്യമായ ഒരു മിനിമം കണ്ടെത്തുവാന്‍ ഇതു പുരുഷന്മാരെയും സ്ത്രീകളെയും ഉത്സാഹിപ്പിച്ചെന്നു വരാം. ലോകമയത്വം വെടിയുന്നതിലും മിനിമം എന്തെന്നുള്ള പ്രശ്നമായിരിക്കും ഇത്തരക്കാരുടെ മനസ്സില്‍ ഉദിക്കുന്നത്. ഇക്കൂട്ടര്‍ക്കു മതഭക്തരാകുവാനേ കഴിയൂ; ആത്മീയരാകുവാന്‍ ഒരിക്കലും സാധ്യമല്ല.

യേശുവിന്‍റെ മനോഭാവം ഇതില്‍നിന്നു പാടേ വ്യത്യസ്തമായിരുന്നു. തന്‍റെ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ പരമാവധി കുറഞ്ഞ തോതെന്തെന്നു കര്‍ത്താവു ഒരിക്കലും ചിന്തിച്ചില്ല. നേരേ മറിച്ചു പരമാവധി കൂടിയതെന്തെന്നന്വേഷിക്കുകയും അതു അര്‍പ്പിക്കുകയുമായിരുന്നു അവിടുത്തെ പതിവ്. തന്മൂലം ഒരു ചെറിയ കുട്ടിയെന്ന നിലയില്‍ ന്യായപ്രമാണം അഭ്യസിച്ചപ്പോള്‍ അക്ഷരത്തിനു പിമ്പിലുള്ള ആത്മാവിനെ കണ്ടെത്തുവാന്‍ അവിടുന്നു പരിശ്രമിച്ചു. അങ്ങനെ ശാരീരികമായി വ്യഭിചാരം ചെയ്യാതിരിക്കുന്നതു കൊണ്ടു മാത്രം മതിയാവുകയില്ലെന്ന് അവിടുന്നു മനസ്സിലാക്കി. തന്‍റെ പിതാവിന്‍റെ മുഖമന്വേഷിച്ചുകൊണ്ടു ന്യായപ്രമാണത്തെപ്പറ്റി ധ്യാനിച്ചപ്പോള്‍ അവിടുത്തേക്കു വെളിച്ചം ലഭിച്ചു (ആത്മാവില്‍ താന്‍ ചെയ്ത അധ്വാനഫലമായി അവന്‍ വെളിച്ചം കണ്ടെത്തും, യെശ. 53:11, NASB Margin). ഒരുവന്‍ ഹൃദയം കൊണ്ടു മോഹിക്കുക പോലും ചെയ്യരുത് എന്നതാണ് ആ കല്‍പനയുടെ ആത്മാവെന്നു കര്‍ത്താവു മനസ്സിലാക്കി. ഇതുപോലെ കോപവും കൊലയും തുല്യമാണെന്ന വസ്തുതയും അവിടുന്നു ഗ്രഹിച്ചു. ഇങ്ങനെ ന്യായപ്രമാണത്തിന്‍റെ ആത്മാവിലേക്കു കര്‍ത്താവു പ്രവേശിച്ചു. ഈ വിധത്തിലാണു തന്‍റെ ജഡത്തില്‍ക്കൂടി അവിടുന്നു ജീവനുള്ള ഒരു പുതുവഴി നമുക്കായി തുറന്നു തന്നത്.

തന്‍റെ കാന്തനുമായി അനുരാഗബന്ധത്തില്‍ക്കഴിയുന്ന ഒരു കന്യക തന്‍റെ പ്രിയതമനെ സന്തോഷിപ്പിക്കുവാന്‍ പരമാവധി കുറഞ്ഞ കാര്യമെന്തെന്നു ചിന്തിക്കുകയില്ല. നേരേ മറിച്ചു പരമാവധി കൂടുതല്‍ ചെയ്യാവുന്നതെന്തെന്നായിരിക്കും അവള്‍ ചിന്തിക്കുക. ക്രിസ്തുവിന്‍റെ കാന്തയുടെ മനോഭാവവും ഇതു തന്നെ. ഇവിടെയാണു ദാസിയും കാന്തയും തമ്മിലുള്ള വ്യത്യാസം നാം കണ്ടെത്തുക. ന്യായപ്രമാണത്തിന്‍ കീഴിലുള്ളവര്‍ക്കു ദാസരായിരിപ്പാനേ കഴിയൂ. ഒരു ജോലിക്കാരന്‍ ശമ്പളത്തിനായി ജോലി ചെയ്യുന്നു. തന്മൂലം കണക്കു നോക്കിയാണ് അയാള്‍ സേവചെയ്യുന്നത്. ക്ലോക്കു നോക്കിക്കൊണ്ട് അവന്‍ തന്‍റെ ജോലി തികയ്ക്കുന്നു. നിശ്ചിത സമയം കഴിഞ്ഞു ജോലി ചെയ്യുന്ന പക്ഷം ഓവര്‍ടൈം വേതനം ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. നേരേ മറിച്ച് ഒരു മകനോ ഭാര്യയോ സമയക്ലിപ്തതയോടെയല്ല, പ്രതിഫലം നോക്കിയുമല്ല, പിന്നെയോ സ്നേഹത്തിന്‍റെ പേരിലാണു തങ്ങളുടെ ജോലി ചെയ്യുന്നത്. മതഭക്തിയും ആത്മീയത്വവും തമ്മിലുള്ള വ്യത്യാസം ഇതു തന്നെയാണ്.

കര്‍ത്താവില്‍ നിന്ന് എനിക്കു എന്തു കിട്ടും എന്നു ചിന്തിക്കുന്ന മനോഭാവം മതഭക്തിയിലേക്കു നയിക്കുന്നതാണ്. നേരേ മറിച്ച്,  എനിക്കു ആകെക്കൂടിയുള്ള ഒരൊറ്റ ജീവിതം മൂലം ദൈവത്തിനു എന്തു ലഭിക്കും എന്ന മനോഭാവമാണു ആത്മീയതയിലേക്കു വഴി നടത്തുന്നത്. അപ്പോള്‍ ഒരു മൈല്‍ മാത്രം പോകേണ്ടിടത്തു രണ്ടു മൈല്‍ പോകുവാന്‍ നമുക്കു സാധിക്കും.

ആദാം അത്തിയില കൂട്ടിത്തുന്നി തനിക്ക് ഒരു അരയാടയുണ്ടാക്കി. ഇതു മനുഷ്യരുടെ മുമ്പിലും ദൈവത്തിന്‍റെ മുമ്പില്‍ത്തന്നെയും പ്രദര്‍ശനയോഗ്യരായി കാണപ്പെടുവാന്‍ ശ്രമിക്കുന്ന മതഭക്തിയുടെ ഒരു പ്രതീകമാണ്. യേശു അത്തിയിലയാല്‍ മൂടിയിരുന്ന മരത്തെ ശപിച്ചു (മര്‍ക്കോ. 11:13,14,21). എല്ലാ മതഭക്തിയും ശാപ യോഗ്യമാണ്. ദൈവം അതിനെ വെറുക്കുന്നു. ദൈവം ആദാമിനു തോല്‍കൊണ്ടു നിര്‍മ്മിച്ച മറ്റൊരു വസ്ത്രം നല്‍കി. ഇതു യഥാര്‍ത്ഥമായ ആത്മീയതയുടെ പ്രതീകമത്രേ. ഇതു മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നതല്ല, മറിച്ചു ദൈവം തന്നെ നല്‍കുന്ന ദിവ്യ സ്വഭാവമാണ്. യേശു അത്തിവൃക്ഷത്തിനരികെ വന്നപ്പോള്‍ അത്തിപ്പഴത്തിന്‍റെ കാലമായിരുന്നില്ല. പഴയനിയമകാലം ആത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന കാലമല്ലെന്നു നമുക്കു കരുതാം. മനുഷ്യരെ അടിമത്തത്തിലേക്കു നയിക്കുന്ന നിയമപാലനത്തിന്‍റേതായ ആ വ്യവസ്ഥ ഇപ്പോള്‍ നീങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ ആവശ്യം മനസ്സിലാക്കുന്നതിനുവേണ്ടി ഒരു കാലഘട്ടത്തിലേക്കു മാത്രം ദൈവം നിയമിച്ചിരുന്ന ഒരു വ്യവസ്ഥയായിരുന്നു അത്. ന്യായപ്രമാണം ഒരിക്കലും വിശുദ്ധീകരണത്തിലേക്കു നയിക്കുന്ന ഒരു മാര്‍ഗ്ഗമായിരുന്നില്ല. അതു മനുഷ്യനെ ആത്മീയനാക്കാതെ കേവലം മതഭക്തനാക്കി മാത്രം തീര്‍ക്കുന്നതിനാല്‍ തെറ്റായ ഒരു വ്യവസ്ഥയായിരുന്നുവെന്നു എബ്രാ. 8:7 പറയുന്നു. ആത്മീയനായിത്തീരുന്നതിലേക്കു ഒരുവന്‍ പുതിയ ഉടമ്പടിയിലേക്കു പ്രവേശിച്ചേ മതിയാവൂ.

അന്യരുടെ ബഹുമാനം നേടുവാന്‍ മാത്രം സഹായിക്കുന്ന ഒരു ബാഹ്യമായ നീതികൊണ്ടു മനുഷ്യന്‍ തൃപ്തിയടയുമോ, അതോ അതിനപ്പുറമുള്ള ഒന്നിനെ അവന്‍ അന്വേഷിക്കുമോ എന്നു പരിശോധിക്കുവാന്‍ വേണ്ടിയാണു ദൈവം ന്യായപ്രമാണം മനുഷ്യര്‍ക്കു നല്‍കിയത്. ഇന്നത്തെ ഭൂരിപക്ഷം വിശ്വാസികളും പുറമെയുള്ള ഒരു നീതികൊണ്ടു മാത്രം തൃപ്തിയടയുന്നവരാണ്. തന്മൂലം അവര്‍ ന്യായപ്രമാണം കൊണ്ടു മാത്രം, അതായതു മാനുഷികമായ മതഭക്തിയെന്ന അത്തിയില കൊണ്ടു മാത്രം, സംതൃപ്തരായിക്കഴിയുന്നു. എന്നാല്‍ സുവിശേഷം രക്ഷയ്ക്കായി വ്യാപരിക്കുന്ന ദൈവശക്തിയാണ്. അതു അത്തിയിലകളെ ശപിച്ച് ഉണക്കിക്കളയുകയും മനുഷ്യനു ലഭിക്കണമെന്നു ദൈവം ആഗ്രഹിച്ച യഥാര്‍ത്ഥ വിശുദ്ധീകരണം അവര്‍ക്കു നല്‍കുകയും ചെയ്യുന്നു.

എന്നാല്‍ ഈ സുവിശേഷം ലഭിക്കുന്നതിനായി നമുക്കു ആദ്യം തന്നെ അടിത്തട്ടോളമുള്ള ഒരു മാനസാന്തരം (a radical conversion) ആവശ്യമാണ്. യേശുവിന്‍റെ മുന്നോടിയായിരുന്ന യോഹന്നാന്‍ സ്നാപകന്‍ ഈ മാനസാന്തരസന്ദേശം പ്രസംഗിച്ചുകൊണ്ടാണു വന്നത്. യേശു വൃക്ഷങ്ങളുടെ വേരിന്മേല്‍ കോടാലി വയ്ക്കുന്നവനാണെന്നുള്ള സത്യം അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ പാപവും ഒരു വേരില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. പാപമാകുന്ന വൃക്ഷത്തിന്‍റെ ഫലങ്ങള്‍ നീക്കിക്കളയുന്ന ഒരു മാനസാന്തരം മാത്രമാണു നമുക്ക് ഉണ്ടാകുന്നതെങ്കില്‍ ആ മാനസാന്തരം വേരിനെ ബാധിക്കുന്നത് (ൃമറശരമഹ) അല്ല. ഉദാഹരണമായി പരദൂഷണം എന്ന പാപം എടുക്കുക. സഹോദരന്‍റെ നേരേയുള്ള തെറ്റായ മനോഭാവം എന്ന വേരില്‍ നിന്നാണ് ഈ ഫലം (പാപം) ഉണ്ടാകുന്നത്. അടിസ്ഥാനപരമായ മാനസാന്തരം പരദൂഷണമെന്ന കൃത്യത്തെ മാത്രമല്ല, അതിനും വേരായ ആ മനോഭാവത്തെത്തന്നെ നീക്കിക്കളയുന്നു. ബാഹ്യകൃത്യത്തെക്കുറിച്ചു മാത്രം അനുതപിക്കുന്നത് ഒരു കത്രിക കൊണ്ടു ഫലം മുറിച്ചു നീക്കിക്കളയുന്നതു പോലെയാണ്. യേശുവാകട്ടെ, ഇപ്രകാരമുള്ള ഒരു കത്രികയുമായിട്ടല്ല, പിന്നെയോ വേരിനെത്തന്നെ മുറിക്കുന്ന കോടാലിയുമായിട്ടാണു വന്നത്. അവിടുന്നു നോക്കുന്നതു കേവലം ഇലകളെ (മതഭക്തിയെ) മാത്രമല്ല, യഥാര്‍ത്ഥ ഫലങ്ങളെയാണ്. വെറും ഇലകള്‍ മാത്രം കാണപ്പെടുന്നിടത്തു അവിടുന്നു അവയെ ശപിച്ചു് ഉണക്കിക്കളയുകയും (മനുഷ്യര്‍ അതിനു സമ്മതം നല്‍കുന്നവരെങ്കില്‍) അവരില്‍ ആത്മീയതയുടെ ഫലം ഉല്‍പാദിപ്പിക്കുകയും ചെയ്യും. സ്വാര്‍ത്ഥമന്വേഷിക്കുക, പണത്തെ സ്നേഹിക്കുക എന്നിങ്ങനെയുള്ള മറ്റനേകം പാപങ്ങളും ഇതുപോലെ അടിസ്ഥാനപരമായ ഒരു ആന്തരിക മനോഭാവത്തിന്‍റെ ഫലമാണ്. ആത്മീയമനുഷ്യന്‍ മാനുഷബോധ്യത്തിനു വേണ്ടി പാപമെന്ന ബാഹ്യഫലങ്ങളെ മാത്രം മുറിച്ചു നീക്കുന്നവനല്ല; നേരേ മറിച്ചു ദൈവികമായ പ്രകാശത്തില്‍ പാപത്തിന്‍റെ വേരിനെത്തന്നെ കണ്ടെത്തി അതിനെ മുറിച്ചു നീക്കിക്കളയുന്നവനാണ്.

മതഭക്തന്മാര്‍ വേഗം വഞ്ചിക്കപ്പെടുന്നവരാണ്. ഒരു ഭര്‍ത്താവിനു ആറു മാസക്കാലമായി ഭാര്യയുടെ നേരേ തെറ്റായ ഒരു മനോഭാവം പുലര്‍ത്തുവാനും അതേ സമയം അവളെ മുറിപ്പെടുത്തുമാറു ഒരു വാക്കു പോലും പറയാതെ ആത്മസംയമനം പാലിക്കുവാനും കഴിയും. എന്നാല്‍ പിന്നീടൊരു ദിവസം അയാള്‍ കോപം കൊണ്ടു പൊട്ടിത്തെറിക്കുവാനിടയാകുന്നു. ആറു മാസക്കാലമായി തനിക്കു പാപത്തിന്മേല്‍ വിജയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കോപിച്ചതോടെ പെട്ടെന്നു പാപത്തില്‍ വീണുപോയെന്നും അയാള്‍ കരുതുന്നപക്ഷം അയാള്‍ സ്വയം വഞ്ചിക്കുകയാണ്. ആറു മാസക്കാലമായി അയാള്‍ അട്ടിയട്ടിയായി വെടിക്കോപ്പുകള്‍ സംഭരിക്കുകയായിരുന്നു. അതു കഴിഞ്ഞു ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചതോടെ അതു പൊട്ടിത്തെറിക്കുവാനിടയായി. ഈ കാലം മുഴുവന്‍ അയാള്‍ പാപത്തിലാണു ജീവിച്ചുപോന്നത്. ദീര്‍ഘസമയമായി ആ പാപം വെളിപ്പെട്ടിരുന്നില്ല എന്നു മാത്രം. ആ തീപ്പെട്ടിക്കൊള്ളിയല്ല, ആറു മാസമായി അയാള്‍ ശേഖരിച്ചുവച്ച വെടിക്കോപ്പുകളാണു പൊട്ടിത്തെറിക്കു കാരണം.

മറ്റു മനുഷ്യരോടുള്ള നമ്മുടെ മനോഭാവത്തില്‍ നമ്മെത്തന്നെ ദൈവസ്നേഹത്തില്‍ സൂക്ഷിച്ചുകൊള്ളുവാന്‍ (യൂദാ. 21) നാം പോരാടുന്നില്ലെങ്കില്‍ മതഭക്തരെന്ന നിലയില്‍ നമുക്കു നല്ല സാക്ഷ്യം പുലര്‍ത്തുവാന്‍ കഴിഞ്ഞാല്‍ പോലും നാം പാപികളാണ്. മിക്ക വിശ്വാസികള്‍ക്കും വിവേചനശക്തിയില്ല. അതിനാല്‍ അവര്‍ നമ്മെ ആത്മീയരായി പരിഗണിച്ചെന്നു വരാം. അവരുടെ അഭിപ്രായം മൂലം നാം തൃപ്തി പൂണ്ടിരിക്കുന്നുവെങ്കില്‍ അതു നമ്മുടെ മൗഢ്യം മാത്രമാണ്. സംഗീതവാസനയില്ലാത്ത ഒരാളോടു നമ്മുടെ ഗാനസാമര്‍ത്ഥ്യം വിലയിരുത്തുവാന്‍ ആവശ്യപ്പെടുന്നതു പോലെ ബുദ്ധിഹീനമാണത്.

നമ്മുടെ മാനസാന്തരം അടിസ്ഥാനപരമായിരിക്കുകയും നാം മതഭക്തിയില്‍നിന്നു വിടുതല്‍ നേടുകയും ചെയ്യണമെങ്കില്‍ നാം പാപത്തെ പാപമെന്നുതന്നെ വിളിക്കേണ്ടതാവശ്യമാണ്. കോപത്തെ അതിന്‍റെ യഥാര്‍ത്ഥ പേരായ ‘കൊലപാതകം’ എന്ന പേരില്‍ത്തന്നെ നാം വിളിക്കണം (മത്താ. 5:21,22). ഓരോ പാപത്തെയും നിങ്ങള്‍ ഇപ്രകാരം കരുതുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ മതഭക്തിയില്‍ ജീവിക്കുക എന്ന ഭീകരവിപത്തിനു നിങ്ങള്‍ ഇരയായിത്തീരും. ഒരിക്കലും നിങ്ങള്‍ ആത്മീയരായി ത്തീരുകയുമില്ല. ഒരു മതഭക്തന്‍ തന്‍റെ ബാഹ്യമായ നീതിയുടെ കാര്യത്തില്‍ വളരെ കരുതലുള്ളവനായിത്തീര്‍ന്നേക്കാം. പരീശന്മാര്‍ തുളസി, ചതകുപ്പ, ജീരകം എന്നിവ യില്‍പ്പോലും ദശാംശം കൊടുത്തിരുന്നു. ബാഹ്യനീതിയില്‍ നിന്ന് അണുവിടപോലും അവര്‍ വ്യതിചലിക്കുമായിരുന്നില്ല. എങ്കിലും സ്നേഹം, ദയ, പരോപകാരം എന്നിവയില്‍ നിന്നു അവര്‍ അനേകകാതം അകലെയായിരുന്നു. ഇന്നും നീതിമാര്‍ഗ്ഗം തുടരുന്നവര്‍ക്ക് ഇതേ വിപത്തുതന്നെ സംഭവിക്കാം. പുതിയ ഉടമ്പടിയുടെ മാര്‍ഗ്ഗം സ്നേഹത്തിന്‍റെ മാര്‍ഗ്ഗമാണ്. ഈ മാര്‍ഗ്ഗത്തില്‍നിന്ന് ഒരു മില്ലിമീറ്റര്‍ പോലും നീങ്ങിപ്പോകാതിരിപ്പാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതത്രേ. ഇതാണ് ആത്മീയതയുടെ മാര്‍ഗ്ഗം.

ലോകമയത്വമോ ദുഷ്ടതയോ ഒന്നും ഇല്ലാത്തവരെങ്കിലും പരീശന്മാരെപ്പോലെ മതഭക്തി നിമിത്തം നരകപാത്രങ്ങളായിത്തീരുന്ന ഒരു വലിയ പങ്ക് ആളുകളുണ്ട്. അതുകൊണ്ടാണു മതഭക്തിയെയും ആത്മീയതയെയും തമ്മില്‍ നാം വേര്‍തിരിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നത്. പുറമേയുള്ള നമ്മുടെ പ്രവൃത്തികള്‍ നല്ലവയായിരുന്നാലും അവ കര്‍ത്താവിനോടുള്ള ഗാഢസ്നേഹത്താല്‍ നയിക്കപ്പെടുന്നവയല്ലെങ്കില്‍ അതെല്ലാം ഭക്തിയുടെ വേഷം മാത്രമായിത്തീര്‍ന്നുപോകാം. അത്തരം പ്രവൃത്തികള്‍ സ്നേഹത്തില്‍ നിന്നു വരുന്നവയല്ലായ്കയാല്‍ നിര്‍ജ്ജീവപ്രവൃത്തികള്‍ അത്രേ. ക്രിസ്തുവിനോടുള്ള നിര്‍മ്മലസ്നേഹത്തില്‍ നിന്നു പുറപ്പെടാത്ത നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നുള്ള മാനസാന്തരം പ്രാപിക്കുവാന്‍ ദൈവവചനം നമ്മോടു കല്‍പിക്കുന്നു (എബ്രാ. 6:1; 2കൊരി. 11:3).

സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. പണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അനുസരണത്തിന്‍റെ കാര്യത്തിലും ഇതു സത്യമാണ്. ദൈവത്തോടുള്ള അനുസരണം നമുക്ക് ഒരു ഭാരമായിത്തീരുമ്പോള്‍ നാം ആത്മീയതയുടെ വഴിയില്‍ നിന്നു തെറ്റി മതഭക്തിയുടെ വഴിയില്‍ക്കൂടി പോകുകയാണെന്നുള്ള കാര്യം വ്യക്തമാണ്. പുതിയ ഉടമ്പടിയില്‍ നാം ദൈവത്തിനു നല്‍കുന്നതെന്തും സ്നേഹത്താല്‍ സന്തോഷത്തോടെ സ്വയം നല്‍കുന്നതായിത്തീരണം. അല്ലാത്തപക്ഷം നാം മക്കളെപ്പോലെയല്ല, മറിച്ച് ദാസന്മാരെപ്പോലെ നിയമനിരതരായും ന്യായപ്രമാണത്തിന്‍കീഴില്‍ ജീവിക്കുന്നവരായും തീര്‍ന്നുപോകും.

യൂദാ തന്‍റെ ലേഖനത്തില്‍ ആത്മീയരല്ലാതെ കേവലം മതഭക്തരായി ജീവിച്ചിരുന്ന മൂന്നുപേരെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. കയീന്‍, ബിലെയാം, കോരഹ് എന്നിവരാണീ മൂന്നുപേര്‍ (യൂദാ. 11). ഇവരില്‍ ഓരോരുത്തരെയും പറ്റി നമുക്ക് ചുരുക്കമായി ചിന്തിക്കാം.

കയീന്‍      

കയീന്‍ ദൈവമില്ലാത്ത ഒരു മനുഷ്യന്‍ ആയിരുന്നില്ല; നേരേമറിച്ചു ദൈവത്തിനു യാഗമര്‍പ്പിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ആഴമായ മതഭക്തിയുള്ള ഒരുവനായിരുന്നു (ഉല്‍പ. 4:3). ഹാബേലും ദൈവത്തിനു യാഗമര്‍പ്പിച്ചു. എന്നാല്‍ ഈ രണ്ടു യാഗങ്ങളും തമ്മില്‍, ഹാബേലും കയീനും തമ്മില്‍, ഉണ്ടായിരുന്ന വ്യത്യാസം  മതഭക്തിയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം തന്നെ  ആയിരുന്നു. പണം, സേവനം, സമയം എന്നിങ്ങനെയുള്ള ബാഹ്യവസ്തുക്കള്‍ ദൈവത്തിന് അര്‍പ്പിക്കുന്നവരുടെ ഒരു പ്രതിനിധിയാണു് കയീന്‍. എന്നാല്‍ ഹാബേലാകട്ടെ, ഒരാട്ടിന്‍ കുട്ടിയെ കൊന്നു യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചപ്പോള്‍, പ്രതീകരൂപേണ തന്നെത്തന്നെ യാഗപീഠത്തിന്മേല്‍ വയ്ക്കുകയാണു ചെയ്തത്.

മതഭക്തന്മാര്‍ക്കു ദാനങ്ങള്‍ നല്‍കുവാനും പ്രാര്‍ത്ഥിപ്പാനും മറ്റു പല കാര്യങ്ങള്‍ ചെയ്യാനും കഴിയും; എങ്കിലും തങ്ങളെത്തന്നെ അര്‍പ്പിക്കുക എന്തെന്ന് അവര്‍ അറിയുന്നില്ല. അവര്‍ കൃത്യമായി ദശാംശം കൊടുക്കും; എന്നാല്‍ പരീക്ഷയുടെ സന്ദര്‍ഭത്തില്‍ അവര്‍ തങ്ങളുടെ സ്വയത്തെ മരണത്തിനു ഏല്‍പിക്കുന്നില്ല. ഇതാണു പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം. സ്വയത്തിനു മരിച്ചവരാകാതെ നിങ്ങള്‍ക്കു പഴയ ഉടമ്പടിയില്‍ പ്രവേശിപ്പാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ സ്വയം മരിക്കാതെ പുതിയ ഉടമ്പടിയില്‍ പ്രവേശിപ്പാന്‍ സാധ്യമല്ല. യേശു ദശാംശം അര്‍പ്പിക്കുവാനല്ല, തന്നെത്തന്നെ ദൈവത്തിനു പ്രസാദകരമായ യാഗമായി സമര്‍പ്പിക്കുവാനാണു വന്നത്. അഹന്തയുടെ (സ്വയത്തിന്‍റെ) മരണം കൂടാതെ നിങ്ങള്‍ക്ക് ഒരു ദാസനായിത്തീരാന്‍ കഴിയും; എന്നാല്‍ ദൈവത്തിന് ഒരു പുത്രനായിത്തീരാന്‍ അതുകൂടാതെ സാധ്യമല്ല.

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നിയാല്‍ ദൈവം ഹാബേലിന്‍റെ യാഗത്തിന് ഉത്തരമരുളി. എന്നാല്‍ കയീന്‍റെ യാഗത്തിന് ആ ഫലമുണ്ടായില്ല. ഒരു മനുഷ്യന്‍ നാള്‍തോറും സ്വയം മരിക്കുമ്പോള്‍ അവന്‍റെ ജീവിതത്തിന്മേലും ശുശ്രൂഷമേലും സ്വര്‍ഗ്ഗീയാഗ്നിയുടെ വ്യാപാരം ഉണ്ടാകും. ഈ യഥാര്‍ത്ഥമായ ആത്മാഭിഷേകത്തോടു താരതമ്യപ്പെടുത്തിയാല്‍ വികാരങ്ങളെ മാത്രം കിക്കിളിയിടുന്നതും ഭൂരിപക്ഷം പേരും ഇന്നു പ്രാപിക്കുന്നതുമായ സാത്താന്യവും കപടവുമായ അഭിഷേകം ചപ്പും ചവറും മാത്രമാണ്.

ബിലെയാം

ഇതാ! മതഭക്തനായ മറ്റൊരു മനുഷ്യന്‍. ദൈവത്തെ സേവിക്കുവാനാഗ്രഹിച്ച ഒരു പ്രവാചകനായിരുന്നു ഈ മനുഷ്യനെങ്കിലും പണം നേടുവാനും ലോകദൃഷ്ടിയില്‍ വലിയവരായ ആളുകളോട് സന്ധിക്കുവാനും ഇയാള്‍ ആഗ്രഹിച്ചിരുന്നു (സംഖ്യാ. 22). യഹോവയുടെ നാമത്തില്‍ പ്രവര്‍ത്തിച്ചു തനിക്കു വേണ്ടിത്തന്നെ ബഹുമാനം നേടുവാനും സാമ്പത്തികപ്രയോജനം ആര്‍ജ്ജിക്കുവാനും ഇയാള്‍ അഭിലഷിച്ചു. ഇന്നു ബിലെയാമിനെപ്പോലെയുള്ള ഒട്ടധികം കള്ളപ്രവാചകന്മാരുണ്ട്. അവരുടെ ഉപദേശങ്ങള്‍ വചനത്തിന്‍റെ ആക്ഷരികനിലയില്‍ അടിസ്ഥാനപരമായി  ശരിതന്നെ. എന്നാല്‍ അവര്‍ ബിലെയാമിന്‍റെ ആത്മാവിനാല്‍ (ദ്രവ്യാഗ്രഹത്താലും കീര്‍ത്തിമോഹത്താലും) നയിക്കപ്പെടുന്നവരാണെന്നു വ്യക്തമാക്കിക്കൊണ്ടു ഫിലി. 2:21ല്‍ പൗലോസ് എഴുതിയിട്ടുള്ളത് ഇക്കൂട്ടരെപ്പറ്റിയാണ്. ബിലെയാമിന്‍റെ ഉപദേശമനുസരിച്ചു ജീവിക്കുന്ന ആളുകള്‍ പെര്‍ഗ്ഗമോസില്‍ ഉണ്ടായിരുന്നു (വെളി. 2:14). സഭയില്‍ ബഹുമാനമന്വേഷിക്കുന്നതും ദ്രവ്യലാഭം മോഹിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിലെയാമിന്‍റെ ആത്മാവിന്‍റെ തന്നെ രണ്ടു വിഭിന്ന രൂപങ്ങളാണു ഇവ രണ്ടും.

കോരഹ്

മറ്റൊരു മതഭക്തന്‍! പുരോഹിതകുടുംബമായ ലേവിഗോത്രത്തില്‍ ജനിച്ചവനായിരുന്നു കോരഹ് (സംഖ്യാ. 16). എന്നാല്‍ ദൈവം തനിക്കു നല്‍കിയിരുന്ന ശുശ്രൂഷയില്‍ അസംതൃപ്തനായിരുന്നു അയാള്‍. മോശെയുടേതുപോലെ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചു. മതപരമായ ഒരു ആവരണമണിഞ്ഞ ഈ ദുര്‍മ്മോഹം അന്തിമമായി അയാളുടെ നാശത്തിനു വഴിതെളിച്ചു. അയാളും, മത്സരത്തില്‍ അയാളുടെ സഹപ്രവര്‍ത്തകരായിരുന്ന ദാഥാന്‍, അബീരാം എന്നിവരും, അവരുടെ കുടുംബാംഗങ്ങളുമാണു ജീവനോടെ നരകത്തിലേക്കു പ്രവേശിച്ചവരായി തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏകസമൂഹം (സംഖ്യാ. 16:32,33). ദൈവജനത്തിനു നേതൃത്വം നല്‍കുവാന്‍ ദൈവം നിയമിച്ച ആത്മീയാധികാരങ്ങളോടുള്ള മത്സരത്തെ ഇത്ര ഭയാനകമായ ഒരു പാപമായിട്ടാണു ദൈവം പരിഗണിക്കുന്നത്. ഒരു ആത്മീയമനുഷ്യന്‍ സ്വപ്നത്തില്‍ പോലും ഈ പാപം ചെയ്യുവാന്‍ മുതിരുകയില്ല. എന്നാല്‍ മതഭക്തന്മാര്‍ അതിനു മുതിരാറുണ്ട്. മതഭക്തിയോടു ചേര്‍ന്നിരിക്കുന്ന ഭോഷത്തം അത്ര ഭയാനകമാണ്.

സഭയില്‍ മറ്റുള്ളവരുമായി അനാരോഗ്യകരമായ മത്സരത്തിലേര്‍പ്പെടുന്നവരുടെ ഒരു ദൃഷ്ടാന്തമാണ് കോരഹ്. ദൈവത്തെ ഭയപ്പെടുന്ന ഒരു സഹോദരനെ പ്രശംസിക്കുവാനും അഭിനന്ദിക്കുവാനും നിങ്ങള്‍ക്കു പ്രയാസം തോന്നുന്നുവെങ്കില്‍ നിങ്ങളില്‍ കോരഹിന്‍റെ ആത്മാവിന്‍റെ ഒരംശം അടങ്ങിയിട്ടുണ്ടെന്നുള്ളതിനു തെളിവാണത്. നിങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കുമ്പോഴാകട്ടെ, കോരഹിന്‍റെ ആത്മാവു നിങ്ങളെ നിറച്ചിരിക്കുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതിനു നിങ്ങള്‍ ചെവികൊടുക്കുന്നുവെങ്കില്‍, നിങ്ങള്‍ കോരഹിനോടുചേര്‍ന്നു ദൈവികന്യായവിധിക്കു പാത്രരായിത്തീര്‍ന്ന 250 മത്സരികള്‍ക്കു തുല്യന്‍ തന്നെ.

മതഭക്തിയും ആത്മീയതയും തമ്മില്‍ നാം വിവേചിക്കുന്നില്ലെങ്കില്‍ നമുക്കു ഒരിക്കലും ആത്മീയരായിത്തീരുവാന്‍ സാധ്യമല്ല. അന്ത്യകാലത്തു ധാരാളമാളുകള്‍ ഭക്തിയുടെ വേഷം മാത്രം ഉള്ളവരായി (ക്രൂശിന്‍റെ വചനം തന്നെയായി) അതിന്‍റെ ശക്തിയെ ത്യജിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഇന്നത്തെ കാലഘട്ടത്തിന്‍റെ ഒരു വലിയ ആവശ്യമാണ് ഈ വിവേചനം. ക്രിസ്തു ജഡത്തില്‍ വെളിപ്പെടുകയും ആത്മാവില്‍ നീതീകരിക്കപ്പെടുകയും ചെയ്തുവെന്നുള്ള ദൈവഭക്തിയുടെ മര്‍മ്മത്തില്‍ നിന്നു ധാരാളം ക്രിസ്ത്യാനികള്‍ പിന്‍വാങ്ങിപ്പോകുമെന്നും, വിവാഹം വിലക്കുക, ചില ഭക്ഷ്യസാധനങ്ങള്‍ വെടിയുക തുടങ്ങി സ്വന്തം മതഭക്തിയുടേതായ ഇതര മാര്‍ഗ്ഗങ്ങളിലൂടെ മറ്റൊരുതരം ഭക്തിയെ അന്വേഷിക്കുവാന്‍ അവര്‍ മുതിരുമെന്നും ആത്മാവു നമുക്കു സവിശേഷമായ താക്കീതു നല്‍കിയിട്ടുണ്ട്. വിനയം ‘സമ്പാദിക്കുവാനായി’ പാപത്തെ പരസ്യമായി ഏറ്റുപറയുക, രോഗഗ്രസ്തരാകുമ്പോള്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ മരുന്നുകഴിക്കാതിരിക്കുക എന്നിങ്ങനെ മറ്റു പല കപടമാര്‍ഗ്ഗങ്ങളും മനുഷ്യന്‍ ഇന്നു കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ദൈവഭക്തിയുടെ യഥാര്‍ത്ഥമര്‍മ്മത്തില്‍നിന്നു ക്രിസ്ത്യാനികളെ അകറ്റുവാനുള്ള ഭൂതങ്ങളുടെ ഉപദേശങ്ങളത്രേ (1തിമോ. 3:16; 4:5).

യഥാര്‍ത്ഥമായ ആത്മീയതയിലേക്കുള്ള ഏകമാര്‍ഗ്ഗം നാള്‍തോറും നമ്മുടെ അഹന്തയെ മരണത്തിന് ഏല്‍പ്പിക്കുക എന്നതാണ് (റോമര്‍. 8:36: 2കൊരി. 4:10,11). മറ്റെല്ലാ വഴികളും വ്യാജവഴികള്‍ തന്നെ.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

5. പുതിയനിയമത്തിന്‍റെ അന്തസ്സത്ത

പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ മക്കള്‍ക്കു പത്തുകല്‍പനകള്‍ നല്‍കിയതിനുശേഷം വിശിഷ്ടമായ മറ്റൊരു ചട്ടം കൂടി അവര്‍ക്കു നല്‍കുന്നതായി പുറ. 21:16ല്‍ പ്രസ്താവിച്ചിരിക്കുന്നു. ആറു വര്‍ഷക്കാലം ഒരു യജമാനനെ നിര്‍ബന്ധിതവ്യവസ്ഥയില്‍ സേവിച്ച ഒരു എബ്രായഅടിമ പിന്നീട് സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ അര്‍ഹനെങ്കിലും സ്നേഹത്താല്‍ പ്രേരിതനായി അതേ യജമാനനെത്തന്നെ സേവിക്കു ന്നതായി അവിടെ നാം വായിക്കുന്നു. ന്യായപ്രമാണത്തിന്‍റെ ഈ അനുബന്ധഭാഗം വരുവാനിരുന്ന പുതിയനിയമ വ്യവസ്ഥയെ പ്രവചനരൂപേണ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.

ആറു വര്‍ഷത്തെ നിര്‍ബന്ധിതസേവനം ന്യായപ്രമാണപ്രകാരമുള്ള ജീവിതത്തെയും ഏഴാം വര്‍ഷം മുതലുള്ളതു ദൈവം തന്‍റെ ജനങ്ങള്‍ക്കു നല്‍കുന്ന ശബ്ബത്തനുഭവത്തെയും കുറിക്കുന്നു. ന്യായപ്രമാണപ്രകാരം ജനങ്ങള്‍ക്ക് ആറുദിവസം വേല ചെയ്തശേഷം ഏഴാം ദിവസം വിശ്രമം അനുഭവിക്കാമായിരുന്നു. എന്നാല്‍ ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍ അവന് ആദ്യം ഒരു വിശ്രമദിവസവും പിന്നീടു ആറു ദിവസത്തെ അദ്ധ്വാനദിവസങ്ങളും നല്‍കുകയാണുണ്ടായത്. ദൈവത്തിന്‍റെ ഏഴാം ദിവസം ആദാമിനു ആദ്യദിവസമായിരുന്നു. മനുഷ്യന്‍റെ സകല അദ്ധ്വാനവും ദൈവവുമായുള്ള സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും അനുഭവത്തില്‍ നിന്നാണ് ഉറവെടുക്കേണ്ടതെന്നും അല്ലാത്തപക്ഷം അതു കേവലം പ്രയോജനശൂന്യമായ നിയമദാസ്യമായിത്തീര്‍ന്നുപോകുമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു.

പുതിയനിയമയുഗത്തില്‍ നാം ജീവിക്കുന്നതുകൊണ്ടുമാത്രം പുതിയനിയമത്തിന്‍റെ ആത്മാവില്‍ ജീവിക്കണമെന്നില്ല. റോമര്‍. 6-ാം അധ്യായത്തില്‍ വിജയജീവിതത്തെപ്പറ്റിയുള്ള സുവിശേഷം പ്രഖ്യാപിച്ചതിനുശേഷവും റോമര്‍. 7:16ല്‍ ന്യായപ്രമാണത്തിന്‍റെ അടിമത്തത്തെപ്പറ്റി വിവരിക്കുന്നതായി നാം കാണുന്നുണ്ട്. സത്യാധിഷ്ഠിതവും നീതിയുക്തവുമായ ജീവിതം നയിക്കുന്ന പലരും ന്യായപ്രമാണവ്യവസ്ഥയില്‍ തന്നെ കഴിയുന്ന അനുഭവം വളരെ സാധാരണമാണ്.

ഏറ്റവും നീതിയുക്തമായ ഒരു ജീവിതം തന്നെ തെറ്റായ ഉദ്ദേശ്യത്തോടു കൂടെ നയിക്കുവാന്‍ സാധ്യമാണ്. പഴയനിയമവ്യവസ്ഥയില്‍ ജനങ്ങള്‍ ന്യായപ്രമാണം അനുസരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് അത് അനുസരിക്കേണ്ടതെന്ന കാര്യം ന്യായപ്രമാണത്തില്‍ കാണുന്നില്ല. ചിലര്‍ ദൈവശിക്ഷയെ ഭയന്നും മറ്റുചിലര്‍ പ്രതിഫലം കാംക്ഷിച്ചും അപ്രകാരം ചെയ്തുപോന്നു. പുതിയനിയമവ്യവസ്ഥയിലാകട്ടെ, അനുസരണത്തെക്കാളധികം അതിന്‍റെ പിന്നിലുള്ള പ്രേരകശക്തിയാണു പ്രധാനം. ഒരുവന്‍ എല്ലാ കല്‍പനകളും പ്രമാണിച്ചതിനുശേഷവും ദൈവം അയാളെ ഇപ്രകാരം ശാസിച്ചുവെന്നുവരാം, “ഒരു കുറ്റം നിനക്കുണ്ട്; നീ ആദ്യം ചെയ്തതുപോലെ എന്നോടുള്ള സ്നേഹം നിമിത്തമല്ല ഇപ്പോള്‍ എന്‍റെ കല്‍പനകള്‍ കാക്കുന്നത്. അതിനാല്‍ നീ മാനസാന്തരപ്പെടണം” (വെളി. 2:4, പരാവര്‍ത്തനം). ഒരാള്‍ സ്നേഹത്താല്‍ പ്രേരിതനല്ല എന്ന വസ്തുത പഴയനിയമപ്രകാരം ഒരു കുറ്റമല്ലാതിരിക്കെ, പുതിയനിയമത്തില്‍ അത് അത്യന്തം ഗൗരവാവഹവും ദൈവികാഭിഷേകം നഷ്ടപ്പെടുവാന്‍ ഹേതുഭൂതവുമാണ്. ഇതു നാം മനസ്സിലാക്കുന്നുണ്ടോ?

2കൊരി. 7:1ല്‍ വിശുദ്ധിയെ തികയ്ക്കുന്നതിനെപ്പറ്റി നല്‍കുന്ന പ്രബോധനം നോക്കുക. അതില്‍ പറയുംപ്രകാരം ജഡത്തിലെ കല്മഷങ്ങള്‍ നീക്കി ശുദ്ധിപ്രാപിക്കുന്ന ഒരുവനു മനുഷ്യരുടെ മുമ്പില്‍ നല്ല സാക്ഷ്യം ലഭിക്കുന്നു. എങ്കിലും ആത്മാവിലുള്ള കല്മഷങ്ങളില്‍നിന്നുകൂടെ ശുദ്ധീകരണം പ്രാപിക്കുമ്പോള്‍ മാത്രമേ ദൈവം അയാളെപ്പറ്റി നല്ല സാക്ഷ്യം പ്രസ്താവിക്കുകയുള്ളു. നാം ചെയ്യുന്ന വിശുദ്ധകാര്യങ്ങളില്‍ കുടികൊള്ളുന്ന ഒരു കുറ്റമുണ്ട് (പുറ. 28:38 നോക്കുക). നീതിയെ പിന്തുടരുന്നതില്‍ നമുക്കുള്ള തെറ്റായ പ്രേരകശക്തി (motive)) അല്ലാതെ മറ്റെന്താണിത്?

ഈ അനീതിക്കും അടിയിലായി കൂടുതല്‍ ഗൗരവാവഹമായ മറ്റൊരു ദോഷവും നമുക്കു കണ്ടെത്താം. മനുഷ്യരുടെ മാനം അന്വേഷിക്കുന്നതുതന്നെ. വിശേഷിച്ചും സഭയില്‍ മറ്റുള്ളവരുടെ മാനം ആഗ്രഹിക്കുന്ന പ്രവണതയുടെ വേരറുത്ത് അതില്‍നിന്നു മോചനം നേടാത്തപക്ഷം അതു നമ്മെ സമ്പൂര്‍ണ്ണ നാശത്തിലേക്കു നയിക്കും.

പത്തു കന്യകമാരുടെ ഉപമയില്‍ (മത്താ. 25:113) ആ പത്തു പേരും ജഡിക കല്മഷങ്ങളില്‍ നിന്നു വിമുക്തരായ കന്യകമാര്‍ തന്നെയായിരുന്നു. ഒരാളും വേശ്യയായിരുന്നില്ല. എങ്കിലും ഈ കന്യകമാരില്‍ ചിലര്‍ക്ക് ആന്തരിക വിശുദ്ധിയുണ്ടായിരുന്നില്ല എന്ന സത്യം ജനങ്ങളാരും മനസ്സിലാക്കിയില്ല. വിവേചനശക്തിയില്ലാത്ത വിശ്വാസിക ളുടെ മുമ്പില്‍ പത്തുപേരും ആത്മീയരായി കാണപ്പെട്ടിരുന്നുവെങ്കിലും അഞ്ചുപേര്‍ക്കു മാത്രമേ ദൈവം ആഗ്രഹിച്ചവിധം അന്തര്‍ഭാഗത്തിലുള്ള സത്യം (സങ്കീ. 51:6) ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ള അഞ്ചുപേര്‍ ന്യായപ്രമാണത്തിലെ അക്ഷരങ്ങള്‍ മാത്രം പാലിക്കു ന്നവരായിരുന്നു. കര്‍ത്താവിന്‍റെ വരവില്‍ തങ്ങള്‍ തള്ളപ്പെടുമെന്നു അവര്‍ ഗ്രഹിച്ചിരുന്നില്ല. മത്താ. 7:23ല്‍ കര്‍ത്താവു മറ്റൊരു കൂട്ടരെ വിളിച്ചതുപോലെ “അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ” എന്ന് ഇവരെ വിളിക്കുന്നില്ല. എങ്കിലും തങ്ങളുടെ ആന്തരികജീവിതത്തില്‍ ക്രിസ്തുവിന്‍റെ ആത്മാവുള്ളവരായിരുന്നില്ല അവര്‍. കര്‍ത്താവ് അവരോടു പറഞ്ഞു, “നിങ്ങളുടെ ആത്മാക്കളുമായി എനിക്കൊരു കൂട്ടായ്മയുമില്ല. നിങ്ങളുടെ ബാഹ്യജീവിതം നേരുള്ളതെങ്കിലും നിങ്ങള്‍ക്കു നിയമദാസ്യത്തിന്‍റെ (ഹലഴമഹശാെ) ആത്മാവാണുള്ളത്. നിങ്ങള്‍ പുതിയനിയമത്തിലെ പരീശരാണ്.” ‘ഞാന്‍ നിങ്ങളെ അറിയുന്നില്ല’ എന്ന വാക്കിനു കര്‍ത്താവ് ഉദ്ദേശിച്ച അര്‍ത്ഥം ഇതായിരുന്നു.

പുതിയനിയമകല്‍പനകളെല്ലാം കൃത്യതയോടെ ആക്ഷരികമായി പാലിച്ചതിനുശേഷവും ക്രിസ്തുവിന്‍റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു പോകുവാന്‍ സാധ്യതയുണ്ട്.

ഉദാഹരണമായി ഒരാള്‍ നമുക്ക് എന്തെങ്കിലും ദോഷം ചെയ്യുമ്പോള്‍ തിന്മയ്ക്കു പകരം നന്മ ചെയ്യണം എന്ന വചനം അനുസരിക്കുവാന്‍ നാം മുതിര്‍ന്നേക്കാം. അതിനാല്‍ വളരെ വിലയുള്ള ഒരു ദാനവുമായി അയാളുടെ അടുക്കല്‍ നാം ചെല്ലുകയും നാം അയാളെ സ്നേഹിക്കുന്നുവെന്നും അയാള്‍ക്കു നന്മ ചെയ്യുന്നു വെന്നും അയാളെ ബോധ്യപ്പെടുത്തുകയും ചെയ്വാന്‍ നമുക്കു സാധിക്കും. എങ്കിലും അയാളുടെ നേരേയുള്ള നമ്മുടെ സമീപനം ഉച്ചരിക്കപ്പെടാത്ത ഈ വാക്കുകള്‍ അയാളോടു പറയുന്ന വിധത്തിലായിത്തീരാം: “കണ്ടോ, വലിയ വിശുദ്ധനായ ഞാന്‍ കൊടുംപാപിയായ താങ്കള്‍ക്കു നന്മചെയ്യുവാന്‍ ഇപ്പോള്‍ എത്തിയിരിക്കയാണ്.” ഈ സാഹചര്യത്തില്‍ അപ്രകാരം ഒരു ദാനത്തിന് നാം വളരെ പണം ചെലവുചെയ്തു; ക്ലേശിച്ചു ആ കൃത്യം നിറവേറ്റി. ഇതൊക്കെ ശരിയാണെങ്കിലും അവിടെ നമ്മുടെ സ്വാര്‍ത്ഥതയെ നാം കൈവെടിഞ്ഞിട്ടില്ലായ്കയാല്‍ ആ ദാനം ദൈവത്തിനു സൗരഭ്യവാസനയായ ഒരു യാഗമായിത്തീരുന്നില്ല (എഫേ. 5:2).

മറ്റൊരു സാഹചര്യത്തെപ്പറ്റി ചിന്തിക്കുക. കോപത്തിന്മേല്‍ വിജയം ലഭിച്ചിട്ടില്ലാത്ത ഒരു ഭാര്യ ഒരു ദിവസം തന്‍റെ ഭര്‍ത്താവിനോടു വല്ലാതെ ക്രുദ്ധിച്ചിരിക്കയാണ്. അവള്‍ അയാളുടെ നേരേ ചൊരിയുന്ന ശകാരവര്‍ഷം മുഴുവന്‍ കേട്ടുകൊണ്ടു അയാള്‍ മൗനിയായി തന്‍റെ കസേരയില്‍ ഇരിക്കുന്നു. ഇതു കാണുന്ന വിവേചനശൂന്യനായ ഒരാള്‍ ഭര്‍ത്താവിനെ ഒരു വിശുദ്ധനായും ഭാര്യയെ പാപിഷ്ഠയായും പരിഗണിച്ചേക്കാം. എന്നാല്‍ ആത്മാക്കളെ തൂക്കിനോക്കുന്ന ദൈവത്തിന് ആ രണ്ടുപേരെയും പറ്റി വളരെ വ്യത്യസ്തമായ ഒരഭിപ്രായമായിരിക്കാം ഉണ്ടാവുന്നത്. വായടച്ചിരിക്കുമ്പോള്‍ തന്നെ ആ ഭര്‍ത്താവിന്‍റെ ആത്മാവില്‍നിന്നു ഉച്ചരിക്കപ്പെടാത്ത ഈ വാക്കുകള്‍ പുറപ്പെടുന്നുണ്ടാവാം: “കര്‍ത്താവേ, ഞാന്‍ എന്‍റെ ഭാര്യയെപ്പോലെ പരാജയജീവിതം നയിക്കുന്ന ഒരുവനല്ലാത്തതിനാല്‍ ഞാന്‍ അങ്ങയെ വാഴ്ത്തുന്നു. എനിക്കു കോപത്തി ന്മേല്‍ വിജയം ലഭിച്ചിരിക്കയാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.” ഒന്നുമുരിയാടാതെ കസേരയിലിരിക്കുന്ന സ്വയനീതിക്കാരനായ തന്നെക്കാള്‍ പരാജിതയായ ആ ഭാര്യയാണു ദൈവത്തിനു കൂടുതല്‍ സ്വീകാര്യയെന്ന വസ്തുത അയാള്‍ അറിയുന്നുണ്ടാവില്ല. വാസ്തവത്തില്‍ വേശ്യമാരും മോഷ്ടാക്കളും പരീശന്മാരെക്കാള്‍ മുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നു. കോപം ഒരു ക്രിസ്ത്യാനിക്കു ചേര്‍ന്ന കാര്യമല്ലെന്നതു ശരി തന്നെ. പരീശമനോഭാവത്തില്‍ നിന്നു നമ്മുടെ ആത്മാവിനെ വിമുക്തമാക്കുകയാണ് ഇത്തരം സാഹചര്യത്തില്‍ നമ്മുടെ കര്‍ത്തവ്യം. അതാണു രക്ഷയിലേക്കുള്ള വഴി.

മുടിയന്‍ പുത്രന്‍റെ ഉപമയിലെ പിതാവില്‍ ക്രിസ്തുവിന്‍റെ മനോഭാവവും ജ്യേഷ്ഠസഹോദരനില്‍ പരീശമനോഭാവവുമാണു നാം കാണുന്നത്. തന്‍റെ ഇളയ പുത്രന്‍ മനസ്സുതിരിഞ്ഞു തിരിച്ചെത്തിയപ്പോള്‍, ഒരുവേള അവന്‍ തന്‍റെ പാപസ്വഭാവത്തില്‍നിന്നു പൂര്‍ണ്ണമായും മോചിതനായിട്ടില്ലെന്നു വന്നേക്കാമെങ്കിലും പിതാവു സന്തോഷിക്കുന്നു. പരീശമനോഭാവമുള്ള ജ്യേഷ്ഠനാകട്ടെ, അവനെ സ്വാഗതം ചെയ്യുവാന്‍ തയ്യാറില്ല. അവനു സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ അനുജന്‍റെ മാനസാന്തരം യഥാര്‍ത്ഥമോ എന്നു പരിശോധിക്കാനായി ഒരു വര്‍ഷക്കാലം അവനെ വേലക്കാരുടെ താമസസ്ഥലത്ത് അവന്‍ പാര്‍പ്പിക്കുമായിരുന്നു.

ഏതെങ്കിലും വിധത്തില്‍ നമ്മോടു ദോഷം ചെയ്തിട്ടുള്ളവരുടെനേരേയുള്ള നമ്മുടെ മനോഭാവത്തിലാണു പരീശമനോഭാവം ഏറ്റവും പ്രകടമായി കാണപ്പെടുന്നത്. അവര്‍ ക്ഷമ ചോദിക്കുമ്പോള്‍പോലും അതു ആത്മാര്‍ത്ഥമായിട്ടോ എന്നറിയുവാന്‍വേണ്ടി അവരെ വേലക്കാരുടെ താമസസ്ഥലത്തു പാര്‍പ്പിക്കുവാന്‍ നാം മുതിര്‍ന്നേക്കാം. ഒരാള്‍ ദിവസത്തില്‍ ഏഴുപ്രാവശ്യം തെറ്റുചെയ്കയും ഏഴുപ്രാവശ്യവും അനുതപിച്ചു നമ്മുടെ അടുക്കല്‍വന്നു ക്ഷമചോദിക്കുകയും ചെയ്താല്‍ അയാളോടു നാം ക്ഷമിക്കണമെന്നു കര്‍ത്താവു നമ്മെ പ്രബോധിപ്പിച്ചിട്ടുള്ളത് ഓര്‍ക്കുക. അയാളുടെ വാക്കുകള്‍ മുഖവിലയ്ക്കു സ്വീകരിക്കുക മാത്രമാണു നമുക്കു ചെയ്യുവാനുള്ളത്. ഒരു പക്ഷേ ആത്മാര്‍ത്ഥമായിട്ടല്ലായിരിക്കാം അയാള്‍ സംസാരിക്കുന്നത്. അതിനെപ്പറ്റി വിധികല്‍പിക്കേണ്ടതു നാമല്ല, ദൈവമാണ്. നാം പുറമേയുള്ളതു മാത്രമേ കാണുന്നുള്ളു. ദൈവമോ ഹൃദയങ്ങളെ കാണുന്നു.

നാം എന്തുചെയ്തു എന്നതിനെക്കാളധികം എന്തുദ്ദേശ്യത്തോടുകൂടി ചെയ്തു എന്നതാണു ന്യായവിധിനാളില്‍ ഏറ്റവും മുഖ്യമായ കാര്യം (1കൊരി. 4:5). മുടിയന്‍ പുത്രന്‍റെ ഉപമയിലെ മൂത്തമകന്‍ പിതാവിന്‍റെ ഒരൊറ്റ കല്‍പനപോലും അനുസരിക്കാതിരുന്നിട്ടില്ല (ലൂക്കോ. 15:29). എന്നിട്ടും കഥാന്ത്യത്തില്‍ അയാള്‍ ഭവനത്തിനു പുറത്തുനില്‍ക്കുന്നതായി നാം കാണുന്നു. നിയമദാസ്യത്തിന്‍റെ ആത്മാവ് അവനെ ഭരിച്ചിരുന്നതാണ് ഇതിന്‍റെ കാരണം. അയാള്‍ ഒരു കന്യകയായിരുന്നു. പക്ഷേ അയാളുടെ പാത്രത്തില്‍ എണ്ണ ഉണ്ടായിരുന്നില്ല. അയാളുടെ ഉദ്ദേശ്യം ദോഷകരമെന്നു തെളിയിക്കപ്പെട്ടു. അയാള്‍ പ്രതിഫലത്തിനുവേണ്ടിയാണു സേവിച്ചതെന്ന് അയാളുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ടല്ലോ. നോക്കുക: “ഞാന്‍ ഒരിക്കലും നിന്‍റെ കല്‍പന ലംഘിച്ചിട്ടില്ല; എന്നിട്ടും നീ എനിക്കു ഒരു പ്രതിഫലം തന്നില്ലല്ലോ.”

ഈ മനോഭാവത്തിനെതിരെ യേശു തന്‍റെ ശിഷ്യന്മാര്‍ക്കു താക്കീതു നല്‍കിയിരുന്നു. ധനികനും യുവാവുമായ പ്രമാണി യേശുവിനെ വിട്ടുപോയശേഷം പത്രോസ് യേശുവിനോടു ചോദിച്ചു: “കര്‍ത്താവേ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ. ഞങ്ങള്‍ക്ക് എന്തു കിട്ടും?” (മത്താ. 19:27). ഇതിന് ഉത്തരമായിട്ടാണ് കര്‍ത്താവ് തോട്ടമുടമസ്ഥന്‍റെയും കൂലിക്കാരുടെയും ഉപമ പറഞ്ഞത്. തോട്ടമുടമസ്ഥന്‍ അഞ്ചു വിഭാഗം ജോലിക്കാരെ മുന്തിരിത്തോട്ടത്തിലെ വേലയ്ക്കായി വിളിച്ചാക്കി. അതില്‍ നാലു വിഭാഗക്കാരും നിശ്ചിതവ്യവസ്ഥയിന്‍ കീഴിലാണ് വിളിക്കപ്പെട്ടത്. അവസാനത്തെ വിഭാഗം മാത്രം യാതൊരു വ്യവസ്ഥയും കൂടാതെ വന്നവരായിരുന്നു (മത്താ. 20:116). ഉപമയുടെ സന്ദേശം ഇതത്രേ. ഒന്നാമത്തെ വിഭാഗം ഒരു വെള്ളിക്കാശു പ്രതിഫലം എന്ന നിശ്ചിതവ്യവസ്ഥയില്‍ ജോലിയില്‍ ഏര്‍പ്പെട്ടു. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വിഭാഗക്കാരും കൃത്യ തുക പറഞ്ഞിരുന്നില്ലെങ്കിലും പ്രതിഫലത്തിനായിത്തന്നെ വേല ചെയ്തു. ഈ നാലു വിഭാഗങ്ങളും പ്രതിഫലത്തിനായി ദൈവത്തെ സേവിക്കുന്നവരെ കുറിക്കുന്നു. ഒരു പക്ഷേ സഹസ്രാബ്ദവാഴ്ചയില്‍ കര്‍ത്താവിനോടൊപ്പം സിംഹാസനത്തില്‍ ഇരിക്കുന്നതോ അഥവാ കിരീടം ലഭിക്കു ന്നതോ അതുമല്ലെങ്കില്‍ മണവാട്ടിയായിത്തീരുക എന്നതോ ആയിരിക്കാം അവരുടെ ഉദ്ദേശ്യം. ഈ കൂട്ടരെല്ലാം പ്രതിഫലം കരുതിത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അതു പഴയ നിയമത്തിന്‍റെ ആത്മാവാണ്.

ആത്മീയനായ ഒരു വ്യക്തി ആഗ്രഹിക്കുന്ന ഏക പ്രതിഫലം വിശുദ്ധവും സ്നേഹപൂര്‍ണ്ണവുമായ ദൈവസ്വഭാവം സ്വായത്തമാക്കുക, തദ്വാരാ ദൈവവുമായി ഗാഢമായ കൂട്ടായ്മയിലേര്‍പ്പെടുക എന്നതു മാത്രമാണ്. ഇതാണ് അവന്‍ നോക്കിപ്പാര്‍ത്തിരിക്കുന്ന കിരീടം. ഈ പ്രതിഫലം നല്‍കുവാനാണു യേശു വരുന്നതും (വെളി. 22:12). ഒരു വ്യക്തി എത്ര വിശ്വസ്തതയോടെ തന്‍റെ രക്ഷ നേടി, എപ്രകാരം ജഡത്തിലെയും വിശിഷ്യ, ആത്മാവിലെയും കല്മഷങ്ങളില്‍ നിന്നു  പ്രത്യേകിച്ചു പരീശമനോഭാവത്തില്‍ നിന്നു  ശുദ്ധീകരണം പ്രാപിച്ചു  ഇതിനെ ആശ്രയിച്ചാണ് ഈ പ്രതിഫലം ലഭിക്കുന്നത്. ഈ കാരണത്താലാണു പുനരുത്ഥാനത്തില്‍ നമുക്കു ലഭിക്കുവാന്‍ പോകുന്ന തേജസ്സില്‍ നക്ഷത്രങ്ങള്‍ക്കു തമ്മിലുള്ളതുപോലെയുള്ള വ്യത്യാസം സംഭവിക്കുന്നത് (1കൊരി. 15:41,42). എന്തെന്നാല്‍ നീതിമാനായ ദൈവം മനുഷ്യന്‍ കാണുന്നതിനെ അനുസരിച്ചല്ല, താന്‍ തന്നെ കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണു ഓരോരുത്തര്‍ക്കും പ്രതിഫലം നല്‍കുന്നത് (2കൊരി. 5:10).

മേല്‍പ്പറഞ്ഞ ഉപമയില്‍ അവസാനത്തെ വിഭാഗം ജോലിക്കാര്‍ മാത്രമാണ് യാതൊരു വ്യവസ്ഥയും പ്രതിഫലേച്ഛയും കൂടാതെ ജോലി ചെയ്തത് (മത്താ. 20:7). പുതിയനിയമത്തിന്‍റെ ആത്മാവിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. തന്മൂലം അവര്‍ക്ക് ആദ്യം തന്നെ പ്രതിഫലം ലഭിച്ചു. ആനുപാതികമായി മറ്റുള്ളവര്‍ക്കു ലഭിച്ചതിലധികമായ പ്രതിഫലവും അവര്‍ പ്രാപിച്ചു (മത്താ. 20:16). നേരേമറിച്ചു ഒന്നാം വിഭാഗത്തില്‍ പ്പെട്ട ജോലിക്കാര്‍ മുടിയന്‍പുത്രന്‍റെ ഉപമയിലെ ജ്യേഷ്ഠസഹോദരനെപ്പോലെ പരീശമനോഭാവക്കാരും സ്വയം നീതീകരിച്ചുകൊണ്ടു മാനമന്വേഷിക്കുന്നവരും ആയിരുന്നു.

ഈ പുതിയനിയമവ്യവസ്ഥയില്‍ യേശുവാണു നമ്മുടെ മുന്നോടി. അവിടുന്നു പിതാവിന്‍റെ കല്‍പനകള്‍ പ്രമാണിച്ചത് ഇപ്പോഴോ നിത്യതയിലോ യാതൊരു പ്രതിഫലവും സ്ഥാനമാനവും കാംക്ഷിച്ചല്ല. ശിക്ഷാഭയവും അവിടുത്തെ ഭരിച്ചിരുന്നില്ല. തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തു അവിടുന്നു ക്രൂശിനെ സഹിച്ചതായി നാം വായിക്കുന്നു. തിരശ്ശീലയ്ക്കപ്പുറം വസിച്ചിരുന്ന തന്‍റെ പിതാവുമായുള്ള കൂട്ടായ്മയുടെ സര്‍വോന്നതമായ സന്തോഷമായിരുന്നു അവിടുത്തെ ലക്ഷ്യം. ഈ കാരണത്താലാണ് ഓരോ പരീക്ഷയിലും അവിടുത്തേക്കു തിരശ്ശീല ചീന്തുവാന്‍ സാധിച്ചത് (എബ്രാ. 10:20; 12:2). പിതാവിന്‍റെ സന്നിധിയില്‍ മാത്രമാണു സന്തോഷപരിപൂര്‍ണ്ണത (സങ്കീ. 16:11). ജീവിതകാലം മുഴുവന്‍ കര്‍ത്താവാഗ്രഹിച്ചതു തന്‍റെ പിതാവിനോടുള്ള കൂട്ടായ്മയായിരുന്നു. ആ കൂട്ടായ്മയ്ക്കു ഭംഗം വരാതിരിപ്പാനാണു ‘മരണ’ത്തില്‍ നിന്നു തന്നെ വിടുവിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടി അവിടുന്നു പ്രാര്‍ത്ഥിച്ചത്. ഭൂമിയില്‍ താന്‍ ജീവിച്ച 331/2 വര്‍ഷക്കാലവും അവിടുന്നു ‘മരണ’ ത്തിലകപ്പെടാതെ തന്നെത്താന്‍ സൂക്ഷിച്ചു. അവസാനമായി നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി പിതാവിനാല്‍ പരിത്യജിക്കപ്പെടുമ്പോള്‍ പിതാവുമായുള്ള ആ കൂട്ടായ്മ മൂന്നു മണിക്കൂര്‍ നേരത്തേക്കു ഭഞ്ജിക്കപ്പെടുമെന്നു ഗെത്ശെമനയില്‍വച്ചു  അവിടുന്നു മനസ്സിലാക്കിയപ്പോള്‍, മറ്റു വല്ല വഴിയുമുണ്ടോ എന്നറിയുവാനായി അവിടുന്നു വീണ്ടും നിലവിളിച്ചു. എന്നാല്‍ വേറേ വഴിയൊന്നുമുണ്ടായിരുന്നില്ല. നമ്മോടുള്ള സ്നേഹം കാരണം കര്‍ത്താവു ആ വലിയ വില കൊടുക്കുവാന്‍ ക്രൂശിലേക്കു പോകയും ചെയ്തു.

ക്രിസ്തുവിന്‍റെ ഈ മനോഭാവത്തില്‍ പങ്കുകാരായിത്തീരുമ്പോള്‍ മാത്രമേ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്ന നിയമ ദാസ്യത്തില്‍ നിന്നു നാം സ്വതന്ത്രരായിത്തീരുകയുള്ളു. നിയമദാസ്യത്തില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യം ഏതെങ്കിലും എളുപ്പവഴിയില്‍ നേടിയെടുക്കുവാന്‍ സാധ്യമല്ല. അതിനു ഒരു മാര്‍ഗ്ഗമേയുള്ളു. അതു 2കൊരി. 3:18ല്‍ വിവരിച്ചിട്ടുള്ള മാര്‍ഗ്ഗമാണ്. ആ അധ്യായത്തിലുടനീളം പൗലോസ് പഴയനിയമത്തെയും പുതിയനിയമത്തെയും താരതമ്യപ്പെടുത്തിയ ശേഷം (വാ. 6:17) അവസാനമായി പരിശുദ്ധാത്മാവു ദൈവവചനമാകുന്ന കണ്ണാടിയില്‍ യേശുവിന്‍റെ തേജസ്സു കാണിച്ചുതരുവാനും ആ തേജസ്സിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുവാനുമാണു വന്നിട്ടുള്ളതെന്നു പ്രസ്താവിച്ചിരിക്കുന്നു.

യേശു നമ്മുടെ ജഡത്തില്‍ വന്നുവെന്ന സത്യം നമുക്കു കാണിച്ചുതരുവാന്‍ പരിശുദ്ധാത്മാവു ആഗ്രഹിക്കുന്നു. നമ്മുടെ ജഡത്തില്‍ വസിക്കുന്ന എല്ലാ മോഹങ്ങളും അവിടുത്തെ ജഡത്തിലും വസിച്ചിരുന്നു. അവിടുന്നു ന്യായപ്രമാണത്തിന്‍ കീഴില്‍ ജനിച്ചവനായിരുന്നു (ഗലാ. 4:4). എങ്കിലും ഒരു ബാലനായിരുന്ന കാലത്തുതന്നെ യേശു ന്യായപ്രമാണകല്‍പനകളെപ്പറ്റി ധ്യാനിച്ചപ്പോള്‍ ഏതൊരു യിസ്രായേല്‍ക്കാരനും എന്നെങ്കിലും കണ്ടിട്ടുള്ളതിലധികം കാര്യങ്ങള്‍ ന്യായപ്രമാണത്തില്‍ കാണുവാന്‍ അവിടുത്തേക്കു സാധിച്ചു. ഉദാഹരണമായി ‘വ്യഭിചാരം ചെയ്യരുതു’ എന്ന കല്‍പ നയില്‍ ‘ഹൃദയം കൊണ്ടു മോഹിക്കരുത്’ എന്നതും കൂടെ അടങ്ങിയിട്ടുള്ളതായി അവിടുന്നു കണ്ടെത്തി. ‘കൊല ചെയ്യരുത്’ എന്ന കല്‍പനയില്‍ ‘കോപിക്കരുത്’  എന്നതും കൂടി അടങ്ങിയിട്ടുണ്ട്. ഇതുപോലെ മറ്റുള്ളവയിലും. യേശുവിന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെയുള്ള ജീവിതത്തിനു് ദൈവം നല്‍കിയ പ്രതിഫലമായിരുന്നു ഈ വെളിപ്പാട്. യെശ. 53:11ല്‍ യേശു തന്‍റെ ജീവിതകാലത്തു തന്‍റെ ദേഹിയില്‍ സഹിച്ച അതിവ്യഥയ്ക്കു പ്രതിഫലമായി അവിടുന്നു വെളിച്ചം കാണുമെന്നു പ്രസ്താവിച്ചിട്ടൂണ്ട് (NASB, മാര്‍ജിന്‍). യേശുവിന്‍റെ ജീവിതകാലത്തു തന്‍റെ പിതാവിനെ ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമല്ല, പൂര്‍ണ്ണമായിത്തന്നെ അനുസരിപ്പാന്‍ വേണ്ടിയുള്ള ഒരു വലിയ ഹൃദയവ്യഥ അവിടുത്തെ ഹൃദയത്തിലുണ്ടായിരുന്നു. അതിന്‍റ ഫലമായി ന്യായപ്രമാണത്തിന്‍റെ പിമ്പില്‍നിന്നിരുന്ന അന്തസ്സത്തയെപ്പറ്റി അവിടുത്തേക്കു വെളിച്ചം ലഭിച്ചു. അതുനിമിത്തം താന്‍ ന്യായപ്രമാണത്തിന്‍ കീഴില്‍ നമ്മുടെ ജഡത്തോടുകൂടെ ജനിച്ചവനെങ്കിലും പുതിയ ഉടമ്പടി നമുക്കായി തുറന്നുതരുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. തിരുവചനത്തിന്‍റെ പേജുകളിലൂടെ പരിശുദ്ധാത്മാവു നമുക്കു കാണിച്ചു തരുന്ന അത്ഭുതവാനായ യേശു ഈ വിധത്തിലുള്ള ഒരു വ്യക്തിയാണ്.

ഈ വഴിയിലൂടെ യേശുവിനെ അനുഗമിക്കുക എന്നതിന്‍റെ സാരം യേശു തിരുവെഴുത്തുകളെപ്പറ്റി ധ്യാനിച്ച അതേവിധത്തില്‍ നാമും അവയെ ധ്യാനിക്കുക എന്നാണ്. അപ്പോള്‍ ദൈവകല്‍പനകളില്‍ മറ്റുള്ളവര്‍ കാണുന്നതിലധികം കാണുവാന്‍ നമുക്കു സാധിക്കും. യേശു സംസാരിച്ച വചനങ്ങള്‍ ജീവനും ആത്മാവുമാണ് (യോഹ. 6:63). യേശു ഈ ഭൂമിയിലായിരുന്ന കാലത്തു പലര്‍ക്കും അവിടുത്തെ മനസ്സിലാക്കുവാന്‍ കഴിയാഞ്ഞത് ഈ കാരണത്താലാണ്. ഇന്നും പലയാളുകളും യേശുവിനെ അറിയേണ്ടതുപോലെ അറിയാതിരിക്കുന്നതും ഇതിനാല്‍ തന്നെ. സത്യത്തെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ ദൈവം വെളിച്ചം നല്‍കുകയുള്ളു. മറ്റുള്ളവരെയെല്ലാം വഞ്ചിക്കപ്പെടുവാന്‍ അവിടുന്നു അനുവദിക്കുന്നു. 2തെസ്സ. 2:112 ന്‍റെ വ്യക്തമായ അര്‍ത്ഥം ഇതത്രേ. സത്യത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചു കൊണ്ടു നാം ദൈവവചനം ധ്യാനിക്കുമ്പോള്‍ കല്‍പനകളുടെ അക്ഷരം മാത്രം പാലിക്കുന്നതില്‍ നാം തൃപ്തിയടയുകയില്ല. നേരേമറിച്ചു അതിന്‍റെ അന്തസ്സത്തയെ അനുസരിക്കാത്തതോര്‍ത്തു നാം നമ്മെത്തന്നെ കുറ്റം വിധിക്കുവാന്‍ ഇടയാകും.

പത്തുകല്‍പനകളില്‍ ആദ്യത്തെ ഒമ്പതും പാലിക്കുവാന്‍ ഒരുവനു സാധ്യമായിരുന്നു. പത്താമത്തെ കല്‍പനയാകട്ടെ, മോഹം എന്ന ആന്തരികകാര്യത്തെ സംബന്ധിച്ചതാകയാല്‍ അതു പാലിക്കുക ഒരാള്‍ക്ക് അസാധ്യമായിരുന്നു. ഒരുവന്‍ തന്‍റെ ഹൃദയത്തില്‍ മോഹിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുവാന്‍ ന്യായപ്രമാണത്തിനു കഴിവില്ല. അതിനാല്‍ ആ തെറ്റ് അയാള്‍ ചെയ്തിരുന്നെങ്കില്‍ തന്നെയും അയാളെ ശിക്ഷിക്കുവാനും അതിനു കഴിവില്ലായിരുന്നു. ഈ കാരണത്താലാണു ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യന്‍ എന്നു സ്വയം കരുതിയിരുന്ന പൗലോസ് പോലും പത്താമത്തെ കല്‍പന പാലിക്കുവാന്‍ തനിക്കു സാധിച്ചിരുന്നില്ലെന്നു സമ്മതിച്ചത് (ഫിലി. 3:6നെ റോമര്‍. 7:10 മായി താരതമ്യപ്പെടുത്തുക). ഈ വസ്തുത സ്വയം സമ്മതിക്കുവാന്‍ തക്ക സത്യസന്ധതയുള്ള ചുരുക്കം പേരില്‍ ഒരാളായിരുന്നു അദ്ദേഹം. തന്മൂലം പുതിയ ഉടമ്പടിയുടെ ജീവിതത്തില്‍ കൂടുതല്‍ മുന്നോട്ടു പോകുമാറ് അദ്ദേഹത്തെ സഹായിക്കുവാന്‍ ദൈവത്തിനു കഴിഞ്ഞു. പത്താമത്തെ കല്‍പന മനുഷ്യന്‍റെ സത്യസന്ധതയെ ശോധനചെയ്യുവാന്‍ ദൈവം വച്ചിട്ടുള്ളതാണ്. ഇതില്‍ പരാജയപ്പെട്ടുവെന്നു സമ്മതിക്കുമാറു സത്യസന്ധരായിരിക്കുന്നവരെ ദൈവം മുന്നോട്ടു നയിക്കും. അത്തരക്കാര്‍ക്കു മാത്രമേ ക്രിസ്തുവിങ്കലേക്കും പുതിയ ഉടമ്പടിയിലേക്കും നയിക്കുന്ന ഒരു ശിശുപാലകനായി ന്യായപ്രമാണം തീരുകയുള്ളു (ഗലാ. 3:24). ശേഷിച്ചവര്‍ തങ്ങളുടെ ആന്തരികപാപത്തെ മറച്ചുവയ്ക്കുന്നവരാണ്. അവര്‍ പഴയനിയമത്തിന്‍റെ കീഴില്‍ തുടരുകയും ചെയ്യും. ധാരാളം ക്രിസ്ത്യാനികള്‍ ഇന്നു പരാജിതരായിക്കഴിയുന്നതു ഈ കാരണത്താലാണ്. തങ്ങളുടെ ആന്തരികമായ പരാജയം സമ്മതിച്ചു കൊടുക്കുമാറു സത്യസന്ധതയുള്ളവരല്ല ഇക്കൂട്ടര്‍. അവര്‍ മനുഷ്യരുടെ ബഹുമതിയില്‍ ചരിതാര്‍ത്ഥരായി കഴിഞ്ഞുകൂടുന്നു. തങ്ങളെ സംബന്ധിച്ച സത്യത്തെ അവര്‍ സ്നേഹിക്കുന്നില്ല. തന്മൂലം വഞ്ചിതരായിത്തീരുവാന്‍ ദൈവം അവരെ അനുവദിക്കുന്നു.

മനുഷ്യന്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കണമെന്നതായിരുന്നില്ല ഒരിക്കലും ദൈവത്തിന്‍റെ ഇഷ്ടം. മനുഷ്യനെ ജീവനിലേക്കു നയിക്കുവാനല്ല, പിന്നെയോ നാമിപ്പോള്‍ കണ്ടതുപോലെ അവന്‍റെ കഴിവില്ലായ്മ തെളിയിച്ചു കാണിപ്പാനും സത്യസന്ധത പരീക്ഷിപ്പാനുമാണു ന്യായപ്രമാണം നല്‍കപ്പെട്ടത്. അതിനാല്‍ ക്രിസ്തു വന്നതോടെ ന്യായപ്രമാണം നീക്കപ്പെടുകയും പുതിയ ഉടമ്പടി സ്ഥാപിതമാകയും ചെയ്തു (എബ്രാ. 8:7,8,13). ദൈവം ആദാമിനെ ഏദനില്‍ ആക്കിയപ്പോള്‍ നന്മ തിന്മകളുടെ അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം തിന്നരുതെന്ന് അവനോടു കല്‍പിച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ ഒരു നിയമഗ്രന്ഥമനുസരിച്ചു തിന്മയെ മുഴുവന്‍ വര്‍ജ്ജിച്ചും നന്മയെ മുഴുവന്‍ പാലിച്ചും ജീവിക്കുവാനല്ല നിയമിക്കപ്പെട്ടത്. ഈയൊരു കാര്യത്തിലാണു യഥാര്‍ത്ഥക്രിസ്ത്യാനിത്വം കപടക്രിസ്ത്യാനിത്വത്തില്‍ നിന്നും ഇതരമതങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ ദൈവിക പരിശു ദ്ധാത്മാവിന്‍റെ നടത്തിപ്പനുസരിച്ചു ജീവവൃക്ഷത്തെ ആശ്രയിച്ചു ജീവിക്കണമെന്നായിരുന്നു ദൈവോദ്ദേശ്യം. ദൈവത്തിനു പ്രസാദകരമായതെന്തെന്നും അവിടുത്തേക്ക് അനിഷ്ടകരമായതെന്തെന്നും പരിശുദ്ധാത്മാവു മനുഷ്യനു കാണിച്ചുകൊടുക്കും (1കൊരി. 6:12; 10:23). നന്മതിന്മകളെക്കുറിച്ചുള്ള അറിവിനെ ആശ്രയിച്ചു ജീവിക്കുക എന്നതു ന്യായപ്രമാണപ്രകാരമുള്ള ജീവിതമാണ്. ഇതു നമ്മെ എപ്പോഴും അടിമത്തത്തിലേക്കു നയിക്കും. അത്തരമൊരു ജീവിതത്തില്‍ നാമൊരിക്കലും ന്യായപ്രമാണത്തിനു പിമ്പില്‍ നില്‍ക്കുന്ന അതിന്‍റെ ആത്മാവിലേക്കു കടന്നുചെല്ലുകയില്ല.

കല്‍പനകള്‍ പാലിക്കുന്നതിലൂടെ ബാഹ്യമായി നീതിയുള്ള ഒരു ജീവിതം നയിക്കുവാനും കന്യകമാരായിത്തീര്‍ന്നു സഭയില്‍ മറ്റുള്ളവരുടെ ബഹുമാനം ആര്‍ജ്ജിക്കുവാനും നമുക്കു സാധിക്കും. എന്നാല്‍ നമ്മുടെ പാത്രങ്ങളില്‍ എണ്ണ സംഭരിക്കുവാനുള്ള ഏകമാര്‍ഗ്ഗം അന്യര്‍ക്ക് അദൃശ്യമായ ആത്മകല്മഷങ്ങളില്‍ നിന്നു പരിശുദ്ധാത്മസഹായത്താല്‍ ശുദ്ധീകരണം പ്രാപിക്കുകയാണ്. ഇതിലേക്കു യേശു നമ്മുടെ ജഡത്തില്‍ക്കൂടി കടന്നുപോയ വഴിയെപ്പറ്റി നമുക്കു വെളിപ്പാടു ലഭിച്ചേ മതിയാവൂ.

പൗലോസ് ഈ പുതിയനിയമസത്യങ്ങളെപ്പറ്റി എഫേസ്യര്‍ക്കു എഴുതുമ്പോള്‍ തന്‍റെ വാക്കുകളിലൂടെ ഈ വെളിപ്പാട് അവര്‍ക്കു ലഭിക്കുകയില്ല എന്നറിഞ്ഞ് അവരുടെ അന്തര്‍ദൃഷ്ടികളെ പരിശുദ്ധാത്മാവുതന്നെ പ്രകാശിപ്പിക്കുവാനായി പ്രാര്‍ത്ഥിച്ചു (എഫേ. 1:17,18). ഇതാണു നാമും നമുക്കുവേണ്ടിത്തന്നെ പ്രാര്‍ത്ഥിക്കേണ്ട കാര്യം.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

6. പുതിയ ഉടമ്പടി  യേശുവുമായി ഒരു പങ്കാളിത്തം

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; ഒരു പിതാവെന്ന നിലയില്‍ അവിടുത്തെ വെളിപ്പെടുത്തുവാനാണു യേശു വന്നത് (യോഹ. 1:18). പിതാവ് എന്ന ഈ നാമമാണു യേശു തന്‍റെ ശിഷ്യന്മാര്‍ക്കു വെളിപ്പെടുത്തിയത് (യോഹ. 17:6). ആ നാമത്തിലും അതിന്‍റെ പിന്നിലുള്ള എല്ലാറ്റിലുമാണ് യേശുവിന്‍റെ ശിഷ്യന്മാര്‍ തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് (യോഹ. 17:11, 12).

പഴയനിയമകാലത്ത് ദൈവം സമാഗമനകൂടാരത്തില്‍ ഘനമായ ഒരു തിരശ്ശീലയ്ക്കു പിന്നില്‍ അധിവസിച്ചിരുന്നതായി ജനങ്ങള്‍ കരുതിപ്പോന്നു. കൃത്യമായി ഏതുവിധത്തിലുള്ള ഒരുവനാണു ദൈവം എന്ന കാര്യം ആര്‍ക്കും അറിവുണ്ടായിരുന്നില്ല. നിര്‍ദ്ദയനും നിര്‍ദ്ദാക്ഷിണ്യനുമായ ഒരു സ്വേച്ഛാധിപതിയുടെ രൂപത്തിലാണു പരീശന്മാര്‍ സാധാരണ ജനങ്ങളുടെ മുമ്പില്‍ ദൈവത്തെ ചിത്രീകരിച്ചത്. ഇതിനിടെ യേശു വരികയും തിരശ്ശീല ചീന്തുകയും അതിനുള്ളില്‍ വസിച്ചിരുന്ന സ്നേഹപൂര്‍ണ്ണനായ പിതാവിനെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സാത്താന്‍ ഇപ്പോഴും വിശ്വാസികള്‍ക്കെന്നപോലെ അവിശ്വാസികള്‍ക്കും ദൈവത്തെപ്പറ്റി സത്യവിരുദ്ധമായ ഒരു ചിത്രം നല്‍കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്നു യേശു ചെയ്ത ആ കാര്യം നിര്‍വ്വഹിക്കുകയാണ്  അതായതു ദൈവത്തെ സ്നേഹശാലിയായ ഒരു പിതാവായി ലോകത്തിനു കാണിച്ചുകൊടുക്കുക – ഇതാണു സഭയുടെ ദൗത്യം.

ദൈവത്തെ ഒരു പിതാവെന്നു മനസ്സിലാക്കുമ്പോള്‍ മാത്രമേ പുതിയ നിയമത്തിലെ എല്ലാ അനുഗ്രഹങ്ങളിലേക്കും പ്രവേശിക്കുവാന്‍ നമുക്കു സാധ്യമാക യുള്ളു. സര്‍വ്വകൃപാലുവായ ദൈവം എന്നാണു അവിടുത്തെ നാമം (1പത്രോ. 5:10). കൃപയെന്നാല്‍ തക്കസമയത്തുള്ള സഹായം എന്നാണര്‍ത്ഥം (എബ്രാ. 4:16). ദൈവം എപ്പോഴും നമ്മുടെ സഹായകനായിരിക്കും എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പിശാചിനോടെതിര്‍ക്കുവാന്‍ അവിടുന്നു എപ്പോഴും നമ്മുടെ ഭാഗത്തുണ്ട്. ഇതുകൊണ്ടാണു യേശു പരിശുദ്ധാത്മാവിനു സഹായകന്‍ (helper) എന്ന പേര്‍ നല്‍കിയത് (യോഹ. 14:16).

ന്യായപ്രമാണം മോശെ മുഖാന്തരം വന്നു. പാപത്തെ വെളിപ്പെടുത്തുകയയിരുന്നു അതിന്‍റെ ഉദ്ദേശ്യം (റോമര്‍. 7:13). പാപത്തിനെതിരേ നമുക്കുള്ള നിസ്സഹായതയും അതു വെളിപ്പെടുത്തി (ഗലാ. 3:24). എങ്കിലും പാപത്തെ ജയിക്കുവാനുള്ള യാതൊരു സഹായവും ന്യായപ്രമാണം നമുക്കു നല്‍കിയില്ല. തന്മൂലം ആന്തരിക വിശുദ്ധിയിലേക്കു മനുഷ്യനെ നയിക്കുവാന്‍ ന്യായപ്രമാണത്തിനു കഴിഞ്ഞില്ല. അന്തര്‍ഭാഗത്തില്‍ വിശുദ്ധി – ഇതാണു ദൈവം എപ്പോഴും ആവശ്യപ്പെട്ടിരുന്നത് (സങ്കീ. 51:6). എന്നാല്‍ ന്യായപ്രമാണത്തിന്‍ കീഴില്‍ ആര്‍ക്കും ഇതു കൈവരിക്കുവാന്‍ കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, യേശു കൂടുതല്‍ മെച്ചമായ ഒരു ഉടമ്പടി (നിയമം – covenant) സ്ഥാപിച്ചിരിക്കുന്നു. എന്തുകൊണ്ടാണതു കൂടുതല്‍ മെച്ചമായിരിക്കുന്നത്? ന്യായപ്രമാണം കല്‍പനകള്‍ മാത്രമേ നല്‍കിയുള്ളു. എന്നാല്‍ യേശു കല്‍പനകള്‍ കാത്തതുപോലെ അവ കാക്കുവാന്‍ ദൈവം കൃപാവ്യാപാരത്തിലൂടെ കല്‍പന കള്‍ക്കു പുറമേ നമുക്കു ഒരു ദൃഷ്ടാന്തവും (യേശുവിന്‍റെ ഐഹികജീവിതം) ഒരു സഹായകനെയും (പരിശുദ്ധാത്മാവ്) നല്‍കിയിരിക്കുന്നു. പഴയതും പുതിയതുമായ ഉടമ്പടികള്‍ തമ്മില്‍ സാരാര്‍ത്ഥത്തിലുള്ള വ്യത്യാസം ഇതത്രേ.

ന്യായപ്രമാണവ്യവസ്ഥയില്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ മനുഷ്യന്‍ അതിശ്രമം ചെയ്തു പരാജയമടയുന്നു. കൃപാവ്യവസ്ഥയില്‍ ദൈവം നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിച്ച് തന്നെ പ്രസാദിപ്പിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു (ഫിലി. 2:12,13). ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നിരന്തരം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നവര്‍ ഒരു പക്ഷേ ആത്മാര്‍ത്ഥതയുള്ളവരായാല്‍ത്തന്നെയും ന്യായപ്രമാണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരില്‍ ഭൂരിപക്ഷവും കല്‍പന കാക്കുവാനുള്ള യത്നത്തില്‍ കഠിനാധ്വാനം ചെയ്തു തളര്‍ന്നവരാണ്. അപ്രകാരമുള്ളവരെയാണ് യേശു തന്‍റെ അടുക്കലേക്കു ക്ഷണിക്കുന്നത്. അവരുടെ ഭാരമുള്ള നുകം നീക്കി തന്‍റെ ഭാരം കുറഞ്ഞ നുകം അവര്‍ക്കു നല്‍കാമെന്നു യേശു വാഗ്ദാനം ചെയ്യുന്നു (മത്താ. 11:28,30). നുകം എന്നതു വിവാഹത്തിലായാലും വ്യാപാരബന്ധങ്ങളിലായാലും പങ്കാളിത്തത്തിന്‍റെ ചിഹ്നമാണ്. താനുമായി ഒരു പങ്കാളിത്തത്തില്‍ പ്രവേശിക്കുവാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ഈ പങ്കാളിത്തത്തില്‍ അവിടുന്നു മുതല്‍ മുടക്കും; നാം ലാഭമെടുക്കുകയും ചെയ്യും.

യേശുവിന്‍റെ അത്ഭുതപ്രവൃത്തികള്‍ക്ക് അടയാളങ്ങള്‍ എന്ന പേരാണു യോഹന്നാന്‍ നല്‍കിയിട്ടുള്ളത് (യോഹ. 2:11). ഓരോ അത്ഭുതപ്രവൃത്തിയും ഒരു സന്ദേശമടങ്ങിയ ഉപമയാണെന്നാണ് ഇതിന്‍റെയര്‍ത്ഥം. യോഹന്നാന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങള്‍ക്കെല്ലാം ഒരേയൊരു സാരാര്‍ത്ഥമാണുള്ളത്. നാമുമായി ഒരു പങ്കാളിത്തത്തില്‍ ഏര്‍പ്പെടുവാന്‍ യേശു ആഗ്രഹിക്കുന്നു എന്നതാണ് ആ സാരാര്‍ത്ഥം. കാനാവിലെ കല്യാണവിരുന്ന്, അഞ്ചപ്പം കൊണ്ടു അയ്യായിരത്തെ പോഷിപ്പിച്ച സംഭവം, പിറവിക്കുരുടനെ സൗഖ്യമാക്കിയത്, ലാസറിനെ ഉയര്‍പ്പിച്ചത് എന്നീ അത്ഭുതസംഭവങ്ങളിലെല്ലാം ഈ തത്വം ഉദാഹരിച്ചിട്ടുള്ളതു കാണുക. കല്യാണവിരുന്നില്‍ വേലക്കാര്‍  വെള്ളം കോരി നിറയ്ക്കുന്നു; യേശു അതിനെ വീഞ്ഞാക്കിമാറ്റുന്നു. അയ്യായിരം പേരെ പോഷിപ്പിച്ചതില്‍ ഒരു കുട്ടി തന്‍റെ ഭക്ഷണപ്പൊതി ദാനം ചെയ്യുന്നു; അതു വര്‍ദ്ധിപ്പിക്കുക എന്ന ദുഷ്കരകൃത്യം യേശു ചെയ്യുന്നു. പിറവിക്കുരുടന്‍ ശീലോഹാമില്‍ പോയി കഴുകുന്നു; യേശു കാഴ്ച നല്‍കുന്നു. ലാസറിന്‍റെ കല്ലറയുടെ മൂടി അദ്ദേഹത്തിന്‍റെ സ്നേഹിതര്‍ നീക്കം ചെയ്യുന്നു; തുടര്‍ന്നു അവര്‍ക്ക് അസാധ്യമായ കാര്യം – ഉയിര്‍പ്പിക്കല്‍ – യേശു ചെയ്യുന്നു.

യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം ഒരു രാത്രിയില്‍ ശിഷ്യന്മാര്‍ മീന്‍ പിടിക്കാന്‍ പോകുന്നു. ആ രാത്രിയില്‍ അവര്‍ ഒന്നും പിടിച്ചില്ല (യോഹ. 21:3). ന്യായപ്രമാണത്തിന്‍ കീഴിലുള്ള മനുഷ്യന്‍റെ വ്യര്‍ത്ഥമായ അധ്വാനത്തിന്‍റെ നല്ലൊരു ചിത്രമാണത്. അപ്പോള്‍ യേശു വരുന്നു. അവരെക്കൊണ്ട് വീണ്ടും വലയിറക്കിക്കാതെ അവരുടെ പടകില്‍ മീന്‍ നിറയ്ക്കുവാന്‍ കര്‍ത്താവിനു കഴിയുമായിരുന്നു. പത്രോസിന്‍റെ പടകിനു സമീപത്തേക്കു മത്സ്യങ്ങള്‍ വരുവാന്‍ കല്‍പന കൊടുത്ത ദൈവത്തിന് അതേ മത്സ്യങ്ങള്‍ ആ പടകിലേക്കു ചാടിവീഴുവാന്‍ കല്‍പിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ പങ്കാളിത്തപ്രവര്‍ത്തനം ഉണ്ടാവുകയില്ലായിരുന്നു. അതിനാല്‍ മനുഷ്യന്‍ തന്‍റെ പങ്കു നിര്‍വ്വഹിച്ചേ തീരൂ. അവര്‍ കടലിലേക്കു വലയിറക്കേണ്ടതു ആവശ്യമായിരുന്നു. അപ്പോള്‍ യേശുവുമായുള്ള പങ്കാളിത്തവ്യവസ്ഥപ്രകാരം അത്ഭുതം നടക്കുകയും ചെയ്തു. പ്രയാസമില്ലാത്ത ഭാഗം മനുഷ്യനും പ്രയാസമുള്ള ഭാഗം യേശുവും നിര്‍വഹിക്കുന്നു. വലയിറക്കുക എന്ന പ്രവൃത്തി അവര്‍ ചെയ്തേ തീരൂ. ഇതത്രേ റോമര്‍. 1:5ല്‍ പറയുന്ന വിശ്വാസത്തിന്‍റെ അനുസരണം.

പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള സുവിശേഷം  ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നു അപ്പൊസ്തലന്മാര്‍ പ്രഖ്യാപിച്ച സുവിശേഷം  ഇതത്രേ. ഈ സുവിശേഷം മനസ്സിലാക്കാതെ വരുമ്പോള്‍ മനുഷ്യര്‍ ഒന്നുകില്‍ നിയമം പാലിക്കാന്‍ പാടുപെട്ടു പരാജയമടയുകയോ അല്ലെങ്കില്‍ സ്വയം ഒന്നും പ്രവര്‍ത്തിക്കാതെ വ്യാജമായ കൃപയില്‍ ശരണം വയ്ക്കുകയോ ചെയ്യുന്നു.

ആത്മാര്‍ത്ഥതയുള്ള ഒട്ടനവധിയാളുകള്‍ തങ്ങള്‍ സ്വയം സൃഷ്ടിച്ച കല്‍പനകളുടെ ഭാരത്തിന്‍ കീഴില്‍ ഞെരിഞ്ഞു ഭാരം ചുമക്കുന്നവരും ക്ഷീണിതരുമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ക്കാരെ ചാട്ടവാറിനടിച്ച് ഇഷ്ടികയുണ്ടാക്കുവാന്‍ നിര്‍ബന്ധിച്ചതുപോലെ നീതിപ്രസംഗകനെന്ന കപടവേഷം ധരിച്ച സാത്താന്‍ വിശ്വാസികളെ ഞെരുക്കുകയാണ്. “നിങ്ങള്‍ വേണ്ടത്ര ബൈബിള്‍ വായിക്കുന്നില്ല; വേണ്ടത്ര ഉപവസിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നില്ല; വേണ്ടത്ര സാക്ഷ്യം വഹിക്കുന്നില്ല”, എന്നിങ്ങനെ കുറ്റം വിധിച്ചു കൊണ്ടാണ് ഈ പീഡനം നടത്തുന്നത്. ഇത്തരം പ്രസംഗത്തിലൂടെ പല പ്രസംഗകന്മാരും അറിയാതെ സാത്താന്‍റെ പിണിയാളുകളായിച്ചമയുന്നുണ്ട്. പുതിയനിയമ സുവിശേഷത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഈ കുറ്റാരോപണത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ യേശുവാകട്ടെ, തന്‍റെ ആടുകള്‍ക്കു മുമ്പേ നടക്കുന്ന ഒരിടയനാണ്. പിറകില്‍നിന്നു ചാട്ടകൊണ്ടടിച്ച് അവയെ പ്രേരിപ്പിക്കുന്ന കൂലിക്കാരന്‍റെ പ്രവൃത്തിയല്ല അവിടുന്നു ചെയ്യുന്നത്. തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ ഇപ്രകാരം ചാട്ടവാറു കൊണ്ടടിക്കുന്ന പ്രസംഗകന്മാരെല്ലാം കൂലിക്കാരത്രേ. എന്നാല്‍ സ്വയം മാതൃകകളായിത്തീര്‍ന്നു വഴികാട്ടുന്നവരാണു യഥാര്‍ത്ഥ ഇടയന്മാര്‍. ഇപ്രകാരമുള്ള കൂലിക്കാരുടെ വാക്കു ശ്രദ്ധിക്കുകമൂലം പലരും അടിമത്തത്തില്‍ കുടുങ്ങിപ്പോകാന്‍ ഇടയായിട്ടുണ്ട്.

ലോകത്തെ ശിക്ഷവിധിപ്പാനല്ല, രക്ഷിക്കുവാനാണു ദൈവം തന്‍റെ പുത്രനെ അയച്ചത് (യോഹ. 3:17). അതിനാല്‍ മറ്റുള്ളവര്‍ക്കു ശിക്ഷാവിധിയുടെ ശുശ്രൂഷ അനുഷ്ഠിക്കുന്നവര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവരല്ല. ദൈവഭൃത്യന്മാര്‍ എപ്പോഴും ജനത്തെ രക്ഷയിലേക്കു നയിക്കുന്നു. നമ്മുടെ എല്ലാ ജീവിതരംഗങ്ങളിലും യേശു നമ്മോടൊപ്പം ഒരു പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നു. ദേവാലയനികുതി നല്‍കുന്നതിനായി പത്രോസ് യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ കടലിലേക്കു ചെന്നു ഒരു ചൂണ്ടലിട്ടു ആദ്യം കിട്ടുന്ന മത്സ്യത്തെപ്പിടിച്ചു അതിന്‍റെ വായില്‍നിന്നു കിട്ടുന്ന നാണയം “എനിക്കും നിനക്കും വേണ്ടി” കൊടുക്കുവാന്‍ യേശു പത്രോസിനോടു ആജ്ഞാപിച്ചു (മത്താ. 17:27). “എനിക്കും നിനക്കും വേണ്ടി”  ഈ പദപ്രയോഗത്തെപ്പറ്റി ചിന്തിക്കുക. ഇതാണു പങ്കാളിത്തം. നമ്മുടെ നികുതികള്‍ കൊടുക്കുന്ന കാര്യത്തില്‍പോലും നമ്മെ സഹായിക്കുവാന്‍ യേശു തല്‍പരനാണ്. ഭൗമികജീവിതത്തിലെ ദൈനംദിനാവശ്യങ്ങള്‍ മുതല്‍ നിത്യതയിലേക്കു നിലനില്‍ക്കുന്ന സ്വര്‍ഗ്ഗീയകാര്യങ്ങള്‍ വരെ “എനിക്കും നിനക്കും വേണ്ടി” എന്ന പ്രമാണമനുസരിച്ചു ജീവിക്കുവാന്‍ യേശു നമ്മെ ആഹ്വാനം ചെയ്യുന്നു.

ഈ പങ്കാളിത്തമെന്ന നുകം നമ്മുടെമേല്‍ ഏറ്റുകൊള്ളുമ്പോള്‍ നമ്മുടെ ആത്മാക്കള്‍ക്കു വിശ്രമം ലഭിക്കുമെന്നു യേശു വാഗ്ദാനം ചെയ്യുന്നു (മത്താ. 11:2830). നമ്മുടെ സ്വന്തപ്രവൃത്തികളില്‍ നിന്നു പിന്‍വാങ്ങിയശേഷം നാം പ്രവേശിക്കുവാന്‍ ഉത്സാഹിക്കേണ്ട ശബ്ബത്തനുഭവം ഇതത്രേ (എബ്രാ. 4:10,11). സ്വന്തപ്രവൃത്തികളില്‍ നിന്നു പിന്‍വാങ്ങുക നിഷ്പ്രയാസമായ കാര്യമല്ല. നമ്മുടെ സ്വയജീവിതം അത്ര ശക്തമാണ്. ഈ കാരണത്താലാണു നമ്മുടെ സ്വയജീവിതത്തെ തകര്‍ക്കുവാനുള്ള സാഹചര്യങ്ങള്‍ ദൈവം ഒരുക്കുന്നത്. നമ്മുടെ പദ്ധതികള്‍ പരാജയപ്പെടുവാനും പ്രതീക്ഷകള്‍ തകരുവാനും ദൈവം അനുവദിക്കുന്നു. നമ്മുടെ പ്ലാനും പദ്ധതിയുമെല്ലാം തരിപ്പണമാകുകയും നാം വീണ്ടും പാപബന്ധനത്തില്‍ കുടുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ സ്വന്തപ്രവൃത്തികളില്‍ നിന്നു വിരമിച്ചു ദൈവത്തിന്‍റെ പ്രവൃത്തി ചെയ്യുവാന്‍ അവിടുന്നു നമ്മെ അഭ്യസിപ്പിക്കുന്നു.

പുതിയ ഉടമ്പടിയിന്‍കീഴില്‍ ദൈവജനത്തിനു ലഭിക്കുന്ന ഈ വിശ്രാന്തിയുടെ ഒരു ദൃഷ്ടാന്തമാണു പഴയനിയമത്തിലെ ശബ്ബത്ത് (എബ്രാ. 4:9,10). ശാശ്വത മൂല്യമുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യുവാന്‍ നമുക്കു കഴിവുണ്ടാകണമെങ്കില്‍ ആദ്യമായി ദൈവത്തിലുള്ള ഈ വിശ്രമത്തിലേക്കു നാം പ്രവേശിക്കേണ്ടിയിരിക്കുന്നു.

ആറാം ദിവസത്തില്‍ ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍ അതിനടുത്ത ദിവസത്തെ അവിടുന്നു വിശ്രമദിവസമായി ശുദ്ധീകരിച്ചു. സംഖ്യാപരമായി അതു ഏഴാം ദിവസമാണെങ്കിലും ആദാമിനെ സംബന്ധിച്ചിടത്തോളം അതു അവന്‍റെ ഒന്നാം ദിവസം ആയിരുന്നു. 2500 വര്‍ഷം കഴിഞ്ഞുണ്ടായ ന്യായപ്രമാണത്തില്‍  “ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്ക; ഏഴാം ദിവസം ശബ്ബത്തു (വിശ്രമം) ആകുന്നു” എന്നു പറയുന്നുവെങ്കിലും ആദാമിനെ സംബന്ധിച്ചിടത്തോളം ഒന്നാമതായി ത്തന്നെ ദൈവം വിശ്രമത്തിന്‍റെയും കൂട്ടായ്മയുടേതുമായ ഒരു ദിവസം സ്ഥാപിക്കുകയാണു ചെയ്തത്. ഇതാണു കൃപ. കൃപാവ്യവസ്ഥയില്‍ വിശ്രമദിവസം മുമ്പേ വരുന്നു. ദൈവത്തെ സേവിക്കുന്നതിനുമുമ്പു നാം വിശ്രാന്തിയില്‍ ആകേണ്ടത് ആവശ്യം. അപ്പോള്‍ നമ്മുടെ ഐഹികജീവിതത്തിലെ ഓരോ ദിവസവും ഒരു ശബ്ബത്ത് ആയിത്തീരും. ഇതാണു നമ്മെക്കുറിച്ചുള്ള ദൈവോദ്ദേശ്യം.

ന്യായപ്രമാണത്തില്‍ മോശെ എന്തുകൊണ്ടു വിവാഹമോചനം അനുവദിച്ചു എന്നു പരീശന്മാര്‍ ചോദിച്ചപ്പോള്‍ യേശു അത് അവരുടെ ഹൃദയകാഠിന്യം നിമിത്തമാണെന്നും ‘ആദിയില്‍ അങ്ങനെയല്ലായിരുന്നു’ എന്നും മറുപടി നല്‍കി. ദൈവത്തിന്‍റെ ആദിമുതലുള്ള പൂര്‍ണ്ണഹിതം അതായിരുന്നില്ല. ന്യായപ്രമാണത്തിലുള്ള പലതും ദൈവത്തിന്‍റെ സോപാധികഹിതം (permissive will) മാത്രമാണ്. എന്നാലിപ്പോള്‍ പുതിയ ഉടമ്പടി സ്ഥാപിതമായനിലയ്ക്കു് നാം ദൈവത്തിന്‍റെ ആദിമുതലുള്ള പരിപൂര്‍ണ്ണഹിതത്തില്‍ ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ ആദാമിനെപ്പോലെ നമുക്കും ഈ വിശ്രമമാണ് ഒന്നാമതായി ഉണ്ടാകേണ്ടത്. ദൈവഹിതത്തിലുള്ള ഒരു നിരന്തര വിശ്രമമായി നമ്മുടെ ജീവിതം രൂപാന്തരപ്പെടേണ്ടതാണ്.

