സദൃശ്യവാക്യങ്ങളില്‍ നിന്ന് ജ്ഞാനത്തിന്റെ അഭ്യസനം – WFTW 25 ജൂൺ 2017

സാക് പുന്നന്‍

   Read PDF version

സദൃശ്യവാക്യങ്ങള്‍ 10:12 ‘സ്‌നേഹം സകല പാപങ്ങളെയും മറയ്ക്കുന്നു’ പത്രൊസ് തന്റെ ലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു. ( 1 പത്രെ 4:8). നിങ്ങള്‍ വാസ്തവമായി ഒരു വ്യക്തിയെ സ്‌നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ അയാളുടെ ബലഹീനതയെ തുറന്നു കാട്ടാതെ അതിനെ മറയ്ക്കുന്നു. അങ്ങനെയാണ് ദൈവം നമ്മോട് ഇടപെട്ടിട്ടുളളത്. അവിടുന്ന് നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ ആര്‍ക്കും തുറന്നു കാട്ടിയിട്ടില്ല. ദൈവം നമ്മോടു പെരുമാറിയിട്ടുളള അതേ വിധത്തില്‍ തന്നെ നാം മറ്റുളളവരോടും പെരുമാറണം. നിങ്ങള്‍ക്കു ജ്ഞാനിയാകണമെങ്കില്‍, പ്രിയ സഹോദരീസഹോദരന്മാരെ, ഞാന്‍ നിങ്ങളുടെ യൗവനപ്രായത്തില്‍ ഒരു ചെറിയ ഉപദേശം നിങ്ങള്‍ക്ക് തരട്ടെ, ആരെ എങ്കിലും കുറിച്ച് നിങ്ങള്‍ക്ക് മോശമായ ഒരു കഥ അറിയാമെങ്കില്‍, ആ കഥ നിങ്ങളോടുകൂടെ മരിക്കട്ടെ. നിങ്ങള്‍ ചുറ്റുപാടുംനടന്ന് അതിനെക്കുറിച്ച് പറയാതിരിക്കുക. നിങ്ങള്‍ അതു ചെയ്താല്‍ ദൈവം നിങ്ങളെ മാനിക്കും, പ്രത്യേകിച്ച് അത് അവിടുത്തെ മക്കളില്‍ ഒരാളെ കുറിച്ചുളള ദോഷകരമായ കഥകളാണെങ്കില്‍, അവിടുന്നു നിങ്ങളെ പ്രത്യേകം സ്‌നേഹിക്കും. തന്റെ കുഞ്ഞ് തെറ്റായ ചില കാര്യങ്ങള്‍ ചെയതുപോയ ഒരു പിതാവിനെക്കുറിച്ച് ചിന്തിക്കുക, അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ എനിക്കറിയാം എങ്കിലും അദ്ദേഹത്തിന്റെ മകന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും ആരോടും പറയുന്നില്ല. അങ്ങനെയാണെങ്കില്‍ ആ പിതാവ് എന്നെ വളരെയധികം സ്‌നേഹിക്കും എന്ന് നിങ്ങള്‍ കരുതുന്നില്ലേ. അതുപോലെ നാം അവിടുത്തെ മക്കളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ ദൈവവും നമ്മോടു അങ്ങനെതന്നെ ചെയ്യും. സദൃശ്യവാക്യങ്ങള്‍ 17:9 പറയുന്നു.’ ലംഘനം മറയ്ക്കുന്നവന്‍ സ്‌നേഹം അന്വേഷിക്കുന്നു’. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റു ചെയ്‌തോ? ആരെങ്കിലും നിങ്ങളെ മുറിവേല്‍പ്പിക്കുകയോ നിങ്ങളെ അധിക്ഷേപിക്കുകയോ ചെയ്‌തോ? അതു ക്ഷമിക്കുകയും മറക്കുകയും ചെയ്യുക. ഒരു ദൈവ ഭക്തന്‍ നടക്കുന്ന സ്‌നേഹത്തിന്റെ മാര്‍ഗ്ഗം അതാണ്.

