Table of Content


ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1


ഈ പുസ്തകത്തിന്റെ ആദ്യഭാഗം സാക് പുന്നൻ്റെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിക്കുന്നു – അദ്ദേഹം ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി മാറിയത് മുതൽ നാവികസേനയിൽ നിന്ന് മുഴുവൻ സമയവും കർത്താവിനെ സേവിക്കാൻ പോകുന്നത് വരെ. കർത്താവ് അവനെ പരിശീലിപ്പിച്ച് അവന്റെ ദാസനാകാൻ സജ്ജമാക്കിയ ചില വഴികൾ അതിൽ വിവരിക്കുന്നു.

ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം, ദൈവം അദ്ദേഹത്തിന് നൽകിയ ശുശ്രൂഷയെക്കുറിച്ചും അദ്ദേഹവും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും കർത്താവിനെ സേവിക്കാനും സഭയെ – ക്രിസ്തുവിന്റെ ശരീരം പണിയാനും ശ്രമിച്ചപ്പോൾ പഠിച്ച പാഠങ്ങളും വിവരിക്കുന്നു .

ഇത് ഒരു ആത്മകഥയോ സാക്കിന്റെ ശുശ്രൂഷയുടെ രേഖയോ അല്ല, മറിച്ച് അദ്ദേഹം കർത്താവിന്റെ വേല ചെയ്തപ്പോൾ പഠിച്ച പാഠങ്ങളുടെയും തത്വങ്ങളുടെയും വിവരണമാണ്.

കർത്താവിനോട് വിശ്വസ്തരായിരിക്കാൻ യുവാക്കളെ വെല്ലുവിളിക്കാനാണ് സാക്ക് ഈ പുസ്തകം എഴുതിയത്, അങ്ങനെ അവരെ കർത്താവ് തന്റെ സേവനത്തിനായി പരിശീലിപ്പിക്കാനും തയ്യാറാക്കാനും പുതിയ നിയമ തത്വങ്ങൾക്കനുസൃതമായി സഭ പണിയാനും കഴിയും.

 1 ദൈവശബ്ദത്തിന് ചെവികൊടുക്കുക


“ഒരിക്കൽ വളരെ പ്രധാനപ്പെട്ടവയെന്ന് ഞാൻ കരുതിയിരുന്ന എല്ലാ കാര്യങ്ങളും ഇന്നെന്റെ ജീവിതത്തിൽ നിന്ന് പൊയ്പോയിരിക്കുന്നു. അവയെല്ലാം ഞാൻ ചവറ്റുകുട്ടയിൽ എറിഞ്ഞുകളഞ്ഞു; തൽഫലമായി എനിക്കിനി ക്രിസ്തുവിനെ ആശ്ലേഷിക്കുവാനും ക്രിസ്തുവിനാൽ ആശ്ലേഷിക്കപ്പെടുവാനും കഴിയും” (ഫിലി. 3:8,9 പരാവർത്തനം)

ഇതൊരു ജീവചരിത്രഗ്രന്ഥമല്ല, മറിച്ച് എന്റെ ആത്മീയ പുരോഗതിയിൽ ഗണ്യമായ പങ്കുവഹിച്ച സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകള്. കർത്താവിനോടു വിശ്വസ്തരായിരിക്കുന്നതിനായി യുവജനങ്ങളെ വെല്ലുവിളിക്കുക എന്ന പ്രാഥമികലക്ഷ്യത്തോടെയാണ് ഞാനിത് എഴുതിയിട്ടുള്ളത്. അവർ ദൈവികസേവനത്തിൽ നന്നായി പരിശീലിപ്പിക്കപ്പെടുവാനും വീഴ്ചകളോ പരാജയങ്ങളോ ഉണ്ടാകുമ്പോൾ നിരാശപ്പെട്ട് തളർന്നു പോകാതിരിക്കാനും ഇത് ഉപകരിക്കും.

വലിയ കതകുകൾ തിരിയുന്നത് ചെറിയ വിജാഗിരികളിലാണ്. പ്രധാനപ്പെട്ട എന്തെങ്കിലും ശുശ്രൂഷ ദൈവം നമ്മെ ഭരമേൽപ്പിക്കുന്നതിനു മുമ്പ് ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തത അവിടുന്ന് ശോധന ചെയ്യുന്നു. ആദമിന്റെയും ഹവ്വയുടേയും കാര്യത്തിലെന്നപോലെ അവിടുത്തെ ശബ്ദത്തിന്റെ അനുസരണമാണ് ദൈവം നമ്മിൽനിന്നും ആവശ്യപ്പെടുന്നത്.

ദൈവശബ്ദം അനുസരിക്കുന്ന കാര്യത്തിൽ എനിക്ക് ഓർക്കാൻ കഴിയുന്ന ആദ്യകാലാനുഭവങ്ങളിൽ ഒന്ന് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഭവിച്ചത്. പൂനെയിൽ കടക്വാസ്ലെയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഒരു നാവിക ആഫീസറാകാനുള്ള പരിശീലനകാലത്ത്.

1955ൽ ആയിരുന്നു അത്. നാവിക അക്കാദമിയിൽ നിന്നും ഒഴിവുകാലത്ത് ന്യൂഡൽഹിയിൽ എന്റെ മാതാപിതാക്കളോടൊത്ത് ആയിരുന്ന സമയം. ഒരു ഞായറാഴ്ച വൈകിട്ട് എന്റെ ഇളയ സഹോദരനോടൊത്ത് ഒരു സായാഹ്നസഭാരാധനയിൽ പങ്കെടുത്തശേഷം മടങ്ങിപ്പോരുമ്പോൾ രാത്രി എട്ടുമണിയായിരുന്നു. വീട്ടിലേക്കുള്ള ബസ് കാത്ത് ബസ്സ് സ്റ്റോപ്പിൽ ഞങ്ങൾ നിൽക്കുന്ന സന്ദർഭം. “ആരോടെങ്കിലും യേശുക്രിസ്തുവിനേക്കുറിച്ചു സാക്ഷിക്കണം.’ എന്നൊരു ചിന്ത എന്റെ മനസ്സിൽ മുളച്ച് വളരാൻ തുടങ്ങി. അന്ന് സായംകാലത്തും മനുഷ്യരാശിക്കായുള്ള ദൈവത്തിന്റെ സുവാർത്ത യേശുവിനേക്കുറിച്ചുള്ള സുവിശേഷം ഞാൻ ഒരിക്കൽ കൂടി കേട്ടിരുന്നു. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരാളോടെങ്കിലും ആ സന്തോഷ വാർത്ത പങ്കുവയ്ക്കാനുള്ള ശക്തമായ ആന്തരികപ്രേരണ. അതു കർത്താവിൽ നിന്നുള്ള പ്രേരണയാണോ, അതോ എന്റെ വെറും ചിന്ത മാത്രമായിരുന്നോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. സമയം വൈകിയിരുന്നതിനാൽ എനിക്ക് എത്രയും വേഗം വീട്ടിൽ എത്തേണ്ടതും ആവശ്യമായിരുന്നു.

അല്പം ദൂരെ നിന്നും ഞങ്ങളെ ലക്ഷ്യമാക്കിവരുന്ന ഒരു യാത്രാബസ്സിന്റെ വെളിച്ചം അടുത്തുവരുന്നത് എനിക്ക് കാണാമായിരുന്നു. നിശ്ശബ്ദമായി ഞാൻ കർത്താവിനോടു പറഞ്ഞു: “ആ വരുന്ന ബസ്സ് എന്റെ വീട്ടിൽ എത്താനുള്ളതല്ലെങ്കിൽ ഇന്നുതന്നെ ഒരാളോട് സാക്ഷ്യം പറയുക എന്നത് അവിടുത്തെ ഇഷ്ടമാണെന്ന് ഞാൻ അനുമാനിക്കും. മറിച്ച് വീട്ടിലേക്ക് പോകാനുള്ള ബസ്സ് ആണെങ്കിൽ ഞാൻ അതിൽ കയറി വീട്ടിലേക്ക് മടങ്ങും.” ബസ്സ് അടുത്തുവന്നപ്പോൾ വ്യക്തമായി അതല്ല ഞങ്ങൾക്കുള്ള ബസ്സ് എന്ന്. ഞാൻ കർത്താവിനോട് ആവശ്യപ്പെട്ട അടയാളം നൽകപ്പെട്ടിരിക്കുന്നു. എനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകേണ്ടതുണ്ടെന്ന് അനുജനോട് അറിയിച്ച് അവൻ തന്നെ വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചശേഷം ഞാൻ തനിയേ അടുത്തുള്ള പാർക്കിലേക്ക് നടന്നു. യേശുവിന്റെ സുവിശേഷം പങ്കുവയ്ക്കാൻ പറ്റിയ ഒരാളെ അവിടെ കണ്ടെത്താം എന്ന പ്രതീക്ഷയായിരുന്നു മനസ്സിൽ. ഒരു പൊതു സ്ഥലത്ത് മറ്റൊരാളോട് സാക്ഷ്യം പറയുന്ന അനുഭവം ആദ്യത്തേതായിരുന്നുതാനും.

പാർക്കിലെ ഒരു ബഞ്ചിൽ വൃദ്ധനായ ഒരാൾ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ അടുത്ത് പോയി ഇരുന്നശേഷം ഹിന്ദിഭാഷയിൽ ചില കുശലപ്രശ്നങ്ങൾ തുടങ്ങി. അധികം വൈകാതെ നിത്യമായ കാര്യങ്ങളേപ്പറ്റി സംസാരിക്കാനുള്ള ധൈര്യം ലഭ്യമായി. മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തെപ്പറ്റി പറഞ്ഞുതുടങ്ങിയ ഞാൻ എനിക്കറിയാവുന്ന വിധത്തിൽ ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു എന്ന സത്യം പങ്കുവച്ചു. അദ്ദേഹം ക്ഷമയോടെ എന്റെ വാക്കുകൾ ശ്രവിച്ചു. അന്നു രാത്രിയിൽ സുവിശേഷം പങ്കുവെയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് ദൈവമാകയാൽ ഈ മനുഷ്യനോട് രക്ഷാദൂത് അറിയിക്കാൻ തന്നെയാണ് ദൈവം ആഗ്രഹിച്ചത് എന്ന് ഞാൻ ചിന്തിക്കുകയാണ്. ഒരു ദിവസം സ്വർഗ്ഗത്തിൽ അദ്ദേഹത്തെ കണ്ടുമുട്ടാം എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഒരു പൊതുസ്ഥലത്ത് തനിയേ സുവിശേഷത്തിന് സാക്ഷ്യം പറയാനുള്ള എന്റെ ആദ്യസംരംഭമായിരുന്നു അത്. പരിശുദ്ധാത്മാവിന്റെ ആന്തരികപ്രേരണ ഞാൻ അനുസരിക്കുമോ എന്ന് ദൈവം പരീക്ഷിക്കയായിരുന്നു.

“ചെറിയ ആരംഭങ്ങളുടെ ദിവസമായിരുന്നു അത്. (സെഖര്യാവ് 4:10) അതിനുശേഷം ഇന്നുവരെയുള്ള എന്റെ ജീവിതെ തിരിഞ്ഞുനോക്കുമ്പോൾ ദൈവം അവിടുത്തെ വചനം ആയിരക്കണക്കിന് ആളുകളോട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രസംഗിക്കാനുള്ള അവസരം എനിക്കു നൽകി. എന്നാൽ ഇതിന്റെ എല്ലാം തുടക്കം ഒരു ഞായറാഴ്ച വൈകിട്ട് ഡൽഹി പട്ടണത്തിൽ വച്ച് ഉണ്ടായ ഒരു ചെറിയ അനുസരണത്തിന്റെ പ്രവൃത്തിയായിരുന്നു.

പരിശുദ്ധാത്മാവിന്റെ ശബ്ദത്തിന് ചെവി കൊടുക്കാൻ എപ്പോഴും ജാഗ്രത പുലർത്തുക. ആ ശബ്ദത്തെ എപ്പോഴെങ്കിലും അനുസരിക്കാതെ പോയതുമൂലം എത്രവലിയ നഷ്ടമാണ് നിങ്ങൾക്ക് ഉണ്ടായതെന്ന് കർത്താവിന്റെ മുമ്പാകെ നാം ഒടുവിൽ നിൽക്കുമ്പോൾ മാത്രമേ തിരിച്ചറികയുള്ളു.

2 രക്ഷയുടെ ഉറപ്പ്


ചില വിശ്വാസികൾക്ക് അവർ വീണ്ടും ജനിച്ച ദിവസവും സമയവും വ്യക്തമായി ഓർക്കാൻ കഴിയും. എന്നാൽ എനിക്കത് കഴിയില്ല. വാസ്തവം പറഞ്ഞാൽ കൃത്യമായി ഏതുവർഷമാണ് ഞാൻ പുതുതായി ജനിച്ചതെന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. വീണ്ടും ജനനം എന്നത് കാലക്രമേണയുള്ള ഒരു പ്രക്രിയ ആണെന്നാണോ ഇതിന്റെ അർത്ഥം? ഒരിക്കലുമല്ല. മരണംവിട്ട് ക്രിസ്തുവിലുള്ള ജീവനിലേക്ക് കടക്കുന്നത് നിമിഷനേരംകൊണ്ട് നടക്കുന്ന ഒരു കാര്യമാണ്. എന്നാൽ ദൈവഭയമുള്ള ക്രിസ്തീയഭവനങ്ങളിൽ ജനിച്ച് വളർത്തപ്പെട്ട എന്നെപ്പോലെയുള്ള പലർക്കും ആ മഹത്വകരമായ അത്ഭുതം നടന്ന കൃത്യമായ നിമിഷം ചൂണ്ടിക്കാണിക്കുവാൻ കഴിയുന്നില്ല എന്നതാണ് സത്യം. എന്നെപ്പോലെ പലരും അനേക തവണ യേശു ക്രിസ്തു തങ്ങളുടെ ഹൃദയത്തിലേക്ക് വരുവാനായി പ്രാർത്ഥിച്ചിട്ടുള്ളവരാണ്. ഇതിൽ ഏത് സന്ദർഭത്തിലാണ് കൃത്യമായും യേശു ഹൃദയത്തിലേക്ക് വന്ന് പുതു ജനനം നടന്നതെന്ന് പറയാൻ കഴിയുന്നില്ല.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഏകദേശം പതിമൂന്നു വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞാൻ കർത്താവായ യേശുവിനെ എന്റെ ഹൃദയത്തിലേക്ക് കടന്നുവരാനായി ക്ഷണിച്ചത്. ഞാൻ ആദ്യമായി അങ്ങനെ പ്രാർത്ഥിച്ചപ്പോൾ പ്രത്യേകമായ അനുഭവങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതിനാൽ യഥാർത്ഥത്തിൽ അവിടുന്ന് ഹൃദയത്തിലേക്ക് വന്നുവോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും കർത്താവ് എന്റെ ഹൃദയത്തിലേക്ക് വരണം എന്ന് അടുത്ത ചില വർഷങ്ങളിൽ ഞാൻ അനേക തവണ ഒരുപക്ഷേ ഒരു നൂറുപ്രാവശ്യം ആവശ്യപ്പെട്ടു. എന്നാൽ ഓരോ പ്രാവശ്യവും എനിക്ക് യാതൊരു പ്രത്യേക അനുഭവവും ഉണ്ടായില്ല. അതു കൊണ്ട് തന്നെ ഞാൻ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവനാണോ അല്ലയോ എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു.

ഞാൻ മാതാപിതാക്കളോടൊത്ത് ഭവനത്തിൽ ആയിരുന്നപ്പോൾ അവരുടെ നിയന്ത്രണങ്ങൾ മൂലം സിനിമപോലുള്ള ഈ ലോകത്തിന്റെ ഉല്ലാസങ്ങളിൽനിന്നും അകന്നു കഴിഞ്ഞിരുന്നു. എന്നാൽ ഞാൻ ഇൻഡ്യൻ നാവികസേനയിലെ പരിശീലനത്തിനായി മിലിറ്ററി അക്കാദമിയിൽ ചേർന്നു കഴഞ്ഞപ്പോൾ വീട്ടിലെ നിയന്ത്രണങ്ങൾ ഒന്നും ബാധകമായിരുന്നില്ല. ക്രമേണ ഞാൻ ഒരു ലൗകികനായ ക്രിസ്ത്യാനിയായിത്തീരുകയും സഭയിൽ പോകുക എന്നത് ഒരു പരിചയം മാത്രമായിത്തീരുകയും ചെയ്തു. എന്തെങ്കിലും ആത്മീയബോദ്ധ്യമായിരുന്നില്ല എന്നെ സഭയിലേക്ക് പോകാൻ പ്രേരി പ്പിച്ചിരുന്നത്.

ലോകത്തിന്റെ വിനോദങ്ങളും ഉല്ലാസങ്ങളും ആസ്വദിച്ചതിലൂടെ ഒരു നന്മ ഉണ്ടായി! ലോകത്തിന് വാഗ്ദാനം ചെയ്യാൻ കഴിയുന്നതെല്ലാം നില നിൽക്കുന്ന സംതൃപ്തി എന്നിൽ ഉളവാക്കുവാൻ കഴിയാത്ത പൊള്ളയും ശുഷ്കവുമായ താത്കാലിക കാര്യങ്ങൾ മാത്രമാണെന്ന് ഞാൻ വേഗം കണ്ടെത്തി. 1959 ജൂലൈ മാസത്തിലെ ഒരു ദിവസം കൊച്ചി നേവൽ ബേസിലെ എന്റെ മുറിയിൽ ഞാൻ ഇരുന്ന് ബൈബിൾ വായിക്കുകയായിരുന്നു.

“എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല എന്ന യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുപ്പത്തിഏഴാം വാക്യം ഞാൻ ശ്രദ്ധിക്കാനിടയായി. മുമ്പ് പലതവണ ആ വാക്യം ഞാൻ വായിച്ചിരുന്നു. എന്നാൽ ഈ പ്രത്യേകദിവസം ആ വചനം വളരെ ശക്തിയോടെ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. യേശുവിന്റെ ആ വചനം ഞാൻ വിശ്വസിക്കയായിരുന്നു. അനേകതവണ ഞാൻ കർത്താവിന്റെ അടുക്കൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ എന്റെ പങ്ക് നിർവ്വഹിച്ചെങ്കിൽ യേശു അവിടുത്തെ പങ്ക് തീർച്ചയായും നിർവ്വഹിച്ചിട്ടുണ്ടാവും. അവിടുന്ന് എന്നെ കൈക്കൊണ്ടിരിക്കും, തീർച്ചയാണ്. അപ്പോൾ എനിക്ക് ബോധ്യമായി അവിശ്വാസമാണ് ഏറ്റവും വലിയ പാപം എന്ന്. (യോഹന്നാൻ 16:9 ശ്രദ്ധിക്കുക) ദൈവത്തിന്റെ ഈ വാഗ്ദാനത്തെ ഞാൻ വിശ്വസിക്കുന്നില്ലെങ്കിൽ ഞാൻ ദൈവത്തെ ഭോഷ് പറയുന്നവനാക്കുകയാണെന്നും, ദൈവത്തെ ഇതി ലധികം നിന്ദിക്കാൻ ആർക്കും കഴിയുകയില്ലെന്നുമുള്ള യാഥാർത്ഥ്യം എനിക്ക് ബോധ്യമായി.

അങ്ങനെ ഏതാണ്ട് ആറുവർഷക്കാലം അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞശേഷം ഒടുവിൽ ഞാൻ വിശ്വസിച്ചു. ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായി. എന്റെ ഈ പ്രത്യേക അനുഭവത്തിൽനിന്നും ഞാൻ എന്താണ് പഠിച്ചത്? രണ്ടുകാര്യങ്ങളാണ് എനിക്ക് പറ യാനുള്ളത്.

ഒന്നാമതായി, നിങ്ങളുടെ രക്ഷയെ സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പില്ലാതെയിരിക്കുമ്പോൾ, നിരുത്സാഹപ്പെടുവാനും പിന്മാറിപ്പോകുവാനും വളരെ എളുപ്പമാണ്.

രണ്ടാമതായി, വിശ്വാസം ദൈവത്തിന്റെ ദാനമാണ്. രക്ഷയുടെ ഉറപ്പ് ആദ്യമായി എനിക്ക് ലഭിച്ചപ്പോൾ എനിക്ക് ഏതാണ്ട് 19 വയസ്സ് പ്രായ മുണ്ടായിരുന്നു. അതിനു ശേഷം
46-ൽ അധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതിനിടെ ഒരിക്കൽപോലും എന്റെ രക്ഷയെപ്പറ്റി സംശയം ഉണ്ടായിട്ടില്ല. മറ്റ് പല കാര്യങ്ങളും ഞാൻ ഈ കാലഘട്ടത്തിൽ സംശയിച്ചിട്ടുണ്ടെങ്കിലും എന്റെ രക്ഷയുടെ കാര്യം ഏറ്റവും ഉറപ്പുള്ള കാര്യമായി നിലനിൽക്കുന്നു. ഒരിക്കലും തെറ്റാത്ത ദൈവ വചനത്തിന്റെ അടിത്തറയിൽ എന്റെ വിശ്വാസ്വത്തിന്റെ നങ്കൂരം ആ ദിവസം ഞാൻ ഉറപ്പിച്ചതിനാൽ എന്റെ ജീവിതനൗക ഒഴുകി പോകാതെ സ്ഥിരതയുള്ളതായി നിലകൊള്ളുകയാണ്. ഈ കാലഘട്ടത്തിനിടയിൽ അതിശക്തമായ പലകൊടുങ്കാറ്റുകളുടെയും മദ്ധ്യേ എന്റെ ജീവിതനൗക വളരെയധികം ആടിയുലഞ്ഞിട്ടുണ്ടെങ്കിലും രക്ഷയുടെ ഈ നങ്കൂരം ഉറപ്പോടെ ഇന്നും നിലനിൽക്കുന്നു. എനിക്കത് എങ്ങനെ വിശദീകരിക്കാൻ കഴിയും എനിക്ക് ആകെക്കൂടി പറയാൻ കഴിയുന്നത് ഇത്രമാത്രമാണ്. “വിശ്വസിക്കാനുള്ള കൃപ ആ ദിവസം ദൈവം എനിക്കു തന്നു”. വിശ്വാസവും ദൈവത്തിന്റെ ദാനം തന്നെയാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസത്തെക്കുറിച്ചും നമുക്ക് പ്രശംസിക്കാൻ കഴികയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് താഴ്മയോടെ ദൈവത്തെ മഹത്വപ്പെടുത്തുക മാത്രമാണ്.

3 തക്കസമയത്ത് സഹായം


1959 ജൂലായ്മാസം. കൊച്ചിയിലെ നേവൽ ബേസിൽ താമസിക്കുന്ന കാലം. ഒരു നാവിക ആഫീസറായി എനിക്ക് നിയമനം ലഭിച്ച ആദ്യ ദിനങ്ങൾ. ദൈവത്തിന്റെ രക്ഷയെപ്പറ്റിയുള്ള ഉറപ്പും എനിക്ക് ആ മാസം തന്നെയായിരുന്നു ലഭിച്ചത്. പൂർണ്ണമായും കർത്താവിനായി ജീവിക്കുവാൻ ഞാൻ തീരുമാനം എടുത്തിരുന്നു.

ഒരു സായാഹ്നം. എന്റെ രണ്ട് സഹപ്രവർത്തകരായ സ്നേഹിതർ എന്റെ അടുത്തുവന്ന് അന്ന് വൈകിട്ട് നേവൽ ബേസിലെ സിനിമാശാലയിൽ പ്രദർശിപ്പിക്കാൻ പോകുന്ന ഒരു നല്ല സിനിമയെപ്പറ്റി സംസാരിക്കയും ഞങ്ങൾ മൂവരും കൂടി ആദ്യപ്രദർശനത്തിന് പോകണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതിനുമുമ്പ് അവരോടൊത്ത് ഒന്നലധികം തവണ ഞാൻ സിനിമ കാണാൻ പോയിരുന്നു. എന്നാൽ ഇന്ന് ഞാൻ വീണ്ടും ജനനം പ്രാപിച്ചിരിക്കുന്നു. ഇത്തരം സിനിമകൾ കാണാൻ ഇനി പോകേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സിനിമ കാണാനുള്ള മോഹം തന്നെ കർത്താവ് എന്റെ ഹൃദയത്തിൽനിന്ന് നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനിയാണ് എന്ന് എന്റെ സ്നേഹിതരോട് പറയുവാൻ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു. അതിനാൽ ഞാൻ അവരോടൊത്ത് സിനിമാശാല ലക്ഷ്യമാക്കി പുറപ്പെട്ടു. എന്നാൽ ആ യാത്രയിലുടനീളം ഈ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നിന്നും എന്നെ ഏതുവിധമെങ്കിലും രക്ഷിക്കണമേ എന്ന പ്രാർത്ഥനയായിരുന്നു, ഒരു കരച്ചിലായി എന്നിൽ നിറഞ്ഞു നിന്നിരുന്നത്.

അത്ഭുതമെന്നുപറയട്ടെ, തീയേറ്ററിൽ എത്തിയപ്പോൾ ഭിത്തിയിൽ ഒരു നോട്ടീസ് പതിച്ചിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. സിനിമാ പ്രദർശനത്തിനാവശ്യമായ ഫിലിം റീലുകൾ തക്കസമയത്ത് എത്തിച്ചേരാത്തതിനാൽ അന്നത്തെ പ്രദർശനം റദ്ദുചെയ്തിരിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. താമസസ്ഥലത്തേക്കുളള മടക്കയാത്രയിൽ എന്റെ സ്നേഹിതർ ഇരുവരും അത്യധികം നിരാശരായിരുന്നു. എന്നാൽ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ദൈവം എനിക്കുവേണ്ടി ഒരു അത്ഭുതം ചെയ്തിരിക്കുന്നു എന്ന് ഗ്രഹിച്ച് ഞാൻ അത്യധികം സന്തോഷിച്ചു. ഈ സംഭവം എന്റെ വിശ്വാസത്തെ വളരെയധികം ശക്തിപ്പെടുത്തി എന്നു മാത്രമല്ല, “ആവശ്യസമയത്ത് ഏറ്റവും അടുത്ത തുണയായ” (സങ്കീ.46:1) ഒരു പിതാവ് എനിക്കായി സ്വർഗ്ഗത്തിൽ ഉണ്ട് എന്ന ബോദ്ധ്യവും എന്നിൽ ഉറയ്ക്കാൻ ഇടയായി. എന്റെ അധരങ്ങൾ കൊണ്ട് ഉച്ചരിക്കുക പോലും ചെയ്യാതെ എന്റെ ഹൃദയത്തിലെ കരച്ചിൽ മാത്രം കേട്ട് ദൈവം എനിക്ക് ഉത്തരം നൽകുകയായിരുന്നു.

പ്രാർത്ഥനയ്ക്കുള്ള അത്ഭുതകരമായ ഈ മറുപടി എനിക്ക് ആദ്യ അനുഭവമായിരുന്നു. തന്റെ മക്കൾക്കായി അത്ഭുതങ്ങൾ ചെയ്യുന്ന ഒരു പിതാവാണ് ദൈവം. ദൈവവചനം പറയുന്നു: “യഹോവയിൽത്തന്നെ രസിച്ചു കൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” മുകളിൽ സൂചിപ്പിച്ച ആ ദിവസം ഞാൻ കർത്താവിൽ മാത്രം സന്തോഷിക്കുകയായിരുന്നു. മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ ഹൃദയത്തിന്റെ ആഗ്രഹം ആ സിനിമ കാണാൻ എനിക്ക് ഇടയാകരുത് എന്നായിരുന്നു. എന്റെ ഹൃദയത്തിലെ ആ ആഗ്രഹം അവിടുന്ന് എനിക്ക് നൽകുകയും ചെയ്തു.

ഞാൻ എന്റെ മുറിയിൽ മടങ്ങിയെത്തിയശേഷം കർത്താവ് എന്നോട് പറഞ്ഞത്. “അന്ന് എനിക്കുവേണ്ടി പ്രവർത്തിച്ച വിധത്തിൽ വീണ്ടും പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കരുത്” എന്നാണ്. ഇനി ഒരു അവസരം വന്നാൽ ഞാൻ തന്നെ എന്റെ സ്നേഹിതരോട് “ഇല്ല’ എന്ന് പറയാൻ ധൈര്യപ്പെടണം. അങ്ങനെ മാത്രമേ എനിക്ക് കൃപയിൽ ശക്തിപ്പെടുവാൻ കഴികയുള്ളൂ എന്നും ദൈവം എന്നെ മനസ്സിലാക്കി. ഓരോ തവണയും ദൈവം ഇപ്രകാരം അത്ഭുതം പ്രവർത്തിച്ചാൽ ഞാൻ ഒരിക്കലും ദൈവകൃപയിൽ ശക്തിപ്പെടുകയും ധൈര്യശാലിയായിത്തീരുകയും ചെയ്യുകയില്ല. അടുത്ത തവണ എന്റെ സ്നേഹിതർ എന്ന സിനിമയ്ക്ക് പോകാൻ ക്ഷണിച്ചപ്പോൾ ധൈര്യപൂർവ്വം അവരോട് ഞാൻ ഒരു ക്രിസ്ത്യാനി ആയിത്തീർന്നതിനാൽ മേലാൽ സിനിമാകാണാൻ വരുന്നില്ല എന്ന് പറയാൻ എനിക്കു കഴിഞ്ഞു.

നമ്മുടെ പല പ്രാർത്ഥനകൾക്കും ദൈവം മറുപടി നൽകാത്തത് എന്തു കൊണ്ടാണെന്ന് അന്ന് എനിക്ക് മനസ്സിലായി. മിക്കപ്പോഴും നാം നമ്മുടെ ജീവിതം ആയാസരഹിതമാക്കാൻ അത്ഭുതങ്ങൾ ചെയ്യാനാണ് പ്രാർത്ഥിക്കുന്നത്. നമ്മുടെ ഇത്തരം അപേക്ഷകൾ എല്ലാം ദൈവം നൽകിയാൽ നാം ദുർമേദസ്സുള്ള, അലസരായ, ക്രിസ്ത്യാനികൾ ആയിത്തീരുകയായിരിക്കും ഫലം. എന്നാൽ നാം ശക്തരും, ഓജസ്സുള്ളവരും, ധീരരും ആയിത്തീരാൻ ദൈവം ആഗ്രഹിക്കുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ അത്ഭുതകരമായ നിലയിൽ ഉത്തരം നൽകി ദൈവം നമ്മേ ഉത്സാഹിപ്പിക്കാറുണ്ടു താനും. എന്നാൽ മിക്കപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകാത്തത്. അത് നാം ബലഹീനരും ഭീരുക്കളും ആയിത്തുടരാതിരിക്കാൻ തന്നെയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയതിനാൽ പ്രാർത്ഥനയെക്കുറിച്ചുള്ള പലരഹസ്യങ്ങളുടെയും ചുരുളഴിയുവാൻ ഇടയായിട്ടുണ്ട്.

കഴിഞ്ഞ 46 വർഷങ്ങളായി ദൈവം എന്റെ എല്ലാ പ്രാർത്ഥനകൾക്കും മറുപടി നൽകിയിട്ടുണ്ട് അതേ, നൂറുശതമാനം മറുപടികൾ! ഈ കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? ഞാൻ വിശദീകരിക്കാം.

ട്രാഫിക്ക് ലൈറ്റിലെ മൂന്നുതരം വെളിച്ചങ്ങൾപോലെയാണ് ദൈവത്തിന്റെ മറുപടികൾ. ചിലപ്പോൾ പ്രാർത്ഥനയ്ക്ക് അതേ (പച്ച ലൈറ്റ്) എന്നാവും മറുപടി. മറ്റു ചില സന്ദർഭങ്ങളിൽ ഇല്ല, സാദ്ധ്യമല്ല (ചുവപ്പ് ലൈറ്റ്) എന്നുള്ള മറുപടി ഉണ്ടാകും. എല്ലാ പ്രാർത്ഥനകൾക്കും മറുപടി ഉണ്ടെന്നുള്ളത് ഉറപ്പാണ്.

ട്രാഫിക്ക് ലൈറ്റ് അനുസരിക്കുന്നത് എത്ര യധികം സുരക്ഷിതമാണെന്ന് പറയേണ്ടല്ലോ. ദൈവത്തിന്റെ മറുപടി എന്തു തന്നെ ആയാലും ഹൃദയംഗമമായി അത് സ്വീകരിക്കുന്നതിലാണ് എന്റെ സുരക്ഷിതത്വം ഞാൻ കണ്ടെത്തിയിരിക്കുന്നത്.

4 പടിപടിയായുളള അനുസരണം


കഴിഞ്ഞ പല വർഷങ്ങളിലൂടെ ഞാൻ കണ്ടെത്തിയ ഒരു കാര്യം ഇതാണ്:- “ദൈവം പടിപടിയായിട്ടാണ് നമ്മെ നടത്തുന്നത്. അവിടുത്തെ വാഗ്ദാനം ഇതാണ്: “നീ ഓരോ ചുവടും വയ്ക്കുമ്പോൾ നിനക്കുമുമ്പിൽ ഞാൻ വഴി തുറന്നുതരും” (സദൃശ. 4:12ന്റെ സ്വതന്ത്ര പരിഭാഷ). യിസ്രായേൽ ജനതയെ മേഘസ്തംഭം ദിനംപ്രതി നയിച്ചതുപോലെ പരിശുദ്ധാത്മാവ് ഇന്ന് നമ്മെ നയിക്കുന്നു.

രക്ഷയുടെ ഉറപ്പ് എനിക്ക് ലഭിച്ചശേഷം അടുത്തപടി ജലസാനമാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. സിറിയൻ ഓർത്തഡോക്സ് സഭയിൽ ശിശുവായിരുന്നപ്പോൾ ഞാൻ മാമോദീസ ഏറ്റവനായിരുന്നു. മാമോദീസ് ആണ് തിരുവചനത്തിൽ കാണുന്ന വിശ്വാസസാനം എന്ന് ആ സഭ പഠിപ്പിക്കുന്നു. വിശ്വാസസാനം എന്ന വേദശാസ്ത്രപരമായ ചുവരിന് ഇരു വശത്തും വീണ്ടും ജനനത്തിന്റെ അനുഭവം ഉള്ള ക്രിസ്തീയ വിശ്വാസികൾ ഉണ്ടെന്നുള്ള സത്യം ഞാൻ ഗ്രഹിച്ചിരുന്നു. ബൈബിൾ സ്നാനത്തെപ്പറ്റി എന്തു പറയുന്നു എന്ന് വ്യക്തമായി പഠിക്കുവാൻ ഞാൻ തീരുമാനിച്ചു. തിരുവചനം പഠിച്ചപ്പോൾ പല ആത്മീയസത്യങ്ങളും കണ്ടെത്തുവാൻ എനിക്കു സാധിച്ചു.

1.പുതിയ നിയമത്തിൽ ഒരിടത്തുപോലും ശിശുസ്നാനത്തെപ്പറ്റി സൂചനയില്ല. ചില കുടുംബങ്ങൾ സ്നാനം ഏറ്റതിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടന്നുള്ളത് സത്യമാണെങ്കിലും ഒരിടത്തും ആ കുടുംബങ്ങളിൽ ശിശുക്കൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. തിരുവചനത്തിന്റെ നിശ്ശബ്ദതയുടെ അടിസ്ഥാനത്തിൽ നമുക്ക് ഏതെങ്കിലും ഒരു ഉപദേശം തെളിയിക്കാൻ കഴിയുകയില്ല.

2. സ്നാപകയോഹന്നാൻ മുതിർന്നവരെ മാത്രമേ സ്നാനം കഴിപ്പിച്ചു

3. യേശുവും പ്രായപൂർത്തിയായതിനുശേഷമാണ് സ്നാനമേറ്റത്.

4. യേശു താനും മുതിർന്നവരെയാണ് സ്നാനം കഴിപ്പിച്ചത്. ശിശുക്കളുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിക്കയത്രേ ചെയ്തത്. (പല സഭകളും നേരെ വിപരീതമായ കാര്യമാണ് ചെയ്യുന്നത്; അവർ ശിശുക്കളെ സ്നാനപ്പെടുത്തുകയും മുതിർന്നവർക്ക് കൈവെപ്പിനാൽ സ്ഥിരീകരണ ശുശ്രൂഷയിലൂടെ സഭാംഗത്വം നൽകുകയും ചെയ്യുന്നു)

5. ദൈവം എന്റെ ഭൂതകാലത്തെ പരിപൂർണ്ണമായി മായ്ച്ചുകളഞ്ഞപ്പോൾ തിരുവചന വിരുദ്ധമായ എന്റെ ശിശുസ്നാനത്തേയും മായ്ച്ചുകളഞ്ഞു എന്നതാണ് സത്യം.

6. അപ്പോസ്തോലന്മാരുടെ പ്രവൃത്തികളിൽ ഓരോ ക്രിസ്തുവിശ്വാസിയും എടുത്ത അനുസരണത്തിന്റെ ആദ്യപടി ജലസ്നാനമായിരുന്നു.

ബൈബിൾ പഠനത്തിലൂടെ കണ്ടെത്തിയ ഈ കാര്യങ്ങൾ വിശ്വാസസ്നാനം എനിക്ക് ആവശ്യമാണെന്ന ബോദ്ധ്യം നൽകി. എന്നാൽ ശിശുസാനം മാത്രം സ്വീകരിച്ചിരുന്ന ചില ക്രിസ്തീയസ്നേഹിതർ എന്നോട് ഇപ്രകാരം പറഞ്ഞു: “വേർപെട്ട വിശ്വാസസമൂഹങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ഓർത്തഡോക്സ് സഭയിൽ സുവിശേഷം പ്രസംഗിക്കേണ്ട ആവശ്യമില്ലേ? ഞാൻ വിശ്വാസസ്നാനം സ്വീകരിക്കുന്നപക്ഷം ഓർത്തഡോക്സ് സഭ എന്നെ പുറത്താക്കുകയും തൽഫലമായി ആ സഭയിലുള്ള വലയോരുപറ്റം അവിശ്വാസികളോട് സുവിശേഷം അറിയിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യും. തികച്ചും യുക്തി പൂർവ്വമായ ഒരു ചിന്തയാണ് ഇതെന്ന് എനിക്ക് തോന്നുകയും വിശ്വാസ സ്നാനം സ്വീകരിക്കേണ്ട ആവശ്യം ഇല്ലെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു.

പതിനെട്ടുമാസങ്ങൾ ഞാൻ ഈ അവസ്ഥയിൽ തുടർന്നു. ഞാൻ ഓരോ പ്രാവശ്യവും പ്രാർത്ഥനയ്ക്കായി മുട്ടുകുത്തുമ്പോൾ ദൈവം എന്നോട് ഇവ്വണ്ണം പറയുന്നതായി എനിക്ക് തോന്നിയിരുന്നു: “ഞാൻ പറയുന്നത് അനുസരിക്കാൻ നിനക്ക് മനസ്സില്ലെങ്കിൽ, നീ പറയുന്ന കാര്യങ്ങൾ ഞാൻ എന്തിന് ശ്രദ്ധിക്കണം?” ഈ പതിനെട്ടു മാസങ്ങൾ ഞാൻ ആത്മീയമായി യാതൊരു വളർച്ചയും പ്രാപിച്ചില്ല എന്നതാണ് സത്യം. ഇത് എന്നെ തികച്ചും അസ്വസ്ഥനാക്കിത്തീർത്തു. ഒടുവിൽ ഞാൻ കർത്താവിനോട് പറഞ്ഞു: “ലോകത്തിലെ എല്ലാ സഭകളും എന്നെ പുറന്തള്ളിയാലും ഞാൻ അവിടുത്തെ അനുസരിക്കാൻ തയാറാണ്”. അങ്ങനെ 1961-ൽ ഞാൻ ജലത്തിൽ മുങ്ങി വിശ്വാസസ്നാനം സ്വീകരിച്ചു.

