സാക് പുന്നൻ
ഒരു ദൈവ മനുഷ്യനെ അദ്ദേഹത്തിനുള്ള വരങ്ങളാൽ തിരിച്ചറിയാൻ പലരും ശ്രമിക്കുന്നു. അതാണ് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ അബദ്ധം. കള്ള പ്രവാചകന്മാരെ നിങ്ങൾ അവരുടെ ഫലങ്ങളാൽ തിരിച്ചറിയും, അവരുടെ വരങ്ങളാൽ അല്ല എന്നു മത്താ. 7:14ൽ യേശു പറഞ്ഞിരിക്കുന്നതിനു നേർ വിപരീത ദിശയിലാണ് അവർ പോകുന്നത്. അവിടുന്ന് പറഞ്ഞത് ഒരു യഥാർത്ഥ പ്രവാചകനെയും ഒരു കള്ള പ്രവാചകനെയും തമ്മിൽ തിരിച്ചറിയാൻ അവരുടെ വരങ്ങളിലേക്കു നോക്കിയാൽ നിങ്ങൾക്കു കഴിയില്ല എന്നാണ്. അവർ ഇരുവർക്കും വരങ്ങൾ ഉള്ളതായി കണ്ടേക്കാം. ഒരു യഥാർത്ഥ പ്രവാചകനു വരങ്ങൾ ഉണ്ട്, ഒരു വ്യാജ പ്രവാചകനും വരങ്ങൾ ഉണ്ട്. എന്നാൽ ഒരു യഥാർത്ഥ പ്രവാചകനു ഫലവും ഉണ്ട്. ഇവരിൽ ഒരാൾ ദൈവത്തിൻ്റെ ഒരു യഥാർത്ഥ പ്രവാചകനാണോ എന്ന് അറിയണമെങ്കിൽ, അയാൾക്കു രോഗശാന്തി വരം ഉണ്ടോ എന്നു കാണ്മാൻ നോക്കരുത്. അയാൾ വാക്പാടവമുള്ളയാളാണോ എന്നു കാണാൻ നോക്കരുത്. അയാളുടെ ഉപദേശങ്ങൾ ശരിയാണോ എന്നു കാണാൻ നോക്കരുത്. രണ്ടുപേരുടെയും ഉപദേശങ്ങൾ ശരിയായിരിക്കും, എന്നാൽ അവരിൽ ഒരാൾക്ക് ആടിൻ്റെ വേഷം മാത്രം ഉണ്ടായിരിക്കും.
ഏതാണ് യഥാർത്ഥ ആട് ഏതാണ് ചെന്നായ് എന്നു തിരിച്ചറിയാനുള്ള മാർഗം അവരുടെ ഫലങ്ങളാണ്. ആത്മാവിൻ്റെ ഫലം എന്താണ്? ഇതു പ്രാഥമികമായി താഴ്മയാണ്. അയാൾക്കു താഴ്മയുണ്ടോ? അയാൾക്ക് ആളുകളോടു യഥാർത്ഥമായ ഒരു മനസ്സലിവുണ്ടോ? എപ്പോഴും ദശാംശം കൊടുക്കാനായി നിങ്ങളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ, സംശയത്തിന്റെ ഒരു നിഴൽ പോലും ഇല്ലാതെ പറയാം, അയാൾ ഒരു ചെന്നായ ആണ്. ഇന്നു മിക്ക പ്രാസംഗികരും അതുപോലെയുള്ള ചെന്നായ്ക്കളാണ്. അവരിൽ അനേകം പേരും തങ്ങളുടെ ശുശ്രൂഷയ്ക്കു നിങ്ങളുടെ ദശാംശം കൊടുക്കുന്നതിനെക്കുറിച്ചു മാത്രം പ്രസംഗിക്കുന്നു. പിന്നീട് അവരുടെ ശുശ്രൂഷയ്ക്കു നിങ്ങൾ പണം നൽകിയാൽ ദൈവം നിങ്ങൾക്കു നൂറുമടങ്ങ് തിരിച്ചു നൽകും എന്ന തരത്തിലുള്ള എല്ലാ വ്യാജ വാഗ്ദത്തങ്ങളും നിങ്ങൾക്കു തരും. ക്രിസ്തീയ ടെലിവിഷനിൽ അധീശത്വം സ്ഥാപിക്കുന്ന ഈ പ്രാസംഗികരാൽ നിങ്ങൾ വഞ്ചിക്കപ്പെടരുത്. അവർ നിങ്ങളുടെ പിന്നാലെ വരുന്ന ബുഭുക്ഷുവായ ചെന്നായ്ക്കളാണ്.
“അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും” എല്ലായ്പ്പോഴും ഫലത്തിനുവേണ്ടി നോക്കുക. ഉദാഹരണത്തിന്, നന്മയുടെയും ദയയുടെയും താഴ്മയുടെയും ഫലങ്ങൾ. നിങ്ങളോടു ബഹുമാനത്തോടെ ഇടപെടുന്നവർക്കു വേണ്ടി അന്വേഷിക്കുക. നിങ്ങളുടെ പണം തട്ടിയെടുക്കുന്നവരെയല്ല. അവരുടെ ജീവിതത്തിൽ യേശുവിൻ്റെ ഫലത്തിനായി അന്വേഷിക്കുക. യേശുക്രിസ്തു ആരുടെയെങ്കിലും പണത്തിന്റെ പിന്നാലെ പോയതായി ബൈബിളിൽ എവിടെയാണ് നിങ്ങൾ കണ്ടത്? ഒരിക്കലും അവിടുത്തെ ശുശ്രൂഷയുടെ ഏതെങ്കിലും സമയത്ത് ഒരുതവണ പോലും അവിടുന്ന് സ്തോത്രകാഴ്ച ശേഖരിച്ചില്ല. അവിടുന്ന് രോഗികളെ സൗഖ്യമാക്കിയപ്പോൾ അവിടുന്ന് ഒരു സ്തോത്ര കാഴ്ചയും വാങ്ങിയില്ല. നാം ഇന്നത്തെ രോഗശാന്തി ശുശ്രൂഷകരിലും പ്രാസംഗികരിലും കാണുന്നതുപോലെ അവിടുന്ന് സൗഖ്യമാക്കിയവരിൽ നിന്നു പണം ശേഖരിക്കുവാൻ സ്തോത്രകാഴ്ച സഞ്ചിയുമായി പോകാൻ തൻ്റെ ശിഷ്യന്മാരോട് അവിടുന്ന് ആവശ്യപ്പെട്ടില്ല. യേശുക്രിസ്തുവിനോട് താരതമ്യം ചെയ്യുമ്പോൾ അവർ വ്യാജന്മാരും വഞ്ചകന്മാരും ആണെന്നു ഞാൻ വിശ്വസിക്കുന്നു. ആളുകളോടു പ്രസംഗിച്ച ശേഷമോ ആളുകളെ സൗഖ്യമാക്കിയ ശേഷമോ അപ്പൊസ്തലന്മാർ ആരെങ്കിലും സ്തോത്രക്കാഴ്ച സഞ്ചിയുമായി അവരുടെ പുറകെ പോകുന്നത് നിങ്ങൾ ഒരിക്കലും കാണുകയില്ല. ദൈവത്തിൻ്റെ വേലയ്ക്കായി നമുക്ക് എങ്ങനെ പണമുണ്ടാകും? അതെ, നമുക്ക് ഒരു പെട്ടി അതിനായി സൂക്ഷിച്ചിട്ട് സ്വമേധയാ നൽകാൻ ആളുകളെ നമുക്കനുവദിക്കാം. അവരുടെ മുമ്പിൽ ഒരു സഞ്ചി കൊണ്ടു ചെന്നിട്ട് കൊടുക്കാനായി അവരെ നാം നിർബന്ധിക്കരുത്. ഒരു കാര്യം കൂടി വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് യേശുവും അപ്പൊസ്തലന്മാരും അവിശ്വാസികളിൽ നിന്ന് ഒരു പൈസ പോലും സ്വീകരിച്ചില്ല എന്നാണ്. ഇന്നത്തെ ദുരന്തം ഇതാണ്, അവിശ്വാസികൾ ഒരു യോഗത്തിലേക്ക് ക്ഷണിക്കപ്പെടുന്നു, സുവിശേഷം കേൾക്കുന്നു അതിനുശേഷം അവരോടു പണം നൽകാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു കിട്ടാൻ നിങ്ങൾ പണം കൊടുക്കേണ്ടതുണ്ടോ? സൗഖ്യം ലഭിക്കുവാൻ നിങ്ങൾ പണം കൊടുക്കേണ്ടതുണ്ടോ? കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊൾവിൻ. അവർ അവിശ്വാസികളേക്കാൾ മോശമാണ്.
മത്താ. 7:16 ൽ യേശു പറഞ്ഞു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?” അത് വളരെ ലളിതമാണ്. നിങ്ങൾക്കു മുന്തിരിപ്പഴം കിട്ടണമെങ്കിൽ, നിങ്ങൾ മുന്തിരിവള്ളിയുടെ അടുത്തേക്കു പോകും. മുന്തിരിപ്പഴം കിട്ടാനായി നിങ്ങൾ മുൾച്ചെടിയുടെ അടുത്തു പോകുകയില്ല. വൃക്ഷം എങ്ങനെയുള്ളതെന്നു വെളിപ്പെടുത്തുന്നത് അതിൻ്റെ ഫലമാണ്. അതിൽ നിന്നും മുള്ളുകൾ പുറത്തേക്കു വരുന്നതു കാണുമ്പോൾ, അതു ഫലമല്ല എന്നു നിങ്ങൾ അറിയുന്നു. എപ്പോഴും ഫലത്തിനു വേണ്ടി. നോക്കുക, വരങ്ങൾക്കു വേണ്ടിയല്ല. വരങ്ങൾ വഞ്ചനാത്മകമാകാം. ഉദാഹരണത്തിന്, സാത്താന് അതിബൃഹത്തായ വരങ്ങൾ ഉണ്ട്, എന്നാൽ അവനു ഫലമോ സ്വഭാവ വിശേഷമോ ഇല്ല. സാത്താന് ആ കഴിവുകളെ അവൻ്റെ ഭൃത്യന്മാർക്കുകൊടുക്കാൻ കഴിയും. സാത്താന്റെ ഭൃത്യന്മാർക്കു നീതിയുടെ ശുശ്രൂഷകന്മാരായി പ്രത്യക്ഷപ്പെടാൻ കഴിയും എന്നു ബൈബിൾ പറയുന്നു.
വീണ്ടും, യേശു പറഞ്ഞത് അതുപോലെതന്നെ, ഓരോ നല്ല വൃക്ഷവും നല്ല ഫലം കായ്ക്കുന്നു എന്നാണ്. അതിന് ഒരു സംശയവുമില്ല. ഒരു നല്ല വൃക്ഷം എല്ലായ്പ്പോഴും നല്ല ഫലം കായ്ക്കുന്നു. നിങ്ങൾക്കു നല്ല ഫലം വാങ്ങിയിട്ട് ചീത്ത മരത്തിൽ കെട്ടിയിടുവാനും, എല്ലാ ചീത്ത ഫലവും മുറിച്ചു കളഞ്ഞിട്ട് നിങ്ങളുടെ വൃക്ഷം നല്ല വൃക്ഷമാണെന്ന് ആളുകളെ മണ്ടന്മാരാക്കാനും കഴിയും എന്നാൽ അതങ്ങനെയല്ല. ഇങ്ങനെയാണ് അനേകം ക്രിസ്ത്യാനികൾ പെരുമാറുന്നത്. ഞാൻ ധാരാളം ക്രിസ്ത്യാനികളെ നോക്കിയിട്ട് അവർ പരസ്യമായി എത്ര നല്ലവരായി പ്രത്യക്ഷപ്പെടുന്നു എന്നു കാണുന്നു. എന്നാൽ തങ്ങളുടെ ഭവനങ്ങളിലും ഓഫീസുകളിലും അവർ ജീവിക്കുന്നത് വാസ്തവമായി കൊള്ളരുതാത്ത വിധത്തിലാണ്. അവർ അനീതിയിലും വഞ്ചിക്കുന്ന വിധത്തിലും ഒക്കെ ജീവിക്കുന്നു. തൻ്റെ തോട്ടത്തിൽ ഒരു ചീത്ത മരമുള്ള മനുഷ്യനെക്കുറിച്ച് ഞാൻ ഓർമിപ്പിക്കപ്പെടുന്നു: അത് ഉല്പാദിപ്പിക്കുന്നത് ചീഞ്ഞതും നാറ്റമുള്ളതും ഉണങ്ങിയതുമായ മാങ്ങകളാണ്, എന്നാൽ അത് മറ്റാരും അറിയാൻ അയാൾ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് അയാൾ അവയെ മുറിച്ചു മാറ്റുന്നു, മാർക്കറ്റിൽ നിന്നു വളരെ സ്വാദിഷ്ടമായ മാങ്ങകൾ വാങ്ങി അതിൽ തന്ത്രപൂർവ്വമായി അവ കെട്ടി തൂക്കുന്നു. ആളുകൾ ഈ വൃക്ഷത്തെ നോക്കിയിട്ട് ഇപ്രകാരം പറയുന്നു, “ഓ എത്ര മനോഹരമായ ഒരു മാവാണ് നിങ്ങൾക്കുള്ളത്? അതു വളരെ ഇനിമയുള്ളതായി കാണപ്പെടുന്നു, എന്നാൽ അതു വൃക്ഷത്തിൻ്റെ ഉള്ളിൽ നിന്നു വരുന്നതല്ല. അത് ആളുകളെ കബളിപ്പിക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളാണ്. ഇതു കാപട്യമാണ്. ഒരു നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും.
“നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴിയുകയില്ല” (മത്താ. 7:18).
















