സാക് പുന്നൻ
ഒൻപതു ശരിയായ മനോഭാവങ്ങളെക്കുറിച്ച് സംസാരിച്ചതിനുശേഷം യേശു സംസാരിച്ച ഒൻപതു തെറ്റായ മനോഭാവങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് കോപമാണ്. നിങ്ങളുടെ ഹൃദയത്തിൽ കോപം ഉണ്ടെങ്കിൽ അതൊരു തെറ്റായ മനോഭാവമാണ്, നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും നേരത്തെ തന്നെ കുറ്റക്കാരനായിരിക്കുന്നു, നിങ്ങൾ ഒന്നും പറഞ്ഞിട്ടില്ല, അല്ലെങ്കിൽ ശാരീരികമായോ വാക്കുകൊണ്ടോ നിങ്ങളുടെ സഹോദരനെ കൊന്നിട്ടുമില്ല, എന്നാൽ നിങ്ങൾ നേരത്തെ തന്നെ കുറ്റക്കാരനാണ്.
പരീശന്മാർ നിലനിർത്തിയ നീതിയുടെ നിലവാരത്തെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: അവർ ന്യായപ്രമാണത്തിന്റെ നിലവാരം ബാഹ്യമായി പാലിക്കുകയും കപ്പിന്റെ പുറം വെടിപ്പാക്കുകയും ചെയ്തു. “കൊല ചെയ്യരുത്” എന്ന് അരുളി ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. കൊല ചെയ്യാതിരിക്കുമ്പോൾ അതു നല്ലതാണ്, ആ മേഖലയിൽ നിങ്ങളുടെ കപ്പിന്റെ പുറം വെടിപ്പാണ്. എന്നാൽ കപ്പിന്റെ ഉൾഭാഗത്തെക്കുറിച്ച് എന്തു പറയുന്നു? അതാണ് ചോദ്യം. നിങ്ങളുടെ ഉപദേശം ശരിയായിരിക്കാം, എന്നാൽ കപ്പിൻ്റെ ഉൾഭാഗത്തിന്റെ കാര്യം എന്താണ്?
മത്താ 5:21 പറയുന്നത് കൊല ചെയ്യുന്നവൻ മാത്രമല്ല ന്യായവിധിക്ക് യോഗ്യനാകുന്നത്, എന്നാൽ ഒരു മനുഷ്യൻ്റെ ഹൃദയത്തിൽ കോപത്തിൻ്റെ വിത്ത് ഉണ്ടെങ്കിൽ, അതു കൊലപാതകമാണ് എന്നാണ്. കൊലപാതകം കോപത്തിൽ നിന്നാണ് വരുന്നത്. അതാണ് വിത്ത്. അത് ഓക് വൃക്ഷത്തിന്റെ കായിൽ നിന്നും ഓക് വൃക്ഷം വളരുന്നതു പോലെയാണ്. കോപം എന്ന വിത്തിൽ നിന്നാണ് കൊലപാതകം ഉണ്ടാകുന്നത്, യേശു ആ പ്രശ്നത്തിന്റെ വേര് ചൂണ്ടിക്കാണിക്കുകയായിരുന്നു.