ഈ വിശ്രമത്തിലേക്കു നാം പ്രവേശിക്കുമ്പോഴാണു ‘ദൈവകല്‍പനകള്‍ ഭാരമുള്ളവയല്ല’ എന്നു സാക്ഷിക്കുവാന്‍ നമുക്കു കഴിവുണ്ടാകുന്നത് (1യോഹ. 5:3). ദൈവത്തിന്‍റെ കല്‍പനകള്‍ ഒരു ഭാരമായി അനുഭവപ്പെടുമ്പോള്‍  തന്നെത്താന്‍ ത്യജിക്കുകയും കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുന്നത് ഒരു ബന്ധനമായി ത്തോന്നുമ്പോള്‍  അപ്രകാരമുള്ള ഒരു വ്യക്തി യേശുവിന്‍റെ നുകത്തിന്‍ കീഴിലായിട്ടില്ല എന്നു വ്യക്തമാണ്. അയാള്‍ ഇന്നും സ്വന്ത നുകത്തിന്‍ കീഴില്‍, ന്യായപ്രമാണത്തിന്‍ കീഴില്‍ത്തന്നെ, അദ്ധ്വാനിക്കുകയാണ്.

സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലും വിശുദ്ധസ്ഥലത്തുപോലും ധാരാളം പ്രവര്‍ത്തനങ്ങള്‍ (activities) നടക്കുന്നുണ്ട്. എന്നാല്‍ തിരശ്ശീലയ്ക്കുള്ളിലുളള അതിവിശുദ്ധസ്ഥലത്ത് യാതൊരു പ്രവര്‍ത്തനവുമില്ല; അവിടെ കൂട്ടായ്മ മാത്രമാണുളളത്. ദൈവത്തിനുവേണ്ടി ചെയ്യുന്ന ശുശ്രൂഷപോലും ആ കൂട്ടായ്മയില്‍ നിന്ന് ഉറവെടുക്കുന്നതാണ്. പഴയനിയമസേവനവും പുതിയനിയമശുശ്രൂഷയും തമ്മിലുളള വ്യത്യാസം ഇതാണ്.

ഇപ്പോള്‍ യേശു  തിരശ്ശീലയെ ചീന്തിയിരിക്കുന്നതിനാല്‍ നമുക്കു പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമുളള കൂട്ടായ്മയാകുന്ന അതിവിശുദ്ധസ്ഥലത്തേക്കു ധൈര്യത്തോടെ പ്രവേശിക്കുകയും അവിടെത്തന്നെ വസിക്കുകയും ചെയ്യാം. ദൈവം ഒന്നാമതായി മനുഷ്യനില്‍ നിന്നാവശ്യപ്പെടുന്നതു  സേവനമല്ല, ബൈബിള്‍ വായന, ഉപവാസം, പ്രാര്‍ത്ഥന മുതലായവയല്ല, പിന്നെയോ കൂട്ടായ്മയാണ് എന്ന ഏകകാര്യം നാം മനസ്സിലാക്കുമെങ്കില്‍ ഇതു സാധ്യമായിത്തീരും. ആദാമിനെ ദൈവം സ്വന്തസാദൃശ്യത്തില്‍ സൃഷ്ടിച്ചത് ഏദന്‍തോട്ടത്തില്‍ വേലചെയ്യുവാന്‍ തനിക്ക് ഒരു തോട്ടക്കാരനെ ആവശ്യമുണ്ടായിരുന്നതുകൊണ്ടല്ല, പിന്നെയോ താനുമായി കൂട്ടായ്മയില്‍ പ്രവേശിക്കുവാന്‍ കഴിവുള്ള ഒരാളിനെ ലഭിക്കുവാന്‍ വേണ്ടിയാണ്. പാപത്തിന്‍റെ പടുകുഴിയില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചതു നാം അവിടുത്തെ സേവിക്കണം എന്നു ചിന്തിച്ചിട്ടല്ല, പിന്നെയോ താനുമായി നമുക്കു കൂട്ടായ്മയുണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടാണ്. ഇതിനെ സംബന്ധിച്ചുളള ഒരു ധാരണ ഇല്ലാത്ത തുകൊണ്ടാണ് ഇന്നു വിശ്വാസികളുടെ വലിയ സമൂഹങ്ങള്‍ മാര്‍ത്തയെപ്പോലെ അദ്ധ്വാനഭാരം കൊണ്ട് തളര്‍ന്നവരായിക്കഴിയുന്നത്.

അപ്പൊസ്തലനായ യോഹന്നാന്‍ ഏതാണ്ടു് 65 വര്‍ഷക്കാലം ദൈവത്തോടു കൂടി നടന്നതിനുശേഷം ഏകദേശം 95 വയസ്സു പ്രായമുളള കാലത്തു പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി വിശ്വാസികള്‍ക്ക് ഒരു ലേഖനമെഴുതുവാന്‍ തീരുമാനിച്ചു. ഈ ലേഖനത്തിന്‍റെ വിഷയം കൂട്ടായ്മ എന്നതത്രേ (1യോഹ. 1:3). ആദ്യസ്നേഹം വിട്ടുകളഞ്ഞവരും ജീവനുള്ളവരെന്നു പേരുണ്ടെങ്കിലും ദൈവദൃഷ്ടിയില്‍ മരിച്ചവരുമായ സഭാ നേതാക്കന്മാരെയും സമൂഹങ്ങളെയും കണ്ടറിഞ്ഞശേഷം ആ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യം ക്രിസ്ത്യാനികളെ പിതാവിനോടും പുത്രനോടുമൊത്തു തിരശ്ശീലയ്ക്കകമേയുളള കൂട്ടായ്മയുടെ സന്തോഷത്തിലേക്കു നയിക്കുകയാണെന്ന് യോഹന്നാന്‍ മനസ്സിലാക്കി.

യഥാര്‍ത്ഥസന്തോഷം, ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വിശുദ്ധമായ സന്തോഷം, പിതാവിനോടുളള കൂട്ടായ്മയുടെ സന്തോഷമാണ്. “നിന്‍റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണത ഉണ്ട്” (സങ്കീ. 16:11). ഇതായിരുന്നു യേശുവിന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം. ഈ സന്തോഷം കാല്‍വരിയില്‍ വച്ച് ഏതാണ്ടു മൂന്നുമണിക്കൂര്‍  സമയം നഷ്ടപ്പെടുന്നതിനെപ്പറ്റിയുളള തീവ്രദുഃഖമാണു രക്തം വിയര്‍പ്പായി ചിന്തുന്ന ഒരവസ്ഥയിലേക്കു യേശുവിനെ നയിച്ചത്. ഈ വലിയ സത്യത്താല്‍ പിടിക്കപ്പെട്ടവരായി നാം തീര്‍ന്നെങ്കില്‍!! യേശുവിനെ പിന്തുടരുക എന്നതിന്‍റെ അര്‍ത്ഥം അവിടുന്നു പിതാവുമായുളള കൂട്ടായ്മ വിലമതിച്ചതുപോലെ നാമും വിലമതിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ പാപം നമ്മുടെ ദൃഷ്ടിയില്‍ ഏറ്റവും പാപകരമായിത്തീരും. കാരണം, അതു പിതാവുമായുളള നമ്മുടെ കൂട്ടായ്മയെ വിച്ഛേദിക്കുന്നതാണ്. ഒരു മനുഷ്യവ്യക്തിയോടെങ്കിലും സ്നേഹഹീനമായ ഒരു മനോഭാവം പുലര്‍ത്തുന്നതു നമുക്കു ദുര്‍വഹമായ ഒരനുഭവമായി അപ്പോള്‍ തീരും.

ദൈവം നമുക്കു പുതിയ ഉടമ്പടിയെപ്പറ്റി വെളിപ്പാടു നല്‍കട്ടെ. സ്വര്‍ഗ്ഗസ്ഥനായ പിതാവുമായുളള നിരന്തരമായ കൂട്ടായ്മയില്‍ക്കുറഞ്ഞ ഒന്നുമല്ല യഥാര്‍ത്ഥ ക്രിസ്തീയജീവിതമെന്ന സത്യം വ്യക്തമായിക്കാണുവാന്‍ അവിടുന്നു നമ്മുടെ കണ്ണുകള്‍ തുറന്നുതരട്ടെ. ആമേന്‍.

7. നമ്മെപ്പോലെ പ്രലോഭനങ്ങളെ നേരിട്ട യേശു 

യേശു നമ്മുടെ ജഡം പോലെ തന്നെയുള്ള ഒരു ജഡത്തില്‍ ഈ ഭൂമിയില്‍ ജീവിച്ചുവെന്നും ആ ജഡത്തില്‍ കുടികൊണ്ടിരുന്ന എല്ലാ മോഹങ്ങളാലും പരീക്ഷിക്കപ്പെട്ടുവെന്നും എന്നിട്ടും വിചാരത്തിലോ വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ മറ്റെന്തിലെങ്കിലുമോ ഒരിക്കല്‍പ്പോലും പാപം ചെയ്തില്ലയെന്നുമുള്ള സത്യത്തെപ്പറ്റി നമുക്കു ലഭിക്കുന്ന വെളിപ്പാടാണു ദൈവഭക്തിയുള്ള ഒരു ജീവിതത്തിന്‍റെ മര്‍മ്മം (1തിമോ. 3:16, എബ്രാ. 4:15).

ഇപ്രകാരം ദൈവഭക്തിയുള്ള ഒരു ജീവിതത്തിലേക്കു പ്രവേശിച്ചവര്‍ക്കു മാത്രമേ ഭിന്നതയും കലഹവും കൂടാതെ ക്രിസ്തുവില്‍ ഏകശരീരമായി ഒരുമിച്ചു ജീവിക്കാന്‍ കഴിയൂ. ഒരു പടി കൂടി മുന്നോട്ടു കടന്നു നമുക്ക് ഇപ്രകാരം പറയാന്‍ കഴിയും. ഈ വെളിപ്പാടു കൊണ്ടു മാത്രമേ ഒരു പ്രാദേശികസഭയ്ക്കു ക്രിസ്തുവിന്‍റെ ശരീരമെന്ന അനുഭവം പ്രാപിപ്പാന്‍ കഴിയൂ. ഈ സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായിട്ടാണ് സഭ നിലനില്‍ക്കുന്നത് (1തിമോ. 3:15,16).

പരീക്ഷിക്കപ്പെടുക എന്നതും പാപം ചെയ്യുക എന്നതും ഒന്നല്ല. ഓരോ വ്യക്തിയും തന്‍റെ ജഡത്തില്‍ വസിക്കുന്ന മോഹങ്ങളാലാണ് പരീക്ഷിക്കപ്പെടുന്നതെന്നു യാക്കോ. 1:14,15 വ്യക്തമാക്കുന്നു. യേശുവും ഈ വിധത്തിലാണ് പരീക്ഷിക്കപ്പെട്ടത് (എബ്രാ. 4:15). എന്നാല്‍ ഈ മോഹങ്ങള്‍ പാപത്തെ പ്രസവിക്കുന്നതിനുമുമ്പു ഒരു ഗര്‍ഭധാരണം നടക്കേണ്ടതുണ്ടെന്നു ദൈവവചനം പ്രസ്താവിക്കുന്നു. ഇതു സംഭവിക്കുന്നതിനു മനസ്സ് പരീക്ഷയോട്  ‘അതേ’ എന്നു പറയേണ്ടതാവശ്യമാണ്. എന്നാല്‍ യേശുവിന്‍റെ മനസ്സ് ഒരിക്കല്‍പ്പോലും പരീക്ഷയോട്  ‘അതേ’ എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ അവിടുത്തെ ജഡത്തില്‍ വസിച്ചിരുന്ന മോഹങ്ങള്‍ക്കു ഹൃദയത്തില്‍ പാപമായി ഗര്‍ഭം ധരിക്കുവാനുള്ള അവസരം ഒരിക്കല്‍പ്പോലും ലഭിച്ചില്ല. മോഹങ്ങളെ തന്‍റെ ജഡത്തില്‍ത്തന്നെ മരിപ്പിക്കുകയാണ് യേശു ചെയ്തത്. തന്മൂലം അവിടുത്തെ ഹൃദയം വിശുദ്ധമായിരുന്നു. ഇപ്രകാരം യേശു തന്‍റെ ജഡത്തിലൂടെ ജീവനുള്ള ഒരു പുതുവഴി നമുക്കായി തുറന്നു തന്നു (എബ്രാ. 10:20). അവിടുത്തെ ജഡവും നമ്മുടെ ജഡവും ഒന്നായതിനാല്‍ ഇപ്പോള്‍ ഈ വഴിയില്‍ കൂടി മുന്നേറുവാന്‍ നമുക്കു കഴിയും. 

ഇതിനെയാണ് റോമര്‍ 1:14ല്‍ ദൈവത്തിന്‍റെ സുവിശേഷം (ഇംഗ്ലീഷ് തര്‍ജ്ജമ  gospel of God) എന്നു പൗലോസ് വിളിക്കുന്നത്. ജഡം സംബന്ധിച്ചു ദാവീദിന്‍റെ സന്തതി (Greek – sperma ബീജം) യില്‍ നിന്നു ജനിച്ച ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം (റോമര്‍ 1:5). ദാവീദിന്‍റെ ജഡത്തില്‍ നിന്നു നാഥാനും നാഥാന്‍റെ അനന്തരഗാമികളും അന്തിമമായി മറിയയുടെ പിതാവായ ഹേലിയും ജനിച്ചു (ലൂക്കോ. 3:23-31 നോക്കുക. ഇവിടെ യോസേഫിനെ ഹേലിയുടെ മരുമകന്‍ എന്നാണു വിവക്ഷിച്ചിട്ടുള്ളത്). മറിയ തന്‍റെ പിതാവായ ഹേലിയില്‍ നിന്നും യേശു മറിയയില്‍ നിന്നും ദാവീദിന്‍റെ ജഡത്തില്‍ ഭാഗഭാക്കായിത്തീര്‍ന്നു.

എന്നാല്‍ യേശുവിനു ലോകപ്രകാരമുള്ള ഒരു പിതാവുണ്ടായിരുന്നില്ല. അവിടുന്നു പരിശുദ്ധാത്മാവിനാലാണ് ഉല്‍പാദിതനായത്. തന്മൂലം വീണ്ടും ജനനം പ്രാപിക്കുന്നതിനു മുമ്പു നമുക്കുണ്ടായിരുന്ന പഴയ മനുഷ്യന്‍ അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. നമ്മുടെ പഴയ മനുഷ്യന്‍ വീണ്ടും ജനനത്തില്‍ യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. സ്നാനത്തില്‍ ആ പഴയ മനുഷ്യനെ കുഴിച്ചിട്ടതായി നാം സാക്ഷിക്കുന്നു. ജഡത്തിന്‍റെ ചിന്ത അഥവാ ജഡത്തില്‍ അധിഷ്ഠിതമായ മനസ്സത്രേ പഴയ മനുഷ്യന്‍ (റോമര്‍ 8:6). യേശുവിനെ പിന്തുടരുന്ന എല്ലാവരിലും ആ പഴയ മനുഷ്യന്‍ മരിച്ചിരിക്കുന്നു.

യേശു തന്‍റെ ഐഹികജീവിതകാലത്തു പരീക്ഷകളിലൂടെ അനുസരണം പഠിച്ചതായി ബൈബിള്‍ പ്രസ്താവിക്കുന്നു. ഓരോ പരീക്ഷയുടെയും സമയത്തു ജഡത്തില്‍ കഷ്ടമനുഭവിച്ചു കൊണ്ടു അവിടുന്നു അനുസരണം ശീലിച്ചു. അങ്ങനെ യേശു തികഞ്ഞവനായിത്തീര്‍ന്നു (എബ്രാ. 7:9). നാം അവിടുത്തെ കാല്‍ച്ചുവടു പിന്തുടരുമാറ് അവിടുന്നു നമുക്ക് ഒരു മുന്നോടിയായിത്തീര്‍ന്നു (എബ്രാ. 6:20). സകലത്തിലും തന്‍റെ സഹോദരന്മാരായ നമ്മോടു തുല്യനായിത്തീര്‍ന്നുകൊണ്ടു താന്‍ തന്നെ ഈ പോരാട്ടത്തിലൂടെ കടന്നു പോവുകയാല്‍ പാപപ്രലോഭനങ്ങള്‍ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മോടു സഹതപിക്കുവാന്‍ യേശുവിനു കഴിയും (എബ്രാ. 2:1718; 4:15; 12:24).

യേശുവിന്‍റെ വിശുദ്ധി പെട്ടെന്നു കെട്ടിയിറക്കിയതു പോലെ അവിടുത്തേക്കു ലഭിച്ച ഒന്നല്ല; മറിച്ചു പോരാട്ടങ്ങളിലൂടെ താന്‍ നേടിയെടുത്ത ഒരു വിശുദ്ധിയാണ്. എന്നാല്‍ ഈ പോരാട്ടങ്ങള്‍ അവസാനമില്ലാതെ തുടരുന്നവയായിരുന്നില്ല. ജഡത്തിലുള്ള ഓരോ ദുര്‍മ്മോഹവും ഒന്നൊന്നായി കീഴടക്കപ്പെട്ടു. ഇങ്ങനെ തന്‍റെ ജീവിതകാലത്തിനുള്ളില്‍ മനുഷ്യജഡത്തില്‍ കുടികൊള്ളുന്ന എല്ലാ മോഹങ്ങളെയും കീഴടക്കുവാന്‍ അവിടുത്തേക്കു സാധിച്ചു.

ഉള്ളില്‍ വിഷപ്പാമ്പുകള്‍ നിറഞ്ഞിരിക്കുന്ന ഒരു വലിയ പെട്ടിയോടു നമ്മുടെ ജഡത്തെ ഉപമിക്കാം. ഈ വിഷപ്പാമ്പുകളുടെ പേരുകള്‍  അശുദ്ധി, കോപം, വിദ്വേഷം, നീരസം, ദ്രവ്യാഗ്രഹം, സ്വാര്‍ത്ഥത, നിഗളം തുടങ്ങിയവയാണ്. ഈ പെട്ടിക്കു മുകള്‍ വശത്ത് ഒരു ദ്വാരമുണ്ട്. നമ്മുടെ പരീക്ഷാസമയത്ത് ഈ പാമ്പുകളിലോരോന്നും ആ ദ്വാരത്തിലൂടെ പത്തി മേലോട്ടുയര്‍ത്തുന്നു. നമ്മുടെ കാര്യം പറഞ്ഞാല്‍ മാനസാന്തരത്തിനു മുമ്പുള്ള കാലത്തു നാം ഈ വിഷപ്പാമ്പുകളെ നല്ലവണ്ണം തീറ്റിപ്പോറ്റിയിട്ടുണ്ട്. തന്മൂലം അവ തടിച്ചുരുണ്ട് സുശക്തങ്ങളായിത്തീര്‍ന്നിരിക്കുന്നു. ചില പാമ്പുകളെ മറ്റുള്ളവയെക്കാളധികം നാം തീറ്റിത്തടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അവ മറ്റുള്ളവയെക്കാളധികം നമ്മുടെ മേല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

ഇപ്പോള്‍ ക്രിസ്തുവിനോടു കൂടി പാപസംബന്ധമായി മരിച്ചവരായ നമുക്ക് ഈ പാമ്പുകളോടുള്ള മനോഭാവം വ്യത്യസ്തമാണ്. ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടു കൂടി ക്രൂശിച്ചിരിക്കുന്നു (ഗലാ. 5:24). അതിനാല്‍ ഇപ്പോള്‍ ഏതെങ്കിലുമൊരു പ്രലോഭനത്തിന്‍റെ സമയത്ത് ഒരു പാമ്പു പത്തി മേലോട്ടുയര്‍ത്തുമ്പോള്‍ നാം അതിന്‍റെ തലയ്ക്കു കനത്ത ഒരടിയേല്‍പിക്കുന്നു. അങ്ങനെ അതു പെട്ടിക്കുള്ളിലേക്കു തിരിയെ തല വലിക്കുന്നു. എങ്കിലും അതു മരിച്ചിട്ടില്ല. വീണ്ടും അതേവിധത്തിലുള്ള പരീക്ഷ. അതേ പാമ്പു തന്നെ വീണ്ടും തലയുയര്‍ത്തുന്നു. രണ്ടാമതും കനത്ത ഒരു പ്രഹരം. ഇങ്ങനെ മുന്നോട്ടു പോകുന്തോറും അതിന്‍റെ ശക്തി കുറഞ്ഞുവരികയും അന്തിമമായി അതു ചത്തുവീഴുകയും ചെയ്യുന്നു. “ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു” എന്നു 1പത്രോ. 4:1ല്‍ പറയുന്നതിന്‍റെ അര്‍ത്ഥം ഇതാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഒരൊറ്റ പാമ്പേ (ഒരു ദുര്‍മ്മോഹമേ) ചത്തു വീഴുന്നുള്ളു. ഇതുപോലെ കൈകാര്യം ചെയ്യേണ്ട മറ്റനേകം ദുര്‍മ്മോഹങ്ങള്‍ ശേഷിക്കുന്നു. പരീക്ഷാസമയത്തു (വിശിഷ്യ, നമ്മുടെ ചിന്താജീവിതത്തില്‍) പാമ്പിനെ തീറ്റിത്തടിപ്പിക്കുന്നതിനു പകരം അതിനെ അടിച്ചു വീഴ്ത്തുന്ന കാര്യത്തില്‍ നാം തുടര്‍ന്നും വിശ്വസ്തത പുലര്‍ത്തുമെങ്കില്‍ നമ്മുടെ ദുര്‍മ്മോഹങ്ങള്‍ ഒന്നൊന്നായി ചത്തുവീണുകൊണ്ടിരിക്കും. അപ്പോള്‍ യേശുവിന്‍റെ ശരീരത്തില്‍ അവിടുത്തെ ജീവിതകാലത്തു പരിശുദ്ധാത്മാവു ചെയ്ത അതേ പ്രവൃത്തി നമ്മിലും ചെയ്യുവാന്‍ ആത്മാവിനു കഴിയും. പാപജഡത്തെ നൊടിനേരത്തിനുള്ളില്‍ വെടിവച്ചുവീഴ്ത്തുവാനോ തൂക്കിക്കൊല്ലുവാനോ സാധ്യമല്ല. അതിനെ ക്രൂശില്‍ത്തറച്ചു കൊല്ലുവാനേ കഴിയൂ. ക്രൂശുമരണം വളരെ മന്ദഗതിയിലുള്ള ഒരു മരണമാണ്. പക്ഷേ അന്തിമമായി മരിക്കുമെന്നു തീര്‍ച്ചയുമാണ്. ഈ കാരണത്താലാണു നാം നാനാവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷമെന്നെണ്ണുവാന്‍ നമുക്ക് അവകാശമുള്ളത്. ഓരോ പാമ്പിനെയും അടിച്ചടിച്ചു മരണത്തിലേക്കു വീഴ്ത്തുവാന്‍ അതു നമുക്ക് അവസരം നല്‍കുന്നു. ഈ കാര്യം സാധിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.

ഉദാഹരണമായി ദുശ്ചിന്തകളുടെ കാര്യം തന്നെ എടുക്കുക. ഈ മണ്ഡലത്തില്‍ നാം വിശ്വസ്തത പുലര്‍ത്തുന്ന പക്ഷം കുറച്ചൊരുകാലം കൊണ്ടു നമ്മുടെ ദുശ്ചിന്തകള്‍ക്കു മരണം സംഭവിക്കും. ഒരു പക്ഷേ നമ്മുടെ മാനസാന്തരത്തിനു മുമ്പ് അനേക വര്‍ഷക്കാലം നാം ഈ പാമ്പിനെ തീറ്റിപ്പോറ്റിയിട്ടുണ്ടെങ്കില്‍, ഇതിനു കുറേ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നെന്നു വരാം. എങ്കിലും നാം വിശ്വസ്തരെങ്കില്‍ മരണം തീര്‍ച്ചയായും സംഭവിക്കും. അതിന്‍റെ അനന്തരഫലമായി നമ്മുടെ സ്വപ്നങ്ങളും ശുദ്ധി പ്രാപിക്കും. മലിനങ്ങളായ സ്വപ്നങ്ങള്‍ ബോധപൂര്‍വ്വമായ പാപമല്ല; അബോധ പാപമാണത്. ജഡം പാപപ്രമാണത്തെ അനുസരിക്കുന്നതിന്‍റെ ഫലമാണവ. അവയെപ്പറ്റി നാം കുറ്റബോധമുള്ളവരായിത്തീരേണ്ടതില്ല (റോമര്‍. 7:25;8:1). അബോധപൂര്‍വ്വമായ ഈ പാപങ്ങളെ നാം ഏറ്റുപറയാതെ തന്നെ യേശുക്രിസ്തുവിന്‍റെ രക്തം ഇവയെ പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. ബോധപൂര്‍വ്വമായ പാപങ്ങള്‍ മാത്രമേ നമുക്ക് ഏറ്റുപറയുവാന്‍ കഴിയൂ. ഏറ്റുപറയാന്‍ ആവശ്യമുള്ളതും അവ മാത്രമാണ് (1യോഹ. 1:7 അബോധപാപങ്ങളെപ്പറ്റി പറയുന്നു. വെളിച്ചത്തില്‍ വസിക്കുന്ന എല്ലാവരിലും യേശുവിന്‍റെ രക്തം മൂലം അവ സ്വയം ശുദ്ധീകരിക്കപ്പെടുന്നു. 1യോഹ. 1:9 ബോധപൂര്‍വ്വമായ പാപങ്ങളെപ്പറ്റിയും അവയെ ഏറ്റുപറയുന്ന എല്ലാവര്‍ക്കും ലഭിക്കുന്ന ക്ഷമയെപ്പറ്റിയും പ്രസ്താവിക്കുന്നു). നാം നമ്മുടെ ചിന്താജീവിതത്തില്‍ വിശ്വസ്തരായിത്തീര്‍ന്നതിന്‍റെ ഒരു തെളിവു നമ്മുടെ സ്വപ്നങ്ങള്‍ അധികമധികം ശുദ്ധിയുള്ളവയായിത്തീരുന്നു എന്നതത്രേ. മലിനസ്വപ്നങ്ങള്‍ അധികമധികം അപൂര്‍വ്വമായിത്തീരുന്നു. ഒടുവില്‍ അവ ഒന്നോടെ അപ്രത്യക്ഷമാകുന്നു. ഈ രംഗത്തു മരണം പ്രവേശിച്ചുവെന്നര്‍ത്ഥം. ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നപക്ഷം, നമ്മുടെ ചിന്താജീവിതത്തില്‍ അവിശ്വസ്തത കടന്നുകൂടി എന്നതിന്‍റെ തെളിവാണത്. സമ്പൂര്‍ണ്ണമായ വിശ്വസ്തത നമ്മെ സമ്പൂര്‍ണ്ണവിജയത്തിലെത്തിക്കും. ലൈംഗികമണ്ഡലത്തിലെ തികഞ്ഞ വിശ്വസ്തതയെ ഒരുദാഹരണം കൊണ്ടു വ്യക്തമാക്കാം. നാം സൗന്ദര്യമുള്ള ഒരു മുഖം കണ്ട് അഭിനന്ദിക്കുമ്പോള്‍, അതില്‍ യാതൊരു ലൈംഗിക ചിന്തയും ഇല്ലാതിരുന്നാല്‍പ്പോലും, വിശ്വസ്തനായ ഒരാള്‍ അതില്‍ നിന്നുപോലും പിന്തിരിയണം. സദൃ. 6:25 നമ്മെ ഉല്‍ബോധിപ്പിക്കുന്ന വിശ്വസ്തത (അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തില്‍ മോഹിക്കരുത്) ഇതത്രേ. ഈ രംഗത്തു വിശ്വസ്തന്മാര്‍ തുലോം ചുരുക്കം. അതിനാല്‍ വളരെച്ചുരുക്കം പേര്‍ക്കു മാത്രമേ മലിനസ്വപ്നങ്ങളില്‍ നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നുള്ളു.

ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ നാം ബോധപൂര്‍വ്വം ചിന്തിക്കുന്ന കാര്യങ്ങളാല്‍ നമ്മുടെ അബോധമണ്ഡലം വളരെ സ്വാധീനിക്കപ്പെടുന്നുണ്ട്. നമ്മുടെ മനസ്സിലേക്കു മിന്നല്‍ വേഗത്തില്‍ കടന്നുവരുന്ന പ്രലോഭനങ്ങളാലല്ല, അവയുടെ നേരേ നാം കാട്ടുന്ന പ്രതികരണം കൊണ്ടാണ് ഈ സ്വാധീനം പ്രവര്‍ത്തിക്കുന്നത്. നാം നമ്മുടെ ചിന്തകളിലും മനോഭാവങ്ങളിലും കൂടെ പാപത്തെ വെറുക്കുന്നുവെന്നും ദൈവത്തിന്‍റെ മുമ്പാകെയാണു നാം ജീവിക്കുന്നതെന്നുമുള്ള സന്ദേശം നമ്മുടെ അബോധ മനസ്സിനു ലഭിക്കുന്നപക്ഷം, വിശുദ്ധിക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തോട് അബോധമനസ്സും സഹകരിക്കും (സങ്കീ. 51:6 നോക്കുക). അതിനാല്‍  എന്‍റെ വിശുദ്ധിയെപ്പറ്റി സഹവിശ്വാസികള്‍ എന്തു ചിന്തിക്കുന്നു എന്നതല്ല, മറിച്ച് എന്‍റെ അബോധമനസ്സിന് എന്തു സന്ദേശമാണു ലഭിച്ചിട്ടുള്ളത് എന്നതാണു പ്രധാനപ്രശ്നം. ഈ പ്രശ്നത്തിന്‍റെ ഉത്തരം നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ക്കു നല്‍കും.

സമ്പൂര്‍ണ്ണവിശുദ്ധി ആഗ്രഹിക്കാത്ത ആര്‍ക്കും നാമിവിടെപ്പറയുന്ന കാര്യം മനസ്സിലാകുകയില്ല. തങ്ങളുടെ സ്വപ്നങ്ങളെ ഗൗനിക്കാതിരിക്കുകയും ബോധപൂര്‍വ്വമായ ജീവിതത്തിലെ അവിശ്വസ്തതയുടെ ഒരു ചിഹ്നമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഈ ഉപദേശം അതിരുകടന്നതെന്നും അയഥാര്‍ത്ഥമെന്നും ഗണിക്കും. ആത്മീയകാര്യങ്ങള്‍ പ്രാകൃതമനസ്സിനു ഭോഷത്തമായിത്തോന്നും. എന്നാലും സുവിശേഷം ഇതാണ്: ഭൂതകാലത്തു നിങ്ങളുടെ ചിന്താജീവിതം എത്ര മലിനമായിരുന്നാലും നിങ്ങള്‍ ജീവനുള്ള പുതുവഴിയിലൂടെ നടക്കുന്നതില്‍ വിശ്വസ്തനെങ്കില്‍ അതു പൂര്‍ണ്ണവിശുദ്ധമായിത്തീരുവാന്‍ സാധ്യമാണ്. അതു നിങ്ങളുടെ സ്വപ്നങ്ങളെയും ശുദ്ധീകരിക്കും. ഒരു പക്ഷേ അതിനു കുറെയധികം സമയം വേണ്ടിവന്നെന്നു വരാം. മാനസാന്തരത്തിനുമുമ്പ് ആ വിഷപ്പാമ്പിനെ എത്രമാത്രം തീറ്റിപ്പോറ്റി എന്നതിനെ ആശ്രയിച്ചിരിക്കും ആ സമയദൈര്‍ഘ്യം. എന്നാല്‍ നിങ്ങള്‍ പൂര്‍ണ്ണവിശ്വസ്തനെങ്കില്‍ ഏറ്റവും ശക്തിയുള്ള പാമ്പിനെപ്പോലും മരണത്തിലേക്കു നയിക്കുവാന്‍ കഴിയും.

തങ്ങളുടെ പരാജയജീവിതം കൊണ്ടു മനം മടുത്തവരും പരിക്ഷീണരുമായ ആളുകളെയാണ് യേശു തന്‍റെ അടുക്കലേക്കു വിളിക്കുന്നത്. വിജയജീവിതത്തിനായി ദാഹിക്കുന്നവര്‍ക്കു യേശുവിന്‍റെ അടുക്കലേക്കു വരാം (മത്താ. 11:28; യോഹ. 7:37). തങ്ങളുടെ ചിന്താജീവിതത്തിന്‍റെ അശുദ്ധിയോര്‍ത്തു കരയുന്നവര്‍ക്കും തങ്ങളുടെ രഹസ്യപാപങ്ങളെപ്പറ്റി വിലപിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ സത്യം വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ശേഷമുള്ളവര്‍ ഈ ഉപദേശത്തെ വേദവിപരീതമായിക്കരുതിയെന്നു വരാം. കാരണം, ആത്മീയസത്യങ്ങള്‍ പ്രാകൃതബുദ്ധിക്കു മനസ്സിലാക്കുവാന്‍ സാധ്യമല്ല. രഹസ്യപാപങ്ങളെയോര്‍ത്തു കരയുന്ന ഹൃദയങ്ങള്‍ക്കു ദൈവം നല്‍കുന്ന വെളിപ്പാടു കൊണ്ടു മാത്രമേ അവ മനസ്സിലാക്കുവാന്‍ കഴിയൂ. തന്നെ ഭയപ്പെടുന്നവര്‍ക്കു മാത്രമേ തന്‍റെ സത്യങ്ങള്‍ ദൈവം വെളിപ്പെടുത്തുന്നുള്ളു (സങ്കീ. 25:14). ദൈവഭക്തിയുടെ രഹസ്യവും ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ പരാജയ ജീവിതത്തെക്കുറിച്ചു മനം മടുത്തു ക്ഷീണിതരായവര്‍ക്ക് യേശു വാഗ്ദാനം ചെയ്യുന്ന വിശ്രമം പാപത്തിന്മേലുള്ള സമ്പൂര്‍ണ്ണ വിജയത്തിന്‍റെ ഫലമായ വിശ്രമമത്രേ.

എബ്രാ. 4ല്‍ ഈ വിശ്രമത്തെ കനാന്‍ദേശം അവകാശമാക്കുന്നതിനോടു് ഉപമിച്ചിരിക്കുന്നു. കനാന്‍ദേശത്തെ മല്ലന്മാരെ യിസ്രായേല്‍ജനങ്ങള്‍ ദീര്‍ഘകാലം കൊണ്ടു കൊന്നൊടുക്കി (ആവ. 33:29). അപ്രകാരം കര്‍ത്താവിനായി പിടിച്ചടക്കിയ ഓരോ ദേശത്തിന്മേലും വിശ്രമവും സമാധാനവും കൈവന്നു. കനാനിലെ മല്ലന്മാര്‍ നമ്മുടെ ജഡത്തിലെ ദുര്‍മ്മോഹങ്ങളുടെ പ്രതീകങ്ങളാണ്. ദൃശ്യരായ മല്ലന്മാര്‍ ബോധപൂര്‍വ്വമുള്ള പാപങ്ങള്‍; ദേശത്തിലെ ഗുഹകളില്‍ ഒളിച്ചിരുന്ന മല്ലന്മാര്‍ അബോധപാപങ്ങളും. എബ്രാ. 4:9ല്‍ ദൈവം തന്‍റെ ജനത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള ശബ്ബത്തനുഭവത്തെപ്പറ്റി പറയുന്നു. 6 ദിവസത്തെ അദ്ധ്വാനത്തിനു ശേഷം അവര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കാമായിരുന്നു. നമ്മുടെ സ്വന്തശക്തിയാല്‍  ആറു ദിവസം പോരാടി വീണ്ടും വീണ്ടും പരാജയപ്പെടുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നു. സ്വന്തശക്തിയിലുള്ള ആശ്രയം നമുക്ക് ഇല്ലാതെയാകുമ്പോള്‍  നാം സ്വന്തം പ്രവൃത്തികളില്‍ നിന്നു വിരമിക്കുമ്പോള്‍  അപ്പോള്‍ ദൈവത്തിന്‍റെ ശബ്ബത്തിലേക്ക് അഥവാ വിശ്രമത്തിലേക്ക്, പരിശുദ്ധാത്മശക്തി നിറഞ്ഞ വിജയജീവിതത്തിലേക്കു നാം പ്രവേശിക്കുന്നു. വിശ്വസ്തരെങ്കില്‍ ആജീവനാന്തം ഈ ശബ്ബത്തനുഭവത്തില്‍ നമുക്കു ജീവിക്കാം. നാം അവിശ്വസ്തരെങ്കില്‍ തിരികെ പോരാട്ടത്തിലേക്കു തന്നെ മടങ്ങേണ്ടി വരികയും ചെയ്യും.

ഏതെങ്കിലുമൊരു മല്ലനോടു ജീവിതകാലം മുഴുവന്‍ നാം പോരാടിക്കൊണ്ടിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. ആ മല്ലനെ കൊന്നിട്ടു മറ്റു മല്ലന്മാരെ കീഴടക്കുവാന്‍ നാം മുന്നോട്ടു പോകണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുതിയ പുതിയ പ്രലോഭനങ്ങളെ നാം നേരിടേണ്ടി വരുന്നു. 6 വയസ്സുള്ള ഒരു കുട്ടിക്കു കോപിക്കുവാനുള്ള പരീക്ഷയുണ്ടാകും; ലൈംഗികാഭിലാഷത്തിന്‍റെ പരീക്ഷ ഉണ്ടാവുകയില്ല. അതു പിന്നീട് കൗമാരകാലത്താണ് ഉണ്ടാവുന്നത്. ലൈംഗികമണ്ഡലത്തിലും എന്നെങ്കിലുമൊരിക്കല്‍ ദൈവം വിജയം തരുമെന്നു ഏറ്റുപറയുക മാത്രം ചെയ്തുകൊണ്ടു വര്‍ഷങ്ങളോളം നാം പരാജയത്തില്‍ ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണവിശ്വസ്തനായ ഒരുവന്‍ വേഗം വിജയത്തിലേക്കു വന്നുചേരും. അങ്ങനെ ഈ രംഗത്തും മരണം പ്രവേശിക്കയും ദൈവസ്വഭാവം അവനില്‍ പ്രകാശിക്കയും ചെയ്യും.

റോമര്‍ 6, വിജയജീവിതത്തിന്‍റെ പടിപടിയായ ഒരു പുരോഗതിയെ വരച്ചു കാട്ടുന്നു. (1) ക്രിസ്തുവിനോടു കൂടി നാം മരിച്ചുവെന്ന് അറിയുക (വാ. 6). ഇതു നമുക്കു മനസ്സിലാകാത്ത പക്ഷം വിശ്വാസത്താല്‍ അംഗീകരിക്കുക. (2) നമ്മെത്തന്നെ പാപത്തിനു മരിച്ചവരായി എണ്ണുക (വാ. 11). (3) അനുസരണത്തിനും നീതിക്കും ദാസന്മാരായി ത്തീര്‍ന്നു നമ്മുടെ അവയവങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുക (വാ. 13, 18). (4) ഇതിന്‍റെയെല്ലാം ഫലമായി അധികമധികം ശുദ്ധീകരണവും അതിന്‍റെ അന്തിമഫലമായ നിത്യജീവനും അവകാശമാക്കുക (വാ. 22). ഇങ്ങനെ പോകുന്നു ആ പരിണാമത്തിന്‍റെ വിവിധപടികള്‍. നിത്യജീവനെന്നതു ദൈവസ്വഭാവത്തിനുള്ള മറ്റൊരു പേരാണ്. ക്രിസ്തുവിനോടുകൂടി ക്രൂശിന്മേല്‍ നാം മരിക്കുമ്പോള്‍ മാത്രമേ ആ അന്തിമലക്ഷ്യം നാം പ്രാപിക്കുന്നുള്ളു.

യേശുവിന്‍റെ ജീവിതത്തില്‍ ഇത് എങ്ങനെയാണ് ഉണ്ടായത്? അവിടുന്നു സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടു. എങ്കിലും ഒരേതരം പരീക്ഷയോടു തന്നെ എന്നും പോരാടിക്കൊണ്ടിരിക്കുകയല്ല അവിടുന്നു ചെയ്തത്. തന്‍റെ ജഡത്തില്‍ അവിടുന്ന് ഈ വിഷപ്പാമ്പുകളെ ഒരിക്കലും തീറ്റിപ്പോറ്റാതിരുന്നതിനാലും പരീക്ഷിതനായ ഓരോ സന്ദര്‍ഭത്തിലും അവയുടെ തലമേല്‍ കനത്ത പ്രഹരങ്ങള്‍ ഏല്‍പിച്ചതിനാലും മരണം വേഗം സംഭവിക്കയും അവ ഓരോന്നായി ചത്തുവീഴുകയും ചെയ്തു. തന്‍റെ കൗമാരകാലത്തു യേശുവും നമ്മെപ്പോലെ ലൈംഗികരംഗത്തു പരീക്ഷിതനായിരുന്നു. എങ്കിലും സമ്പൂര്‍ണ്ണവിശ്വസ്തനായതുകൊണ്ട് അവിടുന്നു വളരെ വേഗം പൂര്‍ണ്ണവിജയം നേടി. തല്‍ഫലമായി തന്‍റെ പരസ്യശുശ്രൂഷാക്കാലത്തു യേശു ഈ പാപത്താല്‍ പരീക്ഷിക്കപ്പെടുക പോലും ഉണ്ടായില്ല. ഈ രംഗത്തുള്ള പോരാട്ടത്തില്‍ വിശ്വസ്തത പുലര്‍ത്തിയിട്ടില്ലാത്ത ആളുകള്‍ക്ക് ഇതു മനസ്സിലാക്കുവാന്‍ സാധ്യമല്ല. ‘ക്രിസ്തുവിന്‍റെ അന്ത്യപ്രലോഭനം’ എന്നറിയപ്പെടുന്ന ദൈവദൂഷണപരമായ ഗ്രന്ഥം (ഇപ്പോള്‍ ഇതു സിനിമായായും വന്നിട്ടുണ്ട്) യേശുവിന്‍റെ പ്രലോഭനങ്ങളെക്കുറിച്ചു മനുഷ്യര്‍ക്കുള്ള അജ്ഞതയ്ക്കു മറ്റൊരു ദൃഷ്ടാന്തമാണ്. ഈ സത്യങ്ങള്‍ ദൈവം ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചിരിക്കുന്നു. എന്നാല്‍ ഇന്നു തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടുന്നു തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

മരുഭൂമിയില്‍ വച്ചുള്ള 40 ദിവസത്തെ കര്‍ശനപരീക്ഷണങ്ങള്‍ക്കു ശേഷം സാത്താന്‍ യേശുവിനെ പരീക്ഷിച്ചപ്പോള്‍ ലൈംഗികരംഗത്തോ, സാമ്പത്തികരംഗത്തോ മറ്റോ അവിടുത്തെ പരീക്ഷിക്കുന്നതു വ്യര്‍ത്ഥമാണെന്ന് അവന് അറിയാമായിരുന്നു. എന്തെന്നാല്‍ അനേകം വര്‍ഷങ്ങള്‍ മുമ്പുതന്നെ യേശു ഈ രംഗങ്ങളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയിരുന്നു. അവിടുത്തെ ജഡത്തിലുള്ള ആ വിഷപ്പാമ്പുകള്‍ ചത്തൊടുങ്ങിയിരുന്നു. മരുഭൂമിയില്‍വച്ചുള്ള അവസാനത്തെ മൂന്നു പ്രലോഭനങ്ങള്‍ വളരെ ഉന്നത മണ്ഡലത്തിലുള്ളവയായിരുന്നു. യേശു നടന്ന വഴിയില്‍ കൂടി നാമും വിശ്വസ്തരായി നടക്കുമ്പോള്‍ മാത്രമേ ആ പരീക്ഷകളുടെ സൂക്ഷ്മമായ ആന്തരിക പ്രാധാന്യം നമുക്കു ഗ്രഹിപ്പാന്‍ കഴിവുണ്ടാകയുള്ളു.  പ്രലോഭനങ്ങളുടെ സ്കൂള്‍ മറ്റേതു സ്കൂളിനെയും പോലെ തന്നെ. നാമെല്ലാവരും നേഴ്സറി ക്ലാസ്സില്‍ത്തന്നെ തുടങ്ങണം. യേശുവും അവിടെത്തന്നെ തുടങ്ങി. എന്നാല്‍ ഓരോ ക്ലാസ്സിലും ആവശ്യമായ മിനിമം കാലത്തില്‍ ഒട്ടും കൂടുതല്‍ അവിടുന്നു ചെലവാക്കിയില്ല. 33 വയസ്സില്‍ അവിടുന്നു ക്രൂശില്‍ മരിക്കുമ്പോള്‍ ‘നിവൃത്തിയായി’ (എല്ലാം പൂര്‍ത്തിയായി) എന്നു പറയുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. ജഡത്തിലെ എല്ലാ വിഷപ്പാമ്പുകളും അതിനകം കൊല്ലപ്പെട്ടു. പാഠശാലയിലെ ഓരോ പരീക്ഷയിലും അവിടുന്നു വിജയം നേടി. അവിടുന്നു തികഞ്ഞവനായി. മനുഷ്യനെന്ന നിലയില്‍ അവിടുത്തെ വിദ്യാഭ്യാസം പൂര്‍ത്തിയായി (എബ്രാ. 5:8,9).

പ്രലോഭനങ്ങളുടെ നേഴ്സറി ക്ലാസ്സില്‍ അവിശ്വസ്തനായിത്തീരുന്ന ഒരു മനുഷ്യന്‍ യേശു പി. എച്ച്. ഡി. ക്ലാസ്സില്‍ എന്തു പ്രലോഭനമാണു നേരിട്ടതെന്നറിയാന്‍ ശ്രമിക്കുന്നത് അപഹാസ്യവും ഗര്‍വഭരിതവുമാണ്. നിങ്ങള്‍ സ്വയം വിശ്വസ്തനെങ്കില്‍ നിങ്ങള്‍ അറിയും (യോഹ. 7:17). എന്നാല്‍ പ്രലോഭനസമയത്തു നിങ്ങള്‍ അവിശ്വസ്തനെങ്കില്‍ നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ വായിച്ചാലും എത്ര ടേപ്പുകള്‍ ശ്രദ്ധിച്ചാലും ശരി, നിങ്ങള്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിവുണ്ടാകയില്ല. ദൈവത്തിന്‍റെ രഹസ്യങ്ങള്‍ ടേപ്പുകളിലൂടെയോ പുസ്തകങ്ങളിലൂടെയോ ഗ്രഹിക്കുക സാധ്യമല്ല. ദൈവവചനത്തിലൂടെ, ദൈവത്തിന്‍റെ വായില്‍ നിന്നു തന്നെയാണ് അവ ഗ്രഹിക്കേണ്ടത്.

യേശുവിന് അബോധപൂര്‍വ്വമായ പാപം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നില്ല എന്നതു വ്യക്തം. ഉണ്ടായിരുന്നെങ്കില്‍ തന്‍റെ ഐഹികജീവിതകാലത്തു പിതാവുമായി കൂട്ടായ്മ പുലര്‍ത്തുവാന്‍ തനിക്കു കഴികയില്ലായിരുന്നു. എന്തെന്നാല്‍ ദൈവം പാപത്തെ നോക്കുവാന്‍ പോലും പാടില്ലാത്ത വിധം അത്ര വിശുദ്ധനാണ്. പഴയനിയമ പ്രകാരം അബോധപാപത്തെക്കുറിച്ച് ഒരുവനു ബോധം വന്നാലുടന്‍ അതിനുവേണ്ടിയും ഒരു യാഗമര്‍പ്പിക്കേണ്ടിയിരുന്നു (ലേവ്യ. 4:2,13,27,28). പുതിയ നിയമപ്രകാരമാകട്ടെ, ബോധപൂര്‍വ്വമുള്ള പാപത്തിന്‍റെ കാര്യത്തില്‍ നാം വെളിച്ചത്തില്‍ നടക്കുന്നവരെങ്കില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യപ്പെടുന്ന പാപം, അതു ചെയ്താലുടന്‍തന്നെ, യേശുവിന്‍റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു (1യോഹ. 1:7). ഈ വിധത്തിലാണു പിതാവുമായിട്ടുള്ള നമ്മുടെ കൂട്ടായ്മ നിലനില്‍ക്കുന്നത്. എന്നാല്‍ യേശുവിനു അബോധപാപം തന്‍റെ ജീവിതത്തിലുണ്ടായിരുന്നെങ്കില്‍ അതിനുവേണ്ടി യാതൊരു രക്തവും ലഭ്യമായിരുന്നില്ല. പക്ഷേ യേശുവിനു അബോധപാപം ഉണ്ടായിരുന്നില്ല. അതിനാല്‍ അപ്രകാരമൊരാവശ്യവും ഇല്ലായിരുന്നു. 

ബോധജീവിതത്തില്‍ നാം സ്വാര്‍ത്ഥതയിലും നിഗളത്തിലും ജീവിച്ചിട്ടുള്ളതിന്‍റെ ഫലമാണ് അബോധപൂര്‍വ്വമായ പാപം. യേശു ഒരു നിമിഷത്തേക്കുപോലും അപ്രകാരം ജീവിച്ചിട്ടില്ലാഞ്ഞതിനാല്‍ തനിക്ക് അബോധപാപത്തിന്‍റെ പ്രശ്നമേ ഉണ്ടായിരുന്നില്ല. അവിടുത്തെ ബോധപൂര്‍വ്വമായ ചിന്തകളെല്ലാം വിശുദ്ധമായിരുന്നതിനാല്‍ തനിക്ക് ഒരുڂമലിനസ്വപ്നവും ഒരിക്കലും ഉണ്ടായിട്ടില്ല. ശരീരത്തിന്‍റെ പ്രവൃത്തികള്‍ ഒരിക്കലും തന്നില്‍ കാണപ്പെട്ടിരുന്നില്ല. കാരണം, അവ ശരീരത്തിലൂടെ പുറപ്പെട്ടു വരുന്നതിനു മുമ്പുതന്നെ ആത്മാവിന്‍റെ ശക്തിയാല്‍ അവയെ മരിപ്പിച്ചിരുന്നു (റോമര്‍ 8:13). നേരേമറിച്ച്, നമ്മുടെ ഭൂതകാലജീവിതത്തിലെ മനോഭാവങ്ങള്‍, ശീലങ്ങള്‍, പ്രവൃത്തികള്‍ എന്നിവ നമ്മുടെ മനസ്സിനു സ്വാര്‍ത്ഥപരവും നിഗളപൂര്‍വ്വവുമായ ഒരു ചായ്വു നല്‍കിയിട്ടുള്ളതിനാല്‍ നമുക്ക് അബോധപാപങ്ങളുണ്ട്. ഇതുമൂലം വക്രമായിത്തീര്‍ന്ന നമ്മുടെ ജീവിതത്തെ നേരുള്ളതാക്കുവാനാണു പരിശുദ്ധാത്മാവു നമ്മിലേക്കു വന്നിട്ടുള്ളത്. 

പാപത്തിന്മേലുള്ള വിജയത്തെപ്പറ്റി വെളിച്ചം ലഭിച്ചിട്ടുള്ളവര്‍ തന്നെയും ഈ രംഗത്തു ശ്രദ്ധാലുകളും സത്യസന്ധമാകേണ്ടിയിരിക്കുന്നു. ഒരളവുവരെ പാപത്തിന്മേല്‍ വിജയം ലഭിച്ച ചിലയാളുകള്‍ ക്രിസ്തുവിന്‍റെ സ്വഭാവത്തിനു നിരക്കാത്തതായി തങ്ങളുടെ ജീവിതത്തിലുള്ള പല കാര്യങ്ങളെയും ‘ശരീരത്തിന്‍റെ പ്രവൃത്തികള്‍’ എന്നു വ്യവഹരിച്ച് അവഗണിക്കുന്നതായിക്കാണുന്നു. പരിശുദ്ധാത്മസഹായത്തോടു കൂടി അവര്‍ സ്വയം പരിശോധിക്കുന്നപക്ഷം അവരുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന നിഗളത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ഫലമാണ് ഇവയെന്നു ഗ്രഹിപ്പാന്‍ കഴിയും. എങ്കിലും അവര്‍ തങ്ങളെക്കുറിച്ചുതന്നെയുള്ള സത്യത്തെ സ്നേഹിക്കാത്തവരാകയാല്‍ സാത്താന്‍ അവരെ വഞ്ചിക്കുന്നു. അവരെ വഞ്ചിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുകയും ചെയ്യുന്നു (2തെസ്സ. 2:10,11). ഈ കാരണത്താല്‍ അവരുടെ ജീവിതത്തില്‍ ആരംഭിച്ച വെളിച്ചം കൂടുതല്‍ കൂടുതല്‍ ശോഭാപൂര്‍ണ്ണമായിത്തീരുന്നില്ല (സദൃ. 4:18). പാപത്തെക്കുറിച്ചുള്ള ഹൃദയത്തകര്‍ച്ചയും സത്യസന്ധതയും നഷ്ടപ്പെട്ടാല്‍ നമുക്കും ഈ ഗതിതന്നെ സംഭവിക്കാം.

യേശുവിന്‍റെ ജഡത്തില്‍ പാപം ഉണ്ടായിരുന്നുവെന്നു പറയുന്നതു ശരിയാണോ? നമ്മുടെ പദപ്രയോഗങ്ങള്‍ പരിപൂര്‍ണ്ണതയുള്ളവയായിരിപ്പാനും നമ്മുടെ സ്വന്തം യുക്തിയില്‍ നിന്നുള്ള വാക്കുകള്‍ ഒഴിവാക്കി തിരുവെഴുത്തിലുള്ള പദങ്ങള്‍ മാത്രം ഉപയോഗിക്കുവാനും നാം നിഷ്കര്‍ഷിക്കണം. യേശുവിനു തന്‍റെ ജഡത്തില്‍ പാപം ഉണ്ടായിരുന്നുവെന്നു തിരുവെഴുത്തുകളില്‍ ഒരിടത്തും പറയുന്നില്ല. യേശുവിന്‍റെ ജഡത്തില്‍ മോഹങ്ങള്‍ ഉണ്ടായിരുന്നു – നിങ്ങള്‍ക്കും എനിക്കും ഉള്ള എല്ലാവിധ മോഹങ്ങളും. എബ്രാ. 4:15നോടുചേര്‍ത്തു യാക്കോ. 1:14,15 വായിച്ചാല്‍ ഈ കാര്യം വ്യക്തമാകും. എന്നാല്‍ അവിടുത്തെ ജീവിതത്തില്‍ ഈ മോഹങ്ങള്‍ ഒരിക്കലും ഗര്‍ഭം ധരിച്ചില്ല. തന്മൂലം ഒരിക്കലും പാപം ഉത്ഭവിച്ചുമില്ല. അതിനാല്‍ യേശു പാപ ജഡത്തിന്‍റെ സാദൃശ്യത്തില്‍ വന്നുവെങ്കിലും (റോമര്‍ 8:3) അവിടുത്തെ ജഡത്തില്‍ പാപം ഉണ്ടായിരുന്നില്ല എന്നു വ്യക്തമാണ്. യേശുവിനു പാപമയമായ ഒരു സ്വഭാവം ഉണ്ടായിരുന്നില്ല. പാപസ്വഭാവം (sinful nature) എന്നതും തിരുവെഴുത്തിലില്ലാത്ത ഒരു പദപ്രയോഗമാണ്. എന്നാല്‍ പഴയമനുഷ്യന്‍ എന്ന അര്‍ത്ഥമാണ് ആളുകള്‍ അതു കൊണ്ടുദ്ദേശിക്കുന്നത്. യേശുവിനു ഒരിക്കലും അതുണ്ടായിരുന്നില്ല. ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത ദൈവവേലക്കാരായി നാം തീരുമാറു ദൈവവചനത്തെ സൂക്ഷ്മതയോടെ നാം കൈകാര്യം ചെയ്യേണ്ടതു സുപ്രധാന കാര്യമാണ് (2തിമോ. 2:13). തിമോഥെയോസിന് ഈ പ്രബോധനം ആവശ്യമായിരുന്നുവെങ്കില്‍ നമുക്ക് എത്രയധികം!

ഇപ്പോള്‍ത്തന്നെ നാം യേശുവിനെപ്പോലെയാകണമെന്ന് ദൈവം ആജ്ഞാപിക്കുന്നില്ല. അത് അസാധ്യമെന്ന് അവിടത്തേക്കറിയാം. എന്തെന്നാല്‍ ആകുക എന്നതു നമ്മുടെ മുഴുവന്‍ വ്യക്തിത്വത്തെയും കുറിക്കുന്നതാണ്. കര്‍ത്താവിന്‍റെ വരവില്‍ മാത്രമേ നാം അവിടുത്തെപ്പോലെയാകൂ. എന്നാല്‍ ഇപ്പോള്‍ നാം യേശു നടന്നതു പോലെ നടക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (1യോഹ. 2:6;3:2). നടക്കുക എന്നതു ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാകയാല്‍ നമ്മുടെ ബോധജീവിതത്തെ മാത്രം കുറിക്കുന്നതാണ്. ഈ മണ്ഡലത്തില്‍ മാത്രമേ നമുക്കു യേശുവിനെ പിന്തുടരുവാന്‍ സാധിക്കൂ.

യേശു നമ്മുടെ ജഡത്തില്‍ വരികയും എല്ലാ മണ്ഡലങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു വിജയം വരിക്കുകയും (വെളി. 3:21) ചെയ്തതിനാല്‍ അവിടുന്നു ജയിച്ചതുപോലെ നമുക്കും ജയാളിയായിത്തീരാന്‍ കഴിയും. ഇതാണ് സുവിശേഷത്തില്‍ അടങ്ങിയ നല്ല വാര്‍ത്ത. നമ്മുടെ ബോധജീവിതത്തില്‍ ഇനിമേല്‍ നാം പാപത്തില്‍ തുടരേണ്ട ആവശ്യമില്ല. മാത്രമല്ല, നാം വിശ്വസ്തരായിത്തീരുന്നതിന്‍റെ അളവനുസരിച്ചു ക്രമാഗതമായി പാപം വിട്ടൊഴിഞ്ഞവരായിത്തീരാനും നമുക്കു സാധ്യമാണ്. അപ്പോള്‍ ആ ഓരോ രംഗത്തും ദൈവസ്വഭാവം പ്രകാശിക്കുവാനാരംഭിക്കും. എന്തെന്നാല്‍ യേശുവിന്‍റെ മരണം നാം നമ്മുടെ ശരീരത്തില്‍ വഹിക്കുന്ന പക്ഷം അവിടെ ദൈവം നമുക്കു യേശുവിന്‍റെ ജീവന്‍ പ്രദാനം ചെയ്യും (2കൊരി. 4:10). 

ഈ മഹത്വകരമായ സുവിശേഷത്തിനായി നമുക്കു ദൈവത്തെ സ്തുതിക്കാം.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

8. യഥാര്‍ത്ഥ ആത്മീയത: ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുക

“എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. …. സാത്താന്‍ താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ. ആകയാല്‍ അവന്‍റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല” (2കൊരി. 11:3,14,15).

നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തില്‍ എത്തിയില്ല (റോമര്‍. 9:31).

യിസ്രായേലിലെ പരീശന്മാര്‍ നീതിയെ പിന്തുടര്‍ന്നു; എന്നാല്‍ സാത്താന്‍ അവരെ വഴിതെറ്റിച്ചുകളഞ്ഞു. ഇന്നു നീതിയെ പിന്തുടരുന്ന എല്ലാവര്‍ക്കുമുള്ള ഒരു താക്കീതാണിത്. നാം വഞ്ചിക്കപ്പെടുകയില്ല എന്നു നാം സ്വയം സങ്കല്‍പിക്കുന്നുവെങ്കില്‍ അതു നമ്മുടെ നിഗളത്തിന്‍റെ ഒരു ലക്ഷണമായിരിക്കും. വെളിച്ചത്തില്‍ നടക്കുകയും സത്യത്തെ സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണു വഞ്ചനയില്‍നിന്നും നമുക്കു വിടുതല്‍ ലഭിക്കുന്നത്. ദൈവവചനത്തിലും യേശുവിന്‍റെ ഐഹികജീവിതത്തിലും കാണപ്പെടുന്ന സത്യത്തെയാണു നാം സ്നേഹിക്കേണ്ടത് (2തെസ്സ. 2:10,11).

നാം ദൈവവചനത്തെ നമ്മുടെ മാര്‍ഗ്ഗദര്‍ശിയായി സ്വീകരിക്കുന്നില്ലെങ്കില്‍ ആത്മാര്‍ത്ഥതകൊണ്ടുമാത്രം നാം വഞ്ചനയില്‍നിന്നു വിമുക്തരാവുകയില്ല. പത്രോസ് വളരെ ആത്മാര്‍ത്ഥതയുള്ളവനായിരുന്നു. എങ്കിലും യേശുവിന് ഒരു തെറ്റായ വഴി നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ അദ്ദേഹം സാത്താന്‍റെ വക്താവായിത്തീര്‍ന്നു (മത്താ. 16:2123). യേശു ആദ്യം ക്രൂശിനെപ്പറ്റി ശിഷ്യന്മാരോടു സംസാരിച്ചപ്പോള്‍ അവര്‍ക്ക് അതു ദൈവത്തിന്‍റെ വഴിയാണെന്നു ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. ദൈവജനത്തിന് ഐശ്വര്യവും ആരോഗ്യവും സന്താനസമ്പത്തും മറ്റനേകം ഭൗതികാനുഗ്രഹങ്ങളും വാഗ്ദാനം ചെയ്തിരുന്ന ഒരു പഴയനിയമ സുവിശേഷവുമായിട്ടാണ് അവര്‍ ഇടപഴകിയിരുന്നത്. ഈ പഴയനിയമസുവിശേഷത്തിനു കടകവിരുദ്ധമായിരുന്നു കഷ്ടതയനുഭവിക്കുന്നതും മരിക്കുന്നതും.

വ്യക്തിപരമായ അനുഗ്രഹങ്ങള്‍, ഭൗമിക കാര്യങ്ങള്‍  എന്നിവയിലാണു പഴയനിയമസുവിശേഷം അധിഷ്ഠിതമായിരുന്നത്. പുതിയനിയമസുവിശേഷമാകട്ടെ, ഇതില്‍നിന്നു വിഭിന്നമായി ദൈവികലക്ഷ്യങ്ങള്‍, സ്വര്‍ഗ്ഗീയകാര്യങ്ങള്‍ എന്നിവയെ കേന്ദ്രമാക്കി വ്യാപരിച്ചിരുന്നു. ഈ പുതിയനിയമസുവിശേഷത്തിനു വഴിയൊരുക്കിക്കൊണ്ടു യോഹന്നാന്‍ സ്നാപകന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സന്ദേശം ഇതായിരുന്നു: “സ്വര്‍ഗ്ഗരാജ്യം (ഭൗമികരാജ്യവും ഭൗമികാനുഗ്രഹങ്ങളുമല്ല) സമീപസ്ഥമായിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍” (മത്താ. 3:2; മര്‍ക്കോ. 1:14,15). യോഹന്നാന്‍ സ്നാപകന്‍റെ കാലം മുതല്‍ സ്വര്‍ഗ്ഗരാജ്യം (അഥവാ ദൈവരാജ്യം) പ്രസംഗിക്കപ്പെടുന്നുവെന്നും നാം അതിനെ പ്രാപിക്കണമെങ്കില്‍ ഒരു ബലപ്രയോഗം ആവശ്യമാണെന്നും യേശുക്രിസ്തു പറഞ്ഞു. സ്വയസ്നേഹം, ഭൗതികസുഖം, ബഹുമതി, ധനസൗകര്യങ്ങള്‍ എന്നിവ നമ്മുടെ ജഡസ്വഭാവത്തില്‍ ആഴമായി വേരൂന്നിയിട്ടുള്ള കാര്യങ്ങളാണ്. അത്തരം താല്‍പര്യങ്ങളോടു ബലപ്രയോഗം നടത്തുവാന്‍ സന്നദ്ധതയുള്ളവര്‍ക്കു മാത്രമേ ദൈവ രാജ്യം സ്വായത്തമാക്കുവാന്‍ സാധ്യമാകൂ.

പത്രോസ് യേശുവിന് അനായാസവും സുഖകരവുമായ ഒരു വഴി നിര്‍ദ്ദേശിച്ചപ്പോള്‍ അവിടുന്നു പത്രോസിനെ ഇപ്രകാരം ശാസിച്ചു: “സാത്താനേ, നീ എന്നെ വിട്ടു പോ. നീ എനിക്കൊരു പ്രതിബന്ധമാണ്; എന്തെന്നാല്‍ നീ ദൈവത്തിന്‍റെ താല്‍പര്യങ്ങളിലല്ല, മനുഷ്യന്‍റെ താല്‍പര്യങ്ങളിലാണു മനസ്സുവച്ചിരിക്കുന്നത്” (മത്താ. 16:23). നാം നമ്മുടെ സ്വന്തതാല്‍പര്യങ്ങള്‍ക്കു മനസ്സുവയ്ക്കുമ്പോള്‍ നാം ദൈവരാജ്യത്തിനും യേശുക്രിസ്തുവിനും ഒരു പ്രതിബന്ധമായിത്തീരും. അപ്പോഴാണു നമ്മെ വഴിതെറ്റിക്കുന്നതില്‍ സാത്താന്‍ വിജയം നേടുന്നത്.

പാപത്തില്‍നിന്നുള്ള രക്ഷയുടെ അന്തസ്സാരം സ്വര്‍കീയതാല്‍പര്യങ്ങളില്‍ നിന്നു രക്ഷപെടുക എന്നതാണ്. ലൂസിഫര്‍ സ്വന്ത താല്‍പര്യമന്വേഷിച്ചു; അങ്ങനെ പാപം ലോകത്തില്‍ കടന്നു. യേശു ഒരിക്കലും സ്വന്ത താല്‍പര്യമന്വേഷിച്ചില്ല. അങ്ങനെ അവിടുന്നു നമുക്കുവേണ്ടി രക്ഷയെ സമ്പാദിച്ചുതന്നു. ഒരു മനുഷ്യനെ സ്വന്ത താല്‍പര്യമന്വേഷിക്കുന്നവനായിത്തന്നെ നിലനിര്‍ത്തുന്ന നീതി ഒരു കപടനീതിയാണ്. എന്നിട്ടും വിശുദ്ധി പ്രസംഗിക്കുന്ന പല കൂട്ടങ്ങളില്‍പ്പോലും ഇന്നു കാണപ്പെടുന്ന നീതി ഇപ്രകാരമുള്ള ഒരു നീതിയാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി വ്യാപാരമനഃസ്ഥിതിയുള്ളവനാണ്. അതിനാല്‍ തനിക്കുതന്നെ പരമാവധി കുറച്ച് അസൗകര്യം സഹിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ സര്‍വോന്നതഭാഗ്യം ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ തന്‍റെ സുഖത്തെയും സ്വകീയതാല്‍പര്യങ്ങളെയും തടസ്സപ്പെടുത്താത്ത ഒരു ദൈവശാസ്ത്രം കണ്ടുപിടിക്കുവാന്‍ അവന്‍ എന്നും തല്‍പരനായിരിക്കുന്നു.

കോപം, ലൈംഗികദുര്‍മ്മോഹം എന്നിവയുടെമേല്‍ വിജയം നേടുകയും ഒരുവന്‍റെ ഭൂതകാലപാപങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ തന്നെ സ്വന്തതാല്‍പര്യങ്ങള്‍, തന്‍റെയും തന്‍റെ ഭാര്യയുടെയും സുഖസൗകര്യങ്ങള്‍, സ്വന്ത മാനം എന്നിവയെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു നിലവാരം പുലര്‍ത്തുക എന്നതു സാധ്യമാണ്. ദൈവഭക്തിയുടെ മര്‍മ്മം, ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടത് എന്നിവയെല്ലാം വിശ്വസിക്കുവാനും വിശദീകരിക്കുവാനും ഒരുവനു കഴിയുമ്പോള്‍ തന്നെ അയാള്‍ അധര്‍മ്മത്തിന്‍റെ മര്‍മ്മമെന്തെന്ന് അറിയാതിരിക്കുവാന്‍ സാധ്യമാണ്. എല്ലാ അധര്‍മ്മത്തിന്‍റെയും മര്‍മ്മം അഥവാ രഹസ്യമായ ഉത്ഭവസ്ഥാനം സ്വന്തം താല്‍പര്യമന്വേഷിക്കുന്ന പ്രവണതയാണ്. ജഡത്തിലെ ദുര്‍മ്മോഹങ്ങളില്‍വച്ച് ഏറ്റവും വഞ്ചനാത്മകം ഈ പ്രവണതയാണ്. ചില ഉപരിപ്ലവങ്ങളായ പാപങ്ങളെ ജയിച്ച ശേഷം താന്‍ ക്രിസ്തുവിന്‍റെ കാന്തയുടെ ഒരു ഭാഗമാണെന്നു വിശ്വസിക്കുവാന്‍ ഒരുവനു കഴിയും. അതേ സമയംതന്നെ അയാളുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സ്വാര്‍ത്ഥതാല്‍പര്യം കൊടികുത്തി വാഴുന്ന അവസ്ഥ തുടരുകയും ചെയ്യും. സാത്താന്‍ വെളിച്ചദൂതന്‍റെ വേഷത്തില്‍ വരുമ്പോഴത്തെ വഞ്ചനയുടെ സ്വഭാവം ഇതാണ്. അധര്‍മ്മത്തിന്‍റെ മര്‍മ്മവും ഇതു തന്നെ.

നമ്മുടെ ഈ കാലഘട്ടത്തില്‍ ബൈബിള്‍പരിജ്ഞാനത്തില്‍ നമുക്കു യാതൊരു കുറവും ഇല്ല. സത്യം പറഞ്ഞാല്‍ പുതിയ ഉടമ്പടിയുടെയും ജീവനുള്ള പുതിയ വഴിയുടെയും ഉപദേശത്തെ ഉചിതമായ ദൃഷ്ടാന്തങ്ങളോടുകൂടെ വിശദീകരിക്കുവാന്‍ പൗലോസിനു കഴിയുമായിരുന്നതിലുമധികമായി നമ്മുടെ ഇടയിലുള്ള സമര്‍ത്ഥരായ ആളുകള്‍ക്കു കഴിയും! എങ്കിലും സ്വാര്‍ത്ഥം അന്വേഷിക്കാതെയിരിക്കുന്ന കാര്യത്തില്‍ നമ്മുടെ ജീവിതങ്ങള്‍ പൗലോസിന്‍റേതിനെ അപേക്ഷിച്ച് ആയിരമായിരം മൈലുകള്‍ പിന്നില്‍ത്തന്നെയാണ്.

ഒരു യഥാര്‍ത്ഥ ദൈവഭക്തനെ വേര്‍തിരിച്ചു കാണിക്കുന്ന ഏക സവിശേഷത ഒരു പ്രത്യേക ഉപദേശത്തെപ്പറ്റി അയാള്‍ക്കുള്ള അറിവല്ല, മറിച്ചു സ്വാര്‍ത്ഥമന്വേഷിക്കുവാനുള്ള പ്രവണതയില്‍നിന്ന് അയാള്‍ക്കുള്ള സ്വാതന്ത്ര്യമാണ്. തന്‍റെ മിക്ക സഹപ്രവര്‍ത്തകരും സ്വന്തകാര്യമന്വേഷിക്കുന്നവരാണെന്നും അതിനാല്‍ അവരെ ഫിലിപ്പിയയിലേക്ക് അയയ്ക്കുവാന്‍ തനിക്കു കഴിയുന്നില്ലെന്നും പൗലോസ് ഫിലി. 2:19-21ല്‍ പറയുന്നു. എന്നാല്‍ തിമോത്ഥെയോസാകട്ടെ, അതില്‍നിന്നു വ്യത്യസ്തനും മഹത്വപൂര്‍ണ്ണനുമായ ഒരുവനായിരുന്നു. പൗലോസിന്‍റെ ആ സഹപ്രവര്‍ത്തകരുടെ ഉപദേശങ്ങളെല്ലാം തികച്ചും ശരിയായിരുന്നു. എങ്കിലും അവര്‍ സ്വന്ത കാര്യമന്വേഷിക്കുന്നവരായിരുന്നു. അവര്‍ തങ്ങളെത്തന്നെ നീതിമാന്മാരായും മറ്റുള്ളവരെക്കാള്‍ ഉന്നതരായും ഗണിച്ചിരുന്നിരിക്കാം; എങ്കിലും പൗലോസിന് അവരുടെ പൊള്ളത്തരം വ്യക്തമായിക്കാണുവാന്‍ കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തന്നെയാണ് ഇന്നും നിലവിലിരിക്കുന്നത്.

ക്രിസ്തീയ ചരിത്രത്തില്‍ ശതാബ്ദങ്ങളിലൂടെ ജീവിച്ചിരുന്ന ഉന്നതശീര്‍ഷരായ വിശ്വാസവീരന്മാര്‍ക്കെല്ലാം ഉണ്ടായിരുന്ന ഒരേയൊരു സവിശേഷത അവര്‍ ഒരിക്കലും സ്വാര്‍ത്ഥമന്വേഷിച്ചിരുന്നില്ല എന്നതാണ്. മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ വെസ്ലി, ചാള്‍സ് ഫിന്നി, യോഹാന്‍ ഓ. സ്മിത്ത്, വാച്ച്മാന്‍ നീ ഇവരെയെല്ലാം ദൈവപുരുഷന്മാരാക്കിയ വസ്തുത അവര്‍ വിശ്വസിച്ചിരുന്ന ഉപദേശങ്ങളുടെ വൈശിഷ്ട്യമല്ല, മറിച്ച് അവരിലാരും തന്നെ സ്വന്ത താല്‍പര്യങ്ങള്‍ അന്വേഷിച്ചിരുന്നില്ല എന്നതാണ്. അവരില്‍ ഓരോരുത്തരും അവര്‍ക്കു മുമ്പുള്ള ശതാബ്ദങ്ങളില്‍ ജീവിച്ചിരുന്നവരെക്കാള്‍ അധികം ശുദ്ധമായ ക്രിസ്തീയോപദേശം ഗ്രഹിച്ചിരുന്നുവെന്നതു ശരിതന്നെ. എങ്കിലും അവരുടെ ആത്മീയത കുടികൊണ്ടിരുന്നതു തങ്ങളുടെ തലമുറയില്‍ തങ്ങള്‍ക്കു ലഭിച്ചിരുന്ന വെളിച്ചത്തിന്‍റെ അളവനുസരിച്ച് അവര്‍ നിസ്വാര്‍ത്ഥമതികളായി ദൈവരാജ്യത്തെ അന്വേഷിച്ചിരുന്നു എന്ന കാര്യമാണ്.

ഇന്നു ഒരു പക്ഷേ ഈ വ്യക്തികളെക്കാളധികം തിരുവെഴുത്തുകളിലെ ചില സത്യങ്ങളെ സംബന്ധിച്ചു നമുക്കു കൂടുതല്‍ വെളിച്ചം ലഭിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍ അധികം ലഭിച്ചവനോട് അധികം ആവശ്യപ്പെടുമെന്ന് നാമോര്‍ക്കണം. അതിനാല്‍ നീതിയെന്നതു കോപത്തെയും ലൈംഗികമോഹത്തെയും അതുപോലെയുള്ള മറ്റു പാപങ്ങളെയുമെല്ലാം ജയിക്കുന്നതു മാത്രമാണെന്നു നാം ചിന്തിക്കുന്നപക്ഷം നാം വലിയ അപകടത്തിലാണ്. ബാഹ്യമായിട്ടെങ്കിലും ഈ പാപങ്ങളെ ജയിച്ചിട്ടുള്ള ബുദ്ധമതാവലംബികള്‍ ഉണ്ട്.

ജഡത്തില്‍ കുടികൊള്ളുന്ന ഈ പാപങ്ങളെയെല്ലാം യിസ്രായേലിനെതിരെ തങ്ങളുടെ നായകനായ ഗോല്യാത്തിനോടൊപ്പം നിന്നിരുന്ന ഫെലിസ്ത്യ പടയാളികളായി നമുക്കു പരിഗണിക്കാം. എന്നാല്‍ സാക്ഷാല്‍ മല്ലനായ ഗോല്യാത്ത് സ്വാര്‍ത്ഥമന്വേഷിക്കല്‍ തന്നെയാണ്. ദാവീദ് ഫെലിസ്ത്യപടയാളികളെ ഓരോരുത്തരെയായി കൊന്നൊടുക്കുക മാത്രം ചെയ്തിരുന്നെങ്കില്‍ യിസ്രായേലിനു വിജയം സിദ്ധിക്കുകയില്ലായിരുന്നു. അഥവാ വല്ല വിജയവും ലഭിക്കണമെങ്കില്‍ അതിനു വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ദാവീദ് ഗോല്യാത്തിനെ കൊന്നതോടെ മറ്റെല്ലാ ഫെലിസ്ത്യരും അവിടം വിട്ട് ഓടിപ്പോയതായി നാം വായിക്കുന്നു (1ശമു. 17:51). ഇതാണു രഹസ്യം. നമുക്ക് ഒരു യഥാര്‍ത്ഥവിജയം ലഭിക്കണമെങ്കില്‍ നാം സ്വാര്‍ത്ഥാന്വേഷണമെന്ന ഈ വലിയ മല്ലന്‍റെ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവനെ നശിപ്പിച്ചു കളഞ്ഞാല്‍ മറ്റെല്ലാ പാപങ്ങളും സ്വതേതന്നെ നമുക്കു കീഴടങ്ങും.

യേശു വന്നതു പാപമാകുന്ന വൃക്ഷത്തിന്‍റെ ചുവടിനു കോടാലി വയ്ക്കുവാനാണ്. ഈ വൃക്ഷത്തിന്‍റെ ഫലങ്ങള്‍ പലതാണ്. വ്യാജം, മോഷണം, ദുര്‍മ്മോഹം, കോപം, വിദ്വേഷം ഇത്യാദികളെല്ലാം ഇവയില്‍പ്പെടുന്നു. എന്നാല്‍ ഇവയുടെയെല്ലാം ചുവടു സ്വാര്‍ത്ഥമന്വേഷിക്കലാണ്. ഇവിടെയാണു നാം മഴു പ്രയോഗിക്കേണ്ടത്. അതു ചെയ്യുന്നില്ലെങ്കില്‍ നാം വഞ്ചിതരായിത്തീരും.

നാം ഒരിക്കലും കോപിക്കാത്തതുകൊണ്ടും മറ്റു ചിലര്‍ സംസാരിക്കുന്ന അതേ ഉപദേശരൂപം തന്നെ നാം സംസാരിക്കുന്നതുകൊണ്ടും യേശുക്രിസ്തു നടന്ന അതേ ജീവന്‍റെ പുതുവഴിയിലാണു നാമും നടക്കുന്നതെന്നു മിഥ്യയായി സങ്കല്‍പിക്കുവാന്‍ നമുക്കു സാധ്യമാണ്. എന്നാല്‍ നമ്മുടെ മനസ്സും കര്‍മ്മശക്തിയും സമയവുമെല്ലാം നമ്മുടെ കുടുംബങ്ങള്‍ക്കുവേണ്ടി കൂടുതല്‍ക്കൂടുതല്‍ ഭൗതികസൗകര്യങ്ങള്‍ സമ്പാദിക്കുവാനും നമ്മുടെ ഭാര്യമാരെ പ്രസാദിപ്പിക്കുവാനും നമ്മുടെ മക്കള്‍ സുഖകരമായൊരു ജീവിതമാര്‍ഗ്ഗത്തിലൂടെ സന്തുഷ്ടരായിക്കഴിയുമാറ് അവരെ സന്തുഷ്ടരാക്കുവാനുമായിരിക്കാം നാം ചെലവാക്കുന്നത്.  ഇപ്രകാരം ജീവിച്ചുകൊണ്ടു യേശു നടന്നതു പോലെയാണു നാം നടക്കുന്നതെന്നു നാം സങ്കല്‍പിക്കുന്നത് ആത്മവഞ്ചനയുടെ പരമ കാഷ്ഠ തന്നെയാണ്.

കൊരിന്ത്യവിശ്വാസികള്‍ ക്രിസ്തുവിനോടുള്ള നിര്‍മ്മലസ്നേഹം വിട്ടു വഴി തെറ്റിപ്പോകുമോ എന്നു പൗലോസ് ഭയപ്പെട്ടിരുന്നു. ഇന്നു നമ്മുടെ മധ്യത്തിലും യേശുവിനോടുള്ള സ്നേഹത്തെക്കാളും അധികമായ സ്നേഹം നമ്മുടെ ഭാര്യമാരോടായിത്തീരുവാനുള്ള ഒരു യഥാര്‍ത്ഥ വിപത്തു നിലവിലിരിക്കുന്നുണ്ട്. ഒന്നാമത്തെ കല്‍പന നമ്മുടെ കൂട്ടുകാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കണം എന്നതല്ല; നേരേമറിച്ചു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കണം എന്നതാണ്. ഇതു നാം ഒന്നാമതായി ചെയ്യുമ്പോഴാണു നമ്മുടെ (ഭാര്യമാരുള്‍പ്പെടെയുള്ള) കൂട്ടുകാരെയെല്ലാം ശരിയായ വിധത്തില്‍ സ്നേഹിക്കുവാന്‍ നമുക്കു കഴിവുണ്ടാകുന്നത്.

ക്രിസ്ത്യാനികള്‍ നീതിമാര്‍ഗ്ഗം പിന്തുടരുന്നതില്‍ ഒരു ക്ലോക്കിന്‍റെ പെന്‍ഡുലം പോലെ ഒരു ഭാഗത്തേക്കു വളരെ മാറിപ്പോവുകയും ആ തെറ്റു മനസ്സിലാക്കുമ്പോള്‍ വീണ്ടും മറുഭാഗത്തേക്കു നീങ്ങീപ്പോകയും ചെയ്യുന്ന മാതിരിയിലുള്ള ഒരു ഭ്രംശം സംഭവിക്കുവാനിടയുണ്ട്. ഇടുക്കമുള്ള വഴിയുടെ ഇരുഭാഗങ്ങളിലും നാം വീണു പോകുവാന്‍ ഇടനല്‍കുന്ന വലിയ ഗര്‍ത്തങ്ങളുണ്ട്. രണ്ടു ഭാഗത്തുമുള്ള ഈ ഗര്‍ത്തങ്ങളില്‍ ഏതിലേക്കാണു നാം വീഴുന്നത് എന്നതിനെപ്പറ്റി സാത്താനു വലിയ വ്യാകുലതയൊന്നുമില്ല. എവിടെയായാലും നമ്മെ വീഴിക്കണം എന്നതാണ് അവന്‍റെ ഉന്നം. എന്നാല്‍ ദൈവത്തിനു സ്തോത്രം, നാം ശരിയായ പാതയില്‍നിന്നു വലത്തോട്ടോ ഇടത്തോട്ടോ മാറുമ്പോള്‍  “അതല്ല, ഇതാണു വഴി; ഇതിലെ നടന്നുകൊള്‍ക” എന്നൊരു ശബ്ദം പിറകില്‍നിന്നു നാം കേള്‍ക്കും (യെശ. 30:21,43). ഇതാണു സഭയിലെ പ്രവചന ശുശ്രൂഷയുടെയും എഴുതപ്പെട്ട ദൈവവചനത്തിന്‍റെയും യഥാര്‍ത്ഥലക്ഷ്യം. ആ ശബ്ദം നമ്മെ ജീവനിലേക്കു നയിക്കുന്ന ഇടുക്കുപാതയുടെ ഒത്ത മധ്യത്തില്‍ത്തന്നെ സൂക്ഷിക്കും. അതിലേക്ക് ഇന്നു ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ടു മുഖാന്തരങ്ങളാണു പ്രവചനശുശ്രൂഷയും എഴുതപ്പെട്ട ദൈവവചനവും.

പുറമെയുള്ള ക്രിസ്തീയപ്രവര്‍ത്തനത്തിനു വളരെ പ്രാമുഖ്യം നല്‍കുകയും സ്വന്തം കുടുംബത്തെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ ക്രിസ്തീയ പ്രവണത കണ്ടതിനുശേഷം അതിന്‍റെ എതിര്‍ദിശയിലുള്ള ഒരു പടുകുഴിയിലേക്കു  സ്വന്ത കുടുംബത്തെയും സഭാംഗങ്ങളെയും കൂടുതല്‍ കരുതുകയും ക്രിസ്തുവിനോടുള്ള സ്നേഹം അവഗണിക്കുകയും ചെയ്യുന്ന മറ്റൊരു പരകോടിയിലേക്കു വീണുപോകാന്‍ സാധ്യതയുണ്ട്. ആന്തരിക വിശുദ്ധിയും ബാഹ്യമായ ത്യാഗജീവിതവും ഈ രണ്ടു കാര്യങ്ങള്‍ അന്യോന്യവിരുദ്ധങ്ങളും അന്യനിരപേക്ഷങ്ങളുമായ കാര്യങ്ങളല്ല. യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഈ രണ്ടിനും ഒരുപോലെ സ്ഥാനമുണ്ടായിരുന്നു.

അപ്പൊസ്തലനായ പൗലോസിനു തര്‍സോസില്‍ ഒരു ക്രിസ്തീയ ബിസിനസ്സുകാരനായി പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ സ്വന്ത ജീവിതത്തില്‍ ജീവനുള്ള പുതുവഴിയില്‍ക്കൂടെ മുന്നേറാമായിരുന്നു. എന്നാല്‍ അതല്ല അദ്ദേഹം ചെയ്തത്. ക്രിസ്തുവിനോടുള്ള തന്‍റെ ഗാഢമായ ഭക്തിമൂലം മറ്റുള്ളതെല്ലാം വിട്ടുകളഞ്ഞശേഷം കര്‍ത്താവിനെ മാത്രം സേവിക്കുവാന്‍ അദ്ദേഹം നിര്‍ബ്ബന്ധനായിത്തീരുകയാണുണ്ടായത്.

ഇരുനൂറുവര്‍ഷം മുമ്പു രണ്ടു മൊറേവിയന്‍ സഹോദരന്മാര്‍ വെസ്റ്റിന്‍ഡീസിലുള്ള ഒരു അടിമക്കോളനിയെപ്പറ്റി കേള്‍ക്കുവാനിടയായി. ആ കോളനിയില്‍ പ്രവേശം ലഭിക്കാന്‍വേണ്ടി അവര്‍ തങ്ങളെത്തന്നെ അടിമകളാക്കി സ്വയം വിറ്റുകളയുകയും അങ്ങനെ അവിടെ ജീവിച്ചു സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. മറ്റു രണ്ടു സഹോദരന്മാര്‍ ആഫ്രിക്കയില്‍ കുഷ്ഠരോഗികളുടെ ഒരു കോളനിയെപ്പറ്റി കേള്‍ക്കുവാനിടയായി. രോഗം വ്യാപിക്കുന്നതിനെതിരെയുള്ള ഒരു മുന്‍കരുതലെന്ന നിലയില്‍ അവിടെ പ്രവേശിച്ച ആരെയും പിന്നീടു പുറത്തുവരുവാന്‍ അനുവദിച്ചിരുന്നില്ല. ഈ ആളുകള്‍ ആ കോളനിയിലുള്ളവര്‍ക്കു ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാനായി അവിടേക്കു പോയി.

ഈ ആളുകള്‍ വിശ്വസിച്ചിരുന്ന ഉപദേശരൂപത്തെപ്പറ്റിയൊന്നും എനിക്കറിഞ്ഞുകൂടാ. എങ്കിലും അവര്‍ ഒരിക്കലും തങ്ങളുടെ സ്വന്ത താല്‍പര്യമന്വേഷിച്ചിരുന്നില്ല. തങ്ങള്‍ക്കുള്ളതെല്ലാം കര്‍ത്താവിനുവേണ്ടി അടിയറ വയ്ക്കുകയാണ് അവര്‍ ചെയ്തത്.

ഇപ്രകാരമുള്ള ആളുകള്‍ കര്‍ത്താവിനുവേണ്ടി ത്യജിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നമ്മുടെ ചെറിയ ചെറിയ ത്യാഗങ്ങളെല്ലാം വിസ്മൃതകോടിയില്‍ തള്ളപ്പെട്ടുപോകുന്നു. നിത്യതയില്‍ ഇപ്രകാരമുള്ള വ്യക്തികളെ നാം കണ്ടെത്തുകയും ക്രിസ്തുവില്‍ കാണപ്പെട്ടതും സ്വാര്‍ത്ഥമന്വേഷിക്കാത്തതുമായ അതേ സ്വഭാവം തന്നെയുള്ളവരുടെ സമൂഹമാണു ക്രിസ്തുവിന്‍റെ കാന്തയെന്നു നാം മനസ്സിലാക്കുകയും ചെയ്യും. ഉപദേശപരമായ പ്രത്യേകചിന്താഗതിയാണു ക്രിസ്തുവിന്‍റെ കാന്തയാകുവാന്‍ ഒരാളെ യോഗ്യനാക്കുന്നതെന്ന ഒരു ചിന്താഗതിയില്‍ കുടുങ്ങിപ്പോയിട്ടുള്ളവരാണു നമ്മില്‍ ചിലരെല്ലാം. എന്നാല്‍ അതല്ല, നേരേമറിച്ചു നമ്മുടെ താല്‍പര്യങ്ങള്‍ നോക്കാതെ ദൈവത്തിന്‍റെ താല്‍പര്യങ്ങള്‍ മാത്രം അന്വേഷിക്കുന്ന മനോഭാവമാണു ഒരുവനെ അതിനു യോഗ്യനാക്കിത്തീര്‍ക്കുന്നത്.

ഇപ്രകാരമുള്ള വ്യക്തികളുടെ ജീവിതങ്ങളോടു താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും എത്ര ആഴം കുറഞ്ഞതാണ്! കൂടുതല്‍ സത്യങ്ങള്‍ നാമറിയുന്നു എന്നുള്ളതുകൊണ്ടുമാത്രം  ഈ ആളുകള്‍ യേശുവിനെ അനുഗമിച്ചതിനെക്കാള്‍ മെച്ചമായി നാം അവിടുത്തെ അനുഗമിക്കുന്നുവെന്നു ചിന്തിക്കുന്നതു എത്ര ഭയാനകമായ നിഗളമായിരിക്കും! ധനനഷ്ടം, സുഖസൗകര്യാദിത്യാഗം, ആരോഗ്യനഷ്ടം എന്നിവയുടെ കാര്യത്തില്‍ ദൈവത്തെ സേവിക്കുന്നതില്‍ നാം കൊടുത്തിട്ടുള്ള വില എന്താണ്? വളരെ തുച്ഛം അഥവാ പൂജ്യം തന്നെ. ഈ വസ്തുത നമ്മെ വിനീതരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ത്യാഗാത്മകമായ ഒരു ജീവിതത്തെ നാം സൗകര്യപൂര്‍വം ഒഴിവാക്കുകയാകാം ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷ് വായിക്കുവാന്‍ അറിയാവുന്ന ഓരോ ക്രിസ്ത്യാനിയും ഹഡ്സന്‍ ടെയ്ലര്‍, സി. റ്റി. സ്റ്റഡ്, ഡേവിഡ് ബ്രെയ്നേര്‍ഡ്, വില്യം കേറി, വില്യം ബൂത്ത്, ജിം എലിയട്ട് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ വായിക്കുകയും അവ നല്‍കുന്ന വെല്ലുവിളി സ്വീകരിക്കുകയും ചെയ്യണം. എബ്രാ. 11, 2കൊരി. 11 എന്നീ അധ്യായങ്ങളില്‍ പരിശുദ്ധാത്മാവ് അനേകം വിശ്വാസവീരന്മാരുടെ ദൃഷ്ടാന്തങ്ങള്‍ നമ്മുടെ പ്രോത്സാഹനത്തിനായി നല്‍കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ മുകളില്‍ പറഞ്ഞ മിഷ്യനറിവീരന്മാരുടെയും ജീവിതമാതൃകകള്‍ നമ്മുടെ സ്വാര്‍ത്ഥകേന്ദ്രീകൃതവും സുഖാസക്തവും ഭൗതികനിഷ്ഠവുമായ ക്രിസ്തീയജീവിതത്തില്‍നിന്നു നമ്മെ പുറത്തുകൊണ്ടുവരുവാനും ക്രിസ്തുവിനോടുള്ള സര്‍വത്യാഗസന്നദ്ധമായ ഒരു സ്നേഹബന്ധത്തിലേക്കു നമ്മെ നയിക്കു വാനും സഹായിക്കുന്നവയാണ്.

യേശുവിന്‍റെ ജീവിതകാലത്തു ദൈവാലയത്തിനുവേണ്ടി അതിനുള്ളില്‍ വച്ച് ആടുകളെയും പ്രാവുകളെയും വില്‍ക്കുകയും പണം മാറ്റുന്ന വ്യാപാരം നടത്തുകയും ചെയ്തിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. യേശു അവരെ അവിടെ നിന്നു നിഷ്കാസനം ചെയ്തു. കാരണം, അവര്‍ക്കു ദൈവഭക്തിയെന്നതു വെറും ഒരാദായ മാര്‍ഗ്ഗമായി മാറിപ്പോയിരുന്നു. ദൈവഭക്തി നമുക്ക് എപ്പോഴെങ്കിലും ഒരാദായമാര്‍ഗ്ഗമായി മാറുന്നപക്ഷം, നീതിയെപ്പിന്തുടരുന്നവരാണു നാമെന്നു നമുക്കു തോന്നിയേക്കാമെങ്കിലും നാം തെറ്റായ പാതയിലാണെന്ന കാര്യം നമുക്ക് ഉറപ്പാക്കുവാന്‍ കഴിയും. യേശുവിനെ സംബന്ധിച്ചിടത്തോളം ദൈവഭക്തി തനിക്കു പ്രിയംകരമായിരുന്ന എല്ലാറ്റിന്‍റെയും ത്യാഗമായിരുന്നു. നമുക്കും നാം പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിന്തുടരുന്നവരാണെങ്കില്‍ അതു അപ്രകാരം തന്നെയായിരിക്കും. മത്താ. 19:29 വായിച്ചു നോക്കി യേശുവിനുവേണ്ടി അവിടെപ്പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു പരിത്യജിക്കേണ്ടി വന്നിട്ടുണ്ടോ എന്നു ചിന്തിക്കുക.

നമുക്കുള്ള സകലവും പരിത്യജിച്ചെങ്കില്‍ മാത്രമേ ഏറ്റവും വിലപ്പെട്ട മുത്തു കൈവശമാക്കുവാന്‍ സാധിക്കുകയുള്ളുവെന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുണ്ട് (മത്താ. 13:46; ലൂക്കോ. 14:33). ക്രിസ്തുവിനെ നേടുവാന്‍വേണ്ടി പൗലോസിനു തനിക്കുള്ളതെല്ലാം പരിത്യജിക്കേണ്ടിവന്നു (ഫിലി. 3:8). ഇന്നു ജീവിക്കുന്നവരായ നമുക്ക് എല്ലാം പരിത്യജിക്കാതെ ക്രിസ്തുവിനെ നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നാം നേടിയതു മറ്റൊരു ക്രിസ്തുവിനെയായിരിക്കണം. ഇതായിരുന്നു കൊരിന്ത്യക്രിസ്ത്യാനികളെപ്പറ്റി പൗലോസിനുണ്ടായിരുന്ന ഭയം. എല്ലാറ്റിന്‍റെയും പരിത്യാഗം ആവശ്യപ്പെടാത്ത മറ്റൊരു യേശുവിനെ പിന്തുടരുന്നവരായി അവര്‍ ചെന്നവസാനിക്കുമോ എന്നായിരുന്നു ആ ഭയം (2കൊരി. 11:4). സത്യത്തില്‍ ഒന്നും പരിത്യജിക്കേണ്ടിവരാതവണ്ണം സര്‍വപരിത്യാഗത്തിനു ദൈവശാസ്ത്രപരമായി മറ്റൊരര്‍ത്ഥം കല്‍പിക്കുവാനും നമുക്കു കഴിയും. ഈ വിഷയത്തില്‍ നാം സത്യത്തെ അഭിമുഖീകരിക്കാതെയി രിക്കുന്നപക്ഷം ഭോഷ്ക്കിന്‍റെ ആത്മാവിനാല്‍ വഞ്ചിതരായിത്തീരുവാന്‍ നമുക്കും ഇടയാകും. നാം വഞ്ചിതരായി ഭവിക്കുവാന്‍ ദൈവം തന്നെ ഇടവരുത്തും.

വിശുദ്ധരായ വ്യക്തികളെ അഭിനന്ദിക്കുന്നതുകൊണ്ടുമാത്രം നാം ആത്മീയരായിത്തീരുകയില്ല. യേശു ലോകത്തിലായിരുന്ന കാലത്തു പലരും അവിടുത്തെ അഭിനന്ദിച്ചിരുന്നു. പക്ഷേ അവര്‍ ആത്മീയരായിത്തീര്‍ന്നില്ല. അവിടുത്തെ വിശ്വസിച്ചവരും പലര്‍ ഉണ്ടായിരുന്നു. എങ്കിലും അവിടുന്നു തന്നെത്തന്നെ അവരുടെ പക്കല്‍ വിശ്വസിച്ചേല്‍പിച്ചില്ല (യോഹ. 2:24,25). കാരണം പൂര്‍ണ്ണമനസ്കരാരെന്നും അല്ലാത്തവര്‍ ആരെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. ഇന്നും അവിടുന്ന് അറിയുന്നു.

അതിനാല്‍ ഗൊല്യാത്ത് നീണ്ടുനിവര്‍ന്നു മുമ്പില്‍ നില്‍ക്കെത്തന്നെ അവിടെയും ഇവിടെയും നാം കൊന്നുവീഴ്ത്തിയിരിക്കുവാനിടയുള്ള ചില ചെറിയ ഫെലിസ്ത്യപടയാളികളെപ്പറ്റി പ്രശംസിക്കുന്നതു നമുക്കു മതിയാക്കാം. നമ്മുടെ കവിണയിലുള്ള കല്ലു സ്വകീയതാല്‍പര്യാന്വേഷണമെന്ന ഈ മല്ലനെ ലക്ഷ്യമാക്കിത്തന്നെ നമുക്കു പ്രയോഗിക്കാം. നമുക്കു യഥാര്‍ത്ഥമായ ജയം ലഭിക്കണമെങ്കില്‍ ഈ മല്ലന്‍റെ തലയാണു നാം വെട്ടിക്കളയേണ്ടത്. നാം വെറുക്കണമെന്നു യേശു നമ്മോടാവശ്യപ്പെട്ട സ്വന്തജീവന്‍ ഈ സ്വാര്‍ത്ഥതാല്‍പര്യം തന്നെയാണ് (യോഹ. 12:25).

നാം വെളിച്ചത്തില്‍ നടക്കുകയും നമ്മുടെ മിക്ക പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും മലിനീകരിക്കുന്ന സ്വാര്‍ത്ഥമതിത്വത്തെ കണ്ടെത്തുവാന്‍ ശ്രമിക്കുകയും ആ മേഖലകളില്‍ നമ്മെത്തന്നെ നിര്‍ദ്ദയം വിധിക്കുകയും ചെയ്യുമെങ്കില്‍ അല്‍പാല്‍പമായി ഈ മല്ലനെ നാം കീഴടക്കുകയും കൊല്ലുകയും ചെയ്യുവാന്‍ ഇടയാകും.

സഭയെ പണിയുന്നതിനെപ്പറ്റി കര്‍ത്താവു പറഞ്ഞതിന്‍റെ തൊട്ടടുത്ത ഭാഗത്തു പത്രോസ് ഈ കാര്യത്തില്‍ ഒരു തടങ്കല്‍പ്പാറയായിത്തീര്‍ന്നതിനെപ്പറ്റി കര്‍ത്താവു സംസാരിക്കുന്നു (മത്താ. 16:1823). സ്വന്ത താല്‍പര്യങ്ങളല്ല, ദൈവത്തിന്‍റെ താല്‍പര്യങ്ങള്‍തന്നെ അന്വേഷിക്കുന്നവരാണു പാതാളഗോപുരങ്ങള്‍ ജയിക്കാത്ത സഭയെ പണിയുന്നത്. ക്രിസ്തു ജഡത്തില്‍ വന്നു എന്ന സത്യത്തിനു ബുദ്ധിപരമായ അംഗീകാരം നല്‍കുകയും ഏതാനും ചില ചെറിയ ഫെലിസ്ത്യഭടന്മാരെ കൊല്ലുകയും ചെയ്തവരല്ല ഇപ്രകാരമുള്ള സഭയെ പണിയുന്നത്.              

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

9. വിശുദ്ധീകരണവും കൂട്ടായ്മയും

കൂട്ടായ്മ എന്നത് ഒരു പുതിയനിയമപദമാണ്. പുതിയനിയമത്തില്‍ പറയുന്ന കൂട്ടായ്മ യേശുവിന്‍റെ ഐഹികജീവിതകാലത്തു താനും പിതാവുമായി ഉണ്ടായിരുന്ന കൂട്ടായ്മയുടെ അടിസ്ഥാനത്തിലും മാതൃകയിലുമുള്ളതാണ്. തന്‍റെ ശിഷ്യന്മാരുടെ കൂട്ടായ്മയും ഇതേ മാതൃകയില്‍ ആയിരിക്കണം എന്നു യേശു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പഴയനിയമത്തിലെ പലര്‍ക്കും വിശുദ്ധിയുടെ ഉന്നതികളിലെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും തമ്മില്‍ തമ്മില്‍ ഈ വിധത്തിലുള്ള കൂട്ടായ്മയിലേക്കു വരാന്‍ സാധിച്ചിരുന്നില്ല. മോശെ, ഏലിയാവ്, ദാനിയേല്‍, സ്നാപകയോഹന്നാന്‍ തുടങ്ങിയ ദൈവഭക്തരായ പഴയനിയമ വിശുദ്ധന്മാര്‍ ഇന്നത്തെ ഭൂരിപക്ഷം വിശ്വാസികളെക്കാള്‍ അധികം ബാഹ്യമായ ജീവിതത്തില്‍ വിശുദ്ധരായിരുന്നു. കാരണം ഇന്നത്തെ വിശ്വാസികളില്‍ നല്ല പങ്കും പുതിയനിയമജീവിതത്തിലേക്കു പ്രവേശിച്ചിട്ടില്ല എന്നതുതന്നെ.  അന്യോന്യമുള്ള കൂട്ടായ്മ ഉളവാക്കുന്ന ഒരു ആന്തരിക വിശുദ്ധീകരണത്തിലേക്കാണു പുതിയ ഉടമ്പടി യേശുവിന്‍റെ ശിഷ്യന്മാരെ നടത്തുന്നത്. എബ്രാ. 11ല്‍ കാണുന്ന വിശ്വാസവീരന്മാരെല്ലാം അവരുടെ കാലഘട്ടത്തില്‍ ഏകാന്തപഥികരായിരുന്നു എന്നു കാണാം. പഴയനിയമകാലത്ത് അങ്ങനെയായിരുന്നു. എന്നാല്‍ പുതിയനിയമത്തിലേക്കു കടക്കുന്ന ഉടന്‍തന്നെ യേശു തന്‍റെ ശിഷ്യന്മാരെ ഈരണ്ടുപേരായി അയയ്ക്കുന്നതു നാം കാണുന്നു. ഇതു പുതിയ ഒരു കാര്യമാണ്. യേശു വന്നതു നമ്മെ ആന്തരികമായ വിശുദ്ധീകരണത്തിലേക്കു നടത്തുവാന്‍ മാത്രമല്ല, കൂട്ടായ്മയിലേക്കും കൂടി കൊണ്ടുവരാനാണ്.

ഒരു വിശ്വാസി ആന്തരികജീവിതത്തില്‍ പാപത്തിന്മേല്‍ ജയം നേടുകയും മറ്റുള്ള വിശ്വാസികളുമായി കൂട്ടായ്മബന്ധത്തിലേക്കു വരികയും ചെയ്യുന്നില്ലെങ്കില്‍ അവന്‍റെ വിശുദ്ധീകരണത്തില്‍ സാരമായ കുറവുണ്ട് എന്നു തീര്‍ച്ചയാണ്. കൂട്ടായ്മയിലേക്കു നടത്താത്ത വിശുദ്ധീകരണം ഒരുڂവഞ്ചനയാണ്. ഇന്നു ലോകം ചുറ്റി വിശുദ്ധീകരണത്തെക്കുറിച്ചു പ്രസംഗിക്കുന്ന പലരും പഴയനിയമവിശുദ്ധന്മാരെപ്പോലെ ഏകാന്തപഥികരാണ്. അങ്ങനെയുള്ള പ്രാസംഗികര്‍ ദൈവഭയമുള്ളവരാണെങ്കില്‍പ്പോലും ഇന്നും പഴയനിയമത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ ജീവിക്കുന്ന സ്ഥലത്ത് ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും കാണാം. എന്നാല്‍ ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരുടെ അനുഭവം മറിച്ചായിരുന്നു.

പെന്തക്കോസ്ത്നാളിനുശേഷം അപ്പൊസ്തലന്മാര്‍ പുതിയനിയമത്തിലേക്കു പ്രവേശിച്ചവരായിരുന്നതിനാല്‍ പത്രോസും യോഹന്നാനും ഒരുമിച്ചു പോകുന്നതായി കാണുന്നു. സുന്ദരം എന്ന ദേവാലയഗോപുരത്തിങ്കല്‍ കണ്ട മുടന്തനോടു പത്രോസ് പറയുന്നത്, തന്നെയും യോഹന്നാനെയും നോക്കുവാനാണ് (അപ്പോ. 3:4). പത്രോസും യോഹന്നാനും കൂട്ടായി പ്രവര്‍ത്തിച്ചു. പെന്തക്കോസ്ത്നാളില്‍ പത്രോസാണു പ്രസംഗിച്ചതെങ്കിലും അദ്ദേഹം മറ്റു പതിനൊന്ന് അപ്പൊസ്തലന്മാരോടു കൂടി നിന്നാണു പ്രസംഗിച്ചതെന്നു കാണുന്നു (അപ്പോ. 2:14). അപ്പൊസ്തലപ്രവൃത്തികള്‍ രണ്ടുമുതല്‍ നാലുവരെയുള്ള അധ്യായങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷയം കൂട്ടായ്മയാണ്.

.

