ദൈവത്തിനു നിങ്ങൾക്കായി തികവുള്ള ഒരുപദ്ധതി ഉണ്ട് – WFTW 18 ജൂൺ 2023

സാക് പുന്നന്‍

നമ്മെ സഹായിക്കുന്ന ഒരുവനാണ് കർത്താവ് എന്ന നിലയിൽ നാം എല്ലായ്പോഴും കർത്താവിൽ ആശ്രയിക്കണം :

  1. നമ്മുടെ ജഡത്തിലുള്ള ഓരോ മോഹങ്ങളെയും കീഴടക്കുവാൻ.
  2. ഓരോ ശോധനയിലും നമുക്കു വേണ്ടിയുള്ള അവിടുത്തെ ഉദ്ദേശ്യം നിറവേറ്റുവാൻ.
  3. ഓരോ സാഹചര്യത്തിലും ജയാളികളാകുവാൻ.
  4. ഓരോ തിന്മയുടെ മുഖത്തും ക്രിസ്തുവിൻ്റെ നന്മകൾ വെളിപ്പെടുത്തുവാൻ.

അപ്പോൾ നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല.

അവിശ്വാസമുള്ള ഒരു തലമുറയ്ക്കും പൊത്തുവരുത്തപ്പെടുന്ന ക്രിസ്തീയ ഗോളത്തിനും, നമുക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്യുന്ന സ്നേഹവാനായ ഒരു പിതാവ് സ്വർഗ്ഗത്തിലുണ്ട് എന്നതിന് ജീവിക്കുന്ന ഒരു സാക്ഷ്യമായിരിക്കണം നാം. നിങ്ങളുടെ ജീവിതത്തിനു വേണ്ടി ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്. ദിവസം പ്രതി, നിങ്ങൾ അവിടുത്തെ മാനിക്കുന്നതിന് അനുസരിച്ച്, ആ ഉദ്ദേശ്യം നിങ്ങൾ കണ്ടെത്തും. ശരിയായ സമയത്ത്, എല്ലാ മേഖലകളിലും, അവിടുന്ന് നിങ്ങൾക്കു വേണ്ടി ശരിയായ വാതിലുകൾ തുറന്നു തരും – കൂട്ടായ്മ, തൊഴിൽ, വീട്, വിവാഹം ഇവയ്ക്കെല്ലാം (ഇവയ്ക്കുള്ള സമയം ആകുമ്പോൾ). അവിടുത്തെ മാനിക്കുന്നവർക്ക് ഓരോ മേഖലയിലും ഏറ്റവും നല്ലതു ലഭിക്കും, അവർക്ക് കോളേജിൽ ഉള്ള ഗ്രേഡ് ഏതാണെങ്കിലും, അവർക്ക് സ്വാധീനമോ സാമ്പത്തിക സ്രോതസ്സോ കുറവാണെങ്കിലും, ഏതെങ്കിലും രാജ്യത്തിൽ എത്രയധികം സാമ്പത്തിക മാന്ദ്യം ഉണ്ടെങ്കിലും ഇതൊന്നും കാര്യമല്ല.

കൗമാരപ്രായക്കാരിലും ഇരുപതുകളിലുള്ളവരിലും അവിവേകം വ്യാപകമായുണ്ട്. ആജീവനാന്തം അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന ഗൗരവതരമായ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ സൂക്ഷിക്കാൻ ദൈവകൃപയ്ക്കു മാത്രമേ കഴിയൂ. അതു കൊണ്ട് നിങ്ങൾ എല്ലാ സമയത്തും ദൈവ ഭയത്തിലും വളരെ മുൻകരുതലോടെയും ജീവിക്കണം.

നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടുത്തരുത്. എനിക്ക് 191/2 വയസ് പ്രായമുണ്ടായിരുന്നപ്പോൾ ഞാൻ പൂർണ്ണഹൃദയത്തോടെ എൻ്റെ ജീവിതം കർത്താവിനു കൊടുത്തു. ഇന്ന്, അനേക വർഷങ്ങൾക്കു ശേഷം, ഞാൻ “എൻ്റെ കണ്ണിൽ ശരിയെന്നു തോന്നിയതു” ചെയ്തിരുന്നെങ്കിൽ എനിക്കു ചെയ്യാമായിരുന്നതിലും വളരെ നന്നായി, ദൈവത്തിന് എൻ്റെ ജീവിതം കൊണ്ടു ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെ എനിക്ക് തിരിഞ്ഞു നോക്കാൻ കഴിയുന്നു. ഈ വർഷങ്ങളിലെല്ലാം ഞാൻ ഒരിക്കലും പാപം ചെയ്തില്ല എന്നോ അല്ലെങ്കിൽ എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ ചെയ്തിരുന്നില്ല എന്നോ, അല്ലെങ്കിൽ എന്തെങ്കിലും അബദ്ധങ്ങൾ പറ്റിയില്ല എന്നോ അല്ല. ഇവയെല്ലാം ഞാൻ ചെയ്തിട്ടുണ്ട്- തന്നെയുമല്ല എൻ്റെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ മടയത്തരങ്ങളെയും അബദ്ധങ്ങളെയും കുറിച്ച് ഞാൻ തീർത്തും ലജ്ജിതനാണ്. എന്നാൽ ദൈവം എന്നോട് കരുണയുള്ളവനായി അവയെല്ലാം അവിടുന്ന് മായ്ചു കളയുകയും എന്നെ മുന്നോട്ടു നയിക്കുകയും ചെയ്തു. ഞാൻ കരുതുന്നത്, എൻ്റെ മണ്ടത്തരങ്ങളെ കൂട്ടാക്കാതെ, ഞാൻ പരമാർത്ഥതയോടെ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ അന്വേഷിക്കുന്നത് അവിടുന്നു കണ്ടു എന്നാണ്‌. തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്ന ഏവർക്കും പ്രതിഫലം നൽകുന്നവനാണ് അവിടുന്ന്, അവർ അനേകം തെറ്റുകൾ ചെയ്താലും. ദൈവത്തിൻ്റെ അതേ നന്മയും കരുണയും, നിങ്ങളുടെ നാളുകളെല്ലാം, നിങ്ങളെയും പിൻതുടരുമെന്ന് എനിക്കുറപ്പുണ്ട് ( സങ്കീ.23:6).

നിങ്ങൾ ദൈവത്തെ മാനിക്കുന്ന കാര്യം അന്വേഷിക്കുമ്പോൾ സന്തോഷകരമായ അത്ഭുതങ്ങൾ നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്, കാരണം “അവിടുന്ന് എല്ലായ്പോഴും സ്നേഹത്തിൽ നിശബ്ദനായി നിങ്ങൾക്കു വേണ്ടി പദ്ധതി ഒരുക്കുന്നു” (സെഫ.3:17 പരാവർത്തനം). അത് നിങ്ങളുടെ ഭാവിയുടെ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നു- ഭൗതികവും ആത്മീകവും. നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും ദൈവത്തെ മാനിക്കുവാൻ നിങ്ങൾ തീരുമാനിക്കുമെങ്കിൽ, ദൈവത്തിൻ്റെ ഏറ്റവും നല്ലത് നിങ്ങൾക്കു ലഭിക്കും. ലോക മനുഷ്യർ ചെയ്യുന്നതു പോലെ നാം നമ്മുടെ ഭാവിയെ കുറിച്ച് പദ്ധതിയൊരുക്കുന്നില്ല. നാം അർഹിക്കാത്ത പ്രത്യേക ബോണസ് നൽകിക്കൊണ്ട് ദൈവം നമ്മുടെ പക്ഷത്തു പ്രവർത്തിക്കുന്നു, ഉദ്യോഗം തുടങ്ങിയവ പോലെയുള്ള ഭൗമിക കാര്യങ്ങളിൽ പോലും. അതുകൊണ്ട് നമ്മുടെ ഭാവിയെ കുറിച്ച് നാം ഒട്ടും തന്നെ ഉൽക്കണ്ഠയുള്ളവരല്ല. യേശു നമ്മെ പഠിപ്പിച്ചതു പോലെ, നാം ഒരു സമയം ഒരു ദിവസത്തേക്കു ജീവിക്കുന്നു, ആകാശത്തിലെ പറവകളെ പോലെ, ഉൽക്കണ്ഠയിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും സ്വതന്ത്രരായി. കർത്താവിനു സ്തുതി!