പഴയ നിയമവും ന്യായപ്രമാണവും, വൃക്ഷത്തിൽ നിന്നും ചീത്ത ഫലങ്ങൾ ഒക്കെ മുറിച്ചു കളയുന്ന ഒരു കത്രിക പോലെയാണ്, എന്നാൽ യെശയ്യാ പ്രവാചകൻ പറയുന്നത്, യേശു വന്നിരിക്കുന്നത് വൃക്ഷത്തിൻ്റെ വേരിൽ കോടാലി വയ്ക്കാനാണ് എന്നാണ്. യേശു വന്നത് പ്രശ്നത്തിന്റെ വേര് അറുക്കാനാണ്. ഒരു നൂതനമായ ഉദാഹരണം ഉപയോഗിച്ചാൽ, ന്യായപ്രമാണം നിങ്ങളുടെ ശരീരത്തിൽ ഉണ്ടായ ഒരു വ്രണം കൂടുതൽ വഷളാകാതിരിക്കേണ്ടതിന് അതിന്മേൽ പുരട്ടുന്ന ഒരു ലേപം പോലെയാണ്. ന്യായപ്രമാണം ആളുകളെ കൊലപാതകം, വ്യഭിചാരം, അതുപോലെ പല തിന്മകളിൽ നിന്നും നിയന്ത്രിച്ചു. ലേപം പുരട്ടി കഴിയുമ്പോൾ, ആ മുറിവുണങ്ങി പോകുന്നു, എന്നാൽ പിന്നീട് അതു വേറെ എവിടെയെങ്കിലും പൊങ്ങി വരുന്നു. വീണ്ടും അതിൽ ലേപം പുരട്ടുന്നു, എന്നാൽ പിന്നീട് ആ പരു നിങ്ങളുടെ കാലിൽ പൊങ്ങി വരുന്നു, കൂടാതെ ഈ പ്രക്രിയ തന്നെത്താൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ പെട്ടെന്ന് ആരോ ഒരു ആന്റിബയോട്ടിക് കണ്ടുപിടിച്ചിട്ട്, ഡോക്ടർ ഇപ്രകാരം പറയുന്നു, “ഇനി നിങ്ങൾ ഈ ലേപം പുരട്ടിക്കൊണ്ടിരിക്കേണ്ട ആവശ്യമില്ല. അതിനുപകരം ഈ ആന്റിബയോട്ടിക് എടുക്കുക. ഈ ആന്റിബയോട്ടിക് പ്രശ്നത്തിന്റെ വേരറുത്തിട്ട് നിങ്ങളുടെ ത്വക്കിൽ ഈ കുരു പൊങ്ങി വരാൻ കാരണമായ രോഗത്തിൻ്റെ വേരു വരെ എത്തി അതിനെ ഇല്ലായ്മ ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾക്കു സൗഖ്യമാകാൻ കഴിയും.
ഇതാണ് കൃപ ചെയ്യുന്നത്. കൃപ പ്രശ്നത്തിന്റെ വേരിൽ ഇരിക്കുന്നു അതുകൊണ്ട് മത്താ.5:21,22ൽ യേശു ഇപ്രകാരം പറയുന്നു, “ഞാനോ നിങ്ങളോടു പറയുന്നത്, സഹോദരനോട് കോപിക്കുന്നവനെല്ലാം ന്യായവിധിയ്ക്കു യോഗ്യനാകും. പഴയ നിയമത്തിൽ കൊലപാതകം നിങ്ങളെ ന്യായവിധിക്ക് യോഗ്യനാക്കുമായിരുന്നു, എന്നാൽ ഞാൻ പറയുന്നത് ഇന്നു കോപം പോലും നിങ്ങളെ അതുപോലെ കുറ്റക്കാരനാക്കും എന്നതാണ്”. പഴയ നിയമത്തിൽ നിങ്ങൾ കൊല ചെയ്താൽ മാത്രമാണ് കുറ്റക്കാരനായിരുന്നത്! പുതിയ നിയമത്തിൽ, നിങ്ങൾ കോപിക്കുമ്പോൾ കുറ്റക്കാരനാകുന്നു. ഇപ്പോൾ കേവലം ഹൃദയത്തിൽ മാത്രമുള്ള ഒരു കോപം, അത് ഇതുവരെ നിങ്ങളുടെ വായിൽ നിന്നും പുറത്തു വന്നിട്ടില്ലെങ്കിൽ പോലും അതു നിങ്ങളെ കുറ്റക്കാരനാക്കുന്നു (മത്താ. 5:22).
