വലിയ കരം

m m s chocolates in bowl

ഒരു സൂപ്പർമാർക്കറ്റ്. കാഷ് കൗണ്ടറിൽ ബില്ലനുസരിച്ചു പണം കൊടുത്ത ശേഷം അമ്മയും ആറു വയസ്സുകാരി മകളും കൂടി സാധനങ്ങളുമായി പുറത്തേക്കു വരുമ്പോൾ ഇതാ ചോക്കലേറ്റുമിഠായികൾ ഒരു ചെറിയ മേശയിലെ ട്രേയിൽ കൂന കൂട്ടി വച്ചിരിക്കുന്നു. അതിനടുത്തു നിന്ന കടക്കാരൻ കുട്ടിയോട് ഇതിൽനിന്നും കൈ നിറയെ മിഠായി ‘സൗജന്യമായി’ എടുത്തുകൊള്ളാൻ പറഞ്ഞു.

കുട്ടി മിഠായിക്കുനയെ നോക്കി നിന്നതല്ലാതെ കൈ നീട്ടി മിഠായി എടുത്തില്ല. നാണംകൊണ്ടായിരിക്കുമെന്നു കരുതി കടക്കാരൻ “മോളു വേണ്ടതെടുത്തോ” എന്നു പിന്നെയും രണ്ടു മൂന്നു പ്രാവശ്യം കൂടി പറഞ്ഞു. പക്ഷേ കുട്ടി മിഠായി എടുത്തുമില്ല, മിഠായിക്കുനയുടെ അടുത്തുനിന്നു മാറിയതുമില്ല. അമ്മ അല്പം അസ്വസ്ഥയായി “നി മിഠായി എടുത്തു വേഗം വാ” എന്നു പറഞ്ഞിട്ടും കുട്ടി വെറുതെ പുഞ്ചിരിച്ചുകൊണ്ടു നിന്നതല്ലാതെ അനങ്ങിയില്ല.

കടക്കാൻ നോക്കിയപ്പോൾ ബില്ലടച്ച് ക്യൂവായി വേറെ കുടുംബങ്ങളും പുറത്തേക്കു വരുന്നുണ്ട്. അതുകൊണ്ട് കച്ചവടക്കാരൻ തന്റെ കൈ നിറയെ മിഠായി വാരി കുട്ടിയുടെ നേരേ നീട്ടുകയും കുട്ടി തന്റെ ഉടുപ്പു വിടർത്തിക്കാട്ടി മിഠായി സ്വീകരിച്ച് “താങ്ക്യൂ അങ്കിൾ” എന്നു പറഞ്ഞ് അമ്മയുടെ കൂടെ പുറത്തേക്കു നടന്നു പോകുകയും ചെയ്തു.

കടയ്ക്കു പുറത്തു വന്നപ്പോൾ അമ്മ അവളോടു ദേഷ്യപ്പെട്ട്: “പറഞ്ഞിട്ട് മിഠായി എടുക്കാതെ മടയിയെപ്പോലെ നോക്കിനിന്ന് ഒടുവിൽ അദ്ദേഹത്തെ ക്കൊണ്ടു നീ എന്തിനാ മിഠായി എടുപ്പിച്ചത്?”

അപ്പോൾ കുട്ടി ചിരിച്ചുകൊണ്ട് അമ്മയോടു പറഞ്ഞത് ഇങ്ങനെ: “അമ്മേ എന്റെ കൈ കൊച്ചു കൈയല്ലേ? അദ്ദേഹത്തിന്റെ കൈയല്ലേ വലുത്? നോക്ക് എനിക്ക് കൂടുതൽ മിഠായി കിട്ടി.”

അമ്മയ്ക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്. അവൾ മടയി അല്ലായിരുന്നു. അദ്ദേഹം തന്റെ വലിയ കരംകൊണ്ട് വാരിക്കൊടുക്കുവാൻ അവൾ കാത്തു നിന്നതാണ്.

നാം നമ്മുടെ കരങ്ങൾ കൊണ്ട് വാരിയെടുക്കാതെ ദൈവത്തിനായി കാത്തു നിൽക്കുന്നതാണ് ബുദ്ധി. കാരണം ദൈവത്തിന്റെ കരങ്ങൾ നമ്മുടെ കരങ്ങളെക്കാൾ എത്രയോ വലുതാണ്. നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായാണ് അവിടുന്നു ചെയ്യുന്നത്.

“ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിട്ടുമില്ല” (1 കൊരി.2:9).

What’s New?