പത്രോസും യോഹന്നാനും വ്യത്യസ്തസ്വഭാവമുള്ള മനുഷ്യരായിരുന്നു. പത്രോസ് വളരെ ഉത്സാഹിയും ധൃതിഗതിക്കാരനുമായിരുന്നു. കര്‍ത്താവിനെ തള്ളിപ്പറയുകയില്ലെന്ന് അഭിമാനത്തോടെ പറയാന്‍ തിടുക്കം കാണിച്ചവനും കര്‍ത്താവാണെന്ന് അറിഞ്ഞപ്പോള്‍ ഗലീലക്കടലിലേക്ക് ആദ്യം ചാടിയവനും (യോഹ. 21) അദ്ദേഹമായിരുന്നു. എന്നാല്‍ യോഹന്നാന്‍ ശാന്തശീലനും ഏകാന്തജീവിതത്തില്‍ ധ്യാനിക്കാനും സ്വര്‍ഗ്ഗീയദര്‍ശനങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നവനുമായിരുന്നു (പത്മോസിലെപ്പോലെ). മാനുഷികമായ രീതിയില്‍ യാതൊരു സാമ്യവും ഇല്ലാത്തവരെയാണു ദൈവം സഭയില്‍ ഒരുമിച്ചുകൊണ്ടുവരുന്നത്. കാരണം സമാനപ്രകൃതരായ രണ്ടുപേരെ ഒന്നാക്കുന്ന പ്രവൃത്തിയിലും എത്ര മഹത്തരമായ പ്രവൃത്തിയാണു വ്യത്യസ്തരായ രണ്ടുപേരെ ഒന്നാക്കുന്നത്.  അപ്പോ. 13:2ല്‍ അന്ത്യൊക്യയിലെ സഭയിലെ മൂപ്പന്മാര്‍ കര്‍ത്താവിന്‍റെ ഹിതം വെളിപ്പെടേണ്ടതിനായി ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നതായി നാം കാണുന്നു. പരിശുദ്ധാത്മാവ് അവരോട്, ശൗലിനെയും ബര്‍ന്നബാസിനെയും കര്‍ത്താവിന്‍റെ വേലയ്ക്കായി വേര്‍തിരിക്ക, എന്നു പറയുമ്പോള്‍ പഴയനിയമരീതിയില്‍ നിന്നും വ്യത്യസ്തമായി രണ്ടുപേരെ ഒരുമിച്ചാണ് ആത്മാവു വിളിക്കയും വേര്‍തിരിക്കയും ചെയ്യുന്നത് എന്നുള്ള കാര്യം ശ്രദ്ധിക്കുക. ഇതു പുതിയനിയമകാലമാകയാല്‍ ഒരാളെ തനിയെ ശുശ്രൂഷ ചെയ്യാന്‍ ദൈവം അനുവദിക്കുന്നില്ല. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ശുശ്രൂഷയാണ് ആവശ്യമായിരിക്കുന്നത്. അതിനു കുറഞ്ഞപക്ഷം രണ്ടുപേര്‍ ആവശ്യമായിരുന്നു. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരെ ഇവിടെയും ദൈവം ഒരുമിച്ചു വിളിക്കുന്നു. പൗലോസ് കര്‍ക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്ത മനോഭാവക്കാരനും ആയിരുന്നു. അപ്പോ. 15:36-39 നോക്കുക. ഒന്നാം യാത്രയില്‍ ഇടയ്ക്കുവച്ച് അവരെ വിട്ടിട്ടുപോയ മര്‍ക്കോസിനെച്ചൊല്ലി ഉണ്ടായ വാദത്തില്‍ പൗലോസ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. എന്നാല്‍ പ്രബോധനപുത്രന്‍ എന്നര്‍ത്ഥമുള്ള പേരുകാരനായ ബര്‍ന്നബാസാകട്ടെ, മര്‍ക്കോസിന് ഒരു അവസരം കൂടി കൊടുക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. രണ്ടുപേരും അവരവരുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നതിനാല്‍ അവര്‍ക്കു കുറേക്കാലത്തേക്ക് ഒരുമിച്ചു കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ രണ്ടുപേരും ശക്തമായ ഇച്ഛാശക്തിയുള്ളവരായിരുന്നതിനാല്‍ യാക്കോ. 3:17ല്‍ കാണുന്ന കീഴ്പ്പെടുവാന്‍ കഴിയുന്ന ഉയരത്തിലെ ജ്ഞാനം പ്രാപിച്ചവരും ആയിരുന്നില്ല. അവര്‍ക്കും നമ്മെപ്പോലെ അവരുടെ ജഡത്തെക്കുറിച്ചു അല്‍പാല്‍പമായി വെളിച്ചം കിട്ടിവരേണ്ടത് ആവശ്യമായിന്നു. അപ്പൊസ്തലന്മാര്‍ ആരും തന്നെ തുടക്കത്തിലേ പൂര്‍ണ്ണപക്വതയിലെത്തിയ വിശുദ്ധന്മാര്‍ ആയിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്തു പൗലോസും ബര്‍ന്നബാസും മര്‍ക്കോസും തമ്മില്‍ ശ്രേഷ്ഠമായ കൂട്ടായ്മ ഉണ്ടായിരുന്നതായി 2തിമോ. 4:11ന്‍റെ അടിസ്ഥാനത്തില്‍ നമുക്കു മനസ്സിലാക്കാം.

പൗലോസിനും ബര്‍ന്നബാസിനും വ്യത്യസ്തസ്വഭാവമാണ് ഉണ്ടായിരുന്നത്. പരിശുദ്ധാത്മാവ് അവരെ ഒന്നിച്ചു വിളിച്ചപ്പോള്‍ ഒരുമിച്ച് ഐക്യത്തില്‍ എങ്ങനെ പോകണം എന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നും പല വിശ്വാസികളുടെയും സ്ഥിതി ഇതുതന്നെ. പക്വതയില്ലാത്തവരുടെ കാര്യത്തില്‍ ഈ നില സഹിക്കാവുന്നതാണ്. പത്തുവര്‍ഷത്തിലധികം വിശ്വാസികളായിരുന്നവരുടെ ഇടയില്‍ ഈ അവസ്ഥ കണ്ടാല്‍ എന്തു പറയേണ്ടു? അത് ഏറ്റവും ശോചനീയം തന്നെ.  നമുക്ക് ഇങ്ങനെ പറയാം. പൗലോസ് സത്യത്തിനുവേണ്ടി നിന്നവനും ബര്‍ന്നബാസ്  കൃപയ്ക്കുവേണ്ടി നിന്നവനുമായിരുന്നു. എന്നാല്‍ അവര്‍ അന്യോന്യമുള്ള ആവശ്യം കണ്ടിരുന്നെങ്കില്‍! കൃപയും സത്യവും നിറഞ്ഞുനില്‍ക്കുന്ന ദൈവത്തിന്‍റെ മഹത്വം അപ്പോള്‍ അവരില്‍ ദര്‍ശിപ്പാന്‍ കഴിയുമായിരുന്നു (യോഹ. 1:14). തനിയെ ഒരാള്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യം അവര്‍ക്ക് ഒന്നിച്ചു ചെയ്യാന്‍ കഴിയുമായിരുന്നു. അതു കൊണ്ടാണു തെറ്റിപ്പോകാത്ത പരിശുദ്ധാത്മാവ് അവരെ ഒന്നിച്ചു വിളിച്ചത്. ഒരു പ്രാദേശികസഭയ്ക്ക് പൗലോസിനെപ്പോലെയുള്ള ഒരു വ്യക്തിയുടെ ശുശ്രൂഷ മാത്രം ലഭിച്ചാല്‍ ഒരു പക്ഷേ മിക്കവരും വേഗത്തില്‍ സഭ വിട്ടുപോകയും പൗലോസ് മാത്രം ശേഷിക്കയും ചെയ്തെന്നു വരാം! മറിച്ചു് ബര്‍ന്നബാസിനെപ്പോലെയുള്ള ഒരു വ്യക്തിയുടെ ശുശ്രൂഷ മാത്രം ലഭിക്കുന്ന ഒരു സഭ നട്ടെല്ല് ഇല്ലാത്ത ഒരു സഭയായി വളര്‍ന്നു വരുകയും ചെയ്യും. എന്നാല്‍ പൗലോസിനും ബര്‍ന്നബാസിനും ഒന്നിച്ചു യഥാര്‍ത്ഥ സഭയെ പണിയാന്‍ കഴിയുമായിരുന്നു. അപ്പോ. 15ല്‍ നാം കാണുന്നത് ഈ കാര്യം കാണാന്‍ പിശാച് അവരെ അനുവദിക്കാതിരിക്കുന്നതാണ്. എന്നാല്‍ പിന്നീട് ഈ വസ്തുത കാണുവാന്‍ അവര്‍ക്ക് ഇടയായി എന്നുള്ളതില്‍ ദൈവത്തിനു സ്തോത്രം.

ബര്‍ന്നബാസ് പൗലോസിനെ വിട്ടുപിരിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവു മറ്റൊരു സഹപ്രവര്‍ത്തകനെ പൗലോസിനു നല്‍കിയതായി അപ്പോ. 16:1ല്‍ കാണുന്നു. അതു തിമോഥെയോസ് ആയിരുന്നു. പൗലോസ് തനിയെ ശുശ്രൂഷിപ്പാന്‍ പരിശുദ്ധാത്മാവ് അനുവദിക്കുന്നില്ല. ഇവിടെയും അദ്ദേഹത്തിനുവേണ്ടി ദൈവം ഒരുക്കിയ കൂട്ടുവേലക്കാരന്‍ സ്വഭാവത്തില്‍ വ്യത്യസ്തനായിരുന്നു, എങ്കിലും സ്വന്തമായത് അന്വേഷിക്കുന്നതില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലും, പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ സ്നേഹിക്കുന്നതിലും അവര്‍ ഒരേ മനോഭാവം ഉള്ളവരായിരുന്നു (ഫിലി. 2:1921). സ്വഭാവഗുണത്തില്‍ അവര്‍ രണ്ടു ധ്രുവങ്ങളിലായിരുന്നെങ്കിലും തന്‍റെ മറ്റെല്ലാ കൂട്ടുവേലക്കാരേക്കാളും അധികം പൗലോസ് തിമോഥെയോസിനെ വിലമതിക്കാന്‍ ഇടയായി. സ്വഭാവത്തിലുള്ള ഭിന്നതയെ അതിജീവിക്കുന്ന മഹത്തരമായ കൂട്ടായ്മ അവര്‍ക്കു തമ്മില്‍ ഉണ്ടായിരുന്നു. ഒടുവില്‍ പരിശുദ്ധാത്മാവ് ആഗ്രഹിച്ചതു പൗലോസില്‍ നിവൃത്തിയാക്കാന്‍ കഴിയുകയും ചെയ്തു.

മറ്റൊരാളുടെ ശുശ്രൂഷ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലുള്ള സ്വന്തശുശ്രൂഷ തടസ്സപ്പെടുത്തുകയാണു ചെയ്യുന്നത്. സഭയിലെ ചെറുപ്പക്കാരായ പലര്‍ക്കും സംഭവിക്കുന്ന അബദ്ധമാണിത്. ഒരു പക്ഷേ ഏതെങ്കിലും ഒരു ദൈവമനുഷ്യന്‍റെ ശുശ്രൂഷയോട് അവര്‍ക്കുള്ള ആദരവുമൂലം തങ്ങള്‍ക്ക് ആ ശുശ്രൂഷയ്ക്കുള്ള വിളി ഇല്ലെന്നുള്ള സത്യം മനസ്സിലാക്കാതെ അദ്ദേഹത്തെ അനുകരിക്കുകയാവും അവര്‍ ചെയ്യുന്നത്. എബ്രാ. 11:29ല്‍ കാണുന്നതു പോലെ ദൈവനിയോഗത്താല്‍ ചെങ്കടല്‍ കടന്ന യിസ്രായേല്‍മക്കള്‍ ബുദ്ധിമുട്ടു കൂടാതെ ചെങ്കടല്‍ കടന്നെങ്കിലും അവരെ അനുകരിക്കാന്‍ ശ്രമിച്ച മിസ്രയേമ്യര്‍ മുങ്ങിപ്പോയതു നമുക്കു ദൃഷ്ടാന്തമായിരിക്കുന്നു. മറ്റുള്ളവരുടെ ശുശ്രൂഷ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരും ജഡികവും പ്രാകൃതവുമായ കടലില്‍ മുങ്ങിപ്പോകുന്നു. രണ്ട് ഉദാഹരണങ്ങള്‍ ചിന്തിക്കാം. യിരെ. 1:10ല്‍ കാണുന്നപോലെ നിര്‍മ്മൂലമാക്കുവാനും, പൊളിക്കുവാനും, നശിപ്പിപ്പാനും, ഇടിച്ചുകളവാനും, അതിനുശേഷം പണിയാനുമുള്ള യിരെമ്യാവിന്‍റെ ശുശ്രൂഷ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ദൈവം നല്‍കുകയുള്ളു. ദൈവികവിളിയില്ലാതെ ആ തരത്തിലുള്ള ഒരു ശുശ്രൂഷ ചെയ്യുന്ന ഒരാള്‍ ദൈവദത്തമായ സ്വന്ത ശുശ്രൂഷ നശിപ്പിക്കും എന്നു മാത്രമല്ല, തന്‍റെ ആത്മാവിനെ നഷ്ടമാക്കുകയും ചെയ്യുന്നു. ഉപദേഷ്ടാക്കന്മാരാകാനുള്ള ആഗ്രഹത്തില്‍ നിന്നും ഒഴിഞ്ഞുകൊള്ളാന്‍ യാക്കോ. 3:1ല്‍ ബുദ്ധി പറയുന്നു. സഭയില്‍ ഉപദേഷ്ടാക്കന്മാരാകുവാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍ ജയകരമായി ആ ശുശ്രൂഷ നിര്‍വ്വഹിക്കാനുള്ള കൃപ പ്രാപിക്കും. അങ്ങനെയുള്ളവരെ അനുകരിക്കുന്നവര്‍ സ്വയം മുങ്ങിപ്പോകുമെന്നു മാത്രമല്ല, മറ്റു പലരെയും സംശയത്തിന്‍റെയും തെറ്റായ പഠിപ്പിക്കലിന്‍റെയും കടലില്‍ മുക്കിക്കളയുകയും ചെയ്യുന്നു.

പുതിയ നിയമം നല്‍കിയിരിക്കുന്നതു വ്യക്തികളെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലേക്ക് ആനയിക്കാനാണ്. പഴയനിയമത്തില്‍ അപ്രകാരമൊരു ‘ശരീരം’ ഇല്ലായിരുന്നു. കാരണം എബ്രാ. 10:20ല്‍ കാണുന്ന ജഡത്തില്‍ കൂടെയുള്ള ജീവനുള്ള പുതിയവഴി അതുവരെ തുറക്കപ്പെട്ടിരുന്നില്ല എന്നതു തന്നെ. അതുകൊണ്ട് പുതിയ നിയമ അര്‍ത്ഥത്തിലുള്ള കൂട്ടായ്മയിലേക്കു രണ്ടു വ്യക്തികള്‍ വരിക എന്നത് അസാധ്യമായിരുന്നു. പഴയനിയമത്തില്‍ കൂട്ടായ്മ അസാധ്യമാക്കിത്തീര്‍ത്തിരുന്നത് അവരുടെ ‘മനുഷ്യസ്വഭാവം’ ആയിരുന്നെങ്കില്‍ പുതിയനിയമജീവിതത്തില്‍ അതു സാധ്യമാക്കിത്തീര്‍ക്കുന്നതു ‘ദൈവികമായ സ്വഭാവ’മാണ്. കാരണം ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരാനുള്ള സാധ്യത ഇപ്പോള്‍ നമുക്കുണ്ട് എന്നതുതന്നെ (2പത്രോ. 1:4). ഇങ്ങനെ കൂട്ടായ്മ സുസാധ്യമായിത്തീരുകയും ‘ശരീരം’ പണിയപ്പെടുകയും ചെയ്യുന്നു. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് അന്യോന്യം കൂട്ടായ്മബന്ധത്തിലേക്കു വരാന്‍ കഴിയാത്തതിന്‍റെ കാരണം അവര്‍ ഇപ്പോഴും ജഡികരും ശിശുക്കളും കേവലം മനുഷ്യരും ആകയാലത്രേ. 1കൊരി. 3:3ല്‍ പൗലോസ് കൊരിന്ത്യക്രിസ്ത്യാനികളെ ഈ കാരണത്താല്‍ ശാസിക്കുന്നത് ‘ഇപ്പോഴും ജഡികരും ശേഷം മനുഷ്യരെപ്പൊലെയുള്ളവരും’ എന്നാണ്. മാനുഷികമായ രീതിയില്‍ മാത്രം ചിന്തിക്കുന്നവര്‍ അവരോടു സാമ്യതയുള്ളവരോടു മാത്രം ചേര്‍ന്നുപോകുവാന്‍ ആഗ്രഹിക്കും. മലയാളികള്‍ മറ്റു മലയാളികളോടും, ആംഗ്ലോഇന്‍ഡ്യാക്കാര്‍ മറ്റുള്ള ആംഗ്ലോഇന്‍ഡ്യാക്കാരോടും തമിഴര്‍ മറ്റു തമിഴരോടും ചേര്‍ന്നു കൂട്ടങ്ങളുണ്ടാക്കുന്നു. അതുപോലെ ബിരുദധാരികള്‍ തമ്മില്‍ ബിരുദധാരികളുടെ സംഘടന ഉണ്ടാക്കും. ഇതൊക്കെ ക്രിസ്തുയേശുവിന്‍റെ സഭയല്ല, ക്ലബ്ബുകള്‍ മാത്രമാണ്. ശരീരമാകുന്ന സഭ ദൈവത്തിന്‍റെ ഹിതത്തില്‍ വിവിധ സമൂഹങ്ങളിലും, ഭാഷകളിലും, രാഷ്ട്രങ്ങളിലും, സ്വഭാവത്തിലും, ബുദ്ധിപരമായ കഴിവിലും, സാമ്പത്തികകഴിവിലും ഉള്ളവരാല്‍ ചേര്‍ത്തുപണിയപ്പെടുന്നതും, തമ്മിലുള്ള കൂട്ടായ്മമൂലം ഓരോ വിഭാഗത്തിന്‍റെയുമായ പരുപരുത്ത വശങ്ങള്‍ മാഞ്ഞുപോകുന്നതുമാണ്. അങ്ങനെ ഒരേസമയത്ത് വിശുദ്ധീകരണവും കൂട്ടായ്മയും വര്‍ദ്ധിച്ചുവരുന്നതായി കാണാം.

എബ്രാ. 12:14ല്‍ എല്ലാവരോടും കൂട്ടായ്മയ്ക്കായി ഉത്സാഹിപ്പാനും ശുദ്ധീകരണം പ്രാപിപ്പാനുമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തില്‍ ഇവ രണ്ടും വേര്‍തിരിക്കാന്‍ അസാധ്യമാണ്. നമ്മുടെ രണ്ടു പാദങ്ങള്‍ മാറിമാറി ചവുട്ടിയെങ്കിലേ പുതിയ ചുവടുകള്‍ വയ്ക്കാന്‍ സാധിക്കുകയുള്ളു. പലപ്പോഴും ശുദ്ധീകരണത്തിനായുള്ള വാഞ്ഛയാല്‍ പിടിക്കപ്പെടുന്ന പലരും കൂട്ടായ്മയുടെ ആവശ്യം കാണാതെ പോകുന്നു. അവര്‍ മുടന്തുള്ള ഒരു കാലുമായി ചാടിച്ചാടി നടക്കുവാന്‍ ആഗ്രഹിക്കുന്നവരെപ്പോലെയാണ്. അവര്‍ ആരോഗ്യമുള്ള ഒരു കാലില്‍ മാത്രം  ശ്രദ്ധിക്കുകയും ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ശുദ്ധീകരണം പ്രാപിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരീരമാകുന്ന സഭയിലെ മറ്റുള്ളവരുമായി കൂട്ടായ്മ ബന്ധം വളര്‍ത്തുവാന്‍ അവര്‍ യാതൊരു താല്‍പര്യവും കാണിക്കുകയില്ല. ശുദ്ധീകരണത്തിനായുള്ള അവരുടെ അന്വേഷണം സ്വാര്‍ത്ഥത നിറഞ്ഞതും അവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാത്തതുമാണ്; കാരണം കൂട്ടായ്മ കൂടാതെയുള്ള ശുദ്ധീകരണം വ്യാജമാണ്. ഇതുപോലെ തന്നെ ശുദ്ധീകരണം കൂടാതെ കൂട്ടായ്മയ്ക്കായുള്ള ഉത്സാഹവും ചിലരില്‍ കണ്ടു എന്നു വരാം. അത്തരത്തിലുള്ള കൂട്ടായ്മയും വ്യാജമാണ്. മുമ്പോട്ട് ശരിയായി നടക്കണമെങ്കില്‍ നമ്മുടെ രണ്ടു കാലുകളും ഒരുപോലെ ശക്തമായിരിക്കണം. അതുകൊണ്ടാണ് എബ്രാ. 12:12,13ല്‍ കാണുന്നതു പോലെ തളര്‍ന്ന കാല്‍ ഏതാണോ  കൂട്ടായ്മയോ ശുദ്ധീകരണമോ  അതു ശരിയാക്കാന്‍ പ്രബോധിപ്പിക്കുന്നത്. നമ്മെത്തന്നെ ദൈവത്തിന്‍റെ വെളിച്ചത്തില്‍ കാണാനും ശരിയായി വിധിക്കാനും കഴിയേണ്ട ഒരു പ്രധാനപ്പെട്ട മേഖലയാണിത്.

യേശുവിന് ഐഹികജീവിതകാലത്തു പിതാവുമായി ഉണ്ടായിരുന്ന ഐക്യമാണു നാം തമ്മിലും ഉണ്ടാകേണ്ടത്. അത് ആത്മാവിലുള്ള ഒരു ഐക്യമാണ്. നമ്മുടെ വീണ്ടെടുപ്പിന്‍റെ പ്രവൃത്തിയില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തങ്ങളായ ശുശ്രൂഷകളാണു ചെയ്യുന്നത്. പിതാവു പുത്രനെ അയച്ചു. പുത്രന്‍ ഒരു ശരീരം സ്വീകരിക്കുകയും നമ്മുടെ പാപങ്ങള്‍ക്കായി മരിക്കുകയും ചെയ്തു. പരിശുദ്ധാത്മാവ് ഇന്നു നമ്മുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതു നമ്മെ ദൈവപുത്രനെപ്പോലെയാക്കുവാനാണ്. ഈ ശുശ്രൂഷകളില്‍ യാതൊരു ചിന്താക്കുഴപ്പവുമില്ലാതെ മൂന്നും പൂര്‍ണ്ണമായും ഒന്നായി പ്രവര്‍ത്തിക്കുന്നു. സഭയിലും ഇവ്വണ്ണം തന്നെ ആയിരിക്കണം.

ദൈവം തന്‍റെ പരമാധികാരത്തില്‍ ശരീരമാകുന്ന സഭയില്‍ ഓരോ അവയവയത്തിനും വെവ്വേറെ ശുശ്രൂഷകള്‍ നല്‍കിയിരിക്കുന്നു (1കൊരി. 12:7,18). ദൈവം ഓരോ ജീവിതത്തിനു ചുറ്റും ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു. ചിലരുടെ കാര്യത്തില്‍ ഈ പരിധി വളരെ വലുതും ചിലരുടെ കാര്യത്തില്‍ ഇതു ചെറുതും ആയിരിക്കും (മത്താ. 25:15). നിങ്ങളുടെ പരിധിക്കുള്ളില്‍ നിങ്ങള്‍ക്കു ദൈവത്തെ കണ്ടെത്തുവാന്‍ കഴിയും (അപ്പോ. 17:26,27). നിങ്ങളുടെ അതിരിനുവെളിയില്‍ പരകാര്യത്തില്‍ ഇടപെടുന്നവനായി നിങ്ങള്‍ക്കു സ്വയം നശിപ്പിക്കുവാന്‍ കഴിയും 1പത്രോ. 4:15,17,1ല്‍ പത്രോസ് പറയുന്നതു പരകാര്യത്തില്‍ ഇടപെടുന്നവരായി കഷ്ടം സഹിക്കുകയല്ല, മറിച്ചു തന്നെത്താന്‍ വിധിക്കയും ജഡത്തില്‍ കഷ്ടം സഹിക്കുകയുമാണു വേണ്ടത് എന്നാണ്. മറ്റൊരാള്‍ തന്‍റെ കുഞ്ഞുങ്ങളെ എങ്ങനെയാണു വളര്‍ത്തുന്നത്, പണം എങ്ങനെ ചെലവാക്കുന്നു ഇത്യാദികാര്യങ്ങള്‍ നമ്മുടെ പരിധിക്കു വെളിയിലുള്ള കാര്യങ്ങളാണ്. ആ വക കാര്യങ്ങളില്‍ ദൈവം നമുക്കു യാതൊരു അധികാരവും നല്‍കിയിട്ടില്ലാത്തതിനാല്‍ നാം നമ്മെത്തന്നെ സൂക്ഷിക്കുന്ന കാര്യത്തില്‍ ജാഗ്രത കാണിക്കുകയാണു വേണ്ടത് (1തിമോ. 4:16).

നാം ലൗകികരായി ജീവിച്ചിരുന്ന കാലത്തു മറ്റനേകരെയും മറ്റു പല കാര്യങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്ന ഒരു വലിയ പരിധിയായിരുന്നു നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വ്യക്തികളെന്ന നിലയില്‍ ദൈവം നമുക്കു ചുറ്റും വരച്ചിരിക്കുന്ന വൃത്തത്തിനുള്ളില്‍ ജീവിക്കാന്‍ നാം പഠിക്കേണ്ടതാണ്. മിക്കവാറും ആ വൃത്തത്തിനുള്ളില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു  നിങ്ങള്‍ മാത്രം! നിങ്ങള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങളുടെ കുടുംബവും ആ വൃത്തത്തിനുള്ളില്‍ വരും. നിങ്ങള്‍ സഭയിലെ ഒരു മൂപ്പനാണെങ്കില്‍ നിങ്ങളുടെ സഭയിലെ അംഗങ്ങള്‍ കൂടി ആ വൃത്തത്തില്‍ ഉണ്ടാകും. എന്നാല്‍ ഭൂരിപക്ഷം പേരുടെയും കാര്യത്തില്‍ ഓരോരുത്തരും തന്നെത്തന്നെ വിധിക്കുക മാത്രം ചെയ്യേണ്ടവരാണ്. ആ പരിധി ലംഘിക്കുമ്പോള്‍ മറ്റുള്ളവരുമായുള്ള കൂട്ടായ്മ നശിക്കുന്നു. അതേ സമയം നമ്മുടെ ആന്തരിക വിശുദ്ധീകരണം തടസ്സപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പ്പെട്ടിരിക്കാന്‍ നമ്മോടു കല്‍പിച്ചിരിക്കുന്നു (എഫേ. 5:21). ഇതിന്‍റെ അര്‍ത്ഥം ക്രിസ്തുവിന്‍റെ ഭയം മറ്റൊരാളിന്‍റെ വൃത്തത്തിനുള്ളില്‍ പ്രവേശിക്കാന്‍ നമ്മെ വിലക്കണം എന്നത്രേ. നമ്മെ ബാധിക്കാത്ത വിഷയങ്ങളില്‍ തലയിടാതെ അന്യോന്യമുള്ള കൂട്ടായ്മയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുക.

സാധാരണ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മാരകമായ ഒരു പാപമാണു ജിജ്ഞാസ. മുതിര്‍ന്നവരുടെ സംസാരം ഒളിഞ്ഞു കേള്‍ക്കുവാന്‍ കുട്ടികള്‍ക്കു ജിജ്ഞാസയുണ്ടാവുന്നു. ഞാന്‍ പുരുഷനായശേഷം ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു എന്നാണു പൗലോസ് പറയുന്നത് (1കൊരി. 13:11). എന്നാല്‍ വളര്‍ച്ചയെത്തിയ ശേഷവും അനേകം വിശ്വാസികളും തിന്മയായ ഈ സ്വഭാവം ത്യജിച്ചു കളയുന്നില്ല. ഈ ജിജ്ഞാസ കിംവദന്തി പരത്തുന്ന ദുഷിച്ച സ്വഭാവത്തിലേക്കു ജീവിതങ്ങളെ നടത്തുന്നു. വൃദ്ധരായ സ്ത്രീകളുടെ സ്വഭാവമായി തിരുവചനം ചിത്രീകരിച്ചിരിക്കുന്ന ഈ സ്വഭാവം മൂലം പലര്‍ക്കും സ്വയം നിയന്ത്രിക്കാനോ ഒരു ദൈവഭക്തിയുള്ള ജീവിതം നയിക്കാനോ കഴിയാതെ പോകുന്നു. അശ്ലീലസാഹിത്യം തന്നെ മറ്റുള്ളവരുടെ നഗ്നശരീരങ്ങള്‍ കാണാനുള്ള ജിജ്ഞാസയില്‍ നിന്നാണ് ഉടലെടുക്കുന്നത്.

ജിജ്ഞാസയുളവാക്കുവാന്‍ പര്യാപ്തമായ എല്ലാ മോഹങ്ങളും ഉണ്ടായിരുന്ന നമ്മെപ്പോലെയുള്ള ഒരു ജഡമായിരുന്നു യേശുവിനും ഉണ്ടായിരുന്നത്. നമ്മെപ്പോലെ അവിടുന്നു പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തന്‍റെ പിതാവു തന്‍റെ ജീവിതത്തിനു ചുറ്റും വരച്ചിരുന്ന വൃത്തത്തിന്‍റെ പരിധിവിട്ടു പുറത്തുപോകാന്‍ ഒരിക്കല്‍ പോലും താന്‍ തയ്യാറായില്ല. അതുകൊണ്ട് ഈ മേഖലയില്‍ ഒരിക്കല്‍ പോലും പാപം ചെയ്യാന്‍ യേശുവിന് ഇടയായില്ല. ജിജ്ഞാസയുടെ ഈ മേഖലയില്‍ നാം എത്ര ബലഹീനരാണ് എന്നു മനസ്സിലാക്കുമ്പോഴാണ് യേശുവിന്‍റെ വിജയത്തിന്‍റെ മഹത്വം നാം ദര്‍ശിക്കുന്നത്. ആര്‍ ആരെ വിവാഹം കഴിക്കാന്‍ പോകുന്നു, ആര്‍ക്കാണ് ഇനി അടുത്തതായി ഒരു കുഞ്ഞു ജനിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ അറിയാനുള്ള ആകാംക്ഷ ദൈവഭക്തരല്ലാത്ത മനുഷ്യരുടെ വിനോദമാണ്. കര്‍ത്താവിനെ മുഴുഹൃദയത്തോടെ സ്നേഹിക്കുന്ന ഒരു സഹോദരനോ സഹോദരിയോ ഒരിക്കലും അങ്ങനെ പെരുമാറുകയില്ല.

ചില മൂപ്പന്മാരും ഭര്‍ത്താക്കന്മാരും അവര്‍ക്കു കീഴ്പ്പെട്ടിരിക്കേണ്ടവരുടെ മേല്‍ കര്‍ത്തൃത്വം നടത്തുന്ന രീതിയില്‍ മേല്‍പറഞ്ഞ പരിധി ലംഘിക്കുന്നതു കാണാം. നമ്മുടെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലോ നമ്മുടെ ഭാര്യമാരുടെയോ സഭയിലെ സഹോദരങ്ങളുടെയോ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയിലോ നാം ഒരിക്കലും പെരുമാറരുത്. ഇയ്യോ. 33:7ല്‍ ഏലീഹൂ പറയുന്ന വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. “എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല. എന്‍റെ ഘനം നിനക്കു ഭാരമായിരിക്കുകയില്ല”. നമ്മുടെ കീഴില്‍ ദൈവം ആക്കിയിരിക്കുന്നവര്‍ (കുട്ടികള്‍, ഭാര്യ, വേലക്കാര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍) ഒരിക്കലും ഭീഷണിയോ സമ്മര്‍ദ്ദമോ നമ്മില്‍ നിന്നു നേരിടേണ്ടി വരരുത്. നമുക്ക് അധികാരമുള്ളവരോടുള്ള ബന്ധത്തില്‍ നമ്മുടെ അതിരുകള്‍ ലംഘിക്കപ്പെടുവാനുള്ള പരീക്ഷ വളരെയാണ്. അവിടെ കൂട്ടായ്മയാവും നഷ്ടമാകുന്നത്.

ഒരു ഭര്‍ത്താവിനു തന്‍റെ ഭാര്യയുടെ മേല്‍ ആധിപത്യം നടത്തുകയും വ്യക്തിത്വത്തെ തകര്‍ക്കുകയും ചെയ്യാം. ദൈവം ഭാര്യാഭര്‍ത്താക്കന്മാരെ വ്യത്യസ്തരായി സൃഷ്ടിച്ചിരിക്കുന്നത് അവര്‍ അന്യോന്യം സഹായമായിരിക്കേണ്ടതിനാണ്. ഒരു കാര്യം ഒരു പ്രത്യേക വീക്ഷണകോണിലൂടെ ഭര്‍ത്താവു കാണുകയും ഭാര്യ അതേ കാര്യം മറ്റൊരു നിലയില്‍ കാണുകയും ചെയ്തെന്നു വരാം. ഒരു കെട്ടിടത്തിന്‍റെ ചിത്രം വടക്കു നിന്നു ഭര്‍ത്താവു എടുക്കുകയും ഭാര്യ അതേ കെട്ടിടത്തിന്‍റെ ചിത്രം തെക്കു നിന്ന് എടുക്കുകയും ചെയ്യുന്നപോലെയാണിത്. രണ്ടു ചിത്രങ്ങളും ഒരുമിച്ചു കാണുമ്പോള്‍ വളരെ വ്യത്യസ്തങ്ങളായി തോന്നാം. എന്നാല്‍ അങ്ങനെ മാത്രമേ ആ കെട്ടിടത്തിന്‍റെ ഒരു പൂര്‍ണ്ണരൂപം ലഭിക്കകയുള്ളു. നിങ്ങളുടെ വീക്ഷണകോണിലൂടെ മാത്രം ചിത്രമെടുക്കുവാന്‍ ഭാര്യയെ നിര്‍ബന്ധിക്കുമ്പോള്‍ അവളുടെ വ്യക്തിത്വത്തെ നിങ്ങള്‍ നശിപ്പിക്കുകയാവും ചെയ്യുന്നത്. ആത്യന്തികമായ നഷ്ടം നിങ്ങള്‍ക്കുതന്നെ ആയിരിക്കും. അവളെ അവള്‍ തന്നെ ആയിരിക്കാന്‍ അനുവദിച്ചാല്‍ ആ കാര്യത്തില്‍ മറ്റൊരു വീക്ഷണം കൂടി നിങ്ങള്‍ക്കു ലഭ്യമാകുകയും നിങ്ങള്‍ക്ക് ആ വിഷയത്തെക്കുറിച്ചുള്ള പരിജ്ഞാനം വര്‍ദ്ധിക്കുന്നതിലൂടെ കൂടുതല്‍ ജ്ഞാനി ആയിത്തീരാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ഇവിടെയാണു മിക്ക ഭര്‍ത്താക്കന്മാരും അവരുടെ ഭോഷത്തം കണ്ടു ശുദ്ധീകരണം പ്രാപിക്കേണ്ടത്.

വിശുദ്ധീകരണവും കൂട്ടായ്മയും അഭേദ്യമായ വിധത്തില്‍ ഒന്നായിരിക്കുന്നു. ഇടത്തെ കാലാകുന്ന വിശുദ്ധീകരണം കൊണ്ട് ഒരു ചുവടു വച്ചശേഷം വലത്തെ കാലാകുന്ന കൂട്ടായ്മ കൊണ്ടാണ് അടുത്ത ചുവടു വയ്ക്കേണ്ടത്. ഭാര്യാഭര്‍ത്തൃ ബന്ധത്തിലോ, സഹോദരനും സഹോദരനും തമ്മിലോ, സഹോദരിയും സഹോദരിയും തമ്മിലോ എല്ലാ കാര്യത്തിലും ഈ വിധത്തിലാണു നാം മുന്നോട്ടു ചുവടുകള്‍ വയ്ക്കേണ്ടത്.

ദൈവത്തിന്‍റെ വെളിച്ചത്തില്‍ നടക്കുന്നവര്‍ രണ്ടു കാലുകളും ഉപയോഗിക്കും (1യോഹ. 1:7). അവര്‍ക്കു തങ്ങളുടെ ജഡത്തില്‍ വസിക്കുന്ന തിന്മയെക്കുറിച്ചു കൂടുതല്‍ വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുകയും അതേ വെളിച്ചത്തിലും വഴിയിലും നടക്കുന്നവരുമായി കൂടുതല്‍ തേജസ്സുള്ള കൂട്ടായ്മ ഉണ്ടായിവരുകയും ചെയ്യും. അങ്ങനെ ലോകമെങ്ങും യേശുവിന്‍റെ മഹത്വം സഭ മുഖാന്തരം വ്യാപിപ്പാന്‍ ഇടയായിത്തീരുകയും ചെയ്യും.              

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

10. എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിനെ ജയിക്കുക

ലോകരംഗത്ത് എതിര്‍ക്രിസ്തു വെളിപ്പെടുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലാണ് ഇന്നു നാം ജീവിക്കുന്നത്.  എന്നാല്‍ ഭൂമിയില്‍ സാത്താന്‍റെ പ്രധാന പ്രതിനിധിയായ അവന്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് അവനു വഴിയൊരുക്കുവാനായി ലോക സാഹചര്യങ്ങള്‍ ക്രമാഗതമായി സുസജ്ജമാക്കപ്പെടുന്ന ഒരു പ്രവര്‍ത്തനമുണ്ട്. ഒരു പര്‍വതത്തിന്‍റെ അത്യുന്നതശൃംഗത്തിലേക്ക് എത്തിക്കുന്ന അവസാനത്തെ കയറ്റം പോലെയാണ് ഈ പ്രവര്‍ത്തനം നടക്കുന്ന ഇന്നത്തെ കാലഘട്ടം. “ഇത് അന്ത്യനാഴികയാകുന്നു; എതിര്‍ക്രിസ്തു വരുന്നുവെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ തന്നെ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കുന്നു” എന്നിങ്ങനെ 1യോഹ. 2:18ല്‍ പറയുന്നതുപോലെ ഈ പ്രവര്‍ത്തനം ഒന്നാം നൂറ്റാണ്ടുമുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഏകദേശം ഏ. ഡി. 100നടുത്ത് ഈ വാക്കുകള്‍ എഴുതിയ സമയം പരിശുദ്ധാത്മാവ് അവിടെപ്പറയുന്നതുപോലെ അന്ത്യമണിക്കൂര്‍ അതായത് അര്‍ദ്ധരാത്രിക്കുമുമ്പുള്ള 11 മണി സമയമായിരുന്നു.

എന്നാല്‍ ഇപ്പോഴാകട്ടെ, നാം ഈ യുഗത്തിന്‍റെ അവസാനത്തെ സെക്കന്‍ഡുകളില്‍ത്തന്നെ എത്തിയിരിക്കുകയാണ്. പര്‍വതത്തിന്‍റെ ഉച്ചിയില്‍ത്തന്നെ നാം ചെന്നെത്താന്‍ പോകുന്ന സമയം വളരെ സമീപിച്ചിരിക്കുന്നു. നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ വിവേചിച്ചറിവാന്‍ കഴിവുള്ളവരായി ഇന്നു നാം ജീവിക്കേണ്ടത് അത്യാവശ്യമത്രേ (മത്താ. 16:3).

എതിര്‍ക്രിസ്തുവിന്‍റെ രാജ്യം രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായിരിക്കും. അതിന്‍റെ മതപരമായ വശത്തെപ്പറ്റി മാത്രമാണ് ഇവിടെ ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്. സാത്താന്‍ നിരീശ്വരഭരണകൂടങ്ങളിലൂടെയെന്നതിലധികമായി വ്യാജ മതങ്ങളിലൂടെ തന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. മാത്രമല്ല, വ്യാജമതങ്ങളിലൂടെ സാധിച്ചതില്‍ വളരെയധികം വ്യാജമായ ക്രിസ്തുമാര്‍ഗ്ഗത്തിലൂടെയും അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് ആദിമശതകങ്ങളിലെ ക്രൈസ്തവസഭകളില്‍ എതിര്‍ ക്രിസ്തുക്കള്‍ സ്ഥാനം പിടിച്ചിരുന്നതായി അപ്പൊസ്തലനായ യോഹന്നാന്‍ പറയുന്നത്. എങ്കിലും അപ്പൊസ്തലന്മാരുടെ ശക്തിയേറിയ പ്രസംഗത്താല്‍ ഈ എതിര്‍ക്രിസ്തുക്കള്‍ പുറത്താക്കപ്പെടുകയുണ്ടായി. “അവര്‍ നമ്മുടെ ഇടയില്‍ നിന്നു പുറപ്പെട്ടു (പുറത്തേക്കു വന്നു)” എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ (1യോഹ. 2:19).

ഈ എതിര്‍ക്രിസ്തുവിന്‍റെ ആത്മാവ് ഇന്നു ക്രൈസ്തവലോകത്തില്‍ വളരെയധികമായി കാണപ്പെടുന്നുണ്ട്. അതിനെ അതിന്‍റെ ഉള്ള അവസ്ഥയില്‍ നാം മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് ആവശ്യമത്രേ. അപ്പോള്‍ മാത്രമേ അതിനെ ആദ്യം നമ്മുടെ ജഡത്തില്‍നിന്നും അനന്തരം സഭകളില്‍നിന്നും പുറത്താക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു.

എതിര്‍ക്രിസ്തുവിന്‍റെ സ്വഭാവഘടകങ്ങള്‍ 2തെസ്സ. 2:3-12ല്‍ നമുക്കുവേണ്ടി സംക്ഷിപ്തമായി വിവരിക്കപ്പെട്ടിരിക്കുന്നു:

(1) അവനെ അധര്‍മ്മമൂര്‍ത്തി എന്നു വിളിച്ചിരിക്കുന്നു (വാ. 3).

(2) അവന്‍ ദൈവമെന്നു നടിച്ചു തന്നെത്താന്‍ ഉയര്‍ത്തുന്നവനാണ് (വാ. 4).

(3) അവന്‍ വ്യാജം പറയുന്നവനും വഞ്ചകനുമാണ് (വാ. 9,10).

യോഹന്നാന്‍റെ കാലത്തെന്നപോലെ ഇന്നും നമ്മുടെ ക്രിസ്തീയസഭകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എതിര്‍ക്രിസ്തുക്കളില്‍ എന്തു കണ്ടെത്തുവാന്‍ നമുക്കു കഴിയുമെന്ന് ഈ ഭാഗങ്ങള്‍ സൂചിപ്പിക്കുന്നു.

പാപം

എതിര്‍ക്രിസ്തുവിനെ അധര്‍മ്മമൂര്‍ത്തി (man of sin) എന്നാണു വിളിച്ചിട്ടുള്ളത്. ക്രൈസ്തവലോകത്തില്‍ പാപത്തിന്‍റെ നേര്‍ക്കു പ്രദര്‍ശിക്കപ്പെടുന്ന ലാഘവബുദ്ധിയില്‍ അവന്‍റെ ആത്മാവു വെളിപ്പെടുന്നു. ക്രിസ്തുവിന്‍റെ ആഗമനത്തിനു മുമ്പുള്ള ഈ അന്ത്യതലമുറയില്‍ പാപത്തിനെതിരായി പ്രസംഗിക്കുക എന്നതു ജനങ്ങള്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു കാര്യമായിത്തീര്‍ന്നിട്ടുണ്ട്. സാമൂഹ്യസമത്വം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാക്ഷരതായജ്ഞം, പ്രളയദുരിതനിവാരണം തുടങ്ങിയവയെക്കുറിച്ചെല്ലാം ധാരാളം പ്രസംഗങ്ങള്‍ ഉണ്ടായിരിക്കും. ഇതെല്ലാം നല്ല കാര്യങ്ങളുമാണ്. എന്നാല്‍ പണക്കൊതി, ഭൗതികലാഭേച്ഛ, ലൈംഗികദുര്‍മ്മോഹം, ക്ഷമിക്കാത്ത മനോഭാവം, ക്രോധം, മാനമന്വേഷിക്കല്‍, പരദൂഷണം, വ്യര്‍ത്ഥസംസാരം തുടങ്ങിയ പാപങ്ങള്‍ക്കെതിരേ പ്രസംഗിക്കുന്ന ഏര്‍പ്പാട് ഇക്കാലത്ത് ഒട്ടും തന്നെ ഉണ്ടായിരിക്കുകയില്ല. (മത്താ. 5-7 അധ്യായങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ ഇവയാണല്ലോ). ആളുകള്‍ ഒരിക്കല്‍ യേശുവിനെ സ്വീകരിച്ചിട്ടുള്ളതുമൂലം ഇന്ന് അവര്‍ പാപത്തില്‍ ജീവിച്ചുകൊണ്ടിരുന്നാലും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു നല്‍കുന്ന വ്യാജകൃപയിലൂടെയാണ് അധര്‍മ്മത്തിന്‍റെ മര്‍മ്മം ഇന്നു വ്യാപരിച്ചുകൊണ്ടിരിക്കുന്നത് (2തെസ്സ. 2:7). ഇത്തരം പ്രസംഗം കര്‍ണ്ണരസമുളവാക്കുന്നതാകയാല്‍ ധാരാളം വിശ്വാസികള്‍ സന്തോഷപൂര്‍വം അതു കേള്‍ക്കുന്നു (2തിമോ. 4:3,4).

എതിര്‍ക്രിസ്തുവിന്‍റെ വാഴ്ചയെ വിവരിക്കുന്ന വെളി. 13ല്‍ അവന്‍റെ അനുയായികള്‍ക്കു രഹസ്യമായോ പരസ്യമായോ അവനെ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. അവര്‍ അവനെ പരസ്യമായി പിന്തുരുടരുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങളുടെ നെറ്റിയില്‍ അവര്‍ക്ക് അവന്‍റെ മുദ്ര വഹിക്കാം. അല്ല, ചില ക്രിസ്തീയസഭകളില്‍ അംഗത്വം വഹിച്ചു തങ്ങളുടെ സല്‍പ്പേരു നിലനിര്‍ത്തിക്കൊണ്ടുതന്നെ മൃഗത്തിന്‍റെ മുദ്രയുടെ പ്രയോജനം പ്രാപിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് ഉള്ളംകൈയില്‍ ആ മുദ്ര സ്വീകരിക്കാം (വെളി. 13:16,17). എന്നാല്‍ അതിന്‍റെ അടുത്ത വാക്യത്തില്‍ വിവരിക്കുന്ന ക്രിസ്തുശിഷ്യന്മാര്‍ക്കാകട്ടെ, ഇപ്രകാരമൊരു സ്വാതന്ത്ര്യം നല്‍കപ്പെടുന്നില്ല (വെളി. 14:1).

എതിര്‍ക്രിസ്തുവിന്‍റെ വാഴ്ചക്കാലത്തു മൃഗത്തിന്‍റെ മുദ്രകൂടാതെ അത്യാവശ്യഭക്ഷണസാധനങ്ങള്‍ പോലും വാങ്ങുവാന്‍ സാധ്യമല്ലാതായിത്തീരും. ആ ആത്യന്തികഘട്ടത്തില്‍ നാമിനിയും എത്തിച്ചേര്‍ന്നിട്ടില്ല. എങ്കിലും അതിനോടു നാം വളരെ അടുത്തിട്ടുണ്ട്. ഇന്ന് ഒരു കൈക്കൂലി (മൃഗത്തിന്‍റെ മുദ്ര) കൊണ്ടു നമ്മുടെ കൈ അശുദ്ധമാക്കാതെ പല ജോലികളും പല വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള അഡ്മിഷനും ലഭിക്കുവാന്‍ സാധ്യമല്ലാതെ തീര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവുമുള്ള ആയുധപൂജ ഉത്സവത്തിനു സംഭാവന നല്‍കാത്ത ആളുകള്‍ക്കു ഫാക്ടറികളിലെ വിഷമം പിടിച്ച ജോലികള്‍ നിയോഗിക്കപ്പെടുക എന്ന ശിക്ഷ സഹിക്കേണ്ടിവരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസികളെന്നറിയപ്പെടുന്ന പലരും ഒത്തുതീര്‍പ്പിനു സന്നദ്ധരാവുകയും എന്നിട്ടും ഞായറാഴ്ചയുള്ള സഭയുടെ ആരാധനകളില്‍ ‘ആത്മീയരായ’ വിശ്വാസികളെന്ന ഭാവേന സന്നിഹിതരാകയും ചെയ്യുന്നു. ഇതെങ്ങനെ സാധ്യമാകും? ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ അവര്‍ ചെയ്യുന്ന അനീതിയും പാപവും സഭയിലെ മറ്റാരും അറിയുന്നില്ല എന്നതുതന്നെയാണ് ഇതിനു കാരണം. അവരുടെ വലംകൈമേലുള്ള മൃഗത്തിന്‍റെ മുദ്ര ആര്‍ക്കും കാണുവാന്‍ സാധിക്കുന്നില്ല. ജീവിക്കുവാന്‍ വേണ്ടി ഒരുവന് ഇത്തരം ചെറിയ കാര്യങ്ങളില്‍ വഴങ്ങിക്കൊടുക്കുകയല്ലാതെ വേറേ നിവൃത്തിയില്ലെന്നു പറഞ്ഞ് അവര്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചെന്നു വരാം. സാത്താന്‍റെ മുമ്പില്‍ മുട്ടുമടക്കുന്നത് ഒരുവന്‍റെ സാക്ഷ്യം നഷ്ടപ്പെടുത്താതെ രഹസ്യമായിട്ടാണു ചെയ്യപ്പെടുന്നതെങ്കില്‍ ന്യായീകരിക്കത്തക്കതാണെന്നു ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇന്നു പുതിയനിയമസഭകളിലെ മൂപ്പന്മാരുടെ ഇടയില്‍പ്പോലും മൃഗത്തിന്‍റെ മുദ്ര കൈവെള്ളയില്‍ രഹസ്യമായി ധരിക്കുന്ന ആളുകളെ കണ്ടെത്തുവാന്‍ കഴിയും. തല്‍ഫലമായി എതിര്‍ക്രിസ്തുവിന്‍റെ ആത്മാവ് ഈ സഭകളില്‍ വാഴുവാന്‍ ഇടയാകുന്നു. പുതിയനിയമസഭകളില്‍ വളരെയധികം ഭിന്നതയും കലഹവും ആത്മീയ മരണവും കാണപ്പെടുന്നതിന്‍റെ കാരണം ഇവിടെയാണ് ഒളിഞ്ഞിരിക്കുന്നത്.

എല്ലാ രൂപത്തിലുമുള്ള പാപത്തോടും ഒരു സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയും യേശു പാപത്തെ വെറുത്തതുപോലെ പാപത്തെ വെറുക്കുകയും (എബ്രാ. 1:9) ചെയ്യുന്നവര്‍ക്കു മാത്രമേ പാപത്തെ വെളിച്ചത്തുകൊണ്ടുവരുവാനും അതിനെ സഭയില്‍നിന്നു പുറത്താക്കുവാനും കഴിവുണ്ടാവുകയുള്ളു.

തന്നെത്താന്‍ ഉയര്‍ത്തുന്ന സ്വഭാവം

തന്നോടൊപ്പമുണ്ടായിരുന്ന മറ്റുദൂതന്മാരുടെ ബഹുമതി ലഭിക്കുമാറു ലൂസിഫര്‍ തന്നെത്താന്‍ ഉയര്‍ത്തിയതുമൂലമാണ് അവന്‍ സാത്താനായിത്തീര്‍ന്നത്. ഇപ്രകാരം ബഹുമതിക്കുവേണ്ടിയുള്ള ആഗ്രഹം മനുഷ്യവര്‍ഗ്ഗത്തിലെല്ലായിടത്തും നമുക്കു കാണുവാന്‍ കഴിയും. രാഷ്ട്രീയമണ്ഡലത്തിലും വ്യാപാരരംഗത്തുമെന്നപോലെ ആത്മീയമണ്ഡലത്തിലും അതു കാണപ്പെടുന്നുണ്ട്. വ്യാജമതങ്ങളില്‍ മറ്റുള്ളവരാല്‍ ആക്ഷരികമായിത്തന്നെ ആരാധിക്കപ്പെടുന്ന ദൈവമനുഷ്യരുണ്ട്.

ക്രിസ്തീയലോകത്തിലും റവറണ്ട് ഫാദര്‍, റവറണ്ട് ഡോക്ടര്‍, പാസ്റ്റര്‍ മുതലായ സ്ഥാനനാമങ്ങള്‍ സ്വീകരിച്ച് യേശുവിന്‍റെ നിന്ദനത്തിനു പാത്രരായ യഹൂദ റബ്ബിമാരെപ്പോലെ മറ്റുള്ളവര്‍ക്കുപരി തങ്ങളെത്തന്നെ ഉയര്‍ത്തുന്ന ആളുകളെ നാം കാണുന്നുണ്ട്. ഇത്തരം സ്ഥാനമാനങ്ങളുടെയെല്ലാം അടിയില്‍ മറ്റുള്ളവരുടെ ആരാധന നേടുവാനുള്ള പൈശാചികമായ ആഗ്രഹമാണ് ഒളിഞ്ഞുകിടക്കുന്നത്. തന്നെത്തന്നെ ദൈവമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്വയം ഉയര്‍ത്തുന്ന എതിര്‍ക്രിസ്തുവിന് ഇതേ ആത്മാവുതന്നെയാണുള്ളത് (2തെസ്സ. 2:4).

ഒരാള്‍ തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചു ധാരാളം സ്ഥിതിവിവരക്കണക്കുകളും ഫോട്ടോഗ്രാഫുകളും നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങി കൗശലം നിറഞ്ഞ പല മാര്‍ഗ്ഗങ്ങളില്‍ക്കൂടെ മറ്റുള്ളവരുടെ ആരാധന നേടുവാനുള്ള ആഗ്രഹം പ്രകടമാക്കാറുണ്ട്. ചിലപ്പോള്‍ പ്രാര്‍ത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരേ വ്യക്തിയുടെതന്നെ വിവിധ ഭംഗികളിലുള്ള പല ഫോട്ടോകളും ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ കഴിയും.

തന്‍റെ സഹവിശ്വാസികള്‍ക്കുപരി തന്നെത്തന്നെ ഉയര്‍ത്തുവാനുള്ള ഈ ആഗ്രഹം, സുപ്രസിദ്ധനായ ഒരു പ്രസംഗകനെന്ന നിലയില്‍ ലോകസഞ്ചാരം നടത്തുവാനുള്ള മോഹം, വിവിധകാര്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കു ഉപദേശം നല്‍കുവാനുള്ള മോഹം (മറ്റുള്ളവര്‍ അതു ആഗ്രഹിക്കാത്തപ്പോള്‍ പോലും), സ്വയം നിയമിതരായ വിധികര്‍ത്താക്കളെപ്പോലെ മറ്റുള്ളവരുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുവാനും വിധികല്‍പിക്കുവാനുമുള്ള ആഗ്രഹം (യാക്കോ. 3:1, Amplified Bible), മറ്റുള്ളവരില്‍ നിന്നുള്ള ബഹുമതി ലഭിപ്പാനായി സുചിന്തിതമായ നല്ല പ്രസംഗങ്ങള്‍ നടത്തുവാനുള്ള മോഹം, ഇതരദൈവദാസന്മാരെ അനുകരിച്ച് മറ്റുള്ളവരെക്കാള്‍ മികച്ച ഒരു പ്രസംഗകനും രോഗശാന്തിശുശ്രൂഷക്കാരനുമെന്നു പുകഴ്ത്തപ്പെടുവാനുള്ള മോഹം, സ്ത്രീകള്‍ക്കു പുരുഷന്മാരെപ്പോലെ പ്രസംഗ കര്‍ത്രികളാകുവാനുള്ള മോഹം, താന്‍ വീണു പോകുമ്പോള്‍ തന്നെയും സ്വയം നീതീകരിക്കുവാനുള്ള ആഗ്രഹം ഇവയെല്ലാം പ്രശസ്തിയാര്‍ജ്ജിക്കുവാനുള്ള പരിശ്രമങ്ങളുടെ വിവിധരൂപങ്ങളാണ്.

ഇവയും ഇവയെക്കാള്‍ ഹീനമായ മറ്റനേകം ആഗ്രഹങ്ങളും നമ്മുടെ ജഡത്തില്‍ നിദ്രാണാവസ്ഥയില്‍ ലയിച്ചുകിടക്കുന്നുണ്ടെന്നും അവയില്‍ നിന്നു വിടുതല്‍ നേടണമെങ്കില്‍ അവയെ നാം നിര്‍ദ്ദാക്ഷിണ്യം വിധിക്കേണ്ടതാണെന്നും വ്യക്തമായി നാം മനസ്സിലാക്കണം. അപ്പോള്‍ മാത്രമേ എതിര്‍ക്രിസ്തുവിന്‍റെ ഈ ആത്മാവിനെ സഭയില്‍ നിന്നും നിഷ്കാസനം ചെയ്യുവാനുള്ള അധികാരവും ശക്തിയും നമുക്കു ലഭിക്കുകയുള്ളു.

വ്യാജം

എതിര്‍ക്രിസ്തു “വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും” ലോകത്തെ വഞ്ചിക്കുന്നത് (2തെസ്സ. 2:9,10).

സാത്താന്‍ എല്ലാ വ്യാജത്തിന്‍റെയും പിതാവത്രേ (യോഹ. 8:44). കള്ളം പറയുന്ന ഒരു ദൈവപൈതല്‍ വ്യാജത്തെ ഗര്‍ഭം ധരിക്കുവാനായി തന്‍റെ നാവിനെ ഒരു ഗര്‍ഭപാത്രമായി സാത്താനു നല്‍കുകയാണു ചെയ്യുന്നത്. നാമെല്ലാവരും വൈദഗ്ധ്യം സമ്പാദിച്ചിട്ടുള്ള ഒരു പാപമാണു വ്യാജം. നാം “ഗര്‍ഭം മുതല്‍ ഭോഷ്ക്കു (വ്യാജം) പറഞ്ഞു തെറ്റിനടക്കുന്നു” (സങ്കീ. 58:3). പല രൂപത്തിലുള്ള വ്യാജഭാഷണമുണ്ട് അര്‍ദ്ധസത്യങ്ങള്‍ പറയുക, നമ്മെത്തന്നെ ന്യായീകരിക്കുവാനായി ചിത്രത്തിന്‍റെ ഒരു വശം മാത്രം കാണിക്കുക, നമ്മുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ അതിശയോക്തി പ്രയോഗിക്കുക, ചില സംഭവങ്ങളെ ഭാവനാവൈഭവത്തോടെ ചിത്രീകരിക്കുക (ഇതു ഇന്നത്തെ പല ക്രിസ്തീയ ജീവചരിത്രങ്ങളിലും നാം കാണുന്നു; നിഷ്ക്കളങ്കരായ വിശ്വാസികള്‍ വിവേചനരഹിതമായി ഇവ കണ്ണടച്ചു വിഴുങ്ങുകയും ചെയ്യുന്നു), മറ്റുള്ളവരുടെ സഹതാപം നേടുവാനായി സ്വയം വേദനയും രോഗവും നടിക്കുക, ഔദാര്യശാലിയെന്നോ നിഷ്ക്കളങ്കനെന്നോ സ്വയം അഭിനന്ദിക്കുക, പ്രാര്‍ത്ഥന, ഉപവാസം, ഭൂതബാധയൊഴിക്കല്‍ തുടങ്ങിയവയെപ്പറ്റി മറ്റുള്ളവര്‍ക്കു മതിപ്പുളവാക്കുമാറ് വര്‍ണ്ണിക്കുക, ഇങ്ങനെ നൂറുകണക്കിനുള്ള സാധ്യതകളാണ് വ്യാജകഥനത്തിനുള്ളത്.

നിങ്ങള്‍ പാപത്തോടു പരാജയപ്പെട്ടവനെങ്കിലും അതിനെപ്പറ്റി ഹൃദയ പൂര്‍വം ദുഃഖിക്കുന്നപക്ഷം നിങ്ങള്‍ക്കു പ്രത്യാശയ്ക്കു വഴിയുണ്ട്. ക്രിസ്തുവിന്‍റെ കാന്തയില്‍ ഉള്‍പ്പെടുന്നതിനുള്ള യോഗ്യത നേടുവാന്‍ പോലും നിങ്ങള്‍ക്കു കഴിയും. എന്നാല്‍ നിങ്ങള്‍ക്കു പാപത്തിന്‍റെമേല്‍ വിജയമുണ്ടെന്നു നിങ്ങള്‍ അവകാശപ്പെടുകയോ, നിങ്ങളുടെ പ്രസംഗത്തിലൂടെ മറ്റുള്ളവരില്‍ അപ്രകാരമൊരു ധാരണ ഉളവാക്കുകയോ ചെയ്യുകയും അതേ സമയം രഹസ്യജീവിതത്തില്‍ നിങ്ങള്‍ പരാജയജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കില്‍, പരിശുദ്ധാത്മസ്നാനം ലഭിച്ച ഒരു വിശ്വാസിയെന്നു നിങ്ങള്‍ അവകാശപ്പെടുമ്പോള്‍തന്നെ ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ നിങ്ങളെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളതെന്നു തീര്‍ച്ചയാക്കിക്കൊള്ളുക: “കപടഭക്തരേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?” (മത്താ. 23:33).

നമ്മുടെ ജീവിതത്തില്‍ വ്യാജം കാണിക്കുവാനുള്ള പ്രവണത കണ്ടെത്തുന്ന ഓരോ സന്ദര്‍ഭത്തിലും അതിനോട് അടിയോടെ എതിര്‍ത്തുനില്‍ക്കുന്ന ഒരു മനോഭാവം നാം പുലര്‍ത്താത്തപക്ഷം, വ്യാജത്തെ നമ്മുടെ ജീവിതത്തില്‍ നിന്നു വേരോടെ പറിച്ചു നീക്കുവാന്‍ നമുക്കു സാധ്യമല്ല. ജീവനുള്ള പുതുവഴിയുടെ ഭാഷ ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. എങ്കിലും അവര്‍ തങ്ങളുടെ ജീവിതത്തില്‍ വ്യാജത്തോട് ഈ വിധമൊരു സന്ധിയില്ലാസമരം പ്രഖ്യാപിച്ചിട്ടില്ല. ദൈവത്തെ ഭയപ്പെടാതെ തങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരുടെ മേല്‍ എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിന് ഇപ്പോഴും അധികാരമുണ്ട്. ദൈവം ഒരിക്കല്‍ എല്ലാ രഹസ്യങ്ങളെയും ന്യായം വിധിക്കും. വചനഘോഷണത്തിലൂടെ എല്ലാ വ്യാജഭാഷകരു ടെയും കാപട്യത്തെ നിര്‍ദ്ദാക്ഷിണ്യം വെളിച്ചത്തിലേക്കു കൊണ്ടുവരുന്ന വേദികളായി നമ്മുടെ സഭകള്‍ തീരണം. യോഹന്നാന്‍റെ ജീവിതകാലത്ത് എതിര്‍ക്രിസ്തുക്കള്‍ പുറത്താക്കപ്പെട്ടത് ആ വിധത്തിലായിരുന്നു. നമ്മുടെ ഈ കാലത്തും എതിര്‍ക്രിസ്തുക്കളെ നിഷ്കാസനം ചെയ്യുവാന്‍ ഈയൊരു മാര്‍ഗ്ഗം മാത്രമാണുള്ളത്.

വഞ്ചന

വ്യാജമായ അടയാളങ്ങളാലും അത്ഭുതങ്ങളാലും എതിര്‍ക്രിസ്തു ജനങ്ങളെ വഞ്ചിക്കുമെന്നു നാം മനസ്സിലാക്കി. പ്രകൃത്യതീതമായ അത്ഭുതങ്ങള്‍ക്ക് ആളുകളെ വഞ്ചിക്കുവാനുള്ള വലിയൊരു കഴിവുണ്ട്. ഇന്‍ഡ്യയില്‍ പൈശാചികശക്തിയാല്‍ അത്ഭുതങ്ങള്‍ കാണിച്ച് തങ്ങള്‍ക്കു ചുറ്റും വലിയൊരു അനുയായിസംഘത്തെ അണി നിരത്തിയിട്ടുള്ള വിജാതീയ മതനേതാക്കളെ നാം കാണുന്നുണ്ട്.

എന്നിരുന്നാലും പ്രകൃത്യതീതമായ അത്ഭുതങ്ങളും രോഗശാന്തിയും ഭൂമിയില്‍ തന്‍റെ ലക്ഷ്യസിദ്ധിക്കുവേണ്ടി സഭയ്ക്കു ദൈവം നല്‍കിയിട്ടുള്ള സജ്ജീകരണത്തിന്‍റെ ഒരു ഭാഗമാണ്. ഇന്നു കേട്ടുകേള്‍വിപോലുമില്ലാത്ത വിധത്തിലുള്ള വലിയ അത്ഭുതങ്ങള്‍ യേശുവും പത്രോസും പൗലോസും ചെയ്തിട്ടുണ്ട്. അവരുടെ വിശ്വാസത്താലാണ് അവ സംഭവിച്ചിട്ടുള്ളത്. അപ്പൊസ്തലപ്രവൃത്തികളില്‍ അവയെപ്പറ്റിയുള്ള വിവരണങ്ങള്‍ നമ്മുടെ വിശ്വാസത്തിന്‍റെ ബലഹീനതയ്ക്ക് ഒരു ശാസനയായി നിലനില്‍ക്കുകയും ചെയ്യുന്നു. 1കൊരി. 12 അനുസരിച്ചുനോക്കിയാല്‍ ആത്മവരങ്ങളില്ലാത്ത ഒരു സഭ ജീവനുള്ളതെങ്കിലും ചെകിടനോ കുരുടനോ മൂകനോ പക്ഷഹതനോ ആയ ഒരു മനുഷ്യനെപ്പോലെയാണ്. (ഈ വരങ്ങളെ കണ്ണു, ചെവി തുടങ്ങിയ അവയവങ്ങളോടു താരതമ്യപ്പെടുത്തിയിട്ടുണ്ടല്ലോ). അത്ഭുതങ്ങളുടെ കാലം കഴിഞ്ഞു പോയി എന്നു പറയുന്ന അവിശ്വാസമുള്ള വിശ്വാസികളെപ്പോലെയാകുവാന്‍ നാം ആഗ്രഹിക്കുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം തീര്‍ച്ചയായും അവരുടെ കാര്യത്തില്‍ ആ കാലം കഴിഞ്ഞുപോയതു തന്നെ. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്ക് അത് ഇന്നും കഴിഞ്ഞിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏതൊരുവനെയും നാം അന്ധമായി പിന്തുടരണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ഇത്തരം അത്ഭുതങ്ങള്‍ ചെയ്യുന്ന പലരെയും യേശു തന്നെ തള്ളിപ്പറയുകയും പുറത്താക്കുകയും ചെയ്യും (മത്താ. 7:22,23). അങ്ങനെയെങ്കില്‍ അത്തരം ആളുകളെ തന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്? ഇതിനുള്ള ഉത്തരം ആവര്‍. 13:15ല്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. നാം അത്ഭുതങ്ങളാലും അടയാളങ്ങളാലും വഴിതെറ്റിപ്പോകുമോ അതോ നാം തിരുവെഴുത്തിലുള്ള വ്യക്തമായ കല്‍പനകളെ പിന്‍തുടരുമോ എന്നു നമ്മെ ശോധന ചെയ്യുവാനായിട്ടാണ്  ദൈവം ഇത് അനുവദിക്കുന്നത്. അതിനാല്‍ അന്ത്യദിവസത്തില്‍ ദൈവത്താല്‍ത്തന്നെ പുറത്താക്കപ്പെടുന്ന ഒരുവനെ നിങ്ങളുടെ ആത്മീയനേതാവായി അംഗീകരിക്കാതെയിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് ഒരു സുപ്രധാനകാര്യമാണ് (വെളി. 13:13,14). ഒരു കുഞ്ഞാടിനെപ്പോലെയും ക്രിസ്തുശിഷ്യനെപ്പോലെയും കാണപ്പെടുന്ന കള്ളപ്രവാചകന്‍ (വെളി. 13:11) അത്ഭുതങ്ങളാലും അടയാളങ്ങളാലും ആളുകളെ വഞ്ചിക്കുന്നതായി ഇവിടെ നാം കാണുന്നു.

അങ്ങനെയെങ്കില്‍ വഞ്ചിതരാകാതെ സ്വയം സൂക്ഷിക്കുവാന്‍ നമുക്ക് എങ്ങനെ സാധിക്കും? ഇതിനുള്ള ഉത്തരം മുകളില്‍ കൊടുത്തിരിക്കുന്ന മൂന്നു സ്വഭാവ ഘടകങ്ങളും വച്ചുകൊണ്ട് അത്ഭുതം പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ശോധന ചെയ്യുക എന്നതാണ്. താഴെക്കൊടുക്കുന്ന മൂന്നു ചോദ്യങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

1. ആ വ്യക്തിയുടെ ജീവിതവും ശുശ്രൂഷയും ആളുകളെ പാപക്ഷമയിലേക്കു മാത്രമോ നയിക്കുന്നത്? അതോ അവരെ പാപത്തിന്‍റെ ശക്തിയില്‍ നിന്നു സ്വതന്ത്രരാക്കുന്നുണ്ടോ? ഹൃദയവിശുദ്ധി, ജീവിതവിശുദ്ധി എന്നിവയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കുന്നുണ്ടോ?

2. യേശുവും അപ്പൊസ്തലന്മാരും ആയിരുന്നതുപോലെ അദ്ദേഹം സ്വാര്‍ത്ഥത്തെ നിശ്ശേഷം മരിപ്പിക്കുന്ന ഒരു വ്യക്തിയോ? അതോ നിങ്ങളെ ക്രിസ്തുവാകുന്ന ശിരസ്സിനോടു ബന്ധപ്പെടുവാന്‍ സഹായിക്കാതെ തന്നെയും തന്‍റെ ഉപദേശത്തെയും പ്രവചനങ്ങളെയും ആശ്രയിക്കുവാന്‍ പ്രേരിപ്പിക്കുന്നവനാണോ അദ്ദേഹം? അദ്ദേഹത്തിന് ഒരു ഭൃത്യന്‍റെ മനോഭാവമോ അതോ ചുറ്റുമുള്ളവര്‍ക്ക് ആജ്ഞ നല്‍കുന്ന ഒരു യജമാനന്‍റെ മനോഭാവമാണോ ഉള്ളത്?

3. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു സത്യസന്ധതയും ആത്മാര്‍ത്ഥതയും നിങ്ങള്‍ കാണുന്നുണ്ടോ? പ്രത്യേകിച്ച് പണസംബന്ധമായ കാര്യങ്ങളില്‍ പരമാര്‍ത്ഥതയും ആര്‍ജ്ജവവും കാണുന്നുണ്ടോ? (നിങ്ങളുടെ ദശാംശത്തിലും സ്തോത്രകാഴ്ചകളിലും താല്‍പര്യമുള്ളവരെ എപ്പോഴും സൂക്ഷിച്ചുകൊള്ളുക.)

യേശുവും പത്രോസും പൗലോസും ഈ പരീക്ഷയില്‍ ജയം നേടുന്നവരാണ്. എന്നാല്‍ ഇന്നുള്ള പലരും ഇതില്‍ ജയം നേടുകയില്ല.

എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിലൂടെ സാത്താന്‍ ക്രൈസ്തവലോകത്തെ മലിനമാക്കിയിരിക്കുന്നു. ഇന്‍ഡ്യയിലെ സഭകളില്‍ നിന്നും ഈ ആത്മാവിനെ തുരത്തുവാന്‍ കഴിവുള്ള ഒട്ടനേകം പേരെ നമ്മുടെ നാട്ടില്‍ ദൈവം എഴുന്നേല്‍പ്പിക്കട്ടെ.

11. സ്തോത്രത്തിലൂടെ വിജയജീവിതം

യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ എന്ന നിലയില്‍ വിശ്വാസത്താല്‍ ജീവിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ പ്രധാനമായ അടയാളം സ്തോത്രമാണ്. “അവര്‍ അവന്‍റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു” (സങ്കീ. 106:12). അവര്‍ എന്ന പദം ഇവിടെ യിസ്രായേല്‍ ജനങ്ങളെ കുറിക്കുന്നു. മിസ്രയീമ്യരും അവരുടെ രഥങ്ങളും കുതിരകളുമെല്ലാം ചെങ്കടലില്‍ മുങ്ങി നശിച്ചതു കണ്ടപ്പോള്‍ മാത്രമേ അവര്‍ക്കു വിശ്വസിക്കുവാനും സ്തുതിപാടുവാനും കഴിവുണ്ടായുള്ളു. അവര്‍ കാഴ്ചയാല്‍ നടക്കുന്നവരായിരുന്നു. നാമോ വിശ്വാസത്താല്‍ ജീവിക്കുന്നവരാകയാല്‍ ശത്രുക്കള്‍ നമ്മുടെ കണ്‍മുമ്പില്‍ നില്‍ക്കുമ്പോള്‍ തന്നെ ദൈവം അവരെ ഒന്നാകെ നമ്മുടെ കാല്‍ക്കീഴെയാക്കുമെന്ന വിശ്വാസത്തോടെ സ്തോത്രം പാടുവാന്‍ നമുക്കു കഴിയും. ഈ കാരണത്താലാണ് പുതിയനിയമത്തിന്‍ കീഴില്‍ ജീവിക്കുന്ന നമുക്ക് എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനുവേണ്ടിയും ദൈവത്തെ സ്തുതിക്കാന്‍ കഴിയുന്നത്.

എബ്രാ. 2:12,13ല്‍ യേശുക്രിസ്തുതന്നെ തന്‍റെ സഭയുടെ മധ്യത്തില്‍ നിന്നുകൊണ്ട് പിതാവായ ദൈവത്തെ സ്തുതിക്കുന്നതായി നാം വായിക്കുന്നു. 13-ാം വാക്യത്തില്‍ “ഞാന്‍ അവനില്‍ ആശ്രയിക്കും” എന്ന ഭാഗം വിശ്വാസത്തെ കുറിക്കുന്നു. ഈ വിശ്വാസം ഉള്ളതുകൊണ്ടാണ് നമുക്കു സ്തോത്രം ചെയ്വാന്‍ കഴിയുന്നത്. വിശ്വാസവും സ്തോത്രവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. അതിനാല്‍ സ്തോത്രമില്ലാത്ത വിശ്വാസം കള്ളവിശ്വാസമാണ്, അഥവാ ചത്ത വിശ്വാസമാണ്. എബ്രാ. 2:11ല്‍ പറയുന്നതുപോലെ യേശുവിന്‍റെ ഇളയസഹോദരന്മാരായ നാം രഹസ്യജീവിതത്തിലെന്നപോലെ സഭാമധ്യേയുളള പരസ്യാരാധനയിലും നമ്മുടെ ജ്യേഷ്ഠസഹോദരന്‍റെ വിശ്വാസം പിന്തുടര്‍ന്നുകൊണ്ട് പിതാവായ ദൈവത്തെ സ്തുതിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്.

പിതാവായ ദൈവം സകലപ്രപഞ്ചത്തിന്‍റെയും രാജാവാണ്. അവിടുന്ന് ഇരുന്നരുളുന്ന സിംഹാസനം വെള്ളികൊണ്ടോ പൊന്നുകൊണ്ടോ നിര്‍മ്മിക്കപ്പെട്ടതല്ല. അത്തരമൊരു സിംഹാസനത്തിന് ദൈവം ഇരുന്നരുളുവാന്‍ തക്ക ശ്രേഷ്ഠത ഉണ്ടായിരിക്കുകയില്ല. “യിസ്രായേലിന്‍റെ (അഥവാ ദൈവജനത്തിന്‍റെ) സ്തുതികളിന്മേല്‍ വസിക്കുന്നവനേ” എന്നാണ് സങ്കീര്‍ത്തനക്കാരന്‍ ദൈവത്തെ സംബോധന ചെയ്യുന്നത് (സങ്കീ. 22:3). ദൈവം രാജാവായി ഇരുന്നരുളുന്ന സിംഹാസനം സ്തോത്രത്താല്‍ നിര്‍മ്മിതമാണ്. ഇതുകൊണ്ടാണ് സ്വര്‍ഗ്ഗം നിരന്തരമായ സ്തോത്രത്തിന്‍റെ സ്ഥലമായിരിക്കുന്നത്. ദൈവദൂതന്മാര്‍ എല്ലായ്പ്പോഴും ഇടതടവില്ലാതെ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലേക്കു വരുമ്പോള്‍ സ്തോത്രനിര്‍മ്മിതമായ ഒരു സിംഹാസനം നമ്മുടെ ഹൃദയങ്ങളില്‍ ഒരുക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ഹൃദയത്തിലും ഭവനത്തിലും സഭയിലും ദൈവം സിംഹാസനസ്ഥനായി വാഴുന്ന അനുഭവം നമുക്കു ലഭിക്കുന്നു.

ഇതുമൂലമാണ് എല്ലാ പരാതിപറച്ചിലില്‍നിന്നും പിറുപിറുപ്പില്‍നിന്നും വാദ പ്രതിവാദത്തില്‍നിന്നുമുള്ള വിടുതലിനുവേണ്ടി നാം ഭയത്തോടും വിറയലോടും കൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നത്. അങ്ങനെ നാം പ്രവര്‍ത്തിക്കുന്നപക്ഷം ദൈവം (പരിശുദ്ധാവ്) തന്നെ തിരുവുള്ളമുണ്ടായിട്ട് നമ്മുടെ ഹൃദയത്തില്‍ സ്വര്‍ഗ്ഗസിംഹാസനം ഒരുക്കുവാനായി ഇച്ഛിക്കയും പ്രവര്‍ത്തിക്കയും ചെയ്യും. ഫിലി. 2:12-14 നോക്കുക. ഇപ്രകാരം നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ദൈവം തന്നെ പുറമേയും നമ്മുടെ നന്മയ്ക്കായി എല്ലാ കാര്യങ്ങളെയും ഒരുമിച്ചുചേര്‍ത്തു വ്യാപരിപ്പിക്കുന്നുണ്ട്. റോമര്‍. 8:28ല്‍ പറയുന്ന ഈ കാര്യം നാം വിശ്വസിക്കുന്നപക്ഷം നമുക്കു പരാതിപ്പെടുവാനോ പിറുപിറുക്കുവാനോ യാതൊരാവശ്യവുമില്ല. നമ്മുടെ വീട്ടിലോ ജോലിസ്ഥലത്തോ നാം അസംതൃപ്തരും പരാതിപറയുന്നവരുമായി ജീവിക്കുന്നുവെങ്കില്‍ സഭയില്‍ വന്ന് ദൈവത്തെ സ്തുതിക്കുവാന്‍ നമുക്കു സാധ്യമല്ല.

യഥാര്‍ത്ഥമായ സ്തുതി ക്രൂശിക്കപ്പെട്ട ഒരു ജീവിതത്തില്‍ നിന്നു മാത്രമേ ഉത്ഭവിക്കുകയുള്ളു. ദൈവം തന്‍റെ ജനത്തിന്‍റെ സ്തുതികളിന്മേല്‍ വസിക്കുന്നു. ഈ സത്യം വെളിപ്പെടുത്തുന്നതായി തിരുവചനത്തിലുളള ഒരേയൊരു വാക്യം കാണപ്പെടുന്നത് ക്രൂശീകരണത്തെ വ്യക്തമായി ചിത്രീകരിക്കുന്ന ഒരു സങ്കീര്‍ത്തനത്തിലാണെന്നുള്ള വസ്തുത തികച്ചും അര്‍ത്ഥവത്താണ് (സങ്കീ. 22:3). യേശുക്രിസ്തു ക്രൂശിന്മേല്‍ വച്ച് ഉച്ചത്തില്‍ നിലവിളിച്ച നിലവിളിയോടുകൂടിയാണ് ഈ സങ്കീര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ 16-ാം വാക്യത്തില്‍ യേശുവിന്‍റെ കൈകളും കാലുകളും തുളയ്ക്കപ്പെട്ടതിനെപ്പറ്റിയും പ്രസ്താവിക്കുന്നു. അനന്തരം ഈ സങ്കീര്‍ത്തനത്തിന്‍റെ മധ്യഭാഗത്ത് (വാ. 22,23) യേശു നമ്മെ തന്‍റെ സഹോദരന്മാരെന്നു വിളിക്കുകയും തന്നോടൊപ്പം ചേര്‍ന്നു തന്‍റെ പിതാവിന് സ്തുതികളാല്‍ നിര്‍മ്മിതമായ ഒരു സിംഹാസനം ഒരുക്കുവാന്‍ നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നാമും ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം നമ്മുടെ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടു കൂടി നാം ക്രൂശിക്കുമ്പോള്‍ നമ്മുടെ പിതാവിന് അര്‍ത്ഥവത്തായ സ്തുതിപാടുവാന്‍ നമുക്കു കഴിവുണ്ടാകുന്നു. കരിസ്മാറ്റിക്, പെന്തെകൊസ്ത് സമൂഹങ്ങളില്‍ കേള്‍ക്കപ്പെടുന്ന ഒരു വലിയ പങ്കു സ്തുതിഗാനങ്ങളുടെ പൊള്ളത്തരം ഇവിടെയാണ് വ്യക്തമാകുന്നത്. ഈ സമൂഹങ്ങളില്‍ ക്രൂശിന്‍റെ വചനത്തിന് അര്‍ഹിക്കുന്ന കേന്ദ്രസ്ഥാനം നല്‍കപ്പെട്ടിട്ടില്ലാത്തതിനാല്‍ അവിടെ നാം കേള്‍ക്കുന്ന സ്തുതിഗാനങ്ങള്‍ അര്‍ത്ഥശൂന്യങ്ങളായി പരിണമിക്കുന്നു. അത്തരം സ്തുതി ദൈവം അംഗീകരിക്കുന്നില്ല. ഈ പൊള്ളത്തരം മനസ്സിലാക്കിയ ചില വ്യക്തികള്‍ ഈ വിധത്തിലുള്ള സ്തോത്രവും ആരാധനയും പുതിയനിയമസഭകളില്‍ ആവശ്യമില്ലെന്നു വിധിയെഴുതി അവയെ പുറംതള്ളുന്നു. ഇപ്രകാരം ഒരു വശത്തുള്ള പടുകുഴിയില്‍നിന്ന് രക്ഷപെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ മറുവശത്തുള്ള മറ്റേ കുഴിയിലേക്ക് വീണുപോകുന്നു.

ക്രിസ്തുവിനോടുകൂടി ക്രൂശിന്മേല്‍ മരിക്കുവാന്‍ നാം നമ്മെത്തന്നെ ഏല്‍പിക്കുമ്പോള്‍ പിതാവായ ദൈവത്തിന് സ്തോത്രനിര്‍മ്മിതമായ ഒരു സിംഹാസനം ഒരുക്കുവാന്‍ നാം പ്രാപ്തരായിത്തീരുന്നു. സങ്കീ. 118 യേശുവിന്‍റെ ക്രൂശിനെ ചിത്രീകരിക്കുന്ന മറ്റൊരു സങ്കീര്‍ത്തനമാണ്. 11-14,22 വാക്യങ്ങള്‍ നോക്കുക. 27-ാം വാക്യത്തില്‍ നാം നമ്മെത്തന്നെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കുകയും ക്രൂശിനോടുചേര്‍ത്ത് നമ്മെ യാഗപശുവായി കയറുകൊണ്ട് കെട്ടുകയും ചെയ്യുന്നു. ആ നിലയില്‍ സ്ഥിതിചെയ്തു കൊണ്ടാണ് 28,29 എന്നീ വാക്യങ്ങളില്‍ നാം ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുന്നത്. അപ്പോള്‍ നമുക്ക് “ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്കുക” എന്നു പാടുവാന്‍ കഴിവുണ്ടാകും (വാ. 24).

വിഷണ്ണമനസ്സിനെയും ദുഃഖത്തെയും നിരാശയെയും നമ്മുടെ ജീവിതത്തില്‍ നിന്നു നീക്കിക്കളഞ്ഞ് തല്‍സ്ഥാനത്ത് ആനന്ദതൈലംകൊണ്ടു നമ്മെ അഭിഷേകം ചെയ്യുവാനും സ്തുതി എന്ന മേലാട നമ്മെ അണിയിക്കുവാനുമാണ് ദൈവം യേശു ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ടുളളത് (യെശ. 61:13; ലൂക്കോ. 4:18,19). നിങ്ങള്‍ നിരാശതയുടെ ആത്മാവിലാണു ജീവിക്കുന്നതെങ്കില്‍ അതു സാത്താന്‍റെ പ്രവര്‍ത്തനമാണെന്ന കാര്യത്തില്‍ സംശയമില്ല. നിങ്ങളുടെ ജീവിതത്തില്‍നിന്ന് ആ ദുരാത്മാവിനെ എന്നെന്നേക്കുമായി പുറത്താക്കിയശേഷം നിങ്ങളെ സ്തുതിയെന്ന മേലാടയും സന്തോഷമെന്ന അലങ്കാരമാലയും അണിയിക്കുന്നതിനുവേണ്ടിയാണ് യേശുക്രിസ്തു ലോകത്തില്‍ വന്നത്. നാം മ്ലാനവദനരായി, വിഷണ്ണരും ദുഃഖിതരുമായി, വാടിയ മുഖത്തോടെ ജീവിക്കണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെന്നാല്‍ യേശുക്രിസ്തു ഒരിക്കല്‍പോലും ഏറ്റവും വലിയ പ്രതികൂലസാഹചര്യങ്ങളെ നേരിട്ടപ്പോള്‍പോലും നിരാശനോ മ്ലാനവദനനോ ആയിത്തീര്‍ന്നിട്ടില്ല. ഒരിക്കല്‍പോലും എന്തെങ്കിലും കാര്യത്തെപ്പറ്റി അവിടുന്ന് പരാതിപ്പെട്ടിട്ടില്ല. “അവന്‍ നടന്നതുപോലെ നടക്കുവാ”നാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. യേശു ഓരോ ദിവസവും ക്രൂശു വഹിച്ചതുപോലെ നാമും നാള്‍തോറും ക്രൂശെടുത്ത് തന്നെ അനുഗമിച്ചാല്‍ മാത്രമേ ഇതു സാധ്യമാകയുള്ളു.

ശത്രുവിനെ മിണ്ടാതാക്കുവാനും തോല്‍പിക്കുവാനും ദൈവം ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു എന്നു സങ്കീ. 8:2ല്‍ നാം വായിക്കുന്നു. ദാവീദുപുത്രനു ഹോശന്നാ എന്നു ബാലന്മാര്‍ ദേവാലയത്തില്‍ ആര്‍ത്തുവിളിച്ചതിനെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും എതിര്‍ത്തപ്പോള്‍ കര്‍ത്താവ് ഈ വാക്യം ഉദ്ധരിച്ചതായി നാം കാണുന്നുണ്ട് (മത്താ. 21:15,16). ഈ യഹൂദ നേതാക്കന്മാരെപ്പോലെയുള്ള പല നേതാക്കന്മാരും ഇന്ന് ഇതേ അഭിപ്രായം ഉള്ളവരാണ്. ദേവാലയത്തില്‍ ഉച്ചശബ്ദത്തോടെ ആരും ആര്‍ത്തുപാടി സ്തുതിക്കേണ്ടതില്ല, ശാന്തമായി വാടിയ മുഖത്തോടെ ഇരുന്നാല്‍ മതി എന്നാണ് അവരുടെ പക്ഷം. എന്നാല്‍ കുട്ടികളുടെ ഈ ഉച്ചനാദം യേശുവിനെ ആഹ്ലാദിപ്പിച്ചു. തന്‍റെ പിതാവിന്‍റെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ ദൂതന്മാര്‍ തകര്‍ത്ത ഇടിമുഴക്കം പോലെ സ്തുതിഗാനം മുഴക്കുന്നതിനെ ഇത് അനുസ്മരിപ്പിച്ചതിനാലാണ് യേശു സന്തോഷിച്ചത്. ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം സാത്താന് ഏറ്റവും അസഹ്യമാണ്. ഈ കാരണത്താലാണ് സാത്താനും അവന്‍റെ അനുയായികള്‍ക്കും സ്വര്‍ഗ്ഗത്തില്‍ വസിക്കുവാന്‍ കഴിയാതെ വന്നത്. ഇന്ന് ഭൂമിയിലുള്ള ദൈവത്തിന്‍റെ സഭയിലും അതു സഹിക്കുവാന്‍ അവനു പ്രയാസമാണ്. അതുകൊണ്ട് ഒന്നുകില്‍ ആ സ്തോത്രത്തിന്‍റെ ആത്മാര്‍ത്ഥത നശിപ്പിക്കുവാനോ അല്ലെങ്കില്‍ ആ സ്തോത്രം തന്നെ ഒന്നാകെ നിറുത്തിക്കളയുവാനോ അവന്‍ പരിശ്രമിക്കുന്നു. ഇന്നു നമ്മുടെ ചുറ്റുമുള്ള അനേകം ക്രൈസ്തവസമൂഹങ്ങളെ നോക്കിയാല്‍ ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അവന്‍ വിജയം നേടിയിട്ടുള്ളതായി നമുക്കു കാണാന്‍ കഴിയും.

ആത്മാര്‍ത്ഥമായ സ്തുതിയെ സാത്താന്‍ എന്തുകൊണ്ടാണ് വെറുക്കുന്നത്? യേശുക്രിസ്തു സങ്കീ. 8:2 ഉദ്ധരിച്ച ഭാഗത്ത് ഈ ചോദ്യത്തിന്‍റെ ഉത്തരം നാം കാണുന്നു. ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു പുറപ്പെടുന്ന ബലം സ്തോത്രശബ്ദത്തിന്‍റെ ബലം തന്നെയാണ്. ശത്രുവായ സാത്താനെ ആട്ടിപ്പായിക്കുവാന്‍  പര്യാപ്തമായ ബലം ഇതുതന്നെ; ആത്മാര്‍ത്ഥതയോടെ വിശുദ്ധമായ ജീവിതത്തില്‍നിന്നു പുറപ്പെടുന്ന സ്തോത്രം.

എന്നാല്‍ വിശുദ്ധജീവിതത്തില്‍ നിന്നുത്ഭവിക്കാത്ത പൊള്ളയായ സ്തോത്ര ശബ്ദത്തിന് ഈ ശക്തിയില്ല. പുറ. 32ല്‍ യിസ്രായേല്‍മക്കള്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കിയതായും അതിനെ ‘യഹോവ’ എന്നുതന്നെ വിളിച്ചുകൊണ്ട് (വാ. 5) തങ്ങളുടെ ആ ‘യഹോവ’യുടെ മമ്പില്‍ നൃത്തം ചെയ്ത് ആര്‍ത്തുവിളിച്ചതായും നാം വായിക്കുന്നു. വളരെ ദൂരത്തുവച്ചുതന്നെ മോശെയ്ക്കും യോശുവായ്ക്കും ഈ ഘോഷം കേള്‍ക്കുവാന്‍ കഴിഞ്ഞു (വാ. 1719). എന്നാല്‍ ഈ കരിസ്മാറ്റിക് സ്തോത്ര ശബ്ദത്തിന്‍റെയും ആരവാരത്തിന്‍റെയും മധ്യത്തില്‍ സാത്താന്‍ സന്നിഹിതനായിരുന്നു. ഇന്ന് ‘യേശു’വിന്‍റെ നാമത്തില്‍ ആര്‍ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്ന പല കൂട്ടങ്ങളിലും കാണുന്നതുപോലെ അധാര്‍മ്മികത അവരുടെ മധ്യത്തില്‍ കൊടികുത്തി വാഴുകയായിരുന്നു.

അതിനാല്‍ നേരത്തേ പറഞ്ഞതുപോലെ നമ്മുടെ സ്തോത്രം ക്രൂശിക്കപ്പെട്ട ഒരു ജീവിതത്തില്‍നിന്ന്, വിശുദ്ധജീവിതത്തില്‍നിന്നുതന്നെ, പുറപ്പെടുമ്പോള്‍ മാത്രമേ അതിനു പിശാചിനെ ജയിക്കുവാനുള്ള ശക്തി ഉണ്ടാകുന്നുള്ളു.

ലൂക്കോ. 19:37,38ല്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തിയ സമയത്ത് പരീശന്മാര്‍ക്ക് അത് ഇടര്‍ച്ചയുണ്ടാക്കിയതായും അവരോടു മിണ്ടാതിരിക്കുവാന്‍ കല്‍പിക്കണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചതായും നാം കാണുന്നു. “ഇവര്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും” എന്നായിരുന്നു ഇതിനു കര്‍ത്താവ് നല്‍കിയ മറുപടി (വാ. 40). അത്യുച്ചത്തില്‍ സ്തോത്രം ചെയ്യുന്നതിനെപ്പറ്റി യേശുവിനുള്ള അഭിപ്രായവും പരീശന്മാര്‍ക്കുള്ള അഭിപ്രായവും ഇവിടെ നാം കാണുന്നു. നിങ്ങളുടെ സഭയില്‍ ഇതില്‍ ഏതഭിപ്രായമാണ് ആദരിക്കപ്പെടുന്നത്? നിങ്ങള്‍ പരീശന്മാരെയാണോ യേശുവിനെയാണോ പിന്തുടരുന്നത്? മനുഷ്യരില്‍ നിന്നു, വിശിഷ്യ, ചില ക്രിസ്തീയനേതാക്കന്മാരില്‍ നിന്നുള്ള മാനം നാം വളരെയധികം അന്വേഷിക്കുന്നതുകൊണ്ടാണ് സഭയില്‍ ശബ്ദമുയര്‍ത്തി ദൈവത്തെ സ്തുതിപ്പാന്‍ നാം ഭയപ്പെടുന്നത്. ഏതെങ്കിലും ഗ്രൂപ്പിലെ മതപരമായ പാരമ്പര്യം അത്യുച്ചത്തിലുള്ള സ്തോത്രത്തെ നിന്ദിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അതുനിമിത്തം ആ ഗ്രൂപ്പില്‍പ്പെട്ട എല്ലാ ജനങ്ങളും ആ പാരമ്പര്യത്തെ അന്ധമായി അനുസരിക്കുന്നു. എന്നാല്‍ യേശുവിനെ പിന്തുടരുവാനും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാനും നാമാഗ്രഹിക്കുന്നപക്ഷം ആ പാരമ്പര്യങ്ങളുടെ നേരേ ബലാല്‍ക്കാരം കാട്ടുകയും അവയെ തട്ടിമാറ്റുകയും ചെയ്യാതെ മറ്റൊരു പോംവഴിയുമില്ല (മത്താ. 11:12).

യേശു തന്‍റെ മനുഷ്യാവതാരത്തിനുമുമ്പ് അനന്തയുഗങ്ങള്‍ തന്‍റെ പിതാവിനോടൊപ്പം വസിച്ചിരുന്നു. പിതാവിന്‍റെ ഭവനത്തിലെ അന്തരീക്ഷം നിരന്തരമായ സ്തോത്രത്തിന്‍റെയും ആരാധനയുടെയും അന്തരീക്ഷമായിരുന്നു. അനന്തരം അവിടുന്നു ഭൂമിയില്‍വന്ന് മ്ലാനരും വിഷണ്ണമുഖരുമായ മതനേതാക്കന്മാര്‍ക്കിടയില്‍ ജീവിച്ചപ്പോള്‍ അത് അത്യന്തവിഭിന്നമായ ഒരന്തരീക്ഷമായി അവിടുത്തേക്ക് അനുഭവപ്പെട്ടു. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍ സ്വര്‍ഗ്ഗത്തിലെ സ്തോത്രഘോഷത്തെ അനുസ്മരിപ്പിക്കുന്ന ചിലരെ കാണാനും അവരുടെ സമ്പര്‍ക്കം അനുഭവിപ്പാനും ഇടയായിട്ടുള്ളപ്പോഴെല്ലാം കര്‍ത്താവിന്‍റെ ഹൃദയം ആനന്ദം കൊണ്ടു തുടിച്ചിരുന്നു. മുകളില്‍ ഉദ്ധരിച്ച വേദഭാഗങ്ങള്‍ ഈ വസ്തുതയെയാണ് തെളിയിക്കുന്നത്.

വെളിപ്പാടുപുസ്തകത്തില്‍ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്ന ഏഴ് എന്ന സംഖ്യ പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം സ്വര്‍ഗ്ഗഭവനത്തിന്‍റെ ഏഴു വീക്ഷണങ്ങള്‍ കൂടി അവിടെ നമുക്കു കാണുവാന്‍ കഴിയും. താഴെക്കൊടുക്കുന്ന വേദഭാഗങ്ങള്‍ നോക്കുക: വെളി. 4:811;5:814;7:912;11:15-18;14:14;15:14;19:16. ഈ ഓരോ ഭാഗത്തും നമ്മുടെ ഭാവി ഭവനത്തെപ്പറ്റി നമുക്കു ലഭിക്കുന്ന വീക്ഷണം ഏതു വിധത്തിലുള്ളതാണെന്നു ശ്രദ്ധിക്കുക. തകര്‍ത്ത ഇടിമുഴക്കം പോലെയും പെരുവെള്ളത്തിന്‍റെ ഇരച്ചില്‍ പോലെയും സന്തോഷസാന്ദ്രമായ സ്തോത്രശബ്ദം മുഴങ്ങിക്കേള്‍ക്കുന്ന ഒരന്തരീക്ഷമാണ് അവിടെയെല്ലാം നാം കണ്ടെത്തുന്നത്. ഹല്ലേലുയ്യാ, ആമേന്‍ മുതലായ പദങ്ങള്‍ അര്‍ത്ഥശൂന്യമായിട്ടല്ല അവിടെ പ്രയോഗിച്ചിട്ടുള്ളത്. നമ്മുടെ കര്‍ത്താവിന്‍റെയും പിതാവായ ദൈവത്തിന്‍റെയും ശക്തി, അധികാരം, വിശുദ്ധി, ന്യായവിധിയുടെ നീതി നിഷ്ഠ എന്നിവയെല്ലാം അനുസ്മരിച്ചുകൊണ്ട് സകാരണമായ സ്തോത്രഘോഷമാണ് വിശുദ്ധിയുടെ സൗന്ദര്യത്തോടിടകലര്‍ന്ന് അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.

വെളി. 14:14ല്‍ കുഞ്ഞാടിനോടൊപ്പം സീയോന്‍മലയില്‍ നില്‍ക്കുന്നവരായി കാണപ്പെടുന്ന 144000 വിശുദ്ധന്മാര്‍ ഭൂമിയില്‍വച്ച് ഒരു പുതിയ പാട്ടു പഠിച്ചിരുന്നതായി പറയുന്നുണ്ട്. ഭൂമിയില്‍ എല്ലാവരും പാടുന്ന പഴയ പാട്ട് അസംതൃപ്തിയുടെയും പരാതിപറച്ചിലിന്‍റെയും പിറുപിറുപ്പിന്‍റെയും പാട്ടാണ്. ഇതിന്‍റെ മധ്യത്തില്‍ ഒരു ചെറിയ പങ്ക് ആളുകള്‍ മാത്രം കുഞ്ഞാടു പോകുന്നിടത്തൊക്കെയും അവിടുത്തെ അനുഗമിക്കുകയും തങ്ങളെത്തന്നെ വെറുത്ത് നാള്‍തോറും ക്രൂശെടുത്തുകൊണ്ട് അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സര്‍വാധിപത്യത്തില്‍ ഇവര്‍ വിശ്വസിക്കുന്നു. തന്മൂലം പരാതിയും പിപിറുപ്പും കൂടാതെ എല്ലാറ്റിലും (1തെസ്സ. 5:18) എല്ലാറ്റിനുവേണ്ടിയും (എഫേ. 5:20) എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും (1തിമോ. 2:1) സ്തോത്രം ചെയ്തുകൊണ്ട് ഇവര്‍ ജീവിക്കുന്നു. ഭൂമിയില്‍ തങ്ങള്‍ നേരിടേണ്ടിവരുന്ന എല്ലാ അഗ്നിപരീക്ഷകളിലും അവര്‍ യേശുവിന്‍റെ മരണം തങ്ങളുടെ ശരീരത്തില്‍ വഹിക്കുകയാല്‍ സ്തോത്രത്തിന്‍റെയും ആരാധനയുടെയും പുതിയ പാട്ട് അവര്‍ അഭ്യസിക്കുന്നു. ഇങ്ങനെയാണ് ഒടുവില്‍ സീയോന്‍ മലയില്‍ കുഞ്ഞാടിനോടൊപ്പം നില്‍ക്കുവാന്‍ അവര്‍ യോഗ്യരായിത്തീരുന്നത.്

നാം നമ്മുടെ ഹൃദയങ്ങള്‍കൊണ്ടുമാത്രം ദൈവത്തെ സ്തുതിച്ചാല്‍ മതിയാകുകയില്ല. നമ്മുടെ അധരങ്ങള്‍ കൊണ്ടുതന്നെ ദൈവത്തിന് സ്തോത്രയാഗം അര്‍പ്പിക്കേണ്ടതാണ്. യേശുവിന്‍റെ ശിഷ്യന്മാര്‍ എപ്പോഴും നിരന്തരമായി ചെയ്യേണ്ട ഒരു കാര്യമായിട്ടാണ് പുതിയനിയമത്തില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. എബ്രാ. 13:15 നോക്കുക. “ഹൃദയം നിറഞ്ഞുകവിയുന്നതില്‍നിന്നല്ലോ വായ് സംസാരിക്കുന്നത്”. അതിനാല്‍ നമ്മുടെ അധരങ്ങളിലൂടെ സ്തോത്രശബ്ദം പുറത്തുവരുന്നില്ലെങ്കില്‍ ഹൃദയത്തില്‍ സ്തോത്രം നിറഞ്ഞുകവിയുന്നില്ല എന്നതു സ്പഷ്ടം. ഇപ്രകാരം അധരങ്ങള്‍കൊണ്ടു നാം അര്‍പ്പിക്കുന്ന സ്തോത്രയാഗമാണ് എല്ലാ പൈശാചികബന്ധനങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നത്. സങ്കീ. 50:23 നോക്കുക. അതിന്‍റെ ഒരു പുതിയ തര്‍ജ്ജമ ഇപ്രകാരമാണ്. “സ്തോത്രമെന്ന യാഗമര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുകയും തദ്വാരാ ദൈവികമായ വിടുതല്‍ അവന് ഞാന്‍ കാണിച്ചുകൊടുക്കുമാറ് അവന്‍ വഴിയൊരുക്കുകയും ചെയ്യുന്നു” (NIV).

ആത്മാര്‍ത്ഥമായ സ്തോത്രാര്‍പ്പണം കൊണ്ട് യുദ്ധത്തില്‍ വിജയം കരസ്ഥമാക്കുകയും ബന്ധനങ്ങളില്‍ നിന്നു  സ്വാതന്ത്ര്യം നേടുകയും ആപത്തില്‍ നിന്നു വിടുതല്‍ പ്രാപിക്കയും ചെയ്ത ഒട്ടനേകം സംഭവങ്ങള്‍ തിരുവെഴുത്തില്‍ നാം വായിക്കുന്നുണ്ട്. അമ്മോന്യര്‍, മോവാബ്യര്‍, സെയീര്‍പര്‍വതനിവാസികള്‍ എന്നു മൂന്നു ജാതിക്കാരുടെ സംയുക്തമായ ഒരാക്രമണത്തില്‍ സമുദ്രം പോലെ പരന്നുകാണപ്പെട്ട ശത്രുസൈന്യത്തെ യഹോശാഫാത്ത് രാജാവ് സ്തോത്രഗാനം കൊണ്ടുമാത്രം തോല്‍പിച്ച സംഭവം 2ദിന. 20ല്‍ നാം കാണുന്നു. മൂന്നുദിവസം മത്സ്യത്തിന്‍റെ വയറ്റില്‍ കഴിഞ്ഞ യോനാ ഒടുവില്‍ തന്‍റെ നിസ്സഹായത മനസ്സിലാക്കി ദൈവത്തെ സ്തുതിച്ചപ്പോള്‍ മത്സ്യം അദ്ദേഹത്തെ സുരക്ഷിതനിലയില്‍ കരയ്ക്കു ഛര്‍ദ്ദിച്ചു (യോനാ. 2). അര്‍ദ്ധരാത്രിക്കു പൗലോസും ശീലാസും ദൈവത്തെ പാടിസ്തുതിച്ചപ്പോള്‍ കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി; വാതിലുകള്‍ താനേ തുറന്നു; ചങ്ങല അഴിഞ്ഞുവീണു. എല്ലാ വാതിലുകളെയും തുറക്കുകയും, ചങ്ങലകളെ അഴിക്കുകയും, ബന്ധനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഈ ദൈവികമാര്‍ഗ്ഗം നമുക്കും സ്വീകരിക്കാം. ഇനി നമ്മുടെ ശേഷിക്കുന്ന ജീവിതകാലത്ത് എല്ലായ്പ്പോഴും എല്ലാറ്റിനുവേണ്ടിയും ദൈവത്തെ ആത്മാര്‍ത്ഥമായി സ്തുതിക്കുക എന്ന പുതിയ പാട്ട് പഠിച്ച് ഒടുവില്‍ ക്രിസ്തുവിന്‍റെ കാന്തയെന്ന തേജോമയമായ പദവിയിലെത്തുവാന്‍ നമുക്ക് ജാഗരിക്കാം.

12. ക്രിസ്ത്യാനി എന്തുകൊണ്ട് പാപത്തില്‍ വീഴുന്നു?

ഒരു ക്രിസ്ത്യാനി എന്തുകൊണ്ട് പാപത്തില്‍ വീഴുന്നു?

ഇതിനുള്ള കാരണങ്ങളെപ്പറ്റി ചിന്തിക്കുന്നതിനുമുമ്പ് പരീക്ഷിക്കപ്പെടുന്നതും പാപം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വ്യക്തമായ ഒരു ധാരണ നമുക്കുണ്ടാകേണ്ടത് ആവശ്യമാണ്. ഒരുവന്‍ സ്വന്തജഡത്തിലുള്ള മോഹങ്ങളാല്‍ ആകൃഷ്ടനായി വശീകരിക്കപ്പെടുമ്പോഴാണ് പരീക്ഷയിലകപ്പെടുന്നതെന്ന് യാക്കോ. 1:14,15 വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഒരുവന്‍റെ മനസ്സ് ആ പരീക്ഷയ്ക്ക് അഥവാ വശീകരണത്തിനു സമ്മതം നല്‍കുമ്പോള്‍ അയാളുടെ ഹൃദയത്തില്‍ മോഹം ഗര്‍ഭം ധരിക്കുകയും അതു പാപത്തെ പ്രസവിക്കുകയും ചെയ്യുന്നു.

