മറ്റുള്ളവരെ അനുഗ്രഹിച്ചിട്ട് മറഞ്ഞു കളയുക – അറിയപ്പെടാത്തവനായിരിക്കുന്ന കാര്യം അന്വേഷിക്കുക – WFTW 23 മാര്‍ച്ച് 2015

people exchanging gifts

സാക് പുന്നന്‍

അവിടുന്ന് പ്രദര്‍ശനങ്ങളും പരസ്യങ്ങളും വെറുക്കുന്നു എന്നതാണ് ദൈവ പ്രകൃതത്തിന്റെ പ്രത്യേകത. യെശയ്യാവ് 45:15ല്‍ ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവെ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാതെ കാര്യങ്ങള്‍ ചെയ്യുവാനും താന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് എന്തെങ്കിലും ബഹുമാനം ആവശ്യമില്ലാതിരിക്കുവാനും ഇഷ്ടപ്പെടുന്ന അവിടുത്തെ പ്രകൃതത്തിന്റെ പങ്കാളിയാക്കിക്കൊണ്ട്, അവിടുത്തെ പോലെ തന്നെ നമ്മെ ആക്കി തീര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാം മറ്റുള്ളവരെ അനുഗ്രഹിച്ച ശേഷം മറഞ്ഞു കളയുന്നതെങ്ങനെയെന്ന് നമുക്ക് പഠിക്കാന്‍ കഴിയേണ്ടതിന് തക്ക ശക്തിയുള്ള ഒരു പ്രവൃത്തി നമ്മില്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നാം ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്കുവേണ്ടി മനുഷ്യരില്‍ നിന്ന് മാനവും പുകഴ്ചയും അന്വേഷിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും നമ്മെ സ്വതന്ത്രരാക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. എബ്രായര്‍ 7:17ല്‍ നാം വായിക്കുന്നു, “അവിടുന്ന് മല്‍ക്കിസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍.” മല്‍ക്കിസേദെക്ക് അറിയപ്പെടാത്ത ഒരു മനുഷ്യനായിരുന്നു – എന്നാല്‍ ദൈവത്തെ വളരെ അടുത്ത് അറിഞ്ഞ ഒരു മനുഷ്യന്‍- അബ്രഹാം യുദ്ധത്തിനു ശേഷം മടങ്ങി വന്നപ്പോള്‍ ഭക്ഷണവും ദൈവത്തില്‍ നിന്നൊരു വചനവും കൊണ്ട് അദ്ദേഹത്തെ എതിരേറ്റു ചെന്നവന്‍ (ഉല്പ. 14:14-20). അബ്രഹാം ക്ഷീണിതനായിരുന്നു. തന്നെയുമല്ല ഇത്തരത്തില്‍ വിജയശ്രീലാളിതനായതിനു ശേഷം ഉന്നതഭാവം ഉണ്ടാകാനുള്ള ഒരു വലിയ അപകടത്തിലുമായിരുന്നു. താന്‍ യുദ്ധത്തില്‍ പടിച്ചെടുത്ത സോദോം രാജാവിന്റെ വസ്തുവകകള്‍ മോഹിക്കുവാനുള്ള ഒരു അപകടത്തിലും കൂടിയായിരുന്നു. എന്നാല്‍ ദൈവം അബ്രഹാമിന്റെ ക്ഷീണിച്ച ശരീരത്തെ ബലപ്പെടുത്തുവാന്‍ വേണ്ട ആഹാരവും അവന്റെ ആത്മാവിനെ നിഗളത്തിലും മോഹത്താലും മലിനപ്പെടുത്താതിരിക്കുവാന്‍ വേണ്ട വചനവുമായി മല്‍ക്കീസെദെക്കിനെ അവിടേക്ക് അയച്ചു.

   

