സ്ഥിരതയോടെ ദൈവഹിതം നിറവേറ്റുന്നത് – WFTW 16 ഫെബ്രുവരി 2014

സാക് പുന്നന്‍

   

ഞാന്‍ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്‌വാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് ‘(യോഹ 6: 36). ഇവിടെ യേശു തന്റെ സ്വന്തം വാക്കുകളില്‍ നമ്മോടു പറയുന്നത്, എന്തു ചെയ്യാനാണ് അവിടുന്ന് ഈ ഭൂമിയില്‍ വന്നത് എന്നാണ്. ഈ ഒറ്റ വാചകത്തില്‍ തന്റെ ഭൂമിയിലെ ജീവിതത്തിന്റെ ഓരോ ദിവസവും യേശു എങ്ങനെയാണ് ജീവിച്ചത് എന്നുളള ഒരു വിശദീകരണം നമുക്കുണ്ട്. യേശുവിന്റെ നസ്രേത്തിലെ മുപ്പതു വര്‍ഷത്തെ ജീവിതം മറയ്ക്കപ്പെട്ട വര്‍ഷങ്ങളായാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ, ആ 30 വര്‍ഷങ്ങളില്‍ താന്‍ എന്തുചെയ്‌തെന്ന് യേശു നമ്മോടു പറയുന്നു. അവിടുന്ന് തന്റെ ഇഷ്ടത്തെ നിഷേധിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റി.

കഴിഞ്ഞുപോയ നിത്യത മുതല്‍ യേശു സ്വര്‍ഗ്ഗത്തില്‍ പിതാവിനോട് കൂടെ ആയിരുന്നപ്പോള്‍ അവിടുത്തേയ്ക്ക് ഒരിക്കലും തന്റെ ഇഷ്ടത്തെ നിഷേധിക്കേണ്ടി വന്നിട്ടില്ല, കാരണം അവിടുത്തെ സ്വന്തം ഇഷ്ടം പിതാവിന്റെ ഇഷ്ടം തന്നെ ആയിരുന്നു. എന്നാല്‍ അവന്‍ നമ്മുടെ ജഡത്തില്‍ ഈ ഭൂമിയിലേയ്ക്കു വന്നപ്പോള്‍, ആ ജഡത്തിന് ഒരോ ഇടത്തും ദൈവഹിതത്തിനു നേരെ എതിരായിട്ടുളള ഒരു സ്വന്ത ഇഷ്ടം ഉണ്ടായിരുന്നു. അപ്പോള്‍ യേശുവിന് പിതാവിന്റെ ഇഷ്ടം ചെയ്യാന്‍ കഴിയേണ്ടതിന് ഒരു വഴി മാത്രമെ ഉണ്ടായിരുന്നുളളൂ, അത് തന്റെ സ്വന്തം ഇഷ്ടത്തെ എല്ലാ സമയത്തും നിഷേധിക്കുക എന്നതായിരുന്നു. ഇതായിരുന്നു യേശു തന്റെ ഭൌതിക ജീവിതത്തിലുടനീളം വഹിച്ച ക്രൂശ്– തന്റെ സ്വന്തഹിതത്തിന്റെ ക്രൂശീകരണം– അവനെ അനുഗമിക്കണമെങ്കില്‍ നാം എല്ലാ നാളും വഹിക്കുവാന്‍ അവന്‍ നമ്മോട് ആവശ്യപ്പെടുന്നതും ഇതു തന്നെയാണ്.

തന്റെ സ്വന്ത ഇഷ്ടത്തിന്റെ സ്ഥിരമായുളള നിഷേധമാണ് യേശുവിനെ ഒരാത്മീയമനുഷ്യനാക്കിതീര്‍ത്തത്. നമ്മെയും ആത്മീയരാക്കുന്നത് ഈ നിരന്തരമായ സ്വന്തഹിതത്തിന്റെ നിഷേധമാണ്. നാം എല്ലാദിവസവും പലകാര്യങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നു. നമ്മുടെ പണം അല്ലെങ്കില്‍ ആരെക്കുറിച്ച് സംസാരിക്കണം, അല്ലെങ്കില്‍ എങ്ങനെ ഒരാളിനോട് സംസാരിക്കണം അല്ലെങ്കില്‍ എങ്ങനെ ഒരു പ്രത്യേക എഴുത്തെഴുതണം, അല്ലെങ്കില്‍ മറ്റൊരാളിന്റെ പെരുമാറ്റത്തോട് എങ്ങനെ പ്രതികരിക്കണം, അല്ലെങ്കില്‍ വചനം പഠിക്കുന്നതിലോ, പ്രാര്‍ത്ഥനയിലോ, സഭയില്‍ ശുശ്രൂഷചെയ്യുന്നതിലോ എത്ര സമയം ചെലവാക്കണം മുതലായ കാര്യങ്ങളെ സംബന്ധിക്കുന്ന തീരമാനങ്ങള്‍ നാം എടുക്കുന്നു. നമ്മുടെ ചുറ്റുമുളള ആളുകളുടെ ചെയ്തികള്‍, വാക്കുകള്‍, പെരുമാറ്റം ഇവയോട് രാവിലെ മുതല്‍ രാത്രിവരെ പ്രതികരിക്കുന്നു. നാം അതു മനസ്സിലാക്കുന്നില്ലായിരിക്കാം. എന്നാല്‍ ഒരു ദിവസം കുറഞ്ഞത് നൂറ് തീരുമാനങ്ങളെടുക്കുന്നു– ആ ഓരോ തീരുമാനങ്ങളിലും നാം ഒന്നുകില്‍ നമ്മെത്തന്നെ പ്രസാദിപ്പിക്കുവാന്‍ തീരുമാനിക്കുന്നു.

നമ്മുടെ അധികം ചെയ്തികളും ബോധപൂര്‍വ്വമായ തീരുമാനങ്ങളുടെ ഫലമല്ല. എന്നാല്‍ അപ്പോള്‍ പോലും നാം അതു ചെയ്യുന്നത് ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്– ഒന്നുകില്‍ നമ്മെതന്നെ പ്രസാദിപ്പിക്കുന്നത് അന്വേഷിച്ചുകൊണ്ട് അല്ലെങ്കില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് നമ്മുടെ ബോധപൂര്‍വ്വമല്ലാത്ത ചെയ്തികള്‍ നിര്‍ണയിക്കപ്പെടുന്നത് നാം ബോധപൂര്‍വ്വം തീരുമാനങ്ങളെടുക്കുന്ന മാര്‍ഗ്ഗത്താലാണ്. ഈ തീരുമാനങ്ങളുടെ ആകെതുകയാണ് ഒടുവില്‍ നാം ആത്മീയനായിത്തീര്‍ന്നോ അതോ ജഡികനായി തീര്‍ന്നോ എന്ന് നിര്‍ണ്ണയിക്കുന്നത്.

നാം ആദ്യം രക്ഷിക്കപ്പെട്ടപ്പോള്‍ മുതല്‍ എടുത്ത ലക്ഷക്കണക്കിനു തീരുമാനങ്ങളെ കുറിച്ചു ചിന്തിച്ചു നോക്കുക. ബോധപൂര്‍വം സ്ഥിരതയോടെ ഓരോ ദിവസവും ധാരാളം തവണ തങ്ങളുടെ സ്വന്തഹിതം ത്യജിച്ച് ദൈവഹിതം ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുളളവര്‍ ആത്മീയരായി തീര്‍ന്നിട്ടുണ്ട്. മറിച്ച്, തങ്ങളുടെ പാപക്ഷമയില്‍ മാത്രം സന്തോഷിച്ച് അതുകൊണ്ടു തന്നെ അധിക സമയങ്ങളിലും തങ്ങളെ തന്നെ പ്രസാദിപ്പിക്കുന്നത് തിരഞ്ഞെയുക്കുന്നവര്‍ ജഡികരായി തുടരുന്നു. ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ് അവര്‍ ഒടുവില്‍ എന്തായിതീര്‍ന്നിരിക്കുന്നു എന്ന് നിര്‍ണയിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ നിങ്ങള്‍ കൈക്കൊണ്ട ആയിരക്കണക്കിനു തീരുമാനങ്ങളിലൂടെ, ആയിതീരണമെന്ന് നിങ്ങള്‍തന്നെ തിരഞ്ഞെടുത്ത അത്രയും വിനീതരും, വിശുദ്ധരും, സ്‌നേഹിക്കുന്നവരും ആയി ഇന്ന് നിങ്ങള്‍ തീര്‍ന്നിരിക്കുന്നു.

ദൈവവുമായുളള ഇടപെടലിലൂടെ വരുന്ന ഒരു കാര്യമല്ല ആത്മീയത. ദിനംതോറും, ആഴ്ചതോറും, വര്‍ഷംതോറും തന്നെത്താന്‍ ത്യജിക്കുന്നതും ദൈവഹിതം ചെയ്യുന്നതുമായ മാര്‍ഗം സ്ഥിരതയോടെ തിരഞ്ഞെടുക്കുന്നതിന്റെ ഫലമാണ് അത്.