ബൈബിളിലെ നിധി

ആ വൃദ്ധ മരിക്കുന്നതിനു മുമ്പു വിൽപത്രത്തിൽ ഇപ്രകാരം എഴുതിവച്ചിരുന്നു: “എന്റെ ശവസംസ്കാരശുശ്രൂഷയ്ക്കു വേണ്ട പണവും എനിക്കുള്ള കടങ്ങളും കൊടുത്തുതീർത്തശേഷം ബാക്കി പണവും വിലയേറിയ കുടുംബ ബൈബിളും എന്റെ അനന്തിരവൻ സ്റ്റീഫൻ മാർക്കിനു നൽകുക.

അമ്മായി മരിച്ച വിവരം അറിഞ്ഞ് സ്റ്റീഫൻ മാർക്ക് എത്തി എല്ലാം വിൽപത്രത്തിൽ പറഞ്ഞപോലെ ചെയ്തു. ബാക്കിവന്ന കുറച്ചു പണം സ്റ്റീഫൻ സ്വന്തമാക്കി. എന്നാൽ ബൈബിളിനോട് അയാൾക്കു വലിയ താത്പര്യം തോന്നിയില്ല. തുറന്നുനോക്കുവാൻ പോലും തുനിയാതെ അയാൾ അതു തന്റെ പെട്ടിക്കുള്ളിൽ തന്നെ ഉപേക്ഷിച്ചു.

അടുത്ത മുപ്പതിലേറെ വർഷങ്ങൾ സ്റ്റീഫൻ വളരെ അരിഷ്ടിച്ചാണു ജീവിച്ചത്. ഒരു ചെറിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചെങ്കിലും അതിനു പണം ഇല്ലാതെ ബുദ്ധിമുട്ടി. ഭക്ഷണത്തിനും വസ്ത്രത്തിനും പോലും അയാൾ ക്ലേശിച്ചു. പ്രായമായി ക്ഷീണമായപ്പോൾ അടുത്ത പട്ടണത്തിൽ താമസിക്കുന്ന മകന്റെ അടുത്തേക്കു പോകാൻ അയാൾ തീരുമാനിച്ചു. അതിനായി തന്റെ പക്കലുള്ളതെല്ലാം അടുക്കിപ്പെറുക്കി എടുത്തപ്പോൾ പഴയ ബൈബിൾ പെട്ടിക്കടിയിൽ നിന്നു കിട്ടി. അതിന്റെ പുറംചട്ടയിലെ പൊടി തൂത്തുകളഞ്ഞപ്പോൾ യാദൃച്ഛികമായി ബൈബിൾ തുറന്നുപോയി. അതിനുള്ളിലേക്കു നോക്കിയ സ്റ്റീഫൻ മാർക്ക് ഞെട്ടിപ്പോയി. അതിന്റെ ഓരോ താളുകൾക്കിടയിലും അമ്മായി ധാരാളം കറൻസിനോട്ടുകൾ വച്ചിരിക്കുന്നു! “ഹാ! അന്നതു തുറന്നുനോക്കിയിരുന്നെങ്കിൽ ബിസിനസ്സ് തുടങ്ങാൻ ആവശ്യമായ പണം ലഭിക്കുമായിരുന്നല്ലോ. ബൈബിളിനുള്ളിൽ ഇരുന്ന നിധി അറിയാതെ മുപ്പതിലേറെ വർഷങ്ങൾ ക്ലേശിച്ചു ജീവിച്ചല്ലോ.” സ്റ്റീഫൻ വിലപിച്ചു.

ഇന്നും പലരും ഇങ്ങനെയാണ്.ദൈവവചനത്തിൽ അനുഗ്രഹ സമൃദ്ധി ഉണ്ടെങ്കിലും അതു സ്വീകരിക്കാതെ ആത്മീയമായി ദരിദ്രരായി കഴിയുന്നു.

“അവയാൽ അവിടുന്നു നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദാനങ്ങളും നൽകിയിരിക്കുന്നു” (2 പത്രോ.1:4),