ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 30 ജനുവരി 2022

സാക് പുന്നന്‍

കൊലൊസ്യർ 2:2ൽ, പൗലൊസ് ഇപ്രകാരം പറയുന്നു, “നിങ്ങൾ ക്രിസ്തു എന്ന ദൈവ മർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാൻ തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ട് ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു”. ദൈവം തൻ്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തിയാൽ മാത്രം അറിയാൻ കഴിയുന്ന ഒരു സത്യത്തെ സൂചിപ്പിക്കുന്നതാണ്, പുതിയനിയമത്തിൽ പല തവണ കാണാൻ കഴിയുന്ന “മർമ്മം” എന്ന വാക്ക്. 1 കൊരിന്ത്യർ 2 :8 – 10 വരെയുള്ള വാക്യങ്ങൾ പ്രസ്താവിക്കുന്നത്, “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല, എന്നാൽ നമുക്കോ ദൈവം തൻ്റെ ആത്മാവിനാൽ അവയെ വെളിപ്പെടുത്തിയിരിക്കുന്നു”.

വേദപുസ്തകത്തിൽ “വലിയ” മർമ്മം എന്ന് വിളിക്കപ്പെട്ടിരിക്കുന്ന രണ്ടു മർമ്മങ്ങൾ മാത്രമാണുള്ളത്. ദൈവം മനുഷ്യ ജഡത്തിൽ വെളിപ്പെട്ടതാണ് ഒരു മർമ്മം (1തിമോഥെയൊസ് 3 :16): “ദൈവഭക്തിയുടെ മർമ്മം സമ്മതമാം വണ്ണം വലിയതാകുന്നു. ദൈവം ജഡത്തിൽ വെളിപ്പെട്ടു”. ഇതാണ് ദൈവഭക്തിയുടെ രഹസ്യം എന്നു വിളിക്കപ്പെട്ടിരിക്കുന്നത് അല്ലെങ്കിൽ, എപ്രകാരമാണ് ഒരു ദൈവഭക്തിയുള്ള ജീവിതം ജീവിക്കുന്നത് എന്നതിൻ്റെ രഹസ്യം. ക്രിസ്തുവിൻ്റെ ശരീരവും കാന്തയും എന്ന നിലയിൽ സഭയെ കുറിച്ചുള്ളതാണ് രണ്ടാമത്തെ മർമ്മം. എഫെസ്യർ 5 :32 പറയുന്നത്, “ഇരുവരും ഒരു ജഡമായിതീരും. ഈ മർമ്മം വലിയത്, ഞാൻ ക്രിസ്തുവിനെയും സഭയെയും കുറിച്ചത്രെ പറയുന്നത്”. സഭ ക്രിസ്തുവുമായി ഒരു ശരീരമാകുന്നതാണ് രണ്ടാമത്തെ വലിയ മർമ്മം.

യേശു ജഡത്തിൽ വന്നു, നമ്മെപ്പോലെ പ്രലോഭിപ്പിക്കപ്പെട്ടു, സകല പ്രലോഭനങ്ങളെയും ജയിച്ചു, അതുകൊണ്ട് ഇപ്പോൾ നമുക്ക് അവിടുത്തെ കാൽ ചുവടുകൾ പിന്തുടർന്ന് എങ്ങനെ പാപത്തെ ജയിക്കാൻ കഴിയും, ഇതേ വഴിയിൽ നടക്കുന്ന മറ്റുള്ളവരുമായി ചേർന്ന് അങ്ങനെ ക്രിസ്തുവിൻ്റെ ശരീരം പണിയുവാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് മനസ്സിലാകണമെങ്കിൽ, ദൈവത്തിൽനിന്നുള്ള വെളിപ്പാട് നമുക്കാവശ്യമാണ്. ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്നതാണ് ഈ ഭൂമിയുടെ മുഖത്ത് ഏതൊരാൾക്കും എക്കാലവും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ശുശ്രൂഷ. തീർച്ചയായും ഇതിനെക്കാൾ വലിയതായി ഒന്നും തന്നെ ഇല്ല. ഈ സഭ പണിയുവാൻ അധ്വാനിച്ചു കൊണ്ടാണ് പൗലൊസ് തൻ്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചത്.