മല്‍ക്കിസേദെക്ക് അബ്രഹാമിനോടു പറഞ്ഞു: “സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ, നിന്റെ ശത്രുക്കളെ നിന്റെ കയ്യില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ.” അദ്ദേഹം ഏഴു പോയിന്റുകളുള്ള ഒരു നീണ്ട പ്രസംഗം അവനോട് പ്രസംഗിച്ചില്ല. അദ്ദേഹം ഒരു വാചകം മാത്രം സംസാരിച്ചു – എന്നാല്‍ അത് അബ്രഹാമിന്റെ ആവശ്യം കൃത്യമായി നിറവേറ്റാന്‍ മതിയായ ഒരു പ്രവചന വാക്യമായിരുന്നു. ആ ഒരു വാചകത്തിലൂടെ അദ്ദേഹം അബ്രഹാമിനെ ഓര്‍പ്പിച്ചത്, അവന് ആ വിജയം നല്‍കിയത് ദൈവമായതിനാല്‍ അതിന്റെ പുകഴ്ച അവന്‍ എടുക്കരുത് എന്നാണ്. അദ്ദേഹം അബ്രഹാമിനെ ഓര്‍പ്പിച്ച മറ്റൊരു കാര്യം, അവന്റെ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായതിനാല്‍, സാധാരണ ജയാളികള്‍ ചെയ്യുന്നതുപോലെ യുദ്ധത്തിന്റെ അവശിഷ്ടങ്ങളൊന്നും എടുക്കേണ്ട ആവശ്യം അവനില്ല എന്നാണ്. ഏതാനും നിമിഷങ്ങള്‍ക്കുശേഷം അബ്രഹാം സോദോം രാജാവിനെ കണ്ടുമുട്ടിയപ്പോള്‍, ഈ വാക്കുകള്‍ ശരിയായ കാര്യം ചെയ്യാന്‍ അവനെ സഹായിച്ചു. തന്റെ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായതിനാല്‍, താന്‍ അവന്റെ കയ്യില്‍ നിന്ന് ഒരു ചരടുപോലും എടുക്കുകയില്ല എന്ന് അവന്‍ സോദോം രാജാവിനോടു പറഞ്ഞു (ഉല്പ. 14:22-24). ഇപ്പോള്‍ യേശു, ദൈവത്താല്‍ `മല്‍ക്കീ സേദെക്കിന്റെ ക്രമത്തില്‍’ ഒരു മഹാപുരോഹിതനായി നിയമിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നാം ആയിരിക്കുന്നത് അതേ ക്രമപ്രകാരം പുരോഹിതന്മാരായിരിക്കാനും, ഈ ശുശ്രൂഷ തികയ്ക്കുവാനും ആണ്.

മല്‍ക്കിസേദെക്ക് എപ്രകാരമാണ് ഒരു പ്രദര്‍ശനമോ, ഘോഷങ്ങളോ, വെളിപ്പെടുത്തലുകളോ, പരസ്യങ്ങളോ ഒന്നും ഇല്ലാതെ നിശ്ശബ്ദനായി പ്രത്യക്ഷപ്പെടുകയും അബ്രഹാമിന് ആവശ്യമായിരുന്നതു മാത്രം – ശാരീരികാവശ്യത്തിനുള്ള ഭക്ഷണവും നിഗളത്തില്‍ നിന്നും ദുര്‍മ്മോഹത്തില്‍ നിന്നും അബ്രഹാമിനെ രക്ഷിക്കാനുള്ള ശരിയായ വചനവും കൊടുത്തത് എന്നു ചിന്തിക്കുക. അബ്രഹാമിന്റെ ആവശ്യം നിറവേറ്റിയതിനു ശേഷം, അദ്ദേഹം വന്നതു പോലെ തന്നെ നിശബ്ദമായി അപ്രത്യക്ഷനായി. ഒരു മാനമോ, പ്രശംസയോ, നന്ദിയോ, പരസ്യമോ നമുക്കായി ആഗ്രഹിക്കാതെ ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ നിശബ്ദമായി അനുഗ്രഹിച്ച ശേഷം അപ്രത്യക്ഷമാകുന്ന ഈ ശുശ്രൂഷയാണ് നാമെല്ലാവരും ആഗ്രഹിക്കേണ്ടത്.

മനുഷ്യര്‍ തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ യുദ്ധങ്ങള്‍ക്കു ശേഷം ക്ഷീണിതരും അവശരുമായാണ് സഭാ യോഗങ്ങള്‍ക്കു കടന്നു വരുന്നത്. വിശ്വാസികളെ ഉണര്‍ത്തുവാന്‍ കഴിയുന്ന ആത്മീകകാഹാരവും പോഷകവും നല്‍കത്തക്കവിധം സഭയില്‍ മല്‍ക്കീസെദെക്കിനെപ്പോലെ പ്രവചിക്കുന്നത് എത്ര അത്ഭുതകരമാണ്! അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പ്രായോഗികവും ഭൌതികവുമായ മാര്‍ഗ്ഗങ്ങളില്‍ അവരുടെ ജീവിതം അവര്‍ക്ക് എളുപ്പമാക്കി തീര്‍ക്കത്തക്ക വിധത്തില്‍ അവരെ സഹായിക്കാന്‍ കഴിയുന്നത് എത്ര അനുഗ്രഹമാണ്! സഹോദരന്മാര്‍ക്ക് തങ്ങളെക്കുറിച്ചു തന്നെ ഉന്നത ചിന്ത ഉണ്ടായിട്ട്, തങ്ങള്‍ പറയുന്നതില്‍ കാതലായ കാര്യങ്ങള്‍ വളരെക്കുറച്ചു മാത്രം ഉള്ളപ്പോള്‍ തന്നെ, വളരെ നീണ്ട നേരം പ്രസംഗിക്കുന്നത് സങ്കടകരമാണ്. അങ്ങനെയുള്ള നീണ്ട മുഷിപ്പന്‍ പ്രസംഗങ്ങള്‍ സഭായോഗങ്ങളില്‍ മരണം കൊണ്ടു വരുന്നു. മറിച്ച് സഹോദരീ സഹോദരന്മാര്‍ക്ക് എല്ലാ സഭായോഗങ്ങളിലും ശരിയായ വചനം – ഒരു പ്രവചന വാക്യം – കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് എത്ര അത്ഭുതകരമായിരിക്കും!

