വെറും കൈയായി പോകണമോ?

crop unrecognizable person in rubber gloves raising arms

“വെറും കൈയായ് ഞാൻ പോകുകയോ എൻ രക്ഷകനെ കാണുകയോ?
ഒരു ദിനം പോലും അവനെ സേവിക്കാതെ തന്റെ പാദാന്തിയെ ഒന്നുമർപ്പിക്കാതെ”

ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു ക്രിസ്തീയ ഗാനമാണിത്. സി.സി.ലൂഥർ എന്ന ദൈവ്യത്യൻ എഴുതിയ “മസ്റ്റ് ഐ ഗോ ആൻ എംപ്റ്റി ഹാന്റഡ്” എന്ന ഗാനത്തിന്റെ രചനാ പശ്ചാത്തലം ഇങ്ങനെയാണ്.

ഒരു ചെറുപ്പക്കാരൻ. ഈ ലോകത്തിലെ സകല സുഖഭോഗങ്ങളും ആസ്വദിച്ച് ജീവിതം ധൂർത്തടിച്ച് അവൻ മുപ്പതാം വയസ്സിൽ മാരകരോഗം പിടിച്ചു കിടപ്പിലായി. ആരും സഹായത്തിനില്ല. എന്തു ചെയ്യണമെന്നറിയില്ല. ആ സമയത്ത് ഒരു ദൈവ ഭൃത്യൻ അവനെ സന്ദർശിച്ചു. യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി വിശ്വാസത്തിൽ ഹൃദയത്തിൽ സ്വീകരിച്ചാൽ നിത്യരക്ഷയുണ്ടെന്ന സന്ദേശം അദ്ദേഹം അവനോടു പങ്കുവെച്ചു. അവൻ അതു വിശ്വസിച്ചു. അവൻ തന്നെത്തന്നെ യേശുവിനായി സമർപ്പിച്ചു. അവന്റെ ഹൃദയഭാരം അകന്നു.

ചില ദിവസങ്ങൾ കഴിഞ്ഞു വീണ്ടും ആ ദൈവ്യത്യൻ അവനെ സന്ദർശിച്ചു. ആ സമയം അവൻ വാടിത്തളർന്നു ദുഖത്തോടു കിടക്കുകയായിരുന്നു. ദൈവ ഭൃത്യൻ അവനോടു ചോദിച്ചു: “അല്ലയോ യുവാവേ, നീ എന്താണ് മുഖം വാടിയിരിക്കുന്നത്. മരണം മുമ്പിലുണ്ട്. എന്നാൽ നിന്റെ പാപങ്ങൾ ദൈവം ക്ഷമിച്ചെന്നും മരിച്ചാൽ നീ സ്വർഗ്ഗത്തിൽ പോകുമെന്നുമുള്ള ഉറപ്പ് നിനക്കു നഷ്ടപ്പെട്ടോ? എന്താ കാര്യം?” അവൻ പറഞ്ഞു: “ഇല്ല എനിക്കു ഭയമോ അവിശ്വാസമോ ഇല്ല. എങ്കിലും എന്റെ നല്ലകാലമെല്ലാം ഞാൻ പാഴാക്കി. എന്റെ കർത്താവിന്റെ മുമ്പിൽ വെറും കയ്യോടെ എനിക്കു നിൽക്കേണ്ടി വരുമല്ലോ. അതോർത്തു ഞാൻ നിരാശപ്പെട്ടുപോയതാണ്.

ദൈവ്യത്യൻ അവനെ ആശ്വസിപ്പിച്ചു. എങ്കിലും അദ്ദേഹം അവന്റെ ആ ദുഃഖം മറന്നില്ല. “എന്റെ രക്ഷകന്റെ മുമ്പാകെ വെറും കൈയായി നിൽക്കുമല്ലോ” എന്ന അവന്റെ ഖേദം അദ്ദേഹം ലൂഥറിനോടു പങ്കിട്ടു. ഈ സംഭവം ലൂഥറിന്റെ മനസ്സിനെ മഥിച്ചു. അങ്ങനെയാണ് ലൂഥർ പ്രശസ്തമായ ഈ ഗാനം രചിച്ചത്.

ഇപ്പോൾ ആകുന്നു സുപ്രസാദകാലം (2 കൊരി. 6:2).