പിന്നീട് ആ കോപത്തിന് ഒരു പടി കൂടി മുന്നോട്ടുപോകാൻ കഴിയും. യേശു പറഞ്ഞു, ഹൃദയം നിറഞ്ഞു കവിയുന്നത്, വായ് പ്രഖ്യാപിക്കുന്നു. ഹൃദയത്തിലുള്ളതു പുറത്തേക്ക് കവിഞ്ഞൊഴുകാനുള്ള ഒരു വാൽവ് പോലെയാണ് വായ്, കൂടാതെ ഹൃദയത്തിൽ കോപം ഉണ്ടെങ്കിൽ, അത് വായിൽ കൂടി കവിഞ്ഞൊഴുകുന്നു. യേശു പറയുന്നത് നിങ്ങളുടെ കോപം വായിൽ കൂടി കവിഞ്ഞൊഴുകി നിങ്ങളുടെ കോപത്തിൽ സഹോദരനെ മുറിപ്പെടുത്തുന്ന എന്തെങ്കിലും വാക്കുകൾ പറഞ്ഞാൽ, ഇപ്പോൾ നിങ്ങൾ ന്യായാധിപസംഘത്തിനു (സുപ്രീംകോടതിയുടെ) മുൻപിൽ കുറ്റക്കാരനാകും (മത്താ. 5:22). അതിനുമുമ്പ്, നിങ്ങൾ ഒരു കീഴ് കോടതിയിൽ മാത്രമായിരുന്നു കുറ്റക്കാരനായിരുന്നത്. നിങ്ങളുടെ കോപം, വാക്കുകളിൽ കൂടെ കൂടെ നിങ്ങളുടെ സഹോദരനോട് പ്രകടിപ്പിക്കാൻ അനുവദിച്ചാൽ നിങ്ങളുടെ കുറ്റം. കൂടുതൽ വലിയതാണ് എന്നു നമ്മെ കാണിക്കാൻ അവിടുന്ന് മനുഷ്യൻ്റെ ഭാഷ ഉപയോഗിക്കുകയാണ്. നിങ്ങൾ അത് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നെങ്കിൽ, അതു നല്ലത്, എന്നാൽ അപ്പോഴും നിങ്ങൾ കുറ്റക്കാരനാണ്, നിങ്ങൾ അതു പ്രകടിപ്പിച്ചാൽ കുറച്ചുകൂടി ഉയർന്ന നിലയിൽ നിങ്ങൾ കുറ്റക്കാരനാണ്, അതിലും കൂടുതൽ കോപ വാക്കുകൾ കൊണ്ട് നിങ്ങളുടെ സഹോദരനെ മുറിപ്പെടുത്തിയാൽ, കോടതിക്കും പരമോന്നത കോടതിക്കുമപ്പുറം, നരകത്തിലേക്ക് തന്നെ പോകത്തക്ക വിധം നിങ്ങൾ കുറ്റക്കാരനാകാൻ കഴിയും.
യേശു കോപത്തെക്കുറിച്ചു നമ്മെ എന്താണ് പഠിപ്പിച്ചിരിക്കുന്നത്? ഹൃദയത്തിലുള്ള കോപം നരകത്തിലേക്കുള്ള ആദ്യത്തെ മൂന്നു പടികളാണ് എന്നാണ്. നിങ്ങൾ ആരോടെങ്കിലും കോപിക്കുമ്പോൾ (അതു നിങ്ങളുടെ ഭാര്യയോടാകാം, നിങ്ങളുടെ ഭർത്താവിനോടാകാം, അമ്മായി അമ്മയോടാകാം, അയൽക്കാരനോടാകാം, നിങ്ങളുടെ ബോസിനോടാകാം, നിങ്ങൾക്ക് ചില ദോഷം ചെയ്ത ആരോടെങ്കിലുമാകാം, അല്ലെങ്കിൽ മറ്റാരോടെങ്കിലും ആകാം), ദൈവത്തിൻ്റെ ദൃഷ്ടിയിൽ കൊലപാതകത്തിന്റെ വിത്ത് മുമ്പേതന്നെ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ട് എന്ന കാര്യം ഏതെങ്കിലും പ്രാസംഗികൻ നിങ്ങളോടു പറയുന്നത് എപ്പോഴെങ്കിലും നിങ്ങൾ കേട്ടിരിക്കുന്നോ? നിങ്ങൾ കുറ്റക്കാരനാണ്, തന്നെയുമല്ല, അതു വേദന ജനകമായ വാക്കുകളിലൂടെ അതു പുറത്തു വന്നാൽ, ആ വ്യക്തിയെ കൊലപ്പെടുത്താതെ തന്നെ നിങ്ങൾ നരകത്തിലേക്ക് പോകാൻ തക്കവിധം കുറ്റക്കാരനാണ്. ഇവിടെയാണ് നമ്മുടെ നീതി പരീശന്മാരുടെ നീതിയെ കവിയേണ്ടത്.
ഒരു മനുഷ്യനെ നരകത്തിൽ വിടുന്നതിനും കാരണമായി ശാരീരികമായ കൊലപാതകത്തെ മാത്രമേ പരീശന്മാർ ചിന്തിച്ചുള്ളൂ, കൽപ്പനകളോട് പുറമേയുള്ള ഈ നോഭാവത്തോടാണ് യേശു തൻ്റേത് കൂട്ടിച്ചേർക്കുന്നത്, “ഞാനോ നിങ്ങളോട് പറയുന്നത്”. നമുക്ക് പറയാൻ കഴിയുന്നത്, മോശെ പർവ്വതത്തിന്റെ മുകളിലേക്ക് കയറി പോയിട്ട് 10 കൽപ്പനകൾ ഉള്ള രണ്ടു കല്പലകകളുമായി താഴേക്ക് വന്നു, യേശു മലമുകളിലേക്ക് ചെന്നിട്ട് ഗിരിപ്രഭാഷണം കൊണ്ട് ആ 10 കല്പനകളെ മാറ്റി പ്രതിഷ്ഠിച്ചു. പർവതത്തിൽ വച്ചു മോശയ്ക്ക് ലഭിച്ച ആ കൽപ്പനകളിൽ എഴുതപ്പെട്ടിരുന്നത് എന്തെല്ലാമായാലും അതിൻ്റെ പിമ്പിലുള്ള ആത്മാവിനെ കുറിച്ചാണ് നിങ്ങളോട് പറയുവാൻ യേശു ആഗ്രഹിക്കുന്നത്.
യോഹന്നാൻ 6-ാം അധ്യായത്തിൽ യേശു ഇപ്രകാരം പറഞ്ഞു, “മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ നിങ്ങളോട് സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു”. ആത്മാവാണ് ഏറ്റവും പ്രധാനം. കൊലപാതകത്തിന്റെ നിയമത്തിനു പിൻപിലുള്ളത് എന്താണെന്ന് അവിടുന്ന് കാണിച്ചുതന്നു: നിങ്ങളുടെ സഹോദരനോട് കോപിക്കുന്നതിനോട് ദൈവം എതിരാണ്. അത് ഗൗരവകരമായ ഒരു കാര്യമാണ്, അതുകൊണ്ട് നിങ്ങൾ സഹോദരനോട് കോപിച്ചാൽ, നിങ്ങൾ എന്തു ചെയ്യണം?
കോപത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെ?