നമ്മുടെ പഴയമനുഷ്യന്‍ (അതായത് ജഡത്തിന്‍റെ പ്രേരണയോട് അനുകൂലിക്കുന്ന നമ്മുടെ മനസ്സ്) ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു (റോമര്‍. 6:6) എന്ന മഹത്വകരമായ സത്യം നാം മനസ്സിലാക്കുമ്പോള്‍, നമുക്കു വിശ്വാസത്താല്‍ ആ പഴയ മനുഷ്യനെ ഉരിഞ്ഞുകളയുവാന്‍ സാധിക്കും. അപ്പോള്‍ നാം പാപം ചെയ്യുന്നതില്‍ നിന്നു വിരമിക്കും; അങ്ങനെ നാം ദൈവത്തില്‍ നിന്നു ജനിച്ചവരാണെന്നു തെളിയും (1യോഹ. 3:9). എന്നാല്‍ പിന്നെയും നാം പരീക്ഷിക്കപ്പെടും. എങ്കിലും നമ്മുടെ മനസ്സ് (പുതിയ മനുഷ്യന്‍) പിന്നീടു ജഡത്തിന്‍റെ പ്രേരണയോട് അനുകൂലിക്കുകയില്ല.

എന്നാല്‍ നാം പാപം ചെയ്യുന്നതില്‍ നിന്നു വിരമിച്ചാലും പിന്നെയും പാപത്തില്‍ വീഴാന്‍ (അതായത് തെറ്റില്‍ അകപ്പെട്ടുപോകാന്‍  ഗലാ. 6:1) സാധ്യതയുണ്ട്. ഇതാണു പാപം ചെയ്യുന്നതും പാപത്തില്‍ വീഴുന്നതും തമ്മിലുള്ള വ്യത്യാസം (difference between committing sin and falling).

ജഡം നമ്മുടെ ആദ്യഭര്‍ത്താവാണ്. വീണ്ടും ജനനം പ്രാപിക്കുന്നതിനുമുമ്പ് നാം അതുമായി വിവാഹബന്ധത്തിലായിരുന്നു (റോമര്‍. 7:4,5). എന്നാലിപ്പോള്‍ ആ ബന്ധത്തിനു നാം മരിച്ചവരായിത്തീര്‍ന്നിരിക്കുന്നു. എങ്കിലും ജഡം പിന്നെയും നിലനില്‍ക്കുന്നുണ്ട്; പിന്നെയും നമ്മെ വശീകരിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവെന്ന നമ്മുടെ കാന്തനോടു വിശ്വസ്തരായി ജീവിക്കുവാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. ഇനിമേല്‍ ജഡത്തിന്‍റെ മോഹങ്ങള്‍ക്കധീനരായി ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല. ജഡവുമായി വ്യഭിചാരകര്‍മ്മത്തില്‍ നാം ഏര്‍പ്പെടുന്നില്ല. അപ്രകാരം ചെയ്യുന്നപക്ഷം നാം വ്യഭിചാരിണികളായിത്തീരും (യാക്കോ. 4:4 നോക്കുക). അപ്പോള്‍ നാം ക്രിസ്തുവിന്‍റെ കാന്തയാകാതെ വെളി. 17:5ല്‍ പറയുന്ന വേശ്യയുടെ ഭാഗമായിത്തീരും. എന്നാല്‍ ഒരു സ്ത്രീ സ്വമനസ്സാലെ ഒരു പുരുഷന് അധീനയായിത്തീരാത്തപ്പോള്‍ തന്നെയും ബലാല്‍സംഗത്തിനധീനയായാല്‍ ഗര്‍ഭം ധരിക്കാനിടയുണ്ടല്ലോ. പക്ഷേ അപ്രകാരം സംഭവിക്കുമ്പോള്‍, അവള്‍ സ്വമനസാ അധീനയായിത്തീര്‍ന്നിരുന്നെങ്കില്‍ എത്രമാത്രം പതിതയാകുമായിരുന്നോ അത്രയും തന്നെ പാതിത്യം അവള്‍ക്കു ഭവിക്കുന്നില്ല. പാപത്തില്‍ വീഴുന്നതും പാപം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം കാണിക്കുവാനുപകരിക്കുന്ന ഒരു ദൃഷ്ടാന്തമാണിത്. പാപം ചെയ്യുമ്പോള്‍ നാം തെറ്റായതിനെ സ്വമനസാ തിരഞ്ഞെടുക്കുകയും ജഡത്തിനു നമ്മെത്തന്നെ അധീനരാക്കുകയും ചെയ്യുന്നു. പാപത്തില്‍ വീഴുമ്പോഴാകട്ടെ, ജഡത്തിന്‍റെ മോഹങ്ങള്‍ക്ക് നാം അറിയാതെ അധീനരായിത്തീര്‍ന്നുപോകുകയാണ്.

എന്നാല്‍ പാപം ചെയ്യുന്നതുപോലെ പാപത്തില്‍ വീഴുന്നതു ഗൗരവാവഹമല്ലെങ്കിലും ഫലത്തില്‍ വ്യത്യാസം ഉണ്ടാകുന്നില്ല. എന്തെന്നാല്‍ ഒരു ഗര്‍ഭധാരണം നടക്കുകയും അങ്ങനെ മോഹം പാപത്തെ പ്രസവിക്കുകയും ചെയ്യുന്നു. എന്നാല്‍ പുതിയനിയമം നമുക്കു നല്‍കുന്ന വാഗ്ദാനം ഇതാണ്: (പാപത്തില്‍) വീഴാതവണ്ണം നമ്മെ സൂക്ഷിക്കുവാന്‍ യേശുവിനു കഴിയും (യൂദാ. 24). ഇതാണു വിജയജീവിതം. തല്‍ഫലമായി ദൈവകൃപ പാപത്തില്‍ വീഴാതെ നമ്മെ സൂക്ഷിക്കുന്നു.

നിങ്ങള്‍ പാപം ചെയ്യുന്നതില്‍ നിന്നു വിരമിച്ചുവെങ്കിലും പിന്നെയും പാപത്തില്‍ വീണുകൊണ്ടിരിക്കുന്നുവെങ്കില്‍  അതു താഴെപ്പറയുന്ന ഏതെങ്കിലും ചില കാരണങ്ങള്‍ മൂലമായിരിക്കാം:

1. ദൈവഭയമില്ലായ്മ

ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭമാണ് (സദൃ. 1:7;9:10). ജ്ഞാനത്തിന്‍റെ പാഠശാലയില്‍ നാം ആദ്യം അഭ്യസിക്കേണ്ടത് ഈ പാഠം തന്നെ. നാം അക്ഷരമാല പഠിക്കുന്നില്ലെങ്കില്‍ വിജ്ഞാനമാര്‍ഗ്ഗത്തില്‍ മുന്നോട്ടു കടക്കുവാന്‍ നമുക്കു സാധ്യമല്ല. യഹോവാഭക്തി (The fear of the Lord  ദൈവഭയം) ദോഷത്തെ വെറുക്കുന്നതാകുന്നു (സദൃ. 8:13). എന്തെന്നാല്‍ ദൈവം തന്നെ ദോഷത്തെ വെറുക്കുന്നവനാണ്. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരാകുവിന്‍” എന്ന ആഹ്വാനം നാം കേട്ട് അതിനാല്‍ പിടിക്കപ്പെട്ടവരാകുമ്പോള്‍ നാം പാപത്തെ വെറുക്കും.

പല വിശ്വാസികളും തങ്ങള്‍ മറ്റുള്ളവരുടെ മുമ്പിലായിരിക്കുമ്പോള്‍ കോപം, ദുര്‍മ്മോഹം മുതലായ ചില പാപങ്ങളെ ജയിക്കുവാന്‍ കഴിവുള്ളവരായിത്തീരുന്നു. കാരണം, തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കുള്ള മതിപ്പു നഷ്ടപ്പെടുന്നതിനെപ്പറ്റി അവര്‍ ഭയപ്പെടുന്നു. എങ്കിലും അവര്‍ തനിച്ചാകുമ്പോള്‍ ഇതേ പാപങ്ങളില്‍ത്തന്നെ അവര്‍ നിഷ്പ്രയാസം അകപ്പെട്ടുപോകുന്നു. അതിനാല്‍ ഈ പാപങ്ങളെ ജയിക്കുവാന്‍ കഴിവില്ലാത്തതുകൊണ്ടല്ല, പിന്നെയോ ദൈവത്തെ ഭയപ്പെടുന്നതിലധികം സ്വന്തം പ്രശസ്തിക്കു അവര്‍ വിലകല്‍പിക്കുന്നതുകൊണ്ടാണ് അവര്‍ പാപത്തില്‍ വീഴുന്നത്. ദൈവത്തിന്‍റെ അഭിപ്രായത്തെക്കാളധികം മനുഷ്യരുടെ അഭിപ്രായത്തിന് അവര്‍ വില കല്‍പിക്കുന്നു. ഇപ്രകാരമുള്ള ക്രിസ്ത്യാനികള്‍ സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചാരാധിക്കുന്നവരാണ് (റോമര്‍. 1:25). അതിനാല്‍ അവര്‍ പൂര്‍ണ്ണഹൃദയത്തോടെ പശ്ചാത്തപിച്ച് ദൈവത്തെ നോക്കി ‘ദൈവഭയമെന്ന ഈ പ്രാരംഭപാഠം ഞങ്ങളെ പഠിപ്പിക്കണമേ’ എന്നു നിലവിളിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ ദൈവഭയത്തിനു വേണ്ടി ശബ്ദമുയര്‍ത്തി നിലവിളിക്കുകയും അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുകയും ചെയ്യുന്നപക്ഷം, ദൈവം ഈ പ്രാരംഭപാഠം നിങ്ങളെ പഠിപ്പിക്കും. ഇതാണ് ദൈവവചനം നമുക്കു നല്‍കുന്ന വാഗ്ദാനം (സദൃ. 2:35;മത്താ. 5:6). “പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും” (യിരെ. 29:13). തങ്ങളുടെ പാപങ്ങളെക്കുറിച്ചു ദുഃഖിച്ചു വിലപിക്കുന്നവര്‍ക്കു മാത്രമേ ആശ്വാസദായകനായ ദൈവത്തില്‍ നിന്ന് ആശ്വാസവും ബലവും ലഭിക്കുകയുള്ളു.

ദൈവത്തിന്‍റെ കണ്ണുകള്‍ക്കു മുമ്പാകെ ജീവിക്കുന്നതിനുള്ള ഒരു പരിശീലനം നാം സമ്പാദിക്കേണ്ടിയിരിക്കുന്നു.

ചിന്താജീവിതം (thought life) എന്ന ഒരു രഹസ്യമണ്ഡലം ദൈവം നമുക്കു നല്‍കിയിട്ടുള്ളതിന്‍റെ ഉദ്ദേശ്യം എന്താണ്? നാം അവിടുത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്നു നമ്മെ ശോധന ചെയ്യുന്നതിനുവേണ്ടിയാണ് ദൈവം അപ്രകാരം ചെയ്തിട്ടുള്ളത്. മറ്റുള്ളവരുടെ മുമ്പാകെയുള്ള നമ്മുടെ മാനത്തെപ്പറ്റി മാത്രമേ നാം ചിന്തിക്കുന്നുള്ളുവെങ്കില്‍, നമ്മുടെ ചിന്താമണ്ഡലത്തില്‍ പാപം ചെയ്യുന്നതിനെ പ്പറ്റി നാം ഭയമില്ലാത്തവരായിത്തീര്‍ന്നുപോകും. ഇപ്രകാരം പാപത്തിന്‍റെമേല്‍ പുറമേയുള്ള ഒരു വിജയം നേടുന്നതും അകമേ സമ്പൂര്‍ണ്ണമായ വിജയം നേടുന്നതും തമ്മിലുള്ള വ്യത്യാസം ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്നു. പുറമേയുള്ള പാപത്തെപ്പറ്റി നാം നിലവിളിക്കുന്നതുപോലെതന്നെ ചിന്താജീവിതത്തിലുള്ള പാപത്തെപ്പറ്റിയും നാം നിലവിളിക്കുന്നപക്ഷം പാപത്തിന്മേല്‍ വിജയമുള്ള ഒരു ജീവിതത്തിലേക്ക് വളരെവേഗം പ്രവേശിക്കുവാന്‍ നമുക്കു കഴിയും.

2. വിശ്വാസമില്ലായ്മ

ക്രിസ്തീയജീവിതത്തിലെ എല്ലാ പുരോഗതിയും വിശ്വാസത്താല്‍ ആണ്. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും (റോമര്‍. 1:17). അങ്ങനെ വിശ്വാസത്താല്‍ ജീവിക്കുന്നവരുടെ ജീവിതപാത പ്രഭാതത്തിന്‍റെ വെളിച്ചം പോലെയാണ്; മുന്നോട്ടു പോകുന്തോറും അത് അധികമധികം ശോഭാപൂര്‍ണ്ണമായിത്തീര്‍ന്നുകൊണ്ടിരിക്കും (സദൃ. 4:18).

പാപക്ഷമ പ്രാപിക്കുവാനുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായേക്കാം. മാത്രമല്ല, പഴയമനുഷ്യനെ ഉരിഞ്ഞുകളയുവാനും തദ്വാരാ പാപം ചെയ്യുന്നതില്‍നിന്നു വിരമിക്കുവാനും ആവശ്യമായ വിശ്വാസവും നിങ്ങള്‍ക്കു ലഭിച്ചിരിക്കാം. എന്നാല്‍ പാപത്തില്‍ വീഴാതെ നിങ്ങളെ സൂക്ഷിക്കുവാന്‍ യേശുവിനു കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്ക് ഉണ്ടായില്ല എന്നു വരാം. കാദേശ് ബര്‍ന്നേയയിലെത്തിയ യിസ്രായേല്‍ക്കാരെപ്പോലെ ദേശത്തിലെ (നമ്മുടെ ജഡത്തിലെ) മല്ലന്മാരെ കാണുമ്പോള്‍ അവിശ്വാസം നിറഞ്ഞ ദുഷ്ടഹൃദയമുള്ളവരായിത്തീര്‍ന്ന് വാഗ്ദത്തദേശത്തു പ്രവേശിക്കുവാന്‍ കഴിവില്ലാതെ നാം തളര്‍ന്നുപോയേക്കാം.

ദൈവരാജ്യത്തെ സംബന്ധിച്ച സുപ്രധാന നിയമങ്ങളിലൊന്ന് “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കും” എന്നതാണ് (മത്താ. 9:29). ഒട്ടും കുറവുമില്ല, ഒട്ടും കൂടുതലുമില്ല. ദൈവത്തിനു മുഖപക്ഷമില്ല. വിശ്വാസത്തോടെ തന്നെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്ന് പ്രതിഫലം നല്‍കുന്നു (എബ്രാ. 11:6). അതിനാല്‍ വാഗ്ദത്തദേശമായ കനാനില്‍ പ്രവേശിച്ച യോശുവായെയും കാലേബിനെയും പോലെ വിശ്വാസമുള്ള ചിലര്‍ വിജയജീവിതത്തിലേക്കു പ്രവേശിക്കുന്നു; അതേസമയം മറ്റുപലരും പരാജയത്തില്‍ തുടരുന്നു. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതാണ്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ. കാരണം, ചുരുക്കം പേരേ ദൈവത്തെ ഭയപ്പെടുന്നുള്ളു. വിശ്വാസവും ചുരുക്കം പേര്‍ക്കുമാത്രമേ ഉള്ളു. യേശു തന്‍റെ പിതൃനഗരത്തില്‍ ചെന്നപ്പോള്‍ അവിടെയുള്ളവരുടെ അവിശ്വാസം നിമിത്തം വളരെക്കുറച്ചു വീര്യപ്രവൃത്തികള്‍ മാത്രമേ ചെയ്യുവാന്‍ അവിടുത്തേക്കു കഴിഞ്ഞുള്ളു. അവിടെയുള്ള രോഗികളെ സൗഖ്യമാക്കുവാന്‍ കര്‍ത്താവുതന്നെ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവരുടെ അവിശ്വാസം കര്‍ത്താവിനെ അതിന് അനുവദിക്കാതെ അവിടുത്തെ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തി. ഇന്നും ഇതുപോലെതന്നെ സംഭവിക്കുന്നു. നമുക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു; എങ്കിലും നമ്മുടെ വിശ്വാസരാഹിത്യം മൂലം അതൊന്നും ചെയ്യുവാന്‍ അവിടുത്തേക്കു കഴിയുന്നില്ല.

വിശ്വാസമെന്നത് ബുദ്ധിപരമായ സമ്മതത്തെക്കാള്‍ വലിയ ഒരു കാര്യമാണ്. പാപത്തില്‍ വീഴാതെ ആളുകളെ കാക്കുവാന്‍ യേശുവിനു കഴിയും എന്നു വിശ്വസിക്കുന്നത് ഒരു കാര്യമാണ്; എന്നാല്‍ വീഴാതവണ്ണം നിങ്ങളെ സൂക്ഷിക്കുവാന്‍ അവിടുത്തേക്കു കഴിയുമെന്നു വിശ്വസിക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമത്രേ. ആദ്യം പറഞ്ഞത് സാത്താനുപോലുമുള്ള ഒരു മാനസികഗുണവിശേഷമാണ്; എന്നാല്‍ രണ്ടാമതു പറഞ്ഞതാകട്ടെ, പാപത്തിന്മേല്‍ നമുക്കു വിജയം സമ്പാദിച്ചുതരാന്‍ കഴിവുള്ള, ഹൃദയത്തിന്‍റേതായ ഒരു ആത്മീയഗുണവിശേഷമാണ്.

“പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ല” എന്നതാണ് ദൈവത്തിന്‍റെ വാഗ്ദാനം (റോമര്‍. 6:14). ഇതു വിശ്വസിക്കുക. നിങ്ങള്‍ വീഴുമ്പോള്‍ ദൈവവാഗ്ദാനം മാറ്റമില്ലാത്തതാണെന്നും അതു  സുസ്ഥിരമായി നിലനില്‍ക്കുന്നുവെന്നും ഓര്‍ക്കുക. എഴുന്നേറ്റ് ദൈവവചനത്തിലുള്ള നിങ്ങളുടെ പ്രത്യാശ ഏറ്റുപറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ടു പോകുക. ഒരിക്കല്‍ ഈ പ്രത്യാശ വിശ്വാസമായി മാറുകയും വിജയജീവിതം നിങ്ങളുടേതായിത്തീരുകയും ചെയ്യും.

3. ജഡത്തിന്‍റെ ബലഹീനത മനസ്സിലാക്കാതെയിരിക്കുക

നമ്മുടെ ജഡം ദൈവഹിതം ചെയ്യുവാന്‍ അശേഷംപോലും കഴിവില്ലാത്തതാണ്. ഈ വസ്തുത യേശു വ്യക്തമായി പഠിപ്പിച്ചു (മത്താ. 26:41). പൗലോസ് ഇതു മനസ്സിലാക്കുകയും, “എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു” എന്നു സമ്മതിച്ചേറ്റുപറകയും ചെയ്തു (റോമര്‍. 7:18). ഈ കാര്യം പൂര്‍ണ്ണമായും അറിയുന്ന ഒരു വ്യക്തി കുറഞ്ഞപക്ഷം രണ്ടു കാര്യങ്ങള്‍ ചെയ്യും: അയാള്‍ പരീക്ഷ വരുന്ന സമയത്തു പാപം വിട്ടോടും; ദൈവത്തില്‍ നിന്നുള്ള സഹായത്തിനായി ജാഗ്രതയോടെ വിളിച്ചപേക്ഷിക്കുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങളും ഒരുവന്‍ ചെയ്യാതിരുന്നാല്‍ അയാളുടെ ജഡത്തിന്‍റെ ബലഹീനതയെപ്പറ്റി അയാള്‍ക്കു പൂര്‍ണ്ണബോധ്യം വന്നിട്ടില്ല എന്നു വ്യക്തമാണ്.

“പരീക്ഷയിലേക്ക് ഞങ്ങളെ കടത്തരുതേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചു (മത്താ. 6:13). നമ്മുടെ ജഡം ബലഹീനമാണെന്നു നമുക്കറിവുള്ളതിനാല്‍ നാം പൂര്‍ണ്ണഹൃദയത്തോടെ ഈ വിധത്തില്‍ പ്രാര്‍ത്ഥിക്കുന്നു. തിമോഥെയോസിനെപ്പോലെ അസാധാരണനായ ഒരു ദൈവദാസനോടുപോലും യൗവ്വനമോഹങ്ങളെയും ദ്രവ്യാഗ്രഹത്തെയും വിട്ടോടുവാന്‍ പൗലോസ് പ്രബോധിപ്പിച്ചു (2തിമോ. 2:22; 1തിമോ. 6:10,11). ക്രിസ്തീയജീവിതത്തില്‍ ഇത്രത്തോളം വളര്‍ന്നുകഴിഞ്ഞ തിമോഥെയോസിന് ഈ വിഷയങ്ങളില്‍ പരീക്ഷയുണ്ടാകുവാനിടയില്ലെന്ന് ഒരുവന്‍ ചിന്തിച്ചേക്കാം. എന്നാല്‍ അദ്ദേഹത്തിനു പരീക്ഷയുണ്ടാകുവാന്‍ സാധ്യമാണെന്നു പൗലോസിനറിയാമായിരുന്നു. അതിനാല്‍ പരീക്ഷയില്‍ നിന്ന് ഓടിയകന്നുകൊള്ളുവാന്‍ പൗലോസ് അദ്ദേഹത്തെ പ്രബോധിപ്പിച്ചു. തന്‍റെ ജഡം ബലഹീനമാണെന്നറിയുന്നവന്‍ ഈ പ്രബോധനം പൂര്‍ണ്ണഹൃദയത്തോടെ അനുസരിക്കും.

മാത്രമല്ല, തന്‍റെ ബലഹീനത മനസ്സിലാക്കുന്ന ഒരുവന്‍ അതിന്‍റെ പരിഹാരത്തിനാവശ്യമായ സഹായവും കൃപയും ലഭിക്കുവാന്‍ ദൈവത്തോടു നിലവിളിക്കുകയും ചെയ്യും. യേശു നമ്മുടെ ജഡത്തില്‍ വരികയും എല്ലാ കാര്യങ്ങളിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെടുകയും ചെയ്തു. എങ്കിലും അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്തില്ല (എബ്രാ. 4:15). അവിടുന്നു തന്‍റെ ജഡത്തിന്‍റെ തികഞ്ഞ ബലഹീനത മനസ്സിലാക്കുകയും മരണത്തില്‍ നിന്നുള്ള വിടുതലിനായി ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് പാപം ചെയ്യാതെ ജീവിക്കുവാന്‍ അവിടുത്തേക്കു സാധിച്ചത് (എബ്രാ. 5:7). ഒരേയൊരു മരണത്തില്‍ നിന്നു മാത്രമേ താന്‍ വിടുവിക്കപ്പെടണമെന്ന് യേശു ആഗ്രഹിച്ചുള്ളു. പാപം ചെയ്യുന്നതിന്‍റെ ഫലമായി സംഭവിക്കുന്ന മരണമാണത്. യാക്കോ. 1:15ല്‍ ആ മരണത്തെപ്പറ്റി പറയുന്നുണ്ട്. യേശു പ്രാര്‍ത്ഥിക്കുകയും ഈ മരണത്തെ ജയിക്കുകയും ചെയ്തു. തന്‍റെ ബലഹീനതയെപ്പറ്റി കര്‍ത്താവിന് അറിവുണ്ടായിരുന്നതിനാല്‍ അവിടുന്ന് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. തന്മൂലം ഒരിക്കലും പാപം ചെയ്യാതെ ജീവിക്കുന്നതിനുള്ള സഹായം അവിടുന്ന് ദൈവത്തില്‍ നിന്നു പ്രാപിക്കുകയും ചെയ്തു. അവിടുത്തെ ബലഹീനതയില്‍ ദൈവത്തിന്‍റെ ശക്തി തികഞ്ഞുവന്നു. നാമെല്ലാം ബലഹീനരാണ്; എങ്കിലും എല്ലാവര്‍ക്കും ഈ ബലഹീനതയെപ്പറ്റി ബോധ്യമില്ല. ബലഹീനനായ ഒരു മനുഷ്യന്‍ തന്നെ നേരിടുന്ന ആപത്തു മനസ്സിലാക്കുമ്പോള്‍ അതില്‍നിന്ന് ഓടി രക്ഷപെടുന്നു. എന്നാല്‍ താന്‍ ശക്തനെന്നു സ്വയം കരുതുന്ന ഒരുവന്‍ തന്നെക്കുറിച്ചു തന്നെയുള്ള ഉന്നതചിന്തകള്‍ നിമിത്തം ആപത്തിനെ വിട്ടോടുന്നില്ല; അവന്‍ സഹായത്തിനായി നിലവിളിക്കുന്നുമില്ല. ഫലമോ, അവന്‍ ആപത്തില്‍പെട്ടു നശിക്കുവാന്‍ ഇടവരുന്നു.

നമ്മുടെ ജഡത്തിലെ ബലഹീനത മനസ്സിലാക്കുകയും തന്മൂലം പരീക്ഷയില്‍ നിന്ന് ഓടിരക്ഷപെടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥവിനയം. അങ്ങനെയുള്ള വിനയശാലികള്‍ക്കു മാത്രമേ ദൈവകൃപ ലഭിക്കുകയുള്ളു. എന്തെന്നാല്‍ താഴ്മയുള്ളവര്‍ക്കുമാത്രം കൃപ നല്‍കുന്നവനാണ് ദൈവം (1പത്രോ. 5:5; യാക്കോ. 4:6).

4. കഷ്ടം സഹിക്കുവാന്‍ മനസ്സില്ലായ്മ

പാപം ചെയ്യുന്നതില്‍ ഒരു സന്തോഷമുണ്ട്. എന്നാല്‍ അതു വഞ്ചനാത്മകവും താല്‍കാലികവുമാണ് (എബ്രാ. 3:13;11:24). ഈ സന്തോഷത്തിന്‍റെ വിപരീതഭാവമാണ് കഷ്ടാനുഭവം. പാപത്തിന്‍റെ സന്തോഷം നമ്മുടെ ജഡത്തിനു നാം നിരസിക്കുമ്പോള്‍ ഒരു കഷ്ടത നമുക്ക് അനുഭവപ്പെടുന്നു. ക്രിസ്തു ജഡത്തില്‍ ഈ കഷ്ടം സഹിച്ചു. നാമും ആ ഭാവം തന്നെ ആയുധമായി ധരിക്കുന്നപക്ഷം നമുക്കും ജീവിതകാലം മുഴുവന്‍ പാപം വിട്ടൊഴിഞ്ഞ് ദൈവഹിതം ചെയ്തുകൊണ്ടു ജീവിക്കുവാന്‍ സാധിക്കുമെന്ന് ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നു (1പത്രോ. 4:12). ജഡത്തില്‍ കഷ്ടം സഹിക്കുക എന്നു പറഞ്ഞാല്‍ ഭൗതികമോ ശാരീരികമോ ആയ പീഡനം സഹിക്കുക എന്നല്ല അതിന്‍റെ അര്‍ത്ഥം. എന്തെന്നാല്‍ ആ വഴിയിലൂടെ ആരും പാപം വിട്ടൊഴിഞ്ഞവരായിത്തീര്‍ന്നിട്ടില്ല. ജഡത്തിന് അതിന്‍റെ മോഹങ്ങളെ നാം നിരസിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന പീഡനത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. യേശു ഒരിക്കലും തന്നെത്തന്നെ പ്രസാദിപ്പിക്കാതിരുന്നതുപോലെ നാമും നമ്മെത്തന്നെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നില്ല (റോമര്‍. 15:13). ഇപ്രകാരം നാം ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ പങ്കുള്ളവരായിത്തീരുന്നു.

ജഡത്തില്‍ കഷ്ടം സഹിക്കുവാനുള്ള ഒരു ദൃഢനിശ്ചയം യുദ്ധദിവസത്തില്‍ നമ്മുടെ ആയുധമായിരിക്കും എന്നു പത്രോസ് പറയുന്നു. എന്നാല്‍ യുദ്ധമാരംഭിക്കുന്നതിനു മുമ്പ് ആ ആയുധം നാം കൈവശമാക്കിയിരിക്കണം. പാപം ചെയ്വാനുള്ള പ്രലോഭനം (പരീക്ഷ) ആരംഭിച്ചതിനുശേഷം ഈ ആയുധം തേടിപ്പോവുക എന്നത് നിഷ്പ്രയോജനമാണ്. എന്തെന്നാല്‍ ആ സമയത്ത് അതു കണ്ടെത്തുവാന്‍ സാധ്യമല്ല. നേരേമറിച്ച് യുദ്ധമാരംഭിക്കുന്നതിനുമുമ്പ് ആയുധം സജ്ജീകരിച്ചിരിക്കണം. ഈ ആയുധം  അതായത് ഒരു പാപചിന്തയില്‍നിന്നു ലഭിക്കാവുന്ന ചെറിയ സന്തോഷം പോലും സ്വീകരിക്കാതെ തന്നെത്താന്‍ ത്യജിക്കമൂലം കഷ്ടമനുഭവിക്കുവാനുള്ള  ദൃഢ നിശ്ചയം  ഒരുവന്‍ സ്വായത്തമാക്കിയിട്ടില്ലെങ്കില്‍, അയാള്‍ പരീക്ഷയുടെ സന്ദര്‍ഭത്തില്‍ പിന്മാറുകയും പാപത്തില്‍ വീണുപോകയും ചെയ്യാനിടയാകും (എബ്രാ. 10:38).

എന്നാല്‍ പാപം ചെയ്യുന്നതിനെക്കാള്‍ മരണമാണ് എനിക്കു കൂടുതല്‍ സ്വീകാര്യമെന്ന ഉറച്ച നിലപാടു നമുക്കുണ്ടെങ്കില്‍, അങ്ങനെ മരണത്തോളം അനുസരണമുള്ളവരായി നാം തീരുന്നുവെങ്കില്‍, അപ്പോള്‍ പോരാട്ടത്തിന്‍റെ ദിവസത്തില്‍ ഈ ആയുധം നമുക്കു ബലം നല്‍കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യും.

ഉദാഹരണമായി നാം ഭൗതികവസ്തുക്കളെ സ്നേഹിക്കുന്നവരാണെങ്കില്‍ നമുക്കു ഭൗതികമായി ചില നഷ്ടങ്ങളുണ്ടാകുകയോ നമ്മുടേതായ വസ്തുവകകളിലേതെങ്കിലും ഒരാള്‍ കേടുവരുത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോള്‍ പെട്ടെന്നു നമ്മുടെ സമാധാനം നഷ്ടമാവുകയും നാം പാപത്തില്‍ വീഴുകയും ചെയ്യും. നേരേ മറിച്ച് ദൈവം സകലവും നമ്മുടെ നന്മയ്ക്കായി ക്രമീകരിക്കുന്നുവെന്ന് വിശ്വസിച്ചു കൊണ്ട് (റോമര്‍. 8:28) ജഡത്തില്‍ കഷ്ടമനുഭവിക്കുക എന്ന മാര്‍ഗ്ഗമാണ് നാം തിരഞ്ഞെടുത്തിട്ടുള്ളതെങ്കില്‍ നമ്മുടെ വസ്തുവകകളുടെ അപഹാരം പോലും സന്തോഷത്തോടെ സഹിക്കുന്നവരായി നാം തീരും (എബ്രാ. 10:34).

5. ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ജാഗ്രത കാണിക്കാത്ത അവസ്ഥ

നമ്മുടെ ക്രിസ്തീയജീവിതത്തില്‍ നാം ഒന്നിനോടൊന്നു കൂട്ടിച്ചേര്‍ത്തു കൊണ്ട് മുന്നോട്ട്, മുന്നോട്ടുതന്നെ, നീങ്ങൂന്നപക്ഷം നാം ഒരിക്കലും ഇടറിപ്പോകയില്ല എന്നു പത്രോസ് പറയുന്നു (2പത്രോ. 1:5-10). ഇപ്രകാരം വീണ്ടും മുന്നോട്ട് പൂര്‍ണ്ണതയിലേക്കു നീങ്ങുന്നതിനുപകരം തങ്ങളുടെ ആത്മീയവളര്‍ച്ചയില്‍ സംതൃപ്തിപൂണ്ട് കഴിഞ്ഞുകൂടുന്നതുകൊണ്ടാണ് പല ക്രിസ്ത്യാനികളും ഇടറിവീണുപോകുന്നത്. “ഒന്നു ഞാന്‍ ചെയ്യുന്നു” എന്നതായിരുന്നു പൗലോസിന്‍റെ മുദ്രാവാക്യം. യേശുവിനെപ്പോലെയായിത്തീരുക എന്ന ലക്ഷ്യത്തിലേക്കു മുന്നേറുക എന്നതായിരുന്നു അദ്ദേഹം ചെയ്തു പോന്ന ആ ഒന്ന് (ഫിലി. 3:13,14). കെട്ടിക്കിടന്നു ദുഷിക്കുന്ന അവസ്ഥയില്‍ (മെേഴിമശേീി) നിന്നും പാപത്തില്‍ നിന്നും ഇത് അദ്ദേഹത്തെ സംരക്ഷിച്ചു. പരീക്ഷയെവിട്ട് ഓടുവാന്‍ മാത്രമല്ല, ദൈവഭക്തി, സ്നേഹം, സൗമ്യത തുടങ്ങിയവയെ പിന്തുടരുവാനും കൂടി അദ്ദേഹം തിമോഥെയോസിനെ പ്രബോധിപ്പിച്ചു (1തിമോ. 6:11;2തിമോ. 2:22).

പലരും പാപം ചെയ്യാതിരിക്കുന്ന ഒരവസ്ഥയില്‍ ചെന്നെത്തുന്നുണ്ടെങ്കിലും പിന്നെയും ചിലപ്പോള്‍ പാപത്തില്‍ വീണുപോകുന്നു. ഇതും കൂടി നീങ്ങിക്കിട്ടുവാന്‍ ആത്മസംതൃപ്തി അവര്‍ക്കു തടസ്സമായിരിക്കുന്നു. അതിനാല്‍ പാപത്തില്‍ വീഴുന്ന അവസ്ഥ അവരുടെ ജീവിതത്തില്‍ തുടരുകയും ചെയ്യുന്നു.

നമ്മുടെ ജഡത്തില്‍ കുടികൊള്ളുന്ന ഗാഢമായ തിന്മയെ കണ്ടെത്തുന്നതില്‍ നമുക്കു പുരോഗതിയുണ്ടാകണമെങ്കില്‍ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും ദൈവത്തിന്‍റെ വെളിച്ചത്തില്‍ നാം നമ്മെത്തന്നെ വിധിക്കേണ്ടത് ആവശ്യമാണ്. ജഡത്തെ തുടരെ മരിപ്പിക്കുന്ന പക്ഷം ദൈവസ്വഭാവത്തില്‍ അധികമധികം പങ്കാളികളായിത്തീരുവാന്‍ നമുക്കു സാധിക്കും.

അങ്ങനെ നമ്മുടെ വിശ്വാസത്തോട് ധാര്‍മ്മികമഹത്വം (virtue  വീര്യം), സഹോദരപ്രീതി, സ്നേഹം തുടങ്ങിയവ മേല്‍ക്കുമേല്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നമുക്കു മുമ്പോട്ടുപോകാം. ആ വിധത്തില്‍ എല്ലായ്പ്പോഴും നമ്മുടെ മനസ്സുകളെ ഉല്‍കൃഷ്ട ചിന്തകളാല്‍ നിറച്ചുകൊണ്ടിരിക്കുന്നപക്ഷം (ഫിലി. 4:8) പാപം നിഷ്പ്രയാസം നമ്മുടെ മനസ്സില്‍ പ്രവേശിക്കുകയില്ല. ഒഴിഞ്ഞ മനസ്സാണ് പലപ്പോഴും പരീക്ഷകള്‍ക്കിരയായി വീണുപോകുന്നത്.

6. ദേഹിയുടെ ജീവിതത്തെ സിംഹാസനത്തില്‍നിന്നിറക്കാതെയിരിക്കുക

ആദാമിന്‍റെ എല്ലാ മക്കളിലും മാനുഷികദേഹിയുടെ ജീവിതമാണ് ഭരണം നടത്തുന്നത്. അവര്‍ തങ്ങളുടെ യുക്തിയ്ക്കനുസരിച്ചും സ്വന്തവികാരങ്ങളുടെ വഴിയിലും ജീവിക്കുന്നു. നാം മാനസാന്തരപ്പെട്ടു ജഡത്തിന്‍റെ പാപപ്രവൃത്തികളെ വിട്ടൊഴിയുമ്പോള്‍ നമ്മുടെ ദേഹിയുടെ ജീവിതത്തെക്കൂടി  അതായത് മാനുഷികമായ ചിന്താഗതി, യുക്തിബോധം, വികാരങ്ങള്‍ എന്നിവയെക്കൂടി  സിംഹാസനത്തില്‍ നിന്നിറക്കേണ്ടതാണെന്ന കാര്യം നാം സാധാരണ മനസ്സിലാക്കുന്നില്ല. ഈ കാര്യങ്ങള്‍ നിഷ്ക്കളങ്കവും നിര്‍ദ്ദോഷവുമാണെന്നു നാം കരുതുന്നു. എന്നാല്‍ ഇപ്രകാരം സിംഹാസനത്തില്‍ കയറിയിരിക്കുന്ന ദേഹിയുടെ ജീവിതമാണ് അനേകം ക്രിസ്ത്യാനികളെയും പാപത്തില്‍ വീഴിക്കുന്നത്.

ഉദാഹരണമായി ക്രിസത്യാനികളുടേതായ ഒരു യോഗത്തില്‍ കടിഞ്ഞാണില്ലാതെ ആര്‍ത്തിരമ്പുന്ന വികാരത്തിന്‍റെ വേലിയേറ്റം അസ്വാഭാവികമായ പല പെരുമാറ്റങ്ങള്‍ക്കും പാപത്തിനുതന്നെയും വഴിതെളിക്കുന്നു. വികാരങ്ങളില്‍ ജീവിക്കുക എന്നതും ആത്മാവില്‍ ജീവിക്കുക എന്നതും ഒന്നല്ല. ഭൂമിയും സ്വര്‍ഗ്ഗവും പോലുള്ള വ്യത്യാസം ഇവ തമ്മിലുണ്ട്. വികാരതീക്ഷ്ണതയുള്ള ഒരു യോഗം ആത്മീയതീക്ഷ്ണതയുള്ള യോഗമായിരിക്കണമെന്നില്ല. കാരണം, അത്തരമൊരന്തരീക്ഷത്തില്‍ നിന്നും പുറത്തേക്കുപോകുന്ന പലയാളുകളും തൊട്ടടുത്ത സന്ദര്‍ഭത്തില്‍ പാപം ചെയ്യുവാന്‍ പ്രേരിതരായിത്തീരുന്നതു പതിവാണ്.

ഇതുപോലെ നമ്മുടെ ബുദ്ധിയും നമ്മെ വഞ്ചിക്കുവാന്‍ ഇടയുണ്ട്. ഭൂരിപക്ഷം ക്രിസ്ത്യാനികളും തങ്ങളുടെ ബുദ്ധിയെ സ്വന്തജീവിതത്തിന്‍റെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതുമൂലം ദൈവികകാര്യങ്ങളെ തങ്ങളുടെ മാനുഷിക ചിന്തയിലും യുക്തിബോധത്തിലും കൂടെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു. തല്‍ഫലമായി ഒരുതരം നിര്‍ജ്ജീവമായ വേദപരിജ്ഞാനം മൂലം നിഗളം പൂണ്ടവരായി അവര്‍ പാപത്തില്‍ വീണു പോകുന്നു (1കൊരി. 8:1). ഒരാള്‍ വ്യഭിചാരത്തില്‍ വീഴുന്നതിനെ നാം ഹീനമായി കരുതുന്നതുപോലെ ഒരുവന്‍ നിഗളത്തില്‍ വീഴുന്നതിനെ അത്ര ഹീനമായ ഒരു കാര്യമായി നാം കരുതാറില്ല. തന്മൂലം ഇവരുടെ വീഴ്ച പലപ്പോഴും പ്രകടമായിരിക്കുകയില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതു വ്യഭിചാരത്തില്‍ വീഴുന്നതിനെക്കാള്‍ ഭയാനകമായ ഒരു പതനമാണ്. മാത്രമല്ല, മറ്റു പല പതനങ്ങള്‍ക്കും അതു മുന്നോടിയായിത്തീരുകയും ചെയ്യുന്നു.

7. കൂട്ടായ്മയെ വിലപ്പെട്ടതായിക്കരുതാതിരിക്കുക

വ്യക്തിനിഷ്ഠമായ ക്രിസ്തീയജീവിതം എന്നൊന്ന് പുതിയനിയമത്തില്‍ കാണുന്നില്ല. ഏലിയാവ്, യോഹന്നാന്‍ സ്നാപകന്‍ തുടങ്ങിയ പഴയനിയമപ്രവാചകന്മാര്‍ ഏകാന്തജീവിതം നയിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ അത് ശരീരം നിലവില്‍ വരാതെ നിഴല്‍ മാത്രമുണ്ടായിരുന്ന കാലത്തായിരുന്നു (കൊലോ. 2:17). എന്നാലിപ്പോള്‍ നമുക്കു ക്രിസ്തുവിന്‍റെ ശരീരമുണ്ട്. അതില്‍ നാം നമ്മുടെ സ്ഥാനം കണ്ടെത്തുമ്പോഴാണ് ശിരസ്സായ ക്രിസ്തു നമ്മെ വീഴാതെ സൂക്ഷിച്ചുകൊള്ളുന്നത്. നാം തലയെ മുറുകെപ്പിടിച്ചുകൊണ്ടും ശരീരത്തിലെ മറ്റവയവങ്ങള്‍ക്കു പോഷകരസം ലഭിക്കുവാനുള്ള വഴികള്‍ തുറന്നിട്ടുകൊണ്ടും ജീവിക്കുമ്പോള്‍ മാത്രമാണ് പാപത്തില്‍ നിന്നുള്ള സംരക്ഷണവും ക്രിസ്തീയവളര്‍ച്ചയും നമുക്കു ലഭ്യമാകുന്നതെന്നു പൗലോസ് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (കൊലോ. 2:10).

പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല എന്നു യേശു പറഞ്ഞിട്ടുള്ളത് സഭയെപ്പറ്റിയാണ് (മത്താ. 16: 18). സ്വന്തനിലയില്‍ മാത്രം ജീവിക്കുവാന്‍ ശ്രമിക്കുന്ന ഏകാകിയായ ഒരു ക്രിസ്ത്യാനിയെ സാത്താനു തീര്‍ച്ചയായും തോല്‍പ്പിക്കുവാന്‍ കഴിയും. എന്നാല്‍ ആഴ്ചയില്‍ രണ്ടുവട്ടം ഒരാള്‍ സഭായോഗത്തിനു പോകുന്നതു കൊണ്ടുമാത്രം മതിയാവുകയില്ല. മറ്റ് അംഗങ്ങളുമായ കൂട്ടായ്മയെ നാം വിലമതിക്കുകയും ഒരേ ശരീരമായി നാം സംയോജിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അവയവമായി ഞാന്‍ തീരുമ്പോള്‍ മാത്രമാണ് ശിരസ്സായ ക്രിസ്തുവിന്‍റെ വിജയത്തില്‍ ഞാന്‍ പങ്കാളിയായിത്തീരുന്നത്. എനിക്കു തനിയെ നേരിടുവാന്‍ സാധിക്കാത്തവിധം പ്രതികൂലസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരത്തില്‍ എന്‍റെ സഹപ്രവര്‍ത്തകരായ മറ്റ് അംഗങ്ങള്‍ എനിക്കൊരാവരണമായിത്തീര്‍ന്ന് എന്നെ സംരക്ഷിക്കുന്നു (സഭാ. 4:912). വഞ്ചിക്കപ്പെടാതെയും പാപത്തില്‍ വീഴാതെയും നമ്മെ സൂക്ഷിക്കുവാന്‍ ദൈവം വച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ശരീരത്തില്‍ അംഗങ്ങള്‍ പരസ്പരം നല്‍കുന്ന പ്രബോധനവും പ്രോത്സാഹനവും (എബ്രാ. 3:13). അപ്രകാരമുള്ള ഒരു കൂട്ടായ്മയെ വിലപ്പെട്ടതായിക്കരുതുക. അപ്പോള്‍ പല ഹൃദയനൊമ്പരങ്ങളില്‍ നിന്നും വീഴ്ചകളില്‍ നിന്നും നിങ്ങള്‍ വിടുതല്‍ പ്രാപിക്കും.

ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കുന്ന വസ്തുത ഇതാണ്: നാം ഇനി ഒരിക്കലും വീഴുകയില്ല എന്ന് ഉറപ്പുപറയത്തക്കവണ്ണം ആത്യന്തികമായ നിര്‍ണ്ണയം പ്രാപിക്കുന്ന അനുഭവം ക്രിസ്തീയജീവിതത്തില്‍ ഇല്ലതന്നെ. എന്നാല്‍ ആത്മാവിന്‍റെ ഈ നിയമങ്ങളെ നാം അനുസരിക്കുന്നപക്ഷം അവ നമ്മെ പാപത്തിന്‍റെ ശക്തിയില്‍ നിന്നു സ്വതന്ത്രരാക്കുകയും വീഴാതെ നാം സൂക്ഷിക്കപ്പെടുകയും ചെയ്യും (റോമര്‍. 8:2). അപ്പോള്‍ “ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴൂം ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം” എന്ന അപ്പൊസ്തലന്‍റെ വിജയോല്‍ഘോഷണത്തിന്‍റെ പ്രതിധ്വനി നമ്മുടെ ഹൃദയങ്ങളില്‍ നിന്നു സ്വാഭാവികമായി ഉയര്‍ന്നുവരുകയും ചെയ്യും.

13. നിര്‍ജ്ജീവപ്രവൃത്തികള്‍

പുതിയനിയമം ജഡത്തിന്‍റെ പ്രവൃത്തികളെക്കുറിച്ച് (ഗലാ. 5:19) എന്ന പോലെ നിര്‍ജ്ജീവപ്രവൃത്തികളെപ്പറ്റിയും (എബ്രാ. 6:1) സംസാരിക്കുന്നുണ്ട്. ദുര്‍ന്നടപ്പ്, പിണക്കം, അസൂയ, ക്രോധം തുടങ്ങിയ ജഡത്തിന്‍റെ പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ഒരുനാളും ദൈവരാജ്യം അവകാശമാക്കുകയില്ല. ഒരു ക്രിസ്ത്യാനിക്കു മനസ്സാക്ഷിയാല്‍ കുറ്റം വിധിക്കപ്പെടാതെ ഈ പ്രവൃത്തികള്‍ ചെയ്യുവാന്‍ പ്രയാസമാണ്. അത്ര വ്യക്തമായ രീതിയില്‍ത്തന്നെ പാപമയമാണിവ.

എന്നാല്‍ നിര്‍ജ്ജീവപ്രവൃത്തികളാകട്ടെ, കൂടുതല്‍ വഞ്ചനാത്മകമാണ്. അവ പുറമേ നോക്കിയാല്‍ നല്ല പ്രവൃത്തികളായിരിക്കും; പക്ഷേ ദുഷിച്ച ഒരു കേന്ദ്രത്തില്‍ നിന്നാണ് അവ പുറപ്പെടുന്നത്. നമ്മുടെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ലല്ലോ. അതിനാല്‍ ദൈവദൃഷ്ടിയില്‍ അവ കറപുരണ്ട തുണിപോലെ മലിനമാണ് (റോമര്‍. 7:18; യെശ. 64:6).

അതിനാല്‍ പാപത്തില്‍ നിന്നു മാത്രമല്ല, നിര്‍ജ്ജീവപ്രവൃത്തിയില്‍ നിന്നു കൂടെ മാനസാന്തരപ്പെടുവാന്‍ ദൈവവചനം നമ്മോടു കല്‍പിക്കുന്നു. അപ്രകാരം ഒരടിസ്ഥാനം ഉറപ്പിച്ചതിനുശേഷമേ ദൈവികപൂര്‍ണ്ണതയിലേക്കു വളരുവാന്‍ നമുക്കു സാധ്യമാവുകയുള്ളു.

യേശുക്രിസ്തുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു എന്ന സത്യം എല്ലാ വിശ്വാസികള്‍ക്കും നല്ലവണ്ണം അറിവുള്ളതാണ്; എന്നാല്‍ യേശുവിന്‍റെ രക്തം നമ്മെ നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്നും കൂടെ ശുദ്ധീകരിക്കേണ്ടതാണെന്ന വസ്തുത അതുപോലെ ആളുകള്‍ അറിഞ്ഞിട്ടില്ല. ജീവനുള്ള ദൈവത്തെ ആരാധിക്കേണ്ടതുപോലെ ആരാധിക്കുവാനും സേവിക്കുവാനും ഈ ശുദ്ധീകരണം കൂടാതെ സാധ്യമല്ല (എബ്രാ. 9:14).

അതിനാല്‍ നിര്‍ജ്ജീവപ്രവൃത്തികള്‍ എന്നു പറഞ്ഞാല്‍ എന്താണ് എന്ന കാര്യം വ്യക്തമായി നാം മനസ്സിലാക്കേണ്ടത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരാവശ്യമത്രേ.

1. സന്തോഷപൂര്‍വമല്ലാതെ നാം ചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളാണ്

സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2കൊരി. 9:7). അതുപോലെ ദൈവഹിതം സന്തോഷത്തോടെ ചെയ്യുന്നവനെയും ദൈവം സ്നേഹിക്കുന്നു. “സന്തോഷിച്ചു നീതി പ്രവര്‍ത്തിക്കുന്നവരെ നീ എതിരേല്‍ക്കുന്നു” (യെശ. 64:5). യിസ്രായേല്‍ ജനം സന്തോഷത്തോടെ തന്നെ സേവിക്കാഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ ശത്രുക്കളെ സേവിക്കുമാറ് ദൈവം അവരെ ശിക്ഷിച്ചു (ആവര്‍. 28:47,48). ദൈവരാജ്യമെന്നതു നീതിയോടൊപ്പം പരിശുദ്ധാത്മാവിലുള്ള സന്തോഷവും കൂടിക്കലര്‍ന്നതാണ് (റോമര്‍. 14:17).

ദൈവഹിതം ചെയ്യുന്നതില്‍ സന്തോഷമുള്ളവര്‍ക്കുമാത്രമേ കര്‍ത്താവിന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുവാന്‍ കഴിവുള്ളു. ഉദാഹരണമായി ദശാംശം നല്‍കുന്ന സമ്പ്രദായത്തെപ്പറ്റി ചിന്തിക്കുക. പഴയനിയമത്തില്‍ ഇത് ഒരു ദൈവകല്‍പനയായിരുന്നു. എന്നാല്‍ പുതിയനിയമത്തില്‍ കര്‍ത്താവോ അപ്പൊസ്തലന്മാരോ ഇപ്രകാരമൊരു കല്‍പന നല്‍കിയിട്ടില്ല. എങ്കിലും ദുരാഗ്രഹികളായ അസംഖ്യം പാസ്റ്റര്‍ന്മാര്‍ ദൈവികപ്രതിഫലം ലഭിക്കുമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചോ, ദൈവശിക്ഷയുണ്ടാകുമെന്നു ഭയപ്പെടുത്തിയോ തങ്ങളുടെ സഭയിലുള്ള ആളുകളെ ദശാംശം നല്‍കുവാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഇത്തരം ദാനം സ്വമേധയാ ചെയ്യപ്പെടുന്നതല്ല. നേരേ മറിച്ച് പിറുപിറുപ്പോടും, വൈമനസ്യത്തോടും ചെയ്യപ്പെടുന്ന ഒരു ദാനമാണിത്. ദശാംശപ്പെട്ടി നിറയുമ്പോള്‍ പാസ്റ്ററന്മാര്‍ സന്തോഷിക്കുമെങ്കിലും ദൈവം ഇതില്‍ സന്തുഷ്ടനല്ല. സന്തോഷത്തോടെ നിങ്ങള്‍ക്കു കൊടുക്കാവുന്നിടത്തോളം കൊടുക്കുക എന്നതാണ് പുതിയനിയമവ്യവസ്ഥ. അതിലധികം ദൈവം ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ കൊടുക്കുന്ന അളവനുസരിച്ചു നിങ്ങള്‍ക്കു കിട്ടും എന്നതു ശരിതന്നെ (2കൊരി. 9:6; ലൂക്കോ. 6:38). അതു മറ്റൊരു കാര്യം. എങ്കിലും നാം മനസ്സില്ലാതെ കൊടുക്കുന്ന ഒരു ദാനവും ആ വിധത്തില്‍ ചെയ്യപ്പെടുന്ന ഒരു വേലയും ദൈവം ആഗ്രഹിക്കുന്നില്ല. സന്തോഷം കൂടാതെ നാം ചെയ്യുന്ന എല്ലാ പ്രവൃത്തിയും നിര്‍ജ്ജീവപ്രവൃത്തിതന്നെ.

2. സ്നേഹം കൂടാതെ നാം ചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളാണ്

ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹം എന്ന ആണിയിന്മേലാണ് എല്ലാ ദൈവകല്‍പനകളും തൂങ്ങിക്കിടക്കുന്നത് (മത്താ. 22:40). ഈ ആണി നീക്കിക്കളഞ്ഞാല്‍ എല്ലാം നിലംപതിക്കും. എഫേസോസിലെ സഭയുടെ ദൂതന്‍ ശാസിക്കപ്പെട്ടത് ഈ കാരണത്താലാണ്. അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍ മുമ്പിലത്തെപ്പോലെ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്താല്‍ പ്രേരിതമായിരുന്നില്ല (വെളി. 2:2,4). നാം ദൈവകല്‍പനകളെ അവയുടെ ആന്തരം (spirit) അനുസരിക്കാതെ പാലിക്കുന്ന പക്ഷം നമ്മുടെ പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളായിത്തീരും. തന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ ഇടയന്മാരായി നമ്മെ കര്‍ത്താവ് നിയമിക്കണമെങ്കില്‍ പത്രോസിനെയെന്നപോലെ നമ്മെയും അവിടുന്ന് ആദ്യം പരീക്ഷിക്കും. എല്ലാറ്റിനെക്കാളുമധികം നാം കര്‍ത്താവിനെ സ്നേഹിക്കുന്നുണ്ടോ എന്നതാണ് ആ പരീക്ഷ (യോഹ. 21:15-17). ഈ സ്നേഹമില്ലെങ്കില്‍ നമ്മുടെ ശുശ്രൂഷ വിലയറ്റതാകും. അതുപോലെതന്നെ നമ്മെ ശപിക്കുന്നവരെ വെറുതെ അനുഗ്രഹിക്കുക മാത്രം ചെയ്താല്‍ മതിയാവുകയില്ല. അവരെ നാം ഹൃദയപൂര്‍വം സ്നേഹിക്കണം. അല്ലെങ്കില്‍ നാം വചനത്തിന്‍റെ ആത്മാവിനെ വിട്ട് അക്ഷരം മാത്രം പാലിക്കുന്നവരായിത്തീരും. സ്നേഹിക്കണമെന്നു കര്‍ത്താവ് ഉപദേശിച്ചതുകൊണ്ടുമാത്രം നാം സഭയിലുള്ള സഹോദരന്മാരെ സേവിക്കുകയും അതേസമയം അവരെ (നന്ദികെട്ടവരെന്നോ മറ്റോ) വിമര്‍ശിക്കുകയും ചെയ്താല്‍ നമ്മുടെ സേവനം നിര്‍ജ്ജീവപ്രവൃത്തികളുടെ ഒരു കൂമ്പാരം മാത്രമാകും. കര്‍ത്താവിനുവേണ്ടി നാം സഹിക്കുന്ന ത്യാഗങ്ങളെല്ലാം, അവ സ്നേഹത്താല്‍ പ്രേരിതമല്ലെങ്കില്‍, വിലകെട്ട നിര്‍ജ്ജീവപ്രവൃത്തികള്‍ മാത്രമാണ്.

3. തീക്ഷ്ണത കൂടാതെ നാം ചെയ്യുന്ന പ്രവൃത്തികളും നിര്‍ജ്ജീവങ്ങള്‍ തന്നെ

“ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല, ശീതവാനുമല്ല, ശീതോഷ്ണവാനാകയാല്‍ (lukewarm) …… ജാഗ്രതയുള്ളവനായിരിക്ക” (വെളി. 3:1519). പാതിമനസ്സോടെ ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളത്രേ. നാം കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കണം (മര്‍ക്കോ. 12:30). നമ്മുടെ ആരാധനയും, സ്തോത്രവും പൂര്‍ണ്ണഹൃദയത്തോടെയായിരിക്കണം; നിര്‍ജ്ജീവവും മൃതപ്രായവുമാകരുത്. നമ്മുടെ പ്രാര്‍ത്ഥന ഭാരത്തോടും പ്രവചനം തീക്ഷ്ണതയോടും ചെയ്യപ്പെടണം. എല്ലായ്പ്പോഴും നാം ആത്മാവില്‍ എരിയുന്നവരായിരിക്കണം (റോമര്‍. 12:11). യാഗപീഠത്തിലെ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം (ലേവ്യ. 6:13). ദൈവം നമ്മെ ഭരമേല്‍പിച്ചിട്ടുള്ള ആത്മദാനങ്ങള്‍ നാം ജ്വലിപ്പിക്കണം. പലരും അവയെ ദുര്‍വിനിയോഗം ചെയതിട്ടുള്ളതു കൊണ്ട് നാം അവയെ നിന്ദിക്കയോ തുച്ഛീകരിക്കയോ അരുത് (2തിമോ. 1:7). ആത്മാവിന്‍റെ എരിയുന്ന ജ്വാലയില്ലാതെ ഒട്ടുമിക്ക ക്രിസ്തീയസഭകളും ഇന്ന് മരിച്ച അവസ്ഥയിലാണ്. തീക്ഷ്ണതയില്ലാത്തതുമൂലം അവ കര്‍ത്താവിനാല്‍ പരിത്യജിക്കപ്പെടുവാന്‍ യോഗ്യമായ ഒരവസ്ഥയിലത്രേ (വെളി. 3:16). നമ്മുടെ സ്വന്തം ജീവിതത്തില്‍ ഇത്തരം നിര്‍ജ്ജീവപ്രവൃത്തികളെപ്പറ്റി നാം ദുഃഖിച്ച് മനം തിരിയേണ്ടിയിരിക്കുന്നു.

4. വിശ്വാസം കൂടാതെയുള്ള പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളാണ്

              പ്രവൃത്തി കൂടാതെ വിശ്വാസം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ വിശ്വാസം കൂടാതെയുള്ള പ്രവൃത്തികളും നിര്‍ജ്ജീവം തന്നെ. വിശ്വാസരാഹിത്യം മൂലം പല പ്രാര്‍ത്ഥനായോഗങ്ങളും ചത്ത അവസ്ഥയിലാണ്. വിശ്വാസപൂര്‍ണ്ണമായ പ്രാര്‍ത്ഥന അഞ്ചുമിനിട്ടു നേരത്തേക്കേ ഉള്ളുവെങ്കില്‍ തന്നെയും രാത്രി മുഴുവന്‍ വലിയൊരു സഹിഷ്ണുതാപ്രകടനം പോലെ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനയെക്കാള്‍ അത് ദൈവഹിതം നിറവേറ്റുവാന്‍ പര്യാപ്തമായിരിക്കും. യേശുക്രിസ്തു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. അതിനാല്‍ നാമും അതിനാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അപ്രകാരം പ്രാര്‍ത്ഥിക്കണം. എന്നാല്‍ അതൊരു നിര്‍ജ്ജീവപ്രവൃത്തിയായി അധഃപതിക്കരുത്. വിശ്വാസത്തിന് വ്യക്തിപരമായ ബോധ്യം (personal conviction) എന്നുകൂടി അര്‍ത്ഥമുണ്ട് (റോമര്‍. 14:22). ഉത്തമബോധ്യമില്ലാതെ നാം ചെയ്യുന്ന കാര്യങ്ങള്‍ നിര്‍ജ്ജീവപ്രവൃത്തികളത്രേ. മഹാനായ ഏതെങ്കിലുമൊരു ദൈവഭൃത്യന്‍ ഏതെങ്കിലും ഒരുപദേശം വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതുകൊണ്ടുമാത്രം നാം അതിനെ അനുകരിക്കേണ്ടതില്ല. എങ്കിലും വ്യക്തിപരമായ ബോധ്യം കൂടാതെ മറ്റുള്ളവരെ അനുകരിക്കുന്ന ആളുകളാല്‍ ക്രൈസ്തവലോകം നിറഞ്ഞിരിക്കുന്നു. അനുകരണം എല്ലായ്പ്പോഴും മരണം ഉളവാക്കുന്നു. യിസ്രായേല്‍ ജനങ്ങള്‍ വിശ്വാസം മൂലം ചെങ്കടല്‍ കടന്നു. അവരെ അനുകരിച്ച ഈജിപ്റ്റുകാര്‍ കടലില്‍ മുങ്ങി മരിച്ചു (എബ്രാ. 11:29). ഇതു നമുക്കൊരു താക്കീതായി എഴുതപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ പ്രവൃത്തികളെയോ ശുശ്രൂഷയെയോ അനുകരിക്കരുത്. മറ്റൊരു വ്യക്തി തന്‍റെ ശുശ്രൂഷയില്‍ സ്വീകരിച്ചിട്ടുള്ള ഊന്നലിനെയും (emphasis) നാം അനുകരിക്കേണ്ടതില്ല. അതും നിര്‍ജ്ജീവപ്രവൃത്തിയാണ്. നമ്മുടെ വിശ്വാസത്തിന്‍റെ അളവനുസരിച്ചുതന്നെ നാം പ്രവചിക്കണം (റോമര്‍. 12:6). വ്യക്തിത്വത്തിലൂടെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്കു നിസ്തുല്യമായ സേവനം നിര്‍വഹിക്കണമെന്നുമാണു ദൈവം ആഗ്രഹിക്കുന്നത്.

5. സ്വന്തം ലാഭത്തിനും മാനത്തിനുമായി ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങള്‍ തന്നെ

“ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; ജീവനുള്ളവന്‍ എന്ന് നിനക്കു പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു” (വെളി. 3:1). ഇവിടെയിതാ, ആത്മീയമായി മരിച്ച ഒരു മനുഷ്യന്‍ എങ്കിലും ജീവനുള്ളവന്‍ എന്ന ഒരു പേരുള്ളതുകൊണ്ടുമാത്രം അയാള്‍ സംതൃപ്തനായിരുന്നു. ദൈവത്തിന്‍റെ പ്രശംസയെക്കാളധികം മനുഷ്യന്‍റെ പ്രശംസയാണ് അയാള്‍ അന്വേഷിച്ചത് (യോഹ. 5:44; 12:43). തല്‍ഫലമായി അയാളുടെ പ്രവൃത്തികളെല്ലാം നിര്‍ജ്ജീവപ്രവൃത്തികളായിരുന്നു. മനുഷ്യരെ ബോധ്യപ്പെടുത്തുവാനായി നാം ചെയ്യുന്നതെന്തും നിര്‍ജ്ജീവപ്രവൃത്തിയാണ്. മറ്റുള്ളവര്‍ അറിയണമെന്നാഗ്രഹിച്ച് നാം ചെയ്യുന്നവയും അപ്രകാരം തന്നെ (മത്താ. 6:118). മനുഷ്യന്‍റെ ദൃഷ്ടികളില്‍ നിന്നു മറഞ്ഞിരിക്കുവാനുള്ള സകലശ്രമങ്ങളും ചെയ്തുകൊണ്ട് രഹസ്യത്തില്‍ ദൈവമുമ്പാകെ നാം ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമാണ് സജീവപ്രവൃത്തികള്‍. ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ നേട്ടങ്ങളില്‍ നാം പുകഴുമ്പോഴെല്ലാം നാം സ്വന്തം കൈപ്പണിയെ ആരാധിക്കുവാനാരംഭിക്കുകയാണ് (അപ്പൊ. 7:41). അപ്പോള്‍ത്തന്നെ നമ്മുടെ പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളായിമാറുകയും ചെയ്യുന്നു. ദാനി. 4:30ല്‍ പ്രസ്താവിക്കുന്നതുപോലെ ഈ മാര്‍ഗ്ഗങ്ങളിലൂടെയാണ് ബാബിലോണ്‍ പണിയപ്പെടുന്നത്. നമ്മെപ്പറ്റിയോ നമ്മുടെ പ്രവൃത്തിയെപ്പറ്റിയോ അന്യരുടെ അഭിപ്രായമെന്തെന്നു ചിന്തിക്കുവാന്‍ നാം പ്രേരിതരാകുമ്പോള്‍ തന്നെ നാം “ഫ്ളഷ് വലിക്കുകയും” മറ്റുള്ളവരുടെ അത്തരം അഭിപ്രായങ്ങളെല്ലാം  അവ നല്ലതായാലും മോശമായാലും  അഴുക്കുചാലിലേക്ക് ഒഴുക്കിവിടുകയും ചെയ്യണം. അവിടെ മാത്രമാണ് അതിനുള്ള സ്ഥാനം. വലിയ ദൈവഭൃത്യരുടെ അഭിപ്രായങ്ങളായാല്‍പ്പോലും അവ നാം പരിത്യജിക്കണം. മനുഷ്യരുടെ മുമ്പാകെയുള്ള നമ്മുടെ നീതി ദൈവ മുമ്പാകെ അറപ്പത്രേ. ദൈവദൃഷ്ടിയില്‍ അത് അഴുക്കുചാലില്‍ ചെന്നുചേരുവാന്‍ മാത്രം യോഗ്യതയുള്ളതാണ് (ലൂക്കോ. 16:15). ഈ വിധത്തില്‍ മൗലികമായ മനോഭാവമുള്ള ഒരുവനുമാത്രമേ നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ സാധിക്കൂ. ഒരു ശമ്പളം പറ്റിക്കൊണ്ട് കര്‍ത്താവിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയും നിര്‍ജ്ജീവപ്രവൃത്തിയാണ്. ശമ്പളത്തിനുവേണ്ടി ചെയ്യുന്ന വേല കര്‍ത്താവിന്‍റെ വേലയല്ല. അതിന്‍റെമേല്‍ ‘ക്രിസ്തീയ’ എന്ന ലേബല്‍ ഒരു വേള ഒട്ടിച്ചിരുന്നാല്‍ തന്നെയും അതു മതേതരമായ ജോലിയാണ് ദൈവത്തെയും മാമോനെയും കൂടി സേവിക്കുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല.

6. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ചെയ്യുന്ന പ്രവൃത്തികളും നിര്‍ജ്ജീവപ്രവൃത്തികളത്രേ

സ്വന്തം മനസ്സാക്ഷിയുടെ കുറ്റാരോപണത്തിനു സമാധാനം കണ്ടെത്തുവാനായി ഉപവാസം, പ്രാര്‍ത്ഥന, ഭിക്ഷകൊടുക്കല്‍ എന്നിങ്ങനെ ചില പ്രവൃത്തികള്‍ ചെയ്യുവാന്‍ അക്രൈസ്തവജനങ്ങള്‍ പ്രേരിതരായിത്തീരാറുണ്ട്. ക്രിസ്ത്യാനികളുടെ കാര്യത്തിലും സ്വന്ത മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാനായി മാത്രം ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനുള്ള ഒരു സാധ്യതയുണ്ട്. പല ആളുകളും തങ്ങളുടെ മനസ്സാക്ഷിയുടെ കുറ്റാരോപണത്തില്‍ നിന്നു രക്ഷപെടുവാന്‍ വേണ്ടി മാത്രം ദിവസം തോറും ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതേ ഉദ്ദേശ്യത്തോടുകൂടിത്തന്നെ അവര്‍ സഭായോഗങ്ങള്‍ക്കു പോകയും ദശാംശം കൊടുക്കുകയും ഭിക്ഷാദാനം നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള എല്ലാ പ്രവൃത്തികളും നിര്‍ജ്ജീവപ്രവൃത്തികളാണ്. വിശ്വാസികളിലുള്ള ഈ ദൗര്‍ബല്യത്തെ മുതലെടുക്കുകയും ‘ക്രിസ്തുവില്ലാത്ത കോടിക്കണക്കിനു ആളുകള്‍’ക്കുവേണ്ടി വല്ലതുമൊന്നു ചെയ്യുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സുവിശേഷപ്രസംഗകരുണ്ട്. “ഒന്നുകില്‍ സ്വയം പോകുക. അല്ലെങ്കില്‍ കൊടുക്കുക” ഇതാണ് അവരുടെ പല്ലവി. ഇതിന്‍റെ ഫലമായി ചിലര്‍ പണം കൊടുക്കുന്നു; മറ്റുചിലര്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് ക്രിസ്തീയവേലയ്ക്കായി പുറപ്പെടുന്നു. എന്നാല്‍ ഈ രണ്ടു കൂട്ടരും കര്‍ത്താവില്‍ നിന്നുള്ള നടത്തിപ്പില്ലാതെ കുറ്റബോധമുള്ള തങ്ങളുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാനായി മാത്രം നൈമിഷികമായ വികാരാവേശത്താല്‍ പ്രേരിതരായി പ്രവര്‍ ത്തിക്കുന്നതുമൂലം അറുതിയില്ലാത്ത നിര്‍ജ്ജീവപ്രവൃത്തികളുടെ ഭീകരവലയത്തില്‍ച്ചെന്നു കുടുങ്ങിപ്പോവുകയാണ് ചെയ്യുന്നത്.

7. ദൈവികന്യായവിധിയെ ഭയപ്പെട്ടു നാം ചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളാണ്

              ദൈവത്തിന്‍റെ ന്യായവിധിയെ ഭയപ്പെട്ട് പാപത്തില്‍ നിന്നും വിട്ടുമാറുന്നത് നല്ലതുതന്നെ. എങ്കിലും യേശുക്രിസ്തു പാപത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നതു തീര്‍ച്ചയായും ആ ഉദ്ദേശ്യത്തോടുകൂടെ അല്ലായിരുന്നു. പിതാവിനെ പ്രസാദിപ്പിക്കുവാന്‍ താന്‍ ആഗ്രഹിച്ചതുകൊണ്ടാണ് യേശു പാപത്തെ വിട്ടൊഴിഞ്ഞത്. നമ്മുടെ ലക്ഷ്യവും ഇതു തന്നെയായിരിക്കണം. സ്ത്രീയെ മോഹിക്കുന്നതുകൊണ്ടോ വ്യാജം പറയുന്നതു കൊണ്ടോ മറ്റൊരാളോടു പക വയ്ക്കുന്നതുകൊണ്ടോ ശിക്ഷയൊന്നുമുണ്ടാകുകയില്ല എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഈ പാപപ്രവൃത്തികളിലേര്‍പ്പെടാമെന്നു നാം കരുതുമോ? ദൈവത്തെ പ്രസാദിപ്പിക്കുക എന്നത് നമ്മുടെ അടിസ്ഥാനപ്രേരണയാകയാല്‍ നാം പിന്നെയും അവയില്‍നിന്നൊഴിഞ്ഞു നില്‍ക്കുകയില്ലേ? ക്ഷമിക്കാത്ത മനോഭാവം നമുക്കു രോഗകാരണമാകും എന്നതുകൊണ്ടോ ദൈവം നമ്മോടു ക്ഷമിക്കാതിരിക്കുവാന്‍ അതുമൂലം ഇടയാകുമെന്നു ചിന്തിച്ചോ മാത്രം മറ്റുള്ളവരോടു ക്ഷമിക്കുന്നതു ഒരു നിര്‍ജ്ജീവപ്രവൃത്തിയാണ്. ന്യായവിധിയെക്കുറിച്ചുള്ള സ്വാര്‍ത്ഥപരമായ ഭയം മാത്രമാണല്ലോ അതിന്‍റെ പ്രേരകശക്തി. വല്ല ആപത്തും ഭവിക്കാതിരിപ്പാന്‍വേണ്ടിമാത്രം പ്രഭാതത്തില്‍ ബൈബിള്‍ വായിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നവരെപ്പറ്റ നാമെന്തു പറയും? അക്രൈസ്തവവും ഏറ്റവും ഹീനവുമായ അന്ധവിശ്വാസങ്ങളുടെ പട്ടികയിലല്ലേ അതും ഉള്‍പ്പെടുന്നത്?

8. പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികളും നിര്‍ജ്ജീവങ്ങള്‍ തന്നെ.

വിശ്വസ്തന്മാര്‍ക്കു യേശു പ്രതിഫലം നല്‍കും എന്നതു ശരിയാണ് (വെളി. 22:12). ‘നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്ന വചനം കേള്‍ക്കുമാറ് നമ്മുടെ അന്തിമലക്ഷ്യം കര്‍ത്താവിനെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം. അതും ശരിതന്നെ. എന്നാല്‍ സ്വര്‍ഗ്ഗീയമായ ഒരു പ്രതിഫലത്തിനുവേണ്ടിയുള്ള സ്വാര്‍ത്ഥപരമായ മോഹത്തിനെതിരെ യേശുതന്നെ നമുക്കു താക്കീതു നല്‍കിയിട്ടുണ്ട്. ധനവാനായ പ്രമാണി യേശുവിനെ വിട്ടകന്നുപോയപ്പോള്‍ പത്രോസ് “കര്‍ത്താവേ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ. ഞങ്ങള്‍ക്ക് എന്തുകിട്ടും?” എന്നു ചോദിച്ചു (മത്താ. 19:27). മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ ഉപമയില്‍ക്കൂടി കര്‍ത്താവ് അതിനു മറുപടി നല്‍കി (മത്താ. 20:116). കൂലി അഥവാ പ്രതിഫലം ലക്ഷ്യമാക്കി വേലചെയ്യുന്നവര്‍ക്ക് ഒടുക്കത്തെ സ്ഥാനവും പ്രതിഫലചിന്തകൂടാതെ പ്രവര്‍ത്തിച്ചവര്‍ക്ക് ഒന്നാം സ്ഥാനവും ലഭിക്കുന്നതായി അവിടെ നാം കാണുന്നു (അവര്‍ ചെയ്ത ജോലിയുടെ അളവ് മറ്റവരുടേതിനെക്കാള്‍ വളരെ കുറവായിരുന്നിട്ടുപോലും). അളവല്ല, ഗുണവിശേഷമാണ് പ്രധാനം (not quantity but quality) എന്ന് ഇതു തെളിയിക്കുന്നു. നിര്‍ജ്ജീവപ്രവൃത്തികളും സജീവപ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം ഈ വിഷയത്തിലാണ്. മറ്റു വിശ്വാസികളെക്കാള്‍ ഉയര്‍ന്ന സ്ഥാനം കിട്ടുവാനും ഒടുക്കം യേശുവിന്‍റെ കാന്തയായി ചേര്‍ക്കപ്പെടുവാന്‍ മോഹിച്ചും നാം ചെയ്യുന്ന പ്രവൃത്തികള്‍ അന്ത്യനാളില്‍ നിര്‍ജ്ജീവപ്രവൃത്തികളായി ഗണിക്കപ്പെടും. ഭാവിയില്‍ നമുക്ക് ഉയര്‍ച്ച ലഭിക്കുവാനാഗ്രഹിച്ചുകൊണ്ടുമാത്രം നമ്മുടെ ചിന്താജീവിതത്തെ ശുദ്ധീകരിക്കയോ, മറ്റുള്ളവര്‍ക്കു നന്മ ചെയ്കയോ, ഭാര്യയെ സ്നേഹിക്കയോ, ഭര്‍ത്താവിനു കീഴ്പ്പെട്ടിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ സ്വാര്‍ത്ഥമാണ് നമ്മുടെ ജീവിതകേന്ദ്രമെന്നു വ്യക്തം. അപ്രകാരം സ്വാര്‍ത്ഥത്തില്‍ അധിഷ്ഠിതമായ സല്‍പ്രവൃത്തികളെല്ലാം നിര്‍ജ്ജീവപ്രവൃത്തികള്‍ തന്നെ. യേശുവിന്‍റെ മഹത്വപ്രത്യക്ഷതയിങ്കല്‍ കിരീടങ്ങള്‍ ലഭിക്കുന്ന വ്യക്തികള്‍  “കര്‍ത്താവേ, അവിടുന്നു മാത്രം മഹത്വത്തിനു യോഗ്യന്‍” എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ കിരീടങ്ങള്‍ കര്‍ത്താവിന്‍റെ കാല്‍ക്കല്‍ അര്‍പ്പിക്കും (വെളി. 4:10). ദൈവത്തെ മഹത്വപ്പെടുത്തുന്നതൊഴികെയുള്ള എല്ലാ സ്വാര്‍ത്ഥോദ്ദേശ്യങ്ങളില്‍ നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കുമ്പോള്‍ മാത്രമേ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്നു നാം വിടുതല്‍ പ്രാപിക്കുകയുള്ളൂ. നാം ചെയ്ത സല്‍പ്രവൃത്തികളെല്ലാം ഓര്‍മ്മയില്‍ സംഗ്രഹിച്ചു വയ്ക്കുന്നപക്ഷം അവയെല്ലാം നിര്‍ജ്ജീവപ്രവൃത്തികളായി മാറും.

അന്ത്യന്യായവിധിയുടെ രണ്ടു ചിത്രങ്ങള്‍ യേശു നമുക്കു കാണിച്ചുതന്നിട്ടുണ്ട്. ഒന്നില്‍ ഐഹികജീവിതത്തില്‍ തങ്ങള്‍ ചെയ്ത എല്ലാ സല്‍പ്രവൃത്തികളുടെയും ഒരു ലിസ്റ്റ് ആളുകള്‍ കര്‍ത്താവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. “നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ഇത്യാദി” (മത്താ. 7:22,23). ഈ ആളുകളെ കര്‍ത്താവ് തിരസ്കരിച്ചു. മറ്റേ ചിത്രത്തില്‍ ചില ആളുകള്‍ ചെയ്ത സല്‍പ്രവൃത്തിയെപ്പറ്റി കര്‍ത്താവ് അവരോടു പറയുമ്പോള്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്: “കര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ അപ്രകാരം ചെയ്തു?” അവര്‍ അതൊക്കെ ചെയ്തത് പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല. നിര്‍ജ്ജീവപ്രവൃത്തികളും സജീവപ്രവൃത്തികളും തമ്മിലുള്ള വ്യക്തമായ അന്തരം ഇവിടെ നാം കാണുന്നു. നമ്മുടേത് ഏതു വിഭാഗത്തില്‍?

9. യേശുവിന്‍റെ മരണം ശരീരത്തില്‍ വഹിക്കാതെ നാം ചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളാണ്

നമ്മുടെ ഉള്ളിലുള്ള യേശുവിന്‍റെ ജീവനില്‍ നിന്ന് ഉറന്നൊഴുകുന്ന പ്രവൃത്തികള്‍ മാത്രമാണ് സജീവപ്രവൃത്തികള്‍. ആദ്യം തന്നെ യേശുവിന്‍റെ മരണം നമ്മുടെ ശരീരത്തില്‍ വഹിക്കാതെ ഈ ജീവന്‍ ലഭിക്കുവാന്‍ സാധ്യമല്ല (2കൊരി. 4:10). കോപം പൂണ്ടു സംസാരിക്കാതെ നാവിനെയും, ക്രോധത്തോടെ തുറിച്ചുനോക്കാതെ മുഖഭാവത്തെയും അടക്കുക മാത്രം ചെയ്തുകൊണ്ട് ഉള്ളില്‍ കോപവും ഈര്‍ഷ്യയും പുകയുന്നവരാണ് നാമെങ്കില്‍ നാം നല്ല ബുദ്ധമതാനുയായികള്‍ മാത്രമാണ്. അതു യോഗമാര്‍ഗ്ഗത്തിലെ ഉപദേശമാണ്, ക്രിസ്തുമാര്‍ഗ്ഗമല്ല. നാള്‍തോറും ക്രൂശെടുക്കുവാനാണ് യേശു കല്‍പിച്ചത്. അതാണ് യേശുവിന്‍റെ മരണം വഹിക്കുക എന്നതിന്‍റെ അര്‍ത്ഥം. അതില്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടുകൂടെ നാം ക്രൂശിക്കുന്നു (ഗലാ. 5:24). ക്രൂശിലെ മരണം വെടിവച്ചു കൊല്ലുന്നതുപോലയോ തൂക്കിക്കൊല്ലുന്നതു പോലെയോ പെട്ടെന്നു നടക്കുന്ന ഒന്നല്ല, ദീര്‍ഘസമയം എടുക്കുന്ന ഒരു പ്രക്രിയയാണ്. ജഡത്തെ നൊടിയിടകൊണ്ടു മരിപ്പിക്കാന്‍ സാധ്യമല്ല. ദീര്‍ഘസമയം കൊണ്ടേ അതു സാധിക്കൂ. എന്നാല്‍ ഈ കുറ്റവാളിയെ ക്രൂശിന്മേല്‍ തന്നെ കിടത്തുവാന്‍ തക്കവണ്ണം നാം വിശ്വസ്തരായിരിക്കുമെങ്കില്‍ ഒരിക്കല്‍ അതിനു മരണം സംഭവിക്കുകയും ആന്തരികമായിപ്പോലും പാപം വിട്ടൊഴിഞ്ഞവരായി നാം തീരുകയും ചെയ്യും (1പത്രോ. 4:1). അപ്പോള്‍ ആത്മാവിന്‍റെ സജീവപ്രവൃത്തികള്‍ ജീവജലനദികള്‍പോലെ നമ്മുടെ ഉള്ളില്‍ നിന്ന് ഉറന്നൊഴുകും (യോഹ. 7:38). അങ്ങനെ നമ്മുടെ ആന്തരിക മനോഭാവങ്ങള്‍ ബാഹ്യനിലകള്‍ക്കും പ്രവൃത്തികള്‍ക്കും അനുരൂപമായിരിക്കും. അതു സംഭവിച്ചുകഴിഞ്ഞാല്‍ പിന്നീട് നാം കൃത്രിമമായി പുഞ്ചിരി തൂകുകയോ ഭക്തിഭാവം നടിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

10. നമ്മുടെ മാനുഷികയുക്തിബോധത്തില്‍ നിന്നുദിക്കുന്ന പ്രവൃത്തികള്‍ നിര്‍ജ്ജീവങ്ങളാണ്

കര്‍ത്താവിനും അവിടുത്തെ ശിഷ്യന്മാര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായും ത്യാഗപൂര്‍വമായും മാര്‍ത്ത ചെയ്ത സേവനം, സല്‍പ്രവൃത്തികള്‍ നിര്‍ജ്ജീവപ്രവൃത്തികളായിത്തീരുന്നതിന് നല്ലൊരുദാഹരണമാണ് (ലൂക്കോ. 10:3842). താന്‍ ചെയ്യുന്ന കാര്യം ഒരു നല്ല പ്രവൃത്തിയായി മാര്‍ത്തയ്ക്കു തോന്നിയതിനാലാണ് അവള്‍ അപ്രകാരം ചെയ്തത്. എന്നാല്‍ “ഒരു ഭൃത്യനെ (അഥവാ ഭൃത്യയെ) സംബന്ധിച്ചിടത്തോളം ഏറ്റവും മുഖ്യമായ കാര്യം അവന്‍റെ യജമാനന്‍ ആവശ്യപ്പെടുന്ന ജോലി അതേപടി ചെയ്യുക എന്നതാണ്”  തനിക്കു യുക്തമായി തോന്നുന്നത് ചെയ്യുകയല്ല (1കൊരി. 4:2, Living Bible). മറിയ ആ കാര്യത്തില്‍ കൂടുതല്‍ വിവേകശാലിനിയായിരുന്നു. താന്‍ എന്തു ചെയ്യുവാന്‍ കര്‍ത്താവാഗ്രഹിക്കുന്നു എന്നു കേള്‍ക്കുവാന്‍ അവള്‍ ആദ്യംതന്നെ അവിടുത്തെ കാല്‍ക്കല്‍ ഇരുന്നു. ദൈവവചനം ദേഹിയെയും (soul) ആത്മാവിനെയും തമ്മില്‍ വേര്‍പിരിക്കുന്നുവെന്ന് എബ്രാ. 4:12ല്‍ പറയുന്നു. നാം പാപം വിട്ടൊഴിഞ്ഞവരായിത്തീരുന്നതു പോലെതന്നെ സ്വന്തപ്രവൃത്തികളില്‍നിന്നു വിരമിച്ചവരായും തീരേണ്ടതാണ്. ദേഹിയുടെ പ്രവൃത്തികള്‍ (soulish works) നിര്‍ജ്ജീവപ്രവൃത്തികളത്രേ. യേശു സ്വന്തനിലയില്‍ ഒന്നും തന്നെ ചെയ്തില്ല (യോഹ. 5:30). ഇന്നും ദൈവം നോക്കിക്കൊണ്ടിരിക്കുന്നത് തന്‍റെ പ്രവൃത്തി ചെയ്യുവാന്‍ കെങ്കേമമായ ആശയങ്ങള്‍ ഉള്ളവരെയല്ല. അത്തരക്കാര്‍ യിശ്മായേലിനുമാത്രം ജന്മം നല്‍കുന്നവരാണ്. നേരേ മറിച്ച് തങ്ങളില്‍ത്തന്നെ ജ്ഞാനവും ശക്തിയുമില്ല എന്നു സമ്മതിക്കുമാറ് വിനയത്തോടെ ദൈവത്തിന്‍റെ ഇഷ്ടത്തിനു കീഴ്പ്പെടുന്നവരെയാണ് അവിടേക്കാവശ്യം. കഴിവല്ല, വിധേയത്വമാണ് ദൈവം ആഗ്രഹിക്കുന്നത്.

ഇപ്പോള്‍ നിര്‍ജ്ജീവപ്രവൃത്തികളെപ്പറ്റി കേട്ടശേഷം നമ്മില്‍ച്ചിലര്‍ക്കു സംഭവിക്കാവുന്ന വലിയ ആപത്ത് നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്നു പിന്‍വാങ്ങിയ ശേഷം മറുവശത്തുള്ള പടുകുഴിയില്‍ അതായത് നിഷ്ക്രിയത്വത്തില്‍ വീണു പോവുകയാണ്. അത് ഇതിനെക്കാള്‍ ദോഷകരമാണ്. ശിക്ഷണമുള്ള ഒരു ജീവിതം നയിക്കുവാന്‍ ദൈവാത്മാവുമായി നാം സഹകരിക്കുമ്പോള്‍ മാത്രമേ ആത്മാവിന്‍റെ സജീവപ്രവൃത്തികള്‍ നമ്മില്‍ ഉത്ഭവിക്കുകയുള്ളു. നിയമമല്ല, ശിക്ഷണമാണ് ആവശ്യം.

അതിനാല്‍ നമുക്കു ജഡത്തിലെ കല്മഷങ്ങളില്‍നിന്നു മാത്രമല്ല, ആത്മാവിലുള്ള മാലിന്യങ്ങളില്‍ നിന്നുകൂടി വിട്ടൊഴിഞ്ഞ് നമ്മെത്തന്നെ വെടിപ്പാക്കാം (2കൊരി. 7:1). അപ്രകാരം ചെയ്യുമെങ്കില്‍ കുഞ്ഞാടിന്‍റെ കല്യാണദിവസത്തില്‍ നമ്മുടെ നീതിപ്രവൃത്തികള്‍ നമുക്കു കല്യാണവസ്ത്രമായി പരിണമിക്കും (വെളി. 19:8).

14. ദൈവത്തിന്‍റെ അനുഗ്രഹമോ അംഗീകാരമോ, ഏതാണ് നമുക്കാഗ്രഹം?

രണ്ടു തരം വിശ്വാസികള്‍ ഉണ്ട്: ഒരു കൂട്ടര്‍ ദൈവത്തിന്‍റെ അനുഗ്രഹം മാത്രമാഗ്രഹിക്കുന്നു; മറ്റേ കൂട്ടരുടെ ആഗ്രഹം ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുക എന്നതാണ്. ഈ രണ്ടു നിലപാടുകള്‍ തമ്മില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ഉള്ളിടത്തോളം വ്യത്യാസമുണ്ട്. വെളി. 7:914ല്‍ നാം വിശ്വാസികളായ ഒരു വലിയ ജനസമൂഹത്തെപ്പറ്റി വായിക്കുന്നു. ആ സമൂഹം എണ്ണിക്കൂടാതവണ്ണം അത്ര വിപുലമാണ്. അവരുടെ സാക്ഷ്യം  തങ്ങളുടെ രക്ഷയ്ക്ക് അവര്‍ ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും (വാ. 10) തങ്ങളുടെ അങ്കി കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകി വെണ്മയാക്കിയിരിക്കുന്നുവെന്നുമാണ് (വാ. 14). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവം അവരെ അനുഗ്രഹിച്ചിരിക്കുന്നു എന്നുതന്നെ. ഇതു തീര്‍ച്ചയായും നല്ല കാര്യമാണ്. എന്നാല്‍ വെളി. 14:15ല്‍ വിവരിക്കുന്ന വിശ്വാസികളുടെ മറ്റൊരു സമൂഹത്തിന്‍റെ സാക്ഷ്യത്തില്‍നിന്നും ഇതു വളരെ, വളരെയധികം വ്യത്യസ്തമായിരിക്കുന്നു.

വെളി. 14ല്‍ നാം വായിക്കുന്നത് സംഖ്യയറ്റ ഒരു സമൂഹത്തെപ്പറ്റിയല്ല, മറിച്ച് എണ്ണുവാന്‍ സാധ്യമായ, താരതമ്യേന ചെറുതായ, ഒരു സംഖ്യ വിശ്വാസികളെപ്പറ്റിയാണ്. പരമാര്‍ത്ഥം പറഞ്ഞാല്‍ ഭൂമിയില്‍ അന്നോളം ജീവിച്ചിരുന്ന കോടാനുകോടി ജനങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ സംഖ്യ  അതായത് 144,000 ആളുകളെയാണ് അവിടെ നാം കാണുന്നത്. അവരുടെ സാക്ഷ്യം, അവര്‍ ഭൂമിയില്‍ വച്ചു യേശുക്രിസ്തുവിനെ എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ്ണമായി പിന്തുടര്‍ന്നുവെന്നും അവരുടെ വായില്‍ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ലെന്നും അവര്‍ സ്ത്രീകളോടുള്ള സമ്പര്‍ക്കം മൂലം (ഇവിടെപ്പറയുന്ന സ്ത്രീകള്‍ വെളി. 17ല്‍ വിവരിക്കുന്ന ബാബിലോണ്‍ എന്ന വേശ്യയും അവളുടെ പുത്രിമാരുമാണ്) മാലിന്യപ്പെടാത്തവരുമാണെന്നും അത്രേ. ചുരുക്കം പറഞ്ഞാല്‍ ഇത്രമാത്രം  എല്ലാ കാര്യത്തിലും അവര്‍ ദൈവത്തെ പ്രസാദിപ്പിച്ചവരാണ്.

ഇവിടെയുള്ള താരതമ്യം സൂക്ഷ്മതയോടെ ശ്രദ്ധിക്കുക. ഒന്നാമത്തെ സമൂഹത്തിന് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ലഭിച്ചു; രണ്ടാമത്തെ കൂട്ടരാകട്ടെ, അവിടുത്തെ അംഗീകാരം പ്രാപിച്ചു. നാമെന്തന്വേഷിക്കുമോ അതു നാം പ്രാപിക്കും. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടു നാം സംതൃപ്തരാണെങ്കില്‍ അതു മാത്രമേ നമുക്കു ലഭിക്കൂ. ദൈവത്തിന്‍റെ ഭൗതികാനുഗ്രഹങ്ങള്‍ മാത്രമാണു നമുക്കു വേണ്ടതെങ്കില്‍ അവിടുത്തെ ആത്മീയാനുഗ്രഹങ്ങളുടെ തലത്തിലേക്ക് ഒരിക്കലും നാം ഉയരുകയില്ല.

ഭൂരിപക്ഷം വിശ്വാസികളും ദൈവാനുഗ്രഹങ്ങള്‍ കൊണ്ടുമാത്രം സംതൃപ്തരാണ്. അതിലും പ്രത്യേകിച്ച് ഭൗതികതലത്തിലുള്ള അനുഗ്രഹങ്ങള്‍ മാത്രമാണ് അവര്‍ക്കു വേണ്ടത്. ഈ കാരണത്താലാണ് ഇന്നത്തെ ക്രിസ്തീയപുസ്തകാലയങ്ങള്‍ എങ്ങനെ സൗഖ്യം പ്രാപിക്കാം, ദശാംശം നല്‍കിയിട്ട് എങ്ങനെ സമ്പന്നത പ്രാപിക്കാം എന്നും മറ്റുമുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നത്. ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, ആരോഗ്യം, സമ്പത്ത് എന്നിവയ്ക്കാണ് ഇവ ഊന്നല്‍ കൊടുക്കുന്നത്. അഹന്തയില്‍ (സ്വയത്തില്‍) തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതത്തിന്‍റെ ഏറ്റവും വ്യക്തമായ ലക്ഷണമാണിത്. എന്നാല്‍ ദൈവവചനത്തില്‍ നാം എന്താണു വായിക്കുന്നത്? “ഇനിമേല്‍ നാം നമുക്കു വേണ്ടിയല്ല, ക്രിസ്തുവിനു വേണ്ടിത്തന്നെ ജീവിക്കേണ്ടതിന് ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” എന്നുതന്നെ (2കൊരി. 5:15). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മെ പ്രസാദിപ്പിക്കുകയല്ല, ക്രിസ്തുവിനെ പ്രസാദിപ്പിക്കുകയാണ് നമുക്കാവശ്യം. അല്ല, ഇനി അല്‍പംകൂടി വ്യത്യസ്തമായ വാക്കുകളില്‍ പറഞ്ഞാല്‍ നമ്മില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതത്തില്‍ നിന്നു നമ്മെ വിടുവിച്ച് ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തിലേക്കാനയിക്കുവാന്‍ വേണ്ടിയാണ് ക്രിസ്തു മരിച്ചത്.

ഇക്കാലത്തു നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യം തികച്ചും ഒത്തുതീര്‍പ്പുസ്വഭാവത്തോടുകൂടിയ വളരെയധികം ക്രിസ്തീയപ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കുന്നതിനെപ്പറ്റിയാണ്.  തന്‍റെ വചനത്തില്‍നിന്നു വ്യതിചലിച്ചു ലോകവുമായി ഒത്തുതീര്‍പ്പു നടത്തുന്നതിനെപ്പറ്റി ദൈവം അസ്വസ്ഥനല്ല എന്നാണോ ഇതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്? അല്ല, ഒരിക്കലും അങ്ങനെയല്ല കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം. തനിക്കു പൂര്‍ണ്ണമായി അംഗീകരിക്കുവാനാവാത്ത പല ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കുന്നുണ്ട്. “വെള്ളം തരുവാന്‍ പാറയോടു നീ കല്‍പിക്കുക” എന്നു മാത്രമാണ് ദൈവം മോശെയോടു അരുളിച്ചെയ്തത്. മോശെയാകട്ടെ, ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ടു പാറയെ അടിച്ചപ്പോള്‍ അനുസരണം കെട്ട ആ ശുശ്രൂഷയെയും ദൈവം അനുഗ്രഹിച്ചു. പരമാര്‍ത്ഥത്തില്‍ 20 ലക്ഷം ആളുകള്‍ ഈ ശുശ്രൂഷയാല്‍ അനുഗ്രഹിക്കപ്പെട്ടു. എന്നിട്ടും അനുസരണം കെട്ട തന്‍റെ ഭൃത്യന് ദൈവം പിന്നീടു ശിക്ഷ വിധിച്ചു (സംഖ്യാ. 20:8-15). തന്‍റെ ഭൃത്യന്‍ ചെയ്ത പ്രവൃത്തി ദൈവം അംഗീകരിച്ചതുകൊണ്ടല്ല, പിന്നെയോ ആ 20 ലക്ഷം ആളുകളെ ദൈവം സ്നേഹിച്ചതുകൊണ്ടാണ് ആ ശുശ്രൂഷയെ ദൈവം അനുഗ്രഹിച്ചത്. ഇന്നും ഇതുപോലെയാണു സംഭവിക്കുന്നത്. രക്ഷയും രോഗശാന്തിയുമെല്ലാം ആവശ്യമായിരിക്കുന്ന ജനങ്ങളെ ദൈവം സ്നേഹിക്കുന്നതുമൂലമാണ് പല ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കുന്നത്. എന്നാല്‍ യേശുവിന്‍റെ പേരില്‍ ഇന്നു ചെയ്യപ്പെടുന്ന പലതിനെയും ദൈവം അംഗീകരിക്കുന്നില്ല. ഒത്തുതീര്‍പ്പുകാരായ ഈ പ്രസംഗകരെ തക്കസമയത്തു ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും.

ഭൗതികാനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ ഒരുവന്‍ നിറവേറ്റേണ്ട ഏകവ്യവസ്ഥ ഒന്നുകില്‍ നല്ലവനായോ അല്ലെങ്കില്‍ കൊള്ളരുതാത്തവനായോ ജീവിക്കുക എന്നതാണ്. ദൈവം നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നുവെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ (മത്താ. 5:45). അതിനാല്‍ ഒരുവന്‍ തന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ അംഗീകാരം പ്രാപിച്ചിരിക്കുന്നു എന്നതിനു തെളിവല്ല അവനു ലഭിക്കുന്ന ഭൗതികാനുഗ്രഹങ്ങള്‍. 20 ലക്ഷം യിസ്രായേല്‍ക്കാര്‍ 40 വര്‍ഷം മരുഭൂമിയില്‍വച്ച് ദൈവം അവരോടു കോപാകുലനായിത്തീരുമാറ് അനുസരണക്കേടു കാണിച്ചു (എബ്രാ. 3:17). എന്നിട്ടും ആ വര്‍ഷങ്ങള്‍ മുഴുവനും ദൈവം അവര്‍ക്ക് അത്ഭുതകരമായ വിധത്തില്‍ ഭക്ഷണവും രോഗശാന്തിയും നല്‍കി (ആവര്‍. 8:2). അതിനാല്‍ ഭൗതികതലത്തില്‍ പ്രാര്‍ത്ഥനയ്ക്കു ലഭിക്കുന്ന അത്ഭുതകരമായ ഉത്തരം ഒരുവന്‍റെ ജീവിതത്തില്‍ ദൈവം പ്രസാദിച്ചിരി ക്കുന്നുവെന്നതിന്‍റെ തെളിവല്ല.

നേരേമറിച്ച് യേശുവിനു 30 വയസ്സുണ്ടായിരുന്ന കാലത്ത് ദൈവത്തിന്‍റെ അംഗീകാരം അവിടുത്തേക്കു ലഭിക്കുകയുണ്ടായി. ഒരേ ഒരു കാരണത്താല്‍ മാത്രമായിരുന്നു ഇത്. യേശു ആ വര്‍ഷങ്ങളിലെല്ലാം പാപപ്രലോഭനങ്ങളോടു വിശ്വസ്തതയോടുകൂടി പോരാടി അവയുടെമേല്‍ ജയം നേടിയെന്നതാണ് ആ കാരണം. അവിടുന്നു തന്നിലല്ല, പിതാവില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതം നയിച്ചു. തന്നെത്തന്നെ പ്രസാദിപ്പിക്കുന്നതൊന്നും അവിടുന്നു  ചെയ്തില്ല (റോമര്‍. 15:3). അവിടുത്തെ സ്നാനസമയത്തു പിതാവ് ഇപ്രകാരം സാക്ഷ്യം പറഞ്ഞു: “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനെ ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു” എന്നല്ല ദൈവം അരുളിച്ചെയ്തത്. ഇത്തരമൊരു സാക്ഷ്യത്തിന് ഒരു പ്രാധാന്യവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ആദ്യം പറഞ്ഞവിധം ദൈവത്തിന്‍റെ അംഗീകാരത്തെ കുറിക്കുന്നതായ ആ സാക്ഷ്യം യേശുവിന് തന്‍റെ ജീവിതത്തില്‍ എല്ലാമെല്ലാം ആയിരുന്നു. യേശുവിനെ പിന്തുടരുക എന്നുവച്ചാല്‍ നാമും ആ സാക്ഷ്യം പ്രാപിക്കുവാന്‍ ആഗ്രഹിക്കുക എന്നാണ് അതിന്‍റെ അര്‍ത്ഥം.

ആദാമിന്‍റെ സന്തതികളെന്ന നിലയില്‍ നാമെല്ലാവരും സ്വയത്തില്‍ കേന്ദ്രീകരിച്ചവരായി ജനിച്ചിരിക്കുന്നു. സകലവും നമ്മെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കണമെന്നും നമ്മെ സേവിക്കണമെന്നും നാം ആഗ്രഹിക്കുന്നു. നാം മാനസാന്തരപ്പെടുന്നതോടെ ദൈവവും നമ്മെ താങ്ങി പ്രവര്‍ത്തിക്കണമെന്നും വിവിധരൂപങ്ങളില്‍ നമ്മെ അനുഗ്രഹിക്കണമെന്നും നാം ആഗ്രഹിക്കുന്നു. ആദ്യമായി പാപക്ഷമയെന്ന അനുഗ്രഹം നേടുവാന്‍ അവിടുത്തെ അടുക്കല്‍ വരുന്നു. അനന്തരം നാം രോഗശാന്തി, പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം, ഭൗതികൈശ്വര്യം, ജോലി, വീട്, വിവാഹപങ്കാളി തുടങ്ങിയവയെല്ലാം അന്വേഷിച്ചുകൊണ്ടു മുന്നോട്ടുപോകുന്നു. എന്നാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ദൃഷ്ടിയില്‍ നാം ആഴമായ മതഭക്തിയുള്ളവരായിരിക്കത്തന്നെ നമ്മുടെ ജീവിതങ്ങള്‍ സ്വയത്തില്‍ കേന്ദ്രീകരിച്ചവയായിത്തീരുവാന്‍ സാധ്യമാണ്. നമ്മുടെ ഭ്രമണപഥത്തിലുള്ള അനേകം വ്യക്തികളില്‍ ഒരാളായി ദൈവം തീരുന്നു. ആ ദൈവത്തില്‍നിന്നു നമുക്കു ലഭിക്കാവുന്നതൊക്കെ നേടുവാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. തന്‍റെ പിതാവിന്‍റെ അടുക്കല്‍നിന്നു വിശപ്പടക്കുവാനുള്ള ഭക്ഷണം നേടുവാനാണ് മുടിയന്‍ പുത്രന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നത്. എന്നിട്ടും പിതാവു് അവനെ കൈക്കൊണ്ടു. നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും സ്വാര്‍ത്ഥപരമായിരിക്കുമ്പോള്‍ തന്നെയും ദൈവം നമ്മെ കൈക്കൊള്ളുന്നു. വ്യക്തമായും സ്വാര്‍ത്ഥപരമായ ഒരു ലക്ഷ്യത്തോടെ നാം അവിടുത്തെ അടുക്കല്‍ വരുമ്പോള്‍ പോലും നമ്മെ സ്വീകരിക്കുവാന്‍ വാഞ്ഛിക്കുന്ന വനാണു ദൈവം. അത്രയധികം അവിടുന്നു നമ്മെ സ്നേഹിക്കുന്നു. എങ്കിലും നാം വേഗത്തില്‍ പക്വതയിലേക്കു വളരുകയും, വാങ്ങുകയല്ല, കൊടുക്കുക തന്നെ ശീലമായിട്ടുള്ള ദിവ്യസ്വഭാവത്തില്‍ പങ്കാളികളാകുമാറ് യഥാര്‍ത്ഥമായ ആത്മീയതയില്‍ വന്നെത്തുകയും ചെയ്യണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ തന്‍റെ മക്കളില്‍ ഭൂരിപക്ഷം പേരുടെ കാര്യത്തിലും ഈ ലക്ഷ്യം സാധിച്ചുകാണുവാന്‍ ദൈവത്തിനു സാധിക്കുന്നില്ല. ‘ഞാന്‍’, ‘എനിക്ക്’, ‘എന്‍റെ’ എന്നീ കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്ന അഹന്താകേന്ദ്രീകൃതമായ അവസ്ഥയിലും ഭൗതികാനുഗ്രഹങ്ങളിലും മാത്രം ശ്രദ്ധിച്ചുകൊണ്ട് അവര്‍ ജീവിക്കുകയും മരണമടയുകയും ചെയ്യുന്നു!

പക്വത പ്രാപിക്കുക എന്നുവച്ചാല്‍ എന്താണ് അതിന്‍റെ അര്‍ത്ഥം? നമുക്കു ദൈവത്തില്‍ നിന്നു കിട്ടാവുന്ന കാര്യങ്ങളെപ്പറ്റി മേലാല്‍ ചിന്തിക്കാതെ നമ്മുടെ ഒരൊറ്റ ഭൗതികജീവിതത്തില്‍ നമ്മില്‍നിന്നു ദൈവത്തിനു കിട്ടാവുന്ന കാര്യങ്ങള്‍ ചിന്തിക്കുമാറ് നമ്മുടെ മനസ്സു പുതുക്കപ്പെടുക എന്നാണ് അതിന്‍റെ അര്‍ത്ഥം. മനസ്സിന്‍റെ ഈ നവീകരണമാണ് ജീവിതത്തിനു രൂപാന്തരം ഉളവാക്കുന്നത് (റോമര്‍. 12:2). ഇതാണ് വെളി. 14ല്‍ പറയുന്ന 144,000 പേര്‍ക്കു ക്രിസ്തുവിന്‍റെ കാന്തയാകുവാന്‍ യോഗ്യത നല്‍കിയത്.

