ക്രൂശീകരണവും സ്തുതിയും – WFTW 02 ജൂലൈ 2017

സാക് പുന്നന്‍

   Read PDF version

വിശ്വാസം സൂചിപ്പിക്കുന്നത്, ദൈവം സ്‌നേഹം നിറഞ്ഞവനാണെന്നും, പരിജ്ഞാനത്തില്‍ തികഞ്ഞവനാണെന്നും, ശക്തിനിറഞ്ഞവനാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നു എന്നാണ്, മാത്രമല്ല അതു നിങ്ങള്‍ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ അവിടത്തേക്ക് സ്തുതി പാടും. ‘ദൈവം ഇരിക്കുന്ന സിംഹാസനമാണ് സ്തുതി’ (സങ്കീ 22:3). ഇവിടെ സങ്കീര്‍ത്തനം 22 കാല്‍വറിക്രൂശിനെക്കുറിച്ചുളള ഒരു സങ്കീര്‍ത്തനമാണ്. അത് ഈ വാക്കുകള്‍ കൊണ്ടാണ് തുടങ്ങുന്നത്, ‘ എന്റെ ദൈവമെ, എന്റെ ദൈവമെ, അങ്ങ് എന്നെ കൈവിട്ടതെന്ത്?’ ആ വാക്കുകള്‍ പറഞ്ഞത് അവിടുന്ന് ക്രൂശിന്മേല്‍ തൂങ്ങി കിടക്കുമ്പോഴായിരുന്നു. അതിനുശേഷം 3ാംവാക്യത്തികല്‍ അവിടുന്ന്, ദൈവം തന്റെ ജനത്തിന്റെ സ്തുതി കളിന്മേല്‍ വസിക്കുന്നതിനെപ്പറ്റി പറയുന്നു. പിന്നീട് 16ാം വാക്യത്തില്‍ തന്റെ കൈകളും കാലുകളും കുത്തി തുളയ്ക്കപ്പെടുന്നതിനെക്കുറിച്ചു പറയുന്നു. ഇത് വളരെ സ്പഷ്ടമായി ക്രൂശിന്റെ ഒരു സന്ദേശമാണ് ക്രൂശിന്റെ ഒരു സങ്കീര്‍ത്തനം, ഈ സങ്കീര്‍ത്തനത്തിലൂടെ നിങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍, ക്രൂശിക്കപ്പെട്ട ഈ സ്ഥാനത്തു നിന്ന്, യേശു അവിടുത്തോടു ചേര്‍ന്ന് പിതാവിന് സ്തുതിയുടെ ഒരു സിംഹാസനം ഒരുക്കുവാന്‍, തന്റെ ഇളയ സഹോദരന്മാരെ, അതായത് എന്നെയും നിങ്ങളെയും ക്ഷണിക്കുന്നു (വാക്യം22). ‘ അങ്ങയുടെ നാമത്തെ ഞാന്‍ എന്റെ സഹോദരന്മാരോട് അറിയിക്കും;സഭാമദ്ധ്യേ ഞാന്‍ അങ്ങയെ പുകഴ്ത്തും’.യേശു തന്റെ പിതാവിനെ സ്തുതിക്കുന്നതിനെ സൂചിപ്പിക്കുവാന്‍ എബ്രായര്‍ 2 ല്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം ഇതാണ്. യേശു ക്രൂശിക്കപ്പെടുന്നതിനെക്കുറിച്ചും, തന്റെ കൈകളും കാലുകളും തുളയ്ക്കപ്പെടുന്നതിനെക്കുറിച്ചും പറയുന്ന ഒരു സങ്കീര്‍ത്തനത്തിന്റെ മദ്ധ്യത്തില്‍ സ്തുതിയുടെ ഒരു വാക്യം വന്നു എന്നത് വളരെ താത്പര്യം ഉണര്‍ത്തുന്ന ഒരു കാര്യം ആണ്. ഈ ഭൂമിയില്‍ എക്കാലവും ചെയ്തിട്ടുളളതില്‍ വെച്ച് ഏറ്റവും നീചമായ ഒരു തിന്മയാണ് യേശുവിന്റെ ക്രൂശീകരണം. ഇതിനെക്കാള്‍ വലിയ ഒരു പാപം ഒരു മനുഷ്യനും ഒരിക്കലും ചെയ്തിട്ടില്ല.