അതിനുശേഷമുള്ള എന്റെ ക്രിസ്തീയ ജീവിതത്തിലെ വളർച്ച അഭൂതപൂർവ്വമായിരുന്നു. ഞാൻ തന്നെ ഏതെങ്കിലും ദൈവിക കല്പനകൾ അനുസരിക്കാതെയിരിക്കുമ്പോൾ മറ്റുള്ളവർക്ക് ഞാൻ ഒരിക്കലും ഒരനുഗ്രഹമായിരിക്കാൻ കഴികയില്ല എന്ന യാഥാർത്ഥ്യം ഞാൻ ഗ്രഹിച്ചു തുടങ്ങുകയായിരുന്നു. പിന്നീടുള്ള എന്റെ ജീവിതത്തിൽ ഈ കാര്യം ഞാൻ തീർച്ചയാക്കി: “മനുഷ്യരോ സഭകളോ എന്തുതന്നെ പറഞ്ഞാലും ചെറുതോ വലുതോ ആയ ഏതു കാര്യത്തിലും ദൈവവചനം ഞാൻ എപ്പോഴും അനുസരിക്കും യുക്തിയുടെ ശബ്ദത്തിന് ചെവികൊടുത്ത് ദൈവവചനത്തോട് അനുസരണക്കേട് കാണിക്കുമ്പോൾ എത്ര വലിയ ആത്മീയനഷ്ടമാണ് നമുക്കുണ്ടാകുന്നത്!!

45 വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടെത്തിയ അനുസരണത്തിന്റെ ആ ആദ്യചുവടിനു ശേഷം ദൈവം അനുസരണത്തിന്റെ മറ്റനേക ചുവടുകൾ എന്നെ കാണിച്ചിട്ടുണ്ട്. എന്നാൽ ഓരോ പ്രാവശ്യവും അപ്പോൾ ദൈവം എന്നെ കാണിച്ചു തന്ന ആ ചുവട് ഞാൻ എടുത്തതിനുശേഷം മാത്രമേ അടുത്തകാര്യം അവിടുന്ന് കാണിച്ചുതന്നിട്ടുള്ളു. ദൈവവചനം നമ്മുടെ കാലിന് ദീപമാണെന്ന് ബൈബിൾ പറയുന്നു (സങ്കീ. 119:105). അതിന്റെ അർത്ഥം എന്താണ്? മുമ്പിലുള്ള ദീർഘമായ വഴിത്താര മുഴുവനും ഒറ്റയടിക്ക് പ്രകാശിപ്പിക്കുകയല്ല; മറിച്ച് അടുത്ത ചുവട് വയ്ക്കുവാനുള്ള വെളിച്ചമാണ് ദൈവവചനം നമുക്ക് നൽകുന്നത്. അന്ധകാരം നിറഞ്ഞ ഒരു പാതയിലൂടെ കത്തിച്ച് ഒരു ടോർച്ചു ലൈറ്റുമായി നടക്കുന്നതുപോലെയാണത്. പാതയുടെ ചെറിയൊരു ഭാഗം മാത്രമേ ഏതുസമയത്തും നാം കാണുന്നുള്ളു അടുത്തചുവടുവയ്ക്കുവാനുള്ള പ്രകാശം. വഴിയുടെ മുമ്പിലുള്ള ഭാഗങ്ങൾ കാണുവാനായി നാം മുമ്പോട്ട് നീങ്ങിയേ മതിയാകയുള്ളു.

വർഷങ്ങൾക്ക് മുമ്പ് അനുസരണത്തിന്റെ ആ ആദ്യചുവട് ഞാൻ എടുത്തിരുന്നില്ലെങ്കിൽ എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതത്തിന്റെ അടുപടി ഞാനൊരിക്കലും കണ്ടെത്തുമായിരുന്നില്ല. ഒരുപക്ഷേ സ്വർഗ്ഗം എനിക്ക് നഷ്ടമാകുമായിരുന്നില്ല. എന്നാൽ ഭൂമിയിലെ എന്റെ ജീവിതം ഞാൻ പാഴാക്കിയേനെ. പ്രിയ സ്നേഹിതാ! അനുസരണത്തിന്റെ ഏതെങ്കിലും ഒരു ചുവട് ദൈവം നിനക്ക് ഇപ്പോൾ കാണിച്ചുതന്നിട്ടുണ്ടെങ്കിൽ ഒട്ടും വൈകാതെ ദൈവത്തെ അനുസരിക്കുക. അല്ലാത്തപക്ഷം ജീവിതത്തിൽ ദൈവഹിതം നഷ്ടമായിപ്പോകാൻ വലിയ സാധ്യതയുണ്ട്.

മറക്കരുത്, അനുസരണം പടിപടിയായുള്ള ഒരു കാര്യമാണ്.

5 എന്റെ കടങ്ങൾ തീർക്കൽ


ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊന്നാമാണ്ടിന്റെ ആരംഭത്തിൽ, എന്റെ ജലസ്നാനത്തിന്റെ തൊട്ടു പിന്നാലെ, ഞാൻ കർത്താവിനോടൊത്തു നടക്കുവാനായി എടുക്കേണ്ട അടുത്ത ചുവട് അവിടുന്ന് എനിക്കു കാണിച്ചുതന്നു. ദൈവത്തോടുള്ള എന്റെ കടം പൂർണ്ണമായും തീർന്നുകഴിഞ്ഞിരുന്നു. പിന്നീട് മനുഷ്യരോടുള്ള എന്റെ കടങ്ങൾ തീർക്കുവാൻ പൂർണ്ണമായും തീർക്കുവാൻ – ഉള്ള സമയമായിരുന്നു.

കഴിഞ്ഞ കാലത്ത് സർക്കാരിനെ പണസംബന്ധമായി വഞ്ചിച്ച കാര്യം എന്റെ ഓർമ്മയിലെത്തി. “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ യേശുപറഞ്ഞപ്പോൾ (മത്തായി 22:21) യഥാർത്ഥത്തിൽ ദൈവത്തിനുള്ളത് കൊടുക്കാൻ കഴിയണമെങ്കിൽ ആദ്യം സർക്കുള്ളത് കൊടുത്തു തീർക്കേണ്ടതാണ് എന്നാണ് അവിടുന്ന് അർത്ഥമാക്കിയത്. അല്ലെങ്കിൽ കൈസറിൽ നിന്നു മോഷ്ടിച്ചെടുത്ത പണമായിരിക്കും നാം ദൈവത്തിന് കൊടുക്കുക. സർക്കാരിന് എത്ര തുകയാണ് കൊടുത്തുതീർക്കാനുള്ളതെന്ന് ഞാൻ കണക്കുകൂട്ടി. രണ്ടു തുകകൾ എന്റെ മനസ്സിൽ വന്നു. ഒന്ന് മറ്റൊന്നിനേക്കാൾ 20 ശതമാനം കുറവായിരുന്നു. സ്വാഭാവികമനുഷ്യസ്വഭാവം ചെയ്യുന്നത് തന്നെ ഞാനും ചെയ്തു. കുറവുള്ള തുക സർക്കാരിന് കൊടുക്കാം എന്ന് ഞാൻ തീരുമാനിച്ചു. ഒരു ദിവസം ബൈബിൾ വായനാമദ്ധ്യേ സംഖ്യാപുസ്തകം 5-ാം അദ്ധ്യായം ആറും ഏഴും വാക്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ദൈവം യിസ്രായേലിനോട് കൽപ്പിച്ചിരിക്കുന്നു കടം കൊടുത്തു തീർക്കുമ്പോൾ യഥാർത്ഥത്തിൽ കടം പെട്ടിരിക്കുന്നതുകയോടുകൂടി ഇരുപതുശതമാനം (അഞ്ചിൽ ഒന്ന് കൂടി കൂട്ടിക്കൊടുക്കണം എന്ന്!! ഈ വചനം എന്റെ ഹൃദയത്തിലേക്ക് ദൈവം അയച്ച വ്യക്തമായ ഒരു കല്പനയായിരുന്നു. ഇരുപതുശതമാനം ഉയർന്ന ആ തുക തന്നെ ഞാൻ സർക്കാരിലേക്ക് മടക്കി കൊടുക്കണം എന്നുള്ളത് വ്യക്തമായിരുന്നു. അന്നത്തെ എന്റെ പ്രതിമാസശമ്പളത്തിന്റെ ഏകദേശം നാലിരിട്ടി വരുന്ന ഒരു തുകയായിരുന്നു അത്. ഓരോമാസവും കഴിയുന്നത്ര പണം മിച്ചം വച്ച് ആ കടം എത്രയും വേഗം കൊടുത്തുതീർക്കാൻ ഞാൻ ചുവടുകൾ വച്ചു.

കർത്താവ് ബോദ്ധ്യം തന്ന ആ തുക ഞാൻ മിച്ചം വച്ചുകഴിഞ്ഞപ്പോഴാണ് മറ്റൊരു പ്രശ്നം തലയുയർത്തിയത്. സത്യസന്ധരായ മനുഷ്യർക്ക് അവർ തെറ്റായ വിധത്തിൽ കൈവശം വച്ചിരിക്കുന്ന പണം മടക്കിവാങ്ങാനായി സർക്കാരിന് ഒരു സംവിധാനം ഇല്ല എന്ന് ഞാൻ മനസ്സിലാക്കി!! എനിക്കൊരു ബുദ്ധി തോന്നി. ഞാൻ സർക്കാരിലേക്ക് കൊടുത്തു തീർക്കേണ്ട തുകയ്ക്ക് തുല്യമായ റെയിൽവേ യാത്രയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങിയിട്ട് ഞാൻ അവ കീറിക്കളഞ്ഞു. ഇങ്ങനെ ഞാൻ കൊടുത്തുതീർക്കാനുള്ള പണം ഒരു സർക്കാർ സ്ഥാപനമായ ഇൻഡ്യൻ റെയിൽവേ വഴി സർക്കാർ ഖജനാവിലേക്ക് എത്തി എന്ന് ഞാൻ ഉറപ്പാക്കി. എന്റെ ബാങ്ക് അക്കൗണ്ട് കാലിയായി എങ്കിലും എന്റെ ഹൃദയം കർത്താവിന്റെ സന്തോഷത്താൽ നിറഞ്ഞുതുളുമ്പി.

സക്കായിയുടെ കാര്യം ഓർക്കുക. താൻ വഞ്ചിച്ചെടുത്ത പണം എല്ലാവർക്കും കൊടുത്തുതീർക്കാം എന്ന് അയാൾ തീരുമാനിച്ചപ്പോൾ മാത്രമാണ് “ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു’ എന്ന് യേശു പറഞ്ഞത്. “കാണാതെ പോയതിനെ തെരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യ പുത്രൻ വന്നത്” എന്നും ലൂക്കോസ് 19:9,10ൽ കാണുന്നു. എല്ലാമനുഷ്യരെയും പോലെ സക്കായിയും പണസ്നേഹത്തിൽ നഷ്ടപ്പെട്ടുപോയവനായിരുന്നു. യേശു അവനെ അതിൽ നിന്നു രക്ഷിച്ചു. ഞാനും പണസ്നേഹത്തിൽ നഷ്ടപ്പെട്ടവനായിരുന്നു. യേശു എന്നേയും രക്ഷിച്ചു. “ദ്രവ്യാഗ്രഹം (പണക്കൊതി) സകല ദോഷത്തിനും മൂലകാരണമെന്ന് തിരുവചനം പറയുന്നു. (1 തിമോ. 6:10). കർത്താവ് നമ്മെ അതിൽ നിന്നും വിടുവിക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമേ യഥാർത്ഥത്തിൽ രക്ഷവന്നിരിക്കുന്നു എന്ന് കർത്താവിന് പറയുവാൻ കഴിയുകയുള്ളൂ. നമ്മുടെ ഹൃദയങ്ങളിൽ നിന്നും ഈ തിന്മയെ സമൂലമായി തുടച്ചുനീക്കുവാൻ അവിടുത്തേക്കു മാത്രമേ കഴികയുള്ളൂ. അത് ചെയ്യുവാൻ അവനോട് ആവശ്യപ്പെടുന്നവർക്കുവേണ്ടിമാത്രമേ അവൻ അത് ചെയ്യുകയുള്ളൂ.

നമ്മുടെ കടങ്ങൾ സാമ്പത്തികമായവ മാത്രമല്ല. ഒരു പക്ഷേ നാം കട പെട്ടിരിക്കുന്നത് ഒരു ക്ഷമാപണം ആയിരിക്കാം. ഞാൻ ഒരു ബാലനായിരുന്നപ്പോൾ സ്റ്റാമ്പുശേഖരണം എന്റെ ഒരു വിനോദമായിരുന്നു. ഒരിക്കൽ തീരെ തുച്ഛമായ വിലയുള്ള ഒരു തപാൽ സ്റ്റാമ്പ് ഞാൻ എന്റെ സ്നേഹിതന്റെ ശേഖരത്തിൽ നിന്നും മോഷ്ടിച്ചിരുന്നു. പത്തു വർഷത്തിനുമുമ്പ് ഞാൻ ചെയ്ത ഈ ചെറിയ കാര്യം കർത്താവ് എന്നെ ഓർമ്മിപ്പിക്കയും ഈ പാപം ഏറ്റുപറയുവാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ആ സ്നേഹിതനോട് കുറ്റസമ്മതം നടത്തി ക്ഷമയാചിക്കുക എന്നത് സർക്കാരിന് ഭീമമായ ആ തുക കൊടുക്കുന്നതിലും വിഷമമായിരുന്നു. കാരണം ഈ കാര്യം മറ്റൊരു വ്യക്തിയുടെ മുമ്പിൽ എന്നെത്തന്നെ വിനയപ്പെടുത്തുന്ന കാര്യമായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് ഞാൻ ദൂരെയായിരുന്ന ആ ബാല്യകാലസ്നേഹിതന് ഒരു ക്ഷമാപണക്കത്ത് എഴുതുക തന്നെ ചെയ്തു. വീണ്ടും കർത്താവിന്റെ സന്തോഷം എന്റെ ഹൃദയത്തെ നിറച്ചു.

ചിലപ്പോൾ നാം ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടാവാം. ആഗ്രഹിച്ചിട്ടും കഴിയാത്ത അത്തരം കാര്യങ്ങളിൽ സാത്താൻ ആവശ്യമില്ലാതെ നമ്മെ കുറ്റപ്പെടുത്തുവാൻ നാം അനുവദിക്കരുത്. അത്തരം സന്ദർഭങ്ങളിൽ ദൈവം യേശുവിലൂടെ നമുക്കു നൽകുന്ന ക്ഷമ സ്വീകരിച്ച് നാം സ്വസ്ഥതയിൽ ആയിരിക്കേണ്ടതാണ്. നാം ക്രമീകരിക്കേണ്ട കാര്യങ്ങൾ ദൈവം നമ്മെ കാണിച്ചുതരും. അത്തരം കാര്യങ്ങൾ അവിടുന്നു നമ്മെ കാണിക്കുമ്പോൾ നാം നമ്മെത്തന്നെ താഴ്ത്തി ഉടനടി അനുസരിക്കുമോ എന്ന് അവിടുന്ന് നമ്മെ പരീക്ഷിക്കും. എന്തുവിലകൊടുക്കേണ്ടിവന്നാലും കർത്താവിനെ അനുസരിക്കുന്നതാണ് അനുഗ്രഹത്തിനുള്ളവഴി.

മുകളിൽ സൂചിപ്പിച്ച ഈ രണ്ടുകാര്യങ്ങളിൽ ഞാൻ ഉടനടി ദൈവത്തെ അനുസരിച്ചിരുന്നില്ലെങ്കിൽ അത് കഴിഞ്ഞ 45 വർഷങ്ങൾ ഞാൻ എന്റെ കാലിൽ ഒരു ചങ്ങലയുമായി നടക്കുന്ന അനുഭവമായിരുന്നേനേ. എന്റെ ജീവിതത്തിൽ ദൈവികവിളി എനിക്ക് നഷ്ടമാകുകയും ചെയ്യുമായിരുന്നു. അവിടുന്ന് കരുണതോന്നി എനിക്കു നൽകിയ ശുശ്രൂഷയും നഷ്ടമായേനേ. സ്വർഗ്ഗത്തിൽ നിത്യത മുഴുവൻ എത്രവലിയ ദുഃഖം എന്നെ വേട്ടയാടുവാൻ അത് ഇടയാക്കുമായിരുന്നു.

സകല മനുഷ്യരോടുമുള്ള എല്ലാ കടങ്ങളിൽ നിന്നും തന്റെ മക്കൾ സ്വതന്ത്രരായിരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നിങ്ങളുടെ കഴിഞ്ഞ കാലജീവിതത്തിൽ എന്തെങ്കിലും കടം നിങ്ങൾ കൊടുത്തുതീർക്കാനുണ്ടോ? പണസംബന്ധമോ, അല്ലാത്തതോ, എന്തുമാകട്ടെ, എത്രയും വേഗം ആ കാര്യത്തിന് ദൈവമുമ്പാകെ പരിഹാരം കണ്ടെത്തുക. അല്ലെങ്കിൽ നിങ്ങളെപ്പറ്റിയുള്ള ദൈവവിളി നഷ്ടപ്പെട്ട് നിത്യത മുഴുവൻ ദുഃഖിക്കേണ്ടി വന്നേക്കാം. സമ്പൂർണ്ണാനുസരണത്തിനുള്ള സമയം ഇതാണ്!! മറക്കരുത്, വലിയ കതകുകൾ ചെറിയ വിജാഗിരികളിലാണ് തിരിയുന്നത്.

6 വാങ്ങുകയോ വാങ്ങാതിരിക്കുകയോ?


ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒന്നാമാണ്ടിന്റെ പ്രാരംഭഘട്ടം; ഞാൻ ബോംബേ നാവികത്താവളത്തിൽ ജോലിചെയ്തിരുന്ന കാലം. സംഗീതോപകരണങ്ങൾ വിൽക്കുന്ന ഒരു കടയുടെ ജാലകത്തിൽ അക്കോർഡിയൻ എന്ന ആകർഷകമായ ഒരു പാശ്ചാത്യസംഗീതോപകരണം എന്റെ ശ്രദ്ധയിൽ പ്പെട്ടു. അക്കോർഡിയൻ വായിക്കാൻ പഠിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നതിനാൽ അത് വാങ്ങുന്ന കാര്യം ഞാൻ ചിന്തിച്ചു. എന്നാൽ ഒരു ദൈവപൈതലായ ഞാൻ വലിയതോ ചെറിയതോ ആയ ഏതുകാര്യത്തിലും ദൈവഹിതം ആരായേണ്ട ആവശ്യം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ആയതിനാൽ പ്രാർത്ഥനയിലൂടെ ഈ വിഷയത്തിലുള്ള ദൈവഹിതം ആരായുവാൻ ഞാൻ മനസ്സു വച്ചു. എന്നാൽ ഇത്തരം കാര്യങ്ങളിൽ ദൈവഹിതം എങ്ങനെ കണ്ടെത്തണം എന്നുള്ള കാര്യം എനിക്ക് അജ്ഞാതമായിരുന്നു. അതിനാൽ ദൈവത്തോട് ഞാൻ ഒരടയാളം ചോദിച്ചു. അക്കോർഡിയന്റെ വില ഒരു നിശ്ചിത സംഖ്യയിൽ കുറവാണെങ്കിൽ ഞാൻ അത് വാങ്ങണം എന്നാണ് ദൈവഹിതം എന്ന് ഗ്രഹിക്കും എന്നായിരുന്നു ഞാൻ ദൈവത്തോടു പറഞ്ഞത്. ആ തുകയിൽ കുടുതലാണ് കടക്കാരൻ പറയുന്ന വിലയെങ്കിൽ അത് വാങ്ങുന്നത് ദൈവഹിതമല്ല എന്ന് അനുമാനിക്കും. മനോഹരമായ ആ അക്കോർഡിയൻ വാങ്ങുവാൻ അദമ്യമായ ആഗ്രഹമുണ്ടായിരുന്ന ഞാൻ ഹൃദയംഗമമായി ആശിച്ചു അതിന്റെ വില ഞാൻ ദൈവത്തോട് പറഞ്ഞ തുകയിൽ കുറവായിരിക്കണേ എന്ന്!

എന്നാൽ വിചിത്രമെന്നു പറയട്ടെ; അക്കോർഡിയന് കടയുടമ പറഞ്ഞ ഏറ്റവും കുറഞ്ഞ വില ഞാൻ നേരത്തെ ദൈവത്തോട് പറഞ്ഞിരുന്ന വിലയേക്കാൾ അല്പം മാത്രം കൂടുതലായിരുന്നു. പല ചിന്തകൾ പെട്ടെന്ന് എന്റെ മനസ്സിലൂടെ കടന്നുപോയി. ഒന്നാമതായി കടക്കാരൻ പറഞ്ഞ തുക കൊടുക്കുവാൻ എന്റെ കൈവശം ഉണ്ടായിരുന്നു. രണ്ടാമതായി വിദേശനിർമ്മിതമായ ഈ സംഗീതോപകരണത്തിന്റെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. തന്മൂലം ബോംബെ പട്ടണത്തിലെ ഏതെങ്കിലും കടയിൽ കിട്ടാൻ സാദ്ധ്യതയുള്ള ഒടുവിലത്തെ അക്കോർഡിയൻ ഇതാവാം. മൂന്നാമതായി ക്രിസ്തീയ മീറ്റിംഗുകളിൽ സംഗീതം ആലപിക്കാൻ മാത്രമായിരുന്നു ഞാൻ അക്കോർഡിയൻ വായന അഭ്യസിക്കുവാൻ താത്പര്യപ്പെട്ടത്.

എന്നാൽ ദൈവഹിതം ഗ്രഹിക്കുവാനായി ഞാൻ ദൈവത്തോട് ഒരു അടയാളം ചോദിച്ചിരുന്നു എന്നും, ആ അടയാളം നിറവേറിയിട്ടില്ല എന്നുമുള്ള കാര്യം മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളേക്കാൾ ശക്തമായി എന്റെ മനസ്സിനെ സ്വാധീനിച്ചു. അക്കോർഡിയൻ വാങ്ങേണ്ട എന്നു തന്നെ തീരുമാനിച്ച് ഞാൻ ആ കടയിൽ നിന്ന് ഇറങ്ങി. വളരെ ആഗ്രഹിച്ച ആ സംഗീതോപകരണം ലഭിച്ചില്ല എന്നതിൽ നിരാശ ഉണ്ടായിരുന്നെങ്കിലും ദൈവത്തെ അനുസരിച്ചു എന്നതിൽ ഞാൻ സന്തോഷിക്കുകയായിരുന്നു.

ചില ദിവസങ്ങൾക്കു ശേഷം അക്രൈസ്തവനായ എന്റെ ഒരു സഹപവർത്തകനോട് ഞാൻ കർത്താവായ യേശുവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ബൈബിളിൽ നിന്നും അയാൾ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഒരു ക്രിസ്ത്യാനിയായിട്ടും ബൈബിളിലെ ഒരു കാര്യത്തിന് മറുപടി പറയാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചു. എന്റെ മുറിയിലേക്ക് മടങ്ങിയത് ദൈവവചനം നന്നായിപ്പഠിക്കുവാനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു. ദൈവവചനത്തിൽ ഉത്തരം തന്നിട്ടുള്ള ഏതുകാര്യവും അറിയാവുന്ന ഒരാളായിത്തീരുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

1959-ൽ രക്ഷയുടെ ഉറപ്പ് എനിക്ക് ലഭിച്ച ശേഷം ദിനംതോറും ദൈവ വചനം വായിക്കുവാനുള്ള ഒരു വാഞ്ഛ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ബൈബിൾ മുഴുവനും വേഗത്തിൽ വായിച്ചുതീർക്കാൻ ആദ്യമായി താത്പര്യം തോന്നി. ആറുമാസം കൊണ്ട് തിരുവചനം ആദിയോടന്തം ഒരാവൃത്തി വായിക്കുകയും ചെയ്തു. വായിച്ച കാര്യങ്ങൾ വളരെക്കുറച്ചു മാത്രമേ അന്ന് ഗ്രഹിക്കുവാൻ കഴിഞ്ഞുള്ളൂ എങ്കിലും ആ വായന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഗൗരവമുള്ള ഒരു ബൈബിൾ പഠിതാവായിരുന്നില്ല. തുടക്കത്തിൽ ഞാൻ.

എന്നാൽ വൈകാതെ ദൈവവചന പഠനം എനിക്ക് ഒരു ഹരമായിത്തീർന്നു. എന്റെ ഒഴിവുസമയങ്ങളിലെല്ലാം മണിക്കുറുകളോളം രാപ്പകൽ ബൈബിളുമായി ഞാൻ പഠനം തുടർന്നു. പണം മിച്ചം വച്ച് ബൈബിളിലെ ഒത്തു വാക്യങ്ങളുടെ ഒരു സമാഹാരം – യങ്സ് കൺകോർഡൻസ്- ഞാൻ സ്വന്തമാക്കുകയും വിവിധ പദങ്ങൾ ബൈബിളിൽ ആവർത്തിച്ചിരിക്കുന്നത് എവിടെയൊക്കെ എന്ന് താത്പര്യപൂർവ്വം പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. തിരുവചനത്തിലെ കാര്യങ്ങൾ ഒട്ടും അറിയാതെയിരുന്ന ഞാൻ ആഴമായ ദൈവികസത്യങ്ങൾ ഗ്രഹിക്കുവാൻ തുടങ്ങി.

ഒരു അക്കോർഡിയൻ അന്ന് വാങ്ങുവാൻ ദൈവം എന്നെ അനുവദിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്ക് ബോദ്ധ്യമായി. അത് വാങ്ങിയിരുന്നെങ്കിൽ എന്റെ സംഗീതവാസന പരിപോഷിപ്പിക്കുവാൻ എന്റെ ഒഴിവുസമയമെല്ലാം വിനിയോഗിക്കുമായിരുന്നു! സംഗീതത്തിൽ താത്പര്യമുള്ള ആർക്കും അറിയാവുന്ന സത്യമാണ് ഒരു സംഗീതോപകരണം കൈകാര്യം ചെയ്യുന്നതിൽ ഒരിക്കലും പൂർണ്ണത കൈവരിക്കാനാവില്ല എന്ന കാര്യം. അത് അനന്തമായ ഒരു തപസ്യയാണ്. ഞാൻ അക്കോർഡിയൻ എന്ന സംഗീതോപകരണത്തിന്റെ അടിമയായേനേ.

രസകരമായ കാര്യം, ആറുവർഷങ്ങൾക്കു ശേഷം മറ്റൊരാളിൽ നിന്ന് ഒരു അക്കോർഡിയൻ വിലയ്ക്ക് വാങ്ങാൻ എനിക്ക് കഴിഞ്ഞു എന്നതാണ്. അപ്പോഴേക്കും ദൈവവചനത്തോട് ആഴമായ വിധേയത്വം എന്റെ ഹൃദയത്തിൽ വേരുറച്ചിരുന്നതിനാൽ അക്കോർഡിയന് എന്നെ അടിമപ്പെടുത്താൻ കഴിയുമായിരുന്നില്ല. മറിച്ച് അത് എന്റെ അടിമയായിരുന്നു. ഞാൻ ഒരു വിദഗ്ദ്ധനായ സംഗീതജ്ഞനായില്ല. എന്നാൽ തിരുഹൃദയത്തിൽ കുറേക്കൂടി മെച്ചമായ മറ്റു ചിലതു എനിക്കുവേണ്ടി ഉണ്ടായിരുന്നു. 1961ൽ ഈ കാര്യം എനിക്ക് തികച്ചും അജ്ഞാതമായിരുന്നു. സംഗീതാഭ്യസനത്തക്കാൾ ദൈവവചന പഠനത്തിനായി സമയം വേർതിരിക്കാനും തദ്വാരാ ഒരു വേദാദ്ധ്യാപകനാകാനും കഴിഞ്ഞു എന്നതിൽ ഇന്ന് ഞാൻ ദൈവത്തോട് അത്യധികം നന്ദിയുള്ളവനാണ്. ക്രിസ്തീയസംഗീതത്തിൽ സമർത്ഥരായ ധാരാളം പേരുണ്ടെങ്കിലും അഭിഷിക്തരായ ദൈവവചനാദ്ധ്യാപകർ എത്രയോ വിരളമാണ്.

അതേ, വലിയ വാതിലുകൾ ചെറിയ വിജാഗിരികളിലാണ് തിരിയുന്നത്!!

7 പരിശുദ്ധാത്മസ്നാനം


ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്നാമാണ്ടിന്റെ തുടക്കത്തിൽ എനിക്ക് കൊച്ചിയിലെ നാവികത്താവളത്തിൽ നിയമനം കിട്ടി. രണ്ടു വർഷത്തിലധികമായി ശ്രദ്ധാപൂർവ്വം ദൈവവചനം പഠിച്ചതിനാൽ സാമാന്യം ഭേദപ്പെട്ട നിലയിലുള്ള വചനപരിജ്ഞാനം എനിക്ക് കൈവന്നിരുന്നു. സഭയിലെ മീറ്റിംഗുകളിൽ വചനം പ്രസംഗിക്കുവാൻ മതിയായ ദൈവവചനത്തിന്റെ പരിചയം അന്ന് ഉണ്ടായിരുന്നു. എങ്കിലും എന്റെ ശുശ്രൂഷയിൽ ദൈവശക്തിയുടെ അഭാവം ഞാൻ കണ്ടെത്തി. ഞാൻ സംബന്ധിച്ചിരുന്ന സഭയിൽ ഞങ്ങൾ ബൈബിൾ പഠിച്ചിരുന്നത് തികച്ചും ബുദ്ധിയുടെ തലത്തിലായിരുന്നു ഒരു ചരിത്രപുസ്തകം പഠിക്കുന്നതുപോലെ സഭയിൽ ഞാൻ കേട്ടിരുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പരിശുദ്ധാത്മാവിന്റെ പുതുക്കമോ ചൂടോ ഇല്ലാതെ തികച്ചും വിരസങ്ങളായിരുന്നു.

യേശു സദൂക്യരോട് പറഞ്ഞത് അവർ “തിരുവെഴുത്തുകളെയും ദൈവ ശക്തിയേയും” അറിയുന്നില്ല എന്നായിരുന്നു (മത്താ.22:29). എന്നെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഞാൻ തിരുവെഴുത്തുകളെ അറിഞ്ഞിരുന്നു എങ്കിൽത്തന്നെ ദൈവശക്തി എന്തെന്ന് അറിഞ്ഞിരുന്നില്ല. പരിശുദ്ധാത്മസ്നാനം പ്രാപിക്കുമ്പോൾ മാത്രമേ അവർക്ക് ശക്തി ലഭിക്കുകയുള്ളൂ എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ടുണ്ടല്ലോ (പ്രവ1:5,8). വിവിധ ക്രിസ്തീയ സഭകൾ ഈ വിഷയത്തെപ്പറ്റി വ്യത്യസ്ത നിലകളിൽ പഠിപ്പിച്ചിരുന്നതായി ഞാൻ കണ്ടെത്തി. “പുതുജനനം പ്രാപിച്ച ഓരോ ക്രിസ്ത്യാനിയും, അവൻ അറിഞ്ഞാലും ഇല്ലെങ്കിലും പുതുജനനത്തിന്റെ സമയത്ത് പരിശുദ്ധാത്മസ്നാനം പ്രാപിച്ചിരിക്കും” എന്നാണ് ചിലർ പഠിപ്പിക്കുന്നത്. എന്നാൽ വീണ്ടും ജനനം പ്രാപിച്ചതിനു ശേഷം പരിശുദ്ധാത്മസ്നാനത്തിനായി പ്രത്യേകമായി കർത്താവിന്റെ സന്നിധിയിൽ കാത്തിരിക്കേണ്ടതുണ്ട് എന്നാണ് മറ്റുചിലർ പഠിപ്പിക്കുന്നത്. ഇത് എന്നെ ചിന്താക്കുഴപ്പത്തിലാക്കിയെങ്കിലും യേശുക്രിസ്തു അവിടുത്തെ ശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് ആത്മാവിനാൽ അഭിഷിക്തനായി എന്നകാര്യം ഞാൻ ശ്രദ്ധിച്ചു. (പവ 10:38). യേശുവിന് അത് ആവശ്യമായിരുന്നെങ്കിൽ എനിക്ക് എത്രയധികം! തന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്ന് ജീവജലത്തിന്റെ നദികൾ ഒഴുകും’ എന്നും യേശു പറഞ്ഞിട്ടുണ്ടല്ലോ. എന്റെ ഉള്ളിൽ നിന്നും ജീവജലത്തിന്റെ ചില തുള്ളികൾ മാത്രമേ പുറപ്പെടുന്നുള്ളൂ എന്ന് ഞാൻ ഗ്രഹിച്ചു. കാര്യമായ എന്തോ എനിക്ക് നഷ്ടമായിരിക്കുന്നു എന്ന ബോദ്ധ്യം എന്നെ ഭരിച്ചു. ദൈവശാസ്ത്രപരമായ വിവാദങ്ങളിലേക്ക് കടക്കാതെ പരിശുദ്ധാത്മശക്തിക്കായി ദൈവമുഖം അന്വേഷിക്കുവാൻ ഞാൻ തീരുമാനിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട നദികൾ’ ആയിരുന്നു ഞാൻ കൊതിച്ചത്.

പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയ്ക്ക് ഊന്നൽ കൊടുത്തിരുന്ന ഒരു കൂട്ടം സഭകളിൽ എന്തെങ്കിലും സഹായം ഈ വിഷയത്തിൽ ലഭിച്ചേക്കും എന്ന ചിന്തയോടെ ഞാൻ കടന്നുപോയി. അവർ ശുഷ്കാന്തി ഉള്ളവർ ആയിരുന്നെങ്കിലും അവരുടെ മദ്ധ്യേ ഞാൻ കണ്ടകാര്യങ്ങൾ മിക്കതും എന്നെ നിരാശനാക്കുകയാണുണ്ടായത്. വളരെയധികം ശബ്ദകോലാഹലവും വൈകാരികതയും ഉണ്ടായിരുന്നെങ്കിലും പാപത്തിന്മേലുള്ള ജയമോ, ക്രിസ്തുയേശുവിന്റെ ദിവ്യസ്വഭാവത്തോട് അനുരൂപപ്പെടുന്നതോ അവർക്ക് പ്രധാനകാര്യമായിരുന്നില്ല. (പ്രാഥമികമായും ഈ കാര്യങ്ങൾക്കായിട്ടാണല്ലോ പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടത്.) ഈ സഭകളിലെ മിക്ക ശുശ്രൂഷകന്മാരും പണസ്നേഹികളായിരുന്നു താനും. പരിശുദ്ധാത്മസ്നാനം ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ “ഹല്ലേലുയ്യാ” എന്ന് ആവർത്തിച്ച് ഉരുവിട്ടു കൊണ്ടിരിക്കാനാണ് ഒരാൾ എന്നോട് പറഞ്ഞത്. അപ്പോസ്തലന്മാർ പരിശുദ്ധാത്മസ്നാനം പ്രാപിച്ചത് ആ വിധത്തിൽ അല്ലായിരുന്നതിനാൽ ഞാൻ ആ നിർദ്ദേശം തള്ളിക്കളഞ്ഞു. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ആത്മ നിറവിന്റെ അനുഭവം ഇതൊന്നും അല്ലായിരുന്നു. വ്യാജമായ അനുകരണങ്ങൾ വിലയുള്ള വസ്തുക്കൾക്കുമാത്രമേ ഉണ്ടാകുകയുള്ളൂ എന്ന സത്യം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പരിശുദ്ധാത്മസ്നാനത്തിന്റെ വിലകുറഞ്ഞ അനുകരണങ്ങൾ യാഥാർത്ഥ അനുഭവത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയായിരുന്നു. പെന്തക്കോസ്തുനാളിൽ അപ്പോസ്തോലന്മാർക്കു ലഭിച്ച യഥാർത്ഥ പരിശുദ്ധാത്മസ്നാനമാണ് എനിക്കു വേണ്ടത് എന്ന് ഞാൻ ദൈവത്തോട് പറഞ്ഞു. അക്കാലത്ത് ഞാൻ വിവിധ ക്രിസ്തീയസഭകളിൽ കണ്ട അനുഭവങ്ങൾ അല്ല എനിക്ക് വേണ്ടത് എന്ന് വ്യക്തമായിരുന്നു. ഓരോ ദിവസവും ദൈവത്തോട് യഥാർത്ഥ ആത്മസ്നാനത്തിനായി ഞാൻ നില വിളിച്ചുകൊണ്ടിരുന്നു.

ജലസ്നാനത്തിനായി യോഹന്നാന്റെ അടുക്കൽ യേശുവന്ന സന്ദർഭത്തിലാണ് യേശു പരിശുദ്ധാത്മാവിലുള്ള അഭിഷേകം പ്രാപിച്ചത് എന്ന് തിരുവെഴുത്തിൽ നിന്നും ഞാൻ കണ്ടു. സ്വയജീവിതത്തിന്റെ മരണം; സ്വയം തെരഞ്ഞെടുക്കുന്നതിന്റെ അടയാളമാണല്ലോ സ്നാനം. ക്രൂശിന്റെ മാർഗ്ഗവുമായി ഏറ്റവും അടുത്ത ബന്ധം ആത്മനിറവിന്റെ ജീവിതത്തിനുണ്ട് എന്ന് കർത്താവ് എന്നെ കാണിച്ചു. ക്രൂശിന്റെ മാർഗ്ഗം ഞാൻ എപ്പോഴും തെരഞ്ഞെടുത്താൽ അവിടുത്തെ ശക്തി നിരന്തരം എനിക്ക് അനുഭവിക്കാൻ കഴിയും എന്ന് എനിക്ക് വ്യക്തമായിരുന്നു.

ദൈവം തന്റെ ആത്മാവിനാൽ ആ സന്ദർഭത്തിൽ എന്നെ നിറച്ചു. പ്രകടമായ ഒരു അടയാളവും അപ്പോൾ ഉണ്ടായില്ല. എന്നാൽ അതുവരെ അനുഭവിക്കാത്ത ഒരു പുതുക്കം, ഒരു സ്വാതന്ത്ര്യം, ഒരു ധൈര്യം ഞാൻ എന്റെ ശുശ്രൂഷയിൽ അനുഭവിക്കാൻ തുടങ്ങി. മറ്റുള്ളവരെ വെല്ലുവിളിക്കുന്ന, ഉൽസാഹിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന പ്രവചനവരം ഞാൻ അനുഭവിക്കാൻ തുടങ്ങി. (കൊരി. 14:3). യേശുവിനെ ഹൃദയംഗമായി സ്നേഹിച്ചിരുന്ന ഞാൻ മുഴുഹൃദയത്തോടും അവനെ സേവിക്കാൻ കൊതിച്ചു. ക്രൂശിന്റെ പാത എനിക്ക് വിലപ്പെട്ടതായിത്തീർന്നു. മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നടത്തുവാനായി അദമ്യമായ ഒരഭിവാഞ്ഛ എന്നിൽ ഉളവായി. അന്ന് ഞാൻ അന്യഭാഷകളിൽ സംസാരിച്ചിരുന്നില്ല. പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് അതുണ്ടായത്.

എന്നാൽ അന്ന് ഞാൻ അനുഭവിച്ചത് ഒരു തുടക്കം മാത്രമായിരുന്നു. ആവർത്തിച്ചാവർത്തിച്ച് ആത്മാവിനാൽ നിറയപ്പെട്ടുകൊണ്ടേയിരിക്കേണ്ടത് എനിക്ക് ആവശ്യമായിരുന്നു. (പ്രവൃത്തികളുടെ പുസ്തകത്തിൽ പത്രോസ് മൂന്നു പ്രാവശ്യം എങ്കിലും ആത്മാവിനാൽ നിറയപ്പെട്ട കാര്യം നാം വായിക്കുന്നു.) ഒരു കപ്പിനും, ഒരു കിണറിനും, ഒരു നദിക്കും എല്ലാം നിറഞ്ഞിരിക്കാൻ കഴിയും. എന്നാൽ ഓരോന്നിന്റെയും വ്യാപ്തി വ്യത്യസ്തമാണല്ലോ? നമ്മുടെ വ്യാപ്തി വർദ്ധിക്കുന്നതനുസരിച്ച് നാം വീണ്ടും നിറയപ്പെടേണ്ടിയിരിക്കുന്നു. തുടക്കത്തിൽ എന്റെ വ്യാപ്തി ഒരു കപ്പിന്റേതു മാത്രമായിരുന്നു എന്നാൽ ആ കപ്പ് നിറഞ്ഞു കവിയുന്നതായിരുന്നു. പിൽക്കാലത്ത് ജീവജലം നിറഞ്ഞൊഴുകുന്ന ഒരു നദിയായി ഈ കപ്പ് വളരേണ്ട ആവശ്യമുണ്ടായിരുന്നു.

