നാൾ തോറും ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുക്കുക- WFTW 23 ജനുവരി 2022

സാക് പുന്നന്‍

നമ്മുടെ മുന്നോടി (നമുക്കു മുമ്പേ ഇതേ ഓട്ടം ഓടി തികച്ച വ്യക്തി) എന്ന നിലയിൽ യേശു, നമുക്കു പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കാനും എല്ലായ്പോഴും അവിടെ തന്നെ വസിക്കേണ്ടതിനുമായി, ഒരു വഴി തുറന്നിരിക്കുന്നു. ഈ വഴി “ജീവനുള്ള പുതിയ വഴി” (എബ്രാ. 10:20) എന്നു വിളിക്കപ്പെടുന്നു. പൗലൊസ് അതിനെ കുറിച്ചു പറയുന്നത്, “യേശുവിൻ്റെ മരണം എല്ലായ്പോഴും ശരീരത്തിൽ വഹിക്കുന്നു” എന്നാണ് (2കൊരി.4:10). അദ്ദേഹം തൻ്റെ വ്യക്തിപരമായ സാക്ഷ്യമായി ഒരിക്കൽ പറഞ്ഞത്, അദ്ദേഹം ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട് ഇനി ജീവിക്കുന്നതു താനല്ല എന്നാണ്. ക്രിസ്തുവാണ് തന്നിൽ ജീവിക്കുന്നത് കാരണം താൻ കാൽവറിയിൽ മരിച്ചു കഴിഞ്ഞു. അദ്ദേഹത്തിൻ്റെ വിസ്മയകരമായ ജീവിതത്തിൻ്റെയും, താൻ ദൈവത്തിനു പ്രയോജനകരമായതിൻ്റെയും രഹസ്യം ഇതായിരുന്നു.

യേശു എപ്പോഴും ക്രൂശിൻ്റെ മാർഗ്ഗത്തിലൂടെ നടന്നു – സ്വയത്തിനു മരിക്കുന്ന മാർഗ്ഗം. അവിടുന്ന് ഒരിക്കലും ഒരു തവണ പോലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല (റോമ.15:3). തന്നെത്തന്നെ പ്രസാദിപ്പിക്കുന്നതാണ് പാപത്തിൻ്റെ സത്ത. തന്നെത്താൻ നിഷേധിക്കുന്നതാണ് വിശുദ്ധിയുടെ സത്ത “നാൾതോറും തന്നെത്താൻ ത്യജിച്ച് തനിക്കു തന്നെ നാൾതോറും മരിക്കാൻ തീരുമാനിക്കുന്നില്ലെങ്കിൽ എന്നെ അനുഗമിക്കാൻ ആർക്കും കഴിയുകയില്ല” (ലൂക്കോ.9:23). അതു വ്യക്തമാണ്. നാം നാൾതോറും നമ്മെ തന്നെ നിഷേധിക്കുന്നില്ലെങ്കിൽ യേശുവിനെ അനുഗമിക്കുക അസാധ്യമാണ്. നാം ക്രിസ്തുവിൻ്റെ രക്തത്തിൽ കഴുകപ്പെട്ടിരിക്കാം, പരിശുദ്ധാത്മാവിനെ പ്രാപിച്ചിരിക്കാം, ദൈവ വചനത്തെ കുറിച്ച് ആഴമായ ജ്ഞാനവും ഉണ്ടായിരിക്കാം. എന്നാൽ നാം നാൾ തോറും നമുക്കു തന്നെ മരിക്കുന്നില്ലെങ്കിൽ, നമുക്ക് കർത്താവായ യേശുവിനെ പിൻഗമിക്കാൻ കഴിയുകയില്ല. അതു തീർച്ചയാണ്.

പഴയ വസ്ത്രത്തിൽ പുതിയ തുണിക്കണ്ടം ചേർത്തു തുന്നാൻ ശ്രമിക്കുന്നവരെ കുറിച്ച് യേശു ഒരിക്കൽ പറഞ്ഞു. ഇത് വസ്ത്രം കീറുന്നതിന് ഇടയാക്കും എന്ന് അവിടുന്നു പറഞ്ഞു. അവിടെ ആവശ്യമായിരുന്നത് പഴയ വസ്ത്രം കളഞ്ഞിട്ട് ഏറ്റവും പുതിയത് ഒന്നു നേടുക എന്നതായിരുന്നു. ഫലം നല്ലതാകണമെന്നു നാം ആഗ്രഹിക്കുന്നെങ്കിൽ, വൃക്ഷത്തെ തന്നെ നല്ലതാക്കുന്നതിനെ കുറിച്ച് മറ്റൊരു ഉപമയിൽ അവിടുന്നു പറഞ്ഞു. ചീത്തയായ പഴം മുറിച്ചുകളയുന്നതു കൊണ്ടു മാത്രം ഒരു പ്രയോജനവുമില്ല.

ഈ ഉപമയ്ക്കെല്ലാം അടിസ്ഥാനപരമായി ഒരു പാഠമാണുള്ളത്. പഴയ മനുഷ്യനെ മെച്ചപ്പെടുത്താൻ കഴിയുകയില്ല. അവൻ ദൈവത്താൽ ക്രൂശിക്കപ്പെട്ടിരിക്കുന്നു (റോമ.6:6). ഇപ്പോൾ നാം അവൻ്റെ മേലുള്ള ദൈവത്തിൻ്റെ ന്യായവിധി അംഗീകരിച്ച്, അവനെ ഉരിഞ്ഞു കളഞ്ഞിട്ട്, പുതിയ മനുഷ്യന ധരിക്കണം.

ക്രൂശിൻ്റെ മാർഗ്ഗം ആത്മീയ പുരോഗതിയുടെ മാർഗ്ഗമാണ്. കോപം, ഈർഷ്യ, അസഹിഷ്ണുത, മോഹചിന്തകൾ, അസത്യം, അസൂയ, പക, കയ്പ്, പണസ്നേഹം തുടങ്ങിയ പാപങ്ങളെ നിങ്ങൾക്കു ജയിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൻ്റെ ഉത്തരം ഇതാണ്: നിങ്ങൾ ക്രൂശിൻ്റെ മാർഗ്ഗം ഒഴിവാക്കിയിരിക്കുന്നു .

മരിച്ച ഒരു മനുഷ്യൻ അവൻ്റെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നില്ല. അവൻ തിരിച്ച് പോരാടുന്നില്ല. അവൻ്റെ പ്രശസ്തിയെ കുറിച്ച് അവൻ ശ്രദ്ധിക്കുന്നില്ല. അവൻ പ്രതികാരം ചെയ്യുന്നില്ല. ആരെയെങ്കിലും വെറുക്കാനോ ആരോടെങ്കിലും കയ്പുള്ളവനായിരിക്കുവാനോ അവനു കഴിയുകയില്ല. ഇതാണ് സ്വയത്തിനു മരിക്കുക എന്നാൽ. നമുക്ക്‌ ആത്മീയ പുരോഗതി ഉണ്ടാകണമെങ്കിൽ, നമ്മുടെ ആത്മീയ വളർച്ചയ്ക്കായി ദൈവം നൽകിയിരിക്കുന്ന മറ്റു വ്യവസ്ഥകളെ പോലെ, ഈ ക്രൂശിൻ്റെ മാർഗ്ഗവും നമുക്ക് നാൾതോറും ആവശ്യമുള്ള ഒന്നാണ്.