യഥാര്‍ത്ഥ ആത്മീയത എന്നത് കോപം, ഈര്‍ഷ്യ, ദുര്‍മ്മോഹചിന്ത, ദ്രവ്യാഗ്രഹം, തുടങ്ങിയവയുടെമേല്‍ വിജയം ലഭിക്കുന്നതു മാത്രമല്ല, തനിക്കുവേണ്ടിത്തന്നെയുള്ള ജീവിതത്തില്‍നിന്നുള്ള ഒരു വിരാമമാണത്. എന്‍റേത്, എന്‍റെ സ്വന്തലാഭം, സ്വന്തസുഖം, സ്വന്തസൗകര്യം, സ്വന്ത ഇച്ഛ, സ്വന്ത അവകാശം, സ്വന്ത മാനം, എന്നു വേണ്ടാ സ്വന്ത ആത്മീയതയെത്തന്നെയും അന്വേഷിക്കാതിരിക്കുന്ന ഒരവസ്ഥയാണത്. തങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമെന്ന് ശിഷ്യന്മാര്‍ യേശുവിനോടപേക്ഷിച്ചപ്പോള്‍, ‘ഞാന്‍’, ‘എനിക്ക്’, ‘എന്‍റെ’ എന്നീ വാക്കുകള്‍ ഒരിക്കല്‍പോലും വരാത്ത ഒരു പ്രാര്‍ത്ഥന അവിടുന്ന് അവരെ പഠിപ്പിച്ചു (ലൂക്കോ. 11:14). ആദ്യമായി പിതാവിന്‍റെ നാമം, രാജ്യം, ഇഷ്ടം എന്നിവയെപ്പറ്റിയും അനന്തരം തങ്ങളെക്കുറിച്ചെന്നപോലെ തങ്ങളുടെ സഹവിശ്വാസികളെപ്പറ്റിയും അവരുടെ ഭൗതികവും ആത്മീയവുമായ നന്മയെപ്പറ്റിയും ഭാരമുള്ളവരായിത്തീരുവാന്‍ അവിടുന്ന് അതിലൂടെ അവരെ പഠിപ്പിച്ചു. ഈ പ്രാര്‍ത്ഥന മനഃപാഠമായിപ്പഠിച്ച് തത്തയെപ്പോലെ ഉരുവിടുവാന്‍ ഒരുവനു കഴിയും. എന്നാല്‍ നമ്മുടെ ഹൃദയം കൊണ്ട് ആ പാഠം പഠിക്കണമെങ്കില്‍ നാം സകലവും ത്യജിച്ച് ദൈവത്തെമാത്രം നമ്മുടെ ഹൃദയകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കേണ്ടതാവശ്യമാണ്. നമ്മെത്തന്നെ വിധിക്കുന്നതില്‍ നാം സത്യസന്ധരാണെങ്കില്‍ നമ്മുടെ അവയവങ്ങളില്‍ എല്ലാ സമയത്തും നാം കാണുന്ന പ്രമാണം (റോമര്‍. 7:22) സ്വാര്‍ത്ഥതയെന്ന പ്രമാണമാണെന്ന് നാം ഗ്രഹിക്കും. നമ്മുടെ സൗകര്യം, നമ്മുടെ അവകാശം എന്നിവയെ ജീവിതകാലം മുഴുവന്‍ അന്വേഷിപ്പാനുള്ള ദുരാഗ്രഹം തന്നെയാണിത്.

മുമ്പേ ദൈവരാജ്യം അന്വേഷിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം സ്വയത്തെ സിംഹാസനത്തില്‍ നിന്നിറക്കിയശേഷം ദൈവത്തെയും അവിടുത്തെ താല്‍പര്യങ്ങളെയും ജീവിതകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുക എന്നതുതന്നെയാണ്.  ഈ ഭൂമിയില്‍ തന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാനായി യേശു സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷം പരിത്യജിച്ചു. കര്‍ത്താവിനുവേണ്ടി യാതനകള്‍ സഹിച്ചു കൊണ്ട് ക്രിസ്തുവിന്‍റെ അപ്പൊസ്തലനായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടി തര്‍സോസില്‍ ഒരു ബിസിനസ്സുകാരനായി ജീവിക്കുന്നതിന്‍റെ സന്തോഷം പൗലോസ് ഉപേക്ഷിച്ചു. അപ്പൊസ്തലന്മാരില്‍ ഓരോരുത്തരും ദൈവത്തില്‍ കേന്ദ്രീകരിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചത്. ഇന്നത്തെ ഒട്ടധികം ടൂറിസ്റ്റ് സുവിശേഷകപ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തരായി ഈ ഭൂമിയില്‍ ദൈവരാജ്യം വളര്‍ത്തുവാന്‍വേണ്ടി തങ്ങള്‍ക്കുള്ളതെല്ലാം അവര്‍ പരിത്യജിച്ചു.

നമ്മുടെ സ്വന്ത സുഖവും സൗകര്യവും ആന്വേഷിക്കുന്ന സ്ഥിതിയില്‍ മാത്രം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഒരു വിശുദ്ധി (കോപത്തെയും മ്ലേച്ഛചിന്തകളെയും ജയിക്കുവാന്‍ നമുക്കു സാധിച്ചെന്നു വന്നാല്‍ത്തന്നെയും) ഒരു കപടവിശുദ്ധിയാണ്. ഒട്ടധികമാളുകളും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു സത്യമാണിത്. തന്മൂലം അവരെ വഞ്ചിക്കുവാന്‍ സാത്താനു സാധിക്കുന്നു. ധാരാളം ക്രിസ്ത്യാനികള്‍ സൂഖവും സൗകര്യവും സമ്പത്തുമന്വേഷിച്ചു സഞ്ചരിക്കുകയും അന്യദേശങ്ങളില്‍ കുടിയേറുകയും ചെയ്യുന്നു. അവര്‍ക്ക് അപ്പോഴും തങ്ങളുടെ ജീവിതത്തിന്മേല്‍ ദൈവത്തിന്‍റെ അനുഗ്രഹം കൈവരിക്കുവാന്‍ സാധിക്കും. എന്നാല്‍ ഒരിക്കലും അവര്‍ക്കു ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നില്ല. എന്തെന്നാല്‍ യാതൊരു മനുഷ്യനും ദൈവത്തെയും അതേസമയം മാമോനെയും (അതായത് ധനം, സുഖം, സൗകര്യം എന്നിവ) സേവിക്കുവാന്‍ സാധ്യമല്ല. നമ്മുടെമേലും നമ്മുടെ മക്കളുടെമേലും ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹം ദൈവം നമ്മില്‍ പ്രസാദിച്ചിരിക്കുന്നതിന്‍റെ തെളിവാണെന്നു നാം ചിന്തിക്കുന്നപക്ഷം, സാത്താന്‍ സത്യമായും നമ്മെ വഞ്ചിച്ചിരിക്കുന്നു. ദൈവാനുഗ്രഹവും ദൈവികാംഗീകാരവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. നമ്മുടെ ഭൗമികജീവിതത്തിന്‍റെ അവസാനത്തില്‍ നമുക്കു ലഭിക്കേണ്ട സാക്ഷ്യം “അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു” എന്നിങ്ങനെ ഹാനോക്കിനു താന്‍ ഭൂമിയില്‍ നിന്ന് എടുക്കപ്പെടുന്നതിനുമുമ്പു ലഭിച്ച സാക്ഷ്യം തന്നെയായിരിക്കണം (എബ്രാ. 11:5). ഇതില്‍ മൂന്നു വാക്കുകളേ ഉള്ളു. എങ്കിലും തന്‍റെ ഭൗമികജീവിതത്തെപ്പറ്റി ഇതിലധികം ശക്തമായ ഒരു സാക്ഷ്യം ഒരു മനുഷ്യനു ലഭിക്കുവാന്‍ സാധ്യമല്ല. യേശുവിനും പൗലോസിനും ലഭിച്ച സാക്ഷ്യവും ഇതു തന്നെയായിരുന്നു. “അവനു ദൈവത്തിന്‍റെ അനുഗ്രഹം ലഭിച്ചു” എന്ന ഒരു സാക്ഷ്യം മാത്രം ലഭിക്കുന്നതിന് ഒരു വിലയുമില്ല. കാരണം, പതിനായിരക്കണക്കിന് അവിശ്വാസികള്‍ക്കും ഈ സാക്ഷ്യം ലഭിക്കുന്നുണ്ട്.

തന്‍റെ അനുഗ്രഹമല്ല, അംഗീകാരം തന്നെ ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന വര്‍ക്കായി ഇന്നു ദൈവം നോക്കിക്കാത്തിരിക്കുന്നു.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

15. മറ്റൊരു യേശുവും അദ്ദേഹത്തിന്‍റെ ശുശ്രൂഷയും

1960 വര്‍ഷങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ പാലസ്റ്റൈനില്‍ ജീവിച്ചിരുന്നുവെന്നും രോഗികളെ സൗഖ്യമാക്കിയിരുന്ന യേശു എന്ന ഒരാളെപ്പറ്റി നിങ്ങള്‍ കേള്‍ക്കാനിടയായി എന്നും സങ്കല്‍പിക്കുക. അദ്ദേഹത്തെ മുമ്പു നേരിട്ടു കണ്ടിട്ടില്ലാതിരിക്കെ, ഒരിക്കല്‍ യെരൂശെലേമില്‍ ഒരു രോഗശാന്തിശുശ്രൂഷയ്ക്കായി വന്നുകൂടിയ ജനതതിയുടെ മധ്യത്തില്‍ മുഖ്യപ്രസംഗകനായി യേശുവിനെ കാണാനിടയായപ്പോള്‍ നിങ്ങള്‍ക്കു വളരെ സന്തോഷം തോന്നി.

കൗതുകപൂര്‍വം നിങ്ങള്‍ ആ ജനക്കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവിടെ പ്രസംഗപീഠത്തില്‍ യേശുവിനോടൊപ്പം പീലാത്തോസും ഹെരോദാവും ഹന്നാവും കയ്യഫാവും കൂടി ആസനസ്ഥരായിരുന്നു. അപ്പോള്‍ യേശു മുന്നോട്ടുവന്നു ജനക്കൂട്ടത്തോട് ഇപ്രകാരം സംസാരിച്ചു: “ഇന്നു പാലസ്റ്റൈനിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കന്മാരായ പീലാത്തോസും ഹെരോദാവും ഈ സമ്മേളനത്തെ തങ്ങളുടെ സാന്നിധ്യം കൊണ്ടലങ്കരിക്കുവാന്‍ നമ്മുടെ മധ്യത്തില്‍ വന്നുചേര്‍ന്നതില്‍ നാമെല്ലാവരും അത്യന്തം സന്തുഷ്ടരാണ്. അതിനും പുറമേ, നിതാന്തവന്ദ്യദിവ്യശ്രീമാന്മാരായ ഹന്നാവ്, കയ്യഫാവ് എന്നീ നമ്മുടെ തിരുമേനിമാരും നമ്മെ അനുഗ്രഹിക്കുവാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്നു. ഈ വിശിഷ്ടാതിഥികള്‍ക്ക് നിങ്ങളുടെയെല്ലാവരുടെയും പേരില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.” ഈ പ്രാരംഭ പ്രസ്താവനയ്ക്കുശേഷം ആധ്യക്ഷ്യം വഹിക്കുവാനും ആ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും യേശു പീലാത്തോസിനെയും ഹെരോദാവിനെയും ക്ഷണിക്കുന്നു. അവരിരുവരും തങ്ങളുടെ പ്രസംഗങ്ങളില്‍ യേശുവിനെയും അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്ന വിശിഷ്ടസേവനത്തെയും മുക്തകണ്ഠം പ്രശംസിച്ചശേഷം ആ രാജ്യ ത്തിലെ എല്ലാ പൊതുജനങ്ങളുടെയും പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നതായി പ്രസ്താവിക്കുന്നു. അനന്തരം നിതാന്തവന്ദ്യദിവ്യശ്രീമാന്മാരായ ഹന്നാവിനെയും കയ്യഫാവിനെയും പ്രാര്‍ത്ഥനയ്ക്കു നേതൃത്വം വഹിക്കുവാനും ഏതാനും വാക്കുകള്‍ സംസാരിക്കുവാനും യേശു ക്ഷണിക്കുകയായി. അവരും യേശുവിനെ പ്രശംസിച്ചശേഷം തങ്ങളുടെ സഭയില്‍പ്പെട്ട എല്ലാ ജനങ്ങളും യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുവാന്‍ സദസ്യരെ ഉദ്ബോധിപ്പിക്കുന്നു. പിന്നീടു തന്‍റെ ശുശ്രൂഷയുടെ സാമ്പത്തികാവശ്യങ്ങളെപ്പറ്റി ചില കാര്യങ്ങള്‍ സംസാരിക്കുവാന്‍ യേശു ഈസ്ക്കര്യോത്താ യൂദായെ ക്ഷണിക്കുന്നു. യേശുവിന്‍റെ ശുശ്രൂഷാപ്രവര്‍ത്തനങ്ങള്‍ക്കു പതിനായിരക്കണക്കിനു ദീനാര്‍ ആവശ്യമായിരിക്കുന്ന സ്ഥിതി വിശേഷം യൂദാ പൊതുജനശ്രദ്ധയ്ക്കായി പ്രസ്താവിക്കുന്നു. 1000 ദീനാറില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്കു നല്‍കുവാനുള്ള ഒരു ഫോറം സ്വാഗതസംഘം ആഫീസില്‍ നിന്നു വാങ്ങാവുന്നതാണെന്നും അപ്രകാരമുള്ളവര്‍ക്കുവേണ്ടി  അവര്‍ വിശ്വാസികളായാലും അവിശ്വാസികളായാലും  യേശു പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണെന്നും യൂദാ പരസ്യപ്പെടുത്തുന്നു. സാമ്പത്തികസൗകര്യമുള്ളവര്‍ ഈ അസുലഭമായ സുവര്‍ണ്ണാവസരം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നു അദ്ദേഹം അവരെ ഓര്‍പ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഹെരോദാരാജാവ് എഴുന്നേറ്റ് ഈ ശുശ്രൂഷയ്ക്കായി സംഭാവന ചെയ്യുന്ന തുകയ്ക്കു ആദായനികുതിയിളവ് അനുവദിക്കുന്നതാണെന്നുള്ള വിവരം പ്രഖ്യാപനം ചെയ്യുന്നു. പിന്നീട് സ്തോത്രകാഴ്ച ശേഖരിച്ചശേഷം യേശു ഒരു ചെറിയ ദൂതു നല്‍കുകയും കാണികളെ അത്ഭുതപ്പെടുത്തുമാറു ചില അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ഏതാനും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നു. അങ്ങനെ സമ്മേളനം അവസാനിച്ചതോടെ മറ്റാര്‍ക്കെങ്കിലും യേശുവിനെ നേരിട്ടു കാണാന്‍ അവസരം ലഭിക്കുന്നതിനു മുമ്പുതന്നെ ഹെരോദാവിനോടും പീലാത്തോസിനോടും ഹന്നാവ്, കയ്യഫാവ് എന്നീ മഹാപുരോഹിതന്മാരോടും സ്തോത്രകാഴ്ചസഞ്ചിയുടെ കൈവശക്കാരനായ ഈസ്ക്കര്യോത്തായൂദായോടു മൊപ്പം യെരൂശലേമില്‍ മഹാപുരോഹിതന്‍റെ അരമനയില്‍വച്ചുള്ള വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുവാനായി യേശു അങ്ങോട്ടു യാത്രയാകുന്നു.

ഇതെല്ലാം കഴിയുമ്പോള്‍ എന്തുകൊണ്ടോ, എവിടെയോ ഒരു പൊരുത്തക്കേടുള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. നിങ്ങള്‍ ആയിടെ മാനസാന്തരപ്പെട്ട് അനുഭവസമ്പത്തും വിവേചനവും കുറഞ്ഞ ഒരു വിശ്വാസിയാണെങ്കില്‍പോലും ഈ തോന്നല്‍ ഒഴിവാക്കുവാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ നേരത്തെ യേശുവിനെപ്പറ്റി പത്രോസ്, യോഹന്നാന്‍, മത്തായി എന്നിവരില്‍ നിന്നു കേട്ടിരുന്ന വസ്തുതകളുമായി പൊരുത്തപ്പെട്ടുപോകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ സാത്താന്‍ നിങ്ങളുടെ അടുക്കല്‍ത്തന്നെ നിന്നുകൊണ്ട്, “ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു” എന്നും “വിധിക്കരുത്” എന്നും നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കുന്നു. എങ്കിലും നിങ്ങള്‍ അവനോട് ഇങ്ങനെ മറുപടി പറയുന്നു “ഇപ്രകാരം കൂടി എഴുതപ്പെട്ടിരിക്കുന്നു: കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതാത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്വിന്‍” (1യോഹ. 4:1).

ഒടുവില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ നിങ്ങള്‍ ചെന്നെത്തുന്നു: “ഇതു ഞാന്‍ കേട്ടിരുന്ന യേശുവല്ല; തീര്‍ച്ചയായും മറ്റൊരു യേശുതന്നെ” (2കൊരി. 11:4).

അതേ, നിങ്ങളുടെ നിഗമനം ശരിയാണ്. അതു മറ്റൊരു യേശു തന്നെയാണ്.

ഈ നിഗമനത്തിലെത്തിച്ചേരുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിച്ചു? നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ പ്രാപിച്ചിട്ടുള്ള അഭിഷേകം താഴെപ്പറയുന്ന സത്യങ്ങള്‍ നിങ്ങള്‍ക്കുപദേശിച്ചുതന്നതുമൂലമാണ് അതു സാധിച്ചത് (1യോഹ. 2:19,20,27).

യഥാര്‍ത്ഥ യേശു തന്‍റെ ശുശ്രൂഷയ്ക്കുവേണ്ടി രാഷ്ട്രീയാധികാരികളുടെ പിന്തുണയോ മാനസാന്തരാനുഭവമില്ലാത്ത മതനേതാക്കളുടെ അംഗീകാരമോ ഒരിക്കലും അന്വേഷിക്കുന്നില്ല. അവരില്‍ ആരെയും തന്നെ മുഖസ്തുതികൊണ്ടു പ്രീണിപ്പിക്കുവാന്‍ അവിടുന്നു ശ്രമിക്കയുമില്ല. ഒരിക്കല്‍ യഹൂദന്മാരുടെ ഒരു ബിഷോപ്പ് തന്‍റെയടുക്കല്‍ വന്നപ്പോള്‍ അയാള്‍ വീണ്ടും ജനനം പ്രാപിക്കേണ്ടതിന്‍റെ ആവശ്യത്തെപ്പറ്റി യേശു അയാളോടു പറയുകയുണ്ടായി (യോഹ. 3:110). ഹെരോദാ രാജാവിനെ ‘ആ കുറുക്കന്‍’ എന്ന് ഒരിക്കല്‍ യേശു വിളിക്കുകയും (ലൂക്കോ. 13:31,32) പിന്നീടു് അയാളെ നേരിട്ടു കണ്ട സമയത്തു അയാളോട് ഒരു വാക്കുപോലും സംസാരിക്കാതിരിക്കുകയും ചെയ്തു (ലൂക്കോ. 23:8,9).

യഥാര്‍ത്ഥ യേശു ഒരിക്കലും ഒരാളില്‍ നിന്നുപോലും പണം ആവശ്യപ്പെടുകയില്ല, തന്‍റെ ശുശ്രൂഷയ്ക്കുവേണ്ടിപ്പോലും. അവിടുന്നു തന്‍റെ പിതാവിന്‍റെ മുമ്പില്‍ മാത്രമേ തന്‍റെ ആവശ്യങ്ങള്‍ അറിയിക്കുകയുള്ളു. അപ്പോള്‍ പിതാവ് യേശുവിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ക്കു പ്രേരണ നല്‍കുകയോ, ഒരു പക്ഷേ ഒരു മത്സ്യത്തെ (ഒരവസരത്തില്‍ മാത്രം ചെയ്തതുപോലെ) അതിനുള്ള ഉപാധിയായി കണ്ടെത്തുകയോ ചെയ്യും (ലൂക്കോ. 8:13; മത്താ. 17:27).

യഥാര്‍ത്ഥയേശു ഒരിക്കലും തന്‍റെ പ്രാര്‍ത്ഥന വിലയ്ക്കു വില്‍ക്കുകയില്ല. എത്ര വില നല്‍കിയാലും അവിടുത്തെ പ്രാര്‍ത്ഥനയെ വിലയ്ക്കുവാങ്ങുവാന്‍ ഒരുത്തര്‍ക്കും സാധിക്കുകയുമില്ല. മന്ത്രവാദിയായ ശിമോന്‍ ഒരിക്കല്‍ പത്രോസിന്‍റെ പ്രാര്‍ത്ഥനയ്ക്കു വിലകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവത്തിന്‍റെ ദാനം വിലയ്ക്കു വാങ്ങാമെന്നു സങ്കല്‍പിച്ച ദുഷ്ടമനഃസ്ഥിതിക്കു പത്രോസ് അയാളെ ശാസിച്ചു (അപ്പൊ. 8:18-23). ഉടന്‍തന്നെ ശിമോന്‍ അതിനെപ്പറ്റി പശ്ചാത്തപിച്ചു. എന്നാല്‍ പശ്ചാത്തപിക്കാത്ത ഒട്ടധികം അനുയായികള്‍ ശിമോനു ശതാബ്ദങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്. ശിമോനെ ശാസിച്ച പത്രോസിന്‍റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന റോമന്‍ കത്തോലിക്കാ മാര്‍പ്പാപ്പമാര്‍ എക്കാലത്തും തങ്ങളുടെ പ്രാര്‍ത്ഥന വിലയ്ക്കു വിറ്റിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ തന്‍റെ ജീവിതകാലത്ത് പത്രോസിനെപ്പോലെ ഈ ദുഷ്ടതയോടു എതിര്‍ത്തുനിന്നു. എന്നാല്‍ മാര്‍ട്ടിന്‍ ലൂതറിന്‍റെ അനുയായികളായ ഇന്നത്തെ ചില പ്രോട്ടസ്റ്റന്‍റുകാര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും പ്രവചനങ്ങളും പണത്തിനു വില്‍ക്കുന്ന പരിപാടിയിലേക്കു മടങ്ങിപ്പോയിരിക്കുന്നു. കഷ്ടം തന്നെ! ശിമോനെപ്പോലെ പലരും അവര്‍ക്കു പണം കൊടുക്കുവാന്‍ സന്നദ്ധരായി മുന്നോട്ടു വരികയും ചെയ്യുന്നു.

അന്ത്യനാളുകളില്‍ വൃതന്മാരെപ്പോലും തെറ്റിക്കുമാറ് വഞ്ചനയുടെ ആത്മാവ് വിശേഷിച്ചും അത്ഭുതങ്ങളും അടയാളങ്ങളും മൂലമുള്ള വഞ്ചന  അത്യധികം രൂക്ഷമായിരിക്കുമെന്ന് യേശു നമുക്കു താക്കീതു നല്‍കിയിട്ടുണ്ട് (മത്താ. 24:24). ഇന്ന് യേശുവിന്‍റെ വൃതന്മാര്‍  തിഞ്ഞെടുക്കപ്പെട്ട അനുയായികള്‍  ഏറ്റവും ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചറിയേണ്ട ഒരു ശുശ്രൂഷയുണ്ടെങ്കില്‍ അത് അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ശുശ്രൂഷയാണ്. ഇതാ, യേശു നിങ്ങളോടു സംസാരിക്കുവാന്‍ നിങ്ങളുടെ മുറിയില്‍ വന്നെത്തിയിരിക്കുന്നുവെന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞാല്‍ അതു വിശ്വസിച്ചുപോകരുതെന്ന് യേശു അരുളിച്ചെയ്തിട്ടുണ്ട് (മത്താ. 24:26). യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം ഈ 1900 വര്‍ഷങ്ങളായി ഒരിക്കലും കര്‍ത്താവിന്‍റെ പുനരുത്ഥാനശരീരം പിതാവിന്‍റെ വലത്തുഭാഗം വിട്ടു മാറിയിട്ടില്ല. പൗലോസും സ്തേഫാനോസും അവിടുത്തെ കണ്ടത് അവിടെ സ്ഥിതി ചെയ്യുന്നവനായിട്ടാണ് (അപ്പൊ. 7:56; 9:3). യോഹന്നാന്‍ പോലും പത്മോസ് ദ്വീപില്‍ വച്ചു യേശുവിന്‍റെ ഭൗതികശരീരമല്ല ദര്‍ശിച്ചത്. യേശുവിനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങള്‍ മാത്രമാണ് അദ്ദേഹം കണ്ടത് (വെളി. 1:13-16). യേശു സ്വര്‍ഗ്ഗം വിട്ടിറങ്ങുമ്പോള്‍ അതു ഭൂമിയിലേക്കുള്ള തന്‍റെ രണ്ടാമത്തെ വരവിനുമാത്രമായിരിക്കും. അതിനാല്‍ യേശു ഇതാ, തങ്ങളുടെ മുറിയില്‍ വന്നെത്തിയിരിക്കുന്നുവെന്നു ചിലര്‍ പറഞ്ഞാല്‍ നിങ്ങള്‍ അവരെ വിശ്വസിക്കരുത്.

നിഷ്പ്രയാസം വഞ്ചിതരാകുന്ന വിശ്വാസികളുടെ മധ്യത്തില്‍ ജീവിക്കുന്നവരായ നാം വിവേചനശൂന്യരായിത്തീരരുത്. എന്നാല്‍ ഈ അന്ത്യദിനങ്ങളില്‍ വെളിച്ചം ലഭിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ദൈവവചനം വ്യക്തമായ വെളിച്ചം നല്‍കുന്നൂണ്ട്. അതിനെ മാത്രം നാം പിന്തുടരുന്നപക്ഷം നാമൊരിക്കലും വഞ്ചിക്കപ്പെടുകയില്ല.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

16. അന്ധാരാധനയുടെ (cultism) ലക്ഷണങ്ങള്‍

“കപടമായ വിനയത്തിലും അന്ധമായ ദൂതാരാധനയിലും രസിച്ച് തലയെ മുറുകെപ്പിടിക്കാത്ത ആരും രക്ഷയുടെ വിജയസമ്മാനം നേടുന്നതില്‍നിന്നു നിങ്ങളെ വഴിതെറ്റിക്കരുത് …. തലയായവനില്‍നിന്നല്ലോ ശരീരം മുഴുവനും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നത്” (കൊലോ. 2:18,19, ബെര്‍ക്ക്ലിയുടെ തര്‍ജ്ജമ).

“സ്വന്ത വികാരങ്ങളെ അനുസരിച്ച് ആകാത്തവഴിയില്‍ നടക്കുന്ന മത്സരമുള്ള ജനം …. ‘മാറി നില്‍ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍’ എന്നു പറകയും ചെയ്യുന്നു” (യെശ. 65:2,5).

“ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്ന് എഴുന്നേല്‍ക്കും. അതു കൊണ്ട് ഉണര്‍ന്നിരിപ്പിന്‍” (അപ്പൊ. 20:30,31).

യേശുക്രിസ്തുവിനു പുറമേ ഒരു വ്യക്തിക്കോ ഒരു ഉപദേശസംഹിതയ്ക്കോ കൂടെ കീഴടങ്ങിയിരിക്കുന്നതാണ് അന്ധാരാധന (cultism).യേശുവിനു കുടില്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ഏലിയാവിനും മോശെക്കും കൂടി കുടിലുകള്‍ നിര്‍മ്മിക്കുന്ന മനോഭാവമാണത്. ഇതുനിമിത്തം ദൈവസാന്നിധ്യത്തെ നമ്മില്‍നിന്നു മറയ്ക്കുന്ന ഒരു മേഘം നമുക്കു മീതെ വന്നുചേരുവാന്‍ ഇടയാകുന്നു. നമ്മുടെ ജീവിതങ്ങള്‍ യേശുവില്‍ മാത്രം കേന്ദ്രീകൃതമാകണം എന്നതാണ് ദൈവഹിതം (മത്താ. 17:18).

ലോകാവസാനത്തിനു മുമ്പുള്ള അന്ത്യനാളുകള്‍ ക്രൈസ്തവലോകത്തില്‍ ഇത്തരം അന്ധാരാധന വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടമായിരിക്കും. തലയായ ക്രിസ്തുവിനോടു വ്യക്തിപരമായ ഒരു ഗാഢബന്ധം ഉണ്ടാകുന്നതിനു പകരം കര്‍ത്താവിന്‍റെ ദൂതന്മാരെ ആരാധിക്കുവാന്‍ ഇടയാകുന്നതുമൂലം ഈ കാലഘട്ടത്തില്‍ ധാരാളം പേര്‍ അന്ധാരാധകരായിത്തീര്‍ന്നുപോകും.

ഈ ആപത്തിനെതിരേ ജാഗ്രത പുലര്‍ത്തുവാന്‍ അന്ധാരാധനയുടെ ചില ലക്ഷണങ്ങള്‍ നാം ഗ്രഹിച്ചിരിക്കുന്നതു പ്രയോജനകരമായിരിക്കും. അതുമൂലം എപ്പോഴും അതിനെതിരേ കരുതലോടെയിരിപ്പാന്‍ നമുക്കു കഴിവുണ്ടാകും. മറ്റുള്ളവര്‍ അന്ധാരാധകരോ എന്നു ശോധന ചെയ്കയും അവരെ വിധിക്കയും ചെയ്യേണ്ട ആവശ്യം നമുക്കില്ല. നമുക്കു സ്വയം ഈ കാര്യത്തില്‍ ആത്മപരിശോധന നടത്താം.

അന്ധാരാധകസമൂഹത്തിന്‍റെ ഒരു ഭാഗമായിരിക്കുന്നതും അതിന്‍റെ പ്രവണതകള്‍ കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഉപദേശസംഹിത മുഴുവനും വചനാനുസൃതവും നേതാക്കന്മാര്‍ ഉത്തമ വ്യക്തികളായുമുള്ള  ഒരു സഭയിലെ അംഗമായിരിക്കെത്തന്നെ നിങ്ങളെ നടത്തുന്നവരുടെ നേരെയും മറ്റു സഭകളിലെ വിശ്വാസികളുടെ നേരെയും ഗ്രൂപ്പിന്‍റെ നേരെയും നിങ്ങള്‍ അന്ധാരാധനാമനോഭാവമുള്ളവനായിത്തീരുവാന്‍ സാധ്യതയുണ്ട്. കാരണം, അന്ധാരാധനാമനോഭാവം തെറ്റായ ഉപദേശത്തില്‍ മാത്രമല്ല കാണപ്പെടുന്നത്; തെറ്റായ നിലപാടില്‍ക്കൂടെയും അതു പ്രത്യക്ഷമാകാം. ഉപദേശത്തില്‍ നിര്‍മ്മലതയും ജീവിതത്തില്‍ സത്യസന്ധതയും ഉള്ള ആളുകള്‍ തന്നെ പലപ്പോഴും തങ്ങളുടെ മനോഭാവത്തില്‍ വന്നുകൂടുന്ന അന്ധമായ ആരാധനാഭാവത്തെപ്പറ്റി അറിവില്ലാത്തവരായിത്തീര്‍ന്നെന്നു വരാം.

1. ക്രിസ്തുവും പുറമേ മറ്റൊരു വ്യക്തിയും

അന്ധാരാധനയുടെ മുഖ്യമായ ലക്ഷണം അതില്‍ ഏറ്റവുമധികം മാനിക്കപ്പെടുന്ന ഒരു നേതാവുണ്ടായിരിക്കുക എന്നതാണ്. ഇദ്ദേഹം മിക്കപ്പോഴും ആ സമൂഹത്തിന്‍റെ സ്ഥാപകന്‍ തന്നെ ആയിരിക്കും. ഇദ്ദേഹത്തിന്‍റെ ജീവിതം ആദര്‍ശപൂര്‍ണ്ണതയുള്ളതായും ഉപദേശങ്ങള്‍ ദൈവവചനതുല്യമായും പരിഗണിക്കപ്പെടുകയും ചെയ്യും.

ബെരോവയിലെ വിശ്വാസികളെ പരിശുദ്ധാത്മാവ് ഉത്തമന്മാര്‍ എന്നു വിളിക്കുന്നു. കാരണം, അവര്‍ ദിവസംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുകയും പൗലോസ് പഠിപ്പിച്ചിരുന്ന കാര്യങ്ങള്‍ വചനാധിഷ്ഠിതമോ എന്നു നിര്‍ണ്ണയം വരുത്തുകയും ചെയ്തുപോന്നു. പൗലോസ് ഉന്നതനായ ഒരു അപ്പൊസ്തലനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍പോലും തിരുവെഴുത്തുകളോടു നിരക്കുന്നവയോ എന്നു ശോധന ചെയ്യേണ്ടതാവശ്യമായിരുന്നു (അപ്പൊ. 17:11).

പ്രവാചകന്മാര്‍ സഭയില്‍ സംസാരിക്കുന്ന സമയത്ത് മറ്റുള്ളവര്‍ അവരുടെ പ്രവചനത്തെ വിവേചിക്കേണ്ടതാണെന്നു ദൈവവചനം അനുശാസിക്കുന്നു (1കൊരി. 14:29). എന്താണു മറ്റുള്ളവര്‍ വിവേചിക്കേണ്ടത്? ബെരോവക്കാര്‍ വിവേചിച്ച കാര്യം തന്നെ. അതായത് പ്രവാചകന്മാര്‍ സംസാരിക്കുന്നതു ദൈവവചനാധിഷ്ഠിതമോ അല്ലയോ എന്നകാര്യം. അന്ധാരാധനയ്ക്കെതിരെയുള്ള ഏറ്റവും വലിയ രക്ഷാ മാര്‍ഗ്ഗം ഇതാണ്.

എന്നാല്‍ അന്ധാരാധകരായ വിശ്വാസികളാകട്ടെ, തങ്ങളുടെ നേതാവു സംസാരിക്കുന്ന കാര്യത്തിനു വചനത്തില്‍ അടിയുറച്ച ഒരടിസ്ഥാനമുണ്ടോ എന്നു പരിശോധിക്കാതെ അദ്ദേഹം പഠിപ്പിക്കുന്നതെല്ലാം അതേപടി സ്വീകരിക്കുമാറ് അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നവരാണ്. അവര്‍ ബെരോവക്കാരെപ്പോലെ ഉത്തമരല്ല.

ഒരന്ധാരാധകസമൂഹത്തില്‍ സ്ഥാപകനേതാവിന്‍റെ മരണശേഷം ഒരു പിന്‍ഗാമി നേതൃത്വം ഏറ്റെടുക്കുകയും അദ്ദേഹം ആ സമൂഹത്തിന്‍റെ തലവനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ആ സമൂഹത്തിലെ എല്ലാ അംഗങ്ങളും ജീവിച്ചിരിക്കുന്ന സകല ദൈവപുരുഷന്മാരിലും സര്‍വോന്നതനെന്നു ഇപ്പോഴത്തെ നേതാവിനെ അംഗീകരിച്ചുകൊള്ളുവാന്‍ ബാധ്യസ്ഥരാണ്. ഇത്തരമൊരു മനോഭാവത്തിന്‍റെ ഫലം, ഇപ്രകാരമുള്ള ഒരു നേതാവിന്‍റെ ഉപദേശത്തെ ചോദ്യം ചെയ്യാതെ കീഴടങ്ങിക്കൊടുക്കുക എന്നതാണ്. അദ്ദേഹത്തിനു എല്ലാ അംഗങ്ങളുടെ മേലുമുള്ള അധികാരം പോപ്പിന്‍റേതെന്നപോലെ സമ്പൂര്‍ണ്ണമാണ്. അദ്ദേഹത്തിന്‍റെ വാക്കാണു നിയമം.

പല അന്ധാരാധകസമൂഹങ്ങളിലും നേതാവിന് ഒരു മകനുണ്ടെങ്കില്‍ ആ മകന്‍ പ്രസ്തുത ഗ്രൂപ്പിന്‍റെ ചുമതലയേറ്റെടുക്കത്തക്കവണ്ണം പിതാവു തന്നെ അയാള്‍ക്കു ക്രമേണ പരിശീലനം നല്‍കുന്നതായിരിക്കും. അങ്ങനെ ഗ്രൂപ്പിലെ അംഗങ്ങള്‍ പിതാവിനെ ബഹുമാനിച്ചിരുന്നതുപോലെ മകനെയും ബഹുമാനിക്കുവാന്‍ ഇടയായിത്തീരുന്നു.

2. ബൈബിളും പുറമേ മറ്റൊരു ഗ്രന്ഥവും

അന്ധാരാധനയുടെ രണ്ടാമത്തെ ലക്ഷണം ബൈബിളിനു പുറമേ ഒരു പുസ്തകം കൂടെ അവര്‍ക്ക് ഉണ്ടായിരിക്കും എന്നതാണ്. സാധാരണ ഇത് അതിന്‍റെ നേതാവ് എഴുതിയതായിരിക്കും. ബൈബിള്‍ പോലെ തന്നെ ഈ ഗ്രന്ഥം അപ്രമാദിത്വം (തെറ്റിക്കൂടായ്മ) ഉള്ളതായി പ്രവൃത്തിയില്‍ പരിഗണിക്കപ്പെടുകയും ചെയ്യും.

മിക്ക അന്ധാരാധനാസമൂഹങ്ങളും തങ്ങളുടെ നേതാവിന്‍റെ ഗ്രന്ഥങ്ങള്‍ക്കു ഇപ്രകാരമൊരു സ്ഥാനം നല്‍കപ്പെടുന്നുവെന്ന കാര്യം നിഷേധിക്കുന്നവരായിരിക്കാം. എന്നാല്‍ ആ പുസ്തകത്തിന്‍റെ നേരേയുള്ള അവരുടെ മനോഭാവം അവര്‍ അതിനെ ബൈബിളിനു തുല്യമായി പരിഗണിക്കുന്നുവെന്നു വ്യക്തമാക്കും. അവരുടെ വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവയായിരിക്കും പ്രവൃത്തികള്‍.

ഒരു അന്ധാരാധകസമൂഹത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ വളരെ ആത്മാര്‍ത്ഥതയും കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സമര്‍പ്പണവും ഉണ്ടായിരിക്കും. ചിലടത്തു സ്ഥാപകന്‍ തന്നെ ദൈവഭക്തനായ ഒരു വ്യക്തിയായിരിക്കും. എന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ എഴുത്തുകളും ഉപദേശങ്ങളും ക്രോഡീകരിച്ച് വ്യവസ്ഥാപിതമായ ഒരു ഉപദേശസംഹിതയാക്കിത്തീര്‍ക്കുകയും അതിനു ബൈബിളിനുള്ള അതേ പ്രാമാണികത്വം നല്‍കുകയും ചെയ്യുന്നു.

ഇപ്രകാരം സ്ഥാപകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കു ദൈവവചനമായിപ്പരിണമിക്കുന്നു. സ്ഥാപകന്‍ ഒരു ദൈവപുരുഷനാണെങ്കില്‍ തന്‍റെ ജീവിതകാലത്ത് ഇപ്രകാരമൊരു കാര്യം സംഭവിക്കുവാന്‍ അദ്ദേഹം അനുവദിക്കുകയില്ല. എന്നാല്‍ സ്ഥാപകന്‍ ഒരു യഥാര്‍ത്ഥ ദൈവഭക്തന്‍ അല്ലായിരുന്നാല്‍ തന്‍റെ ജീവിതകാലത്തുതന്നെ തന്‍റെ വാക്കുകള്‍ക്കു ദൈവികാധി കാരമുള്ളതായി അവകാശപ്പെടുന്നതായും കാണാറുണ്ട്.

അന്ധാരാധകസമൂഹത്തില്‍പ്പെട്ട ആളുകള്‍ ഈ ഒരൊറ്റ ഗ്രന്ഥം തന്നെ വീണ്ടും വീണ്ടും പല ആവൃത്തി വായിക്കും. അവരില്‍ പലരും തങ്ങള്‍ യാത്ര ചെയ്യുന്നിടത്തെല്ലാം ഈ പുസ്തകം കൊണ്ടുപോകയും ബൈബിളില്‍ നിന്നു വാക്യങ്ങള്‍ ഉദ്ധരിക്കുന്നതുപോലെ ഈ പുസ്തകത്തിലെ വാക്യങ്ങള്‍ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യും. ഈ പുസ്തകം ഏതെങ്കിലും വചനഭാഗത്തെയോ ഉപദേശത്തെയോ ഒരു പ്രത്യേക വിധത്തില്‍ വിശദീകരിക്കുന്നപക്ഷം ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്ന കാഴ്ചപ്പാടും അതേവിധത്തില്‍ തന്നെ ആയിരിക്കുവാന്‍ ബാധ്യസ്ഥമായിത്തീരും.

ഈ ഗ്രന്ഥത്തിന്‍റെ നിരന്തരപാരായണം അന്ധാരാധനക്കാരനായ വായനക്കാരന്‍റെ മനസ്സിനെ സമ്പൂര്‍ണ്ണമായി സ്വാധീനിക്കുകയും ക്രമേണ ആ പുസ്തകം വ്യാഖ്യാനിക്കുന്ന രീതിയില്‍ത്തന്നെ അയാളും തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുവാന്‍ ആരംഭിക്കുകയും ചെയ്യും. ഇപ്രകാരം അയാളുടെ മനസ്സ് ഒരു പ്രത്യേക വലയത്തിനുള്ളില്‍ ആയിത്തീരുകനിമിത്തം ദൈവവചനത്തിലെ വിവിധഭാഗങ്ങളില്‍ നിന്നു പരിശുദ്ധാത്മാവു നല്‍കുന്ന പുതിയ വെളിച്ചം സ്വീകരിക്കുവാന്‍ അയാള്‍ കഴിവില്ലാത്തവനായിത്തീരും. കാരണം ഓരോ പ്രാവശ്യവും ആ ഭാഗം വായിക്കുമ്പോള്‍ അവയുടെ അര്‍ത്ഥം ഇന്നവിധത്തിലാണെന്ന ഒരു മുന്‍വിധി അയാളുടെ മനസ്സില്‍ വേരുറച്ചു പോകുവാന്‍ ഇടയാകും.

റോമന്‍ കത്തോലിക്കാ വേദശാസ്ത്രജ്ഞന്മാര്‍ ദൈവവചനത്തെ വ്യാഖ്യാനിച്ചിട്ടുള്ള വിധത്തില്‍ മാത്രമേ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ പാടുള്ളുവെന്നു റോമന്‍ കത്തോലിക്കാ പുരോഹിതന്മാര്‍ തങ്ങളുടെ അനുയായികളെ ഉപദേശിക്കുന്നതിനു തുല്യമായ ഒരു സാഹചര്യമാണിത്.

ഗ്രൂപ്പിന്‍റെ ഉപദേശസംഹിതയെയോ നേതാക്കന്മാരുടെ ഉപദേശങ്ങളെയോ ഏതെങ്കിലും പ്രകാരത്തില്‍ ചോദ്യം ചെയ്യുന്നതിനെ ഇക്കൂട്ടര്‍ പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തും.

3. കൂട്ടായ്മയില്‍ മറ്റുള്ളവരെ വര്‍ജ്ജിക്കുന്ന സമ്പ്രദായം (exclusiveness)

അന്ധാരാധനയുടെ മൂന്നാമത്തെ സവിശേഷത ഇതത്രേ.

തങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവരും വീണ്ടുംജനനം പ്രാപിച്ചവരുമായ മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയ്ക്ക് ആത്മീയമായി യാതൊരു വിലയും കല്‍പിക്കാത്തവരാണ് അന്ധാരാധകര്‍. അതിനാല്‍ തങ്ങളുടെ ഗ്രൂപ്പിലേക്കു മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുവാനല്ലാതെ മറ്റു വിശ്വാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തുവാന്‍ അന്ധാരാധകസമൂഹം നിങ്ങളെ അനുവദിക്കുകയില്ല. ഇപ്രകാരമുള്ള ഒരു സമൂഹം തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥസഭയെന്നു ചിന്തിക്കുകയും, ക്രിസ്തുവിന്‍റെ കാന്തയായിത്തീരേണ്ടവരെല്ലാം അന്തിമമായി തങ്ങളോടു ചേരുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അവരുടെ മിഥ്യാഭിമാനം വാസ്തവത്തില്‍ ഭാവനയ്ക്കപ്പുറമായിട്ടുള്ളതുതന്നെ.

കൂട്ടായ്മയില്‍ ഇപ്രകാരം വര്‍ജ്ജനമനോഭാവം പുലര്‍ത്തുന്ന സ്വഭാവം അന്ധാരാധകവിശ്വാസികളെ ആത്മീയമായി വലിപ്പം ഭാവിക്കുന്നവരും പരീശമനോഭാവക്കാരുമായി മാറ്റും. ദൈവവചനത്തില്‍ തങ്ങള്‍ക്കുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന അധികമായ അവഗാഹം മറ്റെല്ലാ വിശ്വാസികളുടെയും നേരേ ഒരുതരം അന്യതാമനോഭാവം അവരില്‍ അങ്കുരിപ്പിക്കും. ഇത്തരം അന്ധാരാധകവിശ്വാസികള്‍ സാധാരണഗതിയില്‍ തങ്ങളുടെ പരീശമനോഭാവത്തെപ്പറ്റി അറിവില്ലാത്തവരായിരിക്കുകയും യേശു ക്രിസ്തുവിന് യഥാര്‍ത്ഥമായി സമര്‍പ്പിച്ചിട്ടുള്ളവരും വിനീതരുമായ വിശ്വാസികളെന്നു തങ്ങളെത്തന്നെ പരിഗണിക്കുന്നവരുമായിരിക്കും. സ്വയം വഞ്ചിക്കുവാന്‍ മനുഷ്യമനസ്സിനുള്ള ശക്തി ആവിധമുള്ളതത്രേ. എന്നാല്‍ ആ ഗ്രൂപ്പിനു പുറത്തുള്ളവര്‍ക്ക് അവരുടെ പരീശമനോഭാവം വ്യക്തമായിക്കാണാന്‍ കഴിയും.

അന്ധാരാധനാഭാവമുള്ള വിശ്വാസികള്‍ സാധാരണയായി തങ്ങളുടെ നേതാക്കന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ മാത്രമേ വായിക്കുകയുള്ളു. അവരുടെ മാസികകളിലും ഗ്രന്ഥാവലിയിലും തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ എഴുതിയ ലേഖനങ്ങള്‍ മാത്രമേ സാധാരണ കാണുകയുള്ളു. ചില അന്ധാരാധകസമൂഹങ്ങള്‍ മറ്റു വിശ്വാസികളെഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നതിനെതിരേ നിങ്ങള്‍ക്കു ശക്തമായി താക്കീതു നല്‍കുകയും ചെയ്യും. കാരണം, അപ്പൊസ്തലകാലത്തിനുശേഷം സ്വന്ത ഗ്രൂപ്പില്‍പ്പെട്ടവരൊഴികെ ദൈവഭക്തിയുള്ള വ്യക്തികളാരും ക്രൈസ്തവലോകത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. ആളുകളെ വഞ്ചിക്കുവാന്‍ അന്ധാരാധനസമ്പ്രദായത്തിനുള്ള ശക്തി ഇത്ര പ്രബലമാണ്.

അന്ധാരാധകരായ വിശ്വാസികള്‍ കര്‍ശനമായിത്തന്നെ തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട വിശ്വാസികള്‍ രചിച്ച പാട്ടുകള്‍ മാത്രമേ പാടുകയുള്ളു. അവരുടെ പാട്ടുപുസ്തകങ്ങളില്‍ അത്തരം പാട്ടുകളേ ഉണ്ടായിരിക്കൂ. മറ്റു പാട്ടുകളെ തെറ്റായ ആത്മാവുള്ളവയായും തന്മൂലം ആപല്‍ക്കരമായും അവര്‍ പരിഗണിക്കുന്നു.

ഇപ്രകാരം അന്ധാരാധകസമൂഹങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരെ കൃത്രിമമായ സമാധികോശങ്ങളില്‍ അടച്ചുസൂക്ഷിക്കുന്നു. മറ്റു ശതാബ്ദങ്ങളില്‍ ദൈവ ഭക്തരായ ഇതരവ്യക്തികളിലൂടെയും സമകാലികങ്ങളായ മറ്റു സഭകളിലെ ദൈവഭക്തരിലൂടെയും ദൈവം ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റിയുള്ള അജ്ഞതയാണ് ഈ സമാധികോശമെന്നു പറയാം.

ദൈവഭക്തരായ മറ്റു വിശ്വാസികളില്‍നിന്ന് ഒറ്റപ്പെട്ട നിലയില്‍ ഒരുവന്‍ ജീവിക്കുമ്പോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുവാനും ആത്മവഞ്ചനയുടെയും ദുരഭിമാനത്തിന്‍റെയും ഒരു ലോകത്തില്‍ ജീവിക്കുവാനും എളുപ്പമാണ്.

നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവ് അംഗീകരിച്ചിട്ടുള്ള ഒരു ദൈവപൈതലിനെയെങ്കിലും ഏതു കാരണം കൊണ്ടായാലും നമ്മുടെ കൂട്ടായ്മയില്‍ നിന്നു അകറ്റി നിര്‍ത്തുമ്പോള്‍ നഷ്ടം സഹിക്കുന്നതു നാം തന്നെയായിരിക്കും. എന്തെന്നാല്‍ എല്ലാ വിശുദ്ധന്മാരുമൊപ്പം നാം ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുകയും ദൈവത്തിന്‍റെ എല്ലാ നിറവോളം നിറഞ്ഞുവരികയും ചെയ്യണമെന്നാണ് ദൈവഹിതം (എഫേ. 3:18,19).

എക്യൂമെനിസത്തെയോ ഒത്തുതീര്‍പ്പുമനോഭാവത്തെയോ പ്രോത്സാഹിപ്പിക്കുവാനല്ല ഈ കാര്യം പറയുന്നത്. ഭൂരിപക്ഷം വിശ്വാസികളും ബാബിലോണ്‍ വ്യവസ്ഥയില്‍പ്പെട്ടവരാകയാല്‍ അവരോടു യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ നമുക്കു സാധ്യമല്ല. അത്തരം സമൂഹങ്ങളുമായി നമുക്കൊരു ബന്ധവുമില്ല. അവയില്‍നിന്നു പുറത്തുവരുവാന്‍ നാം വിശ്വാസികളെ എപ്പോഴും ഉത്സാഹിപ്പിക്കുകയും വേണം. എന്നാല്‍ ദൈവത്തെ ഭയപ്പെടുന്ന എല്ലാ ക്രിസ്തുശിഷ്യന്മാരോടുമുള്ള കൂട്ടായ്മയ്ക്ക് നമ്മുടെ ഹൃദയങ്ങള്‍ എപ്പോഴും തുറക്കപ്പെട്ടവയായിരിക്കണം.

4. സുവിശേഷപ്രവര്‍ത്തനത്തിനു പ്രതിബദ്ധതയില്ലാത്ത അവസ്ഥ (No burden for evangelism)

അന്ധാരാധനയുടെ നാലാമത്തെ സവിശേഷത ലോകത്തില്‍ മാനസാന്തരപ്പെടാത്ത ജനങ്ങളുടെ അടുക്കലേക്കു സുവിശേഷം എത്തിക്കുവാന്‍ അവര്‍ക്കു പ്രതിബദ്ധതയുണ്ടായിരിക്കുകയില്ല എന്നതാണ്.

വിജാതീയതരുടെ ഇടയില്‍ പരിമിതമായ തോതില്‍ സുവിശേഷപ്രവര്‍ത്തനം നടത്തുന്ന ചില അന്ധാരാധകസമൂഹങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും പൊതുവില്‍ പറഞ്ഞാല്‍ എല്ലാ അന്ധാരാധകസമൂഹങ്ങളും മറ്റു ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചുപോരുന്നത്. യേശു കല്‍പിച്ചതുപോലെ (മര്‍ക്കോ. 16:15) സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവാനുള്ള ആഗ്രഹം അവര്‍ക്കില്ല. പകരം മറ്റു വിശ്വാസികളുടെ കൂട്ടത്തില്‍നിന്നു തങ്ങളുടെ ഗ്രൂപ്പിലേക്കു ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് അവര്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.

അന്ധാരാധകസമൂഹങ്ങള്‍ സാധാരണയായി വളരെ ദൃഢബദ്ധമായ കൂട്ടങ്ങളാകയാല്‍ അവരുടെ കൂട്ടത്തില്‍പ്പെട്ട പല വിശ്വാസികള്‍ക്കും ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഇത്തരം സമൂഹങ്ങളില്‍പ്പെട്ടവര്‍ അന്യോന്യം കരുതുകയും സഹായിക്കുകയും പലവിധത്തിലും അന്യോന്യം വളരെ കാരുണ്യപൂര്‍വം പെരുമാറുകയും ചെയ്യുന്നു. അരക്ഷിതബോധമുള്ള ക്രിസ്ത്യാനികള്‍ അവര്‍ അഭിമുഖീകരിച്ച സ്നേഹശൂന്യമായ ക്രിസ്തുമാര്‍ഗ്ഗത്തില്‍ മനസ്സു മടുത്തവരായി, ഇനിയും ദൈവത്തിനു പകരമായി വിശ്വാസികളുടേതായ ഒരു സമൂഹത്തില്‍ സുരക്ഷിതത്വവും സ്വീകരണവും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹവും കൂട്ടായ്മയും കണ്ടെത്തുവാനായി ഈ സമൂഹങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ മറ്റെല്ലാ സമൂഹങ്ങളില്‍ നിന്നും ഒറ്റതിരിക്കപ്പെടുന്നതുമൂലം ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന ആപത്തുകളെപ്പറ്റി സാധാരണ ഗതിയില്‍ അവര്‍ ബോധവാന്മാരായിത്തീരുന്നില്ല.

അന്ധാരാധകസമൂഹങ്ങള്‍ തങ്ങളുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്ന ഒരു പുതിയ വ്യക്തിയെ തങ്ങളുടെ സമൂഹത്തിന്‍റെ ഒരവിഭാജ്യഭാഗമാക്കിത്തീര്‍ക്കുവാന്‍ വേണ്ടി അയാള്‍ക്കു വളരെ ശ്രദ്ധയും സ്നേഹവും നല്‍കാറുണ്ട്. പുതുതായി ചേര്‍ക്കപ്പെട്ട ഈ വ്യക്തി ഒരിക്കല്‍ തങ്ങളോടു ചേര്‍ന്നുകഴിഞ്ഞാല്‍ ക്രമേണ തങ്ങളുടെ നേതാവിന്‍റെ ദൈവികാധികാരമുള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ ഉപദേശങ്ങളും സ്വീകരിച്ചുകൊള്ളുമെന്ന് അവര്‍ക്കറിയാം.

കുറേ വര്‍ഷക്കാലം ഈ സമൂഹത്തില്‍ കഴിഞ്ഞതിനുശേഷം മിക്ക വിശ്വാസികളും ഒറ്റതിരിഞ്ഞ് ഏകനായിത്തീര്‍ന്നുപോകുമെന്നുള്ള ഭയം മൂലം ആ ഗ്രൂപ്പു വിടുന്നതിനെപ്പറ്റി ചിന്തിക്കുക പോലുമില്ല. ഈ ഭയവും ‘സത്യസഭ’യില്‍നിന്നു പിന്മാറുന്നതിനെപ്പറ്റിയുള്ള ഭയവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായി അന്ധാരാധകരായ വിശ്വാസികള്‍ ആജീവനാന്തമുള്ള ഊരാക്കുടുക്കില്‍ അകപ്പെട്ടവരായിത്തീരുന്നു.

ശതാബ്ദങ്ങളായി ദൈവഭക്തരായ മിഷ്യനറിമാര്‍ വിജാതീയരുടെ മധ്യേ അപരിഷ്കൃതസാഹചര്യങ്ങളില്‍ ജീവിച്ച് അവരെ ക്രിസ്തുവിലേക്കു നയിക്കുവാന്‍ വേണ്ടി സഹിക്കാറുള്ള ത്യാഗങ്ങള്‍ അന്ധാരാധകരായ വിശ്വാസികള്‍ സാധാരണ സഹിക്കാറില്ല. അപ്രകാരമുള്ള സുവിശേഷപ്രവര്‍ത്തനത്തെപ്പറ്റി ഇക്കൂട്ടര്‍ ലാഘവ ബുദ്ധിയോടെയാണു സംസാരിക്കാറുള്ളത്. ഇത്തരം സുവിശേഷപ്രവര്‍ത്തനം വളരെ ദുഷ്കരമായ ഒന്നാകയാല്‍ ഇതു സ്വാഭാവികം തന്നെ.

അന്ധാരാധകരായ സുവിശേഷപ്രസംഗകര്‍ അക്രൈസ്തവരാജ്യങ്ങളിലേക്ക് എപ്പോഴെങ്കിലും പോകുന്നപക്ഷം സന്ദര്‍ശകരായി മാത്രമാണ് അപ്രകാരം ചെയ്യാറുള്ളത്. തങ്ങള്‍ സന്ദര്‍ശിക്കുന്ന അക്രൈസ്തവരാജ്യങ്ങളില്‍ തങ്ങളുടെ സമൂഹത്തിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വര്‍ഷംതോറുമുള്ള തങ്ങളുടെ സന്ദര്‍ശനസമയത്ത് മീറ്റിംഗുകള്‍ ക്രമീകരിക്കുന്നതിനുമായി പ്രാദേശികപ്രതിനിധികളെ നിയമിക്കുക എന്ന അനായാസമാര്‍ഗ്ഗമാണ് അവര്‍ സ്വീകരിക്കാറുള്ളത്. ഇതിനു പ്രതിഫലമായി ഈ പ്രാദേശികപ്രതിനിധികള്‍ക്ക് എന്തെങ്കിലും ദാനങ്ങളോ, സ്വന്തം കൈയില്‍നിന്നു പണം ചെലവാക്കാതെ തങ്ങളുടെ കേന്ദ്രസ്ഥാനം വല്ലപ്പോഴുമൊക്കെ സന്ദര്‍ശിക്കുവാനുള്ള സൗകര്യമോ നല്‍കപ്പെടുന്നതാണ്.

ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരാകട്ടെ, സ്വയം ദരിദ്രരാകയാല്‍ ഇതു പോലെയുള്ള കൈക്കൂലി ആര്‍ക്കും കൊടുത്തിട്ടില്ല. തന്മൂലം അക്രൈസ്തവരാജ്യങ്ങളില്‍ വളരെ വിലപ്പെട്ട പ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്.

5. വിശ്വാസത്താലുള്ള നീതീകരണത്തിന്‍റെ വില താഴ്ത്തിക്കളയുക

അഞ്ചാമത്തെ ഒരു ലക്ഷണം വിശ്വാസത്താല്‍ ലഭിക്കുന്ന നീതീകരണത്തിന്‍റെ വില താഴ്ത്തിക്കളയുന്നതും പ്രവൃത്തികളാലുള്ള നീതീകരണത്തെ ആവശ്യത്തിലധികം ഊന്നിപ്പറയുന്നതുമാണ്.

പ്രവൃത്തികളെപ്പറ്റി, നമ്മുടെ വിശ്വാസത്തിന്‍റെ തെളിവാണ് അവ എന്ന നിലയില്‍ തിരുവെഴുത്തുകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ “പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനു അവന്‍റെ വിശ്വാസം നീതിയായിക്കണക്കിടുന്നു” എന്നും തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു (റോമര്‍. 4:5).

ഇവിടെ സംഭവിക്കാവുന്ന ആപത്ത് അസന്തുലിതത്വത്തിന്‍റേതല്ല, മറിച്ചു ദുരുപദേശത്തിന്‍റേതാണ്. ഏതെങ്കിലുമൊരു ദൈവവചനസത്യത്തിനു മറ്റു വചനസത്യങ്ങളെ ഒഴിവാക്കിക്കൊണ്ട് അധികമായ ഊന്നല്‍ നല്‍കുമ്പോള്‍ അതു ദുരുപദേശമായിത്തീരാവുന്നതാണ്.

ഇതിലുമധികമായി നാം ഒരു ദൈവവചനോപദേശത്തെ പിടിച്ചുകൊള്ളുകയും എന്നാല്‍ അതിനെ ഒരിക്കലും സഭയില്‍ പഠിപ്പിക്കാതിരിക്കയും ചെയ്താല്‍ അതു നാം വിശ്വസിക്കാതിരിക്കുന്നതിനു തുല്യമാണ്. എന്തെന്നാല്‍ സംസാരിക്കപ്പെടാത്ത സത്യം ഉപയോഗിക്കപ്പെടാത്ത മാംസപേശിപോലെ ക്രമേണ പ്രവര്‍ത്തന രഹിതമാകയും ഒടുവില്‍ സഭയ്ക്കു നഷ്ടപ്പെട്ടതായിത്തീരുകയും ചെയ്യും.

സത്യം ഒരു ആത്യന്തികാതിര്‍ത്തിയിലല്ല, അതിന്‍റെ എതിര്‍ദിശയിലുമല്ല കിടക്കുന്നത്. ഒരിക്കലും അതു രണ്ടിന്‍റെയും മധ്യസ്ഥാനത്തുമല്ല. രണ്ടു ആത്യന്തികാവസ്ഥകളെയും ഒരുമിപ്പിക്കുന്നിടത്താണ് സത്യം സ്ഥിതിചെയ്യുന്നത്.

അതിനാല്‍ മറ്റുള്ളവര്‍ ചെന്നുചേര്‍ന്നിട്ടുള്ള ആത്യന്തികനിലപാടുകളോടുള്ള ഒരു പ്രതികരണമായി നമ്മുടെ ഉപദേശം തീരാതിരിക്കുവാന്‍ നാം സൂക്ഷിക്കണം. പല സുവിശേഷപ്രവര്‍ത്തകരും വിശ്വാസത്താലുള്ള നീതീകരണത്തെ പാപം ചെയ്യുന്നതിനുള്ള ഒരു ലൈസന്‍സാക്കി അധഃപതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് ഈ തിരുവചനസത്യത്തെ നാം വിട്ടുകളയുകയും അതിന്‍റെ എതിര്‍ദിശയിലെ ആത്യന്തികനിലയായ പ്രവൃത്തിയാല്‍ മാത്രമുള്ള നീതീകരണം പ്രസംഗിക്കുകയുമല്ല ചെയ്യേണ്ടത്.

അന്ധാരാധകരായ വിശ്വാസികള്‍ പൊതുവേ പറഞ്ഞാല്‍ സല്‍പ്രവൃത്തികളാല്‍ മാത്രമുള്ള നീതീകരണമാണ് പ്രസംഗിക്കുന്നത്. ഹിന്ദുമതവും മറ്റെല്ലാ അക്രൈസ്തവമതങ്ങളും അതു പഠിപ്പിക്കുന്നുണ്ട്. ഒരു അന്ധാരാധകന്‍ റോമര്‍. 4നെപ്പറ്റി സംസാരിച്ചെന്നിരുന്നാല്‍ത്തന്നെയും അത് ആ അധ്യായവും പ്രവൃത്തികളാലുള്ള നീതീകരണം പ്രസംഗിക്കുന്നുവെന്നു കാണിക്കുവാനായിരിക്കും. ക്രിസ്തു നമ്മുടെ നീതീകരണമായിത്തീരുന്നുവെന്ന സത്യത്തിന്‍റെ (റോമര്‍. 1:30) വിലയിടിച്ചു കാണിക്കുക മാത്രമേ ഒരന്ധാരാധകവിശ്വാസി ചെയ്യാറുള്ളു. അതോടൊപ്പം ന്യായപ്രമാണത്തിന്‍റെ നീതി നമ്മില്‍ നിറവേറുന്നു (റോമര്‍. 8:4) എന്നതിനെ അയാള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യും.

അന്ധാരാധകന്മാര്‍ ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പ്രാധാന്യം കുറച്ചുകളകയും രഹസ്യവാദപരവും അത്യാത്മീയവുമായ നിലയിലല്ലാതെ അതിനെക്കുറിച്ചു സംസാരിക്കാതിരിക്കുകയുമാണ് ചെയ്യാറുള്ളത്.

ഏതെങ്കിലുമൊരു സഭയില്‍ ആലപിക്കപ്പെടാറുള്ള പാട്ടുകള്‍ ആ സഭയുടെ പ്രധാനവിശ്വാസങ്ങളെ സൂചിപ്പിക്കുന്നവയായിരിക്കും. അന്ധാരാധകസമൂഹങ്ങളുടെ പാട്ടുപുസ്തങ്ങള്‍ നോക്കിയാല്‍ അവയില്‍ പാപക്ഷമയെക്കുറിച്ചോ വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ചോ യേശുവിന്‍റെ രക്തത്താല്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണത്തെക്കുറിച്ചോ ഉള്ള ഗാനങ്ങള്‍ മിക്കവാറും ഉണ്ടായിരിക്കുകയില്ല.

കാല്‍വറി ക്രൂശില്‍ ചൊരിയപ്പെട്ട രക്തത്തെപ്പറ്റി യേശുതാനും അപ്പൊസ്തലന്മാരും വളരെയേറെ സംസാരിച്ചിട്ടുണ്ട് (ലൂക്കോ. 22:20; എഫേ. 2:13). സ്വര്‍ഗ്ഗത്തില്‍ നാം നിത്യകാലം അതിനെപ്പറ്റി പാടികീര്‍ത്തിക്കും (വെളി. 5:9). എന്നാല്‍ ഈ രക്തത്തിനു അന്ധാരാധകസമൂഹങ്ങളുടെ പാട്ടുപുസ്തകത്തില്‍ പറയത്തക്ക ഒരു സ്ഥാനവും നല്‍കിക്കാണുന്നില്ല.

ഒട്ടനേകം അന്ധാരാധകവിശ്വാസികളും പുറംകാഴ്ചയില്‍ ഉത്തമജീവിതം നയിക്കുന്നവരായി കാണപ്പെടുന്നുവെന്നതു സത്യമാണെങ്കിലും അവരില്‍ പലരും തങ്ങളുടെ നേതാക്കന്മാരുടെ ഉപദേശങ്ങള്‍ തങ്ങളുടെമേല്‍ വച്ചിട്ടുള്ള വമ്പിച്ച ഭാരം നിമിത്തം ഞെരിയുന്നവരും വിഷണ്ണരുമായി ത്തീര്‍ന്നിരിക്കുന്നുവെന്നതു സത്യമാണ്. അവരുടെ കൂട്ടത്തില്‍ പലരും ദൈവം തങ്ങളുടെ ജീവിതത്തെപ്പറ്റി സന്തുഷ്ടനോ അസന്തുഷ്ടനോ എന്നു നിശ്ചയമില്ലാത്തവരാണ് എപ്പോഴും. തല്‍ഫലമായി അവര്‍ സ്ഥിരമായ ഒരു കുറ്റബോധത്തിനും സഹോദരവര്‍ഗ്ഗത്തെ കുറ്റപ്പെടുത്തുന്ന സാത്താന്‍റെ ശിക്ഷാഭീഷണിക്കും അധീനരായി ജീവിക്കുന്നു. ഇത്തരം സമൂഹങ്ങളില്‍ ഈ ചിന്തകളെ ജയിക്കുവാന്‍ കഴിവുള്ള ദൃഢചിത്തരായ പല വിശ്വാസികളുമുണ്ടെങ്കിലും സാത്താനാല്‍ ബന്ധനത്തിലാക്കപ്പെട്ട ഒട്ടധികം ബലഹീനവിശ്വാസികളും അവരുടെ കൂട്ടത്തില്‍ കാണപ്പെടുന്നുണ്ട്. വിശ്വാസത്താലുള്ള നീതീകരണമെന്ന സത്യത്തെ അവഗണിച്ചിട്ടുള്ളതിന്‍റെ പ്രകടമായ ഫലമാണിത്.

6. വിശ്വാസസത്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന അവസ്ഥ

അന്ധാരാധനയുടെ ആറാമത്തെ ലക്ഷണം അതിന്‍റെ വിശ്വാസസത്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നു എന്നതാണ്.

തിരുവചനത്തില്‍ വ്യക്തമായ അടിസ്ഥാനം കൂടാതെയുള്ള തങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി തങ്ങളുടെ ഗ്രൂപ്പിനു പുറത്തുള്ളവര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒഴിഞ്ഞുമാറുന്ന വിധത്തിലുള്ള ഉത്തരങ്ങളാണ് സാധാരണ അന്ധാരാധകരായ വിശ്വാസികള്‍ നല്‍കാറുള്ളത്.

തങ്ങളുടെ ഉപദേശങ്ങളില്‍ ഏതിനെയെങ്കിലും തിരുവെഴുത്തുകള്‍ മൂലം തെളിയിക്കുവാന്‍ തങ്ങള്‍ക്കു കഴിയാതെവരുമ്പോള്‍ അപ്രകാരം ചോദ്യം ചെയ്യുന്ന ഒരു വിശ്വാസിയോടുള്ള അവരുടെ പതിവുത്തരം ഇതായിരിക്കും: “പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടുണ്ടെങ്കിലേ നിങ്ങള്‍ക്ക് ഇതു ഗ്രഹിക്കുവാന്‍ സാധിക്കൂ.” ഇപ്രകാരം തിരുവെഴുത്തില്‍ പഠിപ്പിക്കപ്പെടാത്തതും മറ്റു വിശ്വാസികള്‍ക്കു ലഭിച്ചിട്ടില്ലാത്തതുമായ ഒരു പ്രത്യേക വെളിപ്പാട് തങ്ങള്‍ക്കുള്ളതായി അവര്‍ അവകാശപ്പെടുന്നു.

തങ്ങള്‍ക്ക് ആത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ടതെന്നു അവകാശപ്പെടുന്ന ചില രഹസ്യങ്ങളെപ്പറ്റി സംസാരിക്കുന്നതില്‍ അന്ധാരാധകരായ വിശ്വാസികള്‍ സന്തോഷം കണ്ടെത്തുന്നു. പൂര്‍ണ്ണഹൃദയത്തോടെ ക്രിസ്തുവിനെ പിന്തുടരുന്നവര്‍ക്കു മാത്രമേ ഇതു വെളിപ്പെടുകയുള്ളുവെന്ന് അവര്‍ പറയും. തങ്ങളുടെ നേതാവിനെ അംഗീകരിക്കുകയും തങ്ങളുടെ ഗ്രൂപ്പില്‍ ചേരുകയും ചെയ്തവര്‍ എന്നാണ് ഈ പൂര്‍ണ്ണഹൃദയത്വത്തിന് അവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമെന്നതു വ്യക്തം! തങ്ങളുടെ ഗ്രൂപ്പിനു പുറത്ത് പൂര്‍ണ്ണഹൃദയരായ പല വിശ്വാസികളുമുണ്ടെന്ന് അവര്‍ അംഗീകരിക്കുന്നില്ല. അപ്രകാരം സത്യത്തെപ്പറ്റി വെളിച്ചം ലഭിച്ചിട്ടുള്ള ഈ ‘തിരഞ്ഞെടുക്കപ്പെട്ട സമൂഹ’ത്തില്‍ ചേരുവാന്‍ ജിജ്ഞാസുക്കളായ വിശ്വാസികളെ അവര്‍ വശീകരിക്കുകയാണ് ചെയ്യുന്നത്.

താന്‍ ദൈവത്തിന്‍റെ ഒരു വാത്സല്യപാത്രമെന്നും തിഞ്ഞെടുക്കപ്പെട്ട ആന്തരികവലയത്തിലുള്‍പ്പെട്ടവനെന്നും മറ്റു വിശ്വാസികള്‍ക്കു ലഭിക്കാത്ത രഹസ്യങ്ങളെപ്പറ്റി ദൈവത്തില്‍നിന്നു വെളിപ്പാടു ലഭിച്ചവനെന്നും സ്വയം സങ്കല്‍പിക്കുവാനുള്ള ഒരു മോഹം മനുഷ്യന്‍റെ ജഡത്തില്‍ കുടികൊള്ളുന്നുണ്ട്. എല്ലാവരുടെയും ജഡത്തിലുള്ള ഈ മോഹത്തെ അന്ധാരാധകസമൂഹം പ്രയോജനപ്പെടുത്തുന്നു.

എന്നാല്‍ എന്താണു സത്യം?

ദൈവത്തിന്‍റെ എല്ലാ രഹസ്യങ്ങളും തിരുവെഴുത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ് സത്യം.

എഫേ. 3:46 പറയുന്നതു നോക്കുക. ക്രിസ്തുവിലുള്ള മര്‍മ്മം പഴയനിയമ കാലങ്ങളില്‍ മാത്രമാണ് മര്‍മ്മമായിരുന്നിട്ടുള്ളത്. ഇപ്പോള്‍ പുതിയനിയമവ്യവസ്ഥയില്‍ അത് എല്ലാവര്‍ക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന ചില മര്‍മ്മങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുവാന്‍ അന്ധാരാധകരായ വിശ്വാസികള്‍ നിങ്ങളെ പ്രേരിപ്പിക്കും.

പുതിയനിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടു വലിയ മര്‍മ്മങ്ങള്‍ ദൈവഭക്തിയെക്കുറിച്ചും സഭയെക്കുറിച്ചും ഉള്ളവയാണ് (1തിമോ. 3:16; എഫേ. 5:32).

ഈ രണ്ടു മര്‍മ്മങ്ങളും തിരുവെഴുത്തുകളില്‍ വ്യക്തമായി എഴുതപ്പെട്ടവയും പഠിപ്പിക്കപ്പെട്ടവയുമാണ്. ആളുകള്‍ അവ കണ്ടിട്ടില്ലെങ്കില്‍ ഒന്നുകില്‍ തിരുവെഴുത്തുകള്‍ ശ്രദ്ധാപൂര്‍വം വായിക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റുവാന്‍ തക്കവണ്ണം വിനയമില്ലാത്തവരും പക്ഷപാതബുദ്ധികളുമായതുകൊണ്ടോ ആയിരിക്കും. എന്നാല്‍ ആര്‍ക്കെങ്കിലും ദൈവം രഹസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതോ തിരുവെഴുത്തുകളില്‍ വ്യക്തമായി വെളിപ്പെടുത്താത്തതോ ആയ ഒരു മര്‍മ്മവും ഇല്ല തന്നെ.

അതിനാല്‍ അന്ധാരാധകര്‍ പലപ്പോഴും പറയുന്ന ‘രഹസ്യ’ങ്ങളെ നാം സൂക്ഷിച്ചുകൊള്ളേണ്ടത് ആവശ്യമത്രേ.

7. ഐകരൂപ്യത്തിന് ഊന്നല്‍

അന്ധാരാധനയുടെ ഏഴാമത്തെ ലക്ഷണം തങ്ങളുടെ അനുയായികളില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്ന ഐകരൂപ്യമാണ്.

എവിടെ ഐകരൂപ്യമുണ്ടോ അവിടെ മാത്രമേ ഐക്യം സാധിതമാകയുള്ളു എന്ന് അന്ധാരാധകവിശ്വാസികള്‍ ചിന്തിക്കുന്നു. തങ്ങളുടെ വാദം തെളിയിക്കുവാനായി “നിങ്ങള്‍ എല്ലാവരും ഒന്നുതന്നെ സംസാരിക്കണം” എന്ന 1കൊരി. 1:10നെ അവര്‍ “നിങ്ങള്‍ എല്ലാവരും ഒരേവിധത്തിലാകണം” എന്നു തെറ്റായി ഉദ്ധരിക്കുന്നു. തന്മൂലം സ്വീകൃതമായ മാതൃകയില്‍നിന്നുള്ള ഒരു ചെറിയ വ്യതിചലനംപോലും എതിര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്.

“ശരിയെയും തെറ്റിനെയും പറ്റി നിങ്ങള്‍ക്കുള്ളതില്‍നിന്നു വിഭിന്നമായ ആശയങ്ങളുള്ള ഒരു സഹോദരനു ഹാര്‍ദ്ദമായ ഒരു സ്വാഗതം നല്‍കു”വാന്‍ (റോമര്‍. 14:1, ഘശ്ശിഴ ആശയഹല) അന്ധാരാധകവിശ്വാസികള്‍ക്കു സാധ്യമല്ല. തങ്ങളുമായി നൂറു ശതമാനം യോജിക്കുന്നവര്‍ക്കു മാത്രമായി അവരുടെ ഹാര്‍ദ്ദസ്വാഗതം മാറ്റിവച്ചിരിക്കയാണ്. യഥാര്‍ത്ഥത്തില്‍ അന്ധാരാധകസമൂഹങ്ങളില്‍ റോമര്‍. 14ലെ ഉപദേശത്തിന് ഒട്ടും സ്ഥാനമില്ല. കാരണം നാനാത്വത്തിന് അവര്‍ തങ്ങളുടെ ഇടയില്‍ സ്ഥാനം നല്‍കുന്നില്ല.

അന്ധാരാധകസമൂഹത്തിലെ സകല കാര്യങ്ങളും വിശിഷ്യ സഭായോഗങ്ങളുടെ മാതൃക  സമൂഹത്തിന്‍റെ ആദിമസ്ഥാപകന്‍ തയ്യാറാക്കിയതും ഇപ്പോഴും സമൂഹത്തിന്‍റെ കേന്ദ്രസ്ഥാനത്തു പിന്തുടരുന്നതുമായ ചട്ടക്കൂടനുസരിച്ചായിരിക്കണം.

യാതൊരു ചോദ്യവും ചോദിക്കാതെ ആ ചട്ടക്കൂടിലേക്ക് ഉരുക്കിയൊഴിക്കപ്പെടുവാന്‍ സമ്മതം നല്‍കുന്ന മൂകരും ചിത്തവൃത്തിരഹിതരുമായ സകലരെയും വിനീതരായും പൂര്‍ണ്ണഹൃദയവിശ്വാസികളായും വൃതന്മാരായും കണക്കാക്കും. ബാക്കിയുള്ള എല്ലാവരെയും നിഗളികളും വെളിച്ചം ലഭിക്കാത്തവരുമായി അവര്‍ പരിഹസിക്കും.

എല്ലാ കാര്യങ്ങളിലും കേന്ദ്ര ആസ്ഥാനം നിശ്ചയിച്ചിട്ടുള്ള മാതൃക അംഗീകരിക്കുവാന്‍ ഉപബോധമനസ്സില്‍നിന്നുള്ള ഒരു സമ്മര്‍ദ്ദം ഇത്തരമൊരു ഗ്രൂപ്പിലെ അംഗങ്ങളുടെമേല്‍ ഉണ്ടായിരിക്കും. നേതാക്കള്‍ക്കെതിരായുള്ള മത്സരത്തിന്‍റെ ഫലങ്ങളെപ്പറ്റി തിരശ്ശീലയ്ക്കു പിന്നില്‍നിന്നു നല്‍കപ്പെടുന്ന താക്കീതുകള്‍ മൂലമാണ് സമൂഹത്തോടുള്ള അനുസരണം ഇവിടെ നേടിയെടുക്കുന്നത്.

ഗ്രൂപ്പിന്‍റെ നേതാക്കളുമായി വിയോജിക്കുവാന്‍ ധൈര്യപ്പെട്ടവര്‍ക്കു സംഭവിച്ച ദുര്‍ഗ്ഗതിയെപ്പറ്റി ഭീതിജനകമായ കഥകള്‍ ഇവര്‍ വിവരിച്ചു കേള്‍പ്പിക്കും. അപ്രകാരം ദുര്‍ബ്ബലചിത്തരായ വിശ്വാസികള്‍ അനുസരിക്കുവാന്‍ നിര്‍ബ്ബന്ധിതരായിത്തീരും. അങ്ങനെ അവര്‍ക്കു ക്രമേണ വിവേചനശക്തി നഷ്ടപ്പെടുകയും അവര്‍ ഗ്രൂപ്പിന്‍റെ അടിമകളായി രൂപാന്തരപ്പെടുകയും ചെയ്യും.

മനുഷ്യരെ സ്വതന്ത്രരാക്കുവാനാണു യേശു വന്നത്. എന്നാല്‍ അന്ധാരാധനാ സമ്പ്രദായം മനുഷ്യരെ തടവുകാരാക്കുന്നു. അന്ധാരാധകരായ പ്രസംഗകര്‍ ബന്ധിതരാക്കിയിട്ടിട്ടുള്ള ജയിലറകളില്‍നിന്നു ധാരാളം വിശ്വാസികളെ സ്വതന്ത്രരാക്കുക എന്ന ആവശ്യമാണ് ഇന്നു ശേഷിച്ചിട്ടുള്ളത്.

യേശുവിന്‍റെ ജീവിതകാലത്തെ യഹൂദന്മാര്‍ പാപത്തിനു മാത്രമല്ല, മതനേതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടെ അടിമകളായിരുന്നു. ഈ രണ്ടുതരം അടിമത്തങ്ങളില്‍നിന്നും യേശുവിന് അവരെ സ്വതന്ത്രരാക്കേണ്ടിയിരുന്നു. പാപത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള യേശുവിന്‍റെ സന്ദേശം സ്വീകരിച്ച പലരും തങ്ങളുടെ മതനേതാക്കന്മാരെ ഭയപ്പെട്ടിരുന്നു. തന്മൂലം തങ്ങളുടെ നേതാക്കളുടെ പാരമ്പര്യങ്ങള്‍ വചനവിരുദ്ധമാണെന്നു കണ്ടിട്ടുപോലും പള്ളിയില്‍നിന്നു പുറത്താക്കപ്പെടാതിരിക്കുവാന്‍ വേണ്ടി അവയില്‍നിന്നു വിട്ടുപോരുവാന്‍ അവര്‍ വിസമ്മതം കാട്ടുകയാണുണ്ടായത് (യോഹ. 12:42,43).

ഇരുപതു വര്‍ഷക്കാലം പരിശുദ്ധാത്മനിറവുള്ള ഒരു ജീവിതം നയിച്ചതിനു ശേഷവും പത്രോസ് യഹൂദരായ ചില ക്രിസ്തീയനേതാക്കന്മാരെ പിണക്കുവാനുള്ള ഭയം നിമിത്തം യഹൂദപാരമ്പര്യത്തില്‍നിന്നു പരസ്യമായി വിട്ടുമാറുവാന്‍ ഭയപ്പെട്ടിരുന്നതില്‍നിന്ന് മതനേതാക്കന്മാരുടെ അഭിപ്രായങ്ങളോടുള്ള അടിമത്തം എത്ര സുശക്തമാണെന്നു നാം കാണുന്നു. ആ സമയത്തു കേവലം പ്രായം കുറഞ്ഞ അപ്പൊസ്തലനായിരുന്ന പൗലോസിനു മാത്രമാണു പരസ്യമായി ആ സന്ദര്‍ഭത്തില്‍ പത്രോസിനെ നേരിടുവാനും നേതാക്കളുടെ സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്ന പത്രോസിന്‍റെ തെറ്റു വെളിച്ചത്താക്കുവാനും ധൈര്യമുണ്ടായത്. മുതിര്‍ന്ന ഒരു ക്രിസ്ത്യാനിയായിരുന്ന ബര്‍ന്നബാസിനു പോലും അതു ചെയ്യുവാന്‍ ധൈര്യമുണ്ടായില്ല (ഗലാ. 2:11-21).

വ്യക്തിപരമായ ബോധ്യം കൂടാതെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ആരെങ്കിലുമൊരു  ബാഹ്യമായ ആചാര്യമര്യാദയ്ക്ക് കീഴ്വഴങ്ങണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം ആവശ്യപ്പെടുന്ന ഒരേയൊരനുസരണം സന്തോഷത്തോടെ നല്‍കപ്പെടുന്ന അനുസരണം മാത്രമാണ്. എന്തെന്നാല്‍ സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2കൊരി. 9:7).

ഒരിക്കലും നമ്മുടെ സ്വതന്ത്രമായ ഇച്ഛാശക്തിയില്‍ ദൈവം കൈകടത്തുന്നില്ല. തന്നെ അനുസരിക്കാനോ അനുസരിക്കാതിരിപ്പാനോ ഉള്ള സ്വാതന്ത്ര്യം അവിടുന്ന് എപ്പോഴും നമുക്കു നല്‍കുന്നു. ഏദനില്‍ വച്ചു ആദാമിന് അവിടുന്നു നല്‍കിയ സ്വാതന്ത്ര്യം ഇപ്രകാരമുള്ളതായിരുന്നു. എന്തെന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ വിശുദ്ധി രൂപം കൊള്ളുവാനും വളര്‍ന്നുവരുവാനും സാധ്യമാകൂ എന്നു ദൈവം അറിയുന്നു.

യഥാര്‍ത്ഥ വിശുദ്ധി മാനുഷഭയത്തിലല്ല, ദൈവഭയത്തില്‍ തന്നെ വളര്‍ന്നു പുഷ്ടിപ്പെട്ടു പൂര്‍ണ്ണമാകുന്ന ഒന്നാണ് (2കൊരി. 7:1).

ദൈവം ആഗ്രഹിക്കുന്ന അനുസരണം ന്യായവിധിയെക്കുറിച്ചുള്ള ഭയം കൊണ്ടോ പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകൊണ്ടോ അല്ല, മറിച്ച് ദൈവത്തോടുള്ള സ്നേഹത്താലും നന്ദിയാലും തന്നെ ഉണ്ടായിത്തീരുന്ന ഒന്നാണ്.

ആനുരൂപ്യം പ്രാപിക്കുവാനുള്ള സമ്മര്‍ദ്ദംകൊണ്ടോ ഒരു ഗ്രൂപ്പില്‍ സ്വീകാര്യനായിത്തീരുവാനുള്ള ആഗ്രഹത്താലോ ഉണ്ടാകുന്ന അനുസരണം ഒരു നിര്‍ജ്ജീവപ്രവൃത്തിയാണ്. അതിനു ദൈവത്തിന്‍റെമുമ്പില്‍ ഒരു വിലയുമില്ല. നിങ്ങളുടെ ഗ്രൂപ്പിലുള്ള മറ്റുള്ളവരുടെ മാനം മാത്രമേ നിങ്ങള്‍ക്ക് അതുമൂലം ലഭിക്കുകയുള്ളു.

ദൈവത്തിന്‍റെ അംഗീകാരമോ അതോ നമ്മുടെ സഹവിശ്വാസികളുടെ അംഗീകാരമോ ഏതാണ് നാം ആഗ്രഹിക്കുന്നതെന്നറിയുവാന്‍ ദൈവം നമ്മെ ശോധന ചെയ്യുന്നത് ഇവിടെയാണ്.

സ്വതന്ത്രരായിരിപ്പിന്‍

“സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചു നില്‍പ്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത്” (ഗലാ. 5:1).

ക്രിസ്തീയജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം കോപത്തിനോ ലൈംഗികദുര്‍മ്മോഹത്തിനോ എതിരായ പോരാട്ടമല്ല; മനുഷ്യരുടെ അംഗീകാരം നേടുവാനുള്ള ആഗ്രഹത്തിനെതിരായിട്ടുള്ള പോരാട്ടമാണത്. സ്വതന്ത്രരായിരിപ്പാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഇവിടെയാണ് നാം വിശ്വസ്തരായിരിക്കേണ്ടത്.

അന്ധാരാധനാപരമായ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടായാല്‍ത്തന്നെയും നിങ്ങള്‍ ഒരു നല്ല ജീവിതം നയിച്ചെന്നു വരാം. എന്നാല്‍ അങ്ങനെയുള്ള ഒരു മനോഭാവത്തോടുകൂടെ നിങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവത്തിനുള്ള ഉദ്ദേശ്യം നിറവേറ്റുവാന്‍ ഒരിക്കലും നിങ്ങള്‍ക്കു സാധ്യമാവുകയില്ല. അന്ധാരാധകരായ പ്രസംഗകരാല്‍ തങ്ങള്‍ക്കു ചുറ്റും നിര്‍മ്മിതമായ ജയിലഴികളെ തകര്‍ത്തുകളയുവാനുള്ള ബലപ്രയോഗം ചെയ്യുന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ കഴിയൂ.

ദൈവപുത്രന്മാര്‍ക്കുള്ള മഹത്വകരമായ സ്വാതന്ത്ര്യത്തിലേക്കു നാം പ്രവേശിക്കണമെങ്കില്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്ക് അടിമയായിക്കഴിയുന്ന അവസ്ഥയില്‍ നിന്ന് എന്തുവില കൊടുത്തും നാം സ്വാതന്ത്ര്യം നേടിയേ മതിയാവൂ.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

17. ക്രിസ്തുവിന്‍റെ വരവു വിളിച്ചറിയിക്കുന്ന അടയാളങ്ങള്‍

1939നു ശേഷം ലോകം ഒരിക്കലും അതിനു മുമ്പായിരുന്ന സ്ഥിതിയിലേക്കു തിരിച്ചു വന്നിട്ടില്ല. വിവിധ മണ്ഡലങ്ങളില്‍ വ്യതിയാനങ്ങളുടെ ഒരു ശൃംഖലയ്ക്കു തുടക്കമിട്ട ചില സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ നടക്കുകയുണ്ടായി. യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവില്‍ മാത്രമേ ഈ ശൃംഖലയുടെ അന്ത്യം നാം കാണുകയുള്ളു.

തന്‍റെ മടങ്ങിവരവിന്‍റെ കൃത്യമായ നാളും നാഴികയും പിതാവല്ലാതെ മറ്റാരും അറിയുന്നില്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്. എങ്കിലും താന്‍ പ്രവചിച്ചിട്ടുള്ള അടയാളങ്ങളെ നാം നിരീക്ഷിക്കുന്നപക്ഷം തന്‍റെ വരവു സമീപിക്കുന്ന സമയം തിരിച്ചറിയുവാന്‍ നമുക്കു സാധിക്കുമെന്നും കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ട് (മത്താ. 24:33,36).

അതിനാല്‍ ഈ അടയാളങ്ങളെ നാം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടത് അത്യാവശ്യം തന്നെ.

1. യുദ്ധങ്ങള്‍

(മത്താ. 24:7). ലോകാവസാനദിനങ്ങള്‍ നോഹയുടെ കാലം പോലെ ആയിരിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 24:37). നോഹയുടെ കാലത്തിന്‍റെ സര്‍വപ്രധാനമായ ഒരു ലക്ഷണം അക്രമവാസനയായിരുന്നു. ഭൂമി അതിക്രമം കൊണ്ടു നിറഞ്ഞിരുന്നു (ഉല്‍പ. 6:11,13). ഈ വാക്യം നാം ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ഒരു വിവരണം പോലെ തന്നെ തോന്നുന്നു. ഭീഷണി, തട്ടിക്കൊണ്ടുപോകല്‍, ലഹള, കൊലപാതകം, തീവയ്പ്പ്, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ എന്നിവയെല്ലാം ഇന്ന് ഒരു ദൈനംദിന പരിപാടിയാണ്. ഇതിനുള്ള കാരണങ്ങള്‍ പലതത്രേ. (ഉല്‍പ. 9ല്‍ ദൈവം വ്യവസ്ഥാപിച്ചിരുന്ന) മരണശിക്ഷ പല രാജ്യങ്ങളും നിറുത്തല്‍ ചെയ്തത് കൊലപാതകനിരക്ക് വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയിട്ടൂണ്ട്. അക്രമത്തെ അഭിമാനാവഹമായ ഒരു കാര്യമെന്ന നിലയില്‍ പ്രകടമായും നിര്‍ലജ്ജമായും സിനിമാസ്ക്രീനില്‍ ചിത്രീകരിച്ചു കാണിക്കുക നിമിത്തം ചെറുപ്പം മുതലേ അക്രമം കാട്ടുവാനുള്ള ഒരു പരിശീലനം ജനങ്ങള്‍ക്കു ലഭിച്ചു. 1950 മുതല്‍ ടെലിവിഷനും 70 മുതല്‍ വിഡിയോടേപ്പിനും ഉണ്ടായ പ്രചാരം അക്രമസംസ്ക്കാരത്തിന്‍റെ വര്‍ദ്ധനവിനെ സഹായിച്ചിട്ടുണ്ട്. കരാട്ടേയുടെയും മറ്റു യുദ്ധകലകളുടെയും പ്രചാരവും അക്രമത്തിന്‍റെ സന്ദേശം വ്യാപിപ്പിക്കുകയുണ്ടായി. ഇവയില്‍ പലതും പൈശാചികാത്മാക്കളുടെ അധിവാസത്തിനു ജനങ്ങളെ വിധേയരാക്കിത്തീര്‍ക്കാറുണ്ട്. സാത്താനാല്‍ പ്രേരിതനായിത്തീര്‍ന്ന ഹിറ്റ്ലര്‍ 1934ല്‍ രണ്ടാം ലോകമഹായുദ്ധം ലോകരംഗത്ത് ഉദ്ഘാടനം ചെയ്തപ്പോള്‍ മുതല്‍ ഇപ്പറഞ്ഞവയെല്ലാം ഒരു ജലപ്രളയം പോലെ ഉയര്‍ന്നുയര്‍ന്നു വരുവാനാരംഭിച്ചു. ആ ഘട്ടത്തില്‍ കെട്ടഴിച്ചു വിടപ്പെട്ട വിദ്വേഷനീരസങ്ങള്‍ മൂലം പൈശാചികാത്മാക്കളുടെ ഒരു വലിയ സൈന്യം തന്നെ മനുഷ്യവര്‍ഗ്ഗത്തെ ബാധിക്കുവാന്‍ വാതില്‍ തുറക്കപ്പെട്ടു. 1934 മുതല്‍ ഒന്നിനു പുറകേ ഒന്നായി യുദ്ധങ്ങള്‍ ലോകചരിത്രത്തിലെ ഒരു നിരന്തര പ്രതിഭാസമായിത്തീര്‍ന്നു. 1945ല്‍ പ്രയോഗിക്കപ്പെട്ട അണുബോംബ് അണുയുഗത്തിന്‍റെയും അതിന്‍റെ എല്ലാ തിക്തഫലങ്ങളുടെയും ആരംഭമായിത്തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധം മുതല്‍ നാം കണ്ടുവരുന്ന ഭീകരമായ അക്രമവും യുദ്ധപരമ്പരയും ഇന്നത്തേപ്പോലെ മറ്റൊരിക്കലും ലോകചരിത്രത്തില്‍ കാണപ്പെട്ടിട്ടില്ല.

2. ക്ഷാമങ്ങള്‍

(മത്താ. 24:7). മനുഷ്യചരിത്രത്തില്‍ എക്കാലവും ക്ഷാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോകജനസംഖ്യയുടെ അമിതവര്‍ദ്ധനവുകാരണം രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ ലോകചരിത്രത്തില്‍ എന്നത്തേതിലുമധികമായി ക്ഷാമങ്ങള്‍ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുവാനിടയായിട്ടുണ്ട്. 1950 മുതല്‍ പല രാജ്യങ്ങളിലും ക്ഷാമവും വിളനാശവും സര്‍വസാധാരണമായിത്തീര്‍ന്നു. ഇന്‍ഡ്യയെപ്പോലെയുള്ള ദരിദ്രരാജ്യങ്ങളില്‍ ഭക്ഷ്യവിഭവങ്ങളിലും എണ്ണകളിലും മായം ചേര്‍ക്കുന്നതുപോലെ യുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം സംഭവിച്ചു. അന്ത്യകാലം സമീപിക്കും തോറും ഈ സാഹചര്യങ്ങള്‍ അധികമധികം വഷളായിക്കൊണ്ടിരിക്കും.

3. പ്രകൃതിക്ഷോഭങ്ങള്‍

(മത്താ. 24:7). ലോകാവസാനം സമീപിക്കുന്നതോടെ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ചിലതാണ് ഭൂകമ്പം, ജലപ്രളയം, കൊടുങ്കാറ്റ്, അഗ്നിപര്‍വതം തുടങ്ങിയവ. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ ഇവയും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇതിലുമധികമായി വര്‍ദ്ധിക്കുകയും ചെയ്യും.

4. വിജ്ഞാനാഭിവൃദ്ധി

(ദാനി. 12:4). ലോകാവസാനകാലത്ത് വിജ്ഞാനം വര്‍ദ്ധിക്കുമെന്ന് ദാനിയേല്‍ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. ആദാമിന്‍റെ കാലം മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭകാലം വരെയുള്ള ഏതാണ്ട് 5900ല്‍ പരം വര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ നേടിയിരുന്ന ശാസ്ത്രവിജ്ഞാനം, അതിനുശേഷം ഇന്നുവരെയുള്ള അര നൂറ്റാണ്ടിനിടയില്‍ ഇരുപതു മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ വിജ്ഞാനത്തിന്‍റെ ഒരു രേഖാചിത്രം വരച്ചാല്‍ അവന്‍റെ ചരിത്രത്തിന്‍റെ 99 ശതമാനം കാലഘട്ടത്തിലും മിക്കവാറും സമാന്തരഗതിയില്‍ അടയാളപ്പെടുത്തിയിരുന്ന ശാസ്ത്ര ജ്ഞാനം ശേഷിച്ച 1 ശതമാനമായ ഈ അന്ത്യകാലത്ത് പെട്ടെന്ന് 20 ഇരട്ടി ഉയരത്തിലേക്കു കുതിച്ചുയരുന്ന ഒരു ലംബരേഖയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതും ക്രിസ്തുവിന്‍റെ വരവിനെ സൂചിപ്പിക്കുന്ന വ്യക്തമായൊരടയാളമാണ്.

5. ആഗോളവ്യാപകമായ ലോകസഞ്ചാരം

(ദാനി. 12:4). ഏകദേശം 5800 വര്‍ഷക്കാലം മുഴുവന്‍ മനുഷ്യന്‍ ഒരേ തോതില്‍ മാത്രം, അതായതു വാഹനമൃഗങ്ങളില്‍ക്കയറി മാത്രം, ആയിരുന്നു സഞ്ചരിച്ചിരുന്നതെന്ന കാര്യം ഒരത്ഭുതവസ്തുത തന്നെയാണ്. പിന്നീട് 1900ാമാണ്ടുവരെയും മനുഷ്യനു സഞ്ചരിക്കുവാന്‍ കഴിഞ്ഞ ഏറ്റവും കൂടിയ വേഗം മണിക്കൂറില്‍ 50 മൈല്‍ ആയിരുന്നു. എന്നാല്‍ ഇന്നു മനുഷ്യന്‍ ബാഹ്യാകാശത്തില്‍ക്കൂടി മണിക്കൂറില്‍ 24000 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ലോകവ്യാപകമായ സഞ്ചാരവും വിനോദയാത്രകളും രണ്ടാം ലോകമഹായുദ്ധം മുതലാണ് പ്രചാരത്തിലായത്. ഇതിനെ അന്ത്യകാലത്തിന്‍റെ ഒരു ലക്ഷണമായി ദാനിയേല്‍ പ്രവചിച്ചിട്ടുണ്ട്. “പലരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും” (ദാനി. 12:4, KJV).

6. സുഖഭോഗതൃഷ്ണ

(2തിമോ. 3:4). അന്ത്യകാലത്ത് മനുഷ്യര്‍ ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി മാറുമെന്ന് പൗലോസ് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നോഹയുടെ കാലത്ത് അക്രമണവാസനയോടൊപ്പം ലൈംഗികാസക്തിയും മനുഷ്യന്‍റെ ഒരു പ്രവണതയായിത്തീര്‍ന്നിരുന്നു (ഉല്‍പ. 6:2). ഇതും ഇന്നു നാം ലോകത്തില്‍ക്കാണുന്ന മറ്റൊരു പ്രതിഭാസമാണ്. അതിപ്രാചീനകാലം മുതല്‍ മനുഷ്യസമൂഹത്തില്‍ ലൈംഗികാധര്‍മ്മം ഉണ്ടായിരുന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തേപ്പോലെ അത്ര പ്രകടമായും ലജ്ജാഹീനമായും അത് ഒരിക്കലും മനുഷ്യന്‍ അനുവര്‍ത്തിച്ചിരുന്നില്ല. ഇവിടെയും ആഗോളവ്യാപകമായിത്തന്നെ ധാര്‍മ്മികാധഃപതനം അനുക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകഗതി നാം കാണുന്നു. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ അശുദ്ധാത്മാക്കളുടെ പ്രളയ തുല്യമായ ഒരു പ്രവാഹം ലോകത്തെ ആക്രമിക്കുവാനിടയായി. മനുഷ്യന്‍റെ ഭോഗതല്‍പരതയെ വര്‍ദ്ധിപ്പിക്കുന്നതില്‍ സിനിമയും ടീ. വി. യും വിഡിയോടേപ്പുകളുമെല്ലാം സാത്താന്‍റെ ഉപകരണങ്ങളായിത്തീര്‍ന്നു. അന്ത്യകാലത്ത് വിവാഹം വിലക്കുക എന്നത് ഭൂതങ്ങളുടെ ഉപദേശങ്ങളില്‍ ഒന്നായിരിക്കുമെന്ന് പൗലോസ് തന്നെ പറഞ്ഞിട്ടുണ്ട് (1തിമോ. 4:13). ഇത് ഇന്നു രണ്ട് ആത്യന്തികനിലകളെ പ്രാപിച്ചിട്ടുള്ളതായി കാണാം. അതിലൊന്ന് ഒരുവന്‍ വിശുദ്ധനായിത്തീരണമെങ്കില്‍ അവിവാഹിതനായി ജീവിക്കണമെന്നുള്ള ശരീരപീഡനവാദികളുടെ (ascetics) ഉപദേശമാണ്. ഇതിന്‍റെ മറുവശത്ത് വിവാഹം ഒരാവശ്യമായിത്തന്നെ പരിഗണിക്കാതെ സ്ത്രീപുരുഷന്മാര്‍ ഒത്തുചേര്‍ന്ന് സ്വച്ഛന്ദം ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പ്രവണതയും നാം കാണുന്നുണ്ട്. അന്ത്യനാളുകളില്‍ മനുഷ്യന്‍ സ്വാഭാവികവാത്സല്യം വെടിഞ്ഞവനായിത്തീരുന്നതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് തികച്ചും ശരിയെന്നു കരുതുന്നത് ആശ്ചര്യകരമല്ല (2തിമോ. 3:3). ബേത്ലഹേമില്‍വച്ചു പണ്ടു ഹെരോദാവിന്‍റെ കൈകള്‍ എത്ര മാത്രം രക്തപങ്കിലമായിത്തീര്‍ന്നിരുന്നുവോ അതിലുമധികമായി ഇന്നു മിക്ക ഡോക്ടറന്മാരുടെയും കൈകള്‍ കൊലചെയ്യപ്പെട്ട ശിശുക്കളുടെ രക്തത്താല്‍ മലിനമായിത്തീര്‍ന്നിട്ടുണ്ട് (മത്താ. 2:16). ലോകാവസാനകാലം ലോത്തിന്‍റെ കാലം പോലെയും ആയിത്തീരുമെന്ന് യേശു പ്രസ്താവിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗസംഭോഗം ഇന്നൊരു സാധാരണകാര്യമായി വീക്ഷിക്കപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. ഇക്കൂട്ടര്‍ “സോദോം പോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല” (യെശ. 3:9). അതിനാല്‍ ദൈവം അവരെ അശുദ്ധിയില്‍ ജീവിപ്പാനായി കൈവിട്ടിരിക്കുന്നു. ഭയാനകമായ എയ്ഡ്സ് രോഗം ഈ പാപത്തിന്‍റെമേലുള്ള ദൈവികന്യായവിധിയുടെ ഒരു ഭാഗമാണ് (റോമര്‍. 1:2628). ലക്ഷക്കണക്കിനു യുവജനങ്ങള്‍ ലഹരിമരുന്നുകള്‍ മൂലം നാശമടയുന്നതും ഇന്നത്തെ ഭോഗാസക്തമായ തലമുറ നാശത്തിലേക്കു കൂപ്പുകുത്തുന്നതിന്‍റെ മറ്റൊരു തെളിവാണ്. ഇത്തരം പാപമോഹങ്ങള്‍ക്കു പുറമേ രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ മനുഷ്യവര്‍ഗ്ഗമൊന്നാകെ അലസരും സുഖലോലുപരുമായിത്തീരുന്ന ഒരവസ്ഥയും നമുക്കു കാണാന്‍ കഴിയും. ഇതും നമ്മെ പിടിച്ചുണര്‍ത്തേണ്ട ഒരു വസ്തുതയാണ്.

7. മത്സരത്തിന്‍റെ ആത്മാവ് (spirit of rebellion)

(2തിമോ. 3:2). മക്കള്‍ മാതാപിതാക്കള്‍ക്കെതിരായും വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരായും ഭൃത്യന്മാര്‍ യജമാനന്മാര്‍ക്കെതിരായും തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരായും വന്‍തോതില്‍ മത്സരമനോഭാവം കാണിക്കുന്ന ഒരു പ്രവണത രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ കാണപ്പെട്ടിട്ടുള്ളതുപോലെ ഒരു കാലത്തും കാണപ്പെട്ടിട്ടില്ല. ഉന്നതവിദ്യാഭ്യാസം ഇന്നത്തെ യുവജനങ്ങളെ മാതാപിതാക്കളുടെയും മറ്റു പ്രായമുള്ള ആളുകളുടെയും നേരേ ഗര്‍വിഷ്ഠരും മര്യാദാരഹിതരുമാക്കിത്തീര്‍ത്തിട്ടുണ്ട്. ഈ മത്സരമനോഭാവം ക്രൈസ്തവലോകത്തിലേക്കും വ്യാപിക്കുവാനിടയായി. ഇതിന്‍റെ ഫലമായി ലോകത്തിലെല്ലായിടത്തും ക്രൈസ്തവസഭകളിലെ ഇടയന്മാരും മൂപ്പന്മാരും എല്ലാറ്റിലും യുവജനങ്ങളെ പ്രീണിപ്പിക്കുവാന്‍ പ്രേരിതരാകുമാറ് അവര്‍ക്കധീനരായിത്തീര്‍ന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ സ്ത്രീകള്‍ വീടു വിട്ടു പുറമേ പോയി ജോലിചെയ്യുന്ന ഒരു പാരമ്പര്യം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്കു സ്വന്തമായി ഉപജീവനം നേടുവാനും സമ്പാദിക്കുവാനും ലഭിച്ച സൗകര്യം മൂലം സ്ത്രീ ജനങ്ങള്‍ തന്‍പോരിമയും സ്വാതന്ത്ര്യവും കാട്ടുകയും പുരുഷന്‍റെ കൈക്കീഴില്‍ ദൈവം തനിക്കു നിയമിച്ചിരുന്ന സ്ഥാനം സമ്മതിച്ചുകൊടുക്കുവാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അധികാരത്തിനെതിരെയുള്ള മത്സരം ഇന്ന് എത്രമാത്രം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞിട്ടുണ്ടെന്നുള്ള കാര്യമാണ് ഇവിടെയെല്ലാം നാം കാണുന്നത്.

സ്ത്രീകള്‍ ഇന്ന് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമായ മാതൃത്വം ആഗ്രഹിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് സ്ത്രീകള്‍ പ്രധാനമന്ത്രിമാരാകുന്ന ഒരു സ്ഥിതി ലോകത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലായിരുന്നു. ഇപ്പോള്‍ അതു സര്‍വസാധാരണമായിത്തീര്‍ന്നിരിക്കയാല്‍ ക്രൈസ്തവലോകത്തിലും സ്ത്രീകള്‍ ഉപദേശിക്കുവാനും ഭരണം നടത്തുവാനും പുരോഹിതവൃത്തിയനുഷ്ഠിക്കുവാനും ആരംഭിച്ചിരിക്കുന്നു. ഇത് പഴയനിയമകാലത്തെ ഈസബേലിന്‍റെ ആത്മാവാകയാല്‍ (വെളി. 2:20) ഏലിയാവിന്‍റെ ആത്മാവോടുകൂടെ സഭയില്‍ ഈ സംഭവഗതിയെ നാം എതിര്‍ക്കേണ്ടതാണ് (1രാജാ. 21:20,23).

8. വിശ്വാസത്യാഗം

(1തിമോ. 4:1). ഈ വാക്യം വിശേഷിച്ചും അതിന്‍റെ സന്ദര്‍ഭം കൂടി നോക്കിക്കൊണ്ടു വായിക്കുന്നപക്ഷം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേദഭാഗമാണ്. അന്ത്യകാലത്ത് ചിലര്‍ വിശ്വാസം ത്യജിക്കുമെന്ന് ആത്മാവ് തെളിവായിപ്പറയുന്നുവെന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇതിനു തൊട്ടുമുമ്പുള്ള വാക്യം ദൈവഭക്തിയുടെ മര്‍മ്മത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്. ക്രിസ്തു നമ്മുടെ ജഡത്തില്‍ത്തന്നെ വരികയും തന്‍റെ ആത്മാവിനെ വിശുദ്ധിയില്‍ സംരക്ഷിക്കുകയും ചെയ്തതായി ആ വാക്യം പ്രസ്താവിക്കുന്നു. ഈ സത്യത്തില്‍ നിന്നാണ് ക്രൈസ്തവലോകം ഒന്നാമതായിത്തന്നെ വീണുപോകുവാനിടയായത്. ക്രൈസ്തവസമൂഹം യേശുവിന്‍റെ കല്‍പനകളെ, വിശിഷ്യ മത്താ. 57ല്‍ കാണുന്ന കല്‍പനകളെ, അനുസരിക്കാതെ അവയില്‍ നിന്നു വീണുപോകുന്ന ഒരനുഭവം ഇതുമൂലം ഉണ്ടാകുന്നു. ഇതു പിന്നീട് വ്യാജമായ കൃപയുടെ പ്രസംഗത്തിലേക്കും വഴിതെളിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഒന്നാം നൂറ്റാണ്ടില്‍ തന്നെ സഭയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ പ്രവണത ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുവാനിടയായി. സഭൈക്യപ്ര സ്ഥാനം, വ്യാജമായ അന്ധാരാധകസമൂഹങ്ങള്‍ (false cults),വ്യാജമായ പരിശുദ്ധാത്മവരങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഭീമാകാരമായി വളര്‍ന്നിട്ടുണ്ട്. ലോകാവസാനകാലം വഞ്ചനയുടെ ഒരു കാലഘട്ടം ആയിരിക്കുമെന്നു മത്താ. 24ല്‍ യേശു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട് (മത്താ. 24:5,11,24). കള്ളപ്രവാചകന്മാര്‍ പുറപ്പെട്ട് അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു വൃതന്മാരെപ്പോലും വഴിതെറ്റിക്കുമെന്നു അവിടെ കര്‍ത്താവ് പറയുന്നു. 1945 മുതല്‍ ഇങ്ങോട്ട് നാനാരൂപത്തിലുള്ള അത്ഭുതശുശ്രൂഷകളുടെ (miracle ministries) ഒരു പ്രളയം തന്നെ കാണപ്പെടുന്നുണ്ട്. യേശു വ്യക്തമായി നമുക്കു താക്കീതു തന്നിട്ടുള്ള വ്യാജസുവിശേഷപ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണ് ഇതില്‍ ഏറിയ പങ്കും. ഈ അത്ഭുതങ്ങളാലും അടയാളങ്ങളാലും  അവ യേശുവിന്‍റെ നാമത്തില്‍ ചെയ്യപ്പെടുന്നവയാകയാല്‍  ഒട്ടനേകം വിശ്വാസികള്‍ തന്നെ ഇന്നു വഞ്ചിക്കപ്പെടുന്നതായി നാം കാണുന്നു. എന്നാല്‍ ഇവ പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ ദൈവഭയമുള്ളവനും മുന്‍കാലത്തെ അപ്പൊസ്തലന്മാരെപ്പോലെ യേശുവിന്‍റെ കല്‍പനകളുടെ അനുസരണത്തിലേക്കു വിശ്വാസികളെ നയിക്കുന്നവനുമാണോ എന്നു പരിശോധിച്ചറിയുവാന്‍ അവര്‍ മിനക്കെടുന്നില്ല. ഈ കാരണത്താലാണ് അവര്‍ വഴിതെറ്റിപ്പോകുന്നത് (ആവര്‍. 13:14).

9. യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്

(ലൂക്കോ. 21:2931). എല്ലാ വൃക്ഷങ്ങളും തളിര്‍ത്തു പുതിയ ഇലകള്‍ നിറഞ്ഞതായിത്തീരുന്നതിനെപ്പറ്റി, അതായത് രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രാപിച്ചു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെപ്പറ്റി, യേശു ഈ ഭാഗത്ത് സംസാരിക്കുന്നു. 1940 മുതല്‍ ഈ കാര്യം സംഭവിച്ചിട്ടുള്ളതുപോലെ ലോകാരംഭം മുതല്‍ ഇന്നുവരെയും അതു സംഭവിച്ചിട്ടില്ല. 1947ല്‍ ഇന്‍ഡ്യ സ്വതന്ത്രയായിത്തീര്‍ന്നു. മറ്റനേകം രാജ്യങ്ങളും 1945നു ശേഷം സ്വാതന്ത്ര്യം പ്രാപിക്കുകയുണ്ടായി. എന്നാല്‍ ഇതിലെല്ലാം ഉപരിയായി അത്തിമരത്തെ അതായത് യിസ്രായേലിനെ സൂക്ഷിച്ചുനോക്കുവാന്‍ യേശു നമ്മോടാവശ്യപ്പെടുന്നു (ലൂക്കോ. 21:29). അത്തിയില്‍ (യിസ്രായേലില്‍) വല്ല ഫലവും കാണുമോ എന്നു നോക്കുവാന്‍ ഒരിക്കല്‍ യേശു വന്നുചേര്‍ന്നു. എന്നാല്‍ പൊള്ളയായ മതാചാരങ്ങളാകുന്ന ഇലകള്‍ മാത്രമേ ഈ അത്തിയില്‍ അന്ന് യേശുവിനു കാണാന്‍ കഴിഞ്ഞുള്ളു. അതിനാല്‍ അവിടുന്നു അതിനെ ശപിക്കയും അത് ഉണങ്ങിപ്പോകയും ചെയ്തു (മത്താ. 21:19). യേശുവിന്‍റെ ക്രൂശുമരണത്തിനുശേഷം 40 വര്‍ഷം കഴിഞ്ഞ് ഏ.ഡി. 70ല്‍ ടൈറ്റസ് എന്ന സൈന്യാധിപന്‍റെ നേതൃത്വത്തില്‍ റോമന്‍ സൈന്യം യെരൂശലേമില്‍ പ്രവേശിച്ച് ദേവാലയം ഇടിച്ചുനിരത്തുവാന്‍ ദൈവം അനുവദിച്ചതായി ചരിത്രത്തില്‍ നാം വായിക്കുന്നു. അനന്തരം യെഹൂദന്മാര്‍ ലോകത്തിന്‍റെ നാലറുതികളിലേക്കും ചിതറിപ്പോകുവാന്‍ ഇടയായി. ഏകദേശം 1900 വര്‍ഷക്കാലത്തേക്ക് ഈ അത്തിവൃക്ഷം വാടിയനിലയില്‍ത്തന്നെ നിന്നു. എന്നാല്‍ ഇതേ വൃക്ഷം തന്നെ വീണ്ടും തളിര്‍ത്തു ഇലച്ചാര്‍ത്തു വഹിക്കുന്ന ദിവസത്തിനായി നാം കാത്തിരിക്കണമെന്ന് യേശു പറഞ്ഞിട്ടുണ്ട്. 60 ലക്ഷം യെഹൂദന്മാരെ ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കൊന്നൊടുക്കിയ സംഭവം യഹൂദന്മാരോടുള്ള ലോകസഹാനുഭൂതിയെ ആളിക്കത്തിച്ചു. ഇതിന്‍റെ ഫലമായി 1948 മേയ് മാസത്തില്‍ ലോകമെങ്ങുമുള്ള യെഹൂദന്മാര്‍ തങ്ങളുടെ സ്വന്തദേശത്തേക്കു മടങ്ങി വന്നു. 1967ല്‍ അവര്‍ യെരൂശലേം നഗരം തന്നെ തിരിയെ പിടിച്ചെടുത്തു. അത്തി വൃക്ഷം വീണ്ടും തളിര്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ജാതികളുടെ കാലം തികയുന്നതുവരെ അവര്‍ (യെഹൂദേതരര്‍) യെരൂശലേമിനെ ഭരിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്കോ. 21:24). യേശു പറഞ്ഞ ആ കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്.

ദൈവത്തിന്‍റെ സമയവ്യവസ്ഥ

ദൈവം മനുഷ്യന് അധ്വാനിക്കുവാന്‍ ആറുദിവസം നല്‍കുകയും ഏഴാം ദിവസത്തെ സ്വസ്ഥദിവസമായി വ്യവസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന് ഒരു ദിവസം ആയിരം സംവത്സരം പോലെയാണ് (2പത്രോ. 3:8). ഇതിന്‍റെ അര്‍ത്ഥം മനുഷ്യന് തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദൈവം 6000 വര്‍ഷങ്ങള്‍ നല്‍കിയിരിക്കുന്നു വെന്നാണ്. ഏഴാമത്തെ സഹസ്രാബ്ദം (ആയിരം വര്‍ഷക്കാലം) സ്വസ്ഥതയുടേതായ ഒരു സഹസ്രാബ്ദമായിരിക്കും. അന്ന് യേശു ഭൂമിയില്‍ രാജാവായി വാഴും. ആദാം മുതല്‍ ക്രിസ്തുവരെയുള്ള കാലം ഏകദേശം 4000 വര്‍ഷമായിരുന്നു. ക്രിസ്തുവിന്‍റെ ആഗമനം മുതല്‍ 2000 വര്‍ഷം തികയുന്ന സമയത്തിങ്കലേക്ക് നാമിപ്പോള്‍ അടുക്കുകയാണ്. ഇങ്ങനെ മനുഷ്യന്‍റേതായ 6000 വര്‍ഷങ്ങള്‍ തികയുകയാണ്.

യിസ്രായേല്‍മക്കള്‍ക്ക് മരുഭൂമിയില്‍വച്ചു തങ്ങളെത്തന്നെ ശുദ്ധീകരിക്കുവാന്‍ രണ്ടുദിവസം നല്‍കപ്പെട്ടു. മൂന്നാമത്തെ ദിവസം ദൈവം അവരുടെ മധ്യത്തിലേക്ക് ഇറങ്ങിവന്നു (പുറ. 19:10,11,16).

ക്രിസ്തുസഭയ്ക്കും തങ്ങളെത്തന്നെ ശുദ്ധീകരിക്കുവാനും ക്രിസ്തുവിന്‍റെ വരവിനായി തങ്ങളെത്തന്നെ ഒരുക്കുവാനുമായി 2000 വര്‍ഷം നല്‍കപ്പെട്ടിരിക്കുന്നു. മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍ത്തെഴുന്നേല്‍പിക്കും (ഹോശേ. 6:2).

നമ്മുടെ ഉത്തരവാദിത്വം

ക്രിസ്തുവിന്‍റെ വരവിന് ഒരുക്കമുള്ളവരായിത്തീരുന്നതിലേക്കു ഒന്നാമതായി നിങ്ങള്‍ അറിയുന്ന എല്ലാ പാപവും വിട്ടുതിരിയുകയും കുറ്റക്കാരനായ ഒരു പാപിയാണ് നിങ്ങള്‍ എന്നു ദൈവമുമ്പാകെ സമ്മതിച്ചേറ്റുപറകയും ചെയ്യണം. അനന്തരം നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കുമുള്ള ശിക്ഷയേല്‍ക്കുവാന്‍ കര്‍ത്താവായ യേശുക്രിസ്തു മരിച്ചുവെന്നും അവിടുന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തെഴുന്നേറ്റു ഇന്നു സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നുവെന്നും നിങ്ങള്‍ വിശ്വസിക്കണം. നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുവാനും നിങ്ങളെ ദൈവമകനാക്കുവാനുമായി നിങ്ങളുടെ രക്ഷകനും കര്‍ത്താവുമായി യേശു നിങ്ങളിലേക്കു വരുവാന്‍ അവിടുത്തോട് നിങ്ങള്‍ അപേക്ഷിക്കണം.

“ക്രിസ്തുവിന്‍റെ തിരിച്ചുവരവിനെപ്പറ്റി പ്രത്യാശയുള്ള ഏതൊരുവനും അവിടുന്നു നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിര്‍മ്മലീകരിക്കുന്നു” (1യോഹ. 3:3). ഈ വാക്യപ്രകാരം ക്രിസ്തുവിന്‍റെ തിരിച്ചുവരവിനെപ്പറ്റിയുള്ള പ്രത്യാശ നിങ്ങള്‍ക്കുണ്ടെന്നുള്ളതിന്‍റെ ഏകതെളിവ് നിങ്ങള്‍ സ്വയം നിര്‍മ്മലീകരിക്കുന്നുവെന്നതുതന്നെയാണ്. നമ്മുടെ ഗുരുഭൂതനായ യേശുവിന്‍റെ വിശുദ്ധിയില്‍ നാം എത്തിച്ചേരുന്നതുവരെയും ഈ നിര്‍മ്മലീകരണപ്രവര്‍ത്തനം നാം നിറുത്തുവാന്‍ പാടില്ല. പെന്തെക്കോസ്ത്നാളില്‍ പരിശുദ്ധാത്മാവിനെ ദൈവം നമുക്കു നല്‍കിയത്, ആ ആത്മാവ് ദൈവവചനമാകുന്ന കണ്ണാടിയില്‍ ക്രിസ്തുവിന്‍റെ മഹത്വം നമുക്കു കാണിച്ചുതരുന്നതിനും ആ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുന്നതിനുമാണ് (2കൊരി. 3:18).

പരിശുദ്ധാത്മാവിന്‍റെ രണ്ട് ആഹ്വാനങ്ങള്‍

ബൈബിളിന്‍റെ അവസാന ഗ്രന്ഥമായ വെളിപ്പാടു പുസ്തകം സമാപിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ രണ്ട് ആഹ്വാനങ്ങളോടുകൂടെയാണ്:

1. അവിശ്വാസികളുടേതായ ലോകത്തോട്: വരിക (വെളി. 22:17), മാനസാന്തരപ്പെട്ട് ക്രിസ്തുവില്‍ വിശ്വസിക്കുക.

2. വിശ്വാസികളോട്: ജയാളികളായിത്തീരുക (വെളി. 2:7 ; 3:21), അങ്ങനെ ക്രിസ്തുവിന്‍റെ കാന്തയുടെ ഒരു ഭാഗമാവുക.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

18. ക്രിസ്തുവിന്‍റെ വരവിനായുള്ള ഒരുക്കം

ക്രിസ്തു ഭൂമിയിലേക്കു മടങ്ങിവരുന്നതിനെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ പ്രധാനകാര്യം അതിന്‍റെ കൃത്യമായ തീയതി അറിയുകയല്ല, പിന്നെയോ അവിടുത്തെ വരവിനുവേണ്ടി ആത്മീയമായി ഒരുങ്ങൂകയാണ്. അവിടുത്തെ വരവിനെ സംബന്ധിച്ച പ്രവചനങ്ങള്‍ അറിവുള്ള പലരും അവിടുത്തെ വിശുദ്ധിയുടെ നിലവാരത്തിലേക്ക് സ്വയം ഉയരുന്നതായിക്കാണുന്നില്ല. ഇതിലൂടെ ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചു തങ്ങള്‍ക്കുള്ള പ്രത്യാശ ഒരു നിര്‍ജ്ജീവപ്രത്യാശയാണെന്ന് അവര്‍ തെളിയിക്കുന്നു (1യോഹ. 3:3). നേരേമറിച്ച് ബൈബിള്‍ പ്രവചനങ്ങളുടെ വ്യാഖ്യാനമോ വെളിപ്പാടു പുസ്തകത്തില്‍ കാണുന്ന പ്രതീകങ്ങളുടെ അര്‍ത്ഥവിവരണമോ നമുക്ക് അറിഞ്ഞുകൂടെങ്കില്‍ത്തന്നെയും യേശു ആവശ്യപ്പെട്ട കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമെങ്കില്‍ അവിടുത്തെ വരവിനായി 100 ശതമാനവും ഒരുക്കമുള്ളവരായിത്തീരുവാന്‍ നമുക്കു സാധ്യമാണ്.

മത്തായിയുടെ സുവിശേഷത്തില്‍ യേശു തന്‍റെ വരവിനെപ്പറ്റി ശിഷ്യന്മാരോടു പറയുന്ന ഭാഗത്ത് (24, 25 അധ്യായങ്ങള്‍) അവര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന കാര്യം ഒന്നിലധികം പ്രാവശ്യം കര്‍ത്താവ് ഊന്നിപ്പറയുന്നുണ്ട് (മത്താ. 24:42,44; 25:13). അതിനാല്‍ ആത്മീയമായി ഉണര്‍ന്നും ഒരുക്കമുള്ളവരായും ഇരിക്കുക എന്നതാണ് സര്‍വപ്രധാനമായ കാര്യം.

മത്താ. 24ല്‍ കാണുന്ന പ്രവചനങ്ങളെത്തുടര്‍ന്ന് മത്താ. 25ല്‍ അവിടുത്തെ വരവിങ്കല്‍ നാം ജാഗ്രതയുള്ളവരായിരിക്കേണ്ട മൂന്നു മേഖലകള്‍ കര്‍ത്താവ് എടുത്തു കാണിക്കുന്നു.

രഹസ്യജീവിതത്തിലെ വിശ്വസ്തത

(മത്താ. 25:1-13). ഈ ഉപമയില്‍ യേശു പത്തു കന്യകമാരെപ്പറ്റി പറയുന്നു. ഇവരില്‍ ആരും വേശ്യമാരായിരുന്നില്ലെന്ന് ഓര്‍ക്കുക. ആത്മീയമായ വേശ്യാവൃത്തിയുടെ ഒരു നിര്‍വചനം യാക്കോ. 4:4ല്‍ നാം കാണുന്നു. നമ്മെ ദൈവത്തിന്‍റെ ശത്രുക്കളാക്കിത്തീര്‍ക്കുന്ന ലോകസ്നേഹമാണ് അതിന്‍റെ ഉറവിടം. മണവാളനെ എതിരേല്‍ക്കുവാന്‍ പുറപ്പെട്ട പത്തുപേരും കന്യകമാരായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ മുമ്പാകെ ഒരു നല്ല സാക്ഷ്യം ഇവര്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. അവരില്‍ എല്ലാവരുടെയും വിളക്കുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു (മത്താ. 5:16). അവരുടെ സല്‍പ്രവൃത്തികള്‍ അന്യര്‍ക്കു ദൃശ്യമായിരുന്നു. എന്നിട്ടും ഈ കന്യകമാരുടെ കൂട്ടത്തില്‍ 5 പേര്‍ മാത്രമേ ബുദ്ധിമതികളായിരുന്നുള്ളു. പക്ഷേ ഈ കാര്യം ആരംഭത്തില്‍ വ്യക്തമായിരുന്നില്ല. 5 പേര്‍ മാത്രമേ പാത്രങ്ങളില്‍ എണ്ണ കരുതിയിരുന്നുള്ളു (വാ. 4). പാത്രത്തിലെ എണ്ണ രാത്രിയില്‍ പ്രകാശിച്ചുകാണുന്ന വെളിച്ചം പോലെ ദൃശ്യമായിത്തീരുന്നില്ല. ഇത് ദൈവമുമ്പാകെയുള്ള നമ്മുടെ രഹസ്യജീവിതത്തെ കുറിക്കുന്നു. ഈ ലോകത്തിലെ ഇരുട്ടില്‍ ഇത് ആളുകള്‍ക്കു കാണുവാന്‍ സാധ്യമല്ല. നമുക്കെല്ലാം ഒരു പാത്രമുണ്ട്. എന്നാല്‍ അതില്‍ എണ്ണ ഉണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം. തിരുവെഴുത്തില്‍ എല്ലായിടത്തും എണ്ണ പരിശുദ്ധാത്മാവിനെക്കുറിക്കുന്ന ഒരു പ്രതീകമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാക്കളിലേക്കു പകര്‍ന്നു തരുന്ന ജീവനെയാണ് എണ്ണ കുറിക്കുന്നത്. ആ ജീവന്‍റെ ബാഹ്യലക്ഷണമാണ് വെളിച്ചം (യോഹ. 1:4). അതിന്‍റെ ആന്തരികമായ ഉള്ളടക്കമാണ് എണ്ണ. പലര്‍ക്കും തങ്ങളുടെ പുറമേയുള്ള സാക്ഷ്യത്തെപ്പറ്റി മാത്രമേ ചിന്തയുള്ളു. ഇതാണ് അവര്‍ക്കു പറ്റുന്ന തെറ്റ്. പുറമേയുള്ള ഈ വെളിച്ചം കൊണ്ടുമാത്രം മതിയാവുകയില്ല എന്നു നാം മനസ്സിലാക്കുന്നത് പീഡനത്തിന്‍റെയും പരീക്ഷയുടെയും അവസരങ്ങളിലാണ്. ആ സന്ദര്‍ഭങ്ങളില്‍ വിജയത്തോടെ മുന്നോട്ടുപോകണമെങ്കില്‍ ദൈവികമായ ജീവന്‍റെ ഒരു ആന്തരികമായ ഉള്ളടക്കം നമ്മില്‍ ഉണ്ടാകേണ്ടതാവശ്യമാണ്. “ഒരു അനര്‍ത്ഥത്തിന്‍റെ സമയത്ത് നിങ്ങള്‍ ദുര്‍ബ്ബലനാകുന്നുവെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദുര്‍ബ്ബലന്‍ തന്നെ” (സദൃ. 24:10). ജീവിതത്തിലെ അനര്‍ത്ഥസമയങ്ങളാണ് നമ്മുടെ ബലമോ ബലഹീനതയോ നമുക്കു കാണിച്ചു തരുന്നത്. മണവാളന്‍ വരുവാന്‍ താമസിച്ച സാഹചര്യമായിരുന്നു ഈ ഉപമയിലെ അനര്‍ത്ഥസമയം. നമ്മുടെ ആത്മീയതയുടെ യാഥാര്‍ത്ഥ്യം തെളിയിക്കുന്നത് കാലമാണ്. വിശ്വാസമുള്ളവന്‍ അവസാനത്തോളം ക്ഷമിച്ചുനില്‍ക്കുകയും രക്ഷപ്രാപിക്കുകയും ചെയ്യും. ആര്‍ക്കാണ് ആന്തരികമായ ഉള്ളടക്കം ഉള്ളതെന്നും ആര്‍ക്കാണ് അതില്ലാത്തതെന്നും കാണിച്ചുതരുന്നതും കാലം തന്നെ. പെട്ടെന്നു മുളച്ചുവന്ന പാറപ്പുറത്തെ വിത്തുപോലെയാണ് പലരും. എന്നാല്‍ അവര്‍ക്ക് ആന്തരികമായ ജീവന്‍ ഇല്ല. അവരുടെ ഹൃദയങ്ങളില്‍ മണ്ണിനു ആഴമില്ല (മര്‍ക്കോ. 4:5). ഈ കാരണത്താലാണു ചെറുപ്പക്കാരായ വിശ്വാസികളുടെ ആത്മീയതയോ അവരുടെ പൂര്‍ണ്ണചിത്തതയോ വിലയിരുത്തുവാന്‍ നമുക്കു വിഷമം ഉള്ളത്. കാത്തിരിക്കുവാന്‍ നമുക്കു ക്ഷമയുണ്ടെങ്കില്‍ കാലം എല്ലാറ്റിനെയും വെളിപ്പെടുത്തും. നമുക്കു ചുറ്റുമുള്ളവര്‍ക്കു കാണാന്‍ സാധിക്കാത്തവിധം നമ്മുടെ ചിന്തകളിലും മനോഭാവങ്ങളിലും ഉദ്ദേശ്യങ്ങളിലുമുള്ള ഒരു ആന്തരിക വിശുദ്ധിയും വിശ്വസ്തതയുമാണ് ക്രിസ്തുവിന്‍റെ വരവിനു നമ്മെ ഒരുക്കമുള്ളവരാക്കുന്നത്. ഇതു നമുക്കില്ലെങ്കില്‍ ക്രിസ്തുവിന്‍റെ വരവിന് ഒരുക്കമുള്ളവരെന്ന് നമ്മെപ്പറ്റി ചിന്തിക്കുന്നത് ഒരാത്മവഞ്ചനയായിരിക്കും.

നമ്മുടെ ശുശ്രൂഷയിലെ വിശ്വസ്തത

(മത്താ. 25:14-30). രണ്ടാമത്തെ ഉപമയില്‍ ദൈവം നമുക്കു ദാനം ചെയ്തിട്ടുള്ള താലന്തുകളെ വിശ്വസ്തതയോടെ ഉപയോഗിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഇവിടെ താലന്തുകള്‍ എന്നത് ഭൗതികസമ്പത്തുകള്‍, പണം, സ്വാഭാവികകഴിവുകള്‍, ജീവിതത്തില്‍ ലഭിച്ച അവസരങ്ങള്‍, ആത്മീയവരങ്ങള്‍, തുടങ്ങിയവയെ കുറിക്കുന്നു. എല്ലാവരും ഈ രംഗത്ത് സമന്മാരല്ല; കാരണം, ഈ ഉപമയില്‍ ഒരാള്‍ക്ക് അഞ്ച്, മറ്റൊരാള്‍ക്ക് രണ്ട്, ഇനിയുമൊരാള്‍ക്ക് ഒന്ന് എന്നിങ്ങനെയാണ് താലന്തുകള്‍ ലഭിച്ചത്. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ചതില്‍ വിശ്വസ്തത കാണിക്കുവാന്‍ എല്ലാവര്‍ക്കും തുല്യാവസരം ഉണ്ടായിരുന്നു. അധികം നല്‍കപ്പെട്ടവരോട് അധികം ആവശ്യപ്പെടും. അതിനാല്‍ അഞ്ചിനെ പത്താക്കി വര്‍ദ്ധിപ്പിച്ച ആള്‍ക്കു ലഭിച്ചതിനു തുല്യമായ പ്രതിഫലം തന്നെ രണ്ടു നാലാക്കിയവനും ലഭിച്ചു. എന്നാല്‍ തന്‍റെ താലന്ത് നിലത്തു കുഴിച്ചുവച്ചവന് ന്യായവിധിയുണ്ടായി (വാ. 18). തനിക്കു ലഭിച്ച താലന്ത് ദൈവത്തിനുവേണ്ടിയല്ല, ലോകത്തിനുവേണ്ടി ഉപയോഗിച്ചവനായിരുന്നു ഇയാള്‍. ഒരു താലന്ത് അല്ലെങ്കില്‍ മറ്റൊന്ന് എല്ലാവര്‍ക്കും ലഭിച്ചിട്ടുള്ളതിനാല്‍ തനിക്കൊന്നും ലഭിച്ചിട്ടില്ലെന്നു പരാതിപ്പെടുവാന്‍ ഒരുത്തര്‍ക്കും സാധ്യമല്ല. എന്നാല്‍ ഈ താലന്തുകള്‍ നാം എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നം. നമുക്കുവേണ്ടിത്തന്നെ ഉപയോഗിക്കുന്നത് നിലത്തു കുഴിച്ചുവച്ചതിനു തുല്യമാണ്. ദൈവമഹത്വത്തി നുവേണ്ടി ഉപയോഗിക്കുന്നവ മാത്രമേ നിത്യധനമായി പരിഗണിക്കപ്പെടുകയുള്ളു. ഈ മാനദണ്ഡം വച്ചു നോക്കുമ്പോള്‍ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ദരിദ്രാവസ്ഥ നമുക്കു മനസ്സിലാക്കാം. “എല്ലാം ദൈവത്തിന്; ഒന്നും എനിക്കായിട്ടല്ല” എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. അങ്ങനെയെങ്കില്‍ നാം ക്രിസ്തുവിന്‍റെ വരവിന് ഒരുക്കമുള്ളവരായിത്തീരും. നമുക്കുള്ള സകലവും നാം പരിത്യജിച്ചിട്ടില്ലെങ്കില്‍ നമുക്കു ക്രിസ്തുവിന്‍റെ ശിഷ്യന്മാരാകുവാന്‍ സാധ്യമല്ല. ദൈവദത്തമായ തന്‍റെ സകല കഴിവുകളും ധനവും കര്‍ത്താവിനുവേണ്ടി ഉപയോഗിക്കാത്ത ഒരുവന്‍ ക്രിസ്തുവിന്‍റെ വരവിന് ഒരുക്കമുള്ളവനാണെന്നു പറയുന്നുവെങ്കില്‍ അയാള്‍ സ്വയം വഞ്ചിക്കുകയാണ്.

നമ്മുടെ സഹവിശ്വാസികളെ സേവിക്കുന്നതില്‍ വിശ്വസ്തത

(മത്താ. 25:3146). ഈ അവസാനഖണ്ഡത്തില്‍ ബുദ്ധിമുട്ടിലിരിക്കുന്ന നമ്മുടെ സഹവിശ്വാസികളുടെ നേരേയുള്ള നമ്മുടെ മനോഭാവത്തെപ്പറ്റിയാണ് യേശു പ്രസ്താവിക്കുന്നത്. ആ ബുദ്ധിമുട്ട് ആത്മികമോ ശാരീരികമോ ആകാം. ചിലര്‍ കര്‍ത്താവിനെയെന്നപോലെ തങ്ങളുടെ സഹവിശ്വാസികളെ സേവിച്ചതിനാല്‍ അവിടുത്തെ രാജ്യം അവകാശമാക്കുന്നതായി നാം കാണുന്നു. അവരുടെ ഇടംകൈ ചെയ്തതു വലംകൈ അറിയാത്തവിധം അവരുടെ സേവനം രഹസ്യത്തിലായിരുന്നു (മത്താ. 6:3). അതിനെപ്പറ്റി കര്‍ത്താവ് അവരെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് അത് ഓര്‍മ്മയുണ്ടായില്ല. അത്രമാത്രം രഹസ്യത്തിലായിരുന്നു അതു ചെയ്യപ്പെട്ടത് (മത്താ. 25:38). ഏറ്റവും ചെറിയ ഒരുവനു ചെയ്യുന്ന സേവനം തനിക്കു ചെയ്യുന്നതാണെന്നും യേശു ഇവിടെ പഠിപ്പിക്കുന്നു (മത്താ. 25:40). ഏറ്റവും ചെറിയവരെപ്പറ്റി കര്‍ത്താവ് ഇവിടെ സംസാരിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. കാരണം, ഏറ്റവും വലിയവരെ സേവിക്കുകയും ദരിദ്രരെയും നിന്ദിതരെയും അവഗണിക്കുകയും ചെയ്യുന്ന പ്രവണതയാണ് നമുക്കുള്ളത്. തങ്ങള്‍ക്കായിത്തന്നെ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും പണികയും ചെയ്യുന്ന എല്ലാവരും ക്രിസ്തുവിന്‍റെ വരവിങ്കല്‍ പുറന്തള്ളപ്പെടും (ലൂക്കോ. 17:28,34). തങ്ങളുടെ സേവനത്തില്‍ സഹവിശ്വാസികളെക്കുറിച്ചുള്ള സ്നേഹപൂര്‍വമായ കരുതല്‍ കാട്ടിയിട്ടുള്ളവര്‍ മാത്രമേ കര്‍ത്താവിനോടൊപ്പം എടുക്കപ്പെടുകയുള്ളു.

ഈ സമൂഹത്തില്‍നിന്നു വ്യത്യസ്തമനോഭാവമുള്ള മറ്റൊരു കൂട്ടരെപ്പറ്റിയും യേശു പറഞ്ഞിട്ടുണ്ട്. കര്‍ത്താവിനുവേണ്ടി തങ്ങള്‍ ചെയ്തിട്ടുള്ളതെല്ലാം ഓര്‍മ്മ വയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. അവരും ന്യായാസനത്തിന്‍റെ മുമ്പിലെത്തി തങ്ങള്‍ കര്‍ത്താവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തതിനെപ്പറ്റിയെല്ലാം കര്‍ത്താവിനെ ഓര്‍മ്മപ്പെടുത്തി. എന്നാലും ഇതെല്ലാം ചെയ്തവരെങ്കിലും അവര്‍ പുറന്തള്ളപ്പെട്ടു. ദൈവമുമ്പാകെ മാനിക്കപ്പെടുന്നതും ലോകത്തിനു മറഞ്ഞിരിക്കുന്നതുമായ ഒരു വിശുദ്ധജീവിതമെന്ന സര്‍വോന്നതമായ യോഗ്യത അവര്‍ക്കില്ലാഞ്ഞതിനാലാണ് അവര്‍ നിരാകരിക്കപ്പെട്ടത്. തങ്ങള്‍ക്കു ലഭിച്ച വരങ്ങളുടെ വലിപ്പമായിരുന്നു അവരുടെ ശ്രദ്ധാകേന്ദ്രം. ഇവിടെയുള്ള ഒരു താരതമ്യം രസകരമാണ്. രോഗികളെ സൗഖ്യമാക്കിയവര്‍ പുറന്തള്ളപ്പെട്ടു; എന്നാല്‍ രോഗികളെ സന്ദര്‍ശിക്കുക മാത്രം ചെയ്തവര്‍ രാജ്യത്തിനു അവകാശികളായി (മത്താ. 25:34,36). നമുക്കു രോഗശാന്തിവരമില്ലെങ്കില്‍ നാം രോഗികളെ സൗഖ്യമാക്കണമെന്നു ദൈവം നമ്മോടാവശ്യപ്പെടുന്നില്ല. എന്നാല്‍ നമുക്കു രോഗികളെ സന്ദര്‍ശിക്കുകയും ധൈര്യപ്പെടുത്തുകയും കര്‍ത്താവിന്‍റെ നാമത്തില്‍ അവരെ അനുഗ്രഹിക്കുകയും ചെയ്യാം. അങ്ങനെയെങ്കില്‍ നാം ക്രിസ്തുവിന്‍റെ വരവിന് ഒരുക്കമുള്ളവരായി കാണപ്പെടും. അതേസമയം രോഗികള്‍ക്കു സൗഖ്യം നല്‍കിയ പലരും പുറന്തള്ളപ്പെടും! ഈ വിധത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിലേക്ക് നാം അസൗകര്യങ്ങള്‍ സഹിക്കേണ്ടതുണ്ട്. ബുദ്ധിമുട്ടിലിരിക്കുന്ന ആളുകള്‍ മൂലം തങ്ങളുടെ പ്രതിദിനപരിപാടികള്‍ക്ക് ഭംഗം സംഭവിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ യേശു വരുമ്പോള്‍ പിമ്പിലേക്കു മാറ്റപ്പെടും. കര്‍ത്താവിന്‍റെ നാമത്തില്‍ മറ്റുള്ളവരെ സേവിക്കണമെങ്കില്‍ സമയവും പണവും എല്ലാറ്റിലും ഉപരിയായി നമ്മുടെ സ്വന്ത പ്ലാനുകളും സ്വന്ത ഇഷ്ടവും നമുക്കു പരിത്യജിക്കേണ്ടിവരും. കണ്ണുകൊണ്ടു മോഹിക്കുക, കോപിക്കുക, ദ്രവ്യാഗ്രഹം കാണിക്കുക എന്നിവയിലെല്ലാം ജയം നേടിയ ശേഷവും നമുക്കുവേണ്ടിത്തന്നെ ജീവിക്കുന്നവരായിത്തീരുവാന്‍ നമുക്കു സാധ്യമാണ്. അത്രയധികം നമ്മുടെ ജഡത്തില്‍ വേരുറച്ചിട്ടുള്ള ഒന്നാണ് സ്വാര്‍ത്ഥത. സ്വാര്‍ത്ഥത്തില്‍ മാത്രം കേന്ദ്രീകരിച്ച അവസ്ഥയില്‍നിന്നു നമ്മെ വിടുവിക്കാത്തതും നമ്മെക്കുറിച്ചുമാത്രം ചിന്തിക്കുന്നതുമായ പരീശതുല്യമായ ഒരു വിശുദ്ധി നമുക്കുണ്ടാകുവാന്‍ സാധ്യമാണ്. ഇത് യഥാര്‍ത്ഥവിശുദ്ധിയുടെ ഒരു കപടാനുകരണമാണ്. എങ്കില്‍പോലും അതിനാല്‍ നാം കബളിക്കപ്പെടുക വളരെ എളുപ്പമത്രേ. യേശു നമ്മെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചത്  “ഞങ്ങള്‍ക്കു തരേണമേ, ഞങ്ങളോടു ക്ഷമിക്കണമേ, ഞങ്ങളെ വിടുവിക്കണമേ” എന്നിങ്ങനെയാണ് (മത്താ. 6:1113). പാപത്തിലും ആവശ്യങ്ങളിലുമിരിക്കുന്ന മറ്റാളുകളെക്കുറിച്ചുള്ള ഒരു ഭാരം നമ്മിലുളവാക്കാത്ത ഒരു വിശുദ്ധീകരണം വിശുദ്ധിയുടെ ഒരു കപടാനുകരണമാണ്. വിലയില്ലാത്ത ആ വിശുദ്ധീകരണം ചവറ്റുകുട്ടയിലെറിയപ്പെടുവാന്‍ മാത്രമേ കൊള്ളാവൂ. മറ്റുള്ളവരുടെ സ്ഥാനത്തു നമ്മെത്തന്നെ നിറുത്തിക്കൊണ്ടു അവര്‍ക്കു വേണ്ടി ചിന്തിക്കുകയും അവര്‍ കടന്നുപോകുന്ന വൈഷമ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമാറ് നമ്മുടെ ചിന്താഗതിക്ക് ഒരു നവീകരണമാവശ്യമാണ്. ഇതിനെയാണ് ‘മനസ്സുപുതുക്കല്‍’ എന്നു പൗലോസ് വിളിക്കുന്നത് (റോമര്‍. 12:2). ക്രിസ്തുവിനു തുല്യമായ ഈ ചിന്തയും കരുതലും വരാന്‍പോകുന്ന അവിടുത്തെ രാജ്യം അവകാശമാക്കുവാന്‍ നമ്മെ ഒരുക്കുന്നു. തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ആവശ്യങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്നവന്‍ എത്ര വിശുദ്ധനായിരുന്നുകൊള്ളട്ടെ, ക്രിസ്തുവിന്‍റെ വരവിനായി താന്‍ ഒരുങ്ങിയിരിക്കുന്നുവെന്ന് അയാള്‍ ചിന്തിക്കുന്ന പക്ഷം അയാള്‍ സ്വയം വഞ്ചിക്കുകയാണു ചെയ്യുന്നത്.              

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

19. തിരുവത്താഴം  ഒരു ഉടമ്പടി

കര്‍ത്താവായ യേശുക്രിസ്തു തിരുവത്താഴശുശ്രൂഷ സ്ഥാപിച്ചപ്പോള്‍ അന്നു വരെ ഉപയോഗിക്കാതിരുന്ന ഒരു പുതിയ പദം ഉപയോഗിച്ചു. ഉടമ്പടി എന്നര്‍ത്ഥമുള്ള covenant എന്ന പദമായിരുന്നു അത്. മലയാളം ബൈബിളില്‍ ഇതിനെ നിയമം എന്നു തര്‍ജ്ജമ ചെയ്തിട്ടുണ്ടെങ്കിലും അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ഉടമ്പടി എന്നാണ്. കര്‍ത്താവിന്‍റെ മേശയില്‍ അന്വര്‍ത്ഥമായ വിധം സംബന്ധിക്കുന്നതിന് ഈയൊരു പദത്തിന്‍റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കേണ്ടത് ആവശ്യമത്രേ.

ദൈവവുമായി ഒരു ഉടമ്പടിബന്ധം

ബൈബിളില്‍ ഉടമ്പടിയെന്ന ഈ പദം ആദ്യമായി ഉപയോഗിച്ചിട്ടുള്ളത് ഉല്‍പ. 6:18ലാണ്. അവിടെ നോഹയുമായി താന്‍ ഒരു ഉടമ്പടി ചെയ്യുമെന്ന് ദൈവം പ്രസ്താവിക്കുന്നു (ഉല്‍പ. 9:9,11). മനുഷ്യന്‍റെ പാപം നിമിത്തം അന്നുണ്ടായിരുന്ന സകല ലോകത്തിന്‍റെയും മേല്‍ ദൈവികന്യായവിധിയുടെ സന്ദര്‍ശനം ഉണ്ടായി. എങ്കിലും അതുപോലെ ഇനിയൊരിക്കലും ഒരു ജലപ്രളയത്തിലൂടെ ലോകത്തെ നശിപ്പിക്കുകയില്ലെന്ന് ദൈവം പ്രതിജ്ഞ ചെയ്തു. ഈ ഉടമ്പടിയ്ക്ക് ഉറപ്പു നല്‍കുവാനായി ദൈവം ഒരടയാളം കാണിച്ചുതന്നു. ഇന്നു നാം കാണാറുള്ള മഴവില്ലായിരുന്നു ആ അടയാളം. “ഞാന്‍ എന്‍റെ വില്ലു മേഘത്തിന്മേല്‍ വയ്ക്കുന്നു” എന്നാണ് അതിനെപ്പറ്റി ദൈവം അരുളിച്ചെയ്തത്. അവിടെ ഉപയോഗിച്ചിട്ടുള്ള വില്ല് എന്ന പദം മറ്റു സന്ദര്‍ഭങ്ങളില്‍ വില്ല് എന്ന ആയുധത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദം തന്നെയാണ്. ആരുടെ നേരേ അമ്പു പ്രയോഗിക്കുന്നുവോ അയാളിലേക്കാണ് വില്ലിന്‍റെ ഉന്നം വയ്ക്കാറുള്ളത്. എന്നാല്‍ മേഘത്തില്‍ കാണുന്ന വില്ല് താഴേക്കല്ല, മുകളിലേക്കുതന്നെ ഉന്നം വച്ചിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ആ വില്ലില്‍ നിന്നു പ്രയോഗിക്കപ്പെട്ട അമ്പ് ഉയരത്തില്‍ വസിക്കുന്ന ദൈവത്തിന്‍റെമേല്‍ തന്നെ പതിക്കും. അങ്ങനെ മനുഷ്യന്‍റെ പാപത്തിനുള്ള ശിക്ഷാവിധി ദൈവം തന്നെ ഏറ്റുവാങ്ങും. ആ വില്ല് മനുഷ്യന്‍റെ നേരേയല്ല, ദൈവത്തിന്‍റെ നേരേതന്നെ പ്രയോഗിക്കപ്പെടും എന്നാണതിന്‍റെ അര്‍ത്ഥം. അതിനുശേഷം ലോകത്തിന് ഒരു ജലപ്രളയം മൂലമുള്ള ന്യായവിധി ഇന്നുവരെയും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ദൈവികന്യായവിധിയുടെ അത്യുഗ്രമായ പ്രവാഹം യേശുക്രിസ്തുവിന്‍റെമേല്‍ പതിച്ചു കവിഞ്ഞൊഴുകുന്നതായി സങ്കീ. 69:1,2ല്‍ പ്രസ്താവിച്ചിരിക്കുന്നു. മേഘത്തില്‍ കണ്ട വില്ലിന്‍റെ അര്‍ത്ഥം ഈ വിധത്തിലാണു നിറവേറിയത്.

അടുത്തതായി ദൈവം ഒരു ഉടമ്പടി ചെയ്തതായി തിരുവെഴുത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് അബ്രഹാമുമായിട്ടാണ്. ഉല്‍പ. 15:18ല്‍ ഇതിനെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണുന്നു. അവിടെ ദൈവം അബ്രഹാമുമായി ഉടമ്പടിയിലേര്‍പ്പെട്ടത് ഏതു വിധത്തിലായിരുന്നു എന്നു ശ്രദ്ധിക്കുക. മൂന്നു മൃഗങ്ങളെയും രണ്ടു പക്ഷികളെയും കൊണ്ടുവരുവാനും ആ മൃഗങ്ങളെ ഒത്തനടുവേ പിളര്‍ന്ന് ഭാഗങ്ങളെ നേര്‍ക്കുനേരേ വയ്ക്കുവാനും ദൈവം കല്‍പിച്ചു. രാത്രിയായപ്പോള്‍ ദൈവം ഇറങ്ങിവന്നു പുകയുന്ന ഒരു തീച്ചൂളയുടെയും ജ്വലിക്കുന്ന പന്തത്തിന്‍റെയും സാദൃശ്യത്തില്‍ കൊല്ലപ്പെട്ട മൃഗങ്ങളുടെ പിളര്‍പ്പുകളുടെ മദ്ധ്യത്തില്‍ക്കൂടി കടന്നുപോയി. എന്താണിതിന്‍റെ അര്‍ത്ഥം? ആ കൊല്ലപ്പെട്ട മൃഗങ്ങളെപ്പോലെ അബ്രഹാമിനുവേണ്ടി ദൈവംതന്നെ തന്‍റെ ജീവന്‍ വച്ചുകൊടുക്കുമെന്നുതന്നെ. നോഹയുമായി ചെയ്ത ഉടമ്പടിയെപ്പോലെ മരണത്തിലൂടെയാണ്  ഈ ഉടമ്പടിയും സ്ഥിരീകരിക്കപ്പെടുന്നത്. അതിനു ദൈവം തന്നെ മുന്‍കൈയെടുത്തു. ഒരു ഉടമ്പടിയിലേര്‍പ്പെടുമ്പോള്‍ ഈ വിധത്തില്‍ അതിന് ഉറപ്പു നല്‍കുന്ന രീതി പില്‍ക്കാലത്ത് യിസ്രായേലില്‍ ഒരു പതിവായിത്തീര്‍ന്നു (യിരെ. 34:18,19). രണ്ടാളുകള്‍ തമ്മില്‍ ഉടമ്പടി ചെയ്യുമ്പോഴെല്ലാം അവര്‍ ഒരു കാളക്കിടാവിനെ പിളര്‍ന്ന് അവയുടെ ഭാഗങ്ങള്‍ക്കിടയിലൂടെ നടക്കുകയും ഈ ഉടമ്പടി പാലിക്കുന്നതില്‍ വിശ്വസ്തത പുലര്‍ത്തുവാന്‍ വേണ്ടി തങ്ങളുടെ ജീവന്‍ വച്ചുകൊടുക്കുവാന്‍തന്നെ തങ്ങള്‍ തയ്യാറാണെന്ന് സാദൃശ്യരൂപത്തില്‍ വെളിപ്പെടുത്തുകയും ചെയ്തുപോന്നു. ഇപ്രകാരം ഒരു ഉടമ്പടി ചെയ്തശേഷം അതു പാലിക്കാതിരിക്കുക അത്യന്തം ഗൗരവാവഹമായ ഒരു കുറ്റമായിരുന്നു. യഹൂദജനങ്ങള്‍ തന്നോടുചെയ്ത ഉടമ്പടി ലംഘിച്ചതിനു താന്‍ അവരെ കഠിനമായി ശിക്ഷിക്കുമെന്ന് ദൈവം യിരെമ്യാവു മുഖാന്തരം അരുളിച്ചെയ്തു.

ഉല്‍പ. 17ല്‍ അബ്രഹാമുമായിട്ടുള്ള തന്‍റെ ഉടമ്പടിയെ ദൈവം ആവര്‍ത്തിച്ചുറപ്പിക്കുന്നതായി നാം കാണുന്നു. ഇത്തവണ ദൈവം വീണ്ടും മറ്റൊരടയാളം നല്‍കുന്നു. അതാണ് പരിച്ഛേദന. ഇത് ശരീരത്തിന്മേല്‍ ചെയ്യുന്ന ഒരു വിച്ഛേദനകര്‍മ്മമാണ്. മരണത്തിന്‍റെ ഒരു ചിഹ്നമാണിത്. ഫിലി. 3:3; കൊലോ. 2:11 എന്നീ ഭാഗങ്ങള്‍ ഈ വസ്തുത വിശദമാക്കുന്നു. മരണവുമായി ബന്ധപ്പെട്ടതാണ് ഉടമ്പടിയിലുള്ള അടയാളമെന്ന് ഇവിടെയും നാം കാണുന്നു. ഉടമ്പടിയില്‍ തങ്ങള്‍ മരണപര്യന്തം വിശ്വസ്തരായിരിക്കുമെന്ന് ഈ പ്രാവശ്യം ഉറപ്പു നല്‍കിയത് അബ്രഹാമും അദ്ദേഹത്തിന്‍റെ പുത്രന്മാരുമായിരുന്നു. ജഡത്തില്‍ പുറമേയുള്ള പരിച്ഛേദനയെന്ന കര്‍മ്മം ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നതിനായി യിസ്രായേല്‍ ജനങ്ങളുടെ ഹൃദയത്തെ ആന്തരികമായി പരിച്ഛേദന ചെയ്യുവാന്‍ ദൈവം ആഗ്രഹിച്ചതിന്‍റെ ഒരടയാളമാണ്. ആവര്‍. 30:6; റോമര്‍. 2:28,29 എന്നീ ഭാഗങ്ങള്‍ ഇതു വ്യക്തമാക്കുന്നു. ജഡത്തിനു മരിച്ചവരായിത്തീരാതെ ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാന്‍ സാധ്യമല്ലെന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

ഉടമ്പടിയെപ്പറ്റി പിന്നെയും നാം വായിക്കുന്ന ഒരു വേദഭാഗം മോശെയില്‍ക്കൂടി ദൈവം യിസ്രായേല്‍ ജനങ്ങളോട് ഉടമ്പടി ചെയ്യുന്ന സന്ദര്‍ഭമാണ്. പഴയ നിയമം എന്നോ പഴയ ഉടമ്പടി എന്നോ നാം സാധാരണ പറയാറുള്ളത് ഇതിനെപ്പറ്റിയാണ്. പുറ. 24:47ല്‍ ഇതിനെക്കുറിച്ച് നാം വായിക്കുന്നു. മോശെ ദൈവത്തിന്‍റെ വചനങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി. ഉടമ്പടിയുടെ പുസ്തകം (The book of the covenant) എന്നാണതിന്‍റെ പേര്. അനന്തരം മോശെ കാളക്കിടാങ്ങളെ കൊന്ന് യഹോവയ്ക്കു യാഗം കഴിച്ചു. അവയുടെ രക്തമെടുത്ത് “യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ” എന്നു പറഞ്ഞുകൊണ്ടു അദ്ദേഹം ജനങ്ങളുടെ മേല്‍ തളിച്ചു (പുറ. 24:8). ഇങ്ങനെ കൊല്ലപ്പെട്ട മൃഗങ്ങളുടെ രക്തത്താല്‍ ഉടമ്പടി മുദ്രയിട്ടു. ബൈബിളില്‍ ഉടമ്പടിയുടെ (നിയമത്തിന്‍റെ) രക്തം എന്ന പദപ്രയോഗം ആദ്യമായിക്കാണുന്ന സന്ദര്‍ഭം ഇതാണ്. യേശു ശിഷ്യന്മാരുമായി കഴിച്ച അന്ത്യഅത്താഴത്തിന്‍റെ സമയത്തു പാനപാത്രമെടുത്തു പങ്കിട്ടപ്പോള്‍ അവിടുന്ന് ഉപയോഗിച്ച പദപ്രയോഗവും ഇതുതന്നെ (മത്താ. 26:28). പഴയ ഉടമ്പടിയിന്‍ കീഴില്‍ മോശെ ജനങ്ങളുടെ മേല്‍ രക്തം തളിക്കുകയായിരുന്നു. എന്നാല്‍ യേശുവാകട്ടെ, ഈ പാനപാത്രം കുടിക്കുവാന്‍ നമ്മെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. പഴയ ഉടമ്പടിയനുസരിച്ചു ന്യായപ്രമാണം ഒരുവന്‍റെ പുറമേയുള്ള ജീവിതത്തെ മാത്രം ശുദ്ധീകരിക്കുന്നു. പുതിയ ഉടമ്പടിയാകട്ടെ, യേശുവിന്‍റെ മരണത്തോട് അനുരൂപപ്പെട്ടും അവിടുത്തെ കഷ്ടാനുഭവങ്ങളില്‍ പങ്കാളിത്തം വഹിച്ചും ആന്തരികമായ പൂര്‍ണ്ണവിശുദ്ധി പ്രാപിക്കുവാന്‍ നമ്മെ സഹായിക്കുന്നു.

ദൈവവുമായുള്ള ഉടമ്പടിയില്‍ നാം പ്രവേശിക്കുന്നത് മരണത്തില്‍ക്കൂടെയാണെന്ന കാര്യം വീണ്ടും നാമോര്‍ക്കണം (എബ്രാ. 9:13-22). ബലിമൃഗങ്ങളുടെ രക്തവും യേശുവിന്‍റെ രക്തവും തമ്മിലുള്ള താരതമ്യം ഈ വാക്യങ്ങളില്‍ അധികം വിശദമാകുന്നു. നിയമം അഥവാ ഉടമ്പടി ഉള്ളേടത്ത് നിയമകര്‍ത്താവിന്‍റെ മരണം ആവശ്യമെന്നും നിയമകര്‍ത്താവ് മരിച്ചശേഷമല്ലാതെ നിയമം പ്രാബല്യത്തില്‍ വരുന്നില്ല എന്നും ഇവിടെ പറയുന്നു (വാ. 16,17). ഈ കാരണത്താലാണ് ദൈവം മനുഷ്യനുമായി ചെയ്ത എല്ലാ ഉടമ്പടിയിലും മരണമെന്ന സാദൃശ്യം കാണുന്നത്.

യേശുവിനു സ്വന്തമരണത്തില്‍ക്കൂടിമാത്രമേ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുവാന്‍ കഴിയുമായിരുന്നുള്ളു. ആ ഉടമ്പടിയിലേക്കും അതിന്‍റെ പ്രയോജനങ്ങളിലേക്കും കടക്കുവാന്‍ നമുക്കു ലഭിച്ചിട്ടുള്ള ഏകമാര്‍ഗ്ഗവും മരണം തന്നെ. അതായത് നാം നമുക്കുതന്നെ മരിച്ചവരായിത്തീരുക. ഇതാണ് തിരുവത്താഴശുശ്രൂഷയില്‍ നാം അപ്പം നുറുക്കി ഭക്ഷിക്കുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്യുന്നതിന്‍റെ അര്‍ത്ഥം.

എബ്രാ. 13:20ല്‍ നിത്യനിയമത്തിന്‍റെ രക്തത്താല്‍ ദൈവം യേശുവിനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ചതായി നാം വായിക്കുന്നു. എന്താണിതിന്‍റെ അര്‍ത്ഥം? ഇവിടെയാണ് പരിശുദ്ധാത്മാവിന്‍റെ വെളിപ്പാട് നമുക്കാവശ്യമായിരിക്കുന്നത്. പ്രാണത്യാഗത്തോളം യേശു പാപത്തോട് എതിര്‍ത്തുനിന്നതിന്‍റെ ഫലമായിട്ടാണ്  കാല്‍വറിയില്‍ അവിടുന്നു രക്തം ചിന്തി മരിക്കേണ്ടിവന്നത് (എബ്രാ. 12:4). പിതാവിനെ എപ്പോഴും അനുസരിക്കുവാനും ഒരിക്കല്‍പ്പോലും പാപം ചെയ്യാതിരിപ്പാനും യേശു ദൃഢനിശ്ചയം ചെയ്തിരുന്നു. യേശു പിതാവിനോട് ഇപ്രകാരം പറയുന്നതായി നമുക്കു സങ്കല്‍പിക്കാം: “പിതാവേ, ഒരു ചെറിയ കാര്യത്തിലെങ്കിലും അങ്ങയോട് അനുസരണക്കേടു കാണിക്കുന്നതിനെക്കാള്‍ മരണമാണ് എനിക്ക് അധികം സ്വീകാര്യം”. ഇതുതന്നെയായിരുന്നു യേശുവിന്‍റെ നിലപാട്. ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീര്‍ന്നു എന്ന് ഫിലി. 2:8ല്‍ പറയുന്ന ഭാഗവും ശ്രദ്ധിക്കുക. ഇതായിരുന്നു യേശു പിതാവുമായി ചെയ്തിരുന്ന ഉടമ്പടി അഥവാ നിത്യനിയമം. അതുകൊണ്ടാണ് പിതാവിന് അവിടുത്തെ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിക്കുവാന്‍ കഴിഞ്ഞത്.

കര്‍ത്താവിന്‍റെ മേശമേലുള്ള ഈ പുതിയ ഉടമ്പടിയുടെ പാനപാത്രത്തില്‍ നിന്നു കുടിക്കുവാന്‍ ഇപ്പോള്‍ കര്‍ത്താവ് നമ്മെയും ക്ഷണിക്കുന്നു. അതിന് ഒരുക്കമുള്ളവരാണോ നാം? അവിടുന്നു കുടിച്ച പാനപാത്രം കുടിക്കുവാന്‍ നമുക്കു കഴിവുണ്ടോ?  അപ്പൊസ്തലനായ പൗലോസിനെപ്പോലെ അവിടുത്തെ മരണത്തോട് അനുരൂപപ്പെട്ട് അവിടുത്തെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയാചരിക്കുവാന്‍ നാം ജാഗ്രതയുള്ളവരോ? അങ്ങനെയെങ്കില്‍ നാമും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കും (ഫിലി. 3:10,11).

ഭൂരിപക്ഷം വിശ്വാസികളും വളരെ ലാഘവബുദ്ധിയോടെയാണ് കര്‍ത്തൃ മേശയിലേക്കടുത്തുവരുന്നത്. ഈ ഉടമ്പടിയുടെ അര്‍ത്ഥമെന്താണെന്നോ അത് എന്തിനെക്കുറിക്കുന്നുവെന്നോ ഉള്ള യാതൊരു ധാരണയും അവര്‍ക്കില്ലതന്നെ. പാപത്തോടു പ്രാണത്യാഗത്തോളം എതിരിട്ടുപോരാടുവാന്‍ ഉറച്ച തീരുമാനം ചെയ്യുന്ന ഒരുവനു മാത്രമേ ഈ മേശയില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ളു.

നാം ഒരു കോടതിയില്‍ ചെന്ന് ഏറ്റവും ഗൗരവമുള്ള ഒരു ഉടമ്പടി ഒപ്പു വയ്ക്കുന്നുവെന്നിരിക്കട്ടെ. അതിലെ വ്യവസ്ഥകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കാതെ അതില്‍ നാം ഒപ്പുവയ്ക്കുമോ? എന്നാല്‍ കര്‍ത്താവിന്‍റെ മേശയിലെ അപ്പ വീഞ്ഞുകളില്‍ എത്ര ലാഘവത്തോടെയാണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്! ഇതു മൂലം കൊരിന്തില്‍ സംഭവിച്ചതുപോലെ ഇന്നു നമ്മുടെ ഇടയിലും സംഭവിക്കുന്നു. പലരും (ശാരീരികമായും ആത്മീയമായും) ബലഹീനരും രോഗികളുമായിരിക്കുന്നു. ചിലര്‍ ദൈവം നിശ്ചയിച്ച സമയത്തിനുമുമ്പു മരണമടയുന്നു (1കൊരി. 11:30). എല്ലാറ്റിനും കാരണം ഈ ലാഘവബുദ്ധിതന്നെ.

ലേവ്യ. 26:14-20ല്‍ ദൈവം നല്‍കിയിട്ടുള്ള ഒരു താക്കീതു ശ്രദ്ധിക്കുക. താനുമായി ഒരുടമ്പടിയിലേര്‍പ്പെട്ടശേഷം അതു ലംഘിക്കുന്നവര്‍ രോഗികളും പരാജിതരുമായിത്തീരുമെന്നും അവരുടെ കൃഷി വ്യാപാരാദികള്‍ നഷ്ടത്തില്‍ കലാശിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. ഉടമ്പടിലംഘനം അത്യന്തം ഗൗരവമുള്ള ഒരു കാര്യമത്രേ. അതിനാല്‍ “അതിവേഗത്തില്‍ ഒന്നും പറയരുത്; ദൈവസന്നിധിയില്‍ ഒരു വാക്കുച്ചരിക്കുവാന്‍ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത് …. നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലത്” (സഭാ. 5:25).

രോഗത്താലോ ബലഹീനതയാലോ വീണ്ടും വീണ്ടും പീഡയനുഭവിക്കുന്നവര്‍ ദൈവത്തോടു തങ്ങള്‍ ചെയ്ത വല്ല പ്രതിജ്ഞയും ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് ആവശ്യമത്രേ. രോഗസൗഖ്യം ലഭിക്കുന്നതിനു പാപങ്ങളെ ഏറ്റുപറയണമെന്ന് യാക്കോബ് പ്രസ്താവിച്ചിട്ടുള്ളതും ഈ കാരണത്താലാണ് (യാക്കോ. 5:16).

നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തെ കുറിക്കുന്നതത്രേ. ഒന്നാമതായി അത് യേശു ലോകത്തിലേക്കു വന്നപ്പോള്‍ സ്വീകരിച്ച ഭൗതികശരീരത്തെ കുറിക്കുന്നു. ആ ശരീരത്തില്‍ അവിടുന്നു ഒരിക്കലും സ്വന്ത ഇഷ്ടം ചെയ്യാതെ പിതാവിന്‍റെ ഇഷ്ടം മാത്രം ചെയ്തു (എബ്രാ. 10:57). ജഡത്തിലെ യാതൊരു മോഹങ്ങളെയും തന്‍റെ ശരീരത്തില്‍ അവിടുന്നു നിറവേറ്റിയില്ല. നേരിയ സ്പര്‍ശം കൊണ്ടുതന്നെ നുറുങ്ങിപ്പോകുന്ന അപ്പം പോലെയായിരുന്നു അവിടുത്തെ ശരീരം. തന്‍റെ പിതാവിന്‍റെ ഹിതത്തോട് അപ്രകാരമുള്ള ഒരു വിധേയത്വമാണ് കര്‍ത്താവ് പുലര്‍ത്തിയത്. നാം അപ്പം നുറുക്കുകയും ഭക്ഷിക്കുകയും ചെയ്യുമ്പോള്‍ അപ്രകാരമൊരു വിധേയത്വം – ആ വിധത്തില്‍ നുറുങ്ങിയ ഒരവസ്ഥ – പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നതായി നാം പ്രസ്താവിക്കുകയാണ്. എന്നാല്‍ അപ്രകാരം കര്‍ത്താവിനോടു പറഞ്ഞതിനുശേഷം അങ്ങനെയൊരു പ്രതിജ്ഞ നാം ചെയ്തിട്ടേയില്ലെന്നുള്ള മട്ടില്‍ ജീവിക്കുന്നപക്ഷം അതിന്‍റെ ഭവിഷ്യത്തു ഭയാനകമായിരിക്കും. നാം പരിപൂര്‍ണ്ണരല്ലായിരിക്കാം. അടുത്ത സമയത്തു വിശ്വാസത്തിലേക്കു വന്നവരായിരിക്കാം. എന്നാലും നാം സ്വയത്തിനു മരിച്ചവരായും നമുക്കു വേണ്ടിയല്ല, ക്രിസ്തുവിനുവേണ്ടിത്തന്നെ ജീവിക്കുന്നവരായും തീരണമെന്ന് കര്‍ത്താവ് പ്രതീക്ഷിക്കുന്നു (2കൊരി. 5:15). അല്ലാത്തപക്ഷം നാം അപ്പത്തെ വിവേചിക്കാതെ അയോഗ്യമായി ഈ മേശമേല്‍ നിന്നു ഭക്ഷിക്കുകയാണു ചെയ്യുന്നത്.

സഹോദരവര്‍ഗ്ഗത്തോട് ഒരു ഉടമ്പടിബന്ധം

നാം നുറുക്കുന്ന അപ്പം യേശുവിന്‍റെ ഭൗതികശരീരത്തെ മാത്രമല്ല, സഭയെന്ന ക്രിസ്തുവിന്‍ശരീരത്തെയും കുറിക്കുന്നതാണ് (1കൊരി. 10:16,17). “അപ്പം ഒന്നായിരിക്കുന്നതുപോലെ പലരായ നാം ഒരു ശരീരമാകുന്നു”. യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്‍റെ കൂട്ടാളികളാകുന്നതുപോലെ (1കൊരി. 10:18) കര്‍ത്താവിന്‍റെ മേശയില്‍ നിന്നു ഭക്ഷിക്കുന്നവര്‍ ക്രൂശിന്മേലുള്ള കര്‍ത്താവിന്‍റെ യാഗത്തിലും പങ്കാളികളായിത്തീരുന്നു. നമുക്കുതന്നെ നാം മരിച്ചവരായിത്തീരുക എന്നത് ദൈവത്തോടുള്ള ബന്ധത്തില്‍ മാത്രമല്ല, ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലെ മറ്റ് അംഗങ്ങളുമായിട്ടുള്ള ബന്ധത്തിലും ആവശ്യമാണ്.

“നാമും സഹോദരന്മാര്‍ക്കു വേണ്ടി പ്രാണനെവച്ചു കൊടുക്കേണ്ടതാകുന്നു” (1യോഹ. 3:16). കര്‍ത്താവിന്‍റെ മേശയില്‍ നാം വഹിക്കുന്ന സാക്ഷ്യത്തിന്‍റെ മറ്റൊരു വശമാണിത്. ഇവിടെ കര്‍ത്താവുമായി മാത്രമല്ല, നമ്മുടെ സഹവിശ്വാസികളുമായും നാം ഒരുടമ്പടിയിലേര്‍പ്പെടുകയാണ്. ഇവിടെയും ഉടമ്പടി പ്രയോഗത്തില്‍ വരുന്നത് നമ്മുടെ തന്നെ മരണത്തിലൂടെയാണ്.

1ശമു. 18:18ല്‍ യോനാഥാന്‍ ദാവീദുമായി ഒരുടമ്പടി ചെയ്തതിനെപ്പറ്റി നാം വായിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരത്തില്‍ വിശ്വാസികള്‍ തമ്മിലുള്ള ഉടമ്പടിബന്ധത്തിന്‍റെ അതിമനോഹരമായ ഒരു ചിത്രമാണിത്. “യോനാഥാന്‍റെ മനസ്സ് ദാവീദിന്‍റെ മനസ്സിനോടു പറ്റിച്ചേര്‍ന്നു” എന്നു ഇവിടെ നാം വായിക്കുന്നു. ശത്രുവിനു പ്രവേശിക്കുവാന്‍ പഴുതു നല്‍കുമാറ് അവര്‍ക്കിടയില്‍ യാതൊരു വിടവും ഉണ്ടായിരുന്നില്ല. യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചുവെന്നും നാം വായിക്കുന്നു. തെറ്റിദ്ധാരണ, അസൂയ, ദുശ്ശങ്ക എന്നിങ്ങനെയുള്ള യാതൊരു വിടവിലൂടെയും സാത്താന്‍ സഭയില്‍ കടന്നു ഭിന്നതയുണ്ടാക്കുവാന്‍ പഴുതു നല്‍കാത്ത വിധത്തില്‍ സഭാംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കേണ്ട ഒരു സാഹോദര്യബന്ധത്തിലേക്കും ആത്മീയ ഐക്യത്തിലേക്കുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

ശൗലിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ യോനാഥാന്‍ യിസ്രായേലിലെ അടുത്ത രാജാവായിത്തീരുന്നതിനു തടസ്സമായി നിന്ന ഒരു വ്യക്തിയായിരുന്നു ദാവീദ്. യോനാഥാന് ഏതെങ്കിലും ഒരാളോട് അസൂയതോന്നാന്‍ സാധ്യതയുണ്ടെങ്കില്‍ അതു ദാവീദിനോടായിരുന്നു. എന്നിട്ടും തന്‍റെ ജഡത്തിലെ ദുര്‍മ്മോഹത്തെയും അസൂയയെയും നിശ്ശേഷം ജയിക്കുവാന്‍ കഴിഞ്ഞ യോനാഥാന്‍ പുതിയനിയമവിശ്വാസികളെ ഒന്നാകെത്തന്നെ ലജ്ജിതരാക്കിത്തീര്‍ക്കുന്നില്ലേ?

‘അനന്തരം യോനാഥാന്‍ ദാവീദുമായി സഖ്യം ചെയ്തു’ (made a covenant, ഉടമ്പടി ചെയ്തു). ആ ഉടമ്പടിയുടെ ചിഹ്നമായി താന്‍ ധരിച്ചിരുന്ന മേലങ്കിയൂരി ദാവീദിനെ ധരിപ്പിച്ചു. യിസ്രായേലില്‍ തനിക്കു ലഭിക്കാമായിരുന്ന രാജത്വത്തിന് അവന്‍ മരിച്ചവനായിത്തീര്‍ന്നു. തല്‍സ്ഥാനത്ത് ദാവീദിനെ രാജാവാക്കുവാന്‍ യോനാഥാന്‍ ആഗ്രഹിച്ചതിന്‍റെ അടയാളമാണിത്. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയില്‍ ‘തമ്മില്‍ സ്ഥായിപൂണ്ട്, ബഹുമാനിക്കുന്നതില്‍ നാം അന്യോന്യം മുന്നിട്ടു നില്‍ക്കണമെന്നു ദൈവം നമ്മോടു കല്‍പിച്ചിരിക്കുന്നു’ (റോമര്‍. 12:10). നമ്മുടെ സഹോദരന്‍ നമ്മെക്കാള്‍ വലിയവനും ബഹുമാന്യനും ആയിത്തീരുവാന്‍ നാം ആഗ്രഹിക്കണം. അപ്ര കാരം ചെയ്യണമെങ്കില്‍ നാം സ്വയം മരിക്കേണ്ടതാവശ്യമാണ്. നിരന്തരമായ സ്വയമരണം കൊണ്ടേ ഇതു സാധ്യമാകൂ. ഇപ്രകാരമുള്ള ഒരു ഉടമ്പടിബന്ധത്തില്‍ വിശ്വാസികള്‍ പ്രവേശിക്കാത്തതുകൊണ്ടാണ് ഇന്നു വിശ്വാസികളുടെ പല സമൂഹങ്ങളിലും അതിരൂക്ഷമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. യേശുക്രിസ്തുവിന്‍റെ കാര്യമല്ല, സ്വന്തകാര്യമത്രേ ഓരോരുത്തരും അന്വേഷിക്കുന്നത്. അതിന്‍റെ അന്തിമഫലമോ അവിടെയൊക്കെയും സാത്താന്‍ വിജയിയായിത്തീരുന്നു എന്നതുതന്നെ. പാതാളഗോപുരങ്ങള്‍ക്കു ജയിക്കാനാവാത്തവിധം യേശു പണിയുന്ന സഭകളല്ല ഇത്തരം സമൂഹങ്ങള്‍ എന്നത് വ്യക്തം (മത്താ. 16:18).

ഇന്നു ലോകത്തില്‍ യേശു തന്‍റെ സഭയെ പണിതുകൊണ്ടിരിക്കുന്നു. ആ സഭയുടെ പണിയില്‍ പങ്കുകാരായിത്തീരുവാന്‍ നാമാഗ്രഹിക്കുന്നുവെങ്കില്‍ സഹോദരനെ മഹത്വകരമായ അങ്കി അണിയിക്കുവാന്‍ നമ്മെ സന്നദ്ധരാക്കുന്ന ഒരു ഉടമ്പടി ബന്ധത്തിലേക്കു നാം പ്രവേശിച്ചേ മതിയാവൂ.

യോനാഥാന്‍ തന്‍റെ ആയുധവര്‍ഗ്ഗവും, തന്‍റെ വാളും വില്ലും, അരക്കച്ചയും ദാവീദിനു നല്‍കിയതായും അനന്തരഭാഗത്തു നാം വായിക്കുന്നു. സഹോദരന് ഏതെങ്കിലും വിധത്തിലും ദോഷം ചെയ്യുവാന്‍ ഉപകരിക്കുന്ന സകല ആയുധങ്ങളും നാം വിട്ടുകളയേണ്ടത് ഈ ഉടമ്പടിബന്ധത്തിന് അനുപേക്ഷണീയമാണ്. ക്രിസ്തീയ ലോകത്തില്‍ സഹോദരന്മാര്‍ക്ക് ഏറ്റവുമധികം ദോഷം ചെയ്തിട്ടുള്ള ആയുധം നാവാണ്. സഹോദരന്മാരുമായുള്ള ഈ ഉടമ്പടിബന്ധത്തിനുവേണ്ടി ജീവിതത്തില്‍ ഒരിക്കല്‍ പോലും ദൂഷണം പറകയോ വിമര്‍ശിക്കയോ ചെയ്യാതവണ്ണം നാവ് എന്ന ആയുധം ദൈവത്തിന് അടിയറവച്ചു കീഴടങ്ങൂന്ന ഒരു വ്യക്തിയെ എവിടെയാണ് കണ്ടെത്താന്‍ കഴിയുക? മാത്രമല്ല, സഹോദരന്‍ ഒരിക്കലും എനിക്കു ദോഷം ചെയ്യുകയില്ലെന്ന് ഉറപ്പുള്ളതിനാല്‍ എന്നെത്തന്നെ സമ്പൂര്‍ണ്ണമായി അവന്‍റെ പക്കല്‍ ഏല്‍പിച്ചു കൊടുക്കുവാനുള്ള സന്നദ്ധതയും ഈ കീഴടങ്ങലിന്‍റെ ഒരു ഭാഗമത്രേ.

അനന്തരഘട്ടങ്ങളില്‍ തന്‍റെ പിതാവിനെതിരായി നില്‍ക്കേണ്ടിവന്നിട്ടു പോലും ദാവീദിനോടു വിശ്വസ്തത പുലര്‍ത്തുന്ന യോനാഥാനെ 1ശമു. 19, 20ല്‍ നാം കാണുന്നു. നമുക്കു രക്തബന്ധമുള്ള ആളുകളെക്കാളധികം സഹോദരവര്‍ഗ്ഗത്തെ സ്നേഹിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരുത്തമ മാതൃകയാണ് യോനാഥാന്‍.

ഉടമ്പടി ലംഘനത്തെ ഏറ്റവും ഭീകരമായ പാപമായി ദൈവം വീക്ഷിക്കുന്നു. ആമോ. 1:9,10; 2ശമു. 21:1,2 എന്നീ ഭാഗങ്ങള്‍ ഇതിനു ദൃഷ്ടാന്തമാണ്. രണ്ടാമതു പറഞ്ഞ ഭാഗത്തു കാണുന്ന സംഭവം ഇതാണ്. യിസ്രായേലില്‍ മൂന്നു വര്‍ഷക്കാലം തുടരെത്തുടരെ ക്ഷാമം ഉണ്ടായപ്പോള്‍ ദാവീദ് ദൈവത്തോടു അരുളപ്പാടു ചോദിക്കുകയും  ശൗല്‍ ഗിബെയോന്യരോടു ചെയ്തിരുന്ന ഉടമ്പടി പാലിക്കാതെ അവരെ നശിപ്പിച്ചതാണ് അതിനു കാരണമെന്നു ദൈവം വെളിപ്പെടുത്തുകയും ചെയ്യുന്നു. ശൗല്‍ മരിച്ചുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതു സംഭവിച്ചത്. ദൈവികന്യായവിധി ഇത്രയും താമസിച്ചു പോയത് എന്തുകൊണ്ടാണെന്നു നാം ചോദിച്ചേക്കാം. യിസ്രായേലിന് അനുതപിക്കുവാന്‍ ദൈവം സമയം അനുവദിച്ചതായിട്ടാണ് ഇവിടെ നാം കാണുന്നത്. എന്നിട്ടും അവര്‍ അനുതപിക്കാഞ്ഞതുനിമിത്തം കഠിനമായ ന്യായവിധി അവരുടെമേല്‍ പതിക്കുകയാണുണ്ടായത്.

നാം നമ്മെത്തന്നെ വിധിക്കുന്നുവെങ്കില്‍ വിധിക്കപ്പെടുകയില്ല എന്നു പൗലോസ് കൊരിന്ത്യരെ പ്രബോധിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ സ്വയം വിധിക്കാഞ്ഞതുമൂലം പലര്‍ രോഗികളും ബലഹീനരും ആകുവാന്‍ ഇടയായി. അനേകര്‍ അകാലമരണമടയുവാനും ഇടവന്നു. കര്‍ത്താവിന്‍റെ മേശയില്‍ പങ്കെടുത്തശേഷം സഹോദരന്മാരെ ദുഷിക്കുകയോ വിമര്‍ശിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്ന അനുഭവം നമ്മില്‍ ഉണ്ടാകുന്നുണ്ടോ? ഈസ്കര്യോത്തായൂദായുടെ മുഖ്യമായ കുറ്റം ഇതായിരുന്നു. അവന്‍ യേശുവിനോടൊത്ത് ഉടമ്പടിഭോജനത്തില്‍ പങ്കെടുത്തശേഷം ഉടന്‍തന്നെ പുറത്തുപോകയും കര്‍ത്താവിനെ വഞ്ചിക്കുകയുമാണ് ചെയ്തത്. “ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരേ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ. 41:9) എന്ന സങ്കീര്‍ത്തനക്കാരന്‍റെ പ്രവചനം ശ്രദ്ധിക്കുക.

ഭാവിയില്‍ നമ്മെത്തന്നെ ശോധനചെയ്തിട്ട് കര്‍ത്താവിന്‍റെ മേശയില്‍ നിന്നു യോഗ്യമായ വിധം ഭക്ഷിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. കര്‍ത്താവുമായും സഹോദരീസഹോദരന്മാരുമായുള്ള ഉടമ്പടി ലംഘനത്തെപ്പറ്റി പൂര്‍ണ്ണഹൃദയത്തോടെ അനുതപിക്കുവാനും ഈ ലേഖനത്തിലൂടെ നമ്മോടു സംസാരിച്ച ദൈവാത്മശബ്ദം ശ്രദ്ധിക്കുവാനും ദൈവം നമുക്കു കൃപ നല്‍കട്ടെ. ആമേന്‍.

20. സുവിശേഷം പ്രസംഗിപ്പിന്‍ ശിഷ്യരാക്കിക്കൊള്‍വിന്‍

ഒരു വിഷയത്തെപ്പറ്റിയുള്ള ഒരു വേദവാക്യം മുറുകെപ്പിടിച്ചുകൊണ്ട് ആ വിഷയത്തെപ്പറ്റിയുള്ള മറ്റു വേദഭാഗങ്ങള്‍ വിസ്മരിച്ചുകളയുന്ന ഒരു തെറ്റായ പ്രവണത ക്രിസ്ത്യാനികള്‍ക്കിടയില്‍ സാധാരണമാണ്.

ദൈവഹിതമെന്തെന്നു ചിന്തിക്കാതെ നമ്മുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുവാനാണ് സാത്താന്‍ ആദ്യം ശ്രമിക്കുന്നത്. മരുഭൂമിയില്‍ വച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചപ്പോള്‍ ‘നിനക്കു വിശക്കുന്നുണ്ടല്ലോ; ഈ കല്ലുകള്‍ അപ്പമായിത്തീരാന്‍ കല്‍പിക്കുക’ എന്നു കര്‍ത്താവിനോടു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുക. ദൈവം തന്നോട് എന്തു കല്‍പിക്കുന്നുവോ അതു മാത്രമേ താന്‍ ചെയ്യൂ എന്നു പറഞ്ഞ് യേശു ഈ പരീക്ഷയെ ജയിച്ചു. നാമും ചെയ്യേണ്ടത് അപ്രകാരം തന്നെ.

എന്നാല്‍ യേശുവിനെപ്പോലെ നാം ദൈവവചനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സാത്താന്‍ കാണുമ്പോള്‍ ദൈവവചനം തന്നെ ഉദ്ധരിച്ചു നമ്മെ വഞ്ചിക്കുവാനാണ് അവന്‍ പിന്നീടു ശ്രമിക്കുന്നത്. മത്താ. 4:6ല്‍ “…. എന്ന് എഴുതിയിരിക്കുന്നു” എന്നു അവന്‍ പറയുന്ന ഭാഗം ശ്രദ്ധിക്കുക. ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും യേശു അറിഞ്ഞിരുന്നില്ലെങ്കില്‍ ഇന്ന് അനേകം വിശ്വാസികള്‍ക്കും സംഭവിക്കുന്നതു പോലെ സാത്താന്‍ ഉദ്ധരിച്ച വചനം മൂലം അവിടുന്ന് വഞ്ചിക്കപ്പെടുമായിരുന്നു. എന്നാല്‍ യേശുവാകട്ടെ, “…. എന്നും കൂടെ എഴുതിയിരിക്കുന്നു” എന്ന മറുപടികൊണ്ട് ആ പരീക്ഷയെയും അതിജീവിച്ചു (മത്താ. 4:7).

അതിനാല്‍ ദൈവികപദ്ധതിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവു നമുക്കു അത്യന്താപേക്ഷിതമാണ്. “എന്നു എഴുതിയിരിക്കുന്നു”, “എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നീ രണ്ടു തുല്യപ്രധാനങ്ങളായ ഭാഗങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴാണ് സത്യത്തിന്‍റെ പൂര്‍ണ്ണരൂപം നമുക്കു ലഭിക്കുന്നത്. “നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന് എഴുതിയിരിക്കുന്നു (മര്‍ക്കോ. 16:15). “ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്  …. സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍” എന്നും കൂടെ എഴുതിയിരിക്കുന്നു (മത്താ. 28:19,20). ഈ രണ്ടു കല്‍പനകള്‍ സൂക്ഷ്മമായി ശ്രദ്ധിച്ച് അനുസരിക്കുന്നപക്ഷം നമ്മുടെ ഈ കാലഘട്ടത്തില്‍ ദൈവഹിതം നിറവേറ്റുവാന്‍ നമുക്കു സാധിക്കും.

സുവിശേഷീകരണം

നമ്മുടെ ഒന്നാമത്തെ കടമ മര്‍ക്കോ. 16:15ല്‍ യേശു കല്‍പിച്ചിട്ടുള്ളതുപോലെ ഭൂലോകത്തിലൊക്കെയും പോയി സുവിശേഷം പ്രസംഗിക്കുകയാണ്. ഈ കല്‍പന ഒരൊറ്റ വിശ്വാസിക്കു മാത്രമായി നല്‍കിയിട്ടുള്ളതല്ല; പിന്നെയോ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്ക് ഒന്നാകെ നല്‍കിയിട്ടുള്ളതാണ്. ലോകത്തിലുള്ള സകല മനുഷ്യരോടും സുവിശേഷം പ്രസംഗിക്കുക എന്നത് ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു സ്ഥലത്തെ സഭയ്ക്കോ തനിയെ നിറവേറ്റുവാന്‍ സാധ്യമല്ല. ആ വലിയ യത്നത്തിന്‍റെ ഒരു ചെറിയ പങ്കു വഹിക്കുവാനേ നമുക്കോരോരുത്തര്‍ക്കും കഴിവുള്ളു. ആ പങ്ക് എത്ര ചെറുതായിരുന്നാലും അതു നാം നിറവേറ്റുകതന്നെ വേണം. ഇവിടെയാണ് അപ്പൊ. 1:8നുള്ള സ്ഥാനം. ഓരോ വിശ്വാസിക്കും അയാള്‍ ക്രിസ്തുവിന്‍റെ ഒരു നല്ല സാക്ഷിയായിത്തീരണമെങ്കില്‍ പരിശുദ്ധാത്മാവ് അയാളുടെ മേല്‍ വരികയും അയാളെ ശക്തിപ്പെടുത്തുകയും ചെയ്തേ മതിയാവൂ. എല്ലാവരെയും സുവിശേഷകന്മാരാകുവാന്‍ വിളിച്ചിട്ടില്ല; എന്നാല്‍ സാക്ഷികളാകുവാനുള്ള വിളി നമുക്കെല്ലാവര്‍ക്കുമുണ്ട്. ഈ വസ്തുത നാമോര്‍ക്കണം. “അവന്‍ ചിലരെ സുവിശേഷകന്മാരായും …. നിയമിച്ചിരിക്കുന്നു …. അതു ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മിക വര്‍ദ്ധനയ്ക്ക് ആകുന്നു” (എഫേ. 4:11,13) എന്ന വാക്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഒരു സുവിശേഷകന് ഒരു സാക്ഷിക്കുള്ളതിനെക്കാള്‍ വിപുലമായ ഒരു പ്രവര്‍ത്തനമണ്ഡലമാണുള്ളത്. ഒരു സാക്ഷിക്കു താന്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്‍റെ സ്വജനങ്ങള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍, ദിനംപ്രതി താന്‍ കണ്ടുമുട്ടുന്ന ആളുകള്‍ എന്നിവരോടെല്ലാം ക്രിസ്തുവിനെപ്പറ്റി അറിയിക്കുവാനുള്ള കടമയുണ്ട്. നമ്മുടെ ഈ ലോകത്തിലെ പ്രവര്‍ത്തനമണ്ഡലം ഏതായിരുന്നാലും സാക്ഷികളാകുവാന്‍ നമുക്കു സാധിക്കുന്നത് ഈ വിധത്തിലാണ്.

എന്നാല്‍ ക്രിസ്തു സഭയ്ക്ക് സുവിശേഷകന്മാരെ പ്രത്യേകം നല്‍കിയിട്ടുണ്ട്. സാധാരണ നാം കേള്‍ക്കാറുള്ളതുപോലെ ആത്മാക്കളെ നേടുന്നതിനോ ആളുകളെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനോ മാത്രമല്ല, പിന്നെയോ എഫേ. 4:11,13 വ്യക്തമാക്കുന്നതുപോലെ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവര്‍ദ്ധനയ്ക്ക് (അഥവാ പണിക്ക് building up) വേണ്ടിയാണ് അവരെ നല്‍കിയിട്ടുള്ളത്. ഈ കാര്യത്തിലാണ് ഒരു വലിയ പങ്കു സുവിശേഷപ്രവര്‍ത്തനത്തിന്‍റെയും പരാജയം നാം കാണുന്നത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ സുവിശേഷപ്രവര്‍ത്തനം സാമാന്യമായിപ്പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ശരീരമായ സഭയെ പണിയുന്നതിലല്ല, പിന്നെയോ ഒറ്റയൊറ്റ വ്യക്തികളെ, ആത്മാക്കളെ, രക്ഷിക്കുന്നതിലാണ് ശ്രദ്ധപതിച്ചിട്ടുള്ളത്. രക്ഷ പ്രാപിക്കുന്ന ഈ ആത്മാക്കളെ ഇന്നത്തെ സുവിശേഷകന്മാര്‍ അവരവരുടെതന്നെ നിര്‍ജ്ജീവമായ സഭാവിഭാഗങ്ങളിലേക്കു തിരിച്ചയയ്ക്കുകയും തന്മൂലം അവര്‍ വീണ്ടും നാശമടയുകയും ചെയ്യുന്നു. ആരെങ്കിലും ചിലര്‍ നശിക്കാതെ വല്ലപാടും നിന്നാല്‍ത്തന്നെയും അവര്‍ ശീതോഷ്ണവാന്മാരായി കര്‍ത്താവിനാല്‍ ഉമിണ്ണുകളയപ്പെടുവാന്‍ മാത്രം യോഗ്യമായ ഒരവസ്ഥയിലേ ചെന്നെത്തുന്നുള്ളു (വെളി. 3:16). രണ്ടു തരത്തിലായാലും അവര്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലേക്കു ചേര്‍ത്തു പണിയപ്പെടുന്നില്ല. തന്മൂലം മത്താ. 23:15ല്‍ പറയുന്നതുപോലെ അവര്‍ ഇരട്ടി നരകയോഗ്യരായിത്തീരുകയും അങ്ങനെ സാത്താന്‍റെ ലക്ഷ്യം സാധിക്കുകയുമാണു ചെയ്യുന്നത്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത് ഒരു ശരിയായ മാനസാന്തരം അവര്‍ക്കുണ്ടാകുന്നില്ല. രണ്ടാമത് തങ്ങള്‍ രക്ഷിക്കപ്പെട്ടവരെന്ന് ചില സുവിശേഷകന്മാര്‍ അവരെ തെറ്റിദ്ധരിപ്പിച്ചു വഞ്ചിക്കുന്നു. ഇപ്രകാരമുള്ള സുവിശേഷപ്രവര്‍ത്തനം സുവിശേഷകന്‍റെ സ്വന്ത സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ മാത്രമേ ഉപകരിക്കുന്നുള്ളു. മനുഷ്യരില്‍ നിന്നു മാനം നേടുവാനുള്ള ആഗ്രഹമായിരിക്കും പലപ്പോഴും അതിന്‍റെ പിന്നിലുള്ള പ്രേരകശക്തി.

യേശു സുവിശേഷകന്മാരെ “മനുഷ്യരെ പിടിക്കുന്നവര്‍” എന്നാണു വിളിച്ചിട്ടുള്ളത്. എന്നാല്‍ വീണ്ടും ജനനം പ്രാപിക്കാത്ത ബിഷപ്പന്മാരോടും പാസ്റ്ററന്മാരോടും സഹകരിച്ചു നടത്തുന്ന സുവിശേഷപ്രവര്‍ത്തനം ധാരാളം ദ്വാരങ്ങളുള്ള ഒരു കീറ്റുവലകൊണ്ടു മീന്‍ പിടിക്കുന്നതുപോലെയാണ്. അന്നാസിനെയോ, കയ്യഫാവിനെയോ ക്ഷണിച്ചുവരുത്തി ഒരു പ്ലാറ്റ്ഫോമില്‍ തങ്ങളോടൊപ്പം ഇരുത്തിക്കൊണ്ട് തങ്ങളുടെ സുവിശേഷപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുവാന്‍ യേശുവോ പത്രോസോ അവരോടാവശ്യപ്പെടുമായിരുന്നു എന്നു സങ്കല്‍പിക്കുവാന്‍ നമുക്കു സാധ്യമാണോ? എന്നാല്‍ ഇന്നത്തെ സുവിശേഷകന്മാര്‍ ചെയ്യുന്നത് അതുതന്നെയാണ്. മാത്രമല്ല, മാനസാന്തരപ്പെടാത്ത ഈ ബിഷപ്പന്മാരെ അവര്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു. ഇത്തരം സുവിശേഷകന്മാര്‍ ഒന്നാംകിടയില്‍പ്പെട്ട ഒത്തുതീര്‍പ്പുകാരാണ്.

അതിനും പുറമേ ഈ വലയുപയോഗിച്ചു പിടിക്കുന്ന മത്സ്യം വീണ്ടും കടലിലേക്കു  നിര്‍ജ്ജീവ സഭാവിഭാഗങ്ങളിലേക്കുതന്നെ തിരിയെപ്പോകുവാന്‍ അവര്‍ അനുവദിക്കുന്നു. അടുത്ത ഗോസ്പല്‍ ക്രൂസേഡില്‍ അവ വീണ്ടും പിടിക്കപ്പെടുന്നു; വീണ്ടും കടലിലേക്കുതന്നെ തിരിച്ചയയ്ക്കപ്പെടുകയും ചെയ്യുന്നു. വിവിധസഭകള്‍ യോജിച്ചു നടത്തുന്ന ഇന്നത്തെ ക്രൂസേഡുകളില്‍ അഥവാ സുവിശേഷയോഗങ്ങളില്‍  ഈ പരിപാടി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഓരോ പ്രാവശ്യവും കൈ പൊക്കിയവരുടെയും, തീരുമാനക്കാര്‍ഡുകള്‍ എഴുതിയവരുടെയും എണ്ണം സുവിശേഷകന്മാര്‍ കണക്കുകൂട്ടുകയും ചെയ്യുന്നു. ഈ മാതിരി സുവിശേഷപ്രവര്‍ത്തനം സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കല്ല, സാത്താന്‍റെ സൈന്യങ്ങള്‍ക്കാണ് സന്തോഷം നല്‍കുന്നത്. കാരണം ഇരട്ടി നരകയോഗ്യരാകുന്നവരെപ്പറ്റി സന്തോഷിക്കുവാന്‍ സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ക്കു സാധ്യമല്ലല്ലോ.

യേശു പാപങ്ങളെ ക്ഷമിക്കുന്നു, രോഗികളെ സൗഖ്യമാക്കുന്നു എന്ന സന്ദേശം പ്രഖ്യാപിക്കുന്നതോടൊപ്പം അത്ഭുതങ്ങളും അടയാളങ്ങളും നടന്നെന്നു വരാം. എന്നാല്‍ അത്തരം സുവിശേഷപ്രവര്‍ത്തനത്തിന്‍റെ ഫലമായി എത്രപേര്‍ ക്രിസ്തുവിന്‍റെ ശരീരത്തോടു ചേര്‍ക്കപ്പെട്ടു എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം.

ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാര്‍ ഇത്തരത്തിലുള്ള സുവിശേഷപ്രവര്‍ത്തനത്തില്‍ ഒരിക്കലും ഏര്‍പ്പെട്ടിരുന്നില്ല. രക്ഷിക്കപ്പെടുന്നവരെ അതാതു സ്ഥലത്തുള്ള സഭകളോടു ചേര്‍ത്തു ശിഷ്യന്മാരെന്ന നിലയില്‍ പണിതുറപ്പിക്കുകയായിരുന്നു അവരുടെ പ്രവര്‍ത്തനരീതി. ദൗര്‍ഭാഗ്യവശാല്‍ ഇരുപതാം നൂറ്റാണ്ട് രോഗശാന്തിപ്രവര്‍ത്തകരായ സുവിശേഷകന്മാരുടെ കാലമായി മാറിയിരിക്കുന്നു. ഇന്നു ക്രൈസ്തവ ഗോളത്തിലെ മുഖ്യശുശ്രൂഷയായി അതു തീര്‍ന്നിരിക്കയാണ്. ദൈവവചനത്തിലെ ഉപദേശത്തില്‍ നിന്നു ക്രൈസ്തവലോകം എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിനു മറ്റൊരു തെളിവാണിത്. എഫേ. 4:11ല്‍ പറയുന്ന അഞ്ചു ശുശ്രൂഷകള്‍ അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിങ്ങനെയാണല്ലോ. 1കൊരി. 12:28ല്‍ ഈ ശുശ്രൂഷകള്‍ അവയുടെ പ്രാധാന്യക്രമത്തില്‍ കൊടുത്തിട്ടുണ്ട്. അവിടെ ഇപ്രകാരം പറയുന്നു: “ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമത് പ്രവാചകന്മാര്‍, മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം (ഇവ സുവിശേഷ കന്മാര്‍ക്കുള്ളതാണ് പുതിയനിയമത്തിലുള്ള എല്ലാ സുവിശേഷകന്മാര്‍ക്കും രോഗശാന്തിവരം ഉണ്ടായിരുന്നതായിക്കാണുന്നുണ്ട്), സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം (ഇവ ഇടയന്മാര്‍ക്കുള്ളത്), വിവിധഭാഷാവരം എന്നിവ നല്‍കുകയും ചെയ്തു.” ഇതില്‍നിന്നും അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരുടെ ശുശ്രൂഷ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ പണിയെ സംബന്ധിച്ചിടത്തോളം സുവിശേഷകന്‍റെ ശുശ്രൂഷയെക്കാള്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കൂടുതല്‍ പ്രാധാന്യമുള്ളതാണെന്ന് തെളിയുന്നു. അപ്പൊസ്തലന്മാരുടെയും പ്രവാചകന്മാരുടെയും ഉപദേഷ്ടാക്കന്മാരുടെയും ശുശ്രൂഷകള്‍ക്കു കീഴിലായി സുവിശേഷകന്‍ തന്‍റെ ദൈവദത്തമായ ശുശ്രൂഷ ഏറ്റെടുക്കുമ്പോഴാണ് അതിന്‍റെ ശരിയായ സ്ഥാനം അതിനു ലഭിക്കുന്നത്. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന്‍റെ ശുശ്രൂഷ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മീയവര്‍ദ്ധനയ്ക്ക് പണിതുയര്‍ത്തലിന്  ഉപകരിക്കുകയുള്ളു. ഇവിടെയാണ് ഇരുപതാം നൂറ്റാണ്ടിലെ സുവിശേഷപ്രവര്‍ത്തനം ദൈവവചനത്തിന്‍റെ പാതയില്‍നിന്നു ബഹുദൂരം അകന്നുപോയിട്ടുള്ളത്.

ശിഷ്യരാക്കിക്കൊള്‍വിന്‍

മര്‍ക്കോ. 16:15ല്‍ കാണുന്ന ‘സുവിശേഷം പ്രസംഗിപ്പിന്‍’ എന്ന കല്‍പനയുടെ ലക്ഷ്യം മത്താ. 28:19,20ല്‍ കാണുന്ന ‘സകല ജാതികളെയും ശിഷ്യന്മാരാക്കിക്കൊള്‍വിന്‍’ എന്ന കല്‍പനയുടെ വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ. മാനസാന്തരപ്പെട്ടിട്ടില്ലാത്ത മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ മുഴുവന്‍ ആലോചന ഈ രണ്ടു വാക്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.

മാനസാന്തരം പ്രാപിച്ച വ്യക്തിയെ ഒരു ശിഷ്യനാക്കി മാറ്റുകയാണ് ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ ഇന്നു മാനസാന്തരപ്പെട്ടവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിതന്നെ പലപ്പോഴും യഥാര്‍ത്ഥമായ ഒരു മാനസാന്തരം പ്രാപിച്ചവനല്ല. കാരണം, അവരില്‍ മിക്കവര്‍ക്കും പാപത്തെപ്പറ്റി ശരിയായ ഒരു പശ്ചാത്താപം ഉണ്ടായിട്ടില്ല. സുവിശേഷയോഗത്തില്‍വച്ചു വിശ്വസിപ്പാനുള്ള ആഹ്വാനമേ അവര്‍ക്കു ലഭിച്ചിട്ടുള്ളു. പശ്ചാത്താപത്തെപ്പറ്റി ഒറ്റവാക്കും അവര്‍ കേട്ടിട്ടില്ല. പ്രസവകാലമെത്തുന്നതിനുമുമ്പ് മാതൃഗര്‍ഭത്തില്‍നിന്നു പുറത്തെടുക്കപ്പെട്ട ശിശുക്കളെപ്പോലെ വളര്‍ച്ചയെത്താത്ത ആത്മീയശിശുക്കളാണ് മാനസാന്തരപ്പെട്ട ഇന്നത്തെ വിശ്വാസികളില്‍ ഭൂരിഭാഗവും. സുവിശേഷകനാകുന്ന സൂതികര്‍മ്മിണിക്കു (midwife  വയറ്റാട്ടി) താന്‍ മുഖേന രക്ഷിക്കപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുവാനുള്ള ദുരാഗ്രഹമാണ് ഈ സാഹസകര്‍മ്മത്തിന്‍റെ പ്രേരകശക്തി. മാസം തികയാതെ ജനിച്ച ഈ ശിശുക്കള്‍ ഒന്നുകില്‍ മരണമടയുകയോ, അല്ലെങ്കില്‍ ആയുഷ്കാലം മുഴുവന്‍ പ്രശ്നസന്തതികളായി ജീവിക്കുകയോ ചെയ്യുന്നു. ഈ വിധത്തില്‍ വിശ്വസിക്കുക മാത്രം ചെയ്യുന്ന പാപികളെപ്പറ്റി ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകുന്നില്ല; നേരേ മറിച്ചു പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ച് രക്ഷപ്രാപിക്കുന്നവരെപ്പറ്റി മാത്രമേ ദൂതന്മാര്‍ സന്തോഷിക്കുന്നുള്ളൂ (ലൂക്കോ. 15:7,10).

എന്നാല്‍ അനുതപിച്ച് പൂര്‍ണ്ണമായ മാനസാന്തരം പ്രാപിച്ച ഒരു വ്യക്തിയുടെ കാര്യത്തില്‍ത്തന്നെ അയാളെപ്പറ്റിയുള്ള ദൈവഹിതം നിറവേറണമെങ്കില്‍ അയാള്‍ ശിഷ്യത്വജീവിതത്തിലേക്കു നടത്തപ്പെടേണ്ടത് ആവശ്യമത്രേ.

ശിഷ്യത്വത്തിലേക്കു വഴികാട്ടാത്ത സുവിശേഷപ്രവര്‍ത്തനം പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു വേലയാണ്. ഇന്‍ഡ്യയിലുള്ള ചില തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകന്മാര്‍ തങ്ങളുടെ തല മുണ്ഡനം ചെയ്യുന്ന (തലമുടി മുഴുവന്‍ വടിച്ചുകളയുന്ന) ഒരു പതിവുണ്ട്. ഇതിനായി അവിടങ്ങളില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്ന ക്ഷുരകന്മാര്‍ ഉണ്ട്. തീര്‍ത്ഥാടകന്മാര്‍ ആയിരക്കണക്കിനുള്ളതുകൊണ്ടും ഓരോ ക്ഷുരകനും പരമാവധി കൂടുതല്‍ തലകള്‍ കിട്ടുവാനാഗ്രഹിക്കുന്നതുകൊണ്ടും ക്ഷുരകന്മാര്‍ ഒരു പ്രത്യേക പരിപാടി സ്വീകരിക്കുന്നു. അവര്‍ ഒരാളുടെ തല പകുതി വടിച്ചശേഷം അടുത്തയാളുടെ അടുക്കലേക്കു പോകും. അയാളുടെയും തല പകുതി വടിച്ചശേഷം മൂന്നാമത്തെയാളുടെ അടുത്തു ചെല്ലും. പകുതി ക്ഷൗരം കഴിഞ്ഞ ഈ തിര്‍ത്ഥാടകന്മാര്‍ക്ക് മറ്റൊരു ക്ഷുരകന്‍റെ അടുക്കല്‍ പോകാന്‍ സാധ്യമല്ലല്ലോ. ഈ വിധത്തില്‍ തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ക്ഷുരകന്മാര്‍ക്കു സാധിക്കുന്നു. ഇങ്ങനെ പകുതി ക്ഷൗരം നടത്തുന്ന ക്ഷുരകന്മാരെപ്പോലെയാണ് ഇന്നത്തെ പല സുവിശേഷകന്മാരും. സത്യമാലോചിച്ചാല്‍ അവര്‍ ഈ ക്ഷുരകന്മാരെക്കാള്‍ മോശപ്പെട്ടവരാണ്. കാരണം, തനിക്കു വേണ്ടുവോളം തലകള്‍ കിട്ടിക്കഴിഞ്ഞാല്‍ ക്ഷുരകന്‍ ഓരോ തീര്‍ത്ഥാടകന്‍റെയും അടുക്കല്‍ മടങ്ങിവന്ന് താന്‍ ആരംഭിച്ച ജോലി പൂര്‍ത്തിയാക്കും. എന്നാല്‍ ഈ സുവിശേഷകന്മാര്‍ ഒരിക്കലും അപ്രകാരം ചെയ്യുന്നില്ല. അവര്‍ പറയും: “ശിഷ്യന്മാ രാക്കുവാനുള്ള വിളി ഞങ്ങള്‍ക്കില്ല; പാപക്ഷമയെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാനാണ്  ഞങ്ങളെ വിളിച്ചിട്ടുള്ളത്.”

എന്നാല്‍ ഒരു വ്യക്തിയുടെ തല പകുതി മാത്രം ക്ഷൗരം ചെയ്യുവാന്‍ ഒരാളെ ദൈവം വിളിക്കുന്നപക്ഷം മറ്റേ പകുതികൂടെ ചെയ്യുവാന്‍ മറ്റൊരാളെയും അവിടുന്നു തീര്‍ച്ചയായും നിയോഗിക്കും. ആ സ്ഥിതിക്ക് തങ്ങളുടെ ശുശ്രൂഷമൂലം വിശ്വാസത്തിലായിത്തീര്‍ന്നവരെ ശിഷ്യത്വശുശ്രൂഷയ്ക്കെതിരായി വിലക്കുന്ന സുവിശേഷകന്മാരുടെ കഥ എത്ര വിചിത്രമാണ്? അത്തരം പ്രസംഗകന്മാരെ നാം വിധിക്കേണ്ടതില്ല. കാരണം ‘വിധിക്കരുത്’ എന്നാണല്ലോ നമുക്കു ലഭിച്ചിട്ടുള്ള കല്‍പന. എങ്കിലും തങ്ങള്‍ മൂലം വിശ്വാസത്തില്‍ വന്നവരെ ശിഷ്യന്മാരാകാതെ തടയുന്ന പ്രവൃത്തിക്ക് ഇവര്‍ തീര്‍ച്ചയായും ദൈവമുമ്പാകെ ഉത്തരം ബോധിപ്പിക്കേണ്ടിവരും.

മര്‍ക്കോ. 16:15ലുള്ള കല്‍പനയെ മത്താ. 28:19,20ല്‍ ഉള്ളതുമായി ബന്ധിപ്പിച്ച് ദൈവത്തിന്‍റെ മുഴുലക്ഷ്യം എന്താണെന്നു ഗ്രഹിക്കുവാന്‍ ഇനി നമുക്കു പരിശ്രമിക്കാം. ആളുകളെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം ജലസ്നാനത്തിലാണ് പരിപൂര്‍ത്തിപ്രാപിക്കുന്നത്. മര്‍ക്കോ. 16:16ല്‍ അതു കര്‍ത്താവ് വ്യക്തമാക്കിയിട്ടുമുണ്ട്. മാനസാന്തരപ്പെടാത്ത ബിഷപ്പന്മാരെയും മറ്റും കുപിതരാക്കുന്നതിനുള്ള മടികൊണ്ട് ജലസ്നാനം പ്രസംഗിക്കാത്ത സുവിശേഷകന്മാര്‍ പെന്തെക്കൊസ്ത് ദിവസത്തില്‍ പത്രോസ് പ്രസംഗിച്ച വിധത്തിലല്ല സുവിശേഷം പ്രസംഗിക്കുന്നത് (അപ്പൊ. 2:38).

മാത്രമല്ല, മത്താ. 28:19ല്‍ സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവാന്‍ കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു. കര്‍ത്താവിനെ പിന്തുടരുന്നതില്‍നിന്നു തങ്ങളുടെ ബന്ധുജനങ്ങള്‍ വിശ്വാസികളെ തടയാതിരിക്കത്തക്കവണ്ണം സ്വജനങ്ങളോടുള്ള അനര്‍ഹമായ അടുപ്പത്തില്‍നിന്നു അവരെ വേര്‍പെടുത്തേണ്ടത് ഇതിലേക്കാവശ്യമാണ് (ലൂക്കോ. 14:26). അതുപോലെ ഭൗതിക സമ്പത്തുകളുടെ ബന്ധനത്തില്‍ നിന്നും അവര്‍ മോചനം പ്രാപിക്കണം (വാ. 33). തങ്ങളുടെ ശേഷിച്ച ജീവിതകാലം മുഴുവന്‍ ക്രൂശെടുക്കുവാനും അവരെ ആഹ്വാനം ചെയ്യണം (വാ. 27). ഒരു ശിഷ്യനായിത്തീരുവാനുള്ള മൂന്ന് സര്‍വ്വപ്രധാനമായ വ്യവസ്ഥകള്‍ ഇവയാണ്.

മത്താ. 28:19ല്‍ ജലസ്നാനത്തിന്‍റെ ആവശ്യം വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. രണ്ടു കല്‍പനകളിലും ജലസ്നാനത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അതു പ്രസംഗിക്കുവാന്‍ ധൈര്യമുള്ള ഒരു സുവിശേഷകനെ ഇന്നു ദുര്‍ലഭമായേ കാണാന്‍ കഴിയൂ. കാരണം അവര്‍ ദൈവത്തെക്കാളധികം മനുഷ്യരെ ഭയപ്പെടുകയും ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും പ്രസംഗിപ്പാനും അവിടുത്തെ ദൃഷ്ടിയില്‍ വലിയവരാകുവാനും ധൈര്യപ്പെടാതെ എല്ലാ സഭകളെയും അനുരഞ്ജിപ്പിക്കുവാനും അങ്ങനെ മനുഷ്യരുടെ ദൃഷ്ടിയില്‍ വലിയവരാകുവാനും ആഗ്രഹിക്കുന്നു.

യേശു കല്‍പിച്ചിട്ടുള്ള ഓരോ കല്‍പനയും അനുസരിക്കുവാനും പ്രമാണിക്കുവാനും ഈ ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനെപ്പറ്റി മത്താ. 28:19,20ല്‍ കര്‍ത്താവ് തുടര്‍ന്നു പ്രസ്താവിക്കുന്നു. യേശു കല്‍പിച്ചിട്ടുള്ള ചിലത് മത്താ. 5, 6, 7 എന്നീ അധ്യായങ്ങളില്‍ കാണാം. എന്നാല്‍ വിശ്വാസികളില്‍ ഭൂരിഭാഗവും ഇവ അനുസരിക്കുവാന്‍ കൂട്ടാക്കുന്നില്ല.

അതിനാല്‍ ഈ രണ്ടു കല്‍പനകളും ഒരുമിച്ചു നിറവേറ്റുക എന്നത് എത്ര വലിയ ഒരു ഉദ്യമമാണെന്നു നാം കാണുന്നു. തീര്‍ത്ഥാടനകേന്ദ്രത്തിലെ ക്ഷുരകന്മാരെപ്പോലെ എല്ലായിടത്തുമുള്ള എല്ലാ ജനങ്ങളും തങ്ങള്‍ ചെയ്യേണ്ടതിന്‍റെ പകുതിമാത്രം ചെയ്ത് എളുപ്പവഴി പിന്തുടരുന്ന കാഴ്ചയാണ് ഇന്നു നാം സാധാരണയായി കാണുന്നത്.

              ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും മനുഷ്യരെ അറിയിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുള്ളവരും യേശു കല്‍പിച്ചതൊക്കെയും (തങ്ങള്‍ക്കു വെളിച്ചം ലഭിച്ചിടത്തോളം) പ്രമാണിക്കുവാന്‍ പൂര്‍ണ്ണഹൃദയത്തോടെ അനുസരണം കാണിക്കുന്നവരും തീക്ഷ്ണതയോടെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ പണിയുവാന്‍ ആഗ്രഹിക്കുന്നവരുമായ വ്യക്തികളാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം.

              തന്‍റെ ശിഷ്യന്മാരെ ഒരടയാളം കൊണ്ടു തിരിച്ചറിയാമെന്ന് യേശു പറഞ്ഞിട്ടുണ്ട്. അവര്‍ക്കു തമ്മില്‍ത്തമ്മിലുള്ള സ്നേഹമാണത്. ഈ കാര്യം ഓര്‍ത്തു കൊള്ളുക. എണ്ണപ്പെരുപ്പം കൊണ്ടോ സമ്പല്‍സമൃദ്ധികൊണ്ടോ അല്ല, തീക്ഷ്ണതയുള്ള പരസ്പരസ്നേഹം കൊണ്ടാണ് അവരെ തിരിച്ചറിയുന്നത്. സുവിശേഷം കേള്‍ക്കുവാന്‍ ആയിരമായിരം ജനങ്ങളെ ആകര്‍ഷിക്കുന്നതും രോഗശാന്തിശുശ്രൂഷയോടു കൂടി നടത്തപ്പെടുന്നതുമായ സുവിശേഷയോഗത്തിന്‍റെ തുടര്‍ച്ചയായി ഒരു പ്രാദേശിക സഭ ഉടലെടുക്കുകയും അവിടെ ശിഷ്യന്മാര്‍ അന്യോന്യം സ്നേഹിച്ചുകൊണ്ട് ജീവിതം തുടരുകയുമാണ് വേണ്ടത്. എന്നാല്‍ വര്‍ഷംതോറും വീണ്ടും വീണ്ടും രോഗശാന്തിയുടെയും സുവിശേഷപ്രസംഗത്തിന്‍റെയും ക്രൂസേഡുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുന്നതോ പോകട്ടെ, അന്യോന്യം വഴക്കിടാതെയും ദൂഷണം പറയാതെയും ജീവിക്കുന്ന ഒരൊറ്റ സഭപോലും ഇല്ലെന്നുള്ള ദുഃഖസത്യം അവശേഷിക്കുകയാണ്. പുതിയ വിശ്വാസികള്‍ക്കു വിജയജീവിതം നയിക്കുവാന്‍ കഴിവുണ്ടാകുന്നില്ലെങ്കില്‍ അതു നമുക്കു മനസ്സിലാക്കാം; എന്നാല്‍ നമ്മുടെ രാജ്യത്തെ സഭകളിലുള്ള മൂപ്പന്മാര്‍ പോലും അന്യോന്യം വഴക്കടിക്കുകയും അപക്വമതികളായി ജീവിക്കുകയും ചെയ്യുന്നത് എത്ര ദയനീയമായ ഒരു കാഴ്ചയാണ്! മത്താ. 28:19,20ല്‍ ശിഷ്യത്വത്തിന്‍റെയും യേശുവിന്‍റെ കല്‍പനകളുടെ സമ്പൂര്‍ണ്ണ അനുസരണത്തെപ്പറ്റിയും നമുക്കു ലഭിച്ചിട്ടുള്ള കല്‍പന നാം പൂര്‍ണ്ണമായി അവഗണിച്ചിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണിത്. മര്‍ക്കോ. 16:15,16ലുള്ള ആ കല്‍പന മാത്രം നാമനുസരിക്കുന്നു. അതും പലപ്പോഴും ജലസ്നാനം പ്രസംഗിക്കാതെ വിട്ടുകളയുകമൂലം ഭാഗികമായി മാത്രമേ അനുസരിക്കുന്നുള്ളു.

              മര്‍ക്കോ. 16:15-20ല്‍ സുവിശേഷമറിയിക്കുന്നതിനും കര്‍ത്താവ് അത്ഭുതങ്ങളാലും അടയാളങ്ങളാലും ആ വചനത്തെ ഉറപ്പിക്കുന്നതിനുമാണ് ഊന്നല്‍ കൊടുത്തിട്ടുള്ളത്. എന്നാല്‍ മത്താ. 28:19,20ല്‍ ശിഷ്യത്വത്തിന്മേലാണ് ഊന്നല്‍. യേശുവിന്‍റെ കല്‍പനകളുടെ സമ്പൂര്‍ണ്ണമായ അനുസരണത്തിലൂടെ ശിഷ്യത്വജീവിതം വെളിപ്പെടുത്തുന്നതിനെപ്പറ്റി ആ ഭാഗത്തു പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്ത്യാനികളില്‍ ബഹുഭൂരിപക്ഷവും ഈ രണ്ടു കല്‍പനകളില്‍ ആദ്യത്തേതിനെ മാത്രം അനുസരിക്കുന്നു. വളരെ ചെറിയ ന്യൂനപക്ഷം മാത്രമേ രണ്ടാമത്തെ ഭാഗത്തുള്ള കല്‍പന ശ്രദ്ധിക്കുന്നുള്ളു. എങ്കിലും രണ്ടാമത്തേതുകൂടാതെ ആദ്യഭാഗത്തുള്ള കല്‍പന അര്‍ത്ഥശൂന്യവും വിലയറ്റതുമായിത്തീരുന്നു. പകുതിഭാഗം വെട്ടിമാറ്റപ്പെട്ട ഒരു മനുഷ്യശരീരം പോലെ വിലക്ഷണവും അപൂര്‍ണ്ണവുമാണത്. പക്ഷേ ഈ കാര്യം കാണുവാനുള്ള കണ്ണ് ആര്‍ക്കാണുള്ളത്?

              യേശുവിന്‍റെ പരസ്യശുശ്രൂഷയില്‍ അവിടുത്തെ സുവിശേഷപ്രസംഗം, രോഗശാന്തിശുശ്രൂഷ എന്നിവ മുഖാന്തരം വലിയ ജനസമൂഹങ്ങള്‍ കര്‍ത്താവിനെ പിന്തുടര്‍ന്നതായി നാം വായിക്കുന്നു. യേശു ഉടന്‍തന്നെ തിരിഞ്ഞുനിന്ന് ശിഷ്യത്വത്തെപ്പറ്റി അവരോട് ഉപദേശിച്ചു (ലൂക്കോ. 14:25,26). ഇന്നത്തെ സുവിശേഷകന്മാരും താന്താങ്ങള്‍ തനിയെയോ അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍, ഇടയന്മാര്‍ തുടങ്ങി തങ്ങളുടെ വേല മുഴുമിപ്പിക്കുവാന്‍ കഴിവുള്ളവരോടൊരുമിച്ചോ ഇപ്രകാരം ചെയ്യുവാന്‍ നാം പ്രാര്‍ത്ഥിക്കുക.

              യേശു പുരുഷാരത്തോടു ശിഷ്യത്വത്തെപ്പറ്റി ഉപദേശിച്ചപ്പോള്‍ ജനക്കൂട്ടം എണ്ണത്തില്‍ കുറഞ്ഞ് ഒടുവില്‍ പതിനൊന്നു ശിഷ്യന്മാര്‍ മാത്രം ശേഷിച്ചു (യോഹ. 6:2നെ 6:70മായി താരതമ്യപ്പെടുത്തുക). ഈ പതിനൊന്നുപേരൊഴിച്ച് ബാക്കിയുള്ള ജനക്കൂട്ടത്തിന് ആ ഉപദേശം ‘കഠിനവാക്കായി’ത്തോന്നി; അവര്‍ കര്‍ത്താവിനെ വിട്ടുപോയി (യോഹ. 6:60,66). എന്നാല്‍ ഈ പതിനൊന്നു ശിഷ്യന്മാരിലൂടെയാണ് ലോകത്തില്‍ തനിക്കു സാധിപ്പാനുണ്ടായിരുന്ന പ്രവര്‍ത്തനം ദൈവം സാധിച്ചത്. യേശു ആരംഭിച്ച ആ പ്രവര്‍ത്തനം അവരാണ് തുടര്‍ന്ന് മുമ്പോട്ടു നയിച്ചത്.

              ഇന്നു യേശുവിന്‍റെ ശരീരം എന്ന നിലയില്‍ യേശുവിന്‍റെ ശുശ്രൂഷ തുടരുവാനുള്ള കടമ നമുക്കാണ് ലഭിച്ചിട്ടുള്ളത്. സുവിശേഷകന്മാര്‍ ജനത്തെ ഒരുമിച്ചു കൂട്ടിയ ശേഷം മാനസാന്തരം പ്രാപിക്കുന്നവരെ ശിഷ്യത്വത്തിലേക്കും അനുസരണജീവിതത്തിലേക്കും നയിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അപ്രകാരം ചെയ്തെങ്കില്‍ മാത്രമേ യേശുവിന്‍റെ ശരീരമാകുന്ന സഭ പണിയപ്പെടുകയുള്ളു. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

21. ഒരു സഭയെന്ന നിലയില്‍ നമ്മുടെ വിളിയുടെ പ്രത്യേകത

              നമ്മുടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഒരു സഭയെന്ന നിലയില്‍ ദൈവം നമ്മെ ആക്കിയിരിക്കയാണല്ലോ. ഈ നിലയില്‍ നമ്മുടെ വിളിയ്ക്കുള്ള പ്രത്യേകത എന്താണ്? ഒത്തുതീര്‍പ്പുകൂടാതെ നാം ദൈവവചനത്തോടു വിശ്വസ്തരായി ജീവിക്കുന്നുവെങ്കില്‍ ഇന്നത്തെ സുവിശേഷവിഹിതവും പെന്തെക്കൊസ്ത് സ്വഭാവമുള്ളതുമായ മിക്ക ക്രൈസ്തവസമൂഹങ്ങളുടെയും മാതൃകയില്‍നിന്നും വ്യത്യസ്തമായ ഒരു സ്വഭാവമാണ് നമുക്കുണ്ടാകുന്നത്. കുറഞ്ഞപക്ഷം ഏഴു മേഖലകളിലെങ്കിലും ഈ വ്യത്യസ്തത ഉണ്ടായേ തീരൂ.

1. വലിപ്പമല്ല, വിശുദ്ധിയാണ് ആവശ്യം

വെളിപ്പാടുപുസ്തകത്തില്‍ ബാബിലോണ്‍ എന്നു വ്യവഹരിക്കുന്ന വ്യാജസഭയെ മഹതി (വലിപ്പമുള്ളവള്‍) എന്ന പേരില്‍ പതിനൊന്നു പ്രാവശ്യം വിളിച്ചിട്ടുണ്ട്. നേരേമറിച്ച്, ക്രിസ്തുവിന്‍റെ കാന്തയായ യെരൂശലേമിനെ അഥവാ യഥാര്‍ത്ഥ സഭയെ വിശുദ്ധനഗരം എന്ന പേരുകൊണ്ടാണ് വ്യവഹരിക്കുന്നത് (വെളി. 1221).

ഒരു സഭയെന്ന നിലയില്‍ ലോകദൃഷ്ടിയില്‍ വലിയവരാകുവാന്‍ നാം ആഗ്രഹിക്കുന്നപക്ഷം നാം ബാബിലോണായി അധഃപതിക്കുന്ന വഴിയിലാണ്. മനുഷ്യരുടെ മുമ്പില്‍ ഉന്നതമായതെല്ലാം ദൈവദൃഷ്ടിയില്‍ മ്ലേച്ഛതയാണെന്ന് യേശു പ്രസ്താവിച്ചു (ലൂക്കോ. 16:15). അതിനാല്‍ മനുഷ്യദൃഷ്ടിയില്‍ വലിപ്പമുള്ളവരായി കാണപ്പെടുവാന്‍ വേണ്ടി ചെയ്യപ്പെടുന്ന എന്തെങ്കിലും – അതു പ്രസംഗമാകട്ടെ, സംഗീതമാകട്ടെ, എന്തായാലും ശരി – നമ്മുടെ സഭയില്‍ നിലവിലുണ്ടോ എന്ന് നിരന്തരം നാം ശോധന ചെയ്യേണ്ടത് ആവശ്യമാണ്. എണ്ണത്തിലുള്ള വലിപ്പവും മനുഷ്യദൃഷ്ടിയില്‍ എപ്പോഴും ആകര്‍ഷകമാണ്. സഭയുടെ വളര്‍ച്ചയെ എണ്ണം ഉള്‍പ്പെടെയുള്ള സ്ഥിതിവിവരണക്കണക്കുകളിലൂടെ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ നാം ഉത്സാഹിക്കുന്നുവെങ്കില്‍ അതു ബാബിലോണിന്‍റെ ഒരു ശരിയായ അടയാളമാണ്. ചിലരെക്കൂടി നമ്മോടൊപ്പം ചേര്‍ക്കുവാന്‍ ദൈവം തല്‍പരനല്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. തന്‍റെ ആട്ടിന്‍കൂട്ടത്തില്‍പ്പെട്ട പൂര്‍ണ്ണമനസ്കരായ മറ്റുള്ളവര്‍ക്ക് നമ്മെ കാണിച്ചു കൊടുക്കുവാന്‍ തക്ക യോഗ്യത നമുക്കുണ്ടെങ്കില്‍ അതു ചെയ്യുവാന്‍ ദൈവം തല്‍പരന്‍ തന്നെ. എന്നാല്‍ എണ്ണത്തിലുള്ള വളര്‍ച്ച ദൈവാനുഗ്രഹത്തിന്‍റെ ഒരടയാളമായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല. കാരണം, ദുരുപദേശം പ്രചരിപ്പിക്കുന്ന അന്ധാരാധകസമൂഹങ്ങളും (heretical cults) അക്രൈസ്തവമതങ്ങളുമെല്ലാം എണ്ണത്തില്‍ വളരുന്നുണ്ട്. പലപ്പോഴും ക്രിസ്തീയഗ്രൂപ്പുകളുടേതിനെക്കാള്‍ വളരെ ശ്രദ്ധേയമാണ് അവയുടെയെല്ലാം സ്ഥിതിവിവരണക്കണക്കുകള്‍.

യഥാര്‍ത്ഥസഭയുടെ (യെരൂശലേമിന്‍റെ) സവിശേഷത വിശുദ്ധിയാണ്. അതിനാല്‍ യെരൂശലേമിന്‍റെ വളര്‍ച്ച വിശുദ്ധിയുടെ വളര്‍ച്ചയാണ്. അന്യോന്യസ്നേഹം ഈ വിശുദ്ധിയുടെ ഒരു ഭാഗവുമാണ്. ജീവനിലേക്കുള്ള വഴി ഇടുക്കവും ഞെരുക്കവും ഉള്ളതാണെന്നും ചുരുക്കം പേര്‍ മാത്രമേ അതു കണ്ടെത്തുകയുള്ളെന്നും യേശു പറഞ്ഞു. ഇതു ഇപ്രകാരമാകയാല്‍ ഇടുങ്ങിയ വാതിലിനെ യേശു ചെയ്തതുപോലെ ഇടുങ്ങിയതായി സൂക്ഷിക്കുന്നവര്‍ക്കു തങ്ങളുടെ സഭയുടെ കൂട്ടായ്മയിലേക്കു ചുരുക്കം പേര്‍ മാത്രം വരുന്നതായേ കാണാന്‍ കഴിയുകയുള്ളു (മത്താ. 7:13,14). എന്നാല്‍ യേശു കല്‍പിച്ചതിനെക്കാള്‍ കൂടുതല്‍ വിശാലതയുള്ളതാക്കി നാം ആ വാതിലിനെ തീര്‍ക്കുന്നപക്ഷം വേഗത്തില്‍ നാം എണ്ണത്തില്‍ പെരുകുന്നവരായിത്തീരും. ഈയൊരു കാര്യത്തിലാണ് ഇന്ന് ക്രൈസ്തവലോകത്തില്‍ ഏറിയപങ്കും തെറ്റിപ്പോയിട്ടുള്ളത്. ഗിരിപ്രഭാഷണത്തിന്‍റെ സന്ദര്‍ഭത്തിലാണ് യേശു ഇടുങ്ങിയ വഴിയെപ്പറ്റിയും ഇടുക്കമുള്ള വാതിലിനെപ്പറ്റിയും പ്രസ്താവിച്ചിട്ടുള്ളത് (മത്താ. 57). ഈ മൂന്നധ്യായങ്ങളുടെ ഉള്ളടക്കമാണ് ഇടുങ്ങിയ വഴിയും ഇടുക്കമുള്ള വാതിലുമായിത്തീരുന്നത്.

അവസാനനാളില്‍ നമ്മുടെ പ്രവര്‍ത്തനത്തിന്‍റെ വലുപ്പമല്ല, ഗുണവിശേഷമാണ് (quality) കര്‍ത്താവ് വിലയിരുത്തുന്നതെന്ന് 1കൊരി. 3:13ല്‍ പറയുന്നു. നിരന്തരം തന്നെത്തന്നെ വിധിക്കുന്ന ഒരു ജീവിതത്തില്‍നിന്ന്  ദഹിപ്പിക്കുന്ന അഗ്നിയുടെയും നിത്യദഹനങ്ങളുടെയും അടുക്കലുള്ള ജീവിതത്തില്‍നിന്ന് മാത്രമേ ഇപ്രകാരം ഗുണവിശേഷത്തിന്‍റേതായ ഒരു ശുശ്രൂഷ ഉറവെടുക്കുകയുള്ളു (യെശ. 33:14).

ഈ കാര്യത്തില്‍ നമുക്കു ചുറ്റുമുള്ള എല്ലാ സഭാവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തയായിരിക്കണം സഭ. നമ്മെ വേര്‍തിരിക്കുന്ന ഈ സവിശേഷത ഒരിക്കല്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഒരു നിര്‍ജ്ജീവസഭാവിഭാഗമായി നാം അധഃപതിക്കും.

2. പുറമേയുള്ള ജീവിതത്തിനല്ല, അകമേയുള്ളതിന് പ്രഥമസ്ഥാനം

പഴയനിയമത്തില്‍ “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം” (മത്താ. 19:8) പുറമേയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തിരുന്നത്. ന്യായപ്രമാണം പുറമേയുള്ള ശുദ്ധിക്കു പ്രാധാന്യം നല്‍കി. പുതിയനിയമമാകട്ടെ, ഇതില്‍നിന്നു വ്യത്യസ്തമായി പാത്രത്തിന്‍റെ അകം വെടിപ്പാക്കുന്നതിനു പ്രാധാന്യം നല്‍കുന്നു (മത്താ. 23:25,26). അകം വെടിപ്പായിക്കഴിഞ്ഞാല്‍ പുറം താനേതന്നെ വെടിപ്പായിക്കൊള്ളുമെന്ന് ആ വാക്യത്തില്‍ യേശു പറയുന്നു (വാ. 26). അങ്ങനെയെങ്കില്‍ പുറം വെടിപ്പാക്കേണ്ട ആവശ്യം ഒട്ടുമേ ഉത്ഭവിക്കുന്നില്ല. മത്താ. 5:20-30ല്‍ ഇതു നമുക്കു വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഒരുവന്‍ തന്‍റെ ഹൃദയത്തെ കോപത്തില്‍നിന്നു ശുദ്ധീകരിച്ചുകഴിഞ്ഞാല്‍ പിന്നീട് കൊല ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അതുപോലെ ഒരുവന്‍ തന്‍റെ ഹൃദയത്തെ ലൈംഗികദുര്‍മ്മോഹത്തില്‍നിന്നു വെടിപ്പാക്കിക്കഴിഞ്ഞാല്‍ പിന്നീട് പുറമേ വ്യഭിചാരം ചെയ്യുക എന്ന ആപത്ത് സംഭവിക്കുകയില്ല. പാത്രത്തിന്‍റെ അകം വെടിപ്പാക്കുക, അപ്പോള്‍ പുറം താനേ വെടിപ്പായിക്കൊള്ളും.

സിനിമാ, പുകവലി, മദ്യപാനം, ചൂതാട്ടം തുടങ്ങിയവയെല്ലാം വര്‍ജ്ജിക്കുന്നതുപോലെയുള്ള ബാഹ്യകാര്യങ്ങള്‍ക്കുമാത്രം ഒരു സഭ പ്രാധാന്യം നല്‍കുമ്പോള്‍ അത്തരമൊരു സഭ പഴയനിയമാടിസ്ഥാനത്തിലുള്ള സഭയായി മാത്രം തീരുന്നു. ഇപ്രകാരമുള്ള ബാഹ്യപാപങ്ങള്‍ തീര്‍ച്ചയായും ദോഷകരം തന്നെ. എന്നാല്‍ അവയില്‍നിന്നും വിടുതല്‍ നേടുവാനുള്ള മാര്‍ഗ്ഗം അവയില്‍ത്തന്നെ പ്രാഥമികമായി ശ്രദ്ധിക്കുകയല്ല, പിന്നെയോ മനസ്സിന്‍റെ ആന്തരികമായ ലൗകികമനോഭാവത്തില്‍ ശ്രദ്ധിക്കുകയാണ്. ഈ മനോഭാവമാണ് ഇത്തരം ബാഹ്യമായ ദോഷങ്ങളുടെമേല്‍ ജയം നല്‍കുന്നത്.

തന്നെത്തന്നെ വിധിക്കുന്നതിലൂടെയല്ലാതെ ആന്തരികമായ ഒരു ശുദ്ധീകരണം ഉണ്ടാവുകയില്ല. ഈ ആന്തരികശുദ്ധീകരണം നിരന്തരം പ്രസംഗിക്കുന്നില്ലെങ്കില്‍ സഭയെ പണിതുയര്‍ത്തുവാന്‍ സാധ്യമല്ല. പാപത്തിന്‍റെ ചതിയാല്‍ കഠിനപ്പെടാതിരിക്കുവാനായി നാള്‍തോറും നാം അന്യോന്യം പ്രബോധിപ്പിക്കണമെന്ന് ബൈബിള്‍ ഉദ്ബോധിപ്പിക്കുന്നു (എബ്രാ. 3:13; 10:25). മിക്ക ക്രിസ്തീയ സഭകള്‍ക്കും ഇപ്രകാരമുള്ള പ്രബോധനത്തില്‍ താല്‍പര്യമില്ല. ഒരുപക്ഷേ വല്ലപ്പോഴും പ്രബോധിപ്പിച്ചേക്കാം. നാള്‍തോറും തീര്‍ച്ചയായും അതു ചെയ്യുന്നില്ല. തന്മൂലം പാത്രത്തിന്‍റെ പുറം മാത്രം വെടിപ്പാക്കിയിട്ടുള്ള പരീശന്മാര്‍ക്ക് അവ ജന്മം നല്‍കുന്നു. ഇക്കാര്യത്തില്‍ ക്രിസ്തുവിന്‍റെ കാന്ത വ്യത്യസ്തയായിരുന്നേ മതിയാവൂ.

3. തിരക്കിട്ട പ്രവര്‍ത്തനമല്ല, അനുസരണമാണ് ആവശ്യം

വിവിധ സഭാവിഭാഗങ്ങള്‍ അടങ്ങിയ ക്രൈസ്തവലോകം എപ്പോഴും പ്രാധാന്യം നല്‍കുന്നത് പ്രവര്‍ത്തനങ്ങള്‍ക്കാണ്. പരസ്യയോഗം, ഭവനസന്ദര്‍ശനം, സുവിശേഷപ്രവര്‍ത്തനം എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മിക്ക വിശ്വാസികളുടെയും ഹൃദയങ്ങളില്‍ ദൈവവചനത്തോടുള്ള സമ്പൂര്‍ണ്ണാനുസരണത്തിനു ലഭിക്കേണ്ട പ്രാധാന്യം ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്.

താന്‍ കല്‍പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ക്രിസ്ത്യാനികളെ പഠിപ്പിക്കണമെന്നു യേശുക്രിസ്തു അരുളിച്ചെയ്തിട്ടുണ്ട് (മത്താ. 28:20). അനുസരണമാണ് യാഗത്തെക്കാളധികം ദൈവം ആവശ്യപ്പെടുന്നത് (1ശമു. 15:22). ദൈവത്തോടുള്ള നമ്മുടെ സ്നേഹം തെളിയിക്കുന്നതിനുവേണ്ടി നാം വിവിധതരം ശാരീരിക കഷ്ടതകളില്‍ക്കൂടെ കടന്നുപോകുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന ചിന്താഗതി അക്രൈസ്തവമാണ്. ഇന്‍ഡ്യയിലെ ഹൈന്ദവസംസ്കാരത്തില്‍ ഈ ചിന്താഗതി വളരെ പ്രചരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ക്രൈസ്തവജനതയെയും ഇതു ബാധിക്കുവാനിടയായത് ദൗര്‍ഭാഗ്യകരം തന്നെ. അതിനാല്‍ ഒരുവന്‍റെ ഉദ്യോഗമുപേക്ഷിച്ച് വളരെ കഷ്ടപ്പാടു നിറഞ്ഞ ഒരു പ്രദേശത്തേക്കു പോവുകയും ക്ലേശങ്ങള്‍ സഹിക്കുകയും ചെയ്യുന്നതു പോലെയുള്ള കാര്യങ്ങളിലാണ് പലരും ആത്മീയത ദര്‍ശിക്കുന്നത്. ഇപ്പറഞ്ഞതിലെല്ലാം വളരെ ത്യാഗം ഉണ്ടായിരിക്കാം. എന്നാല്‍ ദൈവവചനത്തോടുള്ള അനുസരണത്തിനു പകരം വയ്ക്കാവുന്ന കാര്യങ്ങളല്ല ഇവയൊന്നും തന്നെ.

യോഹ. 14:15ല്‍ യേശു തന്നെ പറഞ്ഞിട്ടുള്ളതുപോലെ അവിടുത്തോടുള്ള നമ്മുടെ സ്നേഹം തെളിയിക്കപ്പെടുന്നതു ത്യാഗം കൊണ്ടല്ല, മറിച്ച് അവിടുത്തെ കല്‍പനകളുടെ അനുസരണം കൊണ്ടാണ്. മത്താ. 5-7ല്‍ യേശു പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അനുസരിക്കുക എന്നത് നമ്മുടെ ശമ്പളത്തിന്‍റെ 50% അവിടുത്തേക്കു നല്‍കുന്നതിനെക്കാളോ ഉദ്യോഗം രാജിവച്ച് സുവിശേഷകനാകുന്നതിനെക്കാളോ വളരെ കൂടുതലായി കര്‍ത്താവിനോടുള്ള നമ്മുടെ സ്നേഹത്തെ തെളിയിക്കുന്ന കാര്യമാണ്.

മാര്‍ത്തയുടേതുപോലെയുള്ള അശ്രാന്തപ്രവര്‍ത്തനങ്ങളിലാണ് സഭാവിഭാഗങ്ങള്‍ ക്രിസ്തീയത ദര്‍ശിക്കുന്നത് (ലൂക്കോ. 10:38-42). അടുക്കളയിലെ തന്‍റെ സേവനത്തില്‍ മാര്‍ത്ത ആത്മാര്‍ത്ഥതയും ത്യാഗവും നിസ്വാര്‍ത്ഥമനോഭാവവും തീക്ഷ്ണതയും പ്രദര്‍ശിപ്പിച്ചിരുന്നു. എങ്കിലും കര്‍ത്താവ് അവളെ ശാസിച്ചു. പ്രഥമദൃഷ്ട്യാ കര്‍ത്താവിനുവേണ്ടി ത്യാഗമൊന്നും ചെയ്യാതിരുന്ന തന്‍റെ സഹോദരിയുടെ നേരേ അവളുടെ ഹൃദയം നീരസം നിറഞ്ഞതായിരുന്നു. കര്‍ത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പായിത്തന്നെ അവിടുത്തെ പാദത്തില്‍ ശാന്തമായിരുന്ന് അവിടുത്തെ വചനം കേള്‍ക്കുവാന്‍ കാത്തിരിക്കുകയാണ് മറിയ ചെയ്തത്. നമ്മുടെ മനോഭാവവും ഇതായിരിക്കണം. തിരക്കിട്ട പ്രവര്‍ത്തനമല്ല, മറിച്ച് കര്‍ത്താവിനു പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കുകയും അതു അനുസരിക്കുകയുമാണ് നമുക്കാവശ്യം. നമ്മുടെ യുക്തി ബോധം നിര്‍ദ്ദേശിക്കുന്ന കാര്യമല്ല, ദൈവഹിതമാണ് നാം ചെയ്യേണ്ടത്.

4. ശിഷ്യത്വപരിശീലനമില്ലാത്ത സുവിശേഷപ്രവര്‍ത്തനമല്ല ആവശ്യം

“നിങ്ങള്‍ ലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന ഒരൊറ്റ കല്‍പന മാത്രം (മര്‍ക്കോ. 16:15) ദൈവവചന ത്തിലുള്ളതായി ചില വിശ്വാസികള്‍ ചിന്തിക്കുന്നു. ഈ കല്‍പന ലോകവ്യാപകമായ ക്രിസ്തുസഭ ഒന്നാകെയും ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്കുവേണ്ടി സുവിശേഷകന്മാരായി കര്‍ത്താവു നിയമിച്ചിട്ടുള്ള ആളുകള്‍ പ്രത്യേകിച്ചും അനുസരിക്കേണ്ട ഒന്നാണ് (എഫേ. 4:11). എന്നാല്‍ ഈ കല്‍പന “നിങ്ങള്‍ പുറപ്പെട്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍” (മത്താ. 28:19) എന്ന മറ്റേ കല്‍പനയോടു ചേര്‍ന്ന് സമതുലിതമായ വിധത്തില്‍ അനുസരിക്കപ്പെടുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കപ്പെടാത്ത നിലയില്‍ അവശേഷിക്കും.

ലോകത്തിലെല്ലാം പോയി യേശുവിന്‍റെ നാമം കേട്ടിട്ടില്ലാത്തവരോട് വ്യക്തിപരമായ ത്യാഗം സഹിച്ച് സുവിശേഷം പ്രസംഗിച്ചിട്ടുള്ള എല്ലാവര്‍ക്കുംവേണ്ടി നാം ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ ശിഷ്യരാക്കുക, പിതൃപുത്രപരിശുദ്ധാത്മനാമത്തില്‍ സ്നാനമേല്‍പ്പിക്കുക, കല്‍പനകളുടെ അനുസരണത്തിലേക്കു നയിക്കുക എന്നിങ്ങനെ മത്താ. 28:19,20ലുള്ള ത്രിവിധകര്‍ത്തവ്യങ്ങളോടു കൂടിയ കല്‍പന പരിപൂര്‍ണ്ണമായും അവഗണിക്കുക എന്നത് ഇരുപതാം നൂറ്റാണ്ടിലെ സുവിശേഷ പ്രവര്‍ത്തനത്തിലുള്ള ദുഃഖകരമായ ഒരു വസ്തുതയാണ്.

ശിഷ്യത്വപരിശീലനം നല്‍കാതെയുള്ള സുവിശേഷപ്രവര്‍ത്തനത്തിനു വലിയൊരു സമൂഹം തന്നെ പ്രാധാന്യം നല്‍കുമ്പോള്‍ നഷ്ടപ്പെട്ട ആ ഊന്നല്‍ വീണ്ടെടുക്കുക എന്നത് അപൂര്‍ണ്ണമായി ശേഷിക്കുന്ന ആ വേലയെ ശിഷ്യത്വപരിശീലനത്തിലൂടെ പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമായിത്തീരുന്നു. സുവിശേഷം ചെന്നെത്തിയിട്ടില്ലാത്ത ഭൂഭാഗങ്ങളില്‍ അത് എത്തിക്കുക എന്ന അപൂര്‍ണ്ണയത്നത്തെപ്പറ്റി മാത്രമേ പലരും ചിന്തിക്കുന്നുള്ളു. സുവിശേഷകന്മാരായി വിളിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ആ ഭാരം ദൈവം നല്‍കുന്നു. എന്നാല്‍ അതിനു തുല്യം, അഥവാ അതില്‍പ്പരം പ്രാധാന്യമുള്ളതായ ആ യത്നം  അതായത് മാനസാന്തരപ്പെട്ടവരെ ശിഷ്യന്മാരാക്കി ത്തീര്‍ക്കുക എന്ന ജോലി  ദൈവം നമ്മെ ഭരമേല്‍പിക്കുകയാണ്. മേശകള്‍ നിര്‍മ്മിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തച്ചുപണിശാലയുടെ ദൃഷ്ടാന്തത്തിലൂടെ നമുക്ക് ഇതു വിശദീകരിക്കാം. ഈ പണിശാലയില്‍ ഒരു വലിയ സംഖ്യ ആശാരിമാര്‍ മേശകളുടെ നാലുകാലുകള്‍ മാത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. എന്നാള്‍ ഈ മേശകളുടെ പണി മുഴുമിപ്പിക്കുവാനാവശ്യമായ ഭാഗം കൂടെ  അതായത് മേശയുടെ ഉടല്‍ അല്ലെങ്കില്‍ ഉപരിഭാഗം കൂടെ  നിര്‍മ്മിക്കുവാന്‍ ആരും മിനക്കെടുന്നില്ല. ഫലം ഇതാണ്: പണിശാലയില്‍ കൂനകൂനയായി മേശക്കാലുകള്‍ മാത്രം കുന്നുകൂടിക്കൊണ്ടിരിക്കുന്നു. ആശാരിമാര്‍ വീണ്ടും ഈ കാല്‍ നിര്‍മ്മാണത്തില്‍ത്തന്നെ ഏര്‍പ്പെടുകയും ചെയ്യുന്നു. എന്നാല്‍ യേശുവിന്‍റെ ജീവിതകാലത്ത് കര്‍ത്താവ് തന്‍റെ പണിശാലയില്‍ താന്‍ നിര്‍മ്മിക്കുന്ന ഒരു മേശയുടെ പണി തീര്‍ത്തശേഷം മാത്രമേ അടുത്തതിന്‍റെ പണി ആരംഭിച്ചിരുന്നുള്ളുവെന്ന കാര്യം നമുക്ക് ഉറപ്പായി വിശ്വസിക്കാം. താന്‍ ആരംഭിച്ച ഒരു ജോലി മുഴുമിപ്പിക്കുന്നതിലായിരുന്നു എപ്പോഴും അവിടുത്തെ ശ്രദ്ധ. ക്രൂശിന്മേല്‍ വച്ച് “നിവൃത്തിയായി” അഥവാ “എല്ലാം പൂര്‍ത്തിയായി” എന്നതായിരുന്നുവല്ലോ അവിടുന്നു  വിളിച്ചു പറഞ്ഞ വചനം. ഈ ക്രിസ്തു ഇന്നും അനന്യന്‍ തന്നെ. നാം അവിടുത്തെ സഹപ്രവര്‍ത്തകരാണ്. അതിനാല്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഒരു വേലയിലായിരിക്കണം നമ്മുടെ ശ്രദ്ധ. മാനസാന്തരം പ്രാപിച്ച എല്ലാവരും ശിഷ്യന്മാരായിത്തീര്‍ന്നേ മതിയാവൂ.

5. ദാനത്തില്‍ പഴയനിയമസമ്പ്രദായമല്ല, പുതിയനിയമമാതൃക ആവശ്യം

പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസം മിക്ക വിശ്വാസികള്‍ക്കും അജ്ഞാതമാണ്. ഇതിന്‍റെ ഫലമായി സുവിശേഷപ്രവര്‍ത്തകര്‍ പഴയനിയമത്തിലെ ദശാംശസമ്പ്രദായം ഒരു കല്‍പനയെന്ന നിലയില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുവാന്‍ ഇടയാകുന്നു.

ദശാംശം കൊടുക്കുക എന്നത് മോശെ കല്‍പിച്ചിരുന്ന ഒരു കാര്യമായിരുന്നതിനാല്‍ യേശുക്രിസ്തു പഴയനിയമവ്യവസ്ഥയിന്‍ കീഴിലിരുന്ന പരീശന്മാരോടു സംസാരിച്ചപ്പോള്‍ ദശാംശം നല്‍കുവാന്‍ അവരോട് ആവശ്യപ്പെട്ടു (മത്താ. 23:23). എന്നാല്‍ തന്‍റെ ശിഷ്യന്മാരോടു സംസാരിക്കുകയും പുതിയ ഉടമ്പടി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവര്‍ വരുമാനത്തില്‍ എത്ര അംശം നല്‍കണമെന്നു സൂചിപ്പിച്ചില്ല. നല്‍കുന്നതിലുള്ള അവരുടെ ആന്തരോദ്ദേശ്യത്തെയാണ് അവിടുന്നു മുഖ്യമായി പരിഗണിച്ചത് (മത്താ. 6:14). നമ്മുടെ ദാനത്തിന്‍റെ അളവിനല്ല, ഗുണവിശേഷത്തിനാണ് (not quantity but quality) പുതിയനിയമത്തില്‍ ഊന്നല്‍ നല്‍കുന്നത് (2കൊരി. 9:7). ഇനി ശേഷിക്കുന്ന പ്രശ്നം ഒന്നു മാത്രം: പരീശന്മാരാകുവാനാണോ യേശുവിന്‍റെ ശിഷ്യന്മാരാകുവാനാണോ നാം ആഗ്രഹിക്കുന്നത്!

ഇക്കാലത്തുള്ള ക്രിസ്തീയമാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും ദശാംശം നല്‍കുവാനും വിവിധ സുവിശേഷപ്രവര്‍ത്തനങ്ങളെയും സുവിശേഷകരെയും സഹായിക്കുവാനുമുള്ള ആഹ്വാനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. ക്രിസ്തുവിന്‍റെ നാമത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം യാചിക്കുക എന്ന ബാബിലോണ്യമായ കച്ചവടമനോഭാവംകൊണ്ട് ഒട്ടുമിക്ക ക്രിസ്തീയപ്രസിദ്ധീകരണങ്ങളും ഇന്ന് ദൂഷിതമായിത്തീര്‍ന്നിരിക്കുന്നു. അപ്പൊസ്തലന്മാര്‍ ഒരു കാലത്തും തങ്ങളുടെ ശുശ്രൂഷകള്‍ക്കായി ഇത്തരം പണമിരക്കലില്‍ ഏര്‍പ്പെട്ടിരുന്നില്ല. യേശുവും ഒരിക്കലും ഇതു ചെയ്തിട്ടില്ല. യേശുവിന്‍റെയും അപ്പൊസ്തലന്മാരുടെയും നടപടിയില്‍നിന്ന് കടകവിരുദ്ധമായ ഒരു നിലപാടാണ് നാം ഇന്നു കാണുന്നത്. എങ്കിലും ഭൂരിപക്ഷം വിശ്വാസികള്‍ക്കും ഈ വസ്തുത അറിവില്ല. തന്മൂലം തങ്ങളെ അന്ധമായി പിന്താങ്ങുവാനാവശ്യപ്പെടുന്നതരം യാചനയിലും അതോടൊപ്പമുള്ള സ്വയം മലിനീകരണത്തിലും അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു.

നമ്മുടെ പണം നല്‍കുന്നതിനെക്കുറിച്ചെന്നതിലധികം നമ്മുടെ ശരീരങ്ങള്‍ ദൈവത്തിനു നല്‍കുന്നതിനെപ്പറ്റിയാണ് പുതിയനിയമം സംസാരിക്കുന്നത് (റോമര്‍. 12:1). സഭയില്‍ എപ്പോഴും നാം ഊന്നിപ്പറയേണ്ട കാര്യം ഇതത്രേ. ഒന്നാമത് ദൈവത്തിന്‍റെ രാജ്യം നാം അന്വേഷിക്കുന്നപക്ഷം സാമ്പത്തികാവശ്യങ്ങള്‍ ദൈവം നിറവേറ്റിക്കൊള്ളും (മത്താ. 6:33).

6. മനുഷ്യശക്തിയല്ല, ദൈവശക്തിയാണാവശ്യം

ക്രൈസ്തവലോകത്തില്‍ ഇന്നു പരിശുദ്ധാത്മശക്തിയുടെ ഒരു കപടാനുകരണമെന്ന നിലയില്‍ മാനവികശക്തി (human soul power) സ്ഥാനം പിടിച്ചിട്ടുണ്ട്. കാരിസ്മാറ്റിക് ക്രിസ്തീയത്വത്തിന്‍റെ ഏറിയപങ്കിലും പരിശുദ്ധാത്മശക്തിയെന്ന പേരില്‍ ഇന്ന് ഈ മാനവികശക്തിയാണ് പ്രച്ഛന്നപ്രവര്‍ത്തനം നടത്തുന്നത്. ഈ വഞ്ചനയില്‍നിന്നു നാം രക്ഷ നേടണമെങ്കില്‍ അതിനു ആത്മാവിനെയും ദേഹിയെയും തമ്മില്‍ വിവേചിച്ചറിയുക എന്നത് ഏറ്റവുമധികം ആവശ്യമാണ്. ഇന്നു സഭയില്‍ ഈയൊരു വസ്തുതയിലേക്കാണ് ദൈവവചനത്തിന്‍റെ വെളിച്ചം ഏകാഗ്രതയോടെ പതിയേണ്ടിയിരിക്കുന്നത്.

മനുഷ്യന്‍റെ ബലഹീനതയിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു (1കൊരി. 1:27). ദൈവികസത്യം ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു (മത്താ. 11:25). ദൈവശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ സാമര്‍ത്ഥ്യത്തില്‍ ഊന്നിനിന്നുകൊണ്ട് പ്രസംഗം നിര്‍വഹിക്കുന്നിടത്ത് തീര്‍ച്ചയായും നിങ്ങള്‍ക്കു ബാബിലോണ്‍ കാണാന്‍ കഴിയും. തങ്ങളുടെ ഉപദേശത്തില്‍ അവര്‍ സുവിശേഷവിഹിതരായിരുന്നാലും ഇതിനു മാറ്റമില്ല. ദൈവത്തിന്‍റെ വേല നിറവേറ്റുവാന്‍ ബുദ്ധിഹീനരായ ആളുകളെ ഉപയോഗിക്കുന്ന ദൈവികമാര്‍ഗ്ഗത്തെ ബാബിലോണിയന്‍ ക്രിസ്ത്യാനിത്വം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.

മാനുഷികബുദ്ധിയെ ശ്ലാഘിക്കുക എന്നത് ബാബിലോണ്‍ പണിയുവാനുള്ള ഏറ്റവും സുനിശ്ചിതമാര്‍ഗ്ഗമാണ്. ബുദ്ധിക്കു ഉന്നതസ്ഥാനം കൊടുക്കുന്ന ആളുകള്‍ തങ്ങളുടെ പ്രാണനെ (soul) ഒഴുക്കിക്കളയേണ്ടതിന്‍റെ ആവശ്യം മനസ്സിലാക്കാതെ തങ്ങളുടെ സമര്‍ത്ഥമായ മനസ്സിനെ ദൈവവേലയ്ക്ക് ഉപയോഗിക്കുവാനാരംഭിക്കുമ്പോള്‍ ഈ ആപത്ത് സഭയില്‍ത്തന്നെയും എപ്പോഴും ഉണ്ടായിരിക്കും. സമര്‍ത്ഥനായ വ്യക്തി സഭയില്‍ എപ്പോഴും ഒരു തടസ്സമായിരിക്കും. ദൈവം പ്രൊഫസറന്മാരിലും പണ്ഡിതന്മാരിലും കൂടെയല്ല, താഴ്മയും ദൈവഭയവുമുള്ള മനുഷ്യരിലൂടെയാണ് തന്‍റെ വേല ചെയ്യുന്നത്.

സഭയില്‍ മൂപ്പന്മാരെ നിശ്ചയിക്കുന്നത് എപ്പോഴും ജീവിതത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. അതിനു മറ്റൊരു മാനദണ്ഡവും പാടില്ല. മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുന്ന മാനുഷികവ്യക്തികളിലൂടെയല്ല ദൈവം വ്യാപരിക്കുന്നത്. നേരേമറിച്ച്, പരിശുദ്ധാത്മാവിലൂടെയും ക്രൂശിന്‍റെ വചനത്തിലൂടെയുമാണ് എപ്പോഴും അവിടുത്തെ ശക്തി വെളിപ്പെടുന്നത് (1കൊരി. 1:8; 2:4).

ഒരു സഭ ദൈവാത്മാവിന്‍റെ ശക്തിയെയും ക്രൂശിന്‍റെ മാര്‍ഗ്ഗത്തെയും ഊന്നിപ്പറയാതെ ഇരിക്കുന്നപക്ഷം മാനവികശക്തി സ്വയം വെളിപ്പെടുവാനുള്ള വാതില്‍ തീര്‍ച്ചയായും തുറക്കപ്പെടും. അപ്പോള്‍ ആളുകള്‍ ജീവനുള്ള പുതുവഴിയെപ്പറ്റി പ്രസംഗിച്ചാല്‍ത്തന്നെയും ആത്മീയമായ വെളിപ്പാടിനും ശക്തിക്കും പകരം മാനവിക സാമര്‍ത്ഥ്യവും കഴിവും ആധിപത്യം നേടുകയും ബാബിലോണ്‍ പണിയപ്പെടുകയും ചെയ്യും!

7. ഒരു കൂടിവരവല്ല, ക്രിസ്തുവിന്‍റെ ശരീരം പണിയുകയാണ് ആവശ്യം

പഴയനിയമത്തില്‍ ദൈവജനമായിരുന്ന യെഹൂദന്മാര്‍ക്ക് ഒരു ശരീരമായിത്തീരുക എന്നത് അസാധ്യമായിരുന്നു. യേശു ക്രൂശിന്മേല്‍ വച്ച് മനുഷ്യജഡത്തിലെ ശത്രുത്വം ഇല്ലാതാക്കിയതിലൂടെ ജീവനുള്ള പുതിയവഴി തുറന്നതിനുശേഷം മാത്രമേ അതു സാധ്യമായിത്തീര്‍ന്നുള്ളു. ഇപ്രകാരം ഇപ്പോള്‍ രണ്ടാളുകള്‍ക്ക് ഒന്നായിത്തീരാന്‍ സാധിക്കും. പഴയനിയമകാലത്ത് യിസ്രായേല്‍ ഒരു ജനസമൂഹം മാത്രമായിരുന്നു. തീര്‍ച്ചയായും സംഖ്യയിലും വലുപ്പത്തിലും അവര്‍ വളര്‍ന്നുകൊണ്ടേയിരുന്നു. എന്നിട്ടും പിന്നെയും അവര്‍ ഒരു ജനസമൂഹം മാത്രമായിരുന്നു. പുതിയനിയമത്തില്‍ സഭ ഒരു ജനസമൂഹമായിട്ടല്ല, മറിച്ച് ഒരു ശരീരമായിട്ടാണ് തീരേണ്ടത്.

രണ്ടാളുകള്‍ ഒന്നായിത്തീരുന്നില്ലെങ്കില്‍ അവിടെ ഒരു കൂടിവരവ് അഥവാ ജനസമൂഹം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ക്രിസ്തുവിന്‍റെ ശരീരത്തിലെ മുഖ്യമായ വസ്തുത വലുപ്പമല്ല, ഏകത്വമാണ്. ഈ നിലവാരപ്രകാരം ജനസമൂഹമായിരിക്കാതെ സഭയായിത്തീരുന്ന ഒരു കൂട്ടത്തെ കണ്ടെത്തുവാന്‍ വിഷമമാണ്. എല്ലായിടത്തും നാം കാണുന്നത് ഏകത്വത്തിലല്ല, മറിച്ച് സംഖ്യയില്‍ അഥവാ വലുപ്പത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കൂടിവരവുകളെയാണ്. തന്മൂലം നേതൃത്വം നല്‍കുന്നവരുടെ നിരയില്‍പ്പോലും ഭിന്നതയും അസൂയയും മത്സരവുമാണ് കാണപ്പെടുന്നത്.

ലോകത്തിലുടനീളം വിഭിന്നസ്ഥലങ്ങളില്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഒരു ആവിഷ്കരണം കണ്ടെത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ബാബിലോണിയന്‍ ക്രിസ്തീയത്വത്തിന് ഇതു കൈവരുത്തുവാന്‍ സാധ്യമല്ല. എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കുള്ള പ്രത്യേകലക്ഷണം സംഖ്യാബാഹുല്യമല്ല, പരസ്പരമുള്ള തീക്ഷ്ണമായ സ്നേഹമാണ് എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നവരിലൂടെ ദൈവത്തിന്‍റെ പ്രവര്‍ത്തനം ഇപ്പോഴും മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.

ക്രിസ്തുവിന്‍റെ ശരീരത്തില്‍ ഓരോ വ്യക്തിയും വിശിഷ്ടവരം പ്രാപിക്കാത്ത വ്യക്തിയെങ്കില്‍പ്പോലും വിലപ്പെട്ടവനാണ്. അയാള്‍ ശരീരത്തിലെ ഒരു അവയവമായിരിക്കുന്നതിനാലാണ് വിലപ്പെട്ടവനായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ ഐക്യം സ്ഥാപിതമാകുന്നതിനുവേണ്ടി വരസിദ്ധികള്‍ കുറഞ്ഞ വ്യക്തികള്‍ക്ക് ദൈവം അധികമായ മാനം കല്‍പിക്കുന്നതായി ദൈവവചനം പറയുന്നു (1കൊരി. 12:24,25). സഭയില്‍ നാം ദൈവത്തിന്‍റെ ഈ ദൃഷ്ടാന്തം പിന്തുടരുകയും യാതൊരു വര സിദ്ധിയും ഇല്ലാത്തവരെപ്പോലും അവര്‍ താഴ്മയും ദൈവഭയവും ഉള്ളവരെങ്കില്‍ ബഹുമാനിക്കുകയുമാണ് ചെയ്യേണ്ടത്. ബാബിലോണ്യസഭയിലാകട്ടെ, ശ്രേഷ്ഠവരമുള്ള പ്രസംഗകനും ഗായകനും മാനസാന്തരപ്പെട്ട ബഹിരാകാശസഞ്ചാരിയും മാനിക്കപ്പെടുന്നു. എന്നാല്‍ ദൈവകൂടാരമാകുന്ന സഭയിലാകട്ടെ, ദൈവത്തെ ഭയപ്പെടുന്നവരെ നാം ബഹുമാനിക്കുന്നു (സങ്കീ. 15:1,4). ബാബിലോണും യെരൂശലേമും തമ്മില്‍ ഭൂമിയും സ്വര്‍ഗ്ഗവും പോലെയുള്ള വ്യത്യാസമാണ് ഉള്ളത്.

ഇന്ന് ബാബിലോണില്‍നിന്നു വിട്ടുപോരാനും യെരുശലേം പണിയുവാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (വെളി. 18:4).

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

22. സഭയും പീഡനവും

പുതിയനിയമവ്യവസ്ഥയിന്‍ കീഴില്‍ ദൈവം ചെയ്യുന്ന ഒരു പ്രത്യേക കാര്യത്തെപ്പറ്റി എഫേ. 3:10ല്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. അവിടുന്നു സ്വര്‍ല്ലോകങ്ങളിലെ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും തന്‍റെ ജ്ഞാനം സഭയിലൂടെ വെളിപ്പെടുത്തുവാനാഗ്രഹിക്കുന്നു. ഈ വാഴ്ചകളും അധികാരങ്ങളും രണ്ടാം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന സാത്താനും അവന്‍റെ ദുഷ്ടാന്മസേനകളുമാണെന്ന് എഫേ. 6:12ല്‍ നിന്നു നമുക്കു മനസ്സിലാക്കാം. മൂന്നാം സ്വര്‍ഗ്ഗത്തില്‍, അതായത് ദൈവത്തിന്‍റെ ഏറ്റവുമടുത്ത സാന്നിധ്യത്തില്‍നിന്നു പുറംതള്ളപ്പെട്ടശേഷം ഇതുവരെയും രണ്ടാം സ്വര്‍ഗ്ഗത്തിലാണ് ഇവര്‍ വസിക്കുന്നത്.

സകല മനുഷ്യടെയും മുമ്പില്‍ നാം ക്രിസ്തുവിന്‍റെ സാക്ഷികളായിരിക്കേണ്ടതാണെന്ന് നമുക്കറിയാം. എന്നാലിവിടെ ദുഷ്ടാത്മസമൂഹത്തിനും നാം ഒരു സാക്ഷ്യം നല്‍കുവാനുള്ളതായി പ്രസ്താവിച്ചിരിക്കുന്നു. ഈ സാക്ഷ്യം എന്താണ്? ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനത്തെക്കുറിച്ചുള്ള ഒരു സാക്ഷ്യമത്രേ ഇത് (എഫേ. 3:10). തന്‍റെ പരിപൂര്‍ണ്ണജ്ഞാനത്തിനനുസൃതമായി നമ്മുടെ ജീവിതത്തിലെ സകലകാര്യങ്ങളും ദൈവം നിയന്ത്രിക്കുന്നുവെന്നുള്ള സന്തോഷപൂര്‍ണ്ണമായ സാക്ഷ്യമാണിത്. ഉയരത്തില്‍ നിന്നുള്ള ജ്ഞാനത്തില്‍ പങ്കാളികളായിത്തീര്‍ന്ന ജീവിതങ്ങള്‍ക്കു മാത്രമേ ഈ സാക്ഷ്യം നല്‍കുവാന്‍ കഴിയൂ.

ഇയ്യോബ് തന്‍റെ ജീവിതം മുഖേന സാത്താനു നല്‍കിയ സാക്ഷ്യത്തെപ്പറ്റി ഇയ്യോബിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു. ലോകത്തിലെല്ലാം സഞ്ചരിച്ചശേഷം സാത്താന്‍ ദൈവസന്നിധിയില്‍ ചെന്നപ്പോള്‍ തന്‍റെ ദാസനായ ഇയ്യോബിന്‍റെ നീതിനിഷ്ഠ അവന്‍ ഗ്രഹിച്ചിട്ടുണ്ടോ എന്നു ദൈവം ചോദിച്ചു (ഇയ്യോ. 1:8). ദൈവം ഇയ്യോബിനു ചുറ്റും കെട്ടിയിട്ടുള്ള മൂന്നു വേലികള്‍ കാരണമാണ് അദ്ദേഹം ദൈവത്തെ ഭയപ്പെടുന്നത് എന്നായിരുന്നു സാത്താന്‍റെ മറുപടി. ഇയ്യോബിനു ചുറ്റും മൂന്നു വേലികള്‍ ഉള്ളതായി സാത്താന്‍ ഗ്രഹിച്ചിരുന്നു. ഒന്ന് അദ്ദേഹത്തിന്‍റെ ജീവനു ചുറ്റും, മറ്റേത് അദ്ദേഹത്തിന്‍റെ കുടുംബത്തിനു ചുറ്റും, മൂന്നാമത്തേത് അദ്ദേഹത്തിന്‍റെ വസ്തുവകകള്‍ക്കു ചുറ്റും. യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ചുറ്റും ദൈവം കെട്ടിയിട്ടുള്ള ഈ വേലികളെപ്പറ്റി പല വിശ്വാസികള്‍ക്കും അറിവില്ല. ലൂക്കോ. 14:16-33 വാക്യങ്ങളില്‍ വിവരിച്ചിട്ടുള്ള ശിഷ്യത്വത്തിന്‍റെ മുമ്മടങ്ങായ വ്യവസ്ഥകള്‍ പാലിക്കുന്ന എല്ലാ വിശ്വാസികളുടെയും ചുറ്റുമായി ഈ മുമ്മടങ്ങായ വേലി ദൈവം നിര്‍മ്മിച്ചിട്ടുണ്ട്.

എന്നാല്‍ ഇയ്യോബിന്‍റെ പുസ്തകത്തിലെ തുടര്‍ന്നുള്ള ഭാഗത്ത്, അദ്ദേഹത്തിന്‍റെ വസ്തുവകകള്‍, കുടുംബം, ജീവന്‍ എന്നിവയെ ആക്രമിക്കുമാറ് ദൈവം ഈ വേലികള്‍ ഓരോന്നായി സാത്താനായി തുറന്നു കൊടുത്തതിനെപ്പറ്റി നാം വായിക്കുന്നു. ഇയ്യോബിന്‍റെ സ്വഭാവശ്രേഷ്ഠത സാത്താനു കാണിച്ചു കൊടുക്കുവാനാണ് ദൈവം ഇപ്രകാരം ചെയ്തത്.

മുന്‍കൂട്ടി ദൈവത്തിന്‍റെ അനുവാദം ലഭിക്കാതെ സാത്താന് ഒരു ക്രിസ്തു ശിഷ്യനുള്ള യാതൊന്നിനെയും തൊടുവാന്‍ സാധ്യമല്ലെന്ന് ഇവിടെ നാം മനസ്സിലാക്കുന്നു. ഇതു നാം ഉറപ്പായി ധരിച്ചിരിക്കേണ്ട ഒരു വസ്തുതയാണ്. ഇനി വരാന്‍ പോകുന്ന നാളുകളില്‍ ഈ ധാരണ പ്രത്യേകിച്ചും ആവശ്യമാണ്. ആദിമശതകങ്ങളിലെന്നപോലെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സഭ ആസന്നഭാവിയില്‍ പീഡനങ്ങള്‍ അനുഭവിക്കാനിടയാകും. ഈ പീഡനകാലം ആരംഭിക്കുന്നതിനുമുമ്പ് മുന്‍പറഞ്ഞ വേലികളുടെ കാര്യം നാം ഉറപ്പായി ധരിച്ചിരിക്കേണ്ടത് ആവശ്യമത്രേ.

ഇയ്യോബിന്‍റെ ഭാര്യയും അദ്ദേഹത്തിന്‍റെ സ്നേഹിതന്മാരും അദ്ദേഹത്തെ തെറ്റിദ്ധരിക്കയും വിമര്‍ശിക്കയും ചെയ്തതുപോലെ നമ്മുടെ ബന്ധുജനങ്ങളും മതഭക്തരായ സ്നേഹിതന്മാരും നമ്മെ തെറ്റിദ്ധരിക്കാനും വിമര്‍ശിക്കാനും ഇടയാകും.

തന്‍റെ പരീക്ഷണഘട്ടത്തില്‍ ഇയ്യോബ് സ്വയം താഴ്ത്തി ഇപ്രകാരം പറഞ്ഞു: “നഗ്നനായി ഞാന്‍ അമ്മയുടെ ഉദരത്തില്‍ നിന്നു പുറപ്പെട്ടു വന്നു; നഗ്നനായിത്തന്നെ ഞാന്‍ മടങ്ങിപ്പോകും. ദൈവം തന്നു; ദൈവം എടുത്തു; ദൈവത്തിന്‍റെ നാമം മഹത്വപ്പെടുമാറാകട്ടെ” (ഇയ്യോ. 1:21). തനിക്കുള്ളതെല്ലാം ദൈവത്തിന്‍റെ വകയാണെന്നും അവയെ തരാനെന്നതുപോലെ തിരിച്ചെടുക്കാനും ദൈവത്തിന് അവകാശമുണ്ടെന്നും ഇയ്യോബ് മനസ്സിലാക്കിയിരുന്നു. ഒരു യഥാര്‍ത്ഥ ശിഷ്യന്‍റെ മനോഭാവമാണിത്. ദൈവത്തിന്‍റെ ദാനങ്ങള്‍ അവിടുന്നു തിരിച്ചെടുക്കുമ്പോള്‍ അതു കൂടുതല്‍ വലിയ ഒരനുഗ്രഹമാണെന്നും യഥാര്‍ത്ഥശിഷ്യന്മാര്‍ മനസ്സിലാക്കും. നമ്മുടെ ശിഷ്യത്വത്തെ ശോധനചെയ്യുന്ന ഉരകല്ലായി ഇതിനെ കരുതാം.

ഇയ്യോബിന്നു ഈ ധീരമായ നിലപാടില്‍ അവസാനം വരെയും ഉറച്ചുനില്‍ക്കുവാന്‍ സാധിക്കാതെപോയി എന്നതാണ് ദുഃഖകരമായ വസ്തുത. പീഡനങ്ങളുടെ നിരന്തര സമ്മര്‍ദ്ദത്തിന്‍ കീഴില്‍ കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം തളര്‍ന്നു പോകയും ദൈവത്തിനെതിരായി പരാതിപ്പെടുവാനാരംഭിക്കയും ചെയ്തു. പഴയനിയമ വ്യവസ്ഥയില്‍പ്പെട്ട ആളുകളുടെ അനുഭവമത്രേ ഇത്.

എന്നാല്‍ എബ്രാ. 11:40ല്‍ പറഞ്ഞിട്ടുള്ളപ്രകാരം പുതിയനിയമ വ്യവസ്ഥയനുസരിച്ച് ദൈവം അധികം നല്ലതായ ഒന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. എബ്രാ. 12:1-3 വാക്യങ്ങളില്‍ യേശു അവസാനത്തോളം വിജയപൂര്‍വ്വം ഉറച്ചുനിന്നതായി വിവരിച്ചിട്ടുള്ളതുപോലെ ഉറച്ചു നില്‍പാന്‍ നമുക്കും സാധ്യമാണ്.

ഇന്നു നാം ഇയ്യോബിനെയല്ല, യേശുവിനെത്തന്നെ പിന്തുടരുന്നവരാണ്. നമുക്കു വരുന്ന പീഡനം എന്തുതന്നെയാകട്ടെ, ദൈവകൃപയിലാശ്രയിച്ച് അവസാനത്തോളം ഉറച്ചുനില്‍പാനും സാത്താന്‍റെ മുമ്പില്‍ സാക്ഷ്യം വഹിപ്പാനും നമുക്കു കഴിയും. ഇയ്യോബിനെ വിമര്‍ശിക്കുവാന്‍ നമുക്കു സാധ്യമല്ല. ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കപ്പെടുന്നതിനും കൃപയും പരിശുദ്ധാത്മദാനവും വരുന്നതിനും ദൈവവചനം എഴുതപ്പെടുന്നതിനും മുമ്പുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരുവനാണ് അദ്ദേഹം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്‍റെ പരിമിതികളാലോചിക്കുമ്പോള്‍ അദ്ദേഹം എറ്റവും ശ്ലാഘനീയമായി ജീവിച്ചുവെന്നു പറയാം. അതിനാല്‍ ദൈവം മൂന്നു പ്രാവശ്യം അദ്ദേഹത്തെ പ്രശംസിച്ചു സംസാരിക്കുന്നുണ്ട് (ഇയ്യോ. 1:8;2:3;42:7).

എന്നാല്‍ നമുക്കാകട്ടെ, ദൈവഭക്തിയുടെ മര്‍മ്മം വെളിപ്പെട്ടിരിക്കുന്നു. ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടു, ആത്മാവില്‍ നീതീകരിക്കപ്പെട്ടു (പരിശുദ്ധാത്മാവ് അവിടുത്തെ നീതിമാനെന്നു പ്രഖ്യാപിച്ചു). ദൂതന്മാര്‍ ഈ എല്ലാ പീഡനങ്ങളിലും അവിടുത്തെ വിശുദ്ധിയുള്ളവനായിക്കണ്ടു ഇതാണ് ഈ മര്‍മ്മം (1തിമോ. 3:16). ഇപ്പോള്‍ ദൂതന്മാരുടെ മുമ്പില്‍ ഈ സത്യത്തിനു സാക്ഷ്യം വഹിക്കുവാന്‍ ദൈവം നമ്മെ നിയോഗിച്ചിരിക്കുകയാണ് (1കൊരി. 4:9).

യേശു പീഡനത്തിന്‍റെ സര്‍വകലാശാലയില്‍ പഠിച്ചു പാസ്സാവുകയും പരിപൂര്‍ണ്ണാനുസരണത്തിന്‍റെ സര്‍ട്ടിഫിക്കറ്റു നേടുകയും ചെയ്തു. ഇന്ന് അതേ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുസരണം പഠിപ്പിക്കുന്ന അധ്യാപകനാണ് അവിടുന്ന് (എബ്രാ. 5:8,9). ഇവിടെ പഴയനിയമ വ്യവസ്ഥയിലുള്ളപോലെ ‘നീ ചെയ്യണം’ എന്നനുശാസിക്കുന്ന നിര്‍ബ്ബന്ധമില്ല. എന്നാല്‍ ദൈവാത്മാവും മണവാട്ടിയും ‘വരിക, ഈ സര്‍വകലാശാലയില്‍ ചേരുക’ എന്നു നമ്മെ ക്ഷണിക്കുന്നുണ്ട്. ഇവിടെച്ചേര്‍ന്നു പഠിക്കാതെ ഒരു ശിഷ്യനാകുവാന്‍ ആര്‍ക്കും സാധ്യമല്ല. ശിഷ്യന്മാരെ പരിശീലിപ്പിക്കുന്ന ഏകസ്ഥലം ഇതു മാത്രമാണ്.

“ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടമുണ്ട്”, യേശു ശിഷ്യന്മാരോടു പറഞ്ഞു, “എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”. ലോകത്തെയും അതിന്‍റെ പ്രഭുവായ സാത്താനെയും യേശു ജയിച്ചതുപോലെ നമുക്കും ജയിപ്പാന്‍ സാധ്യമാണ്.

ഇന്നു യേശുവിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്. അവിടുത്തെ പിന്തുടരുന്നവര്‍ ചുരുക്കവുമാണ്. നാം യേശുവിന്‍റെ ശിഷ്യന്മാരാണെന്നുള്ളതിന്‍റെ വ്യക്തവും തെറ്റിക്കൂടാത്തതുമായ ഏക തെളിവ് ലോകം നമ്മെ വെറുക്കുന്നു എന്നതാണ്. “അവര്‍ എന്നെ ഉപദ്രവിച്ചുവെങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും”, എന്ന് യേശു പറഞ്ഞിട്ടുണ്ട് (യോഹ. 15:19,20). ക്രിസ്തുശിഷ്യന്മാരുടെ രണ്ടാമത്തെ അടയാളം തങ്ങളെ വെറുക്കുന്നവരെ സ്നേഹിക്കുക എന്നതാണ് (മത്താ. 5:4448). ദൈവികസത്യം കേള്‍പ്പാന്‍ ചെവിയുള്ള എല്ലാവര്‍ക്കും ഈ രണ്ടു തെളിവുകളാല്‍ തങ്ങള്‍ ശിഷ്യരാണോ അല്ലയോ എന്ന സത്യം കണ്ടെത്തുവാന്‍ കഴിയും.

ലൗകികരായ ആളുകളും പൂര്‍ണ്ണഹൃദയത്തോടെ യേശുവിനു ശിഷ്യരായിട്ടില്ലാത്ത മതഭക്തന്മാരും നിങ്ങളെ അംഗീകരിക്കയും പിന്താങ്ങുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഒത്തുതീര്‍പ്പുകാരനാണെന്ന കാര്യം തീര്‍ച്ചയാണ്. ഒരു പക്ഷേ നിങ്ങള്‍ മാനസാന്തരപ്പെട്ടിട്ടില്ലാത്ത ഒരുവനാണെന്നു വരാനും സാധ്യതയുണ്ട്.

ലോകം എന്തുകൊണ്ട് യേശുവിനെ വെറുത്തു? അവിടുന്നു നികുതി കൊടുക്കുകയും ശിഷ്യന്മാരുടെ കാലുകള്‍ കഴുകുകയും ചെയ്തതുകൊണ്ടാണോ? അവിടുന്നു ഒരു വിശുദ്ധജീവിതം നയിച്ചതുകൊണ്ടാണോ? ഇതൊന്നുമല്ല കാരണം. താന്‍ വായ് തുറന്ന് ഈ ലോകത്തിന്‍റെ തിന്മ കലര്‍ന്ന വഴികളെ അനാവരണം ചെയ്തതു കൊണ്ടാണ് ലോകം തന്നെ വെറുത്തതെന്ന് കര്‍ത്താവുതന്നെ പറഞ്ഞിട്ടുണ്ട് (യോഹ. 7:7). കപടഭക്തിയെ അവിടുന്ന് നിര്‍ദ്ദയം വെളിച്ചത്തുകൊണ്ടുവന്നതുമൂലം കപടഭക്തന്മാര്‍ അവിടുത്തെ വെറുത്തു. ദൈവജനങ്ങള്‍ക്കിടയിലുള്ള വചനവിരുദ്ധമായ പാരമ്പര്യങ്ങളെ വിമര്‍ശിച്ചതുമൂലം പാരമ്പര്യവാദികള്‍ അവിടുത്തെ വെറുക്കുവാനിടയായി. യേശു സംസാരിച്ചതുപോലെ തന്നെ നാമും വായ് തുറന്ന് ഈ വക കാര്യങ്ങള്‍ സംസാരിക്കുന്നപക്ഷം നമ്മുടെ ഗതിയും അതു തന്നെ. നേരേമറിച്ച് നാം മനുഷ്യരുടെയും മതഭക്തരായ പ്രമാണിമാരുടെയും പ്രശംസ അന്വേഷിച്ചുകൊണ്ട് മൗനം അവലംബിച്ചാല്‍ നാം ജനസമ്മതിയുള്ളവരായിത്തീരും. താന്‍ പോകേണ്ട വഴിയേതെന്ന് ഓരോരുത്തരും നിശ്ചയിച്ചുകൊള്ളട്ടെ.

സാത്താനു ചിലരുടെ നേരേ വലിയ ക്രോധമുള്ളതായി വെളി. 12ല്‍ നാം വായിക്കുന്നു. സ്ത്രീ (യിസ്രായേല്‍ ജനം) പ്രസവിച്ച ആണ്‍കുട്ടിയെ (യേശുവിനെ) വിഴുങ്ങിക്കളയുവാന്‍ അവന്‍ ആദ്യം ശ്രമിച്ചു. എന്നാല്‍ അതിലവന്‍ പരാജയപ്പെട്ടു. ആണ്‍കുട്ടി വളര്‍ന്ന് തന്‍റെ ശുശ്രൂഷ നിറവേറ്റിയശേഷം ദൈവസിംഹാസനത്തിനടുത്തേക്ക് കയറിപ്പോയി (വെളി. 12:4,5). ഇപ്പോള്‍ സാത്താന്‍റെ ക്രോധം ആ ആണ്‍കുട്ടിയുടെ ഇളയ സഹോദരന്മാരുടെ നേരെയാണ്. ഇവരെപ്പറ്റി ആ ഭാഗത്തു വിവരിച്ചിട്ടുള്ള വാക്കുകള്‍ ശ്രദ്ധിക്കുക: “ദൈവകല്‍പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം ഉള്ളവരും” (വെളി. 12:17). ദൈവകല്‍പനകള്‍ പൂര്‍ണ്ണമായി അനുസരിക്കുകയും യേശുവിന്‍റെ സാക്ഷ്യം മുറുകെപ്പിടിക്കുകയുമാണ് ശിഷ്യന്മാരുടെ ലക്ഷണം. അവര്‍ വായ് തുറന്നു യേശു സ്വയം സാക്ഷീകരിച്ചതെല്ലാം സംസാരിക്കുന്നവരാണ്. ഇതാണ് യേശുവിന്‍റെ സാക്ഷ്യം. ഇന്ന് ഇത്തരക്കാര്‍ ഭൂമിയില്‍ വളരെ വളരെ കുറവാണ്. കാരണം, ദൈവകല്‍പനകള്‍ പൂര്‍ണ്ണമായി അനുസരിക്കുന്ന വളരെ കുറച്ചു സഭകളേ ഇന്നു ഭൂമുഖത്തുള്ളു.

വെളി. 12ല്‍ ഈ യുഗത്തിന്‍റെ അന്തിമദിനങ്ങളെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. അന്ന് യേശു വരുന്നതിനു തൊട്ടുമുമ്പുള്ള മൂന്നര വര്‍ഷക്കാലത്തേക്കു സാത്താനെ രണ്ടാം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കു തള്ളിക്കളയും (വാ. 9). അന്നു ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം മുറുകെപ്പിടിക്കുന്നവരും സാത്താനെ ജയിക്കുന്നവരുമായ ആളുകള്‍ ഭൂമിയില്‍ ഉണ്ടായിരിക്കും (വാ. 11). അവര്‍ ദൈവത്തിന്‍റെ കമാന്‍ഡോകളാണ് (തിരഞ്ഞെടുക്കപ്പെട്ട സേനാവ്യൂഹം). അതിലൊരാളാകുക എന്നത് വലിയൊരു പദവിയും ബഹുമതിയുമായിരിക്കും. അവരില്‍ ഭൂരിപക്ഷത്തിനും യേശുവിനുവേണ്ടി തങ്ങളുടെ ജീവന്‍ വച്ചു കൊടുക്കേണ്ടിവരും. എതിര്‍ക്രിസ്തുവിനു യേശുവിന്‍റെ ശിഷ്യന്മാരെ കൊല്ലുവാന്‍ അനുമതി ലഭിക്കുമെന്ന് വെളി. 13:7ല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വേലി തുറന്നുകൊടുക്കുന്നത് ദൈവമാണെന്ന് നാമോര്‍ത്തുകൊള്ളണം. അല്ലാത്തപക്ഷം ആര്‍ക്കും നമ്മെ തൊടുവാന്‍ സാധ്യമല്ല. ഇതുകൊണ്ടാണ് നാം നിര്‍ഭയരായിരിക്കുന്നത്. “എന്നെ സംബന്ധിച്ച എല്ലാ വിശദവിവരങ്ങളും ദൈവം അറിയുന്നു,” എന്ന് ഇയ്യോബ് പറഞ്ഞു (ഇയ്യോ. 23:10). പുതിയനിയമപ്രകാരം നമുക്കു കുറേക്കൂടി കടന്ന് “എന്‍റെ എല്ലാ കാര്യങ്ങളും ദൈവം പ്ലാന്‍ ചെയ്യുന്നു,” എന്നു പറയാന്‍ കഴിയും. ഇതാണ് റോമര്‍ 8:28ന്‍റെ അര്‍ത്ഥം. ഈ ഘട്ടത്തിലും നമ്മുടെ കഴിവുകള്‍ക്കപ്പുറമായി പരീക്ഷിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുകയില്ല. ഏതു പീഡനത്തിലും നമുക്കു ജയിക്കുവാനും പാപം ചെയ്കയോ തന്നെ തള്ളിപ്പറകയോ ചെയ്യാതിരിപ്പാനുമുള്ള ഒരു രക്ഷാമാര്‍ഗ്ഗം അവിടുന്ന് തുറന്നു തരും (1കൊരി. 10:13). എല്ലായ്പ്പോഴും അവിടുത്തെ കൃപ മതിയായതെന്ന് തെളിയും (2കൊരി. 12:9). അതുകൂടാതെ നമുക്കാര്‍ക്കും ഉറച്ചുനില്‍പാന്‍ സാധ്യമല്ല. സ്വതേ ധീരന്മാരായവരല്ല, പിന്നെയോ സ്വതേ ഭയശീലരും എന്നാല്‍ തങ്ങളെ ശക്തിപ്പെടുത്തുവാന്‍ കര്‍ത്താവില്‍ ആശ്രയം വയ്ക്കുന്നവരുമായിരിക്കും അന്ന് ഉറച്ചു നില്‍ക്കുന്നത്.

എതിര്‍ക്രിസ്തുവിന്‍റെ ആ വാഴ്ചക്കാലം വലിയ പീഡനത്തിന്‍റെ ദിവസങ്ങളായിരിക്കും. എന്നാല്‍ തന്‍റെ വൃതന്മാര്‍ക്കുവേണ്ടി അതിന്‍റെ കാലദൈര്‍ഘ്യം കുറയ്ക്കപ്പെടുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 24:21,22). അതിനാല്‍ യേശുവിന്‍റെ വൃതന്മാര്‍ അതായത് സഭ ഈ കാലഘട്ടത്തില്‍ സാക്ഷ്യം വഹിച്ചും കര്‍ത്താവിനുവേണ്ടി ഉറച്ചു നിന്നും കൊണ്ട് ഭൂമിയില്‍ ഉണ്ടായിരിക്കുമെന്ന കാര്യം വ്യക്തമാണ്. യേശു പറഞ്ഞു, “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ …. മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അവന്‍ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടുകൂടെ അയയ്ക്കും; അവര്‍ അവന്‍റെ വൃതന്മാരെ കൂട്ടിച്ചേര്‍ക്കും” (മത്താ. 24:29-31). യേശു ഇവിടെ പരാമര്‍ശിച്ച കാഹളം 1തെസ്സ. 4:16,17 വാക്യങ്ങളില്‍ പറയുന്നതുതന്നെയാണ്. അപ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ക്കും. അവര്‍ ജീവിച്ചിരുന്ന ശിഷ്യന്മാരോടൊപ്പം കര്‍ത്താവിനെ മേഘങ്ങളില്‍ എതിരേല്‍പാന്‍ എടുക്കപ്പെടും. സഭയുടെ ഈ ഉല്‍പ്രാപണം (rapture) മഹാപീഡനകാലത്തിനു ശേഷമായിരിക്കുമെന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്താവിന്‍റെ ആ രണ്ടാം വരവില്‍ നാം അവിടുത്തെ എതിരേല്‍ക്കും. അനന്തരം നാം തന്നോടൊപ്പം ആയിരം വര്‍ഷം വാഴുവാനായി ഭൂമിയിലേക്കു തിരികെ വരും. ദൈവവചനം വ്യക്തമാണ്. മൃഗത്തെയോ അവന്‍റെ പ്രതിമയെയോ നമസ്കരിക്കാത്തവരും നെറ്റിമേലോ കൈമേലോ അവന്‍റെ മുദ്ര ധരിക്കാത്തവരുമാണ് ഇപ്രകാരം വാഴുന്നത് (വെളി. 20:4). ഇതില്‍നിന്നും ക്രിസ്തുവിന്‍റെ കാന്തയായിത്തീരുന്ന ജയാളികള്‍ എതിര്‍ക്രിസ്തുവിന്‍റെ വാഴ്ചക്കാലത്ത് കര്‍ത്താവിനോടു വിശ്വസ്തത പാലിച്ചുകൊണ്ട് ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നുള്ള വസ്തുത തെളിയുന്നു.

സഭയ്ക്കെതിരായി സാത്താനാല്‍ പ്രേരിതരായിത്തീരുന്ന മനുഷ്യരില്‍ നിന്നും സംഭവിക്കുന്ന ഒന്നാണ് പീഡനം. അഭക്തര്‍ക്കുവേണ്ടി സംഗ്രഹിച്ചുവച്ചിട്ടുള്ള ദൈവകോപത്തില്‍ നിന്നും ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതാണ്. ദൈവകോപത്തെ നാം നേരിടേണ്ടതില്ല. എന്നാല്‍ മനുഷ്യരില്‍ നിന്നുള്ള മഹാപീഡനത്തെ നമുക്കു നേരിട്ടേ മതിയാവൂ. പഴയനിയമവ്യവസ്ഥയില്‍ ദൈവജനങ്ങള്‍ക്കുള്ള അനുഗ്രഹം സമ്പത്തും സൗഖ്യവും ആയിരുന്നു. എന്നാല്‍ പുതിയനിയമവ്യവസ്ഥയില്‍ ആപത്തും ദുഃഖവും പീഡനവുമാണു ദൈവാനുഗ്രഹം. യേശു മരണത്തെ അഭിമുഖീകരിച്ചപ്പോള്‍ “പിതാവേ, ഈ നാഴികയില്‍ നിന്ന് എന്നെ രക്ഷിക്കണമേ,” എന്നു പ്രാര്‍ത്ഥിച്ചില്ല. നേരേമറിച്ച്, “പിതാവേ, നിന്‍റെ നാമത്തെ മഹത്വീകരിക്കണമേ,” എന്നാണ് അവിടുന്നു പ്രാര്‍ത്ഥിച്ചത് (യോഹ. 12:27,28). “പിതാവേ, എന്നെ കഷ്ടതയില്‍ നിന്നു രക്ഷിക്കണമേ,” എന്നതാണ് വേശ്യാസഭയുടെ പ്രാര്‍ത്ഥന. എന്നാല്‍ കാന്തയുടെ പ്രാര്‍ത്ഥനയാകട്ടെ, “പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തണമേ,” എന്നായിരിക്കും. നാം പീഡനങ്ങളില്‍ ആനന്ദിക്കുന്നു. വളരെയേറെ കഷ്ടതയില്‍ക്കൂടി മാത്രമേ നാം ദൈവരാജ്യത്തില്‍ കടക്കുകയുള്ളു.

തന്‍റെ ശിഷ്യന്മാരായ നമ്മെ ലോകത്തില്‍ നിന്ന് എടുക്കണമെന്നല്ല, പാപത്തില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളണമെന്നാണ് യേശു പ്രാര്‍ത്ഥിച്ചത് (യോഹ. 17:15). പീഡനത്തില്‍ നിന്നു രക്ഷപെടുവാന്‍ വേണ്ടി തന്‍റെ കാന്ത ദൈവസന്നിധിയിലേക്കു എടുക്കപ്പെടണമെന്ന് യേശു ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

ക്രിസ്തു രഹസ്യമായി വന്ന് എല്ലാ വിശ്വാസികളെയും അവര്‍ മഹാ പീഡനത്തില്‍ അകപ്പെടാതവണ്ണം എടുത്തുകൊള്ളും എന്നിങ്ങനെ ആദ്യകാല അപ്പൊസ്തലന്മാരുടെ കാലത്തു അറിയപ്പെട്ടിട്ടില്ലാത്ത ഒരു ഉപദേശം ഏതാണ്ടു 150 വര്‍ഷം മുമ്പ് ക്രൈസ്തവലോകത്തില്‍ പ്രചരിക്കുവാനാരംഭിച്ചു. മനുഷ്യരില്‍ നിന്നുള്ള പീഡനം ദൈവത്തിന്‍റെ ഒരു ശിക്ഷയാണെന്നു തോന്നിക്കുമാറുള്ള ഒരുപദേശമാണിത്. ക്രിസ്ത്യാനികള്‍ പീഡനം അനുഭവിച്ചിരുന്ന ദേശങ്ങളിലല്ല, പിന്നെയോ ശതാബ്ദങ്ങളായി യാതൊരു പീഡനവും ഉണ്ടാകാതിരുന്ന പാശ്ചാത്യനാടുകളിലാണ് ഈ ഉപദേശം ഉയര്‍ന്നുവന്നത്. ഈ ഉപദേശത്തിനു യോജിക്കുമാറ് തിരുവെഴുത്തുകളും ഇതിന്‍റെ ഉപജ്ഞാതാക്കള്‍ കോട്ടിക്കളഞ്ഞു. പീഡനത്തിന്‍െ കാറ്റ് തങ്ങളുടെമേല്‍ ആഞ്ഞടിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ ഒരുക്കമില്ലാത്തവരായിത്തീരുമാറ് അവരെ ഒരു തെറ്റായ സ്വയം സംതൃപ്തിയില്‍ മുഴുകിക്കുവാന്‍ ഇതുമൂലം സാത്താനു സാധിച്ചു.

പീഡനത്തില്‍ നിന്നു ഒഴിവാകുന്നതിനെക്കുറിച്ചുള്ള ഈ ഉപദേശത്തെ ലോകത്തിലുടനീളമുള്ള വിശ്വാസികളുടെ വിപുല സമൂഹങ്ങള്‍ സസന്തോഷം സ്വീകരിച്ചു. “കര്‍ത്താവേ, എന്‍റെ ഇഹലോകജീവിതം സന്തോഷപൂര്‍ണ്ണമാക്കേണമേ,” എന്ന തരത്തിലുള്ളതാണല്ലോ അടിസ്ഥാനപരമായി മിക്ക ക്രിസ്ത്യാനികളുടെയും പ്രാര്‍ത്ഥന. എന്നാല്‍ പീഡനത്തില്‍ നിന്നോ ഉപദ്രവത്തില്‍ നിന്നോ രക്ഷപ്പെടുന്നതില്‍ ഒരു മേന്മയും അടങ്ങിയിട്ടില്ല എന്ന സത്യം യേശുവിന്‍റെ ഉപദേശം ശരിയായി ഗ്രഹിച്ചിട്ടുള്ളവര്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. തന്‍റെ ശിഷ്യന്മാര്‍ക്കു ലോകത്തില്‍ പീഡനയും കഷ്ടതയും ഉണ്ടാകുമെന്ന കാര്യം കര്‍ത്താവ് അവരെ പലപ്പോഴും ഓര്‍മിപ്പിച്ചിരുന്നു.

എതിര്‍ക്രിസ്തുവിനെ നേരിടുവാന്‍ അര്‍ദ്ധമനസ്കരായ വിശ്വാസികളെ ഇവിടെ വിട്ടശേഷം യേശുക്രിസ്തു പൂര്‍ണ്ണഹൃദയത്തോടെ തന്നെ പിന്തുടരുന്നവരെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുകൊണ്ടുപോകുമെന്നു പഠിപ്പിക്കുന്ന ചിലരുണ്ട്. വിശ്വസ്തന്മാര്‍ക്കു ദൈവം നല്‍കുന്ന പ്രതിഫലമാണ് ഉപദ്രവങ്ങളില്‍ നിന്നുള്ള ഈ മോചനമെന്നാണല്ലോ അവരുടെ വിവക്ഷിതം. വിവേകമുള്ള ഒരു സേനാനായകനും ഒന്നാം കിടയില്‍പ്പെട്ട യോദ്ധാക്കളെ പിന്നില്‍ നിറുത്തിയശേഷം രണ്ടാം കിടക്കാരെ യുദ്ധരംഗത്തേക്കു നിയോഗിക്കുകയില്ല. തന്‍റെ ഏറ്റവും നല്ല പടയാളികളെക്കൊണ്ടു തനിക്കു ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയത്ത് അവരെ ദൈവം യുദ്ധരംഗത്തുനിന്നു പിന്‍വലിച്ചു കളയും എന്ന കാര്യം സങ്കല്‍പ്പിക്കുവാന്‍പോലും പ്രയാസം. എതിര്‍ക്രിസ്തുവിനോടു യുദ്ധം ചെയ്യുന്നവര്‍ ദൈവകല്‍പനകള്‍ പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം മുറുകെപ്പിടിക്കുന്നവരുമെന്നുള്ള വസ്തുത തിരുവെഴുത്തില്‍ വളരെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട് (വെളി. 12:17). ഇക്കൂട്ടര്‍ തീര്‍ച്ചയായും അര്‍ദ്ധമനസ്കരായ വിശ്വാസികളല്ല. നേരേമറിച്ച്, ജീവപുസ്തകത്തില്‍ പേരുള്ള ജയാളികളാണ് ഇവര്‍ (വെളി. 13:8;2:5). അര്‍ദ്ധമനസ്കരായ ക്രിസ്ത്യാനികളുടെ നേരെയല്ല, മറിച്ചു് പൂര്‍ണ്ണമനസ്കരുടെ നേരെയാണ് സാത്താന്‍ ക്രുദ്ധനായിത്തീരുന്നത്. ഇന്നു ദൈവത്തോടുള്ള പൂര്‍ണ്ണാനുസരണം പഠിപ്പിക്കുന്നവരോടു സാത്താന്‍ കോപിഷ്ഠനായിരിക്കുകയാണ്. ദൈവത്തിന്‍റെ എല്ലാ കല്‍പനകളും അനുസരിക്കുകയും അപ്രകാരമുള്ള അനുസരണം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് സാത്താന്‍റെ മുഖ്യ ആക്രമണലക്ഷ്യം. ഈ കാരണത്താലാണ് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പൗലോസ് എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിരുന്നത്. എന്തെന്നാല്‍ താന്‍ സാത്താന്‍റെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പൂര്‍ണ്ണാനുസരണം പഠിപ്പിക്കുന്ന ദൈവഭൃത്യന്മാരെ ദൈവം സംരക്ഷിക്കുവാന്‍ വേണ്ടി നാമും പ്രാര്‍ത്ഥിക്കേണ്ടതാവശ്യമാണ്.

ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഭയാനകമായ പീഡനം ഉയര്‍ന്നു വന്നപ്പോള്‍ ദൈവം അവരെ ആ പീഡനങ്ങളില്‍ നിന്ന് ഒഴിവാക്കിയില്ല. അധികാരികള്‍ അവരെ സിംഹങ്ങള്‍ക്ക് ഇരയാക്കുകയും കെട്ടിയിട്ട് ദഹിപ്പിക്കുകയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്മാര്‍ കൊല ചെയ്യപ്പെട്ട റോമന്‍ കൊലക്കളങ്ങളില്‍ നിന്ന് ദൈവം അവരെ എടുത്തുമാറ്റിയില്ല. ദാനിയേലിന്‍റെ കാലത്ത് സിംഹത്തിന്‍റെ വായ് അടയ്ക്കുകയും തീയുടെ ബലം കെടുത്തുകയും ചെയ്ത ദൈവം ആ ആദ്യ നൂറ്റാണ്ടുകളില്‍ യേശുക്രിസ്തുവിന്‍റെ പൂര്‍ണ്ണമനസ്കരായ ശിഷ്യന്മാര്‍ക്കുവേണ്ടി അത്തരം അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കാരണം തീയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന പുതിയനിയമ വിശ്വാസികളായിരുന്നു അവര്‍. യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനു മുമ്പുള്ള അവസാനനൂറ്റാണ്ടിലും ഇപ്രകാരം തന്നെയായിരിക്കും സംഭവിക്കുക. ദൈവത്തിന്‍റെ ഒന്നാം കിടയില്‍പ്പെട്ട പടയാളികള്‍ ആദ്യനൂറ്റാണ്ടില്‍ മരണം വരെയും അവിടുത്തോടു വിശ്വസ്തരായിത്തുടര്‍ന്നു. പന്ത്രണ്ടു ലെഗ്യോന്‍ ദൈവദൂതന്മാര്‍ വന്ന് എടുത്തുകൊണ്ടു പോകുമെന്ന് അവര്‍ പ്രതീക്ഷിക്കുകയോ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്തില്ല. തന്‍റെ പുത്രന്‍റെ കാന്തയെ സിംഹങ്ങള്‍ കടിച്ചു കീറുന്നതും കെട്ടിയിട്ടു ദഹിപ്പിക്കുന്നതും നോക്കി ദൈവം മിണ്ടാതിരുന്നു. അവരുടെ ആ സാക്ഷ്യം അവിടുത്തേക്ക് മഹത്വം കരേറ്റുകയും ചെയ്തു. എന്തെന്നാല്‍ കുഞ്ഞാട് പോകുന്നിടത്തൊക്കെയും, അതിക്രൂരമായ ശാരീരികമരണത്തില്‍പ്പോലും അവിടുത്തെ അനുഗമിക്കുന്നവരായിരുന്നു അവരെല്ലാം. യേശു അവരോടു സംസാരിച്ച ഏക വചനം ഇതായിരുന്നു: “മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവന്‍റെ കിരീടം നിനക്കു തരും”.

ഇപ്പോഴും ഇതു തന്നെയാണ് അവിടുന്നു നമ്മോടരുളിച്ചെയ്യുന്നത്. എന്നാല്‍ എതിര്‍ക്രിസ്തുവിന്‍റെ വരാന്‍പോകുന്ന ഭരണകാലത്ത് നാം വിശ്വസ്തരായിരിക്കണമെങ്കില്‍ ഇന്നു നമ്മെ അഭിമുഖീകരിക്കുന്ന ചെറിയ പീഡനങ്ങളിലും പരീക്ഷകളിലും നാം വിശ്വസ്തരായിത്തീരണം. ഈ കാരണത്താലാണ് രഹസ്യജീവിതത്തില്‍  ചിന്തകളിലും മനോഭാവങ്ങളിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും പണമിടപാടുകളിലും മറ്റും മറ്റും നാം വിശ്വസ്തത പരിശീലിക്കേണ്ടിയിരിക്കുന്നത്. ഇവ ചെറിയ കാര്യങ്ങളാണ്. എന്നാല്‍ ഈ അല്‍പത്തില്‍ നാം വിശ്വസ്തരാണെങ്കില്‍ മാത്രമേ ഒരിക്കല്‍ അധികത്തിലും വിശ്വസ്തത പാലിക്കാന്‍ നമുക്കു കഴിവുണ്ടാകുകയുള്ളു. ചെറിയ കാര്യങ്ങളില്‍ നാം അവിശ്വസ്തരായിത്തീര്‍ന്നാല്‍ പീഡനത്തിന്‍റെ ദിവസത്തിലും നാം അവിശ്വസ്തരായിത്തീരും. “കാലാളുകളോടു കൂടി ഓടീട്ട് നീ ക്ഷീണിച്ചു പോയാല്‍ കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിര്‍ഭയനായിരിക്കുന്നു; എന്നാല്‍ യോര്‍ദ്ദാന്‍റെ വന്‍കാട്ടില്‍ നീ എന്തു ചെയ്യും?” (യിരെ. 12:5). വേഗം സമീപിച്ചുകൊണ്ടിരിക്കുന്ന ആ ഭാവിദിനത്തില്‍ നമ്മെ തന്‍റെ കമാന്‍ഡോകളാക്കിത്തീര്‍ക്കുന്നതിനായി ഇന്നു നമ്മെ പരിശീലിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.              

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ആമേന്‍.

23. നാം വിശ്വസിക്കുന്ന സത്യം

66 പുസ്തകങ്ങളുള്ള ബൈബിള്‍ ദൈവവചനമാണ്. ഈ പുസ്തകത്തില്‍ കാണപ്പെടുന്ന സത്യമാണ് നാം വിശ്വസിക്കുന്നത് എന്നു മാത്രം പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു ലളിതമായ ഒരു വസ്തുതയാകുമായിരുന്നു. എന്നാല്‍ സാത്താന്‍റെയും മനുഷ്യരുടെയും കൗശലത്താല്‍ ദൈവവചനസത്യത്തില്‍ മായം കലര്‍ത്തി അതു ദുഷിപ്പിക്കപ്പെട്ടതുമൂലം ബൈബിള്‍ കൃത്യമായി എന്തു പഠിപ്പിക്കുന്നുവെന്നും നാം എന്തു വിശ്വസിക്കുന്നുവെന്നും വിശദമായി പ്രസ്താവിക്കേണ്ടത് ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടു കൂടാതെ കേവലം ബുദ്ധിപരമായ പഠനം കൊണ്ടു ദൈവവചനം മനസ്സിലാക്കുക സാധ്യമല്ല. ഈ വെളിപ്പാട് ദുരഭിമാനികളായ ബുദ്ധിജീവികള്‍ക്കല്ല, പിന്നെയോ ശിശുക്കള്‍ (വിനയശാലികള്‍) ക്കാണ് നല്‍കപ്പെടുന്നതെന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 11:25). യേശുവിന്‍റെ കാലത്തെ വേദ പണ്ഡിതന്മാര്‍ക്കു അവിടുത്തെ ഉപദേശം ഗ്രഹിപ്പാന്‍ കഴിയാഞ്ഞത് ഇതുകൊണ്ടത്രേ. ഇതേ കാരണത്താല്‍ തന്നെ ഇന്നത്തെ ബൈബിള്‍ പണ്ഡിതന്മാരില്‍ ഭൂരിഭാഗത്തിനും ഇതേ ഗതി തന്നെ സംഭവിച്ചിരിക്കുന്നു.

നമ്മെ തികഞ്ഞവരാക്കിത്തീര്‍ക്കുവാനാണ് തിരുവെഴുത്തുകള്‍ നല്‍കപ്പെട്ടിരിക്കുന്നതെന്നും ദൈവവചനം പറയുന്നു (2തിമോ. 3:16,17). ഈ ക്രിസ്തീയ പൂര്‍ണ്ണതയില്‍ താല്‍പര്യമില്ലാത്തവര്‍ക്കു ദൈവവചനം ശരിയായി ഗ്രഹിക്കുവാന്‍ സാധ്യമല്ല (യോഹ. 7:17). ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭമത്രേ. തന്നെ ഭയപ്പെടുന്നവര്‍ക്കാണ് ദൈവം തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് (സങ്കീ. 25:14, KJV).

ദൈവത്തെക്കുറിച്ചുള്ള സത്യം

ദൈവം ഏകനെന്നും ഈ ഏക ദൈവത്തില്‍ മൂന്നു ആളത്വങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും ബൈബിള്‍ പഠിപ്പിക്കുന്നു. സംഖ്യയെന്നത് ഭൗതികലോകത്തെ സംബന്ധിക്കുന്നതാകയാലും ദൈവം ആത്മാവായതിനാലും നമ്മുടെ പരിമിതമായ മനസ്സിന് ഈ സത്യം പൂര്‍ണ്ണമായി ഗ്രഹിപ്പാന്‍ സാധ്യമല്ല. എങ്കിലും ഈ സത്യം ബൈബിളിലെ ആദ്യത്തെ വാക്യം മുതല്‍ത്തന്നെ വ്യക്തമായിരിക്കുന്നു. ഉല്‍പ. 1:1ല്‍ ദൈവം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിട്ടുള്ള ‘ഏലോഹിം’ എന്ന എബ്രായപദം ഒരു ബഹുവചനനാമമാണ്. ഉല്‍പ. 1:26ല്‍ ‘നാം’, ‘നമ്മുടെ’ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുള്ളിടത്തും ഈ സത്യം നാം കാണുന്നു. പുതിയനിയമത്തില്‍ ഈ ദൈവികസത്യം കൂടുതല്‍ പൂര്‍ണ്ണമായി പ്രകാശിക്കുന്നു. യേശുവിന്‍റെ സ്നാനം വിവരിക്കുന്ന ഭാഗത്തു പിതാവ് (സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശബ്ദം), പുത്രന്‍ (യേശുക്രിസ്തു), പരിശുദ്ധാത്മാവ് (പ്രാവിന്‍റെ രൂപത്തില്‍) എന്നീ മൂവരും സന്നിഹിതരാണല്ലോ. ക്രിസ്തീയ സ്നാനത്തിലും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിക്കണമെന്നു കര്‍ത്താവ് വ്യക്തമായി കല്‍പിച്ചിരിക്കുന്നു. പുത്രന്‍ കര്‍ത്താവായ യേശുക്രിസ്തുവാണെന്ന് അപ്പൊ. 2:38 വ്യക്തമാക്കുകയും ചെയ്യുന്നു.

ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം

യേശുക്രിസ്തു നിത്യത മുതല്‍ തന്നെ ദൈവമാണെന്നും പിതാവിനോടു സമത്വമുള്ളവനാണെന്നും ലോകത്തിലേക്കു വന്നപ്പോള്‍ അവിടുന്ന് ആ സമത്വം സ്വയം വെടിഞ്ഞുവെന്നും തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു (യോഹ. 1:1; ഫിലി. 2:6,7). ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവനാകയാലും (യാക്കോ. 1:13) എന്നാല്‍ യേശു പരീക്ഷിതനായെന്നു നമുക്ക് അറിവുള്ളതിനാലും (മത്താ. 4:110), യേശു ലോകത്തിലേക്കു വന്നപ്പോള്‍ ദൈവമെന്ന നിലയില്‍ തനിക്കുണ്ടായിരുന്ന പദവികളും വിശേഷാധികാരങ്ങളും അവിടുന്ന് ഉപേക്ഷിച്ചുവെന്നുള്ളതു വ്യക്തമാണ്. യേശു സകലത്തിലും തന്‍റെ സഹോദരന്മാരോടു തുല്യനായിത്തീര്‍ന്നുവെന്ന് എബ്രാ. 2:17ല്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ആദാമ്യസന്തതികളോടു തുല്യനായിട്ടല്ല യേശു തീര്‍ന്നത്. അങ്ങനെയെങ്കില്‍ മറ്റെല്ലാ മനുഷ്യരെയുംപോലെ ഒരു ‘പഴയ മനുഷ്യന്‍’ അവിടുത്തേക്കുണ്ടാകുമായിരുന്നു. (‘പഴയ മനുഷ്യന്‍’ എന്നു ബൈബിളില്‍ കാണുന്ന പദപ്രയോഗത്തെ നിര്‍ഭാഗ്യവശാല്‍ പലരും ‘പാപസ്വഭാവ’മെന്നു വ്യവഹരിക്കുന്നു.) യേശു ഒരു മാനുഷികപിതാവില്ലാതെ പരിശുദ്ധാത്മാവിനാല്‍ ഉല്‍പാദിതനാകയും അതിനാല്‍ ഗര്‍ഭധാരണം മുതല്‍ത്തന്നെ വിശുദ്ധപ്രജയെന്നറിയപ്പെടുകയും ചെയ്തു (ലൂക്കോ. 1:35). യേശുവിന്‍റെ ആത്മീയസഹോദരന്മാര്‍ അവിടുത്തെപ്പോലെ ആത്മാവിനാല്‍ ജനിച്ചവരും (യോഹ. 3:5) ദൈവഹിതം ചെയ്യുന്നവരും (മത്താ. 12:49,50) അങ്ങനെ പഴയ മനുഷ്യനെ നീക്കിക്കളഞ്ഞശേഷം പുതിയ മനുഷ്യനെ ധരിച്ചവരും (എഫേ. 4:22,24) അത്രേ. എന്നാല്‍ യേശുവിന്‍റെ സഹോദരന്മാരായ നമുക്കു സ്വന്തമായ ഇച്ഛാശക്തിയോടുകൂടിയ ഒരു ജഡം ഉണ്ട്. സകലത്തിനും നമുക്കു തുല്യനായ യേശുവിനും അപ്രകാര മുള്ള ഒരു ജഡം ഉണ്ടായിരുന്നു. പിതാവിന്‍റെ ഇഷ്ടം ചെയ്യുവാന്‍ വേണ്ടി യേശു സ്വന്ത ഇഷ്ടത്തെ വെടിയുന്നതായി താന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട് (യോഹ. 6:38). യേശുവിന്‍റെ സ്വന്ത ഇഷ്ടം പിതാവിന്‍റെ ഇഷ്ടത്തിനു വിരുദ്ധമായിരുന്നുവെന്നാണല്ലോ ഇതിന്‍റെ അര്‍ത്ഥം. നമ്മുടെ ജഡത്തിലുള്ള അതേ സ്വേച്ഛ തന്നെ യേശുവിന്‍റെ ജഡത്തിലും ഉണ്ടായിരുന്നതായി ഇതിനാല്‍ തെളിയുന്നു (മത്താ. 26:39). നമ്മുടെ ജഡത്തിലുള്ള മോഹങ്ങളാലാണ് നാമെല്ലാം പരീക്ഷിക്കപ്പെടുന്നത് (യാക്കോ. 1:14). യേശുവും സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടു (എബ്രാ. 4:15). എന്നാല്‍ ആ പരീക്ഷകളിലൊന്നിലും യേശു സ്വന്ത ഇഷ്ടത്തിനു വഴങ്ങാഞ്ഞതിനാല്‍ അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്തില്ല (എബ്രാ. 4:15). ദൈവമെന്ന നിലയിലല്ല യേശു പരീക്ഷകളെ ജയിച്ചത്. പിന്നെയോ ഒരു മനുഷ്യനെന്ന നിലയില്‍ പ്രാര്‍ത്ഥനകൊണ്ടും ദൈവഭയം കൊണ്ടും അവിടുന്ന് ജയം പ്രാപിക്കുകയാണ് ചെയ്തത്(എബ്രാ. 5:7). ഇതിനാലാണ് അവിടുന്നു നമ്മുടെ മുന്നോടി അഥവാ മാര്‍ഗ്ഗദര്‍ശിയാകുന്നത്. ക്രൂശെടുത്തുകൊണ്ട്, അതായത് ജഡത്തിലെ മോഹങ്ങളെ മരിപ്പിച്ചുകൊണ്ട്, തന്നെ പിന്തുടരുവാന്‍ യേശു നമ്മെ ആഹ്വാനം ചെയ്യുന്നു (ലൂക്കോ. 9:23). തന്‍റെ ഇഹലോകജീവിതകാലത്തു ജഡത്തിലെ സകല മോഹങ്ങളെയും അവിടുന്നു ജയിച്ചു. അങ്ങനെ ദൈവം യേശുവിന്‍റെ ജഡത്തില്‍ എല്ലാ പാപത്തിനും (മരണ) ശിക്ഷ വിധിച്ചു (റോമര്‍. 8:3). അങ്ങനെ അവിടുത്തെ ജഡത്തില്‍ക്കൂടി യേശു ജീവനുള്ള ഒരു പുതുവഴി നമുക്കായി തുറന്നുതന്നു (എബ്രാ. 10:20).