സദൃശ്യവാക്യങ്ങള്‍ 11:24 ‘ ഒരുവന്‍ വാരിവിതറിയിട്ടും അയാള്‍ക്ക് സമൃദ്ധി ഉണ്ടാകുന്നു’. ഇത് ക്രിസ്തീയ ജീവിതത്തിന്റെ വിരോധാഭാസങ്ങളില്‍ ഒന്നാണ്. കൂടുതല്‍ കൊടുക്കുന്നവന്‍ കൂടുതല്‍ പ്രാപിക്കുന്നു, കാരണം ദൈവം അവനെ അനുഗ്രഹിക്കുന്നു. ലുബ്ധനായ ഒരുവന്‍, ദരിദ്രനായി തീരുന്നു. ഒരു പിശുക്കന്‍ മാനസാന്തരപ്പെടുമ്പോള്‍, അയാള്‍ മഹാമനസ്‌കനായി തീരുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ‘സൗജന്യമായി നിങ്ങള്‍ പ്രാപിച്ചിരിക്കുന്നു, സൗജന്യമായി കൊടുക്കുക’. ദൈവം നമുക്ക് അനേകം കാര്യങ്ങള്‍ സൗജന്യമായി തന്നിട്ടുണ്ട്. നാം മറ്റുളളവര്‍ക്ക് സൗജന്യമായി കൊടുക്കുകയും വേണം. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന ആ വിധവയ്ക്ക്, രണ്ട് ചില്ലിക്കാശ് മാത്രമെ ഉണ്ടായിരുന്നുളളൂ. അവള്‍ക്കുണ്ടായിരുന്നത് അവള്‍ കൊടുത്തു. അതു കൊണ്ട് ദൈവം അവളെ മാനിച്ചു എന്നും, അവള്‍ക്ക് ഒരു കുറവും അനുഭവിക്കേണ്ടി വന്നതുമില്ല എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സദൃ ശ്യവാക്യങ്ങള്‍ 11:25ല്‍ ‘ വെളളം ഒഴിച്ചു കൊടുക്കുന്നവന് വെളളം കിട്ടും’എന്നു പറഞ്ഞിരിക്കുന്നു. ദൈവം നിങ്ങളെ നനയ്ക്കുകയും നിങ്ങളെ പുതുതാക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ മറ്റുളളവരെ നനയ്ക്കണം. മിക്ക ക്രിസ്ത്യാനികളും എന്തുകൊണ്ട് പുതുമ നഷ്ടപ്പെട്ട് വരണ്ട അവസ്ഥയിലായിരിക്കുന്നു? കാരണം ദൈവം അവരെ നനയ്ക്കുന്നില്ല. എന്തുകൊണ്ട് ദൈവം അവരെ നനയ്ക്കുന്നില്ല? കാരണം അവര്‍ മറ്റുളളവരെ നനയ്ക്കുന്നില്ല. മറ്റുളളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും നിങ്ങള്‍ക്ക് അവരെ എങ്ങനെ അനുഗ്രഹിക്കാമെന്നുളള കാര്യം അന്വേഷിക്കുവാനും തുടങ്ങുക. അപ്പോള്‍ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും.

സദൃശ്യവാക്യങ്ങള്‍ 15:13 ‘ ഒരു സന്തുഷ്ട ഹൃദയം മുഖത്തിനു പ്രസന്നത ഉളവാക്കുന്നു’ ഹൃദയത്തിലുളള സന്തോഷമാണ് മുഖത്തു പ്രകാശം കൊണ്ടുവരുന്നത്. ‘ സന്തുഷ്ടഹൃദയത്തിന് എന്നും ഉത്സവം തന്നെ’ (സദൃശ്യ 15:15) സദൃശ്യവാക്യങ്ങളില്‍ നമ്മുടെ ജീവിതം സന്തോഷമുളളതാകുന്ന കാര്യത്തിന് ഒരു വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ‘ സന്തുഷ്ട ഹൃദയം നല്ലൊരു ഔഷധം’ (സദൃശ ്യവാക്യങ്ങള്‍ 17:22). അതു കൊണ്ട് സന്തോഷത്തിന് നമ്മെ ആരോഗ്യമുളളവരാക്കാനും കഴിയും. ദൈവരാജ്യം വെറും നീതിയല്ല, എന്നാല്‍ പരിശുദ്ധാത്മാവിലുളള സന്തോഷത്തോട് കൂടിയ നീതിയാണുളളത്. പഴയ നിയമത്തില്‍ അവര്‍ക്കുണ്ടായിരുന്നത് സന്തോഷം കൂടാതെയുളള നീതിയായിരുന്നു. ഇപ്പോള്‍ നമുക്ക് സന്തോഷത്തോടുകൂടിയ നീതിയാണുളളത്. യേശുവിനെ അനുഗമിക്കുന്നതിനാല്‍ നമ്മുടെ ചുവടുകളില്‍ ഒരു കുതിപ്പുണ്ട്, നമ്മുടെ ഹൃദയങ്ങളില്‍ ഒരു ഗാനമുണ്ട്, നമ്മുടെ മുഖത്ത് ഒരു പ്രകാശമുണ്ട്.

സദൃശ്യവാക്യങ്ങള്‍ 16:18 ‘നിഗളം നാശത്തിന്റെ മുന്നോടിയാണ് ഉന്നതഭാവം വീഴ്ചയുടെയും’. ആരെങ്കിലും പാപത്തില്‍ വീഴുന്നെങ്കില്‍ അതിന്റെ കാരണം അയാള്‍ നിഗളിയാണ് എന്നതാണ്. നാം എന്തെങ്കിലും അവിവേകം ചെയ്യുമ്പോള്‍, അതിനു കാരണം നിഗളമായിരുന്നെന്ന് നമുക്ക് കൃത്യമായി തീര്‍ച്ചപ്പെടുത്താം. നമ്മെ വീഴാതവണ്ണം സൂക്ഷിക്കുവാന്‍ കര്‍ത്താവിനു കഴിവുണ്ട് ( യുദാ 24). അവിടുന്ന് എപ്രകാരമാണ് അതു ചെയ്യുന്നത്? നമ്മെ ഭൂമിയോളം താഴ്ത്തി!! നാം നില്‍ക്കുകയാണെങ്കിലും അല്ല ഇരിക്കുകയാണെങ്കില്‍ പോലും നാം വീണുപോകാം. എന്നാല്‍ നമ്മുടെ മുഖത്തെ നിലത്തോളം താഴ്ത്തി കവിണു വീണു കിടക്കുകയാണെങ്കില്‍ നമുക്ക് വീഴാന്‍ കഴിയുകയില്ല !! അതുകൊണ്ട് നാം വീഴാതിരിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എല്ലായ്‌പോഴും നമ്മുടെ വായെ പൊടിയില്‍ താഴ്ത്താം . ദൈവം എത്രയധികം നമ്മെ അനുഗ്രഹിക്കുന്നു എന്നതോ നമ്മെ എത്രയധികം ഉപയോഗിക്കുന്നു എന്നതോ കാര്യമല്ല. ദൈവത്തിന്റെ മുമ്പാകെ നമ്മുടെ നിസ്സാരത എത്രയാണെന്നകാര്യം നമ്മുടെ മനസ്സില്‍ സൂക്ഷിക്കാം. അങ്ങനെ നാം ദൈവത്തിന്റെ ആരാധകരായി തീരും. അപ്പോള്‍ നാം ഒരിക്കലും വീഴുകയില്ല.

സദൃശ്യവാക്യങ്ങള്‍ 17:28 ‘മിണ്ടാതിരുന്നാല്‍ ഭോഷനെ പോലും ജ്ഞാനിയായി എണ്ണും’ നിങ്ങള്‍ ഭോഷത്വമുളളവനാണ് എങ്കിലും മറ്റുളളവര്‍ നിങ്ങളെ ജ്ഞാനിയായി എണ്ണണമെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ വായടച്ചിരിക്കുക!! ‘ അയാള്‍ അപാരജ്ഞാനമുളള ഒരാളാണ്. അതുകൊണ്ടാണ് അയാള്‍ മൗനമായിരിക്കുന്നത്’ എന്ന് ആളുകള്‍ കരുതും!! നിങ്ങള്‍ അവിടെ വായ് തുറന്നിരുന്നെങ്കില്‍, പെട്ടന്നു തന്നെ നിങ്ങള്‍ ഒരു വിഡ്ഡിയാണെന്ന് എല്ലാവരും അറിയുമായിരുന്നു. അതുകൊണ്ട് കേള്‍ക്കാന്‍ വേഗതയും പറയുവാന്‍ താമസവും ഉളളവരായിരിക്കുക, പ്ര ത്യേകിച്ച് നിങ്ങള്‍ ചെറുപ്പവും ഭോഷത്വമുളളവനുമാണെങ്കില്‍. നമ്മുടെ സംസാരത്തില്‍ നാം നിയന്തിക്കപ്പെടുമ്പോള്‍ അവിടെ എന്തനുഗ്രഹങ്ങളാണുളളത്.

സദൃശ്യവാക്യങ്ങള്‍ 18:16 ‘ ഒരു മനുഷ്യന്റെ ദാനം അവനു വഴി തുറക്കുകയും മഹാന്മാരുടെ മുന്നിലേക്ക് അത് അവനെ ആനയിക്കുകയും ചെയ്യുന്നു’. ദൈവത്തിന്റെ ദാനത്തിലൂടെയാണ് അവിടുന്ന് നമുക്ക് സഭയില്‍ ശുശ്രൂഷിക്കുവാനുളള അവസരം നല്‍കുന്നത്. ദൈവം നല്‍കിയ വരങ്ങളൊന്നും ഇല്ലാതെ അനേകര്‍ ഇന്ന് സഭയില്‍ സ്ഥാനത്തിനും മാനത്തിനും വേണ്ടി പോരാടുന്നതു കാണുന്നത് ദയനീയമാണ്. ഇപ്രകാരം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു, ‘ ആത്മീയവരങ്ങള്‍ക്കായി, വിശേഷാല്‍ പ്രവചന വരത്തിനായി വാഞ്ചിപ്പിന്‍’ ( 1 കൊരി 14:1). പ്രവചിക്കുക എന്നാല്‍ വെല്ലു വിളിക്കുകയും, ബോദ്ധ്യപ്പെടുത്തുകയും, ആശ്വസിപ്പിക്കുകയും, ഉത്സാഹിപ്പിക്കുകയും, പണിയുകയും ചെയ്യത്തക്ക വിധത്തില്‍ ദൈവവചനം സംസാരിക്കുക എന്നാണ് (1 കൊരി 14:3) ദൈവത്തിന്റെ ദാനങ്ങളെ വിലമതിക്കാത്തവര്‍ക്ക് അവിടുന്ന് അതു നല്‍കുന്നില്ല. ദൈവത്തില്‍ നിന്ന് ഒരു സന്ദേശമുളള ഒരാളെ കേള്‍ക്കുവാന്‍ ആളുകള്‍ നൂറുകണക്കിന് മൈലുകള്‍ യാത്ര ചെയ്ത വരും. യോഹന്നാന്‍ സ്‌നാപകന്‍ മരുഭൂമിയിലായിരുന്നു എങ്കിലും യഹൂദിയായില്‍ എല്ലായിടത്തു നിന്നും ആളുകള്‍ അദ്ദേഹത്തെ കേള്‍ക്കുവാന്‍ പുറപ്പെട്ടുവന്നു, കാരണം സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഒരു സന്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു.