‘ആ ഇഷ്ടികയില്‍ നിന്ന് ഈ പുസ്തകം’

വില്യം ബൂത്തിനോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സാമുവേൽ ലോഗന്‍ ബ്രങ്കിളിന്റെ വിശുദ്ധിയിലേക്കുള്ള സഹായം (Helps to Holiness) എന്ന പ്രസിദ്ധമായ പുസ്തകം എഴുതാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഒരു കഥയുണ്ട്.

ഒരിക്കല്‍ സാമുവല്‍ ലോഗന്‍ ബ്രങ്കിള്‍ പട്ടണത്തിലെ ഒരു തെരുവിലൂടെ നടന്നു പോകുകയായിരുന്നു. മദ്യപനായ ഒരുവന്‍ പെട്ടെന്നു ക്രുദ്ധനായി ഒരു ഇഷ്ടികയെടുത്ത് അദ്ദേഹത്തിന്റെ നേരെ എറിഞ്ഞു. ഏറുകൊണ്ട് ബ്രങ്കിളിനു ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം കിടക്കയിലായി. ഒന്നരവര്‍ഷത്തോളം അദ്ദേഹത്തിനു യാത്ര ചെയ്യാനോ പ്രസംഗപരിപാടികള്‍ക്കു പോകുവാനോ കഴിയാതെയായി. ഈ സമയത്താണ് അദ്ദേഹം ലളിതമായ ഭാഷയില്‍ ആത്മീയ സത്യങ്ങൾ പ്രതിപാദിക്കുന്ന വിശുദ്ധജീവിതം സംബന്ധിച്ച പുസ്തകം എഴുതിയത്. ഇതു പിന്നീട് അനേകര്‍ക്ക് അനുഗ്രഹമായിതീര്‍ന്നു. അത് ഏറ്റവും കൂടുതല്‍ വില്പനയുള്ള ഒരു പുസ്തകമായി അനേകം ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടു. ബ്രങ്കിളിന്റെ ഭാര്യ പലപ്പോഴും ഇങ്ങനെ പറയുമായിരുന്നു. ”ആ ഇഷ്ടിക ഇല്ലായിരുന്നെങ്കില്‍ ഈ പുസ്തകം ഉണ്ടാകുമായിരുന്നില്ല”.

മദ്യപന്‍ എറിഞ്ഞ ആ ഇഷ്ടിക ബ്രങ്കിളിന്റെ വീടിന്റെ ഭിത്തിയുടെ മുകളിലായി വച്ചിട്ടുണ്ട്. അതില്‍ ഒരു വചനവും എഴുതി വച്ചിട്ടുണ്ട്. ”നിങ്ങള്‍ എന്റെ നേരം ദോഷം വിചാരിച്ചു. ദൈവമോ അതു ഗുണമാക്കിത്തീര്‍ത്തു. (ഉല്‍പത്തി 50:20).

യോസേഫ്, പിതാവ് യാക്കോബിന്റെ ശവസംസ്‌ക്കാരത്തിനു ശേഷം തന്റെ പിന്നിട്ട ജീവിതത്തെ നോക്കി തന്റെ സഹോദരന്മാരോട് പറയുന്ന വചനമാണിത്. അവര്‍ അവനെതിരെ ദോഷം വിചാരിച്ചു യോസേഫിനെ യിശ്മായേല്യ കച്ചവടക്കാര്‍ക്കു വിറ്റുകളഞ്ഞു. പക്ഷേ അതു മൂലം പിന്നീട് അവന്‍ മിസ്രയേമില്‍ മന്ത്രിയായി. സഹോദരന്മാരുടെ പ്രവൃത്തി ദൈവം യോസഫിനും അവനു ദോഷം ചെയ്ത സഹോദരന്മാര്‍ക്കും പിന്നത്തേതില്‍ നന്മയാക്കി തീര്‍ത്തല്ലോ. ഇന്നു നമ്മോടും അവിടുന്ന് ഇങ്ങനെ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.

”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” (റോമര്‍ 8:28).