പൗലൊസ് തൻ്റെ ജീവനെ വിലയുള്ളതായി എണ്ണിയില്ല, തൻ്റെ ഓട്ടം സന്തോഷത്തോടെ തികയ്ക്കാൻ കഴിയണമെന്ന് മാത്രം അദ്ദേഹം ആഗ്രഹിച്ചു (അപ്പൊ. പ്ര.20: 24-കെജെവി). മാതാപിതാക്കൾ തങ്ങളുടെ കൊച്ചു കുട്ടിയെ സ്കൂളിൽ ആക്കുമ്പോൾ, അവർ നോക്കി പാർക്കുന്നത് അവരുടെ ആ കുഞ്ഞ് സ്കൂളിൽ നിന്ന് ബിരുദം നേടി പുറത്തു വരുന്ന ആ ദിവസത്തെയാണ്. അതു തന്നെയാണ് ദൈവത്തിൻ്റെ കാര്യത്തിലും. ജീവിതത്തിൽ നമുക്കു വേണ്ടിയും ഒരു കോഴ്സ് അവിടുന്ന് ഒരുക്കിയിരിക്കുന്നു. ഭൂമിയിൽ നമുക്കു വേണ്ടി ദൈവം അനുവദിച്ചിരിക്കുന്ന ആ കോഴ്‌സ് നാം പൂർത്തിയാക്കണം. നമ്മുടെ ഭൗമിക ജീവിത കാലയളവിൽ നാം അബദ്ധങ്ങൾ ചെയ്തിട്ടുണ്ടാകാം, മണ്ടത്തരങ്ങൾ കാണിച്ചേക്കാം, ബുദ്ധി ഹീനമായി സമയം പാഴാക്കുക പോലും ചെയ്തിരിക്കാം. എന്നാൽ നന്ദിയോടെ പറയട്ടെ, അവയെല്ലാം സ്കൂളിൽ വെച്ച് നമുക്കെല്ലാവർക്കും പറ്റിയ ചില പിശകുകൾ നിമിത്തം ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങൾ തെറ്റി പോകുവാൻ ഇടയായതു പോലെ മാത്രമേയുള്ളു.

ദൈവത്തിന് നമുക്കു വേണ്ടി തികവുള്ള ഒരു പദ്ധതിയുണ്ട്- ഉദ്യോഗം, വിവാഹം തുടങ്ങിയവ പോലെയുള്ള മുഖ്യവിഷയങ്ങളിൽ. എന്നാൽ ഇവയെല്ലാം പൂർത്തീകരിക്കപ്പെടാൻ കഴിയുന്നത് നാം വിശുദ്ധിയുടെ മേഖലയിൽ അവിടുത്തെ ഹിതം നിറവേറ്റാൻ അന്വേഷിക്കുമ്പോൾ മാത്രമാണ്. നാം പൂർണ്ണ ഹൃദയത്തോടെ വിശുദ്ധിയെ പിൻതുടർന്നാൽ, മറ്റെല്ലാ ഭൗമിക കാര്യങ്ങളിലും, നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള അവിടുത്തെ ഉദ്ദേശ്യം നിറവേറ്റപ്പെടുമെന്ന് ദൈവം ഉറപ്പു വരുത്തും.