യേശു ലോകത്തിലേക്കു വന്നപ്പോള്‍ ദൈവമെന്ന നിലയില്‍ തനിക്കുള്ള പദവികളും വിശേഷാധികാരങ്ങളും പരിത്യജിച്ചുവെങ്കിലും തന്‍റെ തനിമയില്‍ അവിടുന്ന് ദൈവപുത്രന്‍ തന്നെയായിരുന്നു. ദൈവപുത്രന്‍ എന്ന സ്ഥിതി ഒഴിവാക്കുക തനിക്കു അസാധ്യമായിരുന്നു. ഒരു രാജാവ് രാജാവെന്നനിലയില്‍ തനിക്കുള്ള അവകാശങ്ങള്‍ ഉപേക്ഷിച്ച് ഒരു ചേരിപ്രദേശത്തു പോയിപ്പാര്‍ത്തുവെന്നുവരാം. എന്നാല്‍ അപ്പോഴും അദ്ദേഹം രാജാവുതന്നെ. അതുപോലെയാണ് യേശുവും. ഭൂമിയിലായിരുന്ന കാലത്തും താന്‍ ദൈവമായിരുന്നുവെന്നതിന്‍റെ ഏറ്റവും വ്യക്തമായ തെളിവ് മറ്റുള്ളവരില്‍നിന്നും താന്‍ ആരാധന സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഏഴു സന്ദര്‍ഭങ്ങളാണ് (മത്താ. 8:2; 9:18; 14:33; 15:25; 20:20; മര്‍ക്കോ. 5:6; യോഹ. 9:38). ദൈവദൂതന്മാരും ദൈവഭക്തരായ മനുഷ്യരും ഒരിക്കലും ആരാധന കൈക്കൊള്ളുന്നില്ല (അപ്പൊ. 10:25,26; വെളി. 22:8,9). എന്നാല്‍ യേശു ഭൂമിയിലായിരുന്നപ്പോഴും ദൈവപുത്രന്‍ തന്നെയെന്നുള്ള സത്യം പിതാവായ ദൈവം പത്രോസിനു വെളിപ്പെടുത്തിയിരുന്നു (മത്താ. 16:16,17).

യേശുക്രിസ്തുവിനെ സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ഏറ്റുപറയുവാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രേരിപ്പിക്കുന്നു. ഒന്ന്, താന്‍ കര്‍ത്താവ് (Lord) ആണ് എന്ന സത്യം; രണ്ട്, അവിടുന്ന് ജഡത്തില്‍ വന്നുവെന്ന യാഥാര്‍ത്ഥ്യം (1കൊരി. 12:3; 1യോഹ. 4:2,3). ഈ രണ്ട് ഏറ്റുപറച്ചിലുകളും തുല്യപ്രധാനങ്ങളെങ്കിലും രണ്ടാമത്തേത് താരതമ്യേന കൂടുതല്‍ പ്രധാനമാണ്. എന്തെന്നാല്‍ ഈ കാര്യം ഏറ്റുപറയാതിരുന്നാല്‍ അതു എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിനെയാണ് കാണിക്കുന്നത് (2യോഹ. 7).

മനുഷ്യനായ യേശുക്രിസ്തു (1തിമോ. 2:5) ഇന്ന് അനേകം സഹോദരന്മാരില്‍ ആദ്യജാതനും (അതായത് നമ്മുടെ ജ്യേഷ്ഠസഹോദരനും) പിതാവ് നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവുമത്രേ (റോമര്‍. 8:29; യോഹ. 20:17; എഫേ. 1:3; എബ്രാ. 2:11).

രക്ഷയെ സംബന്ധിച്ച സത്യം

ദൈവവചനം രക്ഷയെപ്പറ്റി സംസാരിക്കുമ്പോള്‍ അതിനെ ഭൂതവും (എഫേ. 2:8) വര്‍ത്തമാനവും (ഫിലി. 2:12) ഭാവിയുമായി (റോമര്‍. 13:11) കാണിക്കുന്നു. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ രക്ഷയ്ക്കു നീതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നിങ്ങനെ മൂന്നു ഭാവങ്ങളുണ്ട്.

ക്രിസ്തുവിന്‍റെ മരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം എന്നിവയുടെ അടിസ്ഥാനത്തില്‍ നമുക്കു പാപക്ഷമയും ദൈവമുമ്പാകെ നീതിമാന്മാരെന്ന പരിഗണനയും ലഭിക്കുന്നതാണ് നീതീകരണം. ഇതു നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല (എഫേ. 2:8,9). എന്തെന്നാല്‍ നമ്മുടെ നീതിപ്രവൃത്തികള്‍പോലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കറപുരണ്ട തുണിപോലെയാണ് (യെശ. 64:6). നീതീകരണം പ്രാപിക്കുവാനുള്ള വ്യവസ്ഥ മാനസാന്തരവും വിശ്വാസവുമാണ് (അപ്പൊ. 20:21). യഥാര്‍ത്ഥ മാനസാന്തരം നമ്മുടെ തെറ്റുകള്‍ക്കു പരിഹാരം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതായിരിക്കണം. തെറ്റായ വിധത്തില്‍ നാം സ്വന്തമാക്കിയ പണം, വസ്തുവകകള്‍, നികുതികള്‍ എന്നിവ തിരിയെ കൊടുക്കുക, ആരോടൊക്കെ നാം തെറ്റു ചെയ്തുവോ അവരോടെല്ലാം സാധ്യമായിടത്തോളം ക്ഷമ ചോദിക്കുക എന്നിവയാണ് ഇതിന്‍റെ സ്വഭാവം (ലൂക്കോ. 19:8,9). ദൈവം നമ്മോടു ക്ഷമിക്കുമ്പോള്‍ നമ്മോടു തെറ്റു ചെയ്തവരോട് അതേവിധത്തില്‍ത്തന്നെ നാമും ക്ഷമിക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നു. അപ്രകാരം നാം ചെയ്യുന്നില്ലെങ്കില്‍ നമുക്കു ലഭിച്ച പാപക്ഷമ ദൈവം പിന്‍വലിക്കും (മത്താ. 18:23-35). മാനസാന്തരം, വിശ്വാസം എന്നിവയെ തുടര്‍ന്നു നാം ജലത്തില്‍ മുങ്ങി സ്നാനമേല്‍ക്കണം. അതിലൂടെ നമ്മുടെ പഴയ മനുഷ്യനെ കുഴിച്ചിടുന്നതായി നാം സാക്ഷീകരിക്കുന്നു (റോമര്‍. 6:4,6).

അനന്തരം നമുക്കു പരിശുദ്ധാത്മസ്നാനം പ്രാപിക്കാവുന്നതാണ്. ഇതുമൂലം നമുക്കു നമ്മുടെ ജീവിതം കൊണ്ടും വാക്കുകൊണ്ടും ക്രിസ്തുവിനെ സാക്ഷിക്കുവാനുള്ള ശക്തി ലഭിക്കുന്നു (അപ്പൊ. 1:8). ജലസ്നാനം നാം അനുസരിക്കേണ്ട ഒരു കല്‍പനയായിരിക്കെ, പരിശുദ്ധാത്മസ്നാനം നാം പ്രാപിക്കേണ്ട ഒരു വാഗ്ദാനമാണ് (മത്താ. 3:11; ലൂക്കോ. 11:13). താന്‍ ദൈവപൈതല്‍ എന്നു പരിശുദ്ധാത്മാവിനാലുള്ള സാക്ഷ്യം പ്രാപിക്കുകയും താന്‍ പരിശുദ്ധാത്മസ്നാനം പ്രാപിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോ ക്രിസ്തുശിഷ്യന്‍റെയും ആവശ്യവും പദവിയുമാണ്.

വിശുദ്ധീകരണം (sanctification) എന്നതിന് പാപത്തില്‍ നിന്നും ലോകത്തില്‍ നിന്നും വേര്‍തിരിക്കപ്പെടുക എന്നാണര്‍ത്ഥം. വീണ്ടും ജനനത്തോടുകൂടെ ആരംഭിക്കുന്ന ഒരു പ്രവര്‍ത്തന പദ്ധതിയാണത് (1കൊരി. 1:2). ഒരുവന്‍റെ ലോകജീവിതകാലം മുഴുവന്‍ തുടര്‍ന്നുകൊണ്ടിരിക്കേണ്ട ഒരു പ്രക്രിയയത്രേ അത് (1തെസ്സ. 5:23,24). പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും തന്‍റെ പ്രമാണങ്ങള്‍ എഴുതുന്നതിലൂടെ ദൈവം അത് ആരംഭിക്കുന്നു. എങ്കിലും ഭയത്തോടും വിറയലോടും കൂടി നമ്മുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ട് അതില്‍ നമുക്കുള്ള പങ്ക് നാം നിറവേറ്റണം (ഫിലി. 2:12,13). പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തിയുപയോഗിച്ച് ജഡത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കേണ്ടത് നാം തന്നെയാണ് (റോമര്‍. 8:13). ജഡത്തിലെയും ആത്മാവിലെയും സകല കല്മഷങ്ങളും നീക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികയ്ക്കുക എന്നത് നാം ചെയ്യേണ്ട കാര്യം തന്നെ (2കൊരി. 7:1). ഇതു ചെയ്യുവാന്‍ പരിശുദ്ധാത്മാവിനോടു സഹകരിക്കുന്നതില്‍ പൂര്‍ണ്ണഹൃദയത്തോടെ അടിയന്തിരശ്രദ്ധ പതിപ്പിക്കുന്ന ഒരാളുടെ ജീവിതത്തില്‍ വിശുദ്ധീകരണമെന്ന പരിപാടി വേഗത്തില്‍ പുരോഗമിക്കും. പരിശുദ്ധാത്മ പ്രേരണയ്ക്കു നേരേ മന്ദത കാട്ടുന്ന ഒരുവന്‍റെ ജീവിതത്തില്‍ ഈ കാര്യം മന്ദഗതിയിലും മുടക്കംവന്ന അവസ്ഥയിലുമായിരിക്കും. വിശുദ്ധീകരണത്തിനായി വാഞ്ഛിക്കുന്നതില്‍ നമുക്കുള്ള പൂര്‍ണ്ണജാഗ്രത പരീക്ഷിക്കപ്പെടുന്നത് പ്രലോഭനങ്ങള്‍ (temptations) നേരിടുന്ന അവസരങ്ങളിലാണ്.

പഴയനിയമത്തിലെപ്പോലെ ബാഹ്യമായ ഒരു നീതി പ്രാപിക്കുകയല്ല, മറിച്ച് ആന്തരികമായിത്തന്നെ  ദൈവികനീതി നമ്മില്‍ നിറവേറ്റുകയാണ് വിശുദ്ധീകരണം (റോമര്‍. 8:4). മത്താ. 5:17-48ല്‍ യേശു ഊന്നിപ്പറഞ്ഞ വസ്തുത ഇതത്രേ. ഇതിനാവശ്യമായ കാര്യങ്ങളെ രണ്ടു കല്‍പനകളായി കര്‍ത്താവ് സംക്ഷേപിച്ചിട്ടുണ്ട്. ഒന്ന്, പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക; രണ്ട്, കൂട്ടുകാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കുക (മത്താ. 22:36-40). ദൈവസ്വഭാവത്തിന്‍റെ സാരാംശമായ ഈ സ്നേഹപ്രമാണം നമ്മുടെ ഹൃദയങ്ങളില്‍ത്തന്നെ എഴുതുവാനാണ് ദൈവം ആഗ്രഹിക്കുന്നത് (എബ്രാ. 8:10; 2പത്രോ. 1:4). ബോധപൂര്‍വ്വമായ എല്ലാ പാപങ്ങളുടെ മേലുമുള്ള വിജയവും യേശുവിന്‍റെ എല്ലാ കല്‍പനകളുടെയും അനുസരണവുമാണ് ഇതിന്‍റെ ബാഹ്യലക്ഷണം (യോഹ. 14:15).

ശിഷ്യത്വത്തിന് യേശു വച്ചിട്ടുള്ള വ്യവസ്ഥകള്‍ (ലൂക്കോ. 14:26-33) നിറവേറ്റാതെ ഇത്തരമൊരു ജീവിതത്തിലേക്കു പ്രവേശിക്കുക സാധ്യമല്ല. അടിസ്ഥാനപരമായിപ്പറഞ്ഞാല്‍ സ്വജനങ്ങളെയും സ്വന്തജീവനെത്തന്നെയും വെറുക്കുക, എല്ലാ ഭൗതിക സമ്പത്തുകളെയും വിട്ടുപിരിയുക എന്നിവയാണ് ഈ വ്യവസ്ഥകള്‍. നമുക്കു ആദ്യമായി കടന്നുപോകേണ്ട ഇടുക്കുവാതില്‍ ഇതാണ്. ഇതേത്തുടര്‍ന്ന് ഇടുങ്ങിയ വഴിയിലേക്കും നാം പ്രവേശിക്കുന്നു. യേശു തന്‍റെ ജഡത്തില്‍ക്കൂടി തുറന്നുതന്ന ജീവനുള്ള പുതുവഴിയാണ് ശുദ്ധീകരണത്തിന്‍റെ ഈ ഇടുക്കുവഴി. ഇതിനെ ദൈവഭക്തിയുടെ മര്‍മ്മം എന്നു ദൈവവചനം വിളിക്കുന്നു (1തിമോ. 3:16). ദൈവത്തെ ഭയപ്പെടുന്നവര്‍ക്കുമാത്രം അവിടുന്നു വെളിപ്പെടുത്തുന്ന ഒരു രഹസ്യമാണിത്. വാസ്തവത്തില്‍ ദൈവത്തെ ഭയപ്പെടുന്നവര്‍ വളരെക്കുറവാകയാല്‍ ഈ വഴി കണ്ടെത്തുന്നവരും വളരെ ചുരുക്കം തന്നെ (മത്താ. 7:14).

വിശുദ്ധീകരണത്തിന്‍റെ വഴി കണ്ടെത്തുക എന്നതും അതിനെപ്പറ്റി ബുദ്ധിപരമായി മനസ്സിലാക്കുക എന്നതും ഒന്നല്ല. ചിലര്‍ അതിനെ ബുദ്ധിപരമായി മനസ്സിലാക്കിയാലും പിന്നെയും പരീക്ഷാസന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ജഡത്തെ മരിപ്പിക്കുവാന്‍ കഴിവില്ലാത്തവരായിത്തീരുന്നു. എങ്കിലും ഒരു കാര്യം തികച്ചും തീര്‍ച്ചയാണ്. വിശുദ്ധീകരണത്തിന്‍റെ മാര്‍ഗ്ഗം പിന്തുടരാത്ത ഒരുവന്‍ പോലും, അയാള്‍ ജീവനുള്ള പുതുവഴിയെ സംബന്ധിച്ച സകല സത്യവും മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരോടൊപ്പം സഭയില്‍ ഇരുന്നാല്‍ തന്നെയും, കര്‍ത്താവിനെ കാണുകയില്ല (എബ്രാ. 12:14).

ഇപ്പോള്‍ ഈ ലോകത്തില്‍ വച്ചുതന്നെ കുറ്റമറ്റ മനസ്സാക്ഷി നമുക്കുണ്ടായാല്‍ തന്നെയും (എബ്രാ. 7:19; 9:9,14) യേശുവിന്‍റെ വരവില്‍ നാം ഒരു മഹത്വശരീരം പ്രാപിക്കുന്നതുവരെയും പാപരഹിതമായ ഒരു പൂര്‍ണ്ണതയിലെത്തുവാന്‍ നമുക്കു സാധ്യമല്ല (1യോഹ. 3:2). അപ്പോള്‍ മാത്രമേ യേശുവിനെപ്പോലെയാകുവാന്‍ നമുക്കു സാധിക്കൂ. എന്നാല്‍ ഇപ്പോള്‍ തന്നെ അവിടുന്നു നടന്നതുപോലെ നാം നടക്കേണ്ടതാണ് (1യോഹ. 2:6). നാമെത്രമാത്രം വിശുദ്ധീകരണം പ്രാപിച്ചാലും പാപസാധ്യതയുള്ള ഈ ശരീരത്തിലിരിക്കുന്നിടത്തോളം കാലം അബോധപൂര്‍വ്വമായ പാപം (unconscious sin) നമ്മിലുണ്ടായിരിക്കും (1യോഹ. 1:8). എങ്കിലും നാം തികഞ്ഞ ആത്മാര്‍ത്ഥതയുള്ളവരെങ്കില്‍ യേശു നടന്നതുപോലെ നടക്കുവാന്‍ നമുക്കു കഴിയും. എന്നുവച്ചാല്‍ ബോധപൂര്‍വ്വമായ പാപം ചെയ്യാതെയും അങ്ങനെ മനസ്സാക്ഷിയാല്‍ കുറ്റം വിധിക്കപ്പെടാതെയും ജീവിക്കുക തന്നെ (1യോഹ. 2:1; 1കൊരി. 4:4). ഇപ്രകാരം നാം നമ്മുടെ രക്ഷയുടെ അന്തിമഘടകമായ മഹത്വീകരണം പ്രാപിക്കുവാനായി ക്രിസ്തുവിന്‍റെ വരവു കാത്തുകൊണ്ട് ജീവിക്കുകയാണ് (ഫിലി. 3:21).

സഭയെ സംബന്ധിച്ച സത്യം

സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. അതിന്‍റെ തല ക്രിസ്തു. അതിന്‍റെ കേന്ദ്ര സ്ഥാനം (headquarters) മൂന്നാം സ്വര്‍ഗ്ഗം. അതിനാല്‍ ഈ ഭൂമിയില്‍ ഒരു അധ്യക്ഷനും ഒരു കേന്ദ്രസ്ഥാനവുമുള്ള ഒരു സമുദായവിഭാഗവും യേശു പണിതുകൊണ്ടിരിക്കുന്ന സഭയല്ല. ഇത്തരം മനുഷ്യനിര്‍മ്മിതമായ സംഘടനകളില്‍ വിശ്വാസികളായിച്ചിലര്‍ ഉണ്ടായേക്കാമെങ്കിലും അവയെല്ലാം മനുഷ്യനിര്‍മ്മിതികള്‍ മാത്രമാണ്.

തന്‍റെ ശരീരം പണിയുവാനായി ക്രിസ്തു സഭയില്‍ അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരെ നല്‍കിയിട്ടുണ്ട് (എഫേ. 4:11). ഒരു പ്രത്യേക അതിരിനുള്ളില്‍ പ്രത്യേകമൊരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി ദൈവം വിളിച്ചു നിയോഗിച്ചിട്ടുള്ളവരാണ് അപ്പൊസ്തലന്മാര്‍ (2കൊരി. 10:13). അവര്‍ക്കാണ് സഭയില്‍ ഒന്നാം സ്ഥാനം (1കൊരി. 12:28). അതിനാല്‍ തങ്ങളുടെ അതിരിനുള്ളിലുള്ള മറ്റെല്ലാ ദൈവഭൃത്യന്മാര്‍ക്കും അവര്‍ മൂപ്പന്മാരായിരിക്കുന്നു. ദൈവജനങ്ങളുടെ മറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു ദൈവികസത്യങ്ങള്‍ മറനീക്കിക്കാണിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരാണ് പ്രവാചകന്മാര്‍. അക്രൈസ്തവരെ ക്രിസ്തുവിലേക്കു വിളിച്ചടുപ്പിക്കുവാന്‍ വരം ലഭിച്ചവരാണ് സുവിശേഷകന്മാര്‍. അപ്രകാരം ചെയ്തശേഷം അവര്‍ ആ ദൈവജനങ്ങളെ ക്രിസ്തുവിന്‍റെ ശരീരമായ ഒരു പ്രാദേശികസഭയിലേക്കു ചേര്‍ക്കേണ്ടതാണ്. (ആധുനിക കാലത്തെ സുവിശേഷയത്നങ്ങളില്‍ ഒരു നല്ല പങ്കും പരാജയപ്പെടുന്നത് ഈ കാര്യത്തിലാണ്.) ആട്ടിന്‍കുട്ടികളെയും ആടുകളെയും കരുതലോടെ നയിക്കുകയും പുലര്‍ത്തുകയും ചെയ്യുന്നവരാണ് ഇടയന്മാര്‍. തിരുവെഴുത്തുകളെയും അവയിലുള്ള ഉപദേശങ്ങളെയും വിശദമായി ഗ്രഹിപ്പിക്കുന്നവരാണ് ഉപദേഷ്ടാക്കന്മാര്‍. ഈ അഞ്ചു കൃപാവരങ്ങളും ലോകവ്യാപകമായ സഭയ്ക്കുള്ളതത്രേ. അക്കൂട്ടത്തില്‍ ഓരോ പ്രാദേശികസഭയിലും ആരംഭം മുതല്‍ക്കേയുള്ള മുഖ്യാവശ്യം ഇടയന്മാരാണ്. മറ്റു കൃപാവരങ്ങളാകട്ടെ, ഇതരപ്രാദേശികസഭകളില്‍ നിന്നു ലഭിച്ചെന്നു വരാം.

പ്രാദേശികസഭയുടെ നേതൃത്വം മൂപ്പന്മാരിലായിരിക്കണം. ഈ കാര്യം പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (തീത്തോ. 1:5; അപ്പൊ. 14:23). മൂപ്പന്മാര്‍ എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതിനാല്‍ ഓരോ സഭയിലും കുറഞ്ഞപക്ഷം രണ്ടു മൂപ്പന്മാരുണ്ടായിരിക്കണം. ഏകവ്യക്തിനേതൃത്വം പുതിയ നിയമോപദേശത്തിനു വിരുദ്ധമാണ്. എന്നിരുന്നാലും മൂപ്പന്മാരിലൊരുവന്‍ കര്‍ത്താവില്‍നിന്നും പ്രവാചകശുശ്രൂഷ ലഭിച്ചവനെങ്കില്‍ സഭയുടെ ദൂതന്‍ (messenger) അവനായിരിക്കാം (വെളി. 2:1).

തന്‍റെ ശിഷ്യന്മാര്‍ ഏതെങ്കിലും സ്ഥാനപ്പേര്‍ സ്വീകരിക്കുന്നതിനെ കര്‍ത്താവ് വിലക്കിയിട്ടുണ്ട് (മത്താ. 23:712). അതിനാല്‍ ഗുരു, പിതാവ്, പാസ്റ്റര്‍, റവറണ്ട്, നായകന്‍ (leader) എന്നിങ്ങനെ ഒരാളെ വിളിക്കുന്നത് ദൈവവചനവിരുദ്ധമാണ്. റവറണ്ട് എന്ന സ്ഥാനപ്പേര് ബൈബിളില്‍ ദൈവത്തെ സംബന്ധിച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളു (സങ്കീ. 111:10 KJV). അതിനാല്‍ സ്ഥാനപ്പേരുപയോഗിക്കുന്നയാള്‍ ദൈവതുല്യനാകുവാന്‍ ശ്രമിച്ച ലൂസിഫറിനെപ്പോലെ കുറ്റക്കാരനായിത്തീരും (യെശ. 14:14). സഭാംഗങ്ങളായ എല്ലാ വ്യക്തികളും കേവലം സഹോദരന്മാരായോ മറ്റുള്ളവരുടെ ദാസന്മാരായോ വിളിക്കപ്പെട്ടവരാണ്.

പ്രാദേശികസഭയുടെ യോഗങ്ങള്‍ ഉപദേശത്തിനായോ (അപ്പൊ. 9:11) പ്രാര്‍ത്ഥനയ്ക്കായോ (അപ്പൊ. 12:5,12) മാത്രം കൂടുന്നവയല്ലെങ്കില്‍, അവയില്‍ എല്ലാ ശിഷ്യന്മാര്‍ക്കും പ്രവചിക്കുവാന്‍ അനുവാദമുണ്ടായിരിക്കണം (1കൊരി. 14:2640). പ്രവചനവരം യോഗങ്ങളില്‍ അത് ഉപയോഗിക്കുവാനാഗ്രഹിക്കുന്ന എല്ലാവരും അഭിലഷിക്കേണ്ട ഒന്നാണ് (1കൊരി. 14:1,39). വിവിധഭാഷാവരം പ്രാഥമികമായി അവരവര്‍ക്കുതന്നെ ആത്മീകാഭിവൃദ്ധി വരുത്തുവാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും (1കൊരി. 14:4,18,19) അതിനു വ്യാഖ്യാനം കൂടി ഉണ്ടാകുന്ന അവസരങ്ങളില്‍ സഭായോഗങ്ങളില്‍ അതുകൊണ്ട് വിലപ്പെട്ട പ്രയോജനം ഉണ്ടാകാവുന്നതത്രേ (1കൊരി. 14:27). ഒരു അന്യ ഭാഷാഭാഷണത്തിന്‍റെ വ്യാഖ്യാനം ഒരു വെളിപ്പാടോ, ജ്ഞാനവചനമോ, പ്രവചനമോ, ഉപദേശമോ, പ്രാര്‍ത്ഥനയോ ആകാം (1കൊരി. 14:2,6). 1കൊരി. 12:810,28; റോമര്‍. 12:68 എന്നീ ഭാഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ കൃപാവരങ്ങളും ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ പണിക്ക് ആവശ്യമത്രേ. എന്നാല്‍ ആത്മവരങ്ങളെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്ന സഭയ്ക്ക് അവ ഒരിക്കലും ലഭിക്കാതെയാകും.

സകല ജനങ്ങളില്‍നിന്നും ശിഷ്യന്മാരെ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഒരു സഭയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സകല സ്ഥലങ്ങളിലുമുള്ള എല്ലാ ജനങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ തീര്‍ച്ചയായും കടമയുണ്ട് (മര്‍ക്കോ. 16:15; മത്താ. 28:19). എങ്കിലും ആളുകളെ ശിഷ്യത്വത്തിലേക്കു വരുത്താതെയുള്ള സുവിശേഷഘോഷണം ഭൂമിയില്‍ ക്രിസ്തുവിന്‍റെ സാക്ഷ്യത്തിനു ഒരു പ്രതിബന്ധമായിട്ടാണ് തീരുന്നത്.

ഓരോ പ്രാദേശികസഭയും അപ്പം മുറിക്കുക എന്ന ശുശ്രൂഷയിലൂടെ കര്‍ത്താവിന്‍റെ മരണത്തെ പ്രസ്താവിക്കേണ്ടതാണ് (1കൊരി. 11:2324). എത്രമാത്രം ഇടവിട്ടായിരിക്കണം ഇതു ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഓരോ സഭയ്ക്കും സ്വാതന്ത്ര്യമായി തീരുമാനിക്കുവാന്‍ ദൈവം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഒരിക്കലും അത് ഒരു ചടങ്ങായി അധഃപതിക്കുവാന്‍ ഇടയാക്കരുത്. സ്തോത്രകാഴ്ചയുടെ കാര്യത്തില്‍, ദൈവവേലയ്ക്കായി അവിശ്വാസികളില്‍നിന്നു പണം സ്വീകരിക്കുന്നത് തെറ്റാണെന്ന് ദൈവവചനം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (3യോഹ. 7). അതിനാല്‍ അവിശ്വാസികള്‍ സന്നിഹിതരായിട്ടുള്ള യോഗങ്ങളില്‍ സ്തോത്രകാഴ്ചയെടുക്കുവാന്‍ പാടില്ല. മാത്രമല്ല, വിശ്വാസികള്‍ നല്‍കുന്ന ദാനങ്ങള്‍ പരപ്രേരണ കൂടാതെയും രഹസ്യത്തിലും ആയിരിക്കേണ്ടതാണ് (2കൊരി. 9:7). ദാനങ്ങള്‍ ലഭിക്കുവാനാഗ്രഹിച്ചുകൊണ്ടു നമ്മുടെ ദൈവികവേലകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ മറ്റുള്ളവര്‍ക്കയക്കുന്നത് ആ റിപ്പോര്‍ട്ടുകളെ പ്രാര്‍ത്ഥനാപത്രികകള്‍ എന്നു വിളിച്ചാല്‍ തന്നെയും തെറ്റാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ശിഷ്യന്മാരെ വിശ്വാസത്തിന്‍റെ അനുസരണത്തിലേക്ക്, യേശുവിന്‍റെ എല്ലാ കല്‍പനകളുടെയും  വിശിഷ്യ മത്താ. 5-7 അധ്യായങ്ങളിലുള്ള കല്‍പനകളുടെയും  അനുസരണത്തിലേക്കു നയിക്കുമ്പോള്‍ മാത്രമേ സഭ സുസ്ഥിരമായിത്തീരുകയുള്ളു. പുതിയനിയമത്തിലെ ഏറ്റവും ചെറിയ കല്‍പനകള്‍ പോലും പ്രമാണിക്കുകയും തീക്ഷ്ണതയോടെ അവ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതത്രേ (മത്താ. 5:19).

എങ്കിലും പുതിയനിയമം മൗനമവലംബിക്കുന്ന അനേകം വിഷയങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങളില്‍ സ്വമതശാഠ്യം നമുക്കുണ്ടായിരിക്കരുത്. നേരേമറിച്ച്, അവയില്‍ നമുക്കുള്ള ദൃഢവിശ്വാസം നാം മുറുകെപ്പിടിക്കുമ്പോള്‍ തന്നെ മറ്റു വിശ്വാസികള്‍ക്ക് അവരുടെ ദൃഢവിശ്വാസങ്ങള്‍ പിടിച്ചുകൊള്‍വാനുള്ള സ്വാതന്ത്ര്യം നാമനുവദിച്ചുകൊടുക്കണം (റോമര്‍. 14:5). എല്ലാ കാര്യങ്ങളിലും നമ്മോട് അഭിപ്രായൈക്യം ഉള്ളവരെ സ്നേഹിക്കുക എളുപ്പമാണ്. എങ്കിലും നമ്മോടു വിയോജിക്കുന്നവരോടു നമുക്കുള്ള മനോഭാവം നോക്കിയാണ് നമ്മുടെ സ്നേഹം ശോധന ചെയ്യപ്പെടുന്നത്. എല്ലാ അപ്രധാനകാര്യങ്ങളിലും തന്‍റെ എല്ലാ മക്കളും തുല്യാഭിപ്രായക്കാരായിരിക്കണമെന്നു ദൈവം ഉദ്ദേശിക്കുന്നില്ല. വചനേതരമായ കാര്യങ്ങളില്‍ എല്ലാ പ്രാദേശിക സഭകള്‍ക്കും ഒരേ സമ്പ്രദായം തന്നെയായിരിക്കണമെന്നും ദൈവം ഉദ്ദേശിക്കുന്നില്ല. നാനാത്വത്തിനിടയിലുള്ള ഒരു ഏകത്വത്തിലൂടെയാണ് ദൈവമഹത്വം പ്രകാശിക്കണമെന്ന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഏകരൂപത്വം മനുഷ്യനിര്‍മ്മിതവും ആത്മീയമരണം ഉളവാക്കുന്നതുമാണ്. ഏകരൂപത്വമല്ല, ഏകത്വമാണ് ദൈവം ആഗ്രഹിക്കുന്നത്.

അവസാനമായി ക്രിസ്തുശിഷ്യന്മാരുടെ ഏറ്റവും വ്യക്തമായ ലക്ഷണം അവര്‍ക്ക് അന്യോന്യമുള്ള സ്നേഹമാണെന്നു നാമോര്‍ക്കണം (യോഹ. 13:25). അങ്ങനെ പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നായിരിപ്പാന്‍ യത്നിക്കണം (യോഹ. 17:21).

വളരെച്ചുരുക്കിപ്പറഞ്ഞാല്‍ ഇവയെല്ലാമാണ് നാം വിശ്വസിക്കുന്ന സത്യം. ഇവയെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചിട്ടുള്ളവരെ ഈ സത്യം സ്വാതന്ത്ര്യത്തിലേക്കു നയിച്ചിട്ടുണ്ട്. അതിനാല്‍ ഇതു സത്യമെന്നു നാം അറിയുന്നു (യോഹ. 8:32).

24. ക്രിസ്ത്മസ്സ്, ഈസ്റ്റര്‍ എന്നിവ ക്രിസ്തീയമോ, വിജാതീയമോ?

തിരുവെഴുത്തുകളില്‍ മനുഷ്യരെ ആടുകളോടു ഉപമിച്ചിട്ടുണ്ട്. ആടുകള്‍ക്ക് ചോദ്യം ചെയ്യാതെതന്നെ കൂട്ടത്തെ പിന്തുടരുന്ന ഒരു ശീലമുണ്ട്. എന്നാല്‍ യേശു ലോകത്തില്‍ വന്ന് എല്ലാ കാര്യങ്ങളെയും ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ശോധന ചെയ്യുവാന്‍ നമ്മെ പഠിപ്പിച്ചു. പരീശന്മാര്‍ മാനുഷികപാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ യേശു ദൈവവചനത്തെ ഉയര്‍ത്തിപ്പിടിച്ചു. ദൈവത്തിന്‍റെ വായില്‍ക്കൂടി വരുന്ന സകല വചനത്താലുമത്രേ മനുഷ്യന്‍ ജീവിക്കേണ്ടത് (മത്താ. 4:4). ദൈവവചനവും മാനുഷികപാരമ്പര്യങ്ങളും തമ്മില്‍ ശതാബ്ദങ്ങളായി നടന്നുവന്ന പോരാട്ടത്തിലായിരുന്നു യേശു നിരന്തരം ഏര്‍പ്പെട്ടിരുന്നത്.

സഭയില്‍ ഇന്ന് ഇതേ പോരാട്ടത്തില്‍ നാമും ഏര്‍പ്പെട്ടിരിക്കുന്നു. ഭൂമിയില്‍ നമുക്കുള്ള ഒരേയൊരു വെളിച്ചം ദൈവവചനം മാത്രമാണ്. ദൈവം ആദ്യം വെളിച്ചത്തെ സൃഷ്ടിച്ചപ്പോള്‍ ഉടന്‍തന്നെ വെളിച്ചത്തെയും ഇരുട്ടിനെയും തമ്മില്‍ വേര്‍പിരിക്കുക കൂടിച്ചെയ്തു. പാപവും മാനുഷികപാരമ്പര്യങ്ങളും തന്നെയാണ് ഇരുട്ട്. സഭയില്‍ ഒരു സമ്മിശ്രാവസ്ഥ ഉണ്ടാകാതിരിക്കുമാറ് നാമും ശുദ്ധമായ ദൈവവചനത്തില്‍നിന്നും ഈ രണ്ടു കാര്യങ്ങളെയും അകറ്റിക്കളയുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്ത്മസ്സ്

യേശുക്രിസ്തുവിന്‍റെ ജന്മദിനമെന്ന നിലയില്‍ പലരും ആചരിച്ചുപോരുന്ന ക്രിസ്ത്മസ്സിനെപ്പറ്റിത്തന്നെ ആദ്യമായി ചിന്തിക്കുക. എല്ലാ മതങ്ങളിലുംപെട്ട വ്യാപാരികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഒരു ദിവസമാണ് ക്രിസ്ത്മസ്സ്. എന്തെന്നാല്‍ അവര്‍ക്കു വളരെ ലാഭമുണ്ടാക്കുവാന്‍ കഴിയുന്ന ഒരു സമയമാണത്. അത് ഒരു ആത്മീയാഘോഷമല്ല, മറിച്ചു വ്യാപാരപരമായ ഒരാഘോഷമാണ്. ക്രിസ്ത്മസ്സ് കാര്‍ഡുകള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ലക്ഷക്കണക്കിനു രൂപയാണ് ചെലവാക്കപ്പെടുന്നത്. മദ്യവില്‍പന ഏറ്റവുമധികം നടക്കുന്നത് ഈ സമയത്താണ്. ലോകമെങ്ങും ഗതാഗത നിയന്ത്രണത്തിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന സമയവും കൂടെയാണത്. കാരണം, ക്രിസ്ത്മസ്സ് കാലത്തെന്നപോലെ അത്രയധികം അപകടങ്ങള്‍ മറ്റൊരു ഘട്ടത്തിലും ഉണ്ടാകാറില്ല. വര്‍ഷത്തിലെ മറ്റേതൊരു സമയത്തുമെന്നതിനെക്കാള്‍ അധികമാളുകള്‍ ഈ സമയത്തു റോഡപകടങ്ങള്‍ വഴിയായി നരകത്തിലെത്തുന്നു.

ഈ സ്ഥിതിക്കു ഇതു ദൈവപുത്രന്‍റെ ജന്മദിനമോ, അതോ ‘മറ്റൊരു യേശു’ വിന്‍റെ പിറന്നാളോ?

ആദ്യമായി നമുക്കു ദൈവവചനത്തിലേക്കു കടന്നു നോക്കാം. ബേത്ലേഹെമില്‍ യേശു ജനിച്ച രാത്രിയില്‍ യെഹൂദ്യയിലെ വെളിമ്പ്രദേശത്ത് ഇടയന്മാര്‍ ആടുകളെ കാവല്‍ ചെയ്തുകൊണ്ടു കിടന്നതായി ബൈബിളില്‍ പറയുന്നു. ഒക്ടോബര്‍ മാസത്തിനുശേഷം ഫെബ്രുവരി വരെയുള്ള കാലത്ത് പാലസ്റ്റൈനില്‍ ഇടയന്മാര്‍ ആടുകളെ വെളിമ്പ്രദേശത്തു സൂക്ഷിക്കാറില്ല. അവിടെ മഴയും അതിശൈത്യവുമുള്ള ഒരു കാലാവസ്ഥയാണ് ഈ മാസങ്ങളില്‍ ഉള്ളത്. അതിനാല്‍ യഥാര്‍ത്ഥ യേശു ജനിച്ചത് മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്തായിരിക്കണം. അതിനാല്‍ ഡിസംബര്‍ 25 ക്രൈസ്തവലോകത്തിന്‍റെമേല്‍ സാത്താന്‍ കൗശലപൂര്‍വം അടിച്ചേല്‍പിച്ച മറ്റൊരു യേശുവിന്‍റെ ജന്മദിനമായിരിക്കണം!

ഇതു മാത്രമല്ല, യേശുവിന്‍റെ യഥാര്‍ത്ഥ ജന്മദിനം നമുക്ക് അറിവുണ്ടെങ്കില്‍ തന്നെയും അത് ആഘോഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. യേശുവിന്‍റെ മാതാവായ മറിയയ്ക്കു യേശുവിന്‍റെ ജന്മദിനം കൃത്യമായും അറിവുണ്ടായിരുന്നിരിക്കണം. പെന്തെക്കൊസ്ത് ദിവസത്തിനുശേഷം അനേക വര്‍ഷക്കാലം മറിയ അപ്പൊസ്തലന്മാരോടൊപ്പം ജീവിച്ചിരുന്നു. എങ്കിലും ഒരു സുവിശേഷത്തിലും യേശുവിന്‍റെ ജനനത്തീയതിയെപ്പറ്റി യാതൊരു രേഖയും കാണുന്നില്ല. ഇതു എന്തു കാണിക്കുന്നു? ഇത്രമാത്രം: സഭ അത് ആഘോഷിക്കണമെന്നു ദൈവം ആഗ്രഹിക്കാത്തതുമൂലം ദൈവം മനഃപൂര്‍വം യേശുവിന്‍റെ ജന്മനാള്‍ മറച്ചുവയ്ക്കുകയാണ് ചെയ്തത്.

പാപികളായ ഭൗമികരാജാക്കന്മാര്‍ തങ്ങളുടെ ജന്മദിനം ആഘോഷിച്ചതായി മാത്രമേ ബൈബിളില്‍ നാം കാണുന്നുള്ളു. ഫറവോന്‍ (ഉല്‍പ. 40:20), ഹെരോദാവ് (മര്‍ക്കോ. 6:21) എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതേഗണത്തില്‍ യേശുവിനെ ഉള്‍പ്പെടുത്തുവാന്‍ ദൈവം ഒരിക്കലും ആഗ്രഹിച്ചില്ല.

ഏതെങ്കിലും വിശുദ്ധദിവസത്തെ തന്‍റെ മക്കള്‍ ആഘോഷിക്കണമെന്ന് എന്തുകൊണ്ട് ദൈവം ആഗ്രഹിക്കാതിരിക്കുന്നു എന്നതിനെപ്പറ്റി നമുക്കു ബോധ്യം നല്‍കുവാന്‍ പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ഒരറിവ് നമ്മെ സഹായിക്കും. പഴയനിയമവ്യവസ്ഥയില്‍ ഏതാനും ദിവസങ്ങള്‍ പ്രത്യേക വിശുദ്ധദിവസങ്ങളായി ആചരിക്കണമെന്നു ദൈവം യിസ്രായേല്‍ ജനതയോട് കല്‍പിച്ചിരുന്നു. എന്നാല്‍ പഴയനിയമം ഒരു നിഴല്‍ മാത്രമാണ്. ഇപ്പോള്‍ ക്രിസ്തുവില്‍ നമുക്കു സത്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നതിനാല്‍ എല്ലാ ദിവസങ്ങളും തുല്യമായിത്തന്നെ വിശുദ്ധമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പുതിയനിയമവ്യവസ്ഥയില്‍ ആഴ്ചയില്‍ ഒരിക്കലുള്ള ശബ്ബത്തുനാള്‍പോലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കാരണത്താലാണ് പുതിയനിയമത്തില്‍ ക്രിസ്തുവോ അപ്പൊസ്തലന്മാരോ യാതൊരു വിശുദ്ധദിവസത്തെയും പറ്റി പരാമര്‍ശിക്കാതെയിരുന്നിട്ടുള്ളത്.

ഈ സ്ഥിതിക്കു ക്രിസ്ത്മസ്സും ഈസ്റ്ററും ക്രൈസ്തവലോകത്തിലേക്കു കടന്നുവന്നതെങ്ങനെ? ഉത്തരം ഇതാണ്: ശിശുസ്നാനം, പൗരോഹിത്യം തുടങ്ങി ഒട്ടധികം മാനുഷികപാരമ്പര്യങ്ങള്‍ കടന്നുവന്നതുപോലെ സാത്താന്‍റെ കൗശലപൂര്‍വമായ തന്ത്രം മൂലമാണ് ഇതും സംഭവിച്ചത്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ സാമ്രാജ്യമതമായി പ്രഖ്യാപിച്ചപ്പോള്‍ വലിയ ജനസമൂഹങ്ങള്‍ ഹൃദയമാറ്റം കൂടാതെ പേരിനുമാത്രം ക്രിസ്തുമാര്‍ഗ്ഗം സ്വീകരിക്കുകയുണ്ടായി. എങ്കിലും തങ്ങളുടെ രണ്ടു വലിയ ഉത്സവങ്ങള്‍ കൈവെടിയുവാന്‍ അവര്‍ തയ്യാറായില്ല. ഇവ രണ്ടും അവര്‍ ചെയ്തുപോന്ന സൂര്യാരാധനയുമായി ബന്ധപ്പെട്ടവയായിരുന്നു. ഇവയില്‍ ഒന്ന് ഡിസംബര്‍ 25നുള്ള സൂര്യദേവന്‍റെ ജന്മദിനമായിരുന്നു. ഈ തീയതിയിലാണ് സൂര്യന്‍ ദക്ഷിണായനരേഖ വിട്ട് ഉത്തരാര്‍ദ്ധഗോളത്തിലേക്കുള്ള തന്‍റെ പ്രയാണമാരംഭിക്കുന്നത്. രണ്ടാമത്തേത് മാര്‍ച്ചിലോ ഏപ്രിലിലോ വരാറുള്ള വസന്തോത്സവമായിരുന്നു. ഈ സമയത്താണ് ശൈത്യകാലത്തിന്‍റെ ചരമവും ഗ്രീഷ്മ (ചൂടു) കാലത്തിന്‍റെ ജനനവും അവര്‍ കൊണ്ടാടിയിരുന്നത്. ഇവ രണ്ടും സൂര്യദേവന്‍ നല്‍കുന്ന ദാനങ്ങളായി കരുതപ്പെട്ടിരുന്നു. മുന്‍പറഞ്ഞ നാമധേയധാരികളായ ക്രിസ്ത്യാനികള്‍ തങ്ങളുടെ സൂര്യദേവന് യേശുവെന്നൊരു പുതിയ പേരു നല്‍കിക്കൊണ്ട് തങ്ങളുടെ രണ്ടു വലിയ ഉത്സവങ്ങളെയും ക്രിസ്ത്മസ്സ് എന്നും ഈസ്റ്റര്‍ എന്നുമുള്ള പേരുകളില്‍ ക്രിസ്തീയോത്സവങ്ങളായി ആചരിക്കുവാനാരംഭിച്ചു.

ക്രിസ്ത്മസ്സിന്‍റെ ഉത്ഭവത്തെപ്പറ്റി മതേതരചരിത്രത്തിന്‍റെ ഒരാധികാരിക ഗ്രന്ഥമായ എന്‍സൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഡിസംബര്‍ 25 ഫിലോകാലസിലെ ജേതാവായ സൂര്യദേവന്‍റെ മിത്രോത്സവദിനമാണ്. ക്രിസ്ത്മസ്സ് ആചാരങ്ങള്‍ ക്രൈസ്തവകാലത്തിനു വളരെ മുമ്പു മുതലേ ഉത്ഭവിച്ചിട്ടുള്ളവയാണ്. പുരാണകഥകളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന കാലാവസ്ഥാപരവും വിജാതീയവും മതപരവും രാഷ്ട്രീയവുമായ ആചാരങ്ങളുടെ ഒരു തുടര്‍ച്ച അതില്‍ക്കാണാം. ക്രിസ്തുവിന്‍റെ കൃത്യമായ ജനനത്തീയതി ഒരിക്കലും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാള്‍ ഏ. ഡി. 440ല്‍ സഭാപിതാക്കന്മാര്‍ ഈ സംഭവത്തെ ആഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ബുദ്ധിപൂര്‍വം ദക്ഷിണായനാന്ത്യത്തിന്‍റെ തീയതി തിരഞ്ഞെടുത്തു. ഇത് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അവരുടെ സര്‍വപ്രധാനമായ ഉത്സവദിനമായിരുന്നു. ക്രിസ്തുമാര്‍ഗ്ഗം വിജാതീയരാജ്യങ്ങളിലേക്കു വ്യാപിച്ചപ്പോള്‍ ദക്ഷിണായനാന്ത്യത്തിന്‍റെ പല ആചാരങ്ങളും ക്രിസ്തുമാര്‍ഗ്ഗവുമായി കൂടിക്കലരുവാന്‍ ഇടയായി.” (1953ലെ എഡിഷന്‍, വാല്യം 5, പുറം 642,643).

ഈ വിജാതീയാചാരങ്ങള്‍ നിമ്രോദിനാല്‍ ആരംഭിക്കപ്പെട്ട ആദിമബാബിലോണിയന്‍ മതത്തോടൊപ്പം ഉത്ഭവിച്ചവയാണ് (ഉല്‍പ. 10:810). അയാളുടെ മരണശേഷം അയാളുടെ ഭാര്യ സെമിറാമിസിന് ഒരു കൗലടേയപുത്രനുണ്ടായി. അവന്‍ നിമ്രോദിന്‍റെ പുനരവതാരമാണെന്ന് അവള്‍ അവകാശപ്പെട്ടു. അങ്ങനെയാണ് മാതാവിന്‍റെയും പുത്രന്‍റെയും ആരാധന ആരംഭിച്ചത്. 2000 വര്‍ഷത്തിനുശേഷം റോമന്‍ കത്തോലിക്കാസഭ ഈ ആരാധന ഏറ്റെടുക്കുകയും അത് മറിയയുടെയും യേശുവിന്‍റെയും ആരാധനയായി മാറ്റുകയും ചെയ്തു. പ്രോട്ടസ്റ്റന്‍റുകാരും ക്രിസ്ത്മസ്സ് കാലത്ത് Silent night, holy night എന്നും മറ്റുമുള്ള പാട്ടുകളിലൂടെ ഈ മാതാവിനെയും പുത്രനെയും പറ്റി പാടാറുണ്ട്! ബാബിലോണിയന്‍ മതം എത്ര പ്രചുരപ്രചാരം നേടിയെന്നു നോക്കുക!

ഈ ശിശുദേവന്‍റെ ജന്മദിനം പ്രാചീന ബാബിലോണിയാക്കാര്‍ ഡിസംബര്‍ 25ന് ആഘോഷിച്ചുപോന്നു. ശതാബ്ദങ്ങള്‍ക്കുശേഷം എഫെസോസില്‍ ഡയാനാ എന്നും ആര്‍ത്തെമിസ് എന്നുമുള്ള പേരുകളില്‍ ആരാധിക്കപ്പെട്ടിരുന്നത് ആകാശരാജ്ഞിയെന്നുകൂടി അറിയപ്പെട്ടിരുന്ന ഈ സെമിറാമിസ് തന്നെയാണ് (അപ്പൊ. 19:28). മൃതപ്രായമായ ഒരു വൃക്ഷക്കുറ്റിയില്‍നിന്ന് ഒരു രാത്രികൊണ്ടു പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ഒരു നിത്യഹരിതവൃക്ഷം വളര്‍ന്നുണ്ടായതായി സെമിറാമിസ് അവകാശപ്പെട്ടു. നിമ്രോദ് ജീവിതത്തിലേക്കു തിരിച്ചു വരികയും സ്വര്‍ഗ്ഗീയദാനങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിനു നല്‍കുകയും ചെയ്തതിന്‍റെ പ്രതീകമായിരുന്നു ഈ വൃക്ഷം. ഒരു ഫര്‍വൃക്ഷം വെട്ടിയിട്ട് അതിന്മേല്‍ സമ്മാനങ്ങള്‍ തൂക്കിയിടുന്ന ആചാരം ഈ വിധത്തിലാണ് ആരംഭിച്ചത്. ഇന്നത്തെ ക്രിസ്ത്മസ്സ് വൃക്ഷത്തിന്‍റെ ഉത്ഭവം ഇപ്രകാരമാണ്.

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികളുടെ വഴി പഠിക്കരുത് …. ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അത് ഒരുവന്‍ കാട്ടില്‍ നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി ചെയ്ത പണിയും അത്രേ. അവര്‍ അതിനെ വെള്ളിയും പൊന്നും കൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവര്‍ അതിനെ ആണിയും ചുറ്റികയും കൊണ്ടു ഉറപ്പിക്കുന്നു” (യിരെ. 10:24).

ഈസ്റ്റര്‍.

ഈസ്റ്റര്‍ എന്ന പദം ആകാശരാജ്ഞിയുടെ ഒരു സ്ഥാനനാമമായ ‘ഇഷ്ത്തര്‍’ അഥവാ ‘അസ്റ്റാര്‍ട്ടേ’ എന്നതില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് (1രാജാ. 11:5). ശലോമോന്‍ ആരാധിച്ച ഒരു വിഗ്രഹം അസ്തോരേത്ത് (അസ്റ്റാര്‍ട്ടേ) ആയിരുന്നു. ഈ നാമത്തിന് വിവിധ രാജ്യങ്ങളില്‍ വിഭിന്ന രൂപങ്ങള്‍ ഉണ്ടായിരുന്നു.

എന്‍സൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇതിനെപ്പറ്റി ഇപ്രകാരം പറയുന്നു: “ജര്‍മ്മന്‍ ഭാഷയിലെ ഓസ്റ്റര്‍ എന്നതില്‍നിന്നു ഉത്ഭവിച്ചിട്ടുള്ള ഈസ്റ്റര്‍ എന്ന സംജ്ഞ ക്രിസ്തുമതത്തിന് മധ്യയൂറോപ്പിലെ ട്യൂട്ടോണിക് ജനവര്‍ഗ്ഗങ്ങളോടുണ്ടായിരുന്ന കടപ്പാടു വ്യക്തമാക്കുന്നു. (!!) ട്യൂട്ടണ്‍ വര്‍ഗ്ഗക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഈസ്റ്റര്‍ എന്ന ഉത്സവത്തോടൊപ്പം അവരുടെ വസന്തോത്സവത്തിന്‍റെ പല ആചാരാനുഷ്ഠാനങ്ങളും കൂട്ടിച്ചേര്‍ത്തു. ഈ ഉത്സവം വസന്തകാലത്താണ് എന്നതും മരണത്തിന്‍റെ മേല്‍ ജീവിതത്തിനുള്ള വിജയത്തെ ഇത് ആഘോഷിക്കുന്നുവെന്നതും ട്യൂട്ടണ്‍ വര്‍ഗ്ഗക്കാരുടെ സന്തോഷകരമായ ഉത്സവത്തോട് ഇണങ്ങിച്ചേരുവാന്‍ ക്രൈസ്തവസഭയ്ക്ക് വഴിയൊരുക്കി. ശൈത്യകാലത്തിന്‍റെ ചരമം, നവവത്സരപ്പിറവി, സൂര്യന്‍റെ തിരിച്ചുവരവ് എന്നിവയെ ആഘോഷിക്കുവാനാണ് അവര്‍ വസന്തോത്സവം നടത്തിയിരുന്നത്. വസന്തദേവതയായ ഇയോസ്റ്റര്‍ അഥവാ ഓസ്റ്റാറായില്‍ നിന്നാണു ക്രിസ്തീയ വിശേഷദിവസമായ ഈസ്റ്റര്‍ എന്ന പേര് ഉത്ഭവിച്ചത്. മുട്ടയെ ഫലപുഷ്ടിയുടെയും നവീകൃതജീവന്‍റെയും പ്രതീകമായി സങ്കല്‍പിക്കുന്ന രീതി പ്രാചീന ഈജിപ്റ്റുകാരുടെയും പേര്‍ഷ്യക്കാരുടെയും കാലം മുതലേ തുടങ്ങിയിട്ടുള്ളതാണ്. വസന്തോത്സവകാലത്ത് ഈ ദേശക്കാര്‍ മുട്ടയെ ചായമണിയിക്കുകയും ഭക്ഷിക്കുകയും ചെയ്തു പോന്നു. മുട്ടയെ ജീവന്‍റെ പ്രതീകമായിക്കരുതുന്ന ഈ പ്രാചീന സങ്കല്‍പം നിഷ്പ്രയാസമായിത്തന്നെ അതിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ചിഹ്നമാക്കിത്തീര്‍ത്തു. ഈസ്റ്റര്‍ പ്രഭാതത്തില്‍ ഉദിക്കുന്ന സൂര്യദേവന്‍ ആകാശത്തില്‍ നൃത്തം ചെയ്യുന്നതായി ഒരു അന്ധവിശ്വാസം പ്രാചീനകാലത്തുണ്ടായിരുന്നു. ഈ വിശ്വാസം വസന്തോത്സവത്തോടു ബന്ധപ്പെട്ടതാണ്. അതിന്‍പ്രകാരം സൂര്യോദയദര്‍ശനത്തില്‍ കാഴ്ചക്കാര്‍ സൂര്യനെ ആദരിച്ചു നൃത്തം ചെയ്തുപോന്നു. പ്രോട്ടസ്റ്റന്‍റ് സഭകളും ഈസ്റ്റര്‍ പ്രഭാതത്തില്‍ സൂര്യോദയത്തിങ്കലേ ആരാധനകള്‍ നടത്തിക്കൊണ്ട് ഈ ആചാരത്തെ പിന്തുടര്‍ന്നിരുന്നു.” (1954ലെ എഡിഷന്‍, വാല്യം 7, പുറം 859, 860).

ഒരു ഭീമാകാരമായ മുട്ട ആകാശത്തുനിന്ന് യൂഫ്രട്ടിസ് നദിയില്‍ പതിക്കുകയും അതില്‍നിന്ന് അസ്റ്റാര്‍ട്ടേദേവി പുറത്തുവരികയും ചെയ്തതായി ബാബിലോണിയാക്കാര്‍ വിശ്വസിച്ചുപോന്നു. വസന്തോത്സവക്കാലത്ത് സൂര്യാരാധനയോടനുബന്ധിച്ച് മുട്ടകള്‍ വിതരണം ചെയ്യുന്ന രീതി ഇപ്രകാരമാണ് ആരംഭിച്ചത്. 4-ാം ശതകത്തിലെ ക്രിസ്ത്യാനികള്‍ ഇത് ഒന്നോടെ അനുവര്‍ത്തിക്കുകയും ഈ ആചാരം ഇന്നുവരെയും ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ട് ഉയിര്‍പ്പുപെരുന്നാള്‍ ആഘോഷിക്കുന്നതിലൂടെ തുടര്‍ന്നുപോരുകയും ചെയ്യുന്നു. ഒരു മുട്ടയില്‍നിന്നു പക്ഷി പുറത്തുവരുന്നതു പോലെ ക്രിസ്തു കല്ലറവിട്ടു പുറത്തുവന്നതിന്‍റെ പ്രതീകമായിട്ടാണ് മുട്ടയെ ഇക്കൂട്ടര്‍ പരിഗണിച്ചത്!

ക്രിസ്തുവിന് അനേകനൂറ്റാണ്ടുമുതലേ ‘ബൗണ്‍സ്’ എന്ന പേരില്‍ വിളിക്കപ്പെടുന്ന വിശുദ്ധ അപ്പങ്ങള്‍ വിജാതീയജനങ്ങള്‍ ആകാശരാജ്ഞിക്ക് അര്‍പ്പിച്ചുപോന്നു (യിരെ. 7:18). ക്രിസ്തുമതം ഈ വിജാതീയാചാരങ്ങള്‍ അനുകരിച്ചപ്പോള്‍ ഇവ ദുഃഖവെള്ളിയാഴ്ചയിലെ ‘ചൂടപ്പ’ങ്ങളായി പരിവര്‍ത്തനം ചെയ്തു.

ക്രിസ്തുവിന്‍റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പുമാണ് സുവിശേഷത്തിന്‍റെ കേന്ദ്രസന്ദേശം. ശിഷ്യന്മാര്‍ ഒരു സഭയായി കൂടിവരുമ്പോഴൊക്കെയും ആചരിച്ചുപോന്ന ‘വിശുദ്ധമേശ’യിലൂടെ മാത്രം ഇവയെ ഓര്‍മ്മിക്കണമെന്നാണ് യേശു അനുശാസിച്ചിട്ടുള്ളത്. ഇതു തീര്‍ച്ചയായും വര്‍ഷത്തിലൊരിക്കല്‍ ദുഃഖവെള്ളിയാഴ്ചയിലോ ഈസ്റ്റര്‍ ദിനത്തിലോ മാത്രമല്ല ചെയ്യേണ്ടത്. മുട്ടയും അപ്പവും ഉപയോഗിച്ചു ഇതു ചെയ്യുവാനും കര്‍ത്താവ് കല്‍പിച്ചിട്ടില്ല എന്നതും തീര്‍ച്ചതന്നെ.

വിശുദ്ധമേശയുടെ ശുശ്രൂഷയില്‍ നാം ക്രിസ്തുവിന്‍റെ മരണത്തെ മാത്രമല്ല അനുസ്മരിക്കുന്നത്. ക്രിസ്തുവിനോടൊപ്പം നാമും ക്രൂശിക്കപ്പെട്ടു മരിക്കുന്നതായും നാം സാക്ഷീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ വികാരപ്രകടനവും ഈസ്റ്ററിന്‍റെ ആഴം കുറഞ്ഞ ഭാവപ്രകടനങ്ങളും ആ വിധത്തില്‍ യേശുവിനെ പിന്തുടരേണ്ട ആവശ്യത്തില്‍നിന്ന് ജനശ്രദ്ധയെ അകറ്റി പൊള്ളയായ ആചാരങ്ങളിലേക്ക് അവരെ നയിക്കുകയാണ് ചെയ്യുന്നത്.

ദൈവവചനമോ മാനുഷപാരമ്പര്യമോ?

ക്രിസ്ത്മസ്സ്, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ക്കു പിമ്പിലായി നാം കാണുന്നത് ദൈവവചനത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത മാനുഷപാരമ്പര്യങ്ങളെ പിന്തുടരുന്ന മരണകരമായ ഒരു പ്രമാണമാണ്. മറ്റു രംഗങ്ങളിലെല്ലാം തിരുവെഴുത്തുകളെ പിന്തുടരുന്ന ധാരാളം വിശ്വാസികള്‍ക്കും ക്രിസ്ത്മസ്സ്, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉപേക്ഷിക്കുക എന്നത് വിഷമകരമായി അനുഭവപ്പെടുമാറ് പാരമ്പര്യത്തിന്‍റെ ശക്തി അത്ര പ്രബലമാണ്.

എന്‍സൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കായുടെ എഴുത്തുകാരെപ്പോലെയുള്ള മതേതര ഗ്രന്ഥകാരന്മാര്‍ പോലും വ്യക്തമായി ഗ്രഹിച്ചിട്ടുള്ള കാര്യങ്ങള്‍ അതായത് ക്രിസ്ത്മസ്സും ഈസ്റ്ററും അടിസ്ഥാനപരമായി വിജാതീയോത്സവങ്ങളാണെന്നുള്ള വസ്തുത അംഗീകരിക്കുവാന്‍ ഒട്ടധികം വിശ്വാസികള്‍ പോലും സന്നദ്ധരല്ലാതിരിക്കുന്നത് ആശ്ചര്യകരം തന്നെ. ഒരു കഴുതയെ നിങ്ങള്‍ സിംഹമെന്നു വിളിച്ചേക്കാം. എന്നാല്‍ അത് ഇപ്പോഴും ഒരു കഴുതതന്നെയാണ്. അതുപോലെ കേവലം പേരു മാറ്റം കൊണ്ടുമാത്രം ഈ ആഘോഷങ്ങള്‍ ക്രൈസ്തവമായിത്തീരുന്നില്ല! ക്രിസ്ത്മസ്സ്, ഈസ്റ്റര്‍ എന്നിവയും ഗണേശ്പൂജ, ദസരാ, ദീപാവലി എന്നിവയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല.

ഇവിടെ നാം മനസ്സിലാക്കിയ കാര്യങ്ങളില്‍ നിന്നും ഇത്രയും വ്യക്തമാകുന്നു: ക്രിസ്ത്മസ്സ് ദിനത്തില്‍ ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ആഘോഷിച്ചുപോരുന്നത് ബാബിലോണിലെ നിമ്രോദ് എന്നു പേരായ മറ്റൊരു യേശുവിന്‍റെ ജന്മദിനമാണ്. ഈസ്റ്റര്‍ സമയത്ത് അവര്‍ ആഘോഷിക്കുന്നതും ഉത്തരാര്‍ദ്ധഗോളത്തില്‍ വേനല്‍ക്കാലം വരുത്തിയ സൂര്യദേവനെന്ന മറ്റൊരു യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിനെയാണ്. നിമ്രോദിനും സൂര്യദേവനും പിന്നിലായി യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നത് ഈ ആരാധന കൈക്കൊള്ളുന്ന സാത്താനാണ്. യിസ്രായേല്‍ക്കാര്‍ തങ്ങളുണ്ടാക്കിയ കാളക്കുട്ടിയെ ‘യഹോവ’ എന്നു വിളിച്ചു. എന്നാല്‍ അവരുടെ ആ ആരാധന കൈക്കൊണ്ടത് സാത്താന്‍ ആയിരുന്നു (പുറ. 34:4,5). ക്രിസ്ത്മസ്സും ഈസ്റ്ററും ആഘോഷിക്കുന്ന സകലരും ഈ കാര്യം ഓര്‍ക്കുകയും സൂക്ഷിച്ചുകൊള്‍കയും ചെയ്യട്ടെ.

നാം ആരംഭത്തില്‍ പ്രസ്താവിച്ചതുപോലെ ദൈവവചനത്തിനെതിരായ മാനുഷികപാരമ്പര്യമെന്ന ഈ പ്രശ്നത്തെ സംബന്ധിച്ച് പരീശന്മാരുമായി ഒരു നിരന്തര പോരാട്ടത്തില്‍ യേശു ഏര്‍പ്പെട്ടിരുന്നു. പാപത്തിനെതിരെ പ്രസംഗിക്കുന്നതിനെക്കാള്‍ അധികമായി പിതാക്കന്മാരുടെ പൊള്ളയായ പാരമ്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവന്നതുമൂലമാണ് യേശു എതിര്‍പ്പിനെ നേരിടേണ്ടിവന്നത്. യേശു വിശ്വസ്തനായിരുന്നതുപോലെ നാമും വിശ്വസ്തരായിത്തീരുന്നപക്ഷം നമ്മുടെ അനുഭവവും ഇതുതന്നെയെന്ന് നാം മനസ്സിലാക്കും.

സാത്താന്‍ ക്രൈസ്തവലോകത്തില്‍ കൊണ്ടുവന്നിട്ടുള്ള ബാബിലോണിയന്‍ ആഘോഷങ്ങളെ വെളിച്ചത്താക്കുവാനും ദൈവവചനത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത എന്തിനെയും അതെത്ര നിഷ്കളങ്കമെന്നു തോന്നിയാലും എതിര്‍ക്കുവാനുമാണ് സഭയെ ഇന്നു ദൈവം വിളിച്ചാക്കിയിട്ടുള്ളത്.

കര്‍ത്താവിനായിട്ടെന്നപോലെ ഒരു ദിവസത്തെ ആദരിക്കുന്നവരെപ്പറ്റി റോമര്‍. 14:5,6 ചിലര്‍ ഉദ്ധരിച്ചേക്കാം. ഈ ഭാഗത്ത് വ്യക്തമായിത്തന്നെ പഴയനിയമത്തിലെ ശബ്ബത്തിനെപ്പറ്റിയാണ് പ്രസ്താവിച്ചിട്ടുള്ളത്. അക്കാലത്ത് ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു പരിവര്‍ത്തനം ചെയ്ത ചില യഹൂദന്മാര്‍ക്ക് ഇതുപേക്ഷിക്കുന്നതിനെപ്പറ്റി വെളിച്ചം ലഭിച്ചിരുന്നില്ല. ഈ ബലഹീനരായ യഹൂദസഹോദരന്മാരെ സഹിഷ്ണുതയോടെ വീക്ഷിക്കുവാന്‍ പുതിയനിയമവെളിച്ചം ലഭിച്ചവരെ പൗലോസ് പ്രബോധിപ്പിച്ചു. എങ്കിലും ഇന്നു ഗണേശ്പൂജയോ ക്രിസ്ത്മസ്സോ ഈസ്റ്ററോ ദീപാവലിയോ ആഘോഷിക്കുന്നതിനെ ഇതു പരാമര്‍ശിക്കുന്നതായി വീക്ഷിക്കുവാന്‍ സാധ്യമല്ല.

ചില ദൈവഭക്തരായ ആളുകളും ക്രിസ്ത്മസ്സും ഈസ്റ്ററും ആഘോഷിക്കുന്നുണ്ടല്ലോ എന്നു ചിലര്‍ പറഞ്ഞേക്കാം. ചില മേഖലകളില്‍ ദൈവവചനത്തിന്‍റെ വഴി പിന്തുടരാതെയിരിക്കുന്ന ദൈവഭക്തരായ ആളുകളുടെ ദൃഷ്ടാന്തമല്ല, പിന്നെയോ ദൈവവചനം മാത്രമാണ് നമുക്കു മാര്‍ഗ്ഗദര്‍ശകമായിരിക്കുന്നത്. “ദൈവം സത്യവാന്‍; എല്ലാ മനുഷ്യരും ഭോഷ്ക്കു പറയുന്നവര്‍ എന്നേ വരൂ” (റോമര്‍. 3:4). “അവരുടെ വചനങ്ങളെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ശോധന ചെയ്വിന്‍ എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരുടെ ഉപദേശങ്ങള്‍ എന്‍റേതില്‍നിന്നു വ്യത്യസ്തമെങ്കില്‍ അത് അവര്‍ക്കു വെളിച്ചം ലഭിക്കായ്ക കൊണ്ടത്രേ” (യെശ. 8:20, Living Bible). ബെരോവക്കാര്‍ പൗലോസിന്‍റെ വചനങ്ങളെപ്പോലും ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ശോധന ചെയ്തു. അതുമൂലം പരിശുദ്ധാത്മാവ് അവരെ അഭിനന്ദിക്കുകയും ചെയ്തു (അപ്പൊ. 17:11). അത് നമുക്കെല്ലാം പിന്തുടരുവാന്‍ യോഗ്യമായ നല്ലൊരു ദൃഷ്ടാന്തമത്രേ.

ദാവീദ് ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം പിച്ചളസര്‍പ്പത്തെ ആരാധിക്കുവാന്‍ യിസ്രായേല്‍ മക്കളെ അനുവദിച്ചു. അതു ദൈവത്തിന് അറപ്പായ ഒരു കാര്യമാണെന്നറിയാതെയാണ് അപ്രകാരം ചെയ്തത്. ഇപ്രകാരമുള്ള വ്യക്തമായ വിഗ്രഹാരാധനയെപ്പറ്റി അദ്ദേഹത്തിനു വെളിച്ചം ലഭിച്ചിരുന്നില്ല. അദ്ദേഹത്തെക്കാള്‍ അപ്രധാനനായ യെഹിസ്കീയാവ് എന്ന രാജാവിനാണ് ഈ വിഗ്രഹാരാധനാസമ്പ്രദായത്തെ വെളിച്ചത്താക്കുവാനും ഇല്ലാതാക്കുവാനുമുള്ള വെളിച്ചം ലഭിച്ചത് (2രാജാ. 18:14). ദൈവഭക്തരായ ആളുകളെ അവരുടെ ജീവിതവിശുദ്ധിയുടെ കാര്യത്തില്‍ നമുക്കു പിന്തുടരാമെങ്കിലും അവര്‍ക്കു വെളിച്ചം ലഭിക്കാത്ത മാനുഷികപാരമ്പര്യങ്ങളുടെ കാര്യത്തില്‍ നാം അവരെ അനുകരിക്കേണ്ട കാര്യമില്ല.

മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നുവെന്നു നോക്കാതെ ദൈവവചനത്തെ പിന്തുടരുന്നതിലും അതിനോടു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കുന്നതിലുമാണ് നമ്മുടെ സുരക്ഷിതത്വം.

എല്ലാ ജീവിതമാര്‍ഗ്ഗങ്ങളിലും യേശുവിനെ പിന്തുടരുകയാണ് യഥാര്‍ത്ഥമായ ആത്മീയത. ക്രൂശെടുക്കുക, പ്രതിദിനജീവിതത്തില്‍ പരിശുദ്ധാത്മശക്തിയോടെ ദൈവവചനം അനുസരിക്കുക എന്നിവയാണ് ഇതിലേക്കു പ്രാഥമികമായി ആവശ്യമായിട്ടുള്ളത്. പുതിയനിയമത്തില്‍ കാണാത്ത എല്ലാ മാനുഷികപാരമ്പര്യങ്ങളും ഉപേക്ഷിക്കുന്നതും ഇതിന്‍റെ ഒരു ഭാഗമാണ്.

എല്ലാ സ്ഥലങ്ങളിലും ഒരു വിശുദ്ധമായ സാക്ഷ്യം ഉണ്ടാകണമെന്നും എല്ലാ പാപങ്ങളില്‍നിന്നും മാത്രമല്ല, സകല ബാബിലോണിയന്‍ പാരമ്പര്യങ്ങളില്‍ നിന്നും കൂടെ സ്വതന്ത്രമായ ഒരു സഭ പണിയപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നു.

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

25. പരാജിതര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണ പദ്ധതി

കഴിഞ്ഞകാലത്തെ ജീവിതത്തില്‍ ദൈവത്തോടു കുറ്റം ചെയ്തതുമൂലം ഇപ്പോള്‍ തങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി സാക്ഷാല്‍ക്കരിക്കുവാന്‍ സാധ്യമല്ലെന്നു ചിന്തിക്കുന്ന ധാരാളം സഹോദരീസഹോദരന്മാരുണ്ട്.

ഈ കാര്യത്തെപ്പറ്റി നമ്മുടെ സ്വന്തം വിവേകത്തിലോ യുക്തിബോധത്തിലോ ആശ്രയിക്കാതെ ദൈവവചനത്തിന് എന്താണു പറയാനുള്ളതെന്നു നമുക്കു പരിശോധിക്കാം.

ആദ്യമായിത്തന്നെ ബൈബിള്‍ എപ്രകാരം ആരംഭിക്കുന്നുവെന്ന കാര്യം ശ്രദ്ധിക്കുക.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്‍പ. 1:1). ദൈവം അവയെ സൃഷ്ടിച്ചപ്പോള്‍ ആകാശവും ഭൂമിയും സമ്പൂര്‍ണ്ണതയുള്ളവയായിരുന്നിരിക്കണം. കാരണം, അവിടുത്തെ കരവേലയായ യാതൊന്നും തന്നെ അപൂര്‍ണ്ണമോ കുറവുള്ളതോ ആയിരിപ്പാന്‍ സാധ്യമല്ല.

എങ്കിലും ദൈവം സൃഷ്ടിച്ച ദൂതസംഘത്തില്‍ ചിലര്‍ തെറ്റില്‍ വീണുപോകുവാന്‍ ഇടയായി. യെശ. 14:1-15, യെഹ. 28:13-18 എന്നീ വേദഭാഗങ്ങളില്‍ നമ്മുടെ പ്രയോജനത്തിനായി ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഉല്‍പ. 1:2ല്‍ വിവരിച്ചിരിക്കുന്ന അവസ്ഥയില്‍ ഭൂമി ആയിത്തീര്‍ന്നത്. “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു.”

പാഴും ശൂന്യവും ഇരുളടഞ്ഞതുമായ ആ ഭൂമിയില്‍ ദൈവം പ്രവര്‍ത്തിച്ചു അതില്‍നിന്ന് അത്യന്തം മനോഹരമായ ഒരു ലോകത്തെ നിര്‍മ്മിച്ചതെങ്ങനെയെന്ന് ഉല്‍പ. 1ന്‍റെ ശേഷിച്ച ഭാഗത്തു വിവരിക്കുന്നു. ദൈവം തന്നെ ‘വളരെ നല്ലത്’ എന്നു പ്രഖ്യാപിക്കുമാറ് അതു അത്ര മനോഹരമായിരുന്നു (ഉല്‍പ. 1:31). ഉല്‍പ. 1:2,3ല്‍ ദൈവത്തിന്‍റെ ആത്മാവ് ഭൂമിമേല്‍ പരിവര്‍ത്തിച്ചുവെന്നും ദൈവം തന്‍റെ വചനം സംസാരിച്ചുവെന്നും നാം വായിക്കുന്നു. ഭൂമിയിലുണ്ടായ വലിയ വ്യത്യാസത്തിനു കാരണഭൂതമായിത്തീര്‍ന്ന ശക്തികള്‍ ഇവ രണ്ടുമായിരുന്നു.

ഇതില്‍നിന്നും നമുക്ക് ഇന്നു ലഭിക്കുന്ന സന്ദേശം എന്താണ്?

നാം എത്രയധികം പരാജയപ്പെട്ടവരായിരുന്നാലും ശരി, അഥവാ നമ്മുടെ ജീവിതത്തെ നാം എത്രയധികം സങ്കീര്‍ണ്ണമാക്കിത്തീര്‍ത്തിരുന്നാലും ശരി, ദൈവത്തിനതിനെ അത്യന്തം മഹത്വപൂര്‍ണ്ണമായ ഒന്നാക്കിത്തീര്‍ക്കുവാന്‍ സാധിക്കുമെന്നതുതന്നെ.

ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചപ്പോള്‍ അവയെപ്പറ്റി അവിടുത്തേക്കു പരിപൂര്‍ണ്ണമായ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാല്‍ ലൂസിഫറിന്‍റെ പരാജയം നിമിത്തം ആ പ്ലാന്‍ ദൈവത്തിനു മാറ്റിവയ്ക്കേണ്ടിവന്നു. എന്നിട്ടും ദൈവം ആകാശത്തെയും ഭൂമിയെയും പുനഃസൃഷ്ടിക്കുകയും അത്യന്തം മനോഹരമായ ഒന്ന് അവയില്‍നിന്ന് ഉത്പാദിപ്പിക്കുകയും ചെയ്തു.

അടുത്തതായി എന്തു സംഭവിച്ചുവെന്ന് ഇനി ചിന്തിക്കുക.

ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചു. അതും പുതിയൊരു തുടക്കമായിരുന്നു. അവരെക്കറിച്ചും ദൈവത്തിനു പരിപൂര്‍ണ്ണമായ ഒരു പദ്ധതിയുണ്ടായിരുന്നിരിക്കണം. അവര്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നുവാനിടയായത് വ്യക്തമായും ആ പ്ലാനിന്‍റെ ഭാഗമായിരുന്നില്ല. എങ്കിലും അവര്‍ നിരോധിക്കപ്പെട്ട ആ വൃക്ഷഫലം തിന്നുകയും അങ്ങനെ അവരെക്കുറിച്ചു ദൈവത്തിനുണ്ടായിരുന്ന ആദിമപദ്ധതി (അതെന്തായിരുന്നാല്‍ത്തന്നെയും) തകര്‍ക്കപ്പെടുകയും ചെയ്തു.

ഇനി അവര്‍ക്കു ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി സാക്ഷാല്‍കരിക്കുവാന്‍ സാധ്യമല്ലെന്നു നമ്മുടെ യുക്തിബോധം പറഞ്ഞേക്കാം. എന്നാലും അവരെ കാണുവാനായി ദൈവം തോട്ടത്തില്‍ വന്നപ്പോള്‍, ഇനിയിപ്പോള്‍ തങ്ങളുടെ അവശിഷ്ടജീവിത കാലത്ത് അവര്‍ക്കു ദൈവത്തിന്‍റെ ഒരു രണ്ടാംകിട നന്മ മാത്രമേ അനുഭവിപ്പാന്‍ സാധിക്കൂ എന്നു ദൈവം അവരോടു പറയുന്നില്ല. ഇല്ല, ഒരിക്കലുമില്ല. ഉല്‍പ. 3:15ല്‍ സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കുമെന്ന വാഗ്ദാനം ദൈവം അവര്‍ക്കു നല്‍കുന്നു. ക്രിസ്തു ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരിക്കുകയും കാല്‍വറിയില്‍ സാത്താനെ ജയിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണത്.

ഇപ്പോള്‍ ഈ വസ്തുതയെപ്പറ്റി നിങ്ങള്‍ ചിന്തിക്കുകയും ഇതു യുക്തിബോധത്താല്‍ സാധൂകരിപ്പാന്‍ സാധ്യമോ എന്നു വിവേചിക്കുകയും ചെയ്യുക.

നിത്യത മുഴുവനെയും സംബന്ധിക്കുന്ന ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതിയുടെ ഒരു ഭാഗമാണ് ക്രിസ്തുവിന്‍റെ മരണമെന്നു നമുക്കറിയാം. കുഞ്ഞാട് ലോക സ്ഥാപനത്തിങ്കലേ അറുക്കപ്പെട്ടവനാണ് (വെളി. 13:8). എങ്കിലും ക്രിസ്തു മരിച്ചത് ആദാമും ഹവ്വയും പാപം ചെയ്കയും ദൈവത്തോടു കുറ്റക്കാരാവുകയും ചെയ്തതിനാലാണെന്നും നാം അറിയുന്നുണ്ട്. അതിനാല്‍ ലോകത്തിന്‍റെ പാപത്തിനുവേണ്ടി മരണമനുഭവിപ്പാന്‍ ദൈവം ക്രിസ്തുവിനെ അയച്ചത് ആദാമിന്‍റെ കുറ്റത്തോടു ബന്ധമില്ലാതെയല്ല, മറിച്ച് ആദാമിന്‍റെ കുറ്റം നിമിത്തമാണെന്നു യുക്തിപരമായി നമുക്കു പറയാം. ആദാമിന്‍റെ പാപം സംഭവിച്ചില്ലായിരുന്നെങ്കില്‍ കാല്‍വറിക്രൂശില്‍ പ്രദര്‍ശിതമായ ദൈവസ്നേഹം നാം അറിയുകയില്ലായിരുന്നു.

ഇതു നമ്മുടെ യുക്തിബോധത്തെ കുഴക്കുന്നുണ്ട്. തന്മൂലമാണു “സ്വന്തം വിവേകത്തില്‍ ഊന്നരു”തെന്ന് തിരുവെഴുത്ത് നമ്മോടു പറയുന്നത് (സദൃ. 3:5).

ഗണിതശാസ്ത്രപരമായ യുക്തിബോധമനുസരിച്ചാണ് ദൈവം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ക്രിസ്തു ലോകത്തില്‍ വന്നതു ദൈവത്തിന്‍റെ അത്യുത്തമപദ്ധതിയെക്കാള്‍ കുറഞ്ഞ നിലവാരത്തിലുള്ള ഒരു കാര്യം മാത്രമാണെന്നു നാം പറയേണ്ടിവരുമായിരുന്നു. എന്നാല്‍ അപ്രകാരം പറയുന്നത് ദൈവദൂഷണമായിരിക്കും. മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതിയിലെ ഒരു ഭാഗമായിരുന്നു അത്. ദൈവം ഒരിക്കലും തെറ്റു ചെയ്യുന്നില്ല. എന്നാല്‍ ദൈവം സര്‍വശക്തനും സകലവും ഭരിക്കുന്നവനുമാകയാലും ദൈവം ആദിമുതല്‍ തന്നെ അന്ത്യം അറിയുന്നവനാകയാലും അവിടുന്ന് എപ്പോഴും നമുക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നവനാകയാലും മനുഷ്യനോടുള്ള അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍ മാനുഷികബുദ്ധി പരാജയപ്പെടുന്നു.

ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളല്ല; അവിടുത്തെ ചിന്തകള്‍ നമ്മുടെ ചിന്തകളുമല്ല. അവ തമ്മിലുള്ള അകലം ഭൂമിയും ആകാശവും തമ്മിലുള്ളതുപോലെ അത്രയധികമാണ് (യെശ. 55:8,9). അതിനാല്‍ ദൈവത്തിന്‍റെ വഴികള്‍ അറിയുവാന്‍ നാം ശ്രമിക്കുമ്പോള്‍ നമ്മുടെ സ്വന്തമിടുക്കെല്ലാം മാറ്റിവയ്ക്കുന്നതു നന്നായിരിക്കും.

അങ്ങനെയെങ്കില്‍ ബൈബിളിന്‍റെ ആദ്യപുറങ്ങള്‍ തുടങ്ങി ദൈവം നമ്മെ ഗ്രഹിപ്പിക്കുവാന്‍ ശ്രമിക്കുന്ന സന്ദേശം എന്താണ്? ഇതുതന്നെ: പരാജിതനായ ഒരുവന്‍റെ കാര്യത്തില്‍ ഇടപെട്ട് അയാളില്‍ക്കൂടി മഹത്വകരമായ ചിലതു സാധിക്കുവാന്‍ ദൈവത്തിനു കഴിയും. ആ ഘട്ടത്തിലും അവനെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി നിറവേറ്റുവാന്‍ ദൈവത്തിനു കഴിയും.

കാരണം ഇതാണ്: പരാജയം പോലും അവനെ മറക്കരുതാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കുവാന്‍വേണ്ടിയുള്ള ദൈവികപദ്ധതിയുടെ ഒരു ഭാഗമായിരുന്നിരിക്കണം. മാനുഷികമായ യുക്തിക്കു ഇതു ഗ്രഹിക്കുവാന്‍ അസാധ്യമാണ്. എന്തെന്നാല്‍ അത്ര കുറഞ്ഞ ഒരളവില്‍ മാത്രമേ ദൈവത്തെ നാം അറിയുന്നുള്ളു.

തകര്‍ച്ചയിലെത്തിയ സ്ത്രീപുരുഷന്മാരെ മാത്രമേ ദൈവത്തിന് ഉപയോഗിക്കുവാന്‍ കഴിയൂ. നമ്മെ തകര്‍ക്കുവാനുള്ള അവിടുത്തെ ഒരു വഴി വീണ്ടും വീണ്ടുമുള്ള പരാജയമാണ്.

അപ്പൊസ്തലനായ പത്രോസിന്‍റെ നേതൃത്വപരിശീലനത്തിന്‍റെ ഒരു ഭാഗം പരാജയമായിരുന്നു. പത്രോസിന്‍റെ പരാജയങ്ങള്‍ അദ്ദേഹത്തെ തകര്‍ക്കുന്നതിനായി ദൈവം ഉപയോഗിച്ചു.

ദൈവം നമ്മെ അനുഗ്രഹിക്കുകയും ആ അനുഗ്രഹം നമ്മെ നിഗളികളാക്കാതെ നമ്മെ സൂക്ഷിക്കുകയും ചെയ്യുക – ഇതാണ് ദൈവത്തിനു നമ്മുടെ കാര്യത്തിലുള്ള ഏറ്റവും വലിയ പ്രശ്നം. കോപത്തിന്‍റെ മീതേ വിജയം ലഭിക്കുകയും അനന്തരം അതിനെക്കുറിച്ചു നിഗളിക്കുകയും ചെയ്യുന്നത് നാം ആദ്യം വീണതിനെക്കാള്‍ അധികം ആഴമുള്ള ഒരു കുഴിയില്‍ വീണുപോവുകയാണ്. അതിനാല്‍ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ത്തന്നെ ദൈവത്തിനു നമ്മെ വിനീതരാക്കി സൂക്ഷിക്കേണ്ടിയിരിക്കുന്നു.

പാപത്തിന്‍റെമേലുള്ള സാക്ഷാല്‍ വിജയം എപ്പോഴും ആഴമായ വിനയത്തോടു ഇടകലര്‍ന്നതായിരിക്കും. ഇവിടെയാണ് നമ്മുടെ തന്‍പോരിമയെ നശിപ്പിക്കുന്നതിലേക്ക് ആവര്‍ത്തിച്ചുള്ള പരാജയം അതിന്‍റെ പങ്കു വഹിക്കുന്നത്. അപ്പോള്‍ പാപത്തിന്‍റെമേലുള്ള വിജയം ദൈവത്തിന്‍റെ ശക്തീകരിക്കുന്ന കൃപകൂടാതെ സാധ്യമല്ലെന്ന ഉറപ്പ് നമുക്കു ലഭിക്കും. അങ്ങനെയെങ്കില്‍ വിജയം ലഭിക്കുമ്പോള്‍ നാം ഒരിക്കലും അതിനെപ്പറ്റി സ്വയം പ്രശംസിക്കുകയില്ല.

മറ്റൊരു കാര്യം. നാം തന്നെ അനേക പ്രാവശ്യം പരാജയപ്പെട്ടു കഴിയുമ്പോള്‍ പരാജയപ്പെടുന്ന ഒരുവനെ നിന്ദിക്കുവാന്‍ നമുക്കു സാധ്യമല്ലാതാകും. അസംഖ്യം വീഴ്ചകളിലൂടെ നമ്മുടെ ജഡത്തിന്‍റെ ബലഹീനത നമുക്കു ബോധ്യമാകുന്നതുമൂലം വീഴുന്നവരോടു സഹതാപം കാണിക്കുവാന്‍ നമുക്കു കഴിവുണ്ടാകും. അജ്ഞരോടും വഴിതെറ്റിയവരോടും സൗമ്യതയോടെ പെരുമാറുവാന്‍ നമുക്കു കഴിയും. കാരണം നാം തന്നെയും ബലഹീനത നിറഞ്ഞ വ്യക്തികളാണല്ലോ.

“അങ്ങനെയെങ്കില്‍ നന്മ വരേണ്ടതിനായി നമുക്കു പാപം ചെയ്യാം” എന്നായിരിക്കും യുക്തിചിന്തക്കാരനായ ഒരു മനുഷ്യന്‍ ഇതു കേട്ടശേഷം പറയുന്നത്.

റോമര്‍. 3:7,8 (Living Bible) ഈ പ്രസ്താവനയ്ക്കു ഇപ്രകാരം മറുപടി പറയുന്നു: “എന്‍റെ സത്യസന്ധതയില്ലായ്മ ദൈവത്തിന്‍റെ സത്യസന്ധതയെ തെളിയിച്ചതിനാല്‍ ദൈവത്തിനു മഹത്വം വന്നുവെന്നു നിങ്ങള്‍ പറയുന്നുവല്ലോ. ഈ വിചാരഗതി തുടരുന്നപക്ഷം, ‘നാം എത്ര കൊള്ളരുതാത്തവരാകുന്നുവോ അത്രയ്ക്കു ദൈവം സന്തുഷ്ടനാകും’ എന്നൊരു നിഗമനത്തിലായിരിക്കും നിങ്ങള്‍ വന്നുചേരുന്നത്. ഈ വിധത്തിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്കു വരുന്ന ശിക്ഷാവിധി ന്യായം തന്നെ.”

ഇല്ല, നന്മ വരേണ്ടതിനു നാം പാപം ചെയ്യണമെന്നു നാം പ്രസംഗിക്കുന്നില്ല. നമുക്കു ദൈവത്തിന്‍റെ കൃപയെ ചൂഷണം ചെയ്തുകൊണ്ടു മനഃപൂര്‍വം ദൈവത്തോടു അനുസരണക്കേടു കാണിക്കുകയും എന്നിട്ടും നാം വിതച്ചതിന്‍റെ ഫലം കൊയ്യുന്നതില്‍നിന്നു രക്ഷപെടുകയും ചെയ്യാമെന്നു നാം പറയുന്നില്ല. ഒരിക്കലുമില്ല.

എന്നാല്‍ വീണുപോയ മനുഷ്യനോടുള്ള ദൈവകൃപയെ മാനുഷികമായ യുക്തിബോധം കൊണ്ടു ഗ്രഹിക്കുവാന്‍ സാധ്യമല്ല എന്നു നാം പറയുക തന്നെ ചെയ്യുന്നു. ദൈവത്തിനു ഒന്നും അസാധ്യമല്ല. നാം ദയനീയമായും ആവര്‍ത്തിച്ചും പരാജയപ്പെട്ടതിനുശേഷവും തന്‍റെ പരിപൂര്‍ണ്ണഹിതത്തിലേക്കു നമ്മെ നയിക്കുക എന്നതു ദൈവത്തിനു അസാധ്യമല്ല. നമ്മുടെ അവിശ്വാസം മാത്രമാണ് ദൈവത്തിനു പ്രതിബന്ധമായി നില്‍ക്കുന്നത്.

“എന്നാല്‍ ഞാന്‍ കാര്യങ്ങളെ പലമടങ്ങു സങ്കീര്‍ണ്ണമാക്കിത്തീര്‍ത്തു; ഇപ്പോളിനി ദൈവത്തിനു തന്‍റെ സമ്പൂര്‍ണ്ണമായ പ്ലാനിലേക്ക് എന്നെ കൊണ്ടുവരുവാന്‍ സാധ്യമല്ല” എന്നു നിങ്ങള്‍ പറയുന്നപക്ഷം അപ്പോള്‍ മാത്രം ദൈവത്തിന് അത് അസാധ്യമായിത്തീരും. നിങ്ങള്‍ക്കു വേണ്ടി ദൈവത്തിനു ചെയ്വാന്‍ കഴിയുന്ന കാര്യം നിങ്ങള്‍ വിശ്വസിക്കുക മാത്രം ചെയ്യുമെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യുവാനും ദൈവത്തിനു അസാധ്യമല്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്.

“നിന്‍റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ” എന്നത് എല്ലാ കാര്യങ്ങളിലുമുള്ള ദൈവത്തിന്‍റെ നിയമമാണ് (മത്താ. 9:29). നമുക്ക് എന്തിനുവേണ്ടി വിശ്വാസമുണ്ടോ അതു നമുക്കു ലഭിക്കും. ഒരു കാര്യം നമുക്കുവേണ്ടി ചെയ്യുവാന്‍ ദൈവത്തിനു അസാധ്യമാണെന്നു നാം വിശ്വസിക്കുന്നപക്ഷം അത് ഒരിക്കലും നമ്മുടെ ജീവിതത്തില്‍ നിറവേറ്റുവാന്‍ സാധ്യമല്ല.

നേരേമറിച്ച് നിങ്ങളെക്കാള്‍ അധികമായി സ്വന്തജീവിതത്തെ സങ്കീര്‍ണ്ണമാക്കിത്തീര്‍ത്ത മറ്റൊരു വ്യക്തിയെപ്പറ്റി ചിന്തിക്കുക. തന്‍റെ ജീവിതത്തിന്‍റെ ചിതറിപ്പോയ കഷണങ്ങള്‍ പെറുക്കിയെടുത്ത് വളരെ മനോഹരമായ ഒന്നു നിര്‍മ്മിക്കുവാന്‍ ദൈവത്തിനു സാധ്യമാണെന്നു അയാള്‍ വിശ്വസിച്ചതുകൊണ്ടു മാത്രം അയാളുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണ്ണപദ്ധതി നിറവേറുവാന്‍ സാധിച്ചതായി ക്രിസ്തു വിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ വച്ചു കാണുവാന്‍ നിങ്ങള്‍ക്ക് ഇടയാകും.

ആ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എത്ര വലിയ പശ്ചാത്താപമായിരിക്കും ഉണ്ടാവുക! നിങ്ങളുടെ പരാജയങ്ങള്‍ എത്ര അസംഖ്യമായിരുന്നാലും ശരി, അവയല്ല ദൈവത്തിന്‍റെ പദ്ധതിയെ നിഷ്ഫലമാക്കിയത്. നേരേമറിച്ചു നിങ്ങളുടെ അവിശ്വാസമാണ് അതിനു കാരണമെന്നു അന്നു നിങ്ങള്‍ കണ്ടെത്തും.

ഒട്ടനേകം വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞ മുടിയന്‍ പുത്രന്‍റെ കഥ, പരാജിതര്‍ക്കുപോലും ദൈവം തന്‍റെ പരമോന്നതനന്മ നല്‍കുന്ന എന്നതിന്‍റെ ദൃഷ്ടാന്തമാണ്. ആ പിതാവ് ഇപ്രകാരം പറഞ്ഞു: “വേഗം മേല്‍ത്തരമായ അങ്കി കൊണ്ടു വരിക.” തന്നെ ഇത്രമാത്രം അപമാനിച്ച ഒരുവനു വേണ്ടിയാണ് ഈ കല്‍പന പുറപ്പെട്ടത്. സുവിശേഷത്തിന്‍റെ സന്ദേശം ഇതുതന്നെ: വീണ്ടെടുപ്പും പുതിയ ആരംഭവും; ഒരു വട്ടം മാത്രമല്ല, വീണ്ടും വീണ്ടും പല പ്രാവശ്യം. കാരണം, ദൈവം യാതൊരുത്തരെയും കൈവിടുന്നില്ല.

തന്‍റെ തോട്ടത്തില്‍ വേലക്കാരെ കൂലിക്കു നിറുത്തിയ മനുഷ്യന്‍റെ ഉപമയും (മത്താ. 20:1-16) ഇതേ കാര്യം പഠിപ്പിച്ചു തരുന്നു. പതിനൊന്നാം മണിനേരത്തു വിളിച്ചു നിറുത്തിയവര്‍ക്കാണ് ആദ്യം കൂലികൊടുത്തത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ ജീവിതത്തിന്‍റെ തൊണ്ണൂറുശതമാനവും (അഥവാ 11/12 ഭാഗം) ദുരുപയോഗപ്പെടുത്തി നിത്യമായ വിലയുള്ളതൊന്നും നേടാതിരുന്ന ആളുകള്‍ക്കു തങ്ങളുടെ ജീവിതത്തില്‍ ശേഷിച്ച പത്തു ശതമാനം സമയം കൊണ്ടു ദൈവത്തിനുവേണ്ടി മഹത്വകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞു. പരാജിതരായിത്തീര്‍ന്ന എല്ലാവര്‍ക്കും മഹത്തായ പ്രോത്സാഹനം നല്‍കുന്ന ഒരു കാര്യമാണിത്.

പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാനാണല്ലോ മനുഷ്യപുത്രന്‍ വന്നത് (1യോഹ. 3:8).

യേശു വന്നത് നമ്മുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കെട്ടുകളും കുരുക്കുകളും അഴിച്ചുകളയുവാന്‍ വേണ്ടിയാണെന്നത്രേ ഇതിന്‍റെ അര്‍ത്ഥം. ഈ വസ്തുത നമുക്ക് ഇപ്രകാരം ചിത്രീകരിക്കാം. നാമെല്ലാവരും ശിശുക്കളായിരുന്നപ്പോള്‍ മനോഹരമായ ഒരു നൂലുണ്ട നമ്മെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെയെല്ലാം അതേ നൂലുണ്ട പതിനായിരം കെട്ടുകള്‍ കൊണ്ടു കുരുങ്ങിയതായിത്തീര്‍ന്നിരിക്കുന്നു. ഈ കെട്ടുകള്‍ എല്ലാം അഴിച്ചു ശരിയാക്കാമെന്നുള്ള ഒരു പ്രതീക്ഷയും നമ്മില്‍ ശേഷിക്കുന്നില്ല. നമ്മുടെ ജീവിതങ്ങളെ നോക്കുമ്പോള്‍ നാം നിരുത്സാഹരും നിരാശാബാധിതരുമായിത്തീരുന്നു. ഈ കെട്ടുകള്‍ മുഴുവനും അഴിച്ചു ശരിയാക്കി പഴയ നില പുനഃസ്ഥാപിക്കുവാനാണ് യേശുക്രിസ്തു വന്നത്. ഇതാണ് സുവിശേഷത്തിലടങ്ങിയ നല്ല വാര്‍ത്ത.

അത് അസാധ്യമാണ് എന്നു നിങ്ങള്‍ പറയുന്നുവോ? ശരി, എങ്കില്‍ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കും. നിങ്ങളുടെ കാര്യത്തില്‍ അത് അസാധ്യമായിത്തീരും.

എന്നാല്‍ നിങ്ങളുടേതിനെക്കാള്‍ മോശമായ ജീവിതമുള്ള ഒരുവന്‍ “അതേ, ഈ കാര്യം ദൈവം എന്‍റെ ജീവിതത്തില്‍ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു പറയുന്നതായി ഞാന്‍ കേള്‍ക്കുന്നു. അയാള്‍ക്കും അയാളുടെ വിശ്വാസം പോലെ തന്നെ സംഭവിക്കും. അയാളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണപദ്ധതി നിറവേറും.

യിരെ. 18:16ല്‍ ദൈവം യിരെമ്യാവിനോട് ഒരു പ്രായോഗിക ദൃഷ്ടാന്തത്തിലൂടെ സംസാരിച്ചു. കുശവന്‍റെ വീട്ടിലേക്കു പോകുവാന്‍ ദൈവം യിരെമ്യാവിനോട് ആവശ്യപ്പെട്ടു. അവിടെ കുശവന്‍ ഒരു പാത്രം നിര്‍മ്മിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ പാത്രം അവന്‍റെ കൈയില്‍ ചീത്തയായിപ്പോയി. അതിനാല്‍ കുശവന്‍ എന്തു ചെയ്തു? അയാള്‍ അതിനെ തനിക്ക് ഇഷ്ടം തോന്നിയതു പോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.

ഇത്രയും പ്രസ്താവിച്ചശേഷം അതിന്‍റെ പ്രായോഗികവശമെന്തെന്ന് ദൈവം അരുളിച്ചെയ്തു: “……, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാന്‍ കഴികയില്ലയോ?” ഇതായിരുന്നു യഹോവയുടെ ചോദ്യം. (കുത്തിട്ടിരിക്കുന്ന ഭാഗത്തു നിങ്ങളുടെ പേരു ചേര്‍ക്കുക. അപ്പോള്‍ അതു നിങ്ങളോടുള്ള ദൈവത്തിന്‍റെ ചോദ്യമായിത്തീരും.)

നിങ്ങളുടെ എല്ലാ പരാജയങ്ങളെയും പറ്റി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം നിങ്ങള്‍ക്കുണ്ടാകുമെങ്കില്‍, അപ്പോള്‍ നിങ്ങളുടെ പാപം രക്താംബരം പോലെ കടുംചുവപ്പായിരുന്നാലും പഴയനിയമത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ ദൈവം അതിനെ ഹിമത്തെക്കാള്‍ വെണ്മയുള്ളതാക്കും (യെശ. 1:18). പുതിയനിയമത്തിലാകട്ടെ, ദൈവം നിങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം ഇപ്രകാരമാണ്: “നിങ്ങളുടെ പാപങ്ങള്‍ ദൈവം ഇനി ഓര്‍ക്കുകയേ ഇല്ല” (എബ്രാ. 8:12).

നിങ്ങളുടെ പരാജയങ്ങളോ ഭീമാബദ്ധങ്ങളോ എന്തൊക്കെ ആയിരുന്നാലും ദൈവത്തോടുകൂടെ നിങ്ങള്‍ക്കു പുതിയൊരാരംഭം ഇടുവാന്‍ സാധിക്കും. കഴിഞ്ഞ കാലത്തു നിങ്ങള്‍ ഒരായിരം പുതിയ ആരംഭങ്ങള്‍ ഇടുകയും അപ്പോഴെല്ലാം പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍പ്പോലും നിങ്ങള്‍ക്ക് ഇന്ന് ആയിരത്തിയൊന്നാമത്തെ പുതിയ ആരംഭം ഇടാം. ഇപ്പോഴും നിങ്ങളുടെ ജീവിതത്തില്‍നിന്ന് ദൈവത്തിന് അതി മഹത്തായ ഒരു കാര്യം നിററ്റേുവാന്‍ കഴിയും.

മനുഷ്യന്‍ ജീവനോടിരിക്കുന്ന കാലത്തോളം പ്രത്യാശയ്ക്കു വകയുണ്ട്. അതിനാല്‍ ഒരിക്കലും ദൈവത്തെ വിശ്വസിക്കുന്നതില്‍ നിന്നു പിന്തിരിയരുത്. തന്‍റെ പല മക്കളുടെ കാര്യത്തിലും ദൈവത്തിനു മഹത്വകരമായ പല കാര്യങ്ങളും ചെയ്വാന്‍ സാധിക്കാതിരുന്നത് കഴിഞ്ഞ കാലത്ത് അവര്‍ പരാജയപ്പെട്ടിട്ടുള്ളതുകൊണ്ടല്ല, പിന്നെയോ ഇപ്പോള്‍ അവര്‍ അവിടുത്തെ വിശ്വസിക്കാത്തതു കൊണ്ടാണ്. അതിനാല്‍ ഇന്നുവരെയും അസാധ്യമെന്നു നാം വിചാരിച്ചിരുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഭാവികാലത്ത് ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു വിശ്വാസത്താല്‍ ധീരരായിരിക്കുന്നതിലൂടെ ഇപ്പോള്‍ നമുക്കു ദൈവത്തെ മഹത്വപ്പെടുത്താം (റോമര്‍. 4:20).

എല്ലാ ആളുകള്‍ക്കും  അവര്‍ ചെറുപ്പക്കാരാകട്ടെ, വൃദ്ധജനങ്ങളാകട്ടെ, കഴിഞ്ഞ കാലത്ത് അവര്‍ എത്രയധികം പരാജയപ്പെട്ടവരാണെങ്കില്‍ത്തന്നെയും തങ്ങളുടെ പരാജയങ്ങള്‍ ഏറ്റുപറകയും താഴ്മയുള്ളവരായി ദൈവത്തില്‍ ആശ്രയം വയ്ക്കുകയും ചെയ്യുന്നപക്ഷം പ്രത്യാശയ്ക്കു വകയുണ്ട്. ഇപ്രകാരം നമുക്കെല്ലാവര്‍ക്കും നമ്മുടെ പരാജയങ്ങളില്‍നിന്നു പാഠം പഠിക്കുകയും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി നിറവേറ്റുവാനായി മുന്നോട്ടു പോവുകയും ചെയ്യാം. അങ്ങനെയെങ്കില്‍ പരിപൂര്‍ണ്ണപരാജയമായിരുന്നവരുടെ കാര്യത്തില്‍ ദൈവത്തിന് എന്താണു ചെയ്വാന്‍ കഴിയുന്നതെന്നുള്ളതിനു ദൃഷ്ടാന്തമായി ഭാവികാലത്ത് നമ്മെ മറ്റുള്ളവര്‍ക്കു ചൂണ്ടിക്കാണിക്കുവാന്‍ ദൈവത്തിനു കഴിയും. “ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനം” (എഫേ. 2:6) മുഖാന്തരം അവിടുന്നു നമ്മില്‍ എന്താണു ചെയ്തതെന്ന് ആ ദിവസത്തില്‍ കര്‍ത്താവു കാണിച്ചുകൊടുക്കും.”

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.