കർത്താവ് നമുക്കൊരു പോംവഴി പറഞ്ഞു തരുന്നു എന്നത് എത്ര അത്ഭുതകരമാണ്. അവിടുന്നു പ്രശ്നം തിരിച്ചറിയുക മാത്രമല്ല ചെയ്യുന്നത്, അവിടുന്ന് അതിനൊരു പരിഹാരവും നമുക്കു നൽകുന്നു. ഒരു യഥാർത്ഥ പ്രവാചകന് ഒരു സഭയിലോ, ഒരു വ്യക്തിയിലോ ഉള്ള പാപത്തെ ചൂണ്ടിക്കാണിക്കുക മാത്രമല്ല ചെയ്യുന്നത്, അതിനുള്ള പരിഹാരവും അദ്ദേഹം അവർക്കു നൽകും. ഒരു നല്ല ഡോക്ടർ രോഗനിർണയം നടത്തുക മാത്രം ചെയ്യാതെ ഒരു ചികിത്സയും കൂടി നൽകുന്നതുപോലെ. അതുകൊണ്ട്, അവിടുന്ന് ഇപ്രകാരം പറയുന്നു, “നീ പാപം ചെയ്തു എന്നു നീ മനസ്സിലാക്കിയത് കൊണ്ട് ക്ഷമാപണത്തിനു വേണ്ടി ഒരു വഴിപാടുമായി ദൈവത്തിനു മുമ്പിൽ വരികയാണെങ്കിൽ, ദൈവം ഇങ്ങനെ പറയും, “അതുകൊണ്ട് മതിയാവുകയില്ല. ക്ഷമാപണത്തിനുള്ള വഴിപാട് ഞാൻ കൈക്കൊള്ളാൻ പോകുന്നില്ല”. അതുകൊണ്ട് നീ ചെയ്യേണ്ട കാര്യം ഇതാണ്: “നിൻ്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വയ്ക്കുക. ഒന്നാമതു ചെന്ന് നീ വിരോധമായി സംസാരിച്ച, നീ മുറിപ്പെടുത്തിയ, ആ സഹോദരനോട് നിരന്നു കൊൾക. പിന്നെ വന്നു നിൻ്റെ വഴിപാട് ദൈവത്തിനു അർപ്പിച്ച് അവിടുത്തോട്. ക്ഷമക്കായി യാചിക്കുക” (മത്താ 5:24). എത്രപേർ അതു ചെയ്യുന്നുണ്ട്? നിങ്ങൾ പറഞ്ഞ ചില വാക്കുകളാൽ നിങ്ങളുടെ ഭാര്യയെ നിങ്ങൾ വേദനിപ്പിച്ചിരിക്കുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ നിങ്ങളുടെ ഭർത്താവിനെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ (അല്ലെങ്കിൽ ഒരു സഹപ്രവർത്തകനെയോ, മറ്റ് ആരെയെങ്കിലുമോ), ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നിങ്ങൾ ചില തെറ്റ് ചെയ്തു എന്ന് ബോധം ഉണ്ടായാലുടൻ നിങ്ങൾ ചെയ്യേണ്ട ഒന്നാമത്തെ കാര്യം എന്താണ്? ആ വ്യക്തിയുടെ അടുത്തുചെന്ന്, “ഞാൻ ദുഃഖിക്കുന്നു” എന്നു പറയുക. കർത്താവ് ഇപ്രകാരം പറയുന്നു, “ആദ്യം എൻ്റെ അടുക്കലല്ല വരേണ്ടത്. ദൈവത്തിൻ്റെ പ്രമാണം നാം മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. ആദ്യം നിങ്ങൾ വേദനിപ്പിച്ചവന്റെ അടുത്തേക്കുപോകേണ്ട ആവശ്യമുണ്ട്, അല്ലാത്തപക്ഷം ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അതും വളരെ വ്യക്തമാണ്. ആദ്യം മനുഷ്യൻ്റെ അടുത്ത് പോകുക ദൈവത്തിൻ്റെ അടുക്കലല്ല. ഒന്നാമത് നിൻ്റെ സഹോദരനോടു നിരന്നു കൊൾക, പിന്നെ വന്നു നിൻ്റെ വഴിപാട് ദൈവത്തിനർപ്പിക്കുക.
















