നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കുക – WFTW 15 ഡിസംബർ 2024

സാക് പുന്നൻ

ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. യിസ്രായേലിനു രാജാവായിരിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ ആയിരുന്നു ശൗൽ, എന്നാൽ അയാളുടെ അസഹിഷ്ണുതയുടെയും അനുസരണക്കേടിന്റെയും ഫലമായി, ദൈവത്തിന് അയാളെ തള്ളിക്കളയേണ്ടി വന്നു. കുറച്ചു വർഷങ്ങൾ കൂടി അയാൾ സിംഹാസനത്തിൽ തന്നെ വാണു, എന്നാൽ അയാളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ ഇഷ്ടം അയാൾക്കു നഷ്ടമായി. മറ്റൊരു ഉദാഹരണമാണ് ശലോമോൻ. പ്രാരംഭവർഷങ്ങളിൽ അവൻ ദൈവത്തെ പ്രസാദിപ്പിച്ചു, എന്നാൽ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തതിലൂടെ അയാൾ വീണുപോയി.

മരുഭൂമിയിൽ പട്ടുപോയ യിസ്രായേല്യരുടെ മാതൃകയിൽ നിന്ന് ഒരു മുന്നറിയിപ്പു കൈക്കൊള്ളുന്നതിന് പുതിയ നിയമത്തിൽ രണ്ടു പ്രാവശ്യം നാം പ്രബോധിപ്പിക്കപ്പെടുന്നു. അവർ കനാൻ ദേശത്തു പ്രവേശിക്കണമെന്നായിരുന്നു അവർക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണതയുള്ള പദ്ധതി. എന്നാൽ അവരിൽ രണ്ടുപേരൊഴികെ എല്ലാവർക്കും അവിശ്വാസത്തിലൂടെയും അനുസരണക്കേടിലൂടെയും ദൈവത്തിൻ്റെ ഏറ്റവും നല്ലതു നഷ്ടമായി (1 കൊരി. 10:1-12; എബ്രാ. 3:7-14). അനേകം വിശ്വാസികൾക്കും സമാനമായ രീതിയിൽ അനുസരണക്കേടിലൂടെയും പൊത്തുവരുത്തത്തിലൂടെയും ദൈവത്തിന് അവരുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള പൂർണ്ണതയുള്ള പദ്ധതി നഷ്ടപ്പെട്ടു- മിക്കപ്പോഴും വിവാഹത്തിൻ്റെ കാര്യത്തിൽ അല്ലെങ്കിൽ ഒരു ജോലി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ.

ജി. ക്രിസ്ത്യൻ വെയിസ് “ദൈവത്തിൻ്റെ പൂർണ്ണതയുള്ള ഹിതം” എന്ന തൻ്റെ പുസ്തകത്തിൽ, ഒരു ദിവസം തന്റെ വിദ്യാർത്ഥിയോട് ഇപ്രകാരം പറഞ്ഞ ഒരു ബൈബിൾ സ്കൂളിലെ അധ്യാപകനെക്കുറിച്ചു പറഞ്ഞിരിക്കുന്നു, “എൻ്റെ ജീവിതത്തിൻ്റെ അധികഭാഗവും ജീവിച്ചിട്ടുള്ളത് ദൈവത്തിൻ്റെ രണ്ടാമത്തെ നല്ല പദ്ധതിയിലാണ്”. ദൈവം അദ്ദേഹത്തെ തന്റെ യൗവന നാളുകളിൽ ഒരു മിഷണറി ആകാനായി വിളിച്ചിരുന്നു, എന്നാൽ വിവാഹം കഴിച്ചതിന്റെ ഫലമായി അദ്ദേഹം ആ വിളിയിൽ നിന്നും മാറിപ്പോയി. അതിനുശേഷം താൻ ഒരു ബാങ്കിൽ ജോലി ചെയ്തു കൊണ്ട് പണമുണ്ടാക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെ സ്വാർത്ഥപരമായ ഒരു കച്ചവട ജീവിതം ആരംഭിച്ചു. ദൈവം അനേകം വർഷങ്ങൾ അദ്ദേഹത്തോടു സംസാരിക്കുന്നതു തുടർന്നു, എന്നാൽ അയാൾ കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഒരു ദിവസം അയാളുടെ ചെറിയ കുഞ്ഞ് ഒരു കസേരയിൽ നിന്ന് വീണു മരിച്ചു. ഇത് അദ്ദേഹത്തെ മുട്ടിന്മേൽ നിൽക്കുന്നതിലേക്ക് നയിച്ചു, ദൈവത്തിന്റെ മുമ്പാകെ കണ്ണുനീരിൽ മുങ്ങി ഒരു രാത്രി മുഴുവൻ ചെലവഴിച്ചതിനുശേഷം, തന്റെ ജീവിതം പൂർണ്ണമായി ദൈവകരങ്ങളിൽ അർപ്പിച്ചു. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ആഫ്രിക്കയിലേക്കു പോകാനുള്ള സമയം വളരെ വൈകിപ്പോയി. ആ വാതിൽ അടയപ്പെട്ടു. അതായിരുന്നു തനിക്കു വേണ്ടി ദൈവത്തിനുണ്ടായിരുന്ന ഏറ്റവും നല്ലത് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു, എന്നാൽ അത് അദ്ദേഹത്തിനു നഷ്ടപ്പെട്ടു. തന്റെ ശേഷിക്കുന്ന ജീവിതം എന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കണമേ എന്നതു മാത്രമാണ് അയാൾക്കു ദൈവത്തോട് അപേക്ഷിക്കാൻ ഉണ്ടായിരുന്നത്. അദ്ദേഹം ഒരു ബൈബിൾ സ്കൂളിൽ ടീച്ചറായി തീർന്നു, എന്നാൽ അത് ദൈവത്തിൻ്റെ രണ്ടാമത്തെ നല്ല പദ്ധതി മാത്രമായിരുന്നു എന്നത് തനിക്ക് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല.