എന്നാല്‍ നമുക്ക് ഇപ്രകാരം പ്രവചിക്കാന്‍ കഴിയണമെങ്കില്‍, നാം ദൈവത്തിന് രഹസ്യത്തില്‍ യാഗം കഴിക്കാറുള്ള പുരോഹിതന്മാരായിരിക്കണം, കൂടാതെ എല്ലായ്‌പ്പോഴും നിര്‍മ്മല മനസ്സാക്ഷിയോടുകൂടി ദൈവവുമായുള്ള ബന്ധം നിലനിര്‍ത്തുന്നവരുമായിരിക്കണം. ദൈവത്തിനു മുഖപക്ഷമില്ല. സഭയിലുള്ള ഓരോ സഹോദരനും സഹോദരിയും മല്‍ക്കീസേദെക്കിന്റെ ക്രമത്തില്‍ ഒരു പുരോഹിതനായിരിക്കുകയും പ്രവചിക്കുകുയും വേണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു (അപ്പൊ. പ്ര. 2:17,18; 1 കൊരി. 14:31). നിങ്ങള്‍ക്കുള്ളതെല്ലാം ഒരു പുരോഹിതനെപ്പോലെ യാഗപീഠത്തില്‍ അര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ പ്രവചിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങളുടെ സഹോദരീ സഹോദരന്മാരുടെ നന്മയ്ക്കായി ഒരു യഥാര്‍ത്ഥ കരുതലും ഭാരവും ഉണ്ടെങ്കില്‍, കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ പ്രശസ്തിക്കോ മാനത്തിനോ, ഒരാഗ്രഹവും ഇല്ല എങ്കില്‍ അപ്പോള്‍ ദൈവം തീര്‍ച്ചയായും സഹോദരീ സഹോദരന്മാരുടെ ആവശ്യം നിറവേറ്റുവാനായി ഒരു വചനം എല്ലാ യോഗങ്ങളിലും നിങ്ങള്‍ക്കു നല്‍കും – അത് ഒരു വാചകം മാത്രമായാല്‍ പോലും.

മല്‍ക്കീസേദെക്കിന്റെ പൌരോഹിത്യത്തില്‍, ഒരു പ്രത്യേക സഹോദരനായി ആരും ഇല്ല. അപ്പോള്‍ നിങ്ങള്‍ക്കുള്ള വരങ്ങള്‍ നിമിത്തം അറിയപ്പെടുന്ന കാര്യം നിങ്ങള്‍ അന്വേഷിക്കരുത്. അനേക ആത്മാക്കളെ ക്രിസ്തുവിലേക്കു കൊണ്ടു വന്ന ഒരു സഹോദരനാണ്, അല്ലെങ്കില്‍ ഭൂതങ്ങളെ പുറത്താക്കുന്ന ഒരു സഹോദരനാണ്, അല്ലെങ്കില്‍ രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍, അല്ലെങ്കില്‍ സഭായോഗം നയിക്കുന്ന സഹോദരന്‍ നങ്ങളാണ്, അല്ലെങ്കില്‍ അതു ചെയ്യുന്നവന്‍, ഇതു ചെയ്യുന്നവന്‍ എന്നിങ്ങനെയുള്ള ഒരു ചിന്തയും നിങ്ങളില്‍ ഉണ്ടാകാതിരിക്കട്ടെ. ഒരു പേരും, സ്ഥാനപ്പേരും, മാനവും, പ്രശസ്തിയും ഒന്നുമില്ലാത്ത ഒരു സാധാരണ സഹോദരനായിരിക്കുന്നതില്‍ തൃപ്തനായിരിക്കുക.

മറ്റുള്ളവരെ അനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനാകുക. അറിയപ്പെടാത്തവനായിരിക്കുന്ന കാര്യം അന്വേഷിക്കുക.