അവിടുത്തെ സഭ പണിയുവാൻ ക്രിസ്തുവിനോടു ചേർന്നു പ്രവർത്തിച്ചവരാണ് ഏറ്റവും വലിയ ദൈവ ദാസന്മാർ. ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുക എന്നത് വളരെ പ്രധാനമാണ്, എന്നാൽ അതു മാത്രം പോരാ, പൗലൊസ് ചെയ്തത് നാമും ചെയ്യണം- സഭ പണിയുക എന്നത്. സാമൂഹ്യപ്രവർത്തനം ചെയ്തു കൊണ്ടല്ല പൗലൊസ് തൻ്റെ ജീവിതം ചെലവഴിച്ചത്. ഭൗതിക ആവശ്യങ്ങളിൽ സാധുക്കളെ സഹായിക്കുന്നത് നല്ലതാണ്, എന്നാൽ അത് നിത്യതയുമായി ബന്ധപ്പെട്ട ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ല. വിദ്യാഭ്യാസവും വൈദ്യചികിത്സയും മാത്രം കൊടുത്ത് മനുഷ്യരുടെ ജീവിതങ്ങളെ കൂടുതൽ സുഖകരമാക്കിയാൽ, നരകത്തിലേക്കുള്ള അവരുടെ പാതയെ നിങ്ങൾ സുഗമമാക്കുക മാത്രമേ ചെയ്യുകയുള്ളൂ! തുടക്കത്തിൽ അവർ നരകത്തിലേക്കു പൊയ്ക്കൊണ്ടിരുന്നത് ദുഷ്കരമായ ഒരു പാതയിലൂടെ ആയിരുന്നു, എന്നാൽ നിങ്ങൾ ആ പാത കുറച്ചുകൂടെ സുഗമമാക്കി തീർത്തു. ആളുകളെ ക്രിസ്തുവിലേക്കു നടത്തുന്നതും, ദൈവഭക്തിയുള്ള ഒരു ജീവിതത്തിലേക്ക് അവരെ നയിക്കുന്നതും അതിനുശേഷം അവരെ ഒരുമിച്ചു ചേർത്ത് ഒരു ശരീരമായി പണിയുന്നതുമാണ് മറ്റെല്ലാ ശുശ്രൂഷകളിലും വച്ച് ഏറ്റവും പ്രാധാന്യമുള്ളത് എന്ന് പൗലൊസ് മനസ്സിലാക്കി. നമ്മിൽ ആർക്കും എക്കാലവും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ശുശ്രൂഷ അതാണ്.

ക്രിസ്തുവിൻ്റെ നാമത്തിൽ സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യുന്നവരെയും ദരിദ്രരെ സഹായിക്കുന്നവരെയും ഞങ്ങൾ ബഹുമാനിക്കുന്നു. അതു ചെയ്യാനായി വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എന്നാൽ പൗലൊസ് ഒരിക്കലും അത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടില്ല- തൻ്റെ സമയത്ത് ലോകത്തിൽ വളരെയധികം സാമൂഹിക ആവശ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും. ദരിദ്രരെ സഹായിക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം പോലെയുള്ള ഭൗമിക ബഹുമതികൾ ലഭിച്ചേക്കാം. എന്നാൽ യേശുവിനും പൗലൊസിനും ഒരിക്കൽപോലും സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചില്ല. സഭ പണിയുന്നവർക്ക് ആരും നോബൽ സമ്മാനങ്ങൾ നൽകാറില്ല.

കൊലൊസ്യർ 4:17ൽ, പൗലൊസ് അർഹിപ്പൊസിനു നൽകുന്ന വളരെ അത്ഭുതകരമായ ഒരു പ്രബോധനം നാം വായിക്കുന്നു: “കർത്താവിൽ നിന്നു ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കണം”. മറ്റുള്ളവർക്കു ദൈവം നൽകിയ ശുശ്രൂഷയെ കുറിച്ച് നീ ഉൽക്കണ്ഠപ്പെടേണ്ട. ദൈവം നിനക്ക് ഒരു പ്രത്യേക ശുശ്രൂഷ നൽകിയിട്ടുണ്ട്. നീ അതിൽ കേന്ദ്രീകരിച്ച് എന്തു വില കൊടുത്തും അതു നിവർത്തിക്കുക. അർഹിപ്പൊസിൻ്റെ പേരിൻ്റെ സ്ഥാനത്ത് നിങ്ങളുടെ പേരു വച്ചിട്ട് ആ വചനം നിങ്ങളുടെ തന്നെ ഹൃദയത്തിനുള്ളതെന്നപോലെ ഏറ്റെടുക്കുക. ഞാൻ ഒരു യുവാവ് ആയിരുന്നപ്പോൾ ഞാൻ ഈ വാക്യം വായിച്ച്, അർഹിപ്പൊസിൻ്റെ സ്ഥാനത്ത് എൻ്റെ പേര് വയ്ക്കുകയും കർത്താവ് എന്നോട് ഇങ്ങനെ പറയുന്നതു ഞാൻ കേൾക്കുകയും ചെയ്തു, “ഞാൻ നിനക്കു നൽകിയിട്ടുള്ള ശുശ്രൂഷ നിവർത്തിപ്പാൻ ഉത്സാഹിക്ക അതിൽ നിന്ന് ഒഴിഞ്ഞുമാറി മറ്റെന്തെങ്കിലും കാര്യം ചെയ്യാതിരിക്കുക”. ദൈവം നിങ്ങളെ സഭ പണിയാനായിട്ടാണ് വിളിച്ചിരിക്കുന്നതെങ്കിൽ, സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് ഒഴിഞ്ഞു മാറരുത് എന്ന് നിങ്ങളോട് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ ഒരു പ്രവചന ശുശ്രൂഷയിലേക്കാണ് വിളിച്ചിരിക്കുന്നതെങ്കിൽ, ഏതെങ്കിലും ക്രിസ്തീയ സംഘടനയുടെ ഡയറക്ടറായി മേശയ്ക്കു പിന്നിൽ ദൈവം നിങ്ങൾക്കു നൽകിയിട്ടുള്ള ശുശ്രൂഷയിൽ ശ്രദ്ധകേന്ദ്രീകരിച്ച് അതു നിവർത്തിക്കുക.