വെയിസ് തുടർന്ന് ഇപ്രകാരം പറയുന്നു, “ഇതേ സാക്ഷ്യം വഹിക്കുന്ന അസംഖ്യം ആളുകളെ ഇതിനോടകം ഞാൻ കണ്ടിരിക്കുന്നു. സാധാരണയായി ഈ സാക്ഷ്യങ്ങൾ തിക്തമായ കണ്ണുനീരിൽ കുളിച്ചിരിക്കും അല്ലെങ്കിൽ കണ്ണുനീരിനാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കും. ദൈവം ആദിയിൽ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും അവരുടെ ജീവിതം ആയിത്തീരാൻ കഴിയാത്തപ്പോഴും, പാപം ചെയ്ത് അവിടുത്തെ തികവുള്ള ഹിതത്തിന്റെ വഴിയിലേക്കുള്ള പ്രവേശന കവാടം മറികടന്നു പോയവരെ പോലും ഉപയോഗിക്കുവാൻ അവിടത്തേക്കു വഴികളുള്ളതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു. ഒരുവന്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണഹിതം നഷ്ടപ്പെടുന്നത് ഒരു ദുരന്തമാണ്. ക്രിസ്ത്യാനിയെ, നിങ്ങൾക്കും അവിടുത്തെ ആദ്യ തിരഞ്ഞെടുപ്പ് നഷ്ടപ്പെടാതിരിക്കേണ്ടതിന് ഈ വാക്കുകളും സാക്ഷ്യവും നന്നായി ഓർത്തുകൊള്ളുക. ജീവിതപാതയിൽ എവിടെവച്ചെങ്കിലും, ദൈവത്തിൻ്റെ കരങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഏതു ജീവിതത്തെയും അവിടുന്ന് ഉപയോഗിക്കും എന്നതിന് സംശയമൊന്നുമില്ല. എന്നാൽ ജീവിതയാത്രയുടെ ആരംഭത്തിൽ തന്നെ അവിടുത്തെ ഹിതം അന്വേഷിച്ച് അതിനു വിധേയപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ നാം ആയിരിക്കട്ടെ, അങ്ങനെ മാർഗ്ഗമധ്യേയുണ്ടാകുന്ന വേദനാജനവും ലജ്ജാകരവുമായ ആ വഴി മാറി പോകൽ ഒഴിവാക്കാം”.