8 വിശാലമായ ഒരു തുറന്ന വാതിൽ


ചെറുപ്പക്കാരായ പലരുടെയും പരാതി സഭയിൽ ഒരു ശുശ്രൂഷ അവർക്ക് ഉണ്ടാകുന്നതിന് മുതിർന്ന സഹോദരന്മാർ തടസ്സമാകുന്നു എന്നതാണ്. എന്നാൽ ദൈവികശുശ്രൂഷ മനുഷ്യരിൽ നിന്നല്ല ദൈവത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നതെന്നതാണ് സത്യം. നിങ്ങളെ അഭിഷേകം ചെയ്യുവാനും നിങ്ങൾക്ക് ഒരു ശുശ്രൂഷ നൽകുവാനും ദൈവം നിർണ്ണയിച്ചിരിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയെ തടയുവാൻ ഒരു മനുഷ്യനും കഴിയില്ല. ദൈവം തന്നെ തക്കസമയത്ത് ശരിയായ വാതിൽ നിങ്ങൾക്കായി തുറന്നുതരും. വാതിലുകൾ തുറക്കപ്പെടാനായി നിങ്ങൾ പരിശ്രമിക്കയോ ശുശ്രൂഷയ്ക്കായി ഒരു അവസരം ഒരുക്കിത്തരാൻ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. ആരെങ്കിലും നിങ്ങളുടെ ശുശ്രൂഷയ്ക്ക് തടസ്സം ഉണ്ടാക്കി എന്ന് ഒരിക്കലും നിങ്ങൾക്ക് പരാതിപ്പെടേണ്ടിവരികയുമില്ല. ക്രിസ്തീയ ശുശ്രൂഷയുടെ എല്ലാ വാതിലുകളുടെയും താക്കോൽ കർത്താവായ യേശുക്രിസ്തുവിന്റെ പക്കൽ തന്നെയാണ്. (വെളി.3:7,8). ആരെങ്കിലും അടുത്തുവരുമ്പോൾ താനേ തുറക്കുന്ന യന്ത്രക്കതകുകൾപോലെ കർത്താവിന് തക്കസമയത്തും സ്ഥലത്തും നമുക്കായി ശുശ്രൂഷാവാതിലുകളെ തുറക്കാൻ കഴിയും. ഇത്തരം കതകുകൾ തുറക്കാനായി നാം ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നതാണ് സത്യം! പല ചെറുപ്പക്കാർക്കും ദൈവം ഒരു ശുശ്രൂഷ നൽകാത്തതിന്റെ കാരണം പ്രാഥമികമായി ദൈവത്തെയല്ല, ഒരു ശുശ്രൂഷയെയാണ് അവർ അന്വേഷിക്കുന്നത് എന്നതാണ്. തന്നെയുമല്ല, അവർ ഒരു ശുശ്രൂഷ അന്വേഷിക്കുന്നത് സ്വയം മാനം നേടുവാനാണ്.

1963-ൽ എനിക്ക് ഇരുപത്തിമൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ മാനസാന്തരപ്പെട്ടിട്ട് നാലുവർഷം കഴിഞ്ഞിരുന്നു. ഞാൻ സംബന്ധിച്ചിരുന്ന പ്രാദേശിക സഭയിലെ മൂപ്പന്മാർ എന്നെ സഭാമീറ്റിംഗുകളിൽ വചനം സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. നന്നേ ചെറുപ്പക്കാരനും അനുഭവപരിജ്ഞാനമില്ലാത്തവനുമായി അവർ എന്നേക്കുറിച്ച് ചിന്തിച്ചതിൽ അത്ഭുതമില്ല. സ്വന്തം സഭയിൽ അവസരം നിഷേധിക്കപ്പെട്ട ഞാൻ നാമധേയ ക്രിസ്ത്യാനികളെയും മറ്റാരും കടന്നുപോകാൻ താത്പര്യപ്പെടാത്ത ദൂരസ്ഥലങ്ങളിലുള്ള പുതിയ വിശ്വാസികളെയും സന്ദർശിക്കുമായിരുന്നു. ആഴ്ചതോറും മൂന്നുനാലു പേർക്കു മാത്രമായി അത്തരം ഭവനങ്ങളിൽ ബൈബിൾ ക്ലാസ്സുകൾ എടുക്കുമായിരുന്നു. ദൈവവചനം പ്രസംഗിക്കുവാൻ ഞാൻ ആദ്യമായി അഭ്യസിച്ചത് അപ്രകാരമായിരുന്നു.

1963 ഓഗസ്റ്റുമാസം നേവി ഉദ്യോഗസ്ഥനായിരുന്ന ഞാൻ അവധിയിലായിരുന്നപ്പോൾ ഹൈദരാബാദിലെ “ഹെബ്രോൻ സഭയിലുള്ള ദൈവമക്കളുമായി കൂട്ടായ്മയ്ക്കുള്ള താത്പര്യത്തോടെ അവിടേക്ക് പോകാൻ തീരുമാനിച്ചു. ഇൻഡ്യയിൽ അക്കാലത്ത് ഏറ്റവും അധികം അറിയപ്പെട്ടിരുന്ന സഭാ നേതാവായിരുന്ന ബ്രദർ ഭക്തസിംഗിന്റെ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ ഹൈദരാബാദിലെ സഭയായിരുന്നു ‘ഹെബ്രോൻ’. ഞാൻ അവിടം സന്ദർശിച്ച സമയത്ത് ഭക്തസിംഗ് സ്ഥലത്തില്ലായിരുന്നു. ഞായറാഴ്ച കാലത്ത് ഹെബ്രോൻ സഭയിലെ മൂപ്പനായ സഹോദരൻ സഭാമീറ്റിംഗിൽ പ്രധാനപ്പെട്ട ദൈവവചനസന്ദേശം നൽകാൻ എന്നോട് ആവശ്യപ്പെട്ടു. മദ്രാസിലുള്ള അവരുടെ സഭയിലെ ചെറിയ ചില മീറ്റിംഗുകളിൽ ഇതിനുമുമ്പ് ഞാൻ ദൈവവചനം സംസാരിച്ചിട്ടുണ്ടായിരുന്നു. മൂപ്പനായ സഹോദരൻ ആ മീറ്റിംഗുകളിൽ ദൈവം നൽകിയ അനുഗ്രഹത്തെപ്പറ്റി കേട്ടുട്ടുണ്ടാവണം. എന്നാൽ ഹൈദരാബാദിലെ സഭ ആയിരത്തിലധികം അംഗസംഖ്യയുള്ള വലിയൊരു സഭയായിരുന്നു അതുപോലെയുള്ള ഒരു ജനക്കൂട്ടത്തോട് അതിനുമുമ്പ് ഒരിക്കലും ഞാൻ സംസാരിച്ചിട്ടേയില്ലായിരുന്നു.

“ഹെബ്രോനിൽ’ അന്ന് ദൈവജനത്തോട് എന്താണ് സംസാരിക്കേണ്ടത് എന്നതിനേക്കുറിച്ച് ഞാൻ കർത്താവിനോട് ആലോചന ചോദിച്ചപ്പോൾ ത്യാഗപൂർണ്ണമായ ഒരു ക്രിസ്തീയജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കാനാണ് എനിക്ക് പ്രേരണയുണ്ടായത്. 2 ശമുവേൽ 24-ാം അദ്ധ്യായം 24-ാം വാക്യത്തിലുള്ള ദാവീദിന്റെ വാക്കുകളെ ആധാരമാക്കി “നമുക്ക് എന്തെങ്കിലും ചെലവുള്ള കാര്യം കർത്താവിന് അർപ്പിക്കുന്നതിനേക്കുറിച്ച് ഞാൻ ആ മീറ്റിംഗിൽ സംസാരിച്ചു. മീറ്റിംഗിൽ സംബന്ധിച്ച് ജനക്കൂട്ടത്തിന് അസാധാരണമായ വിധത്തിൽ അനുതാപവും ഉണർവും ഉണ്ടാകത്തക്കവണ്ണം ആത്മാവിന്റെ പ്രത്യേകമായ ഒരഭിഷേകം ആ വചനശുശ്രൂഷയിൽ ഉണ്ടായിരുന്നു. ദൈവം ചെയ്ത പ്രവൃത്തി എന്നെ തികച്ചും അത്ഭുതപ്പെടുത്തി. ആ മീറ്റിംഗിലെ ദൈവപ്രവൃത്തി ശ്രദ്ധിച്ച് മൂപ്പനായ സഹോദരൻ തുടർന്നും രണ്ടുമീറ്റിംഗുകളിൽ ഞാൻ തന്നെ വചനം പ്രസംഗിക്കുന്നതാണെന്ന് ജനത്തെ അറിയിച്ചു. അന്ന് രാത്രിയിലും പിറ്റേന്ന് രാത്രിയിലുമായിട്ടായിരുന്നു ആ രണ്ട് യോഗങ്ങൾ. സഭാഹോൾ രണ്ട് മീറ്റിംഗുകളിലും ജനത്തെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.. തിങ്കളാഴ്ച പ്രവൃത്തിദിവസമാകയാൽ അന്ന് വൈകിട്ട് ഇത്രയും ജനക്കൂട്ടം വചനം കേൾക്കാൻ വരുന്നത് തികച്ചും അസാധാരണമായിരുന്നു. ഈ രണ്ടു മീറ്റിംഗുകളിലും ശക്തമായ ദൈവികാഭിഷേകം ദൃശ്യമായിരുന്നു. അതിനുമുമ്പ് ഒരിക്കലും ഇത്തരത്തിലുള്ള ഉണർവ്വ് ദർശിച്ചിട്ടില്ലായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഈ ദൈവികസന്ദർശനം തികച്ചും അത്ഭുതകരം തന്നെയായിരുന്നു.

പിറ്റേന്ന് ഞാൻ മദ്രാസിന് പുറപ്പെട്ട് ആ പട്ടണത്തിലായിരുന്ന ഭക്തസിംഗിനെ സന്ദർശിച്ചു. ഹൈദരാബാദിലെ സഹോദരന്മാരിൽനിന്നും ഉണർവ്വിനേക്കുറിച്ച് ഇതിനകം കേട്ട് അദ്ദേഹം അവിടെ മീറ്റിംഗുകൾ തുടരാതെ മടങ്ങിപ്പോന്നത് എന്തിനാണെന്നാണ് എന്നോട് ചോദിച്ചത്. ചെറുപ്പക്കാരനായിരുന്ന ഞാൻ ഇത്തരം ആത്മിക ഉണർവുകളെക്കുറിച്ച് പരിചയമില്ലാത്തവനായിരുന്നതിനാൽ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു. ഏതായാലും ദൈവം അവിടുത്തെ ശുശ്രൂഷയിൽ എന്നെ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു എന്ന കാര്യം വിശ്വസിക്കുവാൻ മേൽപറഞ്ഞ അനുഭവം എന്നെ ഉത്സാഹിപ്പിച്ചു. ഹൈദരാബാദിലെ ഉണർവ്വിന്റെ വർത്തമാനം പരന്നപ്പോൾ മറ്റുപല സഭകളിലും ദൈവവചനം പ്രസംഗിക്കാനായി എനിക്ക് ദൈവം തന്നെ വാതിലുകൾ തുറന്നു.

ഹൈദരാബാദിലേക്ക് ഒരു ശുശ്രൂഷ അന്വേഷിച്ചല്ല ഞാൻ പോയത്. എന്റെ ഹൃദയത്തിന്റെ ആഗ്രഹം കർത്താവു മാത്രമായിരുന്നു. എന്നാൽ തന്റെ ശുശ്രൂഷയിൽ എന്നെ ഉപയോഗിക്കുവാൻ ദൈവത്തിന് പദ്ധതി ഉണ്ടായിരുന്നു; ഞാൻ അതിന് ഒരുക്കമായിരുന്നുതാനും. തക്കസമയത്ത് അവിടുന്ന് നിശ്ചയിച്ച സമയത്തുതന്നെ ശുശ്രൂഷയ്ക്കായി എനിക്ക് ഒരു വാതിൽ തുറക്കുകതന്നെ ചെയ്തു. ഞാൻ സ്വയമേ ഒരു പരിശ്രമവും നടത്താതെതന്നെ.

നിങ്ങൾ ദൈവത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമെങ്കിൽ നിങ്ങൾക്കുവേണ്ടിയുള്ള ദൈവികപദ്ധതിയേയും ശുശ്രൂഷയേയും തടയുവാൻ ഒരു മനുഷ്യനും കഴിയുകയില്ല.

9 പ്രാർത്ഥനയ്ക്ക് മറുപടി


ഞാൻ കൊച്ചിയിലെ നാവികത്താവളത്തിൽ ജോലി ചെയ്തിരുന്ന കാലം. ബ്രദർ ഭക്തസിംഗിന്റെ പ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്ന ഹൈദരാബാദിൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ‘ഹോളി കൊൺവൊക്കേഷൻ’ എന്ന് അറിയപ്പെട്ടിരുന്ന നവീകരണസമ്മേളനങ്ങൾ നടന്നു വന്നിരുന്നു. 1963ലെ പ്രസ്തുതസമ്മേളനങ്ങളിൽ സംബന്ധിക്കണം എന്ന അതിയായ ആഗ്രഹം മൂലം ഞാൻ ഒക്ടോബർ ഒന്നാം തീയതി അവധിക്ക് അപേക്ഷിക്കുകയും ഹൈദരാബാദിലെ ഹെബ്രോൻ ഫെലോഷിപ്പിൽ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ എനിക്ക് അവധി അനുവദിക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം നാവികസേനയുടെ ആസ്ഥാനത്തു നിന്നും കൊച്ചി നാവികത്താവളത്തിൽ ഒരു സന്ദേശം ലഭിക്കുകയുണ്ടായി. ഒക്ടോബർ മാസത്തിൽത്തന്നെ മൈസൂരിൽ നടക്കുന്ന ഒരു പ്രദർശനത്തിൽ നാവികസേനയും പങ്കെടുക്കേണ്ടതുണ്ട് എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്റെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന് പ്രസ്തുത പ്രദർശനത്തിൽ സംബന്ധിക്കേണ്ടതിനാൽ അദ്ദേഹത്തിന്റെ ഒഴിവു നികത്താൻ എന്നെ നിയോഗിക്കുകയും എന്റെ അവധി റദ്ദാക്കുകയും ചെയ്തു. ഹെബ്രോനിലെ ആ വർഷത്തെ സമ്മേളനത്തിൽ സംബന്ധിക്കാമെന്നുള്ള എന്റെ എല്ലാ പ്രതീക്ഷയും അതോടെ അസ്തമിച്ചു.

ഒക്ടോബർ മാസം 12-ാം തീയതി എന്റെ പ്രഭാതധ്യാനത്തിനായി 2 ശമുവേൽ രണ്ടാമത്തെ അദ്ധ്യായമായിരുന്നു ഞാൻ വായിച്ചത്. ഒന്നാമത്തെ വാക്യം പറയുന്നു “യഹൂദയിലെ ഏതെങ്കിലും പട്ടണത്തിലേക്ക് ഞാൻ പോകേണമോ എന്ന് ദാവീദ് യഹോവയോട് അരുളപ്പാട് ചോദിച്ചപ്പോൾ യഹോവ അവനോട് നീ പോകുക എന്ന് അരുളിച്ചെയ്തു. ഹൈദരാബാദിലേക്ക് പോകാനുള്ള കർത്താവിന്റെ വാക്കുകളായി ആ വചനങ്ങൾ എനിക്ക് തോന്നി. അതേ സമയം മുൻ കാലങ്ങളിൽ സംഭവിച്ചിട്ടുള്ളതുപോലെ എന്റെ സ്വന്ത ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനായി ഒരു വചനം ഞാൻ കണ്ടത്തിയതാണോ എന്ന ചിന്തയും മനസ്സിലുദിച്ചു. “എവിടേക്കാണ് ഞാൻ പോകേണ്ടത്?” എന്ന് ദാവീദ് തുടർന്ന് ചോദിക്കുമ്പോൾ “ഹെബ്രോനിലേക്ക്“ എന്ന യഹോവയുടെ മറുപടിയാണ് ഞാൻ തുടർന്നു വായിച്ചത്. “ഹെബ്രോനിലേക്ക്” എന്ന സൂചന എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

ഹെബ്രോൻ കൂട്ടായ്മ യോഗങ്ങളിലേക്ക് ഞാൻ പോകണം എന്നു തന്നെയാകും കർത്താവിന്റെ ഹിതം. തുടർന്ന് ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചു. “കർത്താവേ എന്റെ അവധി റദ്ദാക്കിയത് തിരുഹിതപ്രകാരമെങ്കിൽ സന്തോഷപൂർവ്വം ഞാൻ അത് അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഹെബ്രോനിലേക്ക് പോകുന്നതിനെ തടയാനുള്ള സാത്താന്റെ ശ്രമമാണ് അതെങ്കിൽ അവിടുത്തെ നാമത്തിൽ ഞാൻ അതിനോട് എതിർത്തു നിൽക്കുന്നു. വിഷമകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ മറ്റുവിശ്വാസികളോട് ഒരുമനപ്പെട്ട് പ്രാർത്ഥിക്കുവാൻ കർത്താവ് കൽപ്പിച്ചിട്ടുള്ള കാര്യം എനിക്ക് അറിയാമായിരുന്നു (മത്താ.18:19) ഞാൻ അങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു.

അത്ഭുതമെന്നു പറയട്ടെ രണ്ടുദിവസങ്ങൾക്കു ശേഷം നാവികസേനയുടെ ആസ്ഥാനത്തുനിന്നും അറിയിപ്പ് ലഭിച്ചു. മൈസൂറിൽ നടക്കുന്ന പ്രദർശനത്തിൽ നാവികസേന പങ്കെടുക്കുന്നതല്ല എന്ന്. എനിക്ക് ഹൈദരാബാദിലേക്ക് പോകുവാൻ അവധി ലഭിച്ചു. അവിടുത്തെ മക്കളിൽ നിസ്സാരനായ ഒരു ചെറുപ്പക്കാരനുവേണ്ടി ദൈവം അധികാരത്തിന്റെ ഉന്നത തലങ്ങളിൽ പോലും പ്രവർത്തിക്കുന്നു എന്ന സത്യം എന്നെ തികച്ചും വിസ്മയഭരിതനാക്കി.

ആ സമ്മേളനത്തിൽ വർഷങ്ങളായി ഭക്തസിംഗ് പിൻതുടർന്നു വന്നിരുന്ന ഒരു പരിചയം ആദ്യമായി ലംഘിക്കുകയുണ്ടായി. മുമ്പിലത്തെ പതിനഞ്ചു വർഷങ്ങളിലും ഏറ്റവും അധികം ജനാവലി പങ്കെടുത്തിരുന്ന രാത്രി യോഗങ്ങളിൽ അദ്ദേഹം തന്നെയായിരുന്നു ദൈവ വചനം പ്രസംഗിച്ചിരുന്നത്. തന്റെ ഏറ്റവും മുതിർന്ന സഹപ്രവർത്തകരെപ്പോലും പ്രധാനപ്പെട്ട ഈ ശുശ്രൂഷ അദ്ദേഹം ഏൽപിച്ചിരുന്നില്ല. എന്നാൽ ഈ പ്രാവശ്യം ഒരു ദിവസത്തെ രാത്രിയോഗത്തിൽ അയ്യായിരത്തിലധികം വരുന്ന ജനക്കൂട്ടത്തോട് പ്രസംഗിക്കുവാൻ 23 വയസ്സുമാത്രം പ്രായമുള്ള എന്നോട് ആവശ്യപ്പെടുകയുണ്ടായി. എന്റെ ആദ്യത്തെ അനുഭവമായിരുന്നു ഇത്രയധികം ജനത്തോളോട് ദൈവ വചനം സംസാരിക്കുന്നത്. ദൈവം എന്നെ അഭിഷേകം ചെയ്യുകയും അവിടുത്തെ വചനത്തിന്റെ വാതിൽ തുറന്നു തരികയും ചെയ്തു. (“പുതിയ തളികയിലെ ഉപ്പ്” എന്ന തലക്കെട്ടിൽ അന്ന് ഞാൻ നൽകിയ സന്ദേശം ഇന്റർനെറ്റിലെ എന്റെ വെബ്സൈറ്റിൽ നിങ്ങൾക്ക് വായിക്കാൻ https://www.cfcindia.org/article/a-new-vessel-full-of-salt)

ആ മീറ്റിംഗിൽ ഞാൻ അനുഭവിച്ച അസാധാരണമായ ആത്മസ്വാതന്ത്ര്യവും ശ്രോതാക്കളുടെ പ്രതികരണവും എനിക്ക് വലിയ ഉത്സാഹം തന്നു. ഭക്തസിംഗ് ഈ വസ്തുത അംഗീകരിക്കുകയും തുടർന്ന് പല സ്ഥലങ്ങളിലും തന്നോടൊത്ത് പൊതുയോഗങ്ങളിൽ സംസാരിക്കുവാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ദൈവവചനം പ്രസംഗിക്കാനായി കർത്താവ് എന്നെ വിളിക്കുകയും അഭിഷേകം നൽകുകയും ചെയ്തിരിക്കുന്നു എന്ന് എനിക്ക് ബോദ്ധ്യമായി. ഞാൻ സംസാരിക്കുന്ന വചനങ്ങളെ ദൈവം തന്നെ ഉറപ്പിച്ച് ചെറുപ്പക്കാരനായ എന്റെ ഹൃദയത്തെ ഉറപ്പിക്കേണ്ടത് ആവശ്യമായിരുന്നു താനും. ഏഴു മാസത്തിനു ശേഷം പൂർണ്ണസമയവും കർത്താവിന്റെ വേലയിൽ ആയിരിക്കാനായി അവിടുന്ന് എന്നെ വിളിച്ചപ്പോൾ ഈ ഉറപ്പ് വലിയ സഹായമായിരുന്നു. വിശ്വാസത്തിന്റെ പ്രാർത്ഥനയുടെ അത്യധികമായ ശക്തി എനിക്ക് ബോദ്ധ്യപ്പെട്ട ഒരു സന്ദർഭമായിരുന്നു മേൽപറഞ്ഞ സംഭവം. ഐക്യത്തിന്റെ ആത്മാവിൽ സഹവിശ്വാസികളോടൊപ്പം പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യവും എനിക്ക് വ്യക്തമായി. വിശ്വാസത്തോടും ഒരുമനപ്പെട്ടും ദൈവമക്കൾ പ്രാർത്ഥിക്കുമ്പോൾ ക്രിസ്തുവിന്റെ സകല അധികാരവും അവർക്കായി വെളിപ്പെട്ടുവരും.

1963 ഒക്ടോബറിൽ നാവികസേന മൈസൂറിലെ പ്രദർശനത്തിൽ പങ്കെടുത്തിരുന്നെങ്കിൽ എനിക്ക് ഹെബ്രോനിൽ പോകാൻ കഴിയുകയില്ലായിരുന്നു. കുറെക്കൂടെ വിശാലമായ ഒരു ശുശ്രൂഷ എനിക്കായി ദൈവം ഒരുക്കിയിട്ടുണ്ട് എന്ന ബോദ്ധ്യം എനിക്കുണ്ടായത് പ്രസ്തുത സമ്മേളനത്തിലാണ്. പ്രതിദിനം ദൈവത്തെ ശ്രദ്ധിക്കുകയും തിരുവചനപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുന്ന പരിചയം എനിക്കില്ലായിരുന്നെങ്കിൽ എന്റെ സാഹചര്യത്തെ മാറ്റിത്തരുവാനായി ഞാൻ പ്രാർത്ഥിക്കില്ലായിരുന്നു. അപ്പോഴുള്ള ദൈവഹിതം എനിക്ക് നഷ്ടമാകുകയും ചെയ്തേനേ. ആ പ്രത്യേക സന്ദർഭത്തിൽ അവിടുത്തെ ശുശ്രൂഷയ്ക്കായി അത്ഭുതകരമായ വിധത്തിൽ ദൈവം ഒരു വാതിൽ തുറന്നു തന്നില്ലായിരുന്നെങ്കിൽ അത്യുന്നതനായ ദൈവത്തിന്റെ ഒരു ദാസനായിരിക്കുന്നതിനു പകരം നാവികസേനയിൽ കേവലം ഒരു അഡ്മിറലായി ഞാൻ അവസാനിച്ചേനേ.

10 സാക്ഷിക്കുവാനുള്ള ധൈര്യം

1964ൽ കൊച്ചിയിലെ നാവികത്താവളത്തിൽ ഞാൻ ജോലി ചെയ്തിരുന്ന കാലം. ഞാൻ ശ്രദ്ധാപൂർവ്വം ദൈവവചനം പഠിച്ചിരുന്നതിനാൽ എനിക്ക് അനുഗ്രഹപ്രദമായിത്തീർന്ന തിരുവചനസത്യങ്ങൾ ഞാൻ സംബന്ധിച്ചിരുന്ന സഭയിലെ അംഗങ്ങളുമായി പങ്കിടുവാൻ എനിക്ക് വലിയ താത്പര്യമായിരുന്നു. ഞാൻ ചെറുപ്പമായിരുന്നതിനാൽ ആ സഭയിൽ ദൈവവചനം സംസാരിക്കുവാനുള്ള അവസരം എനിക്ക് നൽകിയിരുന്നില്ല. ആരുടെയും പ്രത്യേകാനുവാദം ആവശ്യമില്ലാതെ ദൈവവചനം പ്രസംഗിക്കാൻ കഴിയുന്ന ഒരിടം ഞാൻ കണ്ടെത്തി. കൊച്ചിയിലെ തെരുവുകളിൽ സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ തീരുമാനിച്ചു. ആഴ്ചയിൽ രണ്ടു തവണ, ഉച്ചവരെയുള്ള എന്റെ ജോലി പൂർത്തിയാക്കിയ ശേഷം ഉച്ചഭക്ഷണം വെടിഞ്ഞ് രണ്ടുമൂന്നു മണിക്കൂർ പ്രാർത്ഥനയിൽ ചെലവഴിച്ചശേഷം രണ്ടുമണിക്കൂർ തെരുവുകളിൽ സുവിശേഷം അറിയിക്കുവാൻ ഇടയായി. മലയാളഭാഷയിൽ സുഗമമായി സംസാരിക്കുവാൻ എനിക്ക് കഴിവില്ലാതിരുന്നതിനാൽ പ്രസംഗം പരിഭാഷപ്പെടുത്താൻ മറ്റൊരു സഹോദരനേയും കൂട്ടിയായിരുന്നു ഞാൻ പോയിരുന്നത്. തെരുക്കോണുകളിൽ നിന്നുകൊണ്ട് ഞങ്ങൾ ഒരു പാട്ടിന്റെ ഈരടികൾ പാടിത്തുടങ്ങും. അഞ്ചു പത്തുപേർ വൈകാതെ ഞങ്ങൾക്കുചുറ്റും വന്നു കൂടും. അവരോട് അഞ്ചുമിനിറ്റ് സമയം സുവിശേഷം പ്രസംഗിക്കുകയും ചില ലഘുലേഖകൾ കേൾവിക്കാർക്ക് വിതരണം ചെയ്യുകയും ചെയ്ത ശേഷം അടുത്ത തെരുവിലേക്ക് നീങ്ങും. അവിടെയും മേൽപ്പറഞ്ഞതുപോലെ തന്നെ ചെയ്യുമായിരുന്നു.

തുടക്കത്തിൽ നാവികത്താവളത്തിൽ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ പരിചയമില്ലാത്തവരുടെ മദ്ധ്യത്തിലായിരുന്നു സുവിശേഷം പരസ്യമായി അറിയിച്ചത്. പരിചയക്കാരുടെ നടുവിൽ പ്രസംഗിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ എനിക്ക് ധൈര്യം നൽകുവാനായി ഞാൻ ദൈവത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ പ്രാർത്ഥനയ്ക്ക് രണ്ടു വിധത്തിൽ ദൈവം മറുപടി നൽകി. മുമ്പൊരിക്കൽ സൂചിപ്പിച്ചതുപോലെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ ഒരു അളവ് ഞാൻ നേരത്തേതന്നെ അനുഭവിച്ചിരുന്നു. പെന്തക്കോസ്തുനാളിനുശേഷം അപ്പോസ്തലന്മാർക്ക് വീണ്ടും വീണ്ടും ആത്മാവിനാൽ നിറയപ്പെടേണ്ടത് ആവശ്യമായിരുന്നതുപോലെ പരസ്യമായി യേശുവിനെ സാക്ഷിക്കുവാനുള്ള ധൈര്യം ലഭിക്കുവാൻ എനിക്കും ആത്മാവിനാൽ നിറയപ്പെടേണ്ടത് ആവശ്യമാണെന്ന കാര്യം ഞാൻ കണ്ടെത്തി (പ്രവൃത്തികൾ 4:31), രണ്ടാമതായി യേശുക്രിസ്തുവിന്റെ പരമാധികാരത്തെപ്പറ്റി ദൈവം എനിക്ക് ഒരു വെളിപാടുതന്നെ തരികയുണ്ടായി. ഉൽപത്തിപ്പുസ്തകം 41-ാം അദ്ധ്യായത്തിന്റെ 44-ാം വാക്യത്തിൽ ഫറവോൻ യോസേഫിനോട് പറയുന്നു: ”നിന്റെ അനുവാദം ഇല്ലാതെ മിസ്രയീമിലൊരിടത്തും യാതൊരുത്തനും കൈയോകാലോ അനക്കുകയില്ല. ഈ വേദഭാഗത്ത് യോസേഫിനെ ക്രിസ്തുവിന്റെ ഒരു നിഴലായി കാണുവാൻ ഇടയായതിലൂടെയാണ് മേൽപ്പറഞ്ഞ വെളിപ്പാട് ലഭിച്ചത്. ക്രിസ്തുവിന്റെ അനുവാദം കൂടാതെ എന്നെ പരിഹസിക്കുവാൻ ഒരു നാവോ എന്നെ ഉപദ്രവിക്കുവാൻ ഒരു കരമോ ചലിക്കുകയില്ല എന്ന സത്യം എന്നെ തികച്ചും ധൈര്യപ്പെടുത്തി. ആദ്യമായി ഒരു പരസ്യയോഗ മദ്ധ്യേ ചിലർ എന്നെ പിശാച് എന്ന് വിളിച്ചപ്പോഴും ദൈവം അനുവാദം കൊടുത്തിട്ടാണ് അവർക്ക് അത് ചെയ്യാൻ കഴിഞ്ഞത് എന്ന് വ്യക്തമായിരുന്നു. പിൽക്കാലത്ത് എന്റെ ക്രിസ്തീയ ശുശ്രൂഷയിൽ പ്രതികൂലങ്ങളെ നേരിടുവാൻ എന്നെ ശക്തീകരിച്ചത് ഈ വെളിപ്പാടായിരുന്നു.

“സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പനയ്ക്ക മുമ്പ് സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു” എന്ന് യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തതിന്റെ കാരണം എനിക്ക് മനസ്സിലായി (മത്താ 28:18-20). ഞാൻ ക്രിസ്തുവിനെ പ്രസംഗിക്കുവാൻ പോകുന്നിടത്തൊക്കെയും അവിടുത്തെ അധികാരം എന്നെ തുണയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ പരിശുദ്ധാത്മാവിന്റെ അഭിഷേകവും ക്രിസ്തുവിന്റെ അധികാരത്തിന്റെ ഉറപ്പും നാവികത്താവളത്തിനടുത്ത് നിന്ന് സുവിശേഷം പ്രസംഗിക്കാനുള്ള ധൈര്യം എനിക്ക് നൽകി. എന്റെ മേലധികാരികളും എന്റെ കീഴിൽ ജോലിചെയ്തിരുന്നവരും എല്ലാം എന്നെ സുവിശേഷ പ്രസംഗകനായി ശ്രദ്ധിച്ചു. എന്നാൽ ഇതൊന്നും എന്നെ അശേഷം അസ്വസ്ഥനാക്കിയതുമില്ല.

തുടർന്ന് സ്‌കൂട്ടറിൽ രണ്ടു വാക്യങ്ങൾ എഴുതുവാൻ കർത്താവ് എന്നോട് ആവശ്യപ്പെട്ടു. “നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങി കൊൾക”, “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു” എന്നീ വചനങ്ങൾ വലിയ അക്ഷരങ്ങളിൽ എന്റെ സ്കൂട്ടറിന്റെ ഇരുവശങ്ങളിലും എഴുതുകയുണ്ടായി. നാവികസേനയുടെ കമാൻഡർ ഈ വചനങ്ങൾ കണ്ടപ്പോൾ 24 മണിക്കൂറുകൾക്കകം ഇത് മായിച്ചുകളയണം എന്ന് ആജ്ഞാപി ച്ചു. ദൈവം പറഞ്ഞതുകൊണ്ടാണ് ഞാൻ ഈ വചനങ്ങൾ എഴുതിയത് എന്ന് ഞാൻ ബഹുമാനപുരസ്സരം അദ്ദേഹത്തോട് പറഞ്ഞു. പിറ്റേന്നും അതേ വചനങ്ങൾ സ്കൂട്ടറിന്റെ ഇരുവശത്തും കാണപ്പെട്ടതിനാൽ നാവിക ത്താവളത്തിലെ ക്യാപ്റ്റന്റെ മുമ്പിലേക്ക് എന്നെ പറഞ്ഞയച്ചു. (അനുസരണക്കേടിന് കോർട്ട് മാർഷൽ എന്ന ശിക്ഷ നടപ്പാക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. ക്യാപ്റ്റനോടും തികഞ്ഞ ബഹുമാനത്തോടെ ഇതേ മറുപടിതന്നെ പറഞ്ഞു. അദ്ദേഹം എന്തുകൊണ്ടോ എന്നോട് കരുണ കാണിക്കയും ശിക്ഷനൽകാതെ എന്നെ പറഞ്ഞയയ്ക്കുകയും ചെയ്തു. പക്ഷേ വാക്യങ്ങൾ എഴുതിയ സ്കൂട്ടറുമായി നാവികത്താവളത്തിനുള്ളിൽ യാത്ര ചെയ്യുവാൻ പാടില്ല എന്ന് നിഷ്ക്കർഷിക്കുകയും ചെയ്തു. തന്മൂലം തുടർന്നുള്ള ദിവസങ്ങളിൽ സ്കൂട്ടർ വെളിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിച്ചിട്ട് നാവികത്താവളത്തിൽ ഞാൻ ഒരു സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി.

സ്കൂട്ടറിൽ എഴുതിയ വചനങ്ങളിലൂടെ നാവികത്താവളത്തിലൂടെ എല്ലാവരോടും സുവിശേഷം അറിയിക്കുവാനുള്ള എന്റെ ഉദ്യമത്തെ തടയുകവഴി സാത്താൻ വിജയിച്ചു എന്ന ചിന്ത എന്നെ അല്പം നിരാശനാക്കി. എന്നാൽ എല്ലായ്പ്പോഴും എന്ന പോലെ ഈ സന്ദർഭത്തിലും സർവ്വശക്തനായ ദൈവം ജയമെടുക്കുകയാണുണ്ടായത്. ഞാൻ പതിവിനു വിപരീതമായി സൈക്കിൾ യാത്ര ചെയ്യുന്നതുകണ്ട് ജിജ്ഞാസാഭരിതരായി എല്ലാവരും എന്താണ് സംഭവിച്ചതെന്ന് ചോദിക്കുവാൻ തുടങ്ങുകയും ഞാൻ സ്കൂട്ടറിൽ എഴുതിയ വചനങ്ങൾ വളരെ വേഗത്തിൽ നാവികത്താവളത്തിൽ പ്രചരിക്കാൻ ഇടയാകുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അന്നത്തെ എന്റെ ചില സഹപ്രവർത്തകരെ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ആ വചനങ്ങൾ അപ്പോഴും ഓർക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൈവം സാത്താന്റെ പദ്ധതിയെ തകിടംമറിക്കുകയും എന്നെ മനുഷ്യരുടെ അഭിപ്രായങ്ങളിൽ നിന്നും സ്വതന്ത്രനായ, കുറെക്കൂടെ ധൈര്യശാലിയായ, ഒരു വിശ്വാസിയാക്കിത്തീർക്കുകയും ചെയ്തു. പിൽക്കാലത്ത് എന്റെ ശുശ്രൂഷാരംഗങ്ങളിൽ ഈ ധൈര്യം വലിയ മുതൽക്കൂട്ടായി ത്തീരുകയും ചെയ്തു.

ഈ ആത്മാവിന്റെ അഭിഷേകവും ക്രിസ്തുവിന്റെ പരമാധികാരവും രണ്ടു കാര്യങ്ങൾ ഭൂമിയുടെ ഏതുകോണിൽ ഞാൻ വചനം പ്രസംഗിക്കാൻ നിൽക്കുമ്പോഴും എന്റെ ബലവും സഹായവും ആയിത്തുടരുന്നു. എന്നാൽ ഈ ദൈവികസത്യങ്ങൾ ഞാൻ ആദ്യമായി പഠിച്ചത് നാൽപ്പതു വർഷങ്ങൾക്കു മുമ്പ് എറണാകുളം പട്ടണത്തിന്റെ തെരുവുകളിലായിരുന്നു.

11 നാവികസേന വിടാനുള്ള ദൈവവിളി


1964 മെയ് മാസം ആറാം തീയതിയുടെ പ്രഭാതം. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗത്തിൽ നിന്ന് അവധിയെടുത്ത് ബ്രദർ ഭക്തസിംഗിനോടൊപ്പം ബാംഗ്ലൂരിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ ചില പ്രത്യേക യോഗങ്ങളിൽ ദൈവവചനം പ്രസംഗിച്ചു തീർന്ന സന്ദർഭം. ഭക്തസിംഗിന്റെ കുറെ സഹപ്രവർത്തകരോടൊത്ത് ഞാൻ തീവണ്ടിയിൽ ബാംഗ്ലൂർ പട്ടണത്തിലേക്ക് മടക്കയാത്ര ചെയ്യുകയായിരുന്നു. അന്നത്തെ എന്റെ വേദവായനാ ഭാഗം യെശയ്യാ 49-ാം അദ്ധ്യായമായിരുന്നു. ദൈവവചനം ധ്യനിച്ചു കൊണ്ടിരിക്കുമ്പോൾ ജോലി വിട്ട് മുഴുവൻ സമയവും ദൈവവേല ചെയ്യാനായി അവിടുന്ന് എന്നെ വിളിക്കുകയാണെന്ന ശക്തമായ ഒരു ചിന്ത എന്നിലുണ്ടായി. കുറെ നാളായി അത്തരം ഒരു കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. 1959ൽ രക്ഷയേക്കുറിച്ചുള്ള വ്യക്തമായ ബോദ്ധ്യം ഉണ്ടായപ്പോൾ തന്നെ ഞാൻ കർത്താവിനോട് പറഞ്ഞിരുന്നു, അവിടുന്ന് എന്നെ വിളിക്കുന്ന ഏതു സമയത്തും നാവികസേനയിലെ എന്റെ ഉദ്യോഗം രാജിവയ്ക്കാൻ ഞാൻ തയ്യാറാണെന്ന്. എന്നാൽ കർത്താവിന്റെ വ്യക്തമായ വിളി ബോദ്ധ്യമായ ശേഷമേ ജോലി രാജിവെയ്ക്കുകയുള്ളൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

മഹാസമുദ്രങ്ങൾ താണ്ടി ലോകം കാണുവാനും ധാരാളം പണം സമ്പാദിക്കുവാനും നാവികസേനയുടെ തലവനായ അഡ്മിറൽ ആകുവാനും മറ്റുമുള്ള എന്റെ സ്വപ്നങ്ങളോടെല്ലാം നേരത്തെ തന്നെ ഞാൻ വിട പറഞ്ഞിരുന്നു. എന്നാൽ ദൈവത്തിന്റെ വേലയിൽ മുഴുവൻ സമയവും എന്നെ ആവശ്യമുണ്ടോ എന്ന് എനിക്ക് വ്യക്തമായും അറിയേണ്ടിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ദൈവവചനം പ്രസംഗിക്കുമ്പോഴൊക്കെ എന്റെ ശുശ്രൂഷയെ കർത്താവ് അനുഗ്രഹിക്കുന്നതായി കണ്ടെത്തി. ഭാരതത്തിലുടനീളം ദൈവ വചനം പ്രഘോഷിക്കുവാനുള്ള ഭാരം എന്റെ ഉള്ളിൽ വർദ്ധിച്ചുവരുന്നതായും ഞാൻ കണ്ടെത്തി.

ഇപ്രകാരമുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു അന്ന് കാലത്ത് ഞാൻ യെശയ്യാ പ്രവചനം 49-ാം അദ്ധ്യായം വായിച്ചത്. എന്റെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവിടുത്തെ ദാസനായിരിക്കാൻ കർത്താവ് എന്നെ വിളിച്ചതായി ആ അദ്ധ്യായത്തിൽ നിന്നും (1,5 വാക്യങ്ങൾ) എനിക്ക് ബോദ്ധ്യമായി. എന്റെ നാവിനെ മൂർച്ചയുള്ള ഒരു വാളാക്കി അവിടുന്ന് മാറ്റിയിരിക്കുന്നു എന്നു ഞാൻ ഗ്രഹിച്ചു (വാക്യം 2). വടക്കും പടിഞ്ഞാറുമുള്ള ദേശങ്ങളിൽ നിന്നും ചൈനയിൽ നിന്നും ജനം ദൈവവചനം കേൾക്കുവാൻ വരും (വാക്യം 12), എന്നോട് പോരാടുന്നവരോട് ദൈവംതന്നെ പോരാടും, എന്റെ പുത്രന്മാർ എല്ലാവരും രക്ഷിക്കപ്പെടും (വാക്യം 25) തുടങ്ങി ആ അദ്ധ്യായത്തിലുള്ള മറ്റുപലവാഗാദാനങ്ങളെ കുറിച്ചൊന്നും ആ സമയത്ത് ഞാൻ ചിന്തിച്ചില്ല. എന്നാൽ ഇന്ന് 40 വർഷങ്ങൾക്കു ശേഷം ദൈവം ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയിരിക്കുന്നു. എന്നാൽ ആ ദിവസം (1964 മെയ് 6-ാം തീയതി യെശയ്യാ 49-ാം അദ്ധ്യായത്തിൽ നിന്നും ഞാൻ ഒരു കാര്യം മാത്രം വ്യക്തമായി കണ്ടത് ദൈവം എന്നെ പൂർണ്ണസമയ ശുശ്രൂഷയ്ക്കായി വിളിച്ചിരിക്കുന്നു എന്നതാണ്. നാവികസേനയിൽ നിന്നു രാജിവയ്ക്കുവാൻ ആ സമയത്തു തന്നെ ഞാൻ തീരുമാനം എടുത്തു.

തീവണ്ടിയിൽ വച്ച് ഞാൻ ഈ തീരുമാനം എടുത്ത് ചില മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഞങ്ങളോടൊപ്പം അതേ വണ്ടിയിൽ യാത്ര ചെയ്തിരുന്ന ഭക്തസിംഗ് എന്റെ അടുത്ത് വന്ന് ചോദിക്കുകയാണ്, നാവികസേനയിലെ ജോലി എന്നത്തേക്ക് വിടാനാണ് നീ ചിന്തിക്കുന്നത്?” അതു വരെ അദ്ദേഹത്തോടെന്നല്ല, മറ്റാരോടും തന്നെ ഈ വിഷയത്തിലുള്ള എന്റെ ചിന്തകൾ ഞാൻ പങ്കുവച്ചിട്ടില്ലായിരുന്നതിനാൽ ആ ചോദ്യം എന്നെ തെല്ല് അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ആ കാലത്ത് ഒരു യഥാർത്ഥ ദൈവമനുഷ്യനായി ഞാൻ ഭക്തസിംഗിനെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ചില മിനിറ്റുകൾക്കു മുൻപ് എന്റെ ഹൃദയത്തിൽ ഞാൻ കേട്ട ദൈവശബ്ദത്തെ ഒന്നുകൂടി ഉറപ്പിക്കുന്നവയായിരുന്നു. ദൈവ ഭൃത്യന്റെ വാക്കുകൾ ശ്രവിക്കുന്നതിനുമുമ്പ് കർത്താവിന്റെ വാക്കുകൾ ആദ്യം ശ്രവിക്കുവാൻ ഇടയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്. പൗലോസിനും ബർന്നബാസിനം ദൈവികവിളി ഉണ്ടായതിനു ശേഷം മാത്രമാണ് അവർ മറ്റു പ്രവാചകന്മാരുടെ ശബ്ദം കേട്ടത് എന്ന് പ്രവൃത്തികൾ 13ന്റെ 2-ാം വാക്യത്തിൽ നാം കാണുന്നകാര്യം ഈ സന്ദർഭത്തിൽ സ്മരണീയമാണ്.

തുടർന്നുള്ള ദിവസങ്ങളിൽ ദൈവം തന്റെ വിളിയേക്കുറിച്ച് മറ്റൊരു വേദ ഭാഗത്തിലൂടെ എന്റെ ഹൃദയത്തെ വീണ്ടും ഉറപ്പിക്കുകയുണ്ടായി. മത്തായി സുവിശേഷം 14ന്റെ 29-ാം വചനത്തിൽ കർത്താവ് പത്രോസിനോട് പടകിൽ നിന്നിറങ്ങി കടലിൻ മീതേ നടക്കുവാൻ വിളിക്കുന്ന ഭാഗമായിരുന്നു അത്. അതേ കർത്താവ് എന്നേയും എന്റെ പടകിൽ നിന്നിറങ്ങി വിശ്വാസത്തിന്റെ നടപ്പിനായി (വെള്ളത്തിൻ മീതേ നടക്കുവാനായി) വിളിക്കുകയായിരുന്നു. എന്റെ എല്ലാ ആവശ്യങ്ങൾക്കായും കർത്താവിനെ മാത്രം നോക്കി ജീവിക്കാനുള്ള ഒരു വിളിയായിരുന്നു അത്.

ഒട്ടും വൈകാതെ നാവികസേനയിലെ മേലധികാരികൾക്ക് ഞാൻ എന്റെ രാജിക്കത്ത് നല്കി. കർത്താവായ യേശുക്രിസ്തു എന്നെ അവിടുത്തെ വേലയ്ക്കായി വിളിച്ചിരിക്കുന്നതിനാൽ ജോലി രാജിവയ്ക്കുന്നു എന്നാണ് ഞാൻ കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം ഒരു കാരണം നാവികസേനയുടെ ആസ്ഥാനത്തിരിക്കുന്നവർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടായിരുന്നതിനാൽ അവർ എന്റെ അപേക്ഷ നിരസിക്കുകയാണുണ്ടാത്. ഇനി എന്തുചെയ്യണം എന്നായി എന്റെ ചിന്ത. ദൈവത്തെ ആരാധിക്കുവാൻ യിസ്രായേൽ ജനത്തെ ഫറവോൻ വിട്ടയയ്ക്കാൻ മടികാണിച്ചപ്പോൾ മോശ ചെയ്തതുതന്നെ ചെയ്യുവാൻ കർത്താവ് എന്നെ ഓർമ്മിപ്പിച്ചു. മോശെ വീണ്ടും അഭ്യർത്ഥനയുമായി ഫറവോന്റെ സന്നിധിയിലെത്തിയതുപോലെ വീണ്ടും കുറെക്കൂടെ വിശദമായി ആദ്യം പറഞ്ഞ കാരണം തന്നെ പറഞ്ഞ് രാജിക്കത്ത് നൽകി. നാവികസേനയിൽ നേരിട്ട് ഓഫീസർ പദവിയിൽ തെരഞ്ഞെടുക്കപ്പെട്ടവർ പിരിയും മുമ്പ് കുറഞ്ഞ പക്ഷം 20 വർഷം നിർബന്ധിതമായി സേവനം ചെയ്യണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയം ഇത്തരം ഓഫീസറുടെ പരിശീലനത്തിനായി ഭീമമായ തുക ചെലവഴിച്ചിരിക്കെ ഇത്തരം ഒരു വ്യവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. എന്റെ അപേക്ഷ വീണ്ടും നിരസിക്കപ്പെടുകയാണുണ്ടായത്. ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ചില മാസങ്ങൾക്കു ശേഷം വീണ്ടും മൂന്നാമത് ഒരു പ്രാവശ്യം കൂടി ഞാൻ ജോലിയിൽ നിന്നും പിരിയാനായി അപേക്ഷ അയച്ചു. അത്ഭുതമെന്നു പറയട്ടെ, 1966 മെയ് മാസം നാവികസേനയിൽ നിന്നു പിരിയാൻ എനിക്ക് അനുവാദം ലഭിച്ചു. അത് ഒരു അത്ഭുതം തന്നെയായിരുന്നു. യേശു ക്രിസ്തുവിന്റെ സേവനത്തിനായി രാജിവയ്ക്കാൻ അനുവാദം നൽകപ്പെട്ട ഏക വ്യക്തി, നാവികസേനയുടെ ചരിത്രത്തിൽ, ഞാൻ മാത്രമായിരുന്നു. ദൈവവിളിയുടെ ഏറ്റവും വലിയ ഉറപ്പ് ഇത്തരം ഒരു അത്ഭുതത്തിലൂടെ അവിടുന്ന് വെളിപ്പെടുത്തുകയായിരുന്നു.

കർത്താവിന്റെ ഒരു ദാസനെന്ന നിലയിൽ ഞാൻ നേരിടേണ്ടി വന്ന നിരവധി പരീക്ഷകളിൽ എന്നെ നിലനിർത്തിയത് ദൈവം അവിടുത്തെ ശുശ്രൂഷയ്ക്കായി എന്നെ വിളിച്ചതാണ് എന്ന വ്യക്തമായ ഉറപ്പാണ്. ദൈവത്തിൽ നിന്നു വ്യക്തമായ ഒരു വിളി ലഭിച്ചിട്ടല്ലാതെ മുഴുവൻ സമയ ക്രിസ്തീയവലക്കായി ഇറങ്ങിപ്പുറപ്പെടരുത് എന്ന് വിശ്വാസികളെ ഞാൻ ഓർമ്മിപ്പിക്കുന്നത് ഈ കാരണത്താലാണ്. ദൈവം നിങ്ങളെ വിളിച്ചാൽ ജീവിതാവസാനം വരെ അവിടുന്ന് നിങ്ങളെ അവിടുത്തെ വേലയിൽ താങ്ങി നിർത്തും. കഴിഞ്ഞ 38 വർഷങ്ങളായി കർത്താവിനെ സേവിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും തൃപ്തികരമായ അനുഭവമായിരിക്കുന്നു.

12 അത്ഭുതകരമായ ദൈവിക നടത്തിപ്പ്


ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറ് മെയ്മാസത്തിലാണ് പൂർണ്ണസമയവും കർത്താവിന്റെ വേലയ്ക്കായി ഞാൻ നാവികസേനയിൽ നിന്നും പിരിഞ്ഞത്. അവിവാഹിതനായിരുന്ന ഞാൻ തമിഴ്നാട്ടിലെ വെല്ലുരിൽ താമസിച്ചുകൊണ്ട് ഇൻഡ്യയുടെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്ത് ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടാൻ തീരുമാനിച്ചിരുന്നു. 1967 ഒക്ടോബർ മാസം അഹമ്മദാബാദിൽ വച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും ഒരു ക്യാമ്പിൽ വചനം പ്രസംഗിക്കാൻ എനിക്ക് ക്ഷണം കിട്ടി. ഇവാഞ്ചലിക്കൽ ഗ്രാജുവേറ്റ്സ് ഫെലോഷിപ്പ് എന്ന ക്രിസ്തീയസംഘടനയായിരുന്നു പ്രസ്തുത ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. രണ്ടുദിവസത്തെ തീവണ്ടിയാത്രയ്ക്കുശേഷം ഞാൻ ഒരു ദിവസം പ്രഭാതത്തിൽ അഹമ്മദാബാദിൽ എത്തിച്ചേർന്നു. ക്യാമ്പിന്റെ ഒന്നാം ദിവസം തന്നെ, ഞാൻ എത്തിയ ദിവസം തന്നെ, വെല്ലൂരിൽ താമസിച്ചിരുന്ന എന്റെ പിതാവിൽ നിന്നും അടിയന്തിരമായ ഒരു കമ്പിസന്ദേശം എനിക്ക് കിട്ടി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ തന്റെ അസുഖം ക്യാൻസർ ആണെന്ന് കണ്ടെത്തിയെന്നും ഉടൻ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതുണ്ട് എന്നുമായിരുന്നു കമ്പിസന്ദേശം. മൂന്ന് മക്കളിൽ ഞാൻ മൂത്തയാൾ ആയിരുന്നതിനാലും ഇളയ സഹോദരങ്ങൾ അപ്പോൾ ഇൻഡ്യക്കുവെളിയിൽ ആയിരുന്നതിനാലും, ഓപ്പറേഷന്റെ സമയത്ത് അരികിൽ ഉണ്ടായിരിക്കാൻ എത്രയും പെട്ടെന്ന് വെല്ലൂരിൽ മടങ്ങിയെത്തണം എന്നും എന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

എന്തുചെയ്യണം എന്ന് ഞാൻ അമ്പരന്നു. ക്യാമ്പിൽ എന്നെക്കൂടാതെ മറ്റൊരു പ്രസംഗകൻ കൂടെ ഉണ്ടായിരുന്നതിനാൽ എന്റെ സാഹചര്യം വിശദീകരിച്ചാൽ ക്യാമ്പിന്റെ സംഘാടകർ എനിക്ക് ഉടനെ മടങ്ങിപ്പോരാൻ അനുവാദം നൽകിയേനെ. ഞാൻ മടങ്ങിപ്പോന്നാൽ രണ്ടാമത്തെ പ്രസംഗകന് വളരെയധികം ഭാരം വഹിക്കേണ്ടിവരും എന്ന ചിന്തയും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പ്രസ്തുത ക്യാമ്പിൽ ദൈവവചനം പ്രസംഗിക്കുന്നതിൽ നിന്നും എന്നെ തടയുവാനുള്ള സാത്താന്റെ ഒരു തന്ത്രമാണോ ഇതെന്ന് ഞാൻ സംശയിച്ചു. ആയതിനാൽ ഈ വിഷയത്തിൽ ദൈവഹിതം വ്യക്ത മായി അറിയുവാൻ ഞാൻ മനസ്സുവച്ചു.

എല്ലാദിവസവും പ്രഭാതത്തിൽ തുടർച്ചയായി ദൈവവചനത്തിലെ ചില അദ്ധ്യായങ്ങൾ ക്രമമായി വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അന്നത്തെ എന്റെ വായനയ്ക്കുള്ള വേദഭാഗം ആവർത്തനപുസ്തകം ഒന്നാം അദ്ധ്യായം ആയിരുന്നു. മൂന്നും ഏഴും വാക്യങ്ങളിൽ ഞാൻ ഇപ്രകാരം വായിച്ചു. “പതിനൊന്നാം മാസത്തിന്റെ ഒന്നാം തീയതി ദൈവം അവരോടു പറഞ്ഞു…… നിങ്ങൾ തിരിച്ച് യാത്ര ചെയ്തു…. പോകുക.” അഹമ്മദാബാദിൽനിന്നും ഞാൻ എന്ന് മടങ്ങിപ്പോരേണം എന്ന് ദൈവം എന്നോട് പറയുകയല്ലേ എന്ന് എനിക്ക് ആ വേദഭാഗം വായിച്ചപ്പോൾ തോന്നി. സന്ദർഭത്തിൽനിന്നും വേർപെടുത്തി ഒരു വേദഭാഗം എടുത്ത് ദൈവികനടത്തിപ്പ് കണ്ടെത്തുന്ന ശീലം എനിക്കില്ലായിരുന്നു. അത് അപകടകരമായ ഒരു പരിചയമാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ അപൂർവം സന്ദർഭങ്ങളിൽ ദൈവം അവിടുത്തെ ദാസന്മാരെ അപ്രകാരം നയിച്ചിട്ടുണ്ട് എന്ന വസ്തുതയും എനിക്ക് ഓർമ്മ വന്നു. അതുകൊണ്ട് ഞാൻ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് കർത്താവിന്റെ ഇഷ്ടത്തിനായി കാതോർത്തുകൊണ്ടിരുന്നു. ഈ വചനം ദൈവത്തിന്റെ ഹിതം വെളിപ്പെടുത്തുന്നതായുള്ള ഉൾബോദ്ധ്യം വർദ്ധിച്ചുവരികയും ഹൃദയത്തിൽ കൂടുതൽ സ്വസ്ഥത ഉണ്ടാകുകയും ചെയ്തു. ഞാൻ റയിൽവേ സ്റ്റേഷനിൽ പോയി പതിനൊന്നാം മാസം ഒന്നാം തീയതിയിലേക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കുചെയ്യുകയും ചെയ്തു. നവംബർ ഒന്നാം തീയതി ക്യാമ്പ് തീരുന്നതിന്റെ തലേദിവസം ആയിരുന്നു. തന്മൂലം ഒടുവിലത്തെ ദിവസം രാവിലേയുള്ള ഒരു മീറ്റിംഗ് മാത്രമേ എനിക്ക് ഒഴിവാക്കേണ്ടി വരികയുള്ളു എന്നതായി സ്ഥിതി. പിതാവിന്റെ ഓപ്പറേഷൻ ഒരാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കാൻ ഞാൻ ഒരു കമ്പി സന്ദേശം അന്നുതന്നെ വെല്ലൂരേക്ക് അയയ്ക്കുകയും ചെയ്തു. (ഈ സന്ദർഭത്തിൽ ഇതു വായിക്കുന്ന എല്ലാവരോടും ഒരു മുന്നറിയിപ്പ് നൽകാനുണ്ട്. ബൈബിളിൽ നിങ്ങൾ വായിക്കുന്ന ഓരോ വചനത്തിലും അദ്ഭുതകരമായ ദൈവാലോചന കണ്ടെത്താൻ നിങ്ങൾ ശ്രമിക്കരുത്. കഴിഞ്ഞ 46 വർഷത്തെ ക്രിസ്തീയ ജീവിതത്തിൽ രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ മാത്രമേ ദൈവ വചനത്തിലേ ഒരു വചനത്തിലൂടെ ഇത്തരം അത്ഭുതകരമായ ഒരു നടത്തിപ്പ് ദൈവം എനിക്ക് തന്നിട്ടുള്ളു).
ക്യാമ്പിൽ ഉടനീളം വിവിധ സമ്മേളനങ്ങളിൽ ഞാൻ ദൈവവചനം സംസാരിക്കുകയും ഞങ്ങളുടെ ഇടയിൽ കർത്താവിന്റെ അനുഗ്രഹം സമദ്ധിയായി അനുഭവിക്കാൻ ഇടയാകയും ചെയ്തു. മുപ്പതു വർഷങ്ങൾക്ക് ശേഷം ആ ക്യാമ്പിൽ എന്നിലൂടെ ശ്രവിച്ച ദൈവികസന്ദേശങ്ങൾ തങ്ങളെ എത്രയധികം അനുഗ്രഹിക്കയും വെല്ലുവിളിക്കയും ചെയ്തു എന്ന് സാക്ഷിച്ച ചിലരെ കണ്ടുമുട്ടുവാൻ ഇടയായിട്ടുണ്ട്. ക്യാമ്പിനുശേഷം നവംബർ ഒന്നാം തീയതി ഞാൻ മടങ്ങിപ്പോരുകയും രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം വെല്ലൂരിൽ എത്തിച്ചേരുകയും ചെയ്തു.

ഒരാഴ്ചകഴിഞ്ഞ ഞാൻ മടങ്ങിയെത്തുകയുള്ളു എന്ന എന്റെ കമ്പിസന്ദേശം ലഭിച്ച എന്റെ പിതാവ് ആ ഇടവേളയിൽ മറ്റൊരു വിദഗ്ദ്ധനായ ഡോക്ടറുടെ അഭിപ്രായം കൂടി ആരായാൻ തീരുമാനിച്ചു. എക്സ്റേ, പരിചയസമ്പന്നനായ ഒരു റേഡിയോളജിസ്റ്റിനെ കാണിച്ചപ്പോൾ അത്ഭുതം എന്നു പറയട്ടെ, അദ്ദേഹം എന്റെ പിതാവിന് കാൻസർ രോഗത്തിന്റെ യാതൊരു ലക്ഷണവും ഇല്ല എന്ന് തറപ്പിച്ച് പറയുകയാണ് ചെയ്തത്. തന്മൂലം ഒരു ശസ്ത്രക്രിയയുടെ ആവശ്യവും ഇല്ല എന്ന നിഗമനത്തിലാണ് ആ ഡോക്ടർ എത്തിച്ചേർന്നത്. ദൈവത്തിന്റെ നടത്തിപ്പ് ഞാൻ അനുസരിച്ചതിനാൽ എന്റെ പിതാവിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നില്ല. എന്നുമാത്രമല്ല, കാൻസർ രോഗബാധയില്ലാതെ തുടർന്നും 15 വർഷം അദ്ദേഹം ജീവിച്ചിരിക്കുകയും ചെയ്തു.

എന്റെ പിതാവിന്റെ കമ്പിസന്ദേശം കിട്ടിയ ഉടൻ ഞാൻ വെല്ലൂർക്ക് പുറപ്പെട്ടിരുന്നെങ്കിൽ പ്രായംചെന്ന അദ്ദേഹം അനാവശ്യമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നേനെ. ആ പ്രായത്തിൽ ശസ്ത്രക്രിയയുടെ ഭാഗമായി മറ്റെന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നു എന്ന് ആർക്കറിയാം? മാത്രമല്ല, അഹമ്മദാബാദിലെ ആ ക്യാമ്പിൽ സംബന്ധിച്ച യുവതി യുവാക്കൾ എന്നിലൂടെ ദൈവികസന്ദേശം കേൾക്കയും ഇല്ലായിരുന്നു.

ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവഹിതം കണ്ടെത്തുന്നത് എത്രയോ ആവശ്യമായിരിക്കുന്നു. അത്തരം ചെറിയ വിജാഗിരികളിൽ എത്രയോ വലിയ വാതിലുകളാണ് തിരിയേണ്ടത് എന്ന് നാം പലപ്പോഴും ഗ്രഹിക്കാറില്ല!!

13 ചെറിയ തീരുമാനങ്ങളുടെ പ്രാധാന്യം


ചെറുപ്പത്തിൽ നാം എടുക്കുന്ന ചെറിയ തീരുമാനങ്ങൾ പോലും വളരെ പ്രധാനപ്പെട്ടവയാണ്.

ആത്യന്തികമായി നമ്മുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതത്തിനു പുറത്തേക്ക് നമ്മെ നയിക്കുവാൻ അങ്ങനെയുള്ള ചില തീരുമാനങ്ങൾക്ക് ശക്തിയുണ്ട്. അതിനാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ തിടുക്കം കാണിക്കാതെ ദൈവഹിതം കണ്ടെത്തുവാനായി ക്ഷമയോടെ കാത്തിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നാവികസേനയോടു വിടപറഞ്ഞശേഷം കർത്താവിന്റെ വേല എങ്ങനെ തുടങ്ങണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. എവിടെ തുടങ്ങണം എന്നോ എവിടെ താമസിക്കണം എന്നുപോലുമോ വ്യക്തമല്ലായിരുന്നു. എനിക്ക് അറിയാമായിരുന്ന ഒരു മൂത്തസഹോദരൻ തന്റെ സഭയിൽ ചില ദിവസങ്ങൾ തന്നോടൊപ്പം താമസിച്ച് ദൈവഹിതത്തിനായി കാത്തിരിക്കാൻ ക്ഷണിക്കുകയുണ്ടായി. ഞാൻ ചില ദിവസങ്ങളിൽ ഉപവാസത്തോടെ ഏകദേശം ഒരുമാസം അദ്ദേഹത്തിന്റെ സഭയിൽ ആയിരുന്നു. പ്രാർത്ഥനയുടെ ആ ദിവസങ്ങൾക്കു ശേഷവും എന്തുചെയ്യണമെന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. തക്കസമയത്ത് എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവികപദ്ധതി വെളിപ്പെടുത്തിത്തരും എന്നുള്ള ഉറപ്പ് എന്റെ മനസ്സിനെ സ്വസ്ഥമാക്കിയിരുന്നു. നാളെയെപ്പറ്റി ആകുലചിന്തയില്ലാതെ ഓരോദിവസവും മുമ്പോട്ടു പോയി. നമ്മുടെ ഉദ്ദേശ്യശുദ്ധി ശോധനചെയ്യാനും നമ്മെ ക്ഷമ പഠിപ്പിക്കുവാനുമായി ദൈവം അനിശ്ചിതത്വത്തിന്റെ അത്തരം ഇടവേളകൾ അനുവദിക്കുന്നു എന്ന് ഇന്ന് എനിക്ക് വ്യക്തമായി അറിയാം. എന്റെ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും സമയങ്ങൾ വളരെ പ്രയോജനകരമായിരുന്നു. തുടർന്നുള്ള ആഴ്ചകളിലും വർഷങ്ങളിലും ഞാൻ എടുത്ത തീരുമാനങ്ങളിൽ തെറ്റുപറ്റാതെ എന്നെ കാത്തത് ഈ സമയങ്ങളായിരുന്നു.

ദൈവവചനം പഠിപ്പിക്കുവാൻ ദൈവത്തെ വിശ്വസിക്കുക.

ഞാൻ ഒരു വേദപഠനശാലയിൽ ചേർന്ന് ഒരു ബിരുദം സമ്പാദിക്കുന്നത് ദൈവവേലയ്ക്ക് നല്ല ഒരു തയ്യാറെടുപ്പായിരിക്കും എന്നും ശുശ്രൂഷയ്ക്കായി തന്മൂലം പലവാതിലുകളും തുറക്കപ്പെടും എന്നും ഒരാൾ നിർദ്ദേശിക്കുക യുണ്ടായി. ബൈബിൾ സ്കൂളുകൾക്ക് ഞാൻ എതിരല്ലായിരുന്നു. എന്നാൽ താഴെപ്പറയുന്ന കാര്യങ്ങൾ എനിക്ക് വ്യക്തമായിരുന്നു:

  1. പഴയനിയമകാലത്ത് യിസ്രായേലിൽ വേദപഠനശാലകൾ ഉണ്ടായിരുന്നെങ്കിലും ഒരു യഥാർത്ഥപ്രവാചകനും അത്തരം ‘ബൈബിൾ സ്കൂളുകളിൽ’ നിന്നു പുറത്തുവന്നിട്ടില്ല.
  2. പുതിയനിയമകാലത്തും യേശു തന്റെ ശിഷ്യന്മാരെ ഒരിക്കലും ഒരു വേദപഠനശാലയിലേക്ക് അയച്ചില്ല. യെരുശലേമിൽ ഗമാലിയേൽ അത്തരം ഒരു സ്ഥാപനം അക്കാലത്ത് നടത്തിയിരുന്നു.
  3. ഇക്കാലത്തും 99 ശതമാനം ദൈവമക്കളും ഭൗതികമായ ഒരു തൊഴിൽ ചെയ്യുന്നവരാകയാൽ ഒരിക്കലും ഒരു ബൈബിൾ സ്കൂളിൽ ചേർന്നു പഠിക്കാൻ അവർക്കു കഴികയില്ല.


ഒരു ബൈബിൾ സ്കൂളിൽ ചേരാതെ കർത്താവിന്റെ വേല ഫലപ്രദമായി ചെയ്യുവാൻ കഴിയുമെന്ന് തെളിയിച്ചുകൊടുത്തുകൊണ്ട് മേൽപ്പറഞ്ഞ 99 ശതമാനം പേർക്ക് ഒരു മാതൃകയായിരിക്കണം എന്ന് എനിക്കുതോന്നി. തന്മൂലം ഒരു ബൈബിൾ സ്കൂളിൽ ചേരാതെ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യന്മാരെ അഭ്യസിപ്പിച്ചതുപോലെ ദൈവവചനവും അവിടുത്തെ വഴികളും അഭ്യസിപ്പിക്കാൻ പരിശുദ്ധാത്മാവിനെ വിശ്വസിക്കുവാൻ ഞാൻ തീരുമാനിച്ചു. അക്കാലത്ത് കാനഡായിലുള്ള ഉന്നത നിലവാരം പുലർത്തുന്ന ഒരു ബൈബിൾ കോളേജ് വിമാനയാത്രക്കൂലിയും പൂർണ്ണ സ്കോളർഷിപ്പും ഉൾപ്പെടെ അവിടെ പഠിക്കാൻ എനിക്ക് അവസരം വാഗ്ദാനം ചെയ്യുകയുണ്ടായി. പല വിശ്വാസികളെ സംബന്ധിച്ചും വളരെ ആകർഷകമായ ഒരു വാഗ്ദാനമാണിത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയില്ല. തന്മൂലം ആ സാധ്യത ഞാൻ ഉപേക്ഷിച്ചു. എന്റെ ഒരു സ്നേഹിതൻ ആ സാധ്യത പ്രയോജനപ്പെടുത്തുകയും ഒടുവിൽ കാനഡായിൽ സ്ഥിരതാമസമാക്കുകയും ചെയ്തു!!. അത്തരം ഒരവസ്ഥ എനിക്കു വരാതെ അവിടുത്തെ ഇഷ്ടം നഷ്ടമായിപ്പോകാതെ ദൈവം തന്നെ എന്നെ രക്ഷിച്ചു. ബൈബിൾ സ്കൂളുകൾ വേദവിദ്യാർത്ഥികളെ ചിന്തിപ്പിക്കുവാൻ പഠിപ്പിക്കുന്ന ഒരു വിധമുണ്ട്. അത്തരം ഒരു മാനസികാഭ്യസനത്തിലൂടെ ഒരിക്കലും ലഭ്യമല്ലാത്ത നിലയിൽ അത്ഭുതകരമായ വെളിപ്പാടുകൾ അവിടുത്തെ വചനത്തിൽ നിന്നും ദൈവം എനിക്ക് നൽകി എന്നതിനാൽ ഒരു ബൈബിൾ സ്കൂളിൽ പഠിക്കാഞ്ഞതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. തങ്ങളുടെ ജീവിതവും രചനകളുംകൊണ്ട് എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മാഡം ഗയോൺ, ചാൾസ് ഫിന്നി, ഡി. എൽ. മൂഡി, ജെസ്സി പെൻ ലൂയിസ്, വാച്ച്മാൻ നീ, എ. ഡബ്ല്യു. റോസർ, സാധു സുന്ദർസിംഗ്, ഭക്തസിംഗ് തുടങ്ങിയവർ ആരും തന്നെ ഒരിക്കലും ഒരു ബൈബിൾ സ്കൂൾ പരിശീലനം നേടിയവരായിരുന്നില്ല.

എന്റെ ഭൗതികാവശ്യങ്ങൾക്കായി ദൈവത്തെ വിശ്വസിക്കുക.

ദൈവവചനത്തിൽ ഞാൻ മറ്റൊരു സത്യം കണ്ടെത്തി. യേശുവോ അവിടുത്തെ അപ്പോാലന്മാരോ അവരുടെ വ്യക്തിപരമായോ ശുശ്രൂഷാപരമായോ ഉള്ള ഭൗതികാവശ്യങ്ങൾ ഒരിക്കലും ഒരു മനുഷ്യനോടുപോലും അറിയിച്ചിരുന്നില്ല. അവരുടെ എല്ലാ ആവശ്യങ്ങൾക്കായും അവർ സ്വർഗ്ഗീയ പിതാവിനെ മാത്രം ആശ്രയിച്ചിരുന്നു. ഞാൻ നാവികസേനയിൽ സേവനം ചെയ്ത എട്ടുവർഷത്തെ എന്റെ എല്ലാ സമ്പാദ്യവും കർത്താവിന്റെ വേലയ്ക്കായും പാവപ്പെട്ട വിശ്വാസികൾക്കായും നൽകിക്കഴിഞ്ഞിരുന്നു. അങ്ങനെ ജോലിയിൽ നിന്നു ഞാൻ വിരമിച്ചത് യാതൊരു സമ്പാദ്യമോ ബാങ്കുനിക്ഷേപമോ ഇല്ലാത്ത ഒരുവനായിട്ടാണ്. ഞാൻ ജോലി ചെയ്ത കാലത്ത് ഇന്ത്യൻ നാവികസേന എന്റെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റിത്തന്നിരുന്നെങ്കിൽ, ഞാൻ കർത്താവിനെ സേവിക്കാനായി ഇറങ്ങിയ ശേഷം എന്റെ സ്വർഗ്ഗീയപിതാവ് എത്രയധികം വിശ്വസ്തനായി എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായവൻ എന്ന വിശ്വാസം എന്നെ ഭരിച്ചു.

എപ്പോൾ, ഏതു വിധത്തിൽ എന്റെ ആവശ്യങ്ങൾ നിറവേറ്റിത്തരണം എന്ന് കൃത്യമായി അറിയുന്ന എന്റെ സ്വർഗ്ഗീയ പിതാവിനെയല്ലാതെ എന്റെ ആവശ്യങ്ങൾ മറ്റാരെയും അറിയിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചു. ചിലപ്പോഴൊക്കെ മറ്റു വിശ്വാസികളിൽ നിന്നു ചില ദാനങ്ങൾ എനിക്കു ലഭിച്ചിരുന്നെങ്കിലും നാവിക സേനയിൽ ലഭിച്ചിരുന്നതിന്റെ പതിനഞ്ചു ശതമാനം പോലും ആ തുക എത്തിയിരുന്നില്ല. എന്നാൽ ലളിതജീവിതം നയിക്കുവാൻ അഭ്യസിച്ചതിനാൽ ഒരിക്കലും എനിക്ക് ഇല്ലായ്മ അനുഭവിക്കേണ്ടി വന്നില്ല.

ഇന്ത്യയിൽ ക്രിസ്തീയ റേഡിയോ പ്രക്ഷേപണത്തിൽ ഏർപ്പെട്ടിരുന്ന ഒരു പാശ്ചാത്യ സംഘടനയുടെ സാരഥി ഒരു ദിവസം ആ സംഘടനയുടെ ഡയറക്ടറായിരിക്കാൻ എന്നെ ക്ഷണിച്ചു. വലിയ ഒരു ശമ്പളത്തിനു പുറമേ, വീട്ടുവാടക, കാർ, ടെലിഫോൺ തുടങ്ങിയ മറ്റാനുകൂല്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പായിരുന്നു. എന്നാൽ ഞാൻ അവരോടൊന്നിച്ച് പ്രവർത്തിക്കുന്നത് ഭരണപരമായ കാര്യങ്ങളിലായിരിക്കും. ദൈവവചനം പ്രസംഗിക്കുവാനാണ് ദൈവം എന്നെ വിളിച്ചത് എന്നതിനാൽ തികച്ചും ആകർഷകമായ ഒരു വാഗ്ദാനം ആയിരുന്നെങ്കിൽത്തന്നെ ഒരു മേശയ്ക്കു പിന്നിലിരുന്ന് ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. തന്മൂലം ആ വാഗ്ദാനം നിരസിച്ച് എന്റെ ആവശ്യങ്ങൾക്കായി കർത്താവിങ്കലേക്കു മാത്രം ഞാൻ തുടർന്നും നോക്കുകയായിരുന്നു.

ഏതാണ്ടു നാല്പതു വർഷങ്ങളായി എന്റെയും കുടുംബത്തിന്റെയും എല്ലാ ആവശ്യങ്ങളും കർത്താവ് എത്രയും വിശ്വസ്തതയോടെ നിറവേറ്റി ക്കൊണ്ടിരിക്കുന്നു.

പ്രായമുള്ള ദൈവഭൃത്യന്മാരുടെ മാതൃക പിൻപറ്റി ചെറുപ്പക്കാർ പലപ്പോഴും ദൈവവചനത്തിന്റെ പ്രമാണങ്ങളോട് ഒത്തുതീർപ്പുണ്ടാക്കാറുണ്ട്. എന്നാൽ കർത്താവിൽ മാത്രം ആശ്രയിച്ച് ദൈവവചനത്തിന്റെ പ്രമാണങ്ങൾ മുറുകെപ്പിടിച്ചാൽ ദൈവം നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും. ദൈവത്തെ നിങ്ങൾ കുറെക്കൂടി നന്നായി അറിയുകയും നിങ്ങളുടെ ശുശ്രൂഷ കൂടുതൽ സമ്പന്നമാകയും ചെയ്യും.

ചെറുപ്പക്കാരായ ഓരോരുത്തരും ദൈവവചനത്തിന്റെ പ്രമാണങ്ങളെ മുറുകെപ്പിടിക്കാൻ ഞാൻ അവരെ ഉത്സാഹിപ്പിക്കുന്നു. എന്തു വിലയും അതിനായി നിങ്ങൾ കൊടുക്കണം.

14 വിവാഹിതനാകണമോ വേണ്ടയോ?


1963-ലെ ഒരു ദിവസം. ഞാൻ കൊച്ചിയിൽ നാവികത്താവളത്തിൽ അപ്പോഴും തുടരുകയായിരുന്നു. ദൈവവചനം ധ്യാനിക്കവേ യിരെമ്യാവിന്റെ പ്രവചനം 16-ാം അദ്ധ്യായം രണ്ടാം വാക്യത്തിൽ ഞാൻ ഇങ്ങനെ വായിച്ചു. “നീ ഈ സ്ഥലത്ത് ഒരു ഭാര്യയെ എടുക്കയോ നിനക്ക് ഇവിടെ പുത്രീപുതന്മാർ ഉണ്ടാകയോ അരുത്.” ദൈവവചനപാരായണത്തിൽ ചിലപ്പോൾ ഒരു വചനം അസാധാരണമാം വിധത്തിൽ ശ്രദ്ധിക്കപ്പെടുകയും എന്റെ മനസ്സിൽ ആഴമായ മുദ്രപതിപ്പിക്കയും ചെയ്യാറുണ്ടായിരുന്നു. ഈ വാക്യം അത്തരം ഒന്നായിരുന്നു. എനിക്ക് വ്യക്തിപരമായി ദൈവത്തിൽ നിന്നുള്ള ഒരു വചനമായിരിക്കാം ഇത് എന്ന ചിന്ത ശക്തമായി. പ്രാർത്ഥനയിൽ ഞാൻ ദൈവമുഖം അന്വേഷിക്കയും എനിക്ക് വ്യക്തിപരമായി ദൈവം നൽകുന്ന ഒരു വചനമാണിതെന്ന് എനിക്ക് ഉറപ്പുലഭിക്കയും ചെയ്തു. കർത്താവിനെ ശുശ്രൂഷിക്കാനായി എന്റെ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുവാൻ ഞാൻ തീരുമാനം എടുത്തു. ഞാൻ അക്കാലത്ത് കർത്താവിന്റെ വേലയിൽ വ്യാപൃതനായിരുന്നതിനാൽ വിവാഹജീവിതം സമ്മാനിക്കുന്ന പല ബുദ്ധിമുട്ടുകളും ഒഴിവായി ഏകാഗ്രതയോടെ ശിഷ്ടായുസ്സ് കത്തൃ സേവയിൽ ചെലവഴിക്കാം എന്ന ചിന്ത എനിക്ക് വളരെ സന്തോഷം നൽകി. (16)001. 7:32-35)

ഇരുപത്തിനാലു വയസ്സുള്ള യുവാവായിരുന്ന എനിക്ക് സമപ്രായക്കാർക്കുള്ള എല്ലാ സാധാരണ മോഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവിവാഹിതനായി തുടരുന്നത് ദൈവഹിതമാണെന്ന് വ്യക്തമായ സ്ഥിതിക്ക് ചെറുപ്പക്കാരായ സഹോദരിമാരെ ഭാവി ജീവിതപങ്കാളികളാകാൻ സാദ്ധ്യതയുള്ളവരെന്ന ദൃഷ്ടിയോടെ നോക്കുന്നത് ഞാൻ പൂർണ്ണമായും ഒഴിവാക്കി. സുവിശേഷസന്ദേശവുമായി ഞാൻ യാത്രചെയ്തിരുന്ന ഇടങ്ങളിലൊക്കെ ആകർഷണീയരായ അനേകം ക്രിസ്തീയയുവതിമാരെ ഞാൻ കണ്ടുമുട്ടുക സാധാരണയായിരുന്നു. എന്നാൽ ഒരു നിമിഷം പോലും അവരിൽ ഒരാളെപ്പോലും വിവാഹത്തിനായി പരിഗണിക്കാൻ ഞാൻ തയ്യാറായില്ല. എന്റെ ജീവിതം സംബന്ധിച്ച ദൈവവിളിയോട് തികച്ചും സത്യസന്ധനാകാൻ ഞാൻ നിർണ്ണയിച്ചിരുന്നു. ഒരു സമ്മേളനത്തിൽ ദൈവവചനം പ്രസംഗിക്കുമ്പോൾ പോലും സഹോദരിമാരുടെ ഭാഗത്തേക്ക് നോക്കാതെ സഹോദരന്മാരെ മാത്രം നോക്കുവാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു.

നാവികസേനയിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ സാമാന്യം വലിയൊരു ശമ്പളം എനിക്കു ലഭിച്ചിരുന്നതിനാൽ നന്നേ ചെറുപ്രായത്തിൽ തന്നെ എനിക്ക് പല വിവാഹാലോചനകളും വന്നിരുന്നു. പ്രാഥമിക പരിഗണന പോലും നൽകാതെ ഞാൻ അവയെല്ലാം തള്ളിക്കളയുകയാണുണ്ടായത്. അവിവാഹിതനായിക്കഴിയാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത് എന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു. എന്റെ സഭയിലും ഈ കാര്യം ഞാൻ അറിയിച്ചിരുന്നു. സഭയിലെ ചെറുപ്പക്കാരായ പെൺകുട്ടികളും (അവരുടെ മാതാപിതാക്കളും) എന്റെ വിളിയെപ്പറ്റി അറിയുകയും തന്മൂലം എനിക്ക് അവരോടു കൂടുതൽ സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴികയും ചെയ്തു. എന്നെപ്പറ്റി എന്തെങ്കിലും പ്രതീക്ഷകൾ ഉണ്ടാകാനുള്ള പഴുത് ഞാൻ അടച്ചുകളഞ്ഞു. കർത്താവിൽ നിന്നും എനിക്ക് ലഭിച്ച ഈ വചനം പല പരീക്ഷകളിൽ നിന്നും എന്നെ രക്ഷിക്കുകയുണ്ടായി. അപ്രകാരം എന്റെ യൗവനത്തിന്റെ പ്രാരംഭവർഷങ്ങൾ കർത്താവിനോടുള്ള ഏകാഗ്രതയിൽ സൂക്ഷിക്കപ്പെടുവാനും എന്റെ ഒഴിവുസമയങ്ങളെല്ലാം പ്രാർത്ഥനയിലും വചന പഠനത്തിലും ചെലവഴിക്കാനും കഴിഞ്ഞു.

1966 മെയ് മാസം. പൂർണ്ണസമയവും കർത്താവിനെ സേവിക്കാനായി ഞാൻ നാവികസേനയോട് വിടപറഞ്ഞു. ഞാൻ ശമ്പളം ഇല്ലാത്തവനും ഇന്ത്യയിലെ ഗ്രാമങ്ങളിൽ ദരിദ്രരായ ആളുകളുടെ ഇടയിൽ ക്രിസ്തീയ ശുശ്രൂഷ ചെയ്യുവാനുള്ളവനും ആകയാൽ ആരും എനിക്ക് വിവാഹാലോചനയുമായി വരികയില്ല എന്ന് ഞാൻ ആശ്വസിച്ചു. മുടികൊഴിച്ചിൽ മൂലം ഓരോ മാസം കഴിയും തോറും ഞാൻ കൂടുതൽ കഷണ്ടി ബാധിച്ചവനായിക്കൊണ്ടിരുന്നുതാനും. ചെറുപ്പക്കാരായ സഹോദരിമാരുടെ ദൃഷ്ടിയിൽ എന്നെ കുറേക്കൂടി അയോഗ്യനാക്കുന്ന ഒരു കാര്യമാകയാൽ കഷണ്ടിയും ഒരു നല്ലകാര്യമായി എനിക്കുതോന്നി!! എന്നാൽ തുടർന്നുള്ള മാസങ്ങളിൽ പല സ്ഥലങ്ങളിൽ യാത്ര ചെയ്ത് ക്രിസ്തീയ സമ്മേളനങ്ങളിൽ പ്രസംഗിക്കവേ മേൽപ്പറഞ്ഞ അയോഗ്യതകൾ ഒക്കെ ഉണ്ടായിട്ടും പല മാതാപിതാക്കളും അവരുടെ പെൺമക്കൾക്കായി “ആത്മവരമുള്ള ഒരു ദൈവഭൃത്യനെ” എന്നിൽ കാണാൻ തുടങ്ങി എന്നതായിരുന്നു വാസ്തവം. എന്റെ വളർന്നു വന്ന കഷണ്ടിപോലും ഇക്കാര്യത്തിൽ അവർക്ക് തടസ്സമായിരുന്നില്ല. വീണ്ടും ഞാൻ ജാഗരൂകനാകേണ്ട ആവശ്യം എനിക്ക് ബോദ്ധ്യമായി.

ക്രിസ്തീയ പ്രസംഗകർ അസാന്മാർഗ്ഗികവഴികളിൽ വീണുപോകുന്നതിനേപ്പറ്റി ഞാൻ കേട്ടിരുന്നു. അവർക്കുള്ള അതേ ജഡമാണ് എന്റേതും എന്ന് ഞാൻ ഗ്രഹിച്ചു. പൂർണ്ണസമയം കർത്താവിനെ സേവിക്കുന്ന അവിവാഹിതനായ ഒരാൾക്ക് നേരിടേണ്ടിവരുന്ന നിരവധി വിപത്തുകളെക്കുറിച്ചും ഞാൻ കണ്ടെത്തി. ആകയാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ദൈവഹിതം വീണ്ടും അന്വേഷിക്കാൻ ഞാൻ നിർബ്ബന്ധിതനായി. പ്രാർത്ഥന തുടരവേ വിവാഹത്തെപ്പറ്റി ചിന്തിക്കുവാൻ കർത്താവ് എന്നെ പ്രേരിപ്പിക്കുന്നതായി എനിക്കുതോന്നി. എന്നാൽ നാലു വർഷം മുമ്പ് യിരെമ്യാ 16:2ൽ കർത്താവ് എന്നോട് അരുളിച്ചെയ്തതിന് വിരുദ്ധമായ ഒരു കാര്യമായി ഇത് എനിക്കു തോന്നുകയും ചെയ്തു.

അപ്പോൾ അതേ വചനം വീണ്ടും വീണ്ടും ശ്രദ്ധയോടെ വായിക്കാൻ ഇടയായി. അതുവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം ആ വചനത്തിൽ പൊടുന്നനവേ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ സ്ഥലത്തുനിന്നും ഒരു ഭാര്യയെ എടുക്കരുത് (വിവാഹം കഴിക്കരുത്) എന്നാണല്ലോ കർത്താവ് പറഞ്ഞത്. ഞാൻ നാവികസേനയിൽ ആയിരിക്കുമ്പോൾ എന്താണ് അതിന്റെ അർത്ഥം എന്ന് ഗ്രഹിച്ച ഞാൻ വിവാഹിതനാകുന്ന പക്ഷം ദൈവത്തോട് അനുസരണക്കേട് കാണിക്കുകയാവും എന്ന ഭയത്തിൽ നിന്നും സ്വതന്ത്രനായി.

നാലു ദീർഘവർഷങ്ങൾ ആ വാക്യത്തിന്റെ ആദ്യഭാഗം ഗ്രഹിക്കുവാൻ ദൈവം എന്നെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. രണ്ടു കാരണങ്ങൾ ഞാൻ കണ്ടെത്തി.
(1) എന്റെ ജീവിതം മുഴുവൻ അവിവാഹിതനായിത്തുടരുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കണം എന്ന് കർത്താവ് ഇച്ഛിച്ചു. നാവികസേനയിലെ സേവനകാലത്ത് ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഇത് ഇടയാക്കി. അവിടുത്തെ വചനം ഏകാഗ്രതയോടെ പഠിക്കുവാൻ ഇത് അവസരം ഒരുക്കി. ഭാവിയിൽ ദൈവവചനം പഠിപ്പിക്കുന്ന ഒരു ശുശ്രൂഷ എനിക്കായി ഒരുക്കിയിരുന്ന കാര്യം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവിവാഹിതനായിരുന്ന കാലത്ത് എന്റെ ഹൃദയം ദൈവവചനത്തിൽ ആഴമായി വേരുറപ്പിക്കേണ്ടത് ആവശ്യമാണെന്നും വിവാഹം കഴിഞ്ഞാൽ അത്രത്തോളം സമയം അതിന് ലഭിക്കുകയില്ലെന്നും അവിടുന്ന് നന്നായി അറിഞ്ഞിരുന്നു.

(2) അബ്രാഹാം തന്റെ മകനായ യിസഹാക്കിനെ യാഗം അർപ്പിക്കുമോ എന്ന് ദൈവം പരീക്ഷിച്ചതുപോലെ ഞാൻ കർത്താവിനായി വിവാഹ ജീവിതം ത്യജിക്കാൻ തയ്യാറാകുമോ എന്ന് ദൈവം ശോധന ചെയ്യുകയായിരുന്നു. നാലു വർഷം എന്നെ ശോധന ചെയ്തശേഷം ഞാൻ അതിന് തയ്യാറാണെന്ന് ദൈവം കണ്ടപ്പോൾ എന്റെ “യിസഹാക്കിനെ” എനിക്ക് മടക്കിത്തരികയും വിവാഹത്തെപ്പറ്റി ചിന്തിക്കാൻ എന്നോട് പറയുകയുമാണ് ചെയ്തത്.

കഴിഞ്ഞകാലങ്ങളിൽ അവിടുത്തെ പ്രവാചകന്മാരും വിശുദ്ധന്മാരും നടത്തപ്പെട്ടതുപോലെ പടിപടിയായി ദൈവത്താൽ നടത്തപ്പെടുക എന്നത് എത്ര മഹത്തായ ഒരു പദവിയാണ്!.

15 ദൈവം തിരഞ്ഞെടുത്ത ജീവിതപങ്കാളി


വിവാഹം ചെറുപ്പത്തിൽ ദൈവത്തിന്റെ യാഗപീഠത്തിൽ ഞാൻ അർപ്പിച്ചിരുന്നു. എന്നാൽ തക്ക സമയത്ത് വിവാഹജീവിതത്തിലേക്കു ദൈവം എന്നെ നയിക്കുകയും എനിക്കു ലഭിക്കുമായിരുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ഭാര്യയെ നൽകുകയും ചെയ്തു. എനിക്ക് ഒരു ഭാര്യയെ തിരഞ്ഞെടുക്കാൻ ദൈവത്തെ അനുവദിച്ചതിൽ ഞാൻ അത്യധികം സന്തുഷ്ടനാണ്. കാരണം, ഏറ്റവും നല്ലത് തന്നെ എനിക്കു ലഭിച്ചു.

അസന്തുഷ്ടമായ നിരവധി കുടുംബങ്ങളെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നു. ഭർത്താക്കന്മാരുടെ ക്രിസ്തീയശുശ്രൂഷയിൽ അവരെ പിറകോട്ടു പിടിച്ചു വലിക്കുന്ന ഭാര്യമാർ ധാരാളമാണ്. ഒരു ബലഹീനനിമിഷത്തിൽ തെറ്റായ ഒരു തിരഞ്ഞെടുപ്പ് ഞാൻ നടത്തിയേക്കും എന്നുള്ള ഭയം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഏതെങ്കിലും കാരണവശാൽ എന്റെ തിരഞ്ഞെടുപ്പ് തെറ്റിപ്പോയാൽ വിവാഹദിവസം ആവശ്യമെങ്കിൽ ഒരു ഭൂമികുലക്കം അയച്ചാണെങ്കിലും എന്നെ രക്ഷിക്കണം എന്നു പോലും ഞാൻ പ്രാർത്ഥിച്ചിരുന്നു. ദൈവഹിതപ്രകാരമുള്ള ഒരാൾ മാത്രമേ എന്റെ ജീവിതപങ്കാളി ആകാവൂ എന്ന് എനിക്ക് നിർബന്ധമായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ഭാരതീയ ക്രിസ്ത്യാനികളുടെ സംസ്കാരത്തിൽ വിവാഹത്തിനുമുമ്പ് ഔപചാരികമായിട്ടല്ലാതെ യുവതീയുവാക്കന്മാർ തമ്മിൽ സംസാരിക്കാറില്ലായിരുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പെൺകുട്ടിയെപ്പറ്റി കൂടുതലായി വിവരങ്ങൾ ലഭിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഞാൻ വിവാഹത്തിനായി പരിഗണിക്കുന്ന പെൺകുട്ടിയെപ്പറ്റി ആവശ്യമുള്ള വിവരങ്ങൾ ദൈവം തന്നെ നൽകിയേ മതിയാകൂ എന്നായിരുന്നു.എന്റെ പ്രാർത്ഥന. “പൂർണ്ണതയുള്ള ദൈവഹിതം കണ്ടെത്തുവാൻ” അപ്രകാരമേ എനിക്ക് കഴിയുമായിരുന്നുള്ളൂ (റോമർ 12:2)

1967 ന്റെ മദ്ധ്യഭാഗം. എനിക്ക് ഇരുപത്തിയേഴരവയസ്സ് പ്രായം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആനിയെന്ന പെൺകുട്ടിയുമായുള്ള വിവാഹത്തെപ്പറ്റി ബ്രദർ ഭക്തസിംഗ് ഒരു ആലോചന കൊണ്ടുവന്ന് ആ കാര്യത്തെപ്പറ്റി പ്രാർത്ഥിക്കാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ആനി ഒരു ഡോക്ടർ ആണ്. എനിക്ക് അത് ഒരു വിഷയമേ ആയിരുന്നില്ല. എന്നാൽ അവൾ സഭയിലും, കോളജിലെ സഹവിദ്യാർത്ഥികളുടെ ഇടയിലും, വെല്ലൂർ ജയിലിലെ സ്ത്രീതടവുകാരുടെ ഇടയിലും ക്രിസ്തീയസാക്ഷ്യം വഹിക്കുവാൻ വളരെ ഉത്സുകയായിരുന്നു എന്ന കാര്യം എന്നെ ആകർഷിച്ചു. ഏതാണ്ട് ഈ കാലഘട്ടത്തിൽ ഇവാഞ്ചലിക്കൽ യൂണിയനിലെ രണ്ട് പൂർണ്ണസമയ പ്രവർത്തകർ വെവ്വേറേ (പരസ്പരം അറിയാതെ) ആനിയുമായുള്ള വിവാഹത്തെപ്പറ്റി നിർദ്ദേശിക്കുയുണ്ടായി. ഒന്നിലധികം പേരിൽ നിന്നും ഉണ്ടായ ഈ വിവാഹാലോചന ദൈവത്തിന്റെ പൂർണ്ണഹിതത്തിലുള്ള കാര്യമാണെന്ന് വ്യക്തമാകേണ്ടതിന് ആനിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതിനായി പ്രാർത്ഥിച്ചു. ക്രിസ്തീയ ശുശ്രൂഷയിലായിരുന്ന എന്റെ പ്രാഥമികമായ ഭാരം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെക്കുറിച്ച് ആയിരുന്നതിനാൽ അതേ ഭാരം പങ്കിടുന്ന, ദരിദ്രരോട് സ്നേഹവും കരുതലും ഉള്ള, ഒരാളായിരിക്കണം എന്റെ ജീവിതപങ്കാളി എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

വടക്കേ ഇന്ത്യയിലെ കുഷ്ഠരോഗികൾക്കായുള്ള ഒരാശുപത്രിയിൽ ജോലി ചെയ്യാൻ ആനി തീരുമാനിച്ചിരിക്കുന്നതായി ഞാൻ അറിഞ്ഞു. പതിനാറുവയസ്സ് പ്രായം ഉള്ളപ്പോൾ മുതൽ അവൾ വർഷത്തിലൊരിക്കൽ ആ ആശുപത്രിയിൽ സന്നദ്ധസേവനം ചെയ്തുവന്നിരുന്നു. ഇതിനുമുമ്പ് ഒരു വനിതാ ഡോക്ടറും ആ ആശുപത്രിയിൽ സേവനത്തിനായി പോയിരുന്നില്ല കുഷ്ഠരോഗികളുടെ ഇടയിൽ ജോലിചെയ്യുന്നത് ഒരു നല്ല ഭർത്താവിനെ കിട്ടാൻ തടസ്സമായേക്കും എന്ന് ബന്ധുക്കൾ ആനിയെ താക്കീതു ചെയ്തിരുന്നു. ബന്ധുക്കൾ തടസ്സമായി കണ്ട അതേ കാര്യം എന്നെ സംബന്ധിച്ചിടത്തോളം ആനിക്ക് സമൂഹത്തിലെ അഗതികളോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു.

ഒരു ദിവസം വെല്ലൂർ സഭയിലെ രണ്ടു സഹോദരന്മാർ തമ്മിലുള്ള ഒരു സംഭാഷണം ഞാൻ കേൾക്കാൻ ഇടയായി. ഒരാൾ മറ്റേ വ്യക്തിയോട് ആനിയെന്നുപേരുള്ള ഒരു സഹോദരിയുടെ കാര്യം പറയുകയായിരുന്നു. വെല്ലൂർ ആശുപത്രിയിലെ ദരിദ്രരായ രോഗികളുടെ വാർഡിൽ കിടന്ന സഭയിലെ ഒരു രോഗിയായ സഹോദരിയെ ശുശ്രൂഷിച്ചുകൊണ്ട് പലരാത്രി ചെലവഴിച്ച ആനിയെപ്പറ്റി അവർ മതിപ്പോടെ സംസാരിക്കുകയായിരുന്നു. ഞാൻ ആനിയെ വിവാഹപങ്കാളിയാക്കാൻ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ സഹോദരന്മാർ ഉണ്ടോ അറിയുന്നു. ആനിക്ക് പാവങ്ങളോടുള്ള പ്രതിപത്തി വെളിപ്പെടുത്താൻ ദൈവം അവിടുത്തെ പരമാധികാരത്തിൽ ആ സഹോദരന്മാരുടെ സംഭാഷണം ശ്രദ്ധിക്കാൻ എന്നെ അനുവദിക്കുകയായിരുന്നു.

പിന്നീട് ഞാൻ കണ്ടെത്തി, ഞാൻ വായിച്ചിരുന്ന അതേ ക്രിസ്തീയ ഗ്രന്ഥങ്ങളും മിഷനറി ജീവചരിത്രങ്ങളും ആനിയും വായിച്ചിരുന്നവെന്ന്. എന്നെപ്പോലെ തന്നെ ക്രൂശിന്റെ മാർഗ്ഗം അറിഞ്ഞ വ്യക്തിയായിരുന്നു ആനിയും. പാവങ്ങളുടെ ഇടയിൽ കർത്താവിന്റെ വേലചെയ്യാൻ ഞങ്ങൾ ഇരുവർക്കും ഒരേ വിധത്തിൽ അഭിവാഞ്ഛയുണ്ടായിരുന്നു. ദൈവഹിതത്തിന്റെ ഒടുവിലത്തെ ഒരു അടയാളത്തിനായി ഞാൻ കർതൃസന്നിധിയിൽ കാത്തി രുന്നു. എന്റെ ദിനംപ്രതിയുള്ള വേദവായനയിലൂടെയാണ് ആ ഉറപ്പ് ദൈവം നൽകിയത്. യെഹെസ്കേൽ 44-ാം അദ്ധ്യായത്തിന്റെ 15, 22, എന്നീ വചനങ്ങൾ വ്യക്തമായിരുന്നു. “അവർ എന്റെ അടുക്കൽ വന്ന് എന്നെ ശുശ്രൂഷിക്കും…… അവർ യിസ്രായേൽ ഗൃഹത്തിൽ നിന്നു ഭാര്യമാരെ എടുക്കും. എനിക്ക് അപ്പോൾ ആനിയെപ്പറ്റിയുള്ള ദൈവഹിതം വ്യക്തമാകയും ഹൃദയത്തിൽ അടുപ്പമുണ്ടാകുകയും ചെയ്തു.

ദൈവം അത്ഭുതകരമായ വിധത്തിൽ എന്നിൽ നിന്നും അകലെ 24വർഷം ഈ പെൺകുട്ടിയെ ഒരുക്കുകയും ഒടുവിൽ എന്റെ അടുത്തേക്ക് കൊണ്ടു വരുകയും ആയിരുന്നു. ആദാമിന് തുണയെ ഒരുക്കിയ ദൈവം എനിക്കു എല്ലാം കൊണ്ടും അനുയോജ്യയായ ഒരു ഭാര്യയെ ഒരുക്കിയിരുന്നു. ഭാരതീയസംസ്കാരത്തിന്റെ പരിമിതികൾ ദൈവത്തിനു പ്രശ്നമേ അല്ലെന്നും ഏദനിൽ പുരുഷനേയും സ്ത്രീയേയും ഒന്നാക്കിച്ചേർത്ത ദൈവം ഇന്നും ദമ്പതിമാരെ കൂട്ടിച്ചേർക്കുന്നുവെന്നും ഞാൻ വ്യക്തമായിക്കാണുകയായിരുന്നു.

ഞാൻ പ്രസംഗിക്കുന്നത് പലതവണ ആനി കേട്ടിരുന്നതിനാൽ കർത്താവിന്റെ വേലയ്ക്കായി എന്നെ അവിടുന്ന് വിളിച്ചതാണെന്ന് അവൾ അറിഞ്ഞിരുന്നു. എന്നാൽ എന്നെപ്പറ്റി മറ്റൊന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല. എനിക്ക് യാതൊരു സ്ഥിരവരുമാനവും ഇല്ലെന്നും എന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ ഞാൻ കർത്താവിനെ മാത്രം വിശ്വസിക്കുന്നവനാണെന്നും ഞാൻ മടികൂടാതെ തുറന്നു പറഞ്ഞു. എന്റെ ശുശ്രൂഷ ഏത് ദിശയിലേക്കാണ് തിരിയാൻ പോകുന്നത് എന്ന് എനിക്ക് നിശ്ചയമില്ലെന്നും ഞാൻ ആനിയോടു പറഞ്ഞു. എന്നെ സാമ്പത്തികമായി സഹായിക്കുവാൻ വലിയ പ്രാപ്തിയില്ലാത്ത ദരിദ്രജനങ്ങളുടെയും കോളജ് വിദ്യാർത്ഥികളുടെയും ഇടയിൽ ക്രിസ്തീയവേല ചെയ്യാനുള്ള ഭാരം എനിക്ക് ദൈവം നൽകിയിരുന്നു എന്നു മാത്രം ഞാൻ അറിഞ്ഞിരുന്നു. എനിക്ക് സമ്പാദ്യം ഒന്നും ഇല്ലായിരുന്നു. എന്റെ പിതാവ് കാര്യമായ സമ്പത്തൊന്നും ഇല്ലാത്ത സർക്കാർ ജോലിയിൽനിന്നും വിരമിച്ച ഒരു പെൻഷൻകാരനായിരുന്നുതാനും. സാമ്പത്തിക ഞെരുക്കത്തിന്റെയും പോരാട്ടങ്ങളുടെയും ഒരു കറുത്ത ചിത്രം ഞാൻ അവളുടെ മുമ്പിൽ വരച്ചു കാട്ടിയതോടൊപ്പം കർത്താവിനെ സേവിക്കുന്നതിലുള്ള അത്യധികമായ സന്തോഷത്തെപ്പറ്റിയും സംസാരിച്ചു. തിടുക്കം കൂട്ടാതെ ദൈവഹിതത്തിനായി കാത്തിരിക്കാനാണ് ഞാൻ ആനിയോട് പറഞ്ഞത്. ഇതേ സമയം നല്ല നിലയിലുള്ള ഡോക്ടർമാരിൽ നിന്നും ആനിക്ക് വിവാഹാലോചനകൾ വന്നു കൊണ്ടിരുന്നുതാനും. എന്നാൽ ആനി പ്രാർത്ഥനയിൽ ദൈവഹിതത്തിനായി കാത്തിരിക്കുകയും ഞാൻ തന്നെയാണ് അവൾക്കായി ദൈവം ഒരുക്കിയ ജീവിതപങ്കാളി എന്ന ബോധ്യത്തിൽ എത്തുകയും ചെയ്തു. ഈ കാര്യം മാതാപിതാക്കളോടും പറഞ്ഞു.

എന്നാൽ സ്ഥിരമായ യാതൊരു വരുമാനവും ഇല്ലാത്ത ഞാൻ അവളുടെ ഭർത്താവാകുന്നതിനെ ആനിയുടെ മാതാപിതാക്കൾ എതിർത്തു. തൊഴിലില്ലാത്ത ഞാൻ ഡോക്ടറായ ഭാര്യയുടെ വരുമാനം കൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നതായി അവർ ധരിച്ചുകാണും! ആനി തൊഴിൽ ചെയ്തു കൊണ്ടുവരുന്ന വരുമാനത്തിൽ ആശ്രയിക്കാതെ ഞങ്ങളുടെ ആവശ്യങ്ങൾക്കായി കർത്താവിനെ മാത്രം ആശ്രയിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണെന്ന വസ്തുത അവരുണ്ടോ അറിയുന്നു! (കഴിഞ്ഞ 37 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഡോക്ടർ എന്ന നിലയിൽ യാതൊരു സമ്പാദ്യവും ആനി ഉണ്ടാക്കിയിട്ടില്ല; എന്നാൽ മറ്റുള്ളവർക്ക് സൗജന്യമായ വൈദ്യസ ഹായം നൽകിവരുന്നതേയുള്ളൂ.)

ആനിയുടെ മാതാപിതാക്കളെ മാനിച്ച് അവർക്കുകൂടി ബോധ്യമാകും വരെ ക്ഷമയോടെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ച് പ്രാർത്ഥനയിൽ തുടർന്നു. ആറുമാസത്തിനകം ദൈവം പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും അവളുടെ പിതാവ് ഈ വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു.

വീണ്ടും നാലുമാസത്തിനുശേഷം ഞങ്ങൾ വിവാഹിതരായിത്തീർന്നു.

ഭക്തസിംഗ് എന്ന ദൈവദാസൻ 1968 ജൂൺ പത്തൊമ്പതാം തീയതി വെല്ലൂരിൽ വെച്ച് ഞങ്ങളുടെ വിവാഹം നടത്തിയ സമയത്ത് പറഞ്ഞ വചനങ്ങൾ ഒരു പ്രവചനമായിരുന്നു. “അനേകം രാജ്യങ്ങളിലെ അനേകം ജനങ്ങളുടെ അനുഗ്രഹത്തിനായി ഇന്ന് ഇവർ വിവാഹത്തിൽ യോജിപ്പിക്കപ്പെടുന്നു. അവരുടെ ദാമ്പത്യബന്ധത്തിലൂടെ ദൈവത്തിന്റെ വെളിച്ചം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തിയോടെ പ്രകാശിക്കാൻ ഇടയാകും”. 30 വർഷങ്ങൾക്കുശേഷം ഞങ്ങളുടെ വിവാഹ ശുശ്രൂഷയുടെ കസെറ്റ് വീണ്ടും കേട്ടപ്പോൾ മാത്രമാണ് ഞങ്ങൾ ഇത്രയും നാൾ അത്ര കാര്യമാക്കാതിരുന്ന ഭക്തസിംഗിന്റെ പ്രവചനം പൂർണ്ണമായും നിറവേറിയതായി ഗ്രഹിച്ചത്.

എന്റെ യാത്രകളിൽ ഞാൻ ധാരാളം വനിതകളെ കഴിഞ്ഞ 37 വർഷങ്ങളായി ലോകമെമ്പാടും കണ്ടുമുട്ടിയിട്ടുണ്ട്. ദൈവം എനിക്കുവേണ്ടി തെരഞ്ഞെടുത്ത ആനിയെപ്പോലെ എനിക്ക് അനുയോജ്യയായ ഒരാളെ ഇന്നുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം.

എല്ലാകാര്യങ്ങളിലും ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്ന ഒരാൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ തെരഞ്ഞെടുപ്പ് എത്ര പൂർണ്ണതയുള്ളതായിരിക്കും! അവിടുത്തെ നാമത്തിനുമാത്രം സർവ്വമഹത്വവും ഉണ്ടാവട്ടെ!!

16 മരണത്തിൽ നിന്നുളള വിടുതൽ

ഇത്ര വലിയ മരണത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു. മേലാലും വിടുവിക്കും.” (2കൊരി 1:10)

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ മരണം ഉറപ്പായ സന്ദർഭങ്ങളിൽ നിന്നും ദൈവിക ഇടപെടൽ മൂലം അത്ഭുതകരമായ വിടുതൽ ഉണ്ടായിട്ടുണ്ട്. എന്റെ വ്യക്തിപരമായ ജീവിതത്തിലും അതുപോലെയുള്ള ചില സന്ദർഭങ്ങൾ നന്ദിപൂർവ്വം ഓർക്കാനുണ്ട്. ഇപ്രകാരം മരണത്തിൽ നിന്നു നീക്കുപോക്കു നൽകുന്നതിൽ ദൈവത്തിന് പ്രത്യേകമായ ഉദ്ദേശ്യമുണ്ട്.

1951 ൽ എനിക്ക് ഏകദേശം 12 വയസ്സ് പ്രായമുള്ളപ്പോൾ ഉണ്ടായ ഒരു സംഭവം ആദ്യം പറയാം. എന്റെ മാതാപിതാക്കന്മാരോടൊത്ത് ഒരു ദിവസം വീടിനു വെളിയിൽ ഒരു ടേബിൾ ലാംബിന്റെ വെളിച്ചത്തിൽ ഞാൻ ഇരിക്കുകയായിന്നു. പെട്ടെന്ന് ടേബിൾ ലാംബ് അണഞ്ഞുപോയി. എന്നാൽ വീടിനുള്ളിൽ വൈദ്യുതി ഉണ്ടായിരുന്നുതാനും. ടേബിൾ ലാംബിന്റെ വൈദ്യുതി എത്തിക്കുന്ന വയറിൽ ഇടയ്ക്ക് എവിടെയെങ്കിലും പൊട്ടൽ ഉണ്ടാവാം എന്ന് എനിക്ക് തോന്നി. വീണ്ടുവിചാരമില്ലാതെ ഞാൻ ആ വയർ കൈയിൽ എടുത്ത് ഇരുട്ടിൽ എവിടെയാണ് പൊട്ടൽ എന്ന് കൈകൊണ്ട് തടവി നോക്കി കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ പൊട്ടലുണ്ടായ ഭാഗത്ത് എന്റെ വിരലുകൾ സ്പർശിക്കാൻ ഇടയായി. ഇലക്ട്രിക് ഷോക്കടിച്ച് ഞാൻ പുൽത്തകിടിയിൽ തെറിച്ചുവീണു, ഷോക്കടിച്ച് കമ്പി എന്റെ കൈയിൽ അപ്പോഴും ചുറ്റിയിരുന്നു. ഞാൻ ഉച്ചത്തിൽ കരഞ്ഞു. എന്റെ അമ്മ മനസ്സാന്നിദ്ധ്യം കൈവിടാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതിനാൽ എന്റെ ജീവൻ തിരിച്ചുകിട്ടി. അന്നു ഞാൻ വീണ്ടും ജനിച്ച് ഒരു ദൈവപൈതലായിരുന്നില്ല. അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഞാൻ നിശ്ചയമായും നരകത്തിൽ എത്തിയേനേ.

രണ്ടാമതായി ഞാൻ ഓർക്കുന്ന സംഭവം നേവിയിലെ ഉദ്യോഗകാലത്താണ്. 1965ൽ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിൽ നാവികസേനയുടെ മൈൻ കപ്പലിന്റെ ചുമതല എനിക്കായിരുന്നു. കറാച്ചി തുറമുഖത്ത് ബോംബാക്രമണം നടത്താൻ നാവികസേന ഒരുങ്ങുകയായിരുന്നു. നാവികസേനയിലെ വലിയ കപ്പലുകൾക്ക് മുന്നോടിയായിപ്പോയി ശത്രുസേന തുറമുഖസംരക്ഷണാർത്ഥം നിക്ഷേപിച്ചിട്ടുള്ള മൈനുകൾ സ്ഫോടനം നടക്കാതെ നീക്കം ചെയ്യുന്ന ജോലിയായിരുന്നു എന്റെ ചെറിയ കപ്പലിന് ഉണ്ടായിരുന്നത്. അങ്ങനെ ചെയ്താൽ മാത്രമേ നമ്മുടെ കപ്പൽ വ്യൂഹത്തിന് തുറമുഖത്തേക്ക് നീങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്റെ കപ്പലിൽ ആവശ്യമായ സജ്ജീകരണങ്ങളും പരിചയസമ്പന്നരായ നാവികരും ഉണ്ടായിരുന്നതിനാൽ ‘മൈൻ’ നീക്കം ചെയ്യുക താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ കറാച്ചി തുറമുഖത്തുള്ള പാക്ക് നാവികസേനയുടെ ദീർഘ ദൂരപീരങ്കികൾ നമ്മുടെ കപ്പലുകൾക്കു നേരേ ശക്തമായി വെടിയുതിർക്കുമ്പോൾ എന്റെ ചെറിയ കപ്പലിനാവും ആദ്യം നാശമുണ്ടാകുക. ഈ ചെറുകപ്പൽ ശത്രുവിന്റെ ആക്രമണത്തിൽ മുങ്ങിപ്പോകുമെന്ന് മിക്കവാറും തീർച്ചയായിരുന്നു. നാവികവ്യൂഹത്തിലെ മറ്റേ കപ്പലുകൾക്ക് കറാച്ചി തുറമുഖം ആക്രമിക്കാനായി വഴിയൊരുക്കുവാൻ ഞങ്ങളുടെ കപ്പലുകൾ നഷ്ടപ്പെട്ടാലും നേവി അത് വലിയ നഷ്ടമായിക്കരുതുകയില്ലായിരുന്നു. ഏകദേശം രണ്ടാഴ്ചയായിയുദ്ധം നടക്കുകയാണ്. ഞങ്ങൾ കറാച്ചി ലക്ഷ്യമാക്കി നീങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ പൊടുന്നനെ വെടിനിർത്തൽ പ്രഖ്യാപനമുണ്ടായി. യുദ്ധം അവസാനിക്കുകയായിരുന്നു. അങ്ങനെ എന്റെ ജീവൻ നഷ്ടമാകാതെ ദൈവം കാത്തു. യുദ്ധം ചില ദിവസങ്ങൾ കൂടി നീണ്ടിരുന്നെങ്കിൽ ഞാൻ മറ്റു പലരോരൊപ്പം കറാച്ചി തുറമുഖത്തിനുവെളിയിൽ മരിച്ചുവീഴുമായിരുന്നു. എന്നാൽ ലോകസ്ഥാപനത്തിനുമുമ്പ് എന്നെക്കുറിച്ച് ഒരു പദ്ധതി ദൈവത്തിന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നതിനാൽ ഞാൻ അപ്പോൾ മരിക്കുക അസാദ്ധ്യമായിരുന്നു. അവിടുന്ന് എനിക്ക് വേണ്ടി യുദ്ധം നിർത്തിയതാണെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അവിടുത്തെ മക്കൾക്കായി എന്തും ചെയ്യാൻ ദൈവം തയ്യാറാവുക തന്നെ ചെയ്യും.

മൂന്നാമതൊരു സംഭവം കൂടി ഓർമയിൽ വരുന്നു. 1993 ഓഗസ്റ്റ് മാസം ബാംഗ്ലൂരിൽ വീട്ടിൽ നിന്നും ഏകദേശം 700 മീറ്റർ അകലെയുള്ള ഒരു റെയിൽവേ ക്രോസ്സിങ്ങ് കടക്കുന്ന സന്ദർഭം. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി എന്റെ മോപ്പഡിൽ ഞാൻ യാത്ര ചെയ്യുകയായിരുന്നു. റെയിൽവേ ഗേറ്റ് മുറിച്ച് മറുഭാഗത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കാതെ ഗെയിറ്റിലെ കാവൽക്കാരൻ റെയിൽവേ ഗേറ്റ് അടയ്ക്കുന്ന ഇരുമ്പ് പോസ്റ്റ് താഴത്തിയത് എന്റെ നെഞ്ചത്തും തോളിലും ഇടിച്ച് എന്നെ ബോധരഹിതനാക്കി നിലത്തുതള്ളിയിട്ടു.(പിന്നീട് എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞു അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജോലിക്കാരൻ ഗേറ്റ് അടയ്ക്കുന്നതിനെപ്പറ്റി വേണ്ട പരിചയമില്ലാത്ത പകരക്കാരനായിരുന്നുവെന്ന്) അബോധാവസ്ഥയിൽ എത്ര സമയം ഞാൻ അവിടെക്കിടന്നു എന്ന് ഇപ്പോഴും നിശ്ചയമില്ല. ആരോ എന്നെ പിടിച്ചെഴുന്നേല്പിച്ചപ്പോഴേക്കും ബോധം തിരിച്ചുകിട്ടി. ആശുപ്രതിയിൽ എത്തിയപ്പോൾ എന്റെ തലയോട്ടിക്ക് തലമുടിനാരിന്റെ വലിപ്പത്തിലുള്ള നേരിയ പൊട്ടൽ ഉള്ളതായും ഒരുതോളെല്ല് സ്ഥാനം തെറ്റിയതായും മനസ്സിലായി. ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ആ സമയത്ത് ഞാൻ കർത്താവിനോടു പറഞ്ഞു:

“യേശുവേ! കാൽവറിയിൽ എനിക്കായി അവിടുന്ന് ചെയ്ത വലിയ പ്രവത്തിക്ക് ഞാൻ മതിവരുവോളം നന്ദി പറഞ്ഞിട്ടില്ല. അങ്ങയെ ശുശ്രൂഷിക്കുന്നതിലൂടെ എന്റെ നന്ദി പറഞ്ഞു തീർക്കാൻ ചില വർഷങ്ങൾ കൂടി എനിക്ക് തരേണമേ. ചില ആഴ്ചകൾ എന്റെ കൈ ഒരു സ്ലിംഗിലായിരുന്നു. വേഗത്തിൽ ഞാൻ പൂർണ്ണസുഖം പ്രാപിച്ചു. ആ സംഭവത്തിനുശേഷം ഇപ്പോൾ 12 വർഷങ്ങൾ കൂടെ തികച്ചും ആരോഗ്യവാനായിരിക്കാൻ കർത്താവിനെ സേവിക്കാൻ, എന്നെ രക്ഷിച്ചതിലുള്ള നന്ദി പറയുവാൻ എനിക്ക് ദൈവം ഇടയാക്കിയിരിക്കുന്നു.

മുകളിൽ പറഞ്ഞ സംഭവങ്ങൾ കൂടാതെ ബാംഗ്ലൂരിൽ സ്കൂട്ടർ യാത്രയിൽ നിരവധി തവണ അപകടങ്ങളിൽ നിന്നും ദൈവം രക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ വേഗത്തിൽ യാത്ര ചെയ്യുമ്പോൾ ബ്രെയിക്ക് വയർ പൊട്ടിപ്പോയി. മറ്റ് ഡ്രൈവർമാരുടെ അശ്രദ്ധമൂലം സ്കൂട്ടറിൽ നിന്നും തെറിച്ചുപോയ സന്ദർഭങ്ങൾ പലതാണ്. കഴിഞ്ഞ 43 വർഷങ്ങളായി കാറും സ്കൂട്ടറും മാറി മാറി ഓടിച്ചിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ അത്യധികമായ കരുണമൂലം എനിക്കോ മറ്റാർക്കെങ്കിലുമോ ഗുരുതരമായ കേടുപാടുകൾ സംഭവിക്കാൻ ഇടയായിട്ടില്ല.

ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു ചെറിയ കാര്യം വ്യത്യസ്തമായിരുന്നെങ്കിൽ ഇന്ന് ഞാൻ ഭൂമുഖത്ത് ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്ന സത്യം അപകടങ്ങളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ദൈവം എന്തുകൊണ്ട് എന്നെ ഓരോ തവണയും രക്ഷിച്ചുവെന്ന് ചിന്തിക്കാറുണ്ട്. ഞാൻ എനിക്ക് വേണ്ടി ജീവിക്കാനല്ല, മറിച്ച് എനിക്കു വേണ്ടി ജീവൻ തന്ന കർത്താവിനായി ജീവിക്കണ്ടേതിനാണ് അവിടുന്ന് എന്നെ രക്ഷിച്ചതെന്ന് എനിക്കറിയാം. പലപ്പോഴും ഇത്തരം വിടുതലിന്റെ സന്ദർഭങ്ങൾ ഓർക്കുക വഴി കർത്താവിനായിമാത്രം എന്റെ ജീവിതത്തെ പുനസ്സമർപ്പണം ചെയ്യുവാൻ എനിക്ക് ഇടയായിട്ടുണ്ട്.

മരണത്തിൽ നിന്നും ദൈവം നമ്മെ രക്ഷിച്ച് സന്ദർഭങ്ങളെ നാം എല്ലാവരും ഓർക്കുകയും ദൈവം നമുക്കു ജീവൻ മടക്കിനൽകിയത് എന്തിനാണെന്ന് ചിന്തിക്കുകയും വേണം. അത്തരം ഓർമ്മകൾ നമ്മുടെ ജീവിതങ്ങളെ കർത്താവിനായി വീണ്ടും സമർപ്പിക്കാൻ നമ്മെ നിശ്ചയമായും സഹായിക്കും.

17 തകർച്ചയിലൂടെ ഒരു പുതിയ സേവനമാർഗ്ഗം


നാവിക സേനയിൽ നിന്നു പിരിഞ്ഞപ്പോൾ, ഇനിയുള്ള കാലം ബ്രദർ ഭക്തസിംഗിന്റെ ചുമതലയിലുള്ള സഭകളിൽ ദൈവവചനം ശുശ്രൂഷിക്കുക എന്ന ഏക ചിന്തയേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നമ്മുടെ ഭാവികാര്യങ്ങൾ മുഴുവനും പലപ്പോഴും ദൈവം വെളിപ്പെടുത്താറില്ലല്ലോ? ഞാൻ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ചില വഴിത്തിരിവുകൾ പൊടുന്നനെ എന്റെ ജീവിതത്തിൽ സംഭവിച്ചു.

1969-ൽ ഭക്തസിംഗുമായി ബന്ധപ്പെട്ട സഭയിലെ ചെറുപ്പക്കാരനായ ഒരു സഹോദരൻ എന്നോട് ചോദിച്ചു, ഭക്തസിംഗിന്റെ കാലശേഷം ഈ സഭകൾക്കെല്ലാം എന്തു സംഭവിക്കും എന്ന്. ഭക്തസിംഗിനെപ്പോലെയുള്ള ഒരു വ്യക്തിക്കുമാത്രമേ ഈ സഭകളെ എല്ലാം ഏകോപിപ്പിച്ചു നിർത്താൻ കഴിയൂ എന്ന് വിശ്വസിച്ച് ഞാൻ ആ സഹോദരനോടു പറഞ്ഞു, ഭക്തസിംഗിന്റെ കാലശേഷം സഭകൾ പലതായി ഭിന്നിച്ചു പോകും എന്ന്. ഒരു ദൈവമനുഷ്യന്റെ ശുശ്രൂഷയെപ്പറ്റി ഞാൻ ഒരിക്കലും തിടുക്കത്തിൽ അത്തരം ഒരു പ്രസ്താവന ചെയ്തുകൂടായിരുന്നു. കേവലം 30 വയസ്സുമാത്രം പ്രായമായിരുന്ന ഞാൻ ഒട്ടും ജ്ഞാനത്തോടെയല്ല അപ്രകാരം സംസാരിച്ചത്. ഭക്ത സിംഗിന്റെ ചില സഹപ്രവർത്തകർ എന്റെ വാക്കുകളെപ്പറ്റി കേട്ടപ്പോൾ ഒട്ടും വൈകാതെ കാര്യം ആ ദൈവദാസന്റെ കാതുകളിൽ എത്തിച്ചു. എന്റെ വാക്കുകൾ ഭക്ത സിംഗിന് എന്തെന്നില്ലാത്ത അസ്വസ്ഥത ഉളവാക്കിയതിനാൽ തന്റെ സഭകളിൽ ഇനിമേലാൽ പ്രസംഗിക്കാൻ എന്നെ അനുവദിച്ചുകൂടാ എന്ന് സഹപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഞാൻ ഒരിക്കൽ പ്രധാനപ്രസംഗകൻ ആയിരുന്ന അതേ സഭകളിൽ പെട്ടെന്ന് ഞാൻ ഒരധികപ്പറ്റായിത്തീർന്നു. എന്റെ വീണ്ടുവിചാരമില്ലാത്ത വാക്കുകൾകൊണ്ട് ശുശ്രൂഷയ്ക്കായി തുറക്കപ്പെട്ട വിശാലമായ ഒരു വാതിൽ എനിക്ക് നഷ്ടമായി. എന്റെ തെറ്റിനെയോർത്ത് ഞാൻ അനുതപിച്ചു. വെല്ലൂരിലുള്ള ഭക്ത സിംഗിന്റെ സഭയിൽ അതിനുശേഷം പിറകിലത്തെ നിരയിൽ, ദൈവവചനം പ്രസംഗിക്കാൻ അനുവാദം ഇല്ലാത്തവനായി എനിക്ക് ഇരിക്കേണ്ടി വന്നു. ഈ ശിക്ഷണനടപടിയിൽ ഇടറിപ്പോകാതെ മൗനമായിരിക്കാൻ ദൈവം എന്നോടു കല്പിച്ചു. ആ സഭയിലെ മൂപ്പൻമാരെ വിമർശിക്കാതെ അവരെ ബഹുമാനിക്കാനും എപ്പോഴും അവരോട് ഒരു നല്ല മനോഭാവം പുലർത്തുവാനും അവിടുന്ന് എന്നോട് പറഞ്ഞു. ഞാൻ അപ്രകാരം പ്രവർത്തിക്കയും ചെയ്തു.

എന്നാൽ എന്റെ ഭാവി ശുശ്രൂഷ എവിടെ ആയിരിക്കും എന്ന കാര്യത്തിൽ ഞാൻ ചിന്താക്കുഴപ്പത്തിലായി. മൂന്നുവർഷങ്ങൾക്കു മുമ്പ് നാവികസേനയിലേ ഉദ്യോഗം രാജിവച്ചപ്പോൾ ഞാൻ താലോലിച്ചിരുന്ന പദ്ധതികളെല്ലാം ചാമ്പലായ പ്രതീതി. ഞാൻ വിവാഹിതനായിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ. ഞങ്ങൾ എന്തുചെയ്യണം എന്ന കാര്യത്തിൽ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

വെല്ലൂരിലുള്ള ഭക്തസിംഗിന്റെ സഭയിൽ മൂപ്പന്മാരോട് നല്ല ഒരു മനോഭാവത്തോടെ മൂന്നു വർഷം ഞാൻ പിൻനിരയിൽ ഇരുന്നു. സഭയിലുള്ള പലരും എന്നെ തെറ്റിദ്ധരിച്ചു. എന്തുകൊണ്ടാണ് എനിക്ക് ഇത്തരത്തിലുള്ള ഒരു ശിക്ഷ ലഭിച്ചത് എന്ന് വിശദീകരിക്കാൻ ശ്രമിക്കാതെ ഞാൻ മൗനമായിരുന്നു. അതുവരെ എനിക്കുണ്ടായിരുന്ന പരസ്യ ശുശ്രൂഷ തുടരുന്നതിലാണോ എനിക്ക് താത്പര്യം അതോ കർത്താവിൽ മാത്രം എന്റെ സംതൃപ്തി കണ്ടെത്താൻ ഞാൻ തയ്യാറാണോ എന്ന കാര്യത്തിൽ ഞാൻ പരീക്ഷിക്കപ്പെടുകയായിരുന്നു. ദൈവം എന്നെ തകർക്കുന്ന കാലഘട്ടമായിരുന്നു അത്. എന്റെ ക്രിസ്തീയജീവിതത്തിൽ എപ്പോഴും ഞാൻ കർത്താവിനെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നതായിരുന്നു സത്യം. ഈ കാര്യം തെളിയിക്കുവാനും ഇപ്പോൾ ഞാൻ തയ്യാറായിരുന്നു.

ആ നാളുകളിൽ വെല്ലൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ ഇടയിൽ കർത്താവിനെ ശുശ്രൂഷിക്കാൻ ലഭിച്ചിരുന്ന അവസരങ്ങൾ എല്ലാം ഞാൻ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ത്യാക്കാരായ വിദ്യാർത്ഥികൾക്കായി എഴുതപ്പെട്ട ക്രിസ്തീയ ഗ്രന്ഥങ്ങളുടെ ദാരിദ്ര്യം അവരുടെ ഇടയിൽ ശുശ്രൂഷിച്ചപ്പോൾ ഞാൻ കണ്ടെത്തി. ക്രിസ്തീയ ഗ്രന്ഥശാലകളിൽ ലഭ്യമായിരുന്ന ചുരുക്കം പുസ്തകങ്ങൾ ഭാരതീയ കാഴ്ചപ്പാടില്ലാതെ പാശ്ചാത്യരായ എഴുത്തുകാർ രചിച്ചവയായിരുന്നുതാനും. നമ്മുടെ കുട്ടികൾക്ക് താങ്ങാനാവാത്ത വിലയുള്ളവയായിരുന്നു ആ പുസ്തകങ്ങളെല്ലാംതന്നെ. പുസ്തക രചനയിൽ എനിക്ക് മോഹങ്ങളൊന്നും ഇല്ലായിരുന്നു. ഞാൻ ഒരു എഴുത്തുകാരനാണെന്ന ചിന്തയും ഇല്ലായിരുന്നു. എന്നാൽ ചെറുപ്പക്കാരായ വിദ്യാർത്ഥികളെപ്പറ്റി ഒരു വലിയ ഭാരം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സമ്മേളനങ്ങളിൽ ഞാൻ അവരുമായി പങ്കുവച്ച കാര്യങ്ങൾ അവരുടെ സ്വകാര്യപഠനത്തിന് പ്രയോജനപ്പെടുമാറ് എഴുതി വയ്ക്കാൻ ഞാൻ തീരുമാനിച്ചു.

പ്രസംഗിക്കാനുള്ള ക്ഷണമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് എനിക്ക് ധാരാളം സമയം ലഭ്യമായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കായി ഞാൻ നൽകിയ നാലു സന്ദേശപരമ്പര എഴുതിയായിരുന്നു തുടക്കം. 60-70 പേജുകൾ എന്റെ പഴയ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്ത്, തെറ്റുതിരുത്തി ശരിയാക്കാൻ ദീർഘസമയം എടുത്തു. പല മാസങ്ങൾക്കുശേഷം ഞാൻ ആ കാര്യം പൂർത്തിയാക്കി. എന്റെ ആത്മാവിലുണ്ടായിരുന്ന ഭാരം ഒട്ടും നഷ്ടമാക്കാതെ കടലാസിലേക്കു പകർത്തുന്നതിൽ കർത്താവ് എന്നെ വളരെ സഹായിച്ചതായി കൈയെഴുത്തുപ്രതി വായിച്ചപ്പോൾ വ്യക്തമായി. വിദ്യാർത്ഥികളുടെ ഇടയിൽ ഏറ്റവും നന്നായി ഈ സന്ദേശം വിതരണം ചെയ്യാൻ എങ്ങനെ കഴിയും എന്നതായി അടുത്ത ചിന്ത. എന്റെ കൈയെഴുത്തുപ്രതിയേപ്പറ്റി ദൈവത്തിന് വളരെ മെച്ചമായ ചില പദ്ധതികളുണ്ടായിരുന്നു എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പടിപടിയായി അവിടുത്തെ വഴികൾ ദൈവം വെളിപ്പെടുത്തുകയായിരുന്നു.

ഭക്തസിംഗുമായി ബന്ധപ്പെട്ട സഭകളിലെ ശുശ്രൂഷയ്ക്കായുള്ള വാതിൽ നഷ്ടമായത് തികച്ചും എന്റെ തെറ്റുകൊണ്ടായിരുന്നെങ്കിലും, എന്റെ പരാജയത്തിൽ നിന്നുപോലും മഹത്തായ ചിലത് ഉളവാക്കാൻ ദൈവത്തിന് കഴിഞ്ഞു എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ആ സഭകളിൽ തുടർന്നിരുന്നെങ്കിൽ ഒരു ക്രിസ്തീയ എഴുത്തുകാരന്റെ ശുശ്രൂഷയിലേക്ക് ഞാൻ ഒരിക്കലും പ്രവേശിക്കയില്ലായിരുന്നു. നമ്മുടെ ദൈവം എത്ര മഹത്വപൂർണനും എത്ര നല്ലവനുമാണ്!!

ദൈവകരങ്ങളിൽ ഒരു പ്രവാചകദൗത്യത്തിനായി ചെറുപ്പത്തിൽ നുറുക്കപ്പെട്ട യിരെമ്യാവിനേപ്പോലെ ഇന്ന് എനിക്ക് ഇപ്രകാരം പറയാൻ കഴിയും. “ആശയറ്റു എന്ന് ഞാൻ കരുതി. ആ സംവത്സരങ്ങൾ ഭയാനകമായിരുന്നു. കർത്താവിന്റെ ആർദ്രകരുണ വറ്റിപ്പോകയില്ല എന്ന് ഞാൻ അറിഞ്ഞു. കർത്താവ് മാത്രമാണ് എന്റെ അവകാശം എന്നറിഞ്ഞ് ഞാൻ അവനിൽ മാത്രം പ്രത്യാശ വച്ചു. രാവിലെ തോറും അവിടുത്തെ ദയ പുതിയതെന്ന് ഞാനറിഞ്ഞു. കർത്താവിന്റെ വിടുതലിൻ സമയത്തിനായി മിണ്ടാതെ കാത്തിരിക്കുന്നതാണ് അഭികാമ്യമെന്ന് ഞാൻ അറിയുന്നു. അങ്ങനെ കാത്തിരിക്കുന്നവർക്ക് അവിടുന്ന് അത്ഭുതകരമായ വിധത്തിൽ നന്മ കാണിക്കുന്നു. ശിക്ഷണത്തിന്റെ കീഴിലായിരിക്കുന്നത് ഒരു ചെറുപ്പക്കാരന് നല്ലതു തന്നെ. കർത്താവിന്റെ കരങ്ങൾക്കു കീഴെ മുഖം പൊടിയിൽ അമർത്തി ഇരിക്കാൻ അവന് ഇടയാകട്ടെ. തന്നെ അടിക്കുന്നവർക്ക് കവിൾ കാണിച്ചുകൊടുക്കയും അവരുടെ ശകാരവാക്കുകൾ കേൾക്കയും ചെയ്യട്ടെ. എന്നാൽ അവന് പ്രത്യാശയ്ക്കു വകയുണ്ട്. കർത്താവ് അവനെ തള്ളിക്കളകയില്ല. ദൈവം അവന് കഷ്ടം വരുത്തിയാലും അവനോട് ധാരാളമായി കരുണകാണിക്കും.” (വിലാപങ്ങൾ 3:18-33. ലിവിംഗ് ബൈബിൾ പരാവർത്തനം) ഹല്ലേലുയ്യാ!!

18 ക്രൈസ്തവസാഹിത്യ രചനയിലേക്ക്


കഴിഞ്ഞ ലക്കത്തിൽ വിവരിച്ചതുപോലെ 1969 അവസാനമായപ്പോഴേക്കും എന്റെ ആദ്യത്തെ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി ഞാൻ ടൈപ്പു ചെയ്തുപൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. എന്നെപ്പോലെ അറിയപ്പെടാത്ത ഒരു ചെറുപ്പക്കാരന്റെ ഒരു പുസ്തകം ഏതെങ്കിലും പുസ്തകപ്രസാധകർ പ്രസിദ്ധീകരിക്കും എന്ന് എനിക്ക് തോന്നാതിരുന്നതിനാൽ ആ കൈയെഴുത്തു പ്രതി ആർക്കും അയച്ചുകൊടുക്കാതെ ഞാൻ തന്നെ സൂക്ഷിക്കുകയായിരുന്നു.

ആ കാലഘട്ടത്തിൽ വാച്ച്മാൻ നീയുടെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച “ആൻഗസ് കിനിയർ” എന്ന വ്യക്തി വെല്ലൂർ സന്ദർശിക്കുവാൻ ഇടയായി. ആ സമയത്ത് ഞാൻ പ്രസിദ്ധനായ ഈ ക്രിസ്തീയ എഴുത്തുകാരനെ കാണുവാനും ഇടയായി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ദൈവം തന്നെയാണ് ആ സമയത്ത് എനിക്കുവേണ്ടി മാത്രം അദ്ദേഹത്തെ വെല്ലൂരിലേക്ക് അയച്ചത് എന്ന് വ്യക്തമാണ്. പരിചയസമ്പന്നനായ ഒരു എഴുത്തുകാരനായ കിനിയ ഞാൻ എന്റെ കൈയെഴുത്തു പ്രതി കാണിക്കുകയും വായിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സദയം നൽകുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം അതിന് മനസ്സുവയ്ക്കുകയും കൈയെഴുത്തു പ്രതി ഇംഗ്ലണ്ടിലേയ്ക്കുള്ള മടക്കയാത്രയിൽ ഒപ്പം കൊണ്ടുപോകയും ചെയ്തു. അധികനാൾ കഴിയുംമുമ്പേ അദ്ദേഹത്തിന്റെ ഒരു കത്തും കിട്ടി. കൈയെഴുത്തുപ്രതി വായിച്ചശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടാൻ യോഗ്യമാണെന്ന് കണ്ട് അദ്ദേഹം ബോംബേയിലെ പുസ്തകപ്രസാധകരായ ഗോസ്പൽ ലിറ്ററേച്ചർ സർവ്വീസിന് ഉചിതമായ ഒരു പുറംചട്ടയും തയ്യാറാക്കി അയച്ചുകൊടുത്തിട്ടുണ്ട് എന്ന വിവരമായിരുന്നു കത്തിൽ. അങ്ങനെ “മുൻഗണന ഏതിന്” (Supreme priorities) എന്ന എന്റെ ആദ്യ പുസ്തകം 1970-ൽ വെളിച്ചം കണ്ടു. ദൈവം എന്നെ ക്രിസ്തീയ ഗ്രന്ഥരചനയിലേയ്ക്ക് തള്ളിവിടുകയായിരുന്നു.

അതേ വർഷം വിദ്യാർത്ഥികളുടെ ഇടയിൽ സുവിശേഷവേല ചെയ്യുന്ന UESI എന്ന സംഘടനയുടെ നേതാക്കൾ ചിലർ ഈ പുസ്തകം ശ്രദ്ധിച്ചതിനാൽ എന്നോട് രണ്ട് പുസ്തകങ്ങൾ എഴുതുവാൻ കഴിയുമോ എന്ന് ചോദിക്കാനിടയായി. ഒരു ഗ്രന്ഥം ദൈവഹിതം കണ്ടെത്തുന്നതിനെപ്പറ്റിയും മറ്റേത് സെക്സ് വിവാഹം എന്ന വിഷയത്തെപ്പറ്റിയും ആയിരിക്കുവാൻ അവർ ആഗ്രഹിച്ചു. ഭാരതീയ വിദ്യാർത്ഥികളുടെ ആത്മീയമായ ആവശ്യം മുൻനിർത്തിയാണ് ഈ രണ്ടു ഗ്രന്ഥങ്ങൾ ഉണ്ടാകണം എന്ന് അവർ താൽപര്യപ്പെട്ടത്. ഈ വിഷയത്തിൽ ഞാൻ ആത്മാർത്ഥമായി സ്വർഗീയജ്ഞാനത്തിനായി ദൈവമുഖമന്വേഷിക്കയും മൂന്നു മാസത്തിനുള്ളിൽ രണ്ടുഗ്രന്ഥങ്ങളുടെയും കൈയെഴുത്തു പ്രതികൾ തയ്യാറാക്കാൻ അവിടുന്ന് എന്നെ സഹായിക്കുകയും ചെയ്തു. തുർന്നുള്ള 4 മാസം കൊണ്ട് ആദ്യകൈയെഴുത്തുപ്രതിയിലെ തെറ്റുകൾ തിരുത്തുകയും എന്റെ പഴയ റ്റൈപ്പ് റൈറ്ററിൽ അച്ചടി ശാലയിൽ കൊടുക്കാനുള്ള കോപ്പി തയ്യാറാക്കുകയും ചെയ്തു. 1970 ലെ ഒരു രാത്രിയിൽ രണ്ടു ഗ്രന്ഥങ്ങളുടെയും അവസാന പേജ് ടൈപ്പ് ചെയ്ത് തീർത്തത് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു.

ഞാൻ റ്റൈപ്പ്റൈറ്റിങ് പഠിച്ചിട്ടില്ലായിരുന്നതിനാൽ ഓരോ അക്ഷരവും കീബോർഡിൽ കണ്ടെത്തി റ്റൈപ്പ് ചെയ്യുകയായിരുന്നു പതിവ് (“അന്വേഷിപിൻ കണ്ടെത്തും-മാർഗ്ഗം’ എന്ന് ഞാനതിനെ വിളിക്കട്ടെ! രണ്ടു കൈകളിലേയും ഓരോ വിരലുകൾ മാത്രം ഉപയോഗിക്കാനേ ഞാൻ പരിശീലിച്ചിരുന്നുള്ളൂ. തന്മൂലം വളരെ സാവധാനത്തിൽ മാത്രമേ റ്റൈപ്പിങ് ജോലി പുരോഗമിച്ചിരുന്നുള്ളൂ. പല മാസങ്ങളിലെ അദ്ധ്വാനഫലമായി എന്റെ ആ രണ്ടു വിരലുകളും നിർജ്ജീവമായതുപോലെ തോന്നിയ സന്ദർഭം ഓർക്കുന്നു. കൈയെഴുത്തുപ്രതി റ്റൈപ്പുചെയ്ത് പൂർത്തിയാക്കിയ രാത്രിയിൽ ദൈവം എന്നോട് ആവശ്യപ്പെട്ട ദൗത്യം പൂർത്തിയാക്കാൻ അവിടുന്ന് എനിക്ക് കൃപയും ജ്ഞാനവും നൽകിയതിലുള്ള സന്തോഷത്തോടെയാണ് ഞാൻ ഉറങ്ങാൻ കിടന്നത്. 1971 ലാണ് ജി.എൽ.എസ് എന്റെ മേൽപ്പറഞ്ഞ രണ്ട് ഗ്രന്ഥങ്ങൾ “ദൈവഹിതം കണ്ടെത്തുക”, “സെക്സ്, പ്രേമം, വിവാഹം” എന്ന പേരുകളിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. (ഇംഗ്ലീഷ് പതിപ്പ്).

1971 ൽ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇൻഡ്യയുടെ വാർഷിക സമ്മേളനത്തിൽ ദൈവവചനം സംസാരിക്കാൻ എനിക്ക് ക്ഷണം കിട്ടി. എലീശയുടെ ജീവിതത്തെ ആധാരമാക്കി മൂന്നു സന്ദേശങ്ങൾ വെല്ലൂരിൽ വച്ചു നടന്ന ആ സമ്മേളനത്തിൽ ഞാൻ നൽകുകയുണ്ടായി. ആ സമ്മേളനത്തിൽ വചനം പ്രസംഗിക്കാൻ അസാധാരണമായ വിധത്തിൽ ദൈവം എന്ന അഭിഷേകം ചെയ്തിരുന്നു. ഈ സന്ദേശങ്ങൾ മറ്റുള്ളവരും കേൾക്കണം എന്ന ചിന്ത തന്മൂലം എന്നിലുണ്ടായി. ഈ സന്ദേശങ്ങൾ പുസ്തകരൂപത്തിലാക്കിയതാണ്. “ദൈവത്തിന് ആവശ്യമുള്ള മനുഷ്യർ” എന്ന ഗ്രന്ഥം.

1971 പകുതിയോടെ തമിഴ്നാട്ടിലെ നീലഗിരിയിൽ നടന്ന കെസിക് കൺവൻഷനിൽ പ്രസംഗിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി. “സ്വയ ജീവനു പകരം ക്രിസ്തുവിന്റെ ജീവൻ എന്ന വിഷയത്തെ ആധാരമാക്കി നാലു സന്ദേശങ്ങൾ പ്രസ്തുത സമ്മേളനങ്ങളിൽ നൽകാനിടയായി.പ്രസംഗങ്ങൾ ടേപ്‌റെക്കോർഡറിൽ ആക്കി സൂക്ഷിക്കുന്ന രീതി അന്ന് സാധാരണയായിരുന്നില്ല. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ദൈവത്തിന്റെ പരമാധികാരത്തിൽ ആരോ ഒരാൾ ആ നാലു സന്ദേശങ്ങളും ടേപ്പ് ചെയ്യാൻ ദൈവം ഇടയാക്കി. മൂന്നുമാസങ്ങൾക്കുശേഷം മറ്റൊരാൾ ആ സന്ദേശങ്ങൾ ഓഡിയോടേപ്പിൽ നിന്നും കേട്ടെഴുതിത്തരാം എന്ന വാഗ്ദാനവുമായി എന്നെ സമീപിച്ചതും യാദൃച്ഛികമായിരുന്നില്ല. കൈയെഴുത്തു പ്രതി കഴിഞ്ഞപ്പോൾ ആവശ്യമായ ഭേദഗതികൾ വരുത്തി “വെണ്ണീറിനു പകരം ദിവ്യസൗന്ദര്യം” എന്ന തലക്കെട്ടോടുകൂടി ഒരു പുസ്തകം കൂടി അച്ചടിശാലയിൽ നിന്നും പുറത്തുവന്നു. ആരോ ഒരാൾ സന്ദേശങ്ങൾ ടേപ്പു ചെയ്യുകയും മറ്റൊരാൾ കേട്ട് എഴുതുകയും ചെയ്തില്ലായിരുന്നെങ്കിൽ ഈ പുസ്തകം വെളിച്ചം കാണുകയില്ലായിരുന്നു. കാരണം, മുമ്പിലത്തെ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ശുശ്രൂഷയ്ക്കായി കൂടുതൽ അവസരങ്ങൾ തുറക്കപ്പെട്ടുകൊണ്ടിരുന്നതിനാൽ ദീർഘസമയം കൈയെഴുത്തുപ്രതികൾ തയ്യാറാക്കാൻ എനിക്ക് ഒട്ടും സമയം ലഭിക്കുമായിരുന്നില്ല.

ഈ കാര്യങ്ങളിലെല്ലാം ദൈവത്തിന്റെ സർവ്വാധികാരത്തിൽ തക്കസമയത്ത് തക്കവ്യക്തികളെ എന്റെ ജീവിതത്തിലേക്ക് അയയ്ക്കുകയും, എഴുതുവാൻ എന്നെ പ്രേരിപ്പിക്കയും ചെയ്ത കാര്യം അത്ഭുതകരമായിരുന്നു. ഏകദേശം മൂന്നുവർഷക്കാലം എന്റെ പ്രസംഗശുശ്രൂഷയെ വെട്ടിച്ചുരുക്കി, എഴുതുവാനും റ്റൈപ്പ് ചെയ്യാനും ധാരാളം സമയം എനിക്ക് ലഭ്യമാക്കിയ വിദഗ്ധകരങ്ങൾ മറ്റാരുടേതാണ്? ഈ കാര്യങ്ങളെല്ലാം സംഭവിച്ചത് ഞാൻ പ്രത്യേകമായ ഒരു പരിശ്രമവും നടത്താതെയായിരുന്നുതാനും.

പല എഴുത്തുകാരും ഇന്ന് കംപ്യൂട്ടർ ഉപകരണങ്ങൾക്കും മറ്റുമായി പതിനായിരങ്ങൾ ചെലവിടുകയും ആഡംബരപൂർണ്ണമായ വിശ്രമസങ്കേതങ്ങളിൽ പലമാസങ്ങൾ താമസിക്കയും ചെയ്താണ് ഒരു ഗ്രന്ഥം രചിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ വില കുറഞ്ഞ ഒരു പഴയ റ്റൈപ്പ് റൈറ്റർ മാത്രമായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. എന്റെ പത്നിയോടും കൊച്ചുമകനോടും ഒപ്പം ഒരു ചെറിയ മുറിയിൽ താമസിച്ചുകൊണ്ടാണ് 1969 മുതൽ 1971 വരെ ഞാൻ ഗ്രന്ഥരചന നിർവഹിച്ചത്.

എഴുതാനുള്ള ആശയസമ്പത്തും എനിക്കില്ലായിരുന്നു. എന്നാൽ ചെറുപ്പക്കാരോട് വലിയ സ്നേഹം ഹൃദയത്തിൽ ഉണ്ടായിരുന്നതിനാൽ അവർ ദൈവികസത്യം അറിയണം എന്നുള്ള വലിയ ഭാരം എന്നിലുണ്ടായിരുന്നു. അതിനാൽ 30 വയസ്സു പ്രായമുള്ളപ്പോൾ ദൈവം എന്നെ എഴുത്തു ശുശ്രഷയിലേയക്ക് തള്ളിവിടുകയാണുണ്ടായത്. മൂന്നുവർഷത്തിനുള്ളിൽ 5 ഗ്രന്ഥങ്ങൾ രചിക്കുവാൻ ഇടയായത് ദൈവത്തിന്റെ പ്രവൃത്തിയായി മാത്രം ഞാൻ കാണുന്നു.

ദൈവം തന്നെ ഈ പ്രവൃത്തി ചെയ്യാനുള്ള കാരണം അവിടുന്ന് ഇൻഡ്യയിലെ ചെറുപ്പക്കാരേ സ്നേഹിക്കുന്നു എന്നതാണ്. അവർ അവിടുത്തക്കുറിച്ചും, ദൈവവചനത്തെക്കുറിച്ചും അറിയണം എന്നുള്ളത് തിരുഹിതമായിരുന്നു.

ഈ കാലങ്ങൾകൊണ്ട് ഞാൻ കണ്ടെത്തിയിട്ടുള്ള ഒരു സത്യം ഇവിടെ കുറിക്കട്ടെ. ക്രിസ്തീയ ഗ്രന്ഥരചനയ്ക്ക് പണമോ, സൗകര്യപ്രദമായ സാഹചര്യങ്ങളോ, പ്രത്യേകമായ സ്വാഭാവിക കഴിവുകളോ അത്യന്താപേക്ഷിതമല്ല. പത്രോസും യോഹന്നാനും എഴുത്തുകാരായിരുന്നില്ല, സാധാരണ മുക്കുവരായിരുന്നു. പൗലോസ് കാരാഗൃഹത്തിൽ കിടന്നുകൊണ്ടാണ് മിക്കപ്പോഴും എഴുതിയത്. അവർ എല്ലാവരും ദൈവമഹത്വം മാത്രം അന്വേഷിച്ചതിനാൽ ദൈവം അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവർ എഴുതിയത്. വെറും പൊള്ളയായ സിദ്ധാന്തങ്ങളല്ല. അവർ നമുക്ക് നൽകിയത്. ലക്ഷോപലക്ഷം ജനങ്ങളെ ലോകമെമ്പാടും അനുഗ്രഹിക്കാൻ, കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായി അവരുടെ എഴുത്തുകളെ ദൈവം ഉപയോഗിച്ചതിന്റെ രഹസ്യവും മറ്റൊന്നല്ല.

19 ഒരു പുതിയ സ്ഥലവും വീടും

1971 ൽ എന്റെ പുസ്തകങ്ങൾക്ക് പ്രചാരം വർദ്ധിച്ചുവന്നശേഷം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും എനിക്ക് ശുശ്രൂഷയ്ക്കായി ക്ഷണം ലഭിക്കുവാൻ തുടങ്ങി. ഞങ്ങൾ താമസിച്ചിരുന്ന വെല്ലൂരിൽ നിന്നു കൂടെ കൂടെയുള്ള യാത്രകൾ തികച്ചും ബുദ്ധിമുട്ടായിത്തോന്നി. ഞാനും ഭാര്യയും ഏതെങ്കിലും ഒരു പ്രധാന പട്ടണത്തിലേക്ക് താമസം മാറ്റുന്ന കാര്യം പ്രാർത്ഥനാവിഷയമാക്കിയ സന്ദർഭം. കൂടെക്കൂടെയുള്ള യാത്രകൾ വെല്ലൂർ പോലെയുള്ള ഒരു ചെറുപട്ടണത്തിൽ നിന്നു ചെയ്യുന്നതിനേക്കാൾ മദ്രാസ്, ബാംഗ്ലൂർ പോലെയുള്ള ഒരു വലിയ പട്ടണത്തിൽ നിന്നും എളുപ്പമായിരിക്കുമല്ലോ. കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ സുവിശേഷവേല ചെയ്യാനും ഞങ്ങൾ ആഗ്രഹിച്ചു. ഈ വിഷയത്തെപറ്റി പ്രാർത്ഥിച്ചപ്പോൾ മദ്രാസ്പട്ടണത്തിൽ വിദ്യാർത്ഥികളുടെ ഇടയിലുള്ള പല ശുശ്രൂഷകളും ഇതിനകം ഉള്ളതിനാൽ ഈ വിധത്തിലുള്ള ശുശ്രൂഷയ്ക്കു ബംഗ്ലൂർ പട്ടണമായിരിക്കും എല്ലാംകൊണ്ടും അനുയോജ്യം എന്ന ചിന്ത ശക്തമായി. എന്നാൽ ബംഗ്ലൂരിലേയ്ക്ക് താമസം മാറ്റുന്നതിനുമുമ്പ് വ്യക്തമായ വിധത്തിൽ ദൈവത്തിൽ നിന്നും ഒരു ഉറപ്പ് ഞങ്ങൾക്ക് ലഭിക്കണം എന്ന് നിർബന്ധമായിരുന്നു.

ആ സമയത്ത് ഞങ്ങൾക്ക് നല്ലവണ്ണം പരിചയമുള്ള ഒരു മിഷനറി ബാംഗ്ലൂരിലെ ഒരു ബാപ്റ്റിസ്റ്റ് സഭയിൽ ശുശ്രൂഷ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ മനസ്സിലെ ചിന്തകൾ അറിയാതെ തന്നെ മൂന്നുമാസത്തേക്ക് അദ്ദേഹം അവധിയിൽ പോകുമ്പോൾ പകരം അവിടെ ശുശ്രൂഷ ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കാനിടയായി. ഈ മൂന്നുമാസം അദ്ദേഹം കുടുംബമായി അവധിയിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യവും ഉണ്ടായിരുന്നു. ഞങ്ങൾ കാത്തിരുന്ന ദൈവത്തിൽ നിന്നുള്ള ഉറപ്പ് ഇതാണെന്ന് ബോദ്ധ്യമായതിനാൽ ഞാൻ മിഷനറിയുടെ ക്ഷണം സ്വീകരിച്ചു. ബാംഗ്ലൂരിൽ സ്വന്തമായി ഒരു വീട് കണ്ടുപിടിക്കാൻ മൂന്നുമാസത്തെ സാവകാശം ലഭിക്കുമല്ലോ എന്ന ചിന്തയും ഉണ്ടായി.

അങ്ങനെ 1972 ഏപ്രിൽ മാസത്തിൽ ഞങ്ങൾ ബാംഗ്ലൂർ പട്ടണത്തിലേക്ക് താമസം മാറ്റി. ഞങ്ങൾക്ക് സമ്പാദ്യം ഒന്നും തന്നെ ഇല്ലായിരുന്നു. വളരെ കുറച്ച് വീട്ടുസാമാനങ്ങളേ ഉണ്ടായിരുന്നുള്ളൂ ഒരു ടെമ്പോ വാനിൽ കയറ്റാനുള്ള സാധനങ്ങൾ മാത്രം. അവിടുത്തെ ബാപ്റ്റിസ്റ്റ് സഭയിൽ മൂന്നുമാസം ഞാൻ ദൈവവചനം പ്രസംഗിച്ചു. മിഷനറി മടങ്ങിവന്നപ്പോൾ ഞാൻ പ്രസംഗപീഠം അദ്ദേഹത്തെ തിരികെ ഏല്പിച്ചു.

ദൈവത്തിന്റെ ഭാവിപദ്ധതിയിലെ ഒന്നാമത്തെ പടിയായിരുന്നു ഈ ഹ്രസ്വമായ ശുശ്രൂഷ. മൂന്നുവർഷങ്ങൾക്കുശേഷം ബാംഗ്ലൂരിൽ പുതുതായി ദൈവം രൂപംനൽകിയ സഭയുടെ തുടക്കക്കാരായ ചിലരെ ഈ കാലഘട്ടത്തിലാണ് പരിചയപ്പെടുവാൻ ഇടയായത്.

കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കാനായിട്ടാണ് ആനിയും ഞാനും ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റിയത്. എന്നാൽ വിദ്യാർത്ഥികളുടെ ഇടയിൽ യാതൊരു ശുശ്രൂഷയും പുതിയ സ്ഥലത്ത് ഞങ്ങൾക്ക് ഉണ്ടായില്ല എന്നതാണ് സത്യം. പകരം ദൈവം ഒരു പുതിയ സഭയ്ക്ക് തുടക്കം ഇടുകയാണ് ചെയ്തത്. ദൈവത്തിന്റെ വഴികൾ അത്ഭുതകരം തന്നെ നമ്മുടെ ഭാവികാര്യങ്ങൾ മുഴുവൻ കാണിക്കാതെ പടിപടിയായി മാത്രം നമ്മെ അവിടുന്ന് നടത്തുന്നു. ചിലപ്പോൾ ഒരു പ്രത്യേക ശുശ്രൂഷയ്ക്ക് എന്ന മട്ടിൽ നമ്മെ ഒരു സ്ഥലത്തേക്ക് അവിടുന്ന് നയിക്കുമെങ്കിലും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും നമുക്കായി അവിടുത്തെ ഹൃദയത്തിലുള്ളത്. “അവിടുത്തെ വഴികൾ തികവുള്ളവയാത്ര; അവിടുന്ന് നമ്മുടെ വഴികളുടെ കുറവു തീർക്കയും ചെയ്യുന്നു.” (സങ്കീ.18:30,32) ഹല്ലേലൂയ്യാ!!

നമുക്ക് ചെയ്യുവാൻ കഴിയുന്നതിനേക്കാൾ എത്രയോ നന്നായി നമ്മുടെ ഭാവിക്കുവേണ്ടി പദ്ധതികൾ തയ്യാറാക്കാൻ ദൈവത്തിനു കഴിയും. അവിടുത്തെ രാജ്യവും നീതിയും നാം ഒന്നാമതായി അന്വേഷിക്കുമ്പോൾ, ഈ ലോകത്തിലെ ജീവിതത്തിന് ആവശ്യമായ ഭൗതികകാര്യങ്ങളും അവിടുന്ന് നമുക്ക് തരുന്നു. ഈ വിഷയത്തിൽ ക്രിസ്തീയവിശ്വാസികളിൽ രണ്ട് വ്യത്യസ്ത പ്രവണതകൾ കാണാറുണ്ട്. ചിലർ വിചാരിക്കുന്നത് പ്രാഥമികമായി ഭൗതികാനുഗ്രഹങ്ങൾ നൽകുവാനേ ദൈവം ആഗ്രഹിക്കുന്നുളളൂ എന്നാണ്. മറ്റുള്ളവർ ചിന്തിക്കുന്നത് ഭൗതികവിഷയങ്ങൾ ദൈവത്തിന് താത്പര്യമില്ലാത്തവയാണ് എന്നത്. രണ്ടുകൂട്ടരുടെയും ചിന്ത തെറ്റാണ്. ലോകത്തിലെ ഏതു പിതാവും തന്റെ കുഞ്ഞിനായി കരുതുന്നതിനേക്കാളുമധികം നമുക്കായിക്കരുതുന്ന സ്വർഗ്ഗീയ പിതാവ് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തൽപരനാണ് ഒന്നാമത് ആത്മീയാവശ്യങ്ങളും പിന്നീട് ഭൗതിക വിഷയങ്ങളും എന്നുമാത്രം.

ഭാവിയിൽ ബാംഗ്ലൂരിൽ പാർപ്പിടം വളരെ ചെലവുള്ള കാര്യമായിത്തീരും എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിലും എനിക്കറിഞ്ഞുകൂടായിരുന്നു. ദൈവത്തിന്റെ മുന്നറിവിൽ ഞങ്ങളുടെ പാർപ്പിടത്തിന്റെ ആവശ്യം നിറവേറ്റാനായും അവിടുന്ന് ഒരു വഴിയൊരുക്കി. എന്റെ പിതാവ് വലിയ സമ്പാദ്യം ഒന്നും ഇല്ലാതെ ജോലിയിൽ നിന്നും പിരിഞ്ഞ വ്യക്തിയായിരുന്നു. കഴിഞ്ഞ 40 വർഷങ്ങളായി അദ്ദേഹം താമസിക്കാതെ മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന പിതൃസ്വത്തായ ഒരു ചെറിയ വീട് കേരളത്തിൽ ഉണ്ടായിരുന്നു. ആ വീട് വിൽക്കുവാൻ അദ്ദേഹം ശ്രമിച്ചപ്പോൾ വാടകക്കാരൻ ബുദ്ധിമുട്ടുണ്ടാക്കി. അന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടി ഭരണമായിരുന്നു. ആ സർക്കാർ ഇതുപോലെയുള്ള കുടികിടപ്പുകാരുടെ പക്ഷത്തായിരുന്നതിനാൽ സ്വന്തം വീട് വിൽക്കാനുള്ള എല്ലാ ആശയും എന്റെ പിതാവ് വിട്ടുകളഞ്ഞിരുന്നു. എന്നാൽ ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നു. ചില മാസങ്ങൾക്കു ശേഷം പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ നിന്നു പുറത്താകുകയും ഒരു പുതിയ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ സർക്കാരും പുറത്തായി വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുകയും ചെയ്തു എന്നത് ചരിത്രം. എന്നാൽ അവർ അധികാരത്തിൽ നിന്നു വിട്ടു നിന്ന ആ ചെറിയ ഇടവേളയിൽ ദൈവം എന്റെ പിതാവിന്റെ വീട് വിൽക്കുവാൻ ഇടയാക്കി! വലിയ വിലയൊന്നും അദ്ദേഹത്തിന് കിട്ടിയില്ല എങ്കിലും എന്റെ പങ്ക് പിതൃസ്വത്തിൽ നിന്നും ലഭിക്കാനിടയായി.

1972 ൽ അങ്ങനെ ലഭിച്ച ചെറിയ തുകകൊണ്ട് ബാംഗ്ലൂരിൽ ഒരു പഴയ വീട് വാങ്ങാൻ കഴിഞ്ഞു. ഈ വീടിന്റെ ഇടപാട് സംബന്ധിച്ച് സംസാരിച്ചപ്പോൾ ഉടമസ്ഥയായ മാന്യവനിതയോട് ഞാൻ പറയുകയുണ്ടായി ഞാൻ മുഴുവൻ വിലയും കണക്കുള്ള പണമായി ചെക്കിലൂടെയായിരിക്കും നൽകുക എന്ന്. ഇന്ത്യയിൽ വസ്തുക്കളുടെ ക്രയവിക്രയത്തിൽ മിക്കവരും നല്ലൊരു ഭാഗം തുക കണക്കിൽപ്പെടാത്ത കറുത്ത പണമായിട്ട് നൽകുന്നു എന്നതാണ് വാസ്തവം. ഉടമസ്ഥയായ വനിതയ്ക്ക് അവരുടെ ബന്ധുക്കളിൽ നിന്നും ഞാൻ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ വില കിട്ടാൻ സാദ്ധ്യത ഉണ്ടായിട്ടും അവർ വീട് എനിക്ക് വിൽക്കാനാണ് തീരുമാനിച്ചത്. ബന്ധുക്കളോട് അവർ പറഞ്ഞത് “മിസ്റ്റർ പുന്നൻ സത്യസന്ധനായ ഒരു മനുഷ്യനാണ്. ഞാൻ വീട് അദ്ദേഹത്തിനേ വിൽക്കുകയുള്ളൂ” എന്നാണ്. ഞങ്ങൾക്ക് ഗൃഹോപകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. വീടിനോടൊപ്പം അതിനുള്ളിൽ ഉപകരണങ്ങൾ മുഴുവനും കൂടെയാണ് ഉടമസ്ഥ വിൽക്കുന്നത് എന്നറിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി വളരെ ന്യായമായ വിലയ്ക്ക് വാങ്ങിയ ആ ഗൃഹോപകരണങ്ങളാണ് ഇന്നും ഞങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ദൈവികകരുതൽ എത്ര കൃത്യതയുള്ളതായിരുന്നു! എല്ലാറ്റിലും അത്ഭുതകരമായ കാര്യം മൂന്നു വർഷത്തിനുശേഷം 1975ൽ ഈ വീട് -16, ഡക്കോസ്റ്റാ സ്ക്വയർ പുതിയ ഒരു സഭാകൂടിവരവിനുള്ള ഇടമായിത്തീർന്നു എന്നുള്ള താണ്.

എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ദൈവവേലയ്ക്കായി കൊടുത്തിട്ട് പൂർണ്ണസമയക്രിസ്തീയവേലയ്ക്കായി നാവികസേനയിലെ ജോലി ഉപേക്ഷിച്ചപ്പോൾ ഞാൻ ഒരിക്കലും ചിന്തിച്ചില്ല എന്നെങ്കിലും സ്വന്തമായി ഒരു വീട് ഉണ്ടാകും എന്ന്. എന്നാൽ എനിക്ക് തികച്ചും അജ്ഞാതമായിരുന്ന പദ്ധതികൾ ദൈവത്തിന് ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ ഒരു വീടു വാങ്ങാൻ എന്നെ സഹായിക്കാനായി കാലാവധി കഴിയും മുമ്പ് ഒരു സർക്കാരിനെപ്പോലും കുറേക്കാലത്തേക്ക് ദൈവം അധികാരത്തിൽ നിന്നു മാറ്റി ദൈവം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എത്രമാത്രം കൃത്യത അവിടുന്നു പാലിക്കുന്നു എന്നകാര്യം ചിന്തിക്കുമ്പോൾ തികച്ചും അത്ഭുതകരമാണ്. നാം ദൈവത്തെ മാനിക്കുവാൻ മനസ്സു വയ്ക്കുമ്പോൾ അവിടുന്ന് നമ്മെയും മാനിക്കും നിശ്ചയം. ഹല്ലേലുയ്യാ

20 വസ്തുവകകളുടെ ഉപേക്ഷണം


“ഒരുവൻ തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ലെങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 14:33) നാം യേശുവിന്റെ ശിഷ്യരാകുന്ന കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെങ്കിൽ ലോകം വിലയുള്ളതായിക്കരുതുന്ന എല്ലാ വസ്തുവകകളും ഹൃദയംകൊണ്ട് പരിത്യജിക്കുന്ന ഒരനുഭവത്തിലേക്ക് ദൈവം നമ്മെ വീണ്ടും വീണ്ടും കൊണ്ടുവരും.

ബഹുമാനം, സ്ഥാനം, പണം എന്നിവ പരിത്യജിക്കാൻ നാവികസേനയിലേ ജോലി ഉപേക്ഷിച്ചപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭൗതികസമ്പത്തിന്റെ കാര്യത്തിൽ ഞാൻ ഒരു പുതിയ തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുകയായിരുന്നു.

എന്റെ ജീവിതത്തിൽ എന്നെങ്കിലും ഒരു വീട് സ്വന്തമായി ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ പഴയതാണെങ്കിലും ഒരു വീട് ഇപ്പോൾ എന്റെ സ്വന്തമായിരിക്കുന്നു. ഭൗമികമായ ഈ വീടിനോട് എന്റെ ഹൃദയം പറ്റിച്ചേരുമോ എന്ന ചിന്ത എന്നെ ഭരിക്കാൻ തുടങ്ങി. കർത്താവിനും എനിക്കും ഇടയിൽ ഒരു കാര്യവും കടന്നുവരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഈ ഭൂമിയിലുള്ള ഏതെങ്കിലും ഒരു വസ്തുവിനോട് എപ്പോഴെങ്കിലും എന്റെ ഹൃദയം പറ്റിച്ചേരരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു. ഭൂമിയിൽ നിന്നും സ്വാതന്ത്ര്യം നേടിയവരായി വെളിപാടുപുസ്തകത്തിൽ കാണുന്ന ജയാളികളേപ്പോലെയാകുവാൻ ഞാൻ ആഗ്രഹിച്ചു. (വെളി. 14:3 പരാവർത്തനം). ഈ വീട് എനിക്ക് ഒരു വിഗ്രഹമാകുവാൻ സാദ്ധ്യതയുണ്ടെങ്കിൽ കർത്താവു തന്നെ അതിനെ അഗ്നിക്കിരയാക്കണം എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ തുടങ്ങി. ഞങ്ങൾ ആരും വീട്ടിൽ ഇല്ലാത്ത സമയത്ത് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമോ, യാദൃച്ഛികമായ തീപിടിത്തത്തിലൂടെയോ ഈകാര്യം നിർവഹിക്കാൻ കർത്താവിന് എളുപ്പമാണല്ലോ. ആത്മാർത്ഥമായി പലതവണ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ ഞാൻ ചെയ്യാനിടയായി. പല സന്ദർഭങ്ങളിലും വെളിയിൽ പോയി മടങ്ങിവരുമ്പോൾ അഗ്നിജ്വാലയിൽ അമരുന്ന വീടിനെയും വീട്ടുമുറ്റത്ത് ഈ കാഴ്ച കണ്ടുകൊണ്ട് നിൽക്കുന്ന ഭാര്യയേയും മകനേയും കാണാനിടയാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

ഞാൻ എന്റെ “യിസഹാക്കിനെ” യാഗപീഠത്തിൽ വച്ച് ദൈവമുമ്പാകെ അർപ്പിച്ചിരുന്നു. എന്നാൽ ദൈവം എന്റെ വീട് നശിപ്പിച്ചില്ല. ആ വീട് സൂക്ഷിക്കുവാൻ ദൈവം ഞങ്ങൾക്ക് അനുവാദം തന്നു. ഇന്നും ഞങ്ങൾ അവിടെ പാർക്കുന്നു. എന്നാൽ ആ വീട് ഞങ്ങളുടെ സ്വന്തമല്ല. ഒന്നാമത്തെ ദിവസം മുതൽ അത് കർത്താവിന്റെ വീടായിരുന്നു. ഞങ്ങളുടേതെന്ന ചിന്ത ഒരിക്കലും കടന്നുവന്നില്ല. കർത്താവിനും അവിടുത്തെ മക്കൾക്കും ഉപയോഗിക്കാനായി അത് എന്നും ലഭ്യമായിരുന്നു. കഴിഞ്ഞ 32 വർഷങ്ങളായി ഞങ്ങൾ അവിടെ പാർക്കുന്നു. അനേകർക്ക് അത് ദൈവഭവനമായും സ്വർഗ്ഗത്തിന്റെ വാതിലായും ഈ കാലമൊക്കെയും തീർത്ത കർത്താവിനെ ഞങ്ങൾ ഹൃദയപൂർവ്വം സ്തുതിക്കുന്നു. നഷ്ടപ്പെട്ട ആത്മാക്കൾ ഈ ഭവനത്തിൽ വച്ച് രക്ഷകനെ കണ്ടുമുട്ടിയിട്ടുണ്ട്. രോഗികൾ സൗഖ്യമായിട്ടുണ്ട്. ഭൂതബാധിതർ സ്വതന്ത്രരായിട്ടുണ്ട്, ജീവനുള്ള ദൈവത്തിന്റെ സഭ അവിടെ പണിയപ്പെട്ടിട്ടുണ്ട്. ഈ വീട്ടിൽ നിന്നും പുസ്തകങ്ങളും ക്രിസ്തീയ സന്ദേശങ്ങളുടെ ടേപ്പുകളും ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് അയയ്ക്കപ്പെടുകയും അവ അനേകരെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായിട്ടാണ് ദൈവം ഞങ്ങൾക്ക് ആ വീട് നൽകിയതെന്ന് ഇന്ന് ഞാൻ വ്യക്തമായിക്കാണുന്നു. ദൈവം നമുക്കെല്ലാവർക്കും ഭൗതികവസ്തുക്കൾ നൽകുന്നത് മറ്റുള്ളവരെ അനുഗ്രഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഭൗതികവസ്തുക്കൾക്ക് പരമാവധി മൂല്യം ഉണ്ടാകുന്നത് അവ നമുക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രം ഉപയോഗിക്കുമ്പോഴല്ല, മറ്റുള്ളവരെ സഹായിക്കുവാനും അനുഗ്രഹിക്കാനും ഉപയോഗിക്കുമ്പോഴാണ്.

കുറേ നാൾ കഴിഞ്ഞ് ഞാൻ ഒരു പുതിയ സ്കൂട്ടർ വാങ്ങി. നേവിയിൽ വച്ച് ഉണ്ടായിരുന്ന പഴയ സ്കൂട്ടർ ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയിലെത്തിയിരുന്നു. പുതിയ ഏതെങ്കിലും വസ്തുക്കളെക്കുറിച്ച് നാമൊക്കെ ചെയ്യാറുള്ളതുപോലെ പുതിയ സ്കൂട്ടറിൽ ഒരു പോറൽ പോലും വീഴാതെ കാക്കുവാൻ ഞാൻ അത്യധികം ശ്രദ്ധാലുവായിരുന്നു. വാങ്ങി ചില ദിവസങ്ങൾക്കുള്ളിൽ ഓടിക്കുമ്പോൾ ഒരു ചിലമ്പൽ ശബ്ദം എന്റെ ശ്രദ്ധയിൽ പെട്ടു. എന്താണ് തകരാറ് എന്നറിയുവാൻ ഞാൻ പുതിയ സ്കൂട്ടർ ഒരു മെക്കാനിക്കിന്റെ അടുത്ത് കൊണ്ടുപോയി. വാഹനം സൂക്ഷ്മമായി പരിശോധിച്ചശേഷം എഞ്ചിനോ മറ്റ് ഭാഗങ്ങൾക്കോ യാതൊരു കുഴപ്പവുമില്ലെന്ന് അയാൾ പറഞ്ഞു. ഈ വിഷയത്തിൽ ഞാൻ കർത്താവിന്റെ സന്നിധിയിൽ ചെന്നപ്പോൾ ഈ പുതിയ സ്കൂട്ടർ യാഗപീഠത്തിൽ കൊണ്ടുവന്ന് അവിടുത്തേക്ക് അർപ്പിച്ചിട്ടില്ല എന്ന കാര്യം എനിക്ക് ബോദ്ധ്യമായി. ഒരു പുതിയ സ്കൂട്ടർ പോലെ ചെറിയൊരു വസ്തുവിനോടുപോലും ബോധപൂർവ്വമല്ലാതെ തന്നേ എന്റെ ഹൃദയം പറ്റിച്ചേരാം എന്ന യാഥാർത്ഥ്യം ഞാൻ ഗ്രഹിച്ചു. തൽഫലമായി എന്റെ സ്കൂട്ടറും ഞാൻ യാഗപീഠത്തിൽ കർത്താവിന് സമർപ്പിച്ചു. ഇനിമുതൽ അത് കർത്താവിന്റേതാകയാൽ അവിടുത്തേക്ക് ഇഷ്ടമുള്ള വിധത്തിൽ ഉപയോഗിക്കാൻ ലഭ്യമായി. അത് കർത്താവിന്റെ മക്കളായ ആർക്കെങ്കിലും ഉപയോഗിക്കാൻ കൊടുക്കാനോ ദാനം ചെയ്യാനോ എനിക്ക് മടിയില്ലാതായി. ആരെങ്കിലും അത് കുറേ സമയത്തേക്ക് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും കേടുപറ്റിയാൽ ആ കാര്യം എന്നെ അസ്വസ്ഥനാക്കാൻ ഞാൻ അനുവദിച്ചിരുന്നില്ല. കാരണം, സ്കൂട്ടർ കർത്താവിന്റേതായി ക്കഴിഞ്ഞിരുന്നു. ഓടിക്കുമ്പോഴുള്ള ചിലമ്പൽ ശബ്ദം ഉടൻ തന്നെ നിലയ്ക്കുകയും ചെയ്തു.

ഒരു വീടുപോലെ വലിപ്പം ഉള്ളതോ ഒരു സ്കൂട്ടർ പോലെ ചെറിയതോ എന്തുമാകട്ടെ; ഞാനും എന്റെ ഭാര്യയും എല്ലാ ഭൗതികവസ്തുക്കളിൽ നിന്നും ഹൃദയംകൊണ്ടു സ്വതന്ത്രരായിരിക്കണം എന്നതായിരുന്നു ദൈവഹിതം എന്ന് ഞാൻ മനസ്സിലാക്കി. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളാകട്ടെ, ധരിക്കുന്ന വസ്ത്രങ്ങളാകട്ടെ, എല്ലാ വസ്തുക്കളും ഈ പ്രമാണത്തിന്റെ പരിധിയിൽ വന്നിരുന്നു. ഒന്നുംതന്നെ ഞങ്ങളുടെ സ്വന്തം എന്ന നിലയിൽ കരുതുവാൻ ഞങ്ങൾക്ക് അവകാശമില്ലായിരുന്നു. ചിലപ്പോൾ വീട്ടിലേ ടേപ്പ് റിക്കോർഡറോ, മിക്സിയോ കേടായി പ്രവർത്തിക്കാതെ വന്നാൽ അപ്പോഴൊക്കെ ദൈവം ഞങ്ങളെ ഓർപ്പിക്കുമായിരുന്നു, ഒരു വസ്തുവിനെയും സ്നേഹിക്കുകയോ സ്വന്തമെന്ന ചിന്തയിൽ കൈവശം വയ്ക്കുകയോ ചെയ്യരുതെന്ന്. (ലോകത്തിലെ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധയുള്ളവരായിരിക്കണം എന്ന കാര്യം ഈ സന്ദർഭത്തിൽ വിസ്മരിച്ചുകൂടാ).

ലോകത്തിലേ ഏതെങ്കിലും വസ്തുക്കളോടുള്ള സ്നേഹം മൂലം ഞങ്ങളുടെ ആത്മാവ് മലിനപ്പെടരുതെന്ന കാര്യത്തിൽ കർത്താവിന് നിഷ്ക്കർഷയുണ്ടായിരുന്നു. യേശുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതിനും അവിടുത്ത സഭ പണിയപ്പെടുന്നതിനും പ്രാഥമികമായി ഈ കാര്യം ആവശ്യമായിരുന്നു. ഭൗതികവസ്തുക്കൾ വീട്ടിൽ ഉണ്ടായിരിക്കെത്തന്നെ അവ ഒന്നും സ്വാർത്ഥപരമായി കൈവശം വയ്ക്കാത്ത യഥാർത്ഥ ക്രിസ്തുശിഷ്യരായിരിക്കാൻ എന്നെയും എന്റെ ഭാര്യയേയും കുറിച്ച് കർത്താവ് ആഗ്രഹിച്ചു. ലോകത്തിലേ കാര്യങ്ങളെപ്പറ്റി ആകുലചിത്തരാകാതെ അത്യാഗ്രഹത്തിൽ നിന്നും സ്വതന്ത്ര്യം പ്രാപിച്ച ഒരു ജീവിതം ഞങ്ങൾക്ക് ദൈവകൃപയാൽ സാദ്ധ്യമായി. കർത്താവിൽ-കർത്താവിൽ മാത്രം ഞങ്ങൾ സന്തോഷം
കണ്ടെത്തിയിരിക്കുന്നു. ഹല്ലേലുയ്യാ!.

21 പിൻമാറ്റത്തിന്റെ പടുകുഴിയിൽ


1971ന്റെ മദ്ധ്യഭാഗം മുതൽ 1974 ന്റെ അവസാനം വരെയുള്ള കാലഘട്ടത്തിൽ പൊതുവായ ക്രിസ്തീയ ശുശ്രൂഷയിൽ എന്റെ പ്രശസ്തി വളരെ വേഗം വർദ്ധിക്കുവാനിടയായി. എന്റെ ജീവിതത്തിലെ 31 മുതൽ 35 വയസ്സു വരെയുള്ള കാലഘട്ടമായിരുന്നു അത്. എന്നാൽ എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം പിൻമാറ്റത്തിലേക്ക് പോയസമയവും അതായിരുന്നു. പല ക്രിസ്തീയ പ്രസംഗകരുടെയും ജീവിതത്തിൽ പ്രശസ്തിയും പിൻമാറ്റവും ഒരുമിച്ചുപോകുന്നു എന്നത് ഒരു ദുഃഖസത്യമാണ്.

ഇന്ത്യയിൽ വ്യാപകമായി ശുശ്രൂഷകളുള്ള ഒരു പാശ്ചാത്യ ക്രിസ്തീയ സംഘടന, ആ കാലത്ത് എന്നെ അവരുടെ അഖിലേന്ത്യാ ഡയറക്ടറായി സേവനം അനുഷ്ഠിക്കാൻ ക്ഷണിക്കുകയുണ്ടായി. സൗജന്യമായ വീടും, കാറും, ടെലിഫോണും, നല്ല ശമ്പളവും അവർ വാഗ്ദാനം ചെയ്തു. പ്രധാനമായും ഭരണപരമായ ചുമതലകളും വിവിധ സഭകളിൽ ആ ക്രിസ്തീയ സംഘടനയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തര വാദിത്വവും ആയിരുന്നു ഡയറക്ടർ എന്ന നിലയിൽ ഞാൻ നിർവ്വഹിക്കേണ്ടിയിരുന്നത്. ദൈവവചനം പ്രസംഗിക്കുവാനാണ് ദൈവം എന്നെ വിളിച്ചി രിക്കുന്നത് എന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നതിനാൽ ഞാൻ പ്രസ്തുത ക്ഷണം നിരസിക്കുകയാണുണ്ടായത്. ഭൗതികമായ നന്മകൾക്കായോ സാമ്പത്തികലാഭത്തിനായോ എന്റെ ദൈവികവിളി ബലികഴിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

ക്രിസ്തീയ പ്രസംഗകൻ, ഗ്രന്ഥകർത്താവ്, റേഡിയോ പ്രഭാഷകൻ എന്നീ നിലകളിൽ ഞാൻ പരക്കെ അറിയപ്പെട്ടിരുന്ന കാലം. നല്ല പ്രചാരമുള്ള ആറ് ക്രിസ്തീയ ഗ്രന്ഥങ്ങൾ ഇതിനകം ഞാൻ രചിച്ചുകഴിഞ്ഞിരുന്നു. അവയിൽ ചിലത് മറ്റു ഭാരതീയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ലിവിംഗ് ബൈബിളിന്റെ പരിഭാഷകനെന്ന നിലയിൽ പ്രസിദ്ധനായ കെൻ ടെയിലർ 1971 ൽ എന്നെ കാണുകയും “ദൈവഹിതം കണ്ടെത്തുക” എന്ന എന്റെ ഗ്രന്ഥം അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശാലയിലൂടെ പ്രസിദ്ധീകരിക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു. 1972 ൽ ടിൻഡേൽ ഹൗസ് എന്ന പ്രസിദ്ധമായ പ്രസിദ്ധീകരണശാല പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. ആഴ്ചതോറുമുള്ള എന്റെ റേഡിയോ പ്രഭാഷണങ്ങൾ ദക്ഷിണപൂർവേഷ്യയിലുടനീളം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ മാത്രമല്ല സിംഗപ്പൂർ, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നടക്കുന്ന ആഴമേറിയ ക്രിസ്തീയസമ്മേളനങ്ങളിലും “കെസിക്” മഹായോഗങ്ങളിലും പ്രധാനപ്രസംഗകനായി എന്നെ ക്ഷണിച്ചിരുന്ന കാലം. 21 ദിവസങ്ങൾ തുടർച്ചയായി ഉണർവ്വയോഗങ്ങളിൽ ഒരു സ്ഥലത്ത് ദൈവവചനം സംസാരിച്ചത് ഓർക്കുന്നു. അനേകർ പാപങ്ങളെക്കുറിച്ച് അനുതപിച്ച് ദൈവത്തിങ്കലേക്ക് തിരിയുവാൻ പ്രസ്തുത സമ്മേളനങ്ങൾ മുഖാന്തരമായി. സുവിശേഷവിഹിതക്രിസ്തീയലോകത്ത് ഞാൻ ഉദിച്ചുയരുന്ന ഒരു “നക്ഷത്രമായിത്തീർന്നിരുന്നു.

എന്നാൽ ഈ കാലഘട്ടം മുഴുവൻ (1971 മദ്ധ്യം മുതൽ 1974 ഒടുവിൽ വരെ) ഞാൻ ആന്തരികമായി പിൻമാറ്റത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കയായിരുന്നു. ഈ കാലം എല്ലാം മനുഷ്യരുടെ മുമ്പിലുള്ള എന്റെ ബാഹ്യജീവിതം കുറ്റമറ്റതായിരുന്നു. വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളിലും, നികുതി കൊടുക്കുന്ന കാര്യത്തിലും എല്ലാം ഞാൻ തികച്ചും സത്യസന്ധനായിരുന്നു താനും. എന്നാൽ എന്റെ ചിന്താമണ്ഡലത്തിൽ ഞാൻ പരാജിതനായിരുന്നു. കോപം തുടങ്ങിയ കാര്യങ്ങളിൽ വീട്ടിലും ഞാൻ പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്റെ റേഡിയോ പ്രഭാഷണങ്ങളോ, മറ്റ് പ്രസംഗങ്ങളോ ശ്രവിച്ചിരുന്ന ആരും തന്നെ എന്റെ പരാജയപ്പെട്ട വ്യക്തിജീവിതത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. കാരണം, ഞാൻ വളരെ ശക്തമായി ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നു. ഈ കാലത്ത് ഒരിക്കലും എന്റെ പ്രസംഗിക്കാനുള്ള സിദ്ധിക്ക് യാതൊരുവിധ കുറവും സംഭവിച്ചിരുന്നില്ല.

1973 ഡിസംബറിൽ ആസ്ത്രേലിയയിലെ മെൽബോൺ പട്ടണത്തിൽ കെസിക് മഹായോഗങ്ങളിൽ പ്രസംഗിക്കാൻ പോയ സന്ദർഭത്തിൽ അവിടെ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ക്രിസ്തീയപത്രം അതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല “കെസിക് പ്രസംഗകൻ” എന്ന് എന്നേക്കുറിച്ച് പ്രശംസിക്കയുണ്ടായി. പാപത്തിന്റെ മേൽ ജയമുള്ള ആഴമായ ക്രിസ്തീയ ജീവിതത്തെപ്പറ്റി പ്രസംഗിക്കുന്ന ഞാൻ എന്റെ ചിന്താമണ്ഡലത്തിൽ പരാജിതനാണെന്ന് പത്രക്കാരുണ്ടോ അറിയുന്നു. ശക്തമായ പ്രസംഗശുശ്രൂഷയുള്ള ഒരുവൻ ആത്മികനായിരിക്കും എന്ന് നല്ല വിശ്വാസികൾപോലും ചിന്തിച്ചുപോകാൻ ഇടയുണ്ട് എന്ന സത്യം ഞാൻ ഗ്രഹിക്കുകയായിരുന്നു. ഒരുവന് ഏറ്റവും നല്ല ഒരു ക്രിസ്തീയ പ്രസംഗകനായിരിക്കുമ്പോൾ തന്നെ ഏറ്റവും വലിയ പിൻമാറ്റക്കാരനും ആയിരിക്കാൻ കഴിയും എന്ന സത്യം എന്നെ ഓർമ്മപ്പെടുത്തുവാൻ മേൽപ്പറഞ്ഞ ക്രിസ്തീയ പത്രത്തിൽ വന്ന ലേഖനം ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്റെ പിൻമാറ്റത്തിലൂടെ ഞാൻ താഴെപ്പറയുന്ന പാഠങ്ങൾ പഠിക്കുവാനിടയായി.

(1) നമ്മുടെ പ്രവർത്തനങ്ങളുടെ മേൽ ഉള്ള ദൈവികാനുഗ്രഹമോ, നമ്മുടെ ശുശ്രൂഷയിലുള്ള ഫലങ്ങളോ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ അംഗീകാരമായി കരുതിക്കൂടാ. നമ്മുടെ ആന്തരികജീവിതത്തിലെ നിർമ്മലത മാത്രമായിരിക്കണം നമ്മുടെ ആത്മീയതയുടെ അളുവുകോൽ.
(2) നമ്മുടെ ശുശ്രൂഷയിൽ വലിയ ദൈവികാനുഗ്രഹം ഉണ്ടാകുന്ന സമയമാണ് ആത്മീയനിഗളം നമ്മിൽ ഉളവാകാൻ ഏറ്റവും സാദ്ധ്യതയുള്ളത്. നിഗളമാണല്ലോ ഒരുവനെ പിൻമാറ്റത്തിലേക്ക് നടത്തുന്നത്.
(3) അറിഞ്ഞുകൊണ്ട് പാപത്തിൽ തുടരുമ്പോഴും മനുഷ്യർക്ക് നൽകിയ ആത്മികവരങ്ങൾ ഉപയോഗിക്കാൻ ദൈവം അവരെ അനുവദിക്കുന്നു. മനുഷ്യരുടെ മാനത്തേക്കാൾ ദൈവത്തിന്റെ അംഗീകാരത്തെ നാം വിലമതിക്കുന്നുണ്ടോ എന്നുള്ള കാര്യം അപ്പോൾ ശോധന ചെയ്യപ്പെടുകയാണ്.
(4) ആത്മവരമുള്ള പ്രസംഗകരുടെ വാക്ചാതുര്യമോ, അവരുടെ “വീര്യ പ്രവൃത്തികളോ” എന്നെ ഇന്ന് ഒട്ടുംതന്നെ ആകർഷിക്കുന്നില്ല. യേശുവിന്റെ നാമത്തിൽ പ്രവചിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത പലരും ഒടുവിൽ അവിടുത്തെ മുമ്പാകെ നിൽക്കുമ്പോൾ, വ്യക്തിപരമായ ജീവിതത്തിൽ അധർമ്മം വച്ചുപുലർത്തിയതിനാൽ നിങ്ങൾ നരകത്തിലേക്ക് പോകുക എന്ന് കർത്താവ് അവരോട് പറയും എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഞാൻ വിശ്വസിക്കുന്നു. (മത്താ. 7:22,23)

ഞാൻ പഠിച്ച പാഠങ്ങൾ കഴിഞ്ഞ 30 വർഷക്കാലം എന്റെ ക്രിസ്തീയ ജീവിതത്തിന് വലിയ സംരക്ഷണം തന്നെയായിരുന്നു.

1974 ന്റെ മദ്ധ്യമായപ്പോഴേക്കും എന്റെ കാപട്യം നിറഞ്ഞ ജീവിതത്തെക്കുറിച്ച് മടുപ്പുതോന്നിയതിന്റെ ഫലമായി ശുശ്രൂഷാരംഗത്തുനിന്നു വിരമിക്കാൻ ഞാൻ തീരുമാനിച്ചു. ഇരട്ടത്താപ്പ് ജീവിതം നയിച്ച് ജനത്തെ വഞ്ചിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ പ്രാർത്ഥനയോടെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. ഞാൻ കർത്താവിന്റെ വേലയിൽ തുടരണമെങ്കിൽ അവിടുന്ന് എന്നെ പുത്തനായി പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമെന്നും എന്റെ പ്രസംഗം പോലെ തന്നെ ആന്തരികജീവിതവും ആയിത്തീരണം എന്നും ഞാൻ പ്രാർത്ഥിച്ചു. എന്നെപ്പോലെ ആവശ്യത്തിലായിരുന്ന മറ്റൊരു സഹോദരനോടൊപ്പം മുടങ്ങാതെ ആറുമാസക്കാലം ഞാൻ പ്രാർത്ഥന തുടർന്നു. 1975 ജനുവരിയിൽ ദൈവം വീണ്ടും പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കയും എന്റെ ജീവിതത്തെ സമൂലം മാറ്റുകയും ചെയ്തു.

ദൈവം തന്റെ ആത്മാവിനെ അർഹിക്കുന്നവർക്കല്ല, നിസ്സഹായതയിൽ ദൈവത്തെ അന്വേഷിക്കുന്നവർക്കാണ് നൽകുന്നത് എന്ന് ഇന്ന് എനിക്കറിയാം. ആ കാലഘട്ടത്തിലോ ഇന്നോ പരിശുദ്ധാത്മാവിനെ പ്രാപിക്കാൻ ഞാൻ അർഹനല്ല. പാപക്ഷമ പോലെ പരിശുദ്ധാത്മാവും തികച്ചും ദൈവ ത്തിന്റെ ദാനമാണ്. ആ ദിവസം മുതൽ കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി എന്റെ ജീവിതം തികച്ചും വ്യത്യസ്തമാണ്. തേജസ്സിന്മേൽ തേജസ്സ് പകരപ്പെടുന്ന ഒന്നായിത്തീർന്നിരിക്കുന്നു ജീവിതം. നരകാഗ്നി മാത്രം അർഹിച്ചിരുന്ന എന്നെപ്പോലുള്ള ഒരു അരിഷ്ടപാപിക്ക് സമൃദ്ധമായ ദൈവകൃപ ലഭിച്ചു. നീതിമാൻമാരെയല്ല, പാപികളെത്തന്നെ മാനസാന്തരത്തിലേക്ക് വിളിക്കാനായി വന്ന യേശുകർത്താവിന്നായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എന്നിലും എന്നിലൂടെയും നിറവേറ്റാനായി കർത്താവ് ആഗ്രഹിച്ച കാര്യങ്ങളുടെ പൂർത്തീകരണത്തിനായി ഞാൻ പരാജയത്തിന്റെ പടുകുഴിയിൽ നിപതിച്ച് പൂർണ്ണമായി നുറുക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.

ഇന്ന് തന്മൂലം രണ്ടു കാര്യങ്ങൾ സാദ്ധ്യമായി:

  1. ഞാൻ “ആരോ ആണെന്നുള്ള നിഗള ചിന്തയ്ക്ക് എന്നിൽ ഇടമില്ലാതായി.
  2. എത്ര വലിയ പാപത്തിലോ പിൻമാറ്റത്തിലോ ജീവിക്കുന്ന ഒരാളെ പ്പോലും എനിക്ക് പുച്ഛഭാവത്തോടെ കാണുവാൻ സാധ്യമല്ല.

ആറുമാസങ്ങൾക്കുശേഷം അവിടുത്തെ സഭയുടെ പണിക്കായി ദൈവം എന്നെ ഒരുക്കുകയായിരുന്നു ഈ അനുഭവങ്ങളിലൂടെയെല്ലാം! ഹല്ലേലുയ്യാ!!

22 പുതുശക്തിയാൽ നിറയ്ക്കപ്പെടുന്നു


നമ്മെ ദൈവസന്നിധിയിലേക്ക് വലിച്ചടുപ്പിക്കുവാനായി പല അനുഭവങ്ങളിലൂടെ അവിടുന്ന് നമ്മെ തകർക്കാറുണ്ട്. 1974ന്റെ ഒടുവിലായപ്പോഴേക്കും, പിന്നിട്ട് പതിനഞ്ചുവർഷങ്ങളിൽ എന്നെ വിവിധനിലകളിൽ ദൈവം തകർത്തിരുന്നു. വിവിധ സഭകളിലെ മൂപ്പന്മാർ എന്നെ തെറ്റിദ്ധരിക്കയും, എന്റെ ശുശ്രൂഷയെപ്പറ്റി അസൂയ പൂണ്ട് എന്നെ എതിർക്കുകയും എന്നെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. എന്റെ വ്യക്തിപരമായ ജീവിതത്തിൽ അനേകതവണ പരാജയം സംഭവിച്ചിട്ടുണ്ട്. വീട്ടിലാണെങ്കിൽ ആനിയും ഞാനും സാമ്പത്തികമായ വലിയ ഞെരുക്കത്തിലൂടെ കടന്നുപോയ സന്ദർഭങ്ങളുണ്ട്. ഇതിനെല്ലാം പുറമേ ഞങ്ങൾ ബാംഗ്ലൂരിലേക്ക് താമസം മാറ്റിയപ്പോൾ ഞാൻ രോഗിയായിത്തീരുകയും ചെയ്തിരുന്നു.

ഞാൻ ആരോഗ്യവാനായ ചെറുപ്പക്കാരനായിരുന്നു. എന്നാൽ 1972-ൽ ബാംഗ്ലൂരിലേക്ക് താമസം മാറിയ ഉടൻ തന്നെ തുടർമാനമായി ആസ്തമാ രോഗത്താൽ ഞാൻ ബാധിതനായി. പലരാത്രികളിലും ഉറക്കം കിട്ടാതെ ഒരു കസേരയിൽ ഇരുന്ന് മിക്കസമയവും ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. സ്വതന്തമായി ശാസോഛ്വാസം ചെയ്യാൻ വേണ്ടി ആസ്തമായുടെ മരുന്ന് തുടർച്ചയായി ഉപയോഗിക്കേണ്ടിവന്നു. ആസ്ത്മാ രോഗികൾക്ക് ഇൻഡ്യയിൽ തീരെ അനുയോജ്യമല്ലാത്ത സ്ഥലമാണ് ബാംഗ്ലൂർ എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ എന്നെയും ആനിയേയും ദൈവം തന്നെയാണ് ഈ പട്ടണത്തിലേക്ക് അയച്ചതെന്ന് ഞാൻ അറിഞ്ഞിരുന്നു. ഏതെങ്കിലും ഒരു കാരണം പറഞ്ഞ് എന്നെ ബാഗ്ലൂരിൽ നിന്നും പറഞ്ഞയയ്ക്കാനുള്ള സാത്താന്റെ ഒരു ആക്രമണമാണിത് എന്നുള്ളത് വ്യക്തമായിരുന്നു.

1974-ന്റെ മദ്ധ്യമായപ്പോൾ ബാംഗ്ലൂരിലെ ഒരു ബാപ്റ്റിസ്റ്റ് സഭയിൽ പാസ്റ്ററായിരിക്കാൻ ഒരു ക്ഷണം കിട്ടി. എല്ലാ ഞായറാഴ്ചകളിലും രാവിലെയും വൈകിട്ടും സഭയിൽ ദൈവവചനം പ്രസംഗിക്കാം എന്ന് ഞാൻ സോപാധികം സമ്മതിച്ചു. രണ്ട് വ്യവസ്ഥകളാണ് ഞാൻ മുമ്പോട്ടു വച്ചത്. 1. “പാസ്റ്റർ” എന്ന് വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2. സഭയിൽ നിന്നും ഒരു ശമ്പളം ഞാൻ സ്വീകരിക്കുകയില്ല. (അവരിൽ നിന്നും സാമ്പത്തികസഹായം സ്വീകരിക്കാതിരുന്നാൽ മാത്രമേ പൂർണ്ണമായ ദൈവികസത്യങ്ങൾ അവരോട് പ്രസംഗിക്കാൻ കഴികയുള്ളൂ എന്ന് എനിക്ക് തോന്നി.) അവർ രണ്ട് വ്യവസ്ഥകളും സമ്മതിച്ചതിനാൽ ഞാൻ ബാപ്റ്റിസ്റ്റ് സഭയിൽ പ്രസംഗിക്കാൻ തുടങ്ങി.

വ്യക്തിപരമായി വലിയ ആത്മീയ ആവശ്യത്തിലായിരുന്നു ഞാൻ. എന്നെപ്പോലെ ആവശ്യത്തിലായിരുന്ന മറ്റൊരു ക്രിസ്തീയ സ്നേഹിതനുമൊത്ത് ഞാൻ പ്രാർത്ഥനയിൽ ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് ഞങ്ങൾക്ക് തോന്നി.

1975 ജനുവരിമാസത്തിൽ ഇംഗ്ലണ്ടിൽ നിന്നും ആത്മവരമുള്ള ഒരു പ്രസംഗകൻ ബാംഗ്ലൂരിൽ ചില മീറ്റിംഗുകൾക്കായി വരികയുണ്ടായി. ഞാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിരുന്നു. പരിശുദ്ധാത്മസ്നാനത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സന്തുലിതമായ പഠിപ്പിക്കൽ എന്നെ വളരെയധികം അനുഗ്രഹിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ സമ്മേളനങ്ങളിൽ സംബന്ധിക്കയും പിറ്റേഞായറാഴ്ച എന്റെ സഭയിൽ പ്രസംഗിക്കാമോ എന്ന് ആരായുകയും ചെയ്തു. അദ്ദേഹം സന്തോഷപൂർവ്വം സമ്മതിച്ചു.

ഞായറാഴ്ച രാവിലെയുള്ള സഭാരാധനയ്ക്കുമുമ്പ് കർത്താവ് എന്നോട് ചോദിച്ചത് ഇപ്രകാരമായിരുന്നു “നിന്നെ വളരെയധികം ബഹുമാനിക്കുന്ന സഭാജനങ്ങളുടെ മുമ്പാകെ എഴുന്നേറ്റു നിന്ന് ഞാൻ ഒരു കപടഭക്തനാണ് എന്ന് ഏറ്റുപറയാൻ നീ തയ്യാറാണോ?” “അതേ കർത്താവേ” ഞാൻ മറുപടി പറഞ്ഞു. (നമ്മുടെ രഹസ്യപാപങ്ങളെ നാം പരസ്യമായി ഏറ്റുപറയേണ്ടതില്ല. എന്നാൽ എന്റെ കാര്യത്തിൽ ഞാൻ കപടഭക്തിയിലൂടെ മറ്റുള്ള വരെ പരസ്യമായി വഞ്ചിക്കുകയായിരുന്നു). ഞാൻ എന്റെ ജീവിതത്തിന്റെ നെല്ലിപ്പലകയിൽ എത്തിയിരുന്നതിനാൽ കർത്താവിന്റെ ഒരു യഥാർത്ഥ സ്പർശനത്തിനായി എന്തുചെയ്യാനും എന്തു വിലകൊടുക്കാനും ഞാൻ തയ്യാറായിരുന്നു.

മേൽപറഞ്ഞ ദൈവദാസൻ തന്റെ പ്രസംഗത്തിന്റെ ഒടുവിൽ പ്രാർത്ഥന ആവശ്യമുള്ളവർ മുമ്പോട്ടു വരാനായി ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. ആ ഞായറാഴ്ച രാവിലെ പ്രസംഗത്തിന്റെ ഒടുവിൽ ആദ്യം എഴുന്നേറ്റ് മുമ്പിലേക്ക് ചെന്ന് എന്റെ കപടഭക്തിയെപ്പറ്റി പരസ്യമായി ഏറ്റുപറയണം എന്ന് ഞാൻ നിശ്ചയിച്ചു. എന്നാൽ അത്ഭുതമെന്ന് പറയട്ടെ, ആ ഞായറാഴ്ച അദ്ദേഹം പ്രാർത്ഥനയ്ക്കായി ഒരു ക്ഷണം നടത്തിയില്ല. തന്മൂലം പരസ്യമായി ഒരു ക്ഷമാപണം നടത്താൻ എനിക്ക് അവസരം ലഭിച്ചില്ല. എന്റെ സൽപേര് പരസ്യമായ ഏറ്റുപറച്ചിലിലൂടെ നഷ്ടമാക്കാൻ ഞാൻ ഒരുക്കമാണെന്ന് കർത്താവിന് ബോദ്ധ്യമായതായി എനിക്കു തോന്നി. അതുമാത്രമായിരുന്നു അവിടുന്ന് ആഗ്രഹിച്ചത്. ഞാൻ എന്റെ “യിസഹാക്കിനെ യാഗപീഠത്തിൽ വച്ചു; കർത്താവ് അത് എനിക്ക് മടക്കിത്തന്നു.

ബാപ്റ്റിസ്റ്റ് സഭയിലെ ആരാധനയ്ക്കുശേഷം ഞാൻ പ്രസംഗകനെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. ഭക്ഷണത്തിനുശേഷം വീടിന്റെ മുകളിലത്തെ നിലയിലേക്ക് അദ്ദേഹത്തോടൊപ്പം പോയ ഞാൻ ദൈവശക്തി എനിക്ക് എത്രയധികം ആവശ്യമായിരിക്കുന്നു എന്ന് പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ദൈവം തന്റെ ശുശ്രൂഷയ്ക്കായി നിന്നെ വിളിച്ചശേഷം തന്റെ ശക്തി നിനക്ക് നൽകാതിരിക്കുക എന്നത് അസാദ്ധ്യമാണ്.” അദ്ദേഹത്തിന്റെ വാക്കുകൾ എന്നിൽ വിശ്വാസത്തെ ഉളവാക്കുകയും ദൈവം ശക്തിക്കായുള്ള എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കയും ചെയ്തു. ഞങ്ങൾ പ്രാർത്ഥനയ്ക്കായി മുട്ടുമടക്കുകയും അദ്ദേഹം എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം ഞാൻ പ്രാർത്ഥിക്കയും എന്റെ പ്രാർത്ഥന കേട്ടതിന് കർത്താവിന് നന്ദി പറയുകയും ചെയ്തു. ഞാൻ ഇപ്രകാരം ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ഉച്ചരിക്കാൻ ആഗ്രഹിക്കാതെയിരുന്ന വിചിത്രമായ പദങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. ഞാൻ ബോധപൂർവ്വം ഇംഗ്ലീഷ് ഭാഷയിൽ പ്രാർത്ഥിക്കാൻ തുടങ്ങിയെങ്കിലും എനിക്ക് ഗ്രഹിക്കാൻ കഴിയാത്ത വിചിത്രമായ ഭാഷയിൽ ഞാൻ വീണ്ടും പ്രാർത്ഥിക്കുന്നതായി കണ്ടെത്തി. ഇത് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും എന്റെ ഹൃദയം സന്തോഷത്താൽ നിറയാൻ ഇടയാ യി. ഞങ്ങൾ ചില മിനിട്ടുകൾ മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ.

ഞങ്ങൾ പ്രാർത്ഥന കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് അദ്ദേഹം എന്നിലൂടെ കേട്ടതെന്തെന്ന് ചോദിച്ചു. ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതാണ് താൻ കേട്ടതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നീട് എന്റെ ഭാര്യ പറയുകയുണ്ടായി, ഞാൻ മുകളിലത്തെ നിലയിൽ നിന്നും പ്രാർത്ഥനയ്ക്കു ശേഷം ഇറങ്ങിവന്നപ്പോൾ എന്റെ മുഖത്തെ പ്രകാശം കണ്ട് എന്തോ അത്ഭുതകരമായ ഒരനുഭവം എനിക്കുണ്ടായി എന്ന് മനസ്സിലായതായി. ദൈവം വാസ്തവമായി എന്നെ സന്ദർശിച്ച ദിവസമായിരുന്നു അത്. അതിനുശേഷം എല്ലാകാര്യങ്ങളും വ്യത്യസ്തമാകുകയായിരുന്നു.!

ആ ദിവസത്തിനുശേഷം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നോ എനിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നോ അല്ല ഞാൻ പറഞ്ഞുവരുന്നത്. അന്നുമുതൽ നേരേ മുകളിലേക്കുള്ള ഒരു ക്രിസ്തീയ നടപ്പായിരുന്നു എന്റേത് എന്നു മല്ലപറയുന്നത്. എന്നാൽ ആ ദിവസം-1975 ജനുവരി 12-ാം തീയതി എന്റെ ജീവിതത്തിന്റെ ദിശ പൊതുവായി തിരിച്ചുവിടപ്പെട്ട ദിവസമായിരുന്നു എന്ന് എനിക്ക് പറയാൻ കഴിയും. അന്നുമുതൽ എന്റെ ജീവിതത്തിന്റെ ഗ്രാഫ് മുകളിലത്തെ ദിശയിലേക്കു തന്നെ പോകാൻ തുടങ്ങിക്കഴിഞ്ഞു. ആ അനുഗൃഹീതദിവസത്തിനുശേഷം 30 വർഷങ്ങൾ കടന്നുപോയി ഇന്ന് ജീവിതം തികച്ചും വ്യത്യസ്തമാണ്. എന്റെ ജീവിതത്തിന്റെ ഗ്രാഫ് ശ്രദ്ധിച്ചുനോക്കിയാൽ അത് ഒരു നേർ രേഖയല്ല മറിച്ച് വളവുകളുള്ള, ഉയർച്ചയും താഴ്ചയും ഉള്ള ഒരു രേഖയാണെന്നു കാണാം. എന്നാൽ ഗ്രാഫ് മുകളിലത്തെ ദിശയിലേക്കു തന്നെയാണ് മുന്നേറുന്നത്. ഞാൻ കർത്താവിനോട് കൂടുതൽ അടുക്കുന്തോറും ആ രേഖയിലെ വ്യതിയാനങ്ങൾ കുറഞ്ഞുവരുന്നുണ്ട്. ഞാൻ തികഞ്ഞവനല്ല; പക്ഷേ മുന്നോട്ട് ആയുന്നു. ദൈവത്തോടുണ്ടായ അത്ഭുതകരമായ ഈ കൂടിക്കാഴ്ചയുടെ ഉപോൽപന്നമെന്ന നിലയിൽ കർത്താവ് എന്നെ ആസ്ത്മാ രോഗത്തിൽ നിന്നും വിമുക്തനാക്കി. അതിനുശേഷം ആ രോഗം എന്നെ അലട്ടിയിട്ടില്ല.

“ആത്മാവിലുള്ള പുതിയ ഉടമ്പടിയുടെ ജീവിതം” എന്താണെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട് യേശു തന്റെ സഭയ്ക്കായി ക്രൂശിൽ സമ്പാദിച്ചതും പെന്തെക്കോസ്തുനാളിൽ ദാനം ചെയ്തതുമായ ജീവിതമാണത്! ഹല്ലേലുയ്യാ!!.

23 പരിശുദ്ധാത്മനിറവും അതിനുശേഷവും


മാനസാന്തരപ്പെട്ട സമയം മുതൽ ഞാനും എന്റെ പത്നി ആനിയും ബ്രദറൺ സഭാകൂട്ടായ്മയിലായിരുന്നു. അതുകൊണ്ടുതന്നെ പരിശുദ്ധാത്മ സ്നാനത്തെപ്പറ്റിയുള്ള ദൈവവചനപ്രകാരമുള്ള ഉപദേശവും അന്യഭാഷാവരവും അംഗീകരിക്കുക ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 1963-ൽ അന്യഭാഷാഭാഷണം കൂടാതെ ഒരളവിലുള്ള ആത്മാവിന്റെ ശക്തി കരണം, ഞാൻ അനുഭവിച്ചിരുന്നു. ദൈവം തിരുഹിതമായി നൽകുന്ന പക്ഷം അന്യഭാഷാവരവും സ്വീകരിക്കാൻ ഞാൻ ഒരുക്കമായിരുന്നു. പരിശുദ്ധാത്മസ്നാനത്തെക്കുറിച്ചുള്ള പല സന്ദേശങ്ങളും ഞാൻ ടേപ്പ് റിക്കോർഡു ചെയ്ത് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ ആനി ഈ ഉപദേശത്തോട് മുൻവിധിയുള്ള വ്യക്തി ആയിരുന്നതിനാൽ ഞാൻ ഇത്തരം ടേപ്പുകൾ കേൾക്കുന്നത് അവൾക്ക് സന്തോഷമായിരുന്നില്ല. ഞാൻ പെന്തക്കോസ്തകാരനായിത്തീരുമോ എന്ന ഭയമായിരുന്നു ഈ മനോഭാവത്തിനു പിന്നിൽ.

അത്ഭുതമെന്നു പറയട്ടെ, താമസിയാതെ ആനി ആത്മീയമായി വലിയ ആവശ്യബോധത്തിലായി. ഊർജ്ജസ്വലയായ ഒരു കോളജ് കുമാരി ആയിരുന്നപ്പോൾ പഠിച്ചിരുന്ന കോളജിലും സമീപത്തുള്ള സ്ത്രീകളുടെ ജയിലിലും ഒക്കെ രക്ഷയുടെ അനുഭവം സാക്ഷിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം ശുശ്രൂഷ എന്താണെന്നു പോലും വ്യക്തമായ ബോദ്ധ്യം ഇല്ലാത്ത ഒരു പൂർണ്ണ സമയ ക്രിസ്തീയ പ്രവർത്തകനുമായി അവളുടെ വിവാഹം നടന്നിരിക്കുന്നു. സ്വന്തമായി ഒരു വീട് വാടകയ്ക്കെടുക്കാൻ ഞങ്ങൾക്ക് പ്രാപ്തിയില്ലായിരുന്നതിനാൽ മാതാപിതാക്കൾ ഞങ്ങൾക്ക് തന്ന ഒരു മുറിയിൽ ഞങ്ങൾ താമസിച്ചിരുന്ന കാലം. ഞങ്ങളുടെ ആദ്യത്തെ മകൻ പിറന്നിട്ട് അധികനാളുകളായിരുന്നില്ല. ആനിക്ക് ഒരു കുഞ്ഞിനേ പോറ്റിവളർത്തേണ്ട ചുമതലയും ഉണ്ടായിരുന്നു. കുഞ്ഞിന് മാസംതോറും പാൽപ്പൊടിവാങ്ങുവാൻ വേണ്ട പണത്തിനുപോലും ബുദ്ധിമുട്ടായിരുന്നു. ജീവിതസമ്മർദ്ദങ്ങൾ ആനിയെ ഉത്സാഹശൂന്യതയിലേക്കു തള്ളിയിട്ടു.

1969 ഒടുവിൽ ആനിക്ക് പരിചയമുണ്ടായിരുന്ന ഒരു ക്രിസ്തീയസഹോദരി കുറേസമയം പ്രാർത്ഥനയിൽ ചെലവഴിക്കാനായി അവളുടെ വീട്ടിലേക്ക് ആനിയെ ക്ഷണിച്ചു. ആനി അവളോടൊപ്പം പോയി. കുറേസമയം കഴിഞ്ഞ് മടങ്ങിവന്ന ആനി തികച്ചും വ്യത്യസ്തയായിരുന്നു. അവൾ ഉന്മേഷവതിയായിരുന്നു; മുഖം പ്രകാശിക്കുന്നതുപോലെ. അവൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ അത്യധികം ആവശ്യബോധത്തോടെ പലതവണ ദൈവത്തോട് നിലവിളിച്ച കാര്യം അവൾ എന്നോടു പറഞ്ഞു. ഒടുവിൽ ആ പ്രത്യേക ദിവസം ഉച്ചകഴിഞ്ഞ് ദൈവം അവളെ സന്ദർശിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കുകയും ചെയ്തു. അന്യഭാഷാവരവും ദൈവം അവൾക്ക് നൽകി. ആ സമയംവരെ അന്യഭാഷ എന്ന ദൈവത്തിന്റെ ദാനത്തെ പൂർണ്ണമായും എതിർത്തിരുന്ന വ്യക്തിയായിരുന്നു ആനി. ദൈവം അവളുടെ മുൻവിധികളെ തകർത്ത് അവളെ സന്ദർശിച്ചു. ആ ദിവസം മുതൽ എനിക്കും ഈ നൽവരം ലഭിക്കേണ്ടതിനായി അവൾ രഹസ്യമായി പ്രാർത്ഥിക്കാൻ തുടങ്ങി. എന്നാൽ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന കാര്യം എന്നെ അറിയിക്കുകയോ ഈ വരത്തിനായി പ്രാർത്ഥിക്കാൻ എന്നെ നിർബന്ധിക്കുകയോ ചെയ്തിരുന്നില്ല. രഹസ്യമായി പ്രാർത്ഥിക്കുക മാത്രമേ അവൾ ചെയ്തിരുന്നുള്ളൂ.

അഞ്ചു വർഷങ്ങൾക്കു ശേഷം ദൈവം അവളുടെ പ്രാർത്ഥന കേട്ട് എന്നേയും സന്ദർശിച്ചു 1975 ജനുവരി പന്ത്രണ്ടാം തീയതിയായിരുന്നു അത്. എന്നാൽ ഇത്തരത്തിൽ ദൈവികസന്ദർശനം ഉണ്ടായശേഷം എന്റെ അനുഭവത്തെപ്പറ്റി മനസ്സിൽ സംശയം ഉദിക്കാൻ തുടങ്ങി. ഞാൻ യഥാർത്ഥത്തിൽ ആത്മാവിനാൽ നിറയപ്പെട്ടിരിക്കുന്നോ? ശരിയായ ഭാഷാവരം തന്നെയാണോ എനിക്ക് ലഭിച്ചത് അതോ ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത ചില പദങ്ങൾ സംസാരിക്കുകയായിരുന്നോ?

ഞാൻ യഥാർത്ഥമായും പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു എങ്കിൽ അതിന് ഒരു തെളിവ് പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ദൈവവചനം ഈ സമയം മുതൽ ഒരു പുതിയ വെളിച്ചത്തിൽ ലഭ്യമാകണം എന്ന് എനിക്ക് തോന്നി. പുതിയനിയമം തുടക്കം മുതൽ വീണ്ടും ശ്രദ്ധാപൂർവ്വം വായിക്കാൻ ഞാൻ തീരുമാനിക്കയും മത്തായി സുവിശേഷം ഒന്നാം അദ്ധ്യായം വായിച്ചുതുടങ്ങുകയും ചെയ്തു. ജനിപ്പിച്ചു, ജനിപ്പിച്ചു എന്നുള്ള ആവർത്തനങ്ങളിലൂടെ ഞാൻ ധ്യാനപൂർവ്വം ഞാൻ ക്രിസ്തുവിന്റെ വംശാവലി വായിച്ചെങ്കിലും ആത്മീയ പ്രചോദനം ഒന്നും ലഭ്യമായില്ല. എന്നാൽ 20-ാം വചനത്തിൽ എത്തിയപ്പോൾ “അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാലാകുന്നു” എന്ന വാക്കുകൾ എന്നെ അത്ഭുതസ്തബ്ധനാക്കി. ദൈവം നേരിട്ട് എന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നി. “എന്റെ ഹൃദയത്തിൽ ഉരുവായി തലേദിവസം എന്റെ വായിലൂടെ പുറത്തുവന്നത് പരിശുദ്ധാത്മാവിനാലാണ്!! “ദൈവം വചനത്തിലൂടെ നൽകിയ ഉറപ്പിൽ ഞാൻ വളരെ സന്തോഷിക്കുകയും കർത്താവിനെ സ്തുതിക്കുകയും ചെയ്തു.

ഈ വേദഭാഗത്തിലൂടെ തുടർന്ന് കർത്താവ് എന്നോട് സംസാരിക്കാൻ തുടങ്ങി. ഒന്നാമത് ദൈവം അവളിൽ ചെയ്ത അത്ഭുതപ്രവൃത്തി മറിയ മാത്രം അറിയുകയും, മറ്റെല്ലാവരും അവളെ തെറ്റിദ്ധരിക്കയും ചെയ്തതു പോലെ ദൈവം എന്നിൽ ചെയ്ത പ്രവൃത്തി ഞാൻ മാത്രം അറിയുകയും മിക്കവരും തെറ്റിദ്ധരിക്കുകയും ചെയ്യും എന്ന് ഉറപ്പായി. രണ്ടാമത് മറിയയുടെ ഉള്ളിൽ യേശു ഉൽപാദിതനാകുവാനായി പരിശുദ്ധാത്മാവ് വന്നതു പോലെ എന്നിലും പ്രാഥമികമായി ക്രിസ്തു ഉരുവാകാനായിട്ടാണ് ആത്മാവ് വന്നത് എന്നും വ്യക്തമായി. കർത്താവ് എന്നോട് പറഞ്ഞത് അന്യഭാഷാവരം ലോകമെമ്പാടും വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കയും, ദൂഷണവാക്കുകൾ പേറുകയും ചെയ്തിരിക്കയാൽ മനുഷ്യർക്ക് വീണ്ടും ഈ നല്ല ദാനത്തിൽ വിശ്വാസം ഉളവാകുവാൻ തക്കവണ്ണം ഞാൻ യേശു ക്രിസ്തുവിന്റെ മനസ്സുള്ളവനായി എന്റെ ജീവിതം കൊണ്ട് ഈ ദാനത്തെ ആകർഷകമാക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ മുപ്പതു വർഷമായി ഞാൻ ഈ കാര്യം ചെയ്യാൻ ശ്രമിച്ചുവരുന്നു.

ആ ദിവസം മുതൽ ഇന്ത്യയിൽ എനിക്കുനേരേ നരകം മുഴുവൻ ഇളകിയിരിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു. സാക് പുന്നൻ അന്യഭാഷകളിൽ സംസാരിക്കുന്നു’ എന്ന വാർത്ത സഭകളിൽ കാട്ടുതീപോലെ പടർന്നു. ആയിരക്കണക്കിന് ക്രിസ്തീയവിശ്വാസികൾ ഈ ആത്മവരം പ്രാപിച്ചതിനാൽ അന്യഭാഷാവരത്തിന് ഭാരതക്രൈസ്തവസമൂഹത്തിൽ ഇന്ന് മാന്യത കൈവന്നിരിക്കുന്നു. എന്നാൽ 1975ൽ കാര്യങ്ങൾ വ്യത്യസമായിരുന്നു. ആളുകളെ അന്യഭാഷയിൽ സംസാരിപ്പിക്കാനായി അവരുടെ നാവിൽ ഞാൻ പിടിക്കുന്നു എന്നും മറ്റും പല വ്യാജകഥകളും പരക്കാൻ ഇടയായി. ക്രിസ്തീയഗോളത്തിലെ തന്റെ സഹപ്രവർത്തകരുമൊത്ത് സാത്താൻ കിംവദന്തികൾ പരത്തുന്നത് ആഘോഷമാക്കി. എന്നാൽ ഞാൻ അചഞ്ചലനായിരുന്നു. ഞാൻ അന്യഭാഷയിൽ സംസാരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദൈവം എനിക്ക് ഈ വരം നൽകിയത്. മിക്കവരും എന്നെ തെറ്റിദ്ധരിക്കുമെന്ന് അവിടുന്ന് എനിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഞാൻ ശുശ്രൂഷിച്ചിരുന്ന ബാപ്റ്റിസ്റ്റ് സഭയിൽ ആത്മസ്നാനത്തിന്റെ വേദപുസ്തകാടിസ്ഥാനം എന്താണെന്നുള്ളതിനെപ്പറ്റി ഞാൻ പഠിപ്പിക്കാൻ തുടങ്ങി. ആഴ്ചകളോളം തുടർച്ചയായി ഞാൻ ഇതേ വിഷയം സംസാരിച്ചപ്പോൾ തങ്ങളുടെ ജീവിതത്തിലെ ശക്തിഹീനതയെപ്പറ്റി ബോദ്ധ്യമുണ്ടായിരുന്ന ചിലർ ആത്മസ്നാനത്തിനായി ദാഹിക്കാൻ തുടങ്ങി. ചുരുക്കം പേർക്കായി ആഴ്ചയിൽ ഒരു ദിവസം ഞങ്ങൾ ഒരു പ്രാർത്ഥനായോഗം തുടങ്ങി. മൂന്നു മാസങ്ങൾക്കു ശേഷം ദൈവഭക്തനും ആത്മവരം പ്രാപിച്ചിരുന്നവനുമായ ഒരു പ്രസംഗകൻ ബാംഗ്ലൂർ സന്ദർശിക്കാൻ ഇടയായി. ബാപ്റ്റിസ്റ്റ് സഭയിൽ പ്രസംഗിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മീറ്റിംഗുകളിൽ വച്ച് സഭയിൽ പലരും പരിശുദ്ധാത്മസ്നാനത്തിലേക്ക് നടത്തപ്പെടാൻ ഇടയായി. തൽഫലമായി ഭൂരിപക്ഷം ബാപ്റ്റിസ്റ്റുകാരും അസ്വസ്ഥരായി….

പിശാച് ക്രുദ്ധനായി. എന്നാൽ ദൈവം അവിടുത്തെ സർവ്വാധികാരത്തിൽ സ്നേഹപൂർവ്വം അവിടുത്തെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനായി നിശ്ശബ്ദമായി പ്രവർത്തിക്കുകയായിരുന്നു!!.

24 ഒരു പുതിയ ജീവിതഘട്ടത്തിന്റെ ആരംഭം


അപ്പൊസ്തലന്മാരെ യേശുക്രിസ്തുവിന്റെ ജ്വലിക്കുന്ന സാക്ഷികളാക്കിത്തീർത്ത് അതിലൂടെ എല്ലായിടത്തും സുവിശേഷസന്ദേശം എത്തിക്കുവാൻ മുഖാന്തരമായത് പെന്തെക്കോസ്തുനാളിൽ അവർ പ്രാപിച്ച അതിശക്തമായ ആത്മസ്നാനമായിരുന്നു. അത്തരം ഒരനുഭവം അവർക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഇന്ന് ക്രിസ്ത്യാനിത്വം ഭൂമുഖത്ത് അവശേഷിക്കയില്ലായിരുന്നു. അതുകൊണ്ടുതന്നെ, ഇന്ന് ഏറ്റവുമധികം വിവാദകരവും, തെറ്റായി അനുകരിക്കപ്പെടുന്നതുമായ ഒരു കാര്യമായി പരിശുദ്ധാത്മസ്നാനത്തെ സാത്താൻ ക്രൈസ്തവ ഗോളത്തിൽ തീർത്തതിനെക്കുറിച്ചു നമുക്ക് അത്ഭുതം തോന്നേണ്ട കാര്യമില്ല.

1975ന്റെ ആദ്യത്തെ ആറുമാസക്കാലം ഞാൻ ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റു സഭയിൽ പരിശുദ്ധാത്മസ്നാനത്തെപ്പറ്റി പ്രസംഗിച്ചപ്പോൾ ആ സഭയിൽ പലരും അസ്വസ്ഥരായി. ആ സഭയുടെ പാരമ്പര്യത്തിന് നിരക്കാത്തതായിരുന്നു ഇത്തരം പ്രസംഗങ്ങൾ എന്നതായിരുന്നു അതിനു കാരണം. യേശുവും, അവിടുത്തെ അപ്പോസ്തലന്മാരും പ്രസംഗിച്ച ഇടങ്ങളിലെല്ലാം അവർക്ക് പാരമ്പര്യവുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. (മർക്കോസ് 7:13).

1975 ജൂലായ് മാസം ഇംഗ്ലണ്ടിൽ ചില മീറ്റിംഗുകൾക്കായി എനിക്ക് ക്ഷണം ലഭിക്കുകയുണ്ടായി. ഞാൻ അവിടെ ആയിരുന്നപ്പോൾ ഒരു ദിവസം അതിരാവിലെ വളരെ വ്യക്തമായി കർത്താവ് എന്നോട് ചിലകാര്യങ്ങൾ സംസാരിച്ചു. എന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്ര വ്യക്തമായി ദൈവശബ്ദം ഞാൻ കേട്ടിട്ടില്ല. കർത്താവ് പറഞ്ഞ എല്ലാ കാര്യങ്ങളുടെയും പ്രാധാന്യം അന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ 30 വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതത്തിലെയും ശുശ്രൂഷയിലെയും ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തിനായി അവിടുന്ന് എന്നെ ഉത്സാഹിപ്പിക്കുകയും തയ്യാറാക്കുകയുമായിരുന്നു എന്ന് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. എന്നാൽ ബാംഗ്ലൂരിൽ മടങ്ങിയെത്തിയാലുടൻ ആ ഘട്ടത്തിലേക്ക് ഞാൻ തള്ളിവിടപ്പെടുമെന്ന് എനിക്ക് സ്വപ്നത്തിൽ പോലും വിചാരമില്ലായിരുന്നു. ഭാവിയിൽ നാം പ്രതിസന്ധികളിലൂടെ യാത്രചെയ്യേണ്ടിവരുമെന്ന് കണ്ട് എത്ര അത്ഭുതകരമായി കർത്താവ് നമ്മെ കാലേകൂട്ടി ഉത്സാഹിപ്പിക്കുന്നു.

ഞാൻ ഭവനത്തിൽ മടങ്ങിയെത്തിയപ്പോൾ എന്റെ പ്രസംഗത്തെപ്പറ്റി ബാപ്റ്റിസ്റ്റു സഭയിൽ ധാരാളം കുശുകുശുപ്പുകൾ നടന്നുകൊണ്ടിരിക്കയായിരുന്നു എന്ന് ഞാൻ കണ്ടെത്തി. ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രേ എന്ന് ഗ്രഹിച്ചിരുന്ന ഞാൻ സമാധാനമാർഗ്ഗം അന്വേഷിച്ചു. സഭയിലെ ശുശ്രൂഷകരെ വിളിച്ചുകൂട്ടി ഞാൻ അവരോട് പറയുകയുണ്ടായി, സഭയിൽ പരിശുദ്ധാത്മസ്നാനത്തെ ചൊല്ലി കലക്കമോ പിളർപ്പോ ഉണ്ടാക്കാൻ എനിക്ക് യാതൊരു താത്പര്യവുമില്ലെന്ന്. ഞാൻ സഭാശുശ്രൂഷയിൽ നിന്നു പിൻമാറണം എന്ന് അവർ താത്പര്യപ്പെടുന്നങ്കിൽ നിശ്ശബ്ദനായി യാത്രപറയാം എന്ന് ഞാൻ അറിയിച്ചു. ഉടൻ തന്നെ സഭ വിട്ടുപോകണം എന്ന് അവർ പറഞ്ഞു. അടുത്ത ഞായറാഴ്ച സഭയിൽ ഒരു വിടവാങ്ങൽ സന്ദേശം നൽകാൻ അനുവാദം ചോദിച്ചു. ആദ്യം “സാദ്ധ്യമല്ല” എന്ന് പറഞ്ഞെങ്കിലും പിന്നീട് അവർ തീരുമാനത്തിൽ മാറ്റം വരുത്തുകയും എനിക്ക് യാത്രപറയാൻ അനുവാദം തരുകയും ചെയ്തു.

അങ്ങനെ 1975 ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച ഞാൻ ബാപ്റ്റിസ്റ്റ് സഭാംഗങ്ങളോട് യാത്രപറഞ്ഞുകൊണ്ടുള്ള അവസാനത്തെ പ്രസംഗം ചെയ്തു. വാഗ്ദത്തദേശത്തിന്റെ അതിരുകളിൽ എത്തിയ യിസ്രായേൽ ജനത്തെപ്പോലെ നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ മുമ്പിലാണ് അവർ എന്ന് ഞാൻ അവരോട് പറഞ്ഞു. ഒന്നുകിൽ അവർക്ക് പരിശുദ്ധാത്മാവിലുള്ള ഒരു ജീവിതത്തിലേക്ക് മുന്നേറാം, അല്ലെങ്കിൽ മതത്തിന്റെ പാരമ്പര്യങ്ങളുടെ മരുഭൂമിയിൽ ഉഴന്നുനടക്കാം. ഞാൻ പ്രസംഗം അവസാനിപ്പിച്ച ഉടൻ സഭയിലെ സഹശുശ്രൂഷകനായിരുന്ന സഹോദരൻ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: “സഹോദരൻ സാക് പുന്നന്റെ സന്ദേശം സഭ തള്ളിക്കളഞ്ഞതിനാൽ ഞാൻ എന്റെ സ്ഥാനം രാജിവെച്ച് സഭവിട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു”.

എന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഒരു ഘട്ടം അങ്ങനെ അവസാനിച്ചു. എനിക്കുവേണ്ടി പുതിയ ചിലത് കർത്താവ് ഹൃദയത്തിൽ സംഗഹിച്ചിരുന്നെങ്കിലും ആ സമയത്ത് എന്താണ് മുമ്പിലുള്ളത് എന്നറിയാതെ ഞാൻ ചിന്താക്കുഴപ്പത്തിലായിരുന്നു. അതുവരെ കർത്താവ് എനിക്ക് പരിശീലനം തന്നുകൊണ്ടിരുന്ന കാര്യത്തിന്റെ ശിഷ്യന്മാരെ ഒരുക്കിയെടുക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭ പണിയുകയും പ്രവേശന കവാടത്തിലായിരുന്നു അപ്പോൾ ഞാൻ. ആ ശുശ്രൂഷ ക്രിസ്തീയലോകത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പും പീഡയും ക്ഷണിച്ചുവരുത്തുന്ന ഒന്നായിരുന്നു. മറ്റൊരു മേഖലയിലും ഞാൻ ഇത്ര ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നിട്ടില്ല. ദൈവം ഒരിക്കലും നമ്മെ പ്രാപ്തിക്കുമീതെ പരീക്ഷ നേരിടുവാൻ അനുവദിക്കയില്ല. അതുകൊണ്ടായിരിക്കാം ദീർഘമായ പതിനാറുവർഷത്തെ തയ്യാറെടുപ്പിനു ശേഷം മാത്രം ഈ ഒരു ഘട്ടത്തിലേക്ക് ദൈവം എന്നെ നടത്തിയത്.

ആ ഞായറാഴ്ച ഞങ്ങൾ രണ്ടുപേർ ബാപ്റ്റിസ്റ്റ് സഭ വിട്ടപ്പോൾ അടുത്തതായി എന്തുചെയ്യണം എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. വൈകിട്ട് എന്റെ വീട്ടിൽ പ്രാർത്ഥനയ്ക്കായി കൂടാൻ തീരുമാനിച്ചു. ഒരു സഭ തുടങ്ങാനുള്ള യാതൊരു ചിന്തയും ഞങ്ങളുടെ മനസ്സിൽ ഇല്ലായിരുന്നു. അന്ന് പ്രാർത്ഥന കഴിഞ്ഞപ്പോൾ ഇടദിവസങ്ങളിൽ പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കുമായി വീണ്ടും കൂടുവാൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്നുള്ള മൂന്നു ദിവസങ്ങൾ ഞാൻ ഭാവികാര്യങ്ങൾ സംബന്ധിച്ച ദൈവിക ആലോചനയ്ക്കായി ഉപവാസത്തോടുകൂടി പ്രാർത്ഥനയിൽ ചെലവഴിച്ചു. അടുത്ത ഞായറാഴ്ചയായപ്പോൾ രണ്ടു കുടുംബങ്ങൾ ഞങ്ങളോടൊത്ത് വീട്ടിൽ പ്രാർത്ഥനയ്ക്കായി കൂടിവന്നു. ആഴ്ചയിൽ നാലു തവണ ഞങ്ങൾ കൂട്ടായ്മയ്ക്കായി കൂടിവരികയും ഒഴിവുദിവസങ്ങളിലെല്ലാം ഉപവാസ പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കയും ചെയ്തു. തിരിഞ്ഞു നോക്കുമ്പോൾ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ആ സമയങ്ങളിൽ ഒരു ശിശു രൂപംകൊള്ളുകയായിരുന്നു എന്ന് വ്യക്തമാണ്. ക്രിസ്തുവിന്റെ ശരീരമാം സഭയുടെ പ്രാദേശികമായ ആവിഷ്ക്കാരമായ ഒരു “ശരീരം” അവിടെ ഉടലെടുക്കുകയായിരുന്നു. ആ സമയത്ത് ഒരു പെന്തക്കോസ്തു സഭയുടെ അമേരിക്കക്കാരനായ പാസ്റ്റർ ശുശ്രൂഷയിൽ നിന്നു വിരമിച്ച് സ്വദേശത്തേക്ക് മടങ്ങും മുമ്പ് ഞാൻ അദ്ദേഹത്തിന്റെ സഭയിലെ പാസ്റ്റർ ആകാൻ തയ്യാറാണോ എന്ന് ചോദിക്കുകയുണ്ടായി. ഒരു സഭാവിഭാഗത്തിന്റെ ഭാഗമായിരിക്കാൻ ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്നില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ക്ഷണം നിരസിക്കുവാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ബാംഗ്ലൂരിൽ ദൈവിക ജീവന്റെ പുതുവീഞ്ഞുപകരാൻ ഒരു പുതിയ തുരുത്തിയാണ് ദൈവം ആഗ്രഹിച്ചത്.

അങ്ങനെ ഞങ്ങൾ അനുദിനം മുമ്പോട്ട് നീങ്ങി. യിസ്രായേൽമക്കളെ മേഘസ്തംഭം മരുഭൂമിയിൽ നടത്തിയതുപോലെ ആത്മാവ് ഞങ്ങളെ ഓരോ ദിവസവും നടത്തി. ഞങ്ങൾക്കെല്ലാവർക്കും വലിയ ആവേശമായിരുന്നു. തെറ്റുകൾ വരുത്തുകയും അവയിൽ നിന്നു പഠിക്കയും ചെയ്ത നിരവധി സന്ദർഭങ്ങൾ. ആത്മാവിന്റെ വരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യേണം എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്ക് ആർക്കും തന്നെ പെന്തെക്കോസ്തു പശ്ചാത്തലം ഇല്ലായിരുന്നു. അതു കൊണ്ട് ഈ വിഷയത്തിലും ഞങ്ങൾക്ക് ഉപദേശം ദൈവവചനത്തിൽ നിന്നു തന്നെ ലഭിക്കേണ്ടിയിരുന്നു. പ്രവചനം, അന്യഭാഷാഭാഷണം, ഭാഷകളുടെ വ്യാഖ്യാനം, അത്ഭുതരോഗശാന്തി തുടങ്ങിയ വിഷയങ്ങളെല്ലാം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഞങ്ങൾ ഗ്രഹിക്കുകയായിരുന്നു. സാവധാനത്തിൽ വീട്ടിലെ കൂടിവരവിന്റെ വലിപ്പം കൂടി, ആദ്യം ഇരുപതുപേർ, താമസിയാതെ മുപ്പതുപേർ. കൂടിവന്ന ചിലർ ആത്മാർത്ഥതയുള്ളവരായിരുന്നപ്പോൾ മറ്റു ചിലർ സാമ്പത്തികസഹായത്തിനായി മാത്രം വരുന്നവരായിരുന്നു. ആ കാലത്ത് ഞങ്ങൾക്ക് കാര്യമായ വിവേചനം ഇല്ലായിരുന്നതിനാൽ പലതവണ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തെറ്റുകളിൽ നിന്നും ഞങ്ങൾ പാഠങ്ങൾ പഠിക്കയായിരുന്നു. ഞങ്ങൾ ആരും തന്നെ തികഞ്ഞവരായിരുന്നില്ല. എന്നാൽ പൂർണ്ണതയിലേക്ക് മുന്നേറുവാൻ ഞങ്ങൾ ഹൃദയംഗമായി നിർണ്ണയിച്ചിരുന്നു. അതായിരുന്നു ജീവിതത്തിന്റെ അടുത്ത ഘട്ടം…