ഇനി ഈ കാര്യം പരിഗണിക്കുക: കഴിഞ്ഞ 6000 വര്‍ഷത്തെ മാനുഷ ചരിത്രത്തില്‍ സംഭവിച്ചിട്ടുളള ഏറ്റവും നല്ല കാര്യം എന്താണ് ? വീണ്ടും അതിന്റെ ഉത്തരം അതേകാര്യം തന്നെയാണ്. യേശു ക്രിസ്തുവിന്റെ ക്രൂശീകരണം ഈ ഭൂമിയില്‍ ഇതിനെക്കാള്‍ നല്ല ഒരു കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ല. ക്രിസ്തുവിന്റെ ക്രൂശീകരണത്താല്‍ നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടു അതു കൊണ്ട് നിത്യത മുഴുവന്‍ നമുക്ക് ദൈവത്തോടു കൂടെ ചെലവഴിക്കുവാന്‍ കഴിയും. അതുകൊണ്ട് മനുഷ്യന്‍ എക്കാലവും ചെയ്തിട്ടുളളതില്‍ വെച്ച് ഏറ്റവും ഹീനമായ പാപവും ഭൂമിയില്‍ സംഭവിച്ചിട്ടുളള ഏറ്റവും നല്ല കാര്യവും ക്രിസ്തുവിന്റെ ക്രൂശീകരണമാണ്. ഇത് എന്തിനെ കാണിക്കുന്നു? അത് ഇതു മാത്രം, മനുഷ്യനു ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും ഹീനമായ കാര്യം, ദൈവത്താല്‍ അത് എല്ലാത്തിനെക്കാള്‍ ഏറ്റവും നല്ലതാക്കി മാറ്റപ്പെട്ടു.

ഇനി, ഒരിക്കല്‍ നിങ്ങള്‍ ഇതു മനസ്സിലാക്കിയാല്‍, മറ്റുളളവര്‍ നിങ്ങളോട് ചെയ്യുന്നതൊന്നും തീര്‍ച്ചയായും യേശുവിന്റെ ക്രൂശീകരണത്തിന്റെ അത്ര മോശമല്ല എന്നു നിങ്ങള്‍ ഗ്രഹിക്കും. മാത്രമല്ല ആ തിന്മയെ ദൈവത്തിനു നന്മയാക്കി തീര്‍ക്കാന്‍ കഴിയുമെങ്കില്‍, എന്നോടു പയുക, ദൈവത്തിന് നന്മയാക്കി തീര്‍ക്കാന്‍ കഴിയാത്ത എന്തു കാര്യമാണ് മറ്റുളളവര്‍ക്ക് നിങ്ങളോടു ചെയ്യാന്‍ കഴിയുന്നത്? എല്ലാ കാര്യങ്ങളും അതിനെക്കാള്‍ കുറഞ്ഞതാണ്. യേശുവിന്റെ ക്രൂശീകരണത്തെക്കാള്‍ നീചമായ ഒരു കാര്യവും നിങ്ങള്‍ക്കുണ്ടാകുവാന്‍ സാധ്യമല്ല, മാത്രമല്ല ആ നീചകാര്യം ദൈവം ഏറ്റവും ഉത്തമമായ താക്കി മാറ്റി. ഇത് ദൈവത്തിന്റെ സര്‍വ്വശക്തിയെക്കുറിച്ചു ചില കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതു കൊണ്ടാണ് നാം അവിടുത്തെ സ്തുതിക്കുന്നത്. അതു കൊണ്ടാണ്, ക്രൂശിന്റെ സങ്കീര്‍ത്തനമായ ഈ സങ്കീര്‍ത്തനത്തിന്റെ മദ്ധ്യത്തില്‍, ‘ഞാന്‍ അങ്ങയെ സ്തുതിക്കും’ എന്നു നാം കാണുന്നത്.

നിങ്ങള്‍ ക്രൂശിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കു ദൈവത്തെ സ്തുതിക്കുവാന്‍ തോന്നാറുണ്ടോ? ആ കളളന്മാര്‍ ക്രൂശിന്മേല്‍ തൂങ്ങി കിടന്നപ്പോള്‍ അവര്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്? അവര്‍ ദൈവത്തെ സ്തിക്കുകയായിരുന്നില്ല. അവര്‍ ശപിക്കുകയും പ്രാകുകയും ചെയ്യുകയായിരുന്നു. മാത്രമല്ല മിക്കവാറും അവരെ ക്രൂശിച്ച പടയാളികളുടെ കൈകള്‍ കടിക്കുകയും അവരെ തുപ്പുകയും ഒക്കെ ചെയ്യുകയായിരുന്നിരിക്കും. അവര്‍ ഒട്ടും തന്നെ സന്തോഷവാന്മാരല്ലായിരുന്നു. യേശു എങ്ങനെയാണ് ക്രൂശിക്കപ്പെട്ടത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അവര്‍ ആണി തറച്ചപ്പോള്‍ അവിടുന്നു തന്റെ ഉളളം കൈകള്‍ തുറന്നു കൊടുത്ത് അവരോടു സഹകരിച്ചു, അതു പോലെ അവര്‍ക്ക് കാലില്‍ ആണി തറയ്ക്കുന്നത് എളുപ്പമാകത്തക്കവിധത്തില്‍ ഒരു കാലിന്റെമുകളില്‍ മറ്റെകാല്‍ വെച്ചു കൊടുത്തു. അവിടുന്ന് സന്തോഷവാനായിരുന്നു. എന്തുകൊണ്ടാണ് അവിടുന്നു സന്തോഷവാനായിരുന്നത്? അവിടുത്തേക്ക് വേദന അനുഭവപ്പെട്ടില്ലേ? ഓ, തീര്‍ച്ചയായും അവിടുന്ന് കഷ്ടം അനുഭവിച്ചു. നിങ്ങള്‍ക്കും എനിക്കും ക്രൂശീകരണത്തിന്റെ വേദന അനുഭവപ്പെടുന്നതുപോലെ തന്നെ അവിടുത്തേക്കും ഉണ്ടായി. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് സന്തോഷവാനായിരുന്നത്? അവിടുന്ന് തന്റെ പിതാവിന്റെ ഹിതമാണ് ചെയ്യുന്നത് എന്നതിനാലാണ് അവിടുന്ന് സന്തോഷവാനായിരുന്നത്. നാം നമ്മുടെ പിതാവിന്റെ ഇഷ്ടം ചെയ്യുമ്പോള്‍, നാം കഷ്ടത അനുഭവിച്ചാലും അതു സാരമില്ല എന്ന് നിങ്ങള്‍ക്കറിയാമോ? അപ്പോഴും നമുക്ക് സന്തോഷമുളള വരായിരിക്കാന്‍ കഴിയും. നമുക്ക് വേദന തോന്നിയേക്കാം. യേശു വേദന അനുഭവിച്ചു എങ്കിലും അവിടുന്നു സന്തുഷ്ടനായിരുന്നു. അതുകൊണ്ടാണ് അവിടുത്തേക്ക് ക്രൂശില്‍ തൂങ്ങി കിടന്നു കൊണ്ട് പിതാവിനെ സ്തുതിക്കാന്‍ കഴിഞ്ഞത്. ഇതാണ് മാര്‍ഗ്ഗം. ഇതാണ് രഹസ്യം.

ക്രൂശിന്റെ സങ്കീര്‍ത്തനായ മറ്റൊരു സങ്കീര്‍ത്തനം കൂടി നിങ്ങളെ കാണിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു ദൈവ വചനം ശക്തിയുളളതാണ് അതു കൊണ്ടു തന്നെയാണ് അവിടുത്തെ വചനങ്ങളിലേക്ക് നാം വീണ്ടും വീണ്ടും തിരിയേണ്ടത്. മനുഷ്യന്റെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളുടെയത്രക ശക്തമല്ല. സങ്കീ 118: 1114ല്‍ നിങ്ങള്‍ ഇപ്രകാരം വായിക്കുന്നു. ‘ തേനീച്ച പോലെ അവര്‍ എന്നെ വളഞ്ഞു എന്നാല്‍ യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചു കളഞ്ഞു’. അത് ക്രൂശിന്റെ ഒരു സങ്കീര്‍ത്തനമാണ്. അതിനുശേഷം 22ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. ‘ വീടുപണിയുന്നവര്‍ തളളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നു’. യേശു സുവിശേഷങ്ങളില്‍ ഉദ്ധരിച്ചിട്ടുളള ഒരു വാക്യമാണിത്. മത്താ 21:42 ലും മര്‍ക്കോസ് 12:10,11 ലും നിങ്ങള്‍ അതു വായിക്കുന്നു യേശു തന്നെ ഉദ്ദേശിച്ചു തന്നെ ഉദ്ധരിച്ച ഒരു വാക്യമാണ്. എപ്പോഴാണ് പണിയുന്നവര്‍ ആ കല്ലിനെ തളളിക്കളഞ്ഞത്?. അത് കാല്‍ വറിയിലാണ്; അവര്‍ പറഞ്ഞു, ‘ അവന്‍ ഞങ്ങളെ ഭരിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല. ഞങ്ങളെ ഭരിക്കുവാന്‍ ഈ മനുഷ്യനെ ഞങ്ങള്‍ക്കാവശ്യമില്ല. അവനെ ക്രൂശിക്ക’ അങ്ങനെ അവര്‍ അവിടുത്തെ തളളിക്കളഞ്ഞു.

എന്നാല്‍ അവിടെ, കുരിശില്‍ തൂങ്ങി കിടന്നുകൊണ്ട്, ക്രൂശിക്കപ്പെട്ടവനായ കര്‍ത്താവു പറയുന്നു, വാക്യം 28ല്‍, ‘ ഞാന്‍ അങ്ങേയ്ക്കു സ്‌തോത്രം ചെയ്യുന്നു, ഞാന്‍ അങ്ങയെ പുകഴ്ത്തും. യഹോവയ്ക്കു സ്‌തോത്രം ചെയ്വിന്‍ അവിടുന്നു നല്ലവനല്ലോ’ അതിനുശേഷം വാക്യം 24ല്‍ ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇതില്‍ നമുക്ക് സന്തോഷിച്ച് ഉല്ലസിക്കാം’. യേശു ക്രൂശിക്കപ്പെട്ട ആ ദിവസം, യഹോവ ഉണ്ടാക്കിയ ഒരു ദിവസമാണോ? നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ ഒരു ശമ്പള വര്‍ദ്ധനയോ, ഉദ്യോഗത്തില്‍ ഒരു സ്ഥാന കയറ്റമോ ലഭിക്കുമ്പോഴോ, കുറച്ചു കൂടി നല്ല ഒരു ശമ്പളമോ, കുറച്ചു കൂടി നല്ല ഒരു ജോലി ലഭിക്കുന്നമ്പോഴോ നിങ്ങള്‍ വിവാഹിതനാകുമ്പോഴോ, നിങ്ങള്‍ക്ക് കുറച്ചുകൂടി നല്ല ഒരു വീടു ലഭിക്കുമ്പോഴോ അല്ലെങ്കില്‍ ഭൗതികമായ എന്തെങ്കിലും പ്രയോജനങ്ങള്‍ ലഭിക്കുമ്പോഴോ ഇത് യഹോവ ഉണ്ടാക്കിയ ദിവസമാണെന്നു പറയുവാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്. എന്നാല്‍ മറ്റൊരാള്‍ നിങ്ങളെ ക്രൂശിക്കുമ്പോള്‍ ‘ ഇത് യഹോവ ഉണ്ടാക്കിയ ദിവസമാണ്’ എന്നു പറയുവാന്‍ വിശ്വാസം ആവശ്യമാണ്. യഹോവ ഉണ്ടായിട്ടില്ലാത്ത ദിവസം എന്താണ്? ഏതെങ്കിലും ഒരു ആണ്ടില്‍ ഏതെങ്കിലും ഒരു ദിവസം യഹോവ ഉണ്ടാക്കാത്തതായി ഉണ്ടോ? ഓരോ ദിവസവും യഹോവ ഉണ്ടാക്കിയിട്ടുളളതാണ്. ഒരു ദിവസം പോലും പിശാച് ഉണ്ടാക്കിയില്ല, അതു ഞാന്‍ നിങ്ങളോടു പറയും. ഇതു യഹോവ ഉണ്ടാക്കിയ ദിവസമാണെങ്കില്‍, നാം അതില്‍ സന്തോഷിച്ച് ഉല്ലസിക്കാന്‍ പോകുകയാണ് നമുക്ക് ഒരു വലിയ സമ്മാനം കിട്ടുകയാണെങ്കിലും, അല്ല നാം ക്രൂശിക്കപ്പെടുകയാണെങ്കിലും അത് വ്യത്യാസം ഒന്നും വരുത്തുന്നില്ല, കാരണം ദൈവത്തിന്റെ പരമാധികാരത്തില്‍ നാം വിശ്വസിക്കുന്നു.

അതുകൊണ്ട് ഈ രണ്ടു സങ്കീര്‍ത്തനങ്ങളിലും (സങ്കീ22, സങ്കീ118 ), ഈവലിയ സത്യം, അതായത് എപ്പോഴും തന്റെ സ്വന്തം അന്വേഷിക്കുന്ന എന്റെ സ്വയജീവന് മരിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമെ എനിക്ക് സ്തുതിയുടെ ഒരാത്മാവിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുളളു. അപ്പോള്‍ ഞായറാഴ്ച രാവിലെകളിലുളള എന്റെ സ്തുതികള്‍ അര്‍ത്ഥവത്താകും. അത് എന്റെ ഹൃദയത്തില്‍ നിന്നുവരും, അപ്പോള്‍ ഞാന്‍ ഞായറാഴ്ച രാവിലെ ഒരു വിശുദ്ധനും ഞായറാഴ്ച വൈകുന്നേരം പിശാചിനെപ്പോലെ പെരുമാറുന്നവനുമായ ഒരു ഇരട്ട ജീവിതം ജീവിക്കേണ്ടിവരികയില്ല. ഇല്ല എനിക്ക് പൂര്‍ണ്ണമായും ഒരു യഥാര്‍ത്ഥമനുഷ്യനായിരിക്കാന്‍ കഴിയും. അതുകൊണ്ട് വെറും വിശ്വാസം മാത്രമല്ല, ദൈവത്തേ സ്തുതിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്, എന്നാല്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ സ്തുതിയുടെ ജീവിതം ഒരു ഉറച്ച അടിസ്ഥാനത്തിന്മേലായിരിക്കേണ്ടതിന് ഒരു നല്ല നിലം ഒരുക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.