നാം തിരഞ്ഞെടുക്കുന്ന ഒരിടത്തും ജയകരമായ ജീവിതം നയിക്കാനോ അല്ലെങ്കിൽ കർത്താവിന് ഏറ്റവുമധികം പ്രയോജനകരമാകാനോ, അല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരനുഗ്രഹമാകാനോ കഴിയുകയില്ല. അവരവർ തന്നെ തങ്ങളുടെ ജോലിയും താമസിക്കാനുള്ള സ്ഥലവും തിരഞ്ഞെടുത്തിട്ട് അതിനുശേഷം അവർ ആയിരിക്കുന്നിടത്ത് കർത്താവിൻ്റെ സാക്ഷിയാകുന്നതിന് ശ്രമിക്കാം എന്ന് ചിലർക്കു തോന്നാം. ദൈവം തന്റെ കരുണയിൽ അത്തരം വിശ്വാസികളെ പരിമിതമായ രീതിയിൽ ഉപയോഗിച്ചേക്കാം. എന്നാൽ ദൈവത്തിൻ്റെ മുന്തിരിത്തോട്ടത്തിൽ അവരുടെ ഉപയുക്തത, അവർ ആത്മാർത്ഥതയോടെ അവിടുത്തെ പദ്ധതി അന്വേഷിച്ച് അവിടുത്തെ പൂർണ്ണഹിതത്തിന്റെ കേന്ദ്രത്തിൽ നിലനിന്നിരുന്നെങ്കിൽ, കഴിയുമായിരുന്നതിൻ്റെ ഒരംശം മാത്രമായിരിക്കും. മുരടിച്ച ആത്മീയ വളർച്ചയും പരിമിതമായ ഫലക്ഷമതയും ദൈവത്തിൻ്റെ നിയമങ്ങളോടുള്ള ശ്രദ്ധയില്ലാത്ത അവഗണനയുടെ അനന്തരഫലങ്ങളാണ്.

നിങ്ങൾ ഏതെങ്കിലും കാര്യത്തിൽ ദൈവത്തോട് അനുസരണക്കേടു കാണിച്ചിട്ടുണ്ടെങ്കിൽ, അത് കൂടുതൽ വൈകുന്നതിന് മുമ്പ്, ഇപ്പോൾ തന്നെ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയുക. ഇപ്പോഴും നിങ്ങൾക്ക് അത് സാധ്യമായിരിക്കും, നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ മുഖ്യധാരയിലേക്കു മടങ്ങി വരുന്നതിന്, യോനയുടെ കാര്യത്തിലെ പോലെ.

നാം ഓരോരുത്തർക്കും ഒരു ജീവിതമേയുള്ളൂ അതിൻ്റെ അവസാനം പൗലൊസിനെ പോലെ, ദൈവം നിയോഗിച്ച വേലതികച്ചു എന്നു പറവാൻ കഴിയുന്ന മനുഷ്യൻ ഭാഗ്യവാനാണ് (2 തിമൊ. 4:7).

“ലോകവും അതിൻ്റെ എല്ലാ മോഹങ്ങളും ഒരുനാൾ അപ്രത്യക്ഷമാകും. എന്നാൽ ദൈവത്തിൻ്റെ ഇഷ്ടം പിന്തുടരുന്നവൻ സ്ഥിരമായുള്ളതിന്റെ ഭാഗമായിരിക്കും അവനു മരിക്കാൻ കഴിയുകയില്ല” (1 യോഹ. 2:17 ജെ.ബി.പി).

“അപ്പോൾ അർഹിക്കുന്ന ഉത്തരവാദിത്ത ബോധത്തോടുകൂടിയ ഒരു ജീവിതം ജീവിക്കുക, ജീവിതത്തിൻ്റെ അർത്ഥവും ഉദ്ദേശ്യവും അറിയാത്തവരെ പോലെയല്ല, എന്നാൽ അത് അറിയുന്നവരെ പോലെ ജീവിക്കുക. ഈ നാളുകളിലെ ബുദ്ധിമുട്ടുകളൊന്നും കൂട്ടാക്കാതെ നിങ്ങളുടെ സമയം ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കുക. വ്യക്തതയില്ലാത്തവരാകരുത് എന്നാൽ ദൈവഹിതമെന്ന് നിങ്ങൾക്കറിയാവുന്നതിനെ മുറുകെപ്പിടിച്ചു കൊള്ളുക” (എഫെ. 5:15-17 ജെ.ബി